Tuesday, June 7, 2011

അരനൂറ്റാണ്ടു പിന്നിടുന്ന അമരാവതി സമരം

ഐതിഹാസികമായ അയ്യപ്പന്‍ കോവില്‍- അമരാവതി കര്‍ഷക സമരത്തിന് അരനൂറ്റാണ്ടു പ്രായമാകുന്നു. ഐക്യകേരള പിറവിക്ക് തൊട്ടുപിറകെ കേരളം കണ്ട ഏറ്റവും ഉജ്ജ്വലമായ സമരമാണിത്. 1960 ല്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് മുക്കൂട്ടുമുന്നണി സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ, ഹൈറേഞ്ചിന്റെ എക്കാലത്തെയും സമരനായകന്‍ കെ റ്റി ജേക്കബ്ബ് നേതൃത്വം നല്‍കി ആരംഭിച്ച്, എ കെ ജിയുടെ നിരാഹാര സമരത്തിലൂടെ വിജയം കണ്ട ഈ സമരം സംസ്ഥാന ചരിത്രത്തിലെ തന്നെ തിളക്കമാര്‍ന്ന ഒരേടാണ്.

1940-കളിലാണ് ഹൈറേഞ്ചിലേയ്ക്ക് കുടിയേറ്റം ആരംഭിക്കുന്നത്. രണ്ടാം ലോക മഹായുദ്ധം സൃഷ്ടിച്ച രൂക്ഷമായ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ തിരു-കൊച്ചി ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ രൂപം നല്‍കിയ ഊര്‍ജ്ജിത ഭക്ഷ്യോല്പാദന പരിപാടിയുടെ ഭാഗമായി ഹൈറേഞ്ചിന്റെ വിവിധ മേഖലകളില്‍ കൃഷിക്കാരെ കുടിയിരുത്തി കൊന്നത്തടി. രാജാക്കാട്, രാജകുമാരി, അടിമാലി, അയ്യപ്പന്‍കോവില്‍, വാഴത്തോപ്പ്, വെള്ളത്തൂവല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കൃഷിക്കാര്‍ക്ക് ഭൂമി നല്‍കി. പിന്നീട് പട്ടംതാണുപിള്ളയുടെ കാലത്ത് നെടുങ്കണ്ടം കല്ലാര്‍ തുടങ്ങി നിരവധി മേഖലകളില്‍ കൃഷിക്കാരെ കുടിയിരുത്തി.

സര്‍ക്കാര്‍ മുന്‍കൈ എടുത്ത് കൃഷിക്കാരെ ഹൈറേഞ്ചില്‍ കുടിയിരുത്താന്‍ തുടങ്ങിയതോടെ പുറം നാടുകളില്‍ നിന്ന് ഹൈറേഞ്ചിലേക്ക് കൃഷിക്കാരുടെ പ്രവാഹം തന്നെ ആരംഭിച്ചു. ഇതോടൊപ്പം വമ്പന്‍മാരുടെ നേതൃത്വത്തില്‍ വനംകൊള്ളയും തുടങ്ങി. ഇതിനായി വലിയ സംഘടനകള്‍ തന്നെ കോണ്‍ഗ്രസ് പ്രമാണിമാര്‍ മുന്‍കൈ എടുത്തു രൂപീകരിച്ചു. പുറത്ത് നിന്ന് വരുന്നവരെ സ്വാധീനിച്ച് ഈ സംഘം വന്‍തോതില്‍ ഭൂമി വില്‍പ്പനയും ആരംഭിച്ചു.

സ്വന്തമായുള്ളതെല്ലാം വിറ്റുപെറുക്കി ഹൈറേഞ്ചിലെത്തിയ കൃഷിക്കാര്‍ പ്രമാണി സംഘങ്ങളുടെ വലയില്‍ അകപ്പെടുക സ്വാഭാവികം. കുടിയേറ്റം ശക്തമായതോടെ കൃഷിക്കാര്‍ കുടിയിറക്കു ഭീഷണിയിലുമായി. 1954 ല്‍ തന്നെ കൃഷിക്കാരെ കുടിയിറക്കുന്നതിനുള്ള നടപടികള്‍ ഉണ്ടായതാണ്.

