Thursday, September 6, 2007

കേരളം എന്ന ഇമ്മിണി ബല്യ നഗരവും മലയാളിയുടെ മനസ്സും‍

എല്ലാം അറിയുമ്പോഴും മനുഷ്യന് അറിയാത്ത ഒന്ന് അവനില്‍ത്തന്നെയുണ്ട്. അതത്രേ മനുഷ്യമനസ്സ്. അതിനാല്‍ എന്തെന്നറിയാത്ത മനസ്സുകൊണ്ട് അറിയുന്നതാണ് മനുഷ്യന്റെ എല്ലാ അറിവും എന്ന് പറയാം. മനസ്സ് എവിടെയാണോ അവിടെയാണ് മനുഷ്യന്‍. മനുഷ്യജീവിതത്തിന് ഇങ്ങനെയൊരു തലം കൂടിയുള്ളതുകൊണ്ടാണ് ശരീരംകൊണ്ട് നമ്മുടെ തൊട്ടടുത്തിരിക്കുന്ന പലരെയും തൊട്ടുണര്‍ത്തി 'ഏയ് എവിടെയാണ്' എന്ന് പലപ്പോഴും ചോദിക്കേണ്ടി വരുന്നത്. ഈ നിലയില്‍, മനസ്സെവിടെയാണോ അവിടെയാണ് മലയാളി എന്ന് പറയാം.

ഇന്ന് കേരളത്തില്‍ ജീവിക്കുന്ന ഭൂരിഭാഗം മലയാളികളുടെ മനസ്സും മറുനാടുകളിലോ വിദേശങ്ങളിലോ ആണ്. എന്നാല്‍ മറുനാടുകളിലും വിദേശങ്ങളിലും കഴിയുന്ന മലയാളിയുടെ മനസ്സാകട്ടെ മിക്കവാറും കേരളത്തിലുമാണ്. കേരളത്തെ മനസ്സുകൊണ്ടുപേക്ഷിച്ചാണ് കേരളത്തില്‍ പലരും കഴിയുന്നതെങ്കില്‍, കേരളത്തെ തീവ്രമായി ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ടാണ് വിദേശത്തും മറുനാട്ടിലും മലയാളി കഴിയുന്നത്. അതിനാല്‍ ഒരു നിലയ്ക്ക് കേരളം എന്നത് നാളികേരത്തിന്റെ നാടായ നാഴിയിടങ്ങഴി മണ്ണല്ലെന്നും മറിച്ച് അത് മലയാള മനഃസ്ഥിതിയാണെന്നും പറയാം.

സഞ്ചരിക്കുന്ന വീടാണ് മാതൃഭാഷ എന്ന് ദെറിദ പറഞ്ഞിട്ടുണ്ട്. മലയാളിയെ സംബന്ധിച്ച് ഇതു വളരെ കൃത്യമാണ്. പ്രവാസി മലയാളസാഹിത്യവും മറ്റും ഇത് തെളിയിക്കുന്നു. മലയാളി കേരളം വിടുമ്പോള്‍ അവന്‍ ചെല്ലുന്നിടത്തേക്ക് ഒപ്പംകൊണ്ടുപോകുന്ന അമ്പത്താറക്ഷരങ്ങളുടെ വീടാണ് മലയാളം. എന്നാല്‍ കേരളത്തില്‍ ജീവിക്കുന്ന മലയാളി വല്ലവിധേനയും ഇരുപത്താറക്ഷരങ്ങളുടെ ഇംഗ്ളീഷ് വശമാക്കി കേരളം വിടാനാണ് ശ്രമിക്കുന്നത്. ഇവിടെവെച്ച് അവന് /അവള്‍ക്ക് ഒഴിഞ്ഞുപോകാന്‍ തോന്നുന്ന സ്ഥലമാണ് കേരളം. എന്നാല്‍ മലയാളി അന്യനാട്ടിലെത്തിയാല്‍ മലയാളത്തെ ഓര്‍ക്കുന്നു; മറക്കാതിരിക്കാനെങ്കിലും ശ്രദ്ധിക്കുന്നു- ജീവിത ശൈലികൊണ്ട് വിദേശത്ത് ഒരു കേരളം തന്നെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. ഓണാഘോഷം ഇന്ന് ഉള്ളില്‍ത്തട്ടി നടക്കുന്നത് വിദേശങ്ങളിലാണ്. കേരളത്തില്‍ ഓണം മുറപോലെ നടക്കുന്നൊരു സര്‍ക്കാര്‍ കാര്യമാണ്. ഏത് സര്‍ക്കാര്‍ കാര്യവും വിവാദമാകുന്ന കാലമാണിത്. അതുകൊണ്ടാണ് ഓണവും വിവാദവിഷയമാക്കാനാവുന്നത് . മലയാളിക്ക് ഓണമൊരു അനുഭവമായിത്തീരുന്നത് അന്യനാട്ടില്‍ ആയിരിക്കുമ്പോഴാണ്; കേരളത്തില്‍വെച്ചല്ല എന്ന് ചുരുക്കം. ഓണം മാത്രമല്ല മഴക്കാലവും അങ്ങനെയാണ്. കേരളത്തില്‍ ജീവിക്കുന്ന മലയാളിക്ക് 'മഴ' ഉടുപ്പ് നനയ്ക്കുന്ന മഹാശല്യമാണ്. എന്നാല്‍ വിദേശത്ത് കഴിയുന്ന മലയാളിക്ക് അതു മുറ്റത്തിറങ്ങിനിന്ന് ഏറ്റുവാങ്ങാന്‍ കൊതിതോന്നുന്ന, ആകാശത്തുനിന്ന് ഭൂമിയിലേക്കുള്ള ജീവനജലധാരയാണ്.... വിരഹം പ്രണയത്തെ തീവ്രമാക്കും എന്ന് പറയാറുണ്ട്. തമിഴ് സംഘസാഹിത്യത്തിലെ ഒരു സന്ദേശമാണത്. ഈ നിലയില്‍ വിദേശവാസത്തിന്റെ വിരഹച്ചൂടിലാണ് മലയാളിയുടെ മനസ്സില്‍ മഴപെയ്തിറങ്ങുന്ന കേരളം അതിന്റെ മുഴുവന്‍ ഭംഗിയിലും 'ചൊട്ടപ്പൊട്ടി' വിരിയുന്നതെന്ന് പറയാം.

എനിക്ക് അകന്ന ബന്ധത്തിലൊരു ചേച്ചിയുണ്ട്. അവര്‍ക്ക് മാറാട് കലാപം നടന്ന് പിറ്റേന്ന് വൈകിട്ടാണ് സംഭവം അറിവാകുന്നത്. ടെലിവിഷനും പത്രവും ഒക്കെ അവരുടെ വീട്ടിലുണ്ട്. എന്നിട്ടും അവര്‍ക്ക് മാറാട് പ്രശ്നം ശ്രദ്ധയില്‍ വന്നില്ല. ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ അത് വെറുതെ കേട്ടു.അവരുടെ കേട്ടിരിപ്പില്‍തന്നെ മറ്റുവല്ലതും പറഞ്ഞുകൂടേയെന്ന സന്ദേശമുണ്ടായിരുന്നു. എന്നാല്‍ ഈയിടെ നടന്ന ലണ്ടനിലെ ബോംബ് സ്ഫോടനം അവരെ വല്ലാതെ ഉലച്ചു. അവരെപ്പോഴും ലണ്ടനിലെ വിവരങ്ങള്‍ അറിയാന്‍ ചാനലുകളില്‍ പരതി. തലങ്ങും വിലങ്ങും ഇടതടവില്ലാതെ ഫോണ്‍ ചെയ്തു. അവസാനം അവര്‍ സ്വഭാവികാവസ്ഥയിലേക്ക് എത്തിയത് 'Dont worry mum, here I am safe' എന്ന മകളുടെ സന്ദേശം ലണ്ടനില്‍നിന്ന് വന്നെത്തിയപ്പോഴാണ്. മകള്‍ ലണ്ടനിലായിരുന്നതിനാല്‍ അവരുടെ മനസ്സ് ലണ്ടനിലായിരുന്നു. അതിനാല്‍ ലണ്ടനിലെ സംഭവങ്ങള്‍ അവരുടെ ഉള്ളുലച്ചു. നാട്ടിലെ മാറാട് പ്രതികരണമുളവാക്കിയില്ല. അവരുടെ ആരും അവിടെയില്ലായിരുന്നല്ലോ..

കേരളത്തില്‍ കഴിയുന്ന മലയാളിയുടെ മനസ്സ് വിദേശത്താണ്. വിദേശത്ത് വസിക്കുന്ന മലയാളിയുടെ മനസ്സ് അവരുടെ ബന്ധുക്കള്‍ കേരളത്തിലാണെന്നതിനാല്‍ കേരളത്തിലുമാണ്. അതിനാല്‍ കേരളത്തിന്റെ കാര്യങ്ങള്‍ പരദേശത്ത് കഴിയുന്ന മലയാളികള്‍ ഇവിടെ ജീവിക്കുന്നവരേക്കാള്‍ നന്നായി ശ്രദ്ധിക്കുന്നു. ഈ നിലയില്‍ ഇവിടെ ജീവിക്കുന്ന മലയാളിക്ക് 'കേരളം ദൈവത്തിന്റെ സ്വന്തം നാടും' (തന്റെയല്ല) അന്യനാട്ടില്‍ അധ്വാനിച്ചുകഴിയുന്ന മലയാളിക്ക് 'കേരളം മലയാളികളുടെ മാതൃഭൂമി'യും ആയിരിക്കുന്നു.

വിദേശത്ത് കഴിയുന്ന മലയാളിക്ക് കേരളം മാതൃഭൂമിയാണെന്ന തീവ്രബോധം ഉള്ളതുകൊണ്ടാണ് പത്തു സുനാമിദുരന്തങ്ങളെ നേരിടുവാനുള്ള പണം വിദേശത്തുനിന്നും മറുനാടുകളില്‍നിന്നും അക്കാലത്ത് കേരളത്തിലേക്ക് വന്നെത്തിയത്. കേരളത്തെ 'ദൈവത്തിന്റെ സ്വന്തം നാടായി' കാണുകയും അതുവഴി തങ്ങളില്‍നിന്നന്യമായി കരുതുകയും ചെയ്യുന്നവരുടെ അക്കാലത്തെ കേരള ഭരണം സുനാമി ദുരിതാശ്വാസനിധി എങ്ങനെ കൈകാര്യം ചെയ്തെന്ന് പറയേണ്ടല്ലോ. കേരളത്തെ സ്നേഹിച്ചുകൊണ്ട് കേരളഭരണം നടത്താന്‍ നമ്മുടെ അസംബ്ളി മറുനാട്ടിലോ വിദേശത്ത് എവിടെയെങ്കിലുമോ ആയിരുന്നെങ്കില്‍ പ്രത്യേക പരിശീലനമൊന്നും കൂടാതെതന്നെ നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് ഉത്സാഹവും കഴിവും ഉണ്ടാകുമായിരുന്നേനെ എന്ന് ചിന്തിപ്പിക്കാവുന്ന വിധം മ്ളേച്ഛമായ കെടുകാര്യസ്ഥതയോടെയാണ് കഴിഞ്ഞ സര്‍ക്കാര്‍ 'സുനാമിഫണ്ട്' കൈകാര്യം ചെയ്തത്. ദൈവത്തിന്റെ സ്വന്തം നാടിനെ ദൈവം നോക്കിക്കൊള്ളും; അല്ലെങ്കില്‍ അമൃതാനന്ദമയിയെപ്പോലുള്ള ആള്‍ദൈവങ്ങള്‍ നോക്കട്ടെ എന്ന മട്ടിലുള്ള അലംഭാവത്തിന്റെ മരവിപ്പായിരുന്നു നടപടികളില്‍ നിഴലിച്ചുനിന്നിരുന്നത്.

സുനാമിപോലുള്ള വന്‍ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇത്രയധികം പണം മറുനാട്ടില്‍നിന്നും വിദേശത്തുനിന്നുമൊക്കെ വന്നെത്താവുന്ന നില എങ്ങനെ ഉണ്ടായി? മലയാളികള്‍ വിദേശത്തും മറുനാട്ടിലും ജോലിചെയ്യുന്നതുകൊണ്ട് എന്നാണുത്തരം. എന്തുകൊണ്ടവര്‍ അവിടെ എത്തി? ഉത്തരം വിദ്യാഭ്യാസംകൊണ്ട് എന്നാണ്. വിദ്യാഭ്യാസം ഇവിടെ എല്ലാവര്‍ക്കും സാധ്യമാകുന്നതില്‍ ക്രൈസ്തവമിഷണറിമാരുടെയും ശ്രീനാരായണഗുരു, മന്നത്ത് പത്മനാഭന്‍, അയ്യങ്കാളി എന്നിവരുടെ പ്രവര്‍ത്തനങ്ങളുടെയും 1957 ലെ ഇ എം എസ് സര്‍ക്കാറിന്റെയും നടപടികള്‍ വഹിച്ച പങ്ക് പ്രധാനമാണ്. സ്വന്തംനാട്ടില്‍ പണിയില്ലെങ്കിലും എവിടെയും വിദഗ്ദ തൊഴിലാളിയായിരിക്കാന്‍ മലയാളിയെ പ്രാപ്തമാക്കിയ വിദ്യാഭ്യാസ-സാമൂഹിക സാഹചര്യം മേല്‍പ്പറഞ്ഞതായിരുന്നു. ഇടത്തരക്കാര്‍ കൂടിക്കൊണ്ടേയിരിക്കുന്ന കേരളം 'വിദ്യാഭ്യാസ'ത്തിന്റെ സൃഷ്ടിയാണ്. ഇടത്തരവര്‍ഗക്കാരുടെ എണ്ണക്കൂടുതലിനെയാണ് ഇടതുപക്ഷവിരുദ്ധ പ്രവര്‍ത്തകര്‍ മനഃശാസ്ത്രപരമായ സമീപനങ്ങളിലൂടെ ഇടതുപക്ഷത്തിനെതിരെ ഉപയോഗപ്പെടുത്താനായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ വിഷയം അല്പം വിശദീകരിക്കാം.

II

വിദ്യാഭ്യാസം ഒരുതരം വരേണ്യത സൃഷ്ടിക്കും. എല്ലാകാലത്തും അതുണ്ടായിട്ടുണ്ട്; ഇക്കാലത്തും. വിദ്യാഭ്യാസം ഉണ്ടാക്കുന്ന വരേണ്യത പക്വമായിരുന്നാല്‍ ആത്മാഭിമാനവും അപക്വമായിരുന്നാല്‍ ദുരഭിമാനവും ഉളവാക്കും. ആധുനിക കേരളത്തിലും ഇത് സംഭവിച്ചിട്ടുണ്ട്. പത്താംക്ളാസ് പാസായ മകന്‍ നാട്ടില്‍ അലക്കിത്തേച്ച മുണ്ടുടുത്തേ നടക്കാവൂ എന്നും, അല്ലെങ്കിലത് 'മോശക്കേടാണെ'ന്നും ഇന്നാട്ടിലൊരു പ്യൂണ്‍ പണിയെങ്കിലും തരപ്പെട്ടില്ലെങ്കില്‍ ഗള്‍ഫിലോ മറ്റോ പോയി എന്തുപണിയായാലും ചെയ്യട്ടെ എന്നും നിനയ്ക്കുന്ന തൊഴിലിന്റെ അന്തസ്സിനെ സംബന്ധിച്ച മിഥ്യാഭിമാനബോധം നമ്മുടെ ജനജീവിതത്തില്‍ വിദ്യാഭ്യസത്തിലൂടെ വ്യാപനം ചെയ്യപ്പെട്ടിട്ടുണ്ട്. തെറ്റോ ശരിയോ എന്നതിനേക്കാള്‍ വാസ്തവമാണിത്. "അന്യനാട്ടില്‍ എന്തും ചെയ്യാം; സ്വന്തം നാട്ടില്‍ 'ക്ളാര്‍ക്ക്പണി'യേ പറ്റൂ'' എന്ന മാനസികാവസ്ഥ മലയാളിയെ നാടുവിടാന്‍ തക്കം പാര്‍ക്കുന്നവനാക്കി. ഒത്തവരെല്ലാം നാടുവിട്ടപ്പോള്‍ പിന്നെ ഇവിടെ ശേഷിച്ചത് 'തെങ്ങുകയറാനും കന്നുപൂട്ടാനു'മറിയാത്ത കൃഷിയോഫീസര്‍മാരുടെ മട്ടിലുള്ള ഉദ്യോഗസ്ഥവൃന്ദവും പാഠപുസ്തകം മനഃപാഠമാക്കുകയും മനഃപാഠമാക്കാത്ത കുട്ടികളെ തല്ലുകയും ചെയ്യുന്ന അധ്യാപകരുമാണ്. പുറംനാട്ടില്‍ എന്തു പണിയും നന്നായി ചെയ്യുന്നവനും സ്വന്തം നാട്ടില്‍ പണിയെടുക്കാത്തവനുമായ മലയാളി പുറംനാട്ടിലെ അധ്വാനംകൊണ്ട് നേടുന്ന പണംകൊണ്ട് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അരിയും പച്ചക്കറിയും കന്നാലിമാംസവും വാങ്ങി ഭക്ഷിച്ച് ടെലിവിഷന്‍ കണ്ടും തീര്‍ഥാടനം നടത്തിയും കഴിയുന്നവരാക്കി നാട്ടിലെ ബന്ധുക്കളെ സംരക്ഷിക്കുന്നവനായി. കേരളത്തില്‍ വിറകുവെട്ടിയും വെള്ളംകോരിയും പറമ്പുകിളച്ചും കഴിയുന്ന കൂലിത്തമിഴന് നാട്ടിലെ മലയാളി 'മൊതലാളി'യായി. ഇങ്ങനെ കേരളത്തില്‍ ഇടത്തരക്കാരുടെ എണ്ണം വര്‍ധിക്കുകയും ഇടത്തരക്കാര്‍ അല്ലാത്തവര്‍കൂടിയും ഇടത്തരക്കാരാണെന്ന മട്ടില്‍ കഴിയുന്നതിന് പ്രലോഭിതരാകുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. വാസ്തവത്തില്‍ ദാരിദ്ര്യരേഖക്ക് തൊട്ടടുത്ത് കഴിയുന്നവര്‍ക്കിടയില്‍പ്പോലും തങ്ങളുടെ യഥാര്‍ഥസ്ഥിതി തിരിച്ചറിഞ്ഞുകൊണ്ട് ജീവിക്കുന്നവരേക്കാള്‍ ഇന്ന് കൂടുതലുള്ളത് കടംവാങ്ങിയ പണംകൊണ്ടു തങ്ങളും ഇടത്തരക്കാരാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ജീവിക്കുന്നവരാണ്. ഇത്തരക്കാരാണ് 'പലിശപ്പട്ടിണി പടികേറുമ്പോള്‍ പിന്നിലെ മാവിലെ കയറില്‍' തന്നെ കുടുക്കുന്നത്. ചുരുക്കത്തില്‍ മലയാളിയുടെ മനസ്സ് ദുരഭിമാനങ്ങളുടെ മിഥ്യായാഥാര്‍ഥ്യങ്ങളില്‍ കുരുങ്ങി ജീവിതത്തെ ദുരന്തമാക്കിക്കൊണ്ടിരിക്കുകയാണ്.

ഇടത്തരക്കാരുടെ എണ്ണം കൂടുക എന്നാല്‍ കച്ചവടസാധ്യത കൂടുക എന്നാണ് അര്‍ഥം. അതുകൊണ്ടുതന്നെ കേരളത്തില്‍ എല്ലാ കച്ചവടക്കാരും തമ്പടിച്ചിരിക്കുന്നു. മൊബൈല്‍ഫോണും ആത്മീയതയും ലൈംഗികോത്തേജനമരുന്നുകളും എല്ലാം വിറ്റഴിക്കാനുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. വിദേശത്ത് പണിചെയ്തുണ്ടാക്കുന്ന പണംകൊണ്ട് എല്ലാം വാങ്ങുന്നവനായി സ്വന്തം അധ്വാനമൊഴിച്ച് മറ്റൊന്നും വില്‍ക്കാനില്ലാത്തവനായി മലയാളി മാറിയിരിക്കുന്നു. നാഷണല്‍ ഹൈവേയിലൂടെ തിരുവനന്തപുരം മുതല്‍ കാസര്‍ക്കോട് വരെ ഒന്നു സഞ്ചരിച്ചാല്‍ ഇപ്പറഞ്ഞത് ബോധ്യമാവും. എല്ലാ പാര്‍ശ്വദൃശ്യങ്ങള്‍ക്കും ഒരേ ഛായയാണ്. ഒരേ മട്ടിലുള്ള കെട്ടിടങ്ങള്‍, ഒരേതരത്തിലുള്ള പരസ്യപ്പലകകള്‍, ഒരേമട്ടിലുള്ള ക്ഷേത്രകവാടങ്ങള്‍, ഒരേ മട്ടിലുള്ള പള്ളികളും മസ്‌ജിദുകളും, എവിടെയും സൂപ്പര്‍മാര്‍ക്കറ്റുകള്‍ -അങ്ങനെ ഇവിടെ വ്യത്യസ്തതകള്‍ ഇല്ലായ്മ ചെയ്യപ്പെട്ടുവരുന്നു; എന്നുവച്ചാല്‍ വ്യക്തിത്വം ഇല്ലാതാവുന്നു. യൂണിഫോമിറ്റിയുടെ നിര്‍ജീവത മള്‍ടിവേഴ്സിറ്റിയുടെ സജീവതയെ ഇല്ലാതാക്കിയിരിക്കുന്നു. ഇത് നഗരത്തിന്റെ സ്വഭാവമാണ്. നഗരം നമ്മുടെ ശരീരഭാഷയെ, സംസാരഭാഷയെ ഒക്കെ ഔപചാരികമാക്കും; ജീവിതത്തെ നാലുചുവരുകള്‍ക്കുള്ളില്‍ തളയ്ക്കും. അതുകൊണ്ടുതന്നെയാണ് 'എന്താഷ്ട പറേണെ' എന്ന തൃശൂര്‍ഭാഷ ഒരു മിമിക്രി ഐറ്റം മാത്രമായിരിക്കുന്നത്; മണ്ണില്‍ പണിയെടുക്കുന്ന മലയാളി ഇല്ലാതായിരിക്കുന്നത്; പണിയെടുക്കാന്‍ മണ്ണും ഇല്ലാതായിരിക്കുന്നത്! മലയാളിക്കിന്ന് മണ്ണ് കെട്ടിടമുണ്ടാക്കാനുള്ളതാണ്; കൃഷിചെയ്യാനുള്ളതല്ല. അതുകൊണ്ടുതന്നെ മലയാളിക്കിന്ന് പുഴ ജലസേചനത്തിനുള്ളതല്ല; മറിച്ച്, മണലൂറ്റാനുള്ളതാണ്- പിന്നെ കര്‍ക്കടക ബലിയിടാനുള്ളതും. കേരളം എന്ന ഒരൊറ്റ നഗരത്തിന്റെ നിലനില്‍പ്പിന് ആധാരമായ പണം പുറത്ത് പണിയെടുക്കുന്ന മലയാളിയില്‍നിന്ന് വരുന്നതുമാണ്. എത്രകാലം എന്നത് വേറെ ചിന്തിക്കണം.

