Thursday, June 2, 2011

തെരഞ്ഞെടുപ്പിന്റെ സന്ദേശം

മന്ത്രിസഭയുണ്ടാക്കാന്‍ 71 അംഗങ്ങളുടെ പിന്തുണ മതി. യുഡി എഫിന് 72 ലഭിച്ചിട്ടുണ്ട്. കേവലഭൂരിപക്ഷമുണ്ടെന്ന് പറയാം. പക്ഷെ പതിമൂന്നാം കേരള നിയമസഭാതെരഞ്ഞെടുപ്പില്‍ ആരെങ്കിലും ജയിച്ചോ തോറ്റോ എന്ന് പറയാനാവില്ല. രണ്ടുമുന്നണികളും തമ്മിലുള്ള വോട്ടുവ്യത്യാസം രണ്ടുലക്ഷത്തില്‍ താഴെയാണ്-സീറ്റുവ്യത്യാസം രണ്ടുമാത്രമാണ്. പതിവ് തെറ്റിയിരിക്കുന്നു. അഞ്ചുകൊല്ലം കൂടുമ്പോള്‍ ഭരണമാറ്റമ വേണമെന്ന പല്ലവിക്കല്ല ജനങജള്‍ വോട്ടുചെയ്തത്. എല്‍ഡിഎഫ് ഗവര്‍മെന്റിനെതിരായ വികാരം ഉണ്ടായിരുന്നില്ല. പ്രത്യേക തരംഗങ്ങള്‍ ഉണ്ടായിരുന്നില്ല. എല്‍ഡിഎഫ് ഉയര്‍ത്തിയ രാഷ്ട്രീയം ജനങ്ങള്‍ വലിയതോതില്‍ അംഗീകരിച്ചു. ആ രാഷ്ട്രീയത്തെ ജാതിയുടെയും മതത്തിന്റെയും വൈകാരികമായ ഉപയോഗംകൊണ്ട് മറികടക്കാനുള്ള യുഡിഎഫിന്റെ ശ്രമം പൂര്‍ണ്ണമായി വിജയിച്ചില്ല. അത്തരമൊരു കെട്ട ശ്രമത്തിന് വലിയ വില നല്‍കേണ്ടിവന്ന പാര്‍ട്ടി കോണ്‍ഗ്രസാണ്. അവര്‍ക്ക് യുഡിഎഫിലെ ഏകാംഗ പാര്‍ട്ടികളെപ്പോലും ഭയപ്പെടാതെ മുന്നോട്ടുപോകാനാവില്ല. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ അയിത്തം കല്‍പ്പിച്ച് അകറ്റിനിര്‍ത്തിയ ടിഎം ജേക്കബടക്കമുള്ളവര്‍ ഇനി ഭരണത്തിന്റെ കടിഞ്ഞാണ്‍ കയ്യിലെടുക്കും. ആരെയെല്ലാം വേണ്ടെന്നുപറഞ്ഞിരുന്നുവോ അവരെല്ലാം ഉമ്മന്‍ചാണ്ടിയുടെ യജമാനന്‍മാരാകും.
മലപ്പുറം, കോട്ടയം എന്നീ ജില്ലകളില്ലെങ്കില്‍ യുഡിഎഫ് ഇല്ല എന്ന അവസ്ഥ ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ലതന്നെ. മലപ്പുറം ജില്ല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി മാത്രമല്ല, ഒരു പ്രത്യേക സമുദായത്തെ പ്രത്യക്ഷമായിത്തന്നെ പ്രതിനിധാനം ചെയ്യുന്നു എന്ന അവകാശപ്പെടുന്നവരാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗ്. യുഡിഎഫിന് ലഭിച്ച 72 സീറ്റില്‍ 20 ലീഗിന്റേതാണ്. കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍നിന്ന് കോണ്‍ഗ്രസിന് എംഎല്‍എ മാരില്ല-ലീഗിനല്ലാതെ. കേരള കോണഗ്രസ് മാണി ഗ്രൂപ്പാകട്ടെ മറയില്ലാതെ ക്രിസ്ത്യന്‍ സഭകളുഡെ പിന്തുണ അവകാശപ്പെടുന്നവരാണ്. മാണി-ജോസഫ് ലയനത്തിന് ചുക്കാന്‍ പിടിച്ചത് സഭയാണ് എന്ന് ജോസഫ് തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. എല്ലാ ക്രിസ്ത്യാനികളും കേരള കോണ്‍ഗ്രസല്ല. എല്ലാ മുസ്ളിങ്ങളും ലീഗുമല്ല. മുസ്ളിം-ക്രിസ്ത്യന്‍ സമുദായങ്ങളുടെ കുത്തക ഏറ്റെടുത്തുകൊണ്ടാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ലീഗിനെറയും മാണി കേരളയുടെയും സാന്നിധ്യം ആ അര്‍ത്ഥത്തിലാണ് അവര്‍ ഉപയോഗിച്ചത്. ബാലകൃഷ്ണപിള്ളയെ വയസ്സുകാലത്ത് ജയിലിലടച്ചതിന്റെ വൈകാരിക വര്‍ണ്ണനകളിലൂടെ എല്‍ഡിഎഫിനെതിരെ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ സമ്പാദിക്കാനും യുഡിഎഫിന് കഴിഞ്ഞു. അതിന്റെയൊക്കെ ഫലമാണ് മലപ്പുറത്തും മധ്യ കേരളത്തിലും തലസ്ഥാനത്തുമുണ്ടായ യുഡിഎഫ് വിജയം.

കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് അവതരിപ്പിച്ച എ പി അബ്ദുള്ളക്കുട്ടി മുസ്ളിം സമുദായത്തിലെ സാധാരണ ജനങ്ങളോട് പറഞ്ഞത് താന്‍ ഉംറ നിര്‍വഹിക്കാന്‍ പോയതുകൊണ്ടാണ്; പെരുന്നാള്‍ നിസ്കാരത്തില്‍ പങ്കെടുത്തതുകൊണ്ടാണ് തന്നെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പുറത്താക്കിയതെന്നും അത്തരക്കാരായ മാര്‍ക്സിസ്റ്റുകാരെ തോല്‍പ്പിക്കാന്‍ തനിക്ക് വോട്ടുചെയ്യണമെന്നുമാണ്. അതേ കുരുട്ടുവഴി യുഡിഎഫ് സംസ്ഥാനത്താകെ ഇത്തവണ ഉപയോഗിച്ചു. മുസ്ളിം സമുദായം ഇതാ അപകടത്തില്‍ പെടുകയാണ് എന്ന് പി കെ കുഞ്ഞാലിക്കുട്ടിയുടെ കേസുകളും അതിനെറ പരിണാമഗുപ്തിയും ചൂണ്ടിക്കാട്ടി പ്രചരിപ്പിച്ചു. മലപ്പുറം ജില്ലയില്‍ മൃഗീയാധിപത്യം നേടാന്‍ അവര്‍ക്ക് സതിലുടെ കഴിഞ്ഞു. മുസ്ളിംകള്‍ തിങ്ങിപ്പാര്‍ക്കുന്നിടങ്ങളില്‍ യുഡിഎഫിനുണ്ടായ വിജയം അത്തരമൊരു വര്‍ഗീയ വികാരോദ്ദീപനത്തിന്റെ കൂടി ഫലമാണെന്നു കാണാന്‍ വിഷമമില്ല. ചില ക്രൈസ്തവ സഭകളാകട്ടെ ഒരുതരത്തിലുമുള്ള സങ്കോചവുമില്ലാതെ യുഡിഎഫിനെ ജയിപ്പിക്കാന്‍ രംഗത്തിറങ്ങി. കടലില്‍ പണിയെടുക്കുന്നവരടക്കമുള്ള സാധാരണക്കാരായ ക്രൈസ്തവരെ പാട്ടിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും സമ്പന്ന-സവര്‍ണ ക്രൈസ്തവരുടെ പിന്തുണ യുഡിഎഫ് അതിലൂടെ ഉറപ്പിച്ചു. സമദൂരം വെടിഞ്ഞ് വലത്തോട്ട് പോവുകയാണെന്ന എന്‍എസ്എസ് നേതൃത്വത്തിന്റെ പ്രഖ്യാപനം വോട്ടെടുപ്പ് കഴിഞ്ഞാണ് വന്നതെങ്കിലും രഹസ്യമായി ആ സംഘടന എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ശക്തമായി ഇടപെട്ടു. ഇതുപോലെ നിരവധി അനുഭവങ്ങള്‍. എല്ലാ പ്രവചനങ്ങളെയും തട്ടിത്തെറിപ്പിച്ച് യുഡിഎഫ് വിജയം വരിക്കുന്നതിന് കാരണമായ സുപ്രധാന ഘടകങ്ങളിലൊന്ന് മത-സാമുദായിക ശക്തികളുടെ മറഞ്ഞും തെളിഞ്ഞുമുള്ള ഇത്തരം ഇടപെടലുകളാണ്. ഇതിനെയെല്ലാം ബലത്തിലാണ് നൂറു സീറ്റുകിട്ടുമെന്ന വിശ്വാസം യുഡിഎഫ് ഉറക്കെ പറഞ്ഞത്.

വര്‍ഗീയവികാരം വോട്ടാക്കി മാറ്റുന്നതില്‍ യുഡിഎഫ് വിജയിച്ചിട്ടില്ലെന്ന് പറയാനാവില്ല. രാഷ്ട്രീയ പോരാട്ടത്തില്‍ എല്‍ഡിഎഫ് ബഹുദൂരം മുന്നിലായിട്ടുപോലും തെരഞ്ഞെടുപ്പുഫലം ഫോട്ടോ ഫിനിഷില്‍ കൊണ്ടെത്തിച്ചതിന്റെ കാരണം അത്തരം ജനാധിപത്യേതരമായ ഇടപെടലുകളാണ്. അതിനെയും മറികടന്ന് ഭൂരിപക്ഷത്തിന്റെ തൊട്ടരികിലെത്തിയ എല്‍ഡിഎഫിന്റേതാണ് യുഡിഎഫിന്റെ സാങ്കേതിക വിജയത്തേക്കാള്‍ തിളങ്ങുന്നത്. എല്‍ഡിഎഫ് കണക്കുകൂട്ടിയത് നേരിയ വ്യത്യാസത്തില്‍ അധികാരത്തിലെത്താമെന്നാണ്. ആ കണക്കുകളില്‍ ഒട്ടും പിശകുണ്ടെന്ന് പറയാനാവില്ല. ഇപ്പോള്‍ അധികാരത്തിന്റെ അടുത്തുതന്നെ നില്‍ക്കുന്നു. ഒന്നുകൈ ഞൊടിച്ചാല്‍ ചാടി വരാവുന്നതേയുള്ളൂ ഭൂരിപങം. എന്നിട്ടും, തത്ത്വാധിഷ്ഠിത നിലപാടുമായി, ക്രിയാത്മക പ്രതിപക്ഷമാണ് ഇനി ഞങ്ങള്‍ എന്ന് എല്‍ഡിഎഫ് പറയുമ്പോള്‍, പ്രതിപക്ഷത്തിന്റെ സൌജന്യമാണ് യുഡിഎഫിന്റെ ഭരണമെന്നുവരുന്നു.

ഈ തെരഞ്ഞെടുപ്പ് ഫലരത്തിലെ ചില പ്രധാന സവിശേഷതകള്‍ കണ്ടില്ലെന്നു നടിക്കാതിരിക്കാനാവില്ല. അതില്‍ ഒന്നാമത്തേത്, ഇടതുപക്ഷ ജനാധിപത്യമുന്നണി ഉണ്ടാക്കിയ മുന്നേറ്റമാണ്. 2008-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെയും 2010-ലെ പ്രാദേശിക തെരഞ്ഞെടുപ്പിനെയും അപേക്ഷിച്ച് വളരെയധികം നിലമെച്ചപ്പെടുത്തിയ എല്‍ഡിഎഫ്, ഒമ്പതുജില്ലകളില്‍ ഭൂരിപക്ഷം സീറ്റുകളാണ് നേടിയത്.അഞ്ചുജില്ലകളില്‍ മാത്രമാണ് യുഡിഎഫിന് മേല്‍ക്കൈ ലഭിച്ചത്. കോണ്‍ഗ്രസിന്റെ സ്വാധീന കേന്ദ്രങ്ങളില്‍ യുഡിഎഫിന് തിരിച്ചടി നേരിട്ടു.നിയമസഭയില്‍ പ്രാതിനിധ്യം നേടുമെന്ന് അവകാശപ്പെട്ട ബിജെപിയെ ഇത്തവണയും ജനങ്ങള്‍ അകറ്റിനിര്‍ത്തി.സിപിഐ എമ്മില്‍നിന്ന് പുറത്തുപോയി സ്വന്തമായി പാര്‍ട്ടിയുണ്ടാക്കിയ കെ ആര്‍ ഗൌരിയമ്മയുടെ ജെഎസ്എസും എം വി രാഘവന്റെ സിഎംപിയുമാണ് തുടച്ചുനീക്കപ്പെട്ടു. മണ്ഡല പുനര്‍നിര്‍ണ്ണയത്തിന്റെ ആനുകൂല്യം യുഡിഎഫിനാണു കിട്ടിയത്. മുസ്ലിം ലീഗിന് ആധിപത്യമുള്ള മലപ്പുറം ജില്ലയിലെ 16 സീറ്റില്‍ പതിനാലിലും യുഡിഎഫിനെ ജയിപ്പിച്ചചതുമാത്രമല്ല, കണ്ണൂര്‍ ജില്ലയിലെ അഞ്ചു സീറ്റുകള്‍ യുഡിഎഫിന് നേടിക്കൊടുത്തതും മണ്ഡല പുനര്‍ നിര്‍ണ്ണയമാണ്. കണ്ണൂരിലെ അഞ്ചു സീറ്റുകളിലുമായി യുഡിഎഫ് നേടിയ ഭൂരിപഷം കാല്‍ലക്ഷത്തോളമാണെങ്കില്‍ സിപിഐ എം ആറിടത്തു ജയിച്ചതില്‍ ധര്‍മ്മടമൊഴികെ എല്ലാ മണ്ഡലത്തിലും കാല്‍ലക്ഷത്തിലേറെ ഭൂരിപക്ഷംനേടിയിട്ടുണ്ട്. ധര്‍മ്മടത്ത് എല്‍ഡിഎഫ് ഭൂരിപക്ഷമാകട്ടെ പതിനയ്യായിരത്തിനുമുകളിലുമാണ്.

മുസ്ളിം ലീഗ് ഇരുപതംഗ കക്ഷിയായി റെക്കോഡ് നേട്ടമുണ്ടാക്കിയപ്പോള്‍ മാണി കേരള കോണ്‍ഗ്രസിന് ഒമ്പത് സീറ്റുമാത്രമേയുള്ളൂ . അത് ആ പാര്‍ടിക്കകത്ത് അസ്വാസ്ഥ്യം വളര്‍ത്താന്‍ ഇടയായിട്ടുണ്ടെന്നത് തുടക്കത്തില്‍തന്നെയുള്ള നേതാക്കളുടെ പ്രതികരണം വ്യക്തമാക്കുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍നിന്ന് പുറത്തുപോയി യുഡിഎഫ് ഘടകകക്ഷിയായ വീരേന്ദ്രകുമാറിന്റെ ജനതാദളിന് അഞ്ച് സീറ്റില്‍നിന്ന് രണ്ടിലേക്ക് താഴേണ്ടിവന്നു. എല്‍ഡിഎഫില്‍ ഉറച്ചുനിന്ന യഥാര്‍ഥ ജനതാദള്‍് നാല് സീറ്റില്‍ ജയിച്ചു. ആ പാര്‍ട്ടിയില്‍ ഇനി ഉരുള്‍പൊട്ടലിനെറയും മാനസാന്തരത്തിന്റെയും കാലമാണ്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 99 നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫിന് ഭൂരിപക്ഷമുണ്ടായിരുന്നു. എല്‍ഡിഎഫിലുണ്ടായിരുന്ന ചില ഘടകകക്ഷികളെ കൂടെ കൂട്ടിയിട്ടും 72ലേക്ക് താഴേണ്ടിവന്നത് യുഡിഎഫിന്റെ വലിയ തോല്‍വിയുടെ ലക്ഷണംതന്നെയാണ്. അതുകൊണ്ടത്രെ, മെയ് പതിന്നാലിന് പുറത്തിറങ്ങിയ പത്രങ്ങള്‍, യുഡിഎഫിനെറ വിജയമെന്ന് പറയാന്‍ തയാറാകാഞ്ഞത്.

ചില ഘടകകക്ഷികള്‍ മാറിപ്പോയിട്ടും, എല്ലാ ജാതി-മത- വര്‍ഗീയ- മാധ്യമ ശക്തികളും എതിരെ ഒരുമിച്ച് സംഘടിത പ്രവര്‍ത്തനം നടത്തിയിട്ടും വ്യാപകമായി കള്ളപ്രചാരണങ്ങളുണ്ടായിട്ടും എല്‍ഡിഎഫിന് കാര്യമായ ക്ഷീണമൊന്നും ഉണ്ടാകാതെ ഉയര്‍ന്നു നില്‍ക്കാന്‍ കഴിഞ്ഞു എന്നതാണ് തെരഞ്ഞെടുപ്പുഫലത്തിലെ പ്രധാന വിശേഷം. ഭരണവിരുദ്ധ വികാരമെന്ന ഒന്ന് കേരളത്തില്‍ ഉണ്ടായില്ല.മാത്രമല്ല, ഭരണസുസ്ഥിരതയ്ക്കുവേണ്ടിയുള്ള ജനങ്ങളുടെ ആഗ്രഹത്തിന്റെ പ്രതിഫലനം ഉണ്ടാവുകയുംചെയ്തു. ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ പുരോഗതിക്കും കേരളം പൊതുവില്‍ ആഗ്രഹിക്കുന്നത് എല്‍ഡിഎഫ് നേതൃത്വത്തെത്തന്നെയാണ് എന്നതാണ് തെരഞ്ഞെടുപ്പുഫലത്തിന്റെ സന്ദേശം എന്നുപറയാം. മതനിരപേക്ഷമായ ജനാധിപത്യകേരളം സൃഷ്ടിക്കാന്‍ എല്‍ഡിഎഫിന് മാരതമേ സാധ്യമാകൂ ജനങ്ങള്‍ വിശ്വസിക്കുന്നു എന്നതാണ് ചില പ്രത്യേക പോക്കറ്റുകളിലൊഴികെ സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും ഇടതുക്ഷം നേടിയ പൊതുവായ മേല്‍ക്കെ നല്‍കുന്ന സൂചന.

കൂടുതല്‍ ഘടകകക്ഷികളെ ചേര്‍ത്തിട്ടും യുഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ പൊളിഞ്ഞു. നേര്‍ത്ത ദുര്‍ബല ഭൂരിപക്ഷത്തില്‍ ദുര്‍ബലരായ ഘടകകക്ഷികളെയുംകൂട്ടി യുഡിഎഫ് ഭരണം നടത്തുന്നു എന്നത് ഭരണപരമായ അസ്ഥിരതയുടെ നാളുകളാണ് കേരളത്തിന് സമ്മാനിക്കുക. വരാനിരിക്കുന്നത് വിലപേശലിന്റെയും സമ്മര്‍ദങ്ങളുടെയും കീഴടങ്ങലുകളുടെയും ആക്രമണ പ്രത്യാക്രമണങ്ങളുടെയും നാളുകളാണ്. കെ എം മാണി അതിന് തുടക്കമിട്ടുവെങ്കില്‍ മുസ്ളിം ലീഗും കോണ്‍ഗ്രസിലെതന്നെ വ്യത്യസ്ത വിഭാഗങ്ങളും ചെറുകിട ഘടക കക്ഷികളും സമുദായ ഗ്രൂപ്പുകളും അതേ കൊടിയാവും ഇനി ഉയര്‍ത്തിപ്പിടിക്കുക.

ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് ബദല്‍ ഉയര്‍ത്തി ജനക്ഷേമ നയങ്ങള്‍ നടപ്പാക്കിയ ഇടതുപക്ഷ ജനാധിപത്യമുന്നണി താല്‍ക്കാലികമായെങ്കിലും പ്രതിപക്ഷത്തെത്തുക എന്നത് സംസ്ഥാനത്തിന്റെ പുരോഗതിക്ക് ഒരിടവേള നല്‍കലാകും എന്ന ആശങ്ക അസ്ഥാനത്തല്ല. അഞ്ചുകൊല്ലം മുമ്പത്തെ യുഡിഎഫ് ഭരണം ഏല്‍പ്പിച്ച പരിക്കുകളില്‍ നിന്ന് സംസ്ഥാനം രക്ഷപ്പെടാന്‍ ഏറെ നാളുകളെടുത്തു. ഇനിയും അത്തരമൊരു പിരിക്ക് താങ്ങാനുള്ള ഗശഷി കേരളത്തിനില്ല. അതുകൊണ്ടുതന്നെ യുഡിഎഫ് ഭരണത്തെ നേര്‍വഴിക്ക്, ജനങ്ങള്‍ ഉച്ഛിക്കുന്ന വഴിക്ക് നയിക്കാനുള്ള ഉത്തരവാദിത്തം ജനങ്ങളില്‍തന്നെ നിഷിപ്തമാകുന്നു. ആ ജനാഭിലാഷം നിറവേറ്റുക എന്നതാവും നിയമസഭയിലെ ഭരണപക്ഷത്തിന് തുല്യമായ ബലമുള്ള പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം.

തെരഞ്ഞെടുപ്പു ഫലം യുഡിഎഫിന്റേതുമാത്രമല്ല, ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രതീക്ഷയും തെറ്റിച്ചിട്ടുണ്ട് എന്നത് വിസ്മരിക്കാനാവില്ല. ഭരിക്കാനാവശ്യമായ സീറ്റുകള്‍ നേടുന്നതില്‍നിന്ന് നേരിയ വഴുതിപ്പോകലാണുണ്ടായത്. വോട്ടെണ്ണലിന്റെഅവസാന നിമിഷങ്ങളില്‍വരെ ആര് മുന്നിലെത്തും എന്ന ഉദ്വേഗമായിരുന്നു. അഞ്ചുവര്‍ഷം ഭരണത്തിലിരുന്നശേഷം ലഭിക്കുന്ന ഇടവേള, തീര്‍ച്ചയായും ഇടതുപക്ഷത്തിനെ കുടുതല്‍ കര്‍മ്മനിരതരാക്കേണ്ട ഘട്ടവുമാണ്. എല്ലാ സങ്കുചിത ശക്തികളടെയും കൂട്ടായ്മയായ യുഡിഎഫിനെ പിന്തള്ളാനുള്ള ജനപിന്തുണ ആര്‍ജിക്കുക നിസ്സാരമല്ല. അതിന് ബോധപൂര്‍വമായ ഇടപെടലുകള്‍ വേണ്ടതുണ്ട്. ബഹുജന പ്രശ്നങ്ങള്‍ ഏറ്റെടുത്തുള്ള പ്രക്ഷോഭങ്ങള്‍ ഉയരേണ്ടതുണ്ട്. ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ ബലത്തില്‍ ഉണ്ടാകുന്നതല്ല ജനങ്ങളുടെ രാഷ്ട്രീയ ചായ്വുകള്‍, അത് മുര്‍ത്തമായ രാഷ്ട്രീയ പ്രശ്നങ്ങളില്‍ വിവോകപൂര്‍ണ്ണമായ സമീപനങ്ങളെടുക്കുന്നതിലൂടെ രൂപപ്പെടേണ്ടതാണ് എന്ന യാഥാര്‍ത്ഥ്യം വലതുപക്ഷം അംഗീകരിക്കുന്നതല്ല. ഇടതുപക്ഷത്തിന് അത് കാണാതെ മുന്നോട്ടുപോകാനും ആവില്ല. മലപ്പുറം ജില്ല ഉണ്ടായിരുന്നില്ലെങ്കില്‍ യുഡിഎഫ് എന്തുചെയ്യുമായിരുന്നു എന്ന ചോദ്യം അസ്വസ്ഥമായ ഒരു യാഥാര്‍ത്ഥ്യത്തിലേക്കുള്ള ചുണ്ടുപലക കൂടിയാണ്. മതപരമായ സംഘാടനമാണ് തെരഞ്ഞെടുപ്പു നേട്ടത്തിനായി യുഡിഎഫ് ഉപയോഗിക്കുന്നത് എന്ന ദുഃഖകരമായ സത്യം തിരിച്ചറിഞ്ഞ്, മുമ്പ് വടകരയില്‍ പ്രയോഗിച്ച കോ-ലീ-ബി സഖ്യം പോലുള്ള വികൃതരാഷ്ട്രീയ പരീക്ഷണങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടി മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാനുള്ള ബോധപൂര്‍വും നിരന്തരവുമായ ഇടപെടലുകളാണ് ഇടതുപക്ഷ ജനാധിപത്യ ശക്തികളില്‍നിന്ന് കേരളം പ്രതീക്ഷിക്കുന്നത്.

കേരളത്തിനുപുറമെ നാല് സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടന്നു. പശ്ചിമബംഗാളില്‍ 34 വര്‍ഷം തുടര്‍ച്ചയായി ഭരണം നടത്തി മഹത്തായ ചരിത്രം രചിച്ച ഇടതുപക്ഷമുന്നണിയുടെ ഭരണത്തില്‍ മാറ്റംവേണമെന്നാണ് ജനത വിധിയെഴുതിയത്. കേരളത്തിലെ ഭരണമാറ്റവും അതിനൊപ്പം പശ്ചിമ ബംഗാളിലെ ജനവിധിയുമ ദേശീയരാഷ്ട്രീയത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും എതിരെ വ്യക്തമായ ബദല്‍നയം നടപ്പാക്കാനുള്ള ശ്രമത്തിന് തിരിച്ചടി നല്‍കുന്നതാണ്. പൊതുവില്‍ ഇത് വലതുപക്ഷ പിന്തിരിപ്പന്‍ശക്തികള്‍ക്ക് ആഹ്ളാദംപകരുന്നു; ഇടതുപക്ഷ ജനാധിപത്യശക്തികള്‍ക്കള നിരാശ പകരുന്നു.

പശ്ചിമ ബംഗാളില്‍ മൂന്നരപതിറ്റാണ്ടോളം നീണ്ട തുടര്‍ച്ചയായ ഇടതുപക്ഷ ഭരണമുണ്ടായത് അന്നാട്ടിലെ ജനങ്ങളുടെ അതുല്യമായ; ഐതിഹാസികമായ ത്യാഗങ്ങളുടെ ഫലമായാണ്. അര്‍ധഫാസിസ്റ്റ് ഭീകവരവാഴ്ചയെ നെഞ്ചുവിരിച്ചു നേരിട്ടുകൊണ്ടാണ് വംഗജനത ചുവന്ന കൊടി സ്വന്തം നെഞ്ചില്‍ നാട്ടിയത്. ആ കൊടി പറിച്ചെറിയാന്‍ നിരന്തരം ശ്രമങ്ങളുണ്ടായി. വിദേശക്തികള്‍ നേരിട്ട് ഇടപെട്ടു. അതിര്‍ത്തികടന്ന് വിമാനത്തില്‍ വന്ന ആയുധക്കൂമ്പാരത്തിന് ഇന്ത്യാ സര്‍ക്കാര്‍ ഒത്താശചെയ്യുന്ന നിലയുണ്ടായി -ഇടതുപക്ഷത്തെ തകര്‍ക്കാന്‍. ഇന്നവിടെ മാരിവില്‍ സഖ്യമാണ്. തൃണമൂല്‍ കോണ്‍ഗ്രസും കോണഗ്രസും മാവോയിസ്റ്റുകളും വര്‍ഗീയ ഗ്രൂപ്പുകളും ചേര്‍ന്ന കൂട്ടുമുന്നണി. അവരുടെ ഭരണത്തില്‍ ഇടതുപക്ഷത്തിന് കനത്ത വില നല്‍കേണ്ടിവന്നേക്കാം. താല്‍ക്കാലികമായ ഈ തിരിച്ചടിയെ അതിജീവിക്കാനുള്ള ബംഗാളിലെ ഇടതുപക്ഷത്തിന്റെ പോരാട്ടമാകും ഇനിയുള്ള നാളുകളിലെ വാര്‍ത്ത.

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യം ഭരണം പിടിച്ചെടുത്തപ്പോള്‍ തമിഴ്നാട്ടില്‍ എഐഎഡിഎംകെ സഖ്യം ഡിഎംകെയില്‍നിന്ന് ഭരണം പിടിച്ചെടുത്തു. തമിഴ്നാട്ടില്‍ യുപിഎ സഖ്യം ദയനീയമായി പരാജയപ്പെട്ടത് കേന്ദ്രഭരണത്തിനുള്ള കനത്ത തിരിച്ചടിയാണ്. ജയലളിതയുടെ എഐഎഡിഎംകെയ്ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ട്. 2ജി സ്പെക്ട്രം അഴിമതിയുടെ പൂര്‍ണ ഉത്തരവാദിത്തം ഡിഎംകെയുടെ തലയില്‍ കെട്ടിവച്ച് കൈകഴുകി രക്ഷപ്പെടാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. എന്നാല്‍ജനങ്ങള്‍ കോണ്‍ഗ്രസിനെയും ഡിഎംകെയെയും ഒരുപോലെ ശിക്ഷിച്ചു.

രാജ്യത്തിന്റെ ഇനിയുള്ള രാഷ്ട്രീയ സാഹചര്യം സവിശേഷമാണ്. യുപിഎ സര്‍ക്കാര്‍ കൂടുതല്‍ ദുര്‍ബലമായിരിക്കുന്നു. ബംഗാളിലെ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎയിലെ രണ്ടാമത്തെ കക്ഷിയാണെങ്കില്‍പ്പോലും പ്രശ്നങ്ങളെ നേരിടുമ്പോള്‍ പലതിലും കോണ്‍ഗ്രസിന്റെനിലപാടല്ല അവര്‍ക്ക്. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ബിജെപിയുമായി കൂട്ടുചേരാന്‍പോലും ആ പാര്‍ടി തയാറാകാതിരുന്നിട്ടില്ല. കുടുതല്‍ ശക്തിനേടിയ തൃണമൂല്‍ കൂടുതല്‍ തലവേദനയും ഉണ്ടാക്കും. ഫലപ്രഖ്യാപത്തിനുമുമ്പുതന്നെ വന്ന ഒരു വാര്‍ത്ത പെട്രോളിന്റെയും പാചകവാതകത്തിന്റെയും വില ഉടന്‍ വര്‍ധിപ്പിക്കുമെന്നായിരുന്നു. ഡീസലിന്റെ വിലനിയന്ത്രണം എടുത്തുകളയുമെന്ന സൂചനയും വന്നു. ഭക്ഷ്യവസ്തുക്കളുടെയും മറ്റു നിത്യോപയോഗസാധനങ്ങളുടെയും വില വര്‍ധിപ്പിക്കാന്‍ ഇടവരുത്തുന്നതാണെന്നതില്‍ സംശയമില്ല.

തൊഴില്ലില്ലായ്മയുടെ രൂക്ഷത രാജ്യത്താകെ പ്രകടമാണ്. നവലിബറല്‍ നയങ്ങള്‍ നാപ്പാക്കുന്നതിനെറ ഫലമായി ജനങ്ങള്‍ കുടുയതല്‍ ദുരിതങജളിലേക്ക് വലിച്ചെറിയപ്പെടുന്നു. സാര്‍വത്രികമായ പൊതുവിതരണസമ്പ്രദായം നടപ്പാക്കാനുള്ള പ്രക്ഷോഭങ്ങളും വ്യാപകമായി ഉയര്‍ന്നുവരും. വിലവര്‍ധനയ്ക്കെതിരെ കേന്ദ്ര ട്രേഡ്യൂണിയന്‍ സംഘടനകള്‍ നടത്തുന്ന സമരം ശക്തിപ്പെടും. ഇതൊക്കെ രാജ്യവ്യാപകമായി ഉയരുന്ന പ്രശ്നങ്ങളാണെങ്കില്‍ കേരളത്തില്‍ മൂര്‍ത്തമായ മറ്റു ചില കാര്യങ്ങളും ജനങ്ങളുടെ പരിഗണനയിലേക്ക് വരും. യുഡിഎഫിലെ മുന്‍മന്ത്രിമാര്‍ക്കെതിരെ നടത്തുന്ന വിജിലന്‍സ് അന്വേഷണവും വിജിലന്‍സ് കേസുകളും അട്ടിമറിക്കാനുള്ള സമ്മര്‍ദം പുതിയ സാഹചര്യത്തില്‍ ശക്തിപ്പെടും എന്നത് വ്യക്തമാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി അഞ്ചുവര്‍ഷം നടപ്പാക്കിയ ജനക്ഷേമകരമായ ഓരോ നടപടിയും തുടരുന്നതിനുള്ള ശക്തിയായ സമ്മര്‍ദം പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാകും. നിയമസഭയിലെ വലിയ ഒറ്റക്കക്ഷി സിപിഐ എം ആണ്. പാര്‍ലമെന്ററി രംഗത്ത് കഴിവുതെളിയിച്ച നിരവധി നേതാക്കള്‍ പ്രതിപക്ഷ നിരയിലുണ്ട്. വഴിവിട്ട ചാലുകളിലേക്ക് ഭരണത്തെ നയിക്കാനുള്ള യുഡിഎഫിന്റെ ചെറുശ്രമം പോലും തിരിച്ചറിയപ്പെടും. കേരളം നേടിയ നേട്ടങ്ങള്‍ സംരക്ഷിക്കാനും അവ തട്ടിയുടക്കപ്പെടാതിരിക്കാനുമുള്ള ജാഗ്രത പുരോഗമന ശക്തികളില്‍നിന്ന് കാലം ആവശ്യപ്പെടുന്നു. അതാണ് ഈ തെരഞ്ഞെടുപ്പിന്റെ സന്ദേശം.

*
പി.എം. മനോജ് യുവധാര

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മന്ത്രിസഭയുണ്ടാക്കാന്‍ 71 അംഗങ്ങളുടെ പിന്തുണ മതി. യുഡി എഫിന് 72 ലഭിച്ചിട്ടുണ്ട്. കേവലഭൂരിപക്ഷമുണ്ടെന്ന് പറയാം. പക്ഷെ പതിമൂന്നാം കേരള നിയമസഭാതെരഞ്ഞെടുപ്പില്‍ ആരെങ്കിലും ജയിച്ചോ തോറ്റോ എന്ന് പറയാനാവില്ല. രണ്ടുമുന്നണികളും തമ്മിലുള്ള വോട്ടുവ്യത്യാസം രണ്ടുലക്ഷത്തില്‍ താഴെയാണ്-സീറ്റുവ്യത്യാസം രണ്ടുമാത്രമാണ്. പതിവ് തെറ്റിയിരിക്കുന്നു. അഞ്ചുകൊല്ലം കൂടുമ്പോള്‍ ഭരണമാറ്റമ വേണമെന്ന പല്ലവിക്കല്ല ജനങജള്‍ വോട്ടുചെയ്തത്. എല്‍ഡിഎഫ് ഗവര്‍മെന്റിനെതിരായ വികാരം ഉണ്ടായിരുന്നില്ല. പ്രത്യേക തരംഗങ്ങള്‍ ഉണ്ടായിരുന്നില്ല. എല്‍ഡിഎഫ് ഉയര്‍ത്തിയ രാഷ്ട്രീയം ജനങ്ങള്‍ വലിയതോതില്‍ അംഗീകരിച്ചു. ആ രാഷ്ട്രീയത്തെ ജാതിയുടെയും മതത്തിന്റെയും വൈകാരികമായ ഉപയോഗംകൊണ്ട് മറികടക്കാനുള്ള യുഡിഎഫിന്റെ ശ്രമം പൂര്‍ണ്ണമായി വിജയിച്ചില്ല. അത്തരമൊരു കെട്ട ശ്രമത്തിന് വലിയ വില നല്‍കേണ്ടിവന്ന പാര്‍ട്ടി കോണ്‍ഗ്രസാണ്. അവര്‍ക്ക് യുഡിഎഫിലെ ഏകാംഗ പാര്‍ട്ടികളെപ്പോലും ഭയപ്പെടാതെ മുന്നോട്ടുപോകാനാവില്ല. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ അയിത്തം കല്‍പ്പിച്ച് അകറ്റിനിര്‍ത്തിയ ടിഎം ജേക്കബടക്കമുള്ളവര്‍ ഇനി ഭരണത്തിന്റെ കടിഞ്ഞാണ്‍ കയ്യിലെടുക്കും. ആരെയെല്ലാം വേണ്ടെന്നുപറഞ്ഞിരുന്നുവോ അവരെല്ലാം ഉമ്മന്‍ചാണ്ടിയുടെ യജമാനന്‍മാരാകും.