Sunday, June 26, 2011

ഈ ജനദ്രോഹത്തിന്‌ തടയിടണം

അഴിമതിയില്‍ മാത്രമല്ല, ജനദ്രോഹത്തിലും കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ പുതിയ റെക്കോഡ്‌ സൃഷ്‌ടിക്കുകയാണ്‌. വിലക്കയറ്റത്തില്‍ വീര്‍പ്പുമുട്ടി കഴിയുന്ന ജനങ്ങളുടെമേല്‍ ഡീസല്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വില വര്‍ധന അടിച്ചേല്‍പിച്ചത്‌ യു പി എ സര്‍ക്കാരിന്റെ കണ്ണില്‍ ചോരയില്ലാത്ത നയത്തിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ്‌. ഡീസലിന്‌ മൂന്നു രൂപയും മണ്ണെണ്ണയ്‌ക്ക്‌ രണ്ടു രൂപയും വിലവര്‍ധിപ്പിച്ച സര്‍ക്കാര്‍ പാചകവാതകത്തിന്റെ വിലയില്‍ ഒറ്റയടിക്ക്‌ 50 രൂപയുടെ വര്‍ധനവാണ്‌ വരുത്തിയത്‌. അടുത്തെങ്ങും പാചകവാതകത്തിന്റെ വിലയില്‍ ഇത്ര ഭീമമായ വര്‍ധനവു വരുത്തിയിട്ടില്ല.

നിത്യോപയോഗ സാധനങ്ങളുടെ, പ്രത്യേകിച്ച്‌ ഭക്ഷ്യസാധനങ്ങളുടെ വില അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്‌. സര്‍ക്കാരിന്റെ കണക്കനുസരിച്ച്‌ തന്നെ ഭക്ഷ്യ വിലക്കയറ്റം പത്ത്‌ ശതമാനത്തോളമാണ്‌. വിലക്കയറ്റവും നാണയപ്പെരുപ്പവും നിയന്ത്രിക്കുമെന്ന മന്‍മോഹന്‍സിംഗിന്റെയും പ്രണബ്‌ മുഖര്‍ജിയുടെയും പ്രഖ്യാപനങ്ങള്‍ പൊള്ളയാണെന്ന്‌ അനുഭവം തെളിയിച്ചു. അവശ്യ സാധനങ്ങളുടെ വില ഉയര്‍ന്നുകൊണ്ടിരിക്കുന്നതിലെ ഒരു പ്രധാന ഘടകം പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലയില്‍ അടിക്കടി ഉണ്ടായ വര്‍ധനവാണ്‌. ഏതാനും നാള്‍ മുമ്പാണ്‌ പെട്രോള്‍ വിലയില്‍ അഞ്ച്‌ രൂപ വര്‍ധിപ്പിച്ചത്‌. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഒന്‍പതാമത്തെ വര്‍ധനവായിരുന്നു അത്‌. കഴിഞ്ഞ ജൂണിലാണ്‌ ഡീസലിന്റെയും പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില കുത്തനെ കൂട്ടിയത്‌. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്‌ ആ ഉല്‍പന്നങ്ങള്‍ വാങ്ങുന്നവരെ മാത്രമല്ല ബാധിക്കുക. സമൂഹത്തിലാകെ അതിന്റെ പ്രത്യാഘാതങ്ങളുണ്ടാകും. ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്‌ ലോറി വാടക ഉയര്‍ത്തും. ഫലം ചരക്കുകടത്ത്‌ കൂലിയിലെ വര്‍ധനവായിരിക്കും. രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള കേരളത്തിനാവശ്യമായ അവശ്യസാധനങ്ങള്‍ എത്തുന്നതു മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്നാണ്‌. അരിയും പച്ചക്കറിയും മുതല്‍ ഉണ്ണാനുള്ള ഇലയ്‌ക്കുവരെ കേരളം അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നു. ഇവയുടെയെല്ലാം വില ഗണ്യമായി ഉയരും. ഡീസല്‍ വില വര്‍ധിപ്പിച്ചതിന്റെ ഫലമായി ബസ്‌ ചാര്‍ജ്‌ കൂട്ടണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. കെ എസ്‌ ആര്‍ ടി സിയുടെ മാത്രം പ്രതിദിന ചെലവില്‍ 15 ലക്ഷം രൂപയുടെ വര്‍ധനവാണ്‌ ഇപ്പോഴത്തെ ഡീസല്‍ വില വര്‍ധനവിന്റെ ഫലമായുണ്ടാകുന്നത്‌. സ്വകാര്യ ബസ്‌ ഉടമകള്‍ സമരം പ്രഖ്യാപിച്ചു കഴിഞ്ഞു. ടാക്‌സി-ഓട്ടോ ചാര്‍ജുകളും വര്‍ധിക്കും.

സിമന്റ്‌, കമ്പി, മണല്‍ തുടങ്ങിയ കെട്ടിട നിര്‍മാണ സാധനങ്ങളുടെയെല്ലാം കടത്തുകൂലി വര്‍ധിക്കും. അത്‌ വീട്‌ ഉള്‍പ്പടെയുള്ള കെട്ടിടങ്ങളുടെ നിര്‍മാണ ചെലവ്‌ ഉയര്‍ത്തും. ബാങ്ക്‌ പലിശ നിരക്ക്‌ കൂട്ടിയതിനെ തുടര്‍ന്ന്‌ ഭവന നിര്‍മാണ ചെലവിലുണ്ടായ വര്‍ധനവിനോടൊപ്പമാണ്‌ ഈ പുതിയ ഭാരം. സ്വന്തമായി ഒരു വീട്‌ എന്ന സ്വപ്‌നമാണ്‌ ഇതെല്ലാം ചേര്‍ന്ന്‌ തകര്‍ക്കുക.

പാചക വാതകം ഇന്ന്‌ ഇടത്തരക്കാരുടെ മാത്രമല്ല, സാധാരണക്കാരുടെയും വീടുകളിലെ അവശ്യ വസ്‌തുവാണ്‌. നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലും പാചകവാതകമാണ്‌ ഇപ്പോള്‍ ഉപയോഗിക്കുന്നത്‌. പഴയ കാലത്തെപോലെ പാചകത്തിന്‌ വിറക്‌ ലഭിക്കുന്നില്ല. മണ്ണെണ്ണയ്‌ക്കാണെങ്കില്‍ തീവില. അതുതന്നെ കിട്ടാനുമില്ല. പാചക വാതക വില വര്‍ധന കുടുംബ ബജറ്റ്‌ തകര്‍ക്കും. ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലയും ഗണ്യമായി ഉയരും.

കേരളത്തിനുള്ള മണ്ണെണ്ണ ക്വാട്ട കേന്ദ്ര സര്‍ക്കാര്‍ അടിക്കടി വെട്ടിക്കുറയ്‌ക്കുകയാണ്‌. അടുത്ത കാലംവരെ രണ്ടു ലിറ്റര്‍ മണ്ണെണ്ണ ലഭിച്ചിരുന്ന കുടുംബങ്ങള്‍ക്ക്‌ ഇപ്പോള്‍ റേഷന്‍ കടകളില്‍ നിന്നുകിട്ടുന്നത്‌ ഒരു ലിറ്ററാണ്‌. പാവപ്പെട്ടവര്‍ ആശ്രയിക്കുന്ന മണ്ണെണ്ണയുടെ വില വര്‍ധനവ്‌ അവര്‍ക്ക്‌ താങ്ങാനാവാത്ത ഭാരമാണ്‌.

