Monday, June 6, 2011

സ്വകാര്യ ചികിത്സാ നിരോധനം അട്ടിമറിക്കുന്നതിനെതിരെ പൊരുതുക

സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, മെഡിക്കല്‍ സര്‍വ്വകലാശാല സ്ഥാപിക്കുക തുടങ്ങി ആരോഗ്യമേഖലയുടെ സമഗ്ര നവീകരണത്തിനായി ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളുടെ ഭാഗമായിട്ടാണ് മെഡിക്കല്‍കോളേജിലെ ഡോക്ടര്‍മാരുടെ സ്വകാര്യ ചികിത്സ അവസാനിപ്പിക്കാനുള്ള ധീരമായ തീരുമാനമെടുത്തത്. മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തില്‍ ഗുണപരമായ കുതിച്ചുചാട്ടത്തിന് വഴിതെളിച്ച ഈ തീരുമാനം വര്‍ഷങ്ങളായി നിരവധി കമ്മിറ്റികള്‍ നിര്‍ദ്ദേശിക്കുകയും സാമൂഹ്യ പ്രതിബദ്ധതയുള്ള ഡോക്ടര്‍മാര്‍ നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്.

1979 ലെ പൈ കമ്മിറ്റിയാണ് ആദ്യമായി സ്വകാര്യ ചികിത്സ പരിശോധനാവിധേയമാക്കിയത്. ആരോഗ്യവകുപ്പിെന്‍റ പ്രവര്‍ത്തനങ്ങള്‍ പൊതുവില്‍ മെച്ചപ്പെടുത്തുന്നതിെന്‍റ ഭാഗമായിട്ടാണ് പൈ കമ്മിറ്റി ഇക്കാര്യവും പരിശോധിച്ചത്. എന്നാല്‍ വിഖ്യാതരായ സ്വകാര്യ ചികിത്സകര്‍ക്ക് മുന്‍തൂക്കമുണ്ടായിരുന്ന പൈ കമ്മിറ്റി ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടെടുക്കാതെ ഒഴിഞ്ഞുമാറുകയാണുണ്ടായത്. പിന്നീട് 1996ല്‍ വി എം സുധീരന്‍ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ നിയമിച്ച ടി എന്‍ ജയചന്ദ്രന്‍ കമ്മീഷന്‍ ഘട്ടം ഘട്ടമായി സ്വകാര്യ ചികിത്സ നിര്‍ത്തലാക്കണമെന്ന വ്യക്തമായ നിര്‍ദ്ദേശം മുന്നോട്ടുവച്ചു. ആദ്യഘട്ടത്തില്‍ റീജിയണല്‍ കാന്‍സര്‍ സെന്‍ററിലും മെഡിക്കല്‍ കോളേജുകളിലും സ്വകാര്യ ചികിത്സ അവസാനിപ്പിക്കണമെന്നും ജയചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ജയചന്ദ്രന്‍ കമ്മീഷെന്‍റ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനുമുമ്പ് മന്ത്രിസഭ മാറുകയും ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരികയും തുടര്‍ന്ന് റീജിയണല്‍ കാന്‍സര്‍ സെന്‍ററിലെ സ്വകാര്യ ചികിത്സ അവസാനിപ്പിക്കുകയും ചെയ്തു. താഴെത്തട്ടിലുള്ള ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താതെ മെഡിക്കല്‍ കോളേജുകളില്‍ സ്വകാര്യ ചികിത്സ നിര്‍ത്തലാക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന നിലപാടാണ് അന്നത്തെ ആരോഗ്യവകുപ്പുമന്ത്രി എ സി ഷണ്‍മുഖദാസ് സ്വീകരിച്ചത്. പിന്നീടുവന്ന മന്ത്രി കബീര്‍മാസ്റ്ററാകട്ടെ, രാഷ്ട്രീയ തീരുമാനത്തിെന്‍റ അടിസ്ഥാനത്തില്‍ മാത്രമേ സ്വകാര്യചികിത്സ നിര്‍ത്താന്‍ കഴിയൂ എന്നാണ് പ്രഖ്യാപിച്ചത്.

അതിനിടെ പി രാജു എംഎല്‍എ ചെയര്‍മാനായുള്ള നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി (1998-2000) കേരളത്തിലെ മെഡിക്കല്‍ കോളേജുകളുടേയും അനുബന്ധസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഈ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഭരണ-പ്രതിപക്ഷ എംഎല്‍എ മാരടങ്ങിയ നിയമസഭാ കമ്മിറ്റി ഐകകണ്ഠ്യേന ശുപാര്‍ശചെയ്തിട്ടും സ്വകാര്യ ചികിത്സ നിര്‍ത്തലാക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറായില്ല. മെഡിക്കല്‍ കോളേജുകളുടെ നവീകരണത്തിനായി ഈ ലേഖകന്‍ ചെയര്‍മാനായി രൂപീകരിച്ച കമ്മിറ്റിയും (2007) മെഡിക്കല്‍ കോളേജ് അദ്ധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിച്ച് സ്വകാര്യ ചികിത്സ അവസാനിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഹെല്‍ത്ത് സര്‍വ്വീസില്‍നിന്ന് വ്യത്യസ്തമായി രോഗചികിത്സയ്ക്കു പുറമെ വൈദ്യവിദ്യാഭ്യാസം, ഗവേഷണം എന്നീ ചുമതലകള്‍കൂടി നിര്‍വഹിക്കേണ്ടവരാണ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ . എന്നാല്‍ സ്വകാര്യ ചികിത്സാസമ്പ്രദായം നിലനില്‍ക്കുന്നതുമൂലം മെഡിക്കല്‍ കോളേജുകള്‍ ഇപ്പോള്‍ കേവലം ചികിത്സാകേന്ദ്രങ്ങള്‍ മാത്രമായി ചുരുങ്ങിയിരിക്കയാണ്. വൈദ്യ വിദ്യാഭ്യാസത്തിെന്‍റ നിലവാരം അനുദിനം താണുവരികയാണെന്ന വിമര്‍ശനം ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നു. മെഡിക്കല്‍ കോളേജില്‍ അധ്യാപക-വിദ്യാര്‍ത്ഥി ബന്ധം വിഷളായിവരുന്നതിനുള്ള കാരണവും ഇതുതന്നെ. മാത്രമല്ല, ഏറ്റവും കൂടുതല്‍ സ്വകാര്യ ചികിത്സ നടത്തുന്ന അധ്യാപകരെ തങ്ങളുടെ ഭാവി മാതൃകയായി കണക്കാക്കുന്നതുമൂലം തെറ്റായ മൂല്യബോധത്തിന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടിമപ്പെടുകയും ചെയ്യുന്നു. വൈദ്യശാസ്ത്രത്തിെന്‍റ മഹത്തായ മാനവിക മൂല്യങ്ങള്‍ മറക്കപ്പെടുന്നു. ഇതിെന്‍റയൊക്കെ ഫലമായി മെഡിക്കല്‍ കോളേജ് കാമ്പസുകളില്‍ കച്ചവട മനഃസ്ഥിതി ശക്തിപ്പെട്ടുവന്നിരുന്നു.

കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ ഗവേഷണരംഗത്ത് കാര്യമായ യാതൊരു പ്രവര്‍ത്തനവും നടക്കുന്നില്ല. വിഖ്യാതരും കഴിവുറ്റവരുമായ നിരവധി ചികിത്സകരെ മെഡിക്കല്‍ കോളേജില്‍ കണ്ടെത്താന്‍ കഴിയും. എന്നാല്‍ അക്കാദമിക് അന്തരീക്ഷത്തിെന്‍റ അഭാവംമൂലവും സ്വകാര്യ ചികിത്സ ഭൂരിപക്ഷം സമയം അപഹരിക്കുന്നതിന്റെ ഫലമായും വൈദ്യശാസ്ത്രത്തിന് മൗലികമായ സംഭാവനയൊന്നും നല്‍കാന്‍ ഇവര്‍ക്ക് കഴിയാതെ പോകുന്നു. തങ്ങള്‍ക്ക് വിശ്വാസമുള്ള ഡോക്ടര്‍മാരെ തിരഞ്ഞെടുക്കാന്‍ രോഗികള്‍ക്കുള്ള അവകാശം നിലനില്‍ക്കണമെങ്കില്‍ സ്വകാര്യ ചികിത്സ നിലനില്‍ക്കേണ്ടതാണെന്ന് ചിലര്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നുണ്ട്. രോഗികള്‍ സ്വമേധയാ ഡോക്ടര്‍മാരെ തിരഞ്ഞെടുക്കേണ്ട ഇന്നത്തെ സ്ഥിതി, മാര്‍ക്കറ്റ് മൂല്യങ്ങള്‍ വൈദ്യശാസ്ത്രത്തെ കീഴ്പ്പെടുത്തിയതിെന്‍റ ഫലമായുണ്ടായ അനഭിലഷണീയമായ ഒരു പ്രവണതയാണ്. മാര്‍ക്കറ്റിലെ മറ്റുല്‍പന്നങ്ങളുടെ കാര്യത്തില്‍ ഗുണമേന്മയേക്കാള്‍ പലപ്പോഴും പരസ്യത്തിെന്‍റ സ്വാധീനത്തിന് ഉപഭോക്താക്കള്‍ വിധേയരാവുന്നതുപോലെ സ്വകാര്യ ചികിത്സകരുടെ ഊതിവീര്‍പ്പിച്ച പേരും പെരുമയുമാണ് ചില പ്രത്യേക ഡോക്ടര്‍മാരിലേക്ക് രോഗികളെ ആകര്‍ഷിക്കുന്നത്. കൃത്രിമമായ സംതൃപ്തിയാണ് ഇതുവഴി പലര്‍ക്കും ലഭിക്കുന്നത്. തലവേദനയ്ക്ക് ന്യൂറോളജിസ്റ്റിനെയും നെഞ്ചുവേദനയ്ക്ക് കാര്‍ഡിയോളജിസ്റ്റിനെയും സമീപിക്കാന്‍ രോഗികള്‍ സ്വയം തീരുമാനമെടുക്കുന്ന ഇന്നത്തെ രീതി ഒട്ടും ആശാസ്യമല്ല.

കാര്യക്ഷമതയോടെ സംവിധാനം ചെയ്തിട്ടുള്ള ഒരു റഫറല്‍ സംവിധാനത്തിെന്‍റ അഭാവവും കാശുമുടക്കിയാലേ നല്ല ചികിത്സ കിട്ടൂ എന്ന ധാരണയുമാണ് സ്വകാര്യ ചികിത്സയെ നിലനിര്‍ത്തുന്ന മുഖ്യഘടകങ്ങള്‍ . സര്‍ക്കാര്‍ ആശുപത്രികളിലെ തിരക്ക് കുറയ്ക്കുവാനും ലഭ്യമായ സൗകര്യം പാവപ്പെട്ട രോഗികള്‍ക്കായി പ്രയോജനപ്പെടുത്താനും സ്വകാര്യ ചികിത്സ പരോക്ഷമായി സഹായിക്കുമെന്ന് കരുതുന്നവരുണ്ട്. സ്വന്തം വിശ്രമസമയമുപയോഗിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സാമ്പത്തികശേഷിയുള്ളവര്‍ക്ക് വൈദ്യസേവനം നല്‍കുന്നത് സര്‍ക്കാര്‍ സ്ഥാപനങ്ങളെ സഹായിക്കുമെന്നാണ് ഇവരുടെ വാദം. സര്‍ക്കാര്‍ സംവിധാനത്തിലുള്ള സേവനമേഖലകള്‍ മെച്ചപ്പെടുത്താനും പാവപ്പെട്ടവര്‍ക്ക് പ്രയോജനപ്പെടുത്താനും ഗവണ്‍മെന്‍റ് മുന്‍കൈയെടുത്ത് സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കണം എന്നാവശ്യപ്പെടുന്നതിന് തുല്യമാണിത്.

നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളില്‍ ഒട്ടനവധി തകരാറുകള്‍ ഉണ്ടെന്നത് ഒരു വസ്തുതയാണ്. അവ പരിഹരിക്കുന്നതിനുള്ള മൂര്‍ത്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് തടസ്സം നില്‍ക്കുന്ന മുഖ്യഘടകങ്ങളിലൊന്നാണ് സ്വകാര്യ ചികിത്സ. സ്വകാര്യ ചികിത്സ അനഭിലഷണീയമായ നിരവധി പ്രവണതകളെ ആശുപത്രികളിലേക്ക് ക്ഷണിച്ചുവരുത്തുന്നുണ്ട്. പ്രസിദ്ധരായ പല സ്വകാര്യ ചികിത്സകരും അവരുടെ സ്വാധീനമേഖല വിപുലമാക്കുന്നതും പ്രശസ്തി വര്‍ധിപ്പിക്കുന്നതും ഗവണ്‍മെന്‍റ് ആശുപത്രികളിലെ തങ്ങളുടെ പദവിയുടെ പകിട്ടുപയോഗിച്ചാണ്. സര്‍ക്കാര്‍ ആശുപത്രികളിലേക്ക് അഡ്മിഷനുള്ള കുറുക്കുവഴിയായും ശസ്ത്രക്രിയയ്ക്കും മറ്റും മുന്‍ഗണന ലഭിക്കുന്നതിനും സ്വകാര്യ ചികിത്സ ദുരുപയോഗപ്പെടുത്തുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ തമ്മിലും ഡോക്ടര്‍മാരും മറ്റ് ആശുപത്രി ജീവനക്കാരും തമ്മിലും ഉള്ള ബന്ധം വഷളാക്കുന്നതിനും സ്വകാര്യ ചികിത്സ കാരണമാവുന്നുണ്ട്. ആശുപത്രികളില്‍ ലഭിക്കാത്ത പരിചരണം ഡോക്ടര്‍മാരുടെ വീടുകളില്‍നിന്ന് പണം മുടക്കി വാങ്ങാം എന്ന ദുഃസ്ഥിതി നിലനില്‍ക്കുന്നിടത്തോളംകാലം സര്‍ക്കാര്‍ ആശുപത്രികള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സംഘടിത നീക്കവും നമ്മുടെ നാട്ടിലുണ്ടാവാനിടയില്ല. സര്‍ക്കാര്‍ ആശുപത്രികളുടെ അടിമുടിയുള്ള ഉടച്ചുവാര്‍ക്കലിനെ തടസ്സപ്പെടുത്തിക്കൊണ്ട് ഒരു "സേഫ്ടിവാല്‍വു"പോലെ സ്വകാര്യ ചികിത്സ നിലനില്‍ക്കുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്.

കേന്ദ്രഗവണ്‍മെന്‍റിെന്‍റ കീഴിലുള്ളതും സ്വയം ഭരണാവകാശമുള്ളതുമായ മെഡിക്കല്‍ കോളേജുകളിലൊന്നുംതന്നെ സ്വകാര്യചികിത്സ അനുവദിച്ചിട്ടില്ല. എന്തിന്, സ്വകാര്യ മെഡിക്കല്‍ കോളേജുകളായ വെല്ലുര്‍ -മണിപ്പാല്‍ മെഡിക്കല്‍ കോളേജുകളില്‍പോലും സ്വകാര്യ പ്രാക്ടീസ് നിലവിലില്ല. കേരളത്തില്‍ത്തന്നെയുള്ള ശ്രീചിത്രാ മെഡിക്കല്‍ സെന്‍ററിലും സ്വകാര്യ പ്രാക്ടീസ് അനുവദിച്ചിട്ടില്ല.

പാര്‍ലമെന്‍റ് 1982ല്‍ അംഗീകരിച്ച ആരോഗ്യ നയപ്രഖ്യാപനത്തില്‍ ഗവണ്‍മെന്‍റ് സര്‍വ്വീസിലുള്ള ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് ക്രമേണ കുറച്ചു കൊണ്ടുവന്ന് നിര്‍ത്തലാക്കേണ്ട നടപടികള്‍ സംസ്ഥാന ഗവണ്‍മെന്‍റുകള്‍ സ്വീകരിക്കേണ്ടതാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പല സംസ്ഥാന ഗവണ്‍മെന്‍റുകളും ഈ നര്‍ദ്ദേശം നടപ്പിലാക്കിയിട്ടുമുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് സ്വകാര്യ ചികിത്സവഴി അമിത വരുമാനം ലഭിക്കുന്ന ഒരു ചെറു ന്യൂനപക്ഷം ഡോക്ടര്‍മാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ 1979ലെ പൈ കമ്മിറ്റിയുടെ കാലത്താരംഭിച്ച സ്വകാര്യ ചികിത്സാ വിവാദത്തിന് വിരാമമിട്ടുകൊണ്ട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവന-വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കുന്നതോടൊപ്പം സ്വകാര്യ പ്രാക്ടീസ് നിര്‍ത്തലാക്കാനും ഇടതുമുന്നണി സര്‍ക്കാര്‍ തയ്യാറായത്. സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ ആവിര്‍ഭാവത്തോടെ ആരോഗ്യമേഖലയിലെ സ്വകാര്യവല്‍ക്കരണവും വാണിജ്യവല്‍ക്കരണവും ശക്തിപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിലനില്‍ക്കുന്ന പരോക്ഷസ്വകാര്യവല്‍ക്കരണ സമ്പ്രദായമായ സ്വകാര്യ ചികിത്സ നിരോധിക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ വിഭാഗം ജനങ്ങളും സ്വാഗതം ചെയ്തിരുന്നു. സ്വകാര്യ ചികിത്സ അവസാനിപ്പിച്ചപ്പോള്‍ സ്വകാര്യ പ്രാക്ടീസ് നിലവിലില്ലാത്ത ശ്രീചിത്രാ സെന്‍റര്‍ തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലേതിനേക്കാള്‍ മെച്ചപ്പെട്ട ശമ്പളവും മറ്റാനുകൂല്യങ്ങളുമാണ് മെഡിക്കല്‍ കോളേജ് അധ്യാപകര്‍ക്ക് അനുവദിച്ചത്. സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെക്കാള്‍ ഉയര്‍ന്ന വേതനമാണ് ഇപ്പോള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്നത്. മെഡിക്കല്‍ കോളേജ് അധ്യാപകരുടെ വിരമിക്കല്‍ പ്രായം 60 ആയി ഉയര്‍ത്തുകയും ചെയ്തിരുന്നു. പല സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ വേതനത്തിനായി സ്വകാര്യ മെഡിക്കല്‍ കോളേജു മാനേജുമെന്‍റില്‍ സമ്മര്‍ദ്ദം ചെലുത്തിത്തുടങ്ങിയിട്ടുമുണ്ട്.

സ്വകാര്യ ചികിത്സ അവസാനിപ്പിച്ചതിനു പുറമെ മെഡിക്കല്‍ കോളേജുകളെ റഫറല്‍ ആശുപത്രികളായി മാറ്റിയിരുന്നു. തിരക്ക് കുറയ്ക്കാനും രോഗികളുടെ ബുദ്ധിമുട്ടൊഴിവാക്കാനും മാത്രമല്ല മെഡിക്കല്‍ കോളേജുകള്‍ക്ക് അവയില്‍ നിക്ഷിപ്തമായ ത്രിതല ചികിത്സാ കേന്ദങ്ങളെന്ന കടമ നിര്‍വ്വഹിക്കാനും ഇതോടെ സാധ്യമായിരിക്കയാണ്. നിസ്സാര രോഗങ്ങള്‍ക്കുപോലും മെഡിക്കല്‍ കോളേജുകളെ ആശ്രയിക്കേണ്ട സ്ഥിതി ഇതുവഴി ഒഴിവാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പൊതുവേ അവഗണിക്കപ്പെടാറുള്ള താഴെത്തട്ടിലുള്ള ആശുപത്രികളുടെ പ്രവര്‍ത്തനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മെച്ചപ്പെടുത്താന്‍ കഴിഞ്ഞതോടെയാണ് മെഡിക്കല്‍ കോളേജാശുപത്രികള്‍ റഫറല്‍ ആശുപത്രികളാക്കാന്‍ കഴിഞ്ഞത്. ഈ മാറ്റങ്ങളുടെയെല്ലാം ഫലമായി ആദ്യമൊക്കെ സ്വകാര്യ ചികിത്സ അവസാനിപ്പിക്കല്‍ -റഫറല്‍ പരിഷ്കാരങ്ങളെ സംശയത്തോടെ വീക്ഷിച്ചിരുന്ന പൊതുജനങ്ങളിലൊരു വിഭാഗവും എതിര്‍പ്പുമായി മുന്നോട്ടുവന്ന ഡോക്ടര്‍മാരിലൊരു വിഭാഗവും ഈ മാറ്റങ്ങളെ സ്വാഗതം ചെയ്യുകയാണുണ്ടായത്.

കഴിഞ്ഞ ഏതാനും വര്‍ഷക്കാലമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സേവനത്തിനായി എത്തുന്ന ഡോക്ടര്‍മാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവനുഭവപ്പെട്ടിരുന്നു. സ്പെഷ്യലിസ്റ്റുകളുടെ ക്ഷാമംമൂലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ നിലനില്‍പ്പുതന്നെ അപകടത്തിലായിത്തുടങ്ങിയിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെയും ആധുനിക ചികിത്സാ ഉപകരണങ്ങളുടെയും അഭാവം, സ്വകാര്യ ആശുപത്രികളുമായി, പ്രത്യേകിച്ച് സ്വാശ്രയ മെഡിക്കല്‍ കോളേജുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ മോശമായ വേതനം തുടങ്ങിയ കാരണങ്ങളാല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേക്കുള്ള പിഎസ്സി നിയമനങ്ങള്‍ക്ക് അപേക്ഷിക്കുന്നവരുടേയും അപേക്ഷിച്ചവരില്‍തന്നെ ഇന്‍റര്‍വ്യുവിന് എത്തുന്നവരുടെയും എണ്ണം ആശങ്കാജനകമായവിധം കുറഞ്ഞുവരികയായിരുന്നു. ഇടതുമുന്നണി സര്‍ക്കാരിെന്‍റകാലത്ത് അഞ്ചു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലേയും ചികിത്സാസൗകര്യങ്ങളില്‍ വമ്പിച്ച മാറ്റം വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. എംആര്‍ഐ സ്കാന്‍ , കാത്ത് ലാബ് തുടങ്ങിയ രോഗനിര്‍ണ്ണയ ഉപകരണങ്ങളും ബൈപാസ് സര്‍ജറിപോലുള്ള ശസ്ത്രക്രിയാ സൗകര്യങ്ങളും ഇപ്പോള്‍ മിക്ക സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ലഭ്യമാണ്. പല സ്വകാര്യ സൂപ്പര്‍സ്പെഷ്യാലിറ്റി ആശുപത്രികളുടെയും നിലവാരത്തിലേക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല സൗജന്യമായും സ്വകാര്യ ആശുപത്രികളിലേതിനേക്കാള്‍ തുച്ഛമായ ഫീസീടാക്കിയുമാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ രോഗികള്‍ക്ക് ആധുനിക ചികിത്സ ലഭ്യമാക്കിവരുന്നത്.