1957 ല്‍ സിപിഐ നേതൃത്വത്തില്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തിയപ്പോഴാണ് കൃഷിക്കാര്‍ക്കു സമാധാനം ആയത്. കുടിയിറക്ക് ഗവണ്‍മെന്റ് നിരോധിച്ചു. 1957 ഏപ്രില്‍ 27 ന് മുമ്പ് കയ്യേറിയ ആരെയും ഒഴിപ്പിക്കുകയില്ലെന്നും തുടര്‍ന്നുള്ള കയ്യേറ്റം അനുവദിക്കില്ലെന്നും ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. കുടിയിറക്കു ഭീഷണി ഒഴിഞ്ഞു കിട്ടിയപ്പോള്‍ രാവും പകലും അധ്വാനമാരംഭിച്ചു. കൊടുങ്കാട്ടിലെ ജീവിതം നരകതുല്യം. സ്വന്തമാക്കിയ മണ്ണില്‍ ചോര ചീന്തി പണിയെടുത്തവരുടെ മനസ്സുനിറയെ പുതിയ ജീവത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍.

1960ല്‍ കോണ്‍ഗ്രസ് മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. പട്ടം താണുപിള്ള മുഖ്യമന്ത്രിയും പി റ്റി ചാക്കോ ആഭ്യന്തരമന്ത്രിയുമായി ഭരണമാരംഭിച്ചതോടെ ഹൈറേഞ്ചില്‍ വീണ്ടും കയ്യേറ്റമാരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം പ്രദേശങ്ങളിലുള്ള ആയിരക്കണക്കിന് കൃഷിക്കാരെ കോണ്‍ഗ്രസ് പ്രമാണിമാര്‍ സ്വാധീനിച്ച് പണം വാങ്ങി ഹൈറേഞ്ചില്‍ കുടിയിരുത്തി. ആദായകരമായ വന്‍ ബിസിനസ്സ് ആയി ഈ കച്ചവടം മാറി.

1961 മെയ് മാസമായപ്പോഴേയ്ക്കും അയ്യപ്പന്‍ കോവിലില്‍ നിന്ന് കൃഷിക്കാരെ കുടി ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇടുക്കി പ്രൊജക്റ്റിനുവേണ്ടി എന്ന പേരിലാണ് കുടിയിറക്ക് തുടങ്ങിയത്. കുടിയിറക്ക് ഉറപ്പായതോടെ ഭൂമി കച്ചവടം നടത്തിയ പ്രമാണിമാരും അവരുടെ സംഘടനകളും രംഗം വിട്ടു. മെയ് രണ്ടിന് പ്രഭാതത്തില്‍ ഉണെര്‍ന്നെഴുന്നേറ്റ കൃഷിക്കാര്‍ കണി കണ്ടത് വന്‍ പൊലീസ് പടയെയാണ്.

ഈ കുടിയിറക്കിന്റെ ചരിത്രം 1961 ജൂലായ് ലക്കം കമ്മ്യൂണിസ്റ്റ് മാസികയില്‍ കെ റ്റി ജേക്കബ്ബ് വിവരിക്കുന്നുണ്ട്. ജേക്കബ്ബാശാന്‍ എഴുതുന്നു : 1960 ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആരേയും ഒഴിപ്പിക്കില്ല എന്ന ധാരണ ശക്തമായി. കോണ്‍ഗ്രസ് പ്രമാണിമാരുടെ നേതൃത്വത്തില്‍ വന്‍ തുക വാങ്ങി കൃഷിക്കാര്‍ക്ക് ഭൂമി വിറ്റു. വനം വകുപ്പുദ്യോഗസ്ഥന്‍മാരും ഈ കച്ചവടത്തില്‍ പങ്കാളികളായി.

