Sunday, December 29, 2013

ജനങ്ങളുടെ വെള്ളംകുടി മുട്ടിക്കുന്ന സര്‍ക്കാരിനെ പിടിച്ചു പുറത്താക്കണം

സ്വകാര്യവല്‍ക്കരണത്തിന്റെ വിവിധ മുഖങ്ങള്‍ പലരൂപങ്ങളില്‍ ഇന്ത്യന്‍ ജനതയെ വിഴുങ്ങാന്‍ തയ്യാറായി വാപൊളിച്ചു നില്‍ക്കുകയാണ്. ജനങ്ങള്‍ക്ക് എന്ത് വേണമെന്നത് അടിച്ചേല്‍പ്പിക്കാന്‍ കച്ചകെട്ടി കോര്‍പ്പറേറ്റുകളും സ്വകാര്യമേഖലകളും ഭരണക്കാരുടെ ഒത്താശയോടെ 'ആകര്‍ഷകപദ്ധതി' കളുമായി രംഗപ്രവേശം ചെയ്യുന്നതാണ് ഇപ്പോള്‍ നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഇവരുടെ പരസ്യജിഹ്വകളും അവയ്ക്ക് ചൂട്ടുപിടിക്കുന്ന മാധ്യമങ്ങളും പദ്ധതികളുടെപേരില്‍ പ്രചരിപ്പിക്കുന്നത് 'മോഹനസുരഭിലമായ' വാഗ്ദാനങ്ങളാണ്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളുടെ മേല്‍ ഈ കളി ഇക്കൂട്ടര്‍ കളിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ അപകടം.

നിലവിലുള്ള തിരിച്ചറിയല്‍ സംവിധാനം വഴി ആനുകൂല്യങ്ങളും പാചകവാതകങ്ങളും ലഭിച്ചുകൊണ്ടിരുന്ന പാവപ്പെട്ട ജനങ്ങളെ ഒറ്റയടിക്ക് കബളിപ്പിച്ചുകൊണ്ട് ആധാര്‍ കാര്‍ഡ് വന്നവഴി നാം കണ്ടുകഴിഞ്ഞു. ക്ഷേമപദ്ധതികളിലെ ആനുകൂല്യം അഴിമതിരഹിതമായി വിതരണം ചെയ്യാനാണ് ആധാര്‍ കൊണ്ടുവരുന്നതെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം പച്ചക്കള്ളമാണെന്ന് ഇതിനകം വ്യക്തമായല്ലോ. പാചകവാതകം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിലെ അനിശ്ചിതത്വം ജനങ്ങളെ ഇപ്പോഴും വലയ്ക്കുന്നുണ്ട്. പാര്‍ലമെന്റ് അംഗീകാരം ലഭിച്ചില്ലെന്ന് മാത്രമല്ല ആധാര്‍ പഠിക്കാനേല്‍പ്പിച്ച പാര്‍ലമെന്ററി സമിതി നിഷ്‌ക്കരുണം തള്ളിക്കളയുകയും ചെയ്ത ആധാര്‍ എണ്ണക്കമ്പനികളുടെ ഉഗ്രശാസനകളോടെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ കേന്ദ്ര ഭരണത്തിന് ഒന്നും പറയാനില്ല. അവരുടെ വാമൂടിക്കെട്ടിവച്ചിരിക്കുന്നു എണ്ണക്കമ്പനി മുതലാളിമാര്‍.

പാചകം ചെയ്യാനുള്ള ജലത്തിനുനേരെയാണ് ഇപ്പോള്‍ തിരിഞ്ഞിരിക്കുന്നത്. സംസ്ഥാന വാട്ടര്‍ അതോറിറ്റി എന്ന പൊതുമേഖലാ സംവിധാനത്തെ ഇതിനായി ആദ്യമേ അട്ടിമറിച്ചു. ഘട്ടം ഘട്ടമായി സ്വകാര്യവല്‍ക്കരണം കുടിവെള്ളരംഗത്ത് നടപ്പിലാക്കുകയാണ്. ജനങ്ങളുടെ രൂക്ഷമായ വിമര്‍ശനങ്ങളെ തീര്‍ത്തും അവഗണിച്ചാണ് ഈ നീക്കം ആരംഭിച്ചത്. ജലസംഭരണവും വിനിയോഗവും നടത്തുന്ന ജല അതോറിറ്റികള്‍ സാധാരണക്കാരന് താങ്ങാവുന്ന നിരക്കില്‍ കുടിവെള്ളം നല്‍കിവരുന്നതിനിടയിലാണ് ഈ ജനവിരുദ്ധ നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. പൊതുമേഖല നഷ്ടമെന്നവാദം ഉയര്‍ത്തി എല്ലാം കയ്യടക്കി സ്വകാര്യ മേഖലയെ ഏല്‍പ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജലനയവും അവര്‍ക്കനുകൂലമായി മാറ്റിമറിക്കുകയാണ്.
കേരളത്തില്‍ ഇനി മുതല്‍ വെള്ളക്കരം ബാങ്ക് അക്കൗണ്ടുകള്‍ വഴി ആക്കാനുള്ള നിര്‍ബന്ധിത ശ്രമങ്ങള്‍ നടത്തുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഇതിന്റെ ഭാഗമായി 15 ലക്ഷത്തോളം വരുന്ന ഉപഭോക്താക്കള്‍ക്കെല്ലാം ബാങ്ക് അക്കൗണ്ട് ഏര്‍പ്പെടുത്താന്‍ നീക്കമാരംഭിച്ചു കഴിഞ്ഞു. ഇതിനാവശ്യമായ രേഖകള്‍ എങ്ങനെ ശേഖരിക്കണം സമ്മതപത്രം എങ്ങനെ പൂരിപ്പിച്ചുവാങ്ങണമെന്നതടക്കമുള്ള കാര്യങ്ങളില്‍ ജീവനക്കാര്‍ക്ക് ശില്‍പ്പശാലകളും നടത്തിക്കഴിഞ്ഞു.

കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ മീറ്റര്‍ റീഡിംഗ് എടുത്ത് നല്‍കുന്ന തുകകളില്‍ ഉപഭോക്താക്കള്‍ക്ക് വരുന്ന പരാതികള്‍ക്കുള്ള പഴുതുകള്‍ ഇതോടെ കൊട്ടിയടയ്ക്കപ്പെടും. ഇപ്പോള്‍തന്നെ പാചകവാതക സബ്‌സിഡി ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചതിന്റെ ധര്‍മ്മസങ്കടങ്ങള്‍ പരാതിപ്പെടാനുള്ള അതോറിറ്റിയോ സംവിധാനമോ ഏതെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് ഉപഭോക്താക്കള്‍. എല്ലാം ഭദ്രമെന്നും ഏറ്റവും മഹത്തരമായ സംവിധാനമെന്നും വീമ്പിളക്കി കൊണ്ടുവന്ന ആധാര്‍ പദ്ധതിയുടെ പൊള്ളത്തരമാണ് ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. അപ്പോള്‍ പിന്നെ തൃപ്തികരമായ ഒരു തയ്യാറെടുപ്പും നടത്താതെ വെള്ളക്കരം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള നീക്കം ജനങ്ങള്‍ക്ക് മറ്റൊരു ഇരുട്ടടി കൂടിയാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
പേപ്പര്‍ നോട്ടുകളുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന റിസര്‍വ് ബാങ്ക് നിര്‍ദേശത്തിന്റെ മറപറ്റിയാണ് വെള്ളക്കരത്തിനെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നത്. ജല അതോറിറ്റിയുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പൊതുമേഖലാ ബാങ്കിനെ ഒഴിവാക്കി ഇതിനുള്ള അധികാരം സ്വകാര്യ ബാങ്കുകള്‍ക്ക് നല്‍കുന്നു എന്നതാണ് ഏറെ വിചിത്രം. രസകരമായ കാര്യം വെള്ളക്കരം ബാങ്ക് വഴിയാക്കുമ്പോള്‍ ബാങ്കിന് ഉപഭോക്താവ് അഞ്ചുരൂപ നല്‍കണമെന്ന നിബന്ധനയാണ്. ഇതോടെ ഈ ഇനത്തില്‍ സ്വകാര്യ ബാങ്കുകള്‍ക്ക് കോടികള്‍ കിട്ടും. ഈടാക്കുന്ന അഞ്ചുരൂപ ക്രമേണ വര്‍ധിപ്പിക്കാനുള്ള അവകാശംകൂടി ബാങ്കിന് നല്‍കിയാണ് ധാരണയായിട്ടുള്ളത്. വെള്ളക്കരം ഇനിമേല്‍ ജനങ്ങളില്‍ നിന്നും വാട്ടര്‍ അതോറിറ്റി സ്വീകരിക്കില്ല. ഇടനിലക്കാരായി നില്‍ക്കുന്ന സ്വകാര്യ ബാങ്കുകളുടെ കനിവിന് കാത്ത് ഓരോ ഉപഭോക്താവും നിന്നുകൊടുക്കണം. ജലത്തിന്റെ ഉപഭോഗവും കരവും സംബന്ധിച്ച് ഉപഭോക്താവിനുണ്ടാകുന്ന ഒന്നിനോടും വാട്ടര്‍ അതോറിറ്റിയുമായി നേരിട്ട് സംവദിക്കാന്‍ ജനങ്ങള്‍ക്കിനി കഴിയില്ല.

ആഗോളവല്‍ക്കരണ തത്ത്വശാസ്ത്രം പിടിമുറുക്കുന്നതിന്റെ ഫലമായി ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങളും അവകാശങ്ങളും കവര്‍ന്നെടുക്കാന്‍ സര്‍ക്കാര്‍ തന്നെ നേരിട്ട് മുതിരുന്നതിന്റെ ഭവിഷ്യത്തുകള്‍ ജനങ്ങള്‍ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ആധാര്‍ കാര്‍ഡിന്റെ കാര്യത്തില്‍ നേരിടുന്ന എല്ലാ പ്രതിസന്ധികളും വെള്ളക്കരത്തിന്റെ കാര്യത്തിലും ഉണ്ടാകും. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് സ്വകാര്യ ബാങ്കുകള്‍ തുറക്കാന്‍ അനുമതി നല്‍കുന്ന സര്‍ക്കാര്‍ അതിന്റെയൊക്കെ മുന്നോടിയായിട്ടാണ് ഓരോ പൊതുമേഖലാ സ്ഥാപനങ്ങളുടേയും ചിറകരിയുന്നത്. കുടിവെള്ളത്തില്‍പ്പോലും കേന്ദ്രം അവരുടെ താല്‍പ്പര്യ രാഷ്ട്രീയം കലര്‍ത്തുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ ഇപ്പോള്‍. ബഹുരാഷ്ട്ര കുത്തകകള്‍ക്കും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും സാധാരണക്കാരുടെ വെള്ളംകുടി മുട്ടിക്കാനുള്ള അവകാശം ചാര്‍ത്തിക്കൊടുക്കുന്ന ഭരണനയം എതിര്‍ത്തു തോല്‍പ്പിക്കാതെ തരമില്ല. അതിനാവശ്യമായ ജനരോഷം ഗ്രാമഗ്രാമാന്തരങ്ങളില്‍ ഉരുണ്ടു കൂടുന്നുണ്ട്. കുടിവെള്ളം ഭരണഘടന ഉറപ്പു നല്‍കുന്ന അടിസ്ഥാന അവകാശങ്ങളില്‍ ഒന്നാണ്. അത് സ്വകാര്യ മൂലധന ശക്തികള്‍ക്കുവേണ്ടി അട്ടിമറിക്കാനുള്ളതല്ല. പാഠം പഠിക്കാന്‍ ഇനി അധികനാളില്ല.

*
ജനയുഗം മുഖപ്രസംഗം

ഗ്രാമവികസനം-യുപിഎ ഭരണത്തില്‍

ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്. ഗ്രാമീണജനതയുടെ നിത്യജീവിതം മെച്ചപ്പെടുമ്പോഴാണ് ഇന്ത്യയെപ്പോലൊരു രാജ്യം പുരോഗമിക്കുന്നത്. കേവലം ഒരുപിടി കോര്‍പ്പറേറ്റുകളുടെ വളര്‍ച്ച രാജ്യത്തിന്റെ വളര്‍ച്ചയായി കൊട്ടിഘോഷിച്ച് ജനവഞ്ചന തുടരുന്ന യു പി എ സര്‍ക്കാര്‍ പുറത്തിറക്കുന്ന ഔദ്യോഗിക രേഖകള്‍ ചിലപ്പോഴെങ്കിലും സത്യം വിളിച്ചുപറയും. ഗ്രാമവികസന മന്ത്രി പുറത്തിറക്കിയ ഇന്ത്യ റൂറല്‍ ഡവലപ്‌മെന്റ് റിപ്പോര്‍ട്ട് 2012/13 നാം ഗൗരവബുദ്ധിയോടെ വിലയിരുത്തണം. ഗ്രാമവികസനലക്ഷ്യം കൈവരിക്കാന്‍ നാം ഇനിയും ബഹുദൂരം സഞ്ചരിക്കണം. ഇവിടെ വിഭവങ്ങളുടെ അഭാവം തീരെ ഇല്ല. വിഭവങ്ങള്‍ ഒരുപിടി കോര്‍പ്പറേറ്റുകളുടെ കൈകളില്‍ മാത്രം ഒതുങ്ങുന്നു എന്നതാണ് പ്രശ്‌നം.

കര്‍ഷകരുടെ വരുമാനം അവരുടെ ദൈനംദിന ജീവിതത്തിന് തികയുന്നില്ല എന്നും അവരുടെ വരുമാനം മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. ആധുനിക കൃഷി സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കാനും കൂട്ടുകൃഷി സമ്പ്രദായം വ്യാപകമാക്കാനും സാധിക്കണം. 43 ശതമാനം ഗ്രാമീണ കുടുംബങ്ങള്‍ക്കും കാര്‍ഷിക വരുമാനം മാത്രമാണ് ആശ്രയം. ഈ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങളും മെച്ചപ്പെട്ട കൂലിയും സാമൂഹ്യ സുരക്ഷാപദ്ധതികളും ഉറപ്പുവരുത്തണം. 1993-94 ല്‍ ഗ്രാമീണ ദരിദ്രരുടെ 50 ശതമാനം ജാര്‍ഖണ്ഡ്, ബിഹാര്‍, അസം, ഒഡിഷ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, യു പി തുടങ്ങിയ ഏഴ് സംസ്ഥാനങ്ങളില്‍ ആയിരുന്നു. 2011-12 ല്‍ ദരിദ്രര്‍ 65 ശതമാനമായി വര്‍ധിച്ചു.

18 ശതമാനം ഗ്രാമീണ ഭവനങ്ങളില്‍ മാത്രമാണ് കുടിവെള്ളം, ശുചിത്വം, വൈദ്യുതി എന്നിവ ലഭ്യം. ഭരണനേട്ടങ്ങളും സാമ്പത്തിക പുരോഗതിയും കൊട്ടിഘോഷിക്കുന്ന ഭരണാധികാരികള്‍ ഗ്രാമങ്ങളിലെ വീടുകള്‍ സന്ദര്‍ശിക്കാനുള്ള ധൈര്യം കാണിക്കണം. നിങ്ങള്‍ കാണാന്‍ ഭയപ്പെടുന്ന സ്ഥിതിവിശേഷമാണ് ഗ്രാമീണ ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്നത്.

വേള്‍ഡ് ടോയ്‌ലറ്റ് ഡേ യോടനുബന്ധിച്ച് ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ട് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. 600 മില്യന്‍ ഇന്ത്യക്കാര്‍ തുറന്ന സ്ഥലത്താണ് മലവിസര്‍ജനം നടത്തുന്നത്. കുട്ടികളില്‍ പടരുന്ന പകര്‍ച്ചവ്യാധികള്‍ക്ക് പ്രധാന കാരണം ശുചിത്വമില്ലായ്മയാണ്. ഗ്രാമീണ ഭവനങ്ങളില്‍ 53 ശതമാനത്തിനും ശുചിയായ കക്കൂസ് ഇല്ല എന്ന് ലോക ബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. കക്കൂസുകള്‍ ഇല്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്ന് സുപ്രിംകോടതി പറഞ്ഞത് ഈ അവസരത്തില്‍ ഓര്‍മിക്കുക.

കഴിഞ്ഞ ഏഴെട്ടു വര്‍ഷങ്ങളായി ഇന്ത്യയില്‍ പട്ടിണി കുറഞ്ഞതായി 2013 ജൂലായ് മാസത്തില്‍ ആസൂത്രണ കമ്മിഷന്‍ പ്രസ്താവിച്ചു. ആസൂത്രണ കമ്മിഷന്റെ കണക്കുകള്‍ പ്രകാരം ദാരിദ്ര്യരേഖക്ക് താഴെ കഴിയുന്നവരുടെ എണ്ണം 2004-05 ല്‍ 37.2 ശതമാനം 2011-12 ആയപ്പോള്‍ 21.9 ശതമാനമായി കുറഞ്ഞു. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പട്ടിണി കുറച്ചു എന്ന് ആസൂത്രണ കമ്മിഷന്‍ ആവര്‍ത്തിക്കുമ്പോള്‍ ലോകബാങ്കിന്റെ കണക്കുകള്‍ വ്യത്യസ്തമായ ചിത്രമാണ് നല്‍കുന്നത്.

ആസൂത്രണ കമ്മിഷന്റെ കണക്കുകള്‍ പ്രകാരം 1974 നും 1988 നും ഇടയില്‍ (പരിഷ്‌കാരങ്ങള്‍ക്കുമുമ്പ്) 56.4 ശതമാനത്തില്‍ നിന്നും 39.1 ശതമാനമായി പട്ടിണിക്കാര്‍ കുറഞ്ഞു. അതായത് 14 വര്‍ഷം കൊണ്ട് 17.3 ശതമാനം കുറഞ്ഞു. ഒരു വര്‍ഷം ശരാശരി 1.25 ശതമാനം. 1988 നും 2000 നും ഇടയിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 12 വര്‍ഷംകൊണ്ട് 39.1 ശതമാനത്തില്‍ നിന്നും 27 ശതമാനമായി കുറഞ്ഞു. അതായത് സാമ്പത്തികപരിഷ്‌കാരങ്ങള്‍ തുടരുമ്പോള്‍ കുറഞ്ഞത് ഒരു വര്‍ഷം ശരാശരി ഒരു ശതമാനം.

ലോകബാങ്ക് നല്‍കുന്നത് മറ്റൊരു ചിത്രം. 1974 നും 1900 നും ഇടയില്‍ പട്ടിണിക്കാരുടെ എണ്ണം 55 ശതമാനത്തില്‍ നിന്നും 33 ശതമാനമായി കുറഞ്ഞു. 16 വര്‍ഷം കൊണ്ട് 22 ശതമാനം കുറഞ്ഞു. ഒരു വര്‍ഷം ശരാശരി 1.38 ശതമാനം. ഉദാരവല്‍ക്കരണം നടപ്പിലാക്കിയതിനുശേഷം 1990 ലെ 33 ശതമാനം 2000 ല്‍ 28 ശതമാനമായി കുറഞ്ഞു. ഒരു വര്‍ഷം ശരാശരി 0.7 ശതമാനം. 2000 നും 2010 നും ഇടയില്‍ പട്ടിണിക്കാരുടെ എണ്ണം 34 ശതമാനമായി വര്‍ധിച്ചു എന്നാണ് ലോകബാങ്ക് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ആസൂത്രണക്കമ്മിഷന്റെ കണക്കുകള്‍ പ്രകാരം ഗ്രാമീണ ദരിദ്രരുടെ ദിവസവരുമാനം 17 രൂപയില്‍ താഴെയാണ്. ഇന്നത്തെ സാഹചര്യത്തില്‍ 17 രൂപ കൊണ്ട് ഒരു കുടുംബം ഒരു നേരമെങ്കിലും എങ്ങനെ വയറുനിറയ്ക്കുമെന്ന് യു പി എ അധികാരികള്‍ വ്യക്തമാക്കണം. യു പി എ ഭരണം അവസാനിക്കുമ്പോള്‍ ഭയാനകമായ ചിത്രങ്ങളാണ് ഗ്രാമങ്ങളില്‍ വരയ്ക്കപ്പെടുന്നത്. ഭരണാധികാരികള്‍ മുഖം മറയ്ക്കുകയാണ്, സത്യത്തിനും യാഥാര്‍ഥ്യങ്ങള്‍ക്കും നേരെ.

എം പിമാരുടെ പ്രാദേശിക വികസന പദ്ധതികള്‍: ഒരു അവലോകനം   

1993 ഡിസംബര്‍ 23ന് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു എം പിമാരുടെ പ്രാദേശിക വികസന പദ്ധതി ഉദ്ഘാടനം ചെയ്തു. തങ്ങളുടെ മണ്ഡലത്തില്‍ ആവശ്യമായ വികസന പദ്ധതികള്‍ കണ്ടെത്തി നടപ്പിലാക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം. ജില്ലാ ഭരണകൂടമാണ് പദ്ധതി നടപ്പിലാക്കേണ്ടത്. രാജ്യസഭാ എം പിമാര്‍ക്ക് അവരുടെ സംസ്ഥാനത്തില്‍ ഏത് ജില്ലയിലും പദ്ധതി നടപ്പിലാക്കാം. കേന്ദ്രത്തില്‍ മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ആണ് പദ്ധതിയുടെ ചുമതല. പദ്ധതിയുടെ തുടക്കത്തില്‍ ഒരു എം പിക്ക് ഒരു വര്‍ഷം അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്. 1994-95 മുതല്‍ 1997-98 വരെ ഒരു കോടി രൂപയും 1998 ന് ശേഷം രണ്ട് കോടി രൂപയായും 2011 മുതല്‍ അഞ്ച് കോടി രൂപയായും വര്‍ധിപ്പിച്ചു. രണ്ട് ഗഡുക്കളായി ജില്ലാ ഭരണകൂടത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നല്‍കുന്നത്. കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, ഊര്‍ജം, റോഡുകള്‍ തുടങ്ങിയതാണ് മുന്‍ഗണനാ പട്ടിക.

2010-11 ധനകാര്യവര്‍ഷത്തില്‍ 1533.32 കോടി രൂപയും എം പി എല്‍ എ ഡി എസ് പദ്ധതിക്ക് 2010-11 വരെ ആകെ അനുവദിച്ച തുക 22490.57 കോടി രൂപയും ആണ്. ഫണ്ട് വിനിയോഗിച്ച രീതി വിലയിരുത്തുമ്പോള്‍ 2009-10 ല്‍ അനുവദിച്ച തുകയുടെ 70.13 ശതമാനവും 2010-11 ല്‍ 94.71 ശതമാനവും മാത്രമാണ് വിനിയോഗിച്ചത്.

2006 ഡിസംബറിലെ സുനാമി ദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ എം പി എല്‍ എ ഡി എസില്‍ ഭേദഗതികള്‍ വരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ 207 ലോക്‌സഭാ എം പിമാരും 167 രാജ്യസഭാ എം പിമാരും യഥാക്രമം 22.74 കോടി രൂപയും 31.34 കോടി രൂപയും മാത്രമാണ് ചെലവഴിച്ചത്.

എം പി എസ് എ ഡി എസ് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഉദ്ദേശിച്ച രീതിയില്‍ കാര്യക്ഷമമായി പദ്ധതി പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് അനുഭവം. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ 55-ാമത്തെ റിപ്പേര്‍ട്ടില്‍ എം പി എല്‍ എ ഡി എസിനെ നിശിതമായി വിമര്‍ശിക്കുകയാണ്. റിപ്പോര്‍ട്ട് പ്രകാരം 1993-94 നും 2008-09 നും ഇടയില്‍ ഭാരതസര്‍ക്കാര്‍ എം പി എല്‍ എ ഡി എസിന് അനുവദിച്ച തുക 19425.75 കോടി രൂപ. ബാങ്കുകളില്‍ നിന്നും ലഭിച്ച പലിശ 420.16 കോടി രൂപ ഉള്‍പ്പെടെ 19845.91 കോടി രൂപ. അതില്‍ ചെലവഴിച്ചത് 18057.91 കോടി രൂപ. എം പി എല്‍ എ ഡി എസ് കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പി എ സി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പല പദ്ധതികളും സ്വന്തക്കാരായ കരാറുകാര്‍ക്ക് നല്‍കുന്ന അഴിമതിക്കഥകളും എം പി എല്‍ എ ഡി എസിലൂടെ പുറത്തു വരുന്നുണ്ട്. സി എ ജി യുടെ റിപ്പോര്‍ട്ടിലും എം പി എല്‍ എ ഡി എസിനെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഏറെയാണ്.

ജനപ്രതിനിധികള്‍ ആദ്യം ജനങ്ങളെ അറിയണം. അവരുടെ യഥാര്‍ഥ പ്രശ്‌നങ്ങളെ തിരിച്ചറിയണം. പരിമിതികളില്‍ ഒതുങ്ങിയെങ്കിലും അവരുടെ നിത്യജീവിതം അല്‍പമെങ്കിലും മെച്ചപ്പെടുത്താന്‍ തികഞ്ഞ ആത്മാര്‍ഥതയോടെ പദ്ധതികള്‍ നടപ്പിലാക്കണം. ഭാരതജനതയ്ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ ലഭ്യമാക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. ആ ദിശയില്‍ ആയിരിക്കണം എം പി എല്‍ എ ഡി എസ് ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍.

*
കെ ജി സുധാകരന്‍ 

ജനയുഗം

റോസമ്മ പുന്നൂസ്: പിന്നിട്ട രാഷ്ട്രീയ വഴികള്‍

1938ലാണ് അക്കാക്കയെന്ന അക്കമ്മ ചെറിയാന്റെ കൈപിടിച്ച് റോസമ്മ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്നത്. അന്നു നെഞ്ചേറ്റിയ രാഷ്ട്രീയത്തെ റോസമ്മ പിന്നീട് ഒരിക്കലും ഉപേക്ഷിച്ചില്ല.— അക്കാമ്മ കോണ്‍ഗ്രസില്‍ നിന്നപ്പോള്‍ യുവത്വത്തിന്റെ ആവേശവുമായി റോസമ്മ 48ല്‍ സി പി ഐയിലെത്തി. രാഷ്ട്രീയത്തില്‍ രണ്ടുപേരും വിരുദ്ധ ചേരികളിലായെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധത്തെ അത് ഒരിക്കലും ബാധിച്ചില്ല. കുടുംബത്തിലുള്ളവര്‍ എല്ലാവരും തികഞ്ഞ കോണ്‍ഗ്രസുകാരായിട്ടും റോസമ്മ ഇടതുപക്ഷത്തിന്റെ പാത പിന്തുടര്‍ന്നത് യാദൃച്ഛികം മാത്രം.
റോസമ്മയെ ചരിത്രവനിതയാക്കുന്ന ഒട്ടനവധി കാര്യങ്ങളുണ്ട്. കേരള നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത ആദ്യ അംഗം, ആദ്യ പ്രോടെം സ്പീക്കര്‍, കോടതി വിധിയിലൂടെ ആദ്യമായി നിയമസഭാംഗത്വം നഷ്ടപ്പെട്ടയാള്‍, ആദ്യ നിയമസഭാ ഉപതെരഞ്ഞടുപ്പിലെ വിജയി എന്നിങ്ങനെ കേരള നിയമസഭാ ചരിത്രത്തിലെ പല റെക്കോഡുകളും റോസമ്മയ്ക്ക് സ്വന്തം. ഒപ്പം കേരളത്തില്‍നിന്ന് ആദ്യമായി ഒരേസമയം നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ജയിച്ചുകയറിയ ദമ്പതികളെന്ന ബഹുമതിയും റോസമ്മയ്ക്കും പുന്നൂസിനും. 1957ല്‍ ദേവികുളത്തു നിന്നു റോസമ്മ നിയമസഭയിലെത്തിയപ്പോള്‍ പി ടി പുന്നൂസ് ആലപ്പുഴയില്‍ നിന്നാണ് ലോക്‌സ‘യിലെത്തിയത്.

