Thursday, June 16, 2011

ജനത്തെ വടിയാക്കുന്ന "അതിരാത്ര"ശാസ്ത്രം

ഏപ്രില്‍ മാസം പാഞ്ഞാള്‍ നടന്ന മാസ് ഹിസ്റ്റീരിയാ പേക്കൂത്തില്‍ നിന്ന് ഇപ്പോള്‍ ശാസ്ത്രീയ "ഗുണ്ടുകള്‍" നിര്‍ത്താതെ പൊഴിയുന്ന കാലമാണല്ലോ. ആദ്യസെറ്റ് "ഗവേഷണക്കണ്ടെത്തലുകള്‍"പത്രങ്ങളിലൂടെ നമ്മുടെ മുന്നില്‍ അവതരിച്ചുകഴിഞ്ഞു, ഇക്കഴിഞ്ഞ ജൂണ്‍ 9-10 തീയതികളില്‍. കിണ്ടി-കുളം-കല്പടവ്-കാവിലമ്മ സംസ്കാരത്തിന്റെ ഫ്യൂഡല്‍ നൊസ്റ്റാള്‍ജിയ്ക്ക് കിട്ടുന്ന സുഖദമായ തലോടല്‍ മാത്രമല്ല, പാതഞ്ജല യോഗം കൊണ്ട് ക്യാന്‍സര്‍ ചികിത്സിക്കാന്‍ നടക്കുന്ന ന്യൂ ഏജ് ആള്‍‌ദൈവങ്ങളിലൂടെയും സോഫ്റ്റ്‌വെയര്‍ കോഡെഴുതാന്‍ ലോകത്തേറ്റവും നല്ല ഭാഷ സംസ്കൃതമാണെന്ന് സായിപ്പ് പറഞ്ഞതിന്റെ കുളിര്‌ പ്രസംഗിച്ച് നടക്കുന്ന നിയോബ്രാഹ്മണിക്കല്‍ ഹിന്ദുത്വരിലൂടെയും മധ്യവര്‍ഗ ഭാരതീയന്റെ ഇന്‍ഫീരിയോരി കോംപ്ലക്സിനു കിട്ടുന്ന സമാശ്വാസവും അതിരാത്രക്കൂത്തിനോടുള്ള പത്രലോകത്തിന്റെ അനുഭാവത്തോട് ചേര്‍ത്ത് വായിക്കാവുന്നതാണ്‌.

ഈ സാംസ്കാരികവിജൃംഭനത്തില്‍ ശാസ്ത്രീയതയ്ക്ക് എന്ത് സ്ഥാനം? 3,800 ഡിഗ്രി സെല്‍ഷസ് വരെ യാഗാഗ്നിക്ക് ചൂടുണ്ടായി എന്ന് നമ്പൂരിവര്യന്മാരായ "ശാസ്ത്ര-അജ്ഞര്‍" തട്ടിമൂളിക്കുമ്പോള്‍ "സാറേ, സ്വല്പം വിട്ട് പിടി" എന്ന് പറയാനുള്ള ബോധം പൂര്‍‌വസൂരികളുടെ "ടെക്നോളജിക്കല്‍ ബ്രില്യന്‍സില്‍" അന്തം വിട്ട് വായപൊളിച്ചിരിക്കുന്ന പത്രപുംഗവര്‍ക്കും ജേര്‍ണലിസ്റ്റ് ട്രെയിനികള്‍ക്കും ഇല്ലെങ്കില്‍ അവരെ കുറ്റം പറയുന്നതെങ്ങനെ ? മഹാത്മാഗാന്ധി സര്‍‌വകലാശാലയിലെയും കൊച്ചി ശാസ്ത്രസാങ്കേതിക സര്‍‌വകലാശാലയിലെയും നമ്പൂരി-നായര്‍-മേനോന്‍ സംഘമാണ്‌ യാഗശാലയുടെ മൂലയ്ക്ക് നട്ട നാലു കുരു "വേഗം വളര്‍ന്ന" അതിപ്രാചീന കാര്‍ഷിക ടെക്നോളജിയുടെ പുനരാവിഷ്കൃത വിജയം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓടവെള്ളം തീര്‍ത്ഥമായ് മോന്തുക കൈരളീ...

ആദ്യം മലയാളമാധ്യമങ്ങളില്‍ നിന്നുള്ള വാര്‍ത്താ സാമ്പിളെടുക്കാം. അതിരാത്രം പ്രഖ്യാപിച്ച 2010 ഒക്ടോബര്‍ മാസം മുതല്‍ അത് നടന്ന ഏപ്രില്‍ 2011 വരെ ഈ ആര്യവൈദികാചാരത്തിന്റെ പബ്ലിക് റിലേഷന്‍സ് പണി ആഞ്ഞ് ചെയ്ത പത്രമാണ്‌ മാതൃഭൂമി. എല്ലാ എഡീഷനിലും വന്ന ദിനം‌പ്രതിവാര്‍ത്തകള്‍ കൂടാതെ പാഞ്ഞാള്‍ വാര്‍ത്തകള്‍ക്ക് പ്രാദേശികപ്രാധാന്യമുള്ള തൃശൂര്‍ മുതലായ ജില്ലാ എഡീഷനുകളില്‍ യജ്ഞാത്ഭുതങ്ങളുടെ വിവരണം വേറെയും ഉണ്ടായിരുന്നു. കുട്ടികളില്ലാത്തവര്‍ക്ക് സല്പുത്ര ലബ്ധിക്ക് ഉണക്കലരി കരിച്ചുണ്ടായ സൗമ്യം എന്ന ചാരം വിതരണം ചെയ്തതു വര്‍ണിച്ചുകേള്‍പ്പിച്ചതും, അതിരാത്രത്തില്‍ അവസാന ദിവസം പുരയ്ക്ക് തീകൊടുക്കുന്നതിനും നാലോ അഞ്ചോ മണിക്കൂര്‍ മുന്‍പ് പെയ്ത (വേനല്‍ മഴ സ്ഥിരമായി പെയ്തിരുന്ന ഏപ്രില്‍ മാസത്തിലെ) മഴയെ "യജ്ഞപ്രസാദ"മാക്കി ജനത്തെ "ആനന്ദനൃത്തം ചവിട്ടി"ച്ചതും മാതൃഭൂമിയിലെ വി. മുരളിയാണ്‌ (link to search results).

