Thursday, June 2, 2011

മൂലധന നിയന്ത്രണവും ഐഎംഎഫും

അടുത്തകാലത്ത് ഐഎംഎഫ് അതിന്റെ നയനിര്‍ദേശങ്ങളില്‍ വരുത്തിയ മാറ്റങ്ങളിലൊന്ന് വികസ്വര രാഷ്ട്രങ്ങളിലേക്കുള്ള വിദേശ മൂലധന ഒഴുക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചാണ്. വിദേശ മൂലധന ഒഴുക്ക് ഒരു രാജ്യത്തുണ്ടാക്കുന്ന കുതിപ്പിന്റെയും തകര്‍ച്ചയുടെയും സാധ്യതകള്‍ 1997ലെ തെക്കു കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളിലെ പ്രതിസന്ധിയിലൂടെ വ്യക്തമായിട്ടും മൂലധന നിയന്ത്രണത്തിനുള്ള മുന്‍ഗണനയില്‍ ഐഎംഎഫ് ഉറച്ചുനിന്നു. അതുകൊണ്ട്, മൂലധന നിയന്ത്രണമേര്‍പ്പെടുത്തുന്ന നിലപാടില്‍ ഐഎംഎഫ് മാറ്റം വരുത്തിയപ്പോള്‍ അത് പലരെയും അത്ഭുതപ്പെടുത്തി. എന്നാല്‍ , ഇത് അനവധാനതയോടെയുള്ള പ്രസ്താവനയല്ലെന്ന് വ്യക്തമാക്കിയ ഐഎംഎഫ്, വികസ്വര രാജ്യങ്ങളിലേക്കുള്ള മൂലധന ഒഴുക്കിനെ സംബന്ധിച്ച ഒരു വിശകലനം തന്നെ മുന്നോട്ടുവച്ചു. ആഗോള സാമ്പത്തികപ്രതിസന്ധിയുടെയും അതിന്റെ പ്രത്യാഘാതങ്ങളുടെയും പ്രകടമായ സവിശേഷത അന്താരാഷ്ട്ര സ്വകാര്യമൂലധനത്തിന്റെ ഒഴുക്കിന്റെ സ്വഭാവമാണ് - പ്രത്യേകിച്ചും വളര്‍ന്നുവരുന്ന വിപണികളിലേക്കുള്ള ഒഴുക്ക്. വളര്‍ന്നുവരുന്ന വിപണികളിലേക്കുള്ള മൂലധന ഒഴുക്കിന്റെ കാര്യത്തില്‍ ലോകം വമ്പിച്ച കുതിപ്പിനാണ് സാക്ഷ്യം വഹിക്കുന്നത് എന്നാണ് പ്രതിസന്ധിക്കുമുമ്പ് ചില വിദഗ്ധന്മാര്‍ പറഞ്ഞത്.

ജിഡിപിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഈ മൂലധന ഒഴുക്ക്, 1997ലെ സാമ്പത്തികപ്രതിസന്ധിക്കു തൊട്ടുമുമ്പുള്ള വര്‍ഷങ്ങളിലെ മൂലധന ഒഴുക്കിന്റെ അളവുമായി താരതമ്യപ്പെടുത്താവുന്ന വിധത്തിലുള്ളതായിരുന്നു. സാമ്പത്തിക വിഷമതകള്‍ നേരിട്ടിരുന്ന ചില വികസ്വര രാഷ്ട്രങ്ങള്‍ ഈ ഒഴുക്കിനെ പ്രയോജനപ്പെടുത്തി വിനിമയനിരക്ക് സ്ഥിരമാക്കി നിര്‍ത്തിയതും ധനപരമായ നയത്തിനുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതും അവര്‍ എടുത്തുപറഞ്ഞു. ഈ ഒഴുക്കില്‍ വലിയ അളവില്‍ വായ്പ ജനിപ്പിക്കുന്ന ഒഴുക്കും ഉണ്ടായിരുന്നു. വളര്‍ന്നുവരുന്ന