Tuesday, October 1, 2013

സ്നേഹവ്യവസായം

ഏതു വിശ്വാസം പുലര്‍ത്താനും ജനദ്രോഹകരമല്ലാത്ത രീതിയില്‍ വിശ്വാസത്തെ പ്രചരിപ്പിക്കുവാനും ഒക്കെയുള്ള അവകാശം നമ്മുടെ ജനാധിപത്യത്തില്‍ ഏവര്‍ക്കും ഉണ്ട്. ജീവിതാവസ്ഥകളെ നിയന്ത്രിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞുകൊണ്ട് സൂക്ഷ്മ നിരീക്ഷണത്തിലൂടെ മനസ്സിലാകുന്ന സത്യങ്ങളെ മറ്റുള്ളവര്‍ക്കുവേണ്ടി സര്‍ഗ്ഗാത്മകരചനകളിലൂടെ  പ്രകാശിപ്പിക്കുന്നവരാണ് എഴുത്തുകാര്‍ എന്നതുകൊണ്ടാണ് ജനങ്ങള്‍ അവരില്‍ പ്രതീക്ഷയും വിശ്വാസവും അര്‍പ്പിക്കുന്നത്.

മാതാ അമൃതാനന്ദമയിക്ക് സ്തുതിവചനങ്ങള്‍ എഴുതിയ സര്‍ഗ്ഗധനയായ എഴുത്തുകാരി പി വത്സലടീച്ചറുടെ മൂന്ന് വാചകങ്ങള്‍ ഉദ്ധരിക്കട്ടെ:

‘സത്യത്തില്‍ നമുക്കെന്താണ് വേണ്ടതെന്ന് നാം തന്നെ അറിയുന്നില്ല. ഈ തീരം ഒഴിച്ചുപോക്കിന്റേതാണ്. വരവ് താല്കാലിക ആര്‍ത്തികളുടേതും.’

ഈ വാചകങ്ങള്‍ എഴുതേണ്ടിയിരുന്നത് അമൃതാനന്ദമയീ സ്തുതിലേഖനത്തില്‍ ആയിരുന്നുവോ?  വൈകുണ്ഠസ്വാമികള്‍, ബ്രഹ്മാനന്ദശിവയോഗി, ശ്രീനാരായണഗുരു, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങി എത്രയോ മഹാത്മാക്കള്‍ സാമൂഹ്യപുരോഗതിക്കുവേണ്ടി ജീവിതം അര്‍പ്പിച്ച് മണ്‍മറഞ്ഞ കേരളത്തിലാണല്ലോ ഒരു ‘അമ്മ’ യുടെ ദര്‍ശനപുണ്യത്തിനുവേണ്ടി രാപ്പകല്‍ നീളുന്ന ക്യൂ രൂപം കൊള്ളുന്നത്. ഇപ്പറഞ്ഞവര്‍ ആരുംതന്നെ ആലിംഗം ചെയ്തിട്ടല്ല സുഖപ്പെടലിന്റെ മാര്‍ഗ്ഗത്തിലേയ്ക്ക് സമൂഹത്തെ നയിച്ചത്.  നമുക്ക് എന്താണ് വേണ്ടത് എന്ന് നാം തന്നെ അറിയുന്നില്ല എന്ന് പറയുന്നതിനു പകരം നമ്മുടെ ആളുകള്‍ എന്തുകൊണ്ട് ഇങ്ങനെ ശരണാര്‍ത്ഥികളായി ക്യൂ നില്‍ക്കുന്നു എന്നാണ് ഒരു എഴുത്തുകാരി ചിന്തിക്കേണ്ടിയിരുന്നത്.  ഇത്രയും നീണ്ട മണിക്കൂറുകള്‍ ഇരുന്ന് അനുഗ്രഹം ചൊരിഞ്ഞ് ക്ഷീണിതയാകുന്ന ഒരു മനുഷ്യസ്ത്രീയുടെ  മുഖദര്‍ശനം ഒരു എഴുത്തുകാരിയുടെ ചിത്തത്തെ വ്യാകുലപ്പെടുത്തേണ്ടതാണ്. ആരുടെയൊക്കെയോ മാനേജ്മെന്റ് വൈദഗ്ദ്ധ്യത്താലും വിദേശഫണ്ടിന്റെയും ചില മാധ്യമങ്ങളുടെ പിന്‍ബലത്താലും നിര്‍മ്മിച്ചെടുക്കുന്ന ദിവ്യപരിവേഷത്തില്‍ വിദ്യാഭ്യാസ-ചികിത്സാരംഗങ്ങളില്‍ കോര്‍പ്പറേറ്റ് വ്യവസായവിജയം കൈവരിച്ചിരിക്കുന്നു എന്നതിനാണോ ഈ സ്തുതിഗീതം?

കാരുണ്യം, ദയ, സ്നേഹം എന്നീ ഗുണങ്ങളുള്ള അനേകം സാധാരണക്കാരായ അമ്മമാര്‍ മാത്രമല്ല അച്ഛന്മാരും ഉണ്ടാവും ഈ ഭൂമിയില്‍. പക്ഷേ, അവര്‍ക്ക് ആര്‍ക്കും ഇതുപോലുള്ള അധികാര പിന്ബലവും ഫണ്ടും ഉണ്ടായിരിക്കില്ല. ബില്‍ഗേറ്റ്സും നമ്മുടെ ടാറ്റായെപ്പോലുള്ളവരും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടല്ലോ. ഹെലന്‍കെല്ലറും മദര്‍തെരേസയും അനേകായിരങ്ങള്‍ക്ക് സാന്ത്വനം പകര്‍ന്നിട്ടുണ്ട്.  സ്വാമി വിവേകാനന്ദന്റെ  പുണ്യദര്‍ശത്തനത്തിന് ഇതുപോലെ രാപ്പകല്‍ ക്യൂ ഉണ്ടായതായി അറിവില്ല. രാജസ്ഥാനില്  ശൈശവവിവാഹത്തിനെതിരെ പോരാടിയതിന് കൊടുംപീഢനങ്ങള്‍ സഹിക്കേണ്ടിവന്ന ബന്‍വാരിദേവിയ്ക്കോ, ഒരുപാട് പാവപ്പെട്ടവരുടെ ജീവന്‍ വെള്ളത്തിലാവാതിരിക്കാന്‍ പോരാടുന്ന മേധാ പട്കര്‍ക്കോ, പരിസ്ഥിതിശീകരണത്തിതിനെതിരെ പോരാടുകയും അശരണരായ സ്ത്രീകളെ സംരക്ഷിക്കുകയും ചെയ്യുന്ന സുഗതകുമാരി ടീച്ചര്‍ക്കോ ഒരു ദിവ്യപരിവേഷവും ഇല്ലല്ലോ.

വഴിമാറി ചിന്തിക്കാനും മനുഷ്യന്മയ്ക്കായി പുതുവഴികള്‍ തേടാനും കഴിവുള്ള സര്‍ഗ്ഗധനരായ എഴുത്തുകാര്‍ക്ക് ഉണ്ടായിരിക്കേണ്ട ഉന്നതമായ ആത്മീയതയുടെ ഭാവം ഇങ്ങനെ ആയിപ്പോകുന്നതില്‍ ആശങ്കയുണ്ട്. സമൂഹത്തിലെ സാമ്പത്തികവും സാംസ്കാരികവുമായ അസന്തുലനം സൃഷ്ടിക്കുന്ന മാനസിക അരക്ഷിതാവസ്ഥയ്ക്കും രോഗാതുരതയ്ക്കും ഇത്തരം പുണ്യദര്‍ശനമേളയാണോ പരിഹാരം?

എത്രയോ ഭവനരഹിതര്‍ക്കും, ചേരിനിവാസികള്‍ക്കും വീടുകള്‍ നിര്‍മ്മിച്ചുകൊടുക്കുകയും ആയിരക്കണക്കിന് യുവതീയുവാക്കള്‍ക്ക് തൊഴില്‍ നല്‍കി പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുകയും ചെയ്യുന്ന സമ്പന്നവ്യവസായപ്രമുഖര്‍ നിരവധിയുണ്ട്, കേരളത്തിലും. അവരെ കാണാന്‍ അക്ഷര പൂജയുമായി എഴുത്തുകാരാരും വരി നില്‍ക്കുന്നില്ല.

*
വൈശാഖന്‍ കടപ്പാട്: പുകസ ഓണ്‍‌ലൈന്‍

No comments: