Thursday, May 8, 2008

അക്ഷയതൃതീയയും കേരള മനസ്സും

വൈശാഖമാസത്തിലെ കറുത്തവാവ് കഴിഞ്ഞുള്ള മൂന്നാംദിനമാണ് അക്ഷയതൃതീയ. അന്നുചെയ്യുന്ന പുണ്യകര്‍മങ്ങള്‍ക്ക് ക്ഷരം (ക്ഷയം) ഉണ്ടാകില്ല എന്നാണ് വയ്പ്. കേരളീയര്‍ മുമ്പ് അക്ഷയതൃതീയയെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നില്ല. അതൊരു ഉത്തരേന്ത്യന്‍ പുണ്യദിനമായിരുന്നു. അന്നുനടത്തിയിരുന്ന പുണ്യകര്‍മങ്ങളില്‍ പ്രമുഖം ശൈശവവിവാഹമായിരുന്നു. അഞ്ചുവയസ്സുള്ള ആകുട്ടിയെയും നാലുവയസ്സുള്ള പെകുട്ടിയെയും തമ്മില്‍ കല്യാണം കഴിപ്പിക്കാന്‍ ഇതില്‍പ്പരം നല്ല വേറേത് ദിനമാണുള്ളത്! ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ശൈശവവിവാഹം നിരോധിച്ചെങ്കിലും രഹസ്യമായി അതിന്നും നിലനില്‍ക്കുന്നു. രാജസ്ഥാനില്‍നിന്നും മറ്റും അത്തരം വാര്‍ത്തകള്‍ വരാറുണ്ടല്ലോ. ചെന്നൈയിലെ സ്വര്‍ണവ്യാപാരികള്‍ ഏതാനും വര്‍ഷംമുമ്പ് ഒരു ഗംഭീരകണ്ടുപിടിത്തം നടത്തി. അക്ഷയതൃതീയനാള്‍ സ്വര്‍ണം വാങ്ങിയാല്‍ പിന്നെ ഐശ്വര്യം വീടുവിട്ടുപോവില്ല. (സ്വര്‍ണം വാങ്ങുന്നതിനേക്കാള്‍ വലിയ മറ്റെന്തു പുണ്യകര്‍മമാണുള്ളത്!) ഈ കണ്ടുപിടിത്തം മാധ്യമങ്ങള്‍ക്കു വളരെ ഇഷ്ടപ്പെട്ടു. സ്വര്‍ണക്കടകളുടെ വമ്പന്‍പരസ്യങ്ങള്‍ പത്രത്താളുകളിലും ടിവി സ്ക്രീനിലും നിരന്നു. അക്ഷയതൃതീയയുടെ മഹത്വം വര്‍ണിക്കുന്ന ലേഖനങ്ങളും വാര്‍ത്തകളും തുടരെ പ്രത്യക്ഷപ്പെട്ടു. അങ്ങനെ തെക്കെഇന്ത്യയിലേക്ക് സ്വര്‍ണക്കച്ചവടരൂപത്തില്‍ അക്ഷയതൃതീയ കടന്നുവന്നു.

കേരളത്തിലെ വ്യാപാരികള്‍ ആ വര്‍ഷം അല്‍പ്പം ഇളിഭ്യരായി. സ്വര്‍ണക്കൊതി ഇത്രയേറെയുള്ള ഒരിടത്ത് വളരെക്കാലം കച്ചവടം നടത്തിയിട്ടും ആദ്യം തങ്ങള്‍ക്കിതു തോന്നിയില്ലല്ലോ എന്നതിലായിരുന്നു അവരുടെ ലജ്ജ. പിന്നെ ഒട്ടും താമസമുണ്ടായില്ല. അടുത്തവര്‍ഷം അവര്‍ പ്രബുദ്ധകേരളത്തില്‍ ഒരു 'ബ്ളിറ്റ് സ്ക്രീഗ്'തന്നെ നടത്തി. മാധ്യമങ്ങള്‍ക്ക് കൈയയച്ചു സഹായം നല്‍കി; മാധ്യമങ്ങള്‍ തിരിച്ചും. അങ്ങനെ ജനങ്ങള്‍ക്ക് കാര്യത്തിന്റെ ഗൌരവം തികച്ചും ബോധ്യപ്പെട്ടു. അവര്‍ സ്വര്‍ണക്കടകള്‍ക്കുമുന്നില്‍ ക്യൂ നിന്നു. ആദ്യവര്‍ഷം അറിയാതെ പോയവര്‍കൂടി പിറ്റേവര്‍ഷം എത്തിയപ്പോള്‍ ക്യൂ നീണ്ടു. കൈയില്‍ കാശില്ലാത്തവര്‍ കടംവാങ്ങി സ്വര്‍ണക്കടകളിലെത്തി. കോഴിക്കോട്ട് ചില കടകള്‍ക്കു മുന്നിലെ ക്യൂ രാത്രി ഏറെ വൈകിയിട്ടും തീരാത്തതിനാല്‍ ബുദ്ധിമാന്മാരായ കടയുടമകള്‍ ഒരു കാര്യംചെയ്തു: എല്ലാവര്‍ക്കും കടയുടെ സീല്‍പതിച്ച ഓരോ ചീട്ടു നല്‍കി. എന്നിട്ടുപറഞ്ഞു, നാളെ വന്നു വാങ്ങിക്കോളൂ, ഇന്നത്തെ പുണ്യം ഉറപ്പ്. ജനം സംതൃപ്തിയോടെ തിരിച്ചുപോവുകയും പിറ്റേന്നുവന്ന് സ്വര്‍ണവും പുണ്യവും കൈപ്പറ്റുകയുംചെയ്തു.

ഒരു സ്വര്‍ണവ്യാപാരശൃംഖലയുടെ ഉടമ ഈ വര്‍ഷം ഇതാ പരസ്യം ചെയ്തിരിക്കുന്നു, അങ്ങനെ ചീട്ടുവാങ്ങിയാലൊന്നും പുണ്യം കിട്ടില്ല; അതിന് അക്ഷയതൃതീയനാള്‍തന്നെ വാങ്ങണം. പക്ഷേ, വ്യാപാരികള്‍ ഒരു ഉപകാരംചെയ്തു. ഇക്കുറി 'തൃതീയ' രണ്ടുദിവസമാക്കി. ശരിക്കും തൃതീയ മെയ് എട്ടിനാണ്. ദ്വിതീയകൂടി അവര്‍ തൃതീയയില്‍പെടുത്തി ഏഴും എട്ടും തൃതീയയാക്കി. ചിരിക്കാന്‍ ഏറെവകയുള്ളകാര്യം. പ്രബുദ്ധകേരളത്തിന്റെ ഒരവസ്ഥയേ! കേരളം അഭിമാനത്തോടെ നെഞ്ചേറ്റിയിരുന്ന ശാസ്ത്രബോധവും യുക്തിബോധവും എവിടെപ്പോയി?

