Friday, June 10, 2011

ഹൃദയത്തില്‍ ദൈവത്തിന്റെ കൈയ്യൊപ്പ്

ഓര്‍മ്മയുടെ വര്‍ണ്ണശലഭങ്ങളെ മടക്കി വിളിക്കുകയാണ് മേഴ്സി ഡിസൂസ. ഒരിക്കല്‍ മേഘപാളികള്‍ക്കിടയിലൂടെ ഒരു മാലാഖയെപ്പോലെ അവര്‍ സഞ്ചരിച്ചിരുന്നു. വിമാനയയാത്രികര്‍ക്ക് നിറഞ്ഞ മന്ദഹാസവും, നിറയെ സ്നേഹവും നല്‍കിക്കൊണ്ട്. ജീവിതത്തില്‍ പിന്നീട് പ്രായവും രോഗപീഡകളും ചേര്‍ന്ന് സൗന്ദര്യവും പ്രസരിപ്പും ചോര്‍ത്തി. കൂടപ്പിറപ്പുകള്‍ ഓരോരുത്തരായി അകന്നു പോയി. ജീവിതം മേല്‍ക്കൂര തകര്‍ന്ന വീടുപോലെ ആയപ്പോള്‍ സന്മനസ്സുകളിലാരോ അവരെ തലസ്ഥാന നഗരിയിലെ ആ ആതുരാലയത്തിന്റെ പടിമുറ്റത്തെത്തിച്ചു. ഒന്‍പതാം വാര്‍ഡ് മേഴ്സി ഡിസൂസയെ നെഞ്ചോടു ചേര്‍ത്തു. തോളുരുമ്മി നില്‍ക്കുന്ന സ്കൂള്‍ ഓഫ് നേഴ്സിങ്ങിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ നീതുവിനും ആ മുത്തശ്ശിയെ ജീവനായിരുന്നു. ഒരു ദിവസം പിറന്നാള്‍ മധുരം നല്‍കാനായി ഒന്‍പതാം വാര്‍ഡിലെ മേഴ്സി ഡിസൂസയുടെ കട്ടിലിനരികിലേക്ക് ഓടിച്ചെന്ന നീതു കണ്ടത് അവരുടെ ചേതനയറ്റ ശരീരം.

രാജവാഴ്ചക്കാലത്തോളം പ്രായംചെന്ന തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഒന്‍പതാം വാര്‍ഡ് ആരും തുടങ്ങിയതല്ല. വീട്ടുകാരാല്‍ ഉപേക്ഷിക്കപ്പെട്ട തീരാരോഗികള്‍ , മാനസിക വൈകല്യമുള്ളവര്‍ , നിരത്തില്‍ അലഞ്ഞു നടക്കുന്നവര്‍ , തീര്‍ന്നില്ല, നിയമപാലകര്‍ കൊണ്ടുവരുന്ന ഊരും പേരുമറിയാത്ത മദ്യപാനികള്‍ ... ഒരു യാദ്യച്ഛികതയയെന്നോണം വര്‍ഷങ്ങളുടെ മിന്നിമറയലില്‍ ഇവരെല്ലാം ഒരു മേല്‍ക്കൂരയ്ക്കു കീഴിലായി. പണ്ട് ആ ഓടിട്ട പഴയ കെട്ടിടത്തിനു ചുറ്റും പൊന്തക്കാടുകളായിരുന്നു. ആവശ്യത്തിനു വെള്ളമില്ല. അക്കാരണത്താല്‍ തന്നെ വൃത്തിഹീനവും. എന്നാല്‍ മാറിമാറിവന്ന സൂപ്രണ്ടുമാര്‍ , ആതുരശുശ്രൂഷകര്‍ , ഒന്‍പതാംവാര്‍ഡിനെ കൈപിടിച്ചുയര്‍ത്തി. പൊന്തക്കാടുകള്‍ വെട്ടിനിരത്തി. ജലവിതരണ സംവിധാനം സുഗമമായതോടെ ഒന്‍പതാംവാര്‍ഡും വൃത്തിയില്‍ മറ്റേതൊരു വാര്‍ഡിനോടും കിടപിടിക്കുന്നതായി... ജനറല്‍ ആശുപത്രി മുന്‍ സൂപ്രണ്ട് ഡോ. രാധാകൃഷ്ണന്റെ വാക്കുകള്‍ ; "ഇനിയും മെച്ചപ്പെടേണ്ടിയിരിക്കുന്നു. സ്റ്റാഫിന്റെ കുറവുണ്ട്. വാര്‍ഡില്‍ രോഗമില്ലാത്തവര്‍ ഒട്ടേറെയാണ്. പല സംഘടനകളും അവരെ കൊണ്ടുപോകാന്‍ താത്പര്യപ്പെടുന്നുണ്ട്. എന്നാല്‍ വിശ്വസിച്ചയക്കാന്‍ ഒട്ടേറെ സാങ്കേതിക ബുദ്ധിമുട്ടുകള്‍ . എല്ലാം തികഞ്ഞ ഒരു ഒന്‍പതാം വാര്‍ഡ്. അതാണ് ഞങ്ങളുടെ പ്രതീക്ഷ". അതു സഫലമാക്കാനായുള്ള യജ്ഞത്തിലാണ് ആശുപത്രി അധികൃതര്‍ . മാധ്യമങ്ങള്‍ പലപ്പോഴും ഒന്‍പതാം വാര്‍ഡിനെ കടന്നാക്രമിച്ചിട്ടുണ്ട്. ഒരിക്കല്‍ രോഗികളെ കുളിപ്പിക്കുന്ന ചിത്രം എടുത്തുകൊണ്ടുപോയി രോഗികളെ നഗ്നരാക്കി കുളിപ്പിക്കുന്നുവെന്ന് ഒരു പത്രം പഴിചാരി. എന്നാല്‍ ആശുപത്രിയിലെ സാര്‍ജന്റ് അനിലിന് ഇതിനെക്കുറിച്ച് പറയാന്‍ മറ്റൊന്നുണ്ടായിരുന്നു. "മാനസികാരോഗ്യമുള്ള രോഗികള്‍ പലപ്പോഴും വിസര്‍ജ്ജ്യ വസ്തുക്കള്‍ ദേഹം മുഴുവനാക്കും. അത് ഹോം നേഴ്സുമാര്‍ മടികൂടാതെ കുളിപ്പിക്കുന്ന ദൃശ്യമാണ് പത്രം പ്രസിദ്ധീകരിച്ചത്".

വാര്‍ഡിലെ മൂന്നു ഹോംനേഴസുമാരില്‍ ഒരാളായ സുമാ സുരേന്ദ്രന്‍ പത്തു വര്‍ഷമായി അശരണരായ രോഗികള്‍ക്കൊപ്പമാണ്. "എന്നും ഈശ്വരനോടു പ്രാര്‍ത്ഥിച്ചിട്ടേ കിടക്കൂ. ഈ അച്ഛനമ്മമാരോട് എന്തെങ്കിലും തെറ്റായി പെരുമാറിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമേയെന്ന്. ഇവിടെ കിടന്ന് മരിച്ചിട്ടുള്ളവരില്‍ പലരും മരണസമത്ത് മകന്റെയോ മകളുടെയോ പേരായിരിക്കും വിളിക്കുക. ഞങ്ങളുടെ കൈയ്യില്‍ നിന്ന് വെള്ളം കുടിച്ചു മരിക്കുമ്പോള്‍ ഞങ്ങള്‍ മക്കളിലാരെങ്കിലുമാണെന്നാകാം അവരുടെ തോന്നല്‍". വൃദ്ധരായ മാതാപിതാക്കളെ ഇവിടെ എത്തിച്ച് ദിവസങ്ങള്‍ക്കകം മക്കള്‍ അപ്രത്യക്ഷരാകും. കുറച്ചു നാള്‍ കൂടി മക്കളെ പ്രതീക്ഷിരിക്കുന്ന ആ വൃദ്ധര്‍ പിന്നീട് ഒന്‍പതാം വാര്‍ഡിന്റെ ഭാഗമായിത്തീരുന്നു.

മരിച്ചു കഴിയുമ്പോള്‍ മക്കളെല്ലാം എത്തിച്ചേരും. "സ്വത്തിനോളം വരുമോ രക്തബന്ധം"? "ഭക്ഷണം കഴിക്കാത്തവര്‍ക്ക് ഞങ്ങള്‍ വാരിക്കൊടുക്കും, കുളിക്കാന്‍ കഴിയാത്തവരെ കുളിപ്പിക്കും. ഇവിടെ അഡ്മിറ്റ് ആകുന്നവരില്‍ 75% സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിവില്ലാത്തവരാണ്. രാത്രിയില്‍ പോലീസുകാര്‍ എത്തിക്കുന്ന മദ്യപാനികളുമുണ്ട്. ഒന്‍പതാം വാര്‍ഡിലെ സേവനം ദുഷ്കരമാണെങ്കിലും ഹെഡ്നേഴ്സ് സുദര്‍ശനാ ബായിക്ക് നിറഞ്ഞ കര്‍മ്മ സാഫല്യം. പരിചരിക്കാന്‍ ആളില്ലാത്തവരെ അതാതു യൂണിറ്റില്‍ നിന്നാണ് ഇവിടേയ്ക്ക് റഫര്‍ ചെയ്യുന്നത്. ലഭിക്കുന്ന സൗകര്യങ്ങള്‍ മൂലം 20 വര്‍ഷമായി ഇവിടെ കഴിയുന്നവര്‍ വരെ ഉണ്ട്. പോഷകാഹാരം നിറഞ്ഞ ഭേദപ്പെട്ട ഭക്ഷണമാണ് രോഗികള്‍ക്ക് നല്‍കുന്നത്. നെടുമങ്ങാട്ടുകാരനായ സോമന് ഏഴു വര്‍ഷത്തെ ആത്മബന്ധമാണ് ഒന്‍പതാം വാര്‍ഡുമായി. പണ്ടത്തെ ഒന്‍പതാം വാര്‍ഡല്ല ഇപ്പോഴത്തേതെന്ന് സോമന്‍ അഭിപ്രായപ്പെടുന്നു. "വീട്ടിലേക്കാള്‍ നല്ല അന്തരീക്ഷം". പത്രത്താളുകളില്‍ ഇടവേളകളില്ലാതെ സര്‍ക്കാര്‍ മേഖലയിലെ ആതുരാലയങ്ങളെക്കുറിച്ച് നിഷേധവാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ , ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ പരിചരിക്കാന്‍ ബുദ്ധിമുട്ടുള്ള അന്തേവാസികള്‍ നിറഞ്ഞ ഒരു വാര്‍ഡില്‍ ഞാന്‍ കണ്ടത് ആതുരശുശ്രൂഷയുടെ ആര്‍ദ്രമുഖങ്ങള്‍ .

*
ജി. ഹരി നീലഗിരി കടപ്പാട്: ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...