വിപണികളില്‍ രൂപംകൊള്ളുന്ന സാമ്പത്തികപ്രതിസന്ധിയിലേക്കും നാണയ പ്രതിസന്ധിയിലേക്കും ഈ സംഭവവികാസങ്ങള്‍ നയിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. വികസിത രാഷ്ട്രങ്ങളില്‍ 2008ലുണ്ടായ പ്രതിസന്ധി വളര്‍ന്നുവരുന്ന വിപണികളെ ബാധിച്ചതില്‍നിന്ന് ഇത്തരം മൂലധന ഒഴുക്കിനെ ആകര്‍ഷിക്കുന്നതില്‍ അടങ്ങിയിട്ടുള്ള അപകടം ദൃശ്യമാണ്. വികസിത ലോകത്തുനിന്നുള്ള ധനമൂലധന സ്ഥാപനങ്ങള്‍ , തങ്ങളുടെ മാതൃരാജ്യങ്ങളില്‍ ഉണ്ടായ പ്രതിസന്ധിക്കിടെ വമ്പിച്ച നഷ്ടം നേരിടേണ്ടിവന്നതിനാല്‍ , അത് നികത്തുന്നതിനുവേണ്ടി (അല്ലെങ്കില്‍ സ്വന്തം രാജ്യങ്ങളിലെ ബാധ്യതകള്‍ നിറവേറ്റുന്നതിനുവേണ്ടി) വളര്‍ന്നുവരുന്ന വിപണികളില്‍നിന്ന് ലാഭം കൊയ്തെടുത്ത് സ്ഥലം വിടാന്‍ ശ്രമിച്ചു. ഈ പ്രക്രിയക്കിടയില്‍ വളര്‍ന്നുവരുന്ന വിപണികളിലേക്ക് വന്‍തോതിലുള്ള മൂലധന ഒഴുക്ക് ഉണ്ടാകുന്ന അവസ്ഥ മാറി മൂലധനം തിരിച്ചൊഴുകുന്ന അവസ്ഥയും അതോടനുബന്ധിച്ച പ്രതിസന്ധിയും സംജാതമായി. അതിന്റെ ഫലമായി കരുതല്‍ ധനശേഖരം ഇടിഞ്ഞു; നാണയമൂല്യത്തെ പ്രതികൂലമായി ബാധിച്ചു - ചിലപ്പോള്‍ , നാണയക്കുഴപ്പംതന്നെയുണ്ടായി. രാജ്യത്തിനകത്തേക്കുള്ള മൂലധനത്തിന്റെ ഒഴുക്കും അതിന്റെ ഫലമായി നാണയശേഖരം കുന്നുകൂടിയതും കണക്കിലെടുക്കുമ്പോള്‍ , അത് പ്രതീക്ഷിക്കപ്പെടേണ്ടതായിരുന്നു. വേഗംമാത്രമാണ് ആശ്ചര്യപ്പെടുത്തുന്നത്. കുതിപ്പിന്റെ കാലത്ത് ദൃശ്യമായ മൂലധന ഒഴുക്കിന് ഏതാണ്ട് തുല്യമായ ഒഴുക്കിനാണ് വികസ്വര രാഷ്ട്രങ്ങള്‍ ദ്രുതഗതിയില്‍ വിധേയമായിത്തീര്‍ന്നത്. ഐഎംഎഫ്, അതിന്റെ പുതിയ "വേള്‍ഡ് എക്കണോമിക് ഔട്ട്ലുക്കില്‍" (2011 ഏപ്രില്‍) ഇങ്ങനെ പരാമര്‍ശിക്കുന്നു: "ഉയര്‍ന്നുവരുന്ന വിപണി സമ്പദ്വ്യവസ്ഥകളെ സംബന്ധിച്ചിടത്തോളം, 2010ലെ ആദ്യത്തെ മൂന്ന് പാദങ്ങളില്‍ ഉണ്ടായ അസ്സല്‍ മൂലധന ഒഴുക്ക്, 2004-07 കാലത്തുണ്ടായ ശരാശരി ഒഴുക്കിനെ ഇതിനകം കടത്തിവെട്ടിയിരിക്കുന്നു"- പ്രതിസന്ധിക്കു മുമ്പുണ്ടായിരുന്ന പരമാവധി ഉയരത്തില്‍ അവ എത്തിക്കഴിഞ്ഞിരുന്നില്ലെങ്കിലും.

