Friday, June 10, 2011

ഭക്ഷ്യസുരക്ഷയോടുള്ള സമീപനം

ഭക്ഷണം കഴിക്കാന്‍ പറ്റിയ സമയമേതാണ്? ധനികനാണെങ്കില്‍ വിശപ്പുവരുമ്പോള്‍, ദരിദ്രനാണെങ്കില്‍ ഭക്ഷണമായി എന്തെങ്കിലും കിട്ടുമ്പോള്‍. ഇതൊരു മെക്‌സിക്കന്‍ പഴഞ്ചൊല്ലാണ്. ഇന്ന് ഇന്ത്യയൊട്ടാകെ ഭക്ഷ്യസുരക്ഷ ഒരു മുഖ്യ ചര്‍ച്ചാവിഷയമാണ്. വിദഗ്ധ സമിതികള്‍ അവരുടെ സമീപനങ്ങള്‍ കേന്ദ്ര ഭരണകൂടത്തിന്റെ മുന്നില്‍ നിരത്തിക്കഴിഞ്ഞു. ഭക്ഷ്യ സുരക്ഷാ ബില്ലിന്റെ കരടു രൂപരേഖയും ഏതാണ്ട് വ്യക്തമായി. അതുവഴി എടുക്കുന്ന നടപടികളും ഇടപെടലുകളും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമോ എന്നതിനെക്കുറിച്ച് ആശങ്കകള്‍ പ്രചരിച്ചു തുടങ്ങി. ഭക്ഷണം മൗലിക അവകാശമായി പ്രഖ്യാപിച്ചാല്‍ മാത്രം മതിയോ? ഭരണഘടനയില്‍ ഇപ്പോള്‍ തന്നെ എത്രയോ മൗലികാവകാശങ്ങള്‍ പൗരന്‍മാര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്? പ്രഖ്യാപനങ്ങള്‍ കൊണ്ട് മാത്രം ഒന്നുമാകില്ല. അവ നടപ്പാക്കുകയാണ് വേണ്ടത്. എന്നാലിതു മാത്രം ഇന്ത്യയിലില്ല.

ദാരിദ്ര്യത്തെക്കുറിച്ച് 1970 കളില്‍ തുടങ്ങിയ ചര്‍ച്ചയുടെ ഫലമായി ദാരിദ്ര്യരേഖ, ബി പി എല്‍, എ പി എല്‍ തരംതിരിവ്, മിനിമം കലോറി ഉപഭോഗം, പൊതുവിതരണ ശൃംഖലയുടെ ആവശ്യകത, പൊതുമേഖലയുടെ പൂര്‍ണ ചുമതലയിലുള്ള ധാന്യ സംഭരണം, ധാന്യവില നിര്‍ണയം, വളം-കീടനാശിനി സബ്‌സിഡി നയം, കുറഞ്ഞ നിരക്കിലുള്ള കാര്‍ഷിക വായ്പാനയം എന്നീ നടപടികള്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ എടുത്തു. എന്നാലിവയുടെ ഭരണക്രമത്തിലും നടത്തിപ്പിലും വന്‍വീഴ്ചകളുണ്ടായി. ഇവയൊന്നും തിരുത്താതെയാണ് ഇപ്പോള്‍ ഭക്ഷ്യസുരക്ഷാ ബില്ലുമായി ഭരണകൂടം മുന്നോട്ടുപോകുന്നത്. വികലമായ ചില ആശയങ്ങളും നടപടികളും തലപൊക്കിത്തുടങ്ങി. അതിലൊന്നാണ് ബി പി എല്‍ പട്ടിക തയാറാക്കുന്നതിനുള്ള പുതിയ കേന്ദ്ര സര്‍വേ.

ഈ സര്‍വേ മുമ്പ് നടത്തിയ സര്‍വേകള്‍ തൃപ്തികരമല്ലാത്തതുകൊണ്ടാണെന്ന് ഒരുവാദമുണ്ട്. പഴയ സര്‍വേകള്‍ തൃപ്തികരമല്ലാത്തതുകൊണ്ടാണ് കേരളം തന്നെ മുന്‍കൈയെടുത്ത് ഒരു ബി പി എല്‍ സര്‍വേ നടത്തിയത്. അതുപ്രകാരം കേന്ദ്രം തയാറാക്കിയ ലിസ്റ്റിലുള്ളതിനേക്കാള്‍ വളരെയധികം ബി പി എല്‍ കുടുംബങ്ങള്‍ കേരളത്തിലുണ്ട്. ഇതുകാരണം കേന്ദ്രം നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ധാന്യം സ്വരൂപിക്കേണ്ട അധിക ചുമതലയും ബാധ്യതയും കേരളത്തിനുണ്ടായി. എന്നാലിതുവരെ കേരളത്തിന്റെ നിലപാട് കേന്ദ്രം അംഗീകരിക്കാന്‍ തയാറായിട്ടില്ല. ഇപ്പോഴിതാ കേന്ദ്രം ഒരു പുതിയ ബി പി എല്‍ സര്‍വേ തുടങ്ങാന്‍ തയാറെടുക്കുന്നു. കേന്ദ്രം സര്‍വേയ്ക്കായി അംഗീകരിച്ച മാനദണ്ഡങ്ങള്‍ കേരളത്തിന് ദോഷകരമാകും. ഇരുചക്ര വാഹനമുള്ളവരേയും ലാന്‍ഡ് ഫോണ്‍ ഉള്ളവരേയും ആദ്യഘട്ടത്തില്‍ തന്നെ ഒഴിവാക്കാനാണ് തീരുമാനം. സുപ്രിംകോടതി വിധി പ്രകാരം നടത്തുന്നതാണ് പുതിയ സര്‍വേ. ഇതിന് മുന്നോടിയായി സംസ്ഥാനങ്ങളുടെ പ്രത്യേകതകള്‍ കേന്ദ്രം പരിഗണിക്കാന്‍ തയാറല്ല. പല ഘട്ടങ്ങളായിട്ടാണ് കുടുംബങ്ങളെ തരംതിരിക്കുക. ആദ്യഘട്ടത്തിലാണ് ഒഴിവാക്കല്‍ മാനദണ്ഡങ്ങള്‍ സ്വീകരിക്കുക.

രജിസ്‌ട്രേഷന്‍ ആവശ്യമുള്ള ഇരുചക്ര, മുച്ചക്ര വാഹനമുള്ളവര്‍, കാറുള്ളവര്‍, മോട്ടോര്‍ ഘടിപ്പിച്ച മത്സ്യ ബന്ധന വള്ളങ്ങള്‍, ബോട്ടുകള്‍, ട്രാക്ടറും കൊയ്ത്തു യന്ത്രങ്ങളും ഉള്ളവര്‍, 50,000 രൂപവരെ പരിധിയുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉള്ളവര്‍, സര്‍ക്കാര്‍-എയ്ഡഡ്-പൊതുമേഖലാ ജീവനക്കാര്‍, പതിനായിരം രൂപയില്‍ കൂടുതല്‍ വരുമാനമുള്ള അംഗങ്ങള്‍ ഉള്ള കുടുംബങ്ങള്‍, വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവര്‍, ആദായനികുതിയും തൊഴില്‍ നികുതിയും നല്‍കുന്നവര്‍, മൂന്നോ അതില്‍കൂടുതലോ മുറികളുള്ള പക്കാ വീടുകളുള്ള കുടുംബങ്ങള്‍, റഫ്രിജറേറ്ററും ലാന്‍ഡ് ഫോണുമുള്ളവര്‍, രണ്ടരഏക്കറിലധികം കൃഷിഭൂമിയുള്ളവര്‍ എന്നിവരൊക്കെ ആദ്യഘട്ടത്തില്‍ തന്നെ ഒഴിവാക്കപ്പെടും. ഈ സൂചിപ്പിച്ച മാനദണ്ഡങ്ങള്‍ സ്വീകരിച്ചാല്‍ കേരളത്തില്‍ ബി പി എല്‍ കുടുംബങ്ങള്‍ ഏറെക്കുറയും. എന്നാല്‍ കേന്ദ്രം വിസ്മരിക്കുന്ന ഒരു കാര്യമുണ്ട്. കേരളത്തിലാണ് ആപേക്ഷിക ദാരിദ്ര്യം ഏറ്റവും കൂടുതല്‍. കാര്‍ഷിക സംസ്ഥാനങ്ങള്‍ക്ക് ചേര്‍ന്ന മാനദണ്ഡങ്ങള്‍ കേരളത്തില്‍ പ്രായോഗികമല്ല. ഇത് തിരുത്തേണ്ടതാണ്.

ബി പി എല്‍, എ പി എല്‍ എന്നീ തരംതിരിവ് സ്വീകരിച്ചാല്‍ തന്നെയും ഒരു സത്യം നിലനില്‍ക്കുന്നു. അതാണ് വിശപ്പ്. ഇത് എല്ലാ പൗരന്‍മാര്‍ക്കും ബാധകമാണ്. വിശപ്പടക്കാന്‍ ചിലര്‍ക്ക് ക്രയശക്തിയുണ്ട്. മറ്റ് ചിലര്‍ക്ക് അതില്ല. അങ്ങനെ നോക്കിക്കണ്ടാല്‍ മൗലിക പരിഗണന പൗരന്‍മാര്‍ക്ക് ക്രയശക്തി ഉണ്ടാക്കുന്ന നടപടികള്‍ക്കായിരിക്കണം. അതിന് ചെയ്യേണ്ടത്, വിദ്യാഭ്യാസവും തൊഴിലും ഉറപ്പാക്കലാണ്. ഭക്ഷ്യ സുരക്ഷ മൗലിക അവകാശമാക്കുന്നതിനോടൊപ്പം വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നിവ ഉറപ്പാക്കുന്നതും സംരക്ഷിക്കുന്നതും സംബന്ധിച്ച മൗലിക അവകാശമാണ്. ഇവയൊക്കെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു സമഗ്ര സാമ്പത്തിക-സാമൂഹ്യ നയമാണ് ഉണ്ടാകേണ്ടത്. ഇതിന് എത്രനാള്‍ നാം കാത്തിരിക്കണം?
അന്തര്‍ദേശീയ ഫുഡ് പോളിസി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കണക്കനുസരിച്ച് 2008 ല്‍ 88 രാജ്യങ്ങളുടെ പട്ടികയില്‍ ആഗോള ഹംഗര്‍ ഇന്‍ഡെക്‌സില്‍ ഇന്ത്യയുടെ സ്ഥാനം 66-ാമത് ആയിരുന്നു. 2010 ല്‍ ഇത് 67 ആയി. ദാരിദ്ര്യവും വിശപ്പും പരിഹരിക്കാന്‍ ലക്ഷ്യമിട്ട് ഏതാണ്ട് 22 കേന്ദ്ര പദ്ധതികള്‍ നിലവിലുണ്ട്. ശതകോടി കണക്കിന് രൂപ ഖജനാവില്‍ നിന്നും ഇവയിലേക്ക് ഒഴുകിയിട്ടുണ്ട്. എന്നിട്ടും പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല. ഒഴുകിയ പണത്തിന്റെ സിംഹ ഭാഗവും നടത്തിപ്പുകാരുടെ പോക്കറ്റിലെത്തിയിരിക്കാം. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായി. പട്ടിണി മരണങ്ങള്‍ വര്‍ധിച്ചു. ശക്തമായ ദരിദ്രവല്‍ക്കരണ പ്രക്രിയ സ്ഥിര പ്രതിഷ്ഠ നേടി. ഇത് തച്ചുടച്ച് പുതിയ പ്രക്രിയ തുടങ്ങുക എന്നതാണ് നമ്മുടെ മുന്നിലെ മുഖ്യ വെല്ലുവിളി.

ഇന്നത്തെ സ്ഥിതിവച്ച് നോക്കിയാല്‍ വിശപ്പും പട്ടിണിയും പൂര്‍ണമായും പരിഹരിക്കാനാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ നാം തന്നെ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായം നല്‍കിയാല്‍ അവര്‍ ഇനിയും കൂടുതല്‍ ഉല്‍പാദിപ്പിക്കും. ഉല്‍പാദിപ്പിക്കുന്ന ധാന്യങ്ങള്‍ എന്തുകൊണ്ട് നാം പൂര്‍ണമായും സംഭരിക്കുന്നില്ല? സ്വകാര്യ കുത്തകകള്‍ എന്തുകൊണ്ട് ഈ രംഗത്ത് പൊതുമേഖലയിലുള്ള ഫുഡ് കോര്‍പ്പറേഷനെ മറികടക്കുന്നു?

സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ വ്യവസായ മേഖലയ്ക്ക് കേന്ദ്രം നല്‍കിയ സഹായം ഏതാണ്ട് 3.5 ലക്ഷം കോടി രൂപയാണ്. 2010-11 ല്‍ അഞ്ച് ലക്ഷം കോടി രൂപയുടെ നികുതിയിളവുകളും നല്‍കി. എന്നാല്‍ വിശപ്പും പട്ടിണിയും പരിഹരിക്കാനുള്ള പണമില്ല എന്ന നിലപാടാണ് കേന്ദ്രം എടുത്തിട്ടുള്ളത്. ഈയവസരത്തില്‍ കാര്‍ഷിക ശാസ്ത്രജ്ഞനായ പ്രഫ. ദേവീന്ദ്ര ശര്‍മ്മ മുന്നോട്ടുവച്ച ചില നിര്‍ദേശങ്ങള്‍ മുന്‍ഗണനയോടുകൂടിയ പരിഗണനയര്‍ഹിക്കുന്നു. ഒന്ന്, കര്‍ഷകര്‍ക്ക് ഒരു നിശ്ചിത പ്രതിമാസ വരുമാനം ഉറപ്പാക്കുക. രണ്ട്, ഗ്രാമതലത്തില്‍ കമ്യൂണിറ്റി ഭക്ഷ്യ ബാങ്കുകള്‍ സ്ഥാപിക്കുക. മൂന്ന്, നാട്ടിലെ ദാരിദ്ര്യം, പട്ടണി എന്നിവ പൂര്‍ണമായി മാറുന്നതുവരെ ധാന്യ കയറ്റുമതി നിരോധിക്കുക. നാല്, അന്താരാഷ്ട്ര വ്യാപാരക്കരാറുകള്‍ ഇന്ത്യയുടെ കാര്‍ഷിക മേഖല, ഭക്ഷ്യസുരക്ഷ എന്നിവയ്ക്ക് കോട്ടംവരാതെ സൂക്ഷിക്കാന്‍ കേന്ദ്രം തയാറാകുക. അഞ്ച്, ഗ്രാമ-തദ്ദേശതലത്തില്‍ കമ്മ്യൂണിറ്റി ധാന്യ ബാങ്കുകള്‍ സ്ഥാപിച്ച് ഉള്ളയിടത്തോളം ധാന്യം പട്ടിണികിടക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുക ''പങ്കുവെയ്ക്കുകയും പരിപാലിക്കുകയും ചെയ്യുക''എന്ന ആശയം ജനങ്ങളില്‍, പൊതുസമൂഹത്തില്‍ ഉറപ്പാക്കുക, ആറ്, പൊതുവിതരണ ശൃംഖലയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സിവില്‍ സമൂഹം ക്രിയാത്മകമായി ഇടപെടുക. അടിസ്ഥാനപരമായ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഉറപ്പാക്കിയാലേ ഭക്ഷ്യ സുരക്ഷ നിലവില്‍ വരികയുള്ളൂ.

*
പ്രഫ. കെ രാമചന്ദ്രന്‍ നായര്‍ ജനയുഗം 09 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഭക്ഷണം കഴിക്കാന്‍ പറ്റിയ സമയമേതാണ്? ധനികനാണെങ്കില്‍ വിശപ്പുവരുമ്പോള്‍, ദരിദ്രനാണെങ്കില്‍ ഭക്ഷണമായി എന്തെങ്കിലും കിട്ടുമ്പോള്‍. ഇതൊരു മെക്‌സിക്കന്‍ പഴഞ്ചൊല്ലാണ്. ഇന്ന് ഇന്ത്യയൊട്ടാകെ ഭക്ഷ്യസുരക്ഷ ഒരു മുഖ്യ ചര്‍ച്ചാവിഷയമാണ്. വിദഗ്ധ സമിതികള്‍ അവരുടെ സമീപനങ്ങള്‍ കേന്ദ്ര ഭരണകൂടത്തിന്റെ മുന്നില്‍ നിരത്തിക്കഴിഞ്ഞു. ഭക്ഷ്യ സുരക്ഷാ ബില്ലിന്റെ കരടു രൂപരേഖയും ഏതാണ്ട് വ്യക്തമായി. അതുവഴി എടുക്കുന്ന നടപടികളും ഇടപെടലുകളും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമോ എന്നതിനെക്കുറിച്ച് ആശങ്കകള്‍ പ്രചരിച്ചു തുടങ്ങി. ഭക്ഷണം മൗലിക അവകാശമായി പ്രഖ്യാപിച്ചാല്‍ മാത്രം മതിയോ? ഭരണഘടനയില്‍ ഇപ്പോള്‍ തന്നെ എത്രയോ മൗലികാവകാശങ്ങള്‍ പൗരന്‍മാര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്? പ്രഖ്യാപനങ്ങള്‍ കൊണ്ട് മാത്രം ഒന്നുമാകില്ല. അവ നടപ്പാക്കുകയാണ് വേണ്ടത്. എന്നാലിതു മാത്രം ഇന്ത്യയിലില്ല.