Thursday, April 25, 2013

തൊഴിലുറപ്പ് പദ്ധതിക്ക് അന്ത്യം കുറിക്കുന്നു

ഇടതുപക്ഷ പിന്തുണയുണ്ടായിരുന്ന കാലത്ത്, ഇടതുപക്ഷത്തിന്റെ നിര്‍ബന്ധം ഒന്നുകൊണ്ടുമാത്രം ഒന്നാം യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമപദ്ധതിയാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ആ പദ്ധതി ഇടതുപക്ഷപിന്തുണയോടെയല്ലാതെ ഭരണത്തിലെത്തിയ രണ്ടാം യുപിഎ സര്‍ക്കാര്‍ തകര്‍ത്തുതരിപ്പണമാക്കി വലിച്ചെറിഞ്ഞിരിക്കുന്നു! ഗ്രാമീണ തൊഴില്‍രഹിത ജനകോടികളോട് തങ്ങള്‍ക്ക് ഒരു കരുണയുമില്ല എന്നതിന്റെ രാഷ്ട്രീയവിളംബരംപോലെ. ജനങ്ങളെക്കുറിച്ച് കരുതലുള്ള രാഷ്ട്രീയപ്രസ്ഥാനം ഏതാണെന്നും അതില്ലാത്ത രാഷ്ട്രീയപ്രസ്ഥാനം ഏതാണെന്നും ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ ഈ ഒറ്റ ഉദാഹരണം മതി.

ഒന്നാം യുപിഎ ഭരണകാലത്ത് മന്‍മോഹന്‍സിങ് മന്ത്രിസഭയെ പിന്തുണയ്ക്കുന്നതിന് ഇടതുപക്ഷം ചില നിബന്ധനകള്‍ മുമ്പോട്ടുവച്ചിരുന്നു. ജനക്ഷേമകാര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ആ നിബന്ധനകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഈ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായിരുന്നു. മടിച്ച് മടിച്ച്, എതിര്‍ത്ത് എതിര്‍ത്ത് മറ്റൊരു നിവൃത്തിയില്ലാതെ അത് നടപ്പാക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു അത്തരം രാഷ്ട്രീയത്തോട് യോജിപ്പില്ലാതിരുന്ന കോണ്‍ഗ്രസും അതിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരും. ഇടതുപക്ഷപിന്തുണയില്ലെങ്കില്‍ ഭരിക്കാനാകില്ല എന്ന സ്ഥിതിയിലായിരുന്നതുകൊണ്ടാണ് തൊഴിലുറപ്പ് പദ്ധതി എന്ന നിര്‍ദേശം മുമ്പോട്ടുവച്ചപ്പോള്‍ അത് യുപിഎ അംഗീകരിക്കുന്നതും പൊതു മിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തിയതും. പ്രധാനമായും ബിജെപി എന്ന വര്‍ഗീയവിപത്തിനെ അധികാരത്തില്‍നിന്ന് അകറ്റുന്നതിനായിട്ടായിരുന്നെങ്കിലും ഇടതുപക്ഷം യുപിഎയെ പിന്തുണച്ചത് നിരുപാധികമായല്ല; ജനതാല്‍പ്പര്യത്തിലുള്ള ഇത്തരം ഉപാധികള്‍ വച്ചുകൊണ്ടാണ്. അന്ന് നിവൃത്തിയില്ലാതെ അത് അംഗീകരിച്ചു നടപ്പാക്കിയവര്‍, ഇടതുപക്ഷപിന്തുണയില്ലാത്ത രണ്ടാം യുപിഎ ഘട്ടത്തില്‍ ആദ്യം ചെയ്തത് ഈ ജനക്ഷേമപദ്ധതി തകര്‍ക്കാന്‍ വേണ്ടകാര്യങ്ങള്‍ നീക്കുകയാണ്. അത് ഫലപ്രാപ്തിയിലെത്തിയിരിക്കുന്നു എന്നതിന്റെ സ്ഥിരീകരണമാണ് പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്.

ഈ പദ്ധതിയുടെ രാഷ്ട്രീയ ഗുണഭോക്താക്കള്‍കൂടിയായിരുന്നു യുപിഎ. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയ ഏറ്റവും വലിയ ഭരണനേട്ടം ഇതായിരുന്നു. പദ്ധതിയുടെ ഫലം ഗ്രാമഗ്രാമാന്തരങ്ങളിലാകെ പ്രകടമായിരുന്നു. പദ്ധതിയുടെ ഉപജ്ഞാതാക്കള്‍ കോണ്‍ഗ്രസാണെന്ന് തെറ്റിദ്ധരിച്ച ഉത്തരേന്ത്യന്‍ ഗ്രാമീണര്‍ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്തു. അതുകൊണ്ടാണ് ഇത്ര എംപിമാരെയെങ്കിലും ആ പാര്‍ടിക്ക് കിട്ടിയത്. എന്നാല്‍, ഉദാരവല്‍ക്കരണ-ആഗോളവല്‍ക്കരണ നയങ്ങളുടെ ഭാഗമായി ഗ്രാമീണജനതയെ, പ്രത്യേകിച്ച് നിസ്വജനകോടികളെ കൈയൊഴിയുന്ന കോണ്‍ഗ്രസ് നന്ദിയില്ലാതെ ആ പദ്ധതിയുടെ കടയ്ക്കല്‍ത്തന്നെ കത്തിവച്ചു. ഗ്രാമങ്ങളില്‍ തൊഴില്‍രഹിതര്‍ക്ക് നേരിയതോതിലെങ്കിലും ആശ്വാസം പകര്‍ന്ന ആ പദ്ധതി രാഷ്ട്രീയതീരുമാനപ്രകാരംതന്നെ പടിപടിയായി ഇല്ലായ്മചെയ്യുന്ന പ്രക്രിയയിലായിരുന്നു രണ്ടാം യുപിഎ മന്ത്രിസഭ. അത് വലിയതോതില്‍ വിജയിച്ചുവെന്നാണ് ഇപ്പോള്‍ സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് അടിത്തറയായത് ഏത് പദ്ധതിയാണോ ആ അടിത്തറതന്നെ തകര്‍ത്തിരിക്കുന്നു. ഇതിന്റെ ഫലം വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുപിഎ ഘടകകക്ഷികളും അനുഭവിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ജയിപ്പിക്കാനറിയാവുന്ന തങ്ങള്‍ക്ക് ദയനീയമായി തോല്‍പ്പിക്കാനുമറിയാം എന്ന് കോണ്‍ഗ്രസിനെ പുതിയ പശ്ചാത്തലത്തില്‍ വരുന്ന പൊതുതെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ പഠിപ്പിക്കാന്‍ പോകുകയാണ്. ഓരോ ഗ്രാമീണ കുടുംബങ്ങളിലും ഒരാള്‍ക്ക് വര്‍ഷം നൂറുദിവസമെങ്കിലും തൊഴില്‍ നല്‍കുന്ന പദ്ധതിയായിരുന്നു അത്. ഈ പദ്ധതി ഒന്നുകൊണ്ടുമാത്രം മുഴുപ്പട്ടിണിയില്‍നിന്ന് കരകയറിനിന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഗ്രാമീണ ഇന്ത്യയിലുണ്ട്. ഈ ജനവിഭാഗത്തിന്റെ കൃതജ്ഞതാപ്രകടനമായിരുന്നു കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കണ്ടത്. കൃതജ്ഞത കാട്ടിയ ആ ജനതയോട് ഏറ്റവും കൊടിയ കൃതഘ്നത കാട്ടിയിരിക്കുകയാണ് രണ്ടാം യുപിഎ സര്‍ക്കാര്‍. തൊഴില്‍ദിനങ്ങള്‍ കാര്യമായി കുറച്ചു. തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കേണ്ട പദ്ധതിയുടെ മൂന്നില്‍രണ്ട് പാതിവഴിക്ക് ഉപേക്ഷിച്ചു. ഇതിനായി നീക്കിവച്ച തുക മറ്റു കാര്യങ്ങള്‍ക്കായി വകമാറ്റി ഉപയോഗിച്ചു. നടപ്പാകുന്നത് സംസ്ഥാനങ്ങളിലാണെങ്കിലും ഇത് കേന്ദ്രപദ്ധതിയാണ്. കേന്ദ്രത്തിന് പദ്ധതിയില്‍ താല്‍പ്പര്യമില്ലാതായത് പ്രത്യുല്‍പ്പാദനപരമായ സംരംഭമല്ല ഇതെന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ്. പ്രത്യുല്‍പ്പാദനപരമായ കാര്യങ്ങള്‍ക്കല്ലാതെയുള്ള ചെലവിടലുകളെ വിലക്കാന്‍ അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സികളുടെ നയനിലപാടുകള്‍ വഹിച്ച പങ്ക് ചെറുതല്ല. അവരുടെ താളത്തിനൊത്തു തുള്ളുന്നതില്‍ മാത്രം താല്‍പ്പര്യം കാട്ടുന്ന യുപിഎ മന്ത്രിസഭയ്ക്ക് ഈ പദ്ധതിയുടെ കഥകഴിച്ചാല്‍ ഗ്രാമങ്ങളിലുണ്ടാകാന്‍ പോകുന്ന ദുരന്തങ്ങള്‍ വിഷയമല്ല. അന്താരാഷ്ട്ര സാമ്പത്തികസ്ഥാപനങ്ങളുടെ നയം യുപിഎയിലും യുപിഎയുടെ നയം ചില സംസ്ഥാന സര്‍ക്കാരുകളിലും അവരുടെ നയം ഇന്ത്യന്‍ ഗ്രാമങ്ങളിലും പ്രതിഫലിക്കുകയാണ്; ഈ പദ്ധതിയുടെ ഫലമായി ഒരുനേരമെങ്കിലും കിട്ടിയിരുന്ന കഞ്ഞിയില്‍ പാറ്റയിടുന്ന വിധത്തില്‍. ഈ പദ്ധതിക്കായി നീക്കിവച്ച തുക ആസ്തി വര്‍ധിപ്പിക്കാനായി ഇന്ത്യയിലെ സമ്പന്നവിഭാഗങ്ങളും അവയുടെ ജിഹ്വകളും തുടക്കംമുതല്‍ക്കേ ആവശ്യപ്പെട്ടുപോന്നിരുന്നു. രണ്ടാം യുപിഎ ഭരണത്തില്‍ ഈ പദ്ധതിക്ക് നീക്കിവച്ച തുക തുടര്‍ച്ചയായി പല തട്ടുകളില്‍ വകമാറ്റുന്നതാണ് കണ്ടത്. പദ്ധതി അന്ത്യശ്വാസം വലിക്കുകയാണ് ഇതിന്റെ ഫലമായി.

പദ്ധതിത്തുക ആസ്തി വര്‍ധനയ്ക്ക് ഉപയോഗിക്കണമെന്ന് വാദിക്കുന്നവര്‍ക്കു കാണാന്‍ കഴിയാത്തതാണ് ഗ്രാമങ്ങളിലെ പട്ടിണിയും കണ്ണീരും. പദ്ധതിയുടെ പരാജയത്തിന് സിഎജി സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും പദ്ധതിനിര്‍വഹണത്തിന് മേല്‍നോട്ടം വഹിക്കുന്നതിലും തുക അനുവദിക്കുന്നതിലും വിഹിതം വകമാറ്റുന്നത് തടയാതിരുന്നതിലും കേന്ദ്രം വഹിച്ച പങ്ക് അതിപ്രധാനമാണെന്നത് കാണാതിരിക്കാനാകില്ല. പദ്ധതി സ്വാഭാവികമായി അന്ത്യശ്വാസം വലിക്കട്ടെ എന്ന് കരുതി കാത്തിരുന്നത് കേന്ദ്രസര്‍ക്കാരാണ്. വിജയിച്ചത് കേന്ദ്രനയമാണ്; പരാജയപ്പെട്ടത് പാവപ്പെട്ടവന്റെ ഉപജീവനോപാധിയും. കോണ്‍ഗ്രസ് ഭരണമുള്ള സംസ്ഥാനസര്‍ക്കാരുകള്‍ ഈ പ്രക്രിയ വേഗത്തിലാക്കിയെടുത്തു എന്നതും കാണേണ്ടതുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം 25 ഏപ്രില്‍ 2013

1 comment:

മുക്കുവന്‍ said...

could you tell me one good thing abut this project?

people make money without work.. that is not a good proposal.. it will reduce the productivity.