Sunday, September 12, 2010

ഒരിടത്തൊരിടത്തൊരു കുഞ്ഞുണ്ണീ

മൂന്നു ദശകമായി കുഞ്ഞുണ്ണിമാഷ് എനിക്ക് വഴികാട്ടിയായിരുന്നു. കുഞ്ഞുങ്ങളുടെ ഒരുപാട് വേദികള്‍ ഞങ്ങളൊരുമിച്ച് പങ്കിട്ടിട്ടുണ്ട്. കൊച്ചി ഭാഗത്ത് പരിപാടിക്കു പോകുമ്പോള്‍ പലപ്പോഴും മാഷ് വീട്ടില്‍ വരാറുണ്ടായിരുന്നു. അവിടെനിന്ന് പ്രാതല്‍ കഴിച്ച് ഒരുമിച്ചാവും യാത്ര. മലബാര്‍ മേഖലയിലാണെങ്കില്‍ ഞാന്‍ വലപ്പാട്ടെ കുഞ്ഞുണ്ണിക്കൂടാരത്തിലേക്കു ചെല്ലും. അങ്ങനെ നിരവധിവട്ടം അദ്ദേഹത്തിന്റെ ചൂടും ചൂരും അടുത്തറിയാനുള്ള അവസരം ഉണ്ടായി.

യാത്രയ്ക്കിടയില്‍ മാഷ് സാഹിത്യാനുഭവങ്ങളും കുട്ടിക്കാലത്തെ കുസൃതികളുമെല്ലാം സരസമായി അവതരിപ്പിക്കും. ഒരിക്കല്‍ ഞങ്ങള്‍ മഞ്ചേരി ഗവ. ഹൈസ്കൂള്‍ ജൂബിലിയില്‍ പങ്കെടുക്കാന്‍ പോയി. കാറ് എത്തിയതോടെ മാഷെ കാണാന്‍ അണപൊട്ടിയതുപോലെയാണ് കുട്ടികള്‍ ഒഴുകിയെത്തിയത്. തിക്കില്‍പെട്ട് ഞാന്‍ പെട്ടെന്ന് അടിതെറ്റി വീണു. 'കുഞ്ഞുണ്ണിമാഷും കുട്ട്യോളും' തമ്മിലുള്ള ബന്ധത്തിന്റെ ആഴം അന്നാണ് ശരിക്കും മനസ്സിലാക്കിയത്.



എങ്കിലും മാഷേക്കുറിച്ച് പുസ്തകം എഴുതണമെന്ന തോന്നല്‍ ഒരിക്കലും ഉണ്ടായിരുന്നില്ല. പിന്നെ എങ്ങനെ 'ഒരിടത്തൊരിടത്ത് ഒരു കുഞ്ഞുണ്ണി' പിറന്നു. അതിനൊരു പ്രത്യേക നിമിത്തമുണ്ട്. 2006 മാര്‍ച്ച് 26 ഞായറാഴ്ചയാണ് മാഷ് വിടപറഞ്ഞത്. അതിനുമുമ്പ് അദ്ദേഹത്തിന്റെ കുട്ടിക്കവിതാ സമാഹാരം വര്‍ക്കല പൂര്‍ണ പ്രിന്റിങ് ആന്‍ഡ് പബ്ളിഷിങ് ഹൌസിനുവേണ്ടി ഞാന്‍ ചോദിച്ചു വാങ്ങിയിരുന്നു. മാഷിന്റെ കാരിക്കേച്ചറുകളോടെ 'കുഞ്ഞുണ്ണി മിഠായി' എന്ന പേരില്‍, പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഓഥേഴ്സ് കോപ്പികളും 5000 രൂപയുടെ ചെക്കും മാഷിന് ഉടന്‍ എത്തിച്ചുകൊടുക്കണമെന്ന സന്ദേശത്തോടെ പ്രസാധകര്‍ എന്റെ പേരില്‍ അയച്ചുതന്നു. അതൊരു ശനിയാഴ്ചയായിരുന്നു. തിങ്കളാഴ്ച കൊടുക്കാമെന്ന വിചാരത്തോടെ ഞാനത് കൈയില്‍വച്ചു. ഞായറാഴ്ച അദ്ദേഹം യാത്രപറഞ്ഞു. വാര്‍ത്ത ടിവിയില്‍ കണ്ട് നടുങ്ങി. ഏല്‍പ്പിച്ച പുസ്തകവും ചെക്കും കൃത്യസമയത്ത് എത്തിക്കാന്‍കഴിഞ്ഞില്ലല്ലോ എന്ന നൊമ്പരമായിരുന്നു മനസ്സില്‍. 'കുഞ്ഞുണ്ണിമിഠായി'യുടെ കോപ്പികളുമായാണ് ഞാന്‍ അശ്രുപൂജ അര്‍പ്പിക്കാന്‍ വലപ്പാട്ടെ അതിയാരത്ത് വീട്ടില്‍ എത്തിയത്.