രാഷ്ട്രീയകാര്യത്തില്‍ മാത്രമായിരുന്നില്ല പുന്നൂസും റോസമ്മയും വിപ്ലവം തീര്‍ത്തത്. അത് സ്വന്തം ജീവിതത്തിലേക്കും പകര്‍ത്തി. അക്കാലത്ത് കത്തോലിക്ക വനിതയും മാര്‍ത്തോമാ യുവാവും തമ്മില്‍ വിവാഹിതരാവുന്ന കാര്യം സഭകള്‍ക്ക് അംഗീകരിക്കാനേ ആവില്ല. ഒന്നിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ മനസും പങ്കുവച്ച ഇവര്‍ തങ്ങള്‍ ഒന്നിച്ചേ ജീവിക്കൂ എന്ന ദൃഢ പ്രതിജ്ഞയിലും. ഒടുവില്‍ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ സഭയും മുട്ടുമടക്കി. രാഷ്ട്രീയ പാരമ്പര്യമുള്ള കരിപ്പാപ്പറമ്പിലെ കൊച്ചിന്റെ കല്യാണത്തിന് പോപ്പിന്റെ പ്രത്യേകാനുവാദം കിട്ടി. അതിനിടയില്‍ കല്യാണത്തിന് മറ്റൊരു തടസ്സം കൂടി. ആ സമയത്ത് പി ടി പൂന്നൂസ് പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒളിവിലാണ്. പുറത്തിറങ്ങിയാല്‍ പൊലീസ് പിടിക്കും. ഒടുവില്‍ കല്യാണം നടന്നത് കൊച്ചിയിലുള്ള  പള്ളിയില്‍ വച്ച്. രാഷ്ട്രീയ രംഗത്തെ എല്ലാവരും പങ്കെടുത്ത വിവാഹത്തില്‍ വധൂവരന്മാരെ ആശിര്‍വദിക്കാന്‍ മലയാളത്തിന്റെ പ്രിയപ്പെട്ട മഹാകവികള്‍ ഉള്ളൂരും കുമാരനാശാനും എത്തിയിരുന്നു. പിന്നീട് ഒളിവിലിരുന്നു തന്നെയാണ് 48ലെ തെരഞ്ഞെടുപ്പില്‍ പി ടി പുന്നൂസ് മത്സരിച്ചതും. അന്ന് അച്ഛന് വേണ്ടി വോട്ടുതേടിയത് നാലുവയസുകാരന്‍ തോമസ് പുന്നൂസായിരുന്നു.

ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ‘യിലെ അംഗമായതിന് ശേഷം കോടതിവിധിയിലൂടെ സ്ഥാനം നഷ്ടപ്പെട്ട റോസമ്മ 1958ല്‍ ദേവികുളം ഉപതെരഞ്ഞെടുപ്പില്‍ വീണ്ടും സ്ഥാനാര്‍ഥിയായി. എന്നാല്‍ മന്ത്രിസ‘യിലെ ഒരുമന്ത്രിമാരും വോട്ടുതേടി മണ്ഡലത്തിലേക്ക് പോവേണ്ടതില്ലെന്നായിരുന്നു ഇച്ഛാശക്തി ഏറെയുള്ള കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ തീരുമാനം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബി കെ നായര്‍ക്കു വേണ്ടി കാമരാജും ഇന്ദിരാഗാന്ധിയും വരെ രംഗത്തെത്തി. എന്നിട്ടും പാര്‍ട്ടി തീരുമാനത്തിന് ഇളക്കം തട്ടിയില്ല.  ഈ സമയത്താണ് എം ജി ആര്‍ ഷൂട്ടിങ്ങിനു മൂന്നാറിലെത്തുന്നത്. അക്കാലത്തു തന്നെ കോണ്‍ഗ്രസിനോട് താല്‍പര്യമില്ലാതിരുന്ന എം ജി ആര്‍ റോസമ്മയ്ക്കു വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ച് ഏതാനും വാചകങ്ങളില്‍ പ്രസംഗം. ഒപ്പം ഇളയരാജ എന്ന ഇന്നത്തെ സംഗീതചക്രവര്‍ത്തിയുടെ ഗാനവും. ആ തെരഞ്ഞടുപ്പിലും വലിയ ഭൂരിപക്ഷത്തോടെ റോസമ്മ വീണ്ടും നിയമസഭ‘യിലേക്കെത്തി.  ആ ഉപതെരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദന്‍ ആയിരുന്നു റോസമ്മയുടെ തെരഞ്ഞെടുപ്പു സെക്രട്ടറി.— ഇന്ന് ഇടതുപക്ഷ രാഷ്ട്രീയത്തിലെ ഈ ഉന്നത നേതാവ്, റോസമ്മയ്ക്ക് കുഞ്ഞനിയനെപ്പോലെയാണ്.  തെരഞ്ഞെടുപ്പു ഫണ്ടിനത്തില്‍ കിട്ടിയിരുന്ന ഓരോ ചെറിയ തുകയും കണക്കുകൂട്ടിവച്ച് മിച്ചം കിട്ടിയ തുകയ്ക്ക് എ ഐ ടി യു സിക്ക് വേണ്ടി ജീപ്പുവാങ്ങിയ കഥയും ഓര്‍മകളിലെവിടെയോ മിന്നിമറഞ്ഞു.

പിന്നീട് 82ല്‍ ആലപ്പുഴയില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് 1987-ല്‍ വീണ്ടും ആലപ്പുഴയില്‍ നിന്നു വിജയിച്ചു. ഇതിനിടെ ഹൈറേഞ്ച് മേഖലയിലെ തോട്ടം തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുളള പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കി. സ്ത്രീത്തൊഴിലാളികളുടെ പ്രസവാനുകൂല്യങ്ങള്‍ നേടിക്കൊടുത്തു. പീരുമേട് കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന അവര്‍ തന്റെ വക്കീലെന്ന പ്രാഗത്ഭ്യം വിനിയോഗിച്ചത് കൂടുതലും തൊഴിലാളികള്‍ക്ക് വേണ്ടിയായിരുന്നു.
ഒരു പതിറ്റാണ്ടിലേറെക്കാലം കേരള മഹിളാ സംഘം പ്രസിഡന്റായി പ്രവര്‍ത്തിച്ച അവര്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ (1964-69), സംസ്ഥാന ഹൗസിംഗ് ബോര്‍ഡ് (1975-78) എന്നിവയുടെ അധ്യക്ഷയായി. പത്തുവര്‍ഷത്തോളം റബര്‍ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1998-ല്‍ വനിതാ കമ്മിഷനില്‍ നിന്നു വിരമിച്ചതോടെയാണു സജീവ  പൊതുപ്രവര്‍ത്തനത്തില്‍ നിന്നു പിന്‍വാങ്ങുന്നത്.

*
സരിത കൃഷ്ണന്‍

റോസമ്മ പുന്നൂസ് തോട്ടംതൊഴിലാളികളുടെ പ്രിയപ്പെട്ട അമ്മ   

മലയോരമേഖലയിലെ തോട്ടംതൊഴിലാളികളുടെ മനസില്‍ സഖാവ് റോസമ്മ പുന്നൂസ് അവരുടെ പ്രിയപ്പെട്ട അമ്മയാണ്. ഈ മേഖലയിലെ തൊഴിലാളികള്‍ ഇന്ന് അനുഭവിക്കുന്ന നേട്ടങ്ങളെല്ലാംതന്നെ തങ്ങള്‍ക്ക് നേടിത്തന്നത് ഈ അമ്മയാണെന്നാണ് അവര്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നത്. ഇത് എനിക്ക് നേരിട്ട് ബോധ്യപ്പെട്ട വസ്തുതയാണ്. പീരുമേട് അസംബ്ലി മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സി എ കുര്യനും എതിര്‍സ്ഥാനാര്‍ഥിയായി  ജോസഫ് മൈക്കിള്‍ മണര്‍കാടും ഏറ്റുമുട്ടുമ്പോള്‍ അവിടുത്തെ പാര്‍ട്ടി ചുമതലക്കാരനെന്ന നിലയില്‍ റോസമ്മ പുന്നൂസിനൊപ്പം എസ്‌റ്റേറ്റുകളില്‍ പര്യടനം നടത്തിയപ്പോള്‍ തൊഴിലാളികള്‍  പ്രകടിപ്പിച്ച സ്‌നേഹം എനിക്കും തിരിച്ചറിയാനായി. തികഞ്ഞ ആദരവോടെയാണ് റോസമ്മയുടെ വാക്കുകള്‍ അവര്‍ ശ്രവിച്ചത്.

കേരളത്തിലെ തൊഴിലാളിപ്രസ്ഥാനത്തിന് ധീരമായി നേതൃത്വംനല്‍കിയ ഒരു നേതാവിനെയാണ് നമുക്ക് നഷ്ടമായത്. റോസമ്മ പുന്നൂസിന്റെ സമഗ്രസംഭാവനകള്‍ എല്ലാകാലവും തൊഴിലാളിപ്രസ്ഥാനം ആദരവോടെ സ്മരിക്കും. ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള ഒരു സമ്പന്നകുടുംബത്തിന്റെ പശ്ചാത്തലത്തില്‍നിന്നും തൊഴിലാളികളെ സംഘടിപ്പിച്ച് പൊതുപ്രവര്‍ത്തനരംഗത്തേക്ക് കടന്നുവന്ന അപൂര്‍വ വ്യക്തിത്വമാണ് റോസമ്മ പുന്നൂസിന്റേത്.

സ്വാതന്ത്ര്യസമരത്തില്‍ യുവതലമുറയുടെ ആകര്‍ഷണകേന്ദ്രമായിരുന്ന അക്കാമ്മ ചെറിയാന്റെ സഹോദരിയാണ്  റോസമ്മ പുന്നൂസ്. കോട്ടയം ജില്ലയുടെ മലയോരമേഖലയിലെ തോട്ടംതൊഴിലാളികളെ സംഘടിപ്പിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ അശ്രാന്തപരിശ്രമമാണ് സഖാവ്  നടത്തിയിട്ടുള്ളത്. കോട്ടയം ജില്ലയിലെ ഒരു ദ്വയാംഗമണ്ഡലമായിരുന്നു ദേവികുളം. ഇന്നത്തെ ഇടുക്കി ജില്ലയുടെ മുക്കാല്‍ഭാഗവും ഈ നിയോജകമണ്ഡലത്തിലായിരുന്നു. പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വിസ്തൃതമായ മേഖല. കേരളത്തിന്റെ തോട്ടം വ്യവസായത്തിന്റെ ഹൃദയഭാഗമാണ്. തൊഴിലാളികളില്‍ ഭൂരിപക്ഷവും തമിഴ്‌വംശജരാണ്. കണ്ണന്‍ദേവന്‍ കമ്പനിപോലെ വിദേശകമ്പനികളാണ് തോട്ടം വ്യവസായത്തെ നിയന്ത്രിച്ചിരുന്നത്. സാമൂഹ്യസുരക്ഷ നിയമത്തിലുണ്ടെങ്കിലും തോട്ടംമേഖലയില്‍ പ്രായോഗികമായി അതൊന്നും നടപ്പാക്കിയിരുന്നില്ല. തമിഴ്‌നാട്ടില്‍നിന്നും പറിച്ചുനടപ്പെട്ട ഈ ജനസമൂഹത്തിന് നമ്മുടെ പൊതുസമൂഹവുമായി ഇഴുകിച്ചേരുന്നതിനും കഴിഞ്ഞിരുന്നില്ല. ഈ സന്ദര്‍ഭത്തിലാണ് ഒരു വര്‍ഗം എന്ന നിലയില്‍ അവരെ സംഘടിപ്പിച്ച് മലയോരമേഖലയുടെ സാമൂഹ്യജീവിതത്തിന്റെ ഭാഗമായി മാറ്റാന്‍ കമ്യൂണിസ്റ്റ്പാര്‍ട്ടി പരിശ്രമിച്ചത്. പുതിയ കേഡര്‍മാരെ കണ്ടെത്തി ഈ മേഖലയില്‍ പ്രവര്‍ത്തനത്തിന് നിയോഗിക്കാനുള്ള സംഘടിതമായ ശ്രമം നടന്നു.
1957-ലെ പൊതുതെരഞ്ഞെടുപ്പില്‍ ദേവികുളത്തുനിന്നും റോസമ്മ പുന്നൂസ് ജയിച്ചതോടെ ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കംകൂടി. പീരുമേട്ടിലും ദേവികുളത്തും എഐടിയുസി നേതൃത്വത്തില്‍ തോട്ടംതൊഴിലാളി യൂണിയന്‍ റോസമ്മ പുന്നൂസിന്റെ ചുമതലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പീരുമേട്ടില്‍ ശങ്കരന്‍കുട്ടിയും ദേവികുളത്ത് സ്റ്റാന്‍ലിയുമാണ് ഈ പ്രവര്‍ത്തനങ്ങളില്‍ റോസമ്മയെ സഹായിച്ചിരുന്നത്. ദേവികുളത്തെ ഉപതിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ വിജയത്തിനുശേഷം ആ മേഖലയിലെ എസ്‌റ്റേറ്റ് ഡിവിഷനുകളില്‍ ക്രമേണ യൂണിയന്റെ ശക്തി വര്‍ധിച്ചുകൊണ്ടിരുന്നു. പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും കഴിഞ്ഞു.

തൊഴിലാളികളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും സംബന്ധിച്ച് നിയമങ്ങളുണ്ടായിരുന്നെങ്കിലും അവയൊന്നും നടപ്പിലാക്കിയിരുന്നില്ല. തൊഴിലാളികളെ സംബന്ധിച്ചിടത്തോളം പ്രസവാനുകൂല്യത്തിന് 1952-ലെ നിയമമുണ്ടായിരുന്നെങ്കിലും എസ്‌റ്റേറ്റ് ഉടമകള്‍ അതൊന്നും അംഗീകരിക്കുകയോ തൊഴിലാളികള്‍ക്ക് ലഭ്യമാക്കുകയോ ചെയ്തിരുന്നില്ല. തേയിലത്തോട്ടങ്ങളില്‍ കൊളുന്ത് എടുക്കുന്നതില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. അവരുടെ കുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം ഇതെല്ലാം തൊഴിലെടുക്കുന്നവരുടെ അവകാശങ്ങളില്‍പെടുന്നുവെന്ന് അവരെ പഠിപ്പിച്ചതും അതിനുവേണ്ടി ശബ്ദമുയര്‍ത്തിയും റോസമ്മ പുന്നൂസായിരുന്നു. തൊഴിലാളികളുടെ ആരോഗ്യസംരക്ഷണം, അവര്‍ക്ക് ആവശ്യമായ ശുദ്ധജലം, വാസസ്ഥലം ഇതെല്ലാം അവകാശപ്പെട്ടതാണെന്നും  റോസമ്മ അവരെ ബോധ്യപ്പെടുത്തി. പ്ലാന്റേഷന്‍ ലേബര്‍ ആക്ട് വ്യവസായത്തിനും തൊഴിലാളികള്‍ക്കും സംരക്ഷണം നല്‍കാനുള്ളതാണ്. അത് ലംഘിക്കാന്‍ ഉടമയ്ക്ക് അവകാശമില്ലെന്ന് റോസമ്മ പുന്നൂസിന്റെ ധീരമായ ഇടപെടലിലൂടെ തൊഴിലാളികള്‍ തിരിച്ചറിഞ്ഞു. റോസമ്മ പുന്നൂസിന്റെ സമഗ്രസംഭാവനകള്‍ ഒരു ചെറിയ കുറിപ്പില്‍ ഒതുക്കാനാവില്ല. മലയോരമേഖലയിലെ തോട്ടംതൊഴിലാളികള്‍ക്ക് ആവേശംപകര്‍ന്ന നേതാവിനെ തികഞ്ഞ ആദരവോടെയാണ് അവര്‍ കണ്ടിരുന്നത്. ഏത് പ്രതിസന്ധിഘട്ടത്തിലും മാതൃസ്‌നേഹത്തോടെ സഖാവ് അവര്‍ക്കൊപ്പമുണ്ടായിരുന്നു.

ഒരു നിയമസഭാ സാമാജികയെന്ന നിലയിലും ഭരണാധികാരിയായും റോസമ്മ തന്റെ കഴിവുകള്‍ തെളിയിച്ചിരുന്നു. തന്റെ മനസില്‍ അരക്കിട്ടുറപ്പിച്ചിരുന്ന ആശയത്തോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുമ്പോള്‍തന്നെ രാഷ്ട്രീയപ്രവര്‍ത്തനം ജനസേവനമാണെന്ന ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യം അവര്‍ കാത്തുസൂക്ഷിച്ചിരുന്നു. തന്റെ പ്രവര്‍ത്തനങ്ങള്‍ സംശുദ്ധവും മൂല്യാധിഷ്ഠിതവുമായിരിക്കണമെന്ന് സഖാവിന് നിര്‍ബന്ധമുണ്ടായിരുന്നു.

കേരളത്തിലെ കമ്യൂണിസ്റ്റ്പാര്‍ട്ടിയില്‍ ഉന്നതശീര്‍ഷനായിരുന്ന പി ടി പുന്നൂസിന്റെ സഹധര്‍മിണിയെന്ന നിലയില്‍ തന്റെ സംഘടനാപ്രവര്‍ത്തനവും കുടുംബജീവിതവും തുല്യപ്രാധാന്യത്തോടെ കൊണ്ടുപോകാന്‍ റോസമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സഖാവിന് നൂറ് വയസ്സ് തികയുന്ന ആഘോഷത്തില്‍ കുടുംബാംഗങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം  ജനങ്ങളെല്ലാം തിരുവല്ലയില്‍ ഒത്തുകൂടിയതാണ്. ആ കൂട്ടായ്മയ്ക്കുശേഷം വീണ്ടും സലാലയില്‍ ജോലിയെടുക്കുന്ന മകന്‍ ഡോ. തോമസ് പുന്നൂസിനൊപ്പം റോസമ്മ മടങ്ങുകയായിരുന്നു. മകള്‍ ഗീതയും വിദേശത്താണ് ജോലിചെയ്യുന്നത്. അവരുടെയെല്ലാം സാമീപ്യം ആവശ്യമുള്ളതിനാല്‍ വീണ്ടും സലാലയിലേക്ക് മടങ്ങുമെന്ന് സഖാവ് പറഞ്ഞിരുന്നു. ആ ഒത്തുചേരല്‍ അവസാനത്തേതാകുമെന്ന് കരുതിയിരുന്നില്ല.
റോസമ്മ പുന്നൂസ് സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയ സ്‌നേഹത്തിന്റെയും കരുതലിന്റെയും ഓര്‍മകള്‍ക്ക് മരണമില്ല.

*
കാനം രാജേന്ദ്രന്‍

കടപ്പാട്: ജനയുഗം

റഷ്യ തടഞ്ഞ യുഎസ് യുദ്ധവെറി

സിറിയയെ പാഠംപഠിപ്പിക്കാനെന്ന പേരില്‍ മറ്റൊരു അധിനിവേശത്തിനും ലോകയുദ്ധത്തിനും കച്ചമുറുക്കിയ സാമ്രാജ്യത്വചേരിയെ നയതന്ത്ര നൈപുണ്യത്തിലൂടെ തടഞ്ഞ റഷ്യയോടാണ് 2013ല്‍ ലോകം ഏറെ കടപ്പെട്ടിരിക്കുന്നത്. സിറിയയിലെ രാസായുധ നിരായുധീകരണത്തിന് റഷ്യ മുന്നോട്ടുവച്ച പദ്ധതി അമേരിക്ക അംഗീകരിച്ചതോടെ പശ്ചിമേഷ്യയെ മൂടിനിന്ന ആക്രമണത്തിന്റെ കാര്‍മേഘം ഒഴിഞ്ഞു. മെഡിറ്ററേനിയനിലെ പടക്കപ്പലുകളില്‍ മിസൈലുകള്‍ തൊടുക്കാന്‍ തയ്യാറാക്കി ലോകത്തെ വെല്ലുവിളിച്ച അമേരിക്ക പത്തിമടക്കി. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനൊപ്പം അദ്ദേഹത്തിന്റെ തന്ത്രശാലിയും പരിണതപ്രജ്ഞനുമായ വിദേശമന്ത്രി സെര്‍ജി ലവ്റോവും ഏതാനും ആഴ്ചകളിലെ ഇടപെടലിലൂടെ ലോകരാഷ്ട്രീയത്തില്‍ "ഹീറോ"കളായി.

സിറിയക്കെതിരായ പ്രമേയങ്ങള്‍ യുഎന്‍ രക്ഷാസമിതിയില്‍ മൂന്നുവട്ടം റഷ്യയും ചൈനയും വീറ്റോചെയ്തപ്പോള്‍ അമേരിക്ക യുഎന്നിനെ തള്ളിപ്പറഞ്ഞു. ഈ ഘട്ടത്തില്‍ ലോകരാഷ്ട്രങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെയും പിന്തുണയോടെ റഷ്യ നടത്തിയ നയതന്ത്രനീക്കമാണ് അമേരിക്കയുടെയും കൂട്ടാളികളുടെയും അധിനിവേശനീക്കം പാടേ പൊളിച്ചത്. ആക്രമണം ആസന്നമായ ഘട്ടത്തില്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ ചേര്‍ന്ന ജി 20 ഉച്ചകോടിയെ പുടിനും സംഘവും സമര്‍ഥമായി ഉപയോഗിച്ചു. പുടിന്റെ ഉറച്ച നിലപാടിനെ ഉച്ചകോടിയില്‍ പങ്കെടുത്ത രാഷ്ട്രത്തലവന്മാര്‍ അംഗീകരിച്ചു. ബഷാര്‍ അല്‍ അസദിന്റെ മതനിരപേക്ഷ സര്‍ക്കാകരിനെ അട്ടിമറിക്കാന്‍ മൂന്നുവര്‍ഷമായി വിമത കലാപകാരികള്‍ നടത്തുന്ന ശ്രമം വിഫലമായ സാഹചര്യത്തിലാണ് പാശ്ചാത്യചേരി ആക്രമണത്തിന് തയ്യാറെടുത്തത്. സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ച് ജനങ്ങളെ കൊന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്. എന്നാല്‍, വിദേശ ഇടപെടലിന് വഴിയൊരുക്കാന്‍ വിമതഭീകരരാണ് ആക്രമണം നടത്തിയതെന്ന് സിറിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. വിമതരുടെ തുരങ്കത്തില്‍നിന്ന് രാസായുധ അവശിഷ്ടം കണ്ടെത്തുകയും ചെയ്തു.

യൂറോപ്പില്‍ പ്രതിസന്ധി തുടരുന്നു

യൂറോ നാണ്യമായ 17 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന യൂറോമേഖല 2009 മുതല്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സാമൂഹിക പ്രശ്നമായി രൂപാന്തരപ്പെട്ടു. രാജ്യങ്ങളുടെ പൊതുകടവും ബാങ്ക്മേഖലയുടെ തകര്‍ച്ചയും വളര്‍ച്ചയുടെ ഇടിവും ചേര്‍ന്നുണ്ടാക്കിയ പ്രതിസന്ധി പുറത്തുനിന്നുള്ള സഹായമില്ലാതെ രാജ്യങ്ങള്‍ക്ക് മുന്നോട്ട് പോകാനാകാത്ത അവസ്ഥ സൃഷ്ടിച്ചു. ഗ്രീസിലെയും സ്പെയിനിലേയും തൊഴിലില്ലായ്മ 27 ശതമാനത്തിന് മുകളിലെത്തി. യൂറോ മേഖലയിലാകെ തൊഴില്‍രഹിതരുടെ എണ്ണം ഏപ്രിലില്‍ രണ്ട് കോടിയിലെത്തി. ജര്‍മനി മാത്രമാണ് അപകടത്തില്‍പ്പെടാതെ പിടിച്ചുനില്‍ക്കുന്നത്.

അതേസമയം, യൂറോപ്പില്‍ സര്‍ക്കാരുകളുടെ ചെലവുചുരുക്കല്‍ നയത്തിനെതിരെ വ്യാപകപ്രക്ഷോഭങ്ങള്‍ അരങ്ങേറി. ദേശീയ റെയില്‍, ട്രെയിന്‍ കമ്പനികള്‍ പുനഃസംഘടിപ്പിക്കാനുള്ള നീക്കത്തിനെതിരെ തൊഴിലാളികള്‍ രണ്ടു ദിവസം പണിമുടക്കി. ഫ്രാന്‍സിലെ 75 ശതമാനത്തോളം ട്രെയിനുകള്‍ റദ്ദാക്കി. യൂറോപ്പിന് ഒറ്റ ആകാശം" എന്ന പരിഷ്കാരത്തിനെതിരെ ഫ്രാന്‍സിലെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ മൂന്നുദിവസം പണിമുടക്കി. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇസിബി) ആസ്ഥാനത്തിനു മുന്നിലും വന്‍ പ്രതിഷേധം അരങ്ങേറി. ഗ്രീസില്‍ ചെലവുചുരുക്കലിന്റെ പേരില്‍ ഔദ്യോഗിക ടിവി ചാനലുകളും റേഡിയോയും ഉള്‍പ്പെടുന്ന പൊതുവാര്‍ത്താപ്രക്ഷേപണകേന്ദ്രം സര്‍ക്കാര്‍ അടച്ചുപൂട്ടി. പത്രപ്രവര്‍ത്തക യൂണിയന്റെ ആഹ്വാനപ്രകാരം സ്വകാര്യ മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാരും പണിമുടക്കിയതോടെ ഗ്രീസില്‍ "വാര്‍ത്ത" നിലച്ചു. ഗ്രീസില്‍ പതിനായിരക്കണക്കിന് തൊഴിലാളികള്‍ സര്‍ക്കാരിന്റെ ജനദ്രോഹ പരിഷ്കാരങ്ങള്‍ക്കെതിരെ തെരുവിലിറങ്ങി. ഇറ്റലിയിലും പുതിയ സര്‍ക്കാന്റെ ജനദ്രോഹ സാമ്പത്തിക നയങ്ങള്‍ക്കെതിരെ തൊഴിലാളികള്‍ സംഘടിതമായി നിരത്തിലിറങ്ങി.

*
ദേശാഭിമാനി

വത്തിക്കാനില്‍ പാവങ്ങളുടെ പാപ്പ

രിദ്രരോടുള്ള പക്ഷംചേരല്‍ സഭയുടെ ദൗത്യമായി പ്രഖ്യാപിച്ച ഫ്രാന്‍സിസ് പാപ്പയുടെ ഇടപെടലുകള്‍ പിന്നിടുന്ന വര്‍ഷം സമ്മാനിക്കുന്ന പ്രത്യാശകളില്‍ പ്രധാനമാണ്. ഒട്ടകം സൂചിക്കുഴലിലൂടെ കടക്കുന്നതിനേക്കാള്‍ പ്രയാസമാണ് ധനവാന്റെ സ്വര്‍ഗരാജ്യപ്രവേശമെന്നാണ് യേശുക്രിസ്തു പഠിപ്പിച്ചത്. എന്നാല്‍, കാലാന്തരത്തില്‍ സഭ സമ്പന്നന്റെയും ദരിദ്രന്റെയും മധ്യത്തിലുളള നിഷ്പക്ഷന്റെ വേഷമണിയുകയോ സമ്പന്നന്റെ പ്രതാപം അംഗീകരിക്കുകയോ ചെയ്തു. ഇതില്‍നിന്ന് മാറി യഥാര്‍ഥ ക്രൈസ്തവികതയുടെ വഴിയും സത്യവും വീണ്ടെടുത്തിരിക്കുകയാണ് ഈ അര്‍ജന്റീനന്‍ പിതാവ്. അദ്ദേഹം പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട നിമിഷം മുതല്‍ നൈര്‍മല്യത്തിന്റെയും സ്നേഹത്തിന്റെയും നിഷ്കളങ്കതയുടെയും പ്രസരണം കത്തോലിക്കര്‍ മാത്രമല്ല, എല്ലാ മതവിശ്വാസികളും ദൈവത്തിലും മതത്തിലും വിശ്വസിക്കാത്തവരും അനുഭവിക്കുകയാണ്. കാരണം മനുഷ്യനില്‍ വിശ്വസിക്കുന്ന സഭാധ്യക്ഷനാണ് ഫ്രാന്‍സിസ് പാപ്പ; പണത്തിനെയും മൂലധനആഭാസങ്ങളെയും അദ്ദേഹം വെറുക്കുന്നു. പണത്തോടുള്ള ആസക്തിയാണ് ലോകത്ത് എല്ലാ തിന്മകളും സൃഷ്ടിക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിച്ച പാപ്പയെ മാര്‍ക്സിസ്റ്റുകാരനായി അമേരിക്കന്‍ തീവ്രയാഥാസ്ഥിതികര്‍ മുദ്രകുത്തി; മാര്‍ക്സിസ്റ്റുകാരനല്ലാത്ത അദ്ദേഹത്തിന് അതിലും പരിഭവമില്ല; എന്തെന്നാല്‍ നടന്നുവന്ന വഴികളില്‍ നല്ലവരായ ഒട്ടേറെ മാര്‍ക്സിസ്റ്റുകാരെ അദ്ദേഹം കണ്ടിട്ടുണ്ട്. ലോകത്ത് ധാരാളം ഭക്ഷിക്കാനുള്ളപ്പോള്‍ കോടിക്കണക്കിന് കുഞ്ഞുങ്ങള്‍ വിശന്നുകരയുന്നതാണ് അദ്ദേഹത്തെ ദുഃഖിപ്പിക്കുന്നത്. എല്ലാവരുടെയും വിശപ്പകറ്റാനുള്ള വസ്തുക്കള്‍ ലോകത്തുണ്ട്. അമിതമായി ചിലര്‍ വെട്ടിപ്പിടിച്ചിരിക്കുന്നത് ബഹുഭൂരിപക്ഷത്തിനും ദുരിതം വിതയ്ക്കുന്നു. ഈ സംവിധാനത്തെ എതിര്‍ക്കുമ്പോള്‍ പോപ്പിനുപോലും ലേബല്‍ വീഴും. അതിനാല്‍ സത്യം തുറന്നുപറയാന്‍ ആര്‍ക്കും മടിതോന്നും. മുദ്രകുത്തപ്പെട്ടാലും കുഴപ്പമില്ല, തെരുവുകളിലെ രോദനം കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല-ധീരമായ ഈ പ്രഖ്യാപനമാണ് ഫ്രാന്‍സിസ് പാപ്പ ലോകത്തോട് നടത്തിയത്.

വിമോചനദൈവശാസ്ത്രം ശക്തമായി സ്വാധീനം ചെലുത്തിയ ലാറ്റിനമേരിക്കയില്‍നിന്നാണ് പാപ്പയുടെ വരവ്. പക്ഷേ, ഒരുകാലത്തും വിമോചനദൈവശാസ്ത്രത്തിന്റെ വക്താക്കളായ സഭാംഗങ്ങളുമായി അദ്ദേഹം സഹകരിച്ചിട്ടില്ല. സഭ നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കാന്‍ വിശ്വാസങ്ങളുടെ കാര്യത്തില്‍ ദൃഢചിത്തനായ ഇടയനെയാണ് കര്‍ദിനാള്‍സംഘം തെരഞ്ഞെടുത്തത്. പറഞ്ഞുവരുന്നത് സഭാവിശ്വാസങ്ങളുടെ കാര്യത്തില്‍ ഫ്രാന്‍സിസ് പാപ്പ വിട്ടുവീഴ്ച ചെയ്യില്ലെന്നാണ്. അതേസമയം, ലോകത്തിനുമുന്നില്‍ കണ്ണടച്ചുനില്‍ക്കാനും അദ്ദേഹം തയ്യാറല്ല. ചരിത്രത്തില്‍ സഭചെയ്ത തെറ്റുകള്‍ക്ക് ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ ലോകത്തോട് മാപ്പ് പറഞ്ഞിരുന്നു. ഇതില്‍നിന്ന് മുന്നോട്ടുപോയി, വര്‍ത്തമാനകാലത്തെ ശുദ്ധീകരിക്കുക എന്ന ദൗത്യമാണ് ഫ്രാന്‍സിസ് പാപ്പ ഏറ്റെടുത്തിരിക്കുന്നത്. വരുന്ന വര്‍ഷം ആദ്യമാസങ്ങളില്‍ ഇതിന്റെ ഭാഗമായ ആലോചനകള്‍ റോമില്‍ നടക്കുന്നുണ്ട്. നൂറ്റാണ്ടുകളുടെ കരിമ്പടം പുതച്ച് കിടക്കുന്ന കാര്യങ്ങളാണ് തിരുത്തേണ്ടിവരിക. ലോകത്തിന്റെ പ്രകാശമായി സഭ മാറുക ഈ കരിമ്പടങ്ങള്‍ എടുത്തുമാറ്റുമ്പോഴാണ്. ആഗോളവല്‍ക്കരണവും നവഉദാരവല്‍ക്കരണവും വിനാശം വിതച്ച ലോകത്തിന്റെ വിമോചനത്തിനായി നടക്കുന്ന പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് പാപ്പയുടെ ഈ നിലപാടുകള്‍-ആര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും.

*
സാജന്‍ എവുജിന്‍

ജനാധിപത്യം പൂക്കാത്ത ഈജിപ്ത്

അറബ്വസന്തത്തിന്റെ ചെലവില്‍ ഭരണം പിടിച്ച മുസ്ലിം ബ്രദര്‍ഹുഡ് സ്വന്തം ചെയ്തികളിലൂടെ ഭീകരസംഘടനയെന്ന പേര് നേടിയെടുത്തപ്പോള്‍ ഈജിപ്തിന്റെ ജനാധിപത്യമോഹം എങ്ങുമെത്താതെ വഴിവക്കിലാണ്. ജനാധിപത്യത്തിന്റെ വസന്തത്തിനായുള്ള ഈജിപ്ഷ്യന്‍ ജനതയുടെ കാത്തിരിപ്പും പരിശ്രമവും തുടരുകയാണ്. ജനകീയപ്രക്ഷോഭത്തില്‍ ഹോസ്നി മുബാറക് സ്ഥാനഭ്രഷ്ടനായശേഷം പ്രസിഡന്റുപദത്തില്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ മുര്‍സിയെ കഴിഞ്ഞ ജൂലൈ മൂന്നിന് സൈന്യം പുറത്താക്കി. ഇതിനെതിരെ ബ്രദര്‍ഹുഡ് ആരംഭിച്ച പ്രതിഷേധം കലാപമായി മാറി. മുര്‍സി പിന്തുടര്‍ന്ന ജനാധിപത്യവിരുദ്ധ നിലപാടും ബ്രദര്‍ഹുഡിന്റെ മതാധിഷ്ഠിത ഭരണത്തിനുള്ള നീക്കവും ജനരോഷത്തിനിടയാക്കി. ബ്രദര്‍ഹുഡിന് മേല്‍ക്കൈയുള്ള നിയമനിര്‍മാണസഭയും ഭരണഘടനാ നിര്‍മാണസമിതിയും ഭരണഘടനാവിരുദ്ധമായാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് പരമോന്നത കോടതി വിധിച്ചതോടെ രാഷ്ട്രീയപ്രതിസന്ധി രൂക്ഷമായി. ജനകീയപ്രക്ഷോഭം ഈജിപ്തിനെ ഇളക്കിമറിച്ചു. ജനഹിതം മനസ്സിലാക്കി പ്രശ്നം പരിഹരിക്കാന്‍ സമയം അനുവദിച്ചെങ്കിലും മുര്‍സി അതിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭത്തിന് അനുകൂല നിലപാട് സൈന്യം സ്വീകരിച്ചത്. ഇടക്കാല സര്‍ക്കാരില്‍ ചേരാനും ആറുമാസത്തിനകം നടക്കാനിരിക്കുന്ന പുതിയ തെരഞ്ഞെടുപ്പില്‍ പങ്കാളിയാകാനുമുള്ള ക്ഷണം നിരസിച്ച് ബ്രദര്‍ഹുഡ് കലാപം തുടരുകയാണ്.

സമാധാനം നഷ്ടമായ ഈജിപ്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവന്നു. ജനുവരി 14നും 15നും പുതിയ ഭരണഘടനയ്ക്കായി ഹിതപരിശോധന നടത്തുമെന്നാണ് ഇടക്കാല സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 2014 പകുതിയോടെ പാര്‍ലമെന്റ്- പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തും. വീണ്ടും തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസംവിധാനം രൂപീകരിക്കാനുള്ള ശ്രമത്തെ തകിടംമറിക്കാന്‍ ബ്രദര്‍ഹുഡ് ശക്തികേന്ദ്രങ്ങളില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള പുറപ്പാടിലാണ്. കഴിഞ്ഞദിവസം പൊലീസ് ആസ്ഥാനത്തിനുനേരെ ബ്രദര്‍ഹുഡിന്റെ ബോംബാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്നാണ് പ്രധാനമന്ത്രി ഹസേം ബബ്ലാവി ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചത്.

ഒടുവില്‍ മാലദ്വീപില്‍ യാമീന്‍

രണ്ടുവര്‍ഷത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ മാലദ്വീപിന്റെ ആറാമാത്തെ പ്രസിഡന്റായി അബ്ദുള്ള യാമീന്‍ നവംബര്‍ 17ന് അധികാരമേറ്റു. വൈസ്പ്രസിഡന്റായി മുഹമ്മദ് ജമീലും സ്ഥാനമേറ്റു. മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെയാണ് പരാജയപ്പെടുത്തിയാണ് മൂന്ന് പതിറ്റാണ്ട് ദ്വീപിന്റെ ഭരണം നയിച്ച മൗമൂണ്‍ അബ്ദുള്‍ഗയൂമിന്റെ അര്‍ധസഹോദരനായ യാമീന്‍ (54) പ്രസിഡന്റ് പദവിയിലെത്തിയത്. ലോകരാജ്യങ്ങളില്‍നിന്നുള്ള സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തില്‍ മുഹമ്മദ് വഹീദ് ഹസന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. മാലദ്വീപില്‍ ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായ മുഹമ്മദ് നഷീദിനെ സൈന്യവും പൊലീസും ചേര്‍ന്ന് നാടകീയമായി രാജിവയ്പിച്ച 2012 ഫെബ്രുവരി മുതല്‍ നിലനിന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥക്കാണ് പരിഹാരമായത്. നഷീദിന്റെ വൈസ്പ്രസിഡന്റായിരുന്ന വഹീദാണ് അദ്ദേഹത്തെ പുറത്താക്കിയശേഷം പ്രസിഡന്റായത്. പുതിയ തെരഞ്ഞെടുപ്പിനായി നഷീദിന്റെ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ടി പ്രക്ഷോഭത്തിലായിരുന്നു. എന്നാല്‍, അദ്ദേഹം വീണ്ടും അധികാരത്തിലെത്തുമെന്ന ഘട്ടത്തില്‍ കോടതി ഇടപെടലുണ്ടായത് ദ്വീപിന്റെ ജനാധിപത്യത്തെ തന്നെ പ്രതിസന്ധിയിലാക്കി. സെപ്തംബര്‍ ഏഴിന് നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ 45 ശതമാനം വോട്ടുനേടിയ നഷീദായിരുന്നു ഒന്നാമത്. ഇത് റദ്ദാക്കിയ സുപ്രീംകോടതി സെപ്തംബര്‍ 28ന് നടക്കാനിരുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പ് തടഞ്ഞു.

ലോകരാഷ്ട്രങ്ങളും ഇറാനുമായി ധാരണ

പാശ്ചാത്യ വെല്ലുവിളികളെ ധീരതയോടെ എതിര്‍ത്തുനിന്ന ഇറാനുമായി താല്‍ക്കാലികമായെങ്കിലും ധാരണയിലെത്താന്‍ പാശ്ചാത്യ രാഷ്ട്രങ്ങള്‍ തയാറായത് 2013ലെ പ്രധാനവാര്‍ത്തകളില്‍ ഒന്നായി. വര്‍ഷങ്ങളായി തുടരുന്ന യുറേനിയം സമ്പുഷ്ടീകരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഇറാന്‍ തീരുമാനമെടുത്തു.

ആണവോര്‍ജനിലയങ്ങളിലെ പരിശോധനക്ക് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ (ഐഎഇഎ) പരിശോധകരെ ഇറാന്‍ ക്ഷണിച്ചതും വലിയ വാര്‍ത്തയായി. എന്നാല്‍, കരാറിന് വിരുദ്ധമായി ഉപരോധവുമായി മുന്നോട്ടുപോകാനുള്ള അമേരിക്കന്‍തീരുമാനത്തില്‍ പ്രതിഷേധിച്ച് ലോകരാഷ്ട്രങ്ങളുമായുള്ള ആണവചര്‍ച്ചയില്‍നിന്ന് ഇറാന്‍ പിന്മാറി. നിരവധി കമ്പനികളെയും സംരംഭകരെയും കരിമ്പട്ടികയില്‍പെടുത്തിയ അമേരിക്കയുടെ നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. ഉപരോധത്തില്‍ ഇളവ് വരുത്താമെന്ന അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ ഉറപ്പിന്മേലാണ് യുറേനിയം സമ്പുഷ്ടീകരണം താല്‍ക്കാലികമായി നിര്‍ത്താന്‍ ഇറാന്‍ ജനീവചര്‍ച്ചയില്‍ സമ്മതിച്ചത്.

യുഎന്‍ രക്ഷാസമിതി സ്ഥിരാംഗങ്ങളായ അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയുടെയും ജര്‍മനിയുടെയും പ്രതിനിധികളുമായാണ് ഇറാന്‍ ധാരണയില്‍ എത്തിയത്. അഞ്ചു ശതമാനത്തിനപ്പുറമുള്ള യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കണമെന്നാണ് ധാരണ. ഇതിനു പകരമായി ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തികമടക്കമുള്ള ഉപരോധങ്ങളില്‍ ഇളവ് അനുവദിക്കാമെന്ന് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. പാശ്ചാത്യചേരിയുടെ നീക്കങ്ങള്‍ ഇറാനുമായുള്ള ഒത്തുതീര്‍പ്പിനെ അട്ടിമറിക്കുമോയെന്നാണ് ആശങ്ക.

ആരും ഭരിക്കാത്ത നേപ്പാള്‍

നേപ്പാളില്‍ ഭരണഘടനാ നിര്‍മാണസഭയിലേക്കുള്ള തെരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോള്‍ ഒരു കക്ഷിക്കും കേവലഭൂരിപക്ഷം ലഭിക്കാത്തത് ജനാധിപത്യത്തിന്റെ ഭാവി ആശങ്കയിലാക്കി. 601 അംഗ സഭയില്‍ 196 സീറ്റ് നേടിയ നേപ്പാളി കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 175 സീറ്റ് കരസ്ഥമാക്കിയ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ (യുണൈറ്റഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ്) രണ്ടാം സ്ഥാനത്തെത്തി. വന്‍ തിരിച്ചടി നേരിട്ട പ്രചണ്ഡയുടെ യുസിപിഎന്‍ (മാവോയിസ്റ്റ്) 80 സീറ്റ് നേടി. മാവോയിസ്റ്റ് നേതാവ് പ്രചണ്ഡയും മകളും ദയനീയ തോല്‍വി ഏറ്റുവാങ്ങി.

2008ലെ തെരഞ്ഞെടുപ്പില്‍ പ്രചണ്ഡയുടെ യുസിപിഎന്‍ എം ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. നേപ്പാളി കോണ്‍ഗ്രസ് രണ്ടാമതും സിപിഎന്‍ യുഎംഎല്‍ മൂന്നാമതുമായിരുന്നു. ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന സാഹചര്യത്തില്‍ തര്‍ക്കം രൂക്ഷമായി തുടര്‍ന്നതോടെ ഭരണഘടന രൂപപ്പെടുത്തുകയെന്ന ദൗത്യം നിര്‍വഹിക്കുന്നതിന് കഴിഞ്ഞ സഭക്ക് കഴിഞ്ഞിരുന്നില്ല. ഇത്തവണയും ഒരു പാര്‍ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കിക്കാത്ത സാഹചര്യത്തില്‍ ജനാധിപത്യത്തിന്റെ ഭാവി ആശങ്കയിലായി. തെരഞ്ഞെടുപ്പില്‍ ഗൂഢാലോചനയും ക്രമക്കേടും ആരോപിച്ച മാവോയിസ്റ്റ് പാര്‍ടിയും കൂട്ടാളികളും ജനാധിപത്യപാതയില്‍നിന്ന് വ്യതിചലിക്കുമോയെന്നും ആശങ്കയുണ്ട്.

മംനൂണ്‍ ഹുസൈന്‍ പ്രസിഡന്റ്

പാകിസ്ഥാന്റെ 12-ാമത് പ്രസിഡന്റായി പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ വിശ്വസ്തന്‍ മംനൂണ്‍ ഹുസൈന്‍ വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. തെഹ്രീകെ ഇന്‍സാഫ് പാര്‍ടിയുടെ വജിയുദ്ദീന്‍ അഹ്മദിനെ വന്‍ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. ദേശീയ അസംബ്ലയിലും സെനറ്റിലും 277 എംപിമാര്‍ ഹുസൈനെ പിന്തുണച്ചു. 34 വോട്ടുമാത്രമാണ് അഹ്മദിന് ലഭിച്ചത്. ആഗ്രയില്‍ ജനിച്ച ഹുസൈന്‍ ഇന്ത്യാവിഭജനത്തെതുടര്‍ന്നാണ് 1947ല്‍ പാകിസ്ഥാനിലേക്ക് കുടിയേറിയത്. കറാച്ചിയിലെ പ്രമുഖ വ്യവസായിയായ അദ്ദേഹം 1999ല്‍ പഞ്ചാബ് പ്രവിശ്യാ ഗവര്‍ണറായിരുന്നു.

റഹീല്‍ സൈനിക മേധാവി

പാകിസ്ഥാന്റെ പുതിയ സൈനിക മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ റഹീല്‍ ഷെറീഫിനെ നിയോഗിച്ചു. അറുപത്തൊന്നുകാരനായ ജനറല്‍ പര്‍വേസ് കയാനിയുടെ പിന്‍ഗാമിയായാണ് റഹീല്‍ ഷെറീഫ് സൈന്യത്തിന്റെ ചുക്കാന്‍പിടിക്കുന്നത്. സീനിയോറിറ്റി മറികടന്നുള്ള ഈ നിയമനത്തില്‍ പ്രതിഷേധിച്ച് പാക്സൈന്യത്തിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് ജനറല്‍ ഹാറൂണ്‍ അസ്ലം രാജിവച്ചു.

തായ്ലന്‍ഡ് സംഘര്‍ഷഭരിതം

തായ്ലന്‍ഡില്‍ പ്രധാനമന്ത്രി യിങ്ലക് ഷിനവത്രയ്ക്കെതിരായ പ്രതിപക്ഷ പ്രക്ഷോഭം വര്‍ഷാന്ത്യത്തിലും തുടരുകയാണ്. പ്രക്ഷോഭം തണുപ്പിക്കാന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് ഫെബ്രുവരി രണ്ടിന് ഇടക്കാല തെരഞ്ഞെടുപ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ച പ്രതിപക്ഷം ഇടക്കാല പ്രധാനമന്ത്രിയായി യിങ്ലക് തുടരാന്‍ പാടില്ലെന്ന നിലപാടിലാണ്. ഇതോടെ ഇടക്കാല തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ തെരഞ്ഞെടുപ്പു കമീഷനും സര്‍ക്കാരിനോട് നിര്‍ദേശിച്ചു. 2006ല്‍ സൈനിക അട്ടിമറിയിലൂടെ പുറത്തായ തക്സിന്‍ ഷിനവത്രയുടെ സഹോദരിയാണ് നാല്‍പ്പത്താറുകാരിയായ യിങ്ലക്. 2008ല്‍ അഴിമതിക്കേസില്‍ തക്സിനെതിരായ കോടതിവിധി മറികടക്കാന്‍ പര്യാപ്തമായ പൊതുമാപ്പ് നല്‍കാന്‍ യിങ്ലക് കൊണ്ടുവന്ന ബില്ലാണ് പ്രതിപക്ഷത്തെ ഇളക്കിവിട്ടത്.

ബംഗ്ലാദേശ് കലുഷിതം

പ്രതിപക്ഷ പാര്‍ടികളുടെ അക്രമാസക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കലാപകലുഷമായ വര്‍ഷമാണ് ബംഗ്ലാദേശിന് കടന്നുപോകുന്നത്. 1971ലെ വിമോചനയുദ്ധകാലത്ത് രാജ്യത്തിനെതിരെ നടത്തിയ കുറ്റകൃത്യങ്ങള്‍ക്ക് ജമാഅത്തെ ഇസ്ലാമി നേതാവ് അബ്ദുള്‍ ഖാദര്‍ മൊല്ലയ്ക്ക് വധശിക്ഷ നല്‍കിയതോടെ ജമാഅത്തെ അക്രമം രൂക്ഷമായി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും ഷേഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കാനും ലക്ഷ്യമിട്ട് മുഖ്യപ്രതിപക്ഷകക്ഷിയായ ബിഎന്‍പി നടത്തുന്ന സമരവും അക്രമാസക്തമായി തുടരുകയാണ്. ഈ സഹാചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ സൈന്യത്തെ രംഗത്തിറക്കിയെന്ന വാര്‍ത്തയാണ് വര്‍ഷാന്ത്യത്തില്‍ ബംഗ്ലാദേശില്‍നിന്ന് വരുന്നത്. ജനുവരി അഞ്ചിനാണ് ബംഗ്ലാദേശില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഫിലിപ്പീന്‍സിനെ തകര്‍ത്ത് ഹായ്യാന്‍

ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റുകളിലൊന്ന് സംഹാരതാണ്ഡവമാടിയ ഫിലിപ്പീന്‍സിന്റെ തീരം ശ്മശാനഭൂമിയായി. പതിനായിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. സുനാമി കണക്കെ അലറിയടുത്ത കൂറ്റന്‍ തിരമാലകള്‍ ഫിലിപ്പീന്‍സിന്റെ തീരഗ്രാമങ്ങളെയും പ്രധാന പട്ടണത്തെയും ഒന്നാകെ വിഴുങ്ങി. ഹായ്യാന്‍ ചുഴലിക്കാറ്റ് കടന്നുപോയ ലെയ്തെ പ്രവിശ്യയുടെ 80 ശതമാനം പ്രദേശവും തകര്‍ന്നു. ലെയ്തെ തലസ്ഥാനമായ തക്ലോബന്‍ അക്ഷരാര്‍ഥത്തില്‍ ശവപ്പറമ്പായി. സമുദ്രനിരപ്പ് പൊടുന്നനെ കുതിച്ചുയര്‍ന്നതോടെ തീരത്തുനിന്ന് ഒരുകിലോമീറ്ററോളം അകലേക്ക് വെള്ളം ഇരച്ചുകയറി. കെട്ടിടങ്ങള്‍ തകര്‍ന്നും മണ്ണിടിച്ചിലിലും നിരവധിപേര്‍ മരിച്ചു. മണിക്കൂറില്‍ 313 കിലോമീറ്റര്‍വരെ വേഗത്തില്‍ തുടര്‍ച്ചയായി വീശിയ കാറ്റിന്റെ വേഗം ചില ഘട്ടങ്ങളില്‍ 500 കിലോമീറ്ററിലേറെയായി. ഏപ്രില്‍ 24 ന് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ എട്ടുനിലയുള്ള "റാണാപ്ലാസ" എന്ന വ്യാപാരകേന്ദ്രം തകര്‍ന്ന് നൂറോളം പേര്‍ മരിച്ചു. 700ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ജൂണ്‍ മൂന്നിന് ചൈനയിലെ പൗള്‍ട്രി ഫാമിലുണ്ടായ അഗ്നിബാധയില്‍ 119 പേര്‍ മരിച്ചു.

*
ദേശാഭിമാനി

കാലത്തിനൊപ്പം കുതിക്കുന്ന ചൈന

കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സ്വയം നവീകരിച്ച ചൈന വര്‍ധിത ഊര്‍ജത്തോടെ മുന്നേറുന്ന കാഴ്ചയാണ് കഴിഞ്ഞവര്‍ഷം ലോകത്തിന് സമ്മാനിച്ചത്. വിവിധ മേഖലകളില്‍ കാലാനുസൃതമായി നടപ്പാക്കേണ്ട സമഗ്രപരിഷ്കരണം സംബന്ധിച്ച പ്രധാന വിഷയങ്ങളില്‍ സുപ്രധാന തീരുമാനങ്ങള്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി കേന്ദ്രകമ്മിറ്റിയുടെ സമ്പൂര്‍ണയോഗം കൈക്കൊണ്ടു. രാജ്യത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി കൈക്കൊണ്ട സുപ്രധാന പരിഷ്കരണതീരുമാനങ്ങള്‍ രാജ്യത്തിനൊപ്പം ലോകവും ഏറെ ശ്രദ്ധയോടെയാണ് ശ്രവിച്ചത്. സുപ്രധാന മേഖലകളില്‍ കാലാനുസൃത മാറ്റങ്ങള്‍ക്കാണ് നിര്‍ദേശം. 1978ല്‍ ദെങ് സിയാവോ പിങ്ങിന്റെ നേതൃത്വത്തില്‍ സിപിസി തുടക്കമിട്ട പരിഷ്കരണനടപടിയുടെ തുടര്‍ച്ചയാണിത്. ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തിയായി ഉയര്‍ന്ന ചൈനയ്ക്ക് ഒന്നാംസ്ഥാനത്തെത്താനുള്ള കുതിപ്പിന് ഇപ്പോഴത്തെ പരിഷ്കരണതീരുമാനങ്ങള്‍ കരുത്താകുമെന്ന് പാര്‍ടി വിലയിരുത്തുന്നു.
ചൈനീസ് സവിശേഷതകളുള്ള സോഷ്യലിസ്റ്റ് വ്യവസ്ഥ മുറുകെപ്പിടിച്ചാണ് പുതുയുഗത്തില്‍ രാജ്യത്തെ സജ്ജമാക്കാനുള്ള പരിഷ്കാരങ്ങള്‍. വിഭവങ്ങളുടെ വിതരണത്തില്‍ കമ്പോളത്തിന് നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുന്നതരത്തില്‍ സാമ്പത്തികപരിഷ്കരണം ആഴത്തിലാക്കുമെന്ന് സിപിസി 18-ാം കേന്ദ്രകമ്മിറ്റിയുടെ മൂന്നാം സമ്പൂര്‍ണസമ്മേളനത്തിനുശേഷം പാര്‍ടി വ്യക്തമാക്കി. ഗ്രാമവാസികള്‍ക്ക് രാജ്യവികസനത്തില്‍ തുല്യ പങ്കാളിത്തം ഉറപ്പാക്കാന്‍ നഗര- ഗ്രാമ ബന്ധത്തില്‍ പുതിയ തുടക്കത്തിന് യോഗം ആഹ്വാനംചെയ്തു. വ്യവസായം സ്വതന്ത്രമായി നടത്താന്‍ അനുവദിക്കുമെങ്കിലും ശക്തമായ മേല്‍നോട്ടമുണ്ടാകും. പരസ്പരമത്സരം മാന്യവും ആരോഗ്യകരവുമാക്കി മാറ്റും. ഉപഭോക്താക്കള്‍ക്കും ഇത് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും. സുതാര്യവും സുവ്യക്തവുമായ നിയമങ്ങള്‍വഴി കമ്പോളത്തിലെ വിലനിര്‍ണയരീതി മെച്ചപ്പെടുത്തുമെന്നും പാര്‍ടി കമ്യൂണിക്കേയില്‍ വ്യക്തമാക്കി.

വിവിധ മേഖലകളില്‍ ചൈനയുടെ മുന്നേറ്റം ലോകത്തിന് തിരിച്ചറിവാകുകയാണ്. തുടര്‍ച്ചയായ പത്താംവര്‍ഷവും ചൈനയുടെ ഭക്ഷ്യധാന്യോല്‍പ്പാദനം വര്‍ധിച്ചു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 2.1 ശതമാനം വര്‍ധിച്ച് 60.194 കോടി ടണ്ണാണ് ഇത്തവണ ചൈനയുടെ മൊത്തം ധാന്യോല്‍പ്പാദനം. 11.195 കോടി ഹെക്ടറിലാണ് ഇത്തവണ ധാന്യക്കൃഷി. കാര്‍ഷിക സബ്സിഡികള്‍ കൂടുതല്‍ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2006 മുതല്‍ കാര്‍ഷികവിളകള്‍ക്ക് ചൈന മിനിമംവില ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുന്നു. ഇതുകാരണം വിലയിടിവെന്ന ദുരന്ത പ്രത്യാഘാതം കര്‍ഷകരെ ബാധിക്കാറില്ല. നിശ്ചയിച്ചിരിക്കുന്ന വിലയില്‍നിന്ന് കമ്പോളവില താഴ്ന്നാല്‍ സര്‍ക്കാര്‍ സംഭരണിയിലേക്ക് നെല്ലും ഗോതമ്പും അധികൃതര്‍ നേരിട്ട് സ്വീകരിക്കും. കീടങ്ങളെ ചെറുക്കാന്‍ ആധുനിക സാങ്കേതികവിദ്യ നടപ്പാക്കാനും വരള്‍ച്ചയെ തടുക്കാനും കോടിക്കണക്കിന് രൂപയാണ് സബ്സിഡിയായി സര്‍ക്കാര്‍ ചെലവഴിച്ചത്. ഗ്രാമീണമേഖലയിലെ സര്‍ക്കാര്‍ അധീനതയിലുള്ള ഭൂമി കര്‍ഷകസംഘങ്ങള്‍ക്ക് വിട്ടുകൊടുത്തും കര്‍ഷകര്‍ക്ക് കൂടുതല്‍ സബ്സിഡി നല്‍കിയുമാണ് ചൈനീസ് സര്‍ക്കാര്‍ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നത്.

ബഹിരാകാശരംഗത്തും ചൈനയുടെ സാന്നിധ്യം ശ്രദ്ധേയമായി. ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ദൗത്യവും ചൈന വീണ്ടും ഏറ്റെടുക്കുന്നു. 2012ല്‍ ഷെന്‍ഷൂ-9 പേടകത്തിലാണ് ചൈന ആദ്യമായി മനുഷ്യരെ ബഹിരാകാശത്ത് എത്തിച്ചത്. ലിയു യാങ് എന്ന വനിതയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. അമേരിക്കയും റഷ്യയും സംയുക്തമായി പ്രവര്‍ത്തിപ്പിക്കുന്ന മിര്‍ ബഹിരാകാശനിലയം 2020ല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും. ഈ സമയത്ത് തങ്ങളുടെ നിലയം സജ്ജമാക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ചന്ദ്രനിലേക്കുള്ള ബഹിരാകാശപേടകം ചൈന ഈവര്‍ഷം വിക്ഷേപിച്ചു. ചന്ദ്രനില്‍ ഇറങ്ങി വിവരങ്ങള്‍ ശേഖരിക്കാനുള്ള റോബോട്ടിക് റോവറും ടെലിസ്കോപ്പും മറ്റും അടങ്ങുന്നതാണ് പേടകം. ബഹിരാകാശരംഗത്ത് ഇന്ത്യയുമായി സഹകരിക്കാന്‍ സന്നദ്ധമാണെന്ന് ചൈന വ്യക്തമാക്കി. സ്ഥലത്തിനും വീടിനും മറ്റും വില ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വീടുകള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി അടുത്തവര്‍ഷം 60 ലക്ഷം വീടുകൂടി നിര്‍മിക്കാന്‍ ചൈന തീരുമാനിച്ചു. ഈവര്‍ഷം 63 ലക്ഷം വീടിനാണ് പദ്ധതിയിട്ടതെങ്കിലും ഇത് 67 ലക്ഷമായി ഉയര്‍ന്നു.

*
ദേശാഭിമാനി

Saturday, December 28, 2013

പിടിക്കപ്പെട്ട ആഗോളചാരന്‍

അമേരിക്ക അടച്ചിട്ടു

ലോകയജമാനന്‍ ചമയുന്ന അമേരിക്ക സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നടങ്കം ഒക്ടോബര്‍ ഒന്നുമുതല്‍ 16 ദിവസം അടച്ചിട്ടു. ലോകജനത അവിശ്വസനീയമായ തിരിച്ചറിവോടെ ആ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടു. 17 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയിലൂടെയാണ് അമേരിക്ക ഈവര്‍ഷം കടന്നുപോയത്. അത്യാവശ്യമേഖല ഒഴികെ എല്ലാ സംവിധാനങ്ങളും അടച്ചിട്ട് സര്‍ക്കാര്‍തന്നെ ബന്ദാചരിച്ച ദിനങ്ങള്‍ അമേരിക്കക്കാര്‍ക്ക് ധനപ്രതിസന്ധിയുടെ വ്യാപ്തി ബോധ്യപ്പെടുത്തി. എട്ടുലക്ഷം ഫെഡറല്‍ ഉദ്യോഗസ്ഥര്‍ ശമ്പളമില്ലാതെ രണ്ടാഴ്ചയിലേറെ വീട്ടിലിരിക്കേണ്ടിവന്നു. ഊര്‍ജോല്‍പ്പാദനം പ്രതിസന്ധിയിലായി. മ്യൂസിയങ്ങളും വിനോദകേന്ദ്രങ്ങളും പൂട്ടി. വൃത്തിയാക്കാനാളില്ലാതെ തെരുവുകള്‍ മാലിന്യക്കൂമ്പാരമായി. വിവാഹങ്ങള്‍ കൂട്ടത്തോടെ മാറ്റിവയ്ക്കപ്പെട്ടു. വാണിജ്യമേഖല സ്തംഭിച്ചു. ചാരപ്പണിയും പൊലീസും ഒഴിച്ചുള്ള സമസ്തമേഖലയിലും ജീവനക്കാരെ സര്‍ക്കാര്‍ ശമ്പളമില്ലാത്ത അവധി നല്‍കി വീട്ടിലിരുത്തി.

ഡെമോക്രാറ്റിക് പാര്‍ടി നേതാവായ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ഒക്ടോബര്‍ ഒന്നിനുമുമ്പ് ബജറ്റ് പാസാക്കാന്‍ കഴിയാത്തതാണ് ബജറ്റ്സ്തംഭനം എന്ന അപൂര്‍വ പ്രതിസന്ധിക്ക് കാരണമായത്. ഒബാമയുടെ ഏറ്റവും പ്രിയപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് പരിപാടിയെ ചൊല്ലി റിപ്പബ്ലിക്കന്‍ പാര്‍ടിയുമായുള്ള തര്‍ക്കമാണ് ഇതിനു വഴിവച്ചത്. അമേരിക്കയുടെ 16.7 ലക്ഷം കോടി ഡോളറിന്റെ വായ്പാപരിധി ഒക്ടോബര്‍ 17ന് മുമ്പ് ഉയര്‍ത്തിയില്ലെങ്കില്‍ രാജ്യം സാങ്കേതികമായി പാപ്പരാകും എന്ന അവസ്ഥകൂടി രൂപപ്പെട്ടതോടെ ഒബാമ ഭരണകാലത്തെ ഏറ്റവും വലിയ പതിസന്ധിയാണ് നേരിട്ടത്. ഒക്ടോബര്‍ 16 അര്‍ധരാത്രി രാജ്യം പാപ്പരാകാന്‍ മണിക്കൂറുകള്‍മാത്രം ശേഷിക്കെ, കടുംപിടിത്തം ഉപേക്ഷിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ടി തയ്യാറായതോടെ വന്‍ പ്രതിസന്ധിയില്‍നിന്ന് അമേരിക്ക രക്ഷപ്പെട്ടു. പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായെങ്കിലും പുതുവര്‍ഷത്തില്‍ ഒബാമയ്ക്ക് വീണ്ടും പ്രതിസന്ധി അഭിമുഖീകരിക്കേണ്ടിവരും.

പിടിക്കപ്പെട്ട ആഗോളചാരന്‍

ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് ഏറ്റുവാങ്ങി അമേരിക്ക തലകുനിച്ച് നിന്നത് ഈവര്‍ഷമാണ്. ലോകമെമ്പാടുമുള്ള ഇ-മെയിലുകളും മൊബൈലുകളും ടെലിഫോണുകളും ഇന്റനെറ്റ് വഴിയുള്ള സന്ദേശങ്ങളും അമേരിക്കന്‍ ദേശീയ രഹസ്യാന്വേഷണ ഏജന്‍സി ശേഖരിച്ച് നിരീക്ഷിക്കുന്നു എന്ന വിവരം ലോകം ഞെട്ടലോടെ തിരിച്ചറിഞ്ഞപ്പോള്‍ അമേരിക്കന്‍ മുഖംമൂടി അഴിഞ്ഞുവീണു. ജൂണ്‍ അഞ്ചിനും ആറിനുമാണ് ഗാര്‍ഡിയന്‍ ദിനപത്രം സ്ഫോടനാത്മകമായ വര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. "പ്രിസം" എന്ന് പേരിട്ട രഹസ്യപദ്ധതിയിലൂടെ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ്എ) ലോകത്തിലെ ആധുനികമായ എല്ലാ സാങ്കേതികവിദ്യയും ഉപയോഗിച്ചുള്ള എല്ലാ ആശയവിനിമയവും ചോര്‍ത്തി ശേഖരിക്കുകയും ആവശ്യത്തിനായി വിനിയോഗിക്കുകയും ചെയ്യുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. ജൂണ്‍ ഒമ്പതിന് വാര്‍ത്ത പുറത്തുവിട്ട വ്യക്തിയെയും ഗാര്‍ഡിയന്‍ ലോകത്തിന് വെളിപ്പെടുത്തി. സിഐഐയുടെ കംപ്യൂട്ടര്‍ജോലികള്‍ ചെയ്യാന്‍ നിയോഗിക്കപ്പെട്ട സ്വകാര്യ കമ്പനിയുടെ കരാര്‍ജീവനക്കാരനായ അമേരിക്കന്‍ പൗരന്‍ എഡ്വേഡ് സ്നോഡെന്‍.

ബിന്‍ലാദനുശേഷം ഒരു വ്യക്തിക്കായി അമേരിക്ക നടത്തുന്ന ഏറ്റവും ദാരുണമായ വേട്ടയാടലിനാണ് പിന്നീട് സ്നോഡെന്‍ വിധേയനായത്. അമേരിക്കയില്‍നിന്ന് ഹോങ്കോങ്ങിലേക്ക് രക്ഷപ്പെട്ട സ്നോഡെന് മോസ്കോയിലെ ഷെറമത്യോവ് വിമാനത്താവളത്തിന്റെ ട്രാന്‍സിറ്റ് മേഖലയില്‍ ഒരുമാസത്തോളം ചാരക്കണ്ണുകളെ വെട്ടിച്ച് ഒളിവില്‍ കഴിയേണ്ടി വന്നു. എല്ലാ നയതന്ത്രസമ്മര്‍ദവും അതിജീവിച്ച് ആഗസ്ത് ഒന്നിന് റഷ്യ അദ്ദേഹത്തിന് അഭയം നല്‍കി. സ്നോഡെന്‍ വേട്ടയുടെ ഭാഗമായി ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലിസിന്റെ വിമാനത്തിന് ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശനം നിഷേധിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കി. ഇപ്പോള്‍ റഷ്യയില്‍ കഴിയുന്ന സ്നോഡെന്‍ രാജ്യത്തിന് പുറത്തു കടക്കുന്നതും കാത്തിരിക്കുകയാണ് യുഎസ് ചാരക്കണ്ണുകള്‍.

ആധുനിക വിവരസങ്കേതികവിദ്യ ലോകാധിപത്യത്തിനായി അമേരിക്ക എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിന്റെ ഉത്തമോദാഹരണമായിരുന്നു പ്രിസംപദ്ധതി. ഗൂഗിള്‍, വെറിസോണ്‍, എടി ആന്‍ഡ് ടി, മൈക്രോസോഫ്റ്റ്, യാഹു, ആപ്പിള്‍, ഫേസ്ബുക് തുടങ്ങിയ ഐടി ഭീമന്മാര്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ വെറും ഉപകരണങ്ങളാണെന്ന് സ്നോഡെന്‍ ലോകത്തിന് ബോധ്യപ്പെടുത്തി. ആഗോള ചാരപ്പണിക്ക് തങ്ങളും ഇരയായെന്ന തിരിച്ചറിവില്‍നിന്ന് ഉടലെടുത്ത യൂറോപ്യന്‍ രാജ്യങ്ങളുടെ രോഷം അമേരിക്കയ്ക്കെതിരെ ആഞ്ഞടിച്ചു. യൂറോപ്പിലെ ഏറ്റവും പ്രധാന ശക്തിയായ ജര്‍മനിയുടെ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ അടക്കം 45 രാഷ്ട്രനേതാക്കളുടെ മൊബൈല്‍ഫോണും വര്‍ഷങ്ങളോളം അമേരിക്കന്‍ ദേശീയ അന്വേഷണ ഏജന്‍സി ചോര്‍ത്തിയെന്ന് തെളിഞ്ഞു. സ്പെയിനില്‍നിന്ന് ഒരു മാസത്തിനിടെ ആറു കോടി ഫോണ്‍കോള്‍ യുഎസ് ചോര്‍ത്തി. അമേരിക്കയുടെ നടപടി വിശ്വാസവഞ്ചനയാണെന്ന് ബ്രസല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ (ഇയു) ഉച്ചകോടിയില്‍ രാഷ്ട്രനേതാക്കള്‍ വിമര്‍ശമുയര്‍ത്തി. ഫ്രാന്‍സും ജര്‍മനിയും അമേരിക്കയോട് വിശദീകരണം തേടി. ബ്രസീലും ജര്‍മനിയും അടക്കമുള്ള രാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍ പ്രമേയം കൊണ്ടുവന്നു. അമേരിക്കന്‍ ചാരപ്പണിയുടെ പ്രധാന ലക്ഷ്യകേന്ദങ്ങളിലൊന്നായ ഇന്ത്യ അമേരിക്കയ്ക്ക് എതിരെ ചെറുവിരല്‍പോലും അനക്കിയില്ല. ഇന്റര്‍നെറ്റ് കമ്പനികള്‍വഴി 630 കോടി വസ്തുതകളാണ് ഇന്ത്യയില്‍നിന്നുമാത്രം എന്‍എസ്എ ശേഖരിച്ചത്.

*
ദേശാഭിമാനി

ഷാവേസിന്റെ സ്വപ്നത്തിലുറച്ച് ലാറ്റിനമേരിക്ക

പോരാട്ടത്തിന്റെ കുന്തമുനയും സംരക്ഷണത്തിന്റെ തണല്‍മരവുമായിരുന്ന ഹ്യൂഗോ ഷാവേസിന്റെ ലോകമാണ് ഇന്ന് ലാറ്റിനമേരിക്ക. ഷാവേസിന്റെ സ്വപ്നം അദ്ദേഹത്തിന്റെ വേര്‍പാടോടെ അവസാനിക്കുന്നില്ല. ഒരു ചരടില്‍ കോര്‍ത്ത മുത്തുകള്‍ കണക്കേ തെക്കനമേരിക്കന്‍ രാജ്യങ്ങളെ ഒറ്റക്കെട്ടായി നിലനിര്‍ത്താനുള്ള ശ്രമം ഷാവേസിന്റെ വേര്‍പാടോടെ അസ്തമിക്കുമെന്ന സാമ്രാജ്യത്വമോഹം പാഴ്ക്കിനാവാണെന്ന് ഇതിനകം വ്യക്തമായിരിക്കുന്നു. ഷാവേസിന്റെ സാന്നിദ്ധ്യത്തേക്കാള്‍ ശക്തിപകരാന്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് കഴിയുമെന്ന് ലാറ്റിനമേരിക്കയിലെ ജനങ്ങളും ഭരണാധികാരികളും ലോകത്തോട് വിളിച്ചുപറയുന്നു. ക്യൂബക്കും വെനസ്വേലക്കും പിന്നാലെ ലാറ്റിനമേരിക്കയുടെ മറ്റ് നാടുകളും കൂടുതല്‍ ചുവക്കുകയാണ്. ബൊളീവിയയില്‍ ഇവോ മെറാലിസും നിക്കരാഗ്വയില്‍ ഡാനിയല്‍ ഒര്‍ട്ടേഗയും ഇക്വഡോറില്‍ റാഫേല്‍ കൊറീയയും ഷാവേസിന്റെ പ്രതിപുരുഷന്മാരാകുന്നു. ബ്രസീലും അര്‍ജന്റീനയും ചിലിയും അടക്കമുള്ള മറ്റ് രാജ്യങ്ങളും ഇടതുപക്ഷമുന്നേറ്റത്തിനൊപ്പം തന്നെ. തന്റെ അഭാവത്തില്‍ ജനങ്ങളെ നയിക്കാന്‍ ഷാവേസ് നിര്‍ദ്ദേശിച്ച നിക്കോളസ് മഡുറോയെ വെനസ്വേലന്‍ ജനതയും ലാറ്റിനമേരിക്കയും ഹൃദയത്തിലേറ്റിയതാണ് പിന്നിടുന്ന വര്‍ഷത്തെ മനോഹരമായ നിമിഷങ്ങളിലൊന്ന്.

അമേരിക്കയും കൂട്ടാളികളും അംഗീകരിച്ചില്ലെങ്കിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ സമ്പൂര്‍ണ പിന്തുണയോടെയാണ് വെനസ്വേലയുടെ പ്രസിഡന്റായി നിക്കോളസ് മഡുറോ അധികാരമേറ്റത്. അമ്പതുകാരനായ മഡുറോ ചെറുപ്രായത്തില്‍ തന്നെ സോഷ്യലിസ്റ്റ് ലീഗില്‍ അംഗമായി പൊതുരംഗത്തുണ്ട്. ബസ് ഡ്രൈവറായിരുന്ന അദ്ദേഹം തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെയാണ് ഉയര്‍ന്നുവന്നത്. ഏപ്രില്‍ 14ന് നടന്ന തെരഞ്ഞെടുപ്പില്‍ 2.67 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മഡുറോ വിജയിച്ചത്. ഇത് അംഗീകരിക്കാത്ത പ്രതിപക്ഷം നടത്തിയ അക്രമത്തില്‍ എട്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ജനവിധി അട്ടിമറിക്കാന്‍ അമേരിക്കയടക്കമുള്ള പാശ്ചാത്യശക്തികള്‍ നടത്തുന്ന ശ്രമങ്ങളെ അതിജീവിച്ചാണ് വെനസ്വേലന്‍ ജനത ഷാവേസിന്റെ ബൊളിവാറിയന്‍ സോഷ്യലിസ്റ്റ് വിപ്ലവപാതയില്‍ ഉറച്ചുനിന്നത്. ലാറ്റിനമേരിക്കന്‍ കൂട്ടായ്മ (ഉനസുര്‍) മഡുറോക്കും വെനസ്വേലന്‍ ജനതയ്ക്കും സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. പ്രതിപക്ഷം അക്രമത്തിലേക്ക് നീങ്ങിയെങ്കിലും നൂറു ശതമാനം വോട്ടും ഓഡിറ്റ് ചെയ്യണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതോടെ അവര്‍ക്ക് ഉത്തരംമുട്ടി. വോട്ടുകള്‍ വീണ്ടും പരിശോധിക്കണമെന്ന പ്രതിപക്ഷ സ്ഥാനാര്‍ഥി ഹെന്‍റിക് കാപ്രിലെസിന്റെ ആവശ്യത്തെ മഡുറോ ഒരു ഘട്ടത്തിലും എതിര്‍ത്തിരുന്നില്ല. പ്രതിപക്ഷത്തിന്റെ സംശയനിവൃത്തിക്ക് ഏത് തരത്തിലും സഹകരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

രാജ്യത്ത് സാമ്പത്തിക അട്ടിമറിക്കുള്ള സാമ്രാജ്യത്ത്വ-വലതുപക്ഷ ശക്തികളുടെ കുതന്ത്രങ്ങളെ നേരിടാന്‍ സുസജ്ജമായ പദ്ധതികള്‍ ആവിഷ്കരിച്ചാണ് വെനസ്വേല മുന്നേറുന്നത്. ഒരുവര്‍ഷത്തേക്ക് പ്രരിസഡന്റ് നിക്കോളസ് മഡൂറോക്ക് പ്രത്യേക അധികാരം നല്‍കുന്ന ബില്‍ പാര്‍ലമെന്റ് പാസാക്കി. കച്ചവടക്കാരുടെയും വ്യവസായികളുടെയും മറ്റും ലാഭം 15 ശതമാനം മുതല്‍ 30 ശതമാനം വരെയായി നിജപ്പെടുത്തുതാണ് മഡുറോയുടെ ആദ്യ ഉത്തരവ്. വെനസ്വേലയിലെ ഡോളര്‍ വില്‍പ്പന നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുന്നതാണ് മറ്റൊന്ന്. കള്ളപ്പണക്കാരുടെയും ഊഹക്കച്ചവടക്കാരുടെയും കുത്തിനുപിടിക്കാന്‍ ആവശ്യമായ നിയമങ്ങള്‍ യഥാസമയം പാസാക്കണമെന്ന് ഷാവേസ് നിര്‍ദ്ദേശിച്ചിരുന്നു. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും അവസാനിപ്പിക്കാന്‍ നിരവധി നടപടികള്‍ വെനസ്വേലന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിതരണം അട്ടിമറിച്ച് രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കാനുള്ള ആസൂത്രിതനീക്കം യഥാസമയം കണ്ടെത്താനും തടയാനും ദേശീയതലത്തില്‍ സമിതിയെ നിയോഗിച്ചു. ക്രമക്കേട് കാട്ടിയ നൂറിലേറെ വ്യവസായികളെ അറസ്റ്റ്ചെയ്യുകയും സാധനങ്ങള്‍ പിടിച്ചെടുക്കുകയുംചെയ്തു.

*
ദേശാഭിമാനി

മോഡിയുടെ മുതലക്കണ്ണീര്‍

ഒടുവില്‍ നരേന്ദ്രമോഡി മുതലക്കണ്ണീര്‍ പൊഴിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ചെയ്തുകൂട്ടിയ പാതകങ്ങളെല്ലാം ഒരു ഖേദപ്രകടനത്തില്‍ മൂടിവയ്ക്കാമെന്ന വ്യാമോഹത്തോടെ അന്വേഷണ റിപ്പോര്‍ട്ട് പടച്ചുണ്ടാക്കി അതിന്മേല്‍ കോടതിവിധി വാങ്ങി താന്‍ നിരപരാധിയാണെന്നു വിളിച്ചുകൂവി ഒരപഹാസ്യ നാടകം. വര്‍ഗീയതയുടെ ഭീകരസ്വരൂപത്തെ കെട്ടഴിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാമെന്ന വ്യാമോഹം ഫലിക്കില്ല എന്ന തിരിച്ചറിവില്‍നിന്നാണ് മോഡിയുടെ പുതിയ നാടകങ്ങള്‍.

ഗുജറാത്ത് വംശഹത്യയില്‍ മോഡിയുടെ പങ്ക് വെളിപ്പെടുത്തുന്ന ധാരാളം തെളിവുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്; ഉപജാപങ്ങളിലൂടെ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹം നിരന്തരം ശ്രമിക്കുകയാണെങ്കിലും. മോഡിമന്ത്രിസഭയില്‍ അംഗമായിരുന്ന മായാ കോട്നാനി വംശഹത്യയുമായി ബന്ധപ്പെട്ട കൂട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. അക്കാലത്ത് പൊലീസ് സേനയില്‍ ഉയര്‍ന്ന പദവികള്‍ വഹിച്ച പല ഉദ്യോഗസ്ഥരും മോഡിക്കെതിരെ തെളിവുകള്‍ നിരത്തിയിട്ടുണ്ട്.

എന്നാല്‍, അന്ന് കേന്ദ്രം ഭരിച്ച എന്‍ഡിഎ സര്‍ക്കാരും തുടര്‍ന്നുവന്ന യുപിഎ സര്‍ക്കാരുകളും ഗുജറാത്ത് വംശഹത്യയുടെ കാര്യത്തില്‍ നിസ്സംഗമായ സമീപനമാണ് സ്വീകരിച്ചത്. ക്രമസമാധാനം സംസ്ഥാനവിഷയമാണെങ്കിലും, ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭരണസംവിധാനത്തിന്റെ ഒത്താശയോടെ ആസൂത്രിതമായി നടന്ന വേട്ട തടയാനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും കേന്ദ്രസര്‍ക്കാരുകള്‍ക്ക് ക്രിയാത്മകമായി ഇടപെടാന്‍ കഴിയുമായിരുന്നു. അതൊന്നും ഉണ്ടായില്ലെന്നുമാത്രമല്ല, തെളിവുകള്‍ പലതും നശിപ്പിക്കാന്‍ മോഡിസര്‍ക്കാരിന് സൗകര്യവും സമയവും നല്‍കുകയുംചെയ്തു.

ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ 69 മുസ്ലിങ്ങളെ കൊലപ്പെടുത്തിയ കേസില്‍ മോഡിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) കണ്ടെത്തല്‍ അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതി ശരിവച്ചിരിക്കുകയാണ്. എസ്ഐടിയുടെ നിഗമനത്തിനെതിരെ, കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രിയുടെ വിധവ സാകിയ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് കോടതി വിധി പ്രസ്താവിച്ചത്. ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് സാകിയയും മകന്‍ തന്‍വീര്‍ ജാഫ്രിയും അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഭരണത്തെ ദുരുപയോഗിച്ച് ഉണ്ടാക്കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കിവന്ന കോടതിയുടെ വിധി മോഡിയുടെ വന്‍ വിജയമായാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. നീതിക്കുവേണ്ടി സാകിയ ഉള്‍പ്പെടെയുള്ള ഇരകളുടെ നിയമപോരാട്ടത്തിന് വഴികള്‍ ഇനിയും തുറന്നുകിടക്കുകയാണെങ്കിലും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഉണ്ടായ അന്തിമ വിധിയെഴുത്തായി കോടതി ഉത്തരവിനെ ഇക്കൂട്ടര്‍ ദുര്‍വ്യാഖ്യാനിക്കുന്നു.

ഇപ്പോള്‍ മോഡിക്കുണ്ടായ ആനുകൂല്യത്തെ, യഥാര്‍ഥത്തില്‍ ഭരണയന്ത്രത്തിന്റെ ദുരുപയോഗത്തിലൂടെ ഉമ്മന്‍ചാണ്ടി ഒപ്പിച്ചെടുക്കുന്ന ആശ്വാസങ്ങളോടാണ് ഉപമിക്കേണ്ടത്. പകല്‍പോലെ തെളിഞ്ഞ വസ്തുതകള്‍ ഉപജാപങ്ങളുടെയും പണമൊഴുക്കലിന്റെയും ബലത്തില്‍ മറച്ചുപിടിച്ചാണ് കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. ഇതിന്റെ വലിയൊരു രൂപമാണ് മോഡിയുടെ നേതൃത്വത്തില്‍ അരങ്ങേറുന്നത്. നിയമപാലന സംവിധാനത്തെ അട്ടിമറിക്കുന്നതിലും കോണ്‍ഗ്രസും ബിജെപിയും ഒരേ തൂവല്‍ പക്ഷികളാണ് എന്നതിന് ഒരു തെളിവുകൂടിയാണിത്.

അതേസമയം, ഭാവി പ്രധാനമന്ത്രിയായി സംഘപരിവാര്‍ ഉയര്‍ത്തിക്കാട്ടുന്ന മോഡിയുടെ സദാചാരനിഷ്ഠതന്നെ ചോദ്യംചെയ്യപ്പെടുന്ന മറ്റൊരു കേസ് ഉയര്‍ന്നുവന്നത് കാണാതിരുന്നുകൂടാ. ബംഗളൂരുവില്‍ ആര്‍ക്കിടെക്ടായ യുവതിയെയും ബന്ധുക്കളെയും മോഡിക്കുവേണ്ടി നിരീക്ഷിച്ച സംഭവത്തില്‍ അന്വേഷണ കമീഷനെ നിയോഗിക്കാന്‍ ഇപ്പോള്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. ഇവരെ നിയമവിരുദ്ധമായി നിരീക്ഷിച്ച സംഭവത്തില്‍ മോഡിയും മോഡിയുടെ വിശ്വസ്തനായ മുന്‍ ആഭ്യന്തരമന്ത്രി അമിത്ഷായും പ്രതിക്കൂട്ടിലാണ്. ഗുജറാത്തില്‍ മാത്രമല്ല, ബിജെപി ഭരിച്ചിരുന്ന കര്‍ണാടകത്തിലെ ഭരണസംവിധാനംപോലും ദുരുപയോഗപ്പെടുത്തിയാണ് പെണ്‍കുട്ടിയെ നിരീക്ഷിച്ചത്.

ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത് നരേന്ദ്രമോഡി പരിഷ്കൃത സമൂഹത്തിന് അനുയോജ്യനായ ഭരണാധികാരി അല്ല എന്നാണ്. വംശഹത്യയില്‍ വിഷമമുണ്ടെന്നു പറഞ്ഞതുകൊണ്ട് അതിലെ അദ്ദേഹത്തിന്റെ പങ്കാളിത്തമോ നേതൃത്വമോ ഇല്ലാതാകുന്നില്ല. നിയമം അതിന്റെ വഴിക്കുപോയാല്‍ എന്നേ ഇരുമ്പഴിക്കുള്ളിലാകേണ്ട ഒരാളാണ് മോഡി എന്ന് ഇതുവരെ പുറത്തുവന്ന തെളിവുകള്‍ സംശയലേശമെന്യേ ഓര്‍മപ്പെടുത്തുന്നു. മോഡി ഇപ്പോഴും പ്രസരിപ്പിക്കുന്നത് വിദ്വേഷത്തിന്റെയും ഹിംസയുടെയും പ്രത്യയശാസ്ത്രമാണ്. ഇന്ത്യയിലെ പ്രധാന മതന്യൂനപക്ഷങ്ങളായ മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും മതനിരപേക്ഷതയിലും മാനവികതയിലും അടിയുറച്ചു വിശ്വസിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഒന്നും രണ്ടും മൂന്നും ആഭ്യന്തര ഭീഷണികളായി പ്രഖ്യാപിക്കുന്നതാണ് ആ പ്രത്യയശാസ്ത്രം. ഭൂരിപക്ഷ വര്‍ഗീയതയുടെ കൈയൂക്കില്‍ എല്ലാം പിടിച്ചടക്കാമെന്ന പ്രാകൃത ചിന്തയാണതിനെ നയിക്കുന്നത്. എത്രതന്നെ സുഗന്ധലേപനം കോരിയൊഴിച്ചാലും ഇല്ലാതാകുന്നതല്ല ആ ദുര്‍ഗന്ധം. അതുകൊണ്ടുതന്നെ മോഡിയുടെ വീണ്‍വാക്കുകള്‍ മതനിരപേക്ഷ സമൂഹം ചെവിക്കൊള്ളാന്‍ പോകുന്നില്ല.

*
ദേശാഭിമാനി മുഖപ്രസംഗം

കലാപങ്ങളുടെ പിന്നാമ്പുറങ്ങള്‍

മുസാഫിര്‍ നഗരം രാജ്യഭൂപടത്തില്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. ഇതേരീതിയില്‍ ശ്രദ്ധാകേന്ദ്രമായ മറ്റൊരു നഗരം ഗുജറാത്തിലെ അഹമ്മദാബാദും ഗോദ്രയുമായിരുന്നു. മൂവായിരത്തോളം വരുന്ന മുസ്‌ലിം ജനതയെ ഒറ്റരാത്രികൊണ്ട് കൂട്ടക്കുരുതി ചെയ്ത ഗുജറാത്ത് കലാപത്തിന്റെ മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ല. ജീവിതമാകെ എടുത്തെറിയപ്പെട്ട ആ കാളരാത്രിയുടെ നടുക്കുന്ന ഓര്‍മകളും പേറി, അതുണ്ടാക്കിയ അരക്ഷിതാവസ്ഥയില്‍ മൃതപ്രായരായി കഴിയുന്ന മുസ്‌ലിം ജനതയ്ക്ക് എന്ത് നീതികിട്ടി എന്ന് അന്വേഷിക്കുന്നതില്‍ അര്‍ഥമില്ല. ഇതൊക്കെ വെറും കെട്ടുകഥകളാണെന്നും ഒരു ജനവിഭാഗത്തോട് കാട്ടിയ ക്രൂരതയ്ക്കുള്ള മറുപടി മാത്രമാണെന്നും മറ്റുമുള്ള വാദഗതികള്‍ ഉയര്‍ത്തി നമ്മുടെ ജനാധിപത്യം കുറ്റവാളികള്‍ക്ക് വീണ്ടും വീണ്ടും വിജയം  ചാര്‍ത്തിക്കൊടുത്തു. വികസനമന്ത്രത്തിന്റെ തന്ത്രിയും സദ്ഭാവനയുടെ വെന്നിക്കൊടിപാറിക്കുന്ന ദേശീയവാദിയുമായി നരേന്ദ്രമോഡി എന്ന സൂത്രധാരന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കുതിപ്പിനായി തയാറെടുക്കുന്നു. ലക്ഷ്യം പ്രധാനമന്ത്രിപദം-പാപക്കറപുരണ്ട കൈകളില്‍ കൂച്ചുവിലങ്ങിന് പകരം രാജ്യഭരണത്തിന്റെ താക്കോലേറ്റുവാങ്ങാനാണ് മോഡി കൂട്ടയോട്ടം നടത്തുന്നത്.

2002 ല്‍ നിന്നും ഒന്നുമിവിടെ മാറിയിട്ടില്ല. ഗുജറാത്ത് കലാപം വിതറിയ വിഷവിത്തുക്കള്‍ക്ക് ഒരു ദ്രുതവാട്ടവും സംഭവിച്ചില്ല. ജനവിധിയെന്ന ജനാധിപത്യത്തിലെ ഒരു സമസ്യക്ക് മനഃസാക്ഷി വോട്ടുകള്‍ ഉത്തരം തേടുന്നുണ്ട് ഇപ്പോഴും.

മുസാഫിര്‍ നഗറിലേക്ക് വരാം. ഓഗസ്റ്റ് 27 നാണ് എല്ലാം സാധാരണനിലയില്‍ പോയിരുന്ന നഗരം ഒരു ദുരന്തത്തിലേക്ക് പെട്ടെന്ന് വഴുതിവീണത്. എപ്പോഴുമുള്ളതുപോലുള്ളൊരു റോഡപകടത്തില്‍ വര്‍ഗീയവിഷം കലരുകയായിരുന്നു. അപകടസ്ഥലങ്ങളില്‍ ഉണ്ടാകാറുള്ള സ്വാഭാവിക തര്‍ക്കങ്ങള്‍ എങ്ങനെ കലാപത്തിലേക്ക് നയിച്ചു എന്നുള്ളിടത്താണ് അന്വേഷണം ഉണ്ടാകേണ്ടത്. മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ ഉള്‍പ്പെട്ട മൂന്നു ചെറുപ്പക്കാര്‍ തമ്മിലുണ്ടായ വാക്തര്‍ക്കം ഹിന്ദു-മുസ്‌ലിം സ്പര്‍ധയായി രൂപാന്തരപ്പെടുത്താന്‍ ആസൂത്രിത നീക്കം നടക്കുകയുണ്ടായി. ഷാനവാസ് എന്ന ചെറുപ്പക്കാരനുമായി സച്ചിന്‍, ഗൗരവ് എന്ന രണ്ടു ചെറുപ്പക്കാര്‍ അപകടം സംബന്ധിച്ച് ഏറ്റുമുട്ടി, അതൊടുവില്‍ സച്ചിന്റെയും ഗൗരവിന്റെയും കൊലപാതകത്തിലേക്ക് നയിച്ചു. സച്ചിനും ഗൗരവും കൊല്ലപ്പെട്ട വാര്‍ത്ത പരന്നതോടെ ഒരു സംഘം ആളുകള്‍ ഷാനവാസിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ഷാനവാസിനെ വെട്ടിക്കൊലപ്പെടുത്തി.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമല്ലെന്നറിഞ്ഞിട്ടും പൊലീസ് നിസ്സംഗത പാലിച്ചത് അന്വേഷിക്കേണ്ടതുണ്ട്. പൊലീസിന്റെ നിഷ്‌ക്രിയത്വം മുതലാക്കി വര്‍ഗീയവാദികള്‍ ഇടയിലൂടെ നുഴഞ്ഞുകയറി സംഭവം തങ്ങള്‍ക്ക് അനുകൂലമാക്കുകയായിരുന്നു. ഷാനവാസിന്റെ കൊലയ്ക്ക് അവര്‍ ഒരു കാരണവും കെട്ടിച്ചമച്ചുണ്ടാക്കി.  കവ്വാള്‍ ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയെ ഷാനവാസ് കളിയാക്കി എന്നും അതു ചോദിക്കാന്‍ ചെന്ന യുവാക്കളെയാണ് ഷാനവാസ് കൊലപ്പെടുത്തിയതെന്നുമാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. സംഭവങ്ങളുടെ നിജസ്ഥിതി തേടി എന്‍ ഡി ടി വി സംഘം കവ്വാള്‍ ഗ്രാമത്തില്‍ പോയി പെണ്‍കുട്ടിയെ കാണുകയുണ്ടായി. ഷാനവാസെന്നയാളെ തനിക്കറിയില്ലെന്നും അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും പെണ്‍കുട്ടി വിളിച്ചുപറഞ്ഞെങ്കിലും അതിനു മുമ്പേ കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. കവ്വാള്‍ ഗ്രാമത്തിലെ സംഭവം പൊടിപ്പും തൊങ്ങലും വച്ച് കെട്ടുകഥകളായി ജില്ലയില്‍ പടര്‍ന്നുകയറി.

ഗുജറാത്ത് കലാപത്തിന് സമാനമായ സംഭവങ്ങളാണ് മുസാഫര്‍ നഗറിലും ഉണ്ടായത്. ബി ജെ പി എം എല്‍ എമാരായ  സംഗീത് സോം, ബാബുഹുക്കിംസിങ് എന്നിവര്‍ ഹിന്ദുവികാരം ആളിക്കത്തിക്കാനാണ് ശ്രമിച്ചത്. പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയും കൊല്ലപ്പെട്ട യുവാക്കളുടെ കൊലപാതകം സംബന്ധിച്ച ഭീകര ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തുടര്‍ച്ചയായി ഇട്ടതും എരിതീയില്‍ എണ്ണ ഒഴിക്കുന്നതുപോലെയായിരുന്നു. കലാപത്തില്‍ 60 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായി മുറിവേല്‍ക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇവര്‍ എത്രയെന്നോ ആരൊക്കെയെന്നോ വ്യക്തമായ കണക്കുകള്‍ ഭരണകൂടത്തിന്റെയും പൊലീസിന്റെയും പക്കലില്ല എന്നതാണ് വസ്തുത. അവരെല്ലാംതന്നെ അത്രയധികം നിഷ്‌ക്രിയരായിരുന്നു എന്ന് സാരം.

കലാപം കെട്ടടങ്ങിയെങ്കിലും അതിന്റെ ബാക്കിപത്രം ഏറെ വേദനാജനകമാണ്. ഗുരുതരമായി പരുക്കേറ്റ പലരും മരിച്ചുകൊണ്ടിരിക്കുന്നു ഇപ്പോഴും. ലഹളയെ തുടര്‍ന്ന് പ്രാണഭയത്തോടെ ഓടി രക്ഷപ്പെട്ട പലരും അഭയാര്‍ഥിക്യാമ്പുകളില്‍ അന്തേവാസികളായി. സ്ഥാവരജംഗമസ്വത്തുക്കളും ഉറ്റവരും ഉടയവരും എല്ലാം നഷ്ടപ്പെട്ട് ലോകത്ത് ജീവിക്കാന്‍ വിധിക്കപ്പെട്ട നിരവധി മനുഷ്യജീവിതങ്ങള്‍ ഇന്നീ ക്യാമ്പിലുണ്ട്. സര്‍വവും നഷ്ടപ്പെട്ട നിസഹായനോട് അതിലും വലിയ ക്രൂരതയാണ് അവിടെ നടമാടിയത്. സ്ത്രീകുളും കുട്ടികളും കടുത്ത ചൂഷണത്തിന് വിധേയമാകുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ദുരിതാശ്വാസ ക്യാമ്പില്‍ സ്ത്രീകള്‍ അതിക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായി. ഇവരില്‍ പലരും കൊലചെയ്യപ്പെടുകയോ കാണാതാവുകയോ ഉണ്ടായി. എന്നാല്‍ ഈ കാര്യങ്ങളൊന്നും തന്നെ അന്വേഷിച്ച് കണ്ടെത്താനോ സ്ത്രീകളേയും കുട്ടികളേയും സുരക്ഷിതരാക്കാനോ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ ശ്രമിക്കുന്നില്ല. അഭയാര്‍ഥി ക്യാമ്പില്‍ 40 കുട്ടികള്‍ മരിച്ചുവീണിട്ടും കുലുങ്ങാത്ത ഭരണകൂടമാണ് ഇവിടെയുള്ളത്.

ദുരിതാശ്വാസ ക്യാമ്പുകളില്‍ തണുപ്പ് കടുത്തതോടെ മരണസംഖ്യ ഉയരുന്നു. 40 കുട്ടികള്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കെങ്കിലും മരണസംഖ്യ അതിലും കൂടുതലാണെന്ന് ക്യാമ്പുകളില്‍ നിന്ന് ലഭിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. ദുരിതാശ്വാസ ക്യാമ്പിലെ പല കുടിലുകളിലും എത്തുമ്പോള്‍ മരിച്ച കുട്ടികളെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും ഓര്‍ത്ത് വിലപിക്കുന്നവരെയാണ് കണ്ടത്. കൊടുംതണുപ്പില്‍ കമ്പിളിപുതപ്പോ, വസ്ത്രങ്ങളോ ഇല്ലാതെ നരകിക്കുകയാണ് ഭൂരിഭാഗം പേരും. തണുപ്പില്‍ പലരും രോഗികളായി.

ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പണമില്ല. ചികിത്സാസഹായം എത്തിക്കണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുപോലും ഒരു നടപടിയും ഇവിടെ ഉണ്ടാകുന്നില്ല. ക്യാമ്പുകളില്‍ ഇപ്പോള്‍ ഭക്ഷണസാധനങ്ങളും വിതരണം ചെയ്യുന്നില്ല.

മൂന്നു വയസുള്ള തന്റെ മകളുടെ കൈപിടിച്ച് തിരിച്ച് ദൂരേയ്ക്ക് വലിച്ചെറിയുന്നത് കണ്ട് ഓടിച്ചെന്ന അമ്മയെ കലാപകാരികള്‍ ലാത്തികൊണ്ട് അടിക്കുകയും പിന്നീട് അതുപയോഗിച്ച് ലൈംഗികമായി അതിക്രൂരമര്‍ദ്ദനം അഴിച്ചുവിടുകയും ചെയ്തതടക്കം നിരവധി ക്രൂരപീഡനകഥകള്‍ അന്വേഷിച്ചുചെന്ന അധികാരികളോട് സ്ത്രീകള്‍ വിവരിക്കുകയുണ്ടായി. ഒന്നിനും ഒരു പരിഹാരവുമില്ലായിതുവരെ.

കലാപം ചെയ്തുകൂട്ടിയ ക്രൂരതകളും അവ സ്ത്രീജീവിതങ്ങള്‍ക്കുമേല്‍ വിതയ്ക്കുന്ന ദുരന്തവും ഒരു വര്‍ഗീയ കലാപത്തിലും പുറംലോകം ചര്‍ച്ച ചെയ്യാറില്ല. കലാപത്തിന് തിരികൊളുത്തുന്ന വര്‍ഗീയശക്തികള്‍ക്ക് കരുത്തുപകരുന്ന നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മുസാഫിര്‍നഗര്‍ കലാപത്തിന് ചുക്കാന്‍പിടിച്ച സംഗീത് സോം, സുരേഷ് റാണ തുടങ്ങിയ ബി ജെ പി എം എല്‍ എ മാര്‍ക്ക് പട്ടും വളയും നല്‍കിയാണ് നരേന്ദ്രമോഡി ആദരിച്ചത്.

അഭയാര്‍ഥി ക്യാമ്പുകളില്‍ ഒടുങ്ങാത്ത നിലവിളികളുമായി കഴിയുന്ന കുറേ മനുഷ്യജന്മങ്ങളുണ്ട്. സദ്ഭാവനയുടെ കൂട്ടയോട്ടത്തില്‍ അവര്‍ക്കെന്ത് പങ്കാണുള്ളത്. മോഡിയുടെ ദേശീയതയില്‍ ഇവര്‍ക്ക് പ്രവേശനമില്ലല്ലോ.

*
ജനയുഗം

Friday, December 27, 2013

വിലക്കയറ്റം വാര്‍ത്തയല്ലാതാകുമ്പോള്‍

സാധാരണക്കാരന് ജീവിതം നിഷേധിക്കുന്ന നടപടികളുമായാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുപോകുന്നത്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അവര്‍ മുന്നോട്ടുവയ്ക്കുന്ന, നടപ്പാക്കുന്ന പരിപാടികളും സംസ്ഥാനത്തെ ജനങ്ങളെ അരക്ഷിതരാക്കുന്നു. കേരളം അഭിമുഖീകരിക്കുന്ന വിലക്കയറ്റം സമാനതകളില്ലാത്തവിധം രൂക്ഷമാണ്. ഉദാരവല്‍ക്കരണ-ആഗോളവല്‍ക്കരണനയങ്ങള്‍ അടിച്ചേല്‍പ്പിച്ചതിന്റെ ഭാഗമായി ഒരു നിയന്ത്രണവുമില്ലാതെ വിലകയറുകയാണ്. സംസ്ഥാന സര്‍ക്കാരിനാകട്ടെ വിപണിയില്‍ ഇടപെടാനും സാധിക്കുന്നില്ല. വിലക്കയറ്റത്തിന് കാരണക്കാരായ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ ജനവികാരം അലയടിക്കുന്നുണ്ട്. ജനങ്ങളില്‍ വ്യാപകമായി അസംതൃപ്തിയും പ്രതിഷേധവും ഉയരുന്നു. ഇത്തരത്തിലുള്ള പ്രതികരണങ്ങളെ സര്‍ക്കാര്‍ ചെലവില്‍ പരസ്യം നല്‍കി മറികടക്കാമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംഘവും കരുതുന്നത്.


ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാത്ത ബഹുഭൂരിപക്ഷത്തിന് പരസ്യത്തിലെ കെട്ടുകാഴ്ചകളല്ല വേണ്ടത്. മറിച്ച്, അരിയുടെയും പലവ്യഞ്ജനങ്ങളുടെയും പച്ചക്കറിയുടെയും വില കുറയണം, കുഞ്ഞുങ്ങള്‍ക്ക് ഒരുനേരമെങ്കിലും വയറുനിറച്ച് ആഹാരം കൊടുക്കാനുള്ള സാഹചര്യമുണ്ടാകണം.

2011 മെയ് പതിനെട്ടിനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. അതിനുശേഷം സംസ്ഥാനത്ത് ഉണ്ടായ വലിയരീതിയിലുള്ള വിലക്കയറ്റം സര്‍ക്കാരിന്റെ രേഖകള്‍തന്നെ വെളിപ്പെടുത്തുന്നുണ്ട്. കേരള സര്‍ക്കാരിന്റെ ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് 2010ല്‍ പുറത്തിറക്കിയ പ്രൈസ് ബുള്ളറ്റിനും 2013 ഡിസംബര്‍ 23നു പുറത്തിറക്കിയ പ്രൈസ് ബുള്ളറ്റിനും താരതമ്യം ചെയ്താല്‍ കേരളത്തിലെ വിപണിയില്‍ വില കുതിച്ചുകയറുന്നതിന്റെ ദൃശ്യം വ്യക്തമാകും. 2010ല്‍ മട്ട അരിക്ക് സംസ്ഥാന ശരാശരിവില കിലോക്ക് 20.07 രൂപയായിരുന്നു. 2013ലെ സംസ്ഥാന ശരാശരി 33 രൂപയാണ്. 20 രൂപയുള്ള ചമ്പാ അരിക്ക് ഇപ്പോള്‍ 36 രൂപയാണ്. 21.77 രൂപ വിലയുണ്ടായിരുന്ന ആന്ധ്ര വെള്ള അരിക്ക് ഇപ്പോള്‍ ശരാശരിവില വില 31.33 രൂപയും. ഉഴുന്നിന് 50.07 രൂപ ഉണ്ടായിരുന്നതായി പ്രൈസ് ലിസ്റ്റ് പറയുമ്പോള്‍ തിരുവനന്തപുരം പൊതുവിപണിയില്‍ ഇപ്പോള്‍ 85 രൂപയാണ്. നേരത്തെ 47.7 രൂപയായിരുന്ന ചെറുപയറിന് ഇന്ന് തിരുവനന്തപുരം പൊതുവിപണിയില്‍ 77 രൂപ നല്‍കണം. പഞ്ചസാരയ്ക്ക് നേരത്തെയുള്ള സംസ്ഥാന ശരാശരിവില 22.37 ആയിരുന്നു. ഇപ്പോള്‍ അത് 32.54 ആയി.

2010ല്‍ ഒരു ലിറ്റര്‍ പശുവിന്‍ പാല്‍ 20 രൂപയ്ക്ക് ലഭിച്ചിരുന്ന സ്ഥാനത്ത് ഇന്ന് മില്‍മ പാലിന്റെ വില ലിറ്ററിന് 32 രൂപയാണ്. വെളിച്ചെണ്ണയ്ക്ക് 2010ല്‍ സംസ്ഥാന ശരാശരിവില ലിറ്ററിന് 54.50 രൂപയായിരുന്നു. ഇപ്പോള്‍ വെളിച്ചെണ്ണ ലൂസിന് 110.71 രൂപയും കേര വെളിച്ചെണ്ണയ്ക്ക് 127.62 രൂപയുമാണ്. 2010ല്‍ വലിയ ഉള്ളിയുടെ ശരാശരിവില കിലോക്ക് 11.14 രൂപയായിരുന്നു. ഇപ്പോള്‍ അത് 25.36 ആയി. 2010ല്‍ തക്കാളിക്ക് എട്ടുരൂപ, പച്ചക്കായക്ക് 20.36 രൂപ. ഇന്ന് തക്കാളിക്ക് 23 രൂപയും പച്ചക്കായക്ക് 42രൂപയും. സംസ്ഥാന സര്‍ക്കാരിന്റെ ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ രേഖകള്‍ ഈ വിലമാഹാത്മ്യം വെളിപ്പെടുത്തുമ്പോള്‍, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എന്തുചെയ്യുന്നു എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. കുത്തകകളെ സഹായിക്കുക എന്ന ഒറ്റ അജന്‍ഡയുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുപോകുകയാണ്. ഇതിന്റെ ഭാഗമായി ജനങ്ങള്‍ ഷോപ്പിങ്മാള്‍ സംസ്കാരത്തിലേക്ക് ആനയിക്കപ്പെടുന്നുണ്ട്. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി ബഹുരാഷ്ട്രകുത്തകകള്‍ തങ്ങളുടെ നീരാളിക്കൈ നാട്ടിന്‍പുറങ്ങളിലെ പച്ചപ്പുകളിലേക്കും നന്മകളിലേക്കും നീട്ടുകയാണ്. പെട്ടിക്കടകളും ചെറുകിട പലവ്യഞ്ജനക്കടകളും ഇല്ലാതാകുന്നു. മാര്‍ജിന്‍ഫ്രീ ഷോപ്പുകള്‍ പൂട്ടാനൊരുങ്ങുന്നു. എല്ലാം ലഭിക്കുന്ന ഷോപ്പിങ് മാളുകള്‍ ചെറുനഗരങ്ങളില്‍ വരെ കാലുറപ്പിച്ചു. ചെറുകിട കച്ചവടക്കാരുടെ കണ്ണീരുകാണാത്ത കേന്ദ്രസര്‍ക്കാര്‍, അമേരിക്കന്‍ കുത്തകയായ വാള്‍മാര്‍ട്ടിനു മുന്നില്‍ പരവതാനി വിരിക്കുകയാണ്. റിലയന്‍സ്, ബിഗ്ബസാര്‍ പോലുള്ള കുത്തകകള്‍, കുത്തകസംഭരണം നടത്തി "വിലക്കുറവി"ന്റെ വാരാഘോഷം സംഘടിപ്പിക്കുമ്പോള്‍ പൊതുവിതരണശൃംഖലയ്ക്ക് അന്ത്യകൂദാശ നടത്തുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. റേഷന്‍കടകളില്‍ ഓരോ ഇനമായി ഇല്ലാതാകുന്നു. നേരത്തെ എല്ലാവര്‍ക്കും റേഷന്‍കടകളില്‍ നിന്ന് ഗോതമ്പ് ലഭിക്കുമായിരുന്നു. ഇപ്പോള്‍ അത് ബിപിഎല്ലുകാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. ഈ തീരുമാനം ആട്ട ഉല്‍പ്പാദിപ്പിക്കുന്ന കുത്തകകളെ സഹായിക്കാന്‍ കൈക്കൊണ്ടതാണ്. ഇത്തരത്തില്‍ സര്‍ക്കാരുകളുടെ ജനവിരുദ്ധ തീരുമാനങ്ങളുടെയെല്ലാം പിറകില്‍ കുത്തകകളുടെ സാന്നിധ്യവും കൈക്കൂലിപ്പണവുമുണ്ട്. വിലവര്‍ധനയുണ്ടാകുമ്പോള്‍ സ്വാഭാവികമായും അതിനെതിരായ പ്രതിഷേധമുയര്‍ന്നുവരും. പ്രതിഷേധങ്ങള്‍ ഇല്ലാതാക്കാനുള്ള പരിപാടികള്‍ സാമ്രാജ്യത്വം നടപ്പില്‍വരുത്തുന്നുണ്ട്. എന്‍ജിഒകളെയും അവരുടെ കൂട്ടായ്മകളെയും ഇതിനായി ബുദ്ധിപൂര്‍വം ഉപയോഗിക്കുന്നു. വിലവര്‍ധനയ്ക്ക് ഇടവേളകള്‍ ഇല്ലാതാക്കുകയും അതൊരു സ്വാഭാവികമായ കാര്യമാണെന്ന നിലയില്‍ ജനങ്ങളുടെ മനോനില പരുവപ്പെടുത്തുകയും ചെയ്യുന്ന തന്ത്രവും പ്രയോഗിക്കപ്പെടുന്നുണ്ട്. രാജ്യത്തെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധിപ്പിക്കല്‍ ഇതിന് ഉദാഹരണമാണ്. ചരിത്രത്തില്‍ ഇന്നുവരെയില്ലാത്ത നിലയിലാണ് വില വര്‍ധിപ്പിക്കുന്നത്. അതില്‍ പുതുമയില്ല എന്ന അവസ്ഥ ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെടുന്നു.

എണ്ണക്കമ്പനികള്‍ക്ക് വിലനിര്‍ണയാധികാരം നല്‍കി. മാധ്യമങ്ങളില്‍ വാര്‍ത്തപോലുമാകാതെ പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. അതോടൊപ്പം ജനങ്ങളുടെ ചുമലില്‍ സംസ്ഥാന സര്‍ക്കാര്‍വക നികുതിഭാരം കൂടി അടിച്ചേല്‍പ്പിക്കുന്നു. പാചകവാതകവും മണ്ണെണ്ണയും ഇരട്ടിയിലേറെ വിലവര്‍ധനയുമായി നില്‍ക്കുന്നു. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും വ്യാപകമാകുന്നതിനെപ്പറ്റി പരാതിയുയരുമ്പോള്‍, സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുന്നു. കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വര്‍ഷാവര്‍ഷം നികുതിയിളവ് പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍, അതോടൊപ്പം പാവങ്ങള്‍ക്ക് ഗുണമാകുന്ന സബ്സിഡികള്‍ ഓരോന്നായി എടുത്തുകളയുന്നു. ജനങ്ങളേക്കാള്‍ പരിഗണിക്കേണ്ടത് കുത്തകകളെയും മുതലാളിമാരെയുമാണെന്നതാണ് വലതുപക്ഷ ഭരണകൂടങ്ങളുടെ കാഴ്ചപ്പാട്. രാജ്യത്താകമാനമുള്ള കര്‍ഷകത്തൊഴിലാളികള്‍ വലിയരീതിയിലുള്ള പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്.

ഭരണകൂടങ്ങളുടെ സാമ്രാജ്യത്വ വിധേയമനോഭാവവും നവ ഉദാരവല്‍ക്കരണനയങ്ങള്‍ കൊണ്ടുള്ള വേട്ടയാടലുകളും കര്‍ഷകത്തൊഴിലാളികളുടെ ജീവിതത്തെ പ്രശ്നഭരിതമാക്കുന്നുണ്ട്. ദേശീയതലത്തിലുള്ള പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചകളിലൂടെ മാത്രമേ ഇവിടെ എന്തെങ്കിലും മാറ്റം സംഭവിക്കൂ. കേരളത്തിലും ശക്തമായ പ്രക്ഷോഭങ്ങളുടെ വേലിയേറ്റങ്ങളുണ്ടാക്കാന്‍ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം സജ്ജമാകണം. വര്‍ധിച്ചുവരുന്ന വിലക്കയറ്റത്തിനെതിരായും സമഗ്രമായ രീതിയില്‍ കേന്ദ്ര കാര്‍ഷികനയം ആവിഷ്കരിക്കുന്നതിനും കേന്ദ്രവിഹിതം ഉറപ്പുവരുത്തി ഭക്ഷ്യസുരക്ഷാ ബില്‍ നടപ്പാക്കാന്‍ ആവശ്യപ്പെട്ടും ഭൂരഹിതര്‍ക്ക് ഭൂമിയും ഭവനരഹിതര്‍ക്ക് വീടും ഉറപ്പാക്കാനും പിന്നോക്കവിഭാഗങ്ങള്‍ക്കു നേരെയുള്ള കടന്നാക്രമണങ്ങള്‍ തടയുന്നതിനും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്ത് അപാകങ്ങള്‍ പരിഹരിക്കാനും ആറന്മുള വിമാനത്താവളപദ്ധതി ഉപേക്ഷിക്കാന്‍ അധികാരികളെ നിര്‍ബന്ധിതരാക്കുന്നതിനുമായി ശക്തമായ മുന്നേറ്റങ്ങള്‍ സംസ്ഥാനത്ത് ഉണ്ടാകേണ്ടതുണ്ട്.

*
എം വി ഗോവിന്ദന്‍

Thursday, December 26, 2013

ക്ലീന്‍ചിറ്റിലെ ഗര്‍ത്തങ്ങള്‍

ഗുജറാത്ത് വംശഹത്യയെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയമിച്ച പ്രത്യേക അന്വേഷണസംഘം മോഡിക്ക് സംഭവത്തില്‍ ഒരു പങ്കാളിത്തവുമില്ലെന്ന് പറഞ്ഞുനല്‍കിയ ക്ലീന്‍ചിറ്റ് കോടതിയും അംഗീകരിച്ചെങ്കിലും തീര്‍ത്തും ദുര്‍ബലമായ ഒരു അടിത്തറമേലാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ ഈ വാദം നില്‍ക്കുന്നത്. അന്ന് അഹമ്മദാബാദ് പൊലീസിലെ ഇന്റലിജന്‍സ് ഉപമേധാവിയായിരുന്ന സഞ്ജീവ്ഭട്ടിന്റെ മൊഴി ഈ യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്.

വംശഹത്യയില്‍ മോഡിക്ക് പങ്കില്ലെന്ന് വ്യക്തമാക്കാന്‍ സംഭവസമയത്ത് അഹമ്മദാബാദ് പൊലീസിന്റെ കമീഷണറായിരുന്ന പി സി പാണ്ഡെയുടെ മൊഴിയെയാണ് പ്രത്യേക അന്വേഷണസംഘം പ്രധാനമായും ആശ്രയിച്ചത്. വംശഹത്യയ്ക്കൊരുങ്ങുന്നവര്‍ക്ക് അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് 27ന് രാത്രി സ്വവസതിയില്‍ മോഡി വിളിച്ചുചേര്‍ത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്തയാളാണ് പാണ്ഡെ. എന്നാല്‍, സഞ്ജീവ്ഭട്ട് പറഞ്ഞ കാര്യങ്ങള്‍ തനിക്കോര്‍മയില്ലെന്നുപറഞ്ഞ് തടിതപ്പുകയാണ് ഇയാള്‍ ചെയ്തത്. മാത്രമല്ല, പിന്നീട് മോഡിയുടെ ഒത്താശയോടെ വന്‍സാരെയും കൂട്ടരും നടത്തിയ വ്യാജ ഏറ്റുമുട്ടലുകളില്‍ പങ്കാളിയാണെന്ന് സിബിഐ കണ്ടെത്തിയ ഉദ്യോഗസ്ഥനുമാണ് പാണ്ഡെ. അതായത് മോഡിയുടെ സ്വന്തം പൊലീസുകാരന്‍. പാണ്ഡെയുടെ മൊഴിയനുസരിച്ച് ഗോധ്ര ദുരന്തത്തിലെ ഇരകളുടെ അന്ത്യയാത്ര ഒരു വിലാപയാത്രയായി കൊണ്ടാടിയിട്ടില്ല. ഗോധ്രയില്‍നിന്ന് അഹമ്മദാബാദ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള സോളാ സിവില്‍ ഹോസ്പിറ്റലിലേക്ക് ദുരന്തത്തിനിരയായവരുടെ ശരീരങ്ങള്‍ മാറ്റുന്നതിനിടയ്ക്ക് സാമൂഹികാന്തരീക്ഷം പ്രക്ഷുബ്ധമായതിനെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല. എല്ലാം ശാന്തം എന്ന മട്ടിലാണ് പാണ്ഡെ മൊഴികൊടുത്തതും ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം ആവര്‍ത്തിച്ചതും.

എന്നാല്‍, യഥാര്‍ഥത്തില്‍ കടകവിരുദ്ധമായിരുന്നു സ്ഥിതി. പൊലീസ് കണ്‍ട്രോള്‍ റൂമിലെ വിവരങ്ങള്‍ നോക്കിയാല്‍ ഇതു മനസ്സിലാകും. മരണമടഞ്ഞവരുടെ ശരീരങ്ങള്‍ അഹമ്മദാബാദിലേക്ക് കൊണ്ടുവരാനുള്ള മോഡി സര്‍ക്കാരിന്റെ തീരുമാനം പൊലീസിലെയും ബ്യൂറോക്രസിയിലെയും പല ഉന്നത ഉദ്യോഗസ്ഥരെയും സമ്മര്‍ദത്തിലാക്കിയിരുന്നു. ഗോധ്ര സംഭവദിവസം ഉച്ചയ്ക്ക് 12.30ന് ഗുജറാത്ത് ഇന്റലിജന്‍സ് ബ്യൂറോയിലെ ഒരു ഉദ്യോഗസ്ഥന്‍ അഹമ്മദാബാദില്‍ വര്‍ഗീയസംഘര്‍ഷമുണ്ടാകുമെന്ന് മുന്നറിയിപ്പുനല്‍കുകയും സത്വരനടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് തന്റെ ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് സന്ദേശം അയക്കുകയും ചെയ്തു.

എന്നാല്‍, ബന്ധപ്പെട്ടവര്‍ ഈ സന്ദേശം ഗൗനിച്ചില്ല. ഗോധ്രയില്‍ കര്‍സേവകര്‍ പ്രതികാരംചെയ്യുമെന്ന് പറയുന്നുണ്ടെന്ന സന്ദേശത്തോടൊപ്പം ഇതേ മുന്നറിയിപ്പ് ആവര്‍ത്തിക്കപ്പെട്ടു. ഗോധ്രസംഭവം നടന്നതിന്റെ തൊട്ടടുത്തദിവസം പുലര്‍ച്ചെ 1.59ന് സോളാ ഹോസ്പിറ്റലിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് വാനില്‍നിന്ന്, ഉടന്‍ പ്രത്യേക റിസര്‍വ് പൊലീസ് പ്ലാറ്റ്യൂണിനെ രംഗത്തിറക്കണമെന്നാവശ്യപ്പെട്ട് സന്ദേശം പോയി. അതായത് അന്തരീക്ഷം മോശമാകുന്നുവെന്ന് വ്യക്തം. പുലര്‍ച്ചെ 2.44ന് മൃതദേഹങ്ങളുംകൊണ്ട് വാഹനങ്ങള്‍ സോളാ ഹോസ്പിറ്റലില്‍ എത്തിയതായി വയര്‍ലസ് സന്ദേശം അയക്കുകയുണ്ടായി. പുലര്‍ച്ചെ നാലിന് 5000 കര്‍സേവകര്‍ ആശുപത്രിയില്‍ തടിച്ചുകൂടിയതായും സന്ദേശം പോയി. രാവിലെ 7.14ന് പോയ സന്ദേശത്തില്‍ പറഞ്ഞത് അഞ്ഞൂറോളം വരുന്ന ആള്‍ക്കൂട്ടം ഗതാഗതം തടസ്സപ്പെടുത്തുന്നുവെന്നാണ്. രാവിലെ 11.55 ആയപ്പോഴേക്കും ഹിന്ദുത്വവാദികളായ ആള്‍ക്കൂട്ടം അക്രമാസക്തരാകുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്യുന്നെന്ന് സന്ദേശം അയച്ചു.

ഇതേസമയം ഹോസ്പിറ്റലില്‍നിന്നു പോയ മറ്റൊരു വയര്‍ലസ് സന്ദേശത്തില്‍ കലാപം തുടങ്ങിയെന്ന് ഒരു സയ്യിദ് സായ്വ് അറിയിച്ചതായുള്ള വിവരമാണുള്ളത്. ആശുപത്രി അധികൃതരെ ജനക്കൂട്ടം വളഞ്ഞുവച്ചതായി തുടര്‍ന്നുള്ള സന്ദേശത്തില്‍ പറയുന്നു. 11.58ന് അയച്ച സന്ദേശത്തില്‍ 10 ശവശരീരങ്ങള്‍ ദഹിപ്പിക്കാന്‍ കൊണ്ടുപോകുന്നെന്നും അയ്യായിരത്തിനും ആറായിരത്തിനുമിടയ്ക്ക് ആളുകള്‍ അനുഗമിക്കുന്നുണ്ടെന്നും വ്യക്തമാക്കുന്നു. തുടര്‍ന്ന് സബര്‍കന്ദ ജില്ലയില്‍ വിലാപയാത്ര അക്രമാസക്തമാകുകയും രണ്ട് മുസ്ലിങ്ങള്‍ കുത്തേറ്റ് മരിച്ചതായും പറയുന്നു. ഗോധ്രയില്‍ മരണമടഞ്ഞവരില്‍ തിരിച്ചറിയാത്ത 19 പേരുടെ ശവശരീരങ്ങള്‍ വിഎച്ച്പി നേതാവായ ജയ്ദീപ് പട്ടേലാണ് ഏറ്റുവാങ്ങിയത്. വിലാപയാത്രയായാണ് ഈ മൃതശരീരങ്ങള്‍ സംസ്കരിക്കാനായെടുത്തത്. തിരിച്ചറിഞ്ഞ 35 പേരുടെ വിലാപയാത്രകള്‍ വാഹനത്തിലാണ് നടത്തിയതെങ്കിലും വന്‍ജനക്കൂട്ടം അകമ്പടി സേവിച്ചു. അക്രമാസക്തരായ ജനക്കൂട്ടമാണ് വംശഹത്യയ്ക്ക് തുടക്കമിട്ടതും. അതായത് പൊലീസ് വയര്‍ലസ് സന്ദേശങ്ങളില്‍ പറയുന്ന ഈ കാര്യങ്ങളൊന്നും നടന്നതായി പ്രത്യേക അന്വേഷണസംഘം അംഗീകരിക്കുന്നില്ല. മറിച്ച്, വിലാപയാത്രകള്‍ നടന്നില്ലെന്നും തുടര്‍ന്ന് നടന്ന കൊലയും കൊള്ളിവയ്പും സംഭവിച്ചില്ലെന്നും ശവസംസ്കാരത്തിനുവന്ന ജനക്കൂട്ടം രണ്ടുമണിയോടെ വേഗം പിരിഞ്ഞുപോയെന്നുമാണ് റിപ്പോര്‍ട്ടെഴുതിയത്.

ഇതേതുടര്‍ന്ന് വംശഹത്യയില്‍ സംസ്ഥാനഭരണകൂടത്തിനും തലവനായ മുഖ്യമന്ത്രിക്കുമുള്ള പങ്ക് സമര്‍ഥമായി മറച്ചുപിടിക്കുന്നു അവര്‍. (ദി ഹിന്ദു 18.04.2013). മോഡിക്കെതിരെ വേറെയുമുണ്ട് തെളിവുകള്‍. അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന അശോക് നാരായണന്‍, ഹിന്ദുസംഘടനകള്‍ പ്രകോപനപരമായ ലഘുലേഖകള്‍ സോളാ സിവില്‍ ഹോസ്പിറ്റലിനു മുന്നില്‍ തടിച്ചുകൂടിയവര്‍ക്ക് വിതരണം ചെയ്യുന്നെന്നും ഇത് പ്രശ്നമുണ്ടാക്കുമെന്നും മോഡിയെ അറിയിച്ചിരുന്നു. എന്നാല്‍, ഈ മുന്നറിയിപ്പ് മോഡി ഗൗനിച്ചില്ല. പ്രത്യേക അന്വേഷണസംഘത്തിലെ എ കെ മല്‍ഹോത്ര അത്തരം ചില ലഘുലേഖകള്‍ സുപ്രിംകോടതിക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, അന്തിമ റിപ്പോര്‍ട്ടില്‍ അന്വേഷണസംഘം ഇവ പരിഗണിച്ചില്ല. ഗുജറാത്ത് പൊലീസിലെ ഡിജിപി ആയിരുന്ന ആര്‍ ബി ശ്രീകുമാര്‍, ലഘുലേഖകള്‍ വിതരണംചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടിട്ടും മോഡി അനങ്ങിയില്ല. ഈ സംഭവങ്ങളെല്ലാം മോഡിക്ക് വംശഹത്യയില്‍ പങ്കുണ്ടെന്ന് കാണിക്കുന്ന തെളിവുകളാണെങ്കിലും പ്രത്യേക അന്വേഷണസംഘം പരിഗണിച്ചതേയില്ല. സഞ്ജീവ്ഭട്ടിന്റെ കാര്യത്തില്‍ത്തന്നെ നിരവധി പിഴവുകളാണ് അന്വേഷണസംഘം വരുത്തിയത്. 27ന് മുഖ്യമന്ത്രിയുടെ വസതിയില്‍ രാത്രി നടന്ന യോഗത്തില്‍ പങ്കെടുക്കാന്‍ ഭട്ട് പുറപ്പെട്ടോ എന്നറിയാന്‍ സമീപത്തുള്ള പൊലീസ് പോസ്റ്റില്‍നിന്ന് ഒരു പൊലീസുകാരനെ അയച്ചിരുന്നു. അയാള്‍ വീട്ടിലെത്തിയപ്പോഴേക്കും ഭട്ട് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പോയിരുന്നു. ഇതേതുടര്‍ന്ന് ആ കോണ്‍സ്റ്റബിള്‍ ഈ വിവരം തന്റെ ഡറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോദിവസവും ഈ ഡയറി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ഒപ്പിട്ടുവാങ്ങുന്നതാണ്. അതുകൊണ്ടുതന്നെ അത് പരിശോധിച്ചാല്‍ നല്ലൊരു തെളിവ് ഭട്ടിന്റെ മൊഴിക്കനുകൂലമായി കിട്ടും. എന്നാല്‍, പ്രത്യേക അന്വേഷണസംഘമത് ചെയ്തില്ല. സഞ്ജീവ് ഭട്ടിന്റെ മൊഴി പുറത്തായപ്പോള്‍ അദ്ദേഹത്തെ അഭിനന്ദിച്ച് ഒരു പ്രാദേശികപത്രത്തില്‍ ഈ പൊലീസ് കോണ്‍സ്റ്റബിള്‍ പ്രസ്താവന നടത്തുകയുണ്ടായി. തുടര്‍ന്ന് ബ്രഹ്മാനന്ദ ഭട്ടെന്ന ഈ കോണ്‍സ്റ്റബിളിനെ മോഡിയുടെ ഭരണകൂടം പിരിച്ചുവിട്ടു. ജോലിയും കൂലിയുമില്ലാതെ കഷ്ടപ്പെടുന്ന അയാള്‍ പക്ഷേ, ഇന്നും തന്റെ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ്. ഫെബ്രുവരി 28ന് എഹ്സാന്‍ ജാഫ്രിയെ വംശഹത്യക്കാര്‍ ആക്രമിക്കുമ്പോള്‍ ആ വിവരം ഭട്ട് മോഡിയെ ഫോണ്‍ വഴിയും ഫാക്സ് വഴിയും അറിയിച്ചിരുന്നു. പൊലീസ് കണ്‍ട്രോള്‍ റൂമില്‍നിന്ന് മോഡിക്കയച്ച ഫാക്സ് സന്ദേശത്തിന്റെ കോപ്പിയും രണ്ടുതവണ ഭട്ട് അന്വേഷണസംഘത്തിന് സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍, ഒറിജിനല്‍ സമര്‍പ്പിക്കാനാണ് അന്വേഷണസംഘം ആവശ്യപ്പെട്ടത്. അപ്പോഴേക്കും സസ്പെന്‍ഷനിലായ ഭട്ടിന് അതിന് കഴിഞ്ഞില്ല. എന്നാല്‍, വിശാലമായ അധികാരവകാശങ്ങളുള്ള അന്വേഷണസംഘത്തിന് ഒറിജിനല്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടില്ല. എന്നാലതിനായുള്ള ഒരു ശ്രമവും അവര്‍ നടത്തിയില്ല. തുടര്‍ന്ന് ഇന്ത്യന്‍ ക്രിമിനല്‍ പ്രൊസീജര്‍ കോഡിലെ 164-ാം വകുപ്പുപ്രകാരം താന്‍ നല്‍കിയ മൊഴി രേഖപ്പെടുത്താന്‍ ഭട്ട് ആവശ്യപ്പെട്ടു. കുഴപ്പംപിടിച്ച ഒരു വകുപ്പാണിത്. കാരണം മൊഴി തെളിയിക്കാനായില്ലെങ്കില്‍ മൊഴി നല്‍കിയ ആള്‍ കടുത്ത ശിക്ഷാവിധി ഏറ്റുവാങ്ങേണ്ടിവരും. എന്നിട്ടും പ്രത്യേക അന്വേഷണസംഘം ഭട്ടിനെ മുഖവിലയ്ക്കെടുത്തില്ല.

മോഡിയോടുള്ള വിരോധംകാരണം ഭട്ട്് കള്ളം പറയുകയാണെന്നായിരുന്നു അവരുടെ വാദം. എന്നാല്‍, ഭട്ടിനെ അവിശ്വസിക്കേണ്ടതില്ലെന്ന് അമിക്കസ്ക്യൂറി വ്യക്തമാക്കിയതാണ്. ഇങ്ങനെ തീര്‍ത്തും ഏകപക്ഷീയമായാണ് മോഡിക്ക് ക്ലീന്‍ചിറ്റ്നല്‍കുന്ന കാര്യത്തില്‍ ആര്‍ കെ രാഘവനും കൂട്ടരും പ്രവര്‍ത്തിച്ചത്. ഇതുകൊണ്ടുതന്നെയാണ് സാകിയ ജാഫ്രിയുടെ അഭിഭാഷകനായ മിഹിര്‍ ദേശായി, പ്രത്യേക അന്വേഷണസംഘത്തെ ഈ വിഷയത്തില്‍ തെളിവുകള്‍ പരിഗണിക്കാത്ത ഒരു ഗൂഢാലോചനസംഘമെന്ന് വിശേഷിപ്പിച്ചത്. (ദി ഹിന്ദു 28.07.2013). ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് സത്യത്തെ തികഞ്ഞ കള്ളമാക്കിമാറ്റുന്ന ഉപജാപങ്ങളാണ് നാം കണ്ടത്. ബെസ്റ്റ്ബേക്കറി കേസിലെ മുഖ്യസാക്ഷി കൂറുമാറിയതും, യുവതിയുടെ വയറുകീറി ഭ്രൂണത്തെ ശൂലത്തില്‍ കുത്തിയെടുക്കുന്നതുകണ്ടെന്നു പറഞ്ഞ സാക്ഷി കൂറുമാറിയതും, ഗോധ്രയില്‍ മരണമടഞ്ഞവരുടെ ശരീരവുമായി നടന്ന വിലാപയാത്ര നടന്നിട്ടില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും ഇതിന് ഉദാഹരണമാണ്.

*
മുഹമ്മദ് ഫക്രുദീന്‍ അലി

ചിലിയുടെ ചിരി

ചിലിയില്‍ ഏറെയുള്ളത് ചെമ്പാണ്. ലോകത്ത് ഏറ്റവുമധികം ചെമ്പ് നിക്ഷേപമുള്ള രാജ്യം. പക്ഷേ, ഇപ്പോള്‍ ഈ ലാറ്റിനമേരിക്കന്‍ രാജ്യത്തിന് സുവര്‍ണശോഭയാണ്. നിഷ്കളങ്കമായ ബാല്യത്തിലെന്നപോലെ നിറയെ പുഞ്ചിരിക്കുന്ന ഒരു അറുപത്തിരണ്ടുകാരിയുടെ മുഖമാണ് ചിലിയെന്നു കേള്‍ക്കുമ്പോള്‍ ലോകത്തിന്റെ മനസ്സില്‍ തെളിയുന്നത്. മിഷേല ബാഷ്ലെ- പ്രതീക്ഷകളും സ്വപ്നങ്ങളും സഫലീകരിക്കാന്‍ ചിലിയന്‍ജനത വന്‍ ഭൂരിപക്ഷത്തോടെ രണ്ടാമതും തെരഞ്ഞെടുത്ത പ്രസിഡന്റ്. സാല്‍വദോര്‍ അലന്‍ഡെയെ അട്ടിമറിച്ച പിനോഷെയുടെ പട്ടാളഭരണം അവസാനിച്ചശേഷം രണ്ടുവട്ടം ചിലിയുടെ പ്രസിഡന്റാകുന്ന ഏക വ്യക്തിയാണ് ബാഷ്ലെ. പട്ടാളഭരണത്തിന്റെ ക്രൂരതകളേറ്റുവാങ്ങിയ ബാഷ്ലെ ഏറെ നീണ്ട പോരാട്ടത്തിനൊടുവില്‍ ചിലിയുടെ പ്രസിഡന്റായത് 2006ലാണ്.

തുടര്‍ച്ചയായി രണ്ടുവട്ടം മത്സരിക്കാന്‍ ഭണഘടന അനുവദിക്കാത്തതിനാല്‍ 2010ല്‍ സ്ഥാനമൊഴിഞ്ഞു. ഇപ്പോഴിതാ വര്‍ധിത ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍. സോഷ്യലിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയും ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളും അംഗങ്ങളായ മുന്നണിയെ നയിച്ച ബാഷ്ലെ 62 ശതമാനം വോട്ടാണ് നേടിയത്. എതിരാളിയായ കളിക്കൂട്ടുകാരി ഇവലിന്‍ മതേയിക്ക് ലഭിച്ചത് 38 ശതമാനം വോട്ടുമാത്രം. 1950കളില്‍ പട്ടാളക്യാമ്പിന്റെ വളപ്പില്‍ ഒരുമിച്ച് കളിച്ചുവളര്‍ന്നവരാണ് ഇത്തവണ പ്രസിഡന്റുപദത്തിലേക്ക് മത്സരിച്ചത്. ഇരുവരുടെയും അച്ഛന്മാര്‍ സൈന്യത്തിലായിരുന്നു. 1951 സെപ്തംബര്‍ 29നാണ് മിഷേല്‍ ബാഷ്ലെയുടെ ജനനം. തലസ്ഥാനമായ സാന്തിയാഗോയില്‍ പുരാവസ്തുഗവേഷകയായ ആംഗല ജെറിയ ഗോമസിന്റെയും വ്യോമസേനയില്‍ ബ്രിഗേഡിയര്‍ ജനറലായ ആല്‍ബര്‍ട്ടോ ബഷ്ലെ മാര്‍ട്ടിനെസിന്റെയും രണ്ടാമത്തെ മകള്‍. അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് സൈനിക താവളങ്ങളില്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള പ്രയാണമായിരുന്നു കുട്ടിക്കാലം. ക്വിന്റെറോ, സെറോ, മൊറീനോ, അന്തോഫഗസ്റ്റ, സാന്‍ ബര്‍നാഡോ എന്നിവിടങ്ങളിലായി സ്കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ക്ലാസ് പ്രസിഡന്റായിരുന്ന മിഷേല്‍ പഠനത്തിലും ഒന്നാമതായിരുന്നു. സ്കൂളിലെ ഗായകസംഘത്തിലും വോളിബോള്‍ ടീമിലും അംഗമായിരുന്നു.
 
1970ലാണ് ചിലി സര്‍വകലാശാലയിലെ മെഡിക്കല്‍ സ്കൂളില്‍ ചേര്‍ന്നത്. സര്‍വകലാശാലാ പ്രവേശനപരീക്ഷയില്‍ ദേശീയതലത്തില്‍ ആദ്യ റാങ്കുകളിലൊന്ന് ബാഷ്ലെക്കായിരുന്നു. സാമൂഹ്യശാസ്ത്രമോ സാമ്പത്തികശാസ്ത്രമോ പഠിക്കാന്‍ ആഗ്രഹിച്ച മിഷേലിനെ അച്ഛനാണ് വൈദ്യശാസ്ത്രത്തിലേക്ക് നയിച്ചത്. വേദന അനുഭവിക്കുന്നവരെ സഹായിക്കാനും രാജ്യത്തിന് സംഭാവനചെയ്യാനും ഉചിതമായ വഴി വൈദ്യശാസ്ത്രമാണെന്ന് അവര്‍ പിന്നീട് തിരിച്ചറിഞ്ഞു. 1973 സെപ്തംബര്‍ 11ന് അമേരിക്കന്‍ പിന്തുണയോടെ സാല്‍വദോര്‍ അലന്‍ഡെയുടെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച ജനറല്‍ അഗസ്റ്റോ പിനോഷെ ഭരണം പിടിച്ചെടുത്തു. ഇതിനെതിരെ ശബ്ദമുയര്‍ത്തിയ ജനറല്‍ ആല്‍ബര്‍ട്ടോയെ രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലാക്കി. ബാഷ്ലെയുടെ എതിര്‍സ്ഥാനാര്‍ഥിയായ മാതേയിയുടെ അച്ഛന്‍ ജനറല്‍ ഫെര്‍ണാന്‍ഡോ മാതേയ് ആയിരുന്നു ജനറല്‍ ആല്‍ബര്‍ട്ടോയെ പാര്‍പ്പിച്ചിരുന്ന തടവറയുടെ ചുമതലക്കാരന്‍.
 
സാന്തിയാഗോ ജയിലില്‍ മാസങ്ങളോളം നീണ്ട ക്രൂരപീഡനത്തിനൊടുവില്‍ 1974 മാര്‍ച്ച് 12ന് ഹൃദയസ്തംഭനത്താല്‍ അദ്ദേഹം മരിച്ചു. ഇതിന്റെ ആഘാതം വിട്ടുമാറുംമുമ്പ് മിഷേലും അമ്മയും വീട്ടുതടങ്കലിലായി. തുടര്‍ന്ന് കണ്ണുകള്‍ മൂടിക്കെട്ടി സാന്തിയാഗോയിലെ കുപ്രസിദ്ധ രഹസ്യതടവറയായ വില്ല ഗ്രിമാള്‍ഡിയിലേക്ക് കൊണ്ടുപോയി. അമ്മയെയും മകളെയും വെവ്വേറെ തടവറകളിലടച്ച പിനോഷെയുടെ സൈന്യം പീഡനം തുടര്‍ന്നു. സൈന്യത്തിലെ ചിലര്‍ക്ക് തോന്നിയ അനുകമ്പയാണ് ബാഷ്ലെയുടെ മോചനത്തിലേക്ക് നയിച്ചത്. രാജ്യം വിട്ടുപോകണമെന്ന ഉപാധിയോടെയായിരുന്നു മോചനം. ഓസ്ട്രേലിയയിലുള്ള മൂത്ത സഹോദരന്‍ ആല്‍ബര്‍ട്ടോക്ക് അടുത്തേക്കാണ് ബാഷ്ലെ പോയത്. 1975 മേയില്‍ കിഴക്കന്‍ ജര്‍മനിയിലേക്ക് പോയ ബാഷ്ലെ ഒപ്പം അമ്മയെയും കൂട്ടി.
 
ഈസ്റ്റ് ജര്‍മന്‍ സര്‍വകലാശാലയില്‍ മെഡിക്കല്‍പഠനം തുടരുന്നതിന്റെ ഭാഗമായി കമ്യൂണിറ്റി ക്ലിനിക്കില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. നാലുവര്‍ഷത്തെ പ്രവാസത്തിനുശേഷം 1979ല്‍ ബാഷ്ലെ ചിലിയില്‍ മടങ്ങിയെത്തി. 1983ല്‍ മെഡിക്കല്‍ ബിരുദാനന്തരബിരുദം സ്വന്തമാക്കി പൊതുജനാരോഗ്യമേഖലയില്‍ പ്രവര്‍ത്തനം തുടര്‍ന്നു. 1990ല്‍ ചിലി ജനാധിപത്യത്തിലേക്ക് വഴിമാറിയതോടെ പ്രവര്‍ത്തനം സജീവമായി. 1994 മുതല്‍ 1997 വരെ ആരോഗ്യസഹമന്ത്രിയുടെ സീനിയര്‍ അസിസ്റ്റന്റായിരുന്നു ബാഷ്ലെ. ഇതിനിടെ മിലിട്ടറി സയന്‍സില്‍ ബിരുദം നേടിയ ബാഷ്ലെ 1998 മുതല്‍ പ്രതിരോധമന്ത്രാലയത്തിലും പ്രവര്‍ത്തിച്ചു. 2000-2004 കാലഘട്ടത്തില്‍ ആരോഗ്യമന്ത്രിയും പ്രതിരോധമന്ത്രിയുമായി. ആദ്യ ടേമില്‍ 2010 മാര്‍ച്ച് 11ന് പ്രസിഡന്റ് പദമൊഴിഞ്ഞശേഷവും ബാഷ്ലെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു.
 
ഐക്യരാഷ്ട്രസഭ രൂപീകരിച്ച വനിതാവിഭാഗത്തിന്റെ ((United Nations Entity for Gender Equality and the Empowerment of Women-)- ) ആദ്യ എക്സിക്യൂട്ടീവ് ഡയറക്ടറായി കഴിഞ്ഞ മാര്‍ച്ച് വരെ പ്രവര്‍ത്തിച്ചു. ഭാഷകള്‍ കൈകാര്യംചെയ്യുന്നതിന് ബാഷ്ലെക്കുള്ള അസാമാന്യ മിടുക്ക് ശ്രദ്ധേയമാണ്. മാതൃഭാഷയായ സ്പാനിഷിനൊപ്പം ഇംഗ്ലീഷ്, ജര്‍മന്‍, പോര്‍ച്ചുഗീസ്, ഫ്രഞ്ച് തുടങ്ങിയവയും അനായാസം വഴങ്ങും. "എല്ലാവരുടെയും ചിലി എന്ന സ്വപ്നമാണ് എന്നെ ഇവിടെ എത്തിച്ചത്. ആ ലക്ഷ്യം എളുപ്പമായിരിക്കില്ല. പക്ഷേ, ലോകത്തെ മാറ്റുന്നത് എന്നാണ് എളുപ്പമായിരുന്നത്?"- തെരഞ്ഞെടുപ്പുവിജയത്തിനുശേഷം ബാഷ്ലെ പ്രവര്‍ത്തകരോട് പറഞ്ഞു.

*
വിജേഷ് ചൂടല്‍ ദേശാഭിമാനി

സ്വയംഭരണ കോളേജുകള്‍: വിനാശകരമായ നീക്കം

കേരളത്തില്‍ സ്വയംഭരണകോളേജുകള്‍ ആരംഭിക്കാനുള്ള നീക്കം ഉന്നതവിദ്യാഭ്യാസരംഗത്ത് വിനാശകരമായ ഫലങ്ങളാണ് ഉണ്ടാക്കാന്‍ പോകുന്നത്. ഗുണനിലവാരം വര്‍ധിപ്പിക്കാനെന്നപേരില്‍ കൊണ്ടുവന്നിരിക്കുന്ന ഈ പരിഷ്കാരം നിലവാരത്തകര്‍ച്ചയ്ക്കു മാത്രമല്ല ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും ഭീഷണിയാകുകയും ചെയ്യും.

രണ്ട് സര്‍ക്കാര്‍ കോളേജുകള്‍ ഉള്‍പ്പെടെ പതിനഞ്ച് കോളേജുകള്‍ക്കാണ് സ്വയംഭരണപദവി നല്‍കുന്നതിനായി സര്‍ക്കാര്‍ ശുപാര്‍ശചെയ്ത് യുജിസിക്ക് അയച്ചിരിക്കുന്നത്. സ്വയംഭരണപദവി നല്‍കുന്നതിനായി നിശ്ചയിച്ച മാനദണ്ഡങ്ങളില്‍ ഇളവു വരുത്തിയാണ് 13 സ്വകാര്യ കോളേജുകളില്‍ ചിലതിനെ പട്ടികയില്‍ തിരുകിക്കയറ്റിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പാഠ്യപദ്ധതി രൂപീകരണം, പരീക്ഷാനടത്തിപ്പ് ഫലപ്രഖ്യാപനം മുതലായ കാര്യങ്ങള്‍ ഇതുവരെയും ചെയ്തുവന്നിരുന്ന സര്‍വകലാശാലകളെ ആ പണിയില്‍നിന്ന് ഒഴിവാക്കി കോളേജുകള്‍ ശുപാര്‍ശചെയ്യുന്ന പഠിതാക്കള്‍ക്ക് ബിരുദം നല്‍കുകയെന്ന ലഘുവായ ഉത്തരവാദിത്തംമാത്രം ഏല്‍പ്പിച്ചുകൊടുത്തിരിക്കുകയാണ്. സര്‍വകലാശാലകള്‍ ചെയ്തുകൊണ്ടിരുന്ന ജോലി കോളേജുകള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കുമ്പോള്‍ ഉന്നതവിദ്യാഭ്യാസത്തിനുണ്ടാകുന്ന മൂല്യശോഷണവും അപചയവും ഭയാനകമായിരിക്കും. സ്വയംഭരണപദവി ലഭിക്കുന്നതോടുകൂടി പാഠ്യപദ്ധതിരൂപീകരണം അതത് കോളേജുകളില്‍ത്തന്നെയായിരിക്കും. ഏതാനും ചില അല്‍പ്പവിഭവന്മാരായ അധ്യാപകരാണ് സിലബസ് ഉണ്ടാക്കാന്‍ നിയുക്തരാകുന്നതെങ്കില്‍ എന്തായിരിക്കും അതിന്റെ നിലവാരം? അന്ധവിശ്വാസങ്ങളും പ്രതിലോമചിന്തകളും പാഠ്യവിഷയങ്ങളായിത്തീരില്ല എന്നതിന് ഒരുറപ്പുമുണ്ടാകില്ലല്ലോ!

ജന്തുശാസ്ത്രത്തില്‍ പരിണാമസിദ്ധാന്തത്തെ ഒഴിവാക്കി സൃഷ്ടിവാദം ഉള്‍പ്പെടുത്തിയാല്‍ അതിനെ ചോദ്യംചെയ്യാന്‍ ആര്‍ക്കു സാധിക്കും? സര്‍ക്കാരിന്റെ ചട്ടവട്ടങ്ങള്‍ക്കുള്ളില്‍നിന്നുകൊണ്ട് തയ്യാറാക്കപ്പെടുന്ന പാഠപുസ്തകങ്ങളെപ്പോലും മതസാമുദായികശക്തികള്‍ ഇടപെട്ട് തങ്ങള്‍ക്ക് ഹിതകരമല്ലാത്തതിനെ മാറ്റിക്കുന്നുണ്ടെങ്കില്‍ അവരുടെ മാത്രം നിയന്ത്രണത്തിലുള്ള കോളേജുകളിലെ പാഠ്യപദ്ധതിയില്‍ എന്തൊക്കെ കാര്യങ്ങള്‍ ചേര്‍ക്കാന്‍ സാധിക്കും. അതിനെ അക്കാദമികമായി പ്രതിരോധിക്കാന്‍ ചങ്കൂറ്റമുള്ള എത്ര അധ്യാപകരുണ്ടാകും? ഏതോ തീവ്രവാദവിഭാഗത്തിന് അനിഷ്ടകരമായ ചോദ്യമുണ്ടാക്കിയ അധ്യാപകന്‍ ഛേദിക്കപ്പെട്ട കൈപ്പത്തിയുമായി, മാനേജരാലും പീഡിപ്പിക്കപ്പെട്ട് ജീവിക്കുന്നത് ഈ കേരളത്തില്‍ത്തന്നെയാണ്. പരീക്ഷാനടത്തിപ്പിന്റെ പേരില്‍ എന്തൊക്കെ അധാര്‍മികപ്രവൃത്തികളായിരിക്കും സ്വയംഭരണകോളേജില്‍ നടക്കുക. സര്‍വകലാശാലാനടപടിക്രമങ്ങള്‍ക്കുള്ളില്‍നിന്നുതന്നെ കൂടുതല്‍ മാര്‍ക്കും റാങ്കും വാഗ്ദാനം നല്‍കി ഒരു സര്‍ക്കാര്‍ ലോ കോളേജ് അധ്യാപകര്‍ക്ക് വിദ്യാര്‍ഥിനിയെ ലൈംഗികമായി ചൂഷണംചെയ്യാന്‍ കഴിയുമെങ്കില്‍ സ്വയംഭരണകോളേജുകളില്‍ എന്തൊക്കെ നടക്കില്ല? വിജയശതമാനം വര്‍ധിപ്പിക്കാനായി എന്തെല്ലാം ഹീനകൃത്യങ്ങളായിരിക്കും ചെയ്യുക? ചില അണ്‍ എയ്ഡഡ് പ്രൊഫഷണല്‍ കോളേജുകളില്‍ പരീക്ഷയില്‍ കോപ്പിയടിക്കാനുള്ള സൗകര്യം മാനേജ്മെന്റുതന്നെ ചെയ്തുകൊടുത്തതിന്റെപേരില്‍ സര്‍വകലാശാല ശിക്ഷാനടപടി സ്വീകരിച്ച കാര്യം മറക്കാറായിട്ടില്ല. വിദ്യാര്‍ഥിപ്രവേശനത്തില്‍ എയ്ഡഡ് കോളേജുകളില്‍ ഇപ്പോള്‍ നടന്നുവരുന്ന അഴിമതിയും കോഴയും സ്വയംഭരണപദവി ലഭിക്കുന്നതോടുകൂടി ശതഗുണീഭവിക്കുമെന്ന കാര്യത്തില്‍ സംശയംവേണ്ടാ. അധ്യാപകരുടെയും ജീവനക്കാരുടെയും നിയമനത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അനാശാസ്യപ്രവര്‍ത്തനങ്ങളും കോഴയും സ്വയംഭരണം ലഭിക്കുന്നതോടുകൂടി വര്‍ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കോഴത്തുകയുടെ കനംനോക്കിയും ജാതി-മത പരിഗണനകള്‍ വച്ചും അധ്യാപകനിയമനം നടത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് നഷ്ടമാകുന്നത് കഴിവുറ്റ അധ്യാപകരുടെ സേവനമാണ്. ശരാശരിയോ അതിലും താഴ്ന്നതോ ആയ നിലവാരമുള്ളവര്‍ മറ്റു പരിഗണനകളാല്‍ അധ്യാപകരായിത്തീരുകയും അവര്‍ക്കറിയാവുന്ന കാര്യങ്ങള്‍ മാത്രം സിലബസില്‍ ഉള്‍പ്പെടുത്തുകയും, അവര്‍ക്കറിയാവുന്ന തരത്തില്‍ ചോദ്യങ്ങളുണ്ടാക്കി പരീക്ഷ നടത്തി ഫലം പ്രസിദ്ധീകരിക്കുകയും ചെയ്യുമ്പോള്‍ അവരേക്കാള്‍ നിലവാരംതാണ ബിരുദധാരികളായിരിക്കും സമൂഹത്തിലേക്കിറങ്ങിവരിക. അവര്‍ സമൂഹത്തെ നിയന്ത്രിക്കുമ്പോള്‍ എന്താകും കേരളത്തിന്റെ ഭാവി? രാഷ്ട്രീയകേരളത്തിന്റെ ജനാധിപത്യപരമായ ചട്ടക്കൂട് വളര്‍ത്തിയെടുത്തതില്‍ വിദ്യാഭ്യാസത്തിനും സ്വതന്ത്രങ്ങളായ ക്യാമ്പസുകള്‍ക്കുമുള്ള പങ്ക് നിര്‍ണായകമായിരുന്നു. കോളേജ് യൂണിയന്‍ പോലുള്ള ജനാധിപത്യവേദികളും സ്വതന്ത്രമായ തെരഞ്ഞെടുപ്പും രാഷ്ട്രീയവും സാംസ്കാരികവുമായ സംവാദങ്ങളും വിമര്‍ശനബുദ്ധിയും സമത്വബോധവും സര്‍വോപരി മാനവികചിന്തയും മലയാളിക്ക് പ്രദാനം ചെയ്തത് കോളേജ് ക്യാമ്പസ്സുകളാണ്. രണ്ടുപതിറ്റാണ്ടിനുമുമ്പ് ആരംഭിച്ച അണ്‍ എയ്ഡഡ് കോളേജുകള്‍ ജനാധിപത്യത്തിന് ആദ്യത്തെ പ്രഹരമേല്‍പ്പിച്ചു. മാനേജര്‍മാരുടെ ആധിപത്യത്തിലുള്ള അത്തരം കോളേജുകള്‍ ജനാധിപത്യത്തെ ആട്ടിയോടിക്കുന്ന രാവണന്‍കോട്ടകളായി. ഇപ്പോള്‍ സ്വയംഭരണപദവി നേടുന്ന സര്‍ക്കാര്‍ കോളേജുകളും എയ്ഡഡ് കോളേജുകളും ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും മാനവികതയ്ക്കും കൊടിയ ആഘാതമാണ് ഏല്‍പ്പിക്കാന്‍ പോകുന്നത്. ഭാവികേരളം ഫാസിസ്റ്റുകളുടെയും തീവ്രവാദികളുടെയും കൈയിലമരാതിരിക്കണമെങ്കില്‍, ജനാധിപത്യവും മതനിരപേക്ഷതയും മാനവികതയും പുലരണമെന്നാഗ്രഹമുണ്ടെങ്കില്‍ സ്വയംഭരണകോളേജുകള്‍ തുടങ്ങാനുള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കണം

*
ദേശാഭിമാനി മുഖപ്രസംഗം

സന്ധ്യ കാണാത്ത വിഷവൃക്ഷം

കേരളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര ഭയാനകമായ അഴിമതിക്ക് നേതൃത്വം നല്‍കുകയും ആ അഴിമതിക്കേസില്‍നിന്ന് രക്ഷപ്പെടാന്‍ ജനാധിപത്യ സംവിധാനങ്ങളെയാകെ ദുരുപയോഗംചെയ്യുകയും ചെയ്ത മുഖ്യമന്ത്രിക്കെതിരെ സമരം നടക്കുമ്പോള്‍ ആര്‍ക്കൊക്കെയാണതില്‍ അസ്വസ്ഥതയെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ സന്ധ്യ സഹായിച്ചു. മലയാള മനോരമയ്ക്കും മറ്റു മുഖ്യധാരാമാധ്യമങ്ങള്‍ക്കും ഹര്‍ഷോന്മാദത്താല്‍ സമനില തെറ്റിയിരിക്കുന്നു. സോളാര്‍ അഴിമതിവാര്‍ത്തകളാല്‍ കേരള മനഃസാക്ഷി കരിഞ്ഞുണങ്ങുമ്പോള്‍ നിരാശപൂണ്ട ആ മാധ്യമങ്ങള്‍ ഇപ്പോള്‍ ദംഷ്ട്രയും നെറ്റിക്കണ്ണും പുറത്തെടുത്ത് ആര്‍ത്തട്ടഹസിക്കുകയാണ്. കാരണം, ഏറ്റവും സമാധാനപരമായി കൊടും അഴിമതിക്കെതിരെ സമരംനടത്തുന്ന ഇടതുപക്ഷത്തിനെ ആക്രമിക്കുവാന്‍ കിട്ടിയ അവസരമാണ് ഇതവര്‍ക്ക്.

എങ്ങനെയും ഉമ്മന്‍ചാണ്ടിയെ സോളാര്‍താപത്തില്‍നിന്ന് രക്ഷിച്ച് ജനപ്രിയതയുടെ സമ്പര്‍ക്കത്തണലില്‍ കുളിപ്പിച്ചു കിടത്താനുള്ള വെമ്പലിലാണ് മനോരമയും കൂട്ടരും. ഇതവരുടെ രാഷ്ട്രീയവും വര്‍ഗതാല്‍പ്പര്യവുമാണ്. എല്‍ഡിഎഫ് സമരത്തെ ക്രൂരമായി അവഗണിക്കാനും അത് "ജനവിരുദ്ധ"മാണെന്ന് ആക്ഷേപിക്കാനും നടത്തുന്ന ശ്രമങ്ങള്‍, അവര്‍ ഭാവിക്കുന്ന നിഷ്പക്ഷതയുടെ മുഖംമൂടി പിച്ചിച്ചീന്തി കളഞ്ഞിരിക്കുന്നു. അഴിമതിയോടില്ലാത്ത അസഹിഷ്ണുത മനോരമയ്ക്ക് അതിനെതിരായ സമരത്തോടാണെന്ന് കൂടുതല്‍ വ്യക്തമാക്കുവാന്‍ സന്ധ്യ ഉപകരിച്ചു. പക്ഷേ, സമരവാര്‍ത്ത തമസ്കരിച്ചുകൊണ്ടിരുന്ന മനോരമ ഇപ്പോള്‍, സന്ധ്യയിലൂടെ സമരവാര്‍ത്തയ്ക്കായി പത്രത്തിന്റെ എത്രയോ കോളങ്ങള്‍ മാറ്റിവയ്ക്കുന്നു. സോഷ്യല്‍ മീഡിയ സന്ധ്യയ്ക്കു നല്‍കിയ പിന്തുണയെ പെരുപ്പിച്ചുകാട്ടുവാന്‍ മനോരമ നടത്തുന്ന തന്ത്രങ്ങള്‍ സന്ധ്യയ്ക്കു മനസിലാകുന്നുണ്ടല്ലോ? സന്ധ്യയുടെ പ്രതികരണരീതിയെയും ചിറ്റിലപ്പിള്ളിയുടെ "ധര്‍മബോധ"ത്തെയും ആക്രമിക്കുന്ന പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ ഒട്ടും കുറവല്ല എന്ന് നമുക്കറിയാം. പക്ഷേ, മാധ്യമ തമസ്കരണംമൂലം അധികമാരും അറിയാതെപോകുമായിരുന്ന ക്ലിഫ്ഹൗസ് ഉപരോധത്തെ ലോകംമുഴുവനും അറിയിച്ചതിന്റെ ക്രെഡിറ്റ് തീര്‍ച്ചയായും സന്ധ്യയ്ക്കാണ്. അഴിമതിയെ വെറുക്കുന്ന ജനാധിപത്യസ്നേഹികള്‍ക്ക് ഇക്കാര്യത്തില്‍ സന്ധ്യയോട് നന്ദി ഉണ്ടാകും. മനോരമയ്ക്കുശേഷം സന്ധ്യയ്ക്കായി അഞ്ചുലക്ഷം ഇനാം പ്രഖ്യാപിച്ച ചിറ്റിലപ്പിള്ളി ആരുടെ താല്‍പ്പര്യസംരക്ഷകനാണെന്ന് ജനങ്ങള്‍ക്കറിയാം. രാഷ്ട്രീയം ലാഭകരമല്ലാത്തതിനാല്‍ ബിസിനസ് നടത്താന്‍ തീരുമാനിച്ച ചിറ്റിലപ്പിള്ളി സമ്പന്നവര്‍ഗത്തിന്റെ പ്രതിനിധിയാണ്. അവയവദാനത്തെ അംഗീകരിക്കുമ്പോഴും എന്തുകൊണ്ട് അഴിമതിക്കെതിരെ ചെറുവിരലനക്കാന്‍ ചിറ്റിലപ്പിള്ളിക്കു കഴിയുന്നില്ല? ഭരണവര്‍ഗ താല്‍പ്പര്യത്തെ എതിര്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ് അദ്ദേഹത്തിന്.

സന്ധ്യയുടെ ഒരു പ്രതികരണത്തിലൂടെ പലരുടെയും യഥാര്‍ഥ രാഷ്ട്രീയം പുറത്തേക്കുവരുമ്പോള്‍ സന്ധ്യതന്നെ അത്ഭുതപ്പെടുന്നുണ്ടാകാം. ഈ രാഷ്ട്രീയം കോണ്‍ഗ്രസോ സിപിഐ എമ്മോ എന്നതല്ല. ഏതു വര്‍ഗങ്ങളുടെ താല്‍പ്പര്യമാണ് ഇക്കൂട്ടര്‍ കാത്തുസൂക്ഷിക്കുന്നതെന്നാണ് പ്രധാനം. സന്ധ്യ ഏതു രാഷ്ട്രീയകക്ഷിയുടെ അനുയായിയും ആയിക്കോട്ടെ! പക്ഷേ സന്ധ്യേ, സന്ധ്യയുടെ ഈ പ്രതികരണശേഷി ഈ നാടിന്റെ നന്മയ്ക്കായി വിനിയോഗിക്കുക. സാധാരണക്കാരെ കൊള്ളയടിക്കുന്ന സോളാര്‍ വീരന്മാര്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുക. യഥാര്‍ഥ ജനാധിപത്യത്തിനായി സന്ധ്യയുടെ കരുത്ത് പ്രയോജനപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. അഴിമതിക്കെതിരെ വീട്ടമ്മമാര്‍ നടത്തുന്ന സമരത്തിലേക്ക് സന്ധ്യയെയും ക്ഷണിക്കുന്നു. സന്ധ്യയുടെ വീട്ടുമുറ്റത്ത് പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന വിഷവൃക്ഷത്തെ കണ്ടില്ലെന്നു നടിക്കരുത്. സമരങ്ങളിലൂടെ, സംഘര്‍ഷങ്ങളിലൂടെ, വിപ്ലവങ്ങളിലൂടെയാണ് നമ്മള്‍ നമ്മളായി മാറിയതെന്നും സന്ധ്യ മറക്കരുത്.

*
Deshabhimani

Wednesday, December 25, 2013

ലാറ്റിനമേരിക്കയുടെ തുടരുന്ന പോരാട്ടം

നവ ഉദാരവല്‍ക്കരണനയങ്ങള്‍ ആദ്യം ആരംഭിച്ചത് ലാറ്റിനമേരിക്കയിലാണ്. അതുകൊണ്ടുതന്നെ ആ നയങ്ങള്‍ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പും ഈ മേഖലയില്‍നിന്ന് ഉയര്‍ന്നു. ലാറ്റിനമേരിക്കന്‍ജനത ആ പോരാട്ടം സജീവമായി തുടരുകയാണെന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ചിലിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മധ്യ- ഇടതുപക്ഷ കൂട്ടുകെട്ടായ ജനാധിപത്യ സഖ്യകക്ഷിയുടെ വിജയം. ഈ സഖ്യത്തിലെ സോഷ്യലിസ്റ്റ് പാര്‍ടി നേതാവ് മിഷേല്‍ ബാഷ്ലെയാണ് വന്‍ വിജയം നേടിയത്. ഡിസംബര്‍ 15ന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ പോള്‍ചെയ്ത വോട്ടിന്റെ 62 ശതമാനം നേടിയാണ് ബാഷ്ലെ ജയിച്ചത്. പിനോഷെ എന്ന ഏകാധിപതിയുടെ ഭരണത്തിന് അന്ത്യമായശേഷം ഒരു പ്രസിഡന്റിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വോട്ടിങ് ശതമാനമാണിത്. സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റ് പാര്‍ടിയും ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളും ചേര്‍ന്നതാണ് ബാഷ്ലെയുടെ സഖ്യം. തൊട്ടടുത്ത എതിരാളിയും ഇന്‍ഡിപെന്‍ഡന്റ് ഡെമോക്രാറ്റ് യൂണിയന്‍ സ്ഥാനാര്‍ഥിയുമായ ഇവ്ലിന്‍ മതെയ്ക്ക് 38 ശതമാനം വോട്ടുമാത്രമാണ് ലഭിച്ചത്. ചിലിയില്‍ രണ്ടാമതും പ്രസിഡന്റാകുന്ന വനിത എന്ന ബഹുമതിയും ബാഷ്ലെയ്ക്കുണ്ട്. ചിലിയന്‍ ഭരണഘടനയനുസരിച്ച് ഒരു പ്രസിഡന്റിന് തുടര്‍ച്ചയായി രണ്ടാമത് അധികാരത്തില്‍ വരാന്‍ കഴിയാത്തതുകൊണ്ടാണ് 2006 മുതല്‍ 2010 വരെ പ്രസിഡന്റായ ബാഷ്ലെ അഭിപ്രായവോട്ടെടുപ്പില്‍ ഏറെ മുന്നിലായിട്ടും 2009ല്‍ മത്സരിക്കാതിരുന്നത്.

നവ ഉദാരവല്‍ക്കരണത്തിനെതിരെ ചിലിയിലെ വിദ്യാര്‍ഥികളും കര്‍ഷകരും നടത്തിയ സമരത്തിന്റെ പശ്ചാത്തലത്തിലാണ് ബാഷ്ലെയുടെ വിജയം ശ്രദ്ധേയമാകുന്നത്. 1973 സെപ്തംബര്‍ 11ന് നടത്തിയ അട്ടിമറിയിലൂടെ സോഷ്യലിസ്റ്റ് പ്രസിഡന്റ് അലന്‍ഡെയെ വധിച്ചാണ് അഗസ്റ്റോ പിനോഷെ ചിലിയില്‍ അധികാരത്തില്‍ വരുന്നത്. ഇടതുപക്ഷക്കാരനായ അലന്‍ഡെയുടെ സര്‍ക്കാരിനെ തകര്‍ക്കുന്നതിന് പിനോഷെയ്ക്ക് എല്ലാ സഹായവും ചെയ്തത് അമേരിക്കന്‍ സാമ്രാജ്യത്വമാണ്. അമേരിക്കയുടെ ഉദാരവല്‍ക്കരണ- സ്വകാര്യവല്‍ക്കരണ- ആഗോളവല്‍ക്കരണ പരിപാടികള്‍ക്ക് ലാറ്റിനമേരിക്കയില്‍ തുടക്കംകുറിച്ചതും പിനോഷെ സര്‍ക്കാരായിരുന്നു. ഈ നയം പിന്തുടര്‍ന്നതിന്റെ ഫലമായി ലാറ്റിനമേരിക്കയില്‍മാത്രമല്ല ഒഇസിഡി രാജ്യങ്ങളില്‍പ്പോലും ഏറ്റവുമധികം സാമ്പത്തിക അസമത്വമുള്ള രാജ്യമായി ചിലി മാറി. ഉദാരവല്‍ക്കരണനയം ഏറ്റവും രൂക്ഷമായി കുടുംബങ്ങളെ ബാധിച്ചത് വിദ്യാഭ്യാസച്ചെലവിലാണ്. 90 ശതമാനം സര്‍വകലാശാലകളും 55 ശതമാനം സെക്കന്‍ഡറി വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യമേഖലയുടെ കൈവശമായിരുന്നു. വിദ്യാഭ്യാസം ഒരു കുടുംബത്തിനും താങ്ങാന്‍ കഴിയാത്ത സാമ്പത്തികഭാരമുള്ളതായി. ചിലിയന്‍ കുടുംബങ്ങള്‍ അവരുടെ 60 ശതമാനം വരുമാനവും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെലവാക്കുന്ന ഘട്ടം വന്നു. ഈ ഘട്ടത്തിലാണ് വിദ്യാര്‍ഥികള്‍ ഈ നയത്തിനെതിരെ വന്‍ പ്രക്ഷോഭവുമായി രംഗത്തുവന്നത്.

2006ല്‍ ആരംഭിച്ച ഈ പെന്‍ഗ്വിന്‍വിപ്ലവം ഇപ്പോഴും തുടരുകയാണ്. ഈ പ്രക്ഷോഭത്തിന്റെ ചൂടില്‍ സ്ഥാനമൊഴിയുന്ന വലതുപക്ഷക്കാരനായ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പനേരയ്ക്കുപോലും ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന നയങ്ങളെ ഒരുപരിധിവരെ അംഗീകരിച്ച് നടപ്പാക്കേണ്ടിവന്നു. ഈയൊരു പശ്ചാത്തലത്തിലാണ് നവ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിയ ഏകാധിപതിയായ പിനോഷെയ്ക്കെതിരെ പൊരുതി നിന്ന വ്യോമസേന ബ്രിഗേഡിയര്‍ ജനറല്‍ ആല്‍ബര്‍ട്ടോ ബാഷ്ലെയുടെ മകളും ദീര്‍ഘകാലം തടവിലും വിദേശത്തും കഴിഞ്ഞവളുമായ മിഷേല്‍ ബാഷ്ലെ വീണ്ടും മത്സരരംഗത്ത് ഇറങ്ങിയത്. പിനോഷെയെ അനുകൂലിച്ച ജനറല്‍ ഫെര്‍ണാണ്ടോ മതേയ്യുടെ മകളാണ് എതിര്‍സ്ഥാനാര്‍ഥിയായ ഇവ്ലിന്‍ മതേയ് എന്നത് കാര്യം എളുപ്പമാക്കി. വിദ്യാഭ്യാസമേഖലയിലെ സ്വകാര്യാധിപത്യം നിയന്ത്രിക്കുമെന്നും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും സ്വകാര്യ പെന്‍ഷന്‍ സമ്പ്രദായം അവസാനിപ്പിക്കുമെന്നും പറഞ്ഞാണ് ബാഷ്ലെ മത്സരരംഗത്ത് ഇറങ്ങിയത്. ഇത് സ്വാഭാവികമായും വന്‍ ജനപിന്തുണ ഉറപ്പാക്കാന്‍ അവരെ സഹായിച്ചു. ചിലി ഇടതുപക്ഷത്തേക്ക് ചായുകയാണെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ മുന്നറിയിപ്പ് നല്‍കിയത് ഈ ഘട്ടത്തിലാണ്. ഏതായാലും ബാഷ്ലെയുടെ വിജയം സിഐഎയും ചിലിയന്‍ സൈന്യവും ചിക്കാഗോ സാമ്പത്തികവിദഗ്ധരും ചേര്‍ന്നുള്ള നവ ഉദാരവല്‍ക്കരണഭരണത്തിന് അന്ത്യമിടുമെന്ന് ഉറപ്പാണ്. കൂടുതല്‍ സമത്വമുള്ളതും നീതിപൂര്‍വകവുമായ സമൂഹമെന്നതാണ് ബാഷ്ലെ ഉയര്‍ത്തുന്ന മുദ്രാവാക്യം. കൂടുതല്‍ വരുമാനമുള്ളവര്‍ കൂടുതല്‍ നികുതി നല്‍കുക എന്ന മുദ്രാവാക്യവും ബാഷ്ലെ ഉയര്‍ത്തുന്നു. ചിലി ഇടത്തോട്ട് നീങ്ങുകയാണെന്ന് വ്യക്തം. ചിലിയില്‍മാത്രമല്ല വെനസ്വേലയിലും മഡുറോയുടെ നേതൃത്വത്തിലുള്ള ബൊളിവാറിയന്‍ ഇടതുപക്ഷ സര്‍ക്കാര്‍ കൂടുതല്‍ ജനവിശ്വാസമാര്‍ജിച്ച് മുന്നോട്ടുപോകുകയാണ്. വെനസ്വേലയില്‍ അടുത്തിടെ നടന്ന മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ 76 ശതമാനം സീറ്റും നേടി കാരക്കാസ് അടക്കമുള്ള നഗരങ്ങളില്‍ ഭരണകക്ഷിയായ പിഎസ്യുവി ആധിപത്യം നിലനിര്‍ത്തി. 210 സീറ്റ് ഭരണകക്ഷിക്ക് ലഭിച്ചപ്പോള്‍, ഹെന്‍റിക് കാപ്രില്ലസിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ എംയുഡിക്ക് 15 ശതമാനം സീറ്റുമാത്രമാണ് ലഭിച്ചത്. മൊത്തം പോള്‍ചെയ്ത വോട്ടിന്റെ 49.24 ശതമാനവും മഡുറോയുടെ പാര്‍ടി നേടിയപ്പോള്‍, 42.72 ശതമാനം വോട്ടുമാത്രമാണ് കാപ്രില്ലസിന്റെ കക്ഷിക്ക് ലഭിച്ചത്. ഹ്യൂഗോ ഷാവെസ് മരിച്ചതോടെ വെനസ്വേലയിലെ ഇടതുപക്ഷവും മരിക്കുമെന്ന അമേരിക്കന്‍ പ്രചാരണത്തിന് ചുട്ട മറുപടിയാണ് ഈ തെരഞ്ഞെടുപ്പുവിജയം. മഡുറോ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 1.5 ശതമാനം വോട്ടിന്റെ ലീഡ് നേടിയാണ് ജയിച്ചതെങ്കില്‍, മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയുടെ ലീഡ് 6.52 ശതമാനമായി വര്‍ധിച്ചു. സ്നോഡെന്‍ ഉണ്ടെന്നു പറഞ്ഞ് ബൊളീവിയയുടെ പ്രസിഡന്റ് ഇവാമൊറേല്‍സിന്റെ വിമാനം അമേരിക്കന്‍ നിര്‍ദേശപ്രകാരം വിയന്നയില്‍ ഇറക്കിയ യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ നടപടിക്കെതിരെ, ലാറ്റിനമേരിക്ക ഒറ്റക്കെട്ടായി പ്രതിഷേധിച്ചതും ലാറ്റിനമേരിക്കയിലെ ഇടതുപക്ഷത്തിന് സ്വീകാര്യത വര്‍ധിക്കുന്നുവെന്നതിന്റെ ലക്ഷണമാണ്.

*
Deshabhimani Editorial

Tuesday, December 24, 2013

ക്രിസ്തു ചിരിക്കട്ടെ

ക്രിസ്തു ഒരിക്കലും ചിരിക്കുന്നില്ല. ക്രിസ്തു ചിരിക്കണമെങ്കില്‍ സമാധാനവും സന്തോഷവും സ്നേഹവും നിറഞ്ഞ സമത്വത്തിന്റെ ഏകലോകം പിറവികൊള്ളണം. ചിരിക്കുന്ന ക്രിസ്തുവിനെ സൃഷ്ടിക്കുക എന്നതാണ് ഓരോ മനുഷ്യന്റെയും ധര്‍മം. ഓരോ ക്രിസ്മസും നമ്മെ ഓര്‍മിപ്പിക്കുന്നതും ഇതുതന്നെ

പന്തലിച്ച മരച്ചില്ലകള്‍ക്കിടയിലൂടെ ഇളംമഞ്ഞ് അരിച്ചിറങ്ങുന്ന ഡിസംബര്‍ രാത്രിയില്‍ മധ്യതിരുവിതാംകൂറിലെ ഒരു ഗ്രാമത്തിന്റെ ഉള്‍വഴികളിലൂടെ നീങ്ങുകയാണ് ഒരു കരോള്‍സംഘം. യുവത്വത്തിന്റെ സ്വാതന്ത്ര്യമാണത്. രാത്രിയുടെ വൈകിയ യാമങ്ങളിലും വീടുവിട്ടിറങ്ങാനുള്ള സ്വാതന്ത്ര്യം. കൂട്ടായ്മയുടെ സന്തോഷം. പുല്‍ക്കൂടും നക്ഷത്രവിളക്കുകളുമെല്ലാമുണ്ടങ്കിലും എന്റെ ക്രിസ്മസ് ഓര്‍മകളില്‍ പച്ചപിടിച്ചുനില്‍ക്കുന്നത് കരോളാണ്. കരോളിന് ആരുവിളിച്ചാലും ഞാന്‍ പോകും; ക്ലബ്ബുകാരായാലും പള്ളിയായാലും. സൈഡ്ഡ്രം കൊട്ടുകയാണ് എന്റെ ജോലി. കൂട്ടത്തില്‍ പാടാന്‍ ആര്‍ക്കും സാധിക്കുമല്ലോ. പള്ളിയേക്കാളുപരി പള്ളിപ്പോരില്‍ അഭിരമിച്ച ഒരു കുടുംബപാരമ്പര്യത്തിന്റെ അവകാശിയാണ് ഞാന്‍. "അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍" ഈ പോരിന്റെ ഫലിതരൂപത്തിലുള്ള ആവിഷ്കാരമാണ്. ഇങ്ങനെ പരസ്പരം തമ്മില്‍ തല്ലുന്ന പള്ളിമുറ്റത്ത് ക്രിസ്മസ് കാലത്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. പ്രാഥമിക വിദ്യാഭ്യാസംമാത്രമുള്ള മാതാപിതാക്കള്‍ പ്രതീക്ഷകളുടെ ഭാരം എന്റെ ചുമലില്‍ കയറ്റിവച്ചിരുന്നില്ല.

അങ്ങനെ സമാധാനമായി ജീവിച്ചുവരവെയാണ് മറ്റൊരാള്‍ക്കായി പറഞ്ഞുവച്ച വിസയില്‍ യാദൃച്ഛികമായി ഞാന്‍ ഗള്‍ഫിലെത്തുന്നത്. വയസ്സ് 21. ഭാഗ്യവശാല്‍ ഞാനെത്തിയത് ബഹ്റൈനിലാണ്. മതസ്വാതന്ത്ര്യമൊക്കെയുള്ള രാജ്യം. അവിടെയും ക്രിസ്മസ് ആഘോഷങ്ങളുണ്ട്. സമാജങ്ങളും സാംസ്കാരിക പ്രസ്ഥാനങ്ങളും സംഘടിപ്പിക്കുന്നവ. ഫ്ളാറ്റുകളില്‍ കയറിയിറങ്ങി കരോള്‍ നടത്തും. നാട്ടിന്‍പുറത്തെ കരോളില്‍ പെണ്‍കുട്ടികളുണ്ടാകാറില്ല. അവര്‍ക്ക് ക്രിസ്മസ് കരോള്‍ ജനലഴിക്കപ്പുറത്തുനിന്നുള്ള കാഴ്ചമാത്രമാണ്. എന്നാല്‍, ഗള്‍ഫിലെത്തുമ്പോള്‍ അവരും കരോളിന്റെ ഭാഗമായിത്തീരുന്നു. യുവാക്കള്‍ക്കൊപ്പം "തിരുപ്പിറവിയുടെ വിശേഷങ്ങള്‍" പാടി നടക്കുന്നു.

സ്നേഹത്തിന്റെ ക്രിസ്തു

ചുങ്കക്കാരും പാപികളും യേശുവിന്റെ അടുക്കല്‍ വന്നു. അവന്‍ അവര്‍ക്ക് നന്മ ഉപദേശിച്ചു. സ്നേഹപൂര്‍വം സംസാരിച്ചു. അവരോടൊപ്പം ഭക്ഷിച്ചു. ഇതില്‍ അസ്വസ്ഥരായി പിറുപിറുത്ത ശാസ്ത്രിമാരോടും പരീശന്മാരോടും യേശു ഒരു ഉപമ പറഞ്ഞു. ""നിങ്ങളില്‍ ഒരാള്‍ക്ക് നൂറ് ആടുകള്‍ ഉണ്ടെന്നിരിക്കട്ടെ. അതില്‍ ഒന്നിനെ കാണാതായാല്‍ അവന്‍ തൊണ്ണൂറ്റിയൊമ്പതിനെയും മരുഭൂമിയില്‍ വിട്ടിട്ട്, ആ കാണാതെ പോയതിനെ കണ്ടെത്തുന്നതുവരെ അന്വേഷിച്ച് നടക്കുകയില്ലയോ? കണ്ടുകിട്ടുമ്പോള്‍ സന്തോഷത്തോടെ അവന്‍ അതിനെ ചുമലിലേറ്റുന്നു. അവന്‍ വീട്ടില്‍ വന്ന് സ്നേഹിതന്മാരെയും അയല്‍ക്കാരെയും വിളിച്ചുകൂട്ടി "കാണാതായ എന്റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ട് എന്നോടുകൂടി സന്തോഷിക്കുവിന്‍" എന്ന് പറയും. ഇപ്രകാരംതന്നെ, അനുതാപത്തിന്റെ ആവശ്യമില്ലാത്ത തൊണ്ണൂറ്റിയൊമ്പത് നീതിമാന്മാരെക്കുറിച്ചുള്ളതിനേക്കാള്‍ അധികം സന്തോഷം അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗത്തില്‍ ഉണ്ടാകുമെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു."" ഇതാണ് എന്റെ ക്രിസ്തു. തൊണ്ണൂറ്റിയൊമ്പതിനെയും വിട്ടിട്ട് നഷ്ടപ്പെട്ടുപോയ ഒന്നിനെ തേടുന്ന ക്രിസ്തു. നീതിമാന്മാരെയും സമ്പന്നരെയും വിട്ട് പാപിയെയും പീഡിതനെയും അന്വേഷിച്ചിറങ്ങുന്ന ക്രിസ്തു. എന്റെ പിന്നാലെ വരുന്നവരേക്കാള്‍ ഞാന്‍ കണ്ടെത്തേണ്ടുന്ന ഒറ്റപ്പെട്ടുപോയവര്‍ക്കായി അലയുന്ന ക്രിസ്തു.

നമുക്കെല്ലാം ആള്‍ക്കൂട്ടത്തെയാണ് താല്‍പ്പര്യം. എനിക്ക് അനുയായികള്‍ വേണം, ഭക്തര്‍ വേണം, ആരാധകര്‍ വേണം, വായനക്കാര്‍ വേണം, സ്തുതിപാഠകര്‍ വേണം, ആനന്ദോത്സവങ്ങളും സത്സംഗങ്ങളും വചനപ്രഘോഷണങ്ങളും രോഗശാന്തിശുശ്രൂഷകളും വേണം എന്നൊക്കെയുള്ള സാധാരണ ചിന്തയ്ക്കതീതമായി ഒറ്റയ്ക്ക് വ്യക്തിയെ തേടുന്ന ക്രിസ്തുവുണ്ട്. ആ ക്രിസ്തുവിനെയാണ് എനിക്കിഷ്ടം. അത് അത്ഭുതങ്ങളുടെ ക്രിസ്തുവല്ല. സ്നേഹത്തിന്റെ ക്രിസ്തുവാണ്. അഞ്ചപ്പംകൊണ്ട് അയ്യായിരം പേരെ ഊട്ടിയെന്നും അപസ്മാര രോഗിയെ സുഖപ്പെടുത്തിയെന്നും അന്ധന് കാഴ്ച നല്‍കിയെന്നും സുവിശേഷം നമ്മോട് പറയുന്നു. എന്നാല്‍, ക്രിസ്തുവിന്റെ മറ്റൊരു ചിത്രവും നമ്മുടെ മുന്നിലുണ്ട്. "ഗൊല്ഗോഥാ" മലമുകളില്‍ രണ്ടു കള്ളന്മാര്‍ക്കിടയിലെ ക്രൂശ്രിത രൂപം. ഇടതുഭാഗത്തെ കള്ളന്‍ അവനോട് ഒരത്ഭുതം പ്രവര്‍ത്തിക്കാനാവശ്യപ്പെട്ടു. എന്നാല്‍, അതിന് യേശു മുതിരുന്നില്ല. വലതുവശത്തെ കള്ളനാകട്ടെ "യേശുവേ നീ രാജത്വം പ്രാപിച്ചുവരുമ്പോള്‍ എന്നെ ഓര്‍ത്തുകൊള്ളണമേ" എന്നാണഭ്യര്‍ഥിക്കുന്നത്. "നീ എന്നോടുകൂടി പറുദീസയില്‍ ഇരിക്കുമെന്ന്" അവന് മറുപടി ലഭിച്ചു. ക്രിസ്തു പീഡനങ്ങള്‍ അനുഭവിച്ചു. പക്ഷേ, അദ്ദേഹത്തിനേക്കാളധികം മുറിവുകള്‍ ശരീരത്തിലും മനസ്സിലും ഏറ്റുവാങ്ങുന്ന മനുഷ്യര്‍ ലോകത്തുണ്ട്. പക്ഷേ, ക്രിസ്തുവിനെ പീഡകള്‍ മഹത്വപ്പെടുത്തുന്നതെന്തുകൊണ്ടെന്ന് നാം അന്വേഷിക്കണം.

ഈ ദുരനുഭവങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകാനുള്ള സകല അവസരങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. അധികാരമുണ്ടായിരുന്നു. "ഞാന്‍ അപേക്ഷിച്ചാല്‍ രണ്ടു ഡസന്‍ മാലാഖമാരെ എന്റെ പിതാവ് അയച്ചുതരും" എന്ന് ക്രിസ്തു പറയുന്നുണ്ട്. വിശ്വാസപ്രകാരം പിതാവിനോട് അപേക്ഷിക്കണ്ട. ക്രിസ്തുപറഞ്ഞാലും മാലാഖമാര്‍ വരും. എന്നാല്‍, ആ അധികാരം കൈയിലുണ്ടായിട്ടും അതുപയോഗിക്കാന്‍ തയ്യാറാകതെ മനുഷ്യസമൂഹത്തിനുവേണ്ടി സ്വരക്തം ചൊരിയുകയും ജീവന്‍ അര്‍പ്പിക്കുകയുംചെയ്തു എന്നതാണ് കാര്യം.

ബൈബിള്‍ എന്നെ വായിക്കുമ്പോള്‍

എല്ലാ ഇതിഹാസങ്ങളിലും പറയപ്പെടാത്ത അനേകം കഥകളുടെ സാധ്യതകള്‍ ഒളിഞ്ഞുകിടക്കുന്നു. ബൈബിളും അങ്ങനെതന്നെ. സത്യവേദപുസ്തകത്തെ വിശുദ്ധഗ്രന്ഥമായി വായിക്കാനാണ് ഏറെപേര്‍ക്കും താല്‍പ്പര്യം. ബൈബിള്‍വാചകങ്ങള്‍ക്കുള്ളില്‍ത്തന്നെ ഉറച്ചുനില്‍ക്കാനുള്ള ശാഠ്യമാണ് അവരുടെ ആനന്ദം. എനിക്ക് ബൈബിള്‍ ചരിത്രഗ്രന്ഥമാണ്. വ്യത്യസ്തമായ തലങ്ങളില്‍ വായിക്കപ്പെടാവുന്ന അനന്തസാധ്യതകളുടെ ഇതിഹാസം. പറഞ്ഞുവച്ച കഥകളുടെ പര്‍വതസാനുക്കള്‍ക്കിടയില്‍ കണ്ടെടുക്കാനുള്ള കഥകളുടെ മഹാനിധിശേഖരം. അക്ഷയഖനി. നമ്മുടെ ഉള്ളില്‍ സ്വപ്നങ്ങളായും ചിത്രങ്ങളായും അവ വന്നുനിറയും. അങ്ങനെയാണ് ഞാനെന്നന്റെ ആദ്യനോവല്‍ എഴുതുന്നത്- അബീശഗിന്‍.

പഴയ നിയമത്തിലെ രാജാക്കന്മാരുടെ പുസ്തകത്തില്‍ രണ്ട് സന്ദര്‍ഭങ്ങളില്‍മാത്രം പരാമര്‍ശിക്കപ്പെടുന്ന ഒരു പേര്- അബീശഗിന്‍. ആദ്യം ഇങ്ങനെ: ദാവീദ് രാജാവ് വയോവൃദ്ധനായപ്പോള്‍ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിര്‍ മാറിയില്ല. ആകയാല്‍ അവന്റെ ഭൃത്യന്മാര്‍ അവനോട് -""യജമാനനായ രാജാവിനുവേണ്ടി കന്യകയായ ഒരു യുവതിയെ അന്വേഷിക്കട്ടെ. അവള്‍ രാജസന്നിധിയില്‍ ശുശ്രൂക്ഷിക്കുകയും രാജാവിന്റെ കുളിര്‍ മാറേണ്ടതിന് തിരുമാറില്‍ കിടക്കുകയും ചെയ്യട്ടെ"" എന്നു പറഞ്ഞു. അങ്ങനെ അവര്‍ സൗന്ദര്യമുള്ള ഒരു യുവതിയെ ഇസ്രയേല്‍ ദേശത്തെല്ലാം അന്വേഷിച്ച് ശൂനേംകാരിയായ അബീശഗിനെ രാജാവിന്റെ അടുക്കല്‍ കൊണ്ടുവന്നു. ദാവീദിനൊപ്പം ശയിക്കാന്‍ കൊണ്ടുവന്ന അബീശഗിനെ രാജാവിന്റെ മരണശേഷം പുത്രനായ ശലോമോന് മറ്റ് വസ്തുവകകളോടൊപ്പം കൈമാറുന്നു. അന്ന് സ്ത്രീകളെ വസ്തുവകകള്‍ക്കൊപ്പമാണ് പരിഗണിച്ചിരുന്നതെന്ന ചരിത്രംകൂടി നാമിവിടെ മനസ്സിലാക്കുന്നു. ശലോമോന്റെ അര്‍ധസഹോദരനായ അദോനീയാവ് അബീശഗിനെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി ശലോമോന്റെ അമ്മ ബത്ത്-ശേബയെ സമീപിക്കുന്നിടത്താണ് അവള്‍ വീണ്ടും പരാമര്‍ശിക്കപ്പെടുന്നത്. അദോനീയാവിനെ ശലോമോന്‍ ആജ്ഞാനുവര്‍ത്തികളെക്കൊണ്ട് ക്രൂരമായി കൊന്നുകളയുകയാണ്.

ഇങ്ങനെ 1189 അധ്യായങ്ങളിലായി 31,173 വാക്യങ്ങളുള്ള ബൈബിള്‍ രണ്ടിടത്തുമാത്രം സ്പര്‍ശിച്ചുപോകുന്ന അബീശഗിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. എങ്ങനെയായിരുന്നു അവളുടെ ജീവിതം? അധികാരത്തിന്റെ രഥചക്രങ്ങള്‍ അവളെ ചവിട്ടിയരച്ചിട്ടുണ്ടാകുമോ? രാജാക്കന്മാരുടെ വെപ്പാട്ടിപ്പുരകളില്‍ ഇങ്ങനെ എത്രയെത്ര ജീവിതങ്ങള്‍ ഹോമിക്കപ്പെട്ടിട്ടുണ്ടാകും? ശലോമോന്‍ സഹോദരനെ കൊന്നതെന്തിന്? ഇതൊന്നും ബൈബിള്‍ പറയുന്നില്ല. ഈ കഥകള്‍ക്കായി നാം ബൈബിളിന് പുറത്തേക്ക് പോകണം. ഭാവനയുടെ ലോകത്തേക്കും സഞ്ചരിക്കേണ്ടിവരും. ബൈബിളില്‍ എന്നെ ആകര്‍ഷിച്ച മറ്റൊരു ഘടകം മനോഹരമായ ഭാഷയാണ്. കാവ്യാത്മകമാണത്. ഉത്തമഗീതംപോലെ നമ്മെ ചിറകേറ്റിപറക്കുന്ന ഭാഷ. എത്രയോ എഴുത്തുകാരെയാണ് അത് പ്രചോദിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്തിട്ടുള്ളത്. ബിംബങ്ങളുടെ സമൃദ്ധിയുണ്ട് ബൈബിളില്‍. വായനയ്ക്കിടയില്‍ ചിലതൊക്കെ മനസ്സിലേക്ക് അനുവാദം ചോദിക്കാതെ കയറിപ്പോകും. എഴുത്തിന്റെ സ്വകാര്യതകളില്‍ അതില്‍ ചിലതൊക്കെ വന്നുചേരുകയുംചെയ്യും.

"യരുശലേം പുത്രിമാരേ, അവള്‍ അരുന്ധതി! അവള്‍ കറുത്തവള്‍ എങ്കിലും കേദാര്യ കൂടാരങ്ങള്‍പോലെയും ശലോമോന്റെ തിരശീലകള്‍പോലെയും അഴകുള്ളവള്‍ ആകുന്നു. അവളുടെ കണ്ണ് പ്രാവിന്‍ കണ്ണുപോലെ. അധരം കടുംചുവപ്പുനൂലുപോലെയും വായ്മനോഹരവും ആകുന്നു... അവളുടെ തലമുടി ഗിലയാദ് മലഞ്ചെരുവില്‍ കിടക്കുന്ന കോലാട്ടിന്‍കൂട്ടംപോലെയും..." എന്നിങ്ങനെ "ഒലിവുകള്‍ മരിക്കുന്നില്ല" എന്ന കഥയില്‍ എഴുതിപ്പോയത് ഞാന്‍ ഓര്‍ക്കുന്നു. ബൈബിളിന് അനുബന്ധമായി ഒട്ടേറെ ഗ്രന്ഥങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ക്രിസ്തുവിനെ വിമര്‍ശിച്ചുകൊണ്ടുള്ളവ. ക്രിസ്തു ജീവിച്ചിരുന്നില്ല എന്നുവരെ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പുസ്തകങ്ങള്‍. യേശുവിന് മക്കളുണ്ടായിരുന്നു എന്ന് വാദിക്കുന്നവ. ഹോളി ബുക്ക് ആന്‍ഡ് ഹോളിഗ്രെയ്ന്‍, ലാസ്റ്റ് ടെംപ്ടേഷന്‍ തുടങ്ങിയ രചനകള്‍. ബൈബിളിനെ തലതിരിച്ചിടുന്ന അണ്‍ ഓതറൈസ്ഡ് വേര്‍ഷന്‍... അങ്ങനെ എത്ര... പക്ഷേ, ഇതൊന്നും ക്രിസ്തുവിനെ ഇഷ്ടപ്പെടാതിരിക്കാന്‍ കാരണമാകുന്നില്ല.

ചിരിക്കാത്ത ക്രിസ്തു

ക്രിസ്തു ആരെന്ന അന്വേഷണവുമായി അലയുന്നതിനിടെ ഒരു സന്യാസി മഠത്തിലെത്തിയതിനെപ്പറ്റി കസന്‍ദ്സാക്കിസ് പറയുന്നുണ്ട്. മഠത്തില്‍ ക്രിസ്തുവിന്റെ ക്രൂശിതരൂപം കണ്ട് സന്ദേഹിയായ സാക്കിസ് "നിങ്ങളെന്തിനാണ് കുരിശില്‍ കിടക്കുന്ന ക്രിസ്തുരൂപം വച്ചിരിക്കുന്നത്. യേശു കുരിശില്‍നിന്ന് ഇറങ്ങുകയും പുനുരജ്ജീവിക്കുകയും ചെയ്തില്ലേ" എന്ന് തര്‍ക്കിച്ചപ്പോള്‍, ലോകത്തിലെ സകലമാനപേരും പീഡനങ്ങളില്‍നിന്ന് മോചിപ്പിക്കപ്പെടുകയും മനുഷ്യന്റെ എല്ലാ മുറിവുകളും സുഖപ്പെടുകയും ചെയ്യുന്നതുവരെ ക്രിസ്തു കുരിശില്‍ത്തന്നെയായിരിക്കുമെന്ന് മറുപടി ലഭിച്ചു. അവിടെനിന്നിറങ്ങിവരുമ്പോള്‍ കസന്‍ദ്സാക്കിസ് തനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനോട് അഭിപ്രായപ്പെടുന്നത് ബൈബിളില്‍ നിറയെ താന്‍കാണുന്നത് ക്രൂശിതനായ ക്രിസ്തുവിനെയാണ് എന്നത്രേ! ക്രിസ്തു ഒരിക്കലും ചിരിക്കുന്നില്ല. ക്രിസ്തു ചിരിക്കണമെങ്കില്‍ സമാധാനവും സന്തോഷവും സ്നേഹവും നിറഞ്ഞ സമത്വത്തിന്റെ ഏകലോകം പിറവികൊള്ളണം. ചിരിക്കുന്ന ക്രിസ്തുവിനെ സൃഷ്ടിക്കുക എന്നതാണ് ഓരോ മനുഷ്യന്റെയും ധര്‍മം. ഓരോ ക്രിസ്മസും നമ്മെ ഓര്‍മിപ്പിക്കുന്നതും ഇതുതന്നെ.

ഇസ്രയേല്‍

ഞാന്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചത് ചരിത്രപഠനത്തിന്റെ തുടര്‍ച്ചയായാണ്. ഒമ്പതിനായിരം വര്‍ഷം പഴക്കമുള്ള യെരിഹോ പട്ടണം ഞാന്‍ കണ്ടു. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന പട്ടണങ്ങളിലൊന്നാണിത്. ക്രിസ്തുവിന്റെ പീഡനവഴികളില്‍ നടന്ന് ഭക്തിയുടെ ആനന്ദം ഏറ്റുവാങ്ങുകയായിരുന്നില്ല, ഇവിടെ സമന്വയിച്ച മതങ്ങളുടെ സത്ത അറിയാന്‍ ചരിത്രസാക്ഷ്യങ്ങളുടെ പിന്തുണ തേടുകയായിരുന്നു ഞാന്‍. ആ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചപ്പോള്‍ അറിഞ്ഞ ചരിത്രവസ്തുതകള്‍ മനസ്സിലേക്ക് തിരയടിച്ചുകയറി. നാം അതിന്റെ ഭാഗമായി മാറുന്നതായി അനുഭപ്പെട്ടു.

*
ബെന്യാമിന്‍