Sunday, June 26, 2011

പെട്രോളിയം വിലക്കയറ്റവും നവലിബറല്‍ ഭാഷ്യങ്ങളും

പെട്രോളിയം ഉല്‍പന്നങ്ങളുടെ ചാക്രികമായ വിലക്കയറ്റത്തിന് പിന്നിലെ കോര്‍പ്പറേറ്റ് മൂലധന താല്‍പര്യങ്ങളെ മറച്ചുപിടിക്കുന്ന നുണപ്രചരണങ്ങളാണ് കൗശിക്ബസുവും കേന്ദ്ര സര്‍ക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയുമൊക്കെ ഉപഭോഗം കൂടിയതാണ് വിലക്കയറ്റത്തിന് കാരണമെന്നും ഉപഭോഗം നിയന്ത്രിക്കുവാനായി സബ്സിഡികള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നുമാണ് നവലിബറല്‍ വാദികള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന്റെ വിലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വ്യതിയാനങ്ങള്‍ ഇന്ത്യയിലും വിലവര്‍ദ്ധനവിന് കമ്പനികളെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുമെന്നാണ് മറ്റൊരു വാദം. എന്നാല്‍ , തങ്ങളുടെ കോര്‍പ്പറേറ്റ് അനുകൂലനയങ്ങളെയും താല്‍പര്യങ്ങളെയും മറച്ചുപിടിക്കുവാനായി എഴുന്നെള്ളിക്കുന്ന ഇത്തരം പ്രചരണങ്ങള്‍ അങ്ങേയറ്റം യുക്തിരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന കാര്യംപോലും നവലിബറലിസത്തിന്റെ മത്ത് പിടിച്ച കൗശിക്ബസുവും അലുവാലിയയും ഓര്‍മ്മിക്കുന്നില്ല.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന് ബാരലിന് (160 ലിറ്റര്‍) 147 ഡോളര്‍ വില ഉള്ളപ്പോള്‍ പെട്രോളിന് ഇന്ത്യയില്‍ 40 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ക്രൂഡോയിലിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ബാരലിന് 92 ഡോളറിനും 96 ഡോളറിനുമിടയിലായി വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്. 92 രൂപ ബാരലിന് കണക്കാക്കിയാല്‍ ഇവിടെ ലിറ്ററിന് കമ്പനിയുടെ ലാഭമടക്കം പെട്രോള്‍ 26 രൂപക്ക് വില്‍ക്കാവുന്നതാണ്. എന്നാല്‍ , ഇപ്പോഴത്തെ വര്‍ദ്ധനവനുസരിച്ച് 65 രൂപയിലധികമായിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബറില്‍ എണ്ണ വില നിയന്ത്രണം എടുത്തുകളഞ്ഞതിനുശേഷം ഇത് ഒമ്പതാമത്തെ തവണയാണ് വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പെട്രോളിയം ഖനന - ശുദ്ധീകരണ - വിതരണരംഗത്തെ സ്വകാര്യവല്‍ക്കരണനയങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ വിലക്കയറ്റത്തിന് കാരണമായത്.

തദ്ദേശീയ ഉപഭോഗത്തിനുള്ള എണ്ണയുടെ 80 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്നത് കൊണ്ട് അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വില വ്യത്യാസങ്ങള്‍ക്കനുസരിച്ച് അടിക്കടി എണ്ണ വില കൂട്ടേണ്ടി വരുമെന്നാണ് നവലിബറല്‍വാദികള്‍ ആവര്‍ത്തിക്കുന്നത്. യഥാര്‍ത്ഥത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ഇന്നത്തെ രീതിയില്‍ വിദേശ വിപണിയെ ആശ്രയിക്കേണ്ട സ്ഥിതി സംജാതമാക്കിയത് ഈ രംഗത്തെ സ്വകാര്യവല്‍ക്കരണ നയങ്ങളാണ്. 1976ലെ എണ്ണക്കമ്പനികളുടെ ദേശസാല്‍ക്കരണവും 1948ലെ ഖനനനിയമവും അട്ടിമറിച്ചുകൊണ്ട് ഈ രംഗത്തേക്ക് നാടനും വിദേശിയുമായ സ്വകാര്യ കുത്തകകളെ കടത്തിക്കൊണ്ടുവന്ന കോണ്‍ഗ്രസ് - ബിജെപി സര്‍ക്കാരുകളുടെ ഉദാരവല്‍ക്കരണനയങ്ങളാണ് ഇറക്കുമതിയെ ആശ്രയിച്ച് പെട്രോളിയം ഉല്‍പന്നങ്ങള്‍ ഉപയോഗിക്കേണ്ട പരാശ്രിതത്വം തീവ്രമാക്കിയത്.

1980കളില്‍ ഒഎന്‍ജിസി എണ്ണ പര്യവേഷണ, ഖനനരംഗത്തിലും ശുദ്ധീകരണ സാങ്കേതികവിദ്യയിലും വമ്പിച്ച മുന്നേറ്റമാണ് ഉണ്ടാക്കിയത്. നൂറുകണക്കിന് എണ്ണപര്യവേഷണ പദ്ധതികള്‍ വികസിപ്പിക്കുകയും എണ്ണ പമ്പ് ചെയ്തു എടുക്കാവുന്ന ഘട്ടത്തിലേക്ക് നിരവധി എണ്ണ ഖനന പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. ഒഎന്‍ജിസിയുടെ ഉടമസ്ഥതയിലുള്ള ഇത്തരം എണ്ണപ്പാടങ്ങള്‍ നാടന്‍ - വിദേശ കുത്തകകള്‍ക്ക് ചുളുവിലയ്ക്ക് വില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ഇറക്കുമതിക്കുപകരം ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതും, ദേശീയമായി ഗവൺ‌മെന്റ് ഉടമസ്ഥതയില്‍ പെട്രോളിയം ഖനന - ശുദ്ധീകരണ - വിതരണ ശൃംഖലകള്‍ പടുത്തുയര്‍ത്തുന്നതുമായ നയം ഉപേക്ഷിച്ച്, ഇന്ത്യയുടെ പെട്രോളിയം മേഖല വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവെക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ബ്രഹ്മപുത്രാതടത്തിലും കൃഷ്ണ - ഗോദാവരിതടത്തിലും മുംബൈ ഹൈയിലുമുള്ള നൂറുകണക്കിന് എണ്ണ പദ്ധതികള്‍ റിലയന്‍സടക്കമുള്ള കുത്തകകള്‍ക്ക് വില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മുക്ത-പന്ന എണ്ണപ്പാടം വെറും 12 കോടി രൂപയ്ക്കാണ് എൻ‌റോണ്‍ പോലുള്ള ഒരമേരിക്കന്‍ കുത്തകകയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വിറ്റത്. 1600 കോടി രൂപ ചെലവഴിച്ച് എണ്ണ പമ്പ് ചെയ്തെടുക്കാവുന്ന ഘട്ടത്തിലേക്ക് വികസിപ്പിച്ചെടുത്ത മുക്ത-പന്ന എണ്ണക്കിണറുകള്‍ നക്കാപ്പിച്ചയ്ക്കാണ് അമേരിക്കന്‍ കുത്തക തട്ടിയെടുത്തത്. ആഭ്യന്തര ഉല്‍പാദനത്തെ തകര്‍ത്ത നയങ്ങളാണ് എണ്ണ ആവശ്യത്തിന് പരിപൂര്‍ണ്ണമായി അന്താരാഷ്ട്ര വിപണിയെ ആശ്രയിക്കേണ്ട ഗതികേടിലേക്ക് ഇന്ത്യയെ കൊണ്ടെത്തിച്ചത്.
രാജ്യത്തിനകത്ത് ഖനനം നടത്തുന്ന സ്വകാര്യ എണ്ണകമ്പനികളില്‍നിന്നും അന്താരാഷ്ട്ര വിലയ്ക്ക് തന്നെ ഇന്ത്യന്‍ കമ്പനികള്‍ എണ്ണ വാങ്ങിക്കൊള്ളാമെന്നാണ് സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇവിടെ കുഴിച്ചെടുക്കുന്ന എണ്ണയ്ക്കും അന്താരാഷ്ട്ര വില നല്‍കണം! എണ്ണക്കമ്പനികള്‍ക്ക് വില തീരുമാനിക്കുവാന്‍ അധികാരം കൊടുത്തതാണ് തുടര്‍ച്ചയായ വിലക്കയറ്റത്തിന് കാരണമെന്ന് യുപിഎ സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ തന്നെ ഇപ്പോള്‍ വിലപിക്കുന്നുണ്ട്. കൊന്നു തിന്നുന്നവര്‍ തന്നെ കണ്ണീരൊഴുക്കുന്നു!

1976ല്‍ ഇറക്കുമതിക്ക് തുല്യമായ വിലയിടല്‍ (ഇംപോര്‍ട്ട് പാരിറ്റി പ്രൈസിംഗ് സിസ്റ്റം) എടുത്തുകളഞ്ഞ് അഡ്മിനിസ്ട്രേറ്റീവ് പ്രൈസിംഗ് സിസ്റ്റം കൊണ്ടുവന്നതാണ്. ഇത് വില നിശ്ചയിക്കുവാനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയ നടപടിയായിരുന്നു. ഐഎംഎഫ് - ലോകബാങ്ക് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് കമ്പനികളുടെ കടിഞ്ഞാണില്ലാത്ത കൊള്ളയ്ക്കായി ഇറക്കുമതിക്ക് തുല്യമായ വിലയിടല്‍ പുനഃസ്ഥാപിച്ചുകൊടുത്തിരിക്കുന്നത്. എണ്ണക്കമ്പനികളുടെ സര്‍വ്വതന്ത്ര സ്വതന്ത്രമായ കൊള്ളയ്ക്കുള്ള അനുമതി നല്‍കിയ നയങ്ങളെ മറച്ചുപിടിച്ച് സബ്സിഡി നല്‍കുന്നതാണ് ഉപഭോഗം കൂടാന്‍ കാരണമെന്നും ഉപഭോഗം കൂടിയതാണ് വിലക്കയറ്റത്തിന് കാരണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികള്‍ പ്രചരിപ്പിക്കുകയാണ്. ലോകബാങ്ക് മേധാവി റോബര്‍ട്ട് സ്വല്ലിക്കും അമേരിക്കന്‍ ഊര്‍ജ്ജകാര്യ സെക്രട്ടറിയും തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണം അന്താരാഷ്ട്ര വിപണിയില്‍ ഊര്‍ജ്ജക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണം ഇന്ത്യക്കാരും ചൈനക്കാരും എണ്ണ ഉപഭോഗം വര്‍ദ്ധിപ്പിച്ചതാണെന്നാണ്. ആഗോള ഭക്ഷ്യക്ഷാമത്തിന് കാരണമായി ബുഷും കൊണ്ടലീസ റൈസും നേരത്തെ പറഞ്ഞത് ഇന്ത്യക്കാരും ചൈനക്കാരും ഭക്ഷ്യോപഭോഗം കൂട്ടിയതാണെന്നാണല്ലോ. ലോകജനസംഖ്യയുടെ വെറും 5 ശതമാനം വരുന്ന അമേരിക്കയുടെ പെട്രോളിയം ഉപഭോഗം ആഗോള ഉപഭോഗത്തിന്റെ 30 ശതമാനത്തിലേറെയാണ്. എന്നാല്‍ , ലോകജനസംഖ്യയുടെ 30 ശതമാനം വരുന്ന ഇന്ത്യയുടെ എണ്ണ ഉപഭോഗം ആഗോള ഉപഭോഗത്തിന്റെ 5 ശതമാനം മാത്രമാണ്.

അന്താരാഷ്ട്ര മാര്‍ക്കറ്റിലെ ക്രൂഡ്ഓയിലിന്റെ വിലക്കയറ്റത്തിന് മുഖ്യ ഉത്തരവാദി പെട്രോളിയം രംഗത്ത് കുത്തക സ്ഥാപിച്ചിരിക്കുന്ന അമേരിക്കന്‍ കോര്‍പ്പറേറ്റുകളാണ്. അന്താരാഷ്ട്രരംഗത്തെ പെട്രോളിയം വിലവര്‍ദ്ധനയ്ക്ക് എപ്പോഴും കാരണമായി എണ്ണക്കമ്പനികളും നവലിബറല്‍ പണ്ഡിതന്മാരും ചൂണ്ടിക്കാട്ടാറുള്ളത് എണ്ണ ഉല്‍പാദന രാജ്യങ്ങള്‍ ഉല്‍പാദനം കുറയ്ക്കുന്ന പ്രതിഭാസത്തെയാണ്. എണ്ണസ്രോതസ്സിന്റെ ശേഷി കുറയുന്നുവെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ പല എണ്ണ ഉല്‍പാദകരാജ്യങ്ങളും ഉല്‍പാദനം കുറയ്ക്കാറുണ്ട്. എന്നാല്‍ ഒപ്പെക് രാജ്യങ്ങളുടെ പരമാധികാരത്തെയും ദേശീയ താല്‍പര്യങ്ങളെയും കടന്നാക്രമിച്ചുകൊണ്ട് എണ്ണശേഖരങ്ങള്‍ക്കുവേണ്ടിയുള്ള അക്രമാസക്തമായ കടന്നുകയറ്റങ്ങളാണ് അമേരിക്കന്‍ ഭരണകൂടം എക്കാലവും നടത്തിപ്പോന്നത്. മുതലാളിത്ത ഉല്‍പാദനവും ഉപഭോഗവ്യവസ്ഥയും സൃഷ്ടിച്ച ലാഭാര്‍ത്തമായ വികസനമാണ് വിവേചനരഹിതമായ പ്രകൃതി വിഭവങ്ങളുടെയും എണ്ണസ്രോതസ്സുകളുടെയും ചൂഷണത്തിന് ഗതിവേഗം കൂട്ടിയത്.

പെട്രോളിയം വിലക്കയറ്റത്തെ ന്യായീകരിച്ചുകൊണ്ട് ലോകബാങ്ക് വിദഗ്ദ്ധര്‍ പറയുന്നത് ഇന്ത്യയും ചൈനയും പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നത് മൂലമാണ് ആ രാജ്യങ്ങളില്‍ ഉപഭോഗം കൂടുന്നതെന്നാണ്. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡികള്‍ ഒഴിവാക്കി വികസ്വര രാജ്യങ്ങളിലെ ഉപഭോഗം കുറയ്ക്കണമെന്നാണ് ലോകബാങ്കും അമേരിക്കന്‍ ഭരണകൂടവും നിരന്തരം ഉപദേശിച്ചുകൊണ്ടിരിക്കുന്നത്. എണ്ണയുടെ ഉല്‍പാദനം അതിന്റെ പാരമ്യത്തിലെത്തിയെന്നും വരാന്‍ പോകുന്ന എണ്ണയുടെ ആവശ്യത്തെ നേരിടാന്‍ പറ്റാത്ത പ്രതിസന്ധിയിലാണ് ലോകമെന്നുമാണ് ലോകബാങ്ക് താക്കീത് ചെയ്യുന്നത്.
അന്താരാഷ്ട്രരംഗത്തെ എണ്ണ ഉപഭോഗം കൂട്ടിയതും വിലക്കയറ്റം സൃഷ്ടിച്ചതും എണ്ണ ഉല്‍പാദന വിതരണ രംഗത്തെ അന്താരാഷ്ട്ര കുത്തകകളാണ്. ഈ യാഥാര്‍ത്ഥ്യത്തെ മറച്ചുപിടിച്ചുകൊണ്ടാണ് പെട്രോളിയത്തിന്റെ ലഭ്യതയിലെ കുറവ് കാണിച്ചുകൊണ്ടും വര്‍ദ്ധിച്ചു വരുന്ന ആവശ്യത്തെ മുന്‍നിര്‍ത്തിക്കൊണ്ടും വിലവര്‍ദ്ധനവ് അനിവാര്യമായൊരു കാര്യമാണെന്ന് സമര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത്. ഡിമാന്‍റ്-സപ്ലൈ തിയറി അവതരിപ്പിച്ചുകൊണ്ട് വിലക്കയറ്റം അനിവാര്യമാണെന്ന് പറയുന്നവര്‍ വര്‍ത്തമാനകാലത്തെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പിറകിലെ യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയാണ്. സമ്പത്തുല്‍പാദനത്തിന്റെയും വിപണനത്തിന്റെയും മണ്ഡലങ്ങളിലെ കോര്‍പ്പറേറ്റ് മൂലധനാധിപത്യമാണ്
വിലക്കയറ്റത്തിനും ഉല്‍പാദന മാന്ദ്യത്തിനും കാരണമെന്ന സത്യത്തെയാണ് ലോകബാങ്ക് പഠനങ്ങളും നവലിബറല്‍ പണ്ഡിതന്മാരും ഒരേപോലെ മൂടിവെയ്ക്കുന്നത്. ആഗോള കോര്‍പ്പറേറ്റ് അധീശത്വത്തെയും ചൂഷണത്തെയും സംബന്ധിച്ച അജ്ഞത സൃഷ്ടിച്ചുകൊണ്ടാണ് സാമ്രാജ്യത്വമൂലധന വ്യവസ്ഥ അതിന്റെ അതിജീവനവും കൊള്ളയും ലോകജനതയ്ക്കുമേല്‍ അടിച്ചേല്‍പിച്ചുകൊണ്ടിരിക്കുന്നത്. എണ്ണ വിലക്കയറ്റത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളെയും മുതലാളിത്ത ഉല്‍പാദന വ്യവസ്ഥയുടെ നൈസര്‍ഗ്ഗികമായ ദൗര്‍ബല്യങ്ങളെയും മറച്ചുപിടിക്കുന്ന പ്രചരണ വിദ്യകളിലൂടെയാണ് ആഗോള എണ്ണ കുത്തകകള്‍ തങ്ങളുടെ ദുരമൂത്ത ലാഭതാല്‍പര്യങ്ങളുടെ ഫലമായ വിലവര്‍ദ്ധനയെ അനിവാര്യമായൊരു നടപടിയായി വിശേഷിപ്പിക്കുന്നത്. ഇന്ന് ലോകജനതയുടെ ഊര്‍ജ്ജാവശ്യം പരിഹരിക്കുവാന്‍ കഴിയുന്ന രീതിയില്‍ ശാസ്ത്രീയമായ ഊര്‍ജ്ജ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന് തടസ്സം സാമ്രാജ്യത്വ ഉല്‍പാദന വ്യവസ്ഥയാണ്. കമ്പോളോന്മുഖമായ ഉല്‍പാദനക്രമത്തിന്റെ അനിവാര്യമായൊരു സൃഷ്ടിയാണ് ഇന്നത്തെ പ്രതിസന്ധിയും വിലക്കയറ്റവും.
മുതലാളിത്തം സൃഷ്ടിച്ച വര്‍ദ്ധിച്ച ആവശ്യങ്ങളെയും ഉപഭോഗാസക്തിയെയുമെല്ലാം മൂന്നാംലോക രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് നല്‍കുന്ന സബ്സിഡി അവസാനിപ്പിച്ചും ഉപഭോഗം കുറച്ചും നേരിടാമെന്ന് വാദിക്കുന്നവര്‍ ആഗോള കോര്‍പ്പറേറ്റ് ആധിപത്യത്തിന്റെ ക്രൂരന്മാരായ അഭിഭാഷകരോ മാപ്പുസാക്ഷികളോ മാത്രമാണ്. മുതലാളിത്ത ഉല്‍പാദന വിപണനവ്യവസ്ഥയുടെ അടിസ്ഥാനനിയമം തന്നെ ലഭ്യതയില്‍ കുറവ് കാണിച്ച് ഡിമാന്‍റ് സൃഷ്ടിച്ച് വില ഉയര്‍ത്തുകയും വില വര്‍ദ്ധിപ്പിച്ച് സപ്ലൈ കൂട്ടുകയുമാണ്. ആഗോള പെട്രോളിയം കുത്തകകള്‍ എണ്ണയുടെ ലഭ്യതയില്‍ കുറവ് കാണിച്ച് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിലക്കയറ്റം സൃഷ്ടിച്ച് എണ്ണ വിപണനത്തിലൂടെയുള്ള ഒരാഗോള കൊള്ളയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 135,000ത്തിലേറെ ആധുനിക ഉപഭോഗ വസ്തുക്കളുടെ നിര്‍മ്മിതിയിലെ അസംസ്കൃത പദാര്‍ത്ഥവും അടിസ്ഥാന വിഭവവുമാണ് ക്രൂഡ്ഓയില്‍ . അതുകൊണ്ടുതന്നെ എണ്ണ വിലക്കയറ്റം ജീവിതത്തിന്റെ സമസ്ത ആവശ്യങ്ങളുടെയും സാധനങ്ങളുടെയും വിലയും ചാര്‍ജ്ജും വര്‍ദ്ധിക്കുന്നതിലേക്കാണ് എത്തിക്കുക. എണ്ണയ്ക്കും ആഗോള സാമ്പത്തികക്രമത്തിനുംമേല്‍ ആധിപത്യമുറപ്പിച്ചിരിക്കുന്ന മുതലാളിത്ത കോര്‍പ്പറേറ്റ് വൃന്ദത്തിന്റെ ലാഭമോഹങ്ങളും ചൂഷണതന്ത്രങ്ങളുമാണ് വിലക്കയറ്റത്തിനും അതിന്റെ പരിണതിയായ ജീവിത ദുരന്തങ്ങള്‍ക്കും അടിസ്ഥാനമായിരിക്കുന്നത്.

മുതലാളിത്ത വ്യവസ്ഥയെന്നത് ലാഭപ്രചോദിതമായൊരു ഉല്‍പാദന - വിതരണ ക്രമമാണ്. നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ ലഭ്യതയില്‍ (supply)കുറവ് കാണിച്ച് ആവശ്യം (Demand)സൃഷ്ടിച്ച് വില ഉയര്‍ത്തുകയെന്നതാണ് അതിന്റെ അടിസ്ഥാനനിയമം തന്നെ. കേം ബ്രിഡ്ജ് എനര്‍ജി റിസര്‍ച്ച് അസോസിയേഷന്റെ 2006ലെ ഒരു പഠനം ചൂണ്ടിക്കാട്ടിയത് വരുംവര്‍ഷങ്ങളില്‍ എണ്ണ ഉല്‍പാദനം 15 ദശലക്ഷം ബാരലായി ഉയരുമെന്നാണ്. കഴിഞ്ഞ 125 വര്‍ഷം കൊണ്ട് 1000 കോടി ബാരല്‍ ഉപയോഗിച്ചിരുന്ന സ്ഥാനത്ത് വരാന്‍ പോകുന്ന 30 വര്‍ഷംകൊണ്ട് 1000 കോടി ബാരലിന്റെ ഉപയോഗം ഉണ്ടാകുമെന്നാണ് ലോകബാങ്ക് വിദഗ്ദ്ധന്മാര്‍ ചൂണ്ടിക്കാട്ടുന്നത്. എണ്ണയുടെ അറിയപ്പെടുന്ന വിഭവശേഖരം (proven reserves) എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ലഭ്യമായ എണ്ണ സ്രോതസ്സ് എന്നത് മാത്രമല്ല. 1968ല്‍ അമേരിക്കയില്‍ കണ്ടെടുക്കപ്പെട്ട എണ്ണശേഖരം 4000 കോടി ബാരല്‍ ആണത്രേ. ഭൂഗര്‍ഭ ശാസ്ത്രജ്ഞന്മാരുടെ പഠനമനുസരിച്ച് യഥാര്‍ത്ഥത്തില്‍ അമേരിക്കയില്‍ 15000 കോടി ബാരല്‍ എണ്ണ ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്. യഥാര്‍ത്ഥത്തില്‍ എണ്ണശേഖരത്തിലും അത് ഖനനം ചെയ്ത് എടുക്കുവാനുള്ള പര്യവേഷണ പരിപാടികളിലും ആധിപത്യമുറപ്പിച്ചിരിക്കുന്ന കോര്‍പ്പറേറ്റ് മൂലധന ശക്തികള്‍ എണ്ണയുടെ ലഭ്യതയില്‍ കുറവ് കാണിച്ച് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഡിമാന്‍റ് സൃഷ്ടിച്ച് വില വര്‍ദ്ധിപ്പിക്കുകയാണ്.

വിദഗ്ദ്ധാഭിപ്രായമനുസരിച്ച് ലോകത്തില്‍ ഇന്ന് ലഭ്യമായ എണ്ണയെന്നത് അത് കണ്ടെത്തുവാനുള്ള ഉപാധികളെയും ചെലവിനെയും കൂടി ആശ്രയിച്ചാണിരിക്കുന്നത്. ലഭ്യമായ എണ്ണയുടെ അളവ് കണക്കാക്കുകയെന്ന പ്രയാസകരമായ സാഹചര്യത്തെ കൂടി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കുത്തകകള്‍ കുത്തനെയുള്ള വിലക്കയറ്റം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ആഗോള സമ്പദ്ഘടനയുടെ ജീവരക്തമെന്ന് വിശേഷിപ്പിക്കുന്ന എണ്ണ എന്ന രണ്ടക്ഷരമാണ് സാമ്രാജ്യത്വമൂലധനശക്തികളുടെ സാര്‍വ്വദേശീയ നയത്തെ തന്നെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ലോകത്തിലെ മുന്‍നിര സാമ്പത്തികശക്തിയായി അമേരിക്ക നിലനില്‍ക്കുന്നത് എണ്ണ ഉല്‍പാദക രാജ്യങ്ങളില്‍നിന്നും കുറഞ്ഞ വിലയ്ക്ക് എണ്ണയൂറ്റി അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കൂടിയ വിലയ്ക്ക് വിറ്റ് കിട്ടുന്ന വരുമാനത്തിന്റെ സമൃദ്ധികൊണ്ടാണ്. ഈ മഹാകൊള്ളയുടെ കഠിനമായ സാഹചര്യത്തെയാണ് നവലിബറല്‍ പണ്ഡിതന്മാര്‍ ഡിമാന്‍റ് സപ്ലൈ തിയറിപോലുള്ള ബൂര്‍ഷ്വാ പൊതുസിദ്ധാന്തങ്ങള്‍ എഴുന്നെള്ളിച്ച് മറച്ചുപിടിക്കുവാന്‍ ശ്രമിക്കുന്നത്.

സ്വതന്ത്രവിപണിവാദവും വിലക്കയറ്റവും

സ്വതന്ത്രവിപണിയുടെ മൗലികവാദിയായ വക്താവ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വിന്റെ ചെയര്‍മാനായിരുന്ന അലന്‍ഗ്രീന്‍സ്പാന്‍ 2002ലാരംഭിച്ച സാമ്പത്തിക പ്രതിസന്ധിയെ വിശകലനം ചെയ്തുകൊണ്ട് നടത്തിയ കുറ്റസമ്മതം മന്‍മോഹന്‍സിംഗും അലുവാലിയയും കൗശിക്ബസുവും ബോധപൂര്‍വ്വം അറിഞ്ഞില്ലെന്ന് നടിക്കുകയാണെന്ന് തോന്നുന്നു. വിപണിയെ സ്വതന്ത്രമാക്കുക വഴി വിലക്കയറ്റം തടയാമെന്നും സാമ്പത്തിക സുസ്ഥിരത കൈവരിക്കാമെന്നുമാണ് ഇന്ത്യയിലെ നവലിബറല്‍ വാദികള്‍ പുലമ്പിക്കൊണ്ടിരിക്കുന്നത്. അലന്‍ഗ്രീന്‍സ്പാന്‍ തുറന്നുപറഞ്ഞത് വിപണിയുടെ സ്വയം നിയന്ത്രണക്ഷമതയിലും സേവനോല്‍സുകതയിലും വിശ്വാസമര്‍പ്പിക്കുക വഴി ഞാനൊരു തെറ്റുവരുത്തുകയായിരുന്നുവെന്നാണ്.

വിലക്കയറ്റം നിയന്ത്രണക്ഷമമാക്കുവാന്‍ സര്‍ക്കാരിന്റെ വിപണി ഇടപെടലുകള്‍ പൂര്‍ണ്ണമായി അവസാനിപ്പിക്കണമെന്നും ആഗോള റീടെയില്‍ കുത്തകകള്‍ക്ക് ഇന്ത്യയിലെ ചില്ലറ വില്‍പനമേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കണമെന്നുമാണല്ലോ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്. മുതലാളിത്ത ചരിത്രത്തിലുടനീളം ആവര്‍ത്തിക്കപ്പെടുന്ന സാമ്പത്തിക പ്രതിസന്ധിയും അതിന്റെ ഫലമായ സാമൂഹ്യ ദുരന്തങ്ങളും സ്വതന്ത്രവിപണി വ്യവസ്ഥയെ സംബന്ധിച്ച എല്ലാ വ്യാമോഹങ്ങളും അവസാനിപ്പിക്കുവാന്‍ ബൂര്‍ഷ്വാ ധനശാസ്ത്രജ്ഞരെപോലും നിര്‍ബന്ധിതരാക്കിയിട്ടുണ്ട്. സ്വതന്ത്രവിപണി എന്നത് നവലിബറല്‍ വാദികള്‍ അന്തസ്സാരശൂന്യമായി പറഞ്ഞുകൊണ്ടിരിക്കുന്നതുപോലെ നിരുപദ്രവകരവും സ്വയം നിയന്ത്രണക്ഷമതയുള്ളതുമായ ഒരു സംവിധാനമല്ല. മല്‍സരവും സ്വതന്ത്രവിപണി പ്രവര്‍ത്തനവും പൊതുതാല്‍പര്യങ്ങളെ സേവിക്കുന്നതോ സാമ്പത്തിക വളര്‍ച്ചയും പുരോഗതിയും ഉണ്ടാക്കുന്നതോ അല്ലെന്ന് ചരിത്രം ആവര്‍ത്തിച്ചു തെളിയിച്ചിട്ടുള്ളതാണ്. മഹാനായ മാര്‍ക്സ് നിരീക്ഷിച്ചതുപോലെ സ്വതന്ത്രവിപണി സ്വന്തം സവിശേഷതകളുള്ള ഒരു വ്യത്യസ്ത വ്യവസ്ഥയാണ്. അനിയന്ത്രിതവും സഹജസ്വഭാവം കൊണ്ടുതന്നെ അസ്ഥിരവുമായ ഒന്നാണത്. മുതലാളിത്ത ചരക്കുല്‍പാദന - വിപണന വ്യവസ്ഥയുടെ ആധാരങ്ങളായി വര്‍ത്തിക്കുന്ന സാമ്പത്തിക നിയമങ്ങളുടെ ദൗര്‍ബല്യങ്ങളെയാണ് മാര്‍ക്സ് വിശകലനം ചെയ്തത്. ചാക്രികമായി ഉണ്ടാകുന്ന പ്രതിസന്ധികള്‍ക്കും തന്മൂലമുണ്ടാകുന്ന തൊഴില്‍നഷ്ടത്തിനും ഉല്‍പാദന ഉപാധികളുടെ വിനാശത്തിനും വിധേയമായൊരു വ്യവസ്ഥയാണത്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ നിരീക്ഷിക്കുന്നത്; "അന്യലോകത്തില്‍നിന്നും താന്‍ വിളിച്ചു വരുത്തിയ അതീതശക്തികളെ നിയന്ത്രിക്കാനാവാതെ നില്‍ക്കുന്ന മന്ത്രവാദിയെപ്പോലെയാണത്" എന്നാണ്. ഈയൊരു പ്രതിസന്ധിയെ ഹിംസാത്മകമായ മാര്‍ഗ്ഗങ്ങളിലൂടെയാണ് എപ്പോഴും മുതലാളിത്ത വ്യവസ്ഥ അതിജീവിക്കുവാന്‍ ശ്രമിക്കുന്നത്. "ബൂര്‍ഷ്വാസി ഈ പ്രതിസന്ധിയെ മറികടക്കുന്നത് എങ്ങനെയാണ്? ഒരുവശത്ത്, ഉല്‍പാദനശക്തികളില്‍ ഒരു പങ്കിനെ നശിപ്പിച്ചുകൊണ്ടും മറുവശത്ത്, പുതിയ വിപണികളെ കീഴ്പ്പെടുത്തിക്കൊണ്ടും പഴയ വിപണികളെ കുറെക്കൂടി ചൂഷണം ചെയ്തുകൊണ്ടുമാണ് മുതലാളിത്തം ഇതിന് ശ്രമിക്കുന്നത്". (കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ).

യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമല്‍സരമെന്നത് എല്ലാറ്റിനും മുകളില്‍ ആധിപത്യം ഉറപ്പിക്കുവാനുള്ള കുത്തകകളുടെ സ്വാതന്ത്ര്യം മാത്രമാണ്. വികാസത്തിന്റെയും മാന്ദ്യത്തിന്റെയും ഒന്നിടവിട്ട പരമ്പരയിലൂടെ മുതലാളിത്ത വ്യവസ്ഥ കുത്തകവല്‍ക്കരണത്തിലേക്കും അഭൂതപൂര്‍വ്വമായ ദരിദ്ര - ധനിക അന്തരത്തിലേക്കുമാണ് ലോകത്തെ എത്തിക്കുന്നത്. മുതലാളിത്തം സാമ്രാജ്യത്വമായി പരിവര്‍ത്തനപ്പെടുന്നതോടെ മല്‍സരത്തെ ദുര്‍ബലപ്പെടുത്തുകയും സ്വത്തുടമസ്ഥതയില്‍ ഭീതിദമായ തോതിലുള്ള അസമത്വങ്ങള്‍ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. സാമ്പത്തിക വളര്‍ച്ചയുടെ സമൃദ്ധിയില്‍ (കുമിള) ഉല്‍പാദിപ്പിക്കപ്പെടുന്ന സമ്പത്തില്‍ ഒരു ഭാഗം അടിത്തട്ടിലേക്ക് "കിനിഞ്ഞിറങ്ങു"മെന്നും പാവപ്പെട്ടവര്‍ക്ക് ഗുണം ചെയ്യുമെന്നുമൊക്കെയുള്ള സ്വതന്ത്രവിപണി സിദ്ധാന്തങ്ങള്‍ തീര്‍ത്തും പൊള്ളയാണെന്ന് തെളിഞ്ഞുകഴിഞ്ഞിട്ടുണ്ട്.

1955ല്‍ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാനും വില നിയന്ത്രിക്കുവാനുമായി നെഹ്റു സര്‍ക്കാര്‍ കൊണ്ടുവന്ന അവശ്യ സാധന നിയന്ത്രണ നിയമം കോണ്‍ഗ്രസ് - ബിജെപി സര്‍ക്കാരുകള്‍ മരവിപ്പിക്കുകയും ഭേദഗതി ചെയ്യുകയുമാണ് ചെയ്തത്. ഇത് തന്നെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് പ്രധാന കാരണവും. ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ളവയുടെ ഭാവിയിലെ വില മുന്‍കൂട്ടി നിശ്ചയിച്ച് വന്‍കിട കോര്‍പ്പറേറ്റുകള്‍ യഥേഷ്ടം സംഭരണം നടത്തുവാന്‍ അവധിവ്യാപാരം നിയമവല്‍കരിച്ചത് എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ്. 1962ലെ ഫോര്‍വേഡ് കോണ്‍ട്രാക്ട് റഗുലേഷന്‍സ് ആക്ട് കരിഞ്ചന്തയെയും പൂഴ്ത്തിവെപ്പിനെയും നിയമവല്‍ക്കരിക്കുന്ന തരത്തില്‍ ഭേദഗതി ചെയ്തു. 1980ലെ കരിഞ്ചന്ത നിരോധനനിയമവും മരവിപ്പിച്ചു. അവധിവ്യാപാരവും അതുമൂലമുള്ള ഊഹക്കച്ചവടവുമാണ് അവശ്യസാധന വിലക്കയറ്റം രൂക്ഷമാക്കിയത്. സര്‍ക്കാര്‍ പൊതുസംഭരണ - വിതരണരംഗത്തുനിന്ന് പിന്മാറുന്നതോടെ ഈ രംഗം അവധിവ്യാപാരത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് കുത്തകകള്‍ കയ്യടക്കികൊണ്ടിരിക്കുകയാണ്.

അവധിവ്യാപാരത്തിന്റെ ഭീകരതയും വ്യാപ്തിയും മനസ്സിലാക്കണമെങ്കില്‍ അതിനായി ഒഴുക്കുന്ന ഭീമമായ തുകയുടെ കണക്ക് പരിശോധിക്കണം. 2010ല്‍ 78 ലക്ഷം കോടിയുടെ അവധിവ്യാപാരമാണ് ഇന്ത്യയില്‍ നടന്നത്. 2009ല്‍ ഇത് 69 ലക്ഷം കോടിയായിരുന്നു. 2008ല്‍ 46.6 ലക്ഷം കോടിയും. കഴിഞ്ഞ വര്‍ഷത്തില്‍ 57% വര്‍ദ്ധനവാണ് അവധിവ്യാപാരരംഗത്തുണ്ടായത്. അവധിവ്യാപാരത്തിന്റെ ഭാഗമായി പച്ചക്കറി വിലവര്‍ദ്ധനവ് 70 - 73 ശതമാനമായിട്ടാണ് ഉയര്‍ന്നത്. ഇന്ത്യയിലിപ്പോള്‍ ചില്ലറ വില്‍പനമേഖലയിലേക്ക് കടന്നുവരുന്ന വിദേശ കുത്തകകള്‍ കര്‍ഷകരില്‍നിന്ന് സാധനങ്ങള്‍ സംഭരിച്ച് ആഗോള സപ്ലൈ ശൃംഖലകളിലേക്ക് കൊടുക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി വാള്‍മാര്‍ട്ട് ഇന്ത്യയില്‍ പല നഗരങ്ങളിലും കേന്ദ്രങ്ങള്‍ തന്നെ ആരംഭിച്ചുകഴിഞ്ഞു. പൊതുസംഭരണ - വിതരണ സംവിധാനങ്ങളെ ദുര്‍ബലമാക്കുന്നതും ഇല്ലാതാക്കുന്നതുമായ കോര്‍പ്പറേറ്റ് അനുകൂല നയങ്ങളാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായത്. ഈ അവസ്ഥയെ കൂടുതല്‍ തീക്ഷ്ണമാക്കുന്ന നയതീരുമാനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഒന്നിന് പിറകെ ഒന്നായി അടിച്ചേല്‍പിച്ചുകൊണ്ടിരിക്കുന്നത്.


*****


കെ ടി കുഞ്ഞിക്കണ്ണന്‍, കടപ്പാട്: ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

1955ല്‍ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാനും വില നിയന്ത്രിക്കുവാനുമായി നെഹ്റു സര്‍ക്കാര്‍ കൊണ്ടുവന്ന അവശ്യ സാധന നിയന്ത്രണ നിയമം കോണ്‍ഗ്രസ് - ബിജെപി സര്‍ക്കാരുകള്‍ മരവിപ്പിക്കുകയും ഭേദഗതി ചെയ്യുകയുമാണ് ചെയ്തത്. ഇത് തന്നെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് പ്രധാന കാരണവും. ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ളവയുടെ ഭാവിയിലെ വില മുന്‍കൂട്ടി നിശ്ചയിച്ച് വന്‍കിട കോര്‍പ്പറേറ്റുകള്‍ യഥേഷ്ടം സംഭരണം നടത്തുവാന്‍ അവധിവ്യാപാരം നിയമവല്‍കരിച്ചത് എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ്. 1962ലെ ഫോര്‍വേഡ് കോണ്‍ട്രാക്ട് റഗുലേഷന്‍സ് ആക്ട് കരിഞ്ചന്തയെയും പൂഴ്ത്തിവെപ്പിനെയും നിയമവല്‍ക്കരിക്കുന്ന തരത്തില്‍ ഭേദഗതി ചെയ്തു. 1980ലെ കരിഞ്ചന്ത നിരോധനനിയമവും മരവിപ്പിച്ചു. അവധിവ്യാപാരവും അതുമൂലമുള്ള ഊഹക്കച്ചവടവുമാണ് അവശ്യസാധന വിലക്കയറ്റം രൂക്ഷമാക്കിയത്. സര്‍ക്കാര്‍ പൊതുസംഭരണ - വിതരണരംഗത്തുനിന്ന് പിന്മാറുന്നതോടെ ഈ രംഗം അവധിവ്യാപാരത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് കുത്തകകള്‍ കയ്യടക്കികൊണ്ടിരിക്കുകയാണ്.

അവധിവ്യാപാരത്തിന്റെ ഭീകരതയും വ്യാപ്തിയും മനസ്സിലാക്കണമെങ്കില്‍ അതിനായി ഒഴുക്കുന്ന ഭീമമായ തുകയുടെ കണക്ക് പരിശോധിക്കണം. 2010ല്‍ 78 ലക്ഷം കോടിയുടെ അവധിവ്യാപാരമാണ് ഇന്ത്യയില്‍ നടന്നത്. 2009ല്‍ ഇത് 69 ലക്ഷം കോടിയായിരുന്നു. 2008ല്‍ 46.6 ലക്ഷം കോടിയും. കഴിഞ്ഞ വര്‍ഷത്തില്‍ 57% വര്‍ദ്ധനവാണ് അവധിവ്യാപാരരംഗത്തുണ്ടായത്. അവധിവ്യാപാരത്തിന്റെ ഭാഗമായി പച്ചക്കറി വിലവര്‍ദ്ധനവ് 70 - 73 ശതമാനമായിട്ടാണ് ഉയര്‍ന്നത്. ഇന്ത്യയിലിപ്പോള്‍ ചില്ലറ വില്‍പനമേഖലയിലേക്ക് കടന്നുവരുന്ന വിദേശ കുത്തകകള്‍ കര്‍ഷകരില്‍നിന്ന് സാധനങ്ങള്‍ സംഭരിച്ച് ആഗോള സപ്ലൈ ശൃംഖലകളിലേക്ക് കൊടുക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി വാള്‍മാര്‍ട്ട് ഇന്ത്യയില്‍ പല നഗരങ്ങളിലും കേന്ദ്രങ്ങള്‍ തന്നെ ആരംഭിച്ചുകഴിഞ്ഞു. പൊതുസംഭരണ - വിതരണ സംവിധാനങ്ങളെ ദുര്‍ബലമാക്കുന്നതും ഇല്ലാതാക്കുന്നതുമായ കോര്‍പ്പറേറ്റ് അനുകൂല നയങ്ങളാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായത്. ഈ അവസ്ഥയെ കൂടുതല്‍ തീക്ഷ്ണമാക്കുന്ന നയതീരുമാനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഒന്നിന് പിറകെ ഒന്നായി അടിച്ചേല്‍പിച്ചുകൊണ്ടിരിക്കുന്നത്.