Tuesday, June 28, 2011

മുഖം വിരൂപമായതിന് കണ്ണാടി ഉടയ്ക്കരുത്

കേന്ദ്ര പരിസ്ഥിതിമന്ത്രി ജയറാം രമേഷ് നടത്തിയ ഒരു പ്രസ്താവന വിവാദം സൃഷ്ടിക്കുകയുണ്ടായി. രാജ്യത്തെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടി, ഐഎംഎകള്‍ മികവാര്‍ന്ന് നില്‍ക്കുന്നത് അവിടത്തെ വിദ്യാര്‍ഥികളുടെ പ്രാഗത്ഭ്യം കൊണ്ടാണെന്നും അധ്യാപകരുടെ മഹത്വംകൊണ്ടോ ഗവേഷണത്തിന്റെ ഗുണമേന്‍മകൊണ്ടോ അല്ലെന്നുമാണ് അദ്ദേഹം പ്രസ്താവിച്ചത്. മുംബൈ ഐഐടിയിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ ജയറാം രമേഷിന്റെ പ്രസ്താവന അധ്യാപകരുടെയും അധ്യാപക സംഘടനകളുടെയും രാഷ്ട്രീയ പാര്‍ടികളുടെയും പ്രതിഷേധത്തിനിടയാക്കി. ലോകനിലവാരമുള്ള മന്ത്രിമാരില്ലാതെ ലോകനിലവാരമുള്ള അധ്യാപകരെ പ്രതീക്ഷിക്കാനാകില്ലെന്നായിരുന്നു ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡിയുടെ വിമര്‍ശം.

ജയറാം രമേഷിനെ തള്ളിപ്പറയാതെതന്നെ അധ്യാപകരെ പിന്തുണച്ചുകൊണ്ട് മാനവശേഷി വികസന മന്ത്രി കപില്‍ സിബല്‍ രംഗത്തുവന്നു. ലോകത്തെ മികച്ച 50 ഐഐടികളില്‍ നാലെണ്ണം ഇന്ത്യയിലാണെന്നും ഇവിടങ്ങളില്‍ ലോകശാസ്ത്രഗതിയെ മാറ്റിമറിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഗവേഷണങ്ങള്‍ ഉണ്ടാകാത്തതിന് കാരണം ഭൗതിക സൗകര്യം ഒരുക്കിക്കൊടുക്കാന്‍ സര്‍ക്കാരിന് കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഗവേഷണത്തിനു മാത്രമായി പ്രതിവര്‍ഷം അമേരിക്കയില്‍ 25,000 കോടി ഡോളറും ചൈനയില്‍ 6000 കോടി ഡോളറും ചെലവഴിക്കുമ്പോള്‍ ഇന്ത്യ കേവലം 800 കോടി ഡോളര്‍മാത്രമാണ് ചെലവാക്കുന്നത്. പ്രമുഖ ശാസ്ത്രജ്ഞനും പ്രധാനമന്ത്രിയുടെ ശാസ്ത്രോപദേശക സമിതി ചെയര്‍മാനുമായ ഡോ. സി എന്‍ ആര്‍ റാവു ജയറാം രമേഷിന്റെ അഭിപ്രായത്തെ അനുകൂലിച്ചു. മൂന്നുപേരും ഒരു കാര്യത്തില്‍ വിജയിച്ചിരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രകാശഗോപുരങ്ങളായ ഈ പൊതുമേഖലാ സ്ഥാപനങ്ങളെ ഇകഴ്ത്തിക്കാട്ടുന്നതില്‍ . വിദ്യാഭ്യാസരംഗത്തെ ഗുണനിലവാരത്തെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ ആദ്യമായി ഉയര്‍ന്നുവരുന്ന വാദം ലോകത്തെ ഏറ്റവും പ്രശസ്തമായ 200 സ്ഥാപനങ്ങളില്‍ ഇന്ത്യയില്‍ എത്ര സ്ഥാപനങ്ങള്‍ ഉണ്ടെന്നാണ്. ഏറിയാല്‍ ഒന്ന് അല്ലെങ്കില്‍ രണ്ട് എന്നായിരിക്കും ഇക്കൂട്ടരുടെ മറുപടി. ഇവിടെ ഒരു കാര്യം നാം മറക്കുന്നു. ആരാണ് ഇത്തരം സ്ഥാപനങ്ങളുടെ സര്‍വേ സംഘടിപ്പിക്കുന്നത്. അവരുടെ ഉദ്ദേശ്യം എന്താണ്. ഇവര്‍ നടത്തുന്ന സര്‍വേയുടെ മാനദണ്ഡം എന്താണ് എന്നീ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം സര്‍വേ നടത്തുന്നവര്‍ വ്യക്തമാക്കാറില്ല. ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലവാരം കുറഞ്ഞവയാണ് എന്ന നിഗമനത്തിലാണ് ഇക്കൂട്ടര്‍ എത്തിച്ചേരുന്നത്. ഇത് വസ്തുതാപരമല്ല. എങ്കിലും ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം മികച്ചനിലവാരം പുലര്‍ത്തുന്നവയാണ് എന്നും പറയാനാകില്ല. അറുനൂറോളം സര്‍വകലാശാല തല വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ 100ല്‍ കുറയാത്ത സ്ഥാപനങ്ങളെങ്കിലും നല്ല നിലവാരം പുലര്‍ത്തുന്നവയാണ്. അതുകൊണ്ടാണല്ലോ വിദ്യാര്‍ഥികളെ വിദേശകമ്പനികള്‍ മുന്‍കൂട്ടിത്തന്നെ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങളെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമിക്കുന്ന മന്ത്രിമാര്‍ ഒന്നു മനസിലാക്കണം. കേന്ദ്രം നിയോഗിച്ച കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകളനുസരിച്ചുതന്നെ ഇന്ത്യയിലെ സര്‍വകലാശാലകളില്‍ (ഐഐടി, ഐഐഎം എന്നിവ ഉള്‍പ്പെടെ) 40 ശതമാനത്തിലേറെ അധ്യാപകരുടെ തസ്തികകള്‍ വര്‍ഷങ്ങളായി നികത്തപ്പെടാതെ കിടക്കുകയാണ്. കാണ്‍പുര്‍ ഐഐടി ഡയറക്ടര്‍ പ്രൊഫ. എസ് കെ ദാന്തെ ചെയര്‍മാനായ കമ്മിറ്റി 2010 ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും അധ്യാപകക്ഷാമം പരിഹരിക്കുന്നതിന് കാര്യമായ നടപടിയൊന്നുമുണ്ടായിട്ടില്ല. സ്കൂളുകളുടെ സ്ഥിതി ഇതിലും പരിതാപകരമാണ്. കപില്‍ സിബല്‍ രാജ്യസഭയില്‍ സമര്‍പ്പിച്ച കണക്ക് അനുസരിച്ച് രാജ്യത്ത് ഇപ്പോള്‍ 12 ലക്ഷത്തോളം സ്കൂള്‍ അധ്യാപകരുടെ ഒഴിവുണ്ട്. മെഡിക്കല്‍ , എന്‍ജിനിയറിങ് വിദ്യാഭ്യാസരംഗത്ത് ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റികളുടെ സാരഥികളായിരുന്ന കേതന്‍ ദേശായിമാരും (എംസിഐ) ആര്‍ എ യാദവുമാരും (എഐസിടിഇ) കോടികളുടെ അഴിമതിയില്‍ മുങ്ങി ഇപ്പോള്‍ നിയമനടപടി നേരിടുകയാണ്. ഇത്തരം ആളുകളില്‍നിന്ന് ഉന്നതവിദ്യാഭ്യാസത്തെ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ത്തന്നെ ഗുണനിലവാരം താനേ ഉയര്‍ന്നുകൊള്ളും. കഴിഞ്ഞവര്‍ഷം തിരുവനന്തപുരത്ത് നടന്ന ശാസ്ത്രകോണ്‍ഗ്രസില്‍ പൃഥ്വിരാജ് ചൗഹാന്‍ രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് പ്രസംഗിച്ചത് സമീപകാലത്ത് ശാസ്ത്രരംഗത്ത് ഇന്ത്യക്ക് പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞുവെന്നാണ് (30,000ല്‍ പരം ഗവേഷണപ്രബന്ധങ്ങള്‍ പ്രതിവര്‍ഷം അവതരിപ്പിക്കപ്പെടുന്നു).

1998ന് ശേഷം ശാസ്ത്രപ്രസിദ്ധീകരണങ്ങളുടെ കാര്യത്തില്‍ ആഗോളവര്‍ധന നാല് ശതമാനമാണെങ്കില്‍ ഇന്ത്യയില്‍ 12 ശതമാനമാണ്. 156 രാഷ്ട്രങ്ങള്‍ അടങ്ങിയ ഇന്റര്‍നാഷണല്‍ ബോര്‍ഡ് ഫോര്‍ സ്കൂള്‍ എഡ്യൂക്കേഷന്‍ എന്ന സമിതി 2009ല്‍ നടത്തിയ പത്താംതരം തുല്യതാ ഗ്ലോബല്‍ പരീക്ഷയില്‍ (ഇന്റര്‍നാഷണല്‍ ജനറല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍) ഏറ്റവും ഉയര്‍ന്ന റാങ്ക് ഏഴ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ബുദ്ധിമാന്‍മാരാണെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. അവരുടെ ബുദ്ധിവികാസത്തിന് അനുരൂപമായ പഠനസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ ഭരണാധികാരികള്‍ തയ്യാറല്ല. ഡോ. റാവുവിന്റെ ഒറ്റമൂലിയാകട്ടെ പഠനോപകരണങ്ങള്‍ കുറയുന്നത് കുട്ടികളുടെ തലച്ചോറ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ പര്യാപ്തമാകുമെന്നതാണ്. ആദായനികുതി നല്‍കുന്നവരില്‍നിന്ന് പിരിക്കുന്ന വിദ്യാഭ്യാസ സെസ് വകമാറ്റി ചെലവാക്കാതെ വിദ്യാഭ്യാസത്തിനായിമാത്രം നീക്കിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നെങ്കില്‍ ഉന്നതവിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയുമായിരുന്നു. ദേശീയ മൊത്തവരുമാനത്തിന്റെ (ജിഡിപി) 6 ശതമാനം വിദ്യാഭ്യാസത്തിനു വേണ്ടി നീക്കിവയ്ക്കണമെന്ന കോത്താരി കമീഷന്റെ നിര്‍ദേശം (1996) നാലരപ്പതിറ്റാണ്ട് കഴിഞ്ഞിട്ടും നടപ്പാക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ തയ്യാറായിട്ടില്ല. വിദ്യാഭ്യാസപദ്ധതി എന്നറിയപ്പെടുന്ന പതിനൊന്നാം പദ്ധതിയില്‍പോലും 3.08 ശതമാനം മാത്രമേ നീക്കിവച്ചിരുന്നുള്ളൂ. ഉന്നതവിദ്യാഭ്യാസരംഗത്ത് ഇതില്‍കൂടുതല്‍ പണം ചെലവഴിക്കാന്‍ സര്‍ക്കാരിനാവില്ല എന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം കേന്ദ്ര പ്ലാനിങ് കമീഷന്‍ വൈസ് ചെയര്‍മാന്‍ മൊണ്ടേക് സിങ് അലുവാലിയ പ്രഖ്യാപിച്ചുകഴിഞ്ഞു. പകരം പൊതുസ്വകാര്യ പങ്കാളിത്തം (പിപിപി) എന്ന പുതിയ മുദ്രാവാക്യം അവതരിപ്പിച്ചുകഴിഞ്ഞു. ഇത്തരം ആഗോളവല്‍ക്കരണനടപടികൊണ്ട് ഇന്ത്യക്ക് കാര്യമായ ഗുണമുണ്ടാവില്ലെങ്കിലെന്ത്, ഐഎംഎഫ് മേധാവിയെ കണ്ടെത്താനുള്ള സാധ്യതാപട്ടികയില്‍ നമ്മുടെ അലുവാലിയക്കും സ്ഥാനം പിടിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമല്ലേ!. ഉന്നതവിദ്യാഭ്യാസരംഗത്ത് വിദേശസര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള ആഗോളവല്‍ക്കരണ പരിഷ്കാര നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ വേണ്ടി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലുകളെല്ലാം യഥാസമയം പാസാക്കിയെടുക്കാന്‍ കഴിയാത്തതില്‍ കപില്‍ സിബല്‍ ദുഃഖിതനാണെന്നു തോന്നുന്നു. അത് അദ്ദേഹം കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനത്തില്‍ സൂചിപ്പിക്കുകയുണ്ടായി.

