Sunday, June 12, 2011

ഡോളറിന്റെ അധീശത്വം ചോദ്യം ചെയ്യപ്പെടുന്നു

1914 വരെ സര്‍വദേശീയ തലത്തിലുള്ള വിവിധ കൈമാറ്റങ്ങള്‍ക്കുള്ള അംഗീകൃത അടിസ്ഥാനം ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആയിരുന്നു. ഇതനുസരിച്ച് ഓരോ രാജ്യത്തിന്റേയും കറന്‍സിയുടെ മൂല്യം ഒരു നിശ്ചിത അളവിലും തൂക്കത്തിലുമുള്ള സ്വര്‍ണത്തിന്റെ മൂല്യത്തിന് തുല്യമായാണ് നിജപ്പെടുത്തിയിരുന്നത്. 1914 മുതല്‍ ശുദ്ധമായ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് നിലവിലില്ലാതാവുകയും 1920 കളില്‍ പുതിയൊരു സംവിധാനം നിലവില്‍ വരുകയും ചെയ്തു. ''ഫിയറ്റ് മണി'' എന്ന പേരിലായിരുന്നു ഈ പുതിയ അവതാരം അറിയപ്പെട്ടിരുന്നത്. സ്വര്‍ണത്തിനു പകരം സര്‍ക്കാര്‍ നിശ്ചയിക്കുന്ന മൂല്യമുള്ള കറന്‍സിനോട്ടുകളോ, നാണയങ്ങളോ ആണ് ഫിയറ്റ് മണി വ്യവസ്ഥയില്‍ കൈമാറ്റ മാധ്യമമായി നിലവിലിരുന്നത്. സര്‍ക്കാരിന്റെ 'ഫിയറ്റ്' അഥവാ 'ആജ്ഞ'യാണ് മൂല്യത്തിന്റെ അടിസ്ഥാനം എന്നര്‍ഥം. യൂറോപ്യന്‍ രാജ്യങ്ങളിലാകെ അനിയന്ത്രിതമായ വിധത്തിലുണ്ടായ പണപ്പെരുപ്പമാണ് ഈ മാറ്റത്തിന്റെ ഫലമായി പൊടുന്നനെ അനുഭവപ്പെട്ടത്. രണ്ടാം ലോക യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ, അതുവരെ ദേശീയ കറന്‍സികള്‍ക്ക് കരുതല്‍ കറന്‍സിയായിരുന്ന ബ്രിട്ടീഷ് പൗണ്ട് സ്റ്റെര്‍ലിങ്ങിന്റെ ആ പദവി നഷ്ടമായി. തുടര്‍ന്നുള്ള കാലഘട്ടം യു എസ് ഡോളറിന്റെ ആധിപത്യത്തിന്റേതായിരുന്നു. സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കറന്‍സി അസ്തമിക്കുകയും തല്‍സ്ഥാനത്ത് ആഗോള റിസര്‍വ് കറന്‍സിയായി അമേരിക്കന്‍ ഡോളറിന്റെ ആധിപത്യം ഉദയമെടുക്കുകയും ചെയ്തു. 1971 ഓഗസ്റ്റ് മാസം സാര്‍വദേശീയ മോണിറ്ററി വ്യവസ്ഥയില്‍ അവിസ്മരണീയമായ ഘട്ടമായിരുന്നു. അമേരിക്കന്‍ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്‌സണ്‍ ഡോളറിനെ സ്വര്‍ണത്തില്‍ നിന്നും പരിപൂര്‍ണമായി വേര്‍പെടുത്തുന്ന തീരുമാനം പ്രഖ്യാപിച്ചത് അന്നാണ്. അതോടെ ഡോളറിന്റെ പദവിയില്‍ ഇടിവു സംഭവിക്കുകയായിരുന്നു. സ്വര്‍ണവുമായി കൂട്ടിയിണക്കിയിരുന്ന സംവിധാനത്തിനുപകരം ആ ബന്ധം നഷ്ടപ്പെടുന്നൊരു സ്ഥിതി നിലവില്‍ വന്നതിന്റെ ഫലമായിരുന്നു ഇത്. റിസര്‍വ് കറന്‍സി എന്ന നിലയില്‍ ഏതെങ്കിലും ഒരു ദേശീയ കറന്‍സിക്ക് സ്ഥിരത ഉണ്ടാകണമെങ്കില്‍, സാര്‍വദേശീയ സഹകരണം വഴിമാത്രമേ സാധ്യമാകൂ എന്ന അവസ്ഥാവിശേഷമുണ്ടായി. ഏതായാലും, സ്വര്‍ണവുമായുള്ള ബന്ധം വേര്‍പെടുത്തപ്പെട്ടതോടെ യു എസ് ഡോളറിന്റെ അപ്രമാദിത്വമാണ് നഷ്ടമായത്.