എല്ലാവരും അഭിപ്രായപ്പെട്ടതനുസരിച്ച് അതിന്റെ 10 കോപ്പി അദ്ദേഹത്തിന്റെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിച്ചു. ഈ രംഗം ടെലിവിഷനില്‍ക്കൂടി കാണാനിടയായ വര്‍ക്കല പൂര്‍ണ എഡിറ്റര്‍ ഡോ. പി കെ സുകുമാരന്‍ പിറ്റേദിവസം എന്നെ വിളിച്ചു. 'മാഷിനെക്കുറിച്ച് നല്ലൊരു പുസ്തകം ഇറക്കണം. വൈകരുത്. അത് താങ്കള്‍തന്നെ എഴുതുകയും വേണം. മരണാനന്തരം അദ്ദേഹത്തെക്കുറിച്ച് പ്രസിദ്ധീകരിക്കുന്ന ആദ്യപുസ്തകം അതാവണം''. കേട്ടപ്പോള്‍ ഇതെനിക്ക് കഴിയുമോയെന്ന് സംശയിച്ചു. എങ്കിലും ആ മഹാനുഭാവന്റെ ഓര്‍മയ്ക്കുമുന്നില്‍ അര്‍പ്പിക്കാന്‍ ഇതിലും വലിയൊരു ഗുരുപൂജ വേറെയുണ്ടോ? എന്റെ മനസ്സ് ചോദിച്ചു. അങ്ങനെയാണ് 'ഒരിടത്തൊരിടത്ത് ഒരു കുഞ്ഞുണ്ണി' എഴുതാന്‍ ഇടവന്നത്. മാഷില്‍നിന്ന് പലപ്പോഴായി കേട്ട ബാല്യകാലാനുഭവങ്ങള്‍. ബന്ധുക്കളില്‍നിന്നു മനസ്സിലാക്കിയ കുസൃതികള്‍. മരുമകന്റെ ഭാര്യയും മാഷിന്റെ സന്തതസഹചാരിയുമായിരുന്ന ഉഷാ കേശവരാജ് പറഞ്ഞുകേള്‍പ്പിച്ചവ. വായനയ്ക്കിടയില്‍ വീണുകിട്ടിയ കുഞ്ഞുണ്ണിക്കാഴ്ചകള്‍. അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ചുള്ള രസകരമായ പഠനങ്ങള്‍ എന്നിവയെല്ലാം പുസ്തകത്തിലുണ്ട്.

ഒരിടത്തൊരിടത്ത് ഒരു കുഞ്ഞുണ്ണി ഉണ്ടായിരുന്നു. വളരെ പണ്ടൊന്നുമല്ല. അടുത്തദിവസംവരെ ഈ കുഞ്ഞുണ്ണി നമ്മോടൊപ്പമുണ്ടായിരുന്നു. കുഞ്ഞുങ്ങളോട് കഥപറഞ്ഞും, പാട്ടുപാടിയും മൊഴിമുത്തുകള്‍ ചൊല്ലിയും മലയാളികള്‍ പാര്‍ക്കുന്നിടത്തെല്ലാം കുഞ്ഞുണ്ണി പാറിനടന്നു. കണങ്കാല്‍ മറയാത്ത ചെറിയൊരു ഒറ്റമുണ്ടും മുറിക്കൈയ്യന്‍ പരുത്തിക്കുപ്പായവുമിട്ട് ആ 'ചെറിയ വലിയ' മനുഷ്യനെ ആര്‍ക്കാണ് മറക്കാനാവുക? എന്നിട്ട് ആ കുഞ്ഞുണ്ണി എവിടെപ്പോയി?

ഭൂമിയിലെ കുഞ്ഞുങ്ങളെവിട്ട് സ്വര്‍ഗത്തിലെ കുഞ്ഞുങ്ങളെ തേടിപ്പോയി!... 'ഹയ്യോ കഷ്ടം!' എന്നുപറഞ്ഞിട്ടെന്താ കാര്യം? അവിടെയും വേണ്ടെ ഒരു കുഞ്ഞുണ്ണി? നമുക്കുവേണ്ടി അനേകം മയില്‍പ്പീലിത്തുണ്ടുകളും വളപ്പൊട്ടുകളും മഞ്ചാടിമണികളും കുറുംകവിതകളും മിഠായിപ്പാട്ടുകളുമൊക്കെ കരുതിവച്ചാണ് കുഞ്ഞുണ്ണി പോയത്!

ഞാന്‍ നിങ്ങള്‍ക്ക് കുഞ്ഞുണ്ണിയുടെ കഥ പറഞ്ഞുതരാം.

നാറാണത്തുഭ്രാന്തന്റെ കഥപോലെ. കടമ്മറ്റത്ത് കത്തനാരുടെ കഥപോലെ. ഉളിയന്നൂര്‍ പെരുന്തച്ചന്റെ കഥപോലെ കേള്‍ക്കാന്‍ കൌതുകവും രസവുമുള്ള കഥ! പക്ഷേ ഇതൊരു ഐതിഹ്യകഥയല്ല. പിന്നെയോ?

നമ്മോടൊപ്പം ജീവിച്ച കുഞ്ഞുണ്ണിയുടെ കഥ. 2006 മാര്‍ച്ച് 26ന് ഞായറാഴ്ച യാത്രപറഞ്ഞ മലയാളത്തിന്റെ പ്രിയങ്കരനായ കവി കുഞ്ഞുണ്ണിമാസ്റ്ററുടെ കഥ. ഇതാ കേട്ടോളൂ... എന്ന ആമുഖക്കുറിപ്പോടെയാണ് പുസ്തകം ആരംഭിക്കുന്നത്.

കുട്ടിക്കുഞ്ഞുണ്ണിയുടെ അതീവ രസകരമായ ചില ബാല്യകാലാനുഭവങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. ഇതാ ഒരെണ്ണം: "ഒരിക്കല്‍ കുഞ്ഞുണ്ണി പുളിയിലക്കര മുണ്ടുടുത്ത് സുന്ദരക്കുട്ടനായി ചമഞ്ഞ്, കുഞ്ഞിക്കാലടിവച്ച് പ്രൈമറി വിദ്യാലയത്തിലേക്കു പോവുകയായിരുന്നു. നടന്നുനടന്ന് വലപ്പാട് ചന്തയുടെ കിഴേക്ക ഗേറ്റ് കടന്നു. തൊട്ടടുത്ത് നല്ല തിരക്കുള്ള ഒരു ചായക്കടയുണ്ട്. ചായക്കടയുടെ മുന്നിലെത്തിയപ്പോള്‍ ഹയ്യട! കുഞ്ഞുണ്ണിയുടെ പുളിയിലക്കരമുണ്ട് ദാ, കിടക്കുന്നു താഴെ! ചരടുകെട്ടിയിരുന്നിട്ടും ഒരു പ്രയോജനവുമുണ്ടായിരുന്നില്ല. പക്ഷേ ഭാഗ്യമെന്നു പറയട്ടെ; പിറന്ന രൂപത്തില്‍ കണ്ടിട്ടും കുഞ്ഞുണ്ണിയെ ഒരാള്‍പോലും കളിയാക്കിയില്ല''.

കുഞ്ഞുണ്ണിയുടെ കുട്ടിക്കാലത്തെ ആനക്കമ്പത്തെക്കുറിച്ചും ഒരധ്യായമുണ്ട്. ആനയെന്നാല്‍ കുഞ്ഞുണ്ണിക്ക് പറഞ്ഞറിയിക്കാനാവാത്ത ഹരമായിരുന്നു. ഒരിക്കല്‍ കുഞ്ഞുണ്ണി 'ആനസ്വപ്നം' കണ്ടു. അത് വളരെ രസകരമാണ്. കുഞ്ഞുണ്ണി ഊടുവഴിയിലൂടെ പതുക്കെ മൂളിപ്പാട്ടും പാടി നടന്നുനീങ്ങുകയാണ്. അപ്പോഴുണ്ട് വലിയ ആനക്കൂട്ടം എതിരെ വരുന്നു! എങ്ങോട്ടുപോകും? എങ്ങനെ രക്ഷപ്പെടും? ഉറക്കെ കരയാന്‍ തുടങ്ങുമ്പോഴേക്കും മാധവി ഓപ്പോള്‍ തട്ടിവിളിച്ചു.

"എന്താ കുട്ടാ കരയണെ? സ്വപ്നം വല്ലോം കണ്ടോ?'' ആനക്കൂട്ടത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ട ആനന്ദത്തോടെ കുഞ്ഞുണ്ണി തിരിഞ്ഞുകിടന്നു''. കുഞ്ഞുണ്ണിയുടെ കുട്ടിക്കവിതകളെക്കുറിച്ചും അവയുടെ മാധുര്യത്തെക്കുറിച്ചും ഇതില്‍ വിവരിക്കുന്നുണ്ട്.

"പൂച്ച നല്ല പൂച്ച

വൃത്തിയുള്ള പൂച്ച

പാലുവച്ച പാത്രം

വൃത്തിയാക്കി വച്ചു!''



"ടെട്ടെട്ടേ ഇടിവെട്ടുന്നു

ശൂ ശൂ ശൂ കാറ്റൂതുന്നു

പെപ്പെപ്പേ മഴപെയ്യുന്നു

ഇടവം-മിഥുനം-കര്‍ക്കടകം!''



"അമ്മ മാമു തന്നു

അച്ഛനുമ്മ തന്നു

കുഞ്ഞുമോന് രണ്ടും

എന്തൊരിഷ്ടമെന്നോ?''

ഇങ്ങനെ പോകുന്നു അവയുടെ മാതൃകകള്‍. കുഞ്ഞുണ്ണിയുടെ ഒട്ടുമിക്ക കുട്ടിക്കവിതകളുടെയും സ്വാരസ്യം കുട്ടികള്‍ക്ക് ഈ പുസ്തകത്തിലൂടെ മനസ്സിലാക്കാന്‍ കഴിയും.

'മുത്തശ്ശിപ്പാട്ടുകളുടെ കൂട്ടുകാരന്‍' എന്ന അധ്യായത്തില്‍ മാഷിന്റെ പഴമ്പാട്ടുശേഖരണത്തെക്കുറിച്ചാണ് പ്രതിപാദിച്ചത്. കുട്ടികള്‍ ഇഷ്ടപ്പെടുന്ന നാടന്‍ കുട്ടിക്കവിതകള്‍ ശേഖരിച്ച് അദ്ദേഹം നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ചൊല്ലുകളുടെ തമ്പുരാന്‍' എന്ന ഭാഗത്ത് കുഞ്ഞുണ്ണിയുടെ പഴഞ്ചൊല്‍ പ്രപഞ്ചത്തെക്കുറിച്ചാണ്. പ്രതിപാദിക്കുന്നു. മലയാളത്തില്‍ പ്രചാരത്തിലുള്ള പഴഞ്ചൊല്ലുകള്‍ ശേഖരിച്ച് 'പഴമൊഴിപ്പത്തായം' എന്നൊരു പുസ്തകം രൂപപ്പെടുത്തിയിട്ടുണ്ട്. ഡിസി ബുക്സാണ് പ്രസിദ്ധീകരിച്ചത്. ഈ കൃതിയുടെ പ്രത്യേകതകള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.

മാഷിന്റെ ഭാഷാസ്നേഹവും അതിനുവേണ്ടി അദ്ദേഹം അര്‍പ്പിച്ച സേവനങ്ങളും ഇതില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അനില്‍കുമാറിന്റെ കുട്ടിത്തം തുളുമ്പുന്ന ചിത്രങ്ങളും ഇമ ബാബുവിന്റെ ഫോട്ടോകളും 'ഒരിടത്തൊരിടത്ത് ഒരു കുഞ്ഞുണ്ണി'യെ ആകര്‍ഷകമാക്കിയിരിക്കുന്നു. ഇങ്ങനെ ഒരു കൃതി രചിക്കാന്‍ ഇടയായത് മാഷില്‍നിന്ന് അറിഞ്ഞോ അറിയാതെയോ എനിക്കു ലഭിച്ച പ്രത്യേകമായ ചൈതന്യംകൊണ്ടാണെന്ന് ഉറച്ചുവിശ്വസിക്കുന്നു.

സിപ്പി പള്ളിപ്പുറം, കടപ്പാട് : ദേശാഭിമാനി വാരാന്തപ്പതിപ്പ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

'മുത്തശ്ശിപ്പാട്ടുകളുടെ കൂട്ടുകാരന്‍' എന്ന അധ്യായത്തില്‍ മാഷിന്റെ പഴമ്പാട്ടുശേഖരണത്തെക്കുറിച്ചാണ് പ്രതിപാദിച്ചത്. കുട്ടികള്‍ ഇഷ്ടപ്പെടുന്ന നാടന്‍ കുട്ടിക്കവിതകള്‍ ശേഖരിച്ച് അദ്ദേഹം നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ചൊല്ലുകളുടെ തമ്പുരാന്‍' എന്ന ഭാഗത്ത് കുഞ്ഞുണ്ണിയുടെ പഴഞ്ചൊല്‍ പ്രപഞ്ചത്തെക്കുറിച്ചാണ്. പ്രതിപാദിക്കുന്നു. മലയാളത്തില്‍ പ്രചാരത്തിലുള്ള പഴഞ്ചൊല്ലുകള്‍ ശേഖരിച്ച് 'പഴമൊഴിപ്പത്തായം' എന്നൊരു പുസ്തകം രൂപപ്പെടുത്തിയിട്ടുണ്ട്. ഡിസി ബുക്സാണ് പ്രസിദ്ധീകരിച്ചത്. ഈ കൃതിയുടെ പ്രത്യേകതകള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.

മാഷിന്റെ ഭാഷാസ്നേഹവും അതിനുവേണ്ടി അദ്ദേഹം അര്‍പ്പിച്ച സേവനങ്ങളും ഇതില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അനില്‍കുമാറിന്റെ കുട്ടിത്തം തുളുമ്പുന്ന ചിത്രങ്ങളും ഇമ ബാബുവിന്റെ ഫോട്ടോകളും 'ഒരിടത്തൊരിടത്ത് ഒരു കുഞ്ഞുണ്ണി'യെ ആകര്‍ഷകമാക്കിയിരിക്കുന്നു. ഇങ്ങനെ ഒരു കൃതി രചിക്കാന്‍ ഇടയായത് മാഷില്‍നിന്ന് അറിഞ്ഞോ അറിയാതെയോ എനിക്കു ലഭിച്ച പ്രത്യേകമായ ചൈതന്യംകൊണ്ടാണെന്ന് ഉറച്ചുവിശ്വസിക്കുന്നു.