കോണ്‍ഗ്രസ് പ്രമാണിമാര്‍ നല്‍കിയ എല്ലാ ഉറപ്പുകളും കാറ്റില്‍ പറന്നു. അയ്യപ്പന്‍കോവിലില്‍ ഒരു പൊലീസ് സ്റ്റേഷനും മജിസ്‌ട്രേട്ടു കോടതിയും സ്ഥാപിതമായി. മെയ് 27 ന് 18 കുടിലുകള്‍ കത്തിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 100, 200 ക്രമത്തില്‍ വീടുകള്‍ കത്തിച്ചു. എങ്ങും സായുധ പൊലീസ്. സര്‍വ്വത്ര യുദ്ധത്തിന്റെ പ്രതീതി. പകല്‍ തീയും പുകയുമില്ലാതെ മറ്റൊന്നുമില്ല ”. ഈ യുദ്ധഭൂമിയിലേക്ക് ആദ്യം ഓടിയെത്തിയത് അന്നത്തെ പ്രതിപക്ഷ ഉപനേതാവായിരുന്ന സി അച്യുതമേനോനും ജേക്കബ്ബാശാനുമായിരുന്നു.

അയ്യപ്പന്‍ കോവില്‍ സമരത്തില്‍ ആശാന്റെ പങ്കിനെപ്പറ്റി സി അച്യുതമേനോന്‍ എഴുതുന്നു. (ജേക്കബ്ബാശാന്‍ സ്മരണിക)

ഹൈറേഞ്ചില്‍ കുടിയിറക്കു ഭീഷണി ഉണ്ടായ കാലം മുതല്‍ ആശാന്‍ പാര്‍ട്ടിക്ക് അതേപ്പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ചില പ്രമേയങ്ങള്‍ പാസ്സാക്കുന്നതിനപ്പുറം ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അന്നൊരുദിവസം (മെയ് 3) തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ആശാന്‍ ധൃതിപ്പെട്ട് ഓടി വന്നു. പാര്‍ട്ടി സെക്രട്ടറിയോ കിസാന്‍ സഭ നേതാവോ ഉടന്‍ അയ്യപ്പന്‍കോവിലിലേയ്ക്കു പോകണമെന്ന് ആശാന്‍ ശഠിച്ചു. തല്‍ക്കാലം അവരാരും സ്ഥലത്തില്ലാത്തതിനാല്‍ ഞാന്‍ മുട്ടുശാന്തിക്കായി പോകാന്‍ തീരുമാനിച്ചു. അപ്പോള്‍ തന്നെ ഞങ്ങള്‍ പുറപ്പെട്ടു. പിറ്റേദിവസം ഉച്ചതിരിഞ്ഞ് അമരാവതിയിലെത്തി. കൃഷിക്കാരുടെ വീടുകള്‍ തീ വച്ച് നശിപ്പിച്ച് കുഞ്ഞുകുട്ടി പരാധീനങ്ങളോടു കൂടി ബലം പ്രയോഗിച്ച് ലോറിയില്‍ കയറ്റി കോരിച്ചൊരിയുന്ന മഴയത്ത് അമാരവതിയില്‍ കൊണ്ടുവന്നിറക്കി എന്നവര്‍ കണ്ണീരോടെ ഞങ്ങളോടു പറഞ്ഞു.” അമരാവതിയിലെ കരളലയിപ്പിക്കുന്ന ആ കാഴ്ചകള്‍ ആരെയും കണ്ണീരിലാഴ്ത്തുമെന്ന് അച്യുതമേനോന്‍ എഴുതി.

അന്നും പിറ്റേന്നും ജേക്കബ്ബാശാനോടൊപ്പം അയ്യപ്പന്‍കോവിലിലെ കുടിയിറക്കു പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. മനുഷ്യത്വരഹിതമായ ഈ കുടിയിറക്കിനെതിരെ കര്‍ഷക പ്രക്ഷോഭമല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്ന് കൃഷിക്കാര്‍ തിരിച്ചറിഞ്ഞു. മുഴുവന്‍ കൃഷിക്കാരേയും ഒരുമിച്ച് അണിനിരത്തുന്നതിന് ജേക്കബ്ബാശാന്‍ നേതൃത്വം നല്‍കി. കിസാന്‍സഭയോടൊപ്പം അയ്യപ്പന്‍കോവിലില്‍ ജോസഫ് കണ്‍വീനറുമായി കര്‍ഷക രക്ഷാസമിതി രൂപീകരിച്ചു.

ജേക്കബ്ബാശാന്‍ തന്റെ ലേഖനത്തില്‍ തുടര്‍ന്നെഴുതുന്നു : കിസാന്‍സഭ നേതാക്കന്‍മാര്‍ക്ക് അയ്യപ്പന്‍ കോവിലില്‍ അനന്യ സാധാരണവും അപ്രതീക്ഷിതവുമായ സ്വീകരണങ്ങളാണ് ലഭിച്ചത്. തങ്ങളുടെ സമരം ഏറ്റെടുക്കണമെന്നും സമരത്തിന് നേതൃത്വം നല്‍കണമെന്നും കൃഷിക്കാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. മെയ് 5- ന് അയ്യപ്പന്‍ കോവിലില്‍ കൂടിയ മഹായോഗത്തില്‍ 10,000 -ഓളം കൃഷിക്കാര്‍ പങ്കെടുത്തു. പ്രൊജക്റ്റ് ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് ഒഴുപ്പിക്കുന്നതെങ്കില്‍ തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ പുനരധിവാസത്തിനുള്ള എല്ലാം ഏര്‍പ്പാടുകളും ചെയ്തശേഷമേ ഒഴിപ്പിക്കാവൂ എന്നും ഒഴിപ്പിക്കല്‍ സംബന്ധിച്ച നയം വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.”

സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കര്‍ഷക രക്ഷാസമിതിയുടെ ചുമതലയില്‍ 5 റിജീയണല്‍ കമ്മറ്റികളും 30 പ്രാദേശിക സംഘടനകളും രൂപീകരിച്ചു.

മെയ് 6 ന് സത്യാഗ്രഹം ആരംഭിച്ചു. മെയ് 16 ന് കര്‍ഷകര്‍ കോട്ടയം കളക്‌ട്രേറ്റ് മാര്‍ച്ച് നടത്തി. അയ്യപ്പന്‍കോവിലില്‍ നിന്ന് 150 കര്‍ഷകര്‍ കാല്‍നടയായി കളക്‌ട്രേറ്റിലേയ്ക്ക് മാര്‍ച്ചു ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി എം എന്‍ ഗോവിന്ദന്‍ നായര്‍ അയ്യപ്പന്‍കോവില്‍ സന്ദര്‍ശിച്ചു. കേരളത്തിലെ പാര്‍ട്ടിയുടേയും കര്‍ഷക പ്രസ്ഥാനത്തിന്റെയും നേതാക്കള്‍ അയ്യപ്പന്‍കോവിലും, അമരാവതിയിലും കേന്ദ്രീകരിച്ചു. പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവും കിസാന്‍സഭ പ്രസിഡന്റുമായ എ കെ ജിയും ഇ എം എസും ജൂണ്‍ 1 ന് അമരാവതിയിലെത്തി. കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ജൂണ്‍ 6 ന് മുതല്‍ നിരാഹാരം ആരംഭിക്കുമെന്ന് എകെജി പ്രഖ്യാപിച്ചു.

ജൂണ്‍ 6 ന് എകെജി സ്വന്തം ആരോഗ്യം മറന്ന് അമരാവതിയില്‍ നിരാഹാരം ആരംഭിച്ചു. സമരം കേരളത്തിന്റെ മൊത്തം സമരമായി മാറി. ജൂണ്‍ 12 ന് നിയമസഭയില്‍ എകെജിയുടെ നിരാഹാര സമരത്തിന്റെ കാര്യം സി അച്യുതമേനോന്‍ ഉന്നയിച്ചു ചര്‍ച്ച ചെയ്യിച്ചു. പാര്‍ലമെന്റില്‍ പി കെ വി വിഷയം ഉന്നയിച്ചു.