മാന്യനാവാന്‍ പൈസയുണ്ടായാല്‍ മാത്രം പോര. ജാതീയമായ ഭേദബോധം എല്ലാ മതസ്ഥര്‍ക്കിടയിലും ഇന്നും കേരളത്തില്‍ ഒരു ആന്തരിക യാഥാര്‍ഥ്യമാണ്. ഞങ്ങള്‍ പൂര്‍വികമായി നോക്കിയാല്‍ നമ്പൂതിരിമാരാണെന്ന് വീമ്പിളക്കുന്നവരെ ഏത് മതത്തിലും കാണാം. അതുകൊണ്ടുതന്നെ പണം, വീടിന്റെ വലുപ്പം, ടി വി, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങള്‍, കാറ് എന്നിവ കൊണ്ടല്ലാതെ ഉണ്ടാവേണ്ട ഒരു വരേണ്യത ഇടത്തരക്കാര്‍ക്ക് ആവശ്യമുണ്ട്. അതിനുള്ള മാര്‍ഗം ഞാന്‍ 'അമ്മ'യില്‍നിന്ന് മന്ത്രദീക്ഷയും ഗുരുദേവില്‍നിന്ന് 'ജീവനകല'യും സ്വീകരിച്ചു എന്ന് പറയുകയാണ്; ഒന്നാം തീയതി എന്നൊന്നുണ്ടെങ്കില്‍ ഞാന്‍ ഗുരുവായൂരുണ്ടാകും എന്ന് പ്രഖ്യാപിക്കുക എന്നതാണ്; എന്റെ ഏലസ് ചോറ്റാനിക്കര മേല്‍ശാന്തി പൂജിച്ചുതന്നതാണെന്ന് പറയുകയാണ്; ഞാന്‍ 365 ദിവസത്തെ ഗീതായജ്ഞം കേട്ടെന്ന് പറയുകയാണ്; വേളാങ്കണ്ണിയില്‍ ഏഴുദിവസം കുര്‍ബാന കണ്ടെന്ന് പറയുകയാണ്; ശബരിമല തന്ത്രി ഗണപതിഹോമം ചെയ്തിട്ടാണ് വീട് പാര്‍പ്പ് നടത്തിയതെന്ന് വീമ്പിളക്കുകയാണ്. ഇത്തരം മധ്യവര്‍ഗപ്പൊങ്ങച്ചങ്ങളാണ് കേരളത്തെ മനുഷ്യനാവാന്‍ പ്രയാസവും ദൈവമാകാന്‍ താരതമ്യേന എളുപ്പവുമായ "'ദൈവത്തിന്റെ സ്വന്തം നാടാക്കി'യിരിക്കുന്നത്.

വര്‍ഗീയ കലാപങ്ങള്‍ മാറാടുപോലുള്ള, നിഷ്കളങ്കരായ മത്സ്യത്തൊഴിലാളികള്‍ പാര്‍ക്കുന്നിടത്തുണ്ടാവുകയും എറണാകുളംപോലുള്ള വന്‍നഗരങ്ങളില്‍ ഉണ്ടാവാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടെന്നതും ചിന്തിക്കേണ്ടതുണ്ട്. നഗരത്തിലെ മധ്യവര്‍ഗങ്ങള്‍ക്ക് നഷ്ടപ്പെടാനേറെയുണ്ട്. നഷ്ടപ്പെടാനുള്ളവരെല്ലാം സമാധാനത്തെ താലോലിക്കും. ലോണെടുത്തുണ്ടാക്കിയ കാറ് ഏത് 'ദൈവത്തിന്റെ നാമ'ത്തിലാണെങ്കിലും കത്തിയമരരുത്. ഈ സ്വാര്‍ത്ഥാധിഷ്ഠിത സമാധാനവാഞ്ഛ മധ്യവര്‍ഗക്കാര്‍ക്കിടയില്‍ ഉള്ളതുകൊണ്ടുതന്നെ അവര്‍ തിങ്ങിപ്പാര്‍ക്കുന്നിടത്തു കലാപമുണ്ടാക്കാന്‍ കൂലിത്തല്ലുകാര്‍ വേണം-അതുകൊണ്ടുതന്നെ കൂലിത്തല്ലുകാരാണ് വന്‍നഗരങ്ങളില്‍ ബോംബ് സ്ഫോടനങ്ങള്‍ ഉണ്ടാക്കുന്നത്. സ്ഫോടനം നടത്താന്‍ ആളുകള്‍ വേണ്ട; ഒരാള്‍ മതിയല്ലോ.

ഇടത്തരക്കാരുടെ, എങ്ങനെയും സ്വന്തം കാര്യം നേടാനുള്ള സ്വാര്‍ഥതയാണ് കൈക്കൂലിപോലുള്ള അനാശാസ്യപ്രവണതകള്‍ക്കും കാരണം. കൈക്കൂലി വാങ്ങുന്നവനും കൊടുക്കുന്നവനും ഇടത്തരക്കാരനായിരിക്കും. ഇടത്തരക്കാരന് സമാധാനം ഉണ്ടാവില്ല. എന്തെന്നാല്‍ അയാള്‍ക്ക് വ്യാമോഹങ്ങള്‍ ഉള്ളതുകൊണ്ട് തൃപ്തിയുണ്ടാവില്ല. അതിനാലവര്‍ മദ്യവും മയക്കുമരുന്നും മദിരാക്ഷിയും മന്ത്രവാദവും ജ്യോത്സ്യവും ധ്യാനവും യോഗവും യജ്ഞവും ഒക്കെ സമാധാനം നേടാനായി ഒരേ സമയം ഉപയോഗപ്പെടുത്തും. അതേസമയം പാവപ്പെട്ട പണിക്കാരന്‍ കടത്തിണ്ണയില്‍ കിടന്ന് നന്നായുറങ്ങുന്നുണ്ടാവും. അവനെ നോക്കി 'അസത്തുക്കള്‍' എന്ന് പിറുപിറുക്കാനുള്ള വരേണ്യ മലയാളം മധ്യവര്‍ഗക്കാരന്റെ ചുണ്ടത്തുണ്ടായിരിക്കും. മുതലാളിത്തത്തെക്കുറിച്ച് മിണ്ടാതിരിക്കുകയും വികസനവും സമാധാനവും തകര്‍ക്കുന്ന സമരക്കാരായി കമ്യൂണിസ്റ്റുകാരെ ലളിതവത്ക്കരിക്കുകയും ചെയ്യുന്ന ഇന്നാട്ടിലെ മാധ്യമഭാഷ സ്വന്തം കാര്യമൊഴിച്ച് മാറ്റൊന്നിനും പ്രാധാന്യം നല്‍കാത്ത മധ്യവര്‍ഗങ്ങളെ വലയില്‍ കരുക്കി കീഴ്പ്പെടുത്തുവാനുള്ളതാണ്. അതിന്റെ പൊതുഫലം കമ്യൂണിസ്റ്റ് വിരുദ്ധതയാണ്. വര്‍ധിച്ചുവരുന്ന ഇടത്തരക്കാര്‍ക്കിടയില്‍ കമ്യൂണിസ്റ്റ് വിരുദ്ധത വളര്‍ത്തുന്ന മാധ്യമ പ്രവണതകളെ മനഃശാസ്ത്രപരമായി എങ്ങനെ നേരിടുകയും അതിജീവിക്കുകയും ചെയ്യണമെന്നത് തെരഞ്ഞെടുപ്പ് വിജയം പ്രധാനമായിരിക്കുന്നേടത്തോളം കാലം കേരളത്തില്‍ കമ്യൂണിസം നേരിടുന്ന ഒരു സുപ്രധാനമായ വെല്ലുവിളിയാണ്.

(സ്വാമിവിശ്വഭദ്രാനന്ദ ശക്തിബോധി)

(കടപ്പാട്: ദേശാഭിമാനി വാരിക)

Wednesday, September 5, 2007

അധിനിവേശത്തിന്റെ താവളങ്ങള്‍

കോളനി രാജ്യങ്ങളുടെ എണ്ണം നോക്കി സാമ്രാജ്യത്തിന്റെ വലിപ്പവും മഹത്വവും നിര്‍ണയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അമേരിക്കയുടെപുതിയ വ്യാഖ്യാനമനുസരിച്ച് കോളനികളെ നിര്‍ണ്ണയിക്കുന്നത് സൈനിക താവളങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ്. താവളങ്ങളുടെ എണ്ണം ഇപ്പോള്‍ 700 നു് മുകളിലാണ്. നാറ്റോ സഖ്യ രാജ്യങ്ങളിലുള്ള താവളങ്ങളെ കൂടി ഉള്‍പ്പെടുത്തിയാല്‍ 130 രാജ്യങ്ങളില്‍ അമേരിക്ക നിയന്ത്രിക്കുന്ന സൈനിക താവളങ്ങളുടെ ശൃംഖല ഇന്നു നിലവിലുണ്ട്. സുരക്ഷാ വാഗ്ദാനത്തിന്റെ മറവില്‍ അമേരിക്ക പടുത്തുയര്‍ത്തിയിട്ടുള്ള താവളങ്ങള്‍ രാജ്യങ്ങളും ഭൂഖണ്ഡങ്ങളും കടന്ന് ഭൂഗോളം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നു എന്നത് ഒരു പക്ഷേ അമേരിക്കന്‍ പൌരന്മാര്‍ പോലും അറിഞ്ഞിരിക്കണമെന്നില്ല.

"ബ്ലോബാക്ക് ”(Blowback), “സോറോസ് ഓഫ് ദി എം‌പയര്‍“ (Sorrows of the Empire) എന്നീ കൃതികളുടെ കര്‍ത്താവായ ചാള്‍മേഴ്സ് ജോണ്‍സണ്‍ (Chalmers Johnson) അദ്ദേഹത്തിന്റെ ലേഖനത്തില്‍ പറയുന്നു “അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും സ്ഥാപിക്കപ്പെട്ടിട്ടുള്ള വിപുലമായ അമേരിക്കന്‍ താവളങ്ങള്‍ ഒരു പുതിയ സാമ്രാജ്യത്തെ തന്നെ സൃഷ്ടിച്ചിരിക്കുന്നു. സ്വന്തമായി ഭൂമിശാസ്ത്രമുള്ള താവളങ്ങളുടെ ഒരു സാമ്രാജ്യം. ലോകത്തിലെ ഒരു ഭൂമിശാസ്ത്ര പാഠപുസ്തകത്തിലും ഈ സാമ്രാജ്യത്തിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ച് പരാമര്‍ശമുണ്ടാകുവാന്‍ സാദ്ധ്യതയില്ല. ഈ ആഗോള സൈനിക താ‍വളങ്ങളുടെ വ്യാപ്തിയും സ്വഭാവവും മനസ്സിലാക്കാതെ, സാമ്രാജ്യത്വ അഭിലാഷങ്ങളുടെ പുതുപുത്തന്‍ അധീശമനോഭാവത്തെയോ, അനിയന്ത്രിതമായ പുത്തന്‍ സൈനികവല്‍ക്കരണം നമ്മുടെ ഭരണഘടനാ ക്രമങ്ങളെ എങ്ങനെയാണ് ഇല്ലാതാക്കുന്നത് എന്നോ തെല്ലും ഉള്‍ക്കൊള്ളാനാവില്ല”

"This vast network of of American bases on every continent except Antartica actually constitutes a new form of empire-an empire of bases with its own geography not likely to be taught in any high school geography class.Without grasping the dimensions of this globegirdling Baseworld, one cannot begin to understand the size and nature of imperial aspirations or the degree to which a new kind of militarism is undermining our constitutional order."

ഇത്തരം പ്രവര്‍ത്തനങ്ങളെ പൊതിഞ്ഞു നില്‍ക്കുന്ന രഹസ്യസ്വഭാവം മൂലവും ബോധപൂര്‍വം മറച്ചു വച്ചിരിക്കുന്നതിനാലും എത്ര സൈനിക താവളങ്ങള്‍ അമേരിക്ക നിലനിര്‍ത്തുന്നുവെന്നോ എന്തിനാണവയെ നിലനിര്‍ത്തുന്നതെന്നോ കൃത്യമായി പറയാന്‍ കഴിയില്ലെങ്കിലും, ഒരു കാര്യമുറപ്പാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പാദമുദ്രകള്‍ മറ്റു രാജ്യങ്ങള്‍ക്കും ജനതയ്ക്കും, ഒപ്പം സമാധാനം മാത്രം ആഗ്രഹിക്കുന്ന സാധാരണ അമേരിക്കക്കാരനും, അനവധി അസൌകര്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഭൂഗോളത്തിന്റെ എല്ലാ ഇടങ്ങളിലുംഎണ്ണമറ്റ രീതിയില്‍ പതിഞ്ഞിരിക്കുന്നു. ഔദ്യോഗിക രഹസ്യമെന്ന നിലയില്‍ സൈനിക താവളങ്ങളുടെ സാമ്രാജ്യം നിലനിര്‍ത്താന്‍ എന്ത് ചെലവുവരുന്നു എന്നും മറ്റുമുള്ള വിവരങ്ങള്‍ വിവിധ രാജ്യങ്ങള്‍ ഗോപ്യമായി വെക്കുമ്പോള്‍ , അവയെ കൂടുതല്‍ പ്രവര്‍ത്തനക്ഷമമായി നിലനിര്‍ത്താന്‍ താവളങ്ങളുടെ ആകെ അഴിച്ചുപണി നടത്തുകയാണ് പെന്റഗണ്‍.

ആമ്പലിലയും കുതിക്കുന്ന തവളകളും

മുന്‍ യു.എസ്. പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്‌ഫെല്‍ഡ് (Donald Rumsfeld) സൈനിക താവളങ്ങളെ “ ലില്ലിപാഡു”(Lilypad) എന്നാണ് വിശേഷിപ്പിക്കുന്നത്. “അമേരിക്കന്‍ സൈനികവ്യൂഹത്തിനും ആയുധങ്ങള്‍ക്കും മാതൃരാജ്യത്തു നിന്നും യുക്തമായ താവളത്തിലേക്കും അവിടെ നിന്ന് വളരെയടുത്തുള്ള ഒരു യുദ്ധമുന്നണിയിലേക്കും ഒരു "തവളച്ചാട്ടം" (leapfrog) പോലെ കൃത്യസമയത്ത് എത്തിച്ചേരാനുള്ള ഒരിടം”. മാരക ശേഷിയുള്ള ആയുധങ്ങളും ഉപകരണങ്ങളുമായി ദ്രുതവേഗവും സമയവും കൊണ്ടുള്ള ഒരു കളിയാണത്”. മാരകായുധങ്ങളുമായി കുതിച്ചു ചാടുന്ന അമേരിക്കന്‍ സൈന്യമെന്ന “തവളയ്ക്ക് “സുരക്ഷിതമായി ഒന്നിരിക്കാനുള്ള “ആമ്പലില”യാണ് ഓരോ സൈനികതാവളവുമെന്നു സാരം.

റൈറ്റ് വിങ്ങ് അമേരിക്കന്‍ എന്റര്‍പ്രൈസസ് ഇന്‍സ്റ്റിട്യൂട്ട് ( Right-Wing Think Tank-American Enterprises Institute) ഈ പദ്ധതിയെ വിശേഷിപ്പിക്കുന്നത് " ഭൂഗോളത്തിന്റെ അതിര്‍ത്തി രേഖകളിലൂടെ സവാരി നടത്തി ചീത്തകുട്ടികളെ വെടിവച്ചു കൊല്ലുന്ന ആഗോള കാലാള്‍പ്പട“യെന്നാണ്. ചെങ്കടലിന്റെ കവാടത്തിലുള്ള ദിഗ്‌ബോയ് സൈനിക താവളത്തിന്റെ ക്യാമ്പ് കമാന്‍ഡര്‍ മറൈന്‍ ബ്രിഗേഡിയര്‍ ജനറല്‍ മാസ്റ്റിന്‍ റോബ്‌സണ്‍(Mastin Robson) വിശദീകരിക്കുന്നതിങ്ങനെ: “ പ്രതിരോധയുദ്ധം പ്രാവര്‍ത്തികമാകണമെങ്കില്‍ അമേരിക്കക്ക് ആഗോള സാന്നിധ്യം ഉറപ്പാക്കിയേ പറ്റൂ. അമേരിക്കന്‍ പ്രതിരോധവ്യവസ്ഥയുടെ തള്ളവിരല്‍ പതിയാത്ത എല്ലാ സ്ഥലങ്ങളിലും താവളങ്ങള്‍ സ്ഥാപിക്കണം”.

സാമ്രാജ്യത്വ താവളങ്ങള്‍

അമേരിക്കയിലും വിദേശരാജ്യങ്ങളിലും നിലവിലുള്ള അമേരിക്കന്‍ സൈനിക സ്ഥാവര സ്വത്തുക്കളെക്കുറിച്ച് 2003 ലെ താവളങ്ങളെ സംബന്ധിച്ച ഘടനാ(Base Structural Report) റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു. 130 രാജ്യങ്ങളിലായി 720 സൈനിക താവളങ്ങള്‍ സ്വന്തമായോ വാടകയ്ക്കോ നിലനില്‍ക്കുന്നതായി പെന്റഗണ്‍ സൂചിപ്പിക്കുന്നു.

അമേരിക്കയിലും അതിന്റെ അധീശത്വത്തിന്‍ കീഴിലും നിലനില്‍ക്കുന്ന ആറായിരം സൈനിക താവളങ്ങള്‍ക്കു പുറമേയുള്ള കണക്കാണിത്. ഇവിടങ്ങളിലായി യൂണിഫോമിലുള്ള 2,53,288 സൈനികരും ഏകദേശം അത്രയും തന്നെ ആളുകള്‍ സഹായികളായും ഉണ്ട്. കൂടാതെ, പ്രതിരോധ വകുപ്പിന്റെയും സാങ്കേതിക രംഗത്തെയും ജീവനക്കാരും. ഇവരെ കൂടതെ, അതാത് പ്രദേശങ്ങളില്‍ നിന്നും വാടകയ്ക്കെടുത്തിട്ടുള്ള വിദേശികളുടെ എണ്ണം 44,436. ഈ താവളങ്ങളിലായി 49,870 ബാരക്കുകള്‍, സൈനിക കോടതികള്‍, ആശുപത്രികള്‍ എന്നിവയുമുണ്ട് വേറെ. ഇത്രയും ഭീമമായ സൈനിക ശക്തി നിലനിര്‍ത്തുവാന്‍ 113.2 ബില്യന്‍ ഡോളറാണ് പ്രതിരോധ മന്ത്രാലയം പ്രതിവര്‍ഷം നീക്കിവയ്ക്കുന്നത്. ഇന്നു നിലവിലുള്ള മിക്ക രാജ്യങ്ങളുടെയും ആഭ്യന്തര ഉല്പാദന(GDP)ത്തേക്കാള്‍ കൂടിയ തുകയാണിത്.

“അസ്ഥിരതാ ചാപ“ത്തിനുള്ളിലെ സാമ്രാജ്യത്വ കോട്ടകള്‍(Imperial fortress in the arc of Instability)

ഈ ഭീമാകാരം പൂണ്ട തുകയും കണക്കുകളും ഒന്നും പൂര്‍ണ്ണമായ ഒരു ചിത്രം തെളിച്ചു കാട്ടുന്നില്ല.ആഗോളതലത്തില്‍ അമേരിക്ക നിലനിര്‍ത്തിപ്പോരുന്ന മുഴുവന്‍ താവളങ്ങളെയും ഈ കണക്കുകള്‍ ഉള്‍ക്കൊള്ളുന്നില്ല എന്നതു തന്നെ കാരണം.

ഉദാഹരണമായി ഹാലി ബര്‍ട്ടന്‍ കോര്‍പ്പറേഷന്റെ ഉപ സ്ഥാപനമായ കെല്ലോഗ്, ബ്രൌണ്‍ ആന്റ് റൂട്ട് (Kellog, Brown & Root) 1999 മുതല്‍ കൊസോവോയില്‍ നിലനിര്‍ത്തി വരുന്ന താവളം 2003 ലെ Basic structural report -ല്‍ പ്രതിഫലിക്കുന്നില്ല. അതേ പോലെ അഫ്‌ഗാനിസ്ഥാന്‍, ഇറാഖ്, ഇസ്രായേല്‍, കുവൈറ്റ്, കിര്‍ഗിസ്ഥാന്‍, ഖത്തര്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ 9/11 നു ശേഷം “അസ്ഥിരതാ ചാപ“ത്തെ(arc of instability) നേരിടാന്‍ ഉയര്‍ത്തിയ താവളങ്ങളും ഈ കണക്കില്‍ ഉള്‍പ്പെടില്ല. യഥാര്‍ത്ഥത്തില്‍ “അസ്ഥിരതാ ചാപ“ത്തിന്റെ സൂത്രധാരനും സൃഷ്ടാവും അമേരിക്ക തന്നെയാണെന്ന് അമേരിക്കന്‍ ജനതക്ക് ഇനിയും മനസ്സിലായിട്ടില്ല.

പുതിയതായി നിര്‍വചിക്കപ്പെട്ട “അസ്ഥിരതാ ചാപ“ത്തിന്റെ ചുറ്റുമുള്ള സെന്‍സിറ്റീവ് ആയ ഓരോ സ്ഥാനങ്ങള്‍ക്കും സമീപം സൈന്യത്തെ വിന്യസിക്കുക എന്നതിന്റെ മറപറ്റി ഇറാഖില്‍ മാത്രം നാലു മുതല്‍ ആറു വരെ സ്ഥിരം താവളങ്ങള്‍ മാറ്റി സ്ഥാപിക്കപ്പെടുന്നതായാണ് അനുമാനിക്കപ്പെടുന്നത്. ഇവയില്‍ മിക്കതും ഇപ്പോള്‍ നിര്‍മാണദശയിലാണ്.

ബാഗ്‌ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തും നസേറിയായിലെ റ്റാല്‍ ഇല്‍ ( Tallil Airbase) എയര്‍ ബേസിലും, സിറിയന്‍ അതിര്‍ത്തിയിലുള്ള പടിഞ്ഞാറന്‍ മരുഭൂമിയിലും കുര്‍ദ്ദിഷ് മേഖലയിലെ ബാഷര്‍ എയര്‍ ഫീല്‍ഡിലും(Bashur Air field) താവളങ്ങള്‍ പൂര്‍ണ്ണ സജ്ജമായിക്കൊണ്ടിരിക്കുന്നു. കൂടാതെ ഇപ്പോള്‍ താല്‍ക്കാലികമായി ഓപ്പറേറ്റിംഗ് ബേസ് ആ‍യി ഉപയോഗിക്കുന്ന ` അന്നകൊണ്ട ‘യെ (വലിപ്പം കൊണ്ട് -25 സ്ക്വയര്‍ കി മീ- സ്വന്തം പേരിനെ അന്വര്‍ത്ഥമാക്കുന്നു എങ്കിലും) താമസംവിനാ ഒരു സ്ഥിരം താവളമായി മാറ്റാനാണ് പദ്ധതി. ഇതിനെല്ലം ഉപരിയായി, കുവൈറ്റിന്റെ ആകെ വിസ്തീര്‍ണ്ണമായ 6900 സ്ക്വയര്‍ മൈലില്‍ ഏകദേശം 1600 സ്ക്വയര്‍ മൈല്‍ ഭാവി താവള സൃഷ്ടിക്കായി കൈയടക്കിക്കഴിഞ്ഞിരിക്കുന്നു. ഇറാഖിലെ സേനകള്‍ക്ക് വിഭവങ്ങള്‍ എത്തിക്കാനുള്ള താവളമായും സൈനികത്തലവന്മാര്‍ക്കും നേതാക്കന്മാര്‍ക്കും യുദ്ധത്തിനിടയിലും സുരക്ഷിതമായ വിശ്രമത്തിനും വിനോദത്തിനും വേണ്ടിയുള്ള `ഹരിത മേഖല’(Green Zone) ആ‍യും ഇത് ഉപയോഗിക്കപ്പെടുന്നു.

“താവള കുടുംബ“ത്തിലെ മറ്റുള്ളവര്‍

“അമേരിക്കന്‍ താവളങ്ങളുടെ കുടുംബത്തില്‍ നിന്നും ഒരു ഭൂഖണ്ഡവും ഒഴിവാക്കപ്പെടുന്നില്ല“ കോളിന്‍ പവ്വല്‍ പറയുന്നു. പുത്തന്‍ യൂറോപ്പിലെ അംഗരാജ്യങ്ങളില്‍ റുമേനിയ, പോളണ്ട്, ബള്‍ഗേറിയ, ബോസ്നിയ, ജോര്‍ജിയ എന്നിവിടങ്ങളിലും താവളങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. സെര്‍ബിയയില്‍ നിന്നും കൊസോവയെ വേര്‍പെടുത്തി അവിടെ താവളം ശക്തിപ്പെടുത്തിയതിലൂടെ റഷ്യയെ പൂര്‍ണ്ണമായും ചുറ്റിവളയുവാന്‍ അമേരിക്കന്‍ സൈനികശക്തിക്ക് സാധിച്ചിരിക്കുന്നു. ഊര്‍ജ്ജസ്രോതസ്സുകളാല്‍ സമ്പന്നവും സാമ്പത്തിക പുനരുജ്ജീവനത്തിന്റെ പാതയില്‍ മുന്നേറിക്കൊണ്ടിരിക്കുന്നതുമായ റഷ്യയെ പ്രകോപിക്കാനുള്ള ഏതു ശ്രമവും പുതിയ സംഘര്‍ഷങ്ങള്‍ക്കും ആയുധ പന്തയങ്ങള്‍ക്കും വഴി വക്കും.

ഏഷ്യയിലാവട്ടെ പാകിസ്ഥാനില്‍ നിലവിലുള്ള നാലു താവളങ്ങള്‍ കൂടാതെ സിംഗപ്പൂര്‍, മലേഷ്യ, ഫിലിപ്പീന്‍സ് , വിയറ്റ്നാം(അവിശ്വസനീയം അല്ലേ?) എന്നിവിടങ്ങളില്‍ കൂടി കാലുറപ്പിക്കുവാന്‍ പെന്റഗണിനു കഴിഞ്ഞിരിക്കുന്നു. വടക്കേ ആഫ്രിക്കയിലാവട്ടെ, അള്‍ജീരിയയില്‍ അമേരിക്കന്‍ സൈനിക സാന്നിദ്ധ്യം വളരെ പ്രകടമായിക്കഴിഞ്ഞു. യുഎസ്-ഫ്രാന്‍സ് പിന്തുണയോടെ സൈന്യം തെരെഞ്ഞെടുപ്പിനെ അട്ടിമറിച്ചതിനെത്തുടര്‍ന്ന് 1992 നു ശേഷം പതിനായിരത്തോളം സാധാരണ പൌരന്മാരണ് കൊലചെയ്യപ്പെട്ടത്. പടിഞ്ഞാറന്‍ ആ‍ഫ്രിക്കയില്‍, സെനഗല്‍, ഘാന, മാലി എന്നിവയിലും 1991 മുതല്‍ രക്തരൂക്ഷിതമായ ആഭ്യന്തര യുദ്ധം നടന്നു വരുന്ന സിറലിയോണിലും താവളങ്ങള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ ബഹറിന്‍, കുവൈറ്റ്, ഖത്തര്‍, ഒമാന്‍, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ സ്വീകരിച്ച മാതൃകയില്‍ താവളങ്ങളുടെ ഒരു ശൃംഖലയാണ് ഇവിടെയും കാണാന്‍ കഴിയുക.ലാറ്റിന്‍ അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലുമാവട്ടെ, ഹെയ്ത്തി, കൊളംബിയ എന്നിടങ്ങളില്‍ താവളങ്ങളുണ്ട്. അമേരിക്കയുടെ മററ്റൊരു പ്രധാന വ്യോമതാവളം ഗുവാമിലും സബ്‌മറൈന്‍ താവളം ദീഗോഗാര്‍ഷ്യയിലും സ്ഥിതി ചെയ്യുന്നു.ആസ്ട്രേലിയയിലും ശക്തമായ അമേരിക്കന്‍ സൈനിക സാന്നിദ്ധ്യം ഉണ്ട്.

സമ്പന്നരാജ്യങ്ങളായ ജര്‍മനി, ഇറ്റലി, ദക്ഷിണ കൊറിയ, തുര്‍ക്കി എന്നിവിടങ്ങളിലെ താവളങ്ങളെ കുറച്ചുകൊണ്ടു വരികയോ അവയെ ജനാധിപത്യ വിരുദ്ധ -സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ നിലവിലുള്ള മൂന്നാം ലോകരാജ്യങ്ങളിലേക്ക് പറിച്ചുനടുകയോ ചെയ്യുവാനുള്ള പദ്ധതിയും അമേരിക്കക്കുണ്ട്. സൌദി ഭരണാധികാരികളുടെ ശ്രദ്ധപിടിച്ചുപറ്റാനും അവരുടെ പിന്തുണ ഉറപ്പു വരുത്താനും ഉദ്ദേശിച്ച് അവിടെ നിലവിലുള്ള താവളങ്ങള്‍ പറിച്ചുനടുമെന്ന ഭീഷണിയും അമേരിക്ക ഇടക്കിടെ മുഴക്കാറുണ്ട്. ഇതിന് പല കാരണങ്ങള്‍ കാണാമെങ്കിലും ഭീകരതെക്കെതിരായ തങ്ങളുടെ പോരാട്ടത്തോട് വേണ്ടരീതിയില്‍ സഹകരിക്കാത്തവരെ ശിക്ഷിക്കാനുള്ള അമേരിക്കന്‍ തീരുമാനമാകാം അതില്‍ പ്രധാനം. മറ്റൊന്ന് ഇപ്പോള്‍ ഇറാഖില്‍ നിലവിലുള്ള അധിനിവേശ സേനയിലെ പട്ടാളക്കാരേയും ഉപകരണങ്ങളേയും പുനര്‍വിന്യസിക്കാനുദ്ദേശിച്ചുമാകാം ഈ പറിച്ചുനടല്‍. (അവലംബം: http://www.globalsecurity.org)/

ഒക്കിനാവ - യുദ്ധക്കുതിപ്പിനുള്ള സ്പ്രിംഗ് ബോര്‍ഡ്

കഴിഞ്ഞ 58 വര്‍ഷമായി നിലനില്‍ക്കുന്ന ജപ്പാനിലെ “ഒക്കിനാവ അമേരിക്കന്‍ മിലിറ്ററി കോളനി” വെറുമൊരു താവളം മാത്രമല്ല. ജപ്പാന്റെ കണ്ണിലെ കരടായി, ജാപ്പ് ദേശീയതക്ക് മാനക്കേടായി തുടരുന്ന ഈ വമ്പന്‍ സൈനിക കേന്ദ്രം “ക്യാമ്പ് ബട്ട്‌ലര്‍” എന്ന പേരില്‍ ഒരു കപ്പല്‍ താവളം മാത്രമായാണ് ഈ സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവിടെ 10 നാവിക കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. നാവിക വിമാനത്താവളമായ Futenma മാത്രം 1186 ഏക്കര്‍ വ്യാപിച്ചു കിടക്കുന്നു. വിശാലമായ മാന്‍‌ഹാട്ടന്‍ സെന്‍‌ട്രല്‍ പാര്‍ക്ക് പോലും 843 ഏക്കര്‍ മാത്രമാണെന്നറിയുമ്പോഴാണ് ഈ വ്യോമ കേന്ദ്രത്തിന്റെ വലിപ്പം ഊഹിക്കാന്‍ കഴിയുക. ഒക്കിനാവയിലെ ഹാര്‍ബറില്‍ മാത്രം 50,000 അമേരിക്കന്‍ പട്ടാളക്കാരേയും കാറ്റീന എയര്‍ ബേസില്‍ (Katina air base) )എഫ് 22 വിമാനങ്ങളുടെ നിരയേയും സജ്ജമാക്കി നിര്‍ത്തിയിരിക്കുന്നു.

യൂണിയന്‍ ജാക്കിന്റെ മറവില്‍

ബ്രിട്ടന്റെ സ്വന്തം “റോയല്‍ എയര്‍ ഫോര്‍സ് ”എന്ന മറവില്‍ യു കെ യുടെ ഭൂപ്രദേശത്ത് ഏകദേശം 5 ബില്യന്‍ ഡോളര്‍ മുടക്കി ഒരുക്കി നിര്‍ത്തിയിരിക്കുന്ന സൈനിക-ചാര സംവിധാനങ്ങളെ ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.

യഥാര്‍ത്ഥത്തില്‍ പല വലിപ്പത്തിലും രൂപങ്ങളിലുമായി മറ്റു രാജ്യങ്ങളുടെ മണ്ണില്‍ ആ‍യിരത്തിലേറെ സൈനികതാവളങ്ങള്‍ അമേരിക്ക നിലനിര്‍ത്തിവരുന്നു എന്നു പറയുന്നത് അതിശയോക്തിയല്ല. നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ താവളങ്ങളുടെ എണ്ണം അമേരിക്കന്‍ ഭരണകൂടത്തിനോ എന്തിന് പെന്റഗണിനു പോലുമോ കൃത്യമായി പറയാനാകില്ല. പ്രതിരോധ- സുരക്ഷാ സംവിധാനങ്ങളുടെ ഭരണ നിര്‍വഹണത്തിനായുള്ള വിവിധ വകുപ്പുകളുടെ അന്യാവലംബ-രഹസ്യ പ്രവര്‍ത്തന സ്വഭാവം മനസ്സിലായാല്‍ ഇതില്‍ അത്ഭുതപ്പെടേണ്ട കാര്യവുമില്ല.

ആവാഹക ശക്തി (The carrier force)

സമുദ്രങ്ങള്‍ പോലും താവളവല്‍ക്കരണ പ്രക്രിയയില്‍ നിന്നും ഒഴിവാക്കപ്പെടുന്നില്ല എന്നതാണ് വസ്തുത. ”സമുദ്രങ്ങളെ നിയന്ത്രിക്കുന്നവന്‍ ലോകത്തെ അടക്കി ഭരിക്കും” ( he who rules the oceans would rule the world) എന്ന പഴയ സൈനിക സൂത്രവാക്യം ദീര്‍ഘദൂര- ഭൂഖണ്ഡാന്തര മിസൈലുകളുടെ ഈ യുഗത്തില്‍ പോലും ഇന്നും പ്രസക്തമാണ്. ഈ മേല്‍ക്കോയ്മ അരക്കിട്ടുറപ്പിക്കാനായി അമേരിക്കന്‍ സൈനിക പൈതൃകത്തിന്റെ പേരു വഹിക്കുന്ന വിമാനവാഹിനികള്‍ കേന്ദ്രീകരിച്ച് 13 നാവിക കാര്യ ദളങ്ങളാണ് ( naval task force) ഒരുക്കിയിരിക്കുന്നത്. കിറ്റിഹാക്, കോണ്‍സ്റ്റലേഷന്‍, എന്റര്‍പ്രൈസ്, ജോണ്‍ എഫ് കെന്നഡി, നിമിറ്റ്സ്, ഡ്വൈറ്റ് ഡി, ഐസന്‍‌ഹോവര്‍, കാള്‍ വിന്‍സണ്‍, തിയോദോര്‍ റൂസ്‌വെല്‍റ്റ്, എബ്രഹാം ലിങ്കന്‍, ജോര്‍ജ് വാഷിംഗ്‌ടണ്‍, ജോണ്‍ സി . സ്റ്റെന്നിസ്, ഹാരി എസ്. ട്രൂമാന്‍, റൊനാള്‍ഡ് റീഗണ്‍ എന്നിവരുടെ പേരുകളിലാണ് ഈ വ്യോമ-നാവിക സന്നാഹമൊരുക്കിയിട്ടുള്ളത്.

ആണവ ഉമ്മാക്കി(The nuclear blackmail)

സൈനിക താവളങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് നല്‍കുന്ന തുല്യപ്രാധാന്യത്തോടെയോ ഉപരിയായോ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് അമേരിക്കയുടെ ആണവായുധ ശേഷിയും അതിന്റെ വ്യാപനവും. ”ശീത യുദ്ധം” അവസാനിച്ച ശേഷവും ജീവലോകത്തിന് എണ്ണിയാല്‍ ഒടുങ്ങാത്ത ബാദ്ധ്യതയും, അപകട സാദ്ധ്യതകളും വമ്പിച്ച ചിലവും ഉണ്ടാക്കിവയ്ക്കുന്ന ആണവ ആ‍യുധ ശേഖരം അമേരിക്ക നിലനിര്‍ത്തി വരുന്നു. ശീത യുദ്ധത്തിന്റെ നാളുകളില്‍ കമ്യൂണിസ്റ്റുകാരില്‍ നിന്നും ഉണ്ടായേക്കാന്‍ ഇടയുള്ള ആ‍ക്രമണത്തെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകള്‍ സ്വന്തം പൌരന്മാരുടെ ഇടയില്‍ ദിനം‌പ്രതി പ്രചരിപ്പിച്ചുകൊണ്ടിരുന്നപ്പോഴും വാസ്തവത്തില്‍ കമ്യൂണിസ്റ്റ് ഉമ്മാക്കി ഉയര്‍ത്തിക്കാട്ടി ലോകത്തെ മുഴുവന്‍ തങ്ങളോടൊപ്പം നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു അമേരിക്കന്‍ സാമ്രാജ്യത്വം.

ആ‍റ്റം ബോംബ് ഉപയോഗിച്ച രാജ്യം

1945 ആഗസ്റ്റില്‍ ഹിരോഷിമയിലും നാഗസാക്കിയിലും ആണവ‍ ആ‍യുധം മനുഷ്യരുടെമേല്‍ ആദ്യമായി,ഒരിക്കലല്ല രണ്ടു വട്ടം, പ്രയോഗിച്ച “പരിഷ്കൃത രാജ്യം” അമേരിക്കയാണെന്നത് വീണ്ടും വീണ്ടും ഓര്‍മ്മിച്ചുവക്കേണ്ടതുണ്ട്. അതും ജപ്പാന്‍ യുദ്ധത്തില്‍ പരാജയപ്പെടുകയും കീഴടങ്ങുകയും ചെയ്തതിനും ശേഷം! കീഴടങ്ങുവാനുള്ള സന്നദ്ധത ജപ്പാന്‍ രാജാവ് കൈമാറിക്കഴിഞ്ഞിരുന്നു എന്നതിന് ശക്തമായ തെളിവുകള്‍ പിന്നീട് ലഭ്യമാവുകയും ചെയ്തു. മനുഷ്യ ദുരന്തത്തെ കുറ്റകരമായി നിസ്സാരവല്‍ക്കരിച്ചുകൊണ്ട് യഥാര്‍ത്ഥ സാമൂഹ്യ സാഹചര്യത്തില്‍ ആറ്റം ബോംബ് പരീക്ഷിക്കപ്പെടുകയായിരുന്നു എന്ന് നിസ്സംശയം തെളിഞ്ഞു.

മനുഷ്യവര്‍ഗത്തിനും അവന്റെ നേട്ടങ്ങള്‍ക്കും മേല്‍ ആറ്റം ബോംബ് വിതറിയ നാശത്തിന്റെ ചിത്രങ്ങള്‍ ചരിത്രത്തിന്റെ ഏടുകളില്‍ ഹൃദയസ്‌പൃക്കായി രേഖപ്പെപ്പെടുത്തപ്പെട്ടു. ഇനിയൊരിക്കലും ഇങ്ങനെ ഒരു ബോംബ് നിര്‍മ്മിക്കുകയോ പ്രയോഗിക്കുകയോ ചെയ്യുന്നത് അതിന്റെ നിര്‍മാതാക്കളെയും രാജ്യത്തെയും കൊടിയ അപമാനത്തിലേക്കും സാമൂഹ്യ നിരാസത്തിലേക്കും നയിക്കുമെന്നുമാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ, ഇതില്‍ നിന്നും ഒരു പാഠവും പഠിക്കാന്‍ തയ്യാറാകാത്ത അമേരിക്ക അവരുടെ സാമ്രാജ്യത്വപദ്ധതികളില്‍ അണുവായുധത്തെയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

അണുവായുധം പരീക്ഷിക്കാന്‍ അമേരിക്ക ഒരുമ്പെട്ട ഏക സംഭവമല്ല 1945 ലേത്. ഡൈന്‍-ബീന്‍-ഫൂവില്‍ (Dien-bien-phu-വിയറ്റ്നാം) 1954 ല്‍ ഫ്രാന്‍സ് അതിദയനീയമായ പരാജയം നേരിട്ടപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഐസന്‍‌ഹോവര്‍ അണുവായുധം നല്‍കുവാനുള്ള സന്നദ്ധത അറിയിച്ചു. ഫ്രാന്‍സ് ആ വാഗ്ദാനം നിരസിച്ചതുകൊണ്ട് മാത്രമാണ് വീണ്ടുമൊരു ദുരന്തം അരങ്ങേറാതിരുന്നത്. 1955 ല്‍ ചൈനക്കെതിരെ ആണവഭീഷണി ഉയര്‍ത്തിയതും ഐസന്‍‌ഹോവര്‍ തന്നെ. ക്യൂമോയ്, മാറ്റ്സു (Quemoy and Matsu islands)ദ്വീപുകള്‍ കേന്ദ്രീകരിച്ച് വന്‍‌കരക്കെതിരെ യുദ്ധസന്നാഹമൊരുക്കിയ നാഷണലിസ്റ്റ് ചൈനീസ് പ്രവര്‍ത്തകരെ തുരത്തുവാന്‍ ചൈന ഒരുങ്ങിയപ്പോഴായിരുന്നു ഈ ഭീഷണി. 1960-1970 കാലയളവില്‍ വിയറ്റ്നാമില്‍ തുടര്‍ച്ചയായ തിരിച്ചടികള്‍ നേരിട്ടപ്പോഴും അണുവായുധം ഉപയോഗിക്കുന്നതിനെക്കുറിച്ച് പെന്റഗണ്‍ ആലോചിച്ചിരുന്നു. 1962 ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയില്‍ സോവിയറ്റ് യൂണിയനെതിരെ അണുവായുധംപ്രയോഗിക്കുവാന്‍ കെന്നഡിയുടെ കാലത്ത് തീരുമനിച്ചിരുന്നതായി “ ആയുധമില്ലാത്ത വിജയം” (Unarmed Victory) എന്ന പുസ്തകത്തില്‍ ബര്‍ട്രാന്റ് റസ്സല്‍ വിശദീകരിക്കുന്നുണ്ട്.

