Wednesday, June 15, 2011

അതിവേഗം, ബഹുദൂരം അഥവാ ശൂന്യതയില്‍നിന്ന് ഭസ്മം

ഞൊടിയിടകൊണ്ട് ശൂന്യതയില്‍നിന്ന് ഭസ്മം എടുത്ത് കൈമാറുന്ന വൈഭവമുള്ള സിദ്ധന്മാരും മായാജാലക്കാരുമുള്ള നാടാണിത്. അത്തരം മായാവിദ്യകള്‍ കാട്ടുന്ന മെസ്മറിസക്കാര്‍ രാഷ്ട്രീയത്തിലും ഭരണത്തിലുമുണ്ടെന്നു തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്ന് ഒരു മാസം തികയുംമുമ്പുതന്നെ ഇവിടെ എന്തെന്തു മറിമായങ്ങളാണുണ്ടായിരിക്കുന്നത്! മുമ്പ് ആരും കേള്‍ക്കുകയേ ചെയ്തിട്ടില്ലാത്ത വിഴിഞ്ഞം പദ്ധതി ശരിയായിരിക്കുന്നു, മെട്രോപദ്ധതി വന്നിരിക്കുന്നു, കണ്ണൂര്‍ വിമാനത്താവളം ശരിയായിരിക്കുന്നു- നൂറു ദിവസത്തെ കര്‍മപരിപാടി പ്രഖ്യാപിച്ചിട്ട് മൂന്നാഴ്ച കഴിയുമ്പോഴേക്കും ഇത്രയെല്ലാം സാധിച്ചെങ്കില്‍ എന്തായിരിക്കും കേരളത്തിന്റെ ഭാവി! എട്ടുകാലി മമ്മൂഞ്ഞിന് അച്ഛനാകാന്‍ പത്ത് മാസത്തിന്റെ ആവശ്യമില്ല. അതിന്റാള് ഞമ്മളാ എന്ന പറഞ്ഞുകൊണ്ടിരുന്നാല്‍ മതി.

പ്രചാരണത്തട്ടിപ്പുകൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വമ്പിച്ച അടിസ്ഥാനസംവിധാനം യുഡിഎഫിന് പാരമ്പര്യ സ്വത്തായി ലഭിച്ചിട്ടുണ്ട്; ഹിറ്റ്ലര്‍ക്ക് ഗീബല്‍സ് എന്നപോലെ. അതുപയോഗിച്ച് അധികകാലം പിടിച്ചുനില്‍ക്കാം എന്നു കരുതുന്നത് വ്യാമോഹമാകുമെന്നുമാത്രം. കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശ് കോണ്‍ഗ്രസിന്റെ പ്രചാരണകാര്യദര്‍ശി എന്ന നിലയിലും വിടുവായത്തത്തിന്റെ കാര്യത്തിലുമെല്ലാം പ്രശസ്തനാണ്. അദ്ദേഹത്തെ വിഴിഞ്ഞത്ത് എഴുന്നള്ളിച്ചുകൊണ്ടുവന്ന് നട്ടാല്‍ കുരുക്കാത്ത നുണകള്‍ പറയിച്ചാല്‍ ആളുകള്‍ വിശ്വസിച്ചുകൊള്ളും എന്നാകും ഉമ്മന്‍ചാണ്ടി കരുതുന്നുണ്ടാവുക. വിഴിഞ്ഞം കണ്ടെയ്നര്‍ ടെര്‍മിനല്‍ ട്രാന്‍സ്ഷിപ്മെന്റ് പദ്ധതി എന്ന സങ്കല്‍പ്പംതന്നെ പുതിയതാണെന്ന മട്ടിലാണ് ജയറാം രമേശ് തട്ടിവിട്ടിരിക്കുന്നത്. പരിസ്ഥിതി അനുമതിക്കുവേണ്ടി തന്നോട് ആരും ഇതേവരെ ആവശ്യപ്പെട്ടിട്ടേയില്ല, രണ്ടാഴ്ചമുമ്പ് ഉമ്മന്‍ചാണ്ടി പറഞ്ഞപ്പോഴാണ് ഇങ്ങനെയൊരു പദ്ധതിയെപ്പറ്റി കേട്ടതുപോലും. ഇമ്മാതിരി വിടുവായത്തം വിളിച്ചുപറയുന്നവരോട് എന്തു പറയാനാണ്.

മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിഴിഞ്ഞംപദ്ധതിക്ക് താല്‍പ്പര്യമെടുത്ത കണ്‍സോര്‍ഷ്യത്തില്‍ ചൈനീസ് കമ്പനി ഉള്‍പ്പെട്ടെന്ന പേരില്‍ പ്രതിരോധവകുപ്പ് അനുമതി നിഷേധിക്കുകയും അതോടെ പദ്ധതി ഏതാണ്ട് ഉപേക്ഷിക്കപ്പെടുകയും ചെയ്തതായിരുന്നു. എന്നാല്‍ , ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ഭഗീരഥപ്രയത്നംചെയ്തു. രാജ്യത്തിനകത്തും പുറത്തുമുള്ള ചില ലോബികള്‍ - അതില്‍ കേന്ദ്രസര്‍ക്കാരിലെ ചിലരും ഉള്‍പ്പെടും- ഉണ്ടാക്കിയ തടസ്സങ്ങള്‍ ഒന്നൊന്നായി തട്ടിനീക്കി പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ എല്ലാ കാര്യവുംചെയ്തു. മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുകയും ആവശ്യമായ സ്ഥലം, മികച്ച പുനരധിവാസപാക്കേജ് നടപ്പാക്കി ഏറ്റെടുക്കാന്‍ നടപടിയെടുത്തു. വലിയൊരളവോളം സ്ഥലം അക്വയര്‍ചെയ്തുകഴിഞ്ഞു. റോഡ്, റെയില്‍ കണക്ടിവിറ്റി, ജലം, വൈദ്യുതി തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 450 കോടി രൂപ ബജറ്റില്‍ വകയിരുത്തി. നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കംകുറിച്ചു. കണ്ടെയ്നര്‍ ടെര്‍മിനല്‍ നടത്തിപ്പിന് ആ രംഗത്ത് വൈദഗ്ധ്യവും പ്രാപ്തിയുമുള്ള അന്താരാഷ്ട്ര പങ്കാളി ഉള്‍പ്പെട്ട കമ്പനി രൂപീകരിക്കുന്നതിന്റെ ഭാഗമായി ടെന്‍ഡര്‍ നടപടി ആരംഭിച്ചു. പരിസ്ഥിതി അനുമതിക്കായി അപേക്ഷ നല്‍കുകയും അത് വൈകിയപ്പോള്‍ പ്രധാനമന്ത്രിക്ക് ഉള്‍പ്പെടെ നിവേദനം നല്‍കുകയും ചെയ്തു. 2010 ഒക്ടോബറില്‍ പരിസ്ഥിതി അനുമതിക്കായി അപേക്ഷ നല്‍കിയപ്പോള്‍ 2011 ജനുവരി 19ന് അനുമതി നിരസിച്ചുകൊണ്ടുള്ള കത്ത് കിട്ടി. ജയറാം രമേശിന്റെ കീഴിലുള്ള അപ്രൈസല്‍ കമ്മിറ്റി വിചിത്രമായ കാരണം പറഞ്ഞാണ് അനുമതി നിഷേധിച്ചത്. വല്ലാര്‍പാടം പദ്ധതിയും തൂത്തുക്കുടി, കുളച്ചല്‍ തുറമുഖങ്ങളുമെല്ലാമുള്ളപ്പോള്‍ പിന്നെന്തിന് വിഴിഞ്ഞംപദ്ധതി എന്ന് ചോദിച്ച് പരിസ്ഥിതി അനുമതി തടഞ്ഞ വിദ്വാനാണ് ജയറാം രമേശ്. പതിറ്റാണ്ടുകളായി വിഴിഞ്ഞംപദ്ധതിക്കെതിരെ ചരടുവലിച്ച ലോബിയുടെ കൈയാളാവുകയായിരുന്നു ജയറാം രമേശ്. ജനുവരിയില്‍ത്തന്നെ വീണ്ടും അപേക്ഷ നല്‍കി. ഏപ്രിലില്‍ അതും നിരസിക്കപ്പെട്ടു.