കക്ഷി രാഷ്ട്രീയത്തിനതീതമായി പട്ടം സര്‍ക്കാരിന്റെ കര്‍ഷകദ്രോഹത്തിനെതിരെ ജനങ്ങള്‍ അണിനിരന്നു. അമരാവതിയിലെത്തിയ ഫാദര്‍ വടക്കന്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടു പറഞ്ഞു : അമരാവതിയിലെ പതിനായിരത്തോളം മനുഷ്യജീവിതങ്ങളെ ഒരു ഷെഡ്ഡുപോലും നിര്‍മ്മിച്ചുകൊടുക്കാതെ അഗണ്യമായി തള്ളി വിട്ട സര്‍ക്കാരിന്റെ നടപടി മനുഷ്യത്വത്തോടു കാണിച്ച വലിയൊരു ആക്രമണമായിരുന്നു. ഇവരുടെ അവശതകള്‍ പരിഹരിക്കുവാന്‍ മുന്നോട്ടു വന്ന മിസ്റ്റര്‍ ഗോപാലനും കമ്മ്യൂണിസ്റ്റു സഖാക്കളുമാണ്. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ മാനുഷിക മൂല്യങ്ങള്‍ മറന്ന നമ്മുടെ നേതാക്കളെക്കാള്‍ നല്ലവരെന്ന് അമരാവതിയില്‍ ചെല്ലുന്ന ഏതൊരാള്‍ക്കും ബോധ്യമാകും.” (ജനയുഗം ജൂണ്‍ 22, 1961)

സംഭവ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം കോണ്‍ഗ്രസ് നേതാവ് സി കെ ഗോവിന്ദന്‍നായര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു : ഒരു ജനസമൂഹത്തെ ഒന്നടങ്കം വേണ്ടത്ര നോട്ടീസ് കൊടുക്കാതെ കുടിയിറക്കുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന ദുരിതങ്ങളും കഷ്ടപ്പാടുകളും മാത്രമല്ല ഈ കുടിയിറക്കിനെ തുടര്‍ന്ന് ഉണ്ടായിരിക്കുന്നത്. അമരാവതിയില്‍ കഴിഞ്ഞു കൂടുന്ന കര്‍ഷകരുടെ സ്ഥിതി അത്യന്തം ദയനീയവും, അവര്‍ കഴിഞ്ഞു കൂടുന്ന സാഹചര്യം ഒട്ടും മനുഷ്യോചിതവുമല്ലന്നേ പറയാന്‍ കഴിയൂ ( കേരള കൗമുദി 22, 1961)
അയ്യപ്പന്‍ കോവിലിലെ മനുഷ്യത്വരഹിതമായ കുടിയിറക്കിനെ അപലപിച്ചുകൊണ്ട് മാത്യു മണിയങ്ങാടന്‍ എം പി, കെ എം ചാണ്ടി, പനമ്പള്ളി ഗോവിന്ദമേനോന്‍ എന്നിവര്‍ പ്രസ്താവനയിറക്കി.

രാജ്യവും ജനതയുമൊന്നടങ്കം ഈ കര്‍ഷക സമരത്തിനു പിന്നില്‍ ഉണ്ടെന്നു തിരിച്ചറിഞ്ഞ ഭരണകൂടം ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കു തയ്യാറായി. ആഭ്യന്തരമന്ത്രി പി റ്റി ചാക്കോ കോട്ടയെത്തെ സമരസമിതി നേതാക്കളുമായി ചര്‍ച്ച ചെയ്ത് തീരുമാനമുണ്ടാക്കി.

