Thursday, June 23, 2011

സാമൂഹ്യനീതിക്കെതിരെ വീണ്ടും യുഡിഎഫ്

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ തലസ്ഥാനമാക്കാന്‍ പോകുന്നു എന്ന അവകാശവാദത്തോടെയാണ് ഒരു പതിറ്റാണ്ട് മുമ്പ് അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അപേക്ഷിച്ചവര്‍ക്കെല്ലാം എന്‍ഒസി നല്‍കിയത്. രണ്ട് സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന തത്വം അംഗീകരിച്ചതിനാലാണ് എന്‍ഒസി നല്‍കുന്നത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ , അത് വാക്കാലുള്ള കരാര്‍ മാത്രമായിരുന്നു. രേഖാമൂലം കരാറുണ്ടാക്കാന്‍ ആന്റണി സര്‍ക്കാര്‍ തയ്യാറായില്ല. ലാഭത്തില്‍മാത്രം കണ്ണുളള സ്വാശ്രയ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റുകള്‍ക്ക് എപ്പോഴും മാറ്റാന്‍ പറ്റുന്ന ഒരു വാക്കാണ് നിര്‍ണായകമായ എന്‍ഒസി നല്‍കാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കരുവാക്കിയത്. പിന്നീട് മാനേജ്മെന്റുകളുടെ കോടതിയില്‍ പോകലും സര്‍ക്കാരിന്റെ തോല്‍വിയും തുടര്‍ന്ന് മാനേജ്മെന്റുകളുടെ കടന്നുകയറ്റവും സാമൂഹ്യനീതി നിഷേധവും എന്ന നാടകം ആവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ ആന്റണി പശ്ചാത്താപം പ്രകടിപ്പിച്ചു. സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് എന്‍ഒസി ലഭിക്കുന്നതിന് മാനേജ്മെന്റുകള്‍ വാക്ക് പറഞ്ഞ് ചതിച്ചു എന്നാണ് ആന്റണി പശ്ചാത്തപിച്ചത്.

2001-06ലെ യുഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസക്കച്ചവടനയമാണ് സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തെ ഇന്നത്തെ പ്രശ്നങ്ങളുടെ ആണിക്കല്ല് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അറിയാതെ പറ്റിപ്പോയ ചതിയല്ല, മറിച്ച് യുഡിഎഫിന്റെ നിലപാടിന്റെ ഭാഗമായി വഞ്ചനയ്ക്ക് ഒത്താശ ചെയ്തതാണെന്ന് പില്‍ക്കാല അനുഭവങ്ങള്‍ തെളിയിച്ചു. സ്വാശ്രയ കോളേജുകളിലെ ഫീസ് നിശ്ചയിക്കാന്‍ പി എ മുഹമ്മദ് കമ്മിറ്റിക്കാണ് അധികാരം. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സ്വാശ്രയ പ്രൊഫഷണല്‍ കോളേജ് നിയമത്തിലെ വ്യവസ്ഥയാണത്. അതിന് ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും അംഗീകാരമുണ്ട്. അങ്ങനെ ആധികാരികതയുള്ള ഒരു കമ്മിറ്റി നിശ്ചയിച്ച ഫീസ് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ കോളേജുകള്‍ക്ക് ബാധകമല്ലെന്നും അവര്‍ക്ക് ചോദിച്ച ഫീസ് ഈടാക്കാമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചു. ആ വിധിക്കെതിരെ മുഹമ്മദ് കമ്മിറ്റി അപ്പീല്‍ കൊടുത്തപ്പോള്‍ ഡിവിഷന്‍ ബെഞ്ച് ചോദിച്ചത് സര്‍ക്കാരല്ലേ അപ്പീല്‍ നല്‍കേണ്ടത് എന്നാണ്. സര്‍ക്കാരിന്റെ നിലപാടറിയിക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടും യഥാസമയം അത് നല്‍കാന്‍ തയ്യാറായില്ല. സ്വാശ്രയ പ്രൊഫഷണല്‍ കോളേജ് പ്രശ്നത്തില്‍ സര്‍ക്കാരിന് നിലപാട് ഉണ്ടാകേണ്ടതല്ലേ, എന്തുകൊണ്ട് ഒളിച്ചുകളിക്കുന്നു എന്ന മട്ടില്‍ കോടതിയുടെ ചോദ്യമുണ്ടായി. ഹൈക്കോടതിയുടെ നിര്‍ദേശത്തെതുടര്‍ന്ന് സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ നല്‍കിയ മറുപടി വിദ്യാര്‍ഥികളുടെ താല്‍പ്പര്യമല്ല ഉയര്‍ത്തിപ്പിടിക്കുന്നത്, സാമൂഹ്യനീതിക്ക് വേണ്ടിയല്ല നിലകൊള്ളുന്നത് എന്ന് അടിവരയിടുന്നു. മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ച ഫീസ്ഘടന നടപ്പാക്കുന്നതിന് ബാധ്യസ്ഥമാണെന്ന് വ്യക്തമാക്കാനും അതിനായി കോടതിയില്‍ വാദിക്കാനും സര്‍ക്കാര്‍ തയ്യാറായില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അവശ്യകക്ഷിയല്ല എന്ന മറുപടിയിലൂടെ മാനേജ്മെന്റിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. നിരുത്തരവാദപരമായ ഈ നിലപാട് സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയെ കൂടുതല്‍ കലുഷമാക്കുകയാണ്. ഇക്കാര്യത്തില്‍ തോറ്റുകൊടുക്കലാണ് സര്‍ക്കാര്‍ താല്‍പ്പര്യം എന്ന് കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരികയാണ്.

2001-06ല്‍ ആന്റണിയുടെയും തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെയും നേതൃത്വത്തിലുളള യുഡിഎഫ് സര്‍ക്കാരുകള്‍ തുടക്കം കുറിച്ച വിദ്യാഭ്യാസക്കച്ചവടനയം അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചുവന്നിരിക്കുന്നു. കൂടുതല്‍ ആഴത്തിലും പരപ്പിലുമാണ് വിദ്യാഭ്യാസരംഗത്തെ ദുര്‍നയം നടപ്പാക്കുന്നത്. മെറിറ്റില്‍ നല്‍കേണ്ട 65 മെഡിക്കല്‍ പിജി സീറ്റും മാനേജ്മെന്റുകള്‍ക്ക് കോഴ വാങ്ങി വില്‍ക്കാന്‍ ഒത്താശ ചെയ്തുകൊണ്ടാണ് ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാര്‍ വിദ്യാഭ്യാസകച്ചവട നയത്തിന് തുടക്കം കുറിച്ചത്. മെറിറ്റ് സീറ്റില്‍ പ്രവേശിപ്പിക്കേണ്ടവരുടെ ലിസ്റ്റ് യഥാസമയം നല്‍കാതെ മാനേജ്മെന്റുകളുമായി ഒത്തുകളിക്കുകയായിരുന്നു. ആ 65 സീറ്റില്‍ ഓരോ സീറ്റ് ആരോഗ്യമന്ത്രി മകള്‍ക്കുവേണ്ടിയും വിദ്യാഭ്യാസമന്ത്രി മകനു വേണ്ടിയും സംഘടിപ്പിച്ചെടുക്കുകയുംചെയ്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ മെറിറ്റും സാമൂഹ്യനീതിയും ഉറപ്പാക്കുന്നതിനുള്ള നിയമനിര്‍മാണം നടത്തി. പാതിരവരെ നിയമസഭ സമ്മേളിച്ച് പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെയാണ് നിയമം കൊണ്ടുവന്നത്. എന്നാല്‍ , കേന്ദ്രസര്‍ക്കാരിന്റെ നയരാഹിത്യംമൂലം ആ നിയമത്തിലെ പല വ്യവസ്ഥകളും സുപ്രീംകോടതി റദ്ദാക്കി. സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് മെറിറ്റും സാമൂഹ്യനീതിയും പുലരണമെങ്കില്‍ ശാശ്വത പരിഹാരം കുറ്റമറ്റ കേന്ദ്രനിയമം മാത്രമാണെന്ന് അതോടെ ഒരിക്കല്‍ക്കൂടി വ്യക്തമായി. എങ്കിലും കേരള നിയമസഭ പാസാക്കിയ നിയമത്തിലെ അവശേഷിച്ച പരിമിതമായ അധികാരങ്ങള്‍ ഉപയോഗപ്പെടുത്തിയും ചര്‍ച്ചയിലൂടെ മാനേജ്മെന്റുകളെ കരാറിന് നിര്‍ബന്ധിതമാക്കിയും മെറിറ്റും സാമൂഹ്യനീതിയും ഒരു പരിധിവരെയെങ്കിലും ഉറപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു.

കോടതിവിധികള്‍ വഴി ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുളള മെഡിക്കല്‍ കോളേജുകള്‍ മാത്രമാണ് അതില്‍നിന്ന് വിട്ടുനിന്നത്. മഹാഭൂരിപക്ഷം കോളേജുകളിലും സ്റ്റേറ്റ് മെറിറ്റ് ലിസ്റ്റില്‍നിന്ന് 50 ശതമാനം സീറ്റില്‍ പ്രവേശനവും ആ സീറ്റുകളില്‍ പ്രവേശിക്കപ്പെടുന്നവര്‍ക്ക് പി എ മുഹമ്മദ് കമ്മിറ്റി നിശ്ചയിക്കപ്പെടുന്ന ഫീസും എന്നത് നടപ്പായി. സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പിജി കോഴ്സ് അനുവദിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ വച്ച നിബന്ധന 50 ശതമാനം സീറ്റില്‍ പ്രവേശനം സ്റ്റേറ്റ് മെറിറ്റ് അടിസ്ഥാനത്തിലും പി എ മുഹമ്മദ് കമ്മിറ്റി നിശ്ചയിക്കുന്ന ഫീസിലും ആകണം എന്നാണ്. കര്‍ശനമായ ആ നിബന്ധന കാരണമാണ് 65 പിജി സീറ്റ് തിരിച്ചെടുക്കാന്‍ ഉത്തരവിറക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞത്. ആ ഉത്തരവ് നടപ്പാക്കാനുള്ള ആത്മാര്‍ഥത ഇപ്പോഴത്തെ സര്‍ക്കാരിനില്ലെന്നത് വേറെ കാര്യം. യുഡിഎഫ് സര്‍ക്കാരിന്റെ നയം മെറിറ്റിനും സാമൂഹ്യനീതിക്കും എതിരാണെന്ന് നന്നായി അറിയാവുന്ന മാനേജ്മെന്റുകള്‍ തനിരൂപം പുറത്തുകാട്ടുകയാണിപ്പോള്‍ .

മെഡിക്കല്‍ പിജി മെറിറ്റ് സീറ്റ് പൂര്‍ണമായും കവര്‍ന്നെടുക്കാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തത് ഒരു സൂചനയായി അവര്‍ കണ്ടു. തല്‍ക്കാലം കാര്യങ്ങളൊക്കെ ഇങ്ങനെ നടന്നുപോകട്ടെ, അടുത്ത വര്‍ഷം പ്രശ്നപരിഹാരമുണ്ടാക്കാം എന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിരുത്തരവാദപരമായ പ്രസ്താവന സ്വാശ്രയമാനേജ്മെന്റുകള്‍ക്ക് നല്ല വളമായി. ഈ വര്‍ഷം സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തുമെന്നും തങ്ങള്‍ നടത്തുന്ന സ്ഥാപനത്തിലെ ഫീസ് നിലവാരം സ്വയം നിശ്ചയിക്കുമെന്നും സാമൂഹ്യനിയന്ത്രണത്തിന്റെ പ്രശ്നമേ ഉദിക്കുന്നില്ലെന്നും മറ്റ് കാര്യങ്ങള്‍ അടുത്ത വര്‍ഷം ആലോചിക്കാമെന്നും ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ നിലപാടെടുത്തത് മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ ബലത്തിലാണ്. മന്ത്രിസഭാ ഉപസമിതി കോട്ടയത്തു പോയി ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റ് ഫെഡറേഷനുമായി പ്രഹസന ചര്‍ച്ച നടത്തി. അവര്‍ പറഞ്ഞത് അപ്പടി ശിരസ്സാവഹിച്ച് തിരിച്ചുപോന്നു.

സായിപ്പിനെ കാണുമ്പോള്‍ കവാത്തുമറക്കുന്ന ഈ സമീപനമാണ് മറ്റ് സ്വാശ്രയ മാനേജ്മെന്റുകളും ഇത്തവണ കരാറിന് തയ്യാറല്ലെന്ന സമീപനം സ്വീകരിക്കാന്‍ കാരണം. ഇത്തവണ പ്രവേശന നടപടികള്‍ ആരംഭിച്ചുപോയി എന്നാണ് സാമൂഹ്യനീതിയെ എതിര്‍ക്കുന്ന മാനേജ്മെന്റുകളുടെ വാദം. മുന്‍ വര്‍ഷങ്ങളില്‍ കരാറുണ്ടാക്കിയത് ജൂണിലോ അതിന് ശേഷമോ ആണ്. പ്രവേശന നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നിരിക്കെ കരാറുണ്ടാക്കാന്‍ ഇനിയും വൈകിയിട്ടില്ല. എന്നാല്‍ , മാനേജ്മെന്റുകള്‍ തന്നിഷ്ടപ്രകാരം തീരുമാനമെടുക്കട്ടെ എന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നതിനാല്‍ മനഃപൂര്‍വം ഒഴിഞ്ഞുമാറുകയാണ്. മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ മാനേജ്മെന്റുകള്‍ക്ക് അനുകൂലമായ നിലപാട് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചതോടെ എന്‍ജിനിയറിങ് കോളേജ് മാനേജ്മെന്റുകളും തന്നിഷ്ടപ്രകാരം മുന്നോട്ടുപോകാന്‍ നീക്കം തുടങ്ങിയിരിക്കുന്നു. പി എ മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ച ഫീസ് ഘടനക്കെതിരെ അവരും കോടതിയെ സമീപിച്ചുകഴിഞ്ഞിരിക്കുന്നു. ചില മാനേജ്മെന്റുകള്‍ അനുകൂല വിധി നേടുകയും ചെയ്തു. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിന്റെ സൂചനയാണിത്. മെറിറ്റും സാമൂഹ്യനീതിയും എന്നതില്‍ 50 ശതമാനം മെറിറ്റ് സീറ്റ്, സംവരണം, പി എ മുഹമ്മദ് കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് ഘടന എന്നിവയെല്ലാം ഉള്‍പ്പെടുന്നു. മെറിറ്റ് അംഗീകരിക്കാം. പക്ഷേ, മാനേജ്മെന്റ് സീറ്റിലെ അത്ര തന്നെ ഫീസ് വേണം എന്നുപറയുന്നത് സാമൂഹ്യനീതിക്ക് വിരുദ്ധമാണ്. മാനേജ്മെന്റുകള്‍ക്ക് വഴങ്ങി ഇത്തരമൊരു സമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഗൂഢനീക്കം നടത്തുന്നുണ്ട്. അത് ഒരുകാരണവശാലും അംഗീകരിക്കാനാവില്ല. മാനേജ്മെന്റ് സീറ്റിലെ വിദ്യാര്‍ഥികളുടെ ചെലവില്‍ മെറിറ്റ് സീറ്റുകാര്‍ പഠിക്കേണ്ടെന്നാണ് ഒരുവിഭാഗം മാനേജ്മെന്റുകള്‍ പരസ്യമായും യുഡിഎഫ് സര്‍ക്കാര്‍ പരോക്ഷമായും പറയുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്ത് പൂര്‍ണമായും ചെലവ് വഹിക്കാന്‍ സര്‍ക്കാരിന് സാധിക്കാത്ത സാഹചര്യത്തിലാണ് സ്വാശ്രയ കോളേജുകള്‍ക്ക് അനുമതി നല്‍കിയത്. രണ്ട് സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് അഥവാ പകുതി സീറ്റില്‍ സ്റ്റേറ്റ് മെറിറ്റും സര്‍ക്കാര്‍ നിശ്ചിത ഫീസും എന്ന തത്വം അംഗീകരിക്കുമെങ്കില്‍ മാത്രമാണ് കോളേജിന് അനുമതി. അതായത് മാനേജ്മെന്റ് സീറ്റില്‍ പഠിക്കുന്നവരുടെ ചെലവില്‍ മെറിറ്റുകാര്‍ പഠിക്കുന്നുവെന്നല്ല, മെറിറ്റില്‍ അമ്പത് ശതമാനം സീറ്റ് നല്‍കുന്നതിന്റെ പ്രതിഫലമായി മാനേജ്മെന്റ് സീറ്റ് എന്നാണ് കാണേണ്ടത്. എന്നാല്‍ ഇത് വിസ്മരിച്ച് മെറിറ്റ് സീറ്റ് എന്നത് ഔദാര്യമാണെന്ന മട്ടില്‍ പുച്ഛിച്ച് സംസാരിക്കുകയാണ് ചില മാനേജ്മെന്റുകള്‍ . യുഡിഎഫ് സര്‍ക്കാരിന് ഇതൊന്നും പ്രശ്നമല്ല. പണമുള്ളവര്‍ പഠിച്ചാല്‍ മതി എന്നതാണ് അവരുടെ നയം. പണമുള്ളവര്‍ കച്ചവടമോ വ്യവസായങ്ങളോ നടത്തുന്നു, അതുപോലൊരു ബിസിനസാണ് പ്രൊഫഷണല്‍ വിദ്യാഭ്യാസവും. അവിടെ ആര് പഠിക്കണമെന്നും പഠിക്കുന്നവര്‍ എത്ര ഫീസ് നല്‍കണമെന്നുമെല്ലാം പണം മുടക്കുന്നവര്‍ തീരുമാനിക്കും. സിലബസ് നിശ്ചയിക്കുന്നതിനും പരീക്ഷ നടത്തുന്നതിനും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും സര്‍ക്കാരിന് അവകാശം നല്‍കുന്നതുതന്നെ വലിയ ഔദാര്യം. ഇതൊക്കെയാണ് യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് എന്നത് വ്യക്തമായിരിക്കുന്നു. ഇത് ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മാത്രമുള്ളതല്ല. കേരളത്തിന്റെ സാമൂഹ്യപുരോഗതിയുടെ അടിസ്ഥാനമായ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നു.

സംസ്ഥാനത്ത് 524 സ്വാശ്രയ സ്കൂളുകള്‍ അനുവദിക്കാന്‍ എന്‍ഒസി നല്‍കാനാണ് തീരുമാനിച്ചത്. സംസ്ഥാന രൂപീകരണത്തിനുശേഷം ഇതേവരെ 863 സ്വാശ്രയ സ്കൂളുകള്‍ക്കാണ് അനുമതി നല്‍കിയത്. ഇപ്പോള്‍ ഒറ്റയടിക്ക് 524 സ്കൂള്‍ . തുടര്‍ന്ന് രണ്ടായിരത്തില്‍പ്പരം സ്വാശ്രയ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാന്‍ നീക്കം ആരംഭിച്ചു. അതിനും പുറമെ വന്‍കിട കോര്‍പറേറ്റ് വ്യാപാരസ്ഥാപനങ്ങള്‍ക്ക് സംസ്ഥാന വ്യാപകമായി സ്വാശ്രയ സ്കൂള്‍ ശൃംഖലതന്നെ തുടങ്ങാന്‍ വഴിതുറക്കുകയും ചെയ്യുന്നു. സാധാരണ വിദ്യാലയങ്ങള്‍ അണ്‍ ഇക്കണോമിക് ആക്കി പൂട്ടുക, സ്കൂള്‍ വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കുകയും പൊതുവിദ്യാഭ്യാസം തകര്‍ക്കുകയുംചെയ്യുക എന്നതാണ് ലക്ഷ്യം. അങ്ങനെ സ്കൂള്‍ വിദ്യാഭ്യാസമേഖലയും ഉന്നതവിദ്യാഭ്യാസമേഖലയും പാവപ്പെട്ടവര്‍ക്ക് അപ്രാപ്യമാക്കുകയും ഈ മേഖലയില്‍ ദീര്‍ഘകാല ശ്രമത്തിലൂടെ നാം കൈവരിച്ച നേട്ടങ്ങള്‍ തച്ചുതകര്‍ക്കുകയും ചെയ്യുന്ന സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ തുടക്കത്തിലേ സ്വീകരിച്ചിരിക്കുന്നത്. ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന ഈ നയസമീപനങ്ങള്‍ക്കെതിരെ കക്ഷിരാഷ്ട്രീയഭേദമെന്യേ മുഴുവനാളുകളും രംഗത്തിറങ്ങണം.

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി 23 ജൂണ്‍ 2011

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ തലസ്ഥാനമാക്കാന്‍ പോകുന്നു എന്ന അവകാശവാദത്തോടെയാണ് ഒരു പതിറ്റാണ്ട് മുമ്പ് അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അപേക്ഷിച്ചവര്‍ക്കെല്ലാം എന്‍ഒസി നല്‍കിയത്. രണ്ട് സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന തത്വം അംഗീകരിച്ചതിനാലാണ് എന്‍ഒസി നല്‍കുന്നത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ , അത് വാക്കാലുള്ള കരാര്‍ മാത്രമായിരുന്നു. രേഖാമൂലം കരാറുണ്ടാക്കാന്‍ ആന്റണി സര്‍ക്കാര്‍ തയ്യാറായില്ല. ലാഭത്തില്‍മാത്രം കണ്ണുളള സ്വാശ്രയ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റുകള്‍ക്ക് എപ്പോഴും മാറ്റാന്‍ പറ്റുന്ന ഒരു വാക്കാണ് നിര്‍ണായകമായ എന്‍ഒസി നല്‍കാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കരുവാക്കിയത്. പിന്നീട് മാനേജ്മെന്റുകളുടെ കോടതിയില്‍ പോകലും സര്‍ക്കാരിന്റെ തോല്‍വിയും തുടര്‍ന്ന് മാനേജ്മെന്റുകളുടെ കടന്നുകയറ്റവും സാമൂഹ്യനീതി നിഷേധവും എന്ന നാടകം ആവര്‍ത്തിച്ചുകൊണ്ടിരുന്നപ്പോള്‍ ആന്റണി പശ്ചാത്താപം പ്രകടിപ്പിച്ചു. സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് എന്‍ഒസി ലഭിക്കുന്നതിന് മാനേജ്മെന്റുകള്‍ വാക്ക് പറഞ്ഞ് ചതിച്ചു എന്നാണ് ആന്റണി പശ്ചാത്തപിച്ചത്.

tomcruz said...

Regarding MBBS seats all the managments have only one option available - to charge equal fees 3.5 lakhs for all the students.
High court have fixed the same fees.

If the govt decide to make an agreement with any of the mgts to charge more than this fees for 50% seats ,it will not stand in the court.

In inter-church council colleges students from poor family are given scholarships , other mgts can also do the same.

What govt can do ?

Make sure that managments charge only the prescribed fees and capitation fees is stopped. This can be acheived by insisting mgs to collect the fees by Demand draft or Cross cheques.

Governments should take the responsiblity of providing education for the poor students by providing scholarships or grands.

Even though fees should be the same for all students , govt can insist the managments to admit students based only on Merrit list. ie as per the State Entrance list .

This is the only practical way to solve the issues in self finacing colleges.