നാഗരികതകളുടെ ആവിര്‍ഭാവകാലം മുതല്‍ ഭൂമിക്കുവേണ്ടിയുള്ള പോരാട്ടങ്ങളും ആരംഭിക്കുന്നതായി കാണാം. മേച്ചില്‍പ്പുറങ്ങള്‍ക്കും കൃഷിഭൂമിക്കും ജലസ്രോതസ്സുകള്‍ക്കും വേണ്ടിയിട്ടാണ് ആ പോരാട്ടങ്ങളൊക്കെ നടന്നിട്ടുള്ളത്. ഏതൊരു രാജ്യത്തിന്റെയും ചരിത്രത്തില്‍ ഇത്തരത്തിലുള്ള ചില സംഭവങ്ങള്‍ നടന്നിട്ടുള്ളതായി മനസ്സിലാക്കാന്‍ സാധിക്കും. ഭൂമിയിന്മേല്‍ വ്യക്തമായ ഉടമാബന്ധം വരുന്നതിനു മുമ്പും പിമ്പും ഇത് സംഭവിച്ചിട്ടുണ്ട്. ആക്രമിച്ചു കീഴ്പ്പെടുത്തലുകള്‍ അസാധ്യമായിത്തീര്‍ന്ന ആധുനിക കാലഘട്ടത്തില്‍ ഭൂമിയില്‍ ഉടമസ്ഥത സ്ഥാപിക്കുന്നതിന് മറ്റ് ചില മാര്‍ഗങ്ങളാണ് അവലംബിച്ചിരുന്നത്. കൈവശാവകാശം കൃഷിയുടെ ആരംഭകാലം മുതല്‍ ഉണ്ടായിരുന്നുവെങ്കിലും ഭൂമിയിലെ ഉടമസ്ഥാവകാശവും കൈമാറ്റാവകാശവും സിദ്ധിക്കുന്നതും വളരെ കാലത്തിനുശേഷമാണ്.
ഇന്ത്യയിലെ ഇതര പ്രദേശങ്ങളിലെന്ന പോലെ കേരളത്തിലും ഭൂവുടമസ്ഥത സാമൂഹ്യഘടനയുമായി അഭേദ്യമായി ബന്ധപ്പെട്ടാണ് രൂപപ്പെട്ടുവന്നത്. ഭൂവുടമസ്ഥതയും കൃഷിയുമായി ബന്ധപ്പെട്ടാണ് ഇന്ത്യയിലും കേരളത്തിലും ജാതിസമ്പ്രദായം രൂപപ്പെട്ടത്. ഭൂവുടമസ്ഥതയും കൃഷിയുമെന്ന അടിത്തറയ്ക്ക് കാര്യമായ മാറ്റം വന്നുവെങ്കിലും ജാതിയെന്ന മേല്‍പ്പുര മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു. അതിനാല്‍ ഭൂവുടമാ ബന്ധങ്ങളില്‍ വന്ന മാറ്റം സാമൂഹ്യപരിവര്‍ത്തനത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയെന്ന പരിശോധന ആവശ്യമാണ്.
കേരളത്തില്‍ മൂന്ന് തരത്തിലുള്ള ഭൂവുടമാ ബന്ധങ്ങളാണുണ്ടായിരുന്നത്. ബ്രഹ്മസ്വം, ദേവസ്വം, പണ്ടാരവക / ചേരിക്കല്‍, എന്നിങ്ങനെയായിരുന്നു അത്. ദേവസ്വം ക്ഷേത്രങ്ങളുടെ ഭൂമിയും, ബ്രഹ്മസ്വം പൂജാരിമാരായ ബ്രാഹ്മണരുടെ സ്വത്തും പണ്ടാരവക നാടുവാഴിയുടെ വകയുമായിരുന്നു. തിരുവിതാംകൂര്‍ പ്രദേശത്ത് പണ്ടാരവകയെന്നത് മലബാര്‍ പ്രദേശത്ത് ചേരിക്കല്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇതുകൂടാതെ അമ്പലവാസി ജാതികള്‍ക്ക് ക്ഷേത്രജോലികള്‍ക്ക് പ്രതിഫലമായി നല്‍കിയിരുന്നതാണ് 'വിരുത്തി' ഭൂമി. ഈ കൃഷിഭൂമിയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് ദേവന്‍ മുതല്‍ അമ്പലവാസി വരെയുള്ളവര്‍ നിത്യനിദാനച്ചെലവുകള്‍ നിര്‍വഹിച്ചിരുന്നത്.
ഈ ഭൂവുടമാബന്ധങ്ങളില്‍ ഒരു മാറ്റമുണ്ടാകുന്നത് പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിലാണ്. തിരുവിതാംകൂര്‍ പ്രദേശത്ത് മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ കാലത്തുണ്ടായ അവകാശത്തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഈ മാറ്റത്തിന് തുടക്കം കുറിച്ചത്. രാജാധികാരത്തെ ചോദ്യം ചെയ്തവരില്‍ പ്രമുഖര്‍ നായര്‍ പ്രമാണിമാരായതിനാല്‍ അവര്‍ക്ക് ബദലായി ഇതര മതസ്ഥരെ വളര്‍ത്താനാണ് മാര്‍ത്താണ്ഡവര്‍മ്മ ശ്രമിച്ചത്. അങ്ങനെയാണ് ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഭൂമി പതിച്ചുകിട്ടുന്നത്. രാജാവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പണ്ടാരവക ഭൂമിയാണ് ഇങ്ങനെ പതിച്ചു നല്‍കിയത്. ബദല്‍ ശക്തിയെ വളര്‍ത്തുന്നതിനു പുറമെ കാര്‍ഷിക വികസനത്തിലൂടെ നികുതി പിരിച്ച് ഖജനാവ് നിറയ്ക്കുക എന്ന ഉദ്ദേശവുമുണ്ടായിരുന്നു. ഇവര്‍ക്ക് കൈവശാവകാശം മാത്രമാണ് ഇങ്ങനെ നല്‍കിയത്. ഉടമസ്ഥാവകാശത്തിനു വേണ്ടി അടുത്ത നൂറ്റാണ്ടില്‍ സമരം ചെയ്യേണ്ടതായി വന്നു.
മലബാറിലാകട്ടെ ടിപ്പുവിന്റെ ആക്രമണവും അല്‍പ്പകാലത്തെ ഭരണവുമാണ് മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ടിപ്പുവിന്റെ ആക്രമണത്തെത്തുടര്‍ന്ന് നാടു വിട്ടോടിയ ബ്രാഹ്മണര്‍, നാടുവാഴികള്‍ എന്നിവരുടെ ഭൂമി കൃഷിക്കാര്‍ക്ക് പതിച്ചുനല്‍കി അവരില്‍നിന്നും നേരിട്ട് നികുതി പിരിക്കുകയാണ് ടിപ്പു ചെയ്തത്. അങ്ങനെ മുസ്ലീങ്ങള്‍, തിയ്യര്‍ തുടങ്ങിയ വിഭാഗങ്ങള്‍ ഭൂവുടമസ്ഥരും കൃഷിക്കാരുമായിത്തീര്‍ന്നു. ടിപ്പുവിനെ പരാജയപ്പെടുത്തി ബ്രിട്ടീഷുകാര്‍ അധികാരം സ്ഥാപിച്ചപ്പോള്‍ നാടു വിട്ടോടിയവര്‍ തിരിച്ചുവരികയും അവരെ ഭൂവുടമകളായി ബ്രിട്ടീഷുകാര്‍ അംഗീകരിക്കുകയും ചെയ്തു. സ്വാഭാവികമായും അല്‍പ്പകാലത്തേക്കാണെങ്കിലും ഭൂമിയില്‍ ഉടമസ്ഥാവകാശം കിട്ടിയ മുസ്ലീങ്ങള്‍ (മാപ്പിളമാര്‍) ഇതിനെതിരെ കലാപം ചെയ്തു. ഇതാണ് മലബാറിലെ മാപ്പിള കലാപങ്ങള്‍ക്കു ഹേതുവായതും 1921-ലെ മലബാര്‍ കലാപത്തിലെത്തുകയും ചെയ്തത്.
മലബാര്‍ പ്രദേശത്ത് ഇരുപതാം നൂറ്റാണ്ടുവരെ ഈ ഭൂവുടമാബന്ധം മാറ്റമില്ലാതെ തുടര്‍ന്നു. കൊച്ചിയിലാകട്ടെ തിരുവിതാംകൂര്‍ മാതൃകയില്‍ ഭൂവുടമാബന്ധം സ്ഥാപിക്കുകയാണ് ഉണ്ടായത്.
തിരുവിതാംകൂറില്‍ സാമൂഹ്യപരിവര്‍ത്തനത്തിന് നിദാനമായ തരത്തില്‍ ഭൂവുടമാ ബന്ധങ്ങളില്‍ മാറ്റം വരുന്നത് പത്തൊന്‍പതാം നൂറ്റാണ്ടിലാണ്. മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് ക്രിസ്ത്യന്‍-മുസ്ലീം വിഭാഗങ്ങള്‍ക്ക് കൃഷിക്കായി പണ്ടാരവക ഭൂമി നല്‍കാന്‍ തുടങ്ങിയത് പത്തൊമ്പതാം നൂറ്റാണ്ടായപ്പോഴേക്കും ഈഴവരാദി പിന്നോക്കക്കാര്‍ക്കും ഭൂമി നല്‍കാന്‍ തുടങ്ങി. കൃഷി വികസിപ്പിക്കുകയും അതുവഴി നികുതിയിനത്തില്‍ പിരിവ് നടത്തി ഖജനാവ് നിറയ്ക്കുകയുമായിരുന്നു ഉദ്ദേശം. കൃഷിയിലൂടെയും കുരുമുളക് , മരം എന്നിവകളുടെ കച്ചവടത്തിലൂടെയും തിരുവിതാംകൂര്‍ സമ്പന്നമായതുകൊണ്ടാണ് ഇരുപതാം നൂറ്റാണ്ടില്‍ മിച്ച ബജറ്റ് അവതരിപ്പിക്കാന്‍ രാജഭരണത്തിന് കഴിഞ്ഞത്.
അങ്ങനെ, കൃഷിയിലൂടെയും കച്ചവടത്തിലൂടെയും വളര്‍ന്ന ഒരു നവജാത സമ്പന്ന വിഭാഗം തിരുവിതാംകൂറില്‍ പ്രത്യക്ഷപ്പെട്ടു. ഭൂമിയിലെ കൈവശാവകാശം ഉടമസ്ഥാവകാശമായും കൈമാറ്റാവകാശമായും മാറ്റിയെടുക്കുകയെന്നുള്ളത് ഇക്കൂട്ടരുടെ ആവശ്യമായിരുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണ പ്രദേശങ്ങളില്‍ ഭൂമി വില്‍പ്പനച്ചരക്കായി തീര്‍ന്നത് ഈ ഘട്ടത്തിലായിരുന്നു. ഭൂമിയേയും മറ്റു ചരക്കുകള്‍ പോലെ വില്‍ക്കാനും വാങ്ങാനും കഴിയുമെന്നത് സാമ്പത്തികരംഗത്തും സാമൂഹ്യരംഗത്തും വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്.
കൈവശാവകാശം ഉടമസ്ഥാവകാശമാക്കി മാറ്റുന്നതിനുള്ള പ്രക്ഷോഭങ്ങള്‍ കര്‍ഷകര്‍ തിരുവിതാംകൂറിന്റെ പല ഭാഗത്തും നടത്തി. വളരെക്കാലത്തിനു ശേഷമാണെങ്കിലും അവര്‍ തങ്ങളുടെ ആവശ്യം നേടിയെടുത്തു. അതാണ് തിരുവിതാംകൂര്‍ സര്‍ക്കാര്‍ നടപ്പാക്കിയ പണ്ടാരപ്പാട്ട വിളംബരം. പണ്ടാരവക ഭൂമി കൈവശം വച്ച് അനുഭവിക്കുന്നവര്‍ക്ക് ഉടമസ്ഥാവകാശവും പിന്തുടര്‍ച്ചാവകാശവും കൈമാറ്റാവകാശവും നല്‍കുന്നതാണ് ഈ വിളംബരം. തുടര്‍ന്ന് ജന്മി-കുടിയാന്‍ വിളംബരത്തിലൂടെ ബ്രഹ്മസ്വം ഭൂമിയിലെ കര്‍ഷകനും ഈ അവകാശം ലഭിച്ചു. അങ്ങനെ ഭൂവുടമാബന്ധങ്ങളില്‍ സമഗ്രമായ മാറ്റം വരുന്നതിന് തിരുവിതാംകൂര്‍ സാക്ഷിയായി. ഇതേ കാലഘട്ടത്തില്‍ത്തന്നെയാണ് - 1869-ല്‍ - മൂന്നാറില്‍ മൂവായിരം ഏക്കര്‍ വനഭൂമി വിലയ്ക്കുവാങ്ങി ഒരു ബ്രിട്ടീഷ് മുതലാളി തേയിലക്കൃഷി ആരംഭിച്ചത്. ഇന്ന് കണ്ണന്‍ദേവന്‍ എന്ന പ്രസിദ്ധമായ തേയിലത്തോട്ടത്തിന്റെ തുടക്കം അങ്ങനെയായിരുന്നു.
കൃഷിയായിരുന്നു മുഖ്യ തൊഴിലെന്നതിനാല്‍ കേരളത്തിലെ ജാതിവ്യവസ്ഥ രൂപപ്പെട്ടത് അതിന്റെ അടിസ്ഥാനത്തിലായിരുന്നു. കൃഷിയും കൈവേലകളും കൈത്തൊഴിലുകളും ജാതിയടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തപ്പെട്ടു. ദേവാലയങ്ങളുടെ നടത്തിപ്പും ഭരണവുമായി ബന്ധപ്പെട്ട് ഈ വ്യവസ്ഥ സുശക്തവും ശ്രേണീബദ്ധവുമായ സാമൂഹ്യക്രമമായി തീരുകയായിരുന്നു. എന്നാല്‍ അന്നേവരെ കേരളത്തിന് പരിചിതമല്ലാതിരുന്ന ഒരു കൃഷി ഇവിടേക്ക് കടന്നുവന്നപ്പോള്‍ അത് ജാതിക്ക് അതീതമായ ഒരു തൊഴില്‍ എന്ന സ്ഥിതി സംജാതമാക്കി. കാര്‍ഷികോല്‍പ്പന്നം തന്നെ പ്രതിഫലമായി നല്‍കിയിരുന്ന പഴയ കൃഷിരീതിയില്‍ നിന്ന് വ്യത്യസ്തമായി പണം പ്രതിഫലമായി (കൂലി) നല്‍കുന്ന വ്യവസ്ഥ നിലവില്‍ വന്നു. കൈവശ ഭൂമിക്ക് ഉടമസ്ഥാവകാശവും കൈമാറ്റാവകാശവും അനുവദിക്കുന്ന ഒരു പരിഷ്കാരം നടപ്പാക്കിയതിന്റെ ഫലമായിരുന്നു അത്. പിന്തുടര്‍ച്ചാവകാശവും കൂടി ലഭ്യമായപ്പോള്‍ അനന്തര തലമുറകള്‍ക്കും ഈ അവകാശം വിനിമയം ചെയ്തു കിട്ടി.
എന്നാല്‍ ഈ വിളംബരപ്രകാരം യഥാര്‍ത്ഥ കൃഷിക്കാരനല്ല ഉടമസ്ഥാവകാശം കിട്ടിയത്. പണ്ടാരവക ഭൂമിയോ ദേവസ്വം - ബ്രഹ്മസ്വം - വിരുത്തി ഭൂമിയോ കൈവശം വച്ചിരുന്നവര്‍ക്ക് മാത്രമാണ് ഈ അവകാശം ലഭിച്ചത്. യഥാര്‍ഥ കര്‍ഷകര്‍ വേറെയായിരുന്നു. അവരെ ഒഴിപ്പിക്കാനും, കൂടുതല്‍ പാട്ടം കൊടുക്കുന്നവന് മേല്‍ച്ചാര്‍ത്ത് കൊടുക്കാനും ജന്മിമാര്‍ തയ്യാറായി. അതാണ് ഇരുപതാം നൂറ്റാണ്ടിലെ പാട്ടക്കുടിയാന്മാരുടെ പ്രക്ഷോഭങ്ങള്‍ക്കടിസ്ഥാനം. മലബാര്‍ പ്രദേശത്തെ 'കാണക്കാരും' തിരു-കൊച്ചി പ്രദേശത്തെ ജന്മിമാരും അവരെ സഹായിക്കാന്‍ അതാതിടത്തെ ഭരണകൂടവും എന്നതായിരുന്നു അവസ്ഥ. ഈ പാട്ടക്കുടിയാന്മാരുടെ പ്രശ്നങ്ങളാണ് സ്വാതന്ത്ര്യ സമരകാലത്തും, സ്വാതന്ത്ര്യ ലബ്‌ധിയുടെ ആദ്യവര്‍ഷങ്ങളിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എറ്റെടുക്കുന്നത്. അതിന്റെ ഫലമായാണ് 1957-ലെ ഇ.എം.എസ്. സര്‍ക്കാര്‍ കുടിയൊഴിപ്പിക്കല്‍ നിരോധന നിയമം കൊണ്ടുവന്നതും യഥാര്‍ഥ കൃഷിക്കാരന് ഭൂമിയില്‍ ഉടമസ്ഥാവകാശം ലഭ്യമാക്കുന്ന ഭൂനിയമത്തിലേക്ക് വഴിവെച്ചതും. പ്രസ്തുത നിയമം വഴി ഭൂവുടമകളായിത്തീര്‍ന്നവരുടെ പിന്‍ഗാമികളാണ് ഇന്നത്തെ കര്‍ഷകരും ഭൂവുടമകളും.
ഇതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിനു മുമ്പ് മറ്റൊരു പ്രശ്നത്തിലേക്ക് പ്രവേശിക്കേണ്ടതുണ്ട്. പാട്ടക്കുടിയാന് ഭൂമിയില്‍ ഉടമസ്ഥാവകാശം ലഭ്യമായെങ്കിലും പാടത്ത് പണിയെടുത്തിരുന്ന കര്‍ഷകത്തൊഴിലാളിക്ക് ഒരു സുരക്ഷിതത്വവും ഇല്ലായിരുന്നു. ഇവര്‍ക്കു വേണ്ടിയാണ് കുടികിടപ്പവകാശ നിയമം പില്‍ക്കാലത്ത് പാസാക്കിയതും അതിലേക്ക് വേണ്ടി എ.കെ.ജി.യുടെ നേതൃത്വത്തില്‍ മിച്ചഭൂമി സമരം നടത്തിയതും. ഇന്ന് കേരളത്തില്‍ പലേടങ്ങളിലും നടക്കുന്ന ഭൂസമരങ്ങളെ ഇതുമായി താരതമ്യം ചെയ്യുന്നത് പ്രശ്നത്തെ കൂടുതല്‍ മനസിലാക്കുന്നതിന് സഹായിക്കും.
1957-ലെ കുടിയൊഴിപ്പിക്കല്‍ നിരോധന നിയമത്തിലൂടെ ഭൂവുടമകളായിത്തീര്‍ന്നവരുടെ പിന്‍ഗാമികളില്‍ ഭൂരിപക്ഷവും കൃഷിക്കാരായി തുടരുകയല്ല ചെയ്തത്. അന്നത്തെ ഭൂവുടമകള്‍ മക്കളെ വിദ്യാഭ്യാസത്തിന് അയക്കുകയും അങ്ങനെ വിദ്യാഭ്യാസം ലഭിച്ചവരില്‍ ഭൂരിപക്ഷം പേരും സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ഉദ്യോഗസ്ഥരാവുകയും ചെയ്തു. സ്വാതന്ത്ര്യാനന്തര ദശകങ്ങളില്‍ ഇത്തരം ഉദ്യോഗങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധന മൂലം വിദ്യാഭ്യാസം നേടിയവര്‍ക്ക് മാസാമാസം ശമ്പളം കിട്ടുന്ന തൊഴില്‍ ലഭിച്ചു. അവര്‍ക്ക് സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യാന്‍ സമയമില്ലാതായി; താല്‍പ്പര്യവുമില്ലാതായി. അതോടൊപ്പം തന്നെ നെല്‍കൃഷിപോലുള്ളവ ലാഭകരമായി നടത്താന്‍ കഴിയാത്ത പൊതുസ്ഥിതിയും വന്നു. കൃഷിച്ചെലവ് കൂടിയത്, ഉല്‍പ്പന്നത്തിന്റെ വിലയിടിവ്, വിദഗ്ധ തൊഴിലാളിയെ ലഭിക്കാതായത്, കേരളത്തിലെ നെല്‍വയലുകളുടെ സ്ഥിതിയനുസരിച്ച് യന്ത്രവല്‍ക്കരണം നടപ്പാക്കാന്‍ കഴിയാത്തത് തുടങ്ങി പല കാരണങ്ങള്‍ കൃഷിയോടുള്ള ആഭിമുഖ്യം പുതിയ തലമുറക്കില്ലാതാക്കാന്‍ സാഹചര്യമുണ്ടാക്കി. ഉദ്യോഗസ്ഥര്‍ നഗരങ്ങളിലേക്ക് താമസം മാറ്റി. കൃഷിഭൂമി വില്‍ക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ഉദ്യോഗസ്ഥരായവരും അല്ലാത്തവരും സ്വന്തമായി വീടുണ്ടാക്കാന്‍ തുടങ്ങിയതും അതിലേക്കായി കൃഷിഭൂമി ഉപയോഗിക്കേണ്ടിവന്നതും കൃഷിഭൂമിയുടെ അളവില്‍ കുറവ് വരുത്തി.
ഭൂവുടമസ്ഥതയില്‍ മാറ്റം വരുത്തിയത് സ്വാഭാവികമായും കൂട്ടുകുടുംബ വ്യവസ്ഥയെ തകര്‍ത്തു. തല്‍സ്ഥാനത്ത് അണുകുടുംബങ്ങള്‍ പ്രത്യക്ഷപ്പെട്ടു. കൂട്ടുകുടുംബ വ്യവസ്ഥ ജന്മിത്തത്തിന്റെ സാമൂഹ്യക്രമമാണെങ്കില്‍ അണുകുടുംബ വ്യവസ്ഥ മുതലാളിത്തത്തിന്റെ സാമൂഹ്യക്രമമാണ്. ഭൂവുടമസ്ഥതയിലും കാര്‍ഷികരംഗത്തും വന്ന മാറ്റങ്ങള്‍ ജാതിവ്യവസ്ഥയിലും മാറ്റം വരുത്തി. തേയില, റബ്ബര്‍, കാപ്പി, എണ്ണപ്പന തുടങ്ങിയ കൃഷികള്‍ ജാതിവ്യവസ്ഥയ്ക്ക് വിധേയമായിട്ടല്ല പ്രവര്‍ത്തിക്കുന്നത്. മൂലധന നിക്ഷേപത്തിലൂടെയും യന്ത്രവല്‍ക്കരണത്തിലൂടെയും നിലവില്‍ വന്ന വ്യവസായങ്ങളും ജാതി ചട്ടങ്ങള്‍ക്കതീതമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി ഉല്‍പ്പാദനം, ഗതാഗതം, പത്രസ്ഥാപനങ്ങള്‍, വാര്‍ത്താ ചാനലുകള്‍ എന്നിവകളൊന്നും ജാതിവ്യവസ്ഥയ്ക്ക് അനുസൃതമായിട്ടല്ല നിലനിന്നുപോരുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ സംവരണാനുകൂല്യത്തിന് മാത്രമേ ജാതി ഇന്ന് ഉപകരിക്കുന്നുള്ളു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ നിലവില്‍ വന്ന ഭൂവുടമസ്ഥതയിലെ മാറ്റങ്ങളാണ് സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ജന്മം നല്‍കുന്നതിനിടയാക്കിയ പല കാരണങ്ങളില്‍ പ്രമുഖമായിട്ടുള്ളത്. നൂറ്റാണ്ടുകളായി ആചരിച്ചുപോന്ന വ്യവസ്ഥകളും ജാതിശ്രേണിയിലെ കൃത്യമായ അകലങ്ങളും, സവര്‍ണ ക്ഷേത്രങ്ങളില്‍ അവര്‍ണര്‍ക്ക് പ്രവേശനം നിഷിദ്ധമാണെന്ന നിയമവും എതിര്‍പ്പില്ലാതെ അനുസരിക്കപ്പെട്ടു പോരികയായിരുന്നു. എന്തുകൊണ്ടാണ് അവയൊക്കെ എതിര്‍ക്കപ്പെടേണ്ടവയാണെന്നുള്ള ബോധം പൊടുന്നനെയുണ്ടായത്. ഭൂവുടമാബന്ധങ്ങളില്‍ വരുത്തിയ മാറ്റവും മൂലധനത്തിന്റെ രംഗപ്രവേശവുമാണ് അത്തരമൊരു ചിന്തയ്ക്ക് വഴിവച്ചത്. ചട്ടമ്പിസ്വാമികളും ശ്രീനാരായണനും മാറ്റത്തിന്റെ അബോധപൂര്‍വമായ ഉപകരണങ്ങളായിത്തീരുകയായിരുന്നു.
ഇന്നിപ്പോള്‍ നടന്നുവരുന്നത് ഭൂമി കൈമാറ്റം മാത്രമാണ്. കാര്‍ഷികേതരമായ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് ഇപ്പോള്‍ ഭൂമി കൈമാറ്റം നടന്നുവരുന്നത്. പണ്ട് ചെയ്തിരുന്നതുപോലെ കാര്‍ഷിക മേഖലയുടെ മൂലധനവല്‍ക്കരണത്തിന് വേണ്ടിയല്ല ഇന്ന് ഭൂമികൈമാറ്റം നടക്കുന്നത്. മൂലധന നിക്ഷേപമാണ് നടക്കുന്നതെങ്കിലും അത് കാര്‍ഷികേതരമായ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ്.
ജാതീയമായ വേലിക്കെട്ടുകള്‍ പൊളിച്ച് 'കുല'ത്തൊഴില്‍ ചെയ്തുകൊണ്ടിരുന്ന ജാതിയടിമയെ മോചിപ്പിച്ച് 'സ്വതന്ത്ര'തൊഴിലാളിയാക്കേണ്ടത് മൂലധന ശക്തികള്‍ക്ക് ആവശ്യമായിരുന്നു. തോട്ടം മേഖലയിലും വ്യവസായ ശാലകളിലും സ്വതന്ത്ര തൊഴിലാളിയെയാണാവശ്യം. അധ്വാനശക്തികളെ കെട്ടഴിച്ചു വിടുകയെന്ന സല്‍ക്കര്‍മ്മമാണവര്‍ അനുഷ്ഠിച്ചത്. അതിനാല്‍ ജാതിക്കും മതത്തിനും അതീതമായ നവോത്ഥാന സംരംഭങ്ങള്‍ ആവശ്യമായിരുന്നു. ഓരോ ജാതിയ്ക്കും അതിനകത്തെ അനാചാരങ്ങള്‍ക്കെതിരെ പോരാടുമ്പോള്‍ത്തന്നെ ജാതിക്കതീതമായി സാമൂഹികാവകാശങ്ങള്‍ നേടിയെടുക്കുന്നതിന് ഇതാവശ്യമായിരുന്നു. 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന സൂത്രവാക്യത്തിന്റെ പൊരുളതാണ്.
അങ്ങനെ സ്വതന്ത്രനായ തൊഴിലാളി സംഘടിക്കുകയും സമരം ചെയ്യുകയും ആനുകൂല്യങ്ങള്‍ നേടിയെടുക്കുകയും ചെയ്തു. തൊഴിലാളിക്ക് ഓരോ പ്രാവശ്യം ആനുകൂല്യങ്ങള്‍ നല്‍കുമ്പോഴും മുതലാളിയുടെ ലാഭവിഹിതത്തില്‍ കുറവ് വരികയാണ് ചെയ്യുന്നത്. അതിനിടയാക്കിയത് സംഘടനാശേഷിയും സമരമുറകളും ഉപയോഗിച്ചായിരുന്നു. മുതലാളിയുടെ താല്‍പ്പര്യസംരക്ഷണത്തിന് തൊഴിലാളിയുടെ സംഘടിതശേഷി തകര്‍ക്കുകയാണ് ചെയ്യേണ്ടതെന്ന് അവര്‍ക്കറിയാം. അതിലേക്കായി ഉപയോഗിക്കുന്നതും ജാതി-മത നേതാക്കളെ തന്നെയാണ്. നവോത്ഥാന കാലഘട്ടത്തിന്റെ പ്രാരംഭകരെന്നപോലെ തന്നെ ഇന്നത്തെ ജാതി-മത-സാമുദായിക നേതാക്കന്മാരും മാറ്റത്തിന്റെ അബോധപൂര്‍വമായ ഉപകരണങ്ങളായിത്തീരുകയാണ്. പണ്ട് സംഘടിച്ചിരുന്നത് പൊതുവായ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനാണെങ്കില്‍ ഇന്നത്തേത് പൊതുവായ ആവശ്യങ്ങള്‍ക്കുവേണ്ടി സംഘടിക്കാതിരിക്കുന്നതിനും അതാതു ജാതികളിലേക്ക് ചുരുങ്ങുന്നതിനും വേണ്ടിയാണ്. ആദ്യത്തേതിന്റെ നേരെ വിപരീതഫലമാണ് ഇന്നുണ്ടാക്കുന്നത്.
ജന്മി-കുടിയാന്‍ ഉല്‍പ്പാദനബന്ധത്തില്‍ നിന്നുണ്ടായതാണ് സംഘടിത മതങ്ങളും അവയുടെ ആചാരാനുഷ്ഠാനങ്ങളും ഭീമാകാരമായ ദേവാലയങ്ങളുമെല്ലാം. അതിന്റെ ആചാരാനുഷ്ഠാനങ്ങള്‍ അതേപോലെ തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണിന്ന് ഉണ്ടായിരിക്കുന്നത്. കീഴ്‌ജാതിക്കാരുടെയും സ്ത്രീകളുടെയും ക്ഷേത്രപ്രവേശനം, ജാതി വ്യവസ്ഥക്കതീതമായ പൂജാരി നിയമനം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചാവിഷയമാകുന്നത് ഈ സാഹചര്യത്തിലാണ്. ജന്മി-കുടിയാന്‍ ബന്ധത്തില്‍ നിന്നും മുതലാളിത്തത്തിലേക്കും സാമ്രാജ്യത്വത്തിലേക്കും ഉല്‍പ്പാദനരീതി മാറിയപ്പോള്‍ സംഘടിത മതങ്ങളുടെ നടത്തിപ്പിലും മാറ്റങ്ങള്‍ അനിവാര്യമായി. ഈശ്വരവിശ്വാസത്തിനപ്പുറം നിലനില്‍പ്പിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും വ്യവസായങ്ങളും തുടങ്ങി വിശ്വാസികളെ സാമ്പത്തികമായി തങ്ങളുടെ തന്നെ സ്ഥാപനങ്ങളില്‍ത്തന്നെ തളച്ചിടാനുള്ള ശ്രമമാണിന്ന് നടക്കുന്നത്.
സാമ്പത്തിക ശക്തിയായി വളരുമ്പോഴുണ്ടാകുന്ന പുതിയ മൂല്യസങ്കല്‍പ്പങ്ങളാണ് തന്ത്രിമാരും പുരോഹിതന്മാരും മതേതരമായ കാര്യങ്ങളില്‍ മുഴുകുന്നതും മതവിശ്വാസികള്‍ സദാചാരവിരുദ്ധമെന്ന് കരുതുന്ന കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതും. അതിന്റെ പേരില്‍ മാര്‍പ്പാപ്പ കുമ്പസാരിക്കുകയും സന്യാസിമാരും സന്യാസിനിമാരും പീഡനത്തില്‍നിന്നും രക്ഷപ്പെടാന്‍ വേണ്ടി തിരുവസ്ത്രം ഉപേക്ഷിക്കുന്നതുമായ സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നു. വ്യവസായത്തൊഴിലാളിയായാലും സര്‍ക്കാരുദ്യോഗസ്ഥനായാലും ഗൃഹാന്തരീക്ഷവും കുടുംബ ബന്ധങ്ങളും ജാതി മതാദി മൂല്യസങ്കല്‍പ്പങ്ങള്‍ക്ക് അനുസരിച്ചാണ് നിലനിന്നുപോരുന്നത്. ജനനം, വിവാഹം, മരണം തുടങ്ങിയ ചടങ്ങുകള്‍ ആചരിക്കുന്നത് ജാതി-മതാചാരങ്ങള്‍ക്ക് വിധേയമായിട്ടാണ്.
എന്നിട്ടും ആധുനിക സാമ്പത്തികക്രമം സംഭാവന ചെയ്യുന്ന മാനസിക സംഘര്‍ഷം പരിഹരിക്കാന്‍ കഴിയാതെ മനുഷ്യന്‍ നെട്ടോട്ടമോടുന്നു. ഉപഭോക്തൃ സമൂഹത്തിന്റെ ഉല്‍പ്പന്നമായ ആത്മസംഘര്‍ഷങ്ങളും ലഭിക്കുന്ന വരുമാനം മുഴുവന്‍ ലോണ്‍ തരുന്ന ബാങ്കുകളും ബാങ്കുകളില്‍ നിന്നും വ്യവസായങ്ങളും ചോര്‍ത്തിക്കൊണ്ടു പോകുന്ന കൂട്ടുകെട്ടിന്റെ ഇരയായിത്തീരുന്ന തൊഴിലാളിയുടെ മാനസിക പിരിമുറുക്കം പരിഹരിക്കാന്‍ കൂറ്റന്‍ ദേവാലയത്തിനുള്ളിലെ നിശബ്‌ദദേവന് സാധിക്കുന്നില്ല. പരിഹാരത്തിനായി ഒരുകൂട്ടര്‍ മന്ത്രവാദത്തിലേക്കും ആഭിചാരക്രിയകളിലേക്കും ചേക്കേറുന്നു. 'യന്ത്ര'ങ്ങള്‍ ജപിച്ചുകെട്ടുന്നു. മറ്റൊരു കൂട്ടര്‍ ആള്‍ദൈവങ്ങളിലേക്ക് ഒഴുകുന്നു. "മനശ്ശാന്തിയില്ല, അല്ലേ?'' എന്ന ഒറ്റചോദ്യത്തിന് മുമ്പില്‍ തന്റെ എല്ലാ പ്രശ്നങ്ങളും മനസ്സിലാക്കിയ സിദ്ധനാണിയാള്‍ എന്ന തോന്നല്‍ ഉണ്ടാക്കുന്നു. അതയാളെ മാനസികാടിമയാക്കുന്നു.
താല്‍ക്കാലിക മനശ്ശാന്തി യെന്നതിനപ്പുറം പ്രശ്നം പരിഹരിക്കാന്‍ പര്യാപ്തമല്ല ഇതെന്ന് പെട്ടെന്ന് തിരിച്ചറിയുന്നില്ല. തല്‍ക്കാലം വേദന മാറ്റുന്നു; ആശ കൈവരുത്തുന്നു. രോഗിക്ക് വേദനസംഹാരി നല്‍കുന്നത് രോഗനിവാരണത്തിന് ഉപകരിക്കില്ലായെന്ന് പെട്ടെന്ന് തിരിച്ചറിയാത്തതുപോലെ. ഇത്തരം സങ്കീര്‍ണമായ സാമൂഹ്യാന്തരീക്ഷത്തിലാണ് തൊഴിലാളി സംഘടനകളും രാഷ്ട്രീയകക്ഷികളും പ്രവര്‍ത്തിക്കേണ്ടതായി വരുന്നത്. മാനസിക പിരിമുറുക്കം ലഘൂകരിക്കാനും പ്രതിസന്ധികളെ മനസാന്നിധ്യത്തോടെ നേരിടാനും അംഗങ്ങളെ സജ്ജമാക്കേണ്ടതായി വരും. സാമൂഹ്യവും സദാചാരപരവുമായ മൂല്യസങ്കല്‍പ്പങ്ങളില്‍ മാറ്റം വരുമ്പോള്‍ അതുള്‍ക്കൊള്ളാന്‍ കഴിയാതെ വരുന്നതിന്റെ പ്രതിസന്ധി പരിഹരിച്ചുകൊണ്ട് മാത്രമേ നമുക്ക് മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളു.
*****
വി കാര്‍ത്തികേയന്‍ നായര്‍
Tuesday, October 7, 2008
Monday, October 6, 2008
വെള്ളം, ഭക്ഷണം, ഇന്ധനം: അടിസ്ഥാനാവശ്യങ്ങള്‍ അപകടത്തില്‍
സ്വതന്ത്ര കമ്പോളത്തിന്റെ പഞ്ചസാരയില്‍ പൊതിഞ്ഞ വെടിയുണ്ടകള്‍ നമ്മുടെ കുഞ്ഞുങ്ങളെ കൊന്നൊടുക്കുകയാണ്. ആരും പ്രതീക്ഷിക്കാത്ത രീതിയിലാണീ കൊലപാതകങ്ങള്‍ നടക്കുന്നത്. അരിയുടെയും ഗോതമ്പിന്റെയും ചോളത്തിന്റെയും മറ്റും ആഗോളവിലകള്‍ നിശ്ചയിക്കപ്പെടുന്ന ന്യൂയോര്‍ക്കിലെയും ചിക്കാഗോയിലെയും വാണിജ്യ വിപണികളില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാം വ്യാപാരത്തിലൂടെ അകലെ മാറി നിന്നുകൊണ്ടാണ് ഈ ശിശു ഹത്യകള്‍ അരങ്ങേറുന്നത്.
ദേശീയ തലത്തിലുള്ള നയപരാജയത്തിന്റെ മാത്രം ഫലമായുണ്ടാകുന്നതല്ല ദാരിദ്ര്യം. ആഗോള വിപണി സംവിധാനത്തിന്റെ ഫലമായി വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ ഒരേസമയം ദരിദ്രരായിക്കൊണ്ടിരിക്കുകയാണ്. വളരെചെറിയൊരു സംഘം ധനകാര്യസ്ഥാപനങ്ങള്‍ക്കും ആഗോള കോര്‍പ്പറേഷനുകള്‍ക്കുമാണ് ലോകത്താകെയുള്ള അനേക ദശലക്ഷം ആളുകളുടെ ജീവിതനിലവാരം എന്തായിരിക്കണമെന്ന്, വിപണിയിലെ സൂത്രപ്പണികളിലൂടെ, നിശ്ചയിക്കാനുള്ള കഴിവുള്ളത്.
ആധുനിക ചരിത്രത്തിലെ അതീവ ഗുരുതരമായ സാമ്പത്തിക-സാമൂഹിക പ്രതിസന്ധിയുടെ നടുവിലാണ് നാമിന്ന് അകപ്പെട്ടിരിക്കുന്നത്. 1980-കളിലെ വായ്പാ പ്രതിസന്ധിയുടെ ആരംഭം മുതല്‍ കെട്ടഴിച്ചുവിടപ്പെട്ട ആഗോള ദാരിദ്ര്യവല്‍ക്കരണ പ്രക്രിയ ഇന്ന് വളരെ നിര്‍ണായകമായ ഒരു വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണ്. ഇത് വികസ്വര ലോകത്തിലാകമാനം ഒരേസമയത്ത് ക്ഷാമം പൊട്ടിപ്പുറപ്പെടാന്‍ ഇടവരുത്തിയിരിക്കുകയാണ്.
ധനവിപണികളെ ബാധിച്ച ആഗോള സാമ്പത്തിക പ്രതിസന്ധിക്കും, കാര്‍ഷികോല്‍പ്പാദനം കുറയുന്നതിനും, ഭരണകൂട സ്ഥാപനങ്ങള്‍ തകരുന്നതിനും, ലാഭാധിഷ്ഠിതമായ യുദ്ധ സമ്പദ് ഘടന അതിവേഗത്തില്‍ വളരുന്നതിനും ഒക്കെ ഇടയാക്കുന്ന നിരവധി സങ്കീര്‍ണമായ സവിശേഷതകളുണ്ട്. എന്നാല്‍ ഇത്തരം വിശകലനങ്ങളിലെല്ലാം ജീവിതത്തിന്റെ മൂന്ന് അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവയെ ഈ ആഗോള സാമ്പത്തിക പുന:സംഘടന എങ്ങനെയാണ് ബാധിക്കുന്നത് എന്ന കാര്യം വളരെ അപൂര്‍വമായി മാത്രമെ പരാമര്‍ശിക്കപ്പെടുന്നുള്ളു.
ഭക്ഷണവും വെള്ളവും ഇന്ധനവും ലഭിക്കുകയെന്നത് പരിഷ്കൃതമായ ഏതു സമൂഹത്തിന്റെയും നിലനില്പിന് ആവശ്യമായ മുന്നുപാധിയാണ് ; മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനുള്ള അവശ്യഘടകങ്ങളാണവ. അടുത്ത കാലത്തായി, ഈ മൂന്ന് അവശ്യസാധനങ്ങളുടെ വിലകള്‍ ആഗോളതലത്തില്‍ കുതിച്ചുയരുകയാണ്; ഇത് വിനാശകരമായ സാമ്പത്തിക-സാമൂഹിക പ്രത്യാഘാതങ്ങള്‍ക്കിടവരുത്തും.
നമ്മുടെ ഈ ഭൂഗോളത്തിലെ സാമ്പത്തിക-സാമൂഹിക ജീവിതത്തിന്റെ യഥാര്‍ഥത്തിലുള്ള പുനരുല്‍പ്പാദനത്തിന് രൂപം നല്‍കുന്ന ഈ മൂന്ന് അവശ്യവസ്തുക്കള്‍ അഥവാ ചരക്കുകള്‍ കൈവിരലിലെണ്ണാനാവുന്ന ആഗോള കോര്‍പ്പറേഷനുകളുടെയും ധനസ്ഥാപനങ്ങളുടെയും നിയന്ത്രണത്തിലാണിന്ന്.
ഭരണകൂടങ്ങളും മുഴുവന്‍ അന്താരാഷ്ട്ര സംഘടനകളും (ഇവയെ പലപ്പോഴും "അന്താരാഷ്ട്ര സമൂഹം'' എന്നാണ് വിശേഷിപ്പിക്കാറുള്ളത്) ആഗോള മുതലാളിത്തത്തിന്റെ അനിയന്ത്രിതമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത് നില്‍ക്കുകയാണ്. ഐക്യരാഷ്ട്ര സഭ, ബ്രെട്ടണ്‍ വുഡ്‌സ് സ്ഥാപനങ്ങള്‍, ലോക വ്യാപാര സംഘടന എന്നിവ ഉള്‍പ്പെടെയുള്ള മുഖ്യ അന്തര്‍-സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം തങ്ങളുടെ കോര്‍പ്പറേറ്റ് സ്പോണ്‍സര്‍മാരുടെ താല്‍പ്പര്യപ്രകാരമുള്ള നവലോകക്രമത്തെ പിന്തുണക്കുകയാണ്. നിര്‍ണായകമായ സാമ്പത്തിക ഘടകങ്ങളെ നിയന്ത്രിക്കുകയും ജനങ്ങള്‍ക്ക് അവശ്യം വേണ്ട ജീവിതസൌകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുകയെന്ന തങ്ങളുടെ ചരിത്രപരമായ കടമ വികസിത രാജ്യങ്ങളിലെയും വികസ്വര രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ കൈവെടിഞ്ഞിരിക്കുകയാണ്.
ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ ഭക്ഷണ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും വിലവര്‍ധനവിനെതിരായ പ്രതിഷേധപ്രസ്ഥാനങ്ങള്‍ ശക്തിയാര്‍ജിച്ചു വരുന്നുണ്ട്. ഹെയ്‌ത്തി, നിക്കരാഗ്വ, ഗ്വാട്ടിമാല, ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ സ്ഥിതി ഗുരുതരമാണ്. സോമാലിയയില്‍ ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലകള്‍ കുതിച്ചുയരുന്നത് രാജ്യത്തെയാകെ കൂട്ടത്തോടെ പട്ടിണിയിലേക്ക് തള്ളിനീക്കുകയാണ്. ഇതോടൊപ്പം അവിടെ കടുത്ത ജലക്ഷാമവും ഉണ്ട്. ഇതിനു സമാനവും തുല്യവുമായ ഗുരുതരമായ അവസ്ഥയാണ് എത്യോപ്യയിലും നിലനില്‍ക്കുന്നത്.
ഇന്‍ഡോനേഷ്യ, ഫിലിപ്പൈന്‍സ്, ലൈബീരിയ, ഈജിപ്ത്, സുഡാന്‍, മൊസാമ്പിക്, സിംബാബ്‌വെ, കെനിയ, എറിത്രിയ എന്നിവയുള്‍പ്പെടെയുള്ള നിരവധി ദരിദ്രരാജ്യങ്ങള്‍ ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുകയാണ് - വിദേശ സൈനിക അധിനിവേശത്തിന്‍ കീഴിലുള്ള ഇറാക്ക്, അഫ്‌ഗാനിസ്ഥാന്‍, പലസ്തീന്‍ എന്നിവയുടെ കാര്യം പിന്നെ പറയാനുമില്ല.
സര്‍ക്കാര്‍ നിയന്ത്രണം ഒഴിവാക്കല്‍
ദാരിദ്ര്യനിര്‍മ്മാര്‍ജനം ലക്ഷ്യം വച്ചോ, ഭക്ഷ്യക്ഷാമങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിനായോ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ഇന്ധനത്തിന്റെയും കാര്യത്തില്‍ സര്‍ക്കാരിന്റെയും അന്തര്‍-സര്‍ക്കാര്‍ സംവിധാനങ്ങളുടെയോ നിയന്ത്രണമോ ഇടപെടലോ ഇല്ലാത്ത അവസ്ഥയാണിപ്പോള്‍. ദശലക്ഷക്കണക്കായ മനുഷ്യജീവികളുടെ വിധി നിര്‍ണയിക്കപ്പെടുന്നത് കോര്‍പ്പറേറ്റ് ബോര്‍ഡുകളുടെ അടച്ചിട്ട മുറികള്‍ക്കുള്ളില്‍ അവര്‍ക്ക് കൊള്ളലാഭമടിക്കാനുള്ള അജന്‍ഡയുടെ ഭാഗമായാണ്.
അതിശക്തരായ ഈ സാമ്പത്തിക പ്രമാണിമാര്‍, പ്രത്യക്ഷത്തില്‍ നിഷ്‌പക്ഷമെന്ന് തോന്നുന്നതും "അദൃശ്യ''വും അവ്യക്തവുമായ കമ്പോള സംവിധാനത്തിലൂടെയാണ് പ്രവര്‍ത്തനം നടത്തുന്നത് . അതിനാല്‍ തന്നെ, ഭക്ഷ്യസാധനങ്ങളുടെയും ഇന്ധനത്തിന്റെയും വെള്ളത്തിന്റെയും കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന വിലക്കയറ്റത്തിന്റെ വിനാശകരമായ സാമൂഹിക പ്രത്യാഘാതങ്ങളെ അവര്‍ ലഭ്യതയുടെയും ചോദനത്തിന്റെയും (supply and demand ) ഫലമായുണ്ടാകുന്നത് എന്ന് പറഞ്ഞ് അവഗണിക്കുകയാണ് .
ആഗോള സാമ്പത്തിക-സാമൂഹിക പ്രതിസന്ധിയുടെ സ്വഭാവം
ഔദ്യോഗിക തലത്തിലും മാധ്യമവാര്‍ത്തകളിലൂടെയും വന്‍തോതില്‍ പരിഭ്രാന്തി പരത്തുന്ന "ഭക്ഷ്യപ്രതിസന്ധി''യും "എണ്ണ പ്രതിസന്ധി''യും സാമ്പത്തികരംഗത്തെ ശക്തരായ ഈ പ്രമാണിമാര്‍ കമ്പോളവിലകളിലുണ്ടാക്കുന്ന ഊഹാധിഷ്ഠിത കൃത്രിമങ്ങളുടെ ഫലമാണ്. ഓരോ ഇടത്തെയും പ്രത്യേക പ്രശ്നങ്ങളെന്ന നിലയിലല്ല, സാമ്പത്തിക-സാമൂഹിക പുനഃസംഘടനയുടേതായ ആഗോള പ്രക്രിയയെന്ന നിലയിലാണ് ഭക്ഷണ-ഇന്ധന-ജല "പ്രതിസന്ധി''കളെ ഇവിടെ കൈകാര്യം ചെയ്യുന്നത്, .
ഈ മൂന്ന് അവശ്യസാധനങ്ങളുടെ വിലകള്‍ പെട്ടെന്ന് കുതിച്ചുയര്‍ന്നത് ആകസ്‌മികമായല്ല; അടിസ്ഥാന ഭക്ഷണ സാധനങ്ങളുടെയും ഉല്‍പ്പാദനത്തിനും ഉപഭോഗത്തിനും വേണ്ട വെള്ളത്തിന്റെയും ഇന്ധനത്തിന്റെയും വില വര്‍ധനവിന് കാരണം ഒരേസമയത്ത് ബോധപൂര്‍വം നടത്തുന്ന കമ്പോള കൌശല പ്രയോഗങ്ങളാണ്.
ഭക്ഷണസാധനങ്ങളുടെ കുതിച്ചുയരുന്ന വിലകളോടൊപ്പം ഇന്ധനവിലകളും പെട്ടെന്ന് വര്‍ധിച്ചുകൊണ്ടിരിക്കുന്നതാണ് ഭക്ഷ്യപ്രതിസന്ധിയുടെ കാതല്‍.അതോടൊപ്പം തന്നെ, കാര്‍ഷിക-വ്യാവസായിക ഉല്‍പ്പാദനത്തിലെയും, സാമൂഹിക പശ്ചാത്തല വികസനത്തിലെയും പൊതു ശുചീകരണത്തിലെയും ഗാര്‍ഹിക ഉപഭോഗത്തിലെയും അവശ്യ വസ്തുവായ വെള്ളത്തിന്റെ വില, ജലവിഭവങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന് ലോകമാകെ നടക്കുന്ന നീക്കത്തിന്റെ ഫലമായി ക്രമാതീതമായി വര്‍ധിക്കുകയുമാണ്. നാമിപ്പോള്‍ നേരിടുന്നത് അതിപ്രധാനമായ ഒരു സാമ്പത്തിക-സാമൂഹിക അട്ടിമറിയെയാണ്; അഭൂതപൂര്‍വമായ ആഗോള പ്രതിസന്ധിയേയാണ്; വെള്ളം, ഭക്ഷണം, ഇന്ധനം എന്നിവ തമ്മിലുള്ള ത്രികോണ ബന്ധമാണ് അതിന്റെ സവിശേഷത. ഇവ മൂന്നുമാണ് അടിസ്ഥാനപരമായ അവശ്യവസ്തുക്കള്‍. ഇവ മൂന്നും മനുഷ്യരാശിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നവയാണ്.
വസ്തുനിഷ്ഠമായി പറഞ്ഞാല്‍, ഇവയുടെ വിലവര്‍ധനവ് ജനജീവിതം തകര്‍ക്കുകയും അവരെ ദരിദ്രരാക്കുകയും ചെയ്യുന്നു. അതിനും പുറമെ, യുദ്ധകാലത്തെന്ന പോലെ ലോകവ്യാപകമായി ആളുകളുടെ ജീവിത നിലവാരം തകരുകയുമാണ്. സൈനിക അജണ്ടയുമായി അതിന് അഭേദ്യമായ ബന്ധമാണുള്ളത്. എണ്ണയ്‌ക്കും ജലവിഭവങ്ങള്‍ക്കും മേലുള്ള നിയന്ത്രണത്തിന് മധ്യപൂര്‍വ ദേശത്തെ യുദ്ധവുമായി നേരിട്ടുള്ള ബന്ധമാണുള്ളത്.
എണ്ണയേയും ഭക്ഷ്യസാധനങ്ങളെയും പോലെ വെള്ളം, അന്താരാഷ്ട്ര വ്യാപാരത്തിലെ ചരക്കായി ഇപ്പോള്‍ മാറിയിട്ടില്ലെങ്കിലും, വെള്ളത്തിന്റ സ്വകാര്യവല്‍ക്കരണം അതിനെയും കമ്പോള കൌശല പ്രയോഗങ്ങള്‍ക്ക് വിധേയമാക്കിയിരിക്കുകയാണ്.
അടച്ചിട്ട മുറികള്‍ക്കുള്ളിലിരുന്ന് ചരടുവലിക്കുന്ന സാമ്പത്തിക-ധനകാര്യ പ്രമാണിമാര്‍ ഇവരാണ്:
- വാള്‍ സ്‌ട്രീറ്റിലെ പ്രമുഖ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും; എണ്ണയുടെയും ഭക്ഷ്യസാധനങ്ങളുടെയും വിപണിയില്‍ ഉള്‍പ്പെടെയുള്ള ചരക്കുവിപണികളില്‍ നേരിട്ട് ഇടപെടുന്ന ഊഹക്കച്ചവട സ്ഥാപനങ്ങളും ഇതില്‍പ്പെടുന്നു.
- പടുകൂറ്റന്‍ ആംഗ്ലോ-അമേരിക്കന്‍ എണ്ണക്കമ്പനികള്‍ (Anglo-American oil giants)- ബ്രിട്ടീഷ് പെട്രോളിയം (ബി.പി), എക്‍സോണ്‍, മൊബില്‍, ഷെവറോണ്‍-ടെക്സാക്കൊ, റോയല്‍ ഡച്ച് ഷെല്‍ എന്നിവ.
- ജൈവ സാങ്കേതികവിദ്യാ- കാര്‍ഷിക വിപണന കൂട്ടുകമ്പനികള്‍(biotech-agribusiness conglomerates), അവയാണ് വിത്തുകളുടെയും മറ്റു കാര്‍ഷിക ഇന്‍പുട്ടുകളുടെയും ബൌദ്ധിക സ്വത്തവകാശം കൈവശം വച്ചിട്ടുള്ളത്. ന്യൂയോര്‍ക്കിലെയും ചിക്കാഗോയിലെയും വ്യാപാര വിനിമയങ്ങളിലും ജൈവ സാങ്കേതികവിദ്യാ കമ്പനികളാണ് പ്രധാന പ്രമാണിമാര്‍.
- ലോകമാകെയുള്ള ജലസ്രോതസ്സുകളുടെ വ്യാപകമായ സ്വകാര്യവല്‍ക്കരണത്തില്‍ ഉള്‍പ്പെടുന്ന സൂയസ്, വെയോളിയ, ബെക്‍ടല്‍- യുണൈറ്റഡ് യൂട്ടിലിറ്റീസ് എന്നിവ ഉള്‍പ്പെടെയുള്ള ജലവ്യാപാര ഭീമന്മാര്‍ (water giants).
- ആംഗ്ലോ-അമേരിക്കന്‍ സൈനിക - വ്യാവസായിക കോംപ്ലക്സുകള്‍ (Anglo-American military-industrial complex)- ഇതില്‍ അഞ്ച് പ്രമുഖ അമേരിക്കന്‍ കോണ്‍ട്രാക്ടര്‍മാരും ഉള്‍പ്പെടുന്നു. (ലോക്ക് ഹീഡ് മാര്‍ട്ടിന്‍, റായ്ത്തിയോണ്‍, നോര്‍ത്ത് റോപ് ഗ്രണ്‍മാന്‍, ബോയിങ്, ജനറല്‍ ഡൈനമിക്സ്) ഇതിനോടൊപ്പം ബ്രിട്ടീഷ് എയ്റോ സ്‌പെയ്‌സ് സിസ്റ്റംസ് കോര്‍പ്പറേഷനും (ബി.എ.ഇ.എസ്) കൂടിച്ചേരുമ്പോള്‍ അതിശക്തമായ ആധിപത്യ ശക്തിയായി മാറുന്നു. ഇവ വാള്‍ സ്‌ട്രീറ്റുമായും ഭീമന്‍ എണ്ണക്കുത്തകകളുമായും കാര്‍ഷിക വ്യാപാര - ജൈവ സാങ്കേതിക വിദ്യ കൂട്ടുകമ്പനികളുമായി ചേരുമ്പോള്‍ എല്ലാത്തിനേയും നിയന്ത്രിക്കാനാവുന്ന ശക്തിയായി മാറുന്നു.
എണ്ണവിലക്കുമിളകള്‍
ന്യൂയോര്‍ക്കിലെയും ചിക്കാഗോയിലെയും വ്യാപാര വിനിമയ കേന്ദ്രങ്ങളിലെ (mercantile exchanges ) ആഗോള വിലകളിലെ പൊതു പ്രവണതയും എണ്ണയുടെ ഉല്‍പ്പാദന ചെലവും തമ്മില്‍ ഒരു ബന്ധവുമില്ല. ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയരുന്നത് എണ്ണക്ഷാമത്തിന്റെ ഫലമായിട്ടുമല്ല. മധ്യപൂര്‍വദേശത്ത് ഒരു ബാരല്‍ എണ്ണയുടെ വില 15 ഡോളറില്‍ അധികമാകില്ലെന്നാണ് കണക്കാക്കപ്പെടുന്നത്. കാനഡയിലെ ആല്‍ബെര്‍ട്ടായിലുള്ള ടാര്‍ കലര്‍ന്ന മണല്‍ പ്രദേശത്തുനിന്ന് വേര്‍തിരിച്ചെടുക്കുന്ന എണ്ണയ്‌ക്ക് പോലും ബാരല്‍ ഒന്നിന് 30 ഡോളര്‍ മാത്രമെ വിലയാകുന്നുള്ളു (Antoine Ayoub, Radio Canada, May 2008).
എന്നാല്‍ ഇപ്പോള്‍ ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 120 ഡോളറില്‍ ഏറെയാണ് വില. കമ്പോളവില ഇത്രയും ഉയര്‍ന്നത് പ്രധാനമായും ഊഹക്കച്ചവടക്കാരുടെ കൊള്ളയുടെ ഫലമായാണ്.
വ്യാവസായികവും കാര്‍ഷികവും സേവനാധിഷ്ഠിതവുമായ സമ്പദ്ഘടനയുടെ സമസ്ത മേഖലകളിലെയും ഉല്‍പ്പാദനത്തിന് ഇന്ധനം അനിവാര്യമാണ്. ഇന്ധനവില കുതിച്ചുയര്‍ന്നത് ലോകത്തിന്റെ എല്ലാ പ്രധാന മേഖലകളിലുമുള്ള പതിനായിരക്കണക്കിന് ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പാപ്പരീകരിക്കുകയും ആഭ്യന്തര, അന്താരാഷ്ട്ര വ്യാപാരത്തിന്റെ അടിയിളക്കുകയും സ്തംഭിപ്പിക്കുകയും ചെയ്യുന്നതിന് ഇടവരുത്തിയിരിക്കുന്നു.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ചില്ലറ വിലയിലുണ്ടാകുന്ന വിലവര്‍ധന പ്രാദേശിക തലത്തിലുള്ള സമ്പദ് ഘടനകളുടെ തകര്‍ച്ചയ്ക്കും വര്‍ധിതമായ വിധത്തിലുള്ള വ്യാവസായിക കേന്ദ്രീകരണത്തിനും ഒരുപിടി ആഗോള കുത്തക കോര്‍പ്പറേഷനുകളുടെ കൈയില്‍ സമ്പത്താകെ വന്‍തോതില്‍ കേന്ദ്രീകരിക്കുന്നതിനും ഇടയാക്കുന്നു. അതേസമയം, ഇന്ധനവിലക്കയറ്റം നഗരങ്ങളിലെ ഗതാഗത സംവിധാനത്തെയും വിദ്യാലയങ്ങളെയും ആശുപത്രികളെയും വാഹനനിര്‍മാണ വ്യവസായത്തെയും ഭൂഖണ്ഡാന്തര കപ്പല്‍ ഗതാഗതത്തെയും വ്യോമഗതാഗതത്തെയും വിനോദ സഞ്ചാരത്തെയും വിനോദോപാധികളെയും എല്ലാ പൊതുസേവനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു.
നാണയപ്പെരുപ്പം
ഇന്ധന വിലവര്‍ധനവ് വലിയ തോതില്‍ നാണയപ്പെരുപ്പം സൃഷ്ടിക്കുന്നു. അതിന്റെ ഫലമായി ജനങ്ങളുടെ യഥാര്‍ഥ ക്രയശേഷി ചുരുങ്ങുന്നു. അതേത്തുടര്‍ന്ന് ലോക വ്യാപകമായി ഉപഭോക്തൃ ചോദനത്തില്‍ (consumer demand) ഇടിവുണ്ടാകുന്നു. വികസിത രാജ്യങ്ങളിലെ ഇടത്തരം വിഭാഗങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുന്നു.
ചരക്കുവിപണി (commodity markets) ആണ് ഈ വിലവ്യതിയാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് . ഇന്‍ഡെക്‍സ് ഫണ്ടുകളിലെ ഊഹക്കച്ചവടത്തിന്റെ ഫലമായാണ് ഇതുണ്ടാകുന്ന ത്. ലണ്ടനിലെ ഐ.സി.ഇ, ന്യൂയോര്‍ക്കിലെയും ചിക്കാഗൊയിലെയും വ്യാപാര വിനിമയ കേന്ദ്രങ്ങള്‍ (മെര്‍ക്കന്റയില്‍ എക്സ്ചേഞ്ചുകള്‍) എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ ചരക്കുവിപണികളിലെ അവധി വ്യാപാരത്തിന്റെ ഫലമായിട്ടുമാണ് ഇതുണ്ടാകുന്നത്. ഇന്ധനത്തിന്റെയും ഭക്ഷണസാധനങ്ങളുടെയും വെള്ളത്തിന്റെയും ക്ഷാമം കാരണമല്ല പെട്ടെന്നുള്ള ഈ വിലക്കയറ്റം.
ആഗോള സമ്പദ് ഘടനയിലെ ഈ ഇളകിമറിയലുകള്‍ ബോധപൂര്‍വമുണ്ടാക്കുന്നതാണ്. ഭരണകൂടങ്ങളുടെ സാമ്പത്തിക ധനനയങ്ങള്‍ നിയന്ത്രിക്കുന്നത് സ്വകാര്യ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളാണ്. ഊഹക്കച്ചവടം നിയന്ത്രണ നയങ്ങള്‍ക്ക് വിധേയമാകുന്നതേയില്ല. സാമ്പത്തിക മാന്ദ്യം ഒരു കൈവിരലില്‍ എണ്ണാവുന്നത്ര ആഗോള കോര്‍പ്പറേഷനുകളുടെ സമ്പത്ത് സ്വരൂപണത്തിനും അധികാര കേന്ദ്രീകരണത്തിനും അവസരമൊരുക്കുന്നു.
വില്യം എംഗദല്‍ പറയുന്നത് ഇങ്ങനെയാണ് :
"........ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 128 ഡോളര്‍ വില ഈടാക്കുന്നതില്‍ ഏറ്റവും കുറഞ്ഞത് 60 ശതമാനമെങ്കിലും ലണ്ടനിലെ ഐ.സി.ഇ ഫ്യൂച്ചേഴ്‌സും ന്യൂയോര്‍ക്കിലെ നിമക്‍സ് (NYMEX) ഫ്യൂച്ചേഴ്‌സ് എക്സ്ചേഞ്ചും ഉപയോഗിച്ച് ഹെഡ്‌ജ് ഫണ്ടുകളും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും യാതൊരു നിയന്ത്രണവും കൂടാതെ നടത്തുന്ന അവധി ഊഹക്കച്ചവടത്തിലൂടെയും സൂക്ഷ്‌മ പരിശോധന ഒഴിവാക്കുന്നതിന് കൌണ്ടറിന് പുറത്തു നടത്തുന്ന വ്യാപാരത്തിലൂടെയും(Over-The-Counter trading) അനിയന്ത്രിതമായ ഇന്റര്‍ബാങ്ക് ഇടപാടുകളിലൂടെയുമാണ് ലഭിക്കുന്നത്. അമേരിക്കന്‍ സര്‍ക്കാരിന്റെ ചരക്ക് അവധിവ്യാപാര കമ്മിഷന്‍ (Commodity Futures Trading Commission ) നിശ്ചയിച്ച മാര്‍ജിന്‍ സംബന്ധിച്ച നിയമം അനുസരിച്ച്, കരാര്‍ വിലയുടെ ആറു ശതമാനം നല്‍കി നിമക്‍സില്‍ ക്രൂഡ് ഓയിലിന്റെ അവധി വ്യാപാര കരാര്‍ വാങ്ങുന്നതിന് അനുവാദമുണ്ട്. അതുപ്രകാരം, ഒരു ബാരലിന് 128 ഡോളര്‍ വിലയുള്ളപ്പോള്‍ അവധി വ്യാപാരത്തില്‍ ഏര്‍പ്പെടുന്നവര്‍ ഓരോ ബാരല്‍ എണ്ണയ്ക്കും 8 ഡോളര്‍ വീതം നല്‍കിയാല്‍ മതി. അയാള്‍ ബാക്കി 120 ഡോളറിനും കടം പറയുകയാണ്. ഈ പ്രത്യേക ആനുകൂല്യം വിലകള്‍ അയഥാര്‍ത്ഥമായ തലത്തിലേക്ക് ഉയരാന്‍ ഇടവരുത്തുന്നു. സബ് പ്രൈം ഇടപാടുകളിലും മറ്റു വിപത്തുകളിലും അകപ്പെട്ടുണ്ടാകുന്ന ബാങ്കുകളുടെ നഷ്ടം ഇങ്ങനെ സാധാരണ ജനങ്ങളുടെ ചെലവിലാണ് നികത്തുന്നത്''. (എണ്ണവില വര്‍ധനവിന് പിന്നിലെ യഥാര്‍ഥ കാരണങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഗ്ലോബല്‍ റിസര്‍ച്ച്, മെയ് 2008 നോക്കുക).
ക്രൂഡ് ഓയിലിന്റെ ഊഹക്കച്ചവട കമ്പോളത്തിലെ പ്രധാന ഇടപാടുകാരില്‍ ഗോള്‍ഡ് മാന്‍ സാച്ചസ്, മോര്‍ഗന്‍ സ്റ്റാന്‍ലി, ബ്രിട്ടീഷ് പെട്രോളിയം (ബി.പി.) സൊസൈറ്റി ജനറല്‍ എന്ന ഫ്രഞ്ച് ബാങ്കിംഗ് കൂട്ടുകമ്പനി, അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കായ ബാങ്ക് ഓഫ് അമേരിക്ക, സ്വിറ്റ്സര്‍ലന്‍ഡിലെ മെര്‍ക്കുറിയ എന്നിവ ഉള്‍പ്പെടുന്നു.
ലണ്ടന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ പെട്രോളിയം എക്‍സ്‌ചേഞ്ചിനെ (ഐ.പി.ഇ) നിയന്ത്രിക്കുന്നത് ബ്രിട്ടീഷ് പെട്രോളിയം കമ്പനിയാണ്. ഈ എക്സ്ചേഞ്ചാണ് (ഐ.പി.ഇ) ലോകത്തിലെ ഏറ്റവും വലിയ അവധിവ്യാപാര എക്‍സ്‌ചേഞ്ച്. ഐ.പി.ഇയുടെ പ്രധാന ഓഹരി ഉടമകള്‍ ഗോള്‍ഡ് മാന്‍ സാച്ചസും മോര്‍ഗന്‍ സ്റ്റാന്‍ലിയുമാണ്. "ഡെര്‍ സ്‌ട്രീഗെല്‍'' എന്ന പത്രം പറയുന്നത്, ലണ്ടന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഊഹാധിഷ്ഠിത എണ്ണവിപണി (ഐ.പി.ഇ) യിലെ ഏറ്റവും വലിയ ഇടപാടുകാരില്‍ ഒന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിയാണ്. 'ലെ മോണ്ടെ' യുടെ അഭിപ്രായത്തില്‍ ബാങ്ക് ഓഫ് അമേരിക്കയും ഡ്യൂഷെ ബാങ്കുമായി ചേര്‍ന്ന് ഫ്രാന്‍സിന്റെ സൊസൈറ്റി ജനറല്‍ ആണ് ക്രൂഡ് ഓയില്‍ വില വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടുകൂടി കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത്.
ഭക്ഷണസാധനവില കുതിച്ചുയരുന്നു
അടിസ്ഥാന ഭക്ഷ്യസാധനങ്ങളുടെ വില വര്‍ധനവിലൂടെ വെളിപ്പെടുന്ന ആഗോള ഭക്ഷ്യപ്രതിസന്ധി ലോകത്തിന്റെ നാനാഭാഗത്തുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലേക്കും കടുത്ത ദാരിദ്ര്യത്തിലേക്കും തള്ളിനീക്കുകയാണ്.
ലോക ഭക്ഷ്യകൃഷി സംഘടന (എഫ്.എ.ഒ) യുടെ കണക്കുപ്രകാരം 2007 മാര്‍ച്ചിനുശേഷം ഭക്ഷ്യധാന്യങ്ങളുടെ വിലയില്‍ 88% വര്‍ധനവുണ്ടായി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനകം ഗോതമ്പിന്റെ വിലയില്‍ 181% വര്‍ധനവുണ്ടായി. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ അരിയുടെ വില 50 ശതമാനം വര്‍ധിച്ചു. (ഇയാന്‍ ആംഗസ് "Food Crisis: “The greatest demonstration of the historical failure of the capitalist model”'' ഗ്ലോബല്‍ റിസര്‍ച്ച്, ഏപ്രില്‍ 2008 നോക്കുക).
കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ അരിവില മൂന്നിരട്ടിയാണ് വര്‍ധിച്ചത്; 2003-ല്‍ ടണ്ണിന് ഏകദേശം 600 ഡോളറായിരുന്നത് 2008 മാര്‍ച്ചില്‍ ടണ്ണൊന്നിന് 1800 ഡോളറില്‍ അധികമായി വര്‍ധിച്ചു.
"ജനപ്രിയ ഇനത്തില്‍പ്പെട്ട തായ്‌ലാന്‍ഡ് അരിക്ക്, അഞ്ചുവര്‍ഷത്തിന് മുമ്പ് ടണ്ണൊന്നിന് 198 ഡോളറിന് വിറ്റിരുന്നത്, ഒരു വര്‍ഷത്തിനുമുമ്പ് 323 ഡോളറായി. അതേ അരിയുടെ വില 2008 ഏപ്രിലില്‍ 1000 ഡോളറില്‍ അധികമായി. പ്രാദേശിക വിപണികളിലെ വില ഇതിലും ഏറെയാണ് - ഹെയ്‌ത്തിയില്‍ 2008 മാര്‍ച്ചില്‍ 50 കിലോഗ്രാം അരിയുടെ കമ്പോള വില ഒരാഴ്ച കൊണ്ട് ഇരട്ടിയിലധികം വര്‍ധിച്ചു. പ്രതിദിനം രണ്ട് ഡോളറില്‍ താഴെയുള്ള വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കുന്ന, തങ്ങളുടെ വരുമാനത്തിന്റെ അറുപതു ശതമാനം മുതല്‍ 80 ശതമാനം വരെ ഭക്ഷണത്തിനുവേണ്ടി ചെലവിടുന്ന ലോകമാകെയുള്ള 260 കോടി ആളുകളുടെ ദുരിതം ഈ വിലവര്‍ധനവ് മൂലം ഏറിയിരിക്കുകയാണ്. കോടിക്കണക്കിനാളുകള്‍ ഭക്ഷണത്തിന് വകയില്ലാതെ വലയുകയാണ്'' (ഇയാന്‍ ആംഗസ്).
ധാന്യവിപണിയിലെ പ്രധാന കക്ഷികള്‍ കാര്‍ഗിലും ആര്‍ച്ചര്‍ ഡാനിയേല്‍സ് മിഡ്‌ലാന്‍ഡു (എ.ഡി.എം) മാണ്. ആഗോള ധാന്യവിപണിയുടെ മഹാഭൂരിപക്ഷം പങ്കും കയ്യടക്കി വെച്ചിട്ടുള്ളത് ഈ രണ്ട് കോര്‍പ്പറേറ്റ് ഭീമന്മാരാണ്. അവ നിമെക്‍സിലെയും ചിക്കാഗോ ബോര്‍ഡ് ഓഫ് ട്രേഡിലെയും അവധി വ്യാപാരത്തിലെ ഊഹക്കച്ചവടത്തിലും പങ്കാളികളാണ്. "ജൈവ വ്യതിയാനം വരുത്തിയ വിളകള്‍ കൃഷി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ കുത്തകകളായ കാര്‍ഗിലും എ.ഡി.എമ്മും അവരുടെ എതിരാളിയായ സെന്‍ നോഹയും കൂടി അമേരിക്കയില്‍ നിന്നുള്ള ചോളം കയറ്റുമതിയുടെ 81 ശതമാനവും സോയാ ബീന്‍ കയറ്റുമതിയുടെ 65 ശതമാനവും പങ്കിട്ടെടുടുക്കുന്നു. ( Greg Muttitt, Control Freaks, Cargill and ADM, ദി എക്കോളജിസ്റ്റ്, 2001 മാര്‍ച്ച്).
കാര്‍ഷിക പരിഷ്കരണത്തിന്റെ പശ്ചാത്തലം
1980-കളുടെ തുടക്കം മുതല്‍ വായ്‌പാ പ്രതിസന്ധിയുടെ കടന്നാക്രമണത്തോടൊപ്പം നവലിബറല്‍ സ്ഥൂല സാമ്പത്തിക നയ പരിഷ്‌കരണങ്ങളും (macroeconomic policy reform) കൂടി ചേര്‍ന്നപ്പോള്‍ പ്രാദേശിക കൃഷിയുടെ തകര്‍ച്ചയ്‌ക്ക് കളമൊരുങ്ങി. കഴിഞ്ഞ 25 വര്‍ഷം കൊണ്ട് ഐ.എം.എഫ്- ലോകബാങ്ക് പരിഷ്‌കാരങ്ങള്‍ അടിച്ചേല്‍പ്പിച്ചതിലൂടെ വികസ്വര രാജ്യങ്ങളിലെ ഭക്ഷ്യ കൃഷിയെ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ്.
അമേരിക്ക, കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലെ മിച്ച ഭക്ഷ്യധാന്യങ്ങള്‍ വികസ്വര രാജ്യങ്ങളിലെ വിപണികളിലേക്ക് കുന്നുകൂട്ടിയതിന്റെ ഫലമായി അവിടങ്ങളിലെ ഭക്ഷ്യ സ്വയംപര്യാപ്തത തകരാനിടയായി; പ്രാദേശിക കാര്‍ഷിക സമ്പദ് ഘടനയെയും അത് തകര്‍ത്തു. അതേ സമയം, ഈ പ്രക്രിയ പാശ്ചാത്യ കാര്‍ഷിക കച്ചവടക്കാര്‍ക്ക് ശതകോടിക്കണക്കിന് ഡോളറുകളുടെ ലാഭമുണ്ടാക്കി കൊടുത്തു. സ്വന്തം നാട്ടിലേക്ക് വേണ്ട ഭക്ഷ്യസാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള കെല്‍പ്പ് നഷ്ടപ്പെട്ട വികസ്വര രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി കരാറുകളിലൂടെയാണ് ഇവര്‍ ഇങ്ങനെ ലാഭം വാരിക്കൂട്ടിയത്.
ചരിത്രപരമായ ഈ കാരണങ്ങളാല്‍, മുമ്പേതന്നെ നിലവില്‍ ഉണ്ടായിരുന്ന ദാരിദ്ര്യം അടുത്തയിടെ ഭക്ഷണസാധനങ്ങളുടെ ചില്ലറ വില ഇരട്ടിയിലും അധികമായി വര്‍ധിപ്പോള്‍ നിയന്ത്രണാതീതമായി.
എത്തനോള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ചോളം ഉപയോഗിച്ചു തുടങ്ങിയതോടെ ഈ വിലവര്‍ധന നിയന്ത്രണാതീതമായി. 2007-ല്‍ 1232 കോടി ബുഷല്‍ (ഒരു ബുഷല്‍ = 8 ഗ്യാലന്‍) ചോളം ഉല്‍പ്പാദിപ്പിച്ചതില്‍ 320 കോടി ബുഷല്‍ എത്തനോള്‍ നിര്‍മാണത്തിനാണ് ഉപയോഗിച്ചത്. അമേരിക്കയില്‍ ആകെ ഉല്‍പ്പാദിപ്പിക്കുന്ന ചോളത്തിന്റെ 40 ശതമാനവും എത്തനോള്‍ നിര്‍മാണത്തിനായി മാറ്റിവയ്ക്കുകയാണ്.
ജനിതക വ്യതിയാനം വരുത്തിയ വിത്തുകള്‍
1995-ല്‍ ലോകവ്യാപാര സംഘടന നിലവില്‍ വന്നതോടുകൂടി ആഗോള കാര്‍ഷിക ഘടനയില്‍ ചരിത്രപരമായ മറ്റൊരു സുപ്രധാന മാറ്റം കൂടി സംഭവിച്ചു. ലോക വ്യാപാര സംഘടന (ഡബ്ളു.ടി.ഒ) യുടെ കരാര്‍ വ്യവസ്ഥകള്‍ പ്രകാരം, വികസ്വര രാജ്യങ്ങളിലെ വിത്ത് വിപണികളിലേക്ക് കടക്കാന്‍ ഭക്ഷ്യധാന്യ കുത്തക ഭീമന്മാര്‍ക്ക് അനിയന്ത്രിതമായ സ്വാതന്ത്ര്യം ലഭിച്ചു.
അന്തര്‍ദേശീയ കാര്‍ഷിക-വ്യാവസായിക നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് സസ്യഇനങ്ങളുടെ "ബൌദ്ധിക സ്വത്തവകാശ'' ത്തിന്‍മേല്‍ പൂര്‍ണ നിയന്ത്രണം ലഭിച്ചതോടെ ജൈവ-വൈവിധ്യങ്ങളുടെ നാശത്തിനും അരങ്ങൊരുങ്ങി. കൈവിരലിലെണ്ണാവുന്നത്ര ചുരുക്കം ജൈവ സാങ്കേതികവിദ്യാ കൂട്ടുകമ്പനികളുടെ നിയന്ത്രണത്തിലുള്ള ജൈവ വ്യതിയാനം വരുത്തിയ വിത്തുകള്‍ കര്‍ഷകരുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു. ഉദാഹരണത്തിന്, എത്യോപ്യയില്‍, കടുത്ത വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍, കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനെന്ന പേരില്‍ ജൈവ വ്യതിയാനം വരുത്തിയ വിത്തുകള്‍ വിതരണം ചെയ്യപ്പെട്ടു.
ജൈവ വ്യതിയാനം വരുത്തിയ വിത്തുകള്‍ കൃഷി ചെയ്ത് ഒരു വിളവെടുത്തപ്പോള്‍ കര്‍ഷകര്‍ക്ക് ഒരുകാര്യം ബോധ്യമായി - ഇതില്‍ നിന്നുള്ള വിത്തെടുത്ത് വീണ്ടും കൃഷി ചെയ്യാനാവില്ലെന്നു മാത്രമല്ല, മൊണ്‍സാന്റോയ്ക്കും ആര്‍ച്ച് ഡാനിയല്‍ മിഡ്‌ലാന്‍ഡിനും റോയല്‍റ്റി നല്‍കുകയും വേണം. പിന്നീടാണ് കര്‍ഷകര്‍ മനസ്സിലാക്കിയത്, ഈ വിത്ത് കൃഷി ചെയ്താല്‍ വിള ലഭിക്കണമെങ്കില്‍ ഇതേ ജൈവ സാങ്കേതികവിദ്യ കാര്‍ഷിക വ്യവസായ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന രാസവളങ്ങളും കീടനാശിനികളും കളനാശിനികളും തന്നെ ഉപയോഗിക്കണമെന്ന്. അങ്ങനെ മൊത്തം കാര്‍ഷിക സമ്പദ് ഘടനയും ഈ അഗ്രി ബിസിനസ് കൂട്ടുകമ്പനികളുടെ കൈപ്പിടിയില്‍ ഒതുങ്ങി.
മൊണ്‍സാന്റോ, സിന്‍ജെന്റ, അമെന്റിസ്, ഡു പോണ്‍സ്, ഡൌ കെമിക്കല്‍, കാര്‍ഹില്‍, ആര്‍ച്ച് ഡാനിയല്‍ മിഡ് ലാന്‍ഡ് എന്നിവയാണ് ജൈവ വ്യതിയാനം വരുത്തിയ വിത്തുകളുടെ കുത്തകയുള്ള ഭീമന്‍ ജൈവ സാങ്കേതിക വിദ്യാ കമ്പനികള്‍.
കാര്‍ഷിക പരിവൃത്തിയെ തകര്‍ക്കല്‍
ജനിതക വ്യതിയാനം വരുത്തിയ വിത്തുകള്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയതോടെ, പതിനായിരം വര്‍ഷം മുമ്പ് കൃഷി ആരംഭിച്ചത് മുതലുള്ള അതിന്റെ ഘടനയിലും ചരിത്രത്തിലും കാര്യമായ മാറ്റം സംഭവിക്കാന്‍ തുടങ്ങി.
ജനിതക വ്യതിയാനം വരുത്തിയ വിത്തുകള്‍ ഉപയോഗിച്ചതോടുകൂടി ഗ്രാമതലത്തിലുള്ള പ്രാദേശിക ഞാറ്റുകണ്ടങ്ങളില്‍ (നഴ്‌സറികള്‍) വിത്തുകള്‍ പുനരുല്‍പ്പാദിപ്പിക്കപ്പെടുന്നത് ഇല്ലാതായി. തങ്ങളുടെ ജൈവ വിത്തിനങ്ങളെ സംരക്ഷിക്കാനും അടുത്ത വിളവെടുപ്പിനായി അവ കൃഷി ചെയ്യാനും കര്‍ഷകരെ പ്രാപ്തരാക്കിയിരുന്ന കാര്‍ഷിക പരിവൃത്തിയും തകര്‍ക്കപ്പെട്ടു. ഈ നശീകരണ സംവിധാനം - ഇത് അനിവാര്യമായും ക്ഷാമത്തിനിടയാക്കും - ഓരോരോ രാജ്യങ്ങളിലായി പകര്‍ത്തിയതുമൂലം ലോകമാകെ കാര്‍ഷിക സമ്പദ് ഘടന അന്യാധീനപ്പെട്ടു.
ഭക്ഷ്യകാര്‍ഷിക സംഘടന - ലോകബാങ്ക് സമവായം
ഭക്ഷ്യപ്രതിസന്ധിയെ സംബന്ധിച്ച് 2008 ജൂണില്‍ റോമില്‍ നടത്തിയ ഉച്ചകോടിയില്‍ രാഷ്ട്രീയക്കാരും സാമ്പത്തിക വിദഗ്ധരും ഒന്നുപോലെ സ്വതന്ത്ര കമ്പോള വാദത്തെ ആശ്ലേഷിച്ചംഗീകരിച്ചു. ചോദന-വിതരണങ്ങളുടെയും കാലാവസ്ഥ വ്യതിയാനങ്ങളുടെയും ഫലമായാണ് ക്ഷാമങ്ങളുണ്ടാകുന്നതെന്നും അവ നയ ആവിഷ്‌ക്കര്‍ത്താക്കളുടെ നിയന്ത്രണത്തിന് അതീതമാണെന്നുമാണ് അവതരിപ്പിക്കപ്പെട്ടത്. അപ്പോള്‍ "പരിഹാരമോ?'': ലോക ഭക്ഷ്യപരിപാടി (ഡബ്ള്യു.എഫ്.പി) യുടെ ഭാഗമായി ക്ഷാമബാധിത മേഖലകളിലേക്ക് അടിയന്തിര സഹായം എത്തിക്കുക.
കമ്പോളശക്തികളുടെ പ്രതിപ്രവര്‍ത്തനത്തില്‍ ഇടപെടരുത്
വിരോധാഭാസമെന്നു പറയട്ടെ, ഈ 'വിദഗ്ധാഭിപ്രായങ്ങള്‍'' ആഗോള ഭക്ഷ്യധാന്യ ഉല്‍പ്പാദനം സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളുമായി ഒരുവിധത്തിലും പൊരുത്തപ്പെടുന്നതല്ല. 2008-ല്‍ ലോകവ്യാപകമായി ഭക്ഷ്യധാന്യ ഉല്‍പ്പാദനം സര്‍വകാല റിക്കാര്‍ഡായിരിക്കുമെന്നാണ് എഫ്.എ.ഒ.യുടെ പ്രവചനം തന്നെ. തങ്ങളുടെ തന്നെ പാഠപുസ്തകങ്ങളിലുള്ള വിശദീകരണങ്ങള്‍ക്ക് വിരുദ്ധമായി, ഭക്ഷ്യസാധനങ്ങളുടെ ലഭ്യത വലിയ തോതില്‍ വര്‍ധിക്കുമെന്ന് പ്രവചിക്കപ്പെടുമ്പോഴും ലോകമെങ്ങും ഭക്ഷ്യസാധനങ്ങളുടെ വില ഉയര്‍ന്ന നിരക്കില്‍ തന്നെ തുടരുമെന്നാണ് ലോക ബാങ്കിന്റെ അഭിപ്രായം.
ഭക്ഷ്യസാധനങ്ങളുടെയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും വിലകളില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് എഫ്.എ.ഒ.യുടെയും ലോകബാങ്കിന്റെയും അകത്തളങ്ങളില്‍ പരിഗണനാവിഷയമേയല്ല. എന്നാല്‍ നിശ്ചയമായും അതാണ് അമേരിക്കയിലെ മിക്കവാറും എല്ലാ പ്രഗത്ഭ സര്‍വകലാശാലകളിലെയും സാമ്പത്തിക ശാസ്ത്രവകുപ്പുകളില്‍ പഠിപ്പിക്കുന്നത്. അതേസമയം, പ്രാദേശിക തലത്തില്‍ കര്‍ഷകന് ലഭിക്കുന്ന വിലയാകട്ടെ ഉല്‍പ്പാദനച്ചെലവിനു പോലും തികയുന്നുമില്ല; തന്മൂലം കര്‍ഷക സമ്പദ് ഘടന തകര്‍ന്നുകൊണ്ടിരിക്കുകയുമാണ്.
വെള്ളത്തിന്റെ സ്വകാര്യവല്‍ക്കരണം
ഐക്യരാഷ്ട്രസഭാ കേന്ദ്രങ്ങളുടെ അഭിപ്രായപ്രകാരം (അതാകട്ടെ, ജലപ്രതിസന്ധിയുടെ ഗൌരവാവസ്ഥയെ കുറച്ചുകാണുകയുമാണ് ) ലോകത്താകെയുള്ള നൂറു കോടി ആളുകള്‍ക്ക് (ലോക ജനസംഖ്യയുടെ 15%) കുടിക്കാന്‍ വേണ്ട ശുദ്ധജലം ലഭ്യമല്ല; "മലിനജലം കുടിക്കുന്നതുമായി ബന്ധപ്പെട്ട പകര്‍ച്ചവ്യാധികള്‍ ബാധിച്ച് പ്രതിദിനം ആറായിരം കുട്ടികളാണ് മരിക്കുന്നത്.'' (ബി.ബി.സി. വാര്‍ത്ത, 2004 മാര്‍ച്ച് 24).
സുയസ്, വെയോള, ബെക്‍ടെല്‍, യുണൈറ്റഡ് യൂട്ടിലിറ്റീസ്, തേംസ് വാട്ടര്‍, ജര്‍മ്മനിയിലെ ആര്‍.ഡബ്ള്യു.ഇ.ജി. എന്നിവ ഉള്‍പ്പെടെയുള്ള ഒരുപിടി ആഗോള കോര്‍പ്പറേഷനുകള്‍ ശുദ്ധജല വിതരണത്തിന്റെയും മലിനജല നിയന്ത്രണത്തിന്റെയും ഉടമസ്ഥാവകാശവും നിയന്ത്രണവും കൈക്കലാക്കി കൊണ്ടിരിക്കുകയാണ്. ലോകമാകെയുള്ള സ്വകാര്യവല്‍ക്കരിച്ച ജലസംവിധാനത്തിന്റെ 70 ശതമാനവും ഇവരാണ് കയ്യടിക്കിവച്ചിരിക്കുന്നത്.
ലോകബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വെള്ളത്തിന്റെ സ്വകാര്യവല്‍ക്കരണം മൂലം കുടിക്കാനുള്ള ശുദ്ധജലം പൊതുടാപ്പുകളിലൂടെ വിതരണം ചെയ്യുന്ന സംവിധാനം തന്നെ തകരുകയാണ്. "ലോകബാങ്ക് കുടിവെള്ളത്തിന്റെ കച്ചവടത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള കമ്പനികളുടെ താല്‍പ്പര്യമാണ് സംരക്ഷിക്കുന്നത്. സര്‍ക്കാരുകള്‍ക്കുള്ള വായ്പാ പദ്ധതികളിലൂടെയാണ് ബാങ്ക് ഇത് നടപ്പിലാക്കുന്നത്. വെള്ളത്തിന്റെ സ്വകാര്യവല്‍ക്കരണം അനിവാര്യമാണെന്ന് പ്രത്യക്ഷത്തില്‍ തന്നെ പറയുന്ന വ്യവസ്ഥ പലപ്പോഴും അവര്‍ മുന്നോട്ട് വയ്ക്കുന്നു'' (മൌഡം ബാര്‍ ലോ, ടോണി ക്ലാര്‍ക്ക് - "വെള്ളത്തിന്റെ സ്വകാര്യവല്‍ക്കരണം: ലോകബാങ്കിന്റെ ഏറ്റവും പുതിയ കമ്പോള കൌതുകം'' - 2004 Maude Barlow and Tony Clarke, Water Privatization: The World Bank’s Latest Market Fantasy, Polaris Institute, Ottawa, 2004)
"ഇന്ത്യയിലെ പ്രവര്‍ത്തനശൈലി വളരെ വ്യക്തമാണ്.... ജലസ്രോതസ്സുകളുടെ വികസനത്തെ അവഗണിക്കുക (ലോക ബാങ്കിന്റെ ബജറ്റ് നിയന്ത്രണ നടപടികളിലൂടെ), "വിഭവ പ്രതിസന്ധി'' ഉണ്ടെന്ന് വരുത്തിത്തീര്‍ക്കുക, നിലവിലുള്ള സംവിധാനങ്ങളെയാകെ കൊള്ളരുതാത്തതാക്കിത്തീര്‍ക്കുക'' (ആന്‍ നൈനാന്‍ - "സ്വകാര്യ വെള്ളം - പൊതു ദുരിതം'' ഇന്ത്യ റിസോഴ്സ് സെന്റര്‍, 2003 ഏപ്രില്‍ 16Ann Ninan, Private Water, Public Misery, India Resource Center April 16, 2003).
അതേസമയം, കൊക്ക കോള, സാനോണ്‍, നെസ്‌ലെ, പെപ്‌സിക്കൊ എന്നിവ ഉള്‍പ്പെടെയുള്ള ചുരുക്കം ചില കോര്‍പ്പറേഷനുകള്‍ കുപ്പിവെള്ളത്തിന്റെ കമ്പോളം കയ്യടക്കിയിരിക്കുകയുമാണ്. ഈ കമ്പനികള്‍ ജലവിനിയോഗ കമ്പനികളുമായി മാത്രം കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയല്ല, നേരെമറിച്ച്, ഭക്ഷണവ്യവസായത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള അഗ്രിബിസിനസ് - ബയോ ടെക് കമ്പനികളുമായി ബന്ധപ്പെട്ടു കൂടിയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. മുനിസിപ്പാലിറ്റിയുടെ ജലവിതരണ വിഭാഗത്തില്‍നിന്നും പൊതുടാപ്പിലൂടെ കുടിവെള്ളം വിതരണം ചെയ്യുന്നത് കൊക്ക കോള വാങ്ങിക്കുന്നു; എന്നിട്ട് അവര്‍ ചെറുകിട കമ്പനികള്‍ക്ക് ഓരോ ഭാഗങ്ങളായി മറിച്ചു വില്‍ക്കുന്നു. അമേരിക്കയിലെ കുപ്പിവെള്ളത്തിന്റെ 40 ശതമാനവും പൊതുടാപ്പുകളിലെ വെള്ളമാണെന്നാണ് മതിപ്പ് കണക്ക്. (ജരേദ് ബ്ളൂമെന്‍ ഫെല്‍ഡ്, സൂസന്‍ ലീല്‍ - "കുപ്പിവെള്ളത്തിന്റെ യഥാര്‍ത്ഥ വില'' സാന്‍ഫ്രാന്‍സിസ്കോ ക്രോണിക്കിള്‍, 2007 ഫെബ്രുവരി 18)
ഇന്ത്യയില്‍ പ്രാദേശിക ജനവിഭാഗങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് കൊക്ക കോള ഭൂഗര്‍ഭ ജലം ഊറ്റിയെടുക്കുകയാണ്.
"കൊക്ക കോള കുപ്പിവെള്ളം നിറയ്‌ക്കുന്ന പ്ലാന്റുകള്‍ക്ക് ചുറ്റും താമസിക്കുന്ന ജനവിഭാഗങ്ങള്‍ കടുത്ത ജലക്ഷാമം അനുഭവിക്കുകയാണ്. പൊതുവായ ഭൂഗര്‍ഭ ജല സ്രോതസ്സില്‍ നിന്നും കൊക്ക കോള വന്‍തോതില്‍ ജലചൂഷണം നടത്തുന്നതു കൊണ്ടാണിത്. കിണറുകള്‍ ഉണങ്ങി വരളുന്നു; കൈപ്പമ്പുകള്‍ പ്രവര്‍ത്തനരഹിതമാകുന്നു. ഇന്ത്യയിലെ കേന്ദ്ര ഭൂഗര്‍ഭ ജലബോര്‍ഡ് നടത്തിയത് ഉള്‍പ്പെടെയുള്ള പഠനങ്ങള്‍, വന്‍തോതില്‍ ഭൂഗര്‍ഭജല ചൂഷണം നടക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
"കൂടുതല്‍ ആഴത്തില്‍ കുഴിച്ച് പൊതുവായ ഭൂഗര്‍ഭ ജലസ്രോതസ്സില്‍ നിന്ന് വെള്ളം ഊറ്റിയെടുക്കുമ്പോള്‍ ആ വെള്ളത്തിന് ദുര്‍ഗന്ധവും അരുചിയും കാണും. കൊക്ക കോള മലിന ജലത്തെ തങ്ങളുടെ പ്ലാന്റിന് ചുറ്റുമുള്ള പാടങ്ങളിലേക്കും ഗംഗ ഉള്‍പ്പെടെയുള്ള അതാതിടത്തെ നദികളിലേക്കും വിവേചന രഹിതമായി ഒഴുക്കിവിടുകയാണ്. തല്‍ഫലമായി ഭൂഗര്‍ഭ ജലം മാത്രമല്ല മണ്ണും മലിനമാക്കപ്പെടുകയാണ്. പൊതുജനാരോഗ്യ അധികൃതര്‍ കിണറുകള്‍ക്കും കൈപ്പമ്പുകള്‍ക്കും ചുറ്റും ഇതിലെ വെള്ളം മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് ജനങ്ങളെ ഉപദേശിക്കുന്ന പരസ്യം പതിക്കുകയാണ്.
"ഇന്ത്യാ ഗവണ്‍മെന്റ് ഉള്‍പ്പെടെ വിവിധ ഏജന്‍സികള്‍ നടത്തിയ പരീക്ഷണങ്ങള്‍, കൊക്ക കോള ഉല്‍പ്പന്നങ്ങള്‍ വലിയ തോതില്‍ കീടനാശിനികള്‍ അടങ്ങിയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതിന്റെ ഫലമായി ഇന്ത്യന്‍ പാര്‍ലമെന്റ് അതിനകത്തെ കാന്റീനില്‍ കൊക്ക കോളയുടെ വില്‍പ്പന നിരോധിച്ചിരിക്കുകയാണ്. എന്നാലും, കൊക്ക കോള വിഷാംശം അടങ്ങിയ പാനീയങ്ങള്‍ ഇന്ത്യയില്‍ ഇപ്പോഴും വില്‍പ്പന തുടരുന്നുവെന്ന് മാത്രമല്ല, (ഇവ അമേരിക്കയിലോ യൂറോപ്യന്‍ യൂണിയനിലോ അവര്‍ക്ക് ഒരിക്കലും വില്‍ക്കാനാവില്ല) ഇന്ത്യന്‍ വിപണിയില്‍ അവര്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ ഇറക്കുകയുമാണ്. ഡിഡിറ്റിയും മറ്റു കീടനാശിനികളും അടങ്ങിയ പാനീയങ്ങള്‍ ഇന്ത്യാക്കാര്‍ക്ക് വിറ്റഴിക്കുന്നത് കൂടാതെ ഇപ്പോള്‍ കൊക്ക കോള ഇന്ത്യയിലുള്ള ബലിയ (ഉത്തര്‍പ്രദേശ്) യിലെ അവരുടെ ഏറ്റവും പുതിയ കുപ്പിവെള്ള പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത് ഭൂഗര്‍ഭജലത്തില്‍ വലിയ തോതില്‍ ആര്‍സെനിക് മാലിന്യം അടങ്ങിയിട്ടുള്ള പ്രദേശത്താണ്'' (ഇന്ത്യ റിസോഴ്സ് സെന്റര്‍, ഇന്ത്യയിലെ കൊക്ക കോള പ്രതിസന്ധി India Resource Center, Coca-Cola Crisis in India).
വികസ്വര രാജ്യങ്ങളില്‍, ഇന്ധന വിലവര്‍ധന വീടുകളിലെ തിളപ്പിച്ച പൈപ്പ് വെള്ളത്തിന് വേണ്ടിവരുന്ന ചെലവ് വര്‍ധിപ്പിച്ചിരിക്കുന്നു; അത് ജല സ്രോതസ്സുകളുടെ സ്വകാര്യവല്‍ക്കരണത്തിന് അനുകൂലമായി ഉപയോഗിക്കുകയാണ്. ജലസ്വകാര്യവല്‍ക്കരണത്തിന്റെ കൂടുതല്‍ വികസിതമായ ഘട്ടത്തില്‍, തടാകങ്ങളുടെയും നദികളുടെയും യഥാര്‍ഥ ഉടമസ്ഥാവകാശം തന്നെ കൈക്കലാക്കുന്നതിനുള്ള നീക്കവും സ്വകാര്യ കോര്‍പ്പറേഷനുകള്‍ നടത്തുന്നുണ്ട്. മെസപ്പൊട്ടേമിയ ആക്രമിക്കപ്പെട്ടത് അവിടുത്തെ എണ്ണ ഉറവിടങ്ങള്‍ കൈക്കലാക്കാന്‍ വേണ്ടി മാത്രമായിരുന്നില്ല, വലിയ ജലസ്രോതസ്സുകളായ രണ്ട് നദികള്‍ (ടൈഗ്രിസും യൂഫ്രട്ടീസും) അടങ്ങിയ താഴ്വര കൈവശപ്പെടുത്താന്‍ കൂടിയായിരുന്നു.
ഉപസംഹാരം
സാമ്പത്തികാധികാരങ്ങള്‍ കൈവശമുള്ള സങ്കീര്‍ണവും കേന്ദ്രീകൃതവുമായ ഒരു സംഘത്തെയാണ് നാം നേരിടുന്നത്. അതില്‍ കമ്പോള കൌശലങ്ങളുടെ ഉപകരണങ്ങള്‍ക്ക് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിന് മേല്‍ നേരിട്ട് സ്വാധീനം ചെലുത്താന്‍ കഴിയും.
ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവയുടെ വിലകള്‍ ആഗോളതലത്തില്‍ നിര്‍ണയിക്കപ്പെടുകയാണ്; ദേശീയ സര്‍ക്കാര്‍ നയങ്ങള്‍ക്ക് അതില്‍ തൊടാന്‍ പോലും ആവില്ല. ഈ മൂന്ന് അവശ്യവസ്തുക്കളുടെയും വിലവര്‍ദ്ധനവ് "സാമ്പത്തിക യുദ്ധമുറ'' യുടെ ഉപകരണങ്ങളായി മാറുകയാണ്. അവധി വ്യാപാര എക്സ്ചേഞ്ചുകളില്‍ "തുറന്ന കമ്പോള''ത്തിലൂടെയാണ് അത് നടപ്പാക്കപ്പെടുന്നത്.
ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവയുടെ വിലക്കയറ്റം "പട്ടിണി മരണ'' ങ്ങളിലൂടെ "ദരിദ്രരെ നിര്‍മാര്‍ജനം'' ചെയ്യുന്നതിനുള്ള മാര്‍ഗമായിരിക്കുകയാണ്. "സ്വതന്ത്ര കമ്പോള''ത്തിന്റെ പഞ്ചസാരയില്‍ പൊതിഞ്ഞ വെടിയുണ്ടകള്‍ നമ്മുടെ കുഞ്ഞുങ്ങളെ കൊന്നൊടുക്കുകയാണ്. അരിയുടെയും ഗോതമ്പിന്റെയും ചോളത്തിന്റെയും ആഗോള വിലകള്‍ നിശ്ചയിക്കപ്പെടുന്ന ചരക്ക് കൈമാറ്റ കേന്ദ്രങ്ങളിലെ കമ്പ്യൂട്ടര്‍ പരിപാടി പ്രകാരമുള്ള കച്ചവടത്തിലൂടെ ഒരു വേറിട്ട മാതൃകയിലാണ് ഈ കൊലപാതക പരിപാടി നടപ്പാക്കപ്പെടുന്നത്.
*
മൈക്കേല്‍ ചോസുഡോവ്സ്കി എഴുതിയ The Global Crisis: Food, Water and Fuel. 3 Fundamental Necessities of Life in Jeopardy എന്ന ലേഖനത്തിന്റെ സ്വതന്ത്ര, സംക്ഷിപ്ത പരിഭാഷ
ഈ ലേഖനത്തിന്റെ പൂര്‍ണ്ണരൂപവും ചാര്‍ട്ടുകളും ഇവിടെ
ദേശീയ തലത്തിലുള്ള നയപരാജയത്തിന്റെ മാത്രം ഫലമായുണ്ടാകുന്നതല്ല ദാരിദ്ര്യം. ആഗോള വിപണി സംവിധാനത്തിന്റെ ഫലമായി വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ ഒരേസമയം ദരിദ്രരായിക്കൊണ്ടിരിക്കുകയാണ്. വളരെചെറിയൊരു സംഘം ധനകാര്യസ്ഥാപനങ്ങള്‍ക്കും ആഗോള കോര്‍പ്പറേഷനുകള്‍ക്കുമാണ് ലോകത്താകെയുള്ള അനേക ദശലക്ഷം ആളുകളുടെ ജീവിതനിലവാരം എന്തായിരിക്കണമെന്ന്, വിപണിയിലെ സൂത്രപ്പണികളിലൂടെ, നിശ്ചയിക്കാനുള്ള കഴിവുള്ളത്.ആധുനിക ചരിത്രത്തിലെ അതീവ ഗുരുതരമായ സാമ്പത്തിക-സാമൂഹിക പ്രതിസന്ധിയുടെ നടുവിലാണ് നാമിന്ന് അകപ്പെട്ടിരിക്കുന്നത്. 1980-കളിലെ വായ്പാ പ്രതിസന്ധിയുടെ ആരംഭം മുതല്‍ കെട്ടഴിച്ചുവിടപ്പെട്ട ആഗോള ദാരിദ്ര്യവല്‍ക്കരണ പ്രക്രിയ ഇന്ന് വളരെ നിര്‍ണായകമായ ഒരു വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണ്. ഇത് വികസ്വര ലോകത്തിലാകമാനം ഒരേസമയത്ത് ക്ഷാമം പൊട്ടിപ്പുറപ്പെടാന്‍ ഇടവരുത്തിയിരിക്കുകയാണ്.
ധനവിപണികളെ ബാധിച്ച ആഗോള സാമ്പത്തിക പ്രതിസന്ധിക്കും, കാര്‍ഷികോല്‍പ്പാദനം കുറയുന്നതിനും, ഭരണകൂട സ്ഥാപനങ്ങള്‍ തകരുന്നതിനും, ലാഭാധിഷ്ഠിതമായ യുദ്ധ സമ്പദ് ഘടന അതിവേഗത്തില്‍ വളരുന്നതിനും ഒക്കെ ഇടയാക്കുന്ന നിരവധി സങ്കീര്‍ണമായ സവിശേഷതകളുണ്ട്. എന്നാല്‍ ഇത്തരം വിശകലനങ്ങളിലെല്ലാം ജീവിതത്തിന്റെ മൂന്ന് അടിസ്ഥാനാവശ്യങ്ങളായ ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവയെ ഈ ആഗോള സാമ്പത്തിക പുന:സംഘടന എങ്ങനെയാണ് ബാധിക്കുന്നത് എന്ന കാര്യം വളരെ അപൂര്‍വമായി മാത്രമെ പരാമര്‍ശിക്കപ്പെടുന്നുള്ളു.
ഭക്ഷണവും വെള്ളവും ഇന്ധനവും ലഭിക്കുകയെന്നത് പരിഷ്കൃതമായ ഏതു സമൂഹത്തിന്റെയും നിലനില്പിന് ആവശ്യമായ മുന്നുപാധിയാണ് ; മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനുള്ള അവശ്യഘടകങ്ങളാണവ. അടുത്ത കാലത്തായി, ഈ മൂന്ന് അവശ്യസാധനങ്ങളുടെ വിലകള്‍ ആഗോളതലത്തില്‍ കുതിച്ചുയരുകയാണ്; ഇത് വിനാശകരമായ സാമ്പത്തിക-സാമൂഹിക പ്രത്യാഘാതങ്ങള്‍ക്കിടവരുത്തും.നമ്മുടെ ഈ ഭൂഗോളത്തിലെ സാമ്പത്തിക-സാമൂഹിക ജീവിതത്തിന്റെ യഥാര്‍ഥത്തിലുള്ള പുനരുല്‍പ്പാദനത്തിന് രൂപം നല്‍കുന്ന ഈ മൂന്ന് അവശ്യവസ്തുക്കള്‍ അഥവാ ചരക്കുകള്‍ കൈവിരലിലെണ്ണാനാവുന്ന ആഗോള കോര്‍പ്പറേഷനുകളുടെയും ധനസ്ഥാപനങ്ങളുടെയും നിയന്ത്രണത്തിലാണിന്ന്.
ഭരണകൂടങ്ങളും മുഴുവന്‍ അന്താരാഷ്ട്ര സംഘടനകളും (ഇവയെ പലപ്പോഴും "അന്താരാഷ്ട്ര സമൂഹം'' എന്നാണ് വിശേഷിപ്പിക്കാറുള്ളത്) ആഗോള മുതലാളിത്തത്തിന്റെ അനിയന്ത്രിതമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത് നില്‍ക്കുകയാണ്. ഐക്യരാഷ്ട്ര സഭ, ബ്രെട്ടണ്‍ വുഡ്‌സ് സ്ഥാപനങ്ങള്‍, ലോക വ്യാപാര സംഘടന എന്നിവ ഉള്‍പ്പെടെയുള്ള മുഖ്യ അന്തര്‍-സര്‍ക്കാര്‍ സ്ഥാപനങ്ങളെല്ലാം തങ്ങളുടെ കോര്‍പ്പറേറ്റ് സ്പോണ്‍സര്‍മാരുടെ താല്‍പ്പര്യപ്രകാരമുള്ള നവലോകക്രമത്തെ പിന്തുണക്കുകയാണ്. നിര്‍ണായകമായ സാമ്പത്തിക ഘടകങ്ങളെ നിയന്ത്രിക്കുകയും ജനങ്ങള്‍ക്ക് അവശ്യം വേണ്ട ജീവിതസൌകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുകയെന്ന തങ്ങളുടെ ചരിത്രപരമായ കടമ വികസിത രാജ്യങ്ങളിലെയും വികസ്വര രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ കൈവെടിഞ്ഞിരിക്കുകയാണ്.
ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ ഭക്ഷണ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും വിലവര്‍ധനവിനെതിരായ പ്രതിഷേധപ്രസ്ഥാനങ്ങള്‍ ശക്തിയാര്‍ജിച്ചു വരുന്നുണ്ട്. ഹെയ്‌ത്തി, നിക്കരാഗ്വ, ഗ്വാട്ടിമാല, ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ സ്ഥിതി ഗുരുതരമാണ്. സോമാലിയയില്‍ ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലകള്‍ കുതിച്ചുയരുന്നത് രാജ്യത്തെയാകെ കൂട്ടത്തോടെ പട്ടിണിയിലേക്ക് തള്ളിനീക്കുകയാണ്. ഇതോടൊപ്പം അവിടെ കടുത്ത ജലക്ഷാമവും ഉണ്ട്. ഇതിനു സമാനവും തുല്യവുമായ ഗുരുതരമായ അവസ്ഥയാണ് എത്യോപ്യയിലും നിലനില്‍ക്കുന്നത്.
ഇന്‍ഡോനേഷ്യ, ഫിലിപ്പൈന്‍സ്, ലൈബീരിയ, ഈജിപ്ത്, സുഡാന്‍, മൊസാമ്പിക്, സിംബാബ്‌വെ, കെനിയ, എറിത്രിയ എന്നിവയുള്‍പ്പെടെയുള്ള നിരവധി ദരിദ്രരാജ്യങ്ങള്‍ ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുകയാണ് - വിദേശ സൈനിക അധിനിവേശത്തിന്‍ കീഴിലുള്ള ഇറാക്ക്, അഫ്‌ഗാനിസ്ഥാന്‍, പലസ്തീന്‍ എന്നിവയുടെ കാര്യം പിന്നെ പറയാനുമില്ല.
സര്‍ക്കാര്‍ നിയന്ത്രണം ഒഴിവാക്കല്‍
ദാരിദ്ര്യനിര്‍മ്മാര്‍ജനം ലക്ഷ്യം വച്ചോ, ഭക്ഷ്യക്ഷാമങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിനായോ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ഇന്ധനത്തിന്റെയും കാര്യത്തില്‍ സര്‍ക്കാരിന്റെയും അന്തര്‍-സര്‍ക്കാര്‍ സംവിധാനങ്ങളുടെയോ നിയന്ത്രണമോ ഇടപെടലോ ഇല്ലാത്ത അവസ്ഥയാണിപ്പോള്‍. ദശലക്ഷക്കണക്കായ മനുഷ്യജീവികളുടെ വിധി നിര്‍ണയിക്കപ്പെടുന്നത് കോര്‍പ്പറേറ്റ് ബോര്‍ഡുകളുടെ അടച്ചിട്ട മുറികള്‍ക്കുള്ളില്‍ അവര്‍ക്ക് കൊള്ളലാഭമടിക്കാനുള്ള അജന്‍ഡയുടെ ഭാഗമായാണ്.അതിശക്തരായ ഈ സാമ്പത്തിക പ്രമാണിമാര്‍, പ്രത്യക്ഷത്തില്‍ നിഷ്‌പക്ഷമെന്ന് തോന്നുന്നതും "അദൃശ്യ''വും അവ്യക്തവുമായ കമ്പോള സംവിധാനത്തിലൂടെയാണ് പ്രവര്‍ത്തനം നടത്തുന്നത് . അതിനാല്‍ തന്നെ, ഭക്ഷ്യസാധനങ്ങളുടെയും ഇന്ധനത്തിന്റെയും വെള്ളത്തിന്റെയും കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന വിലക്കയറ്റത്തിന്റെ വിനാശകരമായ സാമൂഹിക പ്രത്യാഘാതങ്ങളെ അവര്‍ ലഭ്യതയുടെയും ചോദനത്തിന്റെയും (supply and demand ) ഫലമായുണ്ടാകുന്നത് എന്ന് പറഞ്ഞ് അവഗണിക്കുകയാണ് .
ആഗോള സാമ്പത്തിക-സാമൂഹിക പ്രതിസന്ധിയുടെ സ്വഭാവം
ഔദ്യോഗിക തലത്തിലും മാധ്യമവാര്‍ത്തകളിലൂടെയും വന്‍തോതില്‍ പരിഭ്രാന്തി പരത്തുന്ന "ഭക്ഷ്യപ്രതിസന്ധി''യും "എണ്ണ പ്രതിസന്ധി''യും സാമ്പത്തികരംഗത്തെ ശക്തരായ ഈ പ്രമാണിമാര്‍ കമ്പോളവിലകളിലുണ്ടാക്കുന്ന ഊഹാധിഷ്ഠിത കൃത്രിമങ്ങളുടെ ഫലമാണ്. ഓരോ ഇടത്തെയും പ്രത്യേക പ്രശ്നങ്ങളെന്ന നിലയിലല്ല, സാമ്പത്തിക-സാമൂഹിക പുനഃസംഘടനയുടേതായ ആഗോള പ്രക്രിയയെന്ന നിലയിലാണ് ഭക്ഷണ-ഇന്ധന-ജല "പ്രതിസന്ധി''കളെ ഇവിടെ കൈകാര്യം ചെയ്യുന്നത്, .
ഈ മൂന്ന് അവശ്യസാധനങ്ങളുടെ വിലകള്‍ പെട്ടെന്ന് കുതിച്ചുയര്‍ന്നത് ആകസ്‌മികമായല്ല; അടിസ്ഥാന ഭക്ഷണ സാധനങ്ങളുടെയും ഉല്‍പ്പാദനത്തിനും ഉപഭോഗത്തിനും വേണ്ട വെള്ളത്തിന്റെയും ഇന്ധനത്തിന്റെയും വില വര്‍ധനവിന് കാരണം ഒരേസമയത്ത് ബോധപൂര്‍വം നടത്തുന്ന കമ്പോള കൌശല പ്രയോഗങ്ങളാണ്.
ഭക്ഷണസാധനങ്ങളുടെ കുതിച്ചുയരുന്ന വിലകളോടൊപ്പം ഇന്ധനവിലകളും പെട്ടെന്ന് വര്‍ധിച്ചുകൊണ്ടിരിക്കുന്നതാണ് ഭക്ഷ്യപ്രതിസന്ധിയുടെ കാതല്‍.അതോടൊപ്പം തന്നെ, കാര്‍ഷിക-വ്യാവസായിക ഉല്‍പ്പാദനത്തിലെയും, സാമൂഹിക പശ്ചാത്തല വികസനത്തിലെയും പൊതു ശുചീകരണത്തിലെയും ഗാര്‍ഹിക ഉപഭോഗത്തിലെയും അവശ്യ വസ്തുവായ വെള്ളത്തിന്റെ വില, ജലവിഭവങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന് ലോകമാകെ നടക്കുന്ന നീക്കത്തിന്റെ ഫലമായി ക്രമാതീതമായി വര്‍ധിക്കുകയുമാണ്. നാമിപ്പോള്‍ നേരിടുന്നത് അതിപ്രധാനമായ ഒരു സാമ്പത്തിക-സാമൂഹിക അട്ടിമറിയെയാണ്; അഭൂതപൂര്‍വമായ ആഗോള പ്രതിസന്ധിയേയാണ്; വെള്ളം, ഭക്ഷണം, ഇന്ധനം എന്നിവ തമ്മിലുള്ള ത്രികോണ ബന്ധമാണ് അതിന്റെ സവിശേഷത. ഇവ മൂന്നുമാണ് അടിസ്ഥാനപരമായ അവശ്യവസ്തുക്കള്‍. ഇവ മൂന്നും മനുഷ്യരാശിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നവയാണ്.വസ്തുനിഷ്ഠമായി പറഞ്ഞാല്‍, ഇവയുടെ വിലവര്‍ധനവ് ജനജീവിതം തകര്‍ക്കുകയും അവരെ ദരിദ്രരാക്കുകയും ചെയ്യുന്നു. അതിനും പുറമെ, യുദ്ധകാലത്തെന്ന പോലെ ലോകവ്യാപകമായി ആളുകളുടെ ജീവിത നിലവാരം തകരുകയുമാണ്. സൈനിക അജണ്ടയുമായി അതിന് അഭേദ്യമായ ബന്ധമാണുള്ളത്. എണ്ണയ്‌ക്കും ജലവിഭവങ്ങള്‍ക്കും മേലുള്ള നിയന്ത്രണത്തിന് മധ്യപൂര്‍വ ദേശത്തെ യുദ്ധവുമായി നേരിട്ടുള്ള ബന്ധമാണുള്ളത്.
എണ്ണയേയും ഭക്ഷ്യസാധനങ്ങളെയും പോലെ വെള്ളം, അന്താരാഷ്ട്ര വ്യാപാരത്തിലെ ചരക്കായി ഇപ്പോള്‍ മാറിയിട്ടില്ലെങ്കിലും, വെള്ളത്തിന്റ സ്വകാര്യവല്‍ക്കരണം അതിനെയും കമ്പോള കൌശല പ്രയോഗങ്ങള്‍ക്ക് വിധേയമാക്കിയിരിക്കുകയാണ്.
അടച്ചിട്ട മുറികള്‍ക്കുള്ളിലിരുന്ന് ചരടുവലിക്കുന്ന സാമ്പത്തിക-ധനകാര്യ പ്രമാണിമാര്‍ ഇവരാണ്:
- വാള്‍ സ്‌ട്രീറ്റിലെ പ്രമുഖ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും; എണ്ണയുടെയും ഭക്ഷ്യസാധനങ്ങളുടെയും വിപണിയില്‍ ഉള്‍പ്പെടെയുള്ള ചരക്കുവിപണികളില്‍ നേരിട്ട് ഇടപെടുന്ന ഊഹക്കച്ചവട സ്ഥാപനങ്ങളും ഇതില്‍പ്പെടുന്നു.
- പടുകൂറ്റന്‍ ആംഗ്ലോ-അമേരിക്കന്‍ എണ്ണക്കമ്പനികള്‍ (Anglo-American oil giants)- ബ്രിട്ടീഷ് പെട്രോളിയം (ബി.പി), എക്‍സോണ്‍, മൊബില്‍, ഷെവറോണ്‍-ടെക്സാക്കൊ, റോയല്‍ ഡച്ച് ഷെല്‍ എന്നിവ.
- ജൈവ സാങ്കേതികവിദ്യാ- കാര്‍ഷിക വിപണന കൂട്ടുകമ്പനികള്‍(biotech-agribusiness conglomerates), അവയാണ് വിത്തുകളുടെയും മറ്റു കാര്‍ഷിക ഇന്‍പുട്ടുകളുടെയും ബൌദ്ധിക സ്വത്തവകാശം കൈവശം വച്ചിട്ടുള്ളത്. ന്യൂയോര്‍ക്കിലെയും ചിക്കാഗോയിലെയും വ്യാപാര വിനിമയങ്ങളിലും ജൈവ സാങ്കേതികവിദ്യാ കമ്പനികളാണ് പ്രധാന പ്രമാണിമാര്‍.
- ലോകമാകെയുള്ള ജലസ്രോതസ്സുകളുടെ വ്യാപകമായ സ്വകാര്യവല്‍ക്കരണത്തില്‍ ഉള്‍പ്പെടുന്ന സൂയസ്, വെയോളിയ, ബെക്‍ടല്‍- യുണൈറ്റഡ് യൂട്ടിലിറ്റീസ് എന്നിവ ഉള്‍പ്പെടെയുള്ള ജലവ്യാപാര ഭീമന്മാര്‍ (water giants).
- ആംഗ്ലോ-അമേരിക്കന്‍ സൈനിക - വ്യാവസായിക കോംപ്ലക്സുകള്‍ (Anglo-American military-industrial complex)- ഇതില്‍ അഞ്ച് പ്രമുഖ അമേരിക്കന്‍ കോണ്‍ട്രാക്ടര്‍മാരും ഉള്‍പ്പെടുന്നു. (ലോക്ക് ഹീഡ് മാര്‍ട്ടിന്‍, റായ്ത്തിയോണ്‍, നോര്‍ത്ത് റോപ് ഗ്രണ്‍മാന്‍, ബോയിങ്, ജനറല്‍ ഡൈനമിക്സ്) ഇതിനോടൊപ്പം ബ്രിട്ടീഷ് എയ്റോ സ്‌പെയ്‌സ് സിസ്റ്റംസ് കോര്‍പ്പറേഷനും (ബി.എ.ഇ.എസ്) കൂടിച്ചേരുമ്പോള്‍ അതിശക്തമായ ആധിപത്യ ശക്തിയായി മാറുന്നു. ഇവ വാള്‍ സ്‌ട്രീറ്റുമായും ഭീമന്‍ എണ്ണക്കുത്തകകളുമായും കാര്‍ഷിക വ്യാപാര - ജൈവ സാങ്കേതിക വിദ്യ കൂട്ടുകമ്പനികളുമായി ചേരുമ്പോള്‍ എല്ലാത്തിനേയും നിയന്ത്രിക്കാനാവുന്ന ശക്തിയായി മാറുന്നു.
എണ്ണവിലക്കുമിളകള്‍
ന്യൂയോര്‍ക്കിലെയും ചിക്കാഗോയിലെയും വ്യാപാര വിനിമയ കേന്ദ്രങ്ങളിലെ (mercantile exchanges ) ആഗോള വിലകളിലെ പൊതു പ്രവണതയും എണ്ണയുടെ ഉല്‍പ്പാദന ചെലവും തമ്മില്‍ ഒരു ബന്ധവുമില്ല. ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയരുന്നത് എണ്ണക്ഷാമത്തിന്റെ ഫലമായിട്ടുമല്ല. മധ്യപൂര്‍വദേശത്ത് ഒരു ബാരല്‍ എണ്ണയുടെ വില 15 ഡോളറില്‍ അധികമാകില്ലെന്നാണ് കണക്കാക്കപ്പെടുന്നത്. കാനഡയിലെ ആല്‍ബെര്‍ട്ടായിലുള്ള ടാര്‍ കലര്‍ന്ന മണല്‍ പ്രദേശത്തുനിന്ന് വേര്‍തിരിച്ചെടുക്കുന്ന എണ്ണയ്‌ക്ക് പോലും ബാരല്‍ ഒന്നിന് 30 ഡോളര്‍ മാത്രമെ വിലയാകുന്നുള്ളു (Antoine Ayoub, Radio Canada, May 2008).എന്നാല്‍ ഇപ്പോള്‍ ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 120 ഡോളറില്‍ ഏറെയാണ് വില. കമ്പോളവില ഇത്രയും ഉയര്‍ന്നത് പ്രധാനമായും ഊഹക്കച്ചവടക്കാരുടെ കൊള്ളയുടെ ഫലമായാണ്.
വ്യാവസായികവും കാര്‍ഷികവും സേവനാധിഷ്ഠിതവുമായ സമ്പദ്ഘടനയുടെ സമസ്ത മേഖലകളിലെയും ഉല്‍പ്പാദനത്തിന് ഇന്ധനം അനിവാര്യമാണ്. ഇന്ധനവില കുതിച്ചുയര്‍ന്നത് ലോകത്തിന്റെ എല്ലാ പ്രധാന മേഖലകളിലുമുള്ള പതിനായിരക്കണക്കിന് ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പാപ്പരീകരിക്കുകയും ആഭ്യന്തര, അന്താരാഷ്ട്ര വ്യാപാരത്തിന്റെ അടിയിളക്കുകയും സ്തംഭിപ്പിക്കുകയും ചെയ്യുന്നതിന് ഇടവരുത്തിയിരിക്കുന്നു.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ചില്ലറ വിലയിലുണ്ടാകുന്ന വിലവര്‍ധന പ്രാദേശിക തലത്തിലുള്ള സമ്പദ് ഘടനകളുടെ തകര്‍ച്ചയ്ക്കും വര്‍ധിതമായ വിധത്തിലുള്ള വ്യാവസായിക കേന്ദ്രീകരണത്തിനും ഒരുപിടി ആഗോള കുത്തക കോര്‍പ്പറേഷനുകളുടെ കൈയില്‍ സമ്പത്താകെ വന്‍തോതില്‍ കേന്ദ്രീകരിക്കുന്നതിനും ഇടയാക്കുന്നു. അതേസമയം, ഇന്ധനവിലക്കയറ്റം നഗരങ്ങളിലെ ഗതാഗത സംവിധാനത്തെയും വിദ്യാലയങ്ങളെയും ആശുപത്രികളെയും വാഹനനിര്‍മാണ വ്യവസായത്തെയും ഭൂഖണ്ഡാന്തര കപ്പല്‍ ഗതാഗതത്തെയും വ്യോമഗതാഗതത്തെയും വിനോദ സഞ്ചാരത്തെയും വിനോദോപാധികളെയും എല്ലാ പൊതുസേവനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു.
നാണയപ്പെരുപ്പം
ഇന്ധന വിലവര്‍ധനവ് വലിയ തോതില്‍ നാണയപ്പെരുപ്പം സൃഷ്ടിക്കുന്നു. അതിന്റെ ഫലമായി ജനങ്ങളുടെ യഥാര്‍ഥ ക്രയശേഷി ചുരുങ്ങുന്നു. അതേത്തുടര