മത്സ്യബന്ധനതുറമുഖം അടുത്തുള്ളപ്പോള്‍ എന്തിന് കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതി എന്നതായിരുന്നു അപ്പോഴത്തെ ചോദ്യം. അതിനും വ്യക്തമായ മറുപടി നല്‍കി. അതിന്റെയെല്ലാം ശേഷമാണ് പരിസ്ഥിതി ആഘാത പഠനത്തിനുള്ള അനുമതി കിട്ടിയിരിക്കുന്നത്. എന്നാല്‍ , അതിപ്പോള്‍ മാനത്തുനിന്ന് പൊട്ടിമുളച്ചതാണെന്ന അപഹാസ്യ പ്രചാരണമാണ് യുഡിഎഫ് നടത്തുന്നത്. വിഴിഞ്ഞംപദ്ധതി ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ നുണ വിളിച്ചുപറയുകയാണ്, എല്‍ഡിഎഫ് സര്‍ക്കാര്‍ വിഴിഞ്ഞംപദ്ധതിക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന്. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ ട്രാന്‍സ്ഷിപ്മെന്റ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ്. മുന്‍ യുഡിഎഫ് ഭരണകാലത്താണ് അതിന് തറക്കല്ലിട്ടത്. പരിസ്ഥിതി അനുമതി നേടുകയോ സ്ഥലം ഏറ്റെടുത്ത് നല്‍കുകയോ ചെയ്യാതിരുന്നതിനാല്‍ പദ്ധതി അനിശ്ചിതത്വത്തിലായിരുന്നപ്പോഴാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് സംസ്ഥാനത്തെ മൂന്നു മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടും നടന്നില്ലെന്ന് അന്നത്തെ കേന്ദ്ര തുറമുഖമന്ത്രി ടി ആര്‍ ബാലു ലോക്സഭയില്‍ പറയുകയുണ്ടായി. സ്ഥലം വിട്ടുകിട്ടാന്‍ കടുത്ത എതിര്‍പ്പാണുണ്ടായിരുന്നത്. എന്നാല്‍ , രാജ്യത്തിനാകെ മാതൃകാപരമായ പുനരധിവാസ പാക്കേജുണ്ടാക്കി സ്ഥലം ഏറ്റെടുത്ത് പദ്ധതി പൂര്‍ത്തിയാക്കി കമീഷന്‍ചെയ്തു. സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് പ്രതിഫലത്തിനു പുറമെ പകരം സ്ഥലവും കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിയും വീടുവയ്ക്കുംവരെ താമസിക്കാന്‍ സൗകര്യവും അതിനുള്ള വാടകയുമുള്‍പ്പെടെയുള്ള പാക്കേജാണ് അംഗീകരിച്ചത്. ആ പാക്കേജിന്റെ ഭാഗമായി പുനരധിവാസത്തിന് നിര്‍ദേശിച്ച സ്ഥലത്ത് അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്നതില്‍ ചില സാങ്കേതിക തടസ്സവും കാലതാമസവുമുണ്ടായി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അലംഭാവമുണ്ടായി. അതുമായി ബന്ധപ്പെട്ട തര്‍ക്കം ഇപ്പോള്‍ പരിഹരിച്ചെന്നത് സ്വാഗതാര്‍ഹമായ കാര്യമാണ്. എന്നാല്‍ , മൂലമ്പള്ളി പാക്കേജിന്റെ ഉപജ്ഞാതാക്കള്‍ യുഡിഎഫ് സര്‍ക്കാരാണെന്ന മട്ടില്‍ അതിരുകടന്ന അവകാശവാദങ്ങളും തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചാരണത്തട്ടിപ്പുമാണിപ്പോള്‍ നടക്കുന്നത്.

യുഡിഎഫ് അധികാരമേറ്റതോടെ കണ്ണൂര്‍ വിമാനത്താവളത്തിന് ചിറക് മുളച്ചെന്നാണ് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയില്‍ നടക്കുന്ന മറ്റൊരു പ്രചാരണത്തട്ടിപ്പ്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉപേക്ഷിക്കപ്പെട്ട കണ്ണൂര്‍ വിമാനത്താവളപദ്ധതിക്ക് പുനരുജ്ജീവനം നല്‍കി ആവശ്യമായ സ്ഥലം ഏറ്റെടുക്കുകയും ഓഹരി വില്‍പ്പനയിലൂടെ മൂലധനം സ്വരൂപിക്കുകയും നിര്‍മാണ നടപടിക്ക് തുടക്കംകുറിക്കുകയും ചെയ്തത് എല്‍ഡിഎഫ് സര്‍ക്കാരാണ്. വിമാനത്താവളംപോലുള്ള ദീര്‍ഘകാല പദ്ധതികളുടെ കാര്യത്തില്‍ അതല്ലാതെ എന്താണ് ചെയ്യാന്‍ കഴിയുക? കൊച്ചി മെട്രോ പദ്ധതി കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭമായി നടപ്പാക്കുന്നതിന് എല്ലാ ശ്രമവും നടത്തുകയുണ്ടായി. അന്നത്തെ പ്രതിപക്ഷനേതാവായ ഇന്നത്തെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ട് സംസാരിച്ചതുമാണ്. ഡിഎംആര്‍ഡി ചെയര്‍മാന്‍ ഇ ശ്രീധരന്റെ നേതൃത്വത്തില്‍ കൊച്ചി മെട്രോപദ്ധതി നടപ്പാക്കുന്നതിന് മുന്നൊരുക്കം നടത്തി. മെട്രോപദ്ധതിയുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ അടിസ്ഥാനസൗകര്യവികസനത്തിന് പദ്ധതി തയ്യാറാക്കുകയും അതിനായി പണം അനുവദിക്കുകയും ചെയ്തു. കേന്ദ്ര ധനമന്ത്രാലയം സംയുക്ത സംരംഭത്തിന് തടസ്സം നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ പറയുന്നതും മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച വിധത്തില്‍ത്തന്നെ പരിപാടി നടപ്പാക്കാന്‍ ശ്രമിക്കുമെന്നാണ്. സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാരാണ് നിലവിലുണ്ടായിരുന്നത് എന്നതുകൊണ്ടാണോ കേന്ദ്രത്തിന്റെ വിമുഖത എന്ന് ഉമ്മന്‍ചാണ്ടി തുറന്നുപറയണം. മെട്രോപദ്ധതിക്കുവേണ്ടി കഴിഞ്ഞ അഞ്ചു വര്‍ഷമായി നടക്കുന്ന നിരന്തര പരിശ്രമങ്ങളെ മറച്ചുവയ്ക്കുകയും ഇപ്പോള്‍ ഒരു പ്രാഥമിക ചര്‍ച്ച നടത്തുമ്പോഴേക്കും മെട്രോപദ്ധതി വന്നെന്ന് വീമ്പുപറയുകയും ചെയ്യുന്ന കാപട്യം ആര്‍ക്കും മനസ്സിലാകില്ലെന്നു കരുതരുത്. പാലക്കാട്ടെ നിര്‍ദിഷ്ട കോച്ച് ഫാക്ടറിയെക്കുറിച്ചും നാളെ ഇതേ അവകാശവാദവും പ്രചാരണത്തട്ടിപ്പുമാണ് നടക്കാന്‍ പോകുന്നത്. ഇടതുപക്ഷ പിന്തുണയോടെമാത്രം നിലനില്‍ക്കാന്‍ കഴിഞ്ഞ ഒന്നാം യുപിഎ ഭരണകാലത്താണ് സംസ്ഥാനത്തിന്റെ ശക്തമായ സമ്മര്‍ദത്തെതുടര്‍ന്ന് പാലക്കാട് കോച്ച്ഫാക്ടറി അനുവദിച്ചത്. അതിനാവശ്യമായ സ്ഥലം സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്ത് കൈമാറുകയും ചെയ്തു. എന്നാല്‍ , അവിടെ നിര്‍മാണ പ്രവൃത്തി തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്തില്ല; റെയില്‍വേ ബജറ്റില്‍ പണം നീക്കിവച്ചില്ല.

നൂറുദിനപരിപാടിയിലെ അടുത്ത പ്രചാരണത്തട്ടിപ്പായി കോച്ച് ഫാക്ടറിയെക്കുറിച്ച് പറയുന്നതു കേള്‍ക്കാം. യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ നടപ്പാക്കിയതും നടപ്പാക്കിത്തുടങ്ങിയതുമായ യഥാര്‍ഥ പദ്ധതികള്‍ ഇല്ലെന്നു പറയുന്നില്ല. മെറിറ്റില്‍ നല്‍കണമെന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കരാറുണ്ടാക്കിയ 65 മെഡിക്കല്‍ പിജി സീറ്റ് സ്വകാര്യ സ്വാശ്രയ കോളേജുകാര്‍ക്ക് കോഴ വാങ്ങി വില്‍ക്കാന്‍ സൗകര്യമൊരുക്കുകയും അതിലൊരു സീറ്റ് വിദ്യാഭ്യാസമന്ത്രി തന്റെ മകനുവേണ്ടി കരസ്ഥമാക്കുകയുംചെയ്തു. സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എംബിബിഎസ് പ്രവേശനത്തില്‍ മെറിറ്റും സാമൂഹ്യനീതിയും പൂര്‍ണമായി അട്ടിമറിക്കുന്നതിന് കളമൊരുക്കി, പൊതുവിദ്യാഭ്യാസം തകര്‍ക്കുന്നതിന്, കേന്ദ്ര വിദ്യാഭ്യാസ നിയമത്തെപ്പോലും വെല്ലുവിളിച്ച് അഞ്ഞൂറില്‍പ്പരം അണ്‍ -എയ്ഡഡ് സിബിഎസ്ഇ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ നടപടിയെടുത്തു- എന്നിങ്ങനെ, അതിവേഗം, ബഹുദൂരം ഇപ്പോള്‍ത്തന്നെ മുന്നോട്ടുപോയിരിക്കുന്നു. അതിന്റെ പേരിലാകട്ടെ അവകാശവാദങ്ങള്‍ .

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി 16 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഞൊടിയിടകൊണ്ട് ശൂന്യതയില്‍നിന്ന് ഭസ്മം എടുത്ത് കൈമാറുന്ന വൈഭവമുള്ള സിദ്ധന്മാരും മായാജാലക്കാരുമുള്ള നാടാണിത്. അത്തരം മായാവിദ്യകള്‍ കാട്ടുന്ന മെസ്മറിസക്കാര്‍ രാഷ്ട്രീയത്തിലും ഭരണത്തിലുമുണ്ടെന്നു തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്ന് ഒരു മാസം തികയുംമുമ്പുതന്നെ ഇവിടെ എന്തെന്തു മറിമായങ്ങളാണുണ്ടായിരിക്കുന്നത്! മുമ്പ് ആരും കേള്‍ക്കുകയേ ചെയ്തിട്ടില്ലാത്ത വിഴിഞ്ഞം പദ്ധതി ശരിയായിരിക്കുന്നു, മെട്രോപദ്ധതി വന്നിരിക്കുന്നു, കണ്ണൂര്‍ വിമാനത്താവളം ശരിയായിരിക്കുന്നു- നൂറു ദിവസത്തെ കര്‍മപരിപാടി പ്രഖ്യാപിച്ചിട്ട് മൂന്നാഴ്ച കഴിയുമ്പോഴേക്കും ഇത്രയെല്ലാം സാധിച്ചെങ്കില്‍ എന്തായിരിക്കും കേരളത്തിന്റെ ഭാവി! എട്ടുകാലി മമ്മൂഞ്ഞിന് അച്ഛനാകാന്‍ പത്ത് മാസത്തിന്റെ ആവശ്യമില്ല. അതിന്റാള് ഞമ്മളാ എന്ന പറഞ്ഞുകൊണ്ടിരുന്നാല്‍ മതി.