അമേരിക്കയുടെ അനുഭവം കണക്കിലെടുത്താണ് ജാപ്പനീസ് യെന്‍, യൂറോപ്യന്‍ യൂണിയന്റെ യൂറോ എന്നീ കറന്‍സികള്‍ റിസര്‍വ് കറന്‍സി പദവി തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന നിലപാടിലെത്തിയത് എന്ന് ഊഹിക്കാവുന്നതേയുള്ളു. അതേ സമയം, പുതുതായി സാമ്പത്തിക വികസനം നേടി മുന്നണിയിലെത്തിയിരിക്കുന്ന ബ്രിക്ക്‌സ് രാജ്യങ്ങള്‍ - ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക - തങ്ങളുടേതായൊരു ദേശീയ കറന്‍സി പദവിയിലേയ്ക്ക് കടന്നുവരാന്‍ സാധ്യത തെളിഞ്ഞു വരുന്നുണ്ട്. ഇതിനുള്ള ആദ്യപടിയായി അവര്‍ക്കിടയിലുള്ള വ്യാപാര കൊടുക്കല്‍ വാങ്ങല്‍ ഇടപാടുകള്‍ പ്രാദേശിക കറന്‍സികളെ അടിസ്ഥാനമാക്കി നിര്‍വഹിക്കാന്‍ തുടങ്ങിയിരിക്കുകയുമാണ്. ചുരുക്കത്തില്‍ അമേരിക്കന്‍ ഭരണകൂടം എത്ര തന്നെ പ്രതിഷേധിച്ചാലും ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചാലും ഡോളറിന്റെ സ്വാധീനം ക്രമേണ കുറഞ്ഞു വരുന്നതായാണ് കാണുന്നത്. 2011 മെയ് 24 ന് ലോക ബാങ്ക് 2025 ആവുമ്പോഴേയ്ക്ക് യു എസ് ഡോളറിന് ആഗോള റിസര്‍വ് കറന്‍സി എന്ന പദവി നഷ്ടപ്പെടാനിടയുണ്ടെന്നും തല്‍ സ്ഥാനത്ത് ഒരു ബഹു ധ്രുവലോക നാണയ വ്യവസ്ഥ നിലവില്‍ വരുമെന്നും അതില്‍ യൂറോവിനും യുവാനും ഉന്നത പദവികള്‍ നേടാന്‍ കഴിയുമെന്നും പ്രവചിച്ചിരുന്നു. 2008 മധ്യത്തോടെ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ പൊട്ടിപ്പുറപ്പെട്ട ധനകാര്യ പ്രതിസന്ധി നല്‍കിയ സൂചനയാണ് ഇതിനാധാരമായിട്ടുള്ള ഘടകം. ഇതെ തുടര്‍ന്നാണ് ഏക റിസര്‍വ് കറന്‍സി പദവി വിപല്‍ക്കരമായൊരു പ്രവണതയാണെന്ന വാദഗതിക്ക് ശക്തിപകര്‍ന്നതും. നിരവധി ലോകരാഷ്ട്ര നേതാക്കളും ധനശാസ്ത്രകാരന്മാരും ഇത്തരമൊരു ചിന്താഗതിക്കാരുമായിരുന്നു.

