Thursday, June 2, 2011

ഭക്ഷ്യവിലക്കയറ്റം ദശലക്ഷങ്ങളെ പട്ടിണിക്കാരാക്കുന്നു

ഏഷ്യാ-പെസഫിക് മേഖലയിലെ വികസ്വരരാജ്യങ്ങള്‍ക്ക് അടിക്കടി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെയും ഇന്ധനത്തിന്റെയും വില കനത്ത വെല്ലുവിളിയാണ്. ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മിഷന്‍ ഫോര്‍ ഏഷ്യാ ആന്‍ഡ് പസഫിക്ക് (എസ്‌കാപ്പ്) തയ്യാറാക്കിയ കണക്കനുസരിച്ച് ഈ മേഖലയില്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വളര്‍ച്ചാനിരക്ക് 9.5 ശതമാനവും ഇന്ത്യയുടേത് 8.7 ശതമാനവുമാണെന്ന് കാണുന്നു, 2011 ല്‍ ഈ മേഖലയിലെ സമ്പദ്‌വ്യവസ്ഥകളുടെ ശരാശരി വളര്‍ച്ചാനിരക്ക് 7.3 ശതമാനത്തോളവുമായിരിക്കും.
2010 ഓഗസ്റ്റ് മുതലിങ്ങോട്ട് വിവിധ രാജ്യങ്ങളില്‍ ഭക്ഷ്യവിലവര്‍ധനവിന്റെ തോത് 35 ശതമാനംവരെയായിരുന്നു. എണ്ണവില വര്‍ധന 45 ശതമാനം വരെയും.

'എസ്‌കാപ്പ്' പ്രസിദ്ധീകരിച്ചിരിക്കുന്ന ''ഇക്കണോമിക്ക് ആന്‍ഡ് സോഷ്യല്‍ സര്‍വെ ഓഫ് ഏഷ്യാ ആന്‍ഡ് ദി പസഫിക്ക്, 2011'' എന്ന പേരിലുള്ള റിപ്പോര്‍ട്ടില്‍ കാണുന്നത് ഈ മേഖലയില്‍ 2011 ല്‍ 42 ദശലക്ഷം പേര്‍ കൂടുതലായി ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്നവരായുണ്ടാകുമെന്നാണ്. 2010 ലെ 19 ദശലക്ഷം പേര്‍ ഇപ്പോള്‍തന്നെ ദാരിദ്ര്യരേഖയ്ക്ക് താഴെയുണ്ട്. വന്‍തോതിലുള്ള ഈ വര്‍ധനവിനു കാരണമായിട്ടുള്ളത് ഭക്ഷ്യസാധനങ്ങളുടെയും എണ്ണയുടെയും വില വര്‍ധനവാണെന്നു പഠനം വെളിവാക്കുന്നു. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ദാരിദ്ര്യത്തിന്റെ തോത് ഒരു ദശകത്തിനകം പകുതിയായി കുറയ്ക്കുക എന്ന സഹസ്രാബ്ദ വികസനലക്ഷ്യം നേടാന്‍ ഇനിയും ഏറെക്കാലം വേണ്ടിവരുമെന്ന് വ്യക്തം.

