Monday, June 20, 2011

ബാങ്കുകള്‍ ലാഭം പെരുപ്പിച്ചുകാട്ടാന്‍ നിഷ്‌ക്രിയ ആസ്‌തികള്‍ മൂടിവെയ്‌ക്കുന്നു

ആഗോളതലത്തില്‍ നിരവധി ബാങ്കുകള്‍ തകര്‍ന്ന അവസരത്തിലും ശക്തമായി പിടിച്ചുനിന്ന നമ്മുടെ രാജ്യത്തെ ബാങ്കിങ്‌ വ്യവസായത്തെ അദ്‌ഭുതത്തോടെയാണ്‌ അമേരിക്കന്‍ - യൂറോപ്യന്‍ ഭരണാധികാരികള്‍ നോക്കികണ്ടത്‌. ഇതിനു കാരണം രാജ്യത്തെ ബാങ്കിങ്‌ സംവിധാനത്തിലെ മികവും ശക്തമായ അടിത്തറയുമാണ്‌.
റിസര്‍വ്‌ ബാങ്കിന്റെ നിയന്ത്രണങ്ങള്‍ക്ക്‌ വിധേയമായി ബാങ്കുകള്‍ നല്‍കുന്ന വിവിധ തലങ്ങളിലുള്ള വായ്‌പകള്‍ക്ക്‌ പരമാവധി പരിധി നിശ്ചയിച്ചിരുന്നു എന്നതാണ്‌ ബാങ്കിങ്‌ വ്യവസായത്തിന്റെ നിലനില്‍പ്പിന്റെ രഹസ്യങ്ങളില്‍ ഒന്ന്‌. ഈ പരിധി കടക്കാന്‍ ബാങ്കുകളെ അനുവദിച്ചിരുന്നില്ല. ഇത്തരം നിയന്ത്രണങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ 2000-08 കാലങ്ങളില്‍ ഉണ്ടായിരുന്ന റിയല്‍ എസ്റ്റേറ്റ്‌ കുംഭകോണത്തില്‍പ്പെട്ട്‌ തകരുമായിരുന്നു പല ബാങ്കുകളും. റിയല്‍ എസ്റ്റേറ്റ്‌ രംഗമായാലും കാര്‍ഷികമാണെങ്കിലും ചെറുകിട-വന്‍കിട വ്യവസായങ്ങളായാലും സേവനമേഖല ആയാലും വിവിധങ്ങളായ തലങ്ങളില്‍ നല്‍കാവുന്ന പരമാവധി വായ്‌പയ്‌ക്ക്‌ പരിധിയുണ്ട്‌. ഈ രംഗങ്ങളിലെ വളര്‍ച്ചാനിരക്കിന്‌ ആനുപാതികമായി രാജ്യത്തിന്റെ മൊത്ത ബജറ്റ്‌ വിഹിതം വിവിധ ധനകാര്യസ്ഥാപനങ്ങള്‍ക്കായി അവരുടെ ക്രയവിക്രയശേഷിക്കനുസരിച്ച്‌ വീതിച്ച്‌ നല്‍കുന്നു. അതുകൊണ്ട്‌ തന്നെയാണ്‌ പലപ്പോഴും കാര്‍ഷികരംഗത്തും ചെറുകിട വ്യവസായരംഗത്തും ലക്ഷ്യം കൈവരിക്കാന്‍ പല ബാങ്കുകളും ഉത്സാഹം കാണിക്കാതിരിക്കുന്നതും. ഇതുകൊണ്ടു തന്നെ പില്‍ക്കാലങ്ങളില്‍ റിസര്‍വ്‌ ബാങ്ക്‌ മൊത്തം വായ്‌പയുടെ നിശ്ചിത ശതമാനം വായ്‌പ കാര്‍ഷികരംഗത്തും ചെറുകിട വ്യവസായരംഗത്തും കൈവരിക്കണമെന്ന്‌ ബാങ്കുകളെ നിര്‍ബന്ധിച്ചു. ഈ സംവിധാനം മൂലം വായ്‌പാ രംഗത്ത്‌ ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്തിപ്പോരാനും അങ്ങിനെ ബാങ്കുകളിലെ വായ്‌പയുടെ ഗുണനിലവാരം ഒന്നിനോടൊന്നു ബന്ധപ്പെടുത്തി മെച്ചപ്പെടുത്താനും നമുക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണ നയങ്ങളുടെയും ചുവടുപിടിച്ച്‌ നമ്മുടെ ബാങ്കിങ്‌ രംഗവും സാമൂഹ്യബാധ്യതയില്‍ നിന്നും മാറി ലാഭം മാത്രം ലക്ഷ്യമാക്കി നീങ്ങിയപ്പോള്‍ വായ്‌പകളുടെ ഗുണനിലവാരത്തിനും മാറ്റ്‌ കുറയുവാന്‍ തുടങ്ങി. അതുകൊണ്ടു തന്നെയാണ്‌ ഒരു കാലത്ത്‌ നിലനിന്നിരുന്ന സാമൂഹ്യപ്രതിബദ്ധത ഇന്ന്‌ അന്യം നിന്നുപോയതും.
ബാങ്കുകള്‍ തമ്മിലുള്ള മത്സരം ആരോഗ്യകരമായി നിലനിര്‍ത്താന്‍ റിസര്‍വ്‌ ബാങ്കിന്റെ നിലവിലുള്ള നയങ്ങളും ചട്ടങ്ങളും പര്യാപ്‌തമാണ്‌ എന്ന്‌ തീര്‍ത്തും പറഞ്ഞുകൂടാ. പല ബാങ്കുകളും നിലവിലുള്ള ചട്ടങ്ങളെയും നിയന്ത്രണങ്ങളെയും കുത്സിതമാര്‍ഗത്തിലൂടെ ചവിട്ടിപിടിച്ചുകൊണ്ട്‌ ലാഭം പെരുപ്പിച്ചു കാണിക്കുന്ന സമീപനം നിരന്തരമായി സ്വീകരിച്ചുവരുന്നു. ഈ പ്രക്രിയ ആദ്യകാലങ്ങളില്‍ വളരെ രഹസ്യമായാണ്‌ ചുരുക്കം ചില ബാങ്കുകളില്‍ നടന്നിരുന്നതെങ്കില്‍ ഇന്ന്‌ പരസ്യമായ രഹസ്യമായി ഒട്ടുമിക്ക ബാങ്കുകളിലും നടന്നുവരുന്നു. കോര്‍പ്പറേറ്റ്‌ ഗവേണന്‍സ്‌ നിഷ്‌കര്‍ഷിക്കുന്ന സ്ഥായിയായ വെളിപ്പെടുത്തലുകളോ പരിശോധനകളോ കര്‍ശനമായ ഓഡിറ്റ്‌ സംവിധാനങ്ങളോ പര്യാപ്‌തമാകാതെയോ ഫലപ്രദമാകാതെയോ വരുമ്പോഴാണ്‌ ഇത്തരം ന്യൂനതകള്‍ക്ക്‌ സ്ഥാപനം വിധേയമാകുന്നത്‌. ഒരുപക്ഷെ ബാങ്കുകളുടെ ഇത്തരം നടപടികളെ ബോധപൂര്‍വം കണ്ടില്ലെന്നു നടിച്ച്‌ റിസര്‍വ്‌ ബാങ്കും ഒരു പരിധിവരെ അതിനെ അനുകൂലിക്കുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ബാങ്കുകള്‍ വളരെ അച്ചടക്കത്തോടെ ചെയ്യേണ്ട ഒന്നാണ്‌ നിഷ്‌ക്രിയ ആസ്‌തികളുടെ തരംതിരിക്കല്‍. എന്നാല്‍ എത്ര ബാങ്കുകളാണവ കൃത്യമായി ചെയ്യുന്നത്‌? പൊതുമേഖലാ ബാങ്കുകളിലാണ്‌ ഏറ്റവും കൂടുതല്‍ ``മൂടിവെയ്‌ക്കല്‍'' നടക്കുന്നത്‌. മൂന്നു വര്‍ഷക്കാലത്തെ ഭരണത്തിനായി നിയോഗിക്കപ്പെടുന്ന ചെയര്‍മാന്‍മാരുടെ ഇംഗിതത്തിനനുസരിച്ച്‌ നിഷ്‌ക്രിയ ആസ്‌തികള്‍ തരംതിരിക്കപ്പെടുന്നു. റിസര്‍വ്‌ ബാങ്ക്‌ നിഷ്‌കര്‍ഷിച്ചിട്ടുള്ള നയങ്ങളും നിയമങ്ങളുമാണ്‌ ഇവിടെ പാടേ ലംഘിക്കപ്പെടുന്നത്‌. ഇത്തരം അനാരോഗ്യകരമായ പ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കുന്ന എത്ര ചെയര്‍മാന്‍മാരാണ്‌ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്‌? അറിഞ്ഞുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാരും റിസര്‍വ്‌ ബാങ്കും ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയല്ലെ ചെയ്യുന്നത്‌. 1998 ല്‍ സമര്‍പ്പിക്കപ്പെട്ട പനീര്‍ശെല്‍വം കമ്മിറ്റി നിര്‍ദേശങ്ങള്‍ പോലും നിഷ്‌ക്രിയ ആസ്‌തികളുടെ തരംതിരിച്ചുള്ള നിയന്ത്രണങ്ങള്‍ക്ക്‌ പര്യാപ്‌തമാകുന്നില്ല. കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ആവശ്യമാണ്‌ എന്നു മാത്രമല്ല അവ വെള്ളം ചേര്‍ക്കലിന്‌ വിധേയമാകുന്നില്ല എന്ന്‌ ഉറപ്പുവരുത്തുകയും വേണം.

ഗുണനിലവാരമുള്ളത്‌, ഗുണനിലവാരം കുറഞ്ഞത്‌, സംശയാസ്‌പദമായവ, നഷ്‌ടപ്പെട്ടത്‌ എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ്‌ ആസ്‌തികളെ തരംതിരിച്ചിരിക്കുന്നത്‌. ഇത്തരം ആസ്‌തികള്‍ക്ക്‌ പ്രത്യേക അനുപാതത്തില്‍ സജ്ജീകരണ തുക ലാഭത്തില്‍ കുറവു ചെയ്‌ത്‌ നീക്കിവെയ്‌ക്കേണ്ടതുണ്ട്‌. ഉദാഹരണത്തിന്‌ നഷ്‌ടപ്പെട്ട ഒരു ആസ്‌തിയുടെ മൂല്യം പത്തു കോടിയാണെങ്കില്‍ പൂര്‍ണമായും പത്തു കോടിയും സജ്ജീകരണ തുകയായി മാറ്റിവെയ്‌ക്കപ്പെടണം. അപ്പോള്‍ നിലവിലുള്ള ലാഭത്തിലോ/നഷ്‌ടത്തിലോ നിന്നാണ്‌ ഈ മൂല്യം മാറ്റപ്പെടുന്നതെന്ന്‌ ഓര്‍ക്കണം. ഇത്തരം നിഷ്‌ക്രിയ ആസ്‌തികള്‍ മൂലം ഭീമമായ നഷ്‌ടം രേഖപ്പെടുത്തേണ്ടിവരുന്ന ബാങ്കുകള്‍ അത്തരം നിഷ്‌ക്രിയ ആസ്‌തികളെ അവ അര്‍ഹിക്കുന്ന തരംതിരിക്കലില്‍ നിന്നും മാറ്റി സ്ഥാപിച്ച്‌ ലാഭവിഹിതം കൂട്ടിക്കാണിക്കുന്നു. ഇങ്ങനെയുള്ള മാനദണ്‌ഡങ്ങള്‍ അവലംബിക്കുന്നതുകൊണ്ട്‌ ബാങ്കുകള്‍ അതിന്റെ യഥാര്‍ഥ ലാഭമല്ല മറിച്ച്‌ പെരുപ്പിച്ച ലാഭമാണ്‌ പ്രഖ്യാപിക്കുന്നത്‌. ഇതിന്‌ തടയിടേണ്ടത്‌ ബാങ്കുകളുടെ വാര്‍ഷിക കണക്കെടുപ്പ്‌ പരിശോധിക്കുന്ന ഓഡിറ്റ്‌ സ്ഥാപനങ്ങളും റിസര്‍വ്‌ ബാങ്കിന്റെ പരിശോധനാ വിഭാഗവും ഓഡിറ്റ്‌ വിഭാഗവുമാണ്‌. എന്നാല്‍ അവരും ഇത്തരം തിരിമറികള്‍ക്ക്‌ കൂട്ടുനില്‍ക്കുകയാണ്‌ ചെയ്യുന്നത്‌.