മെഡിക്കല്‍ സര്‍വ്വകലാശാല പ്രവര്‍ത്തനം ആരംഭിച്ചതോടെ വൈദ്യ ഗവേഷണത്തിനുള്ള അന്തരീക്ഷവും വളര്‍ന്നുവന്നിട്ടുണ്ട്. ആരോഗ്യമേഖലയില്‍ പൊതുവിലും മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേകിച്ചും ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പിലാക്കിയ സമഗ്രമായ പരിഷ്കാരങ്ങളെത്തുടര്‍ന്ന് അധ്യാപനത്തിലും ഗവേഷണത്തിലും താല്‍പര്യമുള്ള യുവഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളേജുകളില്‍ സേവനം അനുഷ്ഠിക്കാന്‍ കൂടുതലായി മുന്നോട്ടു വന്നുകൊണ്ടിരിക്കയാണ്. മെഡിക്കല്‍ കോളേജുകളിലെ സ്പെഷ്യലിസ്റ്റ് ക്ഷാമം മാറിവരുകയാണ്. സ്വകാര്യ ചികിത്സയിലൂടെ രോഗികളെ ചൂഷണംചെയ്തു സമ്പത്ത് കുന്നുകൂട്ടിയിരുന്ന ഏതാനും സീനിയര്‍ ഡോക്ടര്‍മാരും അവരുമായി അവിഹിത സാമ്പത്തികബന്ധം പുലര്‍ത്തുന്ന സ്കാന്‍ -ലാബറട്ടറി സെന്‍റര്‍കാരും മാത്രമാണ് ഏത് അധാര്‍മ്മികമാര്‍ഗ്ഗമുപയോഗിച്ചും സ്വകാര്യ ചികിത്സാ സമ്പ്രദായം പുന:സ്ഥാപിക്കാന്‍ ശ്രമിച്ചു വരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്തുതന്നെ കോടികള്‍ പിരിച്ച് ഇവര്‍ യുഡിഎഫ് നേതാക്കളെ സ്വാധീനിക്കാന്‍ ഇറങ്ങി പുറപ്പെട്ടതായി വാര്‍ത്തയുണ്ടായിരുന്നു. തെരഞ്ഞെടുപ്പിനുശേഷം പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ തങ്ങള്‍ക്കനുകൂലമായി കാര്യങ്ങള്‍ നീക്കാന്‍ ഇവര്‍ക്കു കഴിഞ്ഞിരിക്കയാണ്. സ്വകാര്യ പ്രാക്ടീസ് അനുവദിക്കുന്നതിനായി പണം വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവനതന്നെ ഇത് കേവലമൊരു പ്രതിപക്ഷ ആരോപണം മാത്രമല്ലെന്നതിനു തെളിവാണ്.

നിരവധി കമ്മീഷനുകള്‍ ശുപാര്‍ശചെയ്ത, പൊതുജനങ്ങളും വൈദ്യലോകവും മെഡിക്കല്‍ അക്കാദമിക് സമൂഹവും അംഗീകരിച്ച, ആരോഗ്യസേവന, വൈദ്യ ഗവേഷണ മേഖലകളില്‍ സമൂല മാറ്റത്തിന് തുടക്കംകുറിച്ച സ്വകാര്യ ചികിത്സാ നിരോധനത്തെ, കേവലം ഒന്നരലക്ഷംവോട്ടിന്റെ ഭൂരിപക്ഷത്തിനു മാത്രം അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ , വൈദ്യരംഗത്തെ സ്ഥാപിത താല്‍പര്യക്കാര്‍ക്കായി അട്ടിമറിക്കാന്‍ ഒരിക്കലും അനുവദിക്കാന്‍ പാടില്ല.

*
ഡോ. ബി ഇക്ബാല്‍ ചിന്ത വാരിക 10 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, മെഡിക്കല്‍ സര്‍വ്വകലാശാല സ്ഥാപിക്കുക തുടങ്ങി ആരോഗ്യമേഖലയുടെ സമഗ്ര നവീകരണത്തിനായി ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളുടെ ഭാഗമായിട്ടാണ് മെഡിക്കല്‍കോളേജിലെ ഡോക്ടര്‍മാരുടെ സ്വകാര്യ ചികിത്സ അവസാനിപ്പിക്കാനുള്ള ധീരമായ തീരുമാനമെടുത്തത്. മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തില്‍ ഗുണപരമായ കുതിച്ചുചാട്ടത്തിന് വഴിതെളിച്ച ഈ തീരുമാനം വര്‍ഷങ്ങളായി നിരവധി കമ്മിറ്റികള്‍ നിര്‍ദ്ദേശിക്കുകയും സാമൂഹ്യ പ്രതിബദ്ധതയുള്ള ഡോക്ടര്‍മാര്‍ നിരന്തരം ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്.