Thursday, June 23, 2011

മാപ്പര്‍ഹിക്കാത്ത ഭരണപാതകം

കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും എന്ന കേന്ദ്രീകൃത ഭരണനിര്‍വഹണരീതിയാണ് നമ്മുടെ രാജ്യത്തുള്ളത്. ഇന്ത്യയെപ്പോലെ വലിയ രാജ്യത്തിന്റെ സങ്കീര്‍ണപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രീകൃതഭരണരീതി അനുയോജ്യമല്ലെന്ന് ഗാന്ധിജി ഉള്‍പ്പെടെ പല നേതാക്കളും അഭിപ്രായപ്പെട്ടിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സെക്രട്ടറിയറ്റുകളില്‍ തമ്പടിച്ചിരിക്കുന്ന അധികാരത്തിന്റെ ഒരു ഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയാല്‍ പ്രാദേശിക വികസനം ത്വരിതപ്പെടുത്താന്‍ കഴിയുമെന്ന മൂര്‍ത്തമായ അഭിപ്രായമാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ചത്.

1980ല്‍ ജില്ലാ കൗണ്‍സിലുകളുടെ രൂപീകരണത്തോടെ ഈ രംഗത്ത് സുപ്രധാനമായ ചുവടുവയ്പ് നടത്താന്‍ കഴിഞ്ഞു. ഈ മാറ്റം ഇന്ത്യക്ക് ഇന്നും മാതൃകയാണ്. 1982ല്‍ അധികാരത്തില്‍ വന്ന ഐക്യജനാധിപത്യമുന്നണി വീണ്ടുവിചാരമില്ലാതെ ജില്ലാ കൗണ്‍സിലുകളെ ഇല്ലായ്മചെയ്തു. അധികാരവികേന്ദ്രീകരണത്തിനും പ്രാദേശിക ഭരണസംവിധാനത്തിനും ഏറ്റ മാരകപ്രഹരമായിരുന്നു അത്. എന്നാല്‍ , 73, 74 ഭരണഘടനാഭേദഗതി നിയമം പാസായതോടെ അധികാരവികേന്ദ്രീകരണത്തിന് കരുത്തുകാട്ടാനുള്ള അവസരം ലഭിക്കുകയുണ്ടായി. ഭരണഘടനാ ഭേദഗതിമൂലം ലഭിച്ച സാധ്യതകള്‍ സംസ്ഥാനത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും പരമാവധി പ്രയോജനപ്പെടുത്താന്‍ 1996ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അധികാരവികേന്ദ്രീകരണം പൂര്‍ണഅര്‍ഥത്തില്‍ നടപ്പാക്കാനും ആസൂത്രണ നിര്‍വഹണ പ്രക്രിയയില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാനും ജനകീയാസൂത്രണ പ്രസ്ഥാനത്തിന് രൂപംനല്‍കാന്‍ തീരുമാനിച്ചത്. സംസ്ഥാന രൂപീകരണത്തിനുശേഷം ഭൂപരിഷ്കരണം കഴിഞ്ഞാല്‍ ഏറ്റവും വിപ്ലവകരമായ രണ്ട് ഭരണപരിഷ്കാര നടപടിയായിരുന്നു അധികാരവികേന്ദ്രീകരണവും ജനകീയാസൂത്രണവും. ഏറ്റവും നല്ല പഞ്ചായത്തീരാജ് സംവിധാനത്തിനുള്ള അഖിലേന്ത്യാ അവാര്‍ഡ് (3.5 കോടി രൂപ) വീണ്ടും കേരളത്തിന് ലഭിച്ചതിലൂടെ ഇടതുപക്ഷ സര്‍ക്കാര്‍ പിന്തുടര്‍ന്ന അധികാരവികേന്ദ്രീകരണ രീതികള്‍ വളരെ ശരിയായിരുന്നെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു.

എന്നാല്‍ , ഇന്ത്യക്കാകെ മാതൃകയെന്ന് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച അധികാരവികേന്ദ്രീകരണ സംവിധാനം വികൃതമാക്കുന്നതിനും നശിപ്പിക്കുന്നതിനുമാണ് തദ്ദേശസ്വയംഭരണവകുപ്പിനെ മൂന്ന് കഷണമാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറായത്. അധികാരവികേന്ദ്രീകരണം തങ്ങളുടെ സ്വന്തം കുഞ്ഞാണെന്ന് വീമ്പ് പറഞ്ഞ് നടക്കുന്ന കോണ്‍ഗ്രസ് എത്ര ലാഘവത്തോടെയാണ് തദ്ദേശസ്വയംഭരണവകുപ്പിനെ വെട്ടിമുറിച്ചത്. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരുകളുടെ ലക്ഷ്യബോധത്തോടെയുള്ള നിരന്തര പരിശ്രമഫലമായി ഉരുത്തിരിഞ്ഞുവന്ന ഒരു പ്രാദേശിക ഭരണസംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് മഹാപാതകമാണ്. ജില്ലാ കൗണ്‍സിലുകള്‍ ഇല്ലായ്മചെയ്തതുപോലെ ഈ പാപത്തിന്റെ കറയും കോണ്‍ഗ്രസിന് പേറേണ്ടിവരുമെന്നതില്‍ സംശയമില്ല. കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക സര്‍ക്കാരുകളാക്കുന്നതിനും എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടി ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. 1994ലെ പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റീസ് നിയമങ്ങള്‍ നിരവധി ചുമതലകള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിരുന്നെങ്കിലും ആ ചുമതലകള്‍ നിറവേറ്റാനുള്ള ഫണ്ട് ജനകീയാസൂത്രണംവഴി നല്‍കിയപ്പോഴാണ് അധികാരവികേന്ദ്രീകരണം അര്‍ഥവത്തായത്. സെന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത്, മുനിസിപ്പല്‍ നിയമങ്ങള്‍ സമഗ്രമായി പരിഷ്കരിക്കുകയും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയ ചുമതല നിര്‍വഹിക്കുന്നതിന് സഹായകമായ ചട്ടങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ എണ്ണം വര്‍ധിപ്പിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം ഉള്‍പ്പെടെ സ്ത്രീപ്രാതിനിധ്യം 50 ശതമാനമായി ഉയര്‍ത്തിയത് ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിയിലൂടെയാണ്. അധികചുമതല നിര്‍വഹിക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ചു. എന്‍ജിനിയര്‍മാര്‍ അടക്കമുള്ളവരെ പുനര്‍വിന്യസിച്ചു. മാത്രമല്ല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടി എന്‍ജിനിയറിങ് കേഡര്‍ രൂപീകരിച്ചു. നഗരസ്വഭാവം ആര്‍ജിച്ച പഞ്ചായത്തുകളെ മുനിസിപ്പാലിറ്റികളാക്കി. ഇപ്രകാരമുള്ള കുറെയേറെ പഞ്ചായത്തുകളെ നഗരസഭകളോട് കൂട്ടിച്ചേര്‍ത്തു. ബ്ലോക്ക് പഞ്ചായത്തുകള്‍ പുനഃസംഘടിപ്പിക്കുകയും സംസ്ഥാനത്തെ ആദ്യ ആദിവാസി പഞ്ചായത്ത് ഇടമലക്കുടിയില്‍ സ്ഥാപിക്കുകയും ചെയ്തു. 73, 74 ഭരണഘടനാ ഭേദഗതി മൂലം അപ്രസക്തമായ വികസന അതോറിറ്റികള്‍ നിര്‍ത്തലാക്കി. പഞ്ചായത്ത്, ഗ്രാമവികസനം, നഗരവികസന വകുപ്പുകളെ സെക്രട്ടറിയറ്റ് തലത്തില്‍ ഏകോപിപ്പിച്ച് ഒറ്റവകുപ്പാക്കി. മാത്രമല്ല, തദ്ദേശഭരണ പൊതുസര്‍വീസ് ക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. പഞ്ചായത്തുകളുടെ മൂന്നുതലവും തമ്മിലുള്ള ഏകോപിതമായ പ്രവര്‍ത്തനമാണ് ഇവയുടെ ഫലമായി നടന്നത്.

നഗരഗ്രാമാസൂത്രണമേഖലയില്‍ ഗണ്യമായ പരിഷ്കാര നടപടികളെടുക്കാന്‍ കഴിഞ്ഞു. ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം കുറഞ്ഞുവരുന്നതിന്റെ പശ്ചാത്തലത്തില്‍ നഗരാസൂത്രണവകുപ്പിന്റെ പ്രവര്‍ത്തനം ഗ്രാമങ്ങളിലേക്കുകൂടി വ്യാപിപ്പിച്ച് വകുപ്പിന്റെ പേരുതന്നെ ഗ്രാമനഗരാസൂത്രണവകുപ്പ് എന്നാക്കി. സമാന സ്വഭാവത്തോടെ പ്രവര്‍ത്തിച്ചിരുന്ന ക്ലീന്‍കേരള മിഷനും സമ്പൂര്‍ണ ശുചിത്വ യജ്ഞവും സംയോജിപ്പിച്ച് ശുചിത്വമിഷന് രൂപംനല്‍കി. ഇതുമൂലം 27 പഞ്ചായത്ത് ഒഴികെ 951 ഗ്രാമപഞ്ചായത്തിന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍മല്‍ പുരസ്കാരം നേടാന്‍ കഴിഞ്ഞു. പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വായ്പ നല്‍കുന്നതിനുള്ള രണ്ട് വ്യത്യസ്ത സംവിധാനമാണ് നിലവിലുണ്ടായിരുന്നത്. ഇവ ഏകോപിപ്പിച്ച് കേരള ഗ്രാമനഗര ധനവികസന കോര്‍പറേഷന്‍ രൂപീകരിച്ചു. ഇന്ത്യയില്‍ ആദ്യമായി ജില്ലാ ആസൂത്രണ സമിതികള്‍ക്ക് ആസ്ഥാനമന്ദിരം നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്ത് നഗരസഭാ ഓഫീസുകള്‍ ജനസൗഹൃദമാക്കാന്‍ ഫ്രണ്ട് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തി. ഗ്രാമവികസനവകുപ്പിന്റെ ആഭിമുഖ്യത്തിലായിരുന്ന ഡിആര്‍ഡിഎകള്‍ ജില്ലാപഞ്ചായത്തിന്റെ ദാരിദ്ര്യലഘൂകരണ മിഷനുകളാക്കി. ഗ്രാമവികസനവകുപ്പിന്റെ ചുമതലയെല്ലാം ഇപ്പോള്‍ നിര്‍വഹിക്കുന്നത് പഞ്ചായത്തുകളാണ്. ഇ എം എസ് ഭവനപദ്ധതിയും ഇന്ദിരാ ആവാസ് യോജനയും തൊഴിലുറപ്പുപദ്ധതിയും കുടുംബശ്രീപദ്ധതികളും നടപ്പാക്കുന്നത് പഞ്ചായത്തുകളാണ്. എല്ലാ പദ്ധതികളുടെയും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള അവകാശവും പഞ്ചായത്തുകള്‍ക്കാണ്. മുകളില്‍ സൂചിപ്പിച്ച പ്രകാരമുള്ള സമഗ്രമായ പരിഷ്കരണനടപടിയാണ് അധികാരവികേന്ദ്രീകരണ രംഗത്ത് കേരളത്തെ വ്യത്യസ്തമാക്കുന്നത്. ഈ മാതൃകയാണ് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നത്. ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് ഗ്രാമവികസനവകുപ്പ് പുനരുജ്ജീവിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വികസന അതോറിറ്റികള്‍ പുനഃസ്ഥാപിക്കാനുള്ള നീക്കവും മണ്ടത്തരമാണ്. നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് സമിതികളും നഗരസഭകളും കൈകാര്യം ചെയ്യേണ്ട ജില്ലയുടെ വികസനം സര്‍ക്കാര്‍ ഉത്തരവിലൂടെ രൂപീകരിക്കുന്ന വികസന അതോറിറ്റികള്‍ക്ക് കൈമാറുന്നത് ജനാധിപത്യവിരുദ്ധമാണ്. ഒരേ പ്രവൃത്തി ചെയ്യാന്‍ നിരവധി ഏജന്‍സികള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്.

ചുരുക്കത്തില്‍ ഭരണപരമായും ഘടനാപരമായും നിരവധി പരിഷ്കാരം തദ്ദേശഭരണ സ്ഥാപനങ്ങളെ സഹായിക്കുന്ന തരത്തില്‍ നടപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞു. പഞ്ചായത്തുകളെയും നഗരസഭകളെയും അക്ഷരാര്‍ഥത്തില്‍ സ്വയംഭരണ സ്ഥാപനങ്ങളാക്കി മാറ്റാനാണ് ശ്രമിച്ചത്. തദ്ദേശഭരണ സ്ഥാപനങ്ങളെ ഭരിക്കാന്‍ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. അവയെ സഹായിക്കുകയും പൊതുവികസന ചട്ടക്കൂടുകള്‍ തയ്യാറാക്കി കൊടുക്കുകയുമാണ് സര്‍ക്കാരിന്റെ ചുമതല. അതിനപ്പുറമുള്ള അധികാരം സര്‍ക്കാരിനുണ്ടാകുന്നത് വികേന്ദ്രീകരണ സങ്കല്‍പ്പത്തിന് എതിരാണ്. അതുകൊണ്ട് മൂന്ന് മന്ത്രിമാര്‍ നേരിട്ട് ഭരിച്ച് തദ്ദേശഭരണ സ്ഥാപനങ്ങളെ കാര്യക്ഷമമാക്കാമെന്ന യുഡിഎഫ് വാദം ശുദ്ധഭോഷ്കാണ്. മറ്റ് സംസ്ഥാനങ്ങള്‍ മാതൃകയായി സ്വീകരിക്കുകയും കേന്ദ്രസര്‍ക്കാര്‍തന്നെ തുടര്‍ച്ചയായി അവാര്‍ഡുകള്‍ തന്ന് ആദരിക്കുകയും ചെയ്യുന്ന കേരളത്തിലെ അധികാരവികേന്ദ്രീകരണ സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് സംസ്ഥാന താല്‍പ്പര്യത്തിന് എതിരാണ്. തെറ്റ് മനസ്സിലാക്കി തിരുത്താന്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ തയ്യാറാകുമോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്.

*
പാലോളി മുഹമ്മദ്കുട്ടി ദേശാഭിമാനി 23 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍ക്കാരും എന്ന കേന്ദ്രീകൃത ഭരണനിര്‍വഹണരീതിയാണ് നമ്മുടെ രാജ്യത്തുള്ളത്. ഇന്ത്യയെപ്പോലെ വലിയ രാജ്യത്തിന്റെ സങ്കീര്‍ണപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രീകൃതഭരണരീതി അനുയോജ്യമല്ലെന്ന് ഗാന്ധിജി ഉള്‍പ്പെടെ പല നേതാക്കളും അഭിപ്രായപ്പെട്ടിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സെക്രട്ടറിയറ്റുകളില്‍ തമ്പടിച്ചിരിക്കുന്ന അധികാരത്തിന്റെ ഒരു ഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയാല്‍ പ്രാദേശിക വികസനം ത്വരിതപ്പെടുത്താന്‍ കഴിയുമെന്ന മൂര്‍ത്തമായ അഭിപ്രായമാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ചത്.