കുടിയിറക്കപ്പെട്ടവര്‍ക്ക് പകരം ഭൂമി, വീടു വയ്ക്കുന്നതിനുള്ള മരം, മുള തുടങ്ങിയവ, പുര വയ്ക്കാന്‍ 25 രൂപ ധനസഹായം, കൃഷി ചെയ്യുന്നതിന് 10 രൂപ സഹായവും, 100 രൂപ വായ്പയും ,ഒരംഗത്തിന് ഒരു ദിവസം നാഴി അരി എന്ന കണക്കിന് എല്ലാവര്‍ക്കും സൗജന്യ റേഷന്‍, കുട്ടികളുടെ പഠനത്തിന് സഹായം, അമരാവതിയില്‍ ആശുപത്രി, ജോലി എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും കൃഷിക്കാര്‍ക്കനുകൂലമായ തീരുമാനങ്ങളാണ് ഉണ്ടായത്. സര്‍വ്വോപരി ഇനി കുടിയിറക്കേണ്ടി വന്നാല്‍ കൃഷിക്കാരും അവരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്ത് യോജിച്ച തീരുമാനമെടുക്കുമെന്നും തീരുമാനിക്കപ്പെട്ടു. ഈ തീരുമാനങ്ങളോടെ എകെജി ജൂണ്‍ 17 ന് നിരാഹാരം അവസാനിപ്പിച്ചു. മെയ് 5 മുതല്‍ ജേക്കബ്ബാശാന്‍ നേതൃത്വം നല്‍കി ആരംഭിച്ച സമരം ജൂണ്‍ 17 ന് എകെജി നിരാഹാരം അവസാനിപ്പിച്ചതോടെ വിജയ സമാപ്തിയിലെത്തി.

അമരാവതിയുടെ അനുഭവത്തില്‍ നിന്ന് കോണ്‍ഗ്രസ് ഒരു പാഠവും പഠിച്ചില്ല. പട്ടം താണുപിള്ളയെ ഗവര്‍ണ്ണറാക്കി പറഞ്ഞു വിട്ടതിനുശേഷം ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായി. ശങ്കറുടെ ഭരണകാലത്ത് ചുരുളിയിലും കീരിത്തോട്ടിലും ആയിരക്കണക്കിനു കൃഷിക്കാരെ കുടിയിറക്കി. വീണ്ടും 1982 ല്‍ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വണ്ണപ്പുറത്തും, തൊമ്മന്‍കുത്തിലും നൂറുകണക്കിനു കൃഷിക്കാരെ കുടിയിറക്കി. ഈ കുടിയിറക്കുകള്‍ക്കെതിരെയും പ്രക്ഷോഭരംഗത്തുവന്നത് കമ്മ്യൂണിസ്റ്റുകാരാണ്.

ഹൈറേഞ്ചിന്റെയും ജില്ലയുടെയും ചരിത്രം പരിശോധിച്ചാല്‍ അവിടെയല്ലാം കോണ്‍ഗ്രസ് പാര്‍ട്ടിയും നേതാക്കന്‍മാരും ഇന്നോളം നടത്തിയ കര്‍ഷകദ്രോഹത്തിന്റെ കഥകള്‍ തെളിഞ്ഞുവരും. കൃഷിക്കാരുടെ പട്ടയപ്രശ്‌നം വഷളാക്കിയതും അനന്തമായി നീണ്ടുപോയതും കോണ്‍ഗ്രസിന്റെ നയം മൂലമാണ്. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരാണ് പട്ടയവിതരണത്തിനുള്ള നിയമതടസ്സങ്ങള്‍ പരിഹരിച്ചതും, നിയമവും ചട്ടങ്ങളും ഭേദഗതി ചെയ്ത് ഉപാധി രഹിത പട്ടയം വിതരണം ആരംഭിച്ചതും. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കൃഷിക്കാര്‍ ആശങ്കയിലാണ്. ഈ ആശങ്ക അസ്ഥാനത്താണോ എന്ന് ഇനിയുള്ള ദിവസങ്ങളില്‍ തെളിയും.

*
കെ കെ ശിവരാമന്‍ ജനയുഗം 07 ജൂണ്‍ 2011

No comments: