Sunday, June 5, 2011

തദ്ദേശസ്വയംഭരണവകുപ്പുവിഭജനം അധികാര വികേന്ദ്രീകരണത്തിന് തിരിച്ചടി

തദ്ദേശസ്വയംഭരണവകുപ്പിനെ മൂന്ന് തുണ്ടുകളാക്കിമാറ്റാനുള്ള യു ഡി എഫ് തീരുമാനത്തില്‍ പുനഃപരിശോധനയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിക്കഴിഞ്ഞു. മുന്നണി രാഷ്ട്രീയത്തില്‍, വകുപ്പു വിഭജനത്തില്‍ സ്വാഭാവികമായി ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ നമുക്ക് മനസിലാക്കാം. എന്നാല്‍ അത് ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഏറെ ബന്ധമുള്ളതും നടപടിക്രമങ്ങളിലും നിയമ-ചട്ടങ്ങളുടെ വ്യാഖ്യാനത്തില്‍ ബാലാരിഷ്ടതകള്‍ ഇനിയും വിട്ടുമാറാത്തതും ഗ്രാമീണ-നഗരവികസനത്തില്‍ നിര്‍ണായയക പങ്ക് വഹിക്കുന്നതുമായ തദ്ദേശസ്വയംഭരണവകുപ്പിനെ കഷണങ്ങളാക്കി മുറിച്ചുമാത്രമേ പരിഹരിക്കാന്‍ കഴിയൂവെന്നത് ഗുണകരമല്ല.

അധികാരവികേന്ദ്രീകരണ പ്രക്രിയകളെ കുറച്ചാളുകള്‍ എന്നും അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കോണ്‍ട്രാക്ടര്‍മാരുടെയും ഉദ്യോഗസ്ഥന്‍മാരുടെയും രൂപത്തിലാണ് ഇത് പ്രകടമായിരുന്നതെങ്കിലും ഇതിന്റെ പിറകിലും അധികാരരാഷ്ട്രീയം കയ്യാളിയിരുന്ന ഒരു ചെറിയ വിഭാഗം വ്യക്തികളുണ്ടായിരുന്നു. അവര്‍ക്ക് നാട്ടില്‍ നടപ്പിലാക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഒരു പ്രധാന മേച്ചില്‍പുറമായിരുന്നു. ഏത് നിര്‍മാണപ്രവര്‍ത്തനമാണ് ഒരു സ്ഥലത്ത് നടപ്പിലാക്കേണ്ടതെന്ന് തീരുമാനിക്കുന്നതുപോലും അത്തരത്തിലുള്ള ചില ആളുകളായിരുന്നു. പഞ്ചായത്ത്-നഗരസഭകള്‍ നടപ്പിലാക്കുന്ന പല കരാര്‍ ജോലികളും കോണ്‍ട്രാക്ടര്‍മാര്‍ക്കുവേണ്ടിയായിരുന്നു. അതിനെല്ലാം ഒരു മാറ്റം വന്നത് കേരളത്തില്‍ ഫലപ്രദമായി നടപ്പിലാക്കിയ അധികാരവികേന്ദ്രീകരണ പ്രക്രിയയിലൂടെയായിരുന്നു. കേരളത്തില്‍ പുതിയ പഞ്ചായത്ത് മുനിസിപ്പല്‍ നിയമം നടപ്പിലാക്കുമ്പോള്‍ നമ്മള്‍ മാതൃകയായി കണ്ടിരുന്ന കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് ഇവയെല്ലാം അധികാരവികേന്ദ്രീകരണത്തില്‍നിന്നും വളരെയധികം പിന്നോട്ടുപോയി. മറ്റ് പല സംസ്ഥാനങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. 73, 74 ഭരണഘടനാ ഭേദഗതികളുടെ അന്തസത്തയെ അവരെല്ലാം കാറ്റില്‍പറത്തി കേരളം ആ ഭരണഘടനാഭേദഗതികളെ കേവലം ആലിംഗനം ചെയ്യുകമാത്രമല്ല, അവയുടെ ബലത്തില്‍ ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ ഉത്തമമാതൃകയായി മാറുകയും ചെയ്തു.

