Wednesday, June 8, 2011

ഉടലൊട്ടി പള്ളവീര്‍ത്ത ദാരിദ്ര്യരേഖ

ഭാരതീയര്‍ക്ക് ദാരിദ്ര്യം രക്തബന്ധംപോലെയാണ്. ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ പ്രതീകമായ സീതയുടെ പേരിന്റെ അര്‍ഥംതന്നെ 'ഉഴവുചാല്‍' എന്നാണല്ലോ-നിര്‍ധനത്വത്തിന്റെയും അനാഥത്വത്തിന്റെയും പ്രതീകം. സ്വാഭാവികമായും ദാരിദ്ര്യം നമ്മുടെ ഭരണകര്‍ത്താക്കളെ എപ്പോഴും മഥിക്കേണ്ടൊരു സമസ്യയാണ്.

എന്നാല്‍ അവരെ അലട്ടുന്ന പ്രശ്‌നം ദാരിദ്ര്യത്തെക്കാള്‍ ദാരിദ്ര്യരേഖയാണെന്നാണ് ചില വര്‍ത്തമാനകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. രസകരമായ കാര്യം, ദാരിദ്ര്യരേഖയുടെ ലക്ഷ്യം ദാരിദ്ര്യത്തെ ഇല്ലായ്മ ചെയ്യുക എന്നതല്ല. മറിച്ച് ദരിദ്രരുടെ എണ്ണം ഏതുവിധം കുറച്ചുകാണിക്കാം എന്നതാണ്!

ഏതാണ്ട് 1973 ല്‍ തുടങ്ങിയതാണ് ദാരിദ്ര്യരേഖയുമായുള്ള നമ്മുടെ ഈ മല്‍പ്പിടുത്തം. അന്ന് ഗ്രാമീണ മേഖലയില്‍ പ്രതിശീര്‍ഷ (മാസ) വരുമാനം 49 രൂപയായും നഗരപ്രദേശങ്ങളില്‍ 57 രൂപയായും നിശ്ചയിച്ചു. ഇത്രയും രൂപ വരുമാനം ഇല്ലാത്തവര്‍ ദരിദ്രരും. അതിനുമുകളില്‍ വരുമാനമുള്ളവര്‍ ജീവിക്കാന്‍ വകയുള്ളവരും. കാലം മാറുന്നതനുസരിച്ച് രേഖയും മാറിക്കൊണ്ടിരുന്നു. 2000 ല്‍ ഇത് യഥാക്രമം 328 ഉം 454 ഉം രൂപയായി നിജപ്പെട്ടു. ഇപ്പോഴത് 450 ഉം 600 ഉം രൂപയാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഇന്ന് ഒരു ഗ്രാമീണന് 15 രൂപ പ്രതിദിനം വരുമാനം ഉണ്ടായാല്‍ അയാള്‍ ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ നില്‍ക്കും. നഗരത്തില്‍ ഇത് 20 രൂപയും. ഏറ്റവും വലിയ തമാശ, ദാരിദ്ര്യമോ വിശപ്പോ എന്തെന്ന് ഒരിക്കല്‍പോലും അറിഞ്ഞിട്ടില്ലാത്തവരാണ് ഈ ദാരിദ്ര്യരേഖയുടെ വരപ്പുകാര്‍ എന്നതാണ്. അങ്ങനെ പട്ടിണി അറിയാത്തവന്റെ രേഖയാണ് ദാരിദ്ര്യരേഖ!

പതിനഞ്ചോ ഇരുപതോ രൂപ ഉണ്ടെങ്കില്‍ ദാരിദ്ര്യത്തെ കീഴ്‌പ്പെടുത്താമെന്നാണ് ഇവര്‍ നമ്മോട് പറയുന്നത്. ഇവിടെ പെട്ടെന്ന് ഓര്‍മവരുന്നത് പണ്ട് (1963) മഹാരാഷ്ട്ര സര്‍ക്കാര്‍ ക്ഷാമത്തെ ''ഇല്ലായ്മ'' ചെയ്തതാണ്. 1963 ല്‍ സംസ്ഥാന സര്‍ക്കാര്‍ ക്ഷാമത്തെ പരിപൂര്‍ണമായി 'ഇല്ലാതാക്കി'. എങ്ങനെയാണെന്നല്ലേ? നിയമംമൂലം (The Maharasthra Deletion of the ‘Term Famine’ Act 1963) 'ക്ഷാമം' എന്ന വാക്ക് ഔദ്യോഗിക രേഖകളില്‍ നിന്ന് നീക്കം ചെയ്തു! ഇതിന് മുന്നോട്ടുവച്ച ന്യായം ഇതാണ്. ''കാര്‍ഷികരംഗം സര്‍ക്കാര്‍ നിരന്തരം നിരീക്ഷിച്ചുവരുകയാണെന്നും അതില്‍നിന്ന് സംസ്ഥാനത്ത് ഇനി ക്ഷാമം ഉണ്ടാകാനുള്ള യാതൊരു സാഹചര്യവും ഇല്ലെന്നും ബോധ്യമായി''. അങ്ങനെ മഹാരാഷ്ട്രയില്‍ ക്ഷാമം ഇല്ലാതായി!

ഏതാണ്ട് ഇതിന് സമാനമാണ് നമ്മുടെ ദാരിദ്ര്യരേഖയുടെ ചരിത്രവും. രേഖ താഴോട്ട് താഴോട്ട് വരച്ച് നാം ദാരിദ്ര്യത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നു. ഒരുവേള മഹാരാഷ്ട്ര സര്‍ക്കാരിനെപ്പോലെ കേന്ദ്രസര്‍ക്കാരും 'ദാരിദ്ര്യം' എന്ന വാക്ക് നീക്കം ചെയ്ത് ദാരിദ്ര്യത്തെ ഇല്ലായ്മ ചെയ്‌തെന്നും വരാം.

ജനസംഖ്യയുടെ കേവലം ഒരു ശതമാനം മാത്രം വരുന്ന സമ്പന്നര്‍ ആത്മീയകാര്യങ്ങള്‍ക്ക് പ്രതിവര്‍ഷം 50,000 കോടി രൂപ ചിലവഴിക്കുന്ന നാടാണ് നമ്മുടേത്. വി ഐ പികള്‍ക്ക് സംരക്ഷണം നല്‍കുവാന്‍ കേന്ദ്രസര്‍ക്കാര്‍ മാത്രം 1000 കോടി രൂപയും ചിലവാക്കുന്നു. ഈ മണ്ണില്‍ ചവിട്ടിനിന്നുകൊണ്ടാണ് നാം ദാരിദ്രനോട് 15/20 രൂപയ്ക്ക് നിത്യചിലവ് നടത്തണമെന്ന് പറയുന്നത്. 15/20 രൂപകൊണ്ട് ഏതുതരം ഭക്ഷണമാണ് കഴിക്കാനാവുന്നത്? മറ്റുകാര്യങ്ങള്‍ ഏതുവിധം നിറവേറ്റും? മനുഷ്യന്‍ ഭക്ഷണം കഴിക്കുന്ന റോബോട്ടുകളല്ലല്ലോ. ആരോഗ്യവും വസ്ത്രവും പാര്‍പ്പിടവുമൊക്കെ അയാളെ അലട്ടുന്ന പ്രശ്‌നങ്ങളാണ്. ജി ഡി പിയുടെ 1.3 ശതമാനം മാത്രം (2002 ലെ കണക്ക്) ആരോഗ്യത്തിവുവേണ്ടി ചിലവഴിക്കുന്ന നാടാണ് ഇന്ത്യ. കേവലം 20% ജനങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. തിരിച്ചുപറഞ്ഞാല്‍, ദരിദ്രജനവിഭാഗങ്ങള്‍ക്ക് ആരോഗ്യപാലനത്തിനായി സ്വകാര്യമേഖലയെ ആശ്രയിക്കേണ്ടിവരുന്നു. ആരോഗ്യത്തിനും ഭക്ഷണത്തിനും മാത്രം നല്ലൊരു തുക ചിലവഴിക്കേണ്ടിവരും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. മറ്റാവശ്യങ്ങള്‍ക്ക് എങ്ങനെ പണം സ്വരൂപിക്കും?