എന്താണ് വൈശാഖമാസത്തിലെ 'മൂന്നാംപിറ'യ്ക്കൊരു പ്രത്യേകത? ചരിത്രത്തിലെ വിവിധഘട്ടങ്ങളില്‍ മനുഷ്യന്‍ എന്തെല്ലാം തരം കാലഗണനരീതികളാണ് ഉണ്ടാക്കിയിട്ടുള്ളത്! എത്രതരം മാസങ്ങളാണ് നമുക്കുണ്ടായിരുന്നത്! ചന്ദ്രന്‍ ഭൂമിയെ ഒരുവട്ടം ചുറ്റാനെടുക്കുന്ന 27 1/3 ദിവസം ചേര്‍ന്ന ചാന്ദ്രമാസം, (വെളുത്ത/കറുത്ത) വാവുമുതല്‍ അടുത്ത വാവുവരെയുള്ള 29 1/2 ദിവസം ചേര്‍ന്ന മറ്റൊരുതരം ചാന്ദ്രമാസം, സൂര്യന്റെ 'രാശിചാരം' വച്ചുള്ള സൌരമാസം, സൌരമാസവും ചാന്ദ്രമാസവും സംയോജിപ്പിച്ചുള്ള സംയുതിമാസം... അങ്ങനെ പലതരം. ഭാരതീയര്‍ സ്വീകരിച്ച ഒരുതരം സംയുതിമാസഗണനയില്‍ (ശകവര്‍ഷഗണന) വരുന്നതാണ് വൈശാഖമാസം. ആ മാസത്തിനോ അതിലെ കറുത്തവാവിനുശേഷമുള്ള മൂന്നാംദിനചന്ദ്രനോ ഒരു പ്രത്യേകതയുമില്ല. സ്വര്‍ണവുമായും ഐശ്വര്യവുമായും അതിന് ബന്ധവുമില്ല.

ലോകത്ത് സാമ്പത്തികാഭിവൃദ്ധി നേടിയ ഒരു രാജ്യവും (സ്വര്‍ണം വിറ്റു കാശുണ്ടാക്കിയ ദുബായ് ഉള്‍പ്പെടെ) അക്ഷയതൃതീയക്ക് സ്വര്‍ണം വാങ്ങിയിട്ടല്ല വളര്‍ന്നത്. അഥവാ അങ്ങനെ ഐശ്വര്യം കിട്ടുമെന്നുണ്ടെങ്കില്‍ നമ്മുടെ സര്‍ക്കാര്‍തന്നെ ദരിദ്രര്‍ക്ക് അക്ഷയതൃതീയനാള്‍ സ്വര്‍ണം വാങ്ങാന്‍ കാശുകൊടുക്കണം. അവര്‍ സ്വര്‍ണം വാങ്ങി ഐശ്വര്യം നേടട്ടെ. പിന്നെ സൌജന്യറേഷനും സൌജന്യ ചികിത്സയും സൌജന്യവിദ്യാഭ്യാസവും ഒന്നും വേണ്ടിവരില്ലല്ലോ. കേരളത്തില്‍ വിശ്വാസവും ആത്മീയതയുമെല്ലാം കച്ചവടത്തിനുള്ള ചരക്കായി മാറുകയാണ്. ജന്മനക്ഷത്രക്കല്ലുകള്‍, ധനാഗമനയന്ത്രങ്ങള്‍ (ഒരുതരം ഉറുക്ക്), വശീകരണയന്ത്രങ്ങള്‍ തുടങ്ങി അനേകം അത്ഭുതവസ്തുക്കളുടെ പരസ്യങ്ങള്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. വിരലിലണിയുന്ന മോതിരക്കല്ല് ജന്മനക്ഷത്രത്തിനു യോജിച്ചതായാല്‍ ഐശ്വര്യം പിന്നെ ഒഴിഞ്ഞുപോകില്ലെന്നും രോഗങ്ങള്‍ ആക്രമിക്കില്ലെന്നും ജ്യോത്സ്യന്മാര്‍ പറയുമ്പോള്‍ അതു വിശ്വസിക്കാന്‍ ശാസ്ത്രവിദ്യാഭ്യാസം നേടിയ ഒരു കേരളീയന് എങ്ങനെ കഴിയുന്നുവെന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നു. എന്തുകൊണ്ടെന്നാല്‍ രോഗകാരണം എന്തെന്ന് അവര്‍ക്കറിയാം. രത്നക്കല്ലിന്റെ രാസഘടനയും അറിയാം. വിരലിനു പുറത്ത് ധരിച്ച കല്ലിന് രോഗാണുക്കളെ തടയാന്‍ കഴിയുമെന്ന് കരുതാന്‍ ഒരു കാരണവുമില്ല. പക്ഷേ, എന്നിട്ടും സ്വര്‍ണക്കടകളില്‍, ഗ്രഹനിലയും ജന്മനക്ഷത്രവും നോക്കി കല്ല് നിര്‍ദേശിക്കുന്ന ജ്യോത്സ്യന്മാരുടെ സാന്നിധ്യം വര്‍ധിച്ചുവരുന്നു. കാശുകൊടുത്ത് ധനാഗമനയന്ത്രം വാങ്ങി കെട്ടി നടക്കുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നു. ചുരുക്കത്തില്‍, കപടശാസ്ത്രങ്ങള്‍ കേരളത്തില്‍ അരങ്ങുതകര്‍ക്കുകയാണ്.

കേരളം സാക്ഷരതയില്‍ ഏറെ പിന്നിലായിരുന്നകാലത്ത് മന്ത്രവും ബാധയൊഴിപ്പിക്കലും ഹസ്തരേഖാശാസ്ത്രവുമൊക്കെ ഇവിടെ വ്യാപകമായിരുന്നു. എന്നാല്‍ ഇപ്പോള്‍, നാം സമ്പൂര്‍ണ സാക്ഷരത നേടിക്കഴിഞ്ഞപ്പോള്‍, വിദ്യാസമ്പന്നര്‍ക്കായി പ്രത്യേകം ഡിസൈന്‍ചെയ്ത കപടശാസ്ത്രരൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവയുടെ കച്ചവടം പണ്ടത്തെപ്പോലെ ചില്ലറക്കാശിനല്ല. ആഗോളവല്‍കൃതകാലത്തെ വില കൂടിയ ഇനങ്ങളാണവ. കമ്പ്യൂട്ടര്‍ എയ്ഡഡ് ജ്യോത്സ്യം, വീട്ടില്‍ കക്കൂസും കാര്‍പാര്‍ക്കുമൊക്കെ ഉള്‍പ്പെടുത്തിയ 'നവവാസ്തു ശാസ്ത്രം', നാളും ചാന്ദ്രസ്ഥാനവും നോക്കിയുള്ള സ്വര്‍ണ-രത്നവ്യാപാരം, കോണീബയോ ഉല്‍പ്പന്നങ്ങള്‍, അത്ഭുതയന്ത്രങ്ങളും ഉറുക്കുകളും.... എന്തെല്ലാം എന്തെല്ലാം ഉല്‍പ്പന്നങ്ങള്‍. ഒപ്പം, ആത്മശാന്തി വിറ്റുകിട്ടിയ പണംകൊണ്ട് ഹൈടെക് ആശുപത്രികളും ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും പണിത് പുതിയ വാണീജ്യത്തിനു കളമൊരുക്കുന്ന ദൈവങ്ങളും. ഭക്തിയും വിശ്വാസവും എങ്ങനെ ഒരേസമയം കച്ചവടത്തിനും അരാഷ്ട്രീയവല്‍ക്കരണത്തിനും ഉപയോഗിക്കാം എന്ന ഗവേഷണത്തിലാണ് നമ്മുടെ ബുദ്ധിജീവികളില്‍ ഒരു വിഭാഗം. പൌരോഹിത്യവും വ്യാപാരികളും മാധ്യമരംഗത്തെ കുത്തകകളും കൈകോര്‍ത്ത് മുന്നേറുകയാണ്. അതുനോക്കി പകച്ചുനില്‍ക്കാനല്ലാതെ ശക്തമായി പ്രതികരിക്കാന്‍ എന്തുകൊണ്ട് നമുക്കാകുന്നില്ല?

പ്രൊഫ. കെ പാപ്പൂട്ടി, കടപ്പാട്: ദേശാഭിമാനി

Wednesday, May 7, 2008

ദാരിദ്ര്യ ചട്ട്ണി

പ്രശസ്ത സാമൂഹ്യ ശാസ്ത്രജ്ഞനാണ് ഡോ.കണ്‍സ്യൂമര്‍ പിള്ള. പത്താം ക്ലാസ്സില്‍ സാമൂഹ്യശാസ്ത്രം പഠിപ്പിച്ചിരുന്ന ഒരു മാഷിന്റെ മകനാണ്. കഥയില്‍ പിതാവ് അപ്രസക്തനായതുകൊണ്ട് മേല്‍വിലാസം ആവശ്യമില്ല.

ഒരുപാട് നേര്‍ച്ചകാഴ്ച്ചകള്‍ക്കുശേഷം കിട്ടിയ കണ്‍മണിയായതുകൊണ്ടാണ് സത്യസന്ധനായ അധ്യാപകന്‍ മകന് 'കണ്‍സ്യൂമര്‍' എന്ന് പേരിട്ടത്.

കഥയില്‍ കണ്‍സ്യൂമര്‍ പിള്ള പ്രത്യക്ഷപ്പെടുന്നത് പണ്ഡിതന്‍ എന്ന വേഷത്തിലാണ്. പണ്ഡിതന് കരയിലും വെള്ളത്തിലും ഒന്നുപോലെ ജീവിക്കാനറിയാം. ബുദ്ധിയുള്ളതുകൊണ്ട് എന്തുവേഷവും വിദഗ്ദമായി കെട്ടും.

പക്ഷെ പിള്ളക്ക് ആര്‍ത്തി സമകാലിക വിഷയങ്ങളിലാണ്. ഇപ്പോള്‍ ഗവേഷണം വിലക്കയറ്റത്തിലാണ്. കയറുന്ന വിലയെ ഇറക്കിക്കൊണ്ടുവരാന്‍ പിള്ളക്ക് താല്‍പ്പര്യമില്ല. വിലയ്ക്ക് ആടിന്റെ സ്വഭാവമാണെന്ന് പിള്ള കണ്ടെത്തി. പൊക്കമുള്ളിടത്ത് കയറിനില്‍ക്കും. ഈ സിദ്ധാന്തം പുറത്തു വന്നതോടെ ചിലര്‍ 'ആടുപിള്ള' എന്നും അദ്ദേഹത്തെ ആരാധനയോടെ സ്മരിച്ചു.

വിലക്കയറ്റത്തെ സൃഷ്ടിപരമായി സമീപിക്കണമെന്നാണ് പിള്ളയുടെ തിയറി. മനുഷ്യജീവിതത്തില്‍ സങ്കടപ്പെടാന്‍ ഒന്നുമില്ല. കരയാന്‍ വേണ്ടി ദൈവം ഒന്നും തന്നിട്ടില്ല.

മനുഷ്യന്‍ ചിലതൊക്കെ ഒരവസരമാക്കിയെടുത്ത് കരഞ്ഞ് ആഘോഷിക്കുകയാണ്.

സംതൃപ്തമായ ജീവിതം നയിക്കാന്‍ വിലക്കയറ്റത്തെ എങ്ങനെ ഉപയോഗിക്കാം എന്നാണ് കണ്‍സ്യൂമര്‍ പിള്ളയുടെ പുതിയ ഗവേഷണം. ഗവേഷണം പൂര്‍ത്തിയായിട്ടില്ല. എന്നാലും ചോര്‍ന്നു കിട്ടിയത് ചോരാതെ അവതരിപ്പിക്കട്ടെ.

എല്ലാം ദൈവസൃഷ്ടമാണെങ്കില്‍ വിലക്കയറ്റത്തെ മാത്രം അതില്‍നിന്ന് ഒഴിവാക്കേണ്ടതില്ല. തൂണിലും തുരുമ്പിലുമിരിക്കുന്ന ദൈവത്തിന് തീര്‍ച്ചയായും വറ്റല്‍മുളകിലും കൊത്തമല്ലിയിലുമിരിക്കാം.

ചിട്ടയോടെ ജീവിച്ചാല്‍ വിലക്കയറ്റം ആഹ്ലാദകരമാക്കാം.ജീവിതം ആനന്ദപ്രദമാക്കാം.

അതാണ് ആര്‍ട്ട് ഓഫ് ലീ...വിങ്ങ്.

ചെറിയ വ്യായാമം കൊണ്ട് ഇത് സാധിക്കും.

പുലര്‍ച്ചെ എഴുന്നേല്‍ക്കുക. ഉടന്‍ തന്നെ ഇടത്തുകാല്‍ വലത്തുകാലിന്റെ മീതെയും വലത്തുകാല്‍ ഇടത്തുകാലിന്റെ മീതെയും കയറ്റിവെക്കുക. കണ്ണുകള്‍ പാതി അടയ്ക്കുക. പാതി തുറന്നുവെക്കാന്‍ മറക്കരുത്. രണ്ടു മൂക്കും തുറന്ന് ശ്വാസം പതുക്കെ ഉള്ളിലേക്ക് വലിക്കുക. മനസ്സില്‍ നിന്ന് ബാഹ്യ ചിന്തകള്‍ ഓരോന്നായി പുറന്തള്ളുക. പുറത്തുപോകുന്ന ചിന്തകള്‍ ഒരു കടലാസ്സില്‍ ടിക് ചെയ്യുന്നത് നല്ലതാണ്. തള്ളിയ ചിന്തകളെ പിന്നെയും തള്ളുന്നത് ഒഴിവാക്കാനാവും. സമയം ലാഭിക്കാം.

ചിന്തകള്‍ എല്ലാം പോയി എന്ന് ഉറപ്പാക്കിയാല്‍ പതുക്കെ ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കുക. വെജിറ്റേറിയനായി ചിന്തിക്കുന്നതാണ് നല്ലത്.രാവിലെ ആയതുകൊണ്ട് ലൈറ്റ് ഫുഡ് ചിന്തകള്‍ മതി. ആവി പറക്കുന്ന പുട്ട്, പഴം എന്നിങ്ങനെ. നന്നായി കുഴച്ച് ഒരോ ഉരുള വായില്‍ വെക്കുന്നതായി സങ്കല്‍പ്പിക്കുക. പതുക്കെപ്പതുക്കെ ചവച്ചിറക്കുക. ഉമിനീരിന് ഉരുളകളുമായി സല്ലപിക്കാന്‍ സമയം വേണം. അരസികനാവരുത്.

ഇനി മരിച്ചുപോകും എന്ന് തോന്നുമ്പോള്‍ ശ്വാസം പതുക്കെ പുറത്തേക്കു വിടുക.

ഒരാഴ്ച്ച ഇത് ശീലിച്ചാല്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പറ്റുമെന്നു മാത്രമല്ല, വിലക്കയറ്റമില്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലാകുകയും ചെയ്യും.

മറ്റൊരു സാധ്യത വിലക്കയറ്റ ശാന്തിശുശ്രൂഷകളാണ്. രോഗശാന്തി ശുശ്രൂഷയുടെ മറ്റൊരു പതിപ്പ്. ഇതിനു വരുന്നവര്‍ റേഷന്‍കാര്‍ഡ് കൊണ്ടുവരണം. എ പി എല്‍ - ബി പി എല്‍ വ്യത്യാസമില്ല. അല്ലെങ്കിലും എല്ലാം സൃഷ്ടിച്ച ദൈവത്തിനെന്ത് എ പി എല്‍- ബി പി എല്‍?

ശുശ്രൂഷകന്‍ പ്രാര്‍ഥിക്കുമ്പോള്‍ എല്ലാവരും വലത്തു കൈയില്‍ റേഷന്‍ കാര്‍ഡ് ഉയര്‍ത്തിപ്പിടിക്കുക. കണ്ണടച്ച് ദൈവത്തിന്റെ നാമം ഉച്ചത്തില്‍ വിളിച്ചു പറയുക. അപ്പോള്‍ ദൈവിക മഹത്വം ഒരോ റേഷന്‍ കാര്‍ഡിലും പ്രവേശിക്കും.വീട്ടിലെത്തി വേദപുസ്തകത്തിലെ സങ്കീര്‍ത്തനങ്ങള്‍ വായിക്കുക. പച്ചവെള്ളം കുടിച്ച് കിടക്കുക. ചിക്കന്‍ ബിരിയാണി തിന്ന സുഖം കിട്ടും.

അധികം അംഗസംഖ്യയുള്ള വീടാണെങ്കില്‍ ചിലര്‍ ധ്യാനകേന്ദ്രങ്ങളില്‍ പോകുന്നത് നല്ലതാണ്. അത്രയും അരി വീട്ടില്‍ കുറച്ചിട്ടാല്‍ മതി.

വേറൊരു രംഗം സാഹിത്യമാണ്. അതില്‍ത്തന്നെ പ്രധാനം കവിത. വിലക്കയറ്റത്തെക്കുറിച്ച് പൊള്ളുന്ന കവിതകള്‍ വളരെ എളുപ്പം ചുട്ടെടുക്കാം.

സാമ്പിള്‍ ഒന്ന്

മരിച്ചു തീരുമ്പോള്‍
ശവം ചോദിച്ചു
'അരിയെത്ര?'
ആരും ഒന്നും പറഞ്ഞില്ല.
വെള്ളമുണ്ട് പുതച്ച്
സാമ്പ്രാണി പുകയ്ക്കുമ്പോള്‍
ശവം ചോദിച്ചു
'അരിയെത്ര?'
ആരും ഒന്നും പറഞ്ഞില്ല.