ജില്ലാ ആസൂത്രണസമിതിയും വകുപ്പുവിഭജനവും

തദ്ദേശസ്വയംഭരണവകുപ്പിനെ മൂന്നായി വിഭജിച്ചതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം നേരിടാന്‍ സാധ്യതയുള്ളത് ജില്ലാ ആസൂത്രണസമിതിയുടെ പ്രവര്‍ത്തനമായിരിക്കും ഭരണഘടനയുടെ 243ദഉ പ്രകാരവും കേരള മുനിസിപ്പാലിറ്റി ആക്ടിന്റെ 53-ാം വകുപ്പുപ്രകാരവും നിലവില്‍വന്ന ജില്ലാ ആസൂത്രണസമിതി ആ ജില്ലയിലെ ത്രിതല പഞ്ചായത്തുകളും നഗരസഭകളും തയ്യാറാക്കുന്ന പദ്ധതികള്‍ സംയോജിപ്പിക്കുന്നതിനും ജില്ലയ്ക്ക് മുഴുവനായി ഒരു കരട് വികസനപദ്ധതി തയ്യാറാക്കുന്നതിനുംവേണ്ടിയുള്ളതാണ്. സ്റ്റേറ്റ് പ്ലാന്‍ തയ്യാറാക്കുമ്പോള്‍ ജില്ലാ ആസൂത്രണസമിതി സര്‍ക്കാരിന് അയച്ചുകൊടുക്കുന്ന ജില്ലാ വികസനപദ്ധതി കൂടി പരിഗണിക്കപ്പെടേണ്ടതുമാണ്.

ജില്ലാ ആസൂത്രണസമിതിയാണ് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും വിവിധ പ്രോജക്ടുകള്‍ അംഗീകരിക്കേണ്ടതും അനുവാദം കൊടുക്കേണ്ടതും. ബൃഹത്തായതും ബലവത്തായതുമായ ഒരു സാങ്കേതികസംവിധാനമാണ് ഇന്ന് കേരളത്തിലുള്ളത്. എങ്കിലും പദ്ധതികളുടെ സംയോജനത്തിന്റെ കാര്യത്തിലും ഫലപ്രദമായ മോണിറ്ററിംഗിന്റെ അഭാവവും ഡി പി സിയെ ദുര്‍ബലപ്പെടുത്തുന്നു.

അതുകൊണ്ടുതന്നെ ഡി പി സികള്‍ കുറച്ചുകൂടി ശക്തമാക്കണമെന്നാണ് ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായം. ജില്ലാതലത്തിലുള്ള പ്ലാനിംഗ് വകുപ്പും ടൗണ്‍ പ്ലാനിംഗ് വകുപ്പും ജില്ലാ ഗ്രാമവികസന ഏജന്‍സിയും മറ്റ് പല വകുപ്പുകളുടെയും ജില്ലാതല ഉദ്യോഗസ്ഥവൃന്ദത്തെയും പടിപടിയായി ഈ ചാനലിലേയ്ക്ക് കൊണ്ടുവന്നേ ഇത് ഫലപ്രദമാക്കാന്‍ കഴിയൂ. ഡി പി സി രൂപീകരണത്തിന്റെ ആദ്യനാളുകളില്‍ നിന്നും പതിനഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ നാം എത്രയോ മുന്നേറി. ഇനിയും കൂടുതല്‍ മുന്നോട്ടുപോയെങ്കില്‍ മാത്രമേ കൂടുതല്‍ മെച്ചപ്പെട്ട ഒരു സംവിധാനത്തില്‍ എത്താന്‍ കഴിയൂ. മുനിസിപ്പാലിറ്റി നിയമം അനുസരിച്ച് രപീകരിച്ചിട്ടുള്ള ഡി പി സി ത്രിതലപഞ്ചായത്തുകള്‍ക്കുവേണ്ടി ഏത് മന്ത്രി മുന്‍കൈയെടുത്ത് ശക്തമാക്കും. നിലവിലുള്ള രീതിയെങ്കിലും തകരാതെ ആരെങ്കിലും ശ്രദ്ധിക്കുമോ?

ഗ്രാമവികസനവകുപ്പ്

ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസിന്റെ പേര് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് എന്ന് മാറ്റിയെഴുതാന്‍ തീരുമാനിച്ചപ്പോള്‍ കേരളത്തിലുണ്ടായ കോലാഹലം ചെറുതല്ല. ബി ഡി ഒയെ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെന്നു നാമകരണം ചെയ്തത് കുറച്ചെങ്കിലും ആളുകള്‍ക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു. ഗ്രാമീണവികസനത്തില്‍ ഏറ്റവും ശ്രദ്ധേയമായ പങ്കുവഹിച്ച ബി ഡി ഒമാരെയും ഗ്രാമവികസനവകുപ്പിനെയും വെറുമൊരു ഇടത്തട്ടു പഞ്ചായത്താക്കി തരംതാഴ്ത്തുന്നു എന്നവര്‍ വിലപിച്ചു. പക്ഷേ, കേരളം അത് കേട്ടില്ലെന്ന് നടിച്ച് ത്രിതലസംവിധാനത്തില്‍കൂടി മുന്നോട്ടുപോയി. ഡി ആര്‍ ഡി എ (ജില്ലാ ഗ്രാമവികസന ഏജന്‍സി) എന്ന സംവിധാനത്തെ ജില്ലാ പഞ്ചായത്തില്‍ സംയോജിപ്പിക്കാന്‍ ആദ്യം (1994 ല്‍) നാം ശ്രമിച്ചു, വിജയിച്ചില്ല.

സമഗ്രമായ ഭേദഗതികള്‍ പഞ്ചായത്ത്-മുനിസിപ്പല്‍ നിയമത്തില്‍ കൊണ്ടുവന്ന 1999 ലും ഇത് നടന്നില്ല. പിന്നെയും കുറച്ചുനാള്‍കൂടി കഴിഞ്ഞിട്ടാണ് ആ സംയോജനം നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ജില്ലാ പഞ്ചായത്തിന്റെ ഭാഗമാക്കാനെങ്കിലും കഴിഞ്ഞത്. ഈ ഗ്രാമവികസനവകുപ്പിനെ പൂര്‍ണമായും തദ്ദേശസ്വയംഭരണവകുപ്പില്‍ സംയോജിപ്പിക്കുകയാണ് യഥാര്‍ഥത്തില്‍ വേണ്ടത്. കേന്ദ്രപദ്ധതികളുടെ പേര് പറഞ്ഞുകൊണ്ട് ഇത് ഒഴിവാക്കാനാണ് ഒരു വിഭാഗം ആളുകള്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ പഞ്ചായത്ത്-മുനിസിപ്പല്‍ നിയമങ്ങള്‍ വളരെ ശക്തവും ബൃഹത്തുമാണ്. ഉദ്യോഗസ്ഥ പുനര്‍വിന്യാസത്തില്‍കൂടി അധികാരവികേന്ദ്രീകരണം പൂര്‍ണതയിലെത്തുമ്പോള്‍ ഗ്രാമവികസനവകുപ്പ് എന്നൊരു പ്രത്യേക വകുപ്പിന്റെതന്നെ ആവശ്യമേ ഇവിടില്ല. ഈ പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ കുറച്ചുനാള്‍കൂടി ഒരു സ്‌കെലിറ്റന്‍ മാത്രം മതിയാകും. വകുപ്പുവിഭജനത്തില്‍ ഈ അസ്ഥിരൂപം മജ്ജയും മാംസവും വച്ച് ശക്തിപ്രാപിച്ചാല്‍ അധികാരവികേന്ദ്രീകരണ പ്രക്രിയയെത്തന്നെ അപകടപ്പെടുത്തും.

ഉദ്യോഗസ്ഥ പുനര്‍വിന്യാസം

അധികാരവികേന്ദ്രീകരണത്തിന്റെ ഏറ്റവും ശ്രദ്ധേയമായ മുദ്രാവാക്യം അധികാരം താഴോട്ടുപോകുമ്പോള്‍ അത് കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥരും താഴോട്ടുപോകും. (വര്‍ക്കര്‍ ഗോസ് എലോംഗ് വിത്ത് ദി വര്‍ക്ക്) എന്നതായിരുന്നു. വികേന്ദ്രീകരണത്തിനുവേണ്ടി ശക്തമായി വാദിച്ചവര്‍പോലും ചില സംഘടനകളുടെ തടവിലായിട്ട് ഈ മുദ്രാവാക്യത്തെ എതിര്‍ത്തു. അവര്‍ ഏതെങ്കിലും തൊടുന്യായം കണ്ടുപിടിച്ച് നിലവിലുള്ള ലാവണത്തില്‍ത്തന്നെ തമ്പടിച്ചു. ഏറെ പണിപ്പെട്ടാണ് മുന്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ കുറച്ച് എന്‍ജിനീയര്‍മാരെയും അനുബന്ധ സ്റ്റാഫിനെയും പുനര്‍വിന്യസിച്ചത്. അധികാരത്തിലിരിക്കുന്നവരെ പ്രീതിപ്പെടുത്തി കേരളത്തില്‍ ഉദ്യോഗസ്ഥ പുനര്‍വിന്യാസം ഏറെക്കുറെ അട്ടിമറിക്കപ്പെട്ടു. എങ്കിലും കഴിഞ്ഞ സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തിന്റെ വഴികളില്‍ക്കൂടി സഞ്ചരിച്ച് ഏതാനും ചില ഡിപ്പാര്‍ട്ടുമെന്റുകളിലെങ്കിലും അത് നടപ്പിലാക്കാന്‍ ശ്രമിച്ചു. കുറച്ചു ഫലം കണ്ടു. തന്നെയുമല്ല ത്രിതല പഞ്ചായത്തുകളിലെ എന്‍ജിനീയര്‍മാര്‍ക്ക് മേല്‍നോട്ടത്തിന്റെ ചുമതലയും നിശ്ചയിക്കപ്പെട്ടു. പുനര്‍വിന്യസിക്കപ്പെട്ടവര്‍ക്ക് പ്രമോഷന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും ആശങ്കയും അകറ്റാന്‍ സര്‍ക്കാരിന് കഴിഞ്ഞു. വകുപ്പ് മൂന്ന് കഷണങ്ങളാക്കുന്നതോടുകൂടി തുടര്‍ന്നുള്ള ഉദ്യോഗസ്ഥ പുനര്‍വിന്യാസം ഒരു കടങ്കഥയാകും. അധികാരം താഴെത്തട്ടിലേക്ക് കൈമാറുന്നതിന്റെ ഫലമായി നിലവിലുള്ള ഡിപ്പാര്‍ട്ടുമെന്റുകള്‍ ഉടച്ചുവാര്‍ക്കണമെന്ന അധികാരവികേന്ദ്രീകരണ കമ്മിറ്റിയുടെ ശുപാര്‍ശയും നടപ്പിലാക്കാന്‍ സാധ്യതയില്ല. ബ്യൂറോക്രസി ഇത്രയും ശക്തമായിട്ടുള്ള ഒരു സംസ്ഥാനം ഇന്ത്യയില്‍ വേറെ ഉണ്ടെന്നും തോന്നുന്നില്ല.

ദാരിദ്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും ഗുണഭോക്താക്കളുടെ തിരഞ്ഞെടുപ്പും

തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴില്‍ പഞ്ചായത്ത് നഗരസഭകളുടെ പൂര്‍ണമായ പങ്കാളിത്തത്തോടുകൂടി ഗ്രാമവികസന വകുപ്പ് കേരളത്തില്‍ ധാരാളം ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍ നടപ്പിലാക്കിവരുന്നു. ബി പി എല്‍ കുടുംബങ്ങളെ കണ്ടറിഞ്ഞ് നടപ്പിലാക്കിയ ഈ പദ്ധതികള്‍ കേരളത്തില്‍ ഫലപ്രദമായി നടപ്പിലാക്കിവരുന്നതാണ്. ദരിദ്രകുടുംബങ്ങളിലെ തൊഴിലാളികള്‍ കാര്‍ഷികവൃത്തി കുറഞ്ഞതിന്റെ ഫലമായി നിര്‍മാണ മേഖലയിലേക്ക് കുടിയേറിയിരിക്കുകയാണ് ഇപ്പോള്‍. ഭവനരഹിതരായ ദരിദ്ര ഗ്രാമീണര്‍ ഈ കേരളത്തില്‍ ഇപ്പോഴും ധാരാളമുണ്ട്. സാനിട്ടേഷന്‍ സൗകര്യങ്ങളില്ലാത്ത പട്ടികജാതി-വര്‍ഗ കോളനികളും തീരപ്രദേശങ്ങളും ഈ കേരളത്തില്‍ എത്രയോ ഉണ്ട്. ഗ്രാമവികസന വകുപ്പിന്റെ സ്വര്‍ണജയന്തി ഗ്രാമസ്വരസ്ഗാര്‍ യോജന (എസ് ജി എസ് വൈ) ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, ഇന്ദിര ആവാസ് യോജന തുടങ്ങിയ കേന്ദ്രാവിഷ്‌കൃത പദ്ധതികളും കേന്ദ്രത്തിന്റെ കുടുംബശ്രീ പദ്ധതികളും അയല്‍ക്കൂട്ടങ്ങളുടെ മൈക്രോ ഫൈനാന്‍സ് പാട്ടകൃഷി പദ്ധതികളില്‍കൂടി കേരളത്തിന്റെ ഗ്രാമീണ മുഖച്ഛായ പാടെ മാറ്റിയിരിക്കുകയാണ്. വിവിധ പദ്ധതികള്‍ക്ക് അര്‍ഹതപ്പെട്ട വ്യക്തികളെ കണ്ടെത്തുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. ഗ്രാമവികസന വകുപ്പ് തനതായി ഒരു ഗുണഭോക്തൃ തിരഞ്ഞെടുപ്പും നടത്താറില്ല. അതില്‍ ഇടപെടാറുമില്ല. കുടുംബശ്രീയെ തകര്‍ക്കാന്‍ സമാന്തരമായി ജനശ്രീമിഷന്‍ സംഘടിപ്പിച്ചവരുടെ കൈയിലാണിപ്പോള്‍ ഗ്രാമവികസന വകുപ്പ്. ഒരു കുടക്കീഴില്‍ സ്വസ്ഥതയോടെ വികസനമികവുകാണിച്ച വിവിധ വകുപ്പുകള്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ പേരില്‍ തമ്മില്‍ത്തല്ലുന്നത് നാം കാണേണ്ടിവരും. ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ (ജെ എല്‍ എല്‍ യു ആര്‍ എം) കോടികളാണ് ഓരോ സംസ്ഥാനത്തെയും നഗരപ്രദേശങ്ങള്‍ക്കുവേണ്ടി നല്‍കുന്നത് എന്നതും ഈ വിഭജനത്തിന്റെ താല്‍പര്യത്തിന്റെ പ്രത്യേകതയാണ്.

കേരളത്തില്‍ വളര്‍ന്നുവരുന്ന നഗരവല്‍ക്കരണം

പട്ടണമെന്നാല്‍ അംബരചുംബികളായ കെട്ടിടമുള്ള സ്ഥലം എന്നൊരു ധാരണ നമുക്കുണ്ട്. കേരളത്തില്‍ ഈ അടുത്തകാലത്തായി ഫ്‌ളാറ്റുകളും വില്ലകളും അപ്പാര്‍ട്ടുമെന്റുകളും മാളുകളും അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള വരുമാനം കോണ്‍ക്രീറ്റ് സൗധങ്ങളില്‍ നിക്ഷേപിക്കുന്നത് കൂടിവരുന്നു. കേരള കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ നഗരത്തിലും ഗ്രാമത്തിലും ഒരുപോലെ സര്‍ക്കാര്‍ നടപ്പിലാക്കിയത് നല്ല ഉദ്ദേശ്യത്തോടെയായിരുന്നു. പുതുതായി ഒരു കടമുറിയെങ്കിലും പണിയുമ്പോള്‍ പഞ്ചായത്തധികൃതര്‍ ഇത് അറിയണം. പക്ഷേ, നടപടിക്രമത്തിന്റെ കുരുക്കുകള്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കി. നഗരത്തിലെന്നപോലെ തൊട്ടടുത്തുള്ള പഞ്ചായത്തുകളിലും കൂറ്റന്‍ കെട്ടിടങ്ങള്‍ ഇവിടെ ഉയരുകയാണ്. ഇതിന്റെയെല്ലാം അനുവാദം വാങ്ങിക്കുന്നതും നമ്പരിടീക്കുന്നതും നികുതി തീരുമാനിപ്പിക്കുന്നതും ഇന്ന് വേണ്ടത്ര സുതാര്യമല്ല. കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ എക്‌സംപ്ഷന്‍ കൊടുക്കാന്‍ മുമ്പ് കേരളത്തില്‍ നഗരാസൂത്രണ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്ക് കഴിയുമായിരുന്നു. പാലോളി മുഹമ്മദ്കുട്ടി എന്ന നിശബ്ദനെങ്കിലും നിശ്ചയദാര്‍ഢ്യമുള്ള തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി ആ കറവപ്പശുവിനെ നിയമസഹായത്താല്‍ എടുത്തുകളഞ്ഞു. ഇപ്പോള്‍ പഞ്ചായത്തിനെ വിട്ട് മുനിസിപ്പാലിറ്റി മാത്രം പ്രത്യേക വകുപ്പാക്കി കൈവശപ്പെടുത്തിയവരുടെ ലക്ഷ്യം കൂറ്റന്‍ ഫ്‌ളാറ്റുകളും വില്ലകളും തന്നെയല്ലേ. പഴയ അധികാരം പുനസ്ഥാപിക്കുവാന്‍ ഇവര്‍ ശ്രമിക്കുമോ എന്ന് കണ്ടറിയണം. സാമ്പത്തിക വികസനത്തിനും സാമൂഹിക നീതിക്കും വേണ്ടിയുള്ള വികസന പദ്ധതികള്‍ തയ്യാറാക്കാന്‍ ബാധ്യതപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലക്ഷ്യബോധത്തോടെ എത്രയോ ദൂരം ഇനിയും സഞ്ചരിക്കേണ്ടിയിരിക്കുന്നു. ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഗ്രാമവികസന വകുപ്പും ഒന്നിച്ച് കൈകോര്‍ത്ത് പിടിച്ച് ഒരു കുടക്കീഴില്‍ അണിനിരക്കേണ്ടത് കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശിക്കുന്ന മന്ത്രിസഭ ഉപസമിതി തര്‍ക്കങ്ങള്‍ തീര്‍ക്കുവാനുള്ള മധ്യസ്ഥന്‍മാരുടെ പ്ലാറ്റ്‌ഫോം മാത്രമേ ആകു. അധികാരവികേന്ദ്രീകരണത്തില്‍കൂടി സമഗ്ര വികസനം വീണ്ടും അട്ടിമറിക്കപ്പെടും.

*
കെ പ്രകാശ് ബാബു ജനയുഗം 040611

1 comment:

വര്‍ക്കേഴ്സ് ഫോറം said...

തദ്ദേശസ്വയംഭരണവകുപ്പിനെ മൂന്ന് തുണ്ടുകളാക്കിമാറ്റാനുള്ള യു ഡി എഫ് തീരുമാനത്തില്‍ പുനഃപരിശോധനയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിക്കഴിഞ്ഞു. മുന്നണി രാഷ്ട്രീയത്തില്‍, വകുപ്പു വിഭജനത്തില്‍ സ്വാഭാവികമായി ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ നമുക്ക് മനസിലാക്കാം. എന്നാല്‍ അത് ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഏറെ ബന്ധമുള്ളതും നടപടിക്രമങ്ങളിലും നിയമ-ചട്ടങ്ങളുടെ വ്യാഖ്യാനത്തില്‍ ബാലാരിഷ്ടതകള്‍ ഇനിയും വിട്ടുമാറാത്തതും ഗ്രാമീണ-നഗരവികസനത്തില്‍ നിര്‍ണായയക പങ്ക് വഹിക്കുന്നതുമായ തദ്ദേശസ്വയംഭരണവകുപ്പിനെ കഷണങ്ങളാക്കി മുറിച്ചുമാത്രമേ പരിഹരിക്കാന്‍ കഴിയൂവെന്നത് ഗുണകരമല്ല.