ആ സമ്മേളനത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഒരു കാര്യം മനസിലായി. ഉന്നതവിദ്യാഭ്യാസ രംഗത്തെ ജിഇആര്‍ (ഗ്രോസ് എന്‍റോള്‍മെന്റ് റേഷ്യോ) കൃത്യമായി എത്രയാണെന്നോ അതിന് ഉപോല്‍ബലകമായ കണക്കുകള്‍ എന്താണെന്നോ ആര്‍ക്കും നിശ്ചയമില്ല. പലരും പല കണക്കാണ് പറയുന്നത്. അതുകൊണ്ട് കൃത്യമായ സര്‍വേ നടത്തി സത്യസന്ധമായ കണക്കെടുക്കുന്നതിന് എന്‍യുഇപിഎ (നാഷണല്‍ യൂണിവേഴ്സിറ്റി ഫോര്‍ എഡ്യൂക്കേഷന്‍ പ്ലാനിങ് ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍)യെ കേന്ദ്രസര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുകയാണ്. അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. കമീഷനുകള്‍കൊണ്ട് രാജ്യത്തെ വിദ്യാഭ്യാസ ഗുണനിലവാരം വര്‍ധിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. കമീഷന്‍ റിപ്പോര്‍ട്ടുകള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ ഭരണകൂടത്തിന് ഇച്ഛാശക്തിയുണ്ടോ എന്നതാണ് കാതലായ പ്രശ്നം. ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലാത്ത കോത്താരി കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍തന്നെ ഈ രംഗത്ത് കാതലായ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയും. സമീപകാലത്ത് കല്‍പ്പിത സര്‍വകലാശാലകളെക്കുറിച്ച് പഠനം നടത്തി സമര്‍പ്പിച്ച പ്രൊഫ. പി എന്‍ ഠണ്ടന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പൊടിപിടിച്ചുകിടക്കുകയാണ്. ഐഐടി പോലുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അവിടത്തെ അധ്യാപകര്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ എത്രയോ ഇരട്ടിയാണ് കോര്‍പറേറ്റ്മേഖല വാഗ്ദാനംചെയ്യുന്നത്. നല്ല അധ്യാപകര്‍ക്കു ലഭിക്കുന്ന ശമ്പളത്തിന്റെ എത്രയോ ഇരട്ടിയാണ് കോര്‍പറേറ്റ് മേഖല വാഗ്ദാനംചെയ്യുന്നത്. നല്ല അധ്യാപകരെ ആകര്‍ഷിക്കണമെങ്കില്‍ നല്ല ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കോളേജ്-സര്‍വകലാശാല അധ്യാപകരുടെ ശമ്പളം യുജിസി പാക്കേജാണെന്നാണ് പൊതുജനം ധരിച്ചുവച്ചിരിക്കുന്നത്. രാജ്യത്തെ കേന്ദ്രസര്‍വകലാശാലകളിലെ അധ്യാപകര്‍ക്കു മാത്രമാണ് 2006 ജനുവരി മുതലുള്ള ശമ്പള പരിഷ്കരണം ലഭിക്കുന്നത്. യുജിസി പാക്കേജില്‍ നിര്‍ദേശിക്കുന്നതുപോലെ പെന്‍ഷന്‍പ്രായം 65 ആക്കാന്‍ തയ്യാറാകാത്ത കേരളംപോലുള്ള സംസ്ഥാനങ്ങള്‍ക്കൊന്നുംതന്നെ യുജിസി പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രഖ്യാപിത കേന്ദ്രസഹായം നല്‍കിയിട്ടില്ല. തമിഴ്നാട് സര്‍ക്കാര്‍മാത്രമാണ് സ്വന്തം ഖജനാവില്‍നിന്ന് അധ്യാപകര്‍ക്ക് കുടിശ്ശികയുള്‍പ്പെടെ ശമ്പളം നല്‍കിയത്. ആ അര്‍ഥത്തില്‍ ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും കോളേജ്-സര്‍വകലാശാല അധ്യാപകര്‍ക്ക് ഇപ്പോള്‍ യുജിസി ശമ്പള പദ്ധതി നിലവിലില്ല. അതേസമയം യുജിസിയുടെ കര്‍ശന നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളും സര്‍വകലാശാലകളും അധ്യാപകരും ബാധ്യസ്ഥരാണ്. വിദ്യാഭ്യാസം ഭരണഘടനയുടെ സമവര്‍ത്തി പട്ടിക (കണ്‍കറന്റ് ലിസ്റ്റ്)യിലാണ് എന്നതാണ് കാരണം.