ലോകോത്തര നിലവാരം പുലര്‍ത്തുന്ന ``പ്രൈസ്‌ വാട്ടര്‍ കൂപ്പര്‍'' എന്ന ഓഡിറ്റ്‌ സ്ഥാപനമാണ്‌ കാലാകാലങ്ങളായി സത്യം കമ്പ്യൂട്ടേഴ്‌സിന്റെ വാര്‍ഷിക ഓഡിറ്റ്‌ നടത്തി സാക്ഷ്യപ്പെടുത്തിയിരുന്നത്‌ എന്ന കാര്യം മറക്കാറായിട്ടില്ല. ലോകത്തെ മുഴുവന്‍ ഞെട്ടിച്ച ആ സംഭവം ഓഡിറ്റ്‌ സ്ഥാപനങ്ങളുടെ വിശ്വാസ്യത നഷ്‌ടപ്പെടുത്തി എന്നു മാത്രമല്ല കോര്‍പ്പറേറ്റുകളും ഓഡിറ്റ്‌ സ്ഥാപനങ്ങളും തമ്മില്‍ നിലനിന്നുവരുന്ന അവിശുദ്ധ ബന്ധത്തെയും തുറന്നുകാട്ടി. ആര്‍ ആരെ വിശ്വസിക്കും? വിശ്വാസയോഗ്യമായി എന്തുണ്ട്‌ നമുക്ക്‌? 2000 മാണ്ടില്‍ സമര്‍പ്പിക്കപ്പെട്ട കുമരമംഗലം ബിര്‍ള കമ്മിറ്റി റിപ്പോര്‍ട്ടിലെ പല നിര്‍ദേശങ്ങളും പഴുതുകള്‍ സൃഷ്‌ടിച്ച്‌ തുരംഗംവെയ്‌ക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ബാങ്ക്‌ ഓഡിറ്റിങ്‌ സുതാര്യമാക്കാനും ശക്തിപകരാനും കഴിഞ്ഞിരുന്ന പല നിര്‍ദേശങ്ങളും അധികാരികളുടെ സൗകര്യാര്‍ഥം വളച്ചെടുക്കപ്പെട്ടിരിക്കുന്നു. ആ നിര്‍ദേശങ്ങളൊന്നും തന്നെ ഇന്നത്തെ അയഞ്ഞ സംവിധാനത്തിന്‌ പര്യാപ്‌തമല്ല.

നമ്മുടെ രാജ്യത്തെ ഒരു പ്രമുഖ പൊതുമേഖലാ ബാങ്കിന്റെ ചെയര്‍മാന്‍ തന്റെ ബാങ്കില്‍ കാലാകാലങ്ങളായി നടന്നുവന്നിരുന്ന ലാഭം പെരുപ്പിക്കലിന്റെ കഥകള്‍ 2010-11 കണക്കെടുപ്പില്‍ പഴുതുകളില്ലാതെ പുറത്തുകൊണ്ടുവന്നു. 6059 കോടി രൂപയുടെ നഷ്‌ടമാണ്‌ കഴിഞ്ഞ കാലങ്ങളിലായി ഈ ബാങ്ക്‌ മൂടിവെച്ചത്‌. ഇക്കാര്യം വെളിവാക്കപ്പെട്ടപ്പോള്‍ ബാങ്കിന്റെ 2010-11 കാലത്തെ നാലാംപാദത്തില്‍ പ്രഖ്യാപിക്കപ്പെട്ട 1866 കോടി ലാഭം വെറും 20.88 കോടിയായി കുറയുകയാണുണ്ടായത്‌. ഇതൊരൊറ്റപ്പെട്ട സംഭവമായി കാണരുത്‌. പല പൊതുമേഖലാ ബാങ്കുകളിലെയും സ്വകാര്യമേഖലാ ബാങ്കുകളിലെയും സ്ഥിതി വ്യത്യസ്‌തമല്ല. ``ഈ മൂടിവെയ്‌ക്കലുകള്‍'' വെളിച്ചത്തുകൊണ്ടുവരുവാന്‍ നിക്ഷിപ്‌ത താല്‍പര്യങ്ങള്‍ ഉള്ളവരും ഇത്തരം തിരിമറികളെ പ്രോത്സാഹിപ്പിക്കുന്നവരുമായ ബാങ്ക്‌ മേധാവികള്‍ ശ്രമിക്കാറില്ല എന്നതാണ്‌ വസ്‌തുത. അമേരിക്കയിലെ റിയല്‍ എസ്റ്റേറ്റ്‌ ഇടപാടുകളില്‍ നിരവധി കോടികള്‍ നഷ്‌ടപ്പെട്ട പ്രമുഖ പൊതുമേഖലാ ബാങ്കും പുതുതലമുറയിലെ സ്വകാര്യ ബാങ്കും നമുക്കുണ്ട്‌. കോര്‍പ്പറേറ്റ്‌ ഗവേണന്‍സിന്റെ ഭാഗമായി മൂലധനശേഷി ബേസല്‍ തത്വങ്ങള്‍ക്കനുസൃതമായി നടപ്പിലാക്കിവരുന്ന രാജ്യത്തെ ബാങ്കിങ്‌ സംവിധാനം അതിന്റെ വെളിപ്പെടുത്തലുകളും സുതാര്യതയും പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുക്കിനിര്‍ത്തുന്നതെന്താണ്‌? എന്തുകൊണ്ട്‌ അവ അക്ഷരാര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കുന്നില്ല. 6059 കോടിയുടെ നിഷ്‌ക്രിയ ആസ്‌തി ചവിട്ടിപിടിച്ച ബാങ്ക്‌ മേലധികാരിക്ക്‌ എന്തു ശിക്ഷയാണ്‌ നമ്മുടെ സംവിധാനത്തില്‍ നല്‍കാന്‍ കഴിഞ്ഞത്‌. ലക്ഷം കോടികളുടെ അഴിമതി നടമാടുന്ന നമ്മുടെ രാജ്യത്ത്‌ ഇടത്തരം കോടികളുടെ തിരിമറികള്‍ക്ക്‌ എന്തു പ്രസക്തി?

രാജ്യത്തെ ബാങ്കിങ്‌ സംവിധാനം കാലാകാലങ്ങളായി നേടിയെടുത്ത പേരും പെരുമയും നിലനിര്‍ത്തിപോരണമെങ്കില്‍ സുതാര്യമായ ഓഡിറ്റിങിനു വിധേയമാക്കണം. നിലവിലുള്ള ഓഡിറ്റ്‌ സംവിധാനങ്ങള്‍ കാലഹരണപ്പെട്ടതോ കാര്യക്ഷമത നശിപ്പിക്കപ്പെട്ടതുമൂലമോ പ്രവര്‍ത്തനക്ഷമമല്ല. അതുകൊണ്ട്‌ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുന്നില്ല. റിസര്‍വ്‌ ബാങ്കിന്റെ നിയന്ത്രണത്തില്‍ രൂപീകരിക്കപ്പെടുന്ന പ്രത്യേക ഓഡിറ്റ്‌ വിഭാഗം ഓരോ ബാങ്കിന്റെയും വാര്‍ഷിക കണക്കുകള്‍ പരിശോധനയ്‌ക്ക്‌ വിധേയമാക്കണം. ഇത്തരം പ്രത്യേക പരിശോധനകള്‍ ബാങ്കുകളുടെ വാര്‍ഷിക പ്രവര്‍ത്തനഫലങ്ങള്‍ പ്രഖ്യാപിച്ചതിനുശേഷം നടത്തുന്നതാണ്‌ നല്ലത്‌. ഈ പ്രക്രിയമൂലം ഓഡിറ്റ്‌ ചെയ്യപ്പെട്ടതും പ്രഖ്യാപിക്കപ്പെട്ടതുമായ കണക്കുകളില്‍ നടത്തുന്ന പുനഃപരിശോധനയായി കണക്കാക്കപ്പെടാവുന്നതാണ്‌. ഇത്തരം ഓഡിറ്റ്‌ വിഭാഗങ്ങള്‍ റിസര്‍വ്‌ ബാങ്കിന്റെ നേതൃത്വത്തില്‍ വിവിധ ഓഡിറ്റ്‌ സ്ഥാപനങ്ങളില്‍ നിന്നും സംയോജിപ്പിച്ചുകൊണ്ടുള്ള ബാഹ്യമായ ഒരു പരിശോധനാ വിഭാഗം ആയിരിക്കണം. കാരണം യാതൊരു രീതിയിലും ഈ വിഭാഗത്തെ സ്വാധീനിക്കാന്‍ ബാങ്കധികാരികള്‍ക്ക്‌ അവസരം ഉണ്ടാകരുത്‌. ബാങ്കുകള്‍ തീര്‍പ്പാക്കിയ കണക്കുകളിലെ പാകപ്പിഴകളും കള്ളത്തരങ്ങളും കണ്ടുപിടിക്കപ്പെടുന്ന അവസരത്തില്‍ കണക്കുകള്‍ ഓഡിറ്റ്‌ ചെയ്‌ത സ്ഥാപനത്തിനെതിരെയും ബാങ്കിന്റെ മേലധികാരികള്‍ക്കെതിരെയും പ്രത്യക്ഷ ശിക്ഷണ നടപടികള്‍ ഉണ്ടാകുന്ന സാഹചര്യം രാജ്യത്തെ ബാങ്കിങ്‌ വ്യവസായരംഗത്ത്‌ ഉണ്ടായേ തീരു. എങ്കില്‍ മാത്രമേ ബാങ്കിടപാടുകാരും ജീവനക്കാരും വിപക്ഷിക്കുന്ന സുതാര്യത അക്ഷരാര്‍ഥത്തില്‍ നടപ്പിലാക്കി ശക്തമായ അടിത്തറയുള്ള നമ്മുടെ ബാങ്കിങ്‌ സംവിധാനത്തെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ.

1969 ലെ ദേശവല്‍ക്കരണ പ്രക്രിയയിലൂടെ ആരംഭിച്ച ബാങ്കിങ്‌ രംഗത്തെ പരിഷ്‌കാരങ്ങള്‍ ബാങ്കുകളെ പൊതുമേഖലയില്‍ ശക്തിപ്പെടുത്തുന്ന ഒരു നയത്തിന്‌ രൂപം നല്‍കിയെങ്കിലും ആ പ്രയാണം 1991 ലെ നരസിംഹറാവു സര്‍ക്കാര്‍ തുടങ്ങിവെച്ച സ്വകാര്യവല്‍ക്കരണ നയത്തിന്‌ വഴിമാറിക്കൊടുത്തു. ബാങ്കിങ്‌ രംഗത്ത്‌ ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന പല അനാരോഗ്യ പ്രവണതകള്‍ക്ക്‌ നമ്മുടെ തനതു ബാങ്കിങ്‌ നയത്തില്‍ നിന്ന്‌ പൊടുന്നനെയുള്ള ഇത്തരം വ്യതിചലനങ്ങളാണ്‌ മൂല കാരണം. ഇവയില്‍ നിന്നും പിന്‍തിരിഞ്ഞ ഒരു യാത്ര ഈ വ്യവസായരംഗം സംരക്ഷിക്കുന്നതിന്‌ കൂടിയേ തീരൂ.

*
വി പി രാധാകൃഷ്‌ണന്‍ ജനയുഗം 20 ജൂണ്‍ 2011

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ആഗോളതലത്തില്‍ നിരവധി ബാങ്കുകള്‍ തകര്‍ന്ന അവസരത്തിലും ശക്തമായി പിടിച്ചുനിന്ന നമ്മുടെ രാജ്യത്തെ ബാങ്കിങ്‌ വ്യവസായത്തെ അദ്‌ഭുതത്തോടെയാണ്‌ അമേരിക്കന്‍ - യൂറോപ്യന്‍ ഭരണാധികാരികള്‍ നോക്കികണ്ടത്‌. ഇതിനു കാരണം രാജ്യത്തെ ബാങ്കിങ്‌ സംവിധാനത്തിലെ മികവും ശക്തമായ അടിത്തറയുമാണ്‌.

ഞാന്‍ പുണ്യവാളന്‍ said...

എന്തോകെ പറഞ്ഞാലും നമ്മുടെ രാജ്യം കടുത്ത സാമ്പത്തിക പ്രയാസങ്ങളിലുടെ നീങ്ങുകയാണ് .. ആവശ്യതിലധികമായി നികുതിയിളവും കുംഭകോണവും സാമ്പത്തിക സ്ഥിതി പരുങ്ങലില്‍ ആക്കിയിരിക്കുവാണ്‌... ആഗോളതലത്തില്‍ ഇന്നിയും ഒരു മാന്ദ്യം വന്നാല്‍ അത് ഇന്ത്യുടെ തിളക്കം കുറയ്ക്കും തീര്‍ച്ച ........

Sabu Hariharan said...

Good article.
Thank you for the information.