1945 നും 1990 നും ഇടക്ക് 950 ന്യൂക്ലിയര്‍ സ്ഫോടന പരീക്ഷണങ്ങള്‍ അമേരിക്ക നടത്തിയതായി പെന്റഗണ്‍ പറയുന്നു. അതായത് ഓരോ 18 ദിവസങ്ങളിലും ഓരോ സ്ഫോടനങ്ങള്‍. ഇതു കൂടാതെ ഒട്ടനവധി സ്ഫോടന പരീക്ഷണങ്ങള്‍ രഹസ്യമായും നടത്തിയിട്ടുണ്ട് എന്നത് സുവിദിതമാണ്.

ബാക്കിയുള്ള എല്ലാ ന്യൂക്ലിയര്‍ രാജ്യങ്ങളും നടത്തിയ പരീക്ഷണങ്ങളേക്കാള്‍ എത്രയോ മടങ്ങ് അധികമാണിത് ! ഔദ്യോഗികമായി സമ്മതിക്കുന്ന പരീക്ഷണങ്ങള്‍ ഇത്രയുമാകുമ്പോള്‍, രഹസ്യമായി നടത്തിയിട്ടുള്ളവ എത്രയായിരിക്കും എന്ന് ഊഹിക്കുവാന്‍ മാത്രമേ കഴിയൂ . ആണവ നിര്‍വ്യാപന കരാറില്‍ (NPT) അംഗമായിട്ടുള്ള അഞ്ച് അംഗീകൃത രാജ്യങ്ങളിലൊന്നായ അമേരിക്ക 4500 ന്യൂക്ലിയര്‍ ആയുധങ്ങളാണ് അന്യരാജ്യങ്ങളിലെ വിവിധ താവളങ്ങളില്‍ നിരത്തിയിട്ടുള്ളത്. അമേരിക്ക ഇന്നും നിലനിര്‍ത്തിയിട്ടുള്ള 10000 ആണവ പോര്‍മുനകളില്‍ 6000 എണ്ണം ഏതു നിമിഷവും യുദ്ധസജ്ജമായവയും ബാക്കിയുള്ളവ ഏതു സമയത്തും ഉണര്‍ത്താവുന്ന “ഉറക്ക“ത്തിലുള്ളവയുമാണ്.

1700 ന്യൂക്ലിയര്‍ പോര്‍മുനകള്‍ ഭൂതലമിസൈല്‍ സംവിധാനമായും, 1098 മുനകള്‍ ബോംബറുകളിലും 3168 എണ്ണം ഒഹിയോ-ക്ലാസ് അന്തര്‍വാഹിനികളിലും ഏതു ദൌത്യവും ഏറ്റെടുക്കാന്‍ തയ്യാറായി നില്‍ക്കുന്നു. ഏകദേശം 800 പോര്‍മുനകള്‍ ടോം ഹ്വോക് ക്രൂയിസ് മിസൈലുകളിലും ബി 61 ബോംബറുകളിലുംആ‍യി വിന്യസിക്കപ്പെട്ടിരിക്കുന്നു. (അവലംബം:Nuclear Threat Initiative (NTI) - Working for a Safe World- updated upto Nov.2006)

1999 ഒക്ടോബറില്‍ യു.എസ് സെനറ്റ് CTBT (Comprehensive Test Ban Treaty) പ്രഖ്യാപനത്തില്‍ അമേരിക്ക പങ്കാളിയാകേണ്ടെന്ന് ഒരു വോട്ടെടുപ്പിലൂടെ തീരുമാനിച്ചു. സെനറ്റിന്റെ ഈ തീരുമാനം പുന:പരിശോധിക്കണമെന്ന് ബുഷ് ഭരണകൂടം ആവശ്യപ്പെട്ടില്ല. പക്ഷെ, 1992 മുതല്‍ നിലവിലുള്ള ആണവപരീക്ഷണങ്ങള്‍ക്കുള്ള നിരോധനം തുടരുമെന്ന് അവര്‍ പ്രഖ്യാപിച്ചു. ന്യൂക്ലിയര്‍ ആയുധങ്ങളുടെ വമ്പിച്ച ശേഖരവും വേണ്ടിടത്തെല്ലാം അവയെ എത്തിക്കാനുള്ള സംവിധാനവുമുള്ളപ്പോള്‍ അമേരിക്ക എന്തിനിനി അണുസ്ഫോടന പരീക്ഷണം നടത്തണം? പ്രത്യേകിച്ചും മറ്റു യാതൊരു കേന്ദ്രത്തില്‍ നിന്നും ഭീഷണിയൊന്നുമില്ലാതിരിക്കെ? പക്ഷെ ഓരോ ആണവപരീക്ഷണങ്ങളില്‍ നിന്നും വമ്പിച്ച ലാഭം കൊയ്തിരുന്ന പല കമ്പനികളും ഈ പ്രഖ്യാപനത്തില്‍ നിരാശരാണ്.

“മിനിറ്റ്മാനും“ “പീസ്‌കീപ്പറും”

ഖര-ദ്രാവക ഇന്ധനമുപയോഗിച്ചുള്ള മിസൈലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ അമേരിക്ക വളരെ കാ‍ലം മുന്‍പ് തന്നെ നേടിയിരുന്നു. മൊണ്ടാന (Montana), വടക്കന്‍ ഡക്കോട്ട(North Dakota), വ്യോമിംഗ് (Wyoming ) എന്നീ താവളങ്ങളില്‍ “പീസ്‌കീപ്പര്‍” എന്ന 10 മദ്ധ്യദൂര ഭൂഖണ്ഡാന്തര ബാലിസ്റ്റിക്ക് മിസൈലുകളും (MX-Inter continental ballistic missile) “മിനിറ്റ്മാന്‍“എന്ന് പേരിട്ട അഞ്ഞൂറോളം മിസൈലുകളും ആണവപോര്‍മുനയുമായി ആക്രമണത്തിനു തയ്യാറെടുപ്പോടെ സജ്ജീകരിച്ചിട്ടുണ്ട്. അസാധാരണമായ നര്‍മ്മഭാവനയുള്ളവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് സര്‍വനാശത്തിന്റെ മിസൈലിന് സമാധാനപാലകന്‍(“പീസ്‌കീപ്പര്‍”) എന്ന് പേരിടാനാകുക?

സ്റ്റാര്‍ട്ട് II (Strategic Arms reduction Treaty II) ധാരണപ്രകാരം യുദ്ധാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന ആയുധങ്ങളില്‍ കുറവു വരുത്താനുള്ള ബാദ്ധ്യത അമേരിക്കയ്കുണ്ട്. ഈ ധാരണയില്‍ നിന്നും പെന്റഗണ്‍ സാവധാനം തലയൂരുകയാണ്. 2002 ഒക്ടോബര്‍ മുതല്‍ 17 MX“പീസ്‌കീപ്പര്‍” മിസൈലുകള്‍ നിര്‍വീര്യമാക്കുകയും2005 ഒക്ടോബര്‍ 1 ഓടെ മറ്റു 10 മിസൈലുകള്‍ വിക്ഷേപണത്തറയില്‍ നിന്നും പിന്‍വലിക്കുകയും ചെയ്യേണ്ടതായിരുന്നു. അവശേഷിക്കുന്ന മിസൈലുകളും ഘട്ടം-ഘട്ടമായി നശിപ്പിക്കണമെന്ന് ഈ ധാരണയില്‍ പറഞ്ഞിരുന്നു. എന്നാല്‍ സ്റ്റാര്‍ട്ട് II ന്റെ ധാരണകള്‍ക്ക് വിരുദ്ധമായി ശൂന്യാകാശ വാഹനങ്ങളെയും ലക്ഷ്യവേധവാഹനങ്ങളെയും മറ്റും തൊടുത്തു വിടുവാനും, പുനര്‍വിന്യാസത്തിനും ആയി ഈ മിസൈലുകളെ നിലനിര്‍ത്തുവാന്‍ തീരുമാനിച്ചിരിക്കയാണ്. എന്നു മാത്രമല്ല “മിനിറ്റ്മാന്‍” മിസൈലിന്റെ കൃത്യതയുംവിശ്വസനീയതയും ഉറപ്പുവരുത്താനും 2020 വരെയെങ്കിലും അവയുടെ ആയുസ്സ് വര്‍ദ്ധിപ്പിച്ചുകിട്ടാനും ആറു ബില്യണ്‍( $6 billion) ഡോളറിന്റെ ആധുനികവല്‍ക്കരണ നടപടിയാണ് പെന്റഗണ്‍ തയ്യാറാക്കിയിരിക്കുന്നത്. എന്നു മാത്രമല്ല കൂടുതല്‍ ദൂരം താണ്ടാന്‍ ശേഷിയുള്ള മറ്റൊരു മിസൈലിന്റെ നിര്‍മാണം 2008 ല്‍ പൂര്‍ത്തീകരിക്കുവാനും പെന്റഗണ്‍ തീരുമാനിച്ചു കഴിഞ്ഞു.

മുങ്ങിക്കപ്പലുകളും അതിലെ ചാട്ടുളികളും(The Subs and its Tridents)

യു എസ് നാവികസേനയുടെ പക്കല്‍ ആണവപോര്‍മുനയുമായി എപ്പോള്‍ വേണമെങ്കിലും പ്രയോഗിക്കാവുന്നരീതിയില്‍ ഒരുക്കിനിറുത്തിയിരിക്കുന്ന 14 (SSBN)അന്തര്‍വാഹിനികളുണ്ട്. നേരത്തെ ഇത്തരം 18 അന്തര്‍വാഹിനികളാണ് ഉണ്ടായിരുന്നത്. അതില്‍ 4 എണ്ണത്തില്‍ ആണവേതര ക്രൂയിസ് മിസൈലുകള്‍ വഹിക്കാന്‍ വേണ്ട രീതിയില്‍ പരിവര്‍ത്തനം വരുത്തുകയുണ്ടായി. പ്രയോഗക്ഷമമായ 14 അന്തര്‍വാഹിനികളിലുമായി 336 ട്രൈഡന്റു-I ഉം ട്രൈഡന്റു-II മിസൈലുകള്‍ ഒരുക്കി നിറുത്തിയിരിക്കുന്നു. ഓരോ മിസൈലിലും 6-8 പോര്‍മുന എന്ന പ്രകാരം ഏകദേശം 2016 ആണവപോര്‍മുനകളാണ് ഇവയില്‍ സജ്ജീകരിച്ചിട്ടുള്ളത്.

ട്രൈഡന്റു-II വിഭാഗത്തില്‍പ്പെട്ട മിസൈലുകളുടെ കാലാവധി 39 വര്‍ഷത്തില്‍ നിന്നും 40 വര്‍ഷമായി ഈയിടെ വര്‍ദ്ധിപ്പിച്ചു. 2029 ഓടുകൂടി നിലവിലുള്ള മിസൈലുകള്‍ കണ്ടം ചെയ്യേണ്ടിവരുമ്പോള്‍ പുതിയ സീരീസിലുള്ള മിസൈലുകള്‍ സൃഷ്ടിക്കുന്നതിന് പദ്ധതി തയ്യാറയിക്കഴിഞ്ഞു. ഇവയില്‍ ഒന്‍പത് അന്തര്‍വാഹിനികള്‍ ശാന്ത സമുദ്രത്തിലും അഞ്ച് എണ്ണം അറ്റ്ലാന്റിക് സമുദ്രത്തിലുമായി നിലനിര്‍ത്തും. യു എസ് നാവികസേനയുടെ ഉന്നം ഇതില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.

മരണത്തെ ഗര്‍ഭം ധരിച്ച ബോംബര്‍ വിമാനങ്ങള്‍

നോര്‍ത്ത് ഡക്കോത്ത (North Dakota) എയര്‍ഫോഴ്സ് ബേസ് , ലൂസിയാനയിലെ ബാര്‍ക്സ് ഡെയില്‍ എയര്‍ഫോഴ്സ് ബേസ് (Barksdale Air Force Base) എന്നിവിടങ്ങളില്‍ അമേരിക്കന്‍ വ്യോമസേനയുടെ ഭാഗമായി ബി-52 വിഭാഗത്തില്‍പ്പെട്ട 94 ബോംബര്‍ വിമാനങ്ങള്‍ ഉണ്ട്. ഇതു കൂടാതെ 1990 ല്‍ ഏകദേശം 31 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് നിര്‍മ്മിച്ച മിസൌറിയിലുള്ള വൈറ്റ്മെന്‍ എയര്‍ഫോഴ്സ് ബേസില്‍ (Whiteman Airforce Base) 21 ബി-2 പ്രച്ഛന്ന ബോംബറുകള്‍ (Stealth Bombers) സജ്ജരായിരിക്കുന്നു. ഇതാകട്ടെ എഫ് ബി -111, ബി -1ബി എന്നീ ആക്രമണ(Combat) എയര്‍ക്രാഫ്റ്റുകള്‍ക്ക് പുറമേയാണ്. ബി-52 ബോംബറുകളാവട്ടെ, വായുവില്‍ നിന്നും വിക്ഷേപിക്കാന്‍ കഴിയുന്ന ക്രൂയിസ് മിസൈലുകള്‍ (ALCM-Air Launched Cruise Missile)അഡ്വാന്‍സ്‌ഡ് ക്രൂയിസ് മിസൈലുകള്‍ (ACM), വമ്പന്‍ സ്ഫോടക ശക്തിയുള്ള ഗ്രാവിറ്റി ബോംബുകള്‍ എന്നിവ വര്‍ഷിക്കാന്‍ എപ്പോഴും സുസജ്ജമാണ്. വിവിധ താവളങ്ങളിലായി 400 ACM, 450 ALCM മിസൈലുകളും വിന്യസിക്കപ്പെട്ടിട്ടുണ്ട്. ACM മിസൈലുകള്‍ ALCM മിസൈലുകളേക്കാള്‍ ദൂരം താണ്ടുന്നവയും, കൃത്യത പുലര്‍ത്തുന്നവയും എതിരാളികള്‍ക്ക് ഭേദിക്കാനാവാത്തതുമാണ്. അമേരിക്കന്‍ വ്യോമസേനയാകട്ടെ കാലം കഴിഞ്ഞ ബോംബുകളെയും മിസൈലുകളെയും കാലാനുസൃതമായി നവീകരിക്കുന്നതിനുള്ള തീവ്രയത്ന പരിപാടിയിലുമാണ്. മിസൈല്‍ ടെക്നോളജി കണ്‍‌ട്രോള്‍ റെജിമിലെ (Missile Technology Control Regime-MTCR) ഏറ്റവും ശക്തനായ അംഗം അമേരിക്ക തന്നെയാണ്. സര്‍വസംഹാരിയായ ആ‍യുധങ്ങളും (Weapons of Mass Destruction)ആ‍ണവക്ഷമതയുള്ള മിസൈലുകളും (Nuclear Capable Missiles) വന്‍ തോതില്‍ ശേഖരിച്ചു വച്ചിരിക്കുകയും അവയെ കൃത്യമായ ലക്ഷ്യങ്ങളില്‍ എത്തിക്കുവാനുമുള്ള സാങ്കേതികവിദ്യ സ്വായത്തമാക്കുകയും ചെയ്ത അമേരിക്ക തന്നെ ഇതേ സാങ്കേതികവിദ്യ മറ്റു രാജ്യങ്ങള്‍ സ്വന്തമാക്കുന്നതിനേയോ പരിപോഷിപ്പിക്കുന്നതിനേയോ MTCR ലെ അംഗത്വം ഉപയോഗിച്ച് തടയിടുന്നു.

ആയുധങ്ങളുടെ കാലാനുസൃതമായ പരിഷ്ക്കരണം

ശീതയുദ്ധം അവസാനിച്ചശേഷവും അമേരിക്ക, സൈനിക ഭാഷയില്‍ പറഞ്ഞാല്‍ , അവരുടെ ആയുധങ്ങളേയും ആയുധം വഹിക്കുന്ന വാഹനനങ്ങളെയും കാലാനുസൃതമായി പരിഷ്ക്കരിച്ച് “കപ്പല്‍ ശൈലിയില്‍”(Ship-Shape) നിലനിര്‍ത്തി വരുന്നു. ഇതിനായി എല്ലായ്പ്പോഴും ഒരു യുദ്ധകാല അന്തരീക്ഷം നിലനിര്‍ത്തപ്പെടേണ്ടതുണ്ട്. എല്ലാ അധീശത്വവും സൈനിക മേല്‍ക്കോയ്മയും നിലനിര്‍ത്തപ്പെടുന്നതും ഇങ്ങനെ തന്നെയാണ്.

അമേരിക്കന്‍ സൈനിക കമാന്‍ഡ് ഈ ഭൂഗോളത്തിനു ചുറ്റും വിന്യസിച്ചിരിക്കുന്ന അല്ലെങ്കില്‍ ഒരുക്കി നിര്‍ത്തിയിരിക്കുന്ന ആണവ പോര്‍മുനകളുടെ എണ്ണത്തില്‍ ഇപ്പോള്‍ നേരിയ കുറവ് വന്നിട്ടുണ്ടെങ്കിലും, ആണവ ആയുധങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള സാങ്കേതികവിദ്യയില്‍ ഉണ്ടായിട്ടുള്ള വമ്പിച്ച പുരോഗതി മൂലം അത് അപ്രസക്തമാകുന്നു. ചുരുക്കത്തില്‍ അക്രമണാത്മകമായ സമീപനത്തില്‍ തെല്ലും കുറവുണ്ടായിട്ടില്ല തന്നെ.

ഈ പശ്ചാത്തലത്തില്‍ നിന്നു വേണം ആ‍ണവ പരീക്ഷണങ്ങളുടെ കാര്യത്തില്‍ ഇന്ത്യയോടും കുറെക്കൂടി ഉയര്‍ന്ന രൂപത്തില്‍ ഇറാനോടും വടക്കന്‍ കൊറിയയോടും ഉള്ള അമേരിക്കന്‍ സമീപനത്തെ വിലയിരുത്തേണ്ടത്. ഈ രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക ആരോപിക്കുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധവും സര്‍വോപരി തല തിരിഞ്ഞതുമാണ്. മറ്റു രാജ്യങ്ങളെയാകെ ഭീഷണിപ്പെടുത്തുന്ന, ബ്ലാക്ക്മെയില്‍ ചെയ്യുന്ന, നിരോധിക്കപ്പെട്ട ആ‍ണവ ആയുധങ്ങളുള്ള രാജ്യങ്ങളുടെ ഒരു ചെറിയ ക്ലബ്ബിനെ എങ്ങനെ കൈകാര്യം ചെയ്യാന്‍ കഴിയും എന്നതാണ് മാനവികതയും ലോകമാകെയും ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്ന്. ഇതിന് സമ്പൂര്‍ണ്ണ ആണവ നിരായുധീകരണമല്ലാതെ മറ്റൊരു പരിഹാരമില്ല താനും.

മരണത്തിന്റെ വ്യാപാരികള്‍

സ്റ്റോക് ഹോമിലുള്ള ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (Stockholm International Peace Research Institute- SIPRI) പഠനം അനുസരിച്ച് 1996 നും 2000 നും ഇടയ്ക്ക് വിനിമയം ചെയ്യപ്പെട്ട പരമ്പരാഗത ആയുധങ്ങളുടെ 50 ശതമാനം അമേരിക്കയുടേതാണ് . റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ 10 ശതമാനം വീതവും ബ്രിട്ടനും ജര്‍മ്മനിയും കൂടി 15 ശതമാനവും ബാക്കിയുള്ള 15 ശതമാനം ആയുധങ്ങള്‍ നെതര്‍ലാന്‍ഡ്, ഉക്രൈന്‍, ഇറ്റലി, ചൈന, ബലേറുസ്, സ്പെയിന്‍, ഇസ്രായേല്‍ എന്നീ ഏഴ് രാജ്യങ്ങളുമാണ് കയറ്റുമതി ചെയ്തത്.

സര്‍വനാശം വിതയ്ക്കുന്ന ആയുധങ്ങള്‍ (Weapons of Mass Destruction) എന്നാല്‍ എന്താണ്?

കുറെയേറെ വിശദീകരണങ്ങള്‍ സര്‍വനാശം വിതയ്ക്കുന്ന ആയുധങ്ങളെക്കുറിച്ച് ഇതിനകം ഉണ്ടായിട്ടുണ്ട്. ഫ്രീ എന്‍സൈക്ലോപീഡിയ എന്നറിയപ്പെടുന്ന വിക്കിപ്പീഡിയ പറയുന്നു,

“ യു എസ് പ്രതിരോധ മന്ത്രാലയം Weapons of Mass Destruction -നെക്കുറിച്ച് ഇങ്ങനെയാണ് നിര്‍വചിക്കുന്നത്. പൊട്ടിത്തെറിക്കുന്ന എന്തും, കത്തുന്ന എന്തും, വിഷവാതകം, ബോംബ്, 4 ഔണ്‍സില്‍ (113 ഗ്രാമില്‍) കൂടുതല്‍ പ്രൊപ്പല്ലന്റ് ശക്തിയുള്ള ഗ്രനേഡ് അഥവ റോക്കറ്റ്, മിസൈല്‍ ആ‍ണെങ്കില്‍ കാല്‍ ഔണ്‍സ് (7 ഗ്രാം) സ്ഫോടനശേഷിയോ ജ്വലനശേഷിയോ മുകളില്‍ പറഞ്ഞവയ്ക്ക് തുല്യമായതോ (2) വിഷവാതകം (3) രോഗം പരത്താവുന്ന ജൈവപദാര്‍ത്ഥങ്ങള്‍ അടങ്ങിയ ആയുധം(4) മനുഷ്യജീവനു മാരകമാകാവുന്ന വിധത്തില്‍ റേഡിയേഷന്‍ സൃഷ്ടിക്കാവുന്ന പ്രത്യേക ലക്ഷ്യവേധ ആയുധങ്ങള്‍.“(അവലംബം: യു എസ് ലോ, 18 യു എസ് സി , സെക്ഷന്‍ 2332 എ യും 18 യു എസ് സി 921).ട്രക്ക് ബോംബുകള്‍, പൈപ്പ് ബോംബുകള്‍, ഷൂ ബോംബുകള്‍, ബോട്ടുലിന്‍ വിഷം പുരട്ടിയ കള്ളിമുള്‍ച്ചെടി (cactus needles coated with botulin toxin) തുടങ്ങിയവ കൈവശം വയ്ക്കുക, ഉപയോഗിച്ചതായി തെളിയിക്കപ്പെടുക എന്നിവ ഈ നിയമങ്ങളുടെ കീഴില്‍ ശിക്ഷാര്‍ഹമാണ്.

പരമ്പരാഗത ആയുധങ്ങള്‍ (ബോംബുകള്‍) എപ്പോഴാണ് സര്‍വനാശം വിതയ്ക്കുന്ന ആയുധങ്ങള്‍ ‍(Weapons of Mass Destruction) ആ‍യി മാറുന്നത് എന്ന് അമേരിക്കയില്‍ തന്നെയുള്ള FBI പറയുന്നതിങ്ങനെ,

“ പ്രാദേശിക അതിര്‍ത്തികളെ അതിലഘിച്ചുകൊണ്ട് വിനാശകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ബോംബുകള്‍ സര്‍വനാശം വിതയ്ക്കുന്ന ആയുധങ്ങളുടെ തലത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നു.”

ചെറുകിട -ലഘു ആയുധങ്ങളുടെ അനധികൃത വ്യാപാരത്തെ സംബന്ധിച്ച 2001 ലെ യു എന്‍ കോണ്‍ഫറന്‍സില്‍ കൊളംബിയന്‍ വൈസ് പ്രസിഡന്റ് ഗുസ്താവോ ബെല്‍ ലീമസ് സമര്‍പ്പിച്ച മില്ലേനിയം റിപ്പോര്‍ട്ട് സ്വീകരിച്ചുകൊണ്ട് യു എന്‍ സെക്രട്ടറി ജനറല്‍ ശ്രീ കോഫി അന്നന്‍ പറഞ്ഞത് ഏറെ പ്രസക്തമാണ്,

“ ചെറുകിട ആയുധങ്ങളെ Weapons of Mass Destruction ആയി കണക്കാക്കേണ്ടി വരുന്നത് - അവ സൃഷ്ടിക്കുന്ന വിനാശങ്ങള്‍ നാളിതു വരെയുള്ള സകല ആയുധങ്ങള്‍ സൃഷ്ടിച്ചതിലും അധികം- പ്രത്യേകിച്ചും ഹിരോഷിമായിലും നാഗസാക്കിയിലും വര്‍ഷിച്ച ആറ്റം ബോംബുകള്‍ കൊന്നൊടുക്കിയ ആളുകളുടെ എണ്ണത്തെയും കവച്ചുവയ്ക്കുന്ന വിനാശങ്ങള്‍ എല്ലാ വര്‍ഷവും നടത്തിക്കൊണ്ടിരിക്കുന്നതിനാലാണ് ”(അവലംബം : വിക്കിപീഡിയ)

എത്രയായാല്‍ മതിവരും?

അമേരിക്കന്‍ അധിനിവേശത്തിന്റെ “ ആമ്പലിലകളേയും കുതിക്കുന്ന തവളകളേയും” കുറിച്ച് ഇങ്ങനെ എത്ര വേണമെങ്കിലും നമുക്ക് പറഞ്ഞുകൊണ്ടേയിരിക്കാം. മരണം വിതറുന്ന കളിപ്പാട്ടങ്ങളുടെ ഈ ലിസ്റ്റ് എത്ര എടുത്താലും അവസാനിക്കാതെ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. മരണത്തിന്റെ ഈ വ്യാപാരികള്‍ എത്ര മാത്രം രക്തദാഹികളാണെന്നും മനുഷ്യന്റെ ദുരിതത്തില്‍ നിന്നും അവന്റെ രക്തത്തില്‍ നിന്നും അവര്‍ പിഴിഞ്ഞെടുത്തുകൊണ്ടിരിക്കുന്ന “ പെന്നികളും ഡോളറുകളും ” എത്രയാണെന്നും നമുക്ക് വിശദീകരിച്ചു കൊണ്ടേയിരിക്കാം. ഈ സാമ്രാജ്യത്വ കഴുകന്മാര്‍ക്ക് എത്രയായാലാണ് മതി വരിക? ഉത്തരം അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ഒരിക്കലും... ഒരിക്കലും ...മതി വരില്ലെന്നു തന്നെയാണ്.

(ലേഖകന്‍: ശ്രീ. എന്‍.എം.സുന്ദരം, പ്രസിഡന്റ്, All India Insurance Employees' Association)

(സ്വതന്ത്ര വിവര്‍ത്തനം:ശ്രീ.പി.ആര്‍.ശശി, വൈസ് പ്രസിഡന്റ് , KSGIEU)

(ചിത്രങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ)

Sunday, September 2, 2007

കളിപ്പാട്ടങ്ങള്‍ കുട്ടിക്കളിയോ?

ബാര്‍ബി ഡോള്‍ എന്ന കളിപ്പാട്ടം അമേരിക്കന്‍ വിപണിയിലെത്തിയത് 1959ലാണ്. ശരിക്കു പറഞ്ഞാല്‍ 1959 മാര്‍ച്ച് 9 ന് ന്യൂയോര്‍ക്കിലെ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ടോയ് ഫെയറില്‍.

റൂത് ഹാന്‍ഡ്‌ലര്‍ എന്ന വനിതയാണ് ബാര്‍ബിയുടെ ‘അമ്മ’യായി കണക്കാക്കപ്പെടുന്നത്. തന്റെ മകള്‍ ബാര്‍ബറയും കൂട്ടുകാരികളും മുതിര്‍ന്ന പെണ്‍കുട്ടികളുടെ ആകാരമുള്ള പാവക്കുട്ടികളുമായി കളിക്കുവാന്‍ കൂടുതല്‍ താല്പര്യപ്പെടുന്നു എന്നവര്‍ മനസ്സിലാക്കി. അന്ന്‌ കൂടുതലായും മാര്‍ക്കറ്റിലുണ്ടായിരുന്നത് ചെറിയ കുട്ടികളുടെ രൂപത്തിലുള്ള പാവക്കുട്ടികളായിരുന്നു. മുതിര്‍ന്ന കുട്ടികളുടെ ആകാരമുള്ള പാവക്കുട്ടികള്‍ക്ക് മാര്‍ക്കറ്റ് ഉണ്ട് എന്ന് തോന്നിയ അവര്‍ അത് ഭര്‍ത്താവായ ഏലിയറ്റിനോട് പറഞ്ഞെങ്കിലും അദ്ദേഹം അതത്ര കാര്യമാക്കിയില്ല. പിന്നീട് 1956ലെ യൂറോപ്യന്‍ പര്യടനത്തിനിടയില്‍ അവര്‍ ജര്‍മ്മനിയില്‍ വെച്ച് Bild Lilli എന്ന പേരിലറിയപ്പെട്ടിരുന്ന പാവക്കുട്ടിയെ കണ്ടു. ഇതാണ് താന്‍ മനസ്സില്‍ കൊണ്ട് നടന്നിരുന്ന പാവക്കുട്ടി എന്നവര്‍ മനസ്സിലാക്കി. അവിടെനിന്നും വാങ്ങിയ മൂന്ന് പാവക്കുട്ടികളുമായി നാട്ടിലെത്തിയ റൂത് ഹാന്‍ഡ്‌ലര്‍ അവയ്ക്ക് പുതിയ ഒരു രൂപവും ഭാവവും നല്‍കി അതിനു ബാര്‍ബി (ബാര്‍ബറ എന്നതില്‍ നിന്നും) എന്ന പേരുമിട്ടു. അവരുടെ ഭര്‍ത്താവിന്റെ കമ്പനി 1959ല്‍ അത് വിപണിയിലെത്തിച്ചു. ആ കമ്പനിയുടെ പേരാണ് മാറ്റെല്‍ (Mattel).

ഈ മാറ്റെല്‍ കമ്പനിയാണ് ഈയടുത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്.

പിന്‍‌വലിക്കപ്പെടുന്ന കളിപ്പാട്ടങ്ങള്‍

ഇക്കഴിഞ്ഞ ആഗസ്റ്റ് 2ന് ഫിഷര്‍-പ്രൈസ് (Fisher-Price) എന്ന അവരുടെ ഒരു സബ്‌സിഡറി 83 തരം കളിപ്പാട്ടങ്ങള്‍ ലോകമാസകലമുള്ള വിപണിയില്‍ നിന്നും പിന്‍‌വലിച്ചു. തുടര്‍ന്ന് ആഗസ്റ്റ് 14ന് മറ്റൊരു തരം കളിപ്പാട്ടമായ ഡൈ കാസ്റ്റ് കാറുകളും മാറ്റെല്‍ വിപണിയില്‍ നിന്നും പിന്‍‌വലിച്ചു. കുട്ടികള്‍ക്ക് കടുത്ത വര്‍ണ്ണങ്ങള്‍ ഇഷ്ടമായതിനാലാവും അത് നല്‍കാനായി ഇവയിലൊക്കെ ഉപയോഗിച്ചിരുന്ന പെയിന്റില്‍ അനുവദനീയമായ പരിധിയില്‍ക്കവിഞ്ഞും ഈയത്തിന്റെ (lead) അംശം അടങ്ങിയിരുന്നു എന്നതായിരുന്നു കാരണം. ഈ കളിപ്പാട്ടങ്ങളില്‍ 0.6% ഈയത്തിന്റെ അംശം അടങ്ങിയിരുന്നുവത്രേ. ഇതിനു മുന്‍പ് 2006 നവംബറില്‍ മാറ്റെല്‍ വിപണിയില്‍ നിന്നും ചില കളിപ്പാട്ടങ്ങള്‍ പിന്‍‌വലിച്ചിരിന്നു. കളിപ്പാട്ടങ്ങളില്‍ കാന്തം ശരിയായി അല്ല ഘടിപ്പിച്ചിരിക്കുന്നത് എന്നും അതിനാല്‍ കുട്ടികള്‍ക്ക് പരിക്കുകള്‍ പറ്റുന്നു എന്നും അഭിപ്രായം ഉയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു അത്.

ഇങ്ങനെ വിപണിയില്‍നിന്നും കളിപ്പാട്ടങ്ങള്‍ പിന്‍‌വലിക്കുന്നതിലൂടെ മാത്രം മാറ്റെല്‍ കമ്പനിക്ക് 30 മില്യണ്‍ ഡോളരിന്റെ നഷ്ടം വരും എന്നാണ് കണക്കാക്കപ്പെടുന്നത്. ചൈനീസ് കമ്പനികള്‍ക്ക് തങ്ങളുടെ ഉത്പാദനത്തിന്റെ ഒരു വലിയ ‌ഭാഗം ഔട്ട്സോര്‍സ് ചെയ്ത് അമേരിക്കന്‍ വിപണിയില്‍ വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള്‍ എത്തിക്കുന്ന അനേകം അമേരിക്കന്‍ കമ്പനികളില്‍ ഒന്നുമാത്രമാണ് മാറ്റെല്‍. അത്തരത്തില്‍ ഔട്ട്സോര്‍സ് ചെയ്ത് ചൈനീസ് കമ്പനികളില്‍ ഉല്പാദിപ്പിച്ച കളിപ്പാട്ടങ്ങളിലാണ് ഈ മായവും കുഴപ്പവുമെല്ലാം എന്നാണ് കമ്പനി ഇപ്പോള്‍ പറയുന്നത്. അമേരിക്കന്‍ കളിപ്പാട്ട വിപണിയിലെ 80% ഉല്പന്നങ്ങളും ചൈനയില്‍ നിര്‍മ്മിച്ചവയാണെന്നത് ഇത്തരുണത്തില്‍ എടുത്തുപറയേണ്ടതുണ്ട്.

ചൈന പറയുന്നത്


എന്നാല്‍ ചൈനീസ് അധികൃതര്‍ ആകട്ടെ ഈ വാദങ്ങളെ എതിര്‍ക്കുന്നു. തങ്ങളുടെ ഉല്പന്നങ്ങള്‍ക്കല്ല കുഴപ്പമെന്നും അമേരിക്കന്‍ കമ്പനികള്‍ നല്‍കിയ ഡിസൈനിലുള്ള തകരാറുകളും, മാറിയ ഗുണനിലവാരച്ചട്ടങ്ങളുമാണ് തങ്ങളുടെ ഉല്പന്നങ്ങളുടെ പേരു ദോഷമായതിനും വിപണിയില്‍ നിന്നും അവ പിന്‍‌വലിക്കപ്പെടാന്‍ ഇടയായതിനും കാരണം എന്ന്‌ അവര്‍ പറയുന്നു.
ഏതാണ്ട് 30 ലക്ഷത്തോളം തൊഴിലാളികള്‍ കളിപ്പാട്ട നിര്‍മ്മാണ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരുടെ അദ്ധ്വാനമാണ് വികസിത രാജ്യങ്ങളിലെ കുട്ടികളുടെ മുഖത്തെ പുഞ്ചിരിയായി മാറുന്നതെന്നും ചൈനയിലെ General Administration for Quality Supervision, Inspection and Quarantineയുടെ(AQSIQ) തലവനായ Li Changjiang പറയുന്നു. തങ്ങള്‍ എല്ലാവിധത്തിലുള്ള ഗുണനിലവാരനിയമങ്ങളും കര്‍ക്കശമായി പാലിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. തങ്ങളുടെ രാജ്യത്ത്‌ നിന്നും കയറ്റി അയക്കപ്പെടുന്ന കളിപ്പാട്ടങ്ങളുടേയും ഭക്ഷ്യവസ്തുക്കളുടേയും ഗുണനിലവാരം പരിശോധിക്കുന്നതിനും കുഴപ്പമുള്ളവ തിരിച്ചു വിളിക്കുന്നതിനുമുള്ള കൂടുതല്‍ മെച്ചപ്പെട്ട സംവിധാനങ്ങള്‍ ചൈന ഏര്‍പ്പെടുത്തിയിരിക്കുന്നതായി അവിടെ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനും തകരാറുള്ളവ പിന്‍‌വലിക്കുന്നതിനും ഉല്പാദകര്‍ തയ്യാറാകുന്നില്ലെങ്കില്‍ തങ്ങള്‍ തന്നെ അതിനു മുന്‍‌കൈ എടുക്കുമെന്ന് AQSIQ പറയുന്നു.

ചില പഴയകാല സംഭവങ്ങള്‍

ഇപ്പോഴത്തെ പിന്‍‌വലിക്കല്‍ ഒരൊറ്റപ്പെട്ട സംഭവമല്ല. കുട്ടികള്‍ക്കുള്ള ആഭരണങ്ങളിലും, ബ്രേസ്‌ലെറ്റുകളിലും മറ്റു ചിലതരം കളിപ്പാട്ടങ്ങളിലും ഇത്തരത്തില്‍ ഈയത്തിന്റെ അംശം കൂടുതലാക കൊണ്ടും തൊണ്ടയില്‍ കുരുങ്ങുന്ന തരത്തിലുള്ള കുഴപ്പങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടും ഇതിനു മുന്‍പും പിന്‍‌വലിക്കപ്പെട്ടിട്ടുണ്ട്. ഏത് കളിപ്പാട്ടം വിശ്വസിച്ചു വാങ്ങും എന്നറിയാതെ കുഴങ്ങുകയാണ് രക്ഷിതാക്കള്‍.

കളിപ്പാട്ടങ്ങള്‍ മാത്രമല്ല വിപണിയില്‍ നിന്നും പിന്‍‌വലിക്കപ്പെട്ടിട്ടുള്ളത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ഭക്ഷണം, കടല്‍ വിഭവങ്ങള്‍, ടയറുകള്‍ എന്നിവയൊക്കെ ഇതിനു മുന്‍പ് പിന്‍‌വലിക്കപ്പെട്ടിട്ടുണ്ട്. ഡൈഏത്തിലീന്‍ ഗ്ലൈക്കോള്‍(diethylene glycol) അടങ്ങിയ ടൂത്ത് പേസ്റ്റുകള്‍ ബല്‍ജിയം, ബെര്‍മുഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, മെക്സിക്കോ, സ്പെയിന്‍, സ്വിറ്റ്‌സര്‍ലാന്റ്, യു.എ.ഇ., ബ്രിട്ടന്‍, അമേരിക്ക തുടങ്ങി പല രാജ്യങ്ങളിലേയും ഹോട്ടലുകളില്‍ നിന്നും മറ്റും പിന്‍‌വലിക്കുവാന്‍ Gilchrist & Soames എന്ന കമ്പനി നിര്‍ബന്ധിതരായിരുന്നു. വൃക്കകളേയും കരളിനേയും കേന്ദ്ര നാഡീവ്യൂഹത്തേയുമൊക്കെ ബാധിക്കുന്ന ഒന്നാണ് പേസ്റ്റ് കട്ട പിടിക്കാതിരിക്കാനായി ചേര്‍ക്കുന്ന ഡൈഏത്തിലീന്‍ ഗ്ലൈക്കോള്‍.

പിന്നാമ്പുറത്ത് സംഭവിക്കുന്നത്

എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പിന്‍‌വലിക്കലുകള്‍ ഒരു തുടര്‍ക്കഥയാകുന്നത്?

ഇവിടെയാണ് മുതലാളിത്ത വ്യവസ്ഥിതിയിലെ കഴുത്തറപ്പന്‍ മത്സരത്തിന്റെ ചില പിന്നാമ്പുറക്കഥകള്‍ പ്രസക്തമാകുന്നത്.

മുന്‍പ് പറഞ്ഞ ബാര്‍ബി ഡോളിന്റെ കഥ തന്നെയെടുക്കാം. 1959ല്‍ ഇറങ്ങിയപ്പോള്‍ ലഭിച്ചിരുന്ന ഏതാണ്ടതേ വിലയ്ക്ക് തന്നെ അത് ഇന്നും കിട്ടുന്നു എന്നാണ് പറയപ്പെടുന്നത്. പണപ്പെരുപ്പത്തിന്റെ നീക്കുപോക്കുകള്‍ കൂടിച്ചേര്‍ത്താല്‍ ഒരു പക്ഷെ, അതിന്റെ യഥാര്‍ത്ഥ വില അന്നത്തേതിനേക്കാള്‍ കുറവായിരിക്കുമത്രേ. ഉപഭോക്താക്കള്‍ക്ക് ഏറ്റവും കുറഞ്ഞ വിലക്ക് സാധനം കിട്ടുകയും കമ്പനികള്‍ക്ക് ഏറ്റവും കൂടുതല്‍ ലാഭം കിട്ടുകയും വേണം. ഇതിനായി ഉല്പാദനം വേതനനിരക്ക് കുറഞ്ഞ രാജ്യങ്ങളിലേക്ക് പറിച്ചുനടപ്പെടുകയാണ്. ചൈനയിലെ കുറഞ്ഞ കൂലിനിരക്ക് മൂ‍ലം (ആഗോളതലത്തിലെ നിരക്കിന്റെ അഞ്ചില്‍ ഒന്ന് എന്ന് ചിലര്‍ പറയുന്നു) അവിടേക്ക് ഔട്ട്സോര്‍സ് ചെയ്യപ്പെടുന്ന ഉല്പാദനം കോര്‍പ്പറേറ്റ് ലാഭവളര്‍ച്ചക്ക് ഇടയാക്കുന്നു എന്നു മാത്രമല്ല, വിലകുറവായതുകൊണ്ട് ഈ ഉല്പന്നങ്ങള്‍ വാള്‍-മാര്‍ട്ട് പോലുള്ള ഭീമന്മാരുടെ ഷെല്‍ഫുകളില്‍ ഇടം പിടിക്കുകയും ചെയ്യുന്നു. തങ്ങളുടെ ലാഭം കുറയാതെ തന്നെ ഉപഭോക്താക്കള്‍ക്ക് ‘കുറഞ്ഞ വിലക്ക് ‘സാധനം ലഭ്യമാക്കുവാന്‍ ഇത് വാള്‍മാര്‍ട്ട് പോലുള്ളവരെ സഹായിക്കുന്നു. മിക്കവാറും അസംസ്കൃതവസ്തുക്കള്‍ക്ക് വിലകൂടിയിട്ടും കളിപ്പാട്ടങ്ങളുടെ വില കൂടാതെ പിടിച്ചുനിര്‍ത്തണമെങ്കില്‍ എവിടെയെങ്കിലും ഒരു പിഴിഞ്ഞെടുക്കല്‍ (squeeze) ഉണ്ടാവണമെന്നും അതാണീ ഔട്ട്സോര്‍സിങ്ങിലൂടെ നടക്കുന്നതെന്നും ഒരു സ്വതന്ത്ര കണ്‍സള്‍ട്ടന്റ് ആയ ക്രിസ് ബൈയണ്‍ ‍(Chris Byrne) പറയുന്നു.

അങ്ങിനെ ഒരു "പിഴിഞ്ഞെടുക്കല്‍" നടക്കുമ്പോള്‍ ചൈനയിലെ, അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യത്തിലെ ഉല്പാദകര്‍ എന്തു ചെയ്യും? പലപ്പോഴും ഗുണനിലവാരം കുറഞ്ഞ അസംസ്കൃത വസ്തുക്കള്‍ ഉപയോഗിക്കുവാന്‍ അവര്‍ തയ്യാറാവുന്നു. അതുപോലെത്തന്നെ തികച്ചും ശോചനീയമായ അവസ്ഥയിലുള്ള തൊഴില്‍സാഹചര്യമാണ് ഇത്തരത്തിലുള്ള പല സ്ഥാപനങ്ങളിലും തൊഴിലാളികള്‍ക്കായി ഒരുക്കപ്പെടുന്നത്. തൊഴിലില്ലായ്മയും ദാരിദ്യവും അവരെ ഇത്തരം സാഹചര്യങ്ങളില്‍ ജോലിചെയ്യുവാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നു.

അമേരിക്കയിലെ അഭിപ്രായം

U.S. Public Interest Research Groupന്റെ പ്രോഗ്രാം ഡയറക്ടര്‍ ആയ Ed Mierzwinskiയുടെ ഒരു വാചകം ഉദ്ധരിക്കുന്നത് അസ്ഥാനത്താവില്ല എന്നു തോന്നുന്നു.

"Manufacturers are more afraid of Wal-Mart and its insistence of price guarantees than they are of CPSC(Consumer Product Safety Commission) and its insistence on safety,"

CPSC നേരിടുന്ന ഫണ്ടിന്റെ അഭാവത്തെക്കുറിച്ചും ജീവനക്കാരുടെ ദൌര്‍ലഭ്യത്തെക്കുറിച്ചുമൊക്കെ പറയുന്ന Mierzwinskiയും നല്‍കുന്ന സൂചന അമേരിക്ക പോലെയുള്ള വികസിത രാജ്യത്ത് പോലും സര്‍ക്കാര്‍ തീരുമാനങ്ങളും നയങ്ങളും സാധാരണ ജനങ്ങള്‍ക്ക് എന്നതിലേറെ കോര്‍പ്പറേഷനുകള്‍ക്ക് അനുകൂലമാകുന്നു എന്ന് തന്നെയാണ്. അവിടങ്ങളിലെ ആക്ഷന്‍ ഗ്രൂപ്പുകളും പറയുന്നത്, ഉല്പന്നങ്ങളില്‍ തങ്ങളുടെ ലേബല്‍ മാത്രം ഒട്ടിച്ചുവിടുന്ന അമേരിക്കന്‍ കമ്പനികളും ചൈനീസ് കമ്പനികളെപ്പോലെത്തന്നെ ഗുണനിലവാരമില്ലായ്മക്ക് തുല്യ ഉത്തരവാദികളാണ് എന്നാണ്. “ Bring Back Made in U.S.A Label" എന്ന മുദ്രാവാക്യവും അവിടെ ഉയരുന്നുണ്ട്. CPSCയെപ്പോലെത്തന്നെ Food and Drug Administration (FDA) യും ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ ഭക്ഷ്യ ഇറക്കുമതി ഇരട്ടിയായെങ്കിലും FDAക്ക് 200 ഭക്ഷ്യ ശാസ്ത്രജ്ഞരേയും 500 ഫീല്‍ഡ് ഇന്‍സ്പെക്ടര്‍മാരേയും നഷ്ടമായി. ഈ രണ്ടു ഏജന്‍സികള്‍ ഇരിക്കെത്തന്നെ ഇറക്കുമതി സുരക്ഷയെക്കുറിച്ച് പഠിക്കാനുമൊക്കെയായി Interagency Working Group on Import Safety എന്ന കാബിനറ്റ് ഉദ്യോഗസ്ഥരുടെ പാനല്‍ ഉണ്ടാക്കുകയായിരുന്നു പ്രസിഡന്റ് ബുഷ് ഒരു എക്സിക്യൂട്ടീവ് ഓര്‍ഡറിലൂടെ.

ഹാപ്പി മീത്സ്; അണ്‍ഹാപ്പി വര്‍ക്കേഴ്സ്

ഹാള്‍മാര്‍ക്ക്,ഡിസ്നി, സ്റ്റാര്‍ബക്ക് തുടങ്ങിയ കമ്പനികള്‍ക്കുവേണ്ടി കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്ന വിയറ്റ്നാമിലെ എക്സ്പോര്‍ട്ട് പ്രോസസ്സിങ്ങ് സോണിലെ കമ്പനികളിലെ തൊഴിലാളികള്‍ വേതന വര്‍ദ്ധനക്കായി പണിമുടക്കിയിരുന്നു. ദിവസം 2 ഡോളറില്‍ താഴെയാണ് ഇവരുടെ വരുമാനം. തുടര്‍ച്ചയായ പണിമുടക്കുകളെത്തുടര്‍ന്ന് മിനിമം കൂലിയുടെ കാര്യത്തില്‍ വര്‍ദ്ധന വരുത്തുവാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായെങ്കിലും പണപ്പെരുപ്പവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് അപര്യാപ്തം എന്നാണ് തൊഴിലാളികളുടെ അഭിപ്രായം.

ദിവസേന 12 മണിക്കൂറില്‍ കൂടുതല്‍ ഒരധികവേതനവുമില്ലാതെ ജോലിചെയ്യുവാന്‍ നിര്‍ബന്ധിതരാകുന്നതായും ജോലിക്കിടയില്‍ രണ്ടു തവണയേ ബാത്‌റൂമിലേക്ക് പോകാനനുവദിക്കുന്നുള്ളൂവെന്നും, വെള്ളം കുടിക്കുവാന്‍ എല്ലാവര്‍ക്കും കൂടി ഒരു ഗ്ലാസ് മാത്രമേ ഉള്ളൂവെന്നും ഒരു കമ്പനിത്തൊഴിലാളി പരാതിപ്പെടുന്നു.

ഇതിലെ ക്രൂരമായ ഫലിതം ഇവര്‍ നിര്‍മ്മിക്കുന്ന പാവകള്‍ മക്‍ഡോണാള്‍ഡിന്റെ കുട്ടികള്‍ക്കായുള്ള പ്രത്യേക ഹാപ്പിമീത്സ് ന്റെ കൂടെ സൌജന്യമായി നല്‍കുവാനുള്ളതാണെന്നതാണ്. കുറഞ്ഞ വേതനനിരക്കും ഉല്പാദനച്ചിലവും ലാക്കാക്കി വരുന്ന ബഹുരാഷ്ട്രക്കുത്തകകള്‍, വിയറ്റ്നാമില്‍ വേതനം കൂടുതലായാല്‍ മറ്റു സ്ഥലങ്ങള്‍ തേടിപ്പോകും എന്ന ഭീഷണിയും സമരം നടത്തുന്ന തൊഴിലാളികള്‍ക്കു നേരെ ഫാക്ടറി ഉടമകള്‍ പ്രയോഗിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കോര്‍പ്പ്‌വാച്ചില്‍ (CorpWatch) ആരോണ്‍ ഗ്ലാന്റ്സ്(Aaron Glantz) ,നോക് ന്യൂന്‍( Ngoc Nguyen) എന്നിവര്‍ ചേര്‍ന്നെഴുതിയ എഴുതിയ കുറിപ്പിന്റെ തലക്കെട്ട് ആഗോള സമ്പദ് വ്യവസ്ഥയിലെ നിതാന്ത വൈരുദ്ധ്യങ്ങളുടെ ഒന്നാംതരമൊരു സൂചനയാണ്. Happy Meals; Unhappy Workers.

Asda, Primark and Tesco തുടങ്ങിയ കുത്തകകള്‍ക്കുവേണ്ടി വസ്ത്രങ്ങള്‍ നിര്‍മ്മിച്ചുനല്‍കുന്ന ബംഗ്ലാദേശിലെ ടെക്സ്റ്റയില്‍ ഫാക്ടറികളിലെ തൊഴിലാളികളുടെ ജീവിതനിലവാരത്തെക്കുറിച്ചും ഇതോടൊപ്പം പരാമര്‍ശിക്കേണ്ടതുണ്ട്. ആഴ്ചയില്‍ 80 മണിക്കൂര്‍, അതും മണിക്കൂറിനു 4 പെന്‍സ് നിരക്കില്‍ ജോലിചെയ്യുവാന്‍ ഇവര്‍ നിര്‍ബന്ധിതരാണ്. സൂപ്പര്‍‌വൈസര്‍മാരുടെ പീഡനവും ഭീഷണിയും വേറെ. ഈ തൊഴിലാളികളുടെ അദ്ധാനവും കുത്തകകമ്പനികളുടെ ലാഭമായാണ് മാറുന്നത്.

1990കളുടെ മദ്ധ്യത്തില്‍ ഇന്‍ഡോനേഷ്യയിലെ തങ്ങളുടെ ഫാക്ടറികളിലെ മോശം തൊഴില്‍ സാഹചര്യത്തിന്റെ പേരില്‍ വിമര്‍ശനവിധേയരായിരുന്നു മാറ്റെല്‍ കമ്പനി.

1993ല്‍ തായ്‌ലാന്‍‌ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിനടുത്തുള്ള കളിപ്പാട്ട ഫാക്ടറിയിലുണ്ടായ തീപ്പിടുത്തത്തില്‍ 188 പേരാണ് ഔദ്യോഗിക കണക്കനുസരിച്ച് തന്നെ മരിച്ചത്. 488 പേര്‍ ഗുരുതരമായ പൊള്ളലുകളോടെ ‘രക്ഷപ്പെട്ടു‘.എല്ലാവരും തന്നെ പാവപ്പെട്ട ഗ്രാമീണര്‍; കൂടുതലും സ്ത്രീകള്‍. ഈ ഫാക്ടറിയില്‍ നൂറുകണക്കിനു തൊഴിലാളികള്‍ തിങ്ങിനിറഞ്ഞാണ് ജോലിചെയ്തിരുന്നത്. അഗ്നിശമന ഉപകരണങ്ങളോ, അലാറമോ രക്ഷാമാര്‍ഗ്ഗങ്ങളോ ഇല്ലാത്ത, ഇന്‍സുലേഷന്‍ ചെയ്തിട്ടില്ലാത്ത ഉരുക്കുകൊണ്ട് നിര്‍മ്മിച്ച ഈ കെട്ടിടങ്ങള്‍ ശരിക്കും മരണക്കെണികള്‍ തന്നെയായിരുന്നു.

ഇതിനു മുന്‍പുണ്ടായ വന്‍‌ദുരന്തം 1911ല്‍ ന്യൂയോര്‍ക്കിലുണ്ടായതാണ്. ആ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കുറെയേറെ പരിഷ്കാരങ്ങള്‍ തൊഴിലിടങ്ങളില്‍ നടപ്പിലാക്കിപ്പിക്കുവാന്‍ സമരത്തിലൂടെ തൊഴിലാളികള്‍ക്ക് കഴിഞ്ഞു. പക്ഷെ, മൂലധനത്തിന്റെ ഒഴുക്ക് രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് വളര്‍ന്നതോടെ അത്തരത്തിലുള്ള നീക്കങ്ങള്‍ പലപ്പോഴും ഫലപ്രദമാകുന്നില്ല. ഒരിടത്ത് തങ്ങള്‍ക്കനുകൂലമല്ല സ്ഥിതിഗതികള്‍ എന്നു വന്നാല്‍, കൂടുതല്‍ ലാഭകരമായ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോകാന്‍ മൂലധനത്തിനു കഴിയുന്നു. ഈ ഫാക്ടറിയില്‍നിന്നും തങ്ങള്‍ക്ക് നിര്‍മ്മിച്ചുകിട്ടേണ്ടതായ ഉല്പന്നങ്ങളുടെ കാര്യത്തില്‍ കുത്തകകള്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ വെച്ചിട്ടുണ്ടെങ്കിലും അത് നിര്‍മ്മിച്ചുനല്‍കുന്ന തൊഴിലാളികളുടെ അവസ്ഥയെപ്പറ്റി അവരൊട്ടും തന്നെ ഉത്കണ്ഠാകുലരായിരുന്നില്ല; ഇപ്പോഴും അല്ല. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് 23 ലക്ഷം തൊഴിലാളികള്‍ ജോലിസംബന്ധമായ അപകടങ്ങളില്‍പ്പെട്ട് മരിക്കുന്നുണ്ട്.ഇതിലേറെയും ഏഷ്യയിലാണ്.

നിയമങ്ങള്‍ ഇല്ലാത്തതിന്റെ കുഴപ്പമല്ല, മറിച്ച് കൂടുതല്‍ ലാഭത്തിനായി അവ ലംഘിക്കുകയോ വളച്ചൊടിക്കുകയോ ഒക്കെ ചെയ്യുകയും തൊഴിലാളികള്‍ക്ക് അടിസ്ഥാന തൊഴില്‍ സൌകര്യങ്ങള്‍ പോലും ലഭ്യമാക്കാതിരിക്കുകയും ചെയ്യുന്ന കോര്‍പ്പറേറ്റ് ലാഭേച്ഛ തന്നെയാണിവിടേയും കുറ്റവാളി. തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും കോര്‍പ്പറേറ്റുകളുടെ ദുര്‍‌നടപടികള്‍ നിരീക്ഷിക്കുന്നതിനായുമൊക്കെ പ്രവര്‍ത്തിക്കുന്ന Students and Scholars against Corporate Misbehaviour(SACOM) എന്ന വളണ്ടറി സംഘടനയുടെ റിപ്പോര്‍ട്ടും ഈ ചൂഷണങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ ശരിവെയ്ക്കുന്നവയാണ്. ഈ ഫാക്ടറികള്‍ സ്വെറ്റ് ഷോപ്പുകളായാണ് (Sweat Shops)പ്രവര്‍ത്തിക്കുന്നതെന്ന് ഇവരുടെ റിപ്പോര്‍ട്ട് പറയുന്നു.

മൂലധനത്തിന്റെ രാജ്യാതിര്‍ത്തികള്‍ കടന്നുള്ള പ്രവര്‍ത്തനം വികസിതരാജ്യങ്ങളിലും അവികസിത രാജ്യങ്ങളിലും അതിന്റേതായ സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വികസിത രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും അവികസിത രാജ്യങ്ങളിലെ തൊഴിലാളികള്‍ വന്‍‌ചൂഷണത്തിനു വിധേയരാകുകയും ചെയ്യുന്നു. ഡിമാന്‍ഡിനനുസരിച്ച് സപ്ലൈ നടത്തുവാനായി വേണ്ടത്ര ഗുണനിലവാര പരിശോധന നടത്താത്ത ഉല്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണികളിലെത്തുവാനുമൊക്കെ ഇതിടയാക്കുന്നു. ലാഭം വര്‍ദ്ധിപ്പിക്കുവാനായി ഗുണനിലവാര പരിശോധനയും ചിലവുകുറഞ്ഞ രാജ്യങ്ങളിലേക്ക് ഔട്ട്സോര്‍സ് ചെയ്യുകയാണ് കുത്തകകള്‍!!! മാറ്റെല്‍ കമ്പനിയുടെ കാര്യത്തിലും സംഭവിക്കുന്നത് ഇത് തന്നെയാണ്.

മറ്റൊരു രസകരമായ (ക്രൂരമായ എന്ന് എത്ര തവണ എഴുതും?) വസ്തുത. “ കുട്ടികളുടെ സുരക്ഷയാണ് ഞങ്ങളുടെ പ്രധാന ഉത്കണ്ഠ” എന്ന് ഈ
കളിപ്പാട്ടങ്ങള്‍ വിപണിയില്‍ നിന്നും പിന്‍‌വലിക്കെ പറഞ്ഞ മാറ്റെല്‍ കമ്പനിയുടെ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ റോബര്‍ട്ട് എക്കര്‍ട്ടിന്റെ
2006ലെ വാര്‍ഷിക വേതനം 1.2 ദശലക്ഷം ഡോളറായിരുന്നു. ഇതിനു പുറമെ 6 ദശലക്ഷം ഡോളറിനുള്ള ഓഹരികളും മറ്റും. ഇദ്ദേഹത്തിന്റെ കമ്പനിക്കുവേണ്ടി ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികളിലെ തൊഴിലാളിക്ക് ലഭിക്കുന്നത് ആഴ്ചയില്‍ 18.50ഡോളര്‍, വര്‍ഷത്തില്‍ ആയിരം ഡോളര്‍!!!

ഗുണനിലവാരത്തെക്കുറിച്ച് വലിയ രീതിയില്‍ സംസാരിക്കുകയും അവകാശവാദങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന രാജ്യങ്ങളിലെ സ്ഥിതി ഇതാണെങ്കില്‍ ഭാരതം പോലുള്ള രാജ്യങ്ങളിലെ സ്ഥിതി എന്തായിരിക്കും?

ഭാരതത്തിലെ സ്ഥിതി

ദേശാഭിമാനി പത്രത്തില്‍ ആഗസ്റ്റ് 27ന് എസ്.അജോയ് (ആഗസ്റ്റ് 27ന് )എഴുതിയ കുറിപ്പിലൂടെ ഒന്ന് കണ്ണോടിക്കാം.

ഇന്ത്യയിലെ കുട്ടികള്‍ ഉപയോഗിക്കുന്ന കളിപ്പാട്ടങ്ങളില്‍ 70 ശതമാനവും ക്രമാതീതമായ തോതില്‍ ലെഡ്, കാഡ്മിയം, മെര്‍ക്കുറി എന്നീ വിഷ പദാര്‍ഥങ്ങള്‍ അടങ്ങിയതാണെന്ന് അടുത്തയിടെ നടന്ന പഠനം തെളിയിക്കുന്നു. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങള്‍, ഇവിടെ തന്നെ അസംഘടിത മേഖലയില്‍ നിര്‍മ്മിക്കുന്നവ എന്നിവയിലാണ് വിഷസാന്നിധ്യം കൂടുതല്‍. ടോക്സിക്ക് ടോയ്സ് എന്നു വിളിക്കുന്ന ഇത്തരം കളിപ്പാട്ടങ്ങള്‍ മിക്ക വികസിത രാഷ്ട്രങ്ങളും നിരോധിച്ചു കഴിഞ്ഞു. കേരളത്തിലെ ശൈശവവും വിഷസാന്നിധ്യമുള്ള കളിപ്പാട്ടങ്ങളുടെ പിടിയിലാണെന്നാണ് സൂചന. കേരളത്തില്‍ വില്‍ക്കുന്ന 90 ശതമാനം കളിപ്പാട്ടങ്ങളും ഇറക്കുമതി ചെയ്യുന്നതോ, ഊരും പേരുമില്ലാതെ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നതോ ആണ്. ബ്രാന്‍ഡഡ് കളിപ്പാട്ടങ്ങളുടെ വിലക്കൂടുതലും ഇവയുടെ വിലക്കുറവും ആകര്‍ഷണീയമായ നിറവും രൂപഭംഗിയും കുട്ടികളെ ആകര്‍ഷിക്കുന്നു.

കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പിവിസിയില്‍ അടങ്ങിയ ആറ് തരം രാസപദാര്‍ഥങ്ങള്‍ അഥവാ താലൈറ്റ്സ് ആണ് പ്രധാന വില്ലന്‍. ഇവ കളിപ്പാട്ടങ്ങളിലൂടെ കുട്ടികളുടെ ഉള്ളിലെത്തിയാല്‍ തലച്ചോറിനെ സാരമായി ബാധിക്കും. കണ്ണിനെയും ത്വക്കിനെയും താലൈറ്റ്സ് രോഗാതുരമാക്കും. ആസ്തമപോലുള്ള ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്കും സാധ്യതയേറെയാണ്. പോളിവിനയല്‍ ക്ളോറൈഡ് അടങ്ങിയ പിവിസി കൊണ്ട് ഉണ്ടാക്കിയ കളിപ്പാട്ടങ്ങളും ഇന്ത്യയില്‍ സാധാരണമാണ്. താലൈറ്റ്സിലെ എന്നപോലെ ഇതിലും ലെഡ്, കാഡ്മിയം, മെര്‍ക്കുറി എന്നീ വില്ലന്മാരുണ്ട്. ആറുവയസുവരെയുള്ള കുട്ടികളുടെ മാനസിക വളര്‍ച്ചയെ ഇത് ബാധിക്കും. കാഡ്മിയം കേന്ദ്രനാഡിവ്യൂഹത്തിന്റെ തകര്‍ച്ചക്കും എല്ലുകളുടെ ബലക്കുറവിനും കാരണമാകും. തുടര്‍ന്ന് ലെഡും, മെര്‍ക്കുറിയും ശരീരം ആഗിരണം ചെയ്യുമ്പോള്‍ തലച്ചോറും, വൃക്കയും, കരളും തകരാറിലാവും. ലെഡിന്റെ സാന്നിദ്ധ്യം ചില കുട്ടികളെ ആക്രമണോല്‍സുകരാക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ശരീരത്തില്‍ പ്രവേശിച്ച ലെഡ് പൂര്‍ണമായി പുറത്തുപോകാന്‍ 20 വര്‍ഷമെടുക്കും.

നാം ഉപയോഗിക്കുന്ന മിക്ക പിവിസി നിര്‍മിത വസ്തുക്കളും അപകടകാരികളാണ്. എന്നാല്‍ കുട്ടികള്‍ കളിപ്പാട്ടങ്ങള്‍ക്കൊപ്പം ജീവിക്കുകയും ഉറങ്ങുകയും, അവ കടിക്കുകയും നുണയുകയും ചെയ്യുന്നത് പ്രശ്നം വഷളാക്കുന്നു. കളിപ്പാട്ടങ്ങളിലെ വിഷ സാന്നിദ്ധ്യം തിരിച്ചറിയാനോ അത് നിയന്ത്രിക്കാനോ ഒരു സംവിധാനവും ഇന്ത്യയിലില്ല. 2500 കോടിയുടെ കളിപ്പാട്ട വിപണിയില്‍ അറുപതു ശതമാനവും ഇറക്കുമതിയാണ്. ഇതില്‍ 80 ശതമാനവും പരീക്ഷണങ്ങള്‍ക്കൊന്നും വിധേയമാക്കാതെയാണ് വിതരണം ചെയ്യുന്നത്. ഇന്ത്യന്‍ കളിപ്പാട്ട വിപണിയുടെ 90 ശതമാനവും കുടില്‍ വ്യവസായമാണ്. ദില്ലിയും, മുംബൈയുമാണ് നിര്‍മാണ കേന്ദ്രങ്ങള്‍. എങ്ങനെയാണ് എന്തുതരം വസ്തുക്കള്‍ക്കൊണ്ടാണ് ഇവ നിര്‍മിക്കുന്നത് എന്നുപോലും ആര്‍ക്കും അറിയില്ലെന്ന് ഇതുസംബന്ധിച്ച് പഠനം നടത്തിയ ടോക്സിക്ക് ലിങ്ക് എന്ന സന്നദ്ധസംഘടന പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഇവര്‍ ശേഖരിച്ച കളിപ്പാട്ട സാമ്പിളുകളിലും ക്രമാതീതമായ തോതില്‍ വിഷസാന്നിദ്ധ്യം കണ്ടെത്തി.

ഇന്ത്യയെ ഒരു കളിപ്പാട്ടവിഷ ദുരന്തം കാത്തിരിക്കുന്നുവെന്ന് ആഗസ്റ്റ് 31 ലെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. യാതൊരു വിധ പരിശോധനയുമില്ലാതെ കച്ചവടം ചെയ്യപ്പെടുന്ന കളിപ്പാട്ടങ്ങള്‍ വരുത്തിവെക്കാനിടയുള്ള ദുരന്തത്തെക്കുറിച്ചാണീ വാര്‍ത്താക്കുറിപ്പ്.

മാറ്റെല്‍ കമ്പനിയുടെ ഉല്പന്നങ്ങള്‍ പിന്‍‌വലിക്കുവാന്‍ ഇന്ത്യയിലും കമ്പനി നടപടി തുടങ്ങിക്കഴിഞ്ഞു. എങ്കിലും ആ കളിപ്പാട്ടങ്ങള്‍ ഇവിടെ അത്ര പ്രചാരം നേടിയിട്ടില്ല എന്നതുകൊണ്ടു തന്നെ, ഇപ്പോഴുണ്ടായ വിപണിയില്‍ നിന്നുള്ള പിന്‍‌വലിക്കന്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര പ്രാധാന്യമുള്ളതല്ല എന്ന് കച്ചവടക്കാര്‍ പറയുന്നു.

ഗുണനിലവാര സമിതികള്‍

International Organization for Standardization (ISO) എന്ന എന്‍.ജി.ഒ ആണ് നാമൊക്കെ സ്ഥിരമായി കേള്‍ക്കുന്ന IS0 9000, ISO 14000 തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡുകളൊക്കെ രൂപീകരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ദേശീയ ഗുണനിലവാര സമിതികളുടെ (national Standards body) ഒരു ഫെഡറേഷന്‍ ആണിത്. ജനീവയാണ് ആസ്ഥാനം. 158 അംഗരാജ്യങ്ങളിള്‍ നിന്നുള്ള സമിതികള്‍ 2006 ഡിസംബര്‍ 31ലെ കണക്കനുസരിച്ച് ഇതില്‍ അംഗങ്ങളാണ്. ബ്യൂറൊ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ആണ് ഇന്ത്യയില്‍ നിന്നുള്ള അംഗം.

കളിപ്പാട്ടങ്ങളുടെ ഗുണനിലവാരത്തിനായി അടിസ്ഥാനമാക്കുന്ന ISI-9873 voluntary ആണ്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിലെ ഒരു
ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഇത്രയധികം നിയമങ്ങളും നിയന്ത്രണങ്ങളുമുള്ള ഈ രാജ്യത്ത് ഗുണനിലവാരത്തില്‍ ജാഗ്രത പുലര്‍ത്തിക്കൊണ്ടു തന്നെ ബിസിനസ് മുന്നോട്ട് പോകുവാന്‍ സഹായിക്കുന്ന രീതിയിലുള്ള ഒരു ഹോളിസ്റ്റിക് സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ്. സര്‍ക്കാര്‍ ചട്ടങ്ങള്‍ ഉണ്ടാക്കുകയാണെങ്കില്‍ അതിനനുബന്ധിച്ച് ഒരു സ്റ്റാന്‍ഡേര്‍ഡ് ഉണ്ടാക്കാന്‍ തങ്ങള്‍ക്ക് കഴിയും എന്നുമാണ്. മുകളിലൊരിടത്ത് പറഞ്ഞതുപോലെ നിയമങ്ങള്‍ ഇല്ലാത്തതുകൊണ്ടുള്ള കുഴപ്പങ്ങളല്ല ഇതൊക്കെ എന്നതുകൊണ്ടു തന്നെ നിയമങ്ങള്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനുള്ള സംവിധാനങ്ങളാണാവശ്യം.

ഇനി നമുക്ക് തിരിച്ചുവരാം.

കൂടുതല്‍ മാരകങ്ങളായ കളിപ്പാട്ടങ്ങള്‍

WorldNews.comന്റെ ലേഖികയായ ബെവര്‍ലി ഡാര്‍ലിങ്ങ്(Beverly Darling) ഈ പിന്‍‌വലിക്കല്‍ മാമാങ്കങ്ങള്‍ക്കിടയില്‍ തികച്ചും പ്രസക്തമായ, ഒരു പക്ഷെ കൂടുതല്‍ ഗുരുതരമായ മറ്റൊരു വിഷയത്തിലേക്ക് "What About Recalling the Other Deadly Toys " എന്ന ലേഖനത്തിലൂടെ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. ശാരീരികമായ അപകടങ്ങള്‍ മാത്രമുണ്ടാക്കാനിടയുള്ള കളിപ്പാട്ടങ്ങളെക്കുറിച്ചല്ല അവര്‍ ഉത്കണ്ഠാകുലയാകുന്നത്. മറിച്ച് കുട്ടികളെ വൈകാരികമായും മാനസികമായും കൂടി അപകടത്തിലാക്കാവുന്ന, അക്രമണോത്സുകത വളര്‍ത്തുന്ന തരത്തിലുള്ള ‘സൈനിക’ കളിപ്പാട്ടങ്ങളെക്കുറിച്ചാണ്. ഒന്നോ രണ്ടോ ഡോളര്‍ മുതല്‍ മുകളിലേക്ക് ലഭിക്കുന്ന എത്രയോ യുദ്ധക്കളിപ്പാട്ടങ്ങളാണ് കളിപ്പാട്ടക്കടകളിലെ
ചില്ലുകൂടുകളിലിരുന്നു കുട്ടികളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത്. തോക്കുകളും, സൈനികരും, ടാങ്കുകളും മറ്റു പോരാട്ട ഉപകരണങ്ങളുമൊക്കെ അടങ്ങിയ കളിപ്പാട്ടങ്ങളുടെ മറ്റൊരു ലോകം. ഇവയൊക്കെത്തന്നെ അഞ്ചുവയസ്സുമുതലുള്ള കുട്ടികള്‍ക്കനുയോജ്യമാണ് എന്ന ലേബലോടെ വില്‍ക്കപ്പെടുന്നു. ഇതിലെ പല കളിപ്പാട്ടങ്ങളുടേയും പുറംചട്ടയില്‍ എഴുതിയിരിക്കുന്ന വാചകങ്ങള്‍ ഭാവിയിലെ സൈനികരായി കുട്ടികളെ ചെറുപ്പത്തിലേ പിടികൂടുക എന്ന ലക്ഷ്യം വെയ്ക്കുന്നുണ്ടോ എന്ന് സംശയിക്കത്തക്ക രീതിയിലുള്ളതും രാഷ്ട്രീയമായ ചില സൂചനകള്‍ നല്‍കുന്നവയുമാണ്. കുട്ടികള്‍ പലപ്പോഴും സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്നവരാണ്. ഇത്തരം യുദ്ധക്കളിപ്പാട്ടങ്ങളുമായി ഇടപഴകി (socialisation) ജീവിക്കുന്ന കുട്ടികള്‍ ഭാവിയില്‍ ഒരു Militant Generation ആകാനുള്ള (ഇപ്പോള്‍തന്നെ അങ്ങിനെ ആയിട്ടില്ലെങ്കില്‍) സാദ്ധ്യതയും ബെവര്‍ലി തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ബെവര്‍ലിയുടെ ആശങ്കകള്‍ അസ്ഥാനത്താകട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം.

എന്തായാലും കളിപ്പാട്ടങ്ങളെ സംബന്ധിച്ച കാര്യങ്ങള്‍ വെറും കുട്ടിക്കളിയല്ലെന്നും, അതിന്റെ ഉല്പാദനം മുതല്‍ വിതരണവും ഉപയോഗവും വരെയുള്ള ഘട്ടങ്ങള്‍ വളരെ ഗൌരവകരമായ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, ആരോഗ്യ പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്നും നമുക്ക് മറക്കാതിരിക്കാം.

Saturday, September 1, 2007

സായ്‌നാഥിന് ആദരപൂര്‍വം

'ഹിന്ദു'പത്രത്തിന്റെ ഗ്രാമീണകാര്യ എഡിറ്ററും മുംബൈ ബ്യൂറോ ചീഫുമായ പി.സായ്‌നാഥടക്കം ഏഴുപേര്‍ക്ക് 2007ലെ രമണ്‍ മഗ്‌സാസെ അവാര്‍ഡ് ഇന്നലെ വൈകിട്ട് സമ്മാ‍നിച്ചു. ദരിദ്ര ഗ്രാമീണരുടെ പ്രശ്നങ്ങള്‍ രാജ്യശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ പത്രപ്രവര്‍ത്തകനെന്ന നിലയില്‍ സായ്‌നാഥ് പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.

2004ല്‍ ഹിന്ദുവില്‍ ചേര്‍ന്ന സായ്‌നാഥ് കാര്‍ഷികപ്രശ്നങ്ങളെക്കുറിച്ച് നിരന്തരം എഴുതിക്കൊണ്ടിരിക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക വിസ്മയത്തിനു പിന്നിലെ ജീവിതമാണ് സായ്‌നാഥിന്റെ വാര്‍ത്താ സ്രോതസ്സുകള്‍. ഇന്ത്യയുടെ ദേശീയ ബോധത്തില്‍ ഗ്രാമങ്ങളിലെ പാവപ്പെട്ടവരെ പ്രതിഷ്ഠിച്ചത് സായ്‌നാഥിന്റെ അര്‍പ്പണമനോഭാവത്തോടെയുള്ള പത്രപ്രവര്‍ത്തനമാണ്.ദാരിദ്ര്യവും നിരക്ഷരതയും ജാതിപരമായ ഉച്ചനീചത്വവും സാമ്പത്തിക പരിഷ്കാരങ്ങളുമാണ് ഇന്ത്യന്‍ ഗ്രാമീണര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളെന്ന് സായ്‌നാഥ് വീണ്ടും വീണ്ടും പൊതുജനശ്രദ്ധയില്‍ കൊണ്ടുവരുന്നു.

ശ്രീ. സായ്‌നാഥിനു നല്‍കുന്ന സൈറ്റേഷന്റെ പൂര്‍ണ്ണരൂപം.

കൃത്യമായ നിലപാടുകളുള്ള, ഉത്തമ പത്രപ്രവര്‍ത്തനത്തിന്റെ മാതൃകയായ സായ്‌നാഥിനെ വര്‍ക്കേഴ്സ് ഫോറം എല്ലാ ആദരവോടെയും, സ്നേഹത്തോടെയും അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ലേഖനത്തിന്റെ മലയാള പരിഭാഷ ഈ അവസരത്തില്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു.

നമ്മുടെ അസംതൃപ്തിയുടെ പതിറ്റാണ്ട്‌

(പി.സായ്‌നാഥ്)

ഗ്രാമീണ ഭാരതം എന്തൊക്കെ കൌതുകങ്ങളാണ് നമുക്കായി ഒരുക്കിയിരിക്കുന്നത്?

ഇക്കഴിഞ്ഞ ആറു ദശകങ്ങള്‍ക്കിടയില്‍, മൂന്നു സംസ്ഥാനങ്ങളിലൊഴികെ അര്‍ത്ഥവത്തായ ഭൂപരിഷ്ക്കരണത്തിനോ പാട്ട വ്യവസ്ഥയുടെ പരിഷ്ക്കരണത്തിനോ നമുക്കു കഴിഞ്ഞിട്ടില്ല. എന്നാല്‍, ആറു മാസത്തിനുള്ളില്‍ ഒരു സ്പെഷ്യല്‍ ഇക്കണോമിക്‌ സോണ്‍ അനുവദിക്കാന്‍ നമുക്കു കഴിയുന്നു. !! സ്വാതന്ത്ര്യത്തിന്റെ ആറു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഘടനാപരമായും മറ്റുമുള്ള അസമത്വങ്ങള്‍ വര്‍ദ്ധിക്കുകയും ഗ്രാമീണ ഭാരതം കൂടുതല്‍ കൂടുതല്‍ കുഴപ്പത്തിലേക്ക് നീങ്ങുകയും ചെയ്യുകയാണ്.

ഒരു പ്രധാന ഇംഗ്ലീഷ്‌ ദിനപ്പത്രത്തിന്റെ ഒന്നാം പേജില്‍ കുറച്ചുനാള്‍ മുമ്പ്‌ വന്ന 'ലീഡ്‌ സ്റ്റോറി ' വളരെ ശ്രദ്ധേയമായിരുന്നു. ഒരു ഫാന്‍സി സെല്‍ഫോണ്‍ നമ്പറിനു വേണ്ടി ചണ്ഡിഗറില്‍ നിന്നുള്ള ഒരു ചെറുപ്പക്കാരന്‍ 15 ലക്ഷം രൂപ കൊടുത്തുവത്രെ. തുടര്‍ന്ന്‌ ഇതര മാധമങ്ങള്‍ ഇതേറ്റെടുത്തു. അയാളുടെ മാതാപിതാക്കള്‍ മകന്‍ കൈവരിച്ച നേട്ടം ആഘോഷിക്കുന്നതിനായി മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നതും നമ്മള്‍ കണ്ടു. ഇന്ത്യ ആര്‍ജ്ജിച്ച പുത്തന്‍ ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതിന്റെ ദൃഷ്ടാന്തമായി പത്രങ്ങള്‍ (മുന്‍ പേജ്‌ വാര്‍ത്തകളെ എഡിറ്റോറിയലൈസ് ചെയ്തു കൊണ്ട് ) ഇതിനെ വ്യാഖ്യാനിച്ചു. സാമ്പത്തിക പരിഷ്ക്കാരങ്ങളുടെയും ഉദാരവല്‍ക്കരണത്തിന്റെയും കാലഘട്ടത്തില്‍ ദൃശ്യമാകുന്ന അഹന്തയല്ലാതെ മറ്റെന്താണിത്?

എന്തിനെയാണിത് പ്രതിഫലിപ്പിക്കുന്നത് ? പ്രചാരമുള്ള ഒരു ഇന്ത്യന്‍ മാസിക സുഖലോലുപതയുടെ സന്ദേശവാഹകനാകുന്നത്‌ തികച്ചും സ്വാഭാവികമായി കാണുന്ന ഒരു വര്‍ഗ്ഗം ഇന്നു നമ്മുടെ രാജത്ത്‌ നിലവിലുണ്ട് എന്നതാണത്‌. അതിന്റെ പ്രസാധകന്റെ കത്ത്‌ വായനക്കാരോട്‌ പറയുന്നത്‌ നോക്കുക "മുന്‍ രാജസ്ഥാന്‍ ഭരണാധികാരികളുടേതായിരുന്ന 80 വര്‍ഷം പഴക്കമുള്ള കാമെല്‍ബോണ്‍ ബോക്സുകളിലടക്കം ചെയ്ത പരിമിത എണ്ണം “ഡ്രാഗണ്‍ ഗൂര്‍ഖ “സിഗാറുകള്‍ പെട്ടിക്ക് 1,15,000 ഡോളര്‍ എന്ന നിരക്കില്‍ ഇപ്പോള്‍ ലഭ്യമാണ് ‌".

ഒരു ഇന്ത്യന്‍ കര്‍ഷകകുടുംബത്തിന്റെ ഒരു മാസത്തെ ശരാശരി പ്രതിശീര്‍ഷ ചിലവ്‌ ഈ15 ലക്ഷം രൂപയില്‍ നിന്ന്‌' എത്രയോ അകലെയാണ്‌. 1,15,000 ഡോളറില്‍ നിന്ന്‌ അതിലുമേറെ അകലെയാണ്‌. ശരിക്കു പറഞ്ഞാല്‍ 503 രൂപയാണത്. ഇതാകട്ടെ ഗ്രാമീണ ദാരിദ്ര്യരേഖക്ക്‌ ഏറെ മുകളിലുമല്ല. വന്‍ ഭൂപ്രഭുക്കളെയും നാമമാത്ര കൃഷിക്കാരെയുമൊക്കെ ചേര്‍ത്താണ് ദേശീയ ശരാശരി കണക്കാക്കുന്നത്. മാത്രമല്ല,ദേശീയ ശരാശരിയുടെ ഇരട്ടി പ്രതിശീര്‍ഷ വരുമാനമുള്ള കേരളം, പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങള്‍ കൂടി ഈ കണക്കില്‍ ഉള്‍പ്പെടുന്നു‌. കേരളത്തെയും പഞ്ചാബിനെയും ഒഴിവാക്കിയാല്‍ സ്ഥിതി പരിതാപകരമാകും. തീര്‍ച്ചയായും, നഗരങ്ങളിലും കടുത്ത അസമത്വം നിലനില്‍ക്കുന്നുണ്ട് .

പക്ഷെ ഈ വൈരുദ്ധ്യം കൂടുതല്‍ പ്രകടമാകുന്നത് ഗ്രാമങ്ങളില്‍ ആണ്.

മുകളില്‍പ്പറഞ്ഞിരിക്കുന്ന 503 രൂപയില്‍ 60 ശതമാനം ഭക്ഷണത്തിനുവേണ്ടിയാണ്‌ ചിലവഴിക്കുന്നത്‌. 18 ശതമാനം ഇന്ധനത്തിനും വസ്ത്രത്തിനും പാദരക്ഷക്കും വേണ്ടി മാറ്റി വയ്ക്കുന്നു. ശേഷിച്ച തുച്ഛമായ തുകയില്‍ കുടുംബത്തിന്റെ ആരോഗത്തിനുവേണ്ടി ചിലവഴിക്കുന്നത് വിദ്യാഭ്യാസത്തിനു ചിലവഴിക്കുന്നതിന്റെ ഇരട്ടി വരും. അതായത്‌, ഒരു ഗ്രാമീണ കര്‍ഷകകുടുംബം ആരോഗത്തിനുവേണ്ടി മുപ്പത്തിനാലു രൂപയും വിദ്യാഭ്യാസത്തിനു വേണ്ടി പതിനേഴു രൂപയും ശരാശരി ചിലവഴിക്കുന്നു.

ഒരു വിശേഷപ്പെട്ട സെല്‍ഫോണ്‍ നമ്പര്‍ സമ്പാദിക്കുകയെന്നത്‌ ഗ്രാമീണ ഭാരതീയന്റെ മുഖ്യ ഹോബി ആകുന്ന കാര്യം ആസന്നഭാവിയില്‍ സംഭാവ്യമാണെന്നു തോന്നുന്നില്ല. 503 രൂപയുടെ സ്ഥാനത്ത്‌ പ്രതിമാസം 225 രൂപ പോലും ചിലവുചെയ്യാന്‍ കെല്പില്ലാത്ത അസംഖ്യം കുടുംബങ്ങളുണ്ട്‌ എന്നതും നാം മറന്നു കൂടാ. ദാരിദ്ര്യരേഖയേക്കള്‍ താഴെ ശരാശരി പ്രതിമാസവരുമാനമുള്ള സംസ്ഥാനങ്ങളുണ്ട്‌.

ഭൂരഹിതരുടെ കാര്യത്തില്‍ ആ‍വട്ടെ, സ്ഥിതി ഇതിലും ദയനീയമാണ് .

“അസമത്വം“ എന്നത് നമ്മെ സംബന്ധിച്ചിടത്തോളം പുതിയതോ കേട്ട് കേള്‍വി ഇല്ലാത്തതോ ആ‍യ കാര്യമൊന്നുമല്ല. എത്ര ദയാരഹിതമായാണ് “അസമത്വം“ സൃഷ്ടിക്കപ്പെടുന്നത്‌ , എത്ര ക്രൂരമായാണ് അതിന്റെ നിര്‍മ്മിതി എന്നതാണ്‌ കഴിഞ്ഞ 15 വര്‍ഷത്തെ വ്യത്യസ്തമാക്കുന്നത് . ഇന്ന്‍ അത് സമൂഹത്തിന്റെ എല്ലാ തലങ്ങളിലും , മുകള്‍ത്തട്ടില്‍ പോലും വര്‍ദ്ധമാനമായ അളവില്‍ അസമത്വംകാണാം.

അഭിജിത്‌ ബാനര്‍ജിയും തോമസ്‌ പിക്കറ്റിയും "Top Indian Incomes1956-2000" എന്ന പ്രബന്ധത്തില്‍ പറഞ്ഞതു പോലെ "പണക്കാര്‍ അവരുടെ മൊത്തവരുമാനം കാര്യമായി വര്‍ദ്ധിപ്പിച്ചു. എന്നാല്‍, 1980കളില്‍ മുകള്‍ത്തിലുള്ള എല്ലാവരും കൂടി അത്‌ പങ്കിട്ടുവെങ്കില്‍‌, 1990കളില്‍ ഏറ്റവും വമ്പന്‍മാരായ 0.1 ശതമാനം മാത്രമാണ്‌ വന്‍ നേങ്ങളുണ്ടാക്കിയത്‌."

ഉന്നതന്‍മാരായ 0.01 ശതമാനത്തിന്റെ ശരാശരി വരുമാനം 1950-കളില്‍ മൊത്തം ജനങ്ങളുടെ ശരാശരി വരുമാനത്തെക്കാള്‍ 150-200 മടങ്ങ്‌ കൂടുതലായിരുന്നു. 1980കളുടെ തുടക്കത്തില്‍ ഇത്‌ 50 മടങ്ങിലും താഴെയായി. എന്നാല്‍, 1990കളുടെ അന്ത്യത്തില്‍ ഇത്‌ 150-200 ഇരട്ടിയിലേക്ക്‌ തന്നെ മടങ്ങുകയാണുണ്ടായത്‌ ". എല്ലാ തെളിവുകളും സൂചിപ്പിക്കുന്നത്‌ സ്ഥിതി കൂടുതല്‍ വഷളാവുകയാണെന്നാണ്‌.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ സി.ഇ.ഒമാരുടെ വേതനത്തെ സംബന്ധിച്ച്‌ നടത്തിയ വളരെ മൃദുവായ പരാമര്‍ശത്തോടുള്ള വ്യവസായികളുടെ പ്രതികരണം ഈ വിശേഷാവകാശങ്ങള്‍ എത്ര ആഴത്തില്‍ വേരൂന്നിയിരിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു. മിക്കവാറും എല്ലാ പത്രങ്ങളുടെയും മുഖപ്രസംഗങ്ങള്‍ ഡോ. സിങ്ങിനെതിരെ ശക്തമായി ആഞ്ഞടിക്കുകയുണ്ടായി.

അങ്ങനെയിരിക്കെ, സമ്പത്തിന്റെ കേന്ദ്രീകരണത്തെ സംബന്ധിച്ച്‌, അടുത്തകാലത്ത്‌ വന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭേദപ്പെട്ട ലേഖനം, മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ എക്സിക്യുട്ടീവ് ഡയറക്ടറില്‍ നിന്നാണ് ഉണ്ടായത് എന്നത്‌ അസാധാരണവും ശ്രദ്ധേയവുമാണ്‌. (ദി ഇക്കണോമിക്‌ ടൈംസ്‌, 2007 ജൂലൈ 9).

ശ്രീ ചേതന്‍ ആഹ്യ എഴുതുന്നു,

" ആഗോളവല്‍ക്കരണത്തിന്റെയും ഉദിച്ചുയരുന്ന മുതലാളിത്തത്തിന്റെയും ഫലമായി ഏറിവരുന്ന അസമത്വം സൃഷ്ടിക്കുന്ന സമൂഹികസമ്മര്‍ദ്ദം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വര്‍ദ്ധിച്ചുവരുന്നതായി ഞങ്ങള്‍ വിശ്വസിക്കുന്നു ". "വര്‍ദ്ധിച്ചുവരുന്ന അസമത്വത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന വര്‍ദ്ധമാനമായ സാമൂഹ്യ വെല്ലുവിളികള്‍ " (rising social challenges on account of rise in inequality) ഉല്‍ക്കണ്ഠയുളവാക്കുന്ന പ്രവണതയായി അദ്ദേഹം കാണുന്നു. സമ്പത്തിന്റെ കാര്യത്തില്‍ "അസമത്വത്തിന്റെ അന്തരം കടുത്തതാണ്‌..കഴിഞ്ഞ നാല്‌ വര്‍ഷക്കാലത്ത്‌ സമ്പത്തിന്റെ വളര്‍ച്ച 1 ട്രിലന്‍ ഡോളറില്‍ (മൊത്തം ആഭ്യന്തര ഉല്‌പാദനത്തിന്റെ(GDP)100 ശതമാനത്തേക്കാള്‍ കൂടുതല്‍) അധികമാണെന്നു ഞങ്ങളുടെ വിശകലനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ സിംഹഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത്‌ സമൂഹത്തിലെ ഒരു ന്യൂനപക്ഷത്തിലാണ്‌" , അദ്ദേഹം പറയുന്നു. നാം സ്വീകരിക്കുന്ന ഇത്തരം നയസമീപനങ്ങള്‍ കൃഷിക്കാരുടെയും പ്രത്യേക സാമ്പത്തിക മേഖലയുടെയും കാര്യത്തിലുണ്ടായ പോലെ, "സാമൂഹികവും രാഷ്ട്രീയപരവുമായ ഒരു പൊട്ടിത്തെറിയിലേക്ക് “ കൊണ്ടെത്തിക്കുമെന്നു എത്രയും ശരിയായി ആഹ്യ വിലയിരുത്തുന്നു.

ഘടനാപരമായ അസമത്വങ്ങള്‍

ഇതെല്ലാം സംഭവിക്കുന്നത്‌ ഗ്രാമീണ ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഘടനാപരമായ അസമത്വങ്ങള്‍ക്കു മുകളിലാണ് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. 60 വര്‍ഷമായിട്ടും ഇന്നും ഭൂമിയുടെ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. വനഭൂമിയുടെയും വെള്ളത്തിന്റെയും അവകാശങ്ങളുടെ കാര്യത്തിലും വെറുക്കപ്പെടേണ്ട ജാതി-ലിംഗ വിവേചനങ്ങളുടെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി. ഘടനാപരമായതും അല്ലാത്തതുമായ അസമത്വങ്ങള്‍ പരിഹരിക്കാന്‍ നാം ഒരിക്കലും ശ്രമിച്ചില്ല. ഇപ്പോളാവട്ടെ, അവയെ കൂടുതല്‍ വഷളാക്കാന്‍ നമ്മള്‍ കഠിനാദ്ധ്വാനം ചെയ്യുന്നു.

പരിഷ്ക്കരണങ്ങള്‍ തുടങ്ങുന്ന കാലഘട്ടത്തില്‍ പോലും ഗ്രാമീണ ജനസംഖ്യയുടെ ഏറ്റവും താഴേയുള്ള പകുതിക്ക്‌ ഉണ്ടായിരുന്നത് മൊത്തം ഭൂമിയുടെ 3.5 ശതമാനത്തില്‍ താഴെ ഉടമസ്ഥത മാത്രമാണ്‌ . മേല്‍ത്തട്ടിലെ 10 ശതമാനം കുടുംബങ്ങള്‍ 50 ശതമാനത്തിലധികം ഭൂമിയുടെ ഉടമകളായിരുന്നു . അതാകട്ടെ മൊത്തം ഭൂമിയുടെ കാര്യമെടുക്കുമ്പോഴാണ്. ജലസേചനസൌകരമുള്ള ഭൂമിയുടെ കാര്യമെടുത്താല്‍ ചിത്രം കൂടുതല്‍ ഭയാനകമാണ്‌. പ്രത്യുല്‍പാദനക്ഷമതയുള്ള ആസ്തികളും (productive assets) കൂടി കണക്കിലെടുത്താല്‍ സ്ഥിതി അതിലും മോശമാണ്. ഒരു അനുമാനമനുസ്സരിച്ച് ‍, 85 ശതമാനത്തിലധികം ഗ്രാമീണകുടുംബങ്ങള്‍ ഒന്നുകില്‍ ഭൂരഹിതരാണ്‌, അല്ലെങ്കില്‍ നാമമാത്ര കര്‍ഷകരോ, ചെറുകിട കര്‍ഷകരോ (sub marginal or marginal) ആണ്‌.

15 വര്‍ഷത്തിനിടയില്‍ പ്രസ്തുത സ്ഥിതി മെച്ചപ്പെടുത്തുന്ന യാതൊന്നും സംഭവിച്ചിട്ടില്ല. എന്നു മാത്രമല്ല, സംഗതി കൂടുതല്‍ വഷളാക്കാനുതകുന്ന പലതും സംഭവിച്ചിട്ടുണ്ടുതാനും.

ഗ്രാമീണ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള നമ്മുടെ കാര്‍ഷികനയങ്ങളുടെ ദിശ വളരെ സ്പഷ്ടമാണ്. കൃഷി കര്‍ഷകരുടെ കയ്യില്‍നിന്നും എടുത്ത്‌ മാറ്റി വന്‍കിട കോര്‍പറേഷനുകളെ ഏല്പിക്കുക. എല്ലാ നീക്കങ്ങളും എല്ലാ നയങ്ങളും ഈ ആശയത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ മാത്രം ലക്ഷ്യം വച്ചുള്ളതാണ്‌. നമ്മുടെ ചരിത്രത്തിലെ ഏറ്റവും വലിയ പറിച്ചെറിയലുകള്‍ക്ക്‌ നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്‌. ഒരു അണക്കെട്ടിന്റെ ക്യാച് മെന്റ് ഏരിയയിലോ ഖനി പ്രദേശത്തോ അല്ല ഇത്‌ സംഭവിക്കുന്നത്‌. കൃഷിസ്ഥലങ്ങളിലാണിത്‌ സംഭവിക്കുന്നത്‌. കൃഷിഭൂമിയില്‍നിന്ന്‌ അതിവേഗം നിഷ്ക്കാസിതരാക്കപ്പെടുന്ന ദശലക്ഷങ്ങളെ എന്തുചെയ്യുമെന്ന്‌ നമുക്കൊരു എത്തും പിടിയുമില്ല. ടാങ്കുകളും ബുള്‍ഡോസറുകളും ഉപയോഗിച്ചല്ല നാമിത് ചെയ്യുന്നത്‌. ചെറുകിട സ്ഥലമുടമകള്‍ക്ക് കാര്‍ഷികവൃത്തി അസാദ്ധ്യമാക്കുക മാത്രമാണ്‌ നാം ചെയ്യുന്നത്‌.

പക്ഷെ ജീവിതമാര്‍ഗ്ഗം നശിപ്പിക്കപ്പെടുന്നവര്‍ക്ക്‌ വേറൊരു വഴിയും ചൂണ്ടിക്കാണിക്കാന്‍ നമുക്കാവുന്നുമില്ല.

ആദ്യ ദശാബ്ദങ്ങള്‍ പ്രതീക്ഷയുടെ ദശാബ്ദങ്ങളായിരുന്നു. മതിപ്പുളവാക്കുന്നതല്ലെങ്കില്‍ക്കൂടി ഗണ്യമായ പുരോഗതിയുണ്ടായിരുന്നു, അന്ന്‌ . സാക്ഷരതയില്‍, ആയുര്‍ദൈര്‍ഘ്യത്തില്‍,അതുപോലുള്ള മാനവശേഷി വികസന സൂചികകളില്‍. "ഇന്ത്യ അവളുടെ ഗ്രാമങ്ങളിലാണ്‌ ജീവിക്കുന്നത് ‌" എന്ന വിചാരമെങ്കിലുമുണ്ടായിരുന്നു. യുദ്ധത്തിന്റെ അവസരത്തിലാണെങ്കില്‍ പോലും, ദേശത്തിന്റെ ഭാവനയെ ഉണര്‍ത്തിയ മുദ്രാവാകമാണ്‌, "ജയ്‌ ജവാന്‍, ജയ്‌ കിസാന്‍" . രാഷ്ട്രത്തിന്റെ ഭാവി ചുമലിലേന്തുന്നവന്‍ എന്നായിരുന്നു കൃഷിക്കാരനെ അല്ലെങ്കില്‍ കൃഷിക്കാരിയെ കണ്ടിരുന്നത്‌. (സാമാന്യമായി കൃഷിക്കാരനെ എന്നേ പറയാറുള്ളൂ , എന്തെന്നാല്‍, ഇന്നും സ്ത്രീക്ക്‌ സ്വത്തവകാശം നിഷേധിക്കപ്പെടുന്നുവെന്നു മാത്രമല്ല സമൂഹം സ്ത്രീകളെ 'കൃഷിക്കാരായി' കാണുന്നുമില്ല). എന്തായാലും അത്തരമൊരു പ്രതിച്ഛായയാണ് നാം കൃഷിക്കാരന് കല്പിച്ചു നല്‍കിയത്.

ഇന്ന് ,സ്വാതന്ത്ര്യത്തിന്റെ അറുപത്‌ വര്‍ഷം പിന്നിടുമ്പോള്‍ ഗ്രാമീണ ഇന്ത്യ ആകെ താറുമാറായിരിക്കുന്നു.

ഹരിതവിപ്ലവത്തിന്‌ തൊട്ടുമുമ്പുണ്ടായിരുന്നത്ര കഠിനമായ കാര്‍ഷിക പ്രതിസന്ധി നടമാടുകയാണ്‌, എങ്ങും. പക്ഷെ, സമ്പന്നരുടേയോ മാധമങ്ങളുടെയോ ശ്രദ്ധ അധികനേരം ഇതില്‍ പതിയുന്നില്ല. കൃഷിയില്‍ നിന്നുള്ള വരുമാനം തകര്‍ന്നു കഴിഞ്ഞു. പട്ടിണി വളരെ വേഗം പടരുന്നു. കാര്‍ഷികമേഖലയിലെ സര്‍ക്കാര്‍ നിക്ഷേപം ചുരുങ്ങി ചുരുങ്ങി നിശ്ശേഷം ഇല്ലാതായിട്ട് നാളുകള്‍ ഏറെയായി. കാര്‍ഷിക രംഗത്തെ തൊഴില്‍ അവസരങ്ങള്‍ ദ്രുതഗതിയില്‍ കുറഞ്ഞു വരുന്നു. കാര്‍ഷികേതര തൊഴിലുകളും മുരടിപ്പിലാണ്‌. (ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം മാത്രമാണ്‌ അടുത്തകാലത്ത്‌ ഒരു പരിധി വരെയെങ്കിലും ആശ്വാസമെത്തിക്കുന്നത്‌).

ദശലക്ഷങ്ങള്‍ പട്ടണങ്ങളിലേക്കും വന്‍നഗരങ്ങളിലേക്കും നീങ്ങുകയാണ്‌, എന്നാല്‍ അവിടെയും തൊഴിലില്ലെന്നതാണവസ്ഥ. കൃഷിക്കാരനുമല്ല തൊഴിലാളിയുമല്ല എന്ന അവസ്ഥയിലേക്ക്‌ അനേകങ്ങള്‍ മാറുകയാണ്‌. ചില്ലറ പണികള്‍ ചെയ്യുന്നവരോ വീട്ടുജോലിക്കാരോ ആയ ഒരു വലിയ വൃന്ദം. ( ദില്ലിയില്‍ ഇത്തരം ജോലിചെയ്യുന്ന രണ്ട്‌ ലക്ഷത്തോളം പെണ്‍കുട്ടികള്‍ ജാര്‍ഖണ്ഡില്‍ നിന്ന്‌ മാത്രം എത്തിയിട്ടുണ്ടെന്നാണ്‌ ഏകദേശ കണക്ക്‌).

കടക്കെണി ലക്ഷക്കണക്കിന് കൃഷിക്കാരെ പാപ്പരാക്കിയിരിക്കുന്നു.

ചിലവേറിയ നാണ്യവിളകളുടെ കൃഷിയിലേര്‍പ്പെടാന്‍ അവരെ പ്രോത്സാഹിപ്പിച്ചതുകൊണ്ടും അതിലടങ്ങിയ അപകടസാധ്യതയിലേക്ക്‌ അവരെ നിര്‍ബന്ധപൂര്‍വം തള്ളി വിട്ടതുകൊണ്ടുമാണ് ഇങ്ങനെ സംഭവിച്ചത് ‌. 2003-04-ല്‍ കേരളത്തില്‍ ഒരേക്കര്‍ വാനില കൃഷിക്ക്‌ ഒരേക്കര്‍ നെല്‍ക്കൃഷിക്ക്‌ ചിലവാകുന്നതിന്റെ 15-20 ഇരട്ടി ചിലവ്‌ വരുമായിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെ വാനില കൃഷി ചെയ്യാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുകയാണ്‌ ചെയ്തത്‌. വാനിലയുടെ വിലയുമിടിഞ്ഞു, വായ്പയുടെ ലഭ്യതയും ഇല്ലാതായി.

അനേകം കര്‍ഷകര്‍ അവരുടെ ജീവനൊടുക്കുന്നതിലാണ് ഇത് കലാശിച്ചത്.

കൃഷിക്കാരുടെ താല്പര്യങ്ങള്‍ക്ക് തീര്‍ത്തും അനുകൂലമല്ലാത്ത ഡബ്ലിയുടി.ഒ അനുവദിക്കുന്ന സംരക്ഷണനടപടികള്‍ പോലുമെടുക്കുന്നതില്‍ നാം പരാജയപ്പെട്ടു. പരുത്തിപോലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക്‌ നമ്മുടെ കൃഷിക്കാര്‍ക്ക്‌ കിട്ടുന്ന വില വിളവെടുപ്പുകാലം അവസാനിക്കുന്നതോടെ ഇടിയുന്നു. 2001-02-ല്‍ മാത്രം ദശലക്ഷത്തിലധികം ബയില്‍ പരുത്തി ഈ രാജ്യത്തിലേക്ക്‌ കൊണ്ടുവന്നു തള്ളാന്‍ അമേരിക്കന്‍ പരുത്തി കര്‍ഷകര്‍ക്ക് ലഭിച്ച വന്‍ സബ്‌സിഡി സഹായകമായി. ഇതു തടയാന്‍ നമുക്ക് ചുങ്കം വര്‍ദ്ധിപ്പിക്കാമായിരുന്നുവെങ്കിലും നാമതു ചെയ്തില്ല. മറ്റൊരു 30000 H1B വിസകള്‍ക്ക്‌ പകരമായി നാം സന്തോഷപൂര്‍വം നമ്മുടെ പട്ടിണിപ്പാവങ്ങളുടെ താല്പര്യങ്ങള്‍ വിറ്റു എന്നതാണ് യാഥാര്‍ത്ഥ്യം.

1993 നു ശേഷം 1,12,000-ത്തിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നാണ്‌ സര്‍ക്കാര്‍ നമ്മളോട്‌ പറയുന്നത്‌.

യഥാര്‍ഥ കണക്കില്‍ നിന്നും വളരെ കുറവാണെങ്കിലും ഈ സംഖ്യയും അത്ര മോശമല്ല. കടം കയറിയതിനെത്തുടര്‍ന്നുള്ള ആത്മഹത്യകളാണിവയെല്ലാം. കഴിഞ്ഞ ദശാബ്ദത്തില്‍ കാര്‍ഷിക കടം ഏതാണ്ട്‌ ഇരട്ടിച്ചതായി നാഷണല്‍ സാമ്പിള്‍ സര്‍വ്വേ നമ്മോട്‌ പറയുന്നു.

ഇതിനര്‍ത്ഥം ഒരു ചെറുത്തുനില്‍പ്പുമില്ലെന്നല്ല, ഒരു ശബ്ദവുമുയരുന്നില്ലെന്നല്ല.

ഇലക്ഷനുകളായ ഇലക്ഷനുകളിലെല്ലാം ജനങ്ങള്‍ അവരുടെ ഗവണ്‍മെന്റുകളോടും നമ്മളെല്ലാവരോടും പറയുന്നുണ്ട്‌. പ്രതിഷേധത്തിനു മേല്‍ പ്രതിഷേധത്തോടെ. അതുപോലെ, നല്ല കാര്യങ്ങളും സംഭവിക്കുന്നുണ്ട്‌. ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം പോലെ. എന്നാല്‍, ഈപോക്ക്‌ വലിയൊരളവോളം ആകുലപ്പെടുത്തുന്നതാണ്‌. വന്‍ തകര്‍ച്ചയിലേക്കാണത്‌ നീങ്ങുന്നത്‌, അത്യാഹിതം ഇതിനകം തന്നെ സംഭവിച്ചുകഴിഞ്ഞു.

എന്നിട്ടും നമ്മള്‍, 15 ലക്ഷം രൂപയുടെ സെല്‍ഫോണ്‍ നമ്പറിലാണ്‌ താല്‌പര്യം കാണിക്കുന്നത്‌.

ഒരുപക്ഷേ അതിലൊരു പോയിന്റുണ്ടാകാം. ആ ഫാന്‍സി നമ്പര്‍ വാങ്ങിച്ചിട്ടുള്ളത്‌ കടം കിട്ടിയ കാശുകൊണ്ടാണത്രെ.

അതെ, ഈ അസമത്വത്തില്‍ നാം അര്‍മാദിക്കുന്നത് ആരോടൊക്കെയോ ഇരന്നു വാങ്ങിയ സമയം ഉപയോഗിച്ചാണ്.

(പരിഭാഷ: ശ്രീ. കെ.എസ്. രവീന്ദ്രന്‍‍ )

(കടപ്പാട്: ഹിന്ദു ദിനപ്പത്രം, ആഗസ്റ്റ് 9.2007, ഇന്ത്യാടുഗതര്‍ വെബ് സൈറ്റ്)