കേരളത്തിലെതന്നെ കോളേജ്-സര്‍വകാലശാല അധ്യാപകര്‍ക്ക് 2006 ജനുവരി മുതല്‍ 2010 ഫെബ്രുവരി വരെയുള്ള യുജിസി ശമ്പളകുടിശ്ശിക ഇതുവരെ ലഭിച്ചിട്ടില്ല. സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയില്ലെങ്കില്‍ കോടിക്കണക്കിന് രൂപ കുടിശ്ശിക ഇനത്തില്‍ അധ്യാപകര്‍ക്ക് നഷ്ടമാകും. ഇത്തരത്തില്‍ അതൃപ്തരായ അധ്യാപക സമൂഹമാണ് രാജ്യത്താകെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പണിയെടുക്കുന്നത്. എല്ലാ മേഖലകളിലും ഉള്ളതുപോലെ കള്ളനാണയങ്ങള്‍ ഉന്നതവിദ്യാഭ്യാസ മേഖലയിലും ഉണ്ടാകും. അത്തരം കള്ളനാണയങ്ങളെ കണ്ടെത്തി തക്കതായ പ്രതിവിധി കാണുന്നതിന് പകരം അധ്യാപക സമൂഹത്തെയാകെ അടച്ചാക്ഷേപിക്കുന്നത് ഗുരുനിന്ദയാണ്. "ആചാര്യ ദേവോ ഭവ" എന്ന ഭാരതീയ സന്ദേശത്തിന്റെ പതാകവാഹകരാകേണ്ട ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ആചാര്യന്‍മാരെ അവമതിക്കുന്ന ഇത്തരം പരാമര്‍ശങ്ങളുണ്ടാകരുതായിരുന്നു. സ്വന്തം മുഖം വികൃതമായതിന് ആരെങ്കിലും കണ്ണാടിയെറിഞ്ഞുടയ്ക്കുമോ.

*
ഡോ. ജെ പ്രസാദ് ദേശാഭിമാനി 28 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേന്ദ്ര പരിസ്ഥിതിമന്ത്രി ജയറാം രമേഷ് നടത്തിയ ഒരു പ്രസ്താവന വിവാദം സൃഷ്ടിക്കുകയുണ്ടായി. രാജ്യത്തെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടി, ഐഎംഎകള്‍ മികവാര്‍ന്ന് നില്‍ക്കുന്നത് അവിടത്തെ വിദ്യാര്‍ഥികളുടെ പ്രാഗത്ഭ്യം കൊണ്ടാണെന്നും അധ്യാപകരുടെ മഹത്വംകൊണ്ടോ ഗവേഷണത്തിന്റെ ഗുണമേന്‍മകൊണ്ടോ അല്ലെന്നുമാണ് അദ്ദേഹം പ്രസ്താവിച്ചത്. മുംബൈ ഐഐടിയിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ ജയറാം രമേഷിന്റെ പ്രസ്താവന അധ്യാപകരുടെയും അധ്യാപക സംഘടനകളുടെയും രാഷ്ട്രീയ പാര്‍ടികളുടെയും പ്രതിഷേധത്തിനിടയാക്കി. ലോകനിലവാരമുള്ള മന്ത്രിമാരില്ലാതെ ലോകനിലവാരമുള്ള അധ്യാപകരെ പ്രതീക്ഷിക്കാനാകില്ലെന്നായിരുന്നു ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡിയുടെ വിമര്‍ശം.