Tuesday, June 14, 2011

യു ഡി എഫ് നയം വിദ്യാഭ്യാസരംഗം താറുമാറാക്കും

ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. സാധാരണഗതിയില്‍ ഒരു സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ല. എന്നാല്‍ സര്‍ക്കാരിന്റെ പോക്ക് എങ്ങോട്ടാണെന്ന് വ്യക്തമാക്കുന്ന ചില പ്രധാന നടപടികള്‍ ഈ കാലയളവിനുള്ളില്‍ തന്നെ സ്വീകരിച്ചിട്ടുണ്ട്. മന്ത്രിസഭാ രൂപീകരണം പൂര്‍ത്തിയായോ ഇല്ലയോ എന്ന് ഇപ്പോഴും വ്യക്തമല്ല. അഞ്ചാമതൊരു മന്ത്രിയില്‍ മുസ്ലീംലീഗ് ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നാണ് വാര്‍ത്തകള്‍. ഏറെ വിവാദങ്ങളാണ് വകുപ്പ് വിഭജനത്തില്‍ ഉണ്ടായിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനം പഞ്ചായത്ത് - മുനിസിപ്പാലിറ്റി-കോര്‍പ്പറേഷന്‍-ഗ്രാമവികസനവകുപ്പുകളെ മൂന്നായി വിഭജിച്ച് മൂന്ന് പേര്‍ക്ക് നല്‍കിയതാണ്. ഈ വകുപ്പ് വിഭജനം ഗ്രാമീണവികസനത്തെ ഒട്ടുംതന്നെ സഹായിക്കില്ലെന്ന ശക്തമായ അഭിപ്രായം ഉണ്ട്. രാജ്യത്താകെയും കേന്ദ്രസര്‍ക്കാരില്‍നിന്നും അംഗീകാരം ലഭിച്ചതാണ് കുടുംബശ്രീയുടെ പ്രവര്‍ത്തനം. അത് മൂന്നോട്ടുകൊണ്ട് പോകാനും വികസിപ്പിക്കാനുമല്ല ഐക്യജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ശ്രമമെന്ന് സൂചനകള്‍ ഉണ്ട്. കുടുംബശ്രീയുടെ പ്രവര്‍ത്തനം ഇല്ലാതാക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ നൂറ് ദിവസത്തെ പരിപാടികള്‍ എന്ന പേരില്‍ ഒരു പ്രഖ്യാപനം നടത്തിയിട്ടുണ്ട്. അതിന്റെ നിയമപരമായ പ്രശ്‌നങ്ങളെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. ആ വിഷയത്തില്‍ പ്രതിപക്ഷത്തുനിന്നും കോടിയേരി ബാലകൃഷ്ണന്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിരിക്കുകയാണല്ലോ. എന്നാല്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്താനോ വികസിപ്പിക്കാനോ ഉള്ള നിര്‍ദേശങ്ങള്‍ ഈ നൂറ് ദിന പരിപാടിയിലില്ല. അതില്‍ ഏറ്റവും പ്രധാനം അഴിമതിരഹിത ഭരണത്തെക്കുറിച്ചാണ്. അഴിമതി ആരോപണങ്ങള്‍ക്ക് വിധേയമായി വിവിധ തലങ്ങളില്‍ അന്വേഷണങ്ങളും കേസുകളുമായി നില്‍ക്കുന്ന ആറ് പേരാണ് യു ഡി എഫിന്റെ മന്ത്രിസഭയിലുള്ളത്. ഇവരെ മന്ത്രിസഭയില്‍ വച്ചുകൊണ്ട് അഴിമതിരഹിത ഭരണത്തെക്കുറിച്ച് വാചാലമാവുമ്പോള്‍ അത്ഭുതമാണ് ഉണ്ടാവുന്നത്. മന്ത്രിമാര്‍ സ്വത്ത് വിവരം വെളിപ്പെടുത്തുന്നത് ഒരു പുതിയ കാര്യമല്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തന്നെ സ്വത്ത് വിവരം വെളിപ്പെടുത്തിയിട്ടുണ്ട്. പൊതൂ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ വര്‍ഷംതോറും സ്വത്ത് വിവരം നല്‍കുകയും വേണം. അതെല്ലാം നിലവിലുള്ള സംവിധാനം മാത്രമാണ്.

നൂറു ദിന പരിപാടിയില്‍ ഇല്ലാത്ത, കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ സാരമായി ബാധിക്കുന്ന ഒരു പരിപാടി ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. പൊതുവിദ്യാഭ്യാസരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാക്കുന്നതാണ് ഈ പരിപാടി. സംസ്ഥാനത്ത് 540 പുതിയ സി ബി എസ് ഇ-ഐ സി എസ് ഇ സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് എന്‍ ഒ സി നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതുവരെ സി ബി എസ് ഇ-ഐ സി എസ് ഇ സ്‌കൂളുകളുടെ കാര്യത്തില്‍ രാജ്യത്ത് മുന്നില്‍ ഉത്തര്‍പ്രദേശായിരുന്നു. 540 സ്‌കൂളുകള്‍ക്ക് കൂടി അനുമതി ലഭിക്കുമ്പോള്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തും. ഇതിന്റെ പ്രത്യാഘാതം പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ചയായിരിക്കും. എല്ലാ കാലത്തും യു ഡി എഫ് അധികാരത്തില്‍ വരുമ്പോഴും വന്‍തോതില്‍ വിദ്യാഭ്യാസരംഗത്ത് സ്വകാര്യവല്‍ക്കരണം അടിച്ചേല്‍പ്പിക്കുന്ന പ്രവണത ഉണ്ട്. കഴിഞ്ഞ യു ഡി എഫ് ഭരണകാലത്തും സി ബി എസ് ഇ-ഐ സി എസ് ഇ സ്‌കൂളുകള്‍ ധാരാളം അനുവദിച്ചു. ഇതിന്റെ ഫലമെന്താണ്? ശ്രീനിവാസനും നെടുമുടി വേണുവും തിലകനുമെല്ലാം അഭിനയിച്ച 'ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍' എന്ന സിനിമയാണ് ഓര്‍മയില്‍ വരുന്നത്. അധ്യാപകരുടെ കൂട്ടത്തോടെയുള്ള തൊഴില്‍നഷ്ടം വലിയൊരു പ്രശ്‌നമായിരിക്കും. സി ബി എസ് ഇ-ഐ സി എസ് ഇ സ്‌കൂളുകളുടെ കാര്യത്തില്‍ ഇപ്പോള്‍ തന്നെ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കേരളം. പൊതുവില്‍ ജനസംഖ്യയില്‍ അത്രകണ്ട് വര്‍ധനവ് കേരളത്തില്‍ ഇല്ല. അതിനാല്‍ പുതുതായി സ്‌കൂളുകളിലെത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടാവുന്നില്ല. അതേസമയം സി ബി എസ് ഇ-ഐ സി എസ് ഇ സ്‌കൂളുകള്‍ ഗണ്യമായി വര്‍ധിക്കുന്നതിന്റെ ഫലമായി സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് അനിയന്ത്രിതമാകും. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് ഒരു ലക്ഷമായിരുന്നു. ഈ വര്‍ഷം ഈ കൊഴിഞ്ഞുപോക്ക് 80,000 ആണ്. സംസ്ഥാനത്ത് പുതുതായി 540 സി ബി എസ് ഇ-ഐ സി എസ് ഇ സ്‌കൂളുകള്‍ കൂടി ആരംഭിക്കുന്നതോടെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി വര്‍ധിക്കും. വിദ്യാര്‍ഥികളുടെ കുറവ് മൂലം സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ നിന്നും ഈ വര്‍ഷം 3500 അധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. യു ഡി എഫ് സര്‍ക്കാരിന്റെ പുതിയ നയം നടപ്പിലാക്കുന്നതോടെ പ്രൊട്ടക്റ്റഡ് അധ്യാപകരുടെ എണ്ണം ഗണ്യമായി വര്‍ധിക്കും. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍, പ്രത്യേകിച്ച് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പരീക്ഷാഫലത്തിന്റെ കാര്യത്തിലും അധ്യയനനിലവാരത്തിന്റെ കാര്യത്തിലും ഗണ്യമായ പുരോഗതി കൈവരിച്ചിരുന്നു

ഇന്ന് എല്ലാവരും മലയാളഭാഷയ്ക്കായി മുറവിളികൂട്ടുന്നു. മലയാള ഭാഷക്ക് സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ പ്രാധാന്യം നല്‍കണമെന്നാണ് ആവശ്യം. സി ബി എസ് ഇ-ഐ സി എസ് ഇ സ്‌കൂളുകളിലെ അധ്യയനമാധ്യമം ഇംഗ്ലീഷ് ആണ്. ഭാഷാസ്‌നേഹിതരായി പറയപ്പെടുന്ന ഒരാളും യു ഡി എഫ് സര്‍ക്കാരിന്റെ നയത്തിനെതിരെ പ്രതികരിച്ചുകണ്ടില്ല. ഈ നയം കേരളത്തില്‍ മുമ്പ് യു ഡി എഫ് ഭരണകാലത്ത് കണ്ടെത്തിയ അണ്‍ എക്കണോമിക്‌സ് സ്‌കൂളുകളുടെ എണ്ണം വര്‍ധിപ്പിക്കും. ഇങ്ങനെ വിദ്യാഭ്യാസരംഗത്തെ ആകെ കീഴ്‌മേല്‍ മറിക്കുന്ന രീതിയില്‍ വന്‍തോതില്‍ സി ബി എസ് ഇ-ഐ സി എസ് ഇ സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്ന നയത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവരണം. ഈ നീക്കം ചെറുക്കപ്പെടുന്നില്ലെങ്കില്‍ കേരളത്തിന്റെ വിദ്യാഭ്യാസരംഗം താറുമാറാകും.

മെഡിക്കല്‍ വിദ്യാഭ്യാസരംഗെത്ത പ്രശ്‌നങ്ങളും ഗുരുതരമാണ്. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് കോടതികള്‍ ഇടപെട്ട് ഫീസ് ഗണ്യമായി വര്‍ധിപ്പിക്കുന്നു. മെരിറ്റ് ലിസ്റ്റില്‍ നിന്നും യഥാസമയം വിദ്യാര്‍ഥികളുടെ പട്ടിക സര്‍ക്കാര്‍ നല്‍കാത്തതിനാല്‍ മുഴുവന്‍ സീറ്റിലും മാനേജ്‌മെന്റ് പ്രവേശനം നല്‍കി. ഇത് വെറുമൊരു അബദ്ധമല്ല. വിദ്യാഭ്യാസമന്ത്രിയുടെ മകനും ആരോഗ്യമന്ത്രിയുടെ മകളും മെഡിക്കല്‍ പ്രവേശനം തരപ്പെടുത്താന്‍ കഴിഞ്ഞത് ഇതിന്റെ ഫലമായാണ്. ഇപ്പോള്‍ ആരോഗ്യമന്ത്രി മകളുടെ സീറ്റ് ഉപേക്ഷിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ മകന്‍ സീറ്റ് ഉപേക്ഷിച്ചതായി കോളജ് അധികൃതര്‍ ഇതുവരെ പറഞ്ഞിട്ടില്ല. എന്നു മാത്രമല്ല വിദ്യാഭ്യാസമന്ത്രിയുടെ മകന് സീറ്റ് നല്‍കിയതിനെ ന്യായീകരിക്കുകയാണ് മാനേജ്‌മെന്റ്.

യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 30 ദിവസം തികയും മുമ്പ് തന്നെ വിദ്യാഭ്യാസമേഖലയില്‍ ഏറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന, പൊതുവിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്ന സ്വകാര്യവല്‍ക്കരണം നടപ്പാക്കിക്കഴിഞ്ഞു. എല്ലാ മേഖലകളിലും സ്വകാര്യവല്‍ക്കരണം എന്ന കോണ്‍ഗ്രസിന്റെ നയം ഇത്ര വേഗത്തില്‍ കേരളത്തില്‍ നടപ്പാക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. പക്ഷേ സ്വകാര്യവല്‍ക്കരണ നയം ശക്തമായി നടപ്പിലാക്കാന്‍ തന്നെയാണ് യു ഡി എഫിന്റെ നീക്കം. ഇതിനെതിരെ വമ്പിച്ച ചെറുത്തുനില്‍പ്പ് ആവശ്യമാണ്.

*
ഇ ചന്ദ്രശേഖരന്‍ നായര്‍ ജനയുഗം 14 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. സാധാരണഗതിയില്‍ ഒരു സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ല. എന്നാല്‍ സര്‍ക്കാരിന്റെ പോക്ക് എങ്ങോട്ടാണെന്ന് വ്യക്തമാക്കുന്ന ചില പ്രധാന നടപടികള്‍ ഈ കാലയളവിനുള്ളില്‍ തന്നെ സ്വീകരിച്ചിട്ടുണ്ട്. മന്ത്രിസഭാ രൂപീകരണം പൂര്‍ത്തിയായോ ഇല്ലയോ എന്ന് ഇപ്പോഴും വ്യക്തമല്ല. അഞ്ചാമതൊരു മന്ത്രിയില്‍ മുസ്ലീംലീഗ് ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നാണ് വാര്‍ത്തകള്‍. ഏറെ വിവാദങ്ങളാണ് വകുപ്പ് വിഭജനത്തില്‍ ഉണ്ടായിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനം പഞ്ചായത്ത് - മുനിസിപ്പാലിറ്റി-കോര്‍പ്പറേഷന്‍-ഗ്രാമവികസനവകുപ്പുകളെ മൂന്നായി വിഭജിച്ച് മൂന്ന് പേര്‍ക്ക് നല്‍കിയതാണ്. ഈ വകുപ്പ് വിഭജനം ഗ്രാമീണവികസനത്തെ ഒട്ടുംതന്നെ സഹായിക്കില്ലെന്ന ശക്തമായ അഭിപ്രായം ഉണ്ട്. രാജ്യത്താകെയും കേന്ദ്രസര്‍ക്കാരില്‍നിന്നും അംഗീകാരം ലഭിച്ചതാണ് കുടുംബശ്രീയുടെ പ്രവര്‍ത്തനം. അത് മൂന്നോട്ടുകൊണ്ട് പോകാനും വികസിപ്പിക്കാനുമല്ല ഐക്യജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ശ്രമമെന്ന് സൂചനകള്‍ ഉണ്ട്. കുടുംബശ്രീയുടെ പ്രവര്‍ത്തനം ഇല്ലാതാക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.