കുളിപ്പിക്കാനെടുത്തപ്പോള്‍
ശവം ചോദിച്ചു
'അരിയെത്ര?'
ആരും ഒന്നും പറഞ്ഞില്ല
ചിതക്ക് തീ കൊളുത്താന്‍
വന്നപ്പോള്‍ സഹികെട്ട്
ശവം ഉറക്കെ ചോദിച്ചു
'അരിയെത്ര?'
മന്ത്രം ചൊല്ലുന്ന പൂജാരി
അരിശത്തോടെ പറഞ്ഞു
'.......മോനേ, പയറഞ്ഞാഴി'

അറിയാനുള്ളതെല്ലാം
അറിഞ്ഞ
സന്തോഷത്തോടെ
ശവം നെറ്റിയിലെ
വിയര്‍പ്പു തുടച്ചു.

സാമ്പിള്‍ രണ്ട്

ഘടികാരത്തിലെ
ചത്ത സൂചികള്‍ക്കിടയില്‍ നിന്നും
ഒരു പാറ്റ പറന്നു വന്നു
അതിഥികള്‍ക്കൊരുക്കി വെച്ച
തീന്‍ മേശക്കു ചുറ്റും
ആര്‍ത്തിയോടെ പറന്നു
ക്രാബ് സൂപ്പ്, മട്ടന്‍ കുറുമ,
ചിക്കന്‍ സിക്സിറ്റി, ഫിഷ് മോളി...
എല്ലാം കണ്ട പാറ്റ
ഐസ് ക്രീമില്‍
കുഴഞ്ഞു വീണ് മരിച്ചു.
ഒടുവില്‍
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നു
'പാറ്റക്ക് കാര്‍ഡിയാക്
അറസ്റ്റാ'യിരുന്നു.

ഇമ്മാതിരിയുള്ള കവിത രണ്ടെണ്ണം രണ്ട് നേരം കഴിച്ചാല്‍ വിശപ്പും ദാഹവും മീനച്ചിലാര്‍ പമ്പ വഴി ഗംഗക്കു പോകും.

വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ മുഖ്യസംഭാവന ചെയ്യാവുന്നത് ലേഖകന്മാര്‍ക്കാണ്. ഒറ്റ ലേഖനം മതി ഒരാഴ്ച തലചുറ്റിക്കിടക്കാന്‍. ആഴ്ചപ്പതിപ്പുകള്‍ ഉണ്ടായതു തന്നെ അതിനാണ്. തല നേരെ നില്‍ക്കാന്‍ ചുരുങ്ങിയത് ഏഴുദിവസം വേണം.

ഒറ്റ സാമ്പിള്‍ താഴെ

'കൈമാറ്റ മൂല്യത്തിന്റെ കാര്യ പ്രാപ്തിയില്‍ മൂല്യശോഷണം സംഭവിച്ചതോടെ പ്രത്യക്ഷീഭവിക്കപ്പെട്ട പ്രഹേളികാ പരിസരങ്ങളില്‍നിന്നും പ്രക്ഷാളനം ചെയ്യപ്പെട്ട വിശാല പരിപ്രേക്ഷ്യത്തിലൂടെ......'അങ്ങനെയങ്ങ് ചെന്നാല്‍ എഴുത്തും വായനയുമറിയാവുന്നവരൊക്കെ തലകറങ്ങി വീഴും.

ഒരാഴ്ച നോ ഫുഡ്.

ഒണ്‍ലി ബാര്‍ലി വാട്ടര്‍.

ഭക്ഷണം മനുഷ്യനെ ആര്‍ത്തിയോടെ നോക്കിനില്‍ക്കും. ഇടത്തു കണ്ണ് ഇടക്കിടെ തുടിച്ചുകൊണ്ട് അനുരാഗം അഭിനയിക്കും.

കാത്തിരുന്ന് മടുത്ത ഭക്ഷണം നിത്യ ബ്രഹ്മചാരിയായി തപസ്സിരിക്കും.

കണ്‍സ്യൂമര്‍ പിള്ള പിന്നെ ഗവേഷണം നടത്തിയത് വിലക്കയറ്റ സീസണില്‍ പ്രയോഗിക്കാവുന്ന പാചകവിധിയിലാണ്.

ഒരു സാമ്പിള്‍ താഴെ

ദാരിദ്ര്യചട്ട്ണി

പട്ടിണിക്കാലത്ത് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന സാധനമാണ് ഇത്. രണ്ടാം ലോകയുദ്ധകാലത്തെ സാമ്പത്തിക മാന്ദ്യം നേരിടാന്‍ അമേരിക്ക ഇത്തരം ചട്ട്ണി ധാരാളം പ്രചരിപ്പിച്ചു.

വേണ്ട സാധനങ്ങള്‍

പച്ചമാങ്ങ (ഇരന്നു വാങ്ങിയത്)- രണ്ടെണ്ണം
വെളിച്ചെണ്ണ(കടം വാങ്ങിയത്)-100ഗ്രാം
മുളകുപൊടി (അടിച്ചുവാരിയത്)-ഒരു ടേബിള്‍ സ്പൂണ്‍.
ഉപ്പ്-ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

പച്ചമാങ്ങ തൊണ്ട് കളഞ്ഞ് ഒരിഞ്ചു നീളത്തിലും അരയിഞ്ച് വീതിയിലും അരിഞ്ഞെടുക്കുക.കഷണങ്ങള്‍ നന്നായി ചതയ്ക്കുക. ചതയ്ക്കുമ്പോള്‍ നീളവും വീതിയും കൂടാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതിനുശേഷം ഉപ്പും മുളകും വെളിച്ചെണ്ണയും കൂട്ടി തിരുമ്മുക.

കഴിക്കേണ്ട വിധം

കൈകള്‍ നന്നായി കഴുകിയ ശേഷം വലത്തു കൈയിലെ ചൂണ്ടുവിരലിന്റെ തുമ്പുകൊണ്ട് ദാരിദ്ര്യ ചട്ട്ണിയില്‍ പതുക്കെ ഒന്ന് സ്പര്‍ശിച്ച് നാവില്‍ തൊടുക.

ഹായ്...എന്ത് രുചി!

ഡോ. കണ്‍സ്യൂമര്‍ പിള്ളയുടെ മറ്റു കണ്ടെത്തലുകള്‍ കിട്ടിയിട്ടില്ല. കിട്ടുന്ന മുറയ്ക്ക് അറിയിക്കാം.

*

- ശ്രീ.എം.എം.പൌലോസ്, കടപ്പാട്: ദേശാഭിമാനി വാരിക

Tuesday, May 6, 2008

മുതലാളിത്തം കൂലിവേലക്കാരെ പെറ്റുകൂട്ടുന്നു

മുതലാളിത്തത്തിന്റെ വികാസത്തില്‍ നിര്‍മ്മാണമേഖലയെക്കാള്‍ വളരെവേഗത്തില്‍ സേവനമേഖല വളരുന്നു എന്ന കാര്യം യാഥാര്‍ത്ഥ്യമാണ്. മാര്‍ക്സിന്റെ കാലത്തേക്കാള്‍ എത്രയോ വേഗത്തില്‍ ആണ് കഴിഞ്ഞ 150 കൊല്ലത്തിനിടയില്‍ മുതലാളിത്തം വളര്‍ന്ന് ഒരു ആഗോള വ്യവസ്ഥയായി മാറിയത്. പക്ഷേ സര്‍വ്വീസ് സെക്ടര്‍ വളര്‍ന്നപ്പോള്‍ അവിടുത്തെ തൊഴിലാളി ‘ വൈറ്റ് കോളര്‍’ ആണ്, മാര്‍ക്സ് പറഞ്ഞ നിര്‍മ്മാണ തൊഴിലാളി അല്ല എന്നൊക്കെ പറഞ്ഞ് മാര്‍ക്സിസത്തെ നിഷേധിക്കുന്ന സമീപനം ഉയര്‍ത്തുന്നവരുണ്ട് . അത് ശരിയായ സമീപനമാണെന്ന് തോന്നുന്നില്ല. മാനസികമായി അദ്ധ്വാനിക്കുന്നവര്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഭാഗം അല്ലെന്ന വാദം തന്നെ ശരിയല്ല. സേവനമേഖല വളര്‍ന്നിട്ടുണ്ട്. ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകളിലുള്ള വിസ്‌ഫോടനത്തിന്റെ ഫലമായി സേവനമേഖലയിലെ തൊഴിലിലും തൊഴിലാളികളിലും മാറ്റം വന്നിട്ടുമുണ്ട്. എന്നാല്‍ ഇവിടെവന്ന ഒരു പ്രധാന മാറ്റം സേവനമേഖലയിലെ തൊഴിലാളികളെ മാനുഫാക്‍ചറിംഗ് സെക്ടറിലെ ഓപ്പറേറ്റര്‍ക്ക് തുല്യമാക്കി മാറ്റുന്ന ഒരു സ്ഥിതി വന്നുകൊണ്ടിരിക്കുന്നു എന്നതാണ്.

സേവനമേഖലയില്‍ കമ്പ്യൂട്ടര്‍ വരുന്നതോടുകൂടി , കായികാദ്ധ്വാനം കൂടുതല്‍ സൂക്ഷ്മമായി നടത്തുന്ന യന്ത്രസംവിധാനം കൊണ്ടുവരുന്നതുപോലെ തന്നെ, മാനസികാദ്ധ്വാനം യന്ത്രവല്‍ക്കരിക്കപ്പെടുകയാണ് (അവ തമ്മില്‍ വ്യത്യാസം ഉണ്ടെങ്കിലും യന്ത്രവല്‍ക്കരിക്കപ്പെടുക തന്നെയാണ്). മുമ്പ് ഒരു അക്കൌണ്ടന്റിന് അയാള്‍ തന്നെ ഇരുന്നു കണക്കുകൂട്ടി എല്ലാം ശരിയാക്കണമായിരുന്നെങ്കില്‍, ഇപ്പോള്‍ അയാള്‍ക്ക് കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്ത് ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. നിര്‍മ്മാണമേഖലയില്‍ , ഓട്ടോമൊബൈല്‍ മേഖലയിലെ ഒരു തൊഴിലാളി, അയാളുടെ ജോലി ഒരു യന്ത്രസഹായത്താല്‍ ചെയ്യുന്നത് പോലെത്തന്നെ ഒരു വൈറ്റ് കോളര്‍ തൊഴിലാളി കണക്കുകൂട്ടല്‍ കമ്പ്യൂട്ടറിന്റെ ബട്ടണമര്‍ത്തികൊണ്ട് ചെയ്യുന്നു. ഇങ്ങനെയുള്ള ഒരു മാറ്റം ആധുനിക മുതലാളിത്തത്തിന്റെ വികാസത്തിന്റെ ഭാഗമായി വരുന്നു.

അങ്ങനെയൊരു മാറ്റം വരുന്നതുകൊണ്ട് , ആ മാറ്റത്തിന്റെ ഭാഗമായി മാര്‍ക്സിന്റെ കാലത്ത് എണ്ണത്തില്‍ കൂടുതലായിരുന്ന മാനുഫാക്‍ചറിംഗ് സെക്ടറിലെ തൊഴിലാളികള്‍ വിപ്ലവം നടത്തും, പകരം സേവനമേഖല വികസിച്ചതിന്റെ ഫലമായി വിപ്ലവം നടത്താനുള്ള സാധ്യത മങ്ങുന്നു എന്ന വാദം പൊളിയുകയാണ്. കാരണം കൂടുതല്‍ തൊഴിലാളികള്‍, അല്ലെങ്കില്‍ വൈറ്റ് കോളേഴ്സ് തന്നെ ഓപ്പറേറ്റേര്‍സ് ആയി മാറുന്നു. നിര്‍മ്മാണ മേഖല പോലെ തന്നെ സേവനമേഖലയും മാറുന്നു. മുതലാളിത്ത വികാസം കൂടുതല്‍ കൂടുതല്‍ വരുംതോറും സമൂഹത്തില്‍ അദ്ധ്വാനിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. അദ്ധ്വാനിക്കുന്നവര്‍ മഹാഭൂരിപക്ഷമാവുന്ന ഒരു സാഹചര്യം വരുന്നു. അതുകൊണ്ട് ചൂഷണമില്ലാത്ത വ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍ മാര്‍ക്സ് കണ്ട തൊഴിലാളി വര്‍ഗ്ഗം - അതായത് വസ്തുനിഷ്ഠമായിട്ട് അതിന് താല്‍പര്യമുള്ളവരുടെ എണ്ണം യഥാര്‍ത്ഥത്തില്‍ കൂടുകയാണ്.

ഇപ്പോള്‍ വലിയ പ്രതീക്ഷയായി അവതരിപ്പിക്കുന്നതാണ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്പനികള്‍. ‘മാനുഫാക്ചറിംഗ് സെക്ടര്‍ പോലെയല്ല ഇത്. മാനുഫാക്‍ചറിംഗ് സെക്ടറില്‍ പ്രതിസന്ധിയുണ്ട്. ഐ.ടി. മേഖലയില്‍ അതില്ല’ എന്നാണ് പറഞ്ഞിരുന്നത്. ഈ വാദവും ഇപ്പോള്‍ പൊളിഞ്ഞു കഴിഞ്ഞു. ഐ.ടി. കമ്പനികളില്‍ ജോലിചെയ്യുന്നവര്‍ ആ മേഖലയില്‍ വലിയ വൈദഗ്ദ്ധ്യം നേടിയവരാണ്. തൊഴിലാളിയായി ഇത്തരക്കാരെ പരിഗണിക്കേണ്ടതില്ല എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ നിര്‍മ്മാണ മേഖലയിലെ തൊഴിലാളികള്‍ അവരുടെ സംഘടിതമായ മുന്നേറ്റംകൊണ്ട് നേടിയെടുത്ത വളരെ പരിമിതമായ ആനുകൂല്യങ്ങളോ സംരക്ഷണമോ പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം! അവരുടെ തൊഴില്‍ സമയം നിശ്ചിതമല്ല. രാവിലെ 8 മണിക്ക് പോയാല്‍ രാത്രി 10 മണി വരെ ചിലപ്പോള്‍ ജോലി ചെയ്യേണ്ടി വരുന്നു. കമ്പ്യൂട്ടറിന്റെ മുന്നില്‍ അതുവരെ കുത്തിയിരിക്കേണ്ടതായും വരുന്നു. കമ്പനിയില്‍ നിന്നു നേരത്തേ പോരാന്‍ കഴിഞ്ഞാല്‍ ആ തൊഴിലാളികള്‍ക്ക് കമ്പനികള്‍ ലാപ്‌ടോപ്പും മറ്റും സൌജന്യമായി കൊടുക്കുകയാണ്. ഓഫീസില്‍വെച്ച് ചെയ്തു തീര്‍ക്കാന്‍ പറ്റാത്ത പണി വീട്ടില്‍വെച്ച് ചെയ്യേണ്ടി വരുന്നു. ഒരു പ്രൊജക്ട് ഇത്ര ദിവസത്തിനുള്ളില്‍ ചെയ്തുതീര്‍ക്കണം എന്ന കരാര്‍ അടിസ്ഥാനത്തില്‍ ആണ് ജോലി. ഇതിനായി വലിയ മത്സരമാണ് നടക്കുന്നത്. കാരണം ഈ മേഖലയില്‍ വിദഗ്ദ്ധന്മാരായ തൊഴിലാളികള്‍ വളരെ കൂടുതലാണ്. എന്നാല്‍ അവസരം വളരെ കുറവും.

ഇന്ത്യയില്‍ ഐ.ടി. മേഖലയില്‍ വലിയ മുന്നേറ്റമാണെന്നാണ് ഗവണ്‍മെന്റുകള്‍ പറയുന്നത്. ഇതിന്റെ ഫലമായി ജപ്പാന്‍, അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിലെ ബഹുരാഷ്ട്ര കുത്തകകള്‍ അവരവരുടെ രാജ്യങ്ങളിലെ തൊഴിലാളികളെ പിരിച്ചുവിട്ട്, ഇന്ത്യയെപോലുള്ള മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നാണ് തൊഴിലാളികളെ കണ്ടെത്തുന്നത്. അതാത് രാജ്യങ്ങളിലെ തൊഴിലാളികള്‍ തൊഴില്‍രഹിതരാവും എന്നര്‍ത്ഥം!

സേവനമേഖലയിലും തൊഴിലാളി തൊഴിലുടമ ബന്ധം മുതലാളിത്തവികാസത്തോടു കൂടി വളര്‍ന്നു വരികയാണ്. തല്‍ഫലമായി സേവനതുറകളിലും അദ്ധ്വാനശക്തി വില്‍ക്കുന്ന തൊഴിലാളിയും അതുവാങ്ങി അവരെകൊണ്ട് പണിയെടുപ്പിക്കുന്ന തൊഴിലുടമയുമുണ്ടെന്ന് കാണാം. മാനസികാദ്ധ്വാനത്തിലേര്‍പ്പെടുന്ന വൈറ്റ് കോളര്‍ ആണ് ഇവര്‍. എന്നാല്‍ അവര്‍ വിശാലമായ അര്‍ത്ഥത്തില്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഭാഗമാണെന്നു കാണാം. മനുഷ്യസമൂഹത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ അറിവും സാങ്കേതികവിദ്യയും തുടര്‍ച്ചയായി വളര്‍ന്നു പോന്നിട്ടുണ്ടെന്നും കാണാം. ഒരു പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉല്പാദനം നടത്തുമ്പോള്‍ ആ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്ന യന്ത്രസംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിന് പുതിയ തൊഴിലുകള്‍ സമൂഹത്തില്‍ രൂപപ്പെട്ടു വരികയാണ്; ആ തൊഴിലുകള്‍ ചെയ്യുന്നതിന് തൊഴിലാളിയും. പ്രചാരത്തിലുള്ള ഒരു സാങ്കേതികവിദ്യ കാലഹരണപ്പെടുകയും തല്‍സ്ഥാനത്ത് പുതിയ ഒരു സാങ്കേതികവിദ്യ പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോള്‍ അതിന് ആവശ്യമായ പുതിയ തൊഴിലുകള്‍ സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുകയാണ്. പ്രസ്തുത തൊഴിലുകള്‍ ചെയ്യാന്‍ പ്രാപ്തിയുള്ളവരും മനുഷ്യര്‍ക്കിടയില്‍ നിന്നുണ്ടാവുന്നു. പുതിയ സാങ്കേതികവിദ്യ കൊണ്ടുവന്ന മുതലാളി അതു പ്രവര്‍ത്തിപ്പിക്കാന്‍ പരിചയമുള്ള പുതിയ തൊഴിലാളികളെ ജോലിക്കു വെക്കുകയാണ്. ഇപ്രകാരം പുതിയ സാങ്കേതികവിദ്യ വരുന്നത് മുതലാളിത്തത്തിനുള്ളില്‍ നിരന്തരമായി നടക്കുന്ന ഒരു പ്രക്രിയയാണ്. ഇതിന്റെ ഫലമായി തൊഴിലാളിവര്‍ഗ്ഗം ഇല്ലാതായി വരികയല്ല മറിച്ച് പുതിയ വിഭാഗങ്ങള്‍ കൂടി തൊഴിലാളി വര്‍ഗ്ഗത്തില്‍ അണിചേരുകയാണ് ചെയ്യുന്നതെന്ന് കാണാം.