ഏതായാലും അതിരാത്രത്തിന്റെ "ശാസ്ത്രീയ ഗുണഫലങ്ങള്‍" അവിടെ പണി നടത്തിയ ശാസ്ത്രസംഘം തന്നെ വിവരിച്ച് കൊടുത്തതുകൊണ്ട് സ്വ.ലേ.മാര്‍ക്ക് വലിയ കൈവേല വേണ്ടി വന്നിട്ടില്ല സംഭവം പൊലിപ്പിക്കാന്‍...

മാതൃഭൂമി ജൂണ്‍ 10ലെ വാര്‍ത്ത :

പാഞ്ഞാള്‍ അതിരാത്രം ഗുണഫലങ്ങള്‍ കണ്ടെത്തിയതായി ശാസ്ത്രഗവേഷക സംഘം

കൊച്ചി: അതിരാത്രം നടത്തിയ പാഞ്ഞാളിന്റെ പരിസര പ്രദേശങ്ങളില്‍ ഏറെ ഗുണഫലങ്ങളുണ്ടായതായി ശാസ്ത്രീയ പഠനത്തില്‍ കണ്ടെത്തിയതായി സംഘാടകരായ വര്‍ത്തതേ ട്രസ്റ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അതിരാത്രത്തിന്റെ സ്വാധീനം ജൈവരംഗങ്ങളില്‍ അനുഭവപ്പെടുന്നതിന്റെ ഭാഗമായി പരിസരപ്രദേശങ്ങളില്‍ വിത്തുകള്‍ മുളയ്ക്കുന്നതിന്റെ വേഗം കൂടുന്നതായും ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികളുടെ സാന്നിധ്യം ഗണ്യമായി കുറയുന്നതായും കണ്ടെത്തിയതായി ശാസ്ത്രപഠനത്തിന് നേതൃത്വം നല്‍കിയ കുസാറ്റ് ഫോട്ടോണിക്‌സ് വിഭാഗം മുന്‍ ഡയറക്ടര്‍ ഡോ. വി.പി.എന്‍. നമ്പൂതിരി വ്യക്തമാക്കി. പ്രധാന യാഗവേദിയായ ചിതിയുടെ പടിഞ്ഞാറുഭാഗത്ത് പാകിയ കടലവിത്തുകള്‍ ഇത്തരത്തില്‍ മറ്റു ഭാഗങ്ങളില്‍ പാകിയ വിത്തുകളെക്കാള്‍ അതിവേഗം വളരുന്നതായി കണ്ടെത്തി. അതിരാത്ര ചടങ്ങുകളിലൂടെയുണ്ടാകുന്ന എന്തെങ്കിലും ജൈവമാറ്റങ്ങളുടെ സ്വാധീനമാകാം ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

യാഗശാലയുടെ 500 മീറ്റര്‍ പരിധിയിലും ഒന്നര കിലോമീറ്റര്‍ പരിധിയിലും നടത്തിയ പ്രാഥമിക പരിശോധനയില്‍ യാഗശാലയോട് അടുക്കുംതോറും സൂക്ഷ്മജീവികളുടെ തോത് കുറയുന്നതായും വായുവും ജലവും മണ്ണും വളരെ ശുദ്ധമായിരിക്കുന്നതായും കണ്ടെത്തി - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിരാത്രത്തിന്റ പ്രതിഭാസങ്ങള്‍ പ്രകൃതിയിലുണ്ടാക്കുന്ന മാറ്റങ്ങളെപ്പറ്റി തുടര്‍ ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും നാല് മാസത്തിനകം ഇതേപ്പറ്റിയുള്ള വിശദവിവരങ്ങള്‍ കണ്ടെത്താനാകുമെന്നും ഡോ. നമ്പൂതിരി വ്യക്തമാക്കി. ഡോ. വി.പി.എന്‍. നമ്പൂതിരിയുടെ നേതൃത്വത്തില്‍ വ്യത്യസ്ത വിഭാഗങ്ങളിലായി ഡോ. രാജലക്ഷ്മി സുബ്രഹ്മണ്യന്‍ (കുസാറ്റ്), ഡോ. പാര്‍വതി മേനോന്‍ (എം.ജി. കോളേജ്, തിരുവനന്തപുരം), ഡോ. മായ ആര്‍. നായര്‍ (പട്ടാമ്പി ഗവ. കോളേജ്), പ്രൊഫ. സക്‌സേന (ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സ്, ബാംഗ്ലൂര്‍), പ്രൊഫ. റാവു (ആന്ധ്ര യൂണിവേഴ്‌സിറ്റി) എന്നിവരാണ് പാഞ്ഞാള്‍ അതിരാത്രത്തെപ്പറ്റി ശാസ്ത്രീയ ഗവേഷണം നടത്തിവരുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള പരീക്ഷണശാലകളില്‍ ഗവേഷണവിദ്യാര്‍ഥികളുടെ ഒരു സംഘം ഇവരോടൊപ്പം ഇതേപ്പറ്റി പഠിക്കുന്നുണ്ട്. പ്രവര്‍ഗ്യം എന്ന ചടങ്ങിലുണ്ടായ തീനാളങ്ങളുടെ സവിശേഷതകള്‍ പഠനവിധേയമാക്കിയ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അസ്‌ട്രോ ഫിസിക്‌സില്‍ നിന്നുള്ള പ്രൊഫ. സക്‌സേന ഈ തീനാളങ്ങളുടെ തീവ്രത ലേസര്‍ രശ്മികളുടേതുപോലെ അപൂര്‍വമായ താപനില രേഖപ്പെടുത്തിയതായി കണ്ടെത്തി. അതിരാത്രം നടന്ന പ്രദേശങ്ങളിലെ ഈ വൈവിധ്യങ്ങള്‍ സ്ഥിരമായി നിലനില്‍ക്കുന്നവയാണെന്നും ശാസ്ത്രഗവേഷക സംഘം നടത്തിയ പഠനത്തില്‍ പറയുന്നു. 1956ല്‍ അതിരാത്രം നടന്ന ചിതിക്ക് സമീപമുള്ള കുളത്തില്‍ ഇപ്പോഴും സൂക്ഷ്മ ജീവികളുടെ അഭാവവും ശുദ്ധവായുവിന്റെ സാന്നിധ്യവും നിലനില്‍ക്കുന്നതായും കണ്ടെത്തിയതായി ഗവേഷകര്‍ അറിയിച്ചു. ആത്മീയതയും ആധുനികതയും തമ്മില്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ എന്തെല്ലാം ബന്ധങ്ങളുണ്ടെന്ന് പരിശോധിക്കുകയാണ് ഇത്തരം പഠനങ്ങളിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഡോ. വി.പി.എന്‍. നമ്പൂതിരി വ്യക്തമാക്കി. വര്‍ത്തതേ ട്രസ്റ്റ് ഭാരവാഹികളായ ഡോ. ശിവകരന്‍ നമ്പൂതിരി, മധു കുട്ടാട്ട് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ക്യുസാറ്റിലെ ഫോട്ടോണിക്സ് മേധാവിയായി വിരമിച്ച ഒരു വി.പി എന്‍ നമ്പൂതിരിയാണ്‌ അതിരാത്ര ശാസ്ത്രീയതയുടെ മൊത്തം /ചില്ലറ വില്പന ഏറ്റിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ശാസ്ത്രലോകത്തെ നിലയെന്താണെന്ന് ഇതെഴുതുന്നയാള്‍ക്ക് അറിയില്ല. അറിയാനൊട്ട് താല്പര്യവുമില്ല. പക്ഷേ മുകളില്‍ പറഞ്ഞ പത്രക്കുറിപ്പിന്റെ പിതൃത്വം ഇദ്ദേഹത്തിനാണെങ്കില്‍ ക്യുസാറ്റിന്റെ ഫോട്ടോണിക്സ് വിഭാഗം തലപ്പത്ത് എങ്ങനെ പുള്ളി എത്തിപ്പെട്ടു എന്ന് സംശയിക്കണം ! അത്രയ്ക്കാണ്‌ ഈ വാര്‍ത്തയിലെ പ്രത്യക്ഷ വെളിവുകേടുകളും ശാസ്ത്രവിഡ്ഢിത്തങ്ങളും!

വാര്‍ത്തയിലെ പ്രസക്തഭാഗങ്ങള്‍ നോക്കാം :

[...] അതിരാത്രത്തിന്റെ പരിസരപ്രദേശങ്ങളില്‍ ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികളുടെ സാന്നിധ്യം ഗണ്യമായി കുറയുന്നതായും കണ്ടെത്തി... യാഗശാലയുടെ 500 മീറ്റര്‍ പരിധിയിലും ഒന്നര കിലോമീറ്റര്‍ പരിധിയിലും നടത്തിയ പ്രാഥമിക പരിശോധനയില്‍ യാഗശാലയോട് അടുക്കുംതോറും സൂക്ഷ്മജീവികളുടെ തോത് കുറയുന്നതായും വായുവും ജലവും മണ്ണും വളരെ ശുദ്ധമായിരിക്കുന്നതായും കണ്ടെത്തി...1956ല്‍ അതിരാത്രം നടന്ന ചിതിക്ക് സമീപമുള്ള കുളത്തില്‍ ഇപ്പോഴും സൂക്ഷ്മ ജീവികളുടെ അഭാവവും ശുദ്ധവായുവിന്റെ സാന്നിധ്യവും നിലനില്‍ക്കുന്നതായും കണ്ടെത്തിയതായി ഗവേഷകര്‍ അറിയിച്ചു. [...]

അണുനാശം ഉണ്ടാകുന്നു, ബാക്റ്റീരിയയുടെ സാന്നിധ്യം കുറയുന്നു എന്നതൊക്കെ വാര്‍ത്തകളിലുടനീളം എന്തോ "നല്ല"കാര്യമായിട്ടാണ്‌ ഘോഷിച്ചിരിക്കുന്നത്. അണുജീവി എന്ന് വച്ചാല്‍ ഏതാണ്ട് ഭീകരജീവിയാണെന്നും "സൂക്ഷ്മജീവി = രോഗാണു = കണ്ടാണുലുടന്‍ അടിച്ച് കൊല്ലേണ്ടവ" എന്നും കരുതിവശായിരിക്കുന്ന പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ ഈ നൊടുക്കു വിദ്യ മതിയാവുമായിരിക്കും ! ഓപ്പറേഷന്‍ തീയറ്ററോ ലാബോറട്ടറിയോ അണുനശീകരണം നടത്തി സ്റ്റെറിലൈസേഷന്‍ പ്രക്രിയ ചെയ്യാന്‍ മുറികള്‍ക്കകത്ത് ഫോര്‍മാല്‍ഡിഹൈഡ് പോലുള്ള ചില അണുനാശക വാതകങ്ങള്‍ പരത്തി (കുന്തിരിക്കം പുകയ്ക്കുന്ന മട്ടില്‍) അണുനാശനം ചെയ്യുന്ന പരിപാടി സാധാരണയാണ്‌. എന്നാല്‍ പൊതുജനത്തിനിടക്ക് വച്ച് ഒരു ഓലപ്പുര കെട്ടി നടത്തുന്ന പരിപാടിയില്‍ അണുനാശനം സംഭവിച്ചിട്ട് എന്ത് കാര്യമെന്നോ മണ്ണിലുള്ള അണുക്കള്‍ നശിക്കുന്നതുകൊണ്ട് എന്ത് പ്രയോജനമെന്നോ "ശാസ്ത്രജ്ഞവര്യന്മാര്‍ക്ക്" ഒരു സംശയവും ഉള്ളതായി വാര്‍ത്തകണ്ടിട്ട് തോന്നുന്നില്ല.

കാടുകള്‍ക്ക് തീയിട്ട് കരിച്ചാണ്‌ ലോകത്തെ ഏതാണ്ടെല്ലാ നാഗരികതകളും കൃഷി ആരംഭിച്ചിട്ടുള്ളത്. കാട്ടുതീയോ സാദാ വിറകുകൂട്ടിയിട്ട തീയോ ഉണ്ടായിടത്തെ ജീവാണുജാലത്തിന്റെ മാറ്റങ്ങളുമായി താരതമ്യം പോലും പറയാതെയാണ്‌ അതിരാത്രത്തിന്റെ ചുറ്റുവട്ടത്ത് "ഗുണഫല"ങ്ങള്‍ ഉണ്ടായെന്ന് തട്ടിമൂളിച്ചിരിക്കുന്നത്. അങ്ങനൊരു തീകൂട്ടല്‍ പ്രക്രിയയില്‍ നിന്ന് വ്യത്യസ്തമായി എന്തെന്ത് ജൈവ-രാസ മാറ്റങ്ങള്‍ ഭൂമിക്കുണ്ടാകാം എന്ന താരതമ്യം ആണ്‌ ഇത്തരമൊരു "ഗവേഷണ"ഫലപ്രഖ്യാപനത്തിനു മുന്‍പ് ചെയ്യേണ്ടിയിരുന്നതെന്ന പ്രാഥമികമായ വിവരം പോലുമില്ലാത്തവരാണോ സര്‍‌വകലാശാലകളിലിരുന്ന് നമ്മുടെ നികുതിപ്പണം തട്ടുന്നത്?

തുടര്‍ന്നുള്ള ഭാഗം കോമഡിയുടെ പാരമ്യമാണ്‌ : 1956ല്‍ നടന്ന അതിരാത്രച്ചിതിയുടെ ചുറ്റുവട്ടത്ത് ഇപ്പഴും സൂക്ഷ്മജീവികള്‍ നേരാം വണ്ണം എഴുന്നേറ്റ് നടക്കാറായിട്ടില്ലത്രെ. ആവൂ ... ഹിരോഷിമ-നാഗസാക്കിയില്‍ പോലും കാണുകയില്ല ഇങ്ങനെ ഞൊണ്ടിയും ഇഴഞ്ഞും നടക്കുന്ന സൂക്ഷ്മ ജീവികള്‍ !

ഒരു പത്രമല്ല, ഏതാണ്ടെല്ലാ പത്രവും ഒരേ രീതിക്കാണ്‌ അതിരാത്രഗവേഷണ വാര്‍ത്ത കൊടുത്തിരിക്കുന്നത്. സ്വന്തമായി ശാസ്ത്രകാര്യങ്ങളില്‍ ഉപദേഷ്ടാക്കള്‍ തന്നെയുള്ള ദ് ഹിന്ദു പോലൊരു പത്രം പോലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതു ആന മണ്ടത്തരമാണ്‌ :

The Hindu reports (report date: 9 June 2011) :

"[...] Temperature of the flame from the Pravagya was estimated to be 3,870 degree centigrade, according to a scientist from the Indian Institute of Astrophysics, Bangalore. The fire ball that rose from the Pravagya had unusually high intensity and a particular wavelength that is similar to what is observed in typical laser beams of the same degree... "

വീക്ഷണം വാര്‍ത്ത നോക്കുക

പ്രവര്‍ഗ്യം എന്നു ചടങ്ങിലുണ്ടായ തീ നാളങ്ങളുടെ സവിശേഷതയാണ് ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സില്‍ നിന്നുള്ള പ്രൊഫ സക്‌സേന പഠനവിധേയമാക്കിയത്. സവിശേഷ വേവ്‌ലെംഗ്‌തോടെ ലേസര്‍ രശ്മികളില്‍ കാണുന്നവിധം അസാധാരണമാം വിധം ത്രീവ്രമായ 3870 ഡിഗ്രി സെന്റിഗ്രേഡ് എന്ന ഉയര്‍ന്ന താപനിലയാണ് പ്രവര്‍ഗ്യത്തില്‍ ഉയര്‍ന്നു പൊന്തിയ അഗ്നിഗോളങ്ങള്‍ രേഖപ്പെടുത്തിയത്. ഫൈബര്‍ ഒപ്റ്റിക് സഹായത്തോടെ സ്‌പെക്‌ട്രോമീറ്ററാണ് ഇത് രേഖപ്പെടുത്തിയത്.

സൂര്യന്റെ ഉപരിതലതാപം 5500 ഡിഗ്രി സെല്‍ഷസാണ്‌. 3000 ഡിഗ്രി സെല്‍ഷസ് എന്ന് പറഞ്ഞാല്‍ അത് സൂര്യനോളം പോന്നതല്ലെങ്കിലും ചെറിയൊരു നക്ഷത്രത്തിന്റെ ഉപരിതല താപത്തോളമാണ്‌. ഒരു സാധാരണ ഇരുമ്പ് ഉരുക്കല്‍ ചൂളയിലെ (blast furnace) താപനിലകള്‍ ഉദ്ദേശം 1000-2300 ഡിഗ്രി സെല്‍ഷസ് വരെയാണ്‌. മണല്‍ ഉരുക്കിയാണ്‌ സാധാരണ ചില്ല് പാത്രങ്ങളുണ്ടാക്കുന്നതെന്ന് അറിയാമല്ലോ. മണലിന്റെ മുഖ്യഘടകമായ സിലിക്കണ്‍ ഡയോക്സൈഡ് ഉരുകുന്നത് 1700 ഡിഗ്രി സെല്‍ഷസിലാണ്‌. 2230 ഡിഗ്രി സെല്‍ഷസില്‍ ഈ ഉരുകിയ മണല്‍ തിളയ്ക്കാന്‍ തുടങ്ങുമെന്ന് കൂടി ഓര്‍ക്കുക ! അങ്ങനെയിരിക്കെ, 3,800 ഡിഗ്രി സെല്‍ഷസോളം താപമുയര്‍ന്ന അഗ്നികുണ്ഡത്തിനു ചുറ്റുമിരുന്നാണ്‌ യാഗകര്‍മ്മങ്ങള്‍ ഈ വൈദികരെല്ലാം കൂടി അനുഷ്ഠിച്ചതെന്ന് ജനം വിശ്വസിച്ചോണമെന്ന രീതിക്കാണ്‌ വാര്‍ത്തയുടെ പടപ്പ് ! ഇങ്ങനെ "ഉഗ്രമായ താപനം" കൊണ്ടൊന്നും ലേസര്‍ രശ്മികള്‍ ഉണ്ടാകില്ല. തെര്‍മല്‍ ഇക്വിലിബ്രിയം അവസ്ഥയില്‍ ഇരിക്കുന്ന ഒരു വ്യൂഹത്തില്‍ നിങ്ങള്‍ അന്തമായ ഊര്‍ജ്ജം നല്‍കിയാലും ലേസര്‍ രശ്മികളുല്പാദിപ്പിക്കാന്‍ ആവശ്യമായ "പോപ്പുലേഷന്‍ ഇന്‍‌വേര്‍ഷന്‍" പ്രതിഭാസം ഉണ്ടാകില്ല.

പ്രവര്‍ഗ്യത്തിന്റെ തീനാളത്തിന്റെ മാത്രം താപമാണ്‌ ഇതെങ്കില്‍ ശാസ്ത്രീയമായി അസാധ്യമെന്ന് പറയാനാവില്ല. വെല്‍ഡിംഗിനും മറ്റും ഉപയോഗിക്കുന്ന ഗ്യാസ് വെല്‍ഡറുകളിലെ നാളങ്ങള്‍ക്ക് 3500 ഡിഗ്രി സെല്‍ഷസ് വരെ താപമുയരാം. ഒരുനിമിഷം കൊണ്ട് കത്തിത്തീരുന്ന തീഗോളമാണെങ്കില്‍ ചുറ്റുമുള്ള മനുഷ്യരെ പൊള്ളിക്കണമെന്നുമില്ല പക്ഷേ ഇത്ര ഉയര്‍ന്ന താപത്തില്‍ "ഊര്‍ജ്ജ" സംബന്ധിയായതു "പ്രകാശ"സംബന്ധിയായതുമായ പ്രതിഭാസങ്ങള്‍ പലതും സംഭവിക്കാമെന്നും അതിനൊക്കെ വിശദീകരണം തേടുകയാണ്‌ ശാസ്ത്രലോകമെന്നും ഒക്കെയുള്ള ഒരു തെറ്റിദ്ധാരണ പൊതുജനത്തിനിടയിലും ഇതിനെ അല്പമെങ്കിലും സംശയത്തോടെ നോക്കുന്നവര്‍ക്കിടയിലും സൃഷ്ടിക്കാന്‍ തന്നെയായിരുന്നു ഈ അവ്യക്തത എന്നൂഹിക്കാം.

ഇത് The Hindu-വില്‍ വന്ന അല്പം പഴയൊരു വാര്‍ത്തയാണ്‌, published on 12th April, 2011 :

"[...] A researcher from the Indian Institute of Astrophysics is studying the molecular presence in smoke from the yagashala. If hydrogen is found in excess, it could hint purification of air. Strong air flow is reported before Pravargyam (a prefatory ceremony related to the rite, ‘Agnishtoma' or sacrifice of Soma). The speed of air flow is being studied using laserbeam deflection"

ഈ വാര്‍ത്തയില്‍ എണ്ണിപ്പറയുന്ന "ശാസ്ത്രജ്ഞസംഘ"ത്തില്‍ വിശ്വാസ്യതയുള്ളതെന്ന് പറയാവുന്നത് ബാംഗളൂരിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ആസ്ട്രോഫിസിക്സ് ആയായതുകൊണ്ടും ലേസര്‍ രശ്മി കണ്ടെന്ന് പറയുന്ന ടീമിനെ നയിച്ചത് ഏ.കെ സക്സേന (Ajay Kumar Saxena) എന്ന അവിടുത്തെ സീനിയര്‍ ആയ സയന്റിസ്റ്റായതുകൊണ്ടും അദ്ദേഹത്തിന്റെ ഡിപ്പാര്‍ട്ട്മെന്റല്‍ പേജില്‍ നിന്ന് കിട്ടിയ ജിമെയില്‍ ഐഡിയിലേക്ക് വിശദാംശങ്ങള്‍ ചോദിച്ചുകൊണ്ടും പത്രറിപ്പോര്‍ട്ടുകളുടെ സത്യാവസ്ഥയെന്തെന്ന് ആരാഞ്ഞും ഒരു മെയില്‍ ഇതെഴുതുന്ന ലേഖകന്‍ അയച്ചിരുന്നു.

അദ്ദേഹത്തിന്റെ മറുപടി ഒട്ടും അത്ഭുതപ്പെടുത്തിയില്ല : ഇങ്ങനെയൊരു നിരീക്ഷണവും അവരുടെ സംഘം പ്രാരംഭഘട്ടത്തില്‍ പോലും കണ്ടെത്തിയിട്ടില്ല. പ്രവര്‍ഗ്യത്തിലെ ഫ്ലാഷ് ഫയര്‍ സ്പെക്ട്രം അനലൈസ് ചെയ്തതൊഴിച്ചാല്‍ പുകയിലെ ഹൈഡ്രജന്‍ കണ്ടെന്റ് അനലൈസ് ചെയ്യുകയോ "ലേസര്‍ രശ്മികള്‍ക്ക് സമാനമായ തരംഗം" കിട്ടുകയോ ഒന്നും ഉണ്ടായില്ല എന്നാണ്‌ ഡോ: സക്സേന അയച്ച മറുപടിയിലുള്ളത് (അദ്ദേഹത്തോട് മെയില്‍ സംഭാഷണം അതേപടി പ്രസിദ്ധീകരിക്കാനോ എടുത്തുചേര്‍ക്കാനോ അനുവാദം ചോദിച്ചിട്ടുണ്ട്, അനുമതി ലഭിക്കുന്ന പക്ഷം ഈ ലേഖനത്തില്‍ കൂട്ടിച്ചേര്‍ക്കുന്നതാണ് - ലേഖകന്‍).

ഫോട്ടോണിക്സ് മേധാവിയായിരുന്നെന്ന പദവി ദുരുപയോഗപ്പെടുത്തിക്കൊണ്ട് വി.പി.എന്‍ നമ്പൂതിരിയെപ്പോലുള്ളവര്‍ നടത്തുന്ന തെറ്റിദ്ധരിപ്പിക്കലും പ്രചാരണവും പൊതുസമൂഹം തന്നെ ഉണര്‍ന്ന് ചോദ്യം ചെയ്യേണ്ടതാണ്‌. യാഗശാലയുടെ ഏതോ മൂലയ്ക്ക് നട്ട നാലോ ആറോ കുരു വേഗം വളര്‍ന്നത് (2000ഇരട്ടി വേഗത്തില്‍ !) ഒരു അന്താരാഷ്ട്ര ശാസ്ത്ര സമൂഹത്തിന്റെ മുന്നിലൊക്കെ കൊണ്ട് ചെന്ന് വിളമ്പിയാല്‍ അവര്‌ പുച്ഛിച്ച് വിടുകയേയുള്ളൂ, നമ്മുടെ നാട്ടില്‍ ചിലപ്പോള്‍ ബിസി 1500 കാലത്തെ കാര്‍ഷിക വിജ്ഞാനീയമെന്ന് പറഞ്ഞ് വേണമെങ്കില്‍ ഇതിനെ പൊക്കിക്കോണ്ട് നടക്കുമെങ്കിലും.

SyenaChithi_Athirathram Photo: Arayilpdas @Wikipedia

ആര്യവൈദിക സംസ്കാരം കാര്‍ഷികസംസ്കാരമായല്ല, ഏറെക്കുറേ നാടോടിരൂപത്തിലെ കന്നുകാലിപരിപാലന സംസ്കാരമായിട്ടാണ്‌ ഉരുത്തിരിഞ്ഞത് ഇന്ന് ഏറെക്കുറേ അനിഷേധ്യമായ ചരിത്രമാണ്‌. ആടുമാടുകളെക്കൊണ്ട് കിട്ടുന്ന വസ്തുവഹകള്‍ (പാല്‍, നെയ്യ്, മൃഗക്കുരുതിക്ക് നാല്‍ക്കാലികള്‍ എന്നിങ്ങനെ) ആണുപയോഗിക്കുന്നത്. ഇരുമ്പോ ചെമ്പോ കണ്ടെത്തുമ്മുന്നേയുള്ള കാലത്ത് സ്ഥാപനവല്‍കൃതമായ ചിട്ടവട്ടങ്ങള്‍ അതുപടി തുടരുന്നതിനാല്‍ തടികൊണ്ടും എളുപ്പം കത്തുന്ന വസ്തുക്കള്‍ കൊണ്ടുമുള്ളതാണ്‌ അഗ്നിചയനത്തിന്റെ സകലമാന ദ്രവ്യങ്ങളും ഉണ്ടാക്കുക. യാഗം നടത്തിയ സ്ഥലത്തിന്റെ ശേഷിപ്പായി ചുട്ട കല്ലുകൊണ്ട് കെട്ടുന്ന "ചിതി" (ഇവിടെ പക്ഷിരൂപത്തിലെ ശ്യേനച്ചിതി) മാത്രമാണ്‌ അവശേഷിക്കാറ്. വേദകാലത്തെ മതാചാരങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ വശം വിഗ്രഹാരാധനയുടെ അഭാവമാണ്‌; ഇന്ദ്രനും അഗ്നിയും വരുണനുമടക്കം (ഗ്രീക്ക്-ഈജിപ്ത് മാതൃകയിലെ) ശക്തരായ ഒരു കൂട്ടം ദേവതകളുണ്ടായിരുന്നെങ്കിലും ഇന്നയാള്‍ക്ക് ഇന്നരൂപമെന്ന് കല്പിച്ച് ബിംബം കൊത്തുന്ന പതിവ് ഉണ്ടായിരുന്നില്ല. ആരാധന വേണ്ടിവരുമ്പോള്‍ കെട്ടിയുയര്‍ത്തുന്ന യജ്ഞശാല, കുരുതിയും മറ്റും കഴിച്ച് യജ്ഞപൂര്‍ത്തിക്ക് ശേഷം കത്തിച്ചുകളയുന്ന താല്‍ക്കാലിക സെറ്റപ്പുകളാണ്‌ ഈ ചിതിസ്ഥലങ്ങള്‍ / ചൈത്യങ്ങള്‍ എന്നാണ്‌ റോമിള ഥാപ്പറിനെപ്പോലുള്ളവര്‍ പറയുന്നത്. പല സ്ഥലങ്ങളില്‍ നിന്നും ആര്‍ക്കിയോളജിക്കാര്‍ തോണ്ടിയെടുത്ത ചിതിയവിശിഷ്ടങ്ങളിലധികവും സൂചിപ്പിക്കുന്നത് നിരന്തരാരാധനയോ പ്രതിഷ്ഠകളോ ഒന്നും ഉണ്ടായിരുന്ന സൂചന അവിടങ്ങളിലില്ലായിരുന്നുവെന്നാണ്‌. ചിതിയുടെ പരിസരങ്ങള്‍ കൃഷിക്കും ഉപയോഗിച്ചിരുന്നോ എന്ന് സംശയമാണ്‌.

ചുരുക്കത്തില്‍, സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് കാലിമേച്ച് നടന്ന ഒരു സമൂഹം താല്‍ക്കാലികമായി കെട്ടിയുണ്ടാക്കുന്ന പുരകളില്‍ ദേവ പ്രീതിക്കായി നടത്തിയിരുന്ന ഒരു ആരാധനാനുഷ്ഠാനത്തെ ഊതിവീര്‍പ്പിച്ച് ലാര്‍ജ് ഹാഡ്റോണ്‍ കൊളൈഡറില്‍ ഹിഗ്സ് ബോസോണ്‍ കണങ്ങള്‍ക്ക് തെളിവ് കണ്ടെത്താന്‍ നടത്തുന്ന പരീക്ഷണം മാതിരി ആക്കിയെടുക്കുമ്പോള്‍ "യജ്ഞ-ശാസ്ത്ര"ത്തിന്റെ പേരില്‍ ഉഡായ്പ്പുകളിറക്കുമ്പോള്‍ ഇതിലേക്കൊക്കെയുള്ള ചരിത്രപരമായ അന്വേഷണത്തിലേക്കുള്ള വഴികളാണ്‌ അടഞ്ഞുപോകുന്നത്. ചര്‍ച്ച, ബിസി അഞ്ചാം നൂറ്റാണ്ടിലും മൂന്നാം നൂറ്റാണ്ടിലുമുള്ള ആര്യന്മാര്‍ക്ക് ലേസര്‍ ടെക്നോളജി അറിയാമായിരുന്നോ, പുരാണങ്ങളിലെ "ദിവ്യാസ്ത്രങ്ങള്‍" ഉത്തരാധുനിക മിസൈല്‍ സാങ്കേതികതയോട് കിടപിടിക്കുമോ എന്നതിനെയൊക്കെ ചുറ്റിപ്പറ്റിയായിപ്പോകുക സ്വാഭാവികം. നവഹിന്ദുത്വയുടെ പതാകാവാഹകര്‍ക്ക് വേണ്ടതും അതുതന്നെയാണല്ലോ.

ശതപഥ ബ്രാഹ്മണത്തിലും ശ്രൗതസൂത്രങ്ങളിലുമൊക്കെ സോമയജ്ഞങ്ങളില്‍ മൃഗബലിവേണ്ടതിനെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട് - എത്രതരം മൃഗങ്ങള്‍ വേണം, എങ്ങനെ കെട്ടിയിടണം, എങ്ങനെ അവയുടെ സകലദ്വാരങ്ങളും അടച്ച് ശ്വാസം‌മുട്ടിച്ച് കൊല്ലണം, എങ്ങനെ അവയുടെ ആന്തരാവയവങ്ങളോരോന്നായി കീറിയെടുത്ത് സമര്‍പ്പിക്കണം എന്നൊക്കെ. ശതപഥബ്രാഹ്മണത്തില്‍ അഗ്നിചയനവര്‍ണനയുടെ ആരംഭത്തില്‍ പറയുന്ന വിധിപ്രകാരമാണെങ്കില്‍ ആടുമാടുകളോടൊപ്പം ഒരു മനുഷ്യനെക്കൂടി ചേര്‍ത്ത് 5 ജന്തുക്കളെ (മനുഷ്യന്‍ ഒന്നാം മൃഗമാണ്‌ പോല്‍) ബലികൊടുക്കാനാണ്‌ പറയുന്നത്. അതും കൂടി സര്‍ക്കാര്‍ അനുവദിച്ചിരുന്നെങ്കില്‍ ചാവുന്ന ജന്തുക്കള്‍ ഹവിര്‍‌ഭാഗങ്ങളും കൊണ്ട് "ലേസര്‍ രശ്മി"കള്‍ക്കൊപ്പം പ്രപഞ്ചത്തില്‍ വിലയിക്കുന്നതിന്റെ ശാസ്ത്രപഠനം കൂടി നടത്തിയേനെ ഇക്കൂട്ടര്‍ !

ഡോ. സൂ­ര­ജ് രാ­ജന്‍

(ബോധികോമണ്‍സിനു വേ­ണ്ടി തയ്യാ­റാ­ക്കിയ ലേ­ഖ­നം­)References

  • Max Muller F (Ed.), Eggeling J (Tr) 1894.The Satapatha-Brahmana Part 3, Books V,VI and VII; in The Sacred Books of the East, Vol. XLI. Low Price Publications Delhi (Reprint 1996).

  • Kashikar CG, 1964. Bharadwaja Srauthasutra. Vaidik Samsodhana Mandala, Pune.

  • Thappar R, 1983. The Archeological Background to the Agnicayana Ritual in F.Staal (Ed), Agni: The Vedic Ritual of the Fire Altar. Asian Humanities Press, Berkeley.

  • Jha DN, 2001.The Myth of the Holy Cow. Matrix Books, New Delhi.

  • The Hindu online : Athirathram had impact on germination of seeds: study. Report from Kochi, June 9, 2011

  • The Hindu News: Findings from Athirathram to be revealed by May 15 by K. Santhosh . Tuesday, Apr 12, 2011

  • മാതൃഭൂമി ഓണ്‍ ലൈന്‍ വാര്‍ത്ത : പാഞ്ഞാള്‍ അതിരാത്രം ഗുണഫലങ്ങള്‍ കണ്ടെത്തിയതായി ശാസ്ത്രഗവേഷക സംഘം. 10 June 2011, Friday.

Recommended Reading

ഡോ: മനോജ് കോമത്ത്, 2005. വേദപാരമ്പര്യത്തിന്റെ കപടമുഖങ്ങള്‍. മൈത്രി ബുക്സ്, തിരുവനന്തപുരം.


നന്ദി

ഡോ: മനോജ് കോമത്ത്, സയന്റിസ്റ്റ് : ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം. 
സെബിന്‍ ജേക്കബ് എബ്രഹാം, എഡിറ്റര്‍ : www.malayal.am പോര്‍ട്ടല്‍
ഡോ: ചിത്രഭാനു. ഗവേഷകന്‍, അഹമ്മദാബാദ്. (Blogger ID)
Fourth Estate Critique Google Group.

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഏപ്രില്‍ മാസം പാഞ്ഞാള്‍ നടന്ന മാസ് ഹിസ്റ്റീരിയാ പേക്കൂത്തില്‍ നിന്ന് ഇപ്പോള്‍ ശാസ്ത്രീയ "ഗുണ്ടുകള്‍" നിര്‍ത്താതെ പൊഴിയുന്ന കാലമാണല്ലോ. ആദ്യസെറ്റ് "ഗവേഷണക്കണ്ടെത്തലുകള്‍"പത്രങ്ങളിലൂടെ നമ്മുടെ മുന്നില്‍ അവതരിച്ചുകഴിഞ്ഞു, ഇക്കഴിഞ്ഞ ജൂണ്‍ 9-10 തീയതികളില്‍. കിണ്ടി-കുളം-കല്പടവ്-കാവിലമ്മ സംസ്കാരത്തിന്റെ ഫ്യൂഡല്‍ നൊസ്റ്റാള്‍ജിയ്ക്ക് കിട്ടുന്ന സുഖദമായ തലോടല്‍ മാത്രമല്ല, പാതഞ്ജല യോഗം കൊണ്ട് ക്യാന്‍സര്‍ ചികിത്സിക്കാന്‍ നടക്കുന്ന ന്യൂ ഏജ് ആള്‍‌ദൈവങ്ങളിലൂടെയും സോഫ്റ്റ്‌വെയര്‍ കോഡെഴുതാന്‍ ലോകത്തേറ്റവും നല്ല ഭാഷ സംസ്കൃതമാണെന്ന് സായിപ്പ് പറഞ്ഞതിന്റെ കുളിര്‌ പ്രസംഗിച്ച് നടക്കുന്ന നിയോബ്രാഹ്മണിക്കല്‍ ഹിന്ദുത്വരിലൂടെയും മധ്യവര്‍ഗ ഭാരതീയന്റെ ഇന്‍ഫീരിയോരി കോംപ്ലക്സിനു കിട്ടുന്ന സമാശ്വാസവും അതിരാത്രക്കൂത്തിനോടുള്ള പത്രലോകത്തിന്റെ അനുഭാവത്തോട് ചേര്‍ത്ത് വായിക്കാവുന്നതാണ്‌.

ഈ സാംസ്കാരികവിജൃംഭനത്തില്‍ ശാസ്ത്രീയതയ്ക്ക് എന്ത് സ്ഥാനം? 3,800 ഡിഗ്രി സെല്‍ഷസ് വരെ യാഗാഗ്നിക്ക് ചൂടുണ്ടായി എന്ന് നമ്പൂരിവര്യന്മാരായ "ശാസ്ത്ര-അജ്ഞര്‍" തട്ടിമൂളിക്കുമ്പോള്‍ "സാറേ, സ്വല്പം വിട്ട് പിടി" എന്ന് പറയാനുള്ള ബോധം പൂര്‍‌വസൂരികളുടെ "ടെക്നോളജിക്കല്‍ ബ്രില്യന്‍സില്‍" അന്തം വിട്ട് വായപൊളിച്ചിരിക്കുന്ന പത്രപുംഗവര്‍ക്കും ജേര്‍ണലിസ്റ്റ് ട്രെയിനികള്‍ക്കും ഇല്ലെങ്കില്‍ അവരെ കുറ്റം പറയുന്നതെങ്ങനെ ? മഹാത്മാഗാന്ധി സര്‍‌വകലാശാലയിലെയും കൊച്ചി ശാസ്ത്രസാങ്കേതിക സര്‍‌വകലാശാലയിലെയും നമ്പൂരി-നായര്‍-മേനോന്‍ സംഘമാണ്‌ യാഗശാലയുടെ മൂലയ്ക്ക് നട്ട നാലു കുരു "വേഗം വളര്‍ന്ന" അതിപ്രാചീന കാര്‍ഷിക ടെക്നോളജിയുടെ പുനരാവിഷ്കൃത വിജയം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓടവെള്ളം തീര്‍ത്ഥമായ് മോന്തുക കൈരളീ...