നാം മറ്റൊരു വസ്തുതകൂടി ഇവിടെ മനസിലാക്കേണ്ടതുണ്ട്. നമ്മുടെ ഭരണകൂടം ക്ഷേമകാര്യങ്ങളില്‍ നിന്ന് പിന്‍മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്. മുന്‍നാളുകളില്‍ ആരോഗ്യവും വിദ്യാഭ്യാസവും പൊതുവിതരണവും ഉള്‍പ്പെടെ പല മേഖലകളിലും അതിന്റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നെങ്കില്‍ ഇന്നത് സമസ്തമേഖലകളില്‍നിന്നും പിന്‍മാറിക്കൊണ്ടിരിക്കുന്നു. തന്നെയുമല്ല അന്നൊക്കെ സാധാരണക്കാര്‍ക്ക് ഉപജീവനത്തിന് ഉതകിയിരുന്ന പൊതുസമ്പത്ത് ഇന്ന് കോര്‍പ്പറേറ്റുകളുടെ കൈവശമാണ്. പുഴയും കായലും കാടുമൊക്കെ ഭരണവര്‍ഗം ഇവര്‍ക്ക് തീറെഴുതിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇന്നത്തെ അവസ്ഥയില്‍ ഉപ്പുതൊട്ട് കര്‍പ്പൂരംവരെയുള്ള കാര്യങ്ങള്‍ക്ക് സാധാരണ ജനങ്ങള്‍ വിപണിയെ ആശ്രയിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ 15/20 രൂപകൊണ്ട് എങ്ങനെയാണ് രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഇവര്‍ക്കാവുന്നത്? പോരെങ്കില്‍ വിലക്കയറ്റം ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ വേറെയും. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടാണ് സെന്റര്‍ ഫോര്‍ പോളിസി ആള്‍ട്ടര്‍നേറ്റീവ്‌സ് പ്രതിമാസം 840 രൂപയുടെ ഒരു ബദല്‍ ദാരിദ്ര്യരേഖ (2001 ലെ വില നിലവാരം അനുസരിച്ച്) തയ്യാറാക്കിയത്.
പക്ഷേ ഇതൊന്നും നമ്മുടെ ഭരണകര്‍ത്താക്കളുടെ തലയില്‍ക്കയറുന്ന കാര്യങ്ങളല്ല. അവരെ സംബന്ധിച്ചിടത്തോളം, പട്ടിണി കിടക്കുന്നവര്‍ മാത്രമെ ദാരിദ്ര്യരേഖയ്ക്ക് താഴെ വരുന്നുള്ളൂ. നിങ്ങള്‍ അരവയര്‍ ഭക്ഷണം കഴിക്കു-ചുട്ടി തോര്‍ത്ത് കൊണ്ട് നഗ്നത മറയ്ക്കൂ. നിങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ കഴിയുന്ന ഭാഗ്യവാനാകും. ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ജനങ്ങള്‍ പട്ടിണിയില്‍ കഴിയുന്നതാണ് ഉത്തമം. കാരണം പട്ടിണിക്കാരന്‍ അന്നത്തെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ. അവന് അനുസരണക്കേട് കാണിക്കാനുള്ള ആഗ്രഹമോ ഇച്ഛയോ ഇല്ല. അവന്‍ സാമൂഹ്യമായി മരിച്ചവനാണ് (Socially Dead).

നമ്മുടെ ഭരണകര്‍ത്താക്കള്‍ പലതും മറന്നിരിക്കുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ദര്‍ശനത്തെ, ഭരണഘടനയെ, ഗാന്ധിജിയെ, എന്തിനേറെ നെഹ്‌റുവിനെപ്പോലും. സോഷ്യലിസവും ജനാധിപത്യവും വികസനത്തിനു നേരെയുള്ള വെല്ലുവിളികളാണെന്ന് പറഞ്ഞയാളാണ് ഇന്ന് നമ്മുടെ കേന്ദ്ര ആഭ്യന്തരമന്ത്രി. തെക്കേ ഇന്ത്യാക്കാര്‍ കൂടുതല്‍ ചപ്പാത്തി തിന്നുന്നതുമൂലമാണ് ഗോതമ്പിന്റെ വില ഉയരുന്നതെന്നു പറഞ്ഞ മറ്റൊരാളെ നാം കൃഷിമന്ത്രിയായി വാഴിക്കുന്നു. ഇനിയും ഉണ്ട് വേറൊരാള്‍ - കേന്ദ്ര ഗ്രാമീണവികസന മന്ത്രി. കര്‍ഷക ആത്മഹത്യയെക്കുറിച്ചുള്ളതാണ് അദ്ദേഹത്തിന്റെ മഹത് വചനം. ''ആത്മഹത്യ ചെയ്യുന്നത് ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് കുറ്റകരമാണ്. പക്ഷേ ഇതിന്റെ പേരില്‍ ഞങ്ങള്‍ ഒരു കര്‍ഷകനെതിരെയും കേസ് എടുത്തിട്ടില്ല''. ഇത്തരക്കാര്‍ അടങ്ങുന്ന ഭരണകൂടത്തില്‍ നിന്ന് നാം എന്തുതരം ദാരിദ്ര്യരേഖയാണ് പ്രതീക്ഷിക്കേണ്ടത്? ദരിദ്രരെ കുത്തിനോവിക്കുന്നതാണ് ഇവരുടെ രേഖ. ഒട്ടകത്തെ വിഴുങ്ങിയ പെരുമ്പാമ്പിനെപ്പോലെ അത് നീണ്ടുകിടക്കുന്ന - ഉടലൊട്ടിയും പള്ളവീര്‍ത്തും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ദരിദ്രര്‍ കുറവും അതിനു മുകളിലുള്ളവര്‍ അസംഖ്യവും. ഉടലൊട്ടി പള്ളവീര്‍ത്ത ദാരിദ്ര്യരേഖ.

*
ഡോ. ജെ പ്രഭാഷ് ജനയുഗം 08 ജൂണ്‍ 2011

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ഭാരതീയര്‍ക്ക് ദാരിദ്ര്യം രക്തബന്ധംപോലെയാണ്. ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ പ്രതീകമായ സീതയുടെ പേരിന്റെ അര്‍ഥംതന്നെ 'ഉഴവുചാല്‍' എന്നാണല്ലോ-നിര്‍ധനത്വത്തിന്റെയും അനാഥത്വത്തിന്റെയും പ്രതീകം. സ്വാഭാവികമായും ദാരിദ്ര്യം നമ്മുടെ ഭരണകര്‍ത്താക്കളെ എപ്പോഴും മഥിക്കേണ്ടൊരു സമസ്യയാണ്.

എന്നാല്‍ അവരെ അലട്ടുന്ന പ്രശ്‌നം ദാരിദ്ര്യത്തെക്കാള്‍ ദാരിദ്ര്യരേഖയാണെന്നാണ് ചില വര്‍ത്തമാനകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. രസകരമായ കാര്യം, ദാരിദ്ര്യരേഖയുടെ ലക്ഷ്യം ദാരിദ്ര്യത്തെ ഇല്ലായ്മ ചെയ്യുക എന്നതല്ല. മറിച്ച് ദരിദ്രരുടെ എണ്ണം ഏതുവിധം കുറച്ചുകാണിക്കാം എന്നതാണ്!

Joker said...

Thanks for this article...

Jijo Kurian said...

Great!!! A well studied and a well written article. Thanks....