ആഗോള വീക്ഷണത്തില്‍ ഡോളറിനുണ്ടായ സ്ഥാനചലനം ചരിത്രപരമായൊരു അനിവാര്യതയാണെന്ന വസ്തുത 1944 ലെ ബ്രെട്ടണ്‍ വുഡ്‌സ് സമ്മേളാനന്തരം രൂപം കൊണ്ട ''ബ്രെട്ടണ്‍ വുഡസ് ഇരട്ടകള്‍'' എന്നറിയപ്പെടുന്ന ഐ എം എഫിന്റേയും ലോക ബാങ്കിന്റേയും നിയന്ത്രണം കയ്യടക്കാന്‍ അന്നത്തെ യു എസ് ഭരണകൂടം നടത്തിയ നീക്കങ്ങള്‍ പരിശോധിക്കുന്നവര്‍ക്കെല്ലാം തിരിച്ചറിയാന്‍ കഴിയുന്നതേയുള്ളു. ഇത്തരം നീക്കങ്ങളിലൂടെയാണ് ലോകത്തെയാകെ സ്വന്തം ദേശീയ കറന്‍സിയായ ഡോളറുമായി ബന്ധിക്കുന്നതില്‍ അമേരിക്ക വിജയിച്ചത്. ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡിന്റെ വകഭേദമായ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് സ്റ്റാന്‍ഡേര്‍ഡായിരുന്നു ഇതിലേക്കു നയിച്ചതും. ഇതിന്റെ അടിസ്ഥാനത്തില്‍ 35 ഡോളറിന് പകരം ഒരൗണ്‍സ് സ്വര്‍ണം എന്ന അനുപാതത്തിലുള്ള കൈമാറ്റം അമേരിക്കന്‍ നിര്‍ദേശമനുസരിച്ച് മറ്റു രാജ്യങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഈ സംവിധാനം അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കനുസൃതമായ വിധത്തില്‍ 1971 വരെ തുടരുകയും ചെയ്തു. എന്നാല്‍ പ്രസ്തുത കാലഘട്ടത്തില്‍ അമേരിക്കയുടെ വിദേശ വിനിമയ മേഖലയില്‍ തകര്‍ച്ച നേരിട്ടതോടെ, ഡോളറിനുപകരം സ്വര്‍ണം നല്‍കാന്‍ അമേരിക്കക്കു കഴിയാതാവുകയും, യു എസിലെ സ്വര്‍ണ ശേഖരത്തില്‍ വന്‍ ഇടിവു വരുകയും ചെയ്തപ്പോള്‍, അപകടം തിരച്ചറിഞ്ഞ നിക്‌സണ്‍ ഭരണകൂടം സ്വര്‍ണവും ഡോളറും തമ്മിലുള്ള ബന്ധം അറുത്തു മാറ്റുകയാണ് ചെയ്തത്. ഇതല്ലാതെ വേറെ ബദല്‍ മാര്‍ഗം ഇല്ല എന്ന തൊടുന്യായമാണ് യു എസ് ഭരണകൂടം ഈ തീരുമാനത്തിന് നീതീകരണമായി ലോകരാജ്യങ്ങളെ അറിയിച്ചതും.

ഏതാണ്ട്, ഇതിനു സമാനമായൊരു സാഹചര്യമാണ് കറന്‍സിയുടെ ലോകത്തില്‍ ഇന്നും നിലവില്‍ വന്നിരിക്കുന്നത്. ഡോളറുമായുള്ള ബന്ധത്തില്‍ പുനരാലോചന നടത്താന്‍ ഒരു ഘട്ടത്തില്‍ യൂറോപ്യന്‍ യൂണിയന്‍ സന്നദ്ധമായതാണ്. സ്വന്തം കറന്‍സിയായ യൂറോവിന് തല്‍സ്ഥാനം കിട്ടുമെന്ന പ്രതീക്ഷയായിരുന്നു ഈ ചിന്താഗതിക്കുള്ള അടിസ്ഥാനം. എന്നാല്‍, അവസാന നിമിഷത്തില്‍ റഷ്യയും വെനിസ്യുലയും ഇറാനും യൂറോപ്യന്‍ യൂണിയന്റെ നീക്കത്തിന് പ്രതികൂല നിലപാടെടുത്തതോടെ അത് വിജയിച്ചില്ല. ചൈനയാണെങ്കില്‍, നിലപാട് വ്യക്തമാക്കാതെ ഒളിച്ചുകളി നടത്തുകയാണ് ചെയ്തത്. സ്വന്തം കറന്‍സിയായ യുവാന്റെ മൂല്യം ആഗോള നാണയ വിപണിയില്‍ സ്വയം നിര്‍ണയിക്കപ്പെടുന്നതിന് ചൈന സന്നദ്ധമല്ല. കാരണം കറന്‍സി നിയന്ത്രണ മുക്തമായി ഫ്‌ളോട്ട് ചെയ്യുകയാണെങ്കില്‍, ഏതെങ്കിലും ഒരു ഘട്ടത്തില്‍ അതിന്റെ യഥാര്‍ഥ്യ മൂല്യം പുറത്തുവരാതിരിക്കില്ല. ഈ മൂല്യമാവട്ടെ, കൃത്രിമമായി ചൈനീസ് ഭരണകൂടം നിജപ്പെടുത്തിയിരിക്കുന്ന യുവാന്റെ മൂല്യത്തിലും ഉയരാന്‍ സാധ്യതകളേറെയാണ്. അങ്ങനെ വന്നാല്‍, ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ നിലനില്‍പ്പിനെ തന്നെ നിര്‍ണയിക്കുന്ന കയറ്റുമതികളെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

സാഹചര്യങ്ങള്‍ ഈ വിധമായിരിക്കെ ലോക ബാങ്ക് ഡോളറിന്റെ ഭാവിയെപറ്റി ഈയിടെ നടത്തിയ പ്രവചനം അതേപടി തീര്‍ത്തും ശരിയാവാന്‍ സാധ്യത വിരളമാണെന്ന നിഗമനത്തിലാണ് നമുക്കെത്തിച്ചേരാനാവുക. ഡോളറിന്റെ അപ്രമാദിത്വം നഷ്ടപ്പെട്ടേക്കാം. എന്നാല്‍, തല്‍സ്ഥാനത്ത് യൂറോ; യുവാന്‍ തുടങ്ങിയ കറന്‍സികള്‍ സ്ഥാനം പിടിക്കണമെന്നുമില്ല. ആഗോള സ്വീകാര്യതയുള്ള കറന്‍സി എന്ന പദവി ലഭിച്ചാല്‍ അതില്‍ നിന്നും പലനേട്ടങ്ങളുമുണ്ടാക്കാനാകുമെന്നതിനാലാണ് ഈ പദവി നേടിയെടുക്കാന്‍ നിരവധി രാജ്യങ്ങള്‍ ശ്രമിക്കുന്നത്. സ്വതന്ത്രമായ ആഭ്യന്തര സാമ്പത്തിക നയങ്ങള്‍ക്ക് രൂപം നല്‍കുക, ചുരുങ്ങിയ ചെലവില്‍ വായ്പയെടുക്കുക, ധനകാര്യ വിപണികളിലെ മത്സരങ്ങളില്‍ മേല്‍ക്കൈ നേടുക, വിദേശ ഇടപാടുകള്‍ തീര്‍ക്കുന്നതില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെടാതിരിക്കുക തുടങ്ങിയവ ഇതില്‍ ചിലതുമാത്രമാണ്. അതേ അവസരത്തില്‍ തന്നെ അസ്ഥിരത കള്‍ക്ക് വഴിവെക്കാനും ഈ പദവി ഇടയാക്കിയേക്കാം. അമേരിക്കയുടേയും ചൈനയുടേയും അനുഭവങ്ങള്‍ തന്നെ ഉദാഹരണങ്ങള്‍. ലോകത്തിലെ ഉന്നത സാമ്പത്തിക ശക്തി എന്ന പദവിയിലുള്ള അമേരിക്ക തന്നെയാണിപ്പോള്‍ ഏറ്റവുമധികം കടബാധ്യതയുള്ള രാജ്യവും. ഏറ്റവുമധികം വായ്പ നല്‍കിയ രാജ്യം ചൈനയാണെങ്കിലും അമേരിക്കയുടെ കട ബാദ്ധ്യത ഏറ്റെടുക്കാന്‍ തക്ക കറന്‍സി ശേഖരം കണ്ടെത്താന്‍ വിഷമിക്കുന്ന ഒരു രാജ്യമാണ് ചൈന എന്നതും ശ്രദ്ധേയമാണ്.

''ബഹു ധ്രുവതഃ പുതിയ ആഗോള സമ്പദ്‌വ്യവസ്ഥ'' എന്ന ശീര്‍ഷകത്തില്‍ ലോക ബാങ്ക് പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു റിപ്പോര്‍ട്ടിലാണ് ഈ വസ്തുതകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
നിലവിലുള്ള ഏക ധ്രുവ കറന്‍സി വ്യവസ്ഥയ്ക്ക് മറ്റൊരു പോരായ്മയുണ്ട്. പണനയങ്ങള്‍ രൂപപ്പെടുത്തി വരുന്നതും ലിക്വിഡിറ്റി നിലവാരം നിര്‍ണയിക്കപ്പെടുന്നതും ആഗോള താല്‍പര്യങ്ങള്‍ പരിഗണിച്ചല്ല, റിസര്‍വ് കറന്‍സിയായ ഡോളറിന്റേയും അമേരിക്കയുടേയും സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് അനുയോജ്യമായ നിലയിലാണ്. പണത്തിന്റെ ആഗോള ഡിമാന്‍ഡ് ഒരിക്കല്‍പോലും കണക്കിലെടുക്കപ്പെടുന്നില്ലെന്നതാണ് വസ്തുത. ഏതു ധനകാര്യ ഇടപാടിനും ജനങ്ങള്‍ ഡോളര്‍ വാങ്ങാന്‍ നിര്‍ബന്ധിതരാകും. കേന്ദ്ര ബാങ്കുകള്‍ ഡോളര്‍ ശേഖരം വന്‍തോതില്‍ സൂക്ഷിച്ചിട്ടുമുണ്ടാകും, ഡോളര്‍ മൂല്യ ശോഷണം സംഭവിക്കാത്തൊരു കറന്‍സിയാണെന്ന വിശ്വാസത്തില്‍. വായ്പയ്ക്ക് നിസ്സാരമായ ചെലവു മാത്രമേ പലിശ ഇനത്തില്‍ വഹിക്കേണ്ടി വരുകയുമുള്ളു. സ്വാഭാവികമായും കൂടുതല്‍ വായ്പയെടുക്കുന്നതിന് അനുകൂലമായ സാഹചര്യങ്ങളാണ് ആഗോള തലത്തില്‍ തന്നെ നിലനിന്നിരുന്നത്. അമേരിക്കയില്‍ ഹൗസിങ് പ്രതിസന്ധിക്കിടയാക്കിയത് വളരെ താണ പലിശ നിരക്കില്‍ ഇഷ്ടംപോലെ വായ്പ ലഭിക്കുമെന്ന സാഹചര്യം നിലനിന്നതാണ്. ഈ സ്ഥിതി ഇന്നും മാറ്റമില്ലാതെ തുടരുകയാണെന്നാണ് ഏറ്റവുമൊടുവിലത്തെ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ആഗോള സാമ്പത്തിക വളര്‍ച്ച ബലഹീനമായി വരുന്നതിന്റെ ഫലമായുള്ള ഭയാശങ്കകളാണ് യു എസ് സമ്പദ്‌വ്യവസ്ഥയില്‍ പ്രതിഫലിക്കപ്പെടുന്നത് (''ഇക്കണോമിക് ടൈംസ്'' 2011 ജൂണ്‍ 2) യൂറോപ്യന്‍ രാജ്യങ്ങളിലെ കടബാധ്യതാ വര്‍ധനവും, അമേരിക്കയില്‍ ഹൗസിങ്ങ് വിലകളിലെ തകര്‍ച്ചയും അതിവേഗം പെരുകിവരുന്ന തൊഴിലില്ലായ്മയും അടിക്കടി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഭക്ഷ്യ-ഇന്ധന വില നിലവാരവും ജനങ്ങളുടെ വരുമാനവും ക്രയശേഷിയും ഗണ്യമായി ഇടിയാന്‍ ഇടയാക്കിയിരിക്കുകയാണ്. ഉപഭോഗ ചെലവില്‍ 0.4 ശതമാനം വര്‍ധനവുണ്ടായെങ്കിലും വില നിലവാരം 0.3 ശതമാനം ഉയര്‍ന്നതിന്റെ ഫലമായി, ചെലവിലുണ്ടായ വര്‍ധന വെറും 0.1 ശതമാനത്തില്‍ ഒതുങ്ങുകയായിരുന്നു. വരുമാനം നിശ്ചലമാവുകയും പണപ്പെരുപ്പം തുടരുകയും ചെയ്തതിന്റെ ഫലമായി വളര്‍ച്ചയും മുരടിപ്പിലേക്ക് നീങ്ങുകയായിരുന്നു. ഇത്തരം അനാരോഗ്യകരമായ പ്രവണതകള്‍ നിക്ഷേപകരുടേയും ധനശാസ്ത്രജ്ഞന്മാരുടേയും ആശങ്കകള്‍ പതിന്മടങ്ങ് വര്‍ധിപ്പിക്കുകയും ചെയ്തിരിക്കുന്നു.

അമേരിക്കയെ സംബന്ധിച്ചിടത്തോളം താല്‍ക്കാലികമായെങ്കിലും ആശ്വാസം പകരുന്ന ഏക ഘടകം സാര്‍വദേശീയ ഇടപാടുകളില്‍ ഏറെയും നടക്കുന്നത് ഡോളറിലൂടെയാണെന്നതാണ്. വ്യാപാരം, നിക്ഷേപം, യാത്രകള്‍ എന്നിവയ്ക്കും വിനിയോഗിക്കപ്പെടുന്നത് ഡോളര്‍ തന്നെയാണ്. ഇത്തരം സാഹചര്യങ്ങള്‍ എത്രനാള്‍ തുടരുമെന്ന് പ്രവചിക്കാനും കഴിയില്ല.

ഈ പശ്ചാത്തലത്തിലാണ് ലോക ബാങ്ക് അഭിപ്രായപ്പെട്ടിരിക്കുന്നത്, സമീപ ഭാവിയില്‍ തന്നെ നമുക്ക് ബഹുധ്രുവ ധനകാര്യ വ്യവസ്ഥയിലേയ്ക്ക് മാറേണ്ടിവരുമെന്ന്. 2011 നും 2025 നും ഇടയ്ക്ക് വികസിത രാജ്യ ധനകാര്യ-മൂലധന വിപണികളുടെ വളര്‍ച്ച പ്രതിവര്‍ഷം 2.3 ശതമാനമായിരിക്കുമെന്നും നവ സമ്പന്ന രാജ്യങ്ങളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക (ബ്രിക്ക്‌സ്) എന്നീ രാജ്യങ്ങളുടേത് 4.7 ശതമാനമായിരിക്കുമെന്നുമാണ് ലോക ബാങ്കിന്റെ പ്രവചനം. സ്വാഭാവികമായും ഒരു സാര്‍വദേശീയ റിസര്‍വ് കറന്‍സി എന്ന പദവിയില്‍ മുന്‍കാലത്തെന്നപോലെ ഡോളറിന് ആധിപത്യം തുടര്‍ന്നും നിലനിര്‍ത്താന്‍ കഴിയുമോ എന്ന കാര്യം സംശയമാണെന്നാണ് ലോക ബാങ്കിന്റെ നിഗമനം.

*
പ്രഫ. കെ അരവിന്ദാക്ഷന്‍ ജനയുഗം 12 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

1914 വരെ സര്‍വദേശീയ തലത്തിലുള്ള വിവിധ കൈമാറ്റങ്ങള്‍ക്കുള്ള അംഗീകൃത അടിസ്ഥാനം ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആയിരുന്നു. ഇതനുസരിച്ച് ഓരോ രാജ്യത്തിന്റേയും കറന്‍സിയുടെ മൂല്യം ഒരു നിശ്ചിത അളവിലും തൂക്കത്തിലുമുള്ള സ്വര്‍ണത്തിന്റെ മൂല്യത്തിന് തുല്യമായാണ് നിജപ്പെടുത്തിയിരുന്നത്. 1914 മുതല്‍ ശുദ്ധമായ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് നിലവിലില്ലാതാവുകയും 1920 കളില്‍ പുതിയൊരു സംവിധാനം നിലവില്‍ വരുകയും ചെയ്തു. ''ഫിയറ്റ് മണി'' എന്ന പേരിലായിരുന്നു ഈ പുതിയ അവതാരം അറിയപ്പെട്ടിരുന്നത്. സ്വര്‍ണത്തിനു പകരം സര്‍ക്കാര്‍ നിശ്ചയിക്കുന്ന മൂല്യമുള്ള കറന്‍സിനോട്ടുകളോ, നാണയങ്ങളോ ആണ് ഫിയറ്റ് മണി വ്യവസ്ഥയില്‍ കൈമാറ്റ മാധ്യമമായി നിലവിലിരുന്നത്. സര്‍ക്കാരിന്റെ 'ഫിയറ്റ്' അഥവാ 'ആജ്ഞ'യാണ് മൂല്യത്തിന്റെ അടിസ്ഥാനം എന്നര്‍ഥം.