Friday, June 10, 2011

കവയിത്രികള്‍ കണ്ട മഴ

മഴ.... വീണ്ടും മഴ.... മലയാളിയുടെ ജീവിതത്തില്‍ മഴയ്ക്കൊരു സ്ഥാനമുണ്ട്. അനുഗ്രഹ വര്‍ഷിണിയായും സംഹാര രുദ്രയായും കണ്ണുനീരായും മലയാളി മഴ അനുഭവിക്കുന്നു.
മേടം ഒന്നു മുതല്‍ ഇടവം പകുതിവരെ ഇടയ്ക്കിടെ മഴ പെയ്യും. ഇടവം 15ന് കാലവര്‍ഷത്തിന്റെ എഴുന്നള്ളത്തായി. മിക്കവാറും ജൂണ്‍ ആദ്യവാരത്തില്‍ കാലവര്‍ഷം വരികയാണ് പതിവ്.

മലയാള സാഹിത്യത്തില്‍ ഭാവനയുടെ വര്‍ണലോകം തീര്‍ക്കുന്നതിന് മഴ വലിയ പങ്കുവഹിച്ചിട്ടുണ്ട്. നിര്‍വൃതിയും കണ്ണുനീരും സമ്മാനിച്ച എത്രയെത്ര കാവ്യമഴകളാണ് ഇവിടെ പെയ്തിറങ്ങിയത്.

മലയാളത്തിന്റെ എക്കാലത്തെയും വലിയ കവയിത്രി ബാലാമണിയമ്മ മഴ കണ്ടതിങ്ങനെ,

"ആകാശം വിട്ടങ്ങുഴറിയെത്തീടുന്നി
തായിരമായിരം നീര്‍ത്തുള്ളികള്‍
പാഞ്ഞടുത്തന്യോന്യം കെട്ടിപ്പുണര്‍ന്നു
പാല്‍നുരപുഞ്ചിരിയിട്ട,ലകള്‍
സ്വച്ഛന്ദം നീന്തിയും മുങ്ങിയും ക്രീഢിപ്പൂ
കൊച്ചു കുമിളകള്‍ നീളെ നീളെ
പോരു പുറത്തേയ്ക്കെന്നാംഗ്യങ്ങള്‍ കാട്ടുന്നു
നീരാണ്ടു നില്‍ക്കുന്ന പുല്‍ക്കൊടികള്‍
താന്‍ താനുരുവിട്ടേനേവമെനിയ്ക്കുണ്ണി-
തന്‍ കളിച്ചങ്ങാതിയാവാമെങ്കില്‍

മഴവെള്ളത്തില്‍ കളിക്കുന്ന മകനെ ശാസിക്കാന്‍ പുറപ്പെടുന്ന അമ്മയുടെ മനോഹരദൃശ്യമാണ് ബാലാമണിയമ്മ ചിത്രീകരിച്ചത്.

ഗ്രാമീണ സൗന്ദര്യത്തിന്റെ ഉള്‍ത്തുടിപ്പുകളെ തന്റേതായ കാഴ്ചപ്പാടില്‍ കണ്ട കവയിത്രി കടത്തനാട്ട് മാധവിയമ്മയ്ക്ക് മഴ ജീവിതം തന്നെയാണ്. മലയും മഴയും എന്ന കവിതയില്‍

"മഴ മഞ്ഞിന്‍ജനികാടണി മലയില്‍
മരങ്ങള്‍ വളരും മലവാരത്തില്‍
മരങ്ങള്‍ തിങ്ങി കാടുണ്ടാകും
കാടുവളര്‍ന്നാല്‍ മഴയുണ്ടാകും
മഴയുണ്ടായാല്‍ നാടുകുളിര്‍ക്കും
നാടുകുളിര്‍ന്നാല്‍ പുല്ലുണ്ടാകും
പുല്ലുണ്ടായാല്‍ പയ്ക്കള്‍ പിഴയ്ക്കും
പയ്ക്കള്‍ പിഴച്ചാല്‍ നമ്മള്‍ ജയിക്കും

" എന്നാണ് അവര്‍ എഴുതിയത്. സുഗതകുമാരിയാവട്ടെ മനുഷ്യജീവിതവുമായി ബന്ധിപ്പിക്കുകയാണ് മഴയെ,

"മഴ പെയ്തു പോലാദ്യം
പനിനീര്‍ തളിച്ചപോല്‍
മഴപെയ്തുപോല്‍ വാരി
മുല്ലപ്പൂവിതറുമ്പോള്‍
മഴ പെയ്തു പോല്‍ പിറന്ന
ച്ചിരിയായ് കരച്ചിലായ്
മഴപെയ്തു പോല്‍ വിണ്ണില്‍
കരുണാ പ്രവാഹമായ്"

മാധവിക്കുട്ടിയാകട്ടെ മഴയിലൂടെ ഭൂതകാലത്തെ ഓര്‍ത്തെടുക്കുകയാണ് "മഴ" എന്ന കവിതയില്‍ ,

"ഇവിടെ
മേല്‍കൂരകള്‍ ചോര്‍ന്നൊലിക്കുന്നില്ല
എന്നാല്‍
ഇവിടെ മഴ പെയ്യുമ്പോള്‍
ആ ആളൊഴിഞ്ഞ വീടിനെ
മഴ നനച്ചു കുതിര്‍ക്കുന്നത്
ഞാന്‍ കാണുന്നു
ആ പഴയ വീട് തകര്‍ന്ന് വീഴുന്ന ശബ്ദം
ഞാന്‍ കേള്‍ക്കുന്നു
അവിടെ എന്റെ നായ്ക്കുട്ടി
ഇപ്പോള്‍ തനിച്ച് കിടക്കുന്നു"

വിജയലക്ഷ്മി മഴയെ ചങ്ങാതിയായി നിരീക്ഷിക്കുന്നു,

"രാത്രി വീണയുമായി ഏകാകിയാം
യാത്രികന്‍ വന്നു വീണ്ടുമീ കര്‍ക്കടം
എത്രയെത്രയോ കാലമായെങ്കിലും
അല്‍പനാള്‍ മുമ്പിലെന്ന പോല്‍
ജനലില്‍
ഒറ്റ മിന്നലില്‍ വീണ്ടും പഴയ ഞാന്‍
കാറ്റുതൊട്ടാല്‍ പുഴങ്ങുന്നു വേരുകള്‍
ച്ചോട്ടിലെങ്കിലും മേലേ തളിരുക
ളേറ്റുവാങ്ങീടുന്നീ മഴച്ചാറ്റലില്‍
ഞാറ്റുപാട്ടും നിറഞ്ഞ ചങ്ങാത്തവും

" റോസ്മേരിക്കാകട്ടെ "മഴ" പിതൃതുല്യമായ സ്നേഹമാണ് പങ്കുവയ്ക്കുന്നത്. "ചാഞ്ഞുപെയ്യുന്ന മഴയില്‍

"അച്ഛാ അങ്ങെന്റെ നെറ്റിമേല്‍ അമര്‍ത്തി
ചുംബിക്കുക
ഇതാ കുളിര്‍ന്നു വിറയ്ക്കുന്നൊരു
കുരികില്‍ പക്ഷി
നിന്റെ പ്രാണനിലവശേഷിക്കുന്ന
അവസാനത്തെ കനല്‍ക്കട്ടകള്‍
പെറുക്കിക്കൂട്ടി നീയതിന്
ചൂടുപകരുക...
സ്നേഹവാത്സല്യങ്ങളുടെ താതാ
അങ്ങെന്നെ ഹൃദയത്തോട്
ചേര്‍ത്ത് പിടിക്കുക
സമസ്ത ഭീതികളില്‍നിന്നും
പരിരക്ഷിക്കുക

" പ്രമീളാദേവിക്ക് പ്രിയനെ തേടി വരുന്ന പ്രേമസങ്കല്‍പ്പമാണ് മഴ,

"ആയിരം സൂചിത്തുമ്പായ് നീളുന്ന
നീര്‍ത്തുള്ളിയാല്‍
ആദിമ കുതൂഹലം
കുത്തൊഴുക്കായീടുന്നു
വീണ്ടുമീ തേങ്ങല്‍
തിരഞ്ഞുഴറല്‍ ഉരുളുന്ന
കാലത്തിനൊപ്പം
ദേശാന്തര യാത്രകള്‍ക്കൊപ്പം

" ശ്രീദേവി കെ ലാല്‍ മഴയെ നഷ്ടസ്മൃതിയെയാണ് കാണുന്നത്.

"വരണ്ട മണ്ണിന്റെ നനഞ്ഞ മണം
പ്രണയത്തിന്റെ തീരങ്ങളില്‍
ആര്‍ദ്രമാകുന്നൊരു കുളിര്‍മ
മഴയൊരുക്കത്തിന്റെ ഈറന്‍ നിശബ്ദത
പിന്നെ, ആര്‍ത്തലച്ചെത്തുന്ന പെരുമഴ
പ്രകൃതിയുടെ നിറഭേദങ്ങള്‍
ഇപ്പോള്‍ നേര്‍ക്കാഴ്ച
മഴയുടെ ഒടുവില്‍
മരങ്ങളുടെ സൗമ്യമഴ
ഇപ്പോള്‍ മഴ സുഖമുള്ളൊരു
നഷ്ടസ്മൃതി"

മീര ജെന്‍സി മൂര്‍ക്കോത്തിന് തികച്ചും വ്യത്യസ്തമായ അഭിപ്രായമാണ് മഴയെക്കുറിച്ചുള്ളത്.

"മഴയ്ക്ക് ആരാണ് സൗന്ദര്യം കല്‍പ്പിച്ചത്
എനിക്കതിന്റെ ആര്‍ദ്രതകളെ
സഹിക്കാനേ കഴിയുന്നില്ല

എന്നാല്‍ ധന്യാരാജിന് മഴ നേഴ്സറി ക്ലാസില്‍ ഇരുന്ന് കരയുന്ന കുട്ടിയാണ്

"നിര്‍ത്താതെ കരഞ്ഞതിനാണത്രെ
മഴയെ നേഴ്സറി ക്ലാസില്‍നിന്നും
പുറത്താക്കിയത്"

മഴ മലയാള കാവ്യപാരമ്പര്യത്തിന്റെ ഉജ്വല ബിംബമായി എക്കാലവും തലയുയര്‍ത്തി നില്‍ക്കും. ചുമ്മാതെ ചിരിച്ചും വിതുമ്പിക്കരഞ്ഞും കവയിത്രികള്‍ കണ്ട മഴ ആയിരം വര്‍ണരാജികളായി തുള്ളിത്തുളുമ്പട്ടെ.

"മരുവല്ലായിരുന്നല്ലോ, മലര്‍ പോലെ മഴപെയ്ത
മലയാള മണ്ണായിരുന്നെന്റെ ചിത്തം

" എന്ന് മണ്ണും വിത്തും തമ്മിലുള്ള ബന്ധം ഉറപ്പിച്ചുകൊണ്ട് മലയാളത്തിന്റെ മനസ്സായി സുഗതകുമാരി തുറന്നുവയ്ക്കുന്നു.

*
അജിത്കുമാര്‍ ഗോതുരുത്ത് ദേശാഭിമാനി വാരാന്തപ്പതിപ്പ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മഴ.... വീണ്ടും മഴ.... മലയാളിയുടെ ജീവിതത്തില്‍ മഴയ്ക്കൊരു സ്ഥാനമുണ്ട്. അനുഗ്രഹ വര്‍ഷിണിയായും സംഹാര രുദ്രയായും കണ്ണുനീരായും മലയാളി മഴ അനുഭവിക്കുന്നു.
മേടം ഒന്നു മുതല്‍ ഇടവം പകുതിവരെ ഇടയ്ക്കിടെ മഴ പെയ്യും. ഇടവം 15ന് കാലവര്‍ഷത്തിന്റെ എഴുന്നള്ളത്തായി. മിക്കവാറും ജൂണ്‍ ആദ്യവാരത്തില്‍ കാലവര്‍ഷം വരികയാണ് പതിവ്.