Saturday, September 11, 2010

തെരുവരങ്ങ്

നാടകം തെരുവിലേക്കു വന്നത് ചരിത്രനിയോഗം എന്ന നിലയിലാണ്. ഒരേസമയം അത് കലാരൂപവും സമരപ്രതീകവുമാണ്. കൃത്യമായ ദര്‍ശനവും സൌന്ദര്യശാസ്ത്രവും തെരുവരങ്ങിനുണ്ട്. അധീശവര്‍ഗ കലയുടെ കമ്പോളചേരുവകളോട്, അത് ജനങ്ങളിലുണ്ടാക്കിയ ഭാവുകത്വത്തോടു പോരാടുമ്പോള്‍തന്നെ ഉന്നതമായ ഭാവുകത്വ സൃഷ്ടിക്ക് ഉയര്‍ന്ന കലാപരത കൈവരിക്കേണ്ടത് ആവശ്യമാവുന്നു. തെരുവരങ്ങിന്റെ കലാപരമായ മേന്മ കേവലം ലാവണ്യശാസ്ത്രപരമല്ല. വരേണ്യ നാടകവേദിക്ക് ബദലായി ജനകീയ നാടകവേദി മുന്നേറണമെങ്കില്‍ ബദല്‍സൌന്ദര്യശാസ്ത്രം വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. ഇക്കാര്യത്തിലുള്ള കുറ്റകരമായ ആലസ്യമാണ് ജനകീയ നാടകധാരയുടെ ദൌര്‍ബല്യം.

എന്തേ മലയാളത്തില്‍ ആര്‍ജവമുള്ള ജനകീയ നാടകപ്രസ്ഥാനം ഉണ്ടാകാത്തത്? മൂക്കത്ത് വിരല്‍വയ്ക്കുന്നവരാണ് അധികവും. രാഷ്ട്രീയമായി പിന്നോക്കാവസ്ഥയിലുള്ള ആന്ധ്രയിലെ പ്രജനാട്യമണ്ഡലിക്ക് നിരന്തരമായി തെരുവവതരണങ്ങള്‍ നടത്തുന്ന ആയിരക്കണക്കിന് യൂണിറ്റുകളുണ്ട്. ബംഗാളിലെ ഇപ്റ്റ ഗ്രാമങ്ങളില്‍ വേരുള്ള ജനകീയപ്രസ്ഥാനമാണ്. കര്‍ണാടകത്തിലെ സമുദായ യൂണിറ്റുകളും ഡല്‍ഹിയിലെ ജനനാട്യമഞ്ചും തെരുവില്‍ നാടകങ്ങള്‍ അവതരിപ്പിക്കുന്നു. അസമിലെയും ഛത്തീസ്ഗഢിലെയും പീപ്പിള്‍സ് തിയറ്റര്‍ പ്രസ്ഥാനങ്ങള്‍പോലും കേരളത്തെ അപേക്ഷിച്ച് മുന്നിലാണ്.

അതത് പ്രദേശങ്ങളിലെ നാടോടി കലാപാരമ്പര്യങ്ങളില്‍നിന്ന് ഊര്‍ജം സ്വീകരിച്ചാണ് യഥാര്‍ഥ പ്രാദേശിക നാടകവേദി വികസിക്കേണ്ടത്. ബംഗാളിലെ 'ജാത്ര', ആന്ധ്രയിലെ 'ബുറാകഥ', മഹാരാഷ്ട്രയിലെ 'തമാശ', ഗുജറാത്തിലെ 'ബൊവായ്', തമിഴ്നാട്ടിലെ 'തെരുക്കുത്ത്', കര്‍ണാടകത്തിലെ 'യക്ഷഗാനം' തുടങ്ങിയ പാരമ്പര്യ കലാരൂപങ്ങള്‍ നാടകവേദിയെ സര്‍ഗാത്മകമായി സ്വാധീനിച്ചിട്ടുണ്ട്. ഇപ്റ്റ നാടോടി സംസ്കൃതിയുടെ ജൈവസംവേദനക്ഷമത തിരിച്ചറിഞ്ഞിരുന്നു. ആദ്യകാല ഇപ്റ്റ നാടകങ്ങളുടെ ജനസ്വാധീനശേഷിയുടെ കാരണവും മറ്റൊന്നല്ല.

ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷന്റെ കേരളശാഖയെന്ന് പറയാവുന്നവിധം ജനകീയ നാടകപ്രസ്ഥാനം രൂപപ്പെട്ടില്ല. എങ്കിലും ഇടതുപക്ഷ രാഷ്ട്രീയ നാടകവേദിയുടെ ആവശ്യകത ബോധ്യപ്പെട്ട് അത്തരത്തിലുള്ള പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 1937ല്‍ കര്‍ഷക സമ്മേളനത്തോടനുബന്ധിച്ചാണ് കെ ദാമോദരന്‍ 'പാട്ടബാക്കി' എഴുതുന്നത്. ദാമോദരന്റെതന്നെ 'രക്തപാനം', ചെറുകാടിന്റെ 'നമ്മൊളൊന്ന്', ഇടശ്ശേരിയുടെ 'കൂട്ടുകൃഷി', തുടര്‍ന്നുവന്ന മലബാര്‍ കേന്ദ്ര കലാസമിതിയുടെ നാടകങ്ങള്‍ എന്നിവ ഉദാഹരണങ്ങള്‍. തിരുവിതാംകൂറില്‍ കെപിഎസി രൂപീകരിച്ച് 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'പോലുള്ള നാടങ്ങള്‍ അരങ്ങേറി. വലിയ ജനസ്വാധീനമുണ്ടാക്കാന്‍ ഇവയ്ക്കു കഴിഞ്ഞു. ഐക്യകേരള പ്രസ്ഥാനത്തിന് ആവേശം പകരാനും ലോകത്താദ്യമായി കമ്യൂണിസ്റ്റ് പാര്‍ടിയെ ബാലറ്റിലൂടെ അധികാരത്തിലെത്തിക്കാനും ഇതിന് അപ്രധാനമല്ലാത്ത പങ്കുണ്ടായിരുന്നു.

ഐക്യകേരളത്തിന്റെ ആദ്യ ദശകങ്ങളിലൊന്നും സംഘടിത തെരുവവതരണങ്ങള്‍ ഉണ്ടായില്ല. പ്രൊസീനിയം ഫ്രെയിമിനുപുറത്തുള്ള വേദിയെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്തിരുന്നില്ല. പാശ്ചാത്യ നാടകവേദിയിലെ വിവിധതരം അരങ്ങുകളെക്കുറിച്ച് ധാരണ സിദ്ധിച്ചവരാണ് പ്രൊസീനിയത്തിനു വെളിയിലുള്ള അവാന്‍ഗാദ് പരീക്ഷണങ്ങള്‍ നടത്തിയത്. ആ രൂപത്തില്‍ എഴുതപ്പെട്ട ചില നാടകങ്ങളെങ്കിലും അറുപതുകളുടെ അവസാനത്തില്‍ അവതരിപ്പിക്കുകയുണ്ടായി. ത്രസ്റ്റ് സ്റ്റേജിലും സാന്‍ഡ്വിച്ച് തിയറ്ററിലും തിയറ്റര്‍ ഇന്‍ റൌണ്ടിലും നാടോടിനാടകങ്ങളുടെ അരങ്ങിലും പരീക്ഷണങ്ങള്‍ അരങ്ങേറി. അനുപേക്ഷണീയമായ അതിന്റെ ദര്‍ശനവും സൌന്ദര്യശാസ്ത്രവും പരീക്ഷണാവതരണങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരുന്നില്ല.

എഴുപതുകളിലാണ് ആധുനിക പ്രവണതകളെ രാഷ്ട്രീയമായ ആധുനികതകൊണ്ട് മറികടക്കാനുള്ള ശ്രമം നടന്നത്. കോഴിക്കോട്-വയനാട് സാംസ്കാരികവേദികളുടെ നേതൃത്വത്തില്‍ വ്യാപകമായി അരങ്ങേറിയ ബ്രെഹ്റ്റിന്റെ 'അമ്മ', ബാദല്‍ സര്‍ക്കാരിന്റെ 'സ്പാര്‍ട്ടക്കസ്', മധുമാഷ് രചിച്ച 'പടയണി', കെ ജെ ബേബിയുടെ 'നാടുഗദ്ദിക' എന്നിവ പ്രേമയപരമായും രൂപപരമായും പാരമ്പര്യ വേദിയെ വെല്ലുവിളിക്കുന്നവയായിരുന്നു.

പുതിയ ഉണര്‍വിന്റെ പശ്ചാത്തലത്തിലാണ് ചെറുകാട് മെയ് ദിനാക്കാദമി തെരുവവതരണങ്ങളുടെ ദര്‍ശനവും സൌന്ദര്യശാസ്ത്രവും രൂപപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. രാഷ്ട്രീയ നാടകവേദിയില്‍ പ്രവര്‍ത്തനാനുഭവമുള്ള സമുദായ പ്രവര്‍ത്തകരായ പ്രസന്നയും മാലതിയും ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കി. പി എം താജ്, ജോസ് ചിറമ്മല്‍, രാജു തോമസ് തുടങ്ങിയവരുടെ ദിശ നിര്‍ണയിക്കാന്‍ ക്യാമ്പിനു കഴിഞ്ഞു. താജിന്റെ 'രണാങ്കണത്തിലേക്ക്', നവധാര അവതരിപ്പിച്ച 'സുവര്‍ഗീയ കോംപ്ളക്സ്', ഗൂഡല്ലൂരിലെ മലയാളി കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഡ്രോപ്പിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച നാടകം എന്നിവ ശ്രദ്ധേയങ്ങളായി. 1981ല്‍ ജനകീയ സംസ്കാരികവേദി നേതൃത്വത്തില്‍ പയ്യന്നൂരില്‍ നടന്ന ശില്‍പ്പശാല ഗുണപരമായ വഴിത്തിരിവായി. ജോണ്‍ എബ്രഹാം, സുരാസു, അമ്മുവേടത്തി, കുഞ്ഞാണ്ടി, നിലമ്പൂര്‍ അയിഷ, വയലാ വാസുദേവന്‍ പിള്ള തുടങ്ങിവരുടെ സാന്നിധ്യവും ക്ളാസുകളും പുതിയ അന്വേഷണങ്ങള്‍ക്ക് വഴിയൊരുക്കി. ക്യാമ്പില്‍ കൂട്ടായ മനോധര്‍മത്തിലൂടെ തയ്യാറാക്കിയ 'ചെന്നായ്ക്കള്‍' പ്രക്ഷോഭപ്രബോധന നാടകത്തിന്റെ സവിശേഷതകള്‍ കൈവരിച്ചു. ജനകീയ സാംസ്കാരികവേദിയുടെ നേതൃത്വത്തില്‍ത്തന്നെ ഈ നാടകവുമായി കേരള പര്യടനം ആരംഭിച്ചു. നാടകസംഘത്തെ പൊലീസ് വേട്ടയാടി. ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ ഡ്രമാറ്റിക് പെര്‍ഫോമെന്‍സ് ആക്ടിന്റെ ബലത്തില്‍ പല തെരുവുനാടകസംഘങ്ങളെയും ഭരണകൂടം ആക്രമിച്ചിട്ടുണ്ട്. വൈപ്പിന്‍ മദ്യദുരന്തത്തോടനുബന്ധിച്ച് കൊയ്ത്തിന്റെ ബഹിഷ്കരണത്തിന് അനുഭാവം പ്രകടിപ്പിച്ച് അവതരിപ്പിച്ച പി എ എം ഹനീഫിന്റെ തെരുവുനാടകവും ഇത്തരത്തില്‍ അവസാനിപ്പിച്ചു.

പി എം ആന്റണിയുടെ 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' നിരോധിച്ചതിനെതിരായ സര്‍ഗാത്മക ഇടപെടലായിരുന്നു 'കുരിശിന്റെ വഴി'. ജോസ് ചിറമ്മലിന്റെ നേതൃത്വത്തില്‍ അറുപതോളം പ്രവര്‍ത്തകര്‍ അണിനിരന്ന നാടകം ആരംഭത്തില്‍ത്തന്നെ തൃശൂരിലെ ആലപ്പാട്ടുവച്ച് തടയുകയും കലാകാരന്മാരെ ലോക്കപ്പിലിടുകയും ചെയ്തു. രാമചന്ദ്രന്‍ മൊകേരിയുടെ മുന്‍കൈയില്‍ തൃശൂര്‍ കോര്‍പറേഷനു മുന്നില്‍ സ്വാതന്ത്യ്രദിനത്തില്‍ അവതരിപ്പിച്ച 'മാറാട്' നാടകം തടഞ്ഞ് സ്കൂള്‍ ഓഫ് ഡ്രാമ വിദ്യാര്‍ഥികള്‍ അടങ്ങുന്ന സംഘത്തെ അറസ്റ്റ്ചെയ്തു. സൂര്യനെല്ലി കേസ് വിധിക്കെതിരെ ഹൈക്കോടതിയുടെ മുന്നില്‍ നാടകം അവതരിപ്പിച്ച സ്ത്രീകളടങ്ങുന്ന സംഘത്തെയും പൊലീസ് കൈയേറ്റംചെയ്തു. 1981ല്‍ ജോയ് മാത്യുവിന്റെ നേതൃത്വത്തില്‍ മീഞ്ചന്ത ആര്‍ട്സ് കോളേജിലും പട്ടാമ്പി സംസ്കൃത കോളേജില്‍ പി ഗംഗാധരന്റെ നേതൃത്വത്തിലും ജോസ് ചിറമ്മലിന്റെ മുന്‍കൈയില്‍ തൃശൂര്‍ കേരളവര്‍മയിലും നാട്ടിക എസ്എന്‍ കോളേജിലും ക്യാമ്പസ് തിയറ്റര്‍ പ്രവര്‍ത്തനം സജീവമായിരുന്നു. 1982ല്‍ കേന്ദ്ര പുരോഗമന കലാസമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് സംഘടിപ്പിച്ച ശില്‍പ്പശാല തുറസ്സായ നാടകവേദിയുടെ രൂപഘടനയെക്കുറിച്ചുള്ള അവബോധം നല്‍കി. 'ചിലന്തികള്‍' ഓപ്പണ്‍ എയര്‍ നാടകം അവതരിപ്പിച്ചു. 1980-81 കാലത്ത് തൃശൂര്‍ ജില്ലയില്‍ നക്സലൈറ്റുകള്‍ 'ഇരുട്ട് ചുവക്കുമ്പോള്‍' എന്ന തെരുവുനാടകം ജില്ലയിലങ്ങോളമിങ്ങോളം അവതരിപ്പിച്ചു. ജോണ്‍ എബ്രഹാം ചിട്ടപ്പെടുത്തിയ 'നായ്കളി' തെരുവിന്റെ പുതിയ സാധ്യതാ അന്വേഷണമെന്ന നിലയില്‍ ശ്രദ്ധേയമായിരുന്നു.

രാമചന്ദ്രന്‍ മൊകേരി അജിറ്റ് പ്രോപ്പ് തിയറ്റര്‍രംഗത്ത് തന്റേതായ പാത വെട്ടിത്തുറന്നയാളാണ്. അധിനിവേശത്തിനെതിരെ അതിശക്തമായ ഒരൊറ്റയാള്‍ പേരാട്ടമാണ് 'തെണ്ടി കൂത്ത്. കണ്ണൂരിലെ മനോജ് കാനയും ഒറ്റയാള്‍ തെരുവരങ്ങ് വിജയകരമായി പരീക്ഷിച്ചു. ജയപ്രകാശ് കുളൂരിന്റെ നാടകത്തിന്റെ സാധ്യത ഗംഭീരമാണ്. അവ ഏത് സ്പെയിസിലും അവതരിപ്പിക്കാം. പ്രബലന്‍ വേലൂര്‍, സുര്‍ജിത്ത്, രാജന്‍, ഗോപാലന്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച സ്കെച്ചുകള്‍, തീര്‍ച്ചയായും ഓപ്പണ്‍ എയര്‍ രംഗത്തെ നവീനമായ ഇടപെടലായിരുന്നു. സംഗീതനാടക അക്കാദമിയുടെയും മാനവീയം പരിപാടിയുടെയും ഭാഗമായി ഇവര്‍ നടത്തിയ നാടകയാത്രകള്‍ ശ്രദ്ധേയങ്ങളായി. ജോസ് ചിറമ്മലിന്റെ നേതൃത്വത്തില്‍ സാന്‍ഡ്വിച്ച് ഓപ്പണ്‍ എയര്‍ തിയറ്റര്‍ ഘടനയില്‍ അവതരിപ്പിച്ച ബാദല്‍ സര്‍ക്കാരിന്റെ 'ഭോമ' കരുത്തുറ്റ ഒരു തേഡ് തിയറ്റര്‍ അവതരണമാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന സാംസ്കാരിക ജാഥകളോടനുബന്ധിച്ചാണ് വ്യാപകമായി തെരുവവതരണങ്ങള്‍ നടന്നിട്ടുള്ളത്. 1981ല്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് കലാജാഥയായിരുന്നു ആദ്യത്തേത്. ബാലസംഘം 'വേനല്‍ തുമ്പി' കലാജാഥ കുട്ടികളുടെ തെരുവരങ്ങിനുള്ള വേദിയായി തീര്‍ന്നിട്ടുണ്ട്. കെ വി ഗണേഷ്, വാസു പെരിഞ്ഞനം, പി ഗംഗാധരന്‍, കേലു, പാണിമാസ്റ്റര്‍ തുടങ്ങിയവര്‍ ഈ ജാഥകളില്‍ കുറേക്കൂടി ഗുണപരമായി ഇടപെട്ടു.

തെരുവുനാടകത്തെക്കുറിച്ച് നിലനില്‍ക്കുന്ന വരട്ടുവാദപരമായ സമീപനം കലാജാഥകളെ ബാധിക്കുന്നുണ്ടെങ്കിലും ജനങ്ങളുമായി സംവദിക്കാന്‍ തെരുവവതരണങ്ങള്‍ക്കുള്ള സാധ്യതയെങ്കിലും തിരിച്ചറിയാന്‍ ഈ അവതരണങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. പുരോഗമന കലാസാഹിത്യസംഘം സാംസ്കാരികജാഥ ഈ മേഖലയിലെ അര്‍ഥവത്തായ ഇടപെടലായിരുന്നു. യൂണിവേഴ്സിറ്റി യൂണിയന്റെ കലാജാഥകളും തുറസ്സായ വേദിയിലെ അവതരണങ്ങളാണ്.

എണ്‍പതുകളില്‍ത്തന്നെ തെരുവുനാടകരംഗത്ത് ഇടപ്പെട്ട നാടകപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് തൃശൂര്‍ രംഗചേതന. നാടോടികലാരൂപങ്ങളുടെയും നാടന്‍പാട്ടുകളുടെയും അവതരണങ്ങള്‍ ധാരാളമായി നടത്തിയ സംഘമാണ് പോള്‍സണ്‍ താണിക്കലിന്റെ നേതൃത്വത്തിലുള്ള 'മുഖം' ഗ്രാമീണ നാടകവേദി. ചേക്കോ ഡി അന്തിക്കാടിന്റെ നേതൃത്വത്തിലുള്ള 'പാര്‍ട്ട്', കൂറ്റനാട് ഗോപാലന്‍മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രക്ഷോഭപ്രചാരണ നാടകനിലവാരത്തിലേക്കുയരുന്ന ദിനോസറുകള്‍പോലുള്ള തെരുവവതരണങ്ങള്‍ എന്നിവയും ശ്രദ്ധേയം. പി എം ആന്റണിയുടെ നാടകയാത്ര ഈ അര്‍ഥത്തിലുള്ള സജീവ ഇടപെടല്‍. പൊന്നാനി നാടകവേദി അവതരിപ്പിച്ച 'കൂട്ടുകൃഷി' ഓപ്പണ്‍ എയര്‍ തിയറ്ററിലെ മൌലിക രംഗരചനയായി. എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആരംഭത്തിലും തെരുവരങ്ങിലെ പെണ്ണിടപെടലുകള്‍ സജീവമായിരുന്നു. ടി എ ഉഷാകുമാരിയുടെ നേതൃത്വത്തിലുള്ള തൃശൂര്‍ സമത ആയിരക്കണക്കിനു വേദികളില്‍ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. സാറാ ജോസഫിന്റെ നേതൃത്വത്തിലുള്ള 'മാനുഷി' നാടകവേദി സ്ത്രീവിമോചനത്തിന്റെ ആശയങ്ങള്‍ വിസ്ഫോടകമായിത്തന്നെ തെരുവരങ്ങില്‍ അവതരിപ്പിച്ചു. സുജാതയുടെ നേതൃത്വത്തില്‍ 'ജനനേത്രി' രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ആറങ്ങോട്ടുകര നാടകസംഘത്തിന് ചുക്കാന്‍പിടിക്കുന്നത് പെണ്‍നാടകകൃത്തായ ശ്രീജ ആറങ്ങോട്ടുകരയാണ്.

തൊണ്ണൂറുകളുടെ ആരംഭത്തിലാണ് തെരുവുനാടകത്തിന്റെ ദര്‍ശനവും സൌന്ദര്യശാസ്ത്രവും സജീവ ചര്‍ച്ചാവിഷയമായത്. ഇതിനു കാരണമായിത്തീര്‍ന്നത് ജനനാട്യമഞ്ചിനു നേരെ നടന്ന ആക്രമണവും ഹാഷ്മിയുടെ രക്തസാക്ഷിത്വവുമായിരുന്നു. അക്കാലത്ത് നിരവധി തെരുവുനാടകസംഘങ്ങള്‍ സജീവമായി മുന്നോട്ടുവന്നു. ആയിരക്കണക്കിന് തെരുവവതരണങ്ങള്‍. കണ്ണൂരില്‍ കരിവെള്ളൂര്‍ മുരളിയുടെ നേതൃത്വത്തിലുള്ള ശക്തമായ ഇടപെടല്‍.

തൃശൂര്‍ വാടാനപ്പള്ളിയില്‍ 'തിയറ്ററിക്കല്‍ ഗാതറിങ്' അതിവിപുലമായിത്തന്നെ ഹാഷ്മി രക്തസാക്ഷിദിനത്തോടനുബന്ധിച്ച് സംവാദങ്ങളും ചര്‍ച്ചകളും തെരുവുനാടകോത്സവവും സംഘടിപ്പിച്ചു. 'ഹല്ലാബോല്‍', 'ഔരത്ത്', 'രാജാവിന്റെ ചെണ്ട' മുതലായ നാടകങ്ങള്‍ നിരവധി വേദികളില്‍ അവതരിപ്പിച്ചു. പി എം താജിന്റെ നാടകങ്ങള്‍, അസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ട ദേവി'യെന്ന ജാപ്പനീസ് നാടോടിനാടകം, ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നിവ ഈ സംഘം തുറസ്സായ വേദികളില്‍ അവതരിപ്പിച്ചിരുന്നു. കോഴിക്കോട് മാവൂര്‍ വിജയനും, പുരുഷന്‍ കടലുണ്ടിയും നിരവധി തെരുവുനാടകങ്ങള്‍ അവതരിപ്പിച്ചു.

തെരുവരങ്ങ് അത്രയൊന്നും സജീവമല്ലാത്ത ദക്ഷിണ കേരളത്തിലും ഹാഷ്മി രക്തസാക്ഷിത്വത്തോടനുബന്ധിച്ച് സജീവമായ ചലനങ്ങളുണ്ടായി. എംജി യൂണിവേഴ്സിറ്റി യൂണിയന്റെ മുന്‍കൈയില്‍ കോട്ടയത്ത് തെരുവുനാടക ശില്‍പ്പശാല നടന്നു. വര്‍ഗീയ ഫാസിസത്തിന്റെ വിപത്തിനെതിരെ അവതരിപ്പിച്ച 'അങ്കക്കോഴികള്‍' സവിശേഷശ്രദ്ധ പിടിച്ചുപറ്റി.

തെരുവവതരണരംഗത്ത് പുതിയ അന്വേഷണങ്ങളുമായി ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് തൃശൂര്‍ ജനനയന. യൂജിന്‍ അയനസ്കോയുടെ 'റിനോസിറോസസി'ന്റെ രംഗാവിഷ്കാരമായ 'നെറ്റികൊമ്പന്‍' ഉജ്വല വിജയമായിരുന്നു. നാടോടിസംസ്കൃതികളെ ജൈവപരമായി സന്നിവേശിപ്പിക്കാന്‍ കഴിയുന്നതുകൊണ്ടാണ് ജനനയനയുടെ തെരുവവതരണങ്ങള്‍ അങ്ങേയറ്റം സംവേദനക്ഷമമാകുന്നത്.

തെരുവുനാടകത്തിന്റെ പേരില്‍ ലബ്ധപ്രതിഷ്ഠങ്ങളായ ചില വാര്‍പ്പുമാതൃകകളാണ് നിലനില്‍ക്കുന്നത്. അവയെ മറികടന്ന് പുതിയ മേഖലയിലേക്ക് അന്വേഷണത്തിനു മുതിരേണ്ടതുണ്ട്. ഇതിനെല്ലാം ഉപരി സാംസ്കാരിക രാഷ്ട്രീയം എന്ന വിശാലമായ നയരൂപീകരണത്തിന് ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവരണം. എങ്കിലേ നവകൊളോണിയല്‍ ഭാവുകത്വ പരിസരത്തെ അതിലംഘിച്ച് ജനകീയ നാടകാവിഷ്കാരമായ തെരുവരങ്ങിന് വളര്‍ന്നുവികസിക്കാനാവൂ.

*
വി ഡി പ്രേംപ്രസാദ് കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ് 05-09-2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നാടകം തെരുവിലേക്കു വന്നത് ചരിത്രനിയോഗം എന്ന നിലയിലാണ്. ഒരേസമയം അത് കലാരൂപവും സമരപ്രതീകവുമാണ്. കൃത്യമായ ദര്‍ശനവും സൌന്ദര്യശാസ്ത്രവും തെരുവരങ്ങിനുണ്ട്. അധീശവര്‍ഗ കലയുടെ കമ്പോളചേരുവകളോട്, അത് ജനങ്ങളിലുണ്ടാക്കിയ ഭാവുകത്വത്തോടു പോരാടുമ്പോള്‍തന്നെ ഉന്നതമായ ഭാവുകത്വ സൃഷ്ടിക്ക് ഉയര്‍ന്ന കലാപരത കൈവരിക്കേണ്ടത് ആവശ്യമാവുന്നു. തെരുവരങ്ങിന്റെ കലാപരമായ മേന്മ കേവലം ലാവണ്യശാസ്ത്രപരമല്ല. വരേണ്യ നാടകവേദിക്ക് ബദലായി ജനകീയ നാടകവേദി മുന്നേറണമെങ്കില്‍ ബദല്‍സൌന്ദര്യശാസ്ത്രം വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. ഇക്കാര്യത്തിലുള്ള കുറ്റകരമായ ആലസ്യമാണ് ജനകീയ നാടകധാരയുടെ ദൌര്‍ബല്യം.