Tuesday, June 28, 2011

പാര്‍ലമെന്റിനെ ആരാണ് ഭയക്കുന്നത്

പാര്‍ലമെന്റിന്റെ ഇത്തവണത്തെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നത് ആഗസ്ത് ഒന്നിനു മാത്രമായിരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സാധാരണ ജൂലൈ രണ്ടാം വാരമാണ് സമ്മേളനം തുടങ്ങാറുള്ളത്. ഇത്തവണയാണെങ്കില്‍ ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു. ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞാല്‍ തല്‍ക്കാലത്തേക്ക് സഭ പിരിയുകയും ധനാഭ്യര്‍ഥനകള്‍ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികള്‍ പരിശോധിക്കുകയുമാണ് പതിവ്. സൂക്ഷ്മമായ ഈ ജനാധിപത്യ പരിശോധനക്കു ശേഷം വീണ്ടും പാര്‍ലമെന്റ് ചേര്‍ന്ന് ബജറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കുകയുമാണ് പതിവ്. എന്നാല്‍ , അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു കാരണം രണ്ടാം ഭാഗം ഒഴിവാക്കി ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച കൂടാതെ പാസാക്കുകയാണ് ചെയ്തത്. പ്രധാന ബില്ലുകള്‍ നിയമമാക്കുന്ന നടപടികളും ഒഴിവാക്കി. ഈ കുറവ് ഒഴിവാക്കുന്നതിനായി നിയസഭാ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാല്‍ പ്രത്യേക സമ്മേളനം ചേരുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു. എന്നാല്‍ , അത് ഒഴിവാക്കുകയാണ് ചെയ്തത്.

ഇതെല്ലാം പരിഗണിച്ച് ഇത്തവണ വര്‍ഷകാലസമ്മേളനം നേരത്തെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, അതിനു കടകവിരുദ്ധമായി ആഗസ്തിലേക്ക് സമ്മേളനം നീട്ടുകയാണ് കേന്ദ്രം ചെയ്തത്. ഇത് ജനാധിപത്യത്തിനു നേരെയുള്ള കടന്നാക്രമണമാണ്. പാര്‍ലമെന്റ് വര്‍ഷത്തില്‍ ഏറ്റവും ചുരുങ്ങിയത് നൂറുദിവസമെങ്കിലും ചേരണമെന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ട വ്യവസ്ഥ. എന്നാല്‍ , ഒരിക്കലും ഇത് നടക്കുന്നില്ലെന്നതാണ് രാജ്യത്തെ അനുഭവം. ജനാധിപത്യ സംവിധാനത്തില്‍ പാര്‍ലമെന്റിന് ഏറ്റവും പ്രധാനപ്പെട്ട പങ്കാണുള്ളത്. നിയമനിര്‍മാണപ്രക്രിയ ശരിയായി നടക്കണമെങ്കില്‍ പാര്‍ലമെന്റ് കൃത്യമായി സമ്മേളിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം സ്വീഡന്‍ പാര്‍ലമെന്റ് സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ നടപടിക്രമം മനസിലാക്കാന്‍ ശ്രമിക്കുകയുണ്ടായി. വര്‍ഷത്തില്‍ 220 ബില്ലുകളാണ് പാര്‍ലമെന്റ് നിയമമാക്കുന്നത്. സഭയില്‍ അവതരിപ്പിക്കുകയും കമ്മിറ്റികളുടെ പരിഗണനക്ക് അയക്കുകയും അവയുടെ റിപ്പോര്‍ട്ടിനെ സഭയില്‍ അവതരിപ്പിക്കുന്നതും അടക്കമുള്ള നടപടിക്രമങ്ങള്‍ പാലിച്ചതിനുശേഷമാണ് നിയമനിര്‍മാണം പൂര്‍ത്തിയാക്കുന്നത്. നമ്മുടെ രാജ്യത്താണെങ്കില്‍ ഗില്ലറ്റിന്‍ ചെയ്താല്‍ പോലും ഇത്രയും നിയമങ്ങള്‍ പാസാക്കുന്നതിനെ കുറിച്ച് സങ്കല്‍പ്പിക്കാന്‍പോലും കഴിയില്ല. ചില സമ്മേളനങ്ങളില്‍ മൂന്നോ നാലോ നിയമങ്ങള്‍ മാത്രമാണ് പാസാക്കുന്നത്. സ്വീഡന്‍ ഉള്‍പ്പെടെ മിക്കവാറും രാജ്യങ്ങളില്‍ പാര്‍ലമെന്റ് സമ്മേളിക്കുന്നതിനു കൃത്യമായ സമയക്രമമുണ്ട്. ഡെന്‍മാര്‍ക്കില്‍ ഒറ്റ സെഷനായിട്ടാണ് സമ്മേളനം നടക്കുന്നത്. ആറുമാസത്തോളം തുടര്‍ച്ചയായി ചേരുകയാണ്. അംഗങ്ങള്‍ അവിടെത്തന്നെ താമസിക്കുകയാണ്. കമ്മിറ്റികള്‍ ചേരലും മറ്റും ഇതിന്റെ കൂടെ തന്നെ നടക്കും.