ഉല്‍പാദനപ്രക്രിയയില്‍ പുതിയ സാങ്കേതികവിദ്യകള്‍ കൂടുതല്‍ കൂടുതലായി ഉപയോഗിക്കുന്നതിന്റെ ഫലമായി വരുന്ന സാമൂഹ്യ പ്രത്യാഘാതം മാര്‍ക്സ് മൂലധനത്തില്‍ പരിശോധിക്കുന്നുണ്ട്. ഉദാഹരണത്തിന് പ്രാചീനകാലങ്ങളിലെ കൈവേലക്കാര്‍ ഏതെങ്കിലും ഒരു ഉല്‍പന്നം പൂര്‍ണ്ണമായി നിര്‍മ്മിക്കുന്നവരായിരുന്നു. സാങ്കേതിക വിദ്യകളും യന്ത്രവല്‍ക്കരണവും പ്രചാരത്തില്‍ വരുന്തോറും കൈവേലക്കാരുടെ സ്ഥാനത്ത് തൊഴിലാളികള്‍ കൂട്ടായി ഉല്‍പന്നം നിര്‍മ്മിക്കുന്ന അവസ്ഥ വരുന്നു. അവര്‍ക്ക് നല്‍കിയ പേര് 'കലക്ടീവ് ലേബര്‍' എന്നാണ്. ഇതിന്റെ ഫലമായി വ്യക്തിയുടെ ഉല്പാദനശേഷി വര്‍ദ്ധിക്കുക മാത്രമല്ല അവര്‍ സഹകരിച്ച് ജോലിചെയ്യുന്നതിന്റെ ഫലമായി ഒരു പുതിയ ശക്തി ഉയര്‍ന്നുവരുന്നു. മാര്‍ക്സ്. ഇതിനെ ‘കലക്ടീവ് പവര്‍ ഓഫ് ദി മാസ്സസ്’ എന്നാണ് നിര്‍വ്വചിക്കുന്നത്. തൊഴിലാളി വര്‍ഗ്ഗത്തെകുറിച്ചുള്ള ഈ സങ്കല്‍പങ്ങള്‍, ആധുനിക കാലത്തും തൊഴിലാളി വര്‍ഗ്ഗത്തെ തിരിച്ചറിയുന്നതിന് സഹായകമാണ്. ഇതെല്ലാം കാണിക്കുന്നത് തൊഴിലാളി വര്‍ഗ്ഗം ആധുനികവികാസപ്രക്രിയയില്‍ ഇല്ലാതായിവരികയല്ല - വര്‍ദ്ധിച്ചു വരികതന്നെയാണ്.

-ശ്രീ.കെ.എന്‍. രവീന്ദ്രനാഥ് ,സംസ്ഥാനപ്രസിഡന്റ്‌, സി.ഐ.ടി.യു.

Monday, May 5, 2008

അങ്കുനങ്ങള്‍; അങ്കുരങ്ങള്‍

ഉണര്‍വ്വ് എന്നാല്‍
ഉറങ്ങാതിരിക്കലല്ല
അത്
ഏറ്റവും പോസിറ്റീവായ
മനോഭാവമാകുന്നു.
ജാഗ്രതയാവുന്നു.

***

കാവല്‍പ്പുരയും
കാവല്‍ഭടന്മാരുമില്ലെങ്കില്‍
‍പ്രത്യയശാസ്ത്രങ്ങള്‍
‍ഉറങ്ങിപ്പോകും
സമൂഹം ജീര്‍ണ്ണിക്കും.

****

ചരിത്രത്തിന്റെ
ചാരിത്ര്യമാണ്
ജനാധിപത്യ സോഷ്യലിസം

****

നവീകരിച്ച മനസ്സിലേ
നവവത്സരമുണരൂ

****

നാലുകെട്ട് ഉണ്ടായിട്ട്
അമ്പതുവര്‍ഷം-
നാലുകെട്ടില്‍ നിന്ന്‌
പുറത്തു കടന്നപ്പോഴൊക്കെ
കര്‍ത്താവിന്
കൈവിറച്ചു.

എങ്കിലും
നാലുകെട്ടില്‍
നവഭാവുകത്വത്തിന്റെ
കേളികൊട്ട് മുഴങ്ങി-
യതോര്‍ക്കുന്നു.

****

സമരം
വര്‍ഗസമരമാവുമ്പോള്‍
ഉദ്യോഗസ്ഥന്‍
തൊഴിലാളിയാകും
സഖാവ്
എന്ന സംജ്ഞയില്‍
സമരം
അടങ്ങിയിരിക്കുന്നതിനാല്‍
സമരസഖാവെന്ന്
വേണ്ട.

****

ദൃശ്യമാദ്ധ്യമങ്ങള്‍
തനതുരാഷ്ട്രീയം
അദൃശ്യമായി
പ്രക്ഷേപിക്കുന്നുണ്ട്.

****

വെളിച്ചത്തെ
വിശ്വസിക്കാവുന്ന
കാലമുണ്ടായിരുന്നു
ഇന്ന്‌
വെളിച്ചം‌പോലും
പലപ്പോഴും വ്യാജമാകുന്നു.

****

കുടുംബസംഗമങ്ങള്‍
കുടുംബത്തിന്റെ
ചുവരുകള്‍ക്കുള്ളില്‍
കുടുങ്ങിപ്പോകാതിരിക്കാനും
കുടുബത്തിന്റെ വ്യാപ്തി
വര്‍ദ്ധിക്കാനും
ഇടയാക്കട്ടെ.

ശ്രീ. വി ബാലചന്ദ്രന്‍, കടപ്പാട് : ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം