Wednesday, June 15, 2011

കാടു കാണാതെ മരം കാണുന്നവര്‍

പത്താംക്ലാസിലെ സാമൂഹികശാസ്ത്രം പാഠപുസ്തകത്തിലെ ഒന്നാം അധ്യായത്തിലെ ചില വാക്കുകളും വാചകങ്ങളും കത്തോലിക്ക മെത്രാന്‍ സമിതിക്ക് (കെസിബിസി) വേദന ഉളവാക്കുന്നതിനാല്‍ അവ നീക്കംചെയ്യണമെന്ന നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സമിതിയെ നിയോഗിച്ച് പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സമിതി രൂപീകരിച്ചതിലെ ധാര്‍മികതയും നൈതികതയും ചോദ്യംചെയ്യപ്പെടുകയും തല്‍ഫലമായി സമിതിയുടെ പ്രവര്‍ത്തനത്തിന് ചില താല്‍ക്കാലിക തടസ്സമുണ്ടാവുകയും ചെയ്തിരിക്കുന്നു. ഇതിനിടെ മെയ് മാസത്തില്‍തന്നെ പത്താം ക്ലാസിലെ പഠനം മിക്കവാറും സ്കൂളുകളില്‍ തുടങ്ങുകയും ഒന്നാം അധ്യായം പഠിപ്പിച്ചുതുടങ്ങുകയുംചെയ്തു. എല്ലാവര്‍ഷവും പത്താം ക്ലാസിലെ പഠനം മേയില്‍ തുടങ്ങുക പതിവാണ്. പുതിയ പാഠപുസ്തകത്തിന്റെ അടിസ്ഥാനത്തിലുള്ള അധ്യാപക പരിശീലനം മെയ് പകുതിയോടുകൂടി പൂര്‍ത്തിയാവുകയും പഠിപ്പിച്ചു തുടങ്ങേണ്ട പാഠഭാഗം ഒന്നാം അധ്യായമാണെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. അത്തരം തയ്യാറെടുപ്പ് നടത്തി ക്ലാസുകള്‍ തുടങ്ങിയതിന് ശേഷമാണ് സര്‍ക്കാര്‍ അറിയിക്കുന്നത് രണ്ട് ഭാഗങ്ങളുള്ള സാമൂഹികശാസ്ത്രം പുസ്തകത്തിന്റെ രണ്ടാം ഭാഗം ജൂണില്‍ പഠിപ്പിച്ചാല്‍ മതിയെന്ന്. ഒരു കൂട്ടര്‍ക്കുണ്ടായി എന്ന് പറയുന്ന വേദന മാറ്റുന്നതിനായി അഞ്ച് ലക്ഷത്തോളം വിദ്യാര്‍ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണ് അധികാരികള്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് ബോധനരീതിയെ കീഴ്മേല്‍ മറിക്കലാണ്. ഈ കീഴ്മേല്‍ മറിക്കല്‍ രണ്ടാം തവണയാണ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.

2001ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കേരളത്തില്‍ നടപ്പാക്കിയിരുന്ന പുതിയ പാഠ്യപദ്ധതിയെയാണ് അട്ടിമറിച്ചത്. 2001-02 അധ്യയനവര്‍ഷം പുതിയ പാഠ്യപദ്ധതിപ്രകാരം ഏഴാം ക്ലാസില്‍ പഠിച്ചിരുന്ന കുട്ടികള്‍ക്ക് അടുത്ത വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കേണ്ട പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നതില്‍നിന്ന് എസ്സിഇആര്‍ടിയെ വിലക്കി. പുതിയ പാഠ്യപദ്ധതിയിലൂടെ കമ്യൂണിസം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു ആക്ഷേപം. യുഡിഎഫിലെ വിദഗ്ധര്‍ എത്ര കിണഞ്ഞുശ്രമിച്ചിട്ടും കമ്യൂണിസ്റ്റ് "ദുര്‍ഭൂതത്തെ" പാഠ്യപദ്ധതിയില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ ഒരു വര്‍ഷത്തിന് ശേഷം പാഠ്യപദ്ധതി പരിഷ്കരണം തുടര്‍ന്നു. അപ്പോഴേക്കും അഞ്ച് ലക്ഷം വിദ്യാര്‍ഥികള്‍ രണ്ട് വള്ളത്തില്‍ കാലുവച്ച അനുഭവത്തിലൂടെ കടന്നുപോയി. 2002ല്‍ പാഠ്യപദ്ധതിക്ക് വിലക്ക് ഏര്‍പ്പെടുത്താതിരുന്നുവെങ്കില്‍ ആദ്യബാച്ച് 2004ല്‍ പത്താം ക്ലാസ് പാസാകുമായിരുന്നു.

2011ല്‍ ദുരന്തം വേറൊരു തരത്തില്‍ ആവര്‍ത്തിക്കുകയാണ്. 2002ല്‍ എട്ടാം ക്ലാസുകാരെയാണ് ബാധിച്ചതെങ്കില്‍ 2011ല്‍ പത്താം ക്ലാസുകാരെയാണ് ഇത് ബാധിക്കുന്നത്. 2012ലെ എസ്എസ്എല്‍സി പരീക്ഷാഫലത്തില്‍ ഇത് പ്രതിഫലിക്കുമെന്നുറപ്പാണ്. 2011ലെ പരീക്ഷയില്‍ ഏറ്റവും മോശമായ ഫലമുണ്ടായത് സാമൂഹികശാസ്ത്രത്തിനായിരുന്നു. 2012ല്‍ അത് കൂടുതല്‍ മോശമാകാനാണ് സാധ്യത. അതിന്റെ പൂര്‍ണ ഉത്തരവാദിത്തം അധികാരികള്‍ക്കായിരിക്കും.

പാഠപുസ്തകത്തില്‍നിന്ന് ഒരു വാക്കോ വാചകമോ മാറ്റി പ്രശ്നം പരിഹരിക്കാമെന്നത് അധികാരികളുടെ കുരുട്ടുബുദ്ധി വച്ചുനോക്കുമ്പോള്‍ ശരിയായിരിക്കാം. തങ്ങള്‍ പറഞ്ഞയുടനെ അധികാരികള്‍ വാചകം മാറ്റിയല്ലോ എന്ന് മെത്രാന്‍ സമിതിക്ക് ആശ്വസിക്കുകയും ചെയ്യാം. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ ഭാവിയില്‍ ഉണ്ടാവുകയുംചെയ്യും. എന്നാല്‍ , ഇവര്‍ രണ്ടുകൂട്ടരും കാടുകാണാതെ മരം കാണുന്നവരാണ്. എന്തെന്നാല്‍ സാമൂഹ്യശാസ്ത്ര പഠനത്തിന്റെ രീതിശാസ്ത്രം അറിയാത്തതുകൊണ്ടാണ് പാഠപുസ്തകശസ്ത്രക്രിയക്ക് തയ്യാറാവുന്നത്. മെത്രാന്‍ സമിതിയുടെ പ്രോക്രസ്റ്റീന്‍ കട്ടിലില്‍ സാമൂഹികപാഠപുസ്തകത്തെ കിടത്തി അരുംകൊല ചെയ്യുകയാണ്.

ഒമ്പതാം ക്ലാസിലെ സാമൂഹികശാസ്ത്രം പാഠപുസ്തകത്തിന്റെ തുടര്‍ച്ചയാണ് പത്തിലേത്. ഈ രണ്ട് പുസ്തകങ്ങളും ഒരേ രീതിശാസ്ത്രമുപയോഗിച്ചാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അത് സാമൂഹികശാസ്ത്ര പഠനത്തിന് സാര്‍വദേശീയമായി അംഗീകരിച്ചിട്ടുള്ള രീതിശാസ്ത്രമാണ്. മനുഷ്യസമൂഹത്തിന്റെ പുരോഗതിക്ക് അടിസ്ഥാനമായിട്ടുള്ള ഉപകരണങ്ങളുടെ നിര്‍മിതിയും അനുസ്യൂതമായ നവീകരണവും ഭൗതിക ജീവിതത്തിലും തദനുസൃതമായി ആത്മീയ ജീവിതത്തിലും വരുന്ന മാറ്റവുമാണ് സാമൂഹികശാസ്ത്ര പഠനത്തിന്റെ കാതല്‍ . ഉപകരണങ്ങളുടെ നിര്‍മിതിയും നവീകരണവും മനുഷ്യാധ്വാനത്തെ ലഘൂകരിക്കുകയും മിച്ച ഉല്‍പ്പാദനത്തിന് സഹായകരമാവുകയുംചെയ്യുന്നു. ഈ മിച്ചം പങ്കുവയ്ക്കുന്നതിനും വിതരണംചെയ്യുന്നതിനും വിപണനംചെയ്യുന്നതിനും അധികാരപ്രയോഗം വേണ്ടിവരുന്നു. കുടുംബത്തില്‍നിന്ന് രാഷ്ട്രത്തിന്റെ രൂപീകരണംവരെ നീളുന്നതാണ് ഈ അധികാരപ്രയോഗം. കുടുംബം, വിവാഹം, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയുടെ ഉഭയവും വികാസപരിണാമങ്ങളും പഠനവിഷയങ്ങളാകുന്നു. പ്രകൃതിയെയും പ്രപഞ്ചത്തെയും പഠനവിധേയമാക്കിയപ്പോള്‍ ദര്‍ശനങ്ങള്‍ രൂപപ്പെട്ടു. ഇവയെല്ലാം പരസ്പരബന്ധിതവും ആശ്രയിച്ചുനില്‍ക്കുന്നവയുമാണ്. ചരിത്രം, സാമ്പത്തികശാസ്ത്രം, രാഷ്ട്രതന്ത്രം, സമൂഹശാസ്ത്രം, ഭൂമിശാസ്ത്രം എന്നീ പഠനമേഖലകള്‍ രൂപപ്പെട്ടുവന്നതും അവ പരസ്പരബന്ധിതമായിട്ടാണ് വളര്‍ന്നുവികസിച്ചതെന്നും ഒറ്റപ്പെടുത്തി നില്‍ക്കാനാവുന്നതല്ലെന്നുമുള്ള തിരിച്ചറിവാണ് സാമൂഹികശാസ്ത്ര പഠനത്തിന്റെ സമീപനം. ഈ തിരിച്ചറിവില്ലാത്തവര്‍ പ്രോക്രസ്റ്റീന്‍ കട്ടിലിനെ ആശ്രയിക്കും.

ഒമ്പതാം ക്ലാസില്‍ വെങ്കലസംസ്കൃതിയിലും അയോയുഗ സംസ്കൃതിയിലും ഉയര്‍ന്നുവരുന്ന മതങ്ങളെയും ദര്‍ശനങ്ങളെയുംപറ്റി പ്രതിപാദിപ്പിച്ചിട്ടുണ്ട്. എന്തുകൊണ്ട് ചില മതങ്ങള്‍ക്ക് കാലഹരണദോഷം സംഭവിച്ചുവെന്ന് വിവരിച്ചിട്ടുണ്ട്. എന്തിനാണ് ഇത്കുട്ടികള്‍ പഠിക്കുന്നത്? മനുഷ്യനന്മയാണ് എല്ലാ മതങ്ങളും ലക്ഷ്യമാക്കുന്നത്. അക്രമവും അത്യാര്‍ത്തിയും ധനമോഹവും ജനജീവിതം ദുരിതപൂര്‍ണമാക്കുന്നു. എല്ലാ മനുഷ്യരും തുല്യരാണ്. അന്തിമവിശകലനത്തില്‍ എല്ലാ മതങ്ങളുടെയും സാരം ഒന്നുതന്നെയാണ്. ഈ സന്ദേശമാണ് കുട്ടികള്‍ക്ക് ലഭിക്കേണ്ടത്. അതിന് ഉതകുംവിധമാണ് ഒമ്പതാം ക്ലാസിലെ പാഠപുസ്തകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് പത്താം ക്ലാസിലെ പുസ്തകം.

ലോക വിജ്ഞാനത്തിന്റെയും വ്യാപാരത്തിന്റെയും പ്രഭവകേന്ദ്രമായിരുന്ന ഇന്ത്യാമഹാസമുദ്ര മേഖലയില്‍നിന്ന് അവ എങ്ങനെ മധ്യധരണ്യാഴിയിലേക്കും പിന്നീട് പശ്ചിമ യൂറോപ്പിലേക്കും തെന്നിമാറിയതെന്നാണ് വിവാദമാക്കി മാറ്റിയ ഒന്നാം അധ്യായത്തില്‍ വിവരിക്കുന്നത്. ചൈനീസ്-ഇന്ത്യന്‍ -ഇസ്ലാമിക സംസ്കാരങ്ങളാണ് ആധുനിക യൂറോപ്പിനെ സൃഷ്ടിച്ചതെന്നാണ് കാര്യകാരണസഹിതം ഇവിടെ വിവരിക്കുന്നത്. ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളെ ചൂഷണംചെയ്ത് എങ്ങനെയാണ് യൂറോപ്പ് ലോകാധിപത്യം നേടിയതെന്നാണ് തുടര്‍ന്നുള്ള അധ്യായങ്ങളില്‍ വിവരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധാനന്തരം എങ്ങനെയാണ് ലോകാധിപത്യം യൂറോപ്പിന് നഷ്ടമായതെന്നും അമേരിക്ക മുന്‍നിരയിലെത്തിയതെന്നും പുസ്തകത്തിന്റെ അവസാനം വിശദീകരിക്കുന്നു. ഇതിലൂടെ പഠിതാവില്‍ സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുന്ന സന്ദേശം ഇതാണ്: മാറ്റം അനിവാര്യമാണ്. ചലനവും വികാസവും മാറ്റവുമാണ് ശാശ്വതസത്യങ്ങള്‍ . ഭൗതികശാസ്ത്രമായാലും ജീവശാസ്ത്രമായാലും സാമൂഹികശാസ്ത്രമായാലും ഈ തത്വങ്ങള്‍ക്ക് മാറ്റമില്ല. ഈ വിശാലഭൂമികയില്‍ നിന്നുകൊണ്ടാണ് സാമൂഹികശാസ്ത്രം അവതരിപ്പിക്കുന്നത്.

തങ്ങള്‍ പഠിച്ച സാമൂഹികശാസ്ത്ര പാഠപുസ്തകത്തില്‍ ഈ സമീപനം ഉണ്ടായിരുന്നോ എന്ന് മെത്രാന്‍ സമിതിക്കാരും വിദഗ്ധസമിതി അംഗങ്ങളും അധികാരികളും ഇതില്‍ തല്‍പ്പരരായ ഏവരും അഭിപ്രായം പറയട്ടെ. തങ്ങള്‍ പഠിച്ച പുസ്തകവും ഇപ്പോഴത്തെ പുസ്തകവും ഒന്നുകൂടി വായിക്കട്ടെ. മേല്‍വിവരിച്ച സമീപനം തെറ്റാണ് എന്ന് പണ്ഡിതലോകം വിലയിരുത്തുകയാണെങ്കില്‍ പുസ്തകം പുനര്‍രചിക്കട്ടെ. പുതിയ പുസ്തകത്തിലെ സമീപനം ശരിയാണെങ്കില്‍ അതിനെ സംരക്ഷിക്കുമെന്ന് ഉറക്കെ പറയട്ടെ. പാരീശന്‍മാരെ ചമ്മട്ടിയെടുത്ത് ആട്ടിയോടിച്ച യേശുവിനെപ്പോലെ രംഗത്തുവരട്ടെ. ആദികവിയെപ്പോലെ "മാനിഷാദ" എന്ന് ആക്രോശിക്കട്ടെ. ചില വാക്കുകളും വാചകങ്ങളും മാറിയതുകൊണ്ടുമാത്രം പാഠപുസ്തകത്തിന്റെ സമീപനം മാറ്റാന്‍ കഴിയില്ല. ഒരു മരം മുറിച്ചുമാറ്റിയതുകൊണ്ടുമാത്രം വനം ഇല്ലാതാവില്ല. കാടുകാണാതെ മരം കാണുന്നവര്‍ക്ക് അതു മാത്രമേ ചെയ്യാന്‍ കഴിയൂ.

*
വി കാര്‍ത്തികേയന്‍നായര്‍ ദേശാഭിമാനി 15 ജൂണ്‍ 2011

2 comments:

വര്‍ക്കേഴ്സ് ഫോറം said...

പത്താംക്ലാസിലെ സാമൂഹികശാസ്ത്രം പാഠപുസ്തകത്തിലെ ഒന്നാം അധ്യായത്തിലെ ചില വാക്കുകളും വാചകങ്ങളും കത്തോലിക്ക മെത്രാന്‍ സമിതിക്ക് (കെസിബിസി) വേദന ഉളവാക്കുന്നതിനാല്‍ അവ നീക്കംചെയ്യണമെന്ന നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സമിതിയെ നിയോഗിച്ച് പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സമിതി രൂപീകരിച്ചതിലെ ധാര്‍മികതയും നൈതികതയും ചോദ്യംചെയ്യപ്പെടുകയും തല്‍ഫലമായി സമിതിയുടെ പ്രവര്‍ത്തനത്തിന് ചില താല്‍ക്കാലിക തടസ്സമുണ്ടാവുകയും ചെയ്തിരിക്കുന്നു. ഇതിനിടെ മെയ് മാസത്തില്‍തന്നെ പത്താം ക്ലാസിലെ പഠനം മിക്കവാറും സ്കൂളുകളില്‍ തുടങ്ങുകയും ഒന്നാം അധ്യായം പഠിപ്പിച്ചുതുടങ്ങുകയുംചെയ്തു. എല്ലാവര്‍ഷവും പത്താം ക്ലാസിലെ പഠനം മേയില്‍ തുടങ്ങുക പതിവാണ്. പുതിയ പാഠപുസ്തകത്തിന്റെ അടിസ്ഥാനത്തിലുള്ള അധ്യാപക പരിശീലനം മെയ് പകുതിയോടുകൂടി പൂര്‍ത്തിയാവുകയും പഠിപ്പിച്ചു തുടങ്ങേണ്ട പാഠഭാഗം ഒന്നാം അധ്യായമാണെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. അത്തരം തയ്യാറെടുപ്പ് നടത്തി ക്ലാസുകള്‍ തുടങ്ങിയതിന് ശേഷമാണ് സര്‍ക്കാര്‍ അറിയിക്കുന്നത് രണ്ട് ഭാഗങ്ങളുള്ള സാമൂഹികശാസ്ത്രം പുസ്തകത്തിന്റെ രണ്ടാം ഭാഗം ജൂണില്‍ പഠിപ്പിച്ചാല്‍ മതിയെന്ന്. ഒരു കൂട്ടര്‍ക്കുണ്ടായി എന്ന് പറയുന്ന വേദന മാറ്റുന്നതിനായി അഞ്ച് ലക്ഷത്തോളം വിദ്യാര്‍ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണ് അധികാരികള്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് ബോധനരീതിയെ കീഴ്മേല്‍ മറിക്കലാണ്. ഈ കീഴ്മേല്‍ മറിക്കല്‍ രണ്ടാം തവണയാണ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.

maitri said...

when i saw the text book only i told ma brother.. ithu paniyaakum... i remember studying about the same things renaissance, dark ages, Avignon exile, illicit affair church had with feudal lords, role of papacy and its decline, in Catechism texxtbooks.. in school catechism text it was in 7th std and in syro malabar church (thamarassery dioces)(schhool catechism had sex education in 8th/9th std :)) it was in 8th std.... it had more incriminating materials :) but now i think they have renewed catechism texts....

we even had a small chitrakatha book in 5th std about portugeese trying to romanise/latinise eastern churches in kerala, burning syrian texts etc...

ippo ellavarum charithrathe vella poosanulla shramamalle... ithokke padichittanu piller vazhi thettunnathennu thonni kkanum :)