Friday, June 10, 2011

ജനാധിപത്യത്തിലെ കോമാളിവേഷങ്ങള്‍

രാഷ്ട്രീയക്കാരനാവാന്‍ ശ്രമിക്കുന്ന സന്യാസിയെന്നായിരുന്നു വിമര്‍ശകര്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങളിലൊന്ന്. സന്യാസിയാവാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാരനാണ് താനെന്നായിരുന്നു അതിന് അദ്ദേഹത്തിന്റെ മറുപടി. ഗാന്ധി ആവിഷ്‌കരിച്ച സത്യഗ്രഹ സമരത്തിന്റെ ഹാസ്യാനുകരണങ്ങളിലൂടെ രാഷ്ട്രീയത്തെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്ന സന്യാസിവേഷങ്ങള്‍ അരങ്ങുതകര്‍ക്കുന്ന സമകാലത്ത് ഏറെ പ്രസക്തമാവുന്നുണ്ട് അദ്ദേഹത്തിന്റെ ഈ മറുപടി. സത്യത്തില്‍നിന്നും അഹിംസയില്‍നിന്നും ഉറവുപൊട്ടുന്ന ഉള്‍ശക്തിയെന്നാണ് ഗാന്ധിജി സത്യഗ്രഹത്തെ നിര്‍വചിച്ചത്. ഗാന്ധി ആവിഷ്‌കരിച്ച ഈ സമരരൂപത്തോട് വിദൂരച്ഛായ പുലര്‍ത്തുന്നതും എന്നാല്‍ അദ്ദേഹം മുന്നോട്ടുവച്ച ജനാധിപത്യ സങ്കല്‍പ്പത്തോട് അകന്നുനില്‍ക്കുന്നതുമായിരുന്നു അന്നാ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രക്ഷോഭം. ഇതിനെ പിന്‍പറ്റി വന്ന ബാബാ രാംദേവിന്റെ സത്യഗ്രഹമാവട്ടെ എം കെ ഗാന്ധിയുടെ സത്യഗ്രഹത്തോട് പുലബന്ധം പോലുമില്ലാത്തതും. അന്നാ ഹസാരെയുടെ സമരത്തിന് കുറെയൊക്കെ വിശ്വാസ്യതയും ആര്‍ജവവും ഉണ്ടായിരുന്നെങ്കില്‍ അതിന്റെ പരിഹാസ്യാനുകരണം മാത്രമാണ് രാംദേവ് കാട്ടിക്കൂട്ടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ഭരണവ്യവസ്ഥയെ മുച്ചൂടും ബാധിച്ച അഴിമതിയെന്ന അര്‍ബുദത്തിനെതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുകയാണ് വാസ്തവത്തില്‍ ഇത്തരം മിമിക്രികള്‍ ചെയ്യുന്നത്. എന്നിട്ടും ഇത്തരം പിത്തലാട്ടങ്ങള്‍ക്ക്, ഹസാരെയുടേതായാലും രാംദേവിന്റെയാതായും, ജനപിന്തുണ കിട്ടുന്നുവെങ്കില്‍ അതു വിശകലനം ചെയ്യപ്പെടേണ്ടതുതന്നെയാണ്.

രണ്ടു വര്‍ഷം മുമ്പുനടന്ന മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തിനെതിരായി ഒരു വിഭാഗമാളുകള്‍ മുന്‍കയ്യെടുത്ത് തെരുവുജാഥകള്‍ സംഘടിപ്പിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളും അതിന്റെ നേതാക്കളും അപ്പടി കൊള്ളരുതാത്തതും കഴിവുകെട്ടവരുമാണെന്ന് വരുത്തിത്തീര്‍ക്കാനോ ജനങ്ങളില്‍ അങ്ങനെയൊരു ധാരണ പരത്താനോ ആയിരുന്നു ആ പ്രകടനങ്ങളുടെ ശ്രമം. ഒരു ദുരന്തത്തിന്റെ മറവില്‍ അരാഷ്ട്രീയവാദത്തെ ജനമനസ്സില്‍ ഉറപ്പിക്കാനുള്ള നിഗൂഢനീക്കമാണ് അന്നു നടന്നത്. അരാഷ്ട്രീയവാദത്തിന്റെ അപ്പോസ്തലരായ ചില മാധ്യമങ്ങളും പ്രസ്ഥാനങ്ങളും ഇതിന് പരമാവധി പ്രചാരം നല്‍കുകയും ചെയ്തു. ദുരന്തത്തിനിരയായ മുംബൈയിലും മുംബൈയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മറ്റു നഗരങ്ങളിലും ചെറു പട്ടണങ്ങളിലും വരെ ഇത്തരം നീക്കങ്ങള്‍ക്കു കിട്ടിയ ജനപിന്തുണയില്‍ ഈ പ്രചാരവേല വഹിച്ച പങ്ക് ചെറുതല്ലായിരുന്നു. നിലനില്‍ക്കുന്ന വ്യവസ്ഥിതിയോട് സ്വാഭാവികമായുണ്ടാവുന്ന അതൃപ്തിയില്‍ കഴിയുന്ന ജനവിഭാഗങ്ങളെ അരാഷ്ട്രീയവാദത്തിലേയ്ക്ക് തള്ളിവിടുകയെന്ന, രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനമാണ് അന്ന് ഈ മാധ്യമങ്ങളും പ്രസ്ഥാനങ്ങളും ബഹുമാന്യരെന്നു മാനിക്കപ്പെടുന്ന ചില വ്യക്തികളും നടത്തിയത്. അന്നു ചെറിയ തോതില്‍ നടന്ന ഈ പ്രക്രിയയുടെ വിപുലീകരിച്ച രൂപമാണ് ഇപ്പോള്‍ അഴിമതിവിരുദ്ധ പോരാട്ടങ്ങളുടെ രൂപത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. അവര്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രശ്‌നങ്ങളോട്-അഴിമതി, കള്ളപ്പണം തുടങ്ങിയവ- നിഷേധാത്മക സമീപനം പുലര്‍ത്തുന്ന കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാരുമാവട്ടെ സമൂഹത്തെ അരാഷ്ട്രീയവല്‍ക്കരിക്കുകയെന്ന രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനത്തിന് ആക്കംകൂട്ടുകയും ചെയ്യുന്നു.

അന്നാ ഹസാരെയുടെയും ബാബാ രാംദേവിന്റെയും സമരങ്ങളെ രണ്ടു വിധത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ സമീപിച്ചത്. അറിയപ്പെടുന്ന ഗാന്ധിയന്‍ ആയിരുന്നിട്ടുകൂടി തുടക്കത്തില്‍ അത്ര ഗൗരവത്തോടെയല്ല ഹസാരെയുടെ സമരത്തെ കേന്ദ്രസര്‍ക്കാര്‍ കണ്ടത്. ഹസാരെയ്ക്ക് പിന്തുണ കൂടൂന്നുവെന്നുവന്നപ്പോഴാണ്, ജനകീയ പ്രക്ഷോഭങ്ങള്‍ സമീപദിനങ്ങളില്‍ പല രാജ്യങ്ങളിലും ഭരണകൂടങ്ങളെ നിര്‍ണയിച്ചുകൊണ്ടിരിക്കുന്നതുകൊണ്ട് പ്രത്യേകിച്ചും, സര്‍ക്കാര്‍ അദ്ദേഹവുമായി ചര്‍ച്ച നടത്താന്‍ തയ്യാറായത്. രാംദേവിന്റെ കാര്യത്തിലാവട്ടെ, ഹസാരെയുമായി തട്ടിച്ചുനോക്കുമ്പോള്‍ വിശ്വസനീയതയോ ജനപിന്തുണയോ ഇല്ലാതിരുന്നിട്ടൂകൂടി, സര്‍ക്കാര്‍ അദ്ദേഹത്തെ അമിതമായ പരിഗണനയോടെ സമീപിച്ചു. വിമാനത്താവളത്തില്‍ സ്വീകരിച്ചാനയിക്കാന്‍ മന്ത്രിപ്പടയെ അയച്ചു, സമരം തുടങ്ങുന്നതിനു മുമ്പുതന്നെ മണിക്കൂര്‍ ഇടവിട്ട് ചര്‍ച്ചകള്‍ നടത്തി, അനുനിമിഷം മാറിമാറിവരുന്ന നിലപാടുകള്‍ക്കനുസരിച്ച് താളം ചവിട്ടി. രാംദേവിനെ പനപോലെ വളര്‍ത്തി സംഘവോട്ടുകളില്‍ വിള്ളലുണ്ടാക്കാമെന്ന പാളിപ്പോയ കണക്കുകൂട്ടലും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നടത്തിയിരിക്കണം. എന്തായാലും ഹസാരെയുടെ സമരത്തിന്റെ അവസാന ഘട്ടത്തിലും രാംദേവിന്റെ സമരത്തില്‍ തുടക്കം തൊട്ടുതന്നെയും പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ആശാസ്യമല്ലാത്ത കീഴ്‌വഴക്കങ്ങളാണ് യു പി എ സര്‍ക്കാര്‍ ഉണ്ടാക്കിവച്ചത്. സമരം ചെയ്യുന്നവരോട് ചര്‍ച്ചയാവാം, അതിലൂടെ പരിഹാരങ്ങളുമാവാം. എന്നാല്‍ ലോക്പാല്‍ ബില്‍ പോലെ സുപ്രധാനമായ ഒരു നിയമനിര്‍മാണത്തിന് നൂറുകോടിയിലേറെ വരുന്ന ഇന്ത്യക്കാരില്‍ പ്രത്യേകിച്ച് ആരുടെയും പ്രതിനിധിയല്ലാത്ത അന്ന ഹസാരെ നിര്‍ദേശിച്ച ഏതാനും ആളുകളെ വച്ച് ഒരു സമിതി രൂപീകരിച്ചതിന് കോണ്‍ഗ്രസ് നിരത്തുന്ന ന്യായീകരണങ്ങള്‍ ഒന്നും തന്നെ മതിയാവില്ല. രാജ്യതലസ്ഥാനത്ത് സമരം നടത്തിയത് അന്നാ ഹസാരെ ആണെന്നതുകൊണ്ട്, അഴിമതിക്കെതിരെ സമരം നടത്തുന്ന ഇന്ത്യയിലെ കാക്കത്തൊള്ളായിരം സംഘടനകളുടെ നേതാവോ പ്രതിനിധിയോ ആവുന്നില്ല അദ്ദേഹം. ഇത്തരത്തില്‍ സംഘടനകളുടെയോ മറ്റേതെങ്കിലും വിഭാഗങ്ങളുടെയോ പ്രതിനിധികളെ വച്ച് സമിതി രൂപീകരിക്കുകയെന്നത് ഏതു മാനദണ്ഡം വച്ചായാലും ഇന്ത്യയെപ്പോലെ വലിയ ഒരു രാജ്യത്ത് പ്രായോഗികവുമല്ല.

പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ളതോ തിരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകരിച്ചതോ ആയ രാഷ്ട്രീയ പാര്‍ട്ടികളുമായി കൂടിയാലോചിക്കുകയാണ്, സമിതിക്ക് പ്രാതിനിധ്യ സ്വഭാവം വേണമെന്ന് സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ചെയ്യേണ്ടിയിരുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തിലൂടെ നിലനില്‍ക്കുകയും കരുത്താര്‍ജിക്കുകയും ചെയ്ത പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കുന്ന ഒരു രാജ്യത്ത്, എന്തെല്ലാം പോരായ്മകളുണ്ടെങ്കിലും ഈ സംവിധാനത്തെ വിശ്വസത്തിലെടുക്കുകയും ആശ്രയിക്കുകയുമാണ് ഭരണകൂടം ചെയ്യേണ്ടത്.

'സിവില്‍ സൊസൈറ്റി' പ്രതിനിധികള്‍ എന്നാണ് മാധ്യമങ്ങളും ഒരു വിഭാഗം ആളുകളും ലോക്പാല്‍ സമിതിയില്‍ അന്നാ ഹസാരെ നാമനിര്‍ദേശം ചെയ്തവരെ വിശേഷിപ്പിക്കുന്നത്. എന്താണീ സിവില്‍ സൊസൈറ്റി? സ്വന്തം ഭരണകൂടത്തെ തിരഞ്ഞെടുക്കാന്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്ന അറുപതു ശതമാനത്തിലേറെ വരുന്ന ഇന്ത്യക്കാര്‍ക്കു പുറത്താണോ ഇത്? അന്നാ ഹസാരെയും നാലോ അഞ്ചോ ബ്യൂറോക്രാറ്റുകളും അഭിഭാഷകരും ഏതു മാനദണ്ഡം അനുസരിച്ചാണ് 'സിവില്‍ സൊസൈറ്റി'യുടെ പ്രതിനിധികളാവുന്നത്? ഒരു സമരത്തിന്റെ ചൂടില്‍നിന്ന് താല്‍ക്കാലികമായെങ്കിലും രക്ഷപ്പെടാന്‍ കേന്ദ്ര സര്‍ക്കാരും ലോക്പാല്‍ ബില്‍ എന്ന അനങ്ങാപ്പാറയെ ചലിപ്പിക്കാനാവുമെന്ന പ്രതീക്ഷയില്‍ ഇതര രാഷ്ട്രീയ പാര്‍ട്ടികളും സിവില്‍ സൊസൈറ്റി എന്ന അമൂര്‍ത്താശയത്തെ അംഗീകരിക്കുന്ന രാഷ്ട്രീയ പരിസരത്തിലാണ് ബാബാ രാംദേവിനെപ്പോലുള്ള കള്ളനാണയങ്ങള്‍ക്ക് നിലയുറപ്പിക്കാന്‍ അവസരമൊരുങ്ങുന്നത്. ഒരര്‍ഥത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിനു പുല്ലുവില കല്‍പ്പിക്കാതെ ഹസാരെ തുടങ്ങിവച്ച സമരത്തെ പ്രോത്സാഹിപ്പിച്ചവര്‍ക്കുള്ള മറുപടി പോലുമാണ് രാംദേവിന്റെ സമര നാടകം.

ഏതാനും വര്‍ഷം കൊണ്ട് സമ്പാദിച്ചുകൂട്ടിയ സഹസ്രകോടികളുടെ ഉറവിടത്തെക്കുറിച്ചുള്ള സംശയങ്ങളെ തെല്ലും കൂസാതെയാണ് കള്ളപ്പണത്തിനെതിരെ രാംദേവ് സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. രാംദേവ് നടത്തുന്ന രണ്ടു ട്രസ്റ്റുകളുടെ വാര്‍ഷികവരുമാനം 1100 കോടിയാണ്. ആയുര്‍വേദവും യോഗയും മുതല്‍ റിയല്‍ എസ്റ്റേറ്റ് വരെ കച്ചവടം നടത്തുന്ന 34 സ്ഥാപനങ്ങളാണ് ഈ ട്രസ്റ്റുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നത്. രാംദേവിന്റെ പ്രധാന അനുയായിയായ ആചാര്യ ബാലകൃഷ്ണ ഈ കമ്പനികളുടെയെല്ലാം ഡയറക്ടറാണ്. കമ്പനികളെക്കുറിച്ച് ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍. എന്തായാലും രാംദേവിനെ വരുതിയിലാക്കുന്നതിനപ്പുറത്തേയ്ക്ക് ഒരന്വേഷണവും നീളില്ലെന്ന് കള്ളപ്പണക്കാരോട് യു പി എ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ തന്നെ തെളിവ്.

അന്നാ ഹസാരെയും രാംദേവും സംഘപരിവാറിന്റെ മുഖംമൂടികളാണെന്നാണ് ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസ് പറയുന്നത്. എങ്കില്‍പ്പിന്നെ എന്തിനാണ് ഹസാരെ നിര്‍ദേശിച്ച കുറെപ്പേരെ ഉള്‍പ്പെടുത്തി ലോക്പാല്‍ കരടു സമിതിയുണ്ടാക്കിയത്? എന്തിനാണ് രാംദേവിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേയ്ക്ക് മന്ത്രിമാര്‍ കൂട്ടമായി ചെന്നത്? സംഗതി ഇത്രയേയുള്ളൂ, അഴിമതിക്കെതിരായ ഒരു സമരത്തെ നേരായ വഴിക്കു നേരിടാനുള്ള ഇച്ഛാശക്തി യു പി എ സര്‍ക്കാരിനോ കോണ്‍ഗ്രസിനോ ഇല്ല. അതില്ലാത്തിടത്തോളം കോമാളിവേഷങ്ങള്‍ ഇനിയും നമ്മുടെ ഉമ്മറത്ത് ചുവടുവയ്പുകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.

*
പി ആര്‍ ഷിജു ജനയുഗം 09 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...