വികസ്വര രാജ്യങ്ങളിലേക്ക് പൊതുവിലും ഉയര്‍ന്നുവരുന്ന വിപണികളിലേക്ക് പ്രത്യേകിച്ചുമുള്ള അസ്സല്‍ മൂലധന ഒഴുക്കില്‍ ഇടക്കാലത്ത്, പെട്ടെന്ന് മാറ്റം സംഭവിച്ചു എന്നതാണ്, മൂലധന ഒഴുക്കിന്റെ കുതിപ്പ് ദ്രുതഗതിയില്‍ പുനഃസ്ഥാപിക്കപ്പെട്ടതിന്റെ ഒരു സൂചിതാര്‍ഥം. 1980കളില്‍ അസ്സല്‍ മൂലധന ഒഴുക്ക് ചെറിയ അളവിലായിരുന്നു; 1991-96 കാലഘട്ടത്തില്‍ വലിയ തോതില്‍ വര്‍ധിച്ചു; 1997ലെ പ്രതിസന്ധിക്കുശേഷം ഇടിഞ്ഞു; ആ പതിറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്ക് 1990കളുടെ ആദ്യകാലത്തേതിനോട് അടുത്തെത്തി. എന്നാല്‍ , മൂലധന ഒഴുക്കിന്റെ കാര്യത്തിലുണ്ടായ ഈ ചാഞ്ചാട്ടം, തുടര്‍ന്നുണ്ടായ ചാഞ്ചാട്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ ചെറുതായിരുന്നു. 2002-2007 കാലഘട്ടത്തിലെ കുതിപ്പ് വളരെ വലുതായിരുന്നു; അതുപോലെ 2008ലെ തകര്‍ച്ചയും അഗാധമായിരുന്നു; 2010ലെ വീണ്ടെടുപ്പ് കൂടുതല്‍ ശക്തവും ദ്രുതഗതിയിലുള്ളതുമായിരുന്നു. "സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നുള്ള ഒഴുക്കിന്റെ" കാര്യത്തിലും "മറ്റ് സ്വകാര്യ" ഒഴുക്കിന്റെ കാര്യത്തിലും മൂലധന ഒഴുക്കിന്റെ ഘടന പരിശോധിക്കുമ്പോള്‍ ഈ മാറ്റം ശ്രദ്ധേയമാണെന്ന് കാണാം. മറ്റ് സ്വകാര്യ ഒഴുക്കിന്റെ കൂട്ടത്തില്‍ വായ്പകളും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ , പ്രത്യക്ഷ നിക്ഷേപ ഒഴുക്കിന്റെ കാര്യത്തില്‍ ഈ മാറ്റം വളരെ കുറവാണ്. അടുത്ത വര്‍ഷങ്ങളില്‍ , നേരിട്ടല്ലാതെയുള്ള നിക്ഷേപങ്ങളുടെ ഒഴുക്കിന്റെ അളവ്, ഏറെ ഉല്‍ക്കണ്ഠയ്ക്ക് കാരണമാകും വിധമാണ്. നേരിട്ടുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് വിവിധ രാജ്യങ്ങളിലേക്ക് വിവിധ അളവിലാണ് (അതില്‍ വലിയ പങ്ക് ചൈനയ്ക്കാണ് ലഭിക്കുന്നത്). മാത്രമല്ല സ്ഥാപനങ്ങളില്‍നിന്നുള്ള മൂലധനത്തിന്റെ വലിയ ഭാഗംകൂടി പ്രത്യക്ഷ നിക്ഷേപത്തില്‍ ഉള്‍പ്പെടുത്തക്കവിധത്തിലാണ് പ്രത്യക്ഷനിക്ഷേപം നിര്‍വചിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് പ്രശ്നത്തിന്റെ തോത് ഇപ്പോഴും വലുതാണ്. 2000 മുതല്‍ 2010 വരെയുള്ള വര്‍ഷങ്ങളിലെ മൂലധന ഒഴുക്കിന്റെ വ്യതിയാനത്തിലുള്ള വര്‍ധന, ഉയര്‍ന്നുവരുന്ന വിപണികളിലേക്കുള്ള മൂലധന ഒഴുക്കിനെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങളുള്ളതിന്റെ സൂചനയാണോ? "വേള്‍ഡ് എക്കണോമിക് ഔട്ട്ലുക്കി"ലെ കുറിപ്പില്‍നിന്ന് ഐഎംഎഫ് അങ്ങനെ ചിന്തിക്കുന്നതായി തോന്നുന്നു - അവരുടെ വാദം വ്യക്തമായ വിധം പ്രകടമല്ലെങ്കിലും. വേള്‍ഡ് എക്കണോമിക് ഔട്ട്ലുക്ക് ഇങ്ങനെ പ്രസ്താവിക്കുന്നു:
"ചരിത്രപരമായി പറഞ്ഞാല്‍ , ആഗോള പലിശനിരക്കും അപകടസാധ്യതയും കുറയുമ്പോള്‍ , ഉയര്‍ന്നുവരുന്ന വിപണി സമ്പദ്വ്യവസ്ഥകളിലേക്കുള്ള മൂലധന ഒഴുക്ക് ഉയരാന്‍ സാധ്യതയുണ്ട്"-

ആഭ്യന്തര ഘടകങ്ങള്‍ ഈ വിലയിരുത്തലിനെ സ്വാധീനിക്കാമെങ്കിലും. ഇവിടെ രണ്ടു വിധത്തിലുള്ള വാദം ഉന്നയിക്കപ്പെടുന്നു. ഉയര്‍ന്നുവരുന്ന വിപണികളിലേക്കുള്ള മൂലധന ഒഴുക്ക്, അതു വരുന്ന ഭാഗത്തുനിന്നുള്ള ഘടകങ്ങളുടെ സ്വാധീനത്തിന് വിധേയമാണ് എന്നതാണ് ഒന്നാമത്തേത്. ഉദാരവല്‍ക്കരണത്തിന്റെ ഫലമായി ഈ സമ്പദ്വ്യവസ്ഥകളിലേക്ക് പ്രവേശിക്കുന്നതിന് അനുകൂലമായ പരിതസ്ഥിതി ഉണ്ടായിരിക്കണം എന്ന കാര്യത്തില്‍ സംശയമില്ല. വികസിത രാജ്യങ്ങളിലെ സുഗമമായ ധനനയങ്ങള്‍ , മൂലധന ഒഴുക്കിനെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് രണ്ടാമത്തേത്. രൊക്കം പണം എളുപ്പത്തിലും ധാരാളമായും ലഭ്യമാണെങ്കില്‍ , വിദേശരാജ്യങ്ങളിലുള്ള നിക്ഷേപത്തിന് അത് പ്രോത്സാഹനം നല്‍കുന്നു. വികസിത രാജ്യങ്ങളിലെ പലിശനിരക്ക് കുറഞ്ഞ നിരക്കിലാണെങ്കില്‍ , വിദേശരാജ്യങ്ങളില്‍ മൂലധനം നിക്ഷേപിക്കുന്നതിനായി നിക്ഷേപകര്‍ സ്വന്തം രാജ്യത്തുനിന്ന് വായ്പയെടുക്കുന്നു; അതുവഴി ഉയര്‍ന്ന നിരക്കിലുള്ള ലാഭം തിരികെ കൊണ്ടുവരുന്നു. എന്നാല്‍ , ഈ രാജ്യങ്ങള്‍ തമ്മിലുള്ള നാണയ വിനിമയ നിരക്കിലുണ്ടാകുന്ന മാറ്റം, ലാഭം കുറയ്ക്കില്ല എന്ന പ്രതീക്ഷയോടെയാണ് അങ്ങനെ ചെയ്യുന്നത്. വികസിത രാജ്യങ്ങളിലെ ധനനയം കൂടുതല്‍ കര്‍ക്കശമാകുമ്പോള്‍ , ലാഭം കുറയുന്നു; അപ്പോള്‍ മൂലധന ഒഴുക്ക് മന്ദഗതിയിലായിത്തീരാം; ഒഴുക്ക് വിപരീത ദിശയിലാകാനും ഇടയുണ്ട്.

വികസിത രാജ്യങ്ങളിലെ ധനനയവും ഉയര്‍ന്നുവരുന്ന വിപണികളിലേക്കുള്ള മൂലധന ഒഴുക്കും തമ്മിലെ ദൃഢബന്ധത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കാരണം ധനപരമായ യാഥാസ്ഥിതികത്വത്തിലേക്ക് തിരിയുന്നതോടെ, വമ്പിച്ച തോതിലുള്ള സാമ്പത്തിക ധനമാനേജ്മെന്റിനുള്ള മുഖ്യ ഉപകരണമായിത്തീരുന്നത് ധനപരമായ നിയന്ത്രണമാണ്. ഇത് രണ്ടു ഭാഗത്തേക്കും തിരിയാമെന്നതുകൊണ്ട് (ധനപരമായ ഉദാരതയാവാം, കര്‍ശന സ്വഭാവവുമാകാം) അസ്സല്‍ മൂലധന ഒഴുക്ക്, ഉയര്‍ന്നുവരുന്ന വിപണികളിലേക്കാവാം; മറിച്ച് അവയില്‍നിന്ന് തിരിച്ചാവാം.വികസ്വര രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇതിന്റെ അനന്തരഫലം വളരെ ഗുരുതരമാണ്. മൂലധന ഒഴുക്കിന് ആഗോള പരിതസ്ഥിതികള്‍ അനുകൂലമായിത്തീരുമ്പോള്‍ , ഈ രാജ്യങ്ങളില്‍ മൂലധനക്കുതിപ്പ് അനുഭവപ്പെടുന്നു. ഇത്, ഒരേസമയം ധനനയത്തെയും വിനിമയ നിരക്കിനെയും കാര്യക്ഷമമായി കൈകാര്യംചെയ്യേണ്ടതിന് ഇടയാക്കുന്നു; വിദേശ വിനിമയശേഖരം കുന്നുകൂടുന്നതിനും ഇടയാക്കുന്നു. അമേരിക്കന്‍ ധനവിപണികളുമായി കൂടുതല്‍ ദൃഢമായി ബന്ധപ്പെട്ടു കിടക്കുന്ന രാജ്യങ്ങളില്‍ ഈ പ്രശ്നം രൂക്ഷമായിരിക്കും. കാരണം ലോകത്തിന്റെതന്നെ ധനശേഖരണത്തിനുള്ള നാണയമാണ് ഡോളര്‍ എന്നതിനാല്‍ അതിന്റെ ധനപരമായ അളവിന്മേലുള്ള ആശ്രിതത്വം വളരെ വര്‍ധിച്ചതായിരിക്കുമല്ലോ. അമേരിക്കയില്‍ നിന്ന് കൂടുതല്‍ പ്രത്യക്ഷ മൂലധന ഒഴുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ക്ക് ധനഞെരുക്കത്തിന്റെ ഫലമായി അസ്സല്‍ മൂലധന ഒഴുക്കിന്റെ കാര്യത്തില്‍ വലിയ ഇടിവ് സംഭവിക്കുമെന്ന് വേള്‍ഡ് എക്കണോമിക് ഔട്ട്ലുക്ക് പ്രവചിക്കുന്നു. ഇത് തെളിവുകളുമായി പൊരുത്തപ്പെടുന്നതാണ്.

ബാഹ്യമായ കാരണങ്ങളാല്‍ കുഴപ്പം വര്‍ധിക്കുന്നുവെന്ന് കണ്ടെത്തിയതുകൊണ്ടാവണം, വികസിത രാജ്യങ്ങളുടെ മൂലധന നിയന്ത്രണരീതികളെക്കുറിച്ച് പുനര്‍വിചിന്തനം ആവശ്യമാണെന്ന് ഐഎംഎഫ് കരുതുന്നത്. മുമ്പ് നിയന്ത്രണങ്ങള്‍ ചെലുത്തുന്നതിനെ നിരുത്സാഹപ്പെടുത്തിയിരുന്ന ഐഎംഎഫ്, നിയന്ത്രണങ്ങള്‍ മുഴുവനും മോശമല്ല എന്ന സമീപനത്തിലേക്ക് എത്തിച്ചേര്‍ന്നു. എങ്കിലും അത്തരം നടപടികള്‍ക്ക് അവര്‍ നല്‍കുന്ന അംഗീകാരം ഭാഗികമായിട്ടാണ്; സന്തോഷത്തോടെയുമല്ല. ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും ഈ വര്‍ഷത്തെ വസന്തകാല സമ്മേളനങ്ങള്‍ക്കുവേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മൂലധന ഒഴുക്കിനെ നിയന്ത്രിക്കുന്ന നടപടികളെക്കുറിച്ച് പ്രസ്താവിക്കുന്നുണ്ട്. എന്നാല്‍ , താല്‍ക്കാലികമായും അവസാനമായും കൈക്കൊള്ളേണ്ട ഒരു നടപടിയായിട്ടാണ് അവര്‍ അത് ശുപാര്‍ശ ചെയ്യുന്നത് - ഒരു രാജ്യം വേണ്ടത്ര വിനിമയശേഖരം ഉണ്ടാക്കിക്കഴിഞ്ഞാല്‍മാത്രം കൈക്കൊള്ളേണ്ട നടപടി. ഇത് വളരെ പരിമിതമായ നടപടിയാണ്. എന്നാല്‍ , പല വികസ്വര രാജ്യങ്ങളും ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. മൂലധനക്കുതിപ്പ് ലക്ഷ്യമാക്കിയ ഇന്ത്യയെപ്പോലെയുള്ള ഏതാനും രാജ്യങ്ങള്‍ മാത്രമാണ് ഇപ്പോഴും പ്രത്യയശാസ്ത്രപരമായി അതിന് അനുകൂലമല്ലാതെ നില്‍ക്കുന്നുള്ളൂ.

*
സി പി ചന്ദ്രശേഖര്‍ ദേശാഭിമാനി 02 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അടുത്തകാലത്ത് ഐഎംഎഫ് അതിന്റെ നയനിര്‍ദേശങ്ങളില്‍ വരുത്തിയ മാറ്റങ്ങളിലൊന്ന് വികസ്വര രാഷ്ട്രങ്ങളിലേക്കുള്ള വിദേശ മൂലധന ഒഴുക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചാണ്. വിദേശ മൂലധന ഒഴുക്ക് ഒരു രാജ്യത്തുണ്ടാക്കുന്ന കുതിപ്പിന്റെയും തകര്‍ച്ചയുടെയും സാധ്യതകള്‍ 1997ലെ തെക്കു കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളിലെ പ്രതിസന്ധിയിലൂടെ വ്യക്തമായിട്ടും മൂലധന നിയന്ത്രണത്തിനുള്ള മുന്‍ഗണനയില്‍ ഐഎംഎഫ് ഉറച്ചുനിന്നു. അതുകൊണ്ട്, മൂലധന നിയന്ത്രണമേര്‍പ്പെടുത്തുന്ന നിലപാടില്‍ ഐഎംഎഫ് മാറ്റം വരുത്തിയപ്പോള്‍ അത് പലരെയും അത്ഭുതപ്പെടുത്തി. എന്നാല്‍ , ഇത് അനവധാനതയോടെയുള്ള പ്രസ്താവനയല്ലെന്ന് വ്യക്തമാക്കിയ ഐഎംഎഫ്, വികസ്വര രാജ്യങ്ങളിലേക്കുള്ള മൂലധന ഒഴുക്കിനെ സംബന്ധിച്ച ഒരു വിശകലനം തന്നെ മുന്നോട്ടുവച്ചു. ആഗോള സാമ്പത്തികപ്രതിസന്ധിയുടെയും അതിന്റെ പ്രത്യാഘാതങ്ങളുടെയും പ്രകടമായ സവിശേഷത അന്താരാഷ്ട്ര സ്വകാര്യമൂലധനത്തിന്റെ ഒഴുക്കിന്റെ സ്വഭാവമാണ് - പ്രത്യേകിച്ചും വളര്‍ന്നുവരുന്ന വിപണികളിലേക്കുള്ള ഒഴുക്ക്. വളര്‍ന്നുവരുന്ന വിപണികളിലേക്കുള്ള മൂലധന ഒഴുക്കിന്റെ കാര്യത്തില്‍ ലോകം വമ്പിച്ച കുതിപ്പിനാണ് സാക്ഷ്യം വഹിക്കുന്നത് എന്നാണ് പ്രതിസന്ധിക്കുമുമ്പ് ചില വിദഗ്ധന്മാര്‍ പറഞ്ഞത്.