Wednesday, June 8, 2011

ഉമാദേവി അന്തര്‍ജനം - മറക്കുട തകര്‍ത്ത് അരങ്ങത്തെത്തിയ വിപ്ലവകാരി

ഉമാദേവി അന്തര്‍ജനം നിര്യാതയായി

നമ്പൂതിരി സ്ത്രീകളെ അടുക്കളയില്‍ നിന്നും അരങ്ങത്തേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ സാമൂഹ്യപരിഷ്കര്‍ത്താവും കമ്യൂണിസ്റ്റ് പാര്‍ടി നേതാവുമായ ഉമാദേവി അന്തര്‍ജനം നിര്യാതയായി. 83 വയസ്സായിരുന്നു. ചൊവ്വാഴ്ച പകല്‍ 12ന് പിറവത്തെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കിടപ്പിലായിരുന്നു. സംസ്കാരം ബുധനാഴ്ച പകല്‍ 11ന് വീട്ടുവളപ്പില്‍ . ജനാധിപത്യ മഹിളാ അസോസിയേഷന്റെ ആദ്യസംസ്ഥാന പ്രസിഡന്റും സിപിഐ എമ്മിന്റെ ആദ്യകാല സംഘാടകയുമാണ് ഉമാദേവി അന്തര്‍ജനം. ദീര്‍ഘകാലം സിപിഐ എം കോട്ടയം ജില്ലാകമ്മിറ്റി അംഗമായിരുന്നു. പിറവം പഞ്ചായത്ത് പ്രസിഡന്റും നഗരസഭയായിരിക്കെ ചെയര്‍പേഴ്സണുമായിരുന്നു. പ്രവര്‍ത്തനരംഗം പ്രധാനമായും കോട്ടയം ജില്ലയായിരുന്നു. പരേതനായ കളമ്പൂര്‍ തളിമല ടി കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെ ഭാര്യയാണ്.
പെരിന്തല്‍മണ്ണയിലെ പുലാമന്തോള്‍ ചൊവ്വൂര്‍ മനയ്ക്കല്‍ നാരായണന്‍നമ്പൂതിരിയുടെയും കാളി അന്തര്‍ജനത്തിന്റെയും മകളായി 1926ലാണ് ജനനം. കമ്യൂണിസ്റ്റ് പാര്‍ടി അംഗമായിരുന്ന ഭര്‍ത്താവിന്റെ പിന്തുണയോടെയാണ് പൊതുരംഗത്തേക്കുവരുന്നത്. മാറുമറയ്ക്കാനും വിദ്യാഭ്യാസം ചെയ്യാനുമുള്ള അവകാശങ്ങളെക്കുറിച്ച് ഇല്ലങ്ങളിലെ നമ്പൂതിരിസ്ത്രീകളെ പഠിപ്പിക്കുന്ന ദൗത്യം ഏറ്റെടുത്ത് പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായി. 1948ല്‍ കമ്യൂണിസ്റ്റ് പാര്‍ടി മെമ്പറായ ഇവര്‍ അവകാശപോരാട്ടങ്ങള്‍ക്കായി കര്‍ഷകത്തൊഴിലാളികളെയും സ്ത്രീകളെയും സംഘടിപ്പിക്കുന്നതിലും നിര്‍ണായകപങ്ക് വഹിച്ചു. അടിയന്തരാവസ്ഥകാലത്ത് പൊലീസ് മര്‍ദനമേറ്റു. 1960ല്‍ കടുത്തുരുത്തി യില്‍നിന്നും നിയമസഭയിലേക്ക് മത്സരിച്ചു. മക്കള്‍ : ബേബി കോമളം, ദേശാഭിമാനി ജീവനക്കാരനായിരുന്ന പരേതനായ മോഹന്‍ലാല്‍ , പ്രസാദ് (പിറവം പഞ്ചായത്ത് അംഗം), വിനീത (യൂക്കോബാങ്ക്, എറണാകുളം). മരുമക്കള്‍ : ശ്രീകുമാര്‍ (റിട്ട. മഹാരാഷ്ട്ര സര്‍ക്കാര്‍ ജീവനക്കാരന്‍), സത്യഭാമ, സതി, ശിവദാസ്.

മറക്കുട തകര്‍ത്ത് അരങ്ങത്തെത്തിയ വിപ്ലവകാരി

ഉമാദേവി അന്തര്‍ജനത്തിന്റെ വിയോഗത്തോടെ ഒരു കാലഘട്ടം തിരശ്ശീലയ്ക്കുപിന്നില്‍ മറയുകയാണ്. യാഥാസ്ഥിതികത്വത്തിന്റെ മറക്കുടയ്ക്കുപിന്നില്‍ ഇല്ലങ്ങളിലെ കരിപിടിച്ച അടുക്കളകളില്‍ നിഴലുകള്‍മാത്രമായി ജീവിച്ച നമ്പൂതിരിസ്ത്രീകളെ പൊതുസമൂഹത്തിന്റെ അരങ്ങത്തേയ്ക്ക് കൊണ്ടുവരികയെന്നത് നിസ്സാരമായിരുന്നില്ല. നിസ്സഹായതയുടെ ആള്‍രൂപങ്ങളായി ജീവിച്ചിരുന്ന സ്ത്രീകളെ സംഘടിപ്പിച്ചാണ് ഉമാദേവി പൊതുരംഗത്തേക്ക് വരുന്നത്. അന്തര്‍ജ്ജനസ്ത്രീകളെ സംഘടിപ്പിക്കലായിരുന്നു പ്രധാന പ്രവര്‍ത്തനം. താമസം പിറവത്തെ കളമ്പൂരിലായിരുന്നെങ്കിലും പ്രവര്‍ത്തനരംഗം പ്രധാനമായും കോട്ടയം ജില്ലയായിരുന്നു. സിപിഐ എമ്മിനെ വളര്‍ത്താനും അവര്‍ അക്ഷീണം പ്രയത്നിച്ചു.

എഴുപതുകളില്‍ വൈക്കം താലൂക്ക് കര്‍ഷകത്തൊഴിലാളി സമരങ്ങളുടെ തീക്ഷ്ണതയില്‍ ചുട്ടുപഴുത്തു നില്‍ക്കുമ്പോള്‍ എല്ലാ വിലക്കിനെയും അവഗണിച്ച് സമരരംഗത്തേക്ക് ഉമാദേവി അന്തര്‍ജനം കടന്നുചെന്നു. വെള്ളൂര്‍ പാര്‍ടി ഓഫീസ് കത്തിച്ചതിനെതിരെ വൈക്കം വിശ്വന്‍ , കെ കെ ജോസഫ്, ഉമാദേവി അന്തര്‍ജനം തുടങ്ങിയവരുടെ നേതൃത്വത്തില്‍ രണ്ടായിരത്തോളംപേര്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചുചെയ്തു. സമരത്തിനുനേരെ ക്രൂരമായ പൊലീസ് ലാത്തിച്ചാര്‍ജുണ്ടായി. പാലിയം സത്യഗ്രഹസമരത്തില്‍ പങ്കെടുക്കാന്‍ പാര്‍ടി തെരഞ്ഞെടുത്തെങ്കിലും ഗര്‍ഭിണിയായതിനാല്‍ പിന്നീട് ഒഴിവാക്കി. വീടിനോടുള്ള ഉത്തരവാദിത്തവും നിറവേറ്റിയായിരുന്നു ഉമാദേവി പൊതുപ്രവര്‍ത്തനരംഗത്ത് നിന്നത്. പുറത്ത് പ്രവര്‍ത്തനത്തിന് പോകുമ്പോള്‍ കുട്ടികളെ നോക്കാന്‍ ആരുമുണ്ടായിരുന്നില്ല. ചിലപ്പോള്‍ കുട്ടികളെയും കൂടെകൂട്ടുമായിരുന്നു. ഒരിക്കല്‍ മകന്‍ മോഹന്‍ലാലിനെ ജാഥാംഗങ്ങള്‍ മാറി മാറി എടുത്തു. ജാഥ തീര്‍ന്നപ്പോള്‍ അനൗണ്‍സ് ചെയ്താണ് കുട്ടി ആരുടെ കൈയിലാണെന്ന് അറിഞ്ഞത്. യാഥാസ്ഥിതികത്വത്തിന്റെ നെടുങ്കോട്ടയായ ഇല്ലത്തുനിന്ന് വിവാഹംചെയ്ത് പിറവം നളിനമനയിലേക്ക് പറിച്ചുനടുന്നതുവരെ ഉമാദേവി അന്തര്‍ജനം പുറംലോകം കണ്ടിട്ടില്ലായിരുന്നു. 17-ാംവയസ്സില്‍ വിവാഹം കഴിക്കുംവരെ ഇല്ലത്തിന് പുറത്തുള്ള ലോകം എന്താണ് എന്നുപോലും അറിയാമായിരുന്നില്ലെന്നാണ് ഉമാദേവി അന്തര്‍ജനം പറയാറുള്ളത്. ബ്ലൗസ് ധരിക്കാനുള്ള ഭാഗ്യമുണ്ടായതും വിവാഹത്തിനുശേഷമാണ്. ഇല്ലത്തുനിന്ന് പുറത്തേക്കുള്ള ആദ്യയാത്ര വിവാഹയാത്രയായിരുന്നെന്നും ഉമാദേവി ഓര്‍ക്കുന്നു. സ്കൂള്‍വിദ്യാഭ്യാസം ഇല്ല. പുറമെനിന്ന് അധ്യാപകന്‍ ഇല്ലത്തെത്തി അക്ഷരം പഠിപ്പിച്ചതുമാത്രമായിരുന്നു വിദ്യാഭ്യാസം.

ചെങ്കൊടിയേന്തിയത് വിലക്കുകള്‍ ലംഘിച്ച്

ഉമാദേവി അന്തര്‍ജനം തൊഴിലാളിവര്‍ഗത്തിന്റെ ചെങ്കൊടിയേന്തിയത് ബ്രാഹ്മണ്യത്തിന്റെയും ജന്മിത്വത്തിന്റെയും വിലക്കുകളെ ലംഘിച്ച്. ബ്രാഹ്മണസ്ത്രീകള്‍ മനകളില്‍നിന്നും പുറത്തിറങ്ങാന്‍പോലും ഭയപ്പെടുകയും മടിക്കുകയുംചെയ്ത കാലത്താണ് അവര്‍ വിപ്ലവപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയാകുന്നത്. സ്വയം മാറുമറച്ച് സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാനുള്ള അവകാശത്തിനായി നടത്തിയ പോരാട്ടങ്ങള്‍ മനകളിലെ അകത്തളങ്ങളില്‍ ഞെട്ടലുളവാക്കി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ ഉമാദേവി വിവാഹശേഷമാണ് പൊതുപ്രവര്‍ത്തനരംഗത്ത് എത്തിയത്. ഭര്‍ത്താവായ ടി കൃഷ്ണന്‍നമ്പൂതിരി കോഴിക്കോട് റബര്‍ എസ്റ്റേറ്റില്‍ ജോലിക്കാരനായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടി അംഗമായിരുന്ന ഭര്‍ത്താവില്‍നിന്നാണ് പുരോഗമന ആശയങ്ങളില്‍ ആകൃഷ്ടയാകുന്നത്.

കളമ്പൂരിലെ തളിമനയുടെ ചുറ്റുവട്ടത്തുള്ള ചെറുകിട-ദരിദ്ര-നാമമാത്ര കര്‍ഷകരെയും സ്ത്രീകളെയും സംഘടിപ്പിച്ച് കൃഷ്ണന്‍ നമ്പൂതിരിക്കൊപ്പം പൊതുരംഗത്ത് വ്യാപൃതയായി. നമ്പൂതിരി സ്ത്രീകള്‍ക്ക് പുരോഗന ആശയങ്ങള്‍ പകര്‍ന്നു നല്‍കി. പട്ടാമ്പിക്കടുത്ത് ഓങ്ങല്ലൂരില്‍ ഇ എം എസ് അധ്യക്ഷനായ യോഗത്തില്‍ പങ്കെടുത്തത് ജീവിതത്തിലെ വഴിത്തിരിവായി. മാറുമറയ്ക്കാനും വിദ്യാഭ്യാസം ചെയ്യാനുമുള്ള അവകാശങ്ങളെക്കുറിച്ച് ഇല്ലങ്ങളിലെ നമ്പൂതിരിസ്ത്രീകളെ പഠിപ്പിക്കുന്ന ദൗത്യം ഏറ്റെടുത്തു. ഇതോടൊപ്പം പിറവത്ത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ സജീവ പ്രവര്‍ത്തകയുമായി. 1955ല്‍ പാര്‍ടി അംഗമായി. പിറവത്തു നടന്ന പാര്‍ടി ലോക്കല്‍ സമ്മേളനത്തോടെ നേതൃത്വത്തിലേക്ക് ഉയര്‍ന്നു. 1970കളില്‍ വൈക്കം താലൂക്ക് കര്‍ഷകത്തൊഴിലാളി സമരങ്ങളുടെ തീഷ്ണതയില്‍ എരിയുമ്പോള്‍ എല്ലാ വിലക്കുകളും ലംഘിച്ച് സമരരംഗത്തേക്ക് കടന്നുചെന്നു. വെള്ളൂര്‍ പാര്‍ടി ഓഫീസ് കത്തിച്ചതിനെതിരെ വൈക്കം വിശ്വന്‍ , കെ കെ ജോസഫ് എന്നിവരോടൊപ്പം നടത്തിയ താലൂക്ക് ഓഫീസ് മാര്‍ച്ച് സമരചരിത്രത്തിലെ അവിസ്മരണീയ ഏടാണ്. രണ്ടായിരത്തോളം പേരാണ് അന്ന് മാര്‍ച്ചില്‍ അണിനിരന്നത്. സമരത്തില്‍ പങ്കെടുക്കേണ്ടെന്ന് പലരും ഉമാദേവിയെ ഉപദേശിച്ചെങ്കിലും സ്ത്രീ ഭീരുവല്ലെന്ന പ്രഖ്യാപനത്തോടെ ചെങ്കൊടിയേന്തി മുന്നില്‍ നടന്നു. 1968ല്‍ കേരള മഹിളാ ഫെഡറേഷന്‍ രൂപം കൊള്ളുമ്പോള്‍ അന്നത്തെ നേതാക്കളായിരുന്ന സുശീലഗോപാലന്‍ , കെ ആര്‍ ഗൗരിയമ്മ എന്നിവരോടൊത്ത് പ്രവര്‍ത്തിച്ചു. 1981ല്‍ കോട്ടയത്ത് മഹിളാ അസോസിയേഷന്റെ പ്രഥമ സംസ്ഥാന സമ്മേളനം ഉമാദേവി അന്തര്‍ജനത്തെ പ്രസിഡന്റായി തെരഞ്ഞെടുത്തു.

പിണറായി അനുശോചിച്ചു

കമ്യൂണിസ്റ്റ് പാര്‍ടി നേതാവും സാമൂഹ്യപരിഷ്കര്‍ത്താവുമായിരുന്ന ഉമാദേവി അന്തര്‍ജനത്തിന്റെ നിര്യാണത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചിച്ചു. യാഥാസ്ഥിതികമായ സാമൂഹ്യപശ്ചാത്തലത്തില്‍നിന്ന് ഏറെ പുരോഗമനപരമായ ജീവിതപാതയിലേക്ക് കടന്നുവരാന്‍ ഉമാദേവി അന്തര്‍ജനത്തിന് പ്രേരകമായത് ഉദാത്തമായ മനുഷ്യസ്നേഹവും ആ മനുഷ്യസ്നേഹത്തെ ഉയര്‍ത്തിപ്പിടിച്ച പ്രത്യയശാസ്ത്രവുമാണെന്ന് പിണറായി പറഞ്ഞു. നിരവധി ത്യാഗോജ്വലസമരങ്ങള്‍ക്ക് നേതൃത്വംനല്‍കിയ ഉമാദേവിയുടെ വേര്‍പാട് കേരളത്തിന് പൊതുവിലും വിപ്ലവപ്രസ്ഥാനങ്ങള്‍ക്ക് പ്രത്യേകിച്ചും അപരിഹാര്യമായ നഷ്ടമാണെന്ന് അനുശോചനസന്ദേശത്തില്‍ പിണറായി പറഞ്ഞു.

ദുരാചാരങ്ങള്‍ക്കെതിരെ ഉമാദേവി പടവെട്ടി: വൈക്കം വിശ്വന്‍

ജില്ലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനവും മഹിളാപ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതില്‍ മുന്നിട്ടുനിന്നു പ്രവര്‍ത്തിച്ച മഹിളാ നേതാവായിരുന്നു ഉമാദേവി അന്തര്‍ജനമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. നമ്പൂതിരി സ്ത്രീകള്‍ക്കിടയില്‍ അടിച്ചേല്‍പ്പിച്ച ദുരാചാരങ്ങള്‍ക്കെതിരെ പടവെട്ടിയാണ് അവര്‍ പൊതുരംഗത്ത് എത്തിയത്. അകത്തളങ്ങളില്‍ ഒതുങ്ങിക്കൂടിയ സ്ത്രീ സമൂഹത്തെ മുഖ്യധാരയിലേക്ക് ആനയിക്കുന്നതിന് ഉമാദേവി അന്തര്‍ജനത്തേപ്പോലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജം പകര്‍ന്നു. പൊതുപ്രവര്‍ത്തനരംഗത്ത് എല്ലാവരാലും ആദരിക്കപ്പെടുന്ന വ്യക്തിത്വമായിരുന്നു. ഭര്‍ത്താവിനൊപ്പമാണ് പൊതുരംഗത്ത് എത്തിയത്. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംഘാടനത്തിലും അസാധാരണമായ നേതൃഗുണം പ്രകടിപ്പിച്ചു. ജനങ്ങളുടെയാകെ വിശ്വാസം ആര്‍ജിച്ച അവര്‍ പിറവം പഞ്ചായത്ത് പ്രസിഡന്റായും പിന്നീട് ചെയര്‍പേഴ്സണായും പ്രശംസനീയ പ്രവര്‍ത്തനം നടത്തി. മഹിളാ പ്രസ്ഥാനത്തിന്റെ സംഘാടകയെന്നനിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. ചൂഷണത്തിന് വിധേയരായ ഖാദി മേഖലയിലെ തൊഴിലാളികളെ സമരസജ്ജരാക്കി അവകാശ പോരാട്ടങ്ങളിലേക്ക് നയിച്ചു. നിരവധി ആനുകൂല്യങ്ങള്‍ ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് എത്തിക്കുന്നതിന് അവരുടെ നേതൃപാടവം തുണയായെന്നും വൈക്കം വിശ്വന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഈ ജീവിതം മാതൃക: ഗോപി കോട്ടമുറിക്കല്‍

സിപിഐ എം മുന്‍ കോട്ടയം ജില്ലാകമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ മുന്‍സംസ്ഥാന പ്രസിഡന്റുമായിരുന്ന ഉമാദേവി അന്തര്‍ജനത്തിന്റെ നിര്യാണത്തില്‍ സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ അനുശോചിച്ചു. ജീവിതത്തിന്റെ ഇരുട്ടറകളിലും കണ്ണീര്‍ക്കയത്തിലുമായ കുടുംബിനികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആത്മധൈര്യവും പ്രചോദനവുമായിരുന്നു ഉമാദേവിയുടെ ജീവിതം. ബ്രാഹ്മണ്യത്തിന്റെയും ജാതി-ജന്മി നാടുവാഴി ഭൂപ്രഭുത്വത്തിന്റെയും കടുത്ത നിയന്ത്രണങ്ങളെയും നിബന്ധനകളെയും വെല്ലുവിളിച്ചാണ് അവര്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് വരുന്നത്. തീണ്ടലും തൊടീലും കത്തിക്കാളിനിന്ന അക്കാലത്ത് പട്ടികജാതി കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ സംഘടിപ്പിച്ച്് പൊതുരംഗത്ത് പ്രവര്‍ത്തിച്ചു. സ്ത്രീകള്‍ക്ക് മാറുമറയ്ക്കുന്നതിനായുള്ള അവകാശത്തിനായി നടത്തിയ ജ്വലിക്കുന്ന സമരത്തിലും അവര്‍ണര്‍ , ദളിതര്‍ , പിന്നോക്കക്കാര്‍ എന്നിവര്‍ക്ക് വഴിനടക്കാനുള്ള അവകാശത്തിനായി നടത്തിയ പാലിയംസമരത്തിലും കൊടുങ്ങല്ലൂരിലെ തമ്പുരാട്ടിമാര്‍ക്കൊപ്പം ഉമാദേവിയും രംഗത്തിറങ്ങി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളില്‍ പലരും കളമ്പൂര്‍ തളിമനയില്‍ ഒളിജീവിതം നയിച്ചതോടെ പ്രസ്ഥാനത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കി അവര്‍ പ്രവര്‍ത്തനത്തില്‍ സജീവമായി. ഇ എം എസ്, ടി കെ രാമകൃഷ്ണന്‍ , ഒ ജെ ജോസഫ്, പി എസ് ശ്രീനിവാസന്‍ , നരസിംഹ അയ്യര്‍ തുടങ്ങിയ നേതാക്കള്‍ക്ക് തളിമന സംരക്ഷണകേന്ദ്രമായി. അടിയന്തരാവസ്ഥയില്‍ പലവട്ടം പൊലീസ് വേട്ടയാടിയിട്ടും ആ പോരാട്ടവീര്യം കെടുത്താനായില്ലെന്നും ഗോപി കോട്ടമുറിക്കല്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

*
ദേശാഭിമാനി ദിനപത്രം 08 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഉമാദേവി അന്തര്‍ജനത്തിന്റെ വിയോഗത്തോടെ ഒരു കാലഘട്ടം തിരശ്ശീലയ്ക്കുപിന്നില്‍ മറയുകയാണ്. യാഥാസ്ഥിതികത്വത്തിന്റെ മറക്കുടയ്ക്കുപിന്നില്‍ ഇല്ലങ്ങളിലെ കരിപിടിച്ച അടുക്കളകളില്‍ നിഴലുകള്‍മാത്രമായി ജീവിച്ച നമ്പൂതിരിസ്ത്രീകളെ പൊതുസമൂഹത്തിന്റെ അരങ്ങത്തേയ്ക്ക് കൊണ്ടുവരികയെന്നത് നിസ്സാരമായിരുന്നില്ല. നിസ്സഹായതയുടെ ആള്‍രൂപങ്ങളായി ജീവിച്ചിരുന്ന സ്ത്രീകളെ സംഘടിപ്പിച്ചാണ് ഉമാദേവി പൊതുരംഗത്തേക്ക് വരുന്നത്. അന്തര്‍ജ്ജനസ്ത്രീകളെ സംഘടിപ്പിക്കലായിരുന്നു പ്രധാന പ്രവര്‍ത്തനം. താമസം പിറവത്തെ കളമ്പൂരിലായിരുന്നെങ്കിലും പ്രവര്‍ത്തനരംഗം പ്രധാനമായും കോട്ടയം ജില്ലയായിരുന്നു. സിപിഐ എമ്മിനെ വളര്‍ത്താനും അവര്‍ അക്ഷീണം പ്രയത്നിച്ചു.