ഇന്ത്യയില്‍ പാര്‍ലമെന്റ് ചേരുന്നതിനു നിശ്ചിത സമയക്രമമില്ല. ഭരിക്കുന്നവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് സമയം നിശ്ചയിക്കുന്നത്. ജനങ്ങളില്‍നിന്നും ജനപ്രതിനിധികളില്‍നിന്നും ഭയന്നോടേണ്ട സാഹചര്യങ്ങളിലെല്ലാം അവര്‍ പാര്‍ലമെന്റ് സമ്മേളനങ്ങള്‍ വെട്ടിചുരുക്കും. അല്ലെങ്കില്‍ നടപടക്രമങ്ങളില്‍ മാറ്റം വരുത്തും. കേരളനിയസമഭയുടെ ഇപ്പോഴത്തെ സമ്മേളനത്തിലും അത് കാണാന്‍ കഴിയും. ഇത്തവണ മിക്കവാറും കേരള നിയമസഭ ഇങ്ങനെയൊക്കെയായിരിക്കും ചേരുന്നത്! അതിനുള്ള ഭൂരിപക്ഷമാണല്ലോ സര്‍ക്കാരിനുള്ളത്.

സ്പെക്ട്രം ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിരാകരിക്കുന്നതിനായി ഒരു സമ്മേളനം തന്നെ ഭരണപക്ഷം ഇല്ലതാക്കി. പിന്നീട് ഗത്യന്തരമില്ലാതെ അതേ ആവശ്യം തന്നെ അംഗീകരിക്കാന്‍ നിര്‍ബന്ധിതമാവുകയും ചെയ്തു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പ്രസക്തിയെ സംബന്ധിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടക്കുന്ന സന്ദര്‍ഭമാണ്. ഹസാരെ സമരവുമായി ബന്ധപ്പെട്ട് പല ഘട്ടങ്ങളിലും ഈ കോളത്തില്‍ തന്നെ ആ പ്രശ്നം സൂചിപ്പിക്കുകയുണ്ടായി. പാര്‍ലമെന്റിനെ അപ്രസക്തമാക്കുന്ന രൂപത്തില്‍ ചില പൗരസമൂഹ സംഘടനകളുടെ ഇടപെടലും സര്‍ക്കാരിന്റെ സമീപനവും ഗൗരവമായ ചര്‍ച്ച ആവശ്യപ്പെടുന്നതാണ്. എന്നാല്‍ , അതിനു പറ്റുന്ന ഭൗതിക സാഹചര്യം എങ്ങനെയാണ് രൂപപ്പെട്ടത്? ലോക്പാലിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് എത്രയോ കാലമായി. എന്തേ സര്‍ക്കാര്‍ അതിനു മുന്‍കൈ എടുത്തില്ല. 1997ലെ ഐക്യമുന്നണി സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയില്‍ തന്നെ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരെ അധികാരപരിധിയില്‍ ഉള്‍പ്പെടുത്തി ലോക്പാല്‍ ബില്‍ നിയമമാക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ , അതിനുശേഷം എത്രയോ സര്‍ക്കാരുകള്‍ വന്നുപോയി. ഒന്നുംതന്നെ നടന്നില്ല. പുതിയ സാമ്പത്തിക നയം നടപ്പിലായതോടെ അഴിമതി വ്യാപകമാവുകയും ചെയ്തു. അത് നേരിടുന്നതിനു പ്രാപ്തമായ സംവിധാനമില്ലെന്ന കുറവ് അതോടെ കൂടുതല്‍ പ്രകടമാവുകയും ചെയ്തു. കാര്യക്ഷമമായ സംവിധാനത്തിനായി ഇടതുപക്ഷം പാര്‍ലമെന്റിനകത്തു തുടര്‍ച്ചയായി ആവശ്യപ്പെട്ടെങ്കിലും അതൊന്നും ഗൗരവമായി എടുക്കുന്നതിനു കേന്ദ്രസര്‍ക്കാരുകള്‍ തയ്യാറായില്ല. അതുപോലെ തന്നെ ജുഡീഷ്യറിയെ അഴിമതി വിമുക്തമാക്കുന്നതിനു സഹായിക്കുന്ന ജുഡീഷ്യല്‍ കമീഷന്‍ രൂപികരിക്കണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പാര്‍ലമെന്റ് അതിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെടുമ്പോഴോ വേണ്ടത്ര വിജയിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് ഇന്നത്തേതുപോലുള്ള പ്രവണതകള്‍ക്ക് പ്രചാരം ലഭിക്കുന്നത്. എന്നാല്‍ , ഇതിനുള്ള പരിഹാരമെന്നത് പാര്‍ലമെന്റിനെ ദുര്‍ബലപ്പെടുത്തുന്ന നടപടി ക്രമങ്ങള്‍ സ്വീകരിക്കുകയെന്നതല്ല. ഒരുവശത്ത് പാര്‍ലമെന്റിനെ മറിക്കടക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന കേന്ദ്രം മറുവശത്ത് പാര്‍ലമെന്റിനെ അതിന്റെ ചുമതലകള്‍ നടപ്പിലാക്കുന്നതിനു അനുവദിക്കുന്നില്ല.

പാര്‍ലമെന്ററി ജനാധിപത്യത്തിനു നിരവധി പരിമിതികളുണ്ട്. എന്നാല്‍ , അതോടൊപ്പം അതിനു സാധ്യതകളുമുണ്ട്. ഇന്ത്യയില്‍ അത് നിര്‍വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. പക്ഷേ, പാര്‍ലമെന്ററി ജനാധിപത്യത്തെ പാടിപ്പുകഴ്ത്തുന്നവര്‍ തന്നെയാണ് എപ്പോഴും അതിനെ തകര്‍ക്കാനും ദുര്‍ബലപ്പെടുത്താനും ശ്രമിച്ചിട്ടുള്ളത്. കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ 1959ല്‍ പുറത്താക്കിയപ്പോഴും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോഴും രാജ്യം അതു കണ്ടതാണ്. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം ശരിയായ രൂപത്തില്‍ ഉറപ്പുവരുത്താന്‍ കഴിയുന്ന ഭരണഘന ഭേദഗതികളെ സംബന്ധിച്ച് ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

*
പി രാജീവ് ദേശാഭിമാനി 28 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പാര്‍ലമെന്റിന്റെ ഇത്തവണത്തെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നത് ആഗസ്ത് ഒന്നിനു മാത്രമായിരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സാധാരണ ജൂലൈ രണ്ടാം വാരമാണ് സമ്മേളനം തുടങ്ങാറുള്ളത്. ഇത്തവണയാണെങ്കില്‍ ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു. ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞാല്‍ തല്‍ക്കാലത്തേക്ക് സഭ പിരിയുകയും ധനാഭ്യര്‍ഥനകള്‍ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികള്‍ പരിശോധിക്കുകയുമാണ് പതിവ്. സൂക്ഷ്മമായ ഈ ജനാധിപത്യ പരിശോധനക്കു ശേഷം വീണ്ടും പാര്‍ലമെന്റ് ചേര്‍ന്ന് ബജറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കുകയുമാണ് പതിവ്. എന്നാല്‍ , അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു കാരണം രണ്ടാം ഭാഗം ഒഴിവാക്കി ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച കൂടാതെ പാസാക്കുകയാണ് ചെയ്തത്. പ്രധാന ബില്ലുകള്‍ നിയമമാക്കുന്ന നടപടികളും ഒഴിവാക്കി. ഈ കുറവ് ഒഴിവാക്കുന്നതിനായി നിയസഭാ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാല്‍ പ്രത്യേക സമ്മേളനം ചേരുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു. എന്നാല്‍ , അത് ഒഴിവാക്കുകയാണ് ചെയ്തത്.