എല്ലാ വിഭാഗം ജനങ്ങളെയും ദുരിതത്തിലാഴ്‌ത്തുകയും സാമൂഹ്യ-സാമ്പത്തിക രംഗങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്യുന്ന നടപടിക്ക്‌ കേന്ദ്ര സര്‍ക്കാര്‍ പറയുന്ന ന്യായം അന്തര്‍ദേശീയ വിപണിയില്‍ ക്രൂഡ്‌ ഓയില്‍ വില ഗണ്യമായി ഉയര്‍ന്നതുകൊണ്ട്‌ എണ്ണ കമ്പനികള്‍ക്ക്‌ കനത്ത നഷ്‌ടം നേരിടുന്നുവെന്നതാണ്‌. അന്തര്‍ദേശീയ വിപണിയില്‍ എണ്ണ വില ഗണ്യമായി കുറഞ്ഞുവരികയാണെന്ന വസ്‌തുത സര്‍ക്കാര്‍ ബോധപൂര്‍വം മറച്ചുവയ്‌ക്കുകയാണ്‌. കഴിഞ്ഞ രണ്ടു ദിവസത്തിനകം ഒരു വീപ്പ ക്രൂഡ്‌ ഓയിലിന്റെ വിലയില്‍ 20 ഡോളറിന്റെ കുറവാണുണ്ടായത്‌. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ കരുതല്‍ ക്രൂഡ്‌ ഓയിലിന്റെ ശേഖരം ഉപയോഗിക്കാന്‍ തുടങ്ങിയതോടെ വില താഴ്‌ന്നുകൊണ്ടിരിക്കുന്നു.
അന്തര്‍ദേശീയ വിപണിയില്‍ ക്രൂഡ്‌ ഓയില്‍ വില കുറയുമ്പോള്‍ ഇന്ത്യയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്‌ എണ്ണ കമ്പനികള്‍ക്ക്‌ വന്‍ ലാഭം കൊയ്യാന്‍ സാഹചര്യമൊരുക്കും. എണ്ണ കമ്പനികളുടെ `നഷ്‌ട'ത്തെക്കുറിച്ചുള്ള സര്‍ക്കാരിന്റെ കണക്കുകള്‍ യാഥാര്‍ഥ്യത്തിനു നിരക്കുന്നതല്ലെന്ന്‌ എണ്ണ കമ്പനികളുടെ ബാലന്‍സ്‌ഷീറ്റുകള്‍ വ്യക്തമാക്കുന്നുണ്ട്‌. പൊതുമേഖലയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കാര്യമെടുക്കാം. 2010-11 സാമ്പത്തിക വര്‍ഷം ഐ ഒ സിയുടെ അറ്റലാഭം 10998.68 കോടി രൂപയാണെന്ന്‌ കമ്പനിയുടെ ഔദ്യോഗിക കണക്ക്‌ കാണിക്കുന്നു. സര്‍ക്കാര്‍ പ്രചരിപ്പിക്കുന്ന കണക്ക്‌, അന്തര്‍ദേശീയ വിപണിയിലെ ക്രൂഡ്‌ ഓയിലിന്റെ വിലയ്‌ക്ക്‌ അനുസൃതമായി ഇന്ത്യയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിശ്ചയിച്ചാലുണ്ടാകുന്ന വരുമാനമാണ്‌. ആ വരുമാനവും ഇപ്പോള്‍ വില്‍ക്കുന്ന വിലയും തമ്മിലുള്ള അന്തരമാണ്‌ നഷ്‌ടമായി ചിത്രീകരിക്കുന്നത്‌. ആകെ ആവശ്യമുള്ള ക്രൂഡ്‌ ഓയിലില്‍ 15 ശതമാനത്തോളം ആഭ്യന്തരമായാണ്‌ ഉല്‍പാദിപ്പിക്കുന്നത്‌. അന്തര്‍ദേശീയ വിപണിയിലെ വില അതിനു ബാധകമല്ല. ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന ക്രൂഡ്‌ ഓയിലിനും ലോക വിപണിയിലെ വില നിശ്ചയിച്ചാണ്‌ സര്‍ക്കാര്‍ ``നഷ്‌ടത്തിന്റെ കണക്കുകള്‍ നിരത്തിവയ്‌ക്കുന്നത്‌. ഇന്ത്യയില്‍ ഇന്ന്‌ എണ്ണ ഖനന രംഗത്ത്‌ പ്രധാന പങ്ക്‌ വഹിക്കുന്ന സ്വകാര്യ കമ്പനികളുണ്ട്‌. റിലയന്‍സ്‌, എസ്സാര്‍ തുടങ്ങിയവ. ആഭ്യന്തരമായി അവ ഉല്‍പാദിപ്പിക്കുന്ന എണ്ണയ്‌ക്ക്‌ അന്തര്‍ദേശീയ നിരക്കിലുള്ള വില ഉറപ്പുവരുത്താനാണ്‌ ഗവണ്‍മെന്റ്‌ ശ്രമിക്കുന്നത്‌. അതുവഴി സ്വകാര്യ കമ്പനികള്‍ക്ക്‌ കൊള്ളലാഭത്തിനു വഴിയൊരുക്കുന്നു.

ജനങ്ങളുടെമേല്‍ കടുത്ത ഭാരം അടിച്ചേല്‍പ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി രാജ്യവ്യാപകമായ പ്രതിഷേധം വളര്‍ത്തിയിട്ടുണ്ട്‌. പ്രതിഷേധം കൂടുതല്‍ വ്യാപകവും ശക്തവുമാക്കുകയല്ലാതെ ജനങ്ങളുടെ മുമ്പില്‍ മറ്റു മാര്‍ഗമില്ല. വന്‍കിടക്കാര്‍ക്ക്‌ ലക്ഷക്കണക്കിനു കോടി രൂപയുടെ നികുതി സൗജന്യങ്ങള്‍ നല്‍കുന്ന സര്‍ക്കാരിന്‌ സാധാരണക്കാരുടെ ദുരിതം കാണാന്‍ കണ്ണില്ല. ഭരണാധികാരികളുടെ കണ്ണു തുറപ്പിക്കാന്‍ പര്യാപ്‌തമായ പ്രതിഷേധ സമരങ്ങളാണ്‌ ഇന്ന്‌ ആവശ്യം. ഈ പോക്കിന്‌ തടയിട്ടില്ലെങ്കില്‍ കൂടുതല്‍ കനത്ത ഭാരം അടിച്ചേല്‍പിക്കാന്‍ ഭരണാധികാരികള്‍ മുതിരും.

*
ജനയുഗം മുഖപ്രസംഗം 26 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അഴിമതിയില്‍ മാത്രമല്ല, ജനദ്രോഹത്തിലും കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ പുതിയ റെക്കോഡ്‌ സൃഷ്‌ടിക്കുകയാണ്‌. വിലക്കയറ്റത്തില്‍ വീര്‍പ്പുമുട്ടി കഴിയുന്ന ജനങ്ങളുടെമേല്‍ ഡീസല്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വില വര്‍ധന അടിച്ചേല്‍പിച്ചത്‌ യു പി എ സര്‍ക്കാരിന്റെ കണ്ണില്‍ ചോരയില്ലാത്ത നയത്തിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ്‌. ഡീസലിന്‌ മൂന്നു രൂപയും മണ്ണെണ്ണയ്‌ക്ക്‌ രണ്ടു രൂപയും വിലവര്‍ധിപ്പിച്ച സര്‍ക്കാര്‍ പാചകവാതകത്തിന്റെ വിലയില്‍ ഒറ്റയടിക്ക്‌ 50 രൂപയുടെ വര്‍ധനവാണ്‌ വരുത്തിയത്‌. അടുത്തെങ്ങും പാചകവാതകത്തിന്റെ വിലയില്‍ ഇത്ര ഭീമമായ വര്‍ധനവു വരുത്തിയിട്ടില്ല.