Tuesday, November 9, 2010

ഒബാമയുടെ സെന്‍ട്രല്‍ ഹാൾ പ്രസംഗം

ചരിത്രം നിറഞ്ഞുനില്‍ക്കുന്ന പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ വാക്കുകള്‍ക്കും ചലനങ്ങള്‍ക്കും വിസ്‌മയകരമായ ചലനാത്മകതയുണ്ടായിരുന്നു. അമ്പതിലേക്ക് പ്രവേശിക്കാന്‍ ഒരു വര്‍ഷംകൂടി കാത്തിരിക്കേണ്ട ഒബാമയുടെ വാക്കുകള്‍ക്ക് കാതോര്‍ക്കാന്‍ നിശ്ചിതസമയത്തിനുമുമ്പുതന്നെ സെന്‍ട്രല്‍ ഹാള്‍ നിറഞ്ഞിരുന്നു. പുതിയ കാലത്തിന്റെ ലോകാധിപത്യത്തിനായുള്ള വിശ്വസ്‌തപങ്കാളിയായി ഇന്ത്യയെ തങ്ങള്‍ കാണുന്നെന്നാണ് ഒബാമ പറഞ്ഞതിന്റെ പൊരുള്‍. മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും സമാധാനത്തിനും സുരക്ഷയ്‌ക്കുമായി രണ്ടു രാജ്യങ്ങളും കൈകോര്‍ക്കുന്നുവെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.

ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും സമാധാനത്തിന്റെയും പേരിലാണ് പല രാജ്യങ്ങളിലേക്കും അമേരിക്കന്‍പട്ടാളം ഇരച്ചുകയറിയത്. ഒന്നരലക്ഷത്തിലധികം വരുന്ന ജനങ്ങളെ പ്രാകൃതമായി കൊന്നൊടുക്കിയ ഇറാഖിലെ അധിനിവേശത്തിന്റെ യഥാര്‍ഥ ചിത്രം, കഴിഞ്ഞ ദിവസങ്ങളിലാണ് വിക്കിലീക്ക്സ് പുറത്തുകൊണ്ടുവന്നത്. സ്വന്തം രാജ്യത്തിന്റെ ജനാധിപത്യത്തിന്റെമാത്രം കാവല്‍ക്കാരനായി നില്‍ക്കാതെ ഇന്ത്യയും അമേരിക്കയെപ്പോലെ അന്താരാഷ്‌ട്ര ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും ഒബാമ ഓര്‍മിപ്പിച്ചു.

ചേരിചേരാപ്രസ്ഥാനത്തിന് ഇന്ത്യ നേതൃത്വം നല്‍കിയതിനെ പരാമര്‍ശിച്ച ഒബാമ, പരസ്‌പരം രണ്ടു ധ്രുവങ്ങളില്‍ വ്യത്യസ്‌ത നിലപാടോടെ നിലയുറപ്പിച്ചിരുന്ന കാലം അവസാനിച്ചിരിക്കുന്നെന്നും പറഞ്ഞു. ബഹുധ്രുവസമീപനത്തെ നിഷേധിച്ചുകൊണ്ട് അമേരിക്കയുടെ തന്ത്രപ്രധാന പങ്കാളിയായി ഇന്ത്യ മാറുകയാണെന്ന വിമര്‍ശം ശരിവയ്‌ക്കുന്ന വാക്കുകളാണ് ഒബാമയില്‍നിന്ന് നേരിട്ടുകേട്ടത്. തന്റെ അഫ്‌ഗാന്‍, ഇറാന്‍ സമീപനത്തില്‍ ഇന്ത്യയും കൂടെയുണ്ടെന്ന് പാര്‍ലമെന്റ് അംഗങ്ങളോടാണ് ഒബാമ പറഞ്ഞത്. അടുത്ത വേനലില്‍ അഫ്‌ഗാനിസ്ഥാനില്‍ അമേരിക്ക ആരംഭിക്കുന്ന പരിവര്‍ത്തനത്തിന്റെ പുതിയ ഘട്ടത്തില്‍ ഇന്ത്യയും തങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന് ഒബാമ പ്രഖ്യാപിച്ചത് സംശയത്തിന്റെ കണികപോലുമില്ലാതെയാണ്. അന്താരാഷ്‌ട്രബാധ്യതകള്‍ നിര്‍വഹിക്കാന്‍ ഇറാന്‍ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും അത് ഉറപ്പുവരുത്താന്‍ തങ്ങള്‍ ഒപ്പമാണെന്നും ഒബാമ വ്യക്തമാക്കി.

ഇറാഖില്‍ അമേരിക്ക നടത്തിയ അധിനിവേശത്തിനോട് ഏകകണ്ഠമായി വിയോജിപ്പ് രേഖപ്പെടുത്തിയ ചരിത്രമാണ് ഇന്ത്യന്‍ പാര്‍ലമെന്റിനുള്ളത്. അതില്‍നിന്ന് വ്യത്യസ്‌തമായി ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും എന്ന പേരിലുള്ള പുതിയ കടന്നാക്രമണങ്ങള്‍ക്ക് ഇന്ത്യ അമേരിക്കയുടെ വിശ്വസ്‌ത സഖ്യകക്ഷിയായി മാറുന്നെന്ന് ചുരുക്കം. ഈ നൂറ്റാണ്ടിനെ നിര്‍ണയിക്കുന്ന ബന്ധമായി ഇതു മാറുമെന്ന് പലതവണ ഒബാമ സൂചിപ്പിക്കുകയുണ്ടായി.

അക്കാര്യത്തില്‍ രണ്ടു രാജ്യങ്ങളിലെയും പ്രധാന രാഷ്‌ട്രീയപാര്‍ടികള്‍ക്ക് ഒരേഅഭിപ്രായമാണ്. ബിജെപി ഭരിച്ച കാലത്ത് ആരംഭിച്ച പുതിയ സഹകരണഘട്ടം ഇപ്പോള്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ ശക്തിപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകുന്നെന്നും പേരെടുത്ത് പറയാതെ അദ്ദേഹം വ്യക്തമാക്കി. അമേരിക്കയില്‍ റിപ്പബ്ളിക്കന്‍ പാര്‍ടിക്കും ഡെമോക്രാറ്റുകള്‍ക്കും ഇക്കാര്യത്തില്‍ ഒരേസമീപനമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഈ സഹകരണമാണ് ആണവകരാര്‍ ഒപ്പിടുന്നതിലേക്ക് നയിച്ചത്. തന്റെ സന്ദര്‍ശനത്തോടെ ഈ കരാര്‍ നടപ്പാക്കുന്നതിന് തുടക്കംകുറിക്കുകയാണെന്ന് വ്യക്തമാക്കിയതോടെ, ആണവബാധ്യതാനിയമം പാസാക്കുന്നതിന് കാണിച്ച വ്യഗ്രതയെപ്പറ്റി ഇടതുപക്ഷം ഉന്നയിച്ച സംശയം ശരിയായിരിക്കുകയാണ്.

അതേസമയം, പ്രധാനമന്ത്രി പാര്‍ലമെന്റിന് ഉറപ്പുനല്‍കിയതുപോലെ ഇരട്ട സാങ്കേതികവിദ്യ കൈമാറുന്നതുസംബന്ധിച്ച് വ്യക്തമായ ഒരു സൂചനയും പ്രസംഗത്തിലോ വാര്‍ത്താസമ്മേളനത്തിലോ ഉണ്ടായില്ല. ഇന്ത്യന്‍ സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍നിന്ന് മാറ്റുമെന്നു പറഞ്ഞെങ്കിലും സാങ്കേതികവിദ്യയുടെ കയറ്റുമതിയിലെ നിയന്ത്രണം എടുത്തുകളയുമെന്ന് പറഞ്ഞില്ല.

ഇന്ത്യയുടെ ഉദാരവല്‍ക്കരണനയങ്ങളെ പ്രകീര്‍ത്തിച്ച ഒബാമ പൂര്‍ണമായും തുറന്നിട്ട സമ്പദ്ഘടനയായി മാറുന്ന ഇന്ത്യയെക്കുറിച്ചാണ് സംസാരിച്ചത്. കാര്‍ഷികമേഖലയിലെയും ആണവോര്‍ജരംഗത്തെയും സഹകരണം പ്രത്യേകം എടുത്തുപറഞ്ഞു. സുസ്ഥിരവും ശാശ്വതവുമായ പുതിയ ഹരിതവിപ്ളവത്തെക്കുറിച്ചാണ് ഒബാമ പറഞ്ഞത്. മൊസാന്റോയും വാള്‍മാള്‍ട്ടും ഉള്‍പ്പെടുന്ന സംഘം നല്‍കുന്ന ശുപാര്‍ശകള്‍ക്ക് അനുസൃതമായി നമ്മുടെ കാര്‍ഷികമേഖലയെ പൂര്‍ണമായും തുറന്നിടാമെന്ന ഉറപ്പ് അത്താഴത്തിനുമുന്നോടിയായ ചര്‍ച്ചകളില്‍ മന്‍മോഹന്‍സിങ് നല്‍കിയിട്ടുണ്ടാകും. പുതിയ ലോകക്രമം തീരുമാനിക്കുന്നതില്‍ ജി 20ന്റെ നിര്‍ണായകസ്ഥാനം ഒബാമ ആവര്‍ത്തിച്ചു. സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ജി 20ന്റെ പിതാവെന്നാണ് വിനയത്തോടെ മന്‍മോഹന്‍ ഒബാമയെ വിശേഷിപ്പിച്ചത്.

ഭീകരവാദികള്‍ക്ക് പാകിസ്ഥാനില്‍ സുരക്ഷിതതാവളങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന പഴയ വാക്കുകള്‍ ഇവിടെയും അദ്ദേഹം ആവര്‍ത്തിച്ചു. അല്‍ ഖായ്‌ദയ്‌ക്കും താലിബാനുമെതിരെ എല്ലാവരും യോജിച്ചുനീങ്ങണമെന്നും പറഞ്ഞു. ഭീകരവാദം മറ്റു രാജ്യങ്ങള്‍ക്കുമാത്രമല്ല പാകിസ്ഥാനും പ്രശ്‌നമാണെന്നും അവിടത്തെ സര്‍ക്കാര്‍ കൂടുതലായി തിരിച്ചറിയുന്നുണ്ട്. മുംബൈ സ്‌ഫോടനത്തിലെ പ്രതികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്ന ശരിയായ നിലപാട് ഒബാമ സ്വീകരിച്ചു. എന്നാല്‍, ഇതിലെ പ്രധാന സൂത്രധാരന്‍ ഹെഡ്‌ലിയെസംബന്ധിച്ച് ഒരു വാക്കുപോലും ഉരിയാടിയില്ല. ഹെഡ്‌ലിയെസംബന്ധിച്ച് നേരത്തെ ലഭിച്ച വിവരങ്ങള്‍പോലും കൈമാറിയില്ലെന്ന യാഥാര്‍ഥ്യം തുറന്നുപറയാനെങ്കിലും ഒബാമ തയ്യാറാകണമായിരുന്നു.

തങ്ങളുടെ കണ്ണ് എവിടെയാണെന്ന് ഒബാമ പരോക്ഷമായി സൂചിപ്പിച്ചു. അത് ലോകത്തിലെ ഏറ്റവും വലിയ ഇടത്തരം വിഭാഗത്തെക്കുറിച്ച് പരാമര്‍ശിച്ചപ്പോഴാണ്. പല വികസിതരാജ്യങ്ങളിലെയും മൊത്തം ജനസംഖ്യയേക്കാളും ഏറെ വലുതാണ് ഇന്ത്യയിലെ ഉയര്‍ന്ന വാങ്ങല്‍ശേഷിയുള്ള ഇടത്തരക്കാര്‍. ആ വലിയ കമ്പോളം ലക്ഷ്യമാക്കിയാണ് അമേരിക്കന്‍ വ്യവസായികളുടെ സംഘം വന്നത്. രണ്ടു രാജ്യങ്ങളിലെയും ഭരണഘടനയില്‍ ജനങ്ങള്‍ക്കുള്ള സ്ഥാനത്തെക്കുറിച്ച് ഓര്‍മിപ്പിച്ചപ്പോള്‍, ദാരിദ്ര്യത്തില്‍ മുങ്ങി ജീവിക്കുന്ന ഏറ്റവും അധികം ജനങ്ങളുള്ള രാജ്യമായാണ് ഉദാരവല്‍ക്കരണം ഇന്ത്യയെ മാറ്റിത്തീര്‍ത്തതെന്ന കാര്യം ഓര്‍ക്കേണ്ടതായിരുന്നു. ഇന്ത്യയിലെ പുറംകരാര്‍ജോലിയെ നിരോധിക്കുമെന്ന ഒബാമയുടെ സമീപനത്തില്‍ ഒരു മാറ്റവും കണ്ടില്ല.

ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൌൺസിലിലെ സ്ഥിരാംഗത്വത്തിന് ഇന്ത്യക്കുള്ള അവകാശത്തെ അമേരിക്ക സ്വാഗതം ചെയ്‌തതാണ് സെന്‍ട്രല്‍ ഹാളിലെ പ്രസംഗത്തിലെ പ്രധാന സംഭവമായി പറയുന്നത്. അങ്ങനെയൊരു നിലപാട് പരസ്യമായി ആദ്യമായാണ് അമേരിക്ക സ്വീകരിക്കുന്നത്. ഐക്യരാഷ്‌ട്രസഭയുടെ പുനഃസംഘടനയെക്കുറിച്ച് സൂചിപ്പിച്ചതും പ്രസക്തം. സ്ഥിരാംഗത്വത്തിന്റെ കാര്യത്തില്‍ അമേരിക്ക നേരത്തെ പിന്തുണച്ച ജപ്പാന്‍ ഇപ്പോഴും പുറത്താണ് നില്‍ക്കുന്നതെന്ന കാര്യവും മറക്കേണ്ടതില്ല.

ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തിലൂടെ സഞ്ചരിച്ച ഒബാമയുടെ പ്രസംഗം, പതിവ് വശീകരണരീതികളാല്‍ സമ്പന്നമായിരുന്നു. മഹാത്മാഗാന്ധി തന്റെ ജീവിതത്തിലും ലോകത്തിലും ചെലുത്തിയ സ്വാധീനം ഓര്‍മിപ്പിച്ച ഒബാമയുടെ പ്രസംഗത്തില്‍, അംബേദ്കറും വിവേകാനന്ദനും ഗീതാഞ്ജലിയും പഞ്ചതന്ത്രകഥകളും എല്ലാം കടന്നുവന്നു. തന്റെ മുന്‍ഗാമി ക്ളിന്റന്‍, ബോളിവുഡ് താരങ്ങളെയും ഇന്ത്യന്‍ഭക്ഷണത്തെയും പ്രതിപാദിച്ച് കൈയടി നേടിയ രീതിയില്‍നിന്ന് വ്യത്യസ്‌തമായിരുന്നു ഒബാമയുടെ രീതി. തന്റെ ജീവിതമാണ് തന്റെ സന്ദേശമെന്നു പറഞ്ഞ മഹാത്മാഗാന്ധിയുടെ ചിത്രത്തിനുതാഴെ നിന്ന് പ്രസംഗിക്കുമ്പോള്‍, ഭോപാല്‍ കൂട്ടക്കൊലയുടെ പ്രധാന പ്രതി ആന്‍ഡേഴ്‌സനെ വിചാരണയ്‌ക്കായി വിട്ടുതരുമെന്നെങ്കിലും ഒബാമ പറയുമെന്നു പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ ഒബാമ മുറുകെ പിടിച്ചപ്പോള്‍, ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ അടിയറ വയ്‌ക്കുകയായിരുന്നു മന്‍മോഹന്‍സിങ്.

*****

പി രാജീവ്, കടപ്പാട് : ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

തങ്ങളുടെ കണ്ണ് എവിടെയാണെന്ന് ഒബാമ പരോക്ഷമായി സൂചിപ്പിച്ചു. അത് ലോകത്തിലെ ഏറ്റവും വലിയ ഇടത്തരം വിഭാഗത്തെക്കുറിച്ച് പരാമര്‍ശിച്ചപ്പോഴാണ്. പല വികസിതരാജ്യങ്ങളിലെയും മൊത്തം ജനസംഖ്യയേക്കാളും ഏറെ വലുതാണ് ഇന്ത്യയിലെ ഉയര്‍ന്ന വാങ്ങല്‍ശേഷിയുള്ള ഇടത്തരക്കാര്‍. ആ വലിയ കമ്പോളം ലക്ഷ്യമാക്കിയാണ് അമേരിക്കന്‍ വ്യവസായികളുടെ സംഘം വന്നത്. രണ്ടു രാജ്യങ്ങളിലെയും ഭരണഘടനയില്‍ ജനങ്ങള്‍ക്കുള്ള സ്ഥാനത്തെക്കുറിച്ച് ഓര്‍മിപ്പിച്ചപ്പോള്‍, ദാരിദ്ര്യത്തില്‍ മുങ്ങി ജീവിക്കുന്ന ഏറ്റവും അധികം ജനങ്ങളുള്ള രാജ്യമായാണ് ഉദാരവല്‍ക്കരണം ഇന്ത്യയെ മാറ്റിത്തീര്‍ത്തതെന്ന കാര്യം ഓര്‍ക്കേണ്ടതായിരുന്നു. ഇന്ത്യയിലെ പുറംകരാര്‍ജോലിയെ നിരോധിക്കുമെന്ന ഒബാമയുടെ സമീപനത്തില്‍ ഒരു മാറ്റവും കണ്ടില്ല.

പഞ്ചാരകുട്ടന്‍ -malarvadiclub said...

ഒബമെക്കെന്ത കൊമ്പുണ്ടോ ? ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