Saturday, June 25, 2011

മലയാളഭാഷയും യു ഡി എഫ്‌ ഗവണ്‍മെന്റും

കഴിഞ്ഞ എല്‍ ഡി എഫ്‌ സര്‍ക്കാര്‍ കൈക്കൊണ്ട സുപ്രധാന നടപടികളിലൊന്നായിരുന്നു നമ്മുടെ സ്‌കൂളുകളില്‍ മലയാള ഭാഷയെ ഒന്നാംഭാഷയാക്കിക്കൊണ്ട്‌ ഇറക്കിയ ഉത്തരവ്‌. നിയമസഭയില്‍ ഒരു എം എല്‍ എ ഉന്നയിച്ച ഉപക്ഷേപത്തോടു പ്രതികരിച്ചുകൊണ്ട്‌ മലയാള ഭാഷ നേരിടുന്ന അവഗണനയും പരിരക്ഷക്കുറവും അന്നത്തെ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ വിശദീകരിക്കുകയുണ്ടായി. മാത്രമല്ല, മലയാള ഭാഷയ്‌ക്ക്‌ നമ്മുടെ പാഠ്യപദ്ധതിയില്‍ കൂടുതല്‍ പരിഗണനയും പ്രാധാന്യവും ലഭിക്കുന്നതിന്‌ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച്‌ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു സമിതിയെ നിയോഗിക്കുകയും ചെയ്‌തു. ശ്രദ്ധേയമായ ഒരു വസ്‌തുത നിയമസഭയില്‍ മലയാളഭാഷാ പ്രശ്‌നം ഉന്നയിച്ചത്‌ അന്ന്‌ പ്രതിപക്ഷത്തായിരുന്ന ഒരു കോണ്‍ഗ്രസ്‌ എം എല്‍ എ തന്നെയായിരുന്നുവെന്നാണ്‌. മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ മറുപടിയില്‍ ഇപ്രകാരം സൂചിപ്പിച്ചു. ``മാതൃഭാഷ നമ്മുടെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ഒന്നാംഭാഷയായി പഠിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ഭാഷാ സ്‌നേഹികള്‍ക്ക്‌ പ്രക്ഷോഭം നടത്തേണ്ടിവരുന്നത്‌ സഭയില്‍ അപ്പുറവും ഇപ്പുറവും ഇരിക്കുന്നവര്‍ക്ക്‌ ലജ്ജാകരം തന്നെയാണ്‌. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തെയും പാഠ്യപദ്ധതിയില്‍ അതതിടത്തെ മാതൃഭാഷയ്‌ക്ക്‌ ഇല്ലാത്തദുരനുഭവം കേരളത്തില്‍ മലയാളത്തിനുണ്ടായത്‌ ഈ കാലമത്രയും നമുക്ക്‌ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട്‌ ബഹുമാനപ്പെട്ട അംഗം പ്രകടിപ്പിച്ച ഉത്‌കണ്‌ഠ ന്യായമാണ്‌''. ചുരുക്കിപ്പറഞ്ഞാല്‍, ഭരണപക്ഷവും പ്രതിപക്ഷവും മലയാള ഭാഷയ്‌ക്കുവേണ്ടി ഉത്‌കണ്‌ഠപ്പെടുകയും ഒറ്റക്കെട്ടായി ചില നിലപാടുകള്‍ സ്വീകരിക്കാന്‍ തയാറാകുകയും ചെയ്യുന്നുവെന്നറിഞ്ഞപ്പോള്‍ ഏതൊരു ഭാഷാസ്‌നേഹിയും അതിരുറ്റു സന്തോഷിച്ചിട്ടുണ്ടാകും.

മലയാളഭാഷ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഒന്നാംഭാഷയും നിര്‍ബന്ധിത ഭാഷയുമാക്കുന്നതിനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ ഡോ. ആര്‍ വി ജി മേനോന്‍ അധ്യക്ഷനായ കമ്മിറ്റിയെയാണ്‌ ചുമതലപ്പെടുത്തിയത്‌. ആ സമിതി ഭാഷാപഠനത്തില്‍ നമ്മുടെ സംസ്ഥാനത്തും മറ്റ്‌ സംസ്ഥാനങ്ങളിലുമുള്ള അവസ്ഥാപഠനമാണ്‌ ആദ്യം നടത്തിയത്‌. നിലവിലുള്ള സ്ഥിതി അനുസരിച്ച്‌ ഒന്നും രണ്ടും ഭാഷ മലയാള ഭാഷയായും ഒന്നാംഭാഷ അറബിക്‌, സംസ്‌കൃതം, ഉര്‍ദുഭാഷ പഠിക്കുന്നവര്‍ രണ്ടാം ഭാഷയായി മലയാളവും ഇവിടെ പഠിക്കുന്നുണ്ട്‌. രണ്ടാം ഭാഷയായി മലയാളം പഠിക്കുന്ന കുട്ടികള്‍ക്ക്‌ പൊതുവേ മാതൃഭാഷാ പ്രാവീണ്യം കുറഞ്ഞുവരുന്നതായും അത്‌ ഇതരവിഷയങ്ങളുടെ പഠനത്തെ ബാധിക്കുന്നതായും ആ കമ്മിറ്റി നിരീക്ഷിക്കുന്നുണ്ട്‌. ഓറിയന്റല്‍ സ്‌കൂളുകള്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ ഒന്നാം ഭാഷയും രണ്ടാം ഭാഷയും സംസ്‌കൃതമോ അറബിയോ ആയതിനാല്‍, ഈ സ്‌കൂളുകളിലെ കുട്ടികള്‍ക്ക്‌ ഒരു ഭാഷയായി മലയാളം പഠിക്കേണ്ടതില്ല. ഈ സ്‌കൂളുകളില്‍ നിന്ന്‌ പാസായി ഇറങ്ങുന്ന കുട്ടികള്‍ക്ക്‌ പ്രൈമറി ക്ലാസില്‍ മലയാളം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ പഠിപ്പിക്കാനായി ടി ടി സി കോഴ്‌സിന്‌ പ്രവേശനം നേടുകയും ചെയ്യാമെന്നത്‌, മലയാള ഭാഷാ പഠനം നേരിടുന്ന മറ്റൊരു ദുര്‍ഗതിയല്ലാതെ മറ്റെന്താണ്‌? അന്യദേശത്തു നിന്ന്‌ കുടിയേറിയിട്ടുള്ളവരുടെ കുട്ടികള്‍ക്ക്‌ പഠിക്കുവാന്‍ വേണ്ടി സംസ്ഥാനത്ത്‌ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചില സ്‌കൂളുകളുണ്ട്‌. ഇവിടെ ഇംഗ്ലീഷാണ്‌ അവര്‍ ഭാഷയായി പഠിക്കുന്നത്‌. കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ ഒന്നാംഭാഷ ഇംഗ്ലീഷാണ്‌. രണ്ടാം ഭാഷയായി മലയാളം ആവശ്യമുണ്ടെങ്കില്‍ കുട്ടിക്ക്‌ തിരഞ്ഞെടുക്കാം. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാകട്ടെ ഇംഗ്ലീഷ്‌ മാത്രമാണ്‌ ഒരുഭാഷയായി കുട്ടികള്‍ക്ക്‌ പഠിക്കുവാനുള്ളത്‌.

എന്നാല്‍ നമ്മുടെ ചുറ്റുമുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി തികച്ചും വ്യത്യസ്‌തമാണ്‌. ആന്ധ്രാപ്രദേശില്‍ ഉര്‍ദു മാതൃഭാഷയായിട്ടുള്ള വലിയൊരു വിഭാഗം അവിടെയുള്ളപ്പോള്‍ പോലും ഈ വിഭാഗം കുട്ടികള്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ മാതൃഭാഷയായ തെലുങ്ക്‌ എല്ലാവരും നിര്‍ബന്ധിതമായി സ്‌കൂള്‍ ക്ലാസില്‍ (1-10) പഠിച്ചേ പറ്റൂ. കര്‍ണാടകത്തിലാകട്ടെ (1-12) ക്ലാസുകളിലെ എല്ലാ കുട്ടികളും മാതൃഭാഷയായ കന്നട പഠിക്കണമെന്ന്‌ നിഷ്‌കര്‍ഷിക്കുന്നു. തമിഴ്‌നാട്ടുകാര്‍ (1-12) ക്ലാസുകളില്‍ നിര്‍ബന്ധിതഭാഷയായി തമിഴ്‌ പഠിക്കണം. ഇംഗ്ലീഷാണ്‌ സംസ്ഥാനത്തെ രണ്ടാംഭാഷ. സി ബി എസ്‌ ഇ, ഐ സി എസ്‌ ഇ സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ രണ്ടു ഭാഷ പഠിക്കണമെന്നിരിക്കെ ഒരു ഭാഷയെന്ന നിലയില്‍ ഇംഗ്ലീഷ്‌/ഹിന്ദി കുടാതെ മലയാളം പഠിക്കാനവസരമുണ്ട്‌. ആരും തയ്യാറാകുന്നില്ലെങ്കിലും.

എന്തിനാണ്‌ ഒരു ഭാഷയായി മലയാളം പഠിക്കണമെന്ന്‌ നിര്‍ബന്ധം പിടിക്കുന്നത്‌? മലയാളം പഠനമാധ്യമമായി പഠിച്ചാലും പോരെ എന്നു ചോദിക്കുന്നവരുമുണ്ട്‌. മലയാള ഭാഷാപഠനത്തെക്കുറിച്ച്‌ ഉത്‌കണ്‌ഠപ്പെട്ട നിയമസഭാംഗത്തിന്‌ അന്ന്‌ മുഖ്യമന്ത്രി പറഞ്ഞ മറുപടിയില്‍ ഇതിനുവ്യക്തമായ ഉത്തരമുണ്ട്‌. ``പഠനമാധ്യമം മലയാളമാകല്‍ മാത്രമല്ല പ്രശ്‌നം. പഠനമാധ്യമം ഏതായാലും ഒന്നാംഭാഷയായി മലയാളം പഠിപ്പിക്കണം. കാരണം മാതൃഭാഷ നിര്‍ബന്ധമായി പഠിച്ചിരിക്കേണ്ടത്‌ സംസ്‌കാരത്തിന്റെ നിലനില്‍പ്പിനും മുന്നേറ്റത്തിനും സാമൂഹിക പുരോഗതിക്കും അനിവാര്യമാണെന്ന ബോധം വേണം''.

ആര്‍ വി ജി മേനോന്‍ കമ്മറ്റി പഠനം നടത്തി നല്‍കിയ ശുപാര്‍ശകള്‍ കഴിഞ്ഞ സര്‍ക്കാര്‍ അംഗീകരിച്ച്‌ ഉത്തരവിറക്കുകയുണ്ടായി. അതനുസരിച്ച്‌ കേരളത്തിലെ എല്ലാ സ്‌കൂളുകളിലും മാതൃഭാഷയായ മലയാളം ഒന്നാംഭാഷയായി പരിഗണിക്കുകയും നിര്‍ബന്ധിതഭാഷയായി പഠിക്കുകയും വേണം. ഇപ്പോള്‍ രണ്ടാംഭാഷയായി മലയാളം പഠിക്കുന്ന കുട്ടികള്‍ക്ക്‌ മാതൃഭാഷാപഠനം ആഴ്‌ചയില്‍ രണ്ട്‌ പീരീഡ്‌ എന്നുള്ളത്‌ മൂന്നാക്കി മാറ്റണം. ഓറിയന്റല്‍ സ്‌കൂളുകളില്‍ മലയാളഭാഷാ പഠനം അധികസമയം കണ്ടെത്തി നിര്‍വഹിക്കണം. ഇപ്പോള്‍ മാതൃഭാഷാപഠനത്തിന്‌ അവസരമില്ലാത്ത വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറികളില്‍ മലയാളഭാഷാപഠനം പുതുതായി ആരംഭിക്കണം. ഈ നിര്‍ദേശങ്ങള്‍ അനുസരിക്കുകയാണെങ്കില്‍ സ്‌കൂള്‍ ക്ലാസുകളില്‍ മാതൃഭാഷാപഠനത്തിന്റെ പിരീഡ്‌ ഒന്നു കൂടി വര്‍ധിക്കും. ഈ പിരീഡ്‌ എങ്ങനെ കണ്ടെത്താം? സംസ്ഥാനത്തെ പാഠ്യപദ്ധതിക്കും പഠനപ്രവര്‍ത്തനങ്ങള്‍ക്കും ദിശാബോധവും നേതൃത്വവും നല്‍കുന്ന എസ്‌ സി ഇ ആര്‍ ടി തന്നെ, ഐ ടി പ്രാക്‌ടിക്കല്‍ പഠന പീരീഡ്‌ ഐ ടി പഠനത്തെ സംബന്ധിച്ച പുതിയ കാഴ്‌ചപ്പാടുകളനുസരിച്ച്‌ പ്രസക്തമല്ലെന്നും അതിനാല്‍ അതില്‍ നിന്ന്‌ ഒരു പീരീഡ്‌ ഭാഷാപഠനത്തിന്‌ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും നിര്‍ദേശിക്കുകയുണ്ടായി. ഭാഷാപഠനം സംബന്ധിച്ച്‌ ഇപ്രകാരം ഏറെക്കുറെ സ്വീകാര്യമായ നിര്‍ദേശങ്ങള്‍ കഴിഞ്ഞ സര്‍ക്കാര്‍ രൂപീകരിച്ചെടുത്ത്‌ നടപ്പിലാക്കാന്‍ ശ്രമിച്ചത്‌ ഭരണമാറ്റത്തോടെ അട്ടിമറിക്കപ്പെട്ടിരിക്കുന്ന കാഴ്‌ചയാണ്‌ നാം കാണുന്നത്‌. ഐ ടി പ്രാക്‌ടിക്കല്‍ പീരീഡ്‌ ഭാഷാപഠനത്തിന്‌ മാറ്റിവെക്കുന്നതിന്‌ എതിരെ ഐടി@സ്‌കൂള്‍ ഡയറക്‌ടര്‍ തന്നെ രംഗത്തുവന്നത്‌ മലയാളഭാഷാ വിരുദ്ധര്‍ക്ക്‌ കിട്ടിയ നല്ല അവസരമായി. ആധുനിക വിഷയമായ ഐ ടി പോലൊരു ക്ലാസിന്റെ സ്ഥാനം അപഹരിച്ച്‌ വെറും മലയാളപഠനം നടത്തണമെന്നു പറയുന്നവര്‍ തന്നെ പഴഞ്ചന്‍മാരാണെന്നു വന്നു. മാതൃഭാഷാപഠനം നിര്‍ബന്ധമാക്കാന്‍ ഉദ്ദേശ്യമില്ലെന്നു തന്നെ പുതിയ വിദ്യാഭ്യാസമന്ത്രി നയം പ്രഖ്യാപിച്ചു. അതില്‍ നിരാശരായവര്‍ക്ക്‌ പ്രതീക്ഷ നല്‍കിക്കൊണ്ട്‌ സാക്ഷാല്‍ മുഖ്യമന്ത്രി തന്നെ മാതൃഭാഷയെ ഒന്നാംഭാഷയായും നിര്‍ബന്ധിതഭാഷയായും സ്‌കൂളുകളില്‍ നിലനിര്‍ത്തുമെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തു. മുഖ്യമന്ത്രിയുടെ വേഗതയേറിയ തീരുമാനത്തെ ശ്ലാഘിച്ചുകൊണ്ട്‌ സാംസ്‌കാരിക നായകരുടെ പ്രസ്‌താവനകളുടെ ഘോഷയാത്രയും വന്നു. എന്നാല്‍ നാളിതു വരെ ഇക്കാര്യത്തില്‍ ഒരു ഉത്തരവിറക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറെടുത്തിട്ടില്ലെന്നത്‌ യു ഡി എഫ്‌ സര്‍ക്കാര്‍ ഭരണം പ്രസ്‌താവനകളില്‍ മാത്രമാണെന്ന അപ്രിയസത്യത്തെ ശരിവെക്കുക തന്നെയല്ലേ?

ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ തീരുമാനം സംബന്ധിച്ച്‌ മാധ്യമങ്ങളില്‍ നിന്നു മനസിലാക്കുന്നത്‌ ശരിയാണെങ്കില്‍, സ്‌കൂളുകളിലെ ഒഴിവുവേളകളില്‍ ആവശ്യമുണ്ടെങ്കില്‍ മലയാളം പഠിപ്പിച്ചാല്‍ മതിയെന്നതാണ്‌. ഭാഷാ പഠനത്തിന്‌ വേണ്ടി ഒരു പീരീഡ്‌ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറല്ല തന്നെ, മാത്രമല്ല, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ അധിക ബാധ്യതവരാതെ വേണമെങ്കില്‍ മലയാളം പഠിപ്പിക്കുന്നതില്‍ സര്‍ക്കാരിന്‌ എതിര്‍പ്പില്ലത്രെ. അതായത്‌ ഭാഷ പഠിപ്പിക്കാന്‍ അധ്യാപകരെ നിയമിക്കാനാവില്ലെന്നു തന്നെ. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രായോഗിക തലത്തില്‍ വന്നപ്പോള്‍ എത്ര ദുര്‍ബലമായി! കേരളത്തിലെ പൊതുസമൂഹം ആഗ്രഹിക്കുന്ന ഭരണപ്രതിപക്ഷങ്ങള്‍ ഒരുപോലെ ഉല്‍കണ്‌ഠപ്പെട്ട മലയാള ഭാഷാ പഠനം നിര്‍ബന്ധിതമാക്കാന്‍ ആരെയാണ്‌ സര്‍ക്കാര്‍ ഭയപ്പെടുന്നത്‌? മറ്റുള്ള ഭാഷകളോടുള്ള പ്രീതിക്കുറവോ, നിഷേധമോ ആകുമെന്ന ആശങ്കയാണോ? കേരളത്തിലെ മുഖ്യമന്ത്രിയില്‍ നിന്ന്‌ ധീരമായ നിലപാടാണ്‌ ഇക്കാര്യത്തില്‍ ഭാഷാസ്‌നേഹികള്‍ ആഗ്രഹിച്ചത്‌.

ഭാഷാപഠനം നിര്‍ബന്ധിതമാക്കുന്നതിനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ രൂപീകരിച്ച സമിതിയുടെ റിപ്പോര്‍ട്ടില്‍ ഇപ്രകാരം പറയുന്നുണ്ട്‌. ``ജനങ്ങളെ ഐക്യപ്പെടുത്തുന്ന പ്രധാനഘടകമാണ്‌ ഭാഷ. ഇതര ദേശങ്ങളില്‍ നിന്ന്‌ എത്തുന്നവര്‍ ഒരു പ്രദേശത്ത്‌ ഒത്തുകൂടുമ്പോള്‍ അവിടുത്തെ വായുവും ജലവും മറ്റ്‌ പ്രകൃതി വിഭവങ്ങളും എന്നപോലെ ഭാഷയും അവരുടെ ഭാഗമായിത്തീരുന്നു. അധിനിവേശകാലത്തു മാത്രമാണ്‌ ഇതിനപവാദമുണ്ടാകുക. അത്തരം സന്ദര്‍ഭങ്ങളില്‍ പ്രകൃതി വിഭവങ്ങളെയും ജനങ്ങളെയും അടിമപ്പെടുത്തുന്നതിന്റെ ഭാഗമായി ഭാഷയും അടിച്ചേല്‍പ്പിക്കുന്നു. അതിനാല്‍, ദേശീയോദ്‌ഗ്രഥനവും ദേശത്തിന്റെ തനിമ സംബന്ധിച്ച വിശാലകാഴ്‌ചപ്പാടും പരിഗണിച്ച്‌ മലയാളം കേരളത്തില്‍ ഒന്നാംഭാഷയായി പഠിപ്പിക്കേണ്ടതാണ്‌''. വിദ്യാഭ്യാസ അവകാശ നിയമവും പാഠ്യപദ്ധതിയും മാതൃഭാഷാ പഠനത്തിന്റെ പ്രാധാന്യം എടുത്തുപറയുന്നുണ്ട്‌. പൊതു സമൂഹമാകെ ആഗ്രഹിക്കുന്ന ഈ നിലപാട്‌ നടപ്പിലാക്കാന്‍ മുഖ്യമന്ത്രി ധീരതകാണിക്കണം.

*
എന്‍ ശ്രീകുമാര്‍ ജനയുഗം 25 ജൂണ്‍ 2011

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കഴിഞ്ഞ എല്‍ ഡി എഫ്‌ സര്‍ക്കാര്‍ കൈക്കൊണ്ട സുപ്രധാന നടപടികളിലൊന്നായിരുന്നു നമ്മുടെ സ്‌കൂളുകളില്‍ മലയാള ഭാഷയെ ഒന്നാംഭാഷയാക്കിക്കൊണ്ട്‌ ഇറക്കിയ ഉത്തരവ്‌. നിയമസഭയില്‍ ഒരു എം എല്‍ എ ഉന്നയിച്ച ഉപക്ഷേപത്തോടു പ്രതികരിച്ചുകൊണ്ട്‌ മലയാള ഭാഷ നേരിടുന്ന അവഗണനയും പരിരക്ഷക്കുറവും അന്നത്തെ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ വിശദീകരിക്കുകയുണ്ടായി. മാത്രമല്ല, മലയാള ഭാഷയ്‌ക്ക്‌ നമ്മുടെ പാഠ്യപദ്ധതിയില്‍ കൂടുതല്‍ പരിഗണനയും പ്രാധാന്യവും ലഭിക്കുന്നതിന്‌ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച്‌ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു സമിതിയെ നിയോഗിക്കുകയും ചെയ്‌തു.

മുക്കുവന്‍ said...

കാരണം മാതൃഭാഷ നിര്‍ബന്ധമായി പഠിച്ചിരിക്കേണ്ടത്‌ സംസ്‌കാരത്തിന്റെ നിലനില്‍പ്പിനും മുന്നേറ്റത്തിനും സാമൂഹിക പുരോഗതിക്കും അനിവാര്യമാണെന്ന ബോധം വേണം''...

may be you want this.. but majority dont want it. so why do you want to impose it? that is not democratic way...