റഷ്യ, കസാക്കിസ്ഥാന്‍, ഉക്രയിന്‍ എന്നീ രാജ്യങ്ങളില്‍ വിളനാശം മൂലവും പാകിസ്ഥാനിലും ഓസ്‌ട്രേലിയയിലും വെള്ളപ്പൊക്കംമൂലവും ചൈനയില്‍ വരള്‍ച്ചമൂലവും ഉണ്ടായ കെടുതികള്‍ കുറച്ചൊന്നുമായിരുന്നില്ല. റഷ്യയെപ്പോലെയുള്ള രാജ്യങ്ങള്‍ ഭക്ഷ്യകയറ്റുമതി നിരോധിച്ചതിനെ തുടര്‍ന്ന് ആഗോളവിപണിയില്‍ ഭക്ഷ്യവിലവര്‍ധിച്ചു. ഇതിനു പുറമെ, ജൈവ ഇന്ധനനിര്‍മാണത്തിന് ഭക്ഷ്യധാന്യങ്ങള്‍ വിനിയോഗിക്കപ്പെട്ട നടപടിയും പ്രശ്‌നം ഗുരുതരമാകാന്‍ വഴിവെച്ചു. അമേരിക്കയില്‍ 40 ശതമാനം ധാന്യങ്ങളാണ് ഈ വിധത്തില്‍ ഭക്ഷ്യാവശ്യങ്ങള്‍ക്കായി നിഷേധിക്കപ്പെട്ടതെന്നോര്‍ക്കുക. ഇതിനെല്ലാം ഉപരിയായാണ് ഭക്ഷ്യധാന്യങ്ങളുടെ പൂഴ്ത്തിവെയ്പ്പും ഊഹക്കച്ചവടവും വ്യാപകമായി നടക്കുന്നത്. മാന്ദ്യപ്രതിരോധ നടപടികളുടെ പേരില്‍ വികസിത രാജ്യങ്ങളില്‍ പണത്തിന്റെ ലിക്വിഡിറ്റിയിലുണ്ടായ പെരുപ്പവും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതയിലുണ്ടായ ഇടിവിനോടൊപ്പം അവയുടെ ഡിമാന്‍ഡില്‍ ഉണ്ടായ വര്‍ധനവും വില വര്‍ധനവിനിടയാക്കി. സപ്ലൈ ഡിമാന്‍ഡ് പൊരുത്തക്കേട് വിലക്കയറ്റത്തിനിടയാക്കുമെന്നത് ധനശാസ്ത്രവിജ്ഞാനത്തിന്റെ പ്രാഥമിക പ്രായോഗിക പാഠങ്ങളിലൊന്നാണല്ലോ. ഇതോടൊപ്പം ഊഹക്കച്ചവടവും കൂടിയായപ്പോള്‍ ദൂഷിതകവലയം പൂര്‍ത്തിയാവുകയും ചെയ്തു.

പെരുകിവരുന്ന ഭക്ഷ്യ-എണ്ണവിലകള്‍ക്ക് കടിഞ്ഞാണിടാന്‍ ലക്ഷ്യമിട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പണനയം കൂടുതല്‍ കര്‍ക്കശമാക്കാന്‍ ഒരിക്കലല്ല, പലവട്ടം ശ്രമിക്കുകയുണ്ടായെങ്കിലും ഫലവത്തായിട്ടില്ല. പണപ്പെരുപ്പം മുന്‍പെന്നപോലെ തുടരുകയാണ്. കാരണം നാം നേരിടുന്ന യഥാര്‍ഥ പ്രശ്‌നം ലിക്വിഡിറ്റി കുറയ്ക്കുകയെന്നതല്ല, ചരക്കുകളുടെ സ്റ്റോക്കും സപ്ലൈയും ഉയര്‍ത്തുകയെന്നതാണ്. ഭക്ഷ്യധാന്യങ്ങള്‍ അടക്കമുള്ള അവശ്യവസ്തുക്കളുടെ സപ്ലൈ സംബന്ധമായ ഘടകങ്ങള്‍ കണക്കിലെടുക്കുകയാണ് പ്രശ്‌നപരിഹാരത്തിനുള്ള പ്രാഥമിക നടപടിയെന്നനിലയില്‍ ചെയ്യേണ്ടത്. ഭക്ഷ്യധാന്യങ്ങളുടെ മതിയായ കരുതല്‍ ശേഖരം ഉറപ്പാക്കുകയും കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളെ തുടര്‍ന്ന് വിളനാശം ഉണ്ടാകുമ്പോള്‍ ഈ ശേഖരം പ്രതിസന്ധിപരിഹാരാര്‍ഥം വിനിയോഗിക്കുകയുമാണ് ചെയ്യേണ്ടത്.

പൊതുവിതരണസംവിധാനം (പി ഡി എസ്) കൂടുതല്‍ വ്യാപകവും ശക്തവുമാക്കണം. ശാസ്ത്രീയമായി രൂപകല്‍പന ചെയ്ത ഗോഡൗണുകള്‍ വേണം. പാവപ്പെട്ടവര്‍ക്ക് ലഭ്യമാക്കേണ്ട ഭക്ഷ്യധാന്യങ്ങള്‍ എലിക്കുള്ള ആഹാരമോ, കാലിതീറ്റയോ ആകാനിടവരരുത്. യു പി എ ഭരണകൂടം വിഭാവനം ചെയ്യുന്ന ഭക്ഷ്യസുരക്ഷാപദ്ധതി ഇത്തരം പരിപാടികളൊരുക്കാന്‍ പറ്റിയ അവസരമായെടുക്കാവുന്നതാണ്, അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടെങ്കില്‍. എന്നാല്‍ ഈ വിഷയത്തില്‍ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആസൂത്രണ കമ്മിഷന്‍ പറയുന്ന ബി പി എല്‍ സംബന്ധമായ കാര്യങ്ങള്‍ ആശങ്കയുളവാക്കുന്നതാണ്. നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ പ്രതിദിനവരുമാനം 20 രൂപയിലും ഗ്രാമീണമേഖലയിലുള്ളവരുടേത് 15 രൂപയിലും കുറവാണെങ്കില്‍ അവരാണ് ബി പി എല്‍ വിഭാഗക്കാര്‍ എന്നാണ് ആസൂത്രണ കമ്മിഷന്‍ പറയുന്നത്. ആസൂത്രണ കമ്മിഷന്റെ കണക്കുകള്‍ അടിസ്ഥാനമാക്കിയാല്‍ 20 രൂപ വരുമാനക്കാരുടെ പ്രതിമാസ വരുമാനം 578 രൂപയാണെങ്കില്‍ ഔദ്യോഗികമായി അവര്‍ ദരിദ്രരല്ല. കമ്മിഷന്‍ റിപ്പോര്‍ട്ടനുസരിച്ച് ഈ തുകയില്‍ 31 രൂപ വാടക-യാത്രാ ചെലവിനത്തിലും 18 രൂപ വിദ്യാഭ്യാസം, 25 രൂപ ഔഷധങ്ങള്‍, 36.50 രൂപ പച്ചക്കറികള്‍ എന്നീ ചെലവിനങ്ങളിലുമായിട്ടാണ് വകകൊളളിച്ചിരിക്കുന്നത്. ഇത്രയേറെ ചതിയും കാപട്യവും നിറഞ്ഞ കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് അധ്യക്ഷനായ ആസൂത്രണ കമ്മിഷനെ പോലുള്ളൊരു ദേശീയ സ്ഥാപനത്തിന് എങ്ങനെ ധൈര്യമുണ്ടായി? ഇതിലേറെ രസകരമായ വസ്തുത, കമ്മിഷന്റെ തന്നെ മിനിമം കലോറി കണക്കുകളാണ്. ഇതനുസരിച്ച് മിനിമം കലോറി ഉപഭോഗം പ്രതിദിനം 2400 ആണ്. ഇതിനു മാത്രമായി പ്രതിദിന വരുമാനം 44 രൂപയെങ്കിലും വേണ്ടിവരും. ഇതിലാണെങ്കിലോ വാസസ്ഥലം, വസ്ത്രം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയവക്കുള്ള ചെലവ് ഉള്‍പ്പെടുത്തിയിട്ടുമില്ല.

ദേശീയ ഉപദേശകസമിതിയുടെ കണക്കനുസരിച്ച് 46 ശതമാനമാണ് ദാരിദ്ര്യരേഖക്കു താഴെയുള്ളത്. ആസൂത്രണ കമ്മിഷന്‍ അംഗമായിരുന്ന ഡോ അര്‍ജുന്‍ സെന്‍ ഗുപ്തയുടെ എസ്റ്റിമേറ്റ് ജനസംഖ്യയുടെ 77 ശതമാനം പേരും പ്രതിദിനം 20 രൂപയില്‍ താഴെ വരുമാനമുള്ളവരാണെന്നാണ്. ചുരുക്കത്തില്‍ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ആനുകൂല്യം നേടാനിടയുള്ളവര്‍ ദാരിദ്ര്യരേഖക്കു താഴെയുള്ളവരില്‍ ചെറിയൊരു ഭാഗം മാത്രമേ വരുന്നുള്ളൂ എന്നതാണ് സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് ഉരുത്തിയിരിയുന്ന യാഥാര്‍ഥ്യം. ദാരിദ്ര്യനിര്‍മാര്‍ജനം ഫലവത്താകണമെങ്കില്‍ എ പി എല്‍ - ബി പി എല്‍ വിഭാഗങ്ങളില്‍പ്പെടുന്ന മുഴുവന്‍ ജനങ്ങള്‍ക്കും പൊതുവിതരണ സംവിധാനം വഴി പ്രതിമാസം 35 കിലോഗ്രാം അരി വീതം 2 രൂപ നിരക്കില്‍ ലഭ്യമാക്കുകയാണ് കരണീയം. മറിച്ചുള്ള ഏത് നടപടിയും ഭക്ഷ്യസുരക്ഷിതത്വത്തെ പരിഹാസ്യമാക്കാനാണ് സാധ്യത.

മുകളില്‍ സൂചിപ്പിച്ച നടപടി ഹ്രസ്വകാല പരിഹാരം എന്ന നിലയിലുള്ള ഒന്നാണ്. മധ്യകാല നടപടിയായി ചെയ്യേണ്ടത് കാര്‍ഷികമേഖലാ വികസനത്തിന് കൂടുതല്‍ ശ്രദ്ധതിരിച്ചുവിടുകയാണ്. കാര്‍ഷികമേഖലയില്‍ പൊതു നിക്ഷേപം ഉയര്‍ത്തണം. കൂടാതെ കാര്‍ഷിക ഗവേഷണം, വികസനം തുടങ്ങിയവയ്ക്ക് മുന്തിയ പ്രാധാന്യം നല്‍കുന്നതിനോടൊപ്പം സ്ഥായിയായതും ശക്തവുമായ വികസനത്തിനാവശ്യമായ വായ്പാസൗകര്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയുമാണ്.

ഇതിനെല്ലാം ഉപരിയായി ഭക്ഷ്യധാന്യങ്ങളുടെയും ഇന്ധനത്തിന്റെയും വിലസ്ഥിരത നേടിയെടുക്കാന്‍ ആഗോളതലത്തില്‍ സഹകരണം കൂടിയേതീരൂ. ജി-20 സാമ്പത്തിക സഹകരണ കൂട്ടായ്മയ്ക്ക് ഇക്കാര്യത്തില്‍ വലിയൊരു പങ്കാണ് നിര്‍വഹിക്കാന്‍ കഴിയുക. വികസിത മുതലാളിത്ത രാജ്യങ്ങള്‍ക്ക് ആധിപത്യമുള്ള ആഗോള സംവിധാനത്തില്‍ അവര്‍ കൂട്ടായെടുക്കേണ്ടൊരു തീരുമാനത്തിലൂടെ - അതായത്, ചരക്കു വ്യാപാരമേഖലയില്‍ ധനകാര്യ ഊഹക്കച്ചവടം ഒഴിവാക്കുക - ഈ ലക്ഷ്യം നേടാന്‍ കഴിയും. കൂടാതെ അമേരിക്ക ജൈവ ഇന്ധനനിര്‍മാണത്തിന് ഭക്ഷ്യധാന്യങ്ങള്‍ വിനിയോഗിക്കില്ലെന്ന് തീരുമാനിക്കുകയും വേണം.

*
പ്രൊഫ. കെ അരവിന്ദാക്ഷന്‍ ജനയുഗം 02 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഏഷ്യാ-പെസഫിക് മേഖലയിലെ വികസ്വരരാജ്യങ്ങള്‍ക്ക് അടിക്കടി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെയും ഇന്ധനത്തിന്റെയും വില കനത്ത വെല്ലുവിളിയാണ്. ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കമ്മിഷന്‍ ഫോര്‍ ഏഷ്യാ ആന്‍ഡ് പസഫിക്ക് (എസ്‌കാപ്പ്) തയ്യാറാക്കിയ കണക്കനുസരിച്ച് ഈ മേഖലയില്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വളര്‍ച്ചാനിരക്ക് 9.5 ശതമാനവും ഇന്ത്യയുടേത് 8.7 ശതമാനവുമാണെന്ന് കാണുന്നു, 2011 ല്‍ ഈ മേഖലയിലെ സമ്പദ്‌വ്യവസ്ഥകളുടെ ശരാശരി വളര്‍ച്ചാനിരക്ക് 7.3 ശതമാനത്തോളവുമായിരിക്കും.
2010 ഓഗസ്റ്റ് മുതലിങ്ങോട്ട് വിവിധ രാജ്യങ്ങളില്‍ ഭക്ഷ്യവിലവര്‍ധനവിന്റെ തോത് 35 ശതമാനംവരെയായിരുന്നു. എണ്ണവില വര്‍ധന 45 ശതമാനം വരെയും.