Monday, June 6, 2011

എന്താ ജാതി?

പുറമേ മാന്യത നടിക്കുന്ന ഒരു കപട സമൂഹമായി ഇന്ത്യക്കാര്‍ മാറിക്കഴിഞ്ഞുവെന്ന് തോന്നുന്നു. എന്തെല്ലാം മാന്യതകളുടെ തേപ്പാണോ വെളിയില്‍ ഉള്ളത്. അതിന്റെയൊന്നും പൊടിപോലും ഉള്ളിലില്ലാത്ത ഒരു സമൂഹം. ഇതാണ് ഇന്നത്തെ ഇന്ത്യന്‍ ജനത. ഇന്ത്യ ഒരു 'നാഷന്‍' (ദേശീയജനത) ആയിട്ടില്ലെന്ന് പലരും പരിദേവനം ചെയ്യാറുണ്ട്. ജനത എന്ന നിലയ്ക്ക് ആവശ്യമായ ഏകീഭാവവും പൊതുവിലുള്ള അടയാളങ്ങളും നമ്മുടെ പുറംവേഷത്തില്‍ വേണ്ടപോലുണ്ട്- അവിടയേ ഉള്ളൂ.

പക്ഷെ ജനത എന്നത് ഒരു ആത്മസ്വഭാവമാകയാല്‍ ഈ ബാഹ്യ പ്രകടനംകൊണ്ട് യഥാര്‍ഥ ഇന്ത്യക്കാരെ സൃഷ്ടിക്കാന്‍ രാജ്യത്തിനു സാധിക്കാതെ പോകുന്നു.

ഇത് സ്വതന്ത്ര ഭാരതം എന്ന നവീന രാഷ്ട്രീയ സ്വത്വത്തിന്റെ വൈകല്യമാണെന്ന് ചുരുക്കികാണരുത്. പണ്ടു പണ്ടേ നാം ബാഹ്യവും ആന്തരവുമായ ദ്വിവിധ വ്യക്തിത്വങ്ങളെ ഇരുകൈകള്‍ കൊണ്ട് ലാളിച്ചുപോന്ന രാജ്യമാണ് ഇന്ത്യ എന്ന ഭാരതം. ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയെ കണ്ടെത്താന്‍ മുതിര്‍ന്നപ്പോള്‍ പ്രകാശംപരത്തിയ ഒരിന്ത്യയും ഇരുട്ട് പരത്തുന്ന മറ്റൊരു ഇന്ത്യയും ഉണ്ടെന്ന് കണ്ടെത്തുകയുണ്ടായി. ഏക സത്യത്തെ ഋഷികള്‍ വിഭാവനം ചെയ്തപ്പോള്‍ പുരോഹിത വര്‍ഗം ജാതിയും ജാതിയില്‍ ജാതിയും സമുദായത്തില്‍ ഉണ്ടാക്കിവിട്ടു. മഹാകവി അതാണല്ലോ പാടിയത്

''ഭേദങ്ങളേറെ പൊരുളിനെ വേദം നാലും കാഹളം സൃഷ്ടിക്കുന്നുവെന്ന്''
ഊതി വാഴ്ത്തിയപ്പോള്‍ വൈദിക മാനികള്‍ ഭേദവും ഭേദത്തില്‍ ഭേദവും

ഋഷികളും ആചാര്യന്‍മാരും മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല, പ്രപഞ്ചത്തില്‍ ആകമാനം അദൈ്വതം ദര്‍ശിച്ചപ്പോള്‍ എങ്ങനെയാണ് ഒരു വിഭാഗം ബ്രാഹ്മണര്‍ മനുഷ്യരെ ജാതികളായി തിരിച്ച് നാനാത്വവും അനൈക്യവും വളര്‍ത്താന്‍ ശ്രമിച്ചത് എന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. മനുഷ്യ ജാതിയുടെ പ്രവാചകനായ ശ്രീനാരായണനെ കണ്ടാല്‍പ്പോലും എന്താ ജാതി എന്നവര്‍ അന്വേഷിച്ചു. ഇന്ത്യയില്‍ മനുഷ്യ ജാതി ഇല്ലാതാക്കി ഇക്കൂട്ടര്‍, അങ്ങനെ മനുഷ്യരെ ഇല്ലാതാക്കി. കുമാരനാശാനെപ്പോലെ നാം ഇവരുടെ മനുസ്മൃതിയെയും പുരാണാദികളെയും ഭര്‍ത്‌സിച്ചുപോന്നു.

രാഷ്ട്രീയ പരിവര്‍ത്തനം വന്ന് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ വരാനിരിക്കുന്ന ഇന്ത്യ ജാതി മതാതികള്‍ക്കതീതമായ മതേതര രാഷ്ട്രമായിരിക്കണമെന്ന് നാം ഭരണഘടനയില്‍ എഴുതി സീലുവച്ചുറപ്പിച്ചു. മനുഷ്യനല്ലാതെ ഇന്ത്യയില്‍ ഇല്ലെന്ന് നിയമത്തിലൂടെയും നാം സ്ഥാപിച്ചു.

എന്നിട്ടിപ്പോള്‍ നാം എന്തു കാണുന്നു? തിരുവനന്തപുരത്ത് ഒരു ഗവണ്‍മെന്റാപ്പീസില്‍ ഏറെക്കാലം ഉയര്‍ന്ന പദവിയില്‍ ഇരുന്ന ഒരു ഉദ്യോഗസ്ഥന്‍ അധകൃതനായിപ്പോയതിനാല്‍ അദ്ദേഹം പരിഞ്ഞുപോയപ്പോള്‍ ആ ആസനം ശുദ്ധീകരിക്കാന്‍ ഉന്നതജാതിക്കാരായ കീഴുദ്യോഗസ്ഥന്‍മാര്‍ അതിന്മേല്‍ ചാണകവെള്ളം തളിച്ച് ഹിന്ദുമത പരിപാലനം നടത്തിയത്രെ! വേദത്തിലോ ഉപനിഷത്തുകളിലോ ഗീതയിലോ ശങ്കര ഭാഷ്യങ്ങളിലോ വിവേകാനന്ദന്‍ ഗാന്ധിജി, അരവിന്ദഘോഷ് എന്നിവരുടെ ഉല്‍ബോധനങ്ങളിലോ ഇല്ലാത്ത ഈ ശുദ്ധീകരണ വിദ്യ ഹിന്ദുമതത്തിന്റേതാണെന്ന് ഇവര്‍ എങ്ങനെ മനസിലാക്കി?

മാനവിക സത്യത്തില്‍ ഉറച്ച ഭരണഘടന പ്രകാരം കേരളം ഭരിക്കുന്ന മന്ത്രിസഭ ഈ സമ്പൂര്‍ണമായ ഭാരതീയ മൂല്യനിഷേധത്തില്‍ എന്തു ചെയ്തു? ആരെയെങ്കിലും സസ്പന്‍ഡ് ചെയ്‌തോ? അത്ര മതിയോ ഈ രാജ്യാപഹാരകര്‍ത്താക്കള്‍ക്ക്.

അതിന്റെ പുറകില്‍ കേള്‍ക്കുന്നു; കോട്ടയത്തിനടുത്ത് ഒരു വിദ്യാലയത്തില്‍ പ്രധാന അധ്യാപകനും അപ്രധാന അധ്യാപകരും ചേര്‍ന്ന് കുട്ടികളുടെ കഴുത്തില്‍ ജാതിപ്പേരെഴുതിയ കാര്‍ഡ് കെട്ടിത്തൂക്കി നടത്തിച്ചുവെന്ന്. ഈ അധ്യാപകരെ എന്നന്നേയ്ക്കുമായി അയോഗ്യരാക്കി ഡിപ്പാര്‍ട്ട്‌മെന്റ് എന്തുകൊണ്ട് പ്രഖ്യാപിച്ചില്ല?

കേട്ടാല്‍ നാണംതോന്നിക്കുന്ന പീറ കഥകള്‍! അതിനെക്കാള്‍ പീറയാണ് ഭരണകര്‍ത്താക്കള്‍ അവയോടു കാണിക്കുന്ന സഹിഷ്ണുത.

അല്ലെങ്കില്‍ ഈ രണ്ടു സംഭവങ്ങളെ മാത്രം അടര്‍ത്തിയെടുത്തു അക്കൂട്ടരെ എന്തിന് ഒറ്റപ്പെടുത്തുന്നു? നമ്മുടെ ജീവിതത്തിന്റെ മുഖ്യധാരകളിലെല്ലാം ജാതിയുടെ സമ്മര്‍ദ്ദം നാം അംഗീകരിച്ചിട്ടില്ലെന്ന് പറയാമോ? രാഷ്ട്രീയത്തിലാണല്ലോ ജാതി തീരെ പ്രവേശിക്കാന്‍ പാടില്ലാത്തത്. പക്ഷേ, അവിടെയാണ് ഇപ്പോള്‍ ആട്ടിയോടിക്കപ്പെട്ട ജാതി രക്ഷസ് ഒളിഞ്ഞിരിക്കുന്നത്. ജാതി സമുദായങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രബല സംഘടനകള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. അവര്‍ ഗൂഢമായും പരോക്ഷമായും സമുദായവര്‍ഗീയത തീണ്ടാത്ത രാഷ്ട്രീയ കക്ഷികളെ സമര്‍ഥമായി സ്വാധീനിച്ചുവരുന്നു. പ്രത്യക്ഷത്തില്‍ വര്‍ഗീയത ഇല്ല, പക്ഷെ ഉള്ളില്‍ അതേയുള്ളൂ. സ്ഥാനാര്‍ഥികളെ നിര്‍ത്തുമ്പോള്‍ ജയസാധ്യത എന്ന കള്ളപ്പേരില്‍ സമുദായികതയെ താലോലിക്കുന്നു. എന്നിട്ടും ജയിക്കുന്നില്ല. കോണ്‍ഗ്രസില്‍ മന്ത്രി സ്ഥാനം കിട്ടാത്ത എം എല്‍ എമാര്‍ക്കുവേണ്ടി അവരും കൂട്ടുകാരും സമുദായ യോഗ്യതയനുസരിച്ചു സകചിവത്വം കിട്ടണമെന്ന് ഘോഷം കൂട്ടുന്നു. ചില എം എല്‍ എമാരുടെ ജാതി നാം മനസ്സിലാക്കുന്നത് അവരുടെ ഈ വിലാപ ഗാനം കേള്‍ക്കുമ്പോഴാണ്.

കോണ്‍ഗ്രസിന്റെയും ഇന്ത്യയുടെയും ആദര്‍ശങ്ങളെ ലംഘിച്ചതിന്റെ പേരില്‍ ഇവരുടെമേല്‍ ഒരു നടപടിയും എടുത്തതായി അറിവില്ല. തങ്ങളുടെ വിലാപം ഫലിക്കാനിടയുണ്ട് എന്ന വിശ്വാസത്തിലാണല്ലോ ഇവര്‍ ധീവരന്‍, എഴുത്തച്ഛന്‍ എന്നൊക്കെ പല ജാതിപ്പേരുകള്‍ ഇറക്കി മുറവിളിക്കൂട്ടുന്നത്. അതു ഫലിക്കാതെ വരുമ്പോള്‍ ഗുരുവായൂരപ്പന് തുലാഭാരം നേരുന്നു. ഗുരുവായൂരപ്പന്‍ തങ്ങളെപ്പോലെ പൊട്ട ശുപാര്‍ശ കേള്‍ക്കുന്ന 'ശുംഭന്‍' ആണെന്ന് ഇവര്‍ ധരിച്ചതുപോലുണ്ട്. രാഷ്ട്രീയത്തിന്റെ അധപതനത്തിന്റെ ആഴം അളക്കാനാവില്ല. പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ ലഭിക്കുന്നതിനും അടിയില്‍ പ്രേരണ ജാതിയും മതവുമാണ്. മുസ്‌ലിങ്ങളും ക്രൈസ്തവരും ഇതുപോലെ എത്രയോ കാലമായി വര്‍ഗീയ കാര്‍ഡ് ഉപയോഗിക്കുന്നു. മന്ത്രിമാരുടെ എണ്ണംവരെ നിര്‍ണയിക്കുന്നത് അവരാണെന്നതാണ് ഇന്നത്തെ സ്ഥിതി.

ജാതിയോ മതമോ വേര്‍തിരിക്കാത്ത സെക്യുലര്‍ ആയ ഇന്ത്യക്കാരന്റെ യഥാര്‍ഥ രൂപം ഏതാണ്? ഈ സംഭവങ്ങളെല്ലാം മനസില്‍ കരുതികൊണ്ട് നിര്‍വ്യാജമായി ഉത്തരം പറയാന്‍ പറ്റുമോ? സെക്യുലറിസം നേരത്തെ എഴുതിയതുപോലെ നമ്മുടെ മുഖത്തു തേപ്പാണ്. ഉള്ളില്‍ നാം മത വിഭാഗിയതയുടെ കോമരങ്ങളാണ്. നാം ഘോഷിക്കുന്ന ഇന്നത്തെ രാഷ്ട്രീയാദര്‍ശങ്ങളെല്ലാം വെറും മുഖത്തുതേപ്പും ചമയവും ആണ്. ഉള്ളത് പഴയ 'ഭേദത്തില്‍ ഭേദം' നിറഞ്ഞവരാണ് നാമെല്ലാം.

കഥകളിയില്‍ നിന്ന് കേരളീയര്‍ ഒരു പാഠം പഠിച്ചെങ്കില്‍ എന്ന് ഞാന്‍ ആശിക്കുകയാണ്. കഥകളി കേരളീയ കലകളുടെ കിരീടമാണ്. അതിലെ തേപ്പും കോപ്പും വേഷവും വളരെ കടുത്തതാണ്. ശ്രീകൃഷ്ണനായാലും ദമയന്തിയായാലും കടുത്ത ചായക്കൂട്ടിന്റെ മറവിലാണ് എല്ലാവരും. പക്ഷെ അവരുടെ കണ്ണും മുഖത്തെ മാംസപേശികളും വിരലുകളും കൈയ്യും കാലും എല്ലാം ഭാവാഭിനയം നടത്തുമ്പോള്‍ ചമയവും തേപ്പും മറഞ്ഞുപോവുകയും യഥാര്‍ഥ കഥാപാത്രം തേജസ്സോടെ പുറത്ത് പ്രകാശിച്ചുവരികയും ചെയ്യുന്നു. ഭാവാഭിനയ സത്യം ഇല്ലെങ്കില്‍ എന്തു ചായം വാരിത്തേച്ചാലും കോമാളിയാവുകയേയുള്ളൂ.

ഇന്ന് നമ്മുടെ ജീവിതത്തില്‍ ഭാവാഭിനയത്തിന്റെ സത്യമില്ല. തേപ്പും ചായച്ചാര്‍ത്തും എല്ലാം യഥാര്‍ഥമാണ്. പക്ഷെ നാം കപടജീവിതം നയിക്കുന്നവരായി നാശമടയുന്നു. ഈ ദുരവസ്ഥ മാറ്റിയെടുക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ ആത്മാര്‍ഥതയോടെ ഒന്നും ചെയ്യുന്നില്ല. അവര്‍ വര്‍ഗീയതയ്ക്ക് എതിരായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് കൈക്കൊള്ളാനുള്ള ധീരത പ്രകടിപ്പിച്ചാല്‍ ജാതി ചിന്തയും സാമുദായികമായ കാഴ്ചപ്പാടും എല്ലാം, വെയിലത്ത് മഞ്ഞ്തുള്ളികള്‍ പോലെ നിമിഷ നേരംകൊണ്ട് ആവിയായിപോകുന്നതാണ്. ധൈര്യം, അതാണ് ഇവിടെ ഇവര്‍ക്കാര്‍ക്കും ഇല്ലാത്തത്. ഇവരുടെ വചനഘോഷങ്ങള്‍ക്ക് ഒരുവിലയുമില്ല. ജനങ്ങളെ കബളിപ്പിക്കാന്‍ ഇവര്‍ നടത്തുന്ന തട്ടിപ്പാണിത്.

ഈ വിഷയത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുകയും വര്‍ഗീയതയെ പാടേ വിപാടനം ചെയ്തു ഇന്ത്യയെ ഇന്ത്യക്കാര്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്യണമെന്ന് കേരളത്തിലെ ഇന്നത്തെ ഗവണ്‍മെന്റ് ആഗ്രഹിക്കുകയാണെങ്കില്‍ അവര്‍ ''അതിവേഗം'' ചെയ്യേണ്ടത് ഇത്രയുമാണ്- ചാണക വെള്ളം കൊണ്ട് ശുദ്ധീകരണം നടത്തിയ ഉദ്യോഗസ്ഥന്‍മാര്‍ക്കും കുട്ടികളുടെ കഴുത്തില്‍ ജാതി കാര്‍ഡ് തൂക്കിയിടാന്‍ അഹന്ത കാട്ടിയ ഹെഡ്മാസ്റ്റര്‍ക്കും മറ്റ് അധ്യാപകര്‍ക്കും അങ്ങേയറ്റത്തെ ശിക്ഷ നല്‍കുക. നൂറു ദിവസത്തെ കര്‍മ്മ പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ ശിക്ഷാ നടപടിയും ഉള്‍ക്കൊള്ളിച്ചേ തീരൂ. ഈ നികൃഷ്ട സ്വഭാവത്തെ താലോലിച്ചുകൊണ്ട് കേരളത്തില്‍ ഒരു ക്ഷേമ പദ്ധതിയും വികസനവും വരുത്തുവാന്‍ സാധിക്കുകയില്ല. നമുക്ക് നാം കള്ളന്‍മാരല്ലെന്നു ലോകത്തിന്റെ മുമ്പില്‍ തെളിയിക്കാന്‍ കഴിയേണ്ടതുണ്ട്.

*
സുകുമാര്‍ അഴീക്കോട് ജനയുഗം 06 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പുറമേ മാന്യത നടിക്കുന്ന ഒരു കപട സമൂഹമായി ഇന്ത്യക്കാര്‍ മാറിക്കഴിഞ്ഞുവെന്ന് തോന്നുന്നു. എന്തെല്ലാം മാന്യതകളുടെ തേപ്പാണോ വെളിയില്‍ ഉള്ളത്. അതിന്റെയൊന്നും പൊടിപോലും ഉള്ളിലില്ലാത്ത ഒരു സമൂഹം. ഇതാണ് ഇന്നത്തെ ഇന്ത്യന്‍ ജനത. ഇന്ത്യ ഒരു 'നാഷന്‍' (ദേശീയജനത) ആയിട്ടില്ലെന്ന് പലരും പരിദേവനം ചെയ്യാറുണ്ട്. ജനത എന്ന നിലയ്ക്ക് ആവശ്യമായ ഏകീഭാവവും പൊതുവിലുള്ള അടയാളങ്ങളും നമ്മുടെ പുറംവേഷത്തില്‍ വേണ്ടപോലുണ്ട്- അവിടയേ ഉള്ളൂ.

പക്ഷെ ജനത എന്നത് ഒരു ആത്മസ്വഭാവമാകയാല്‍ ഈ ബാഹ്യ പ്രകടനംകൊണ്ട് യഥാര്‍ഥ ഇന്ത്യക്കാരെ സൃഷ്ടിക്കാന്‍ രാജ്യത്തിനു സാധിക്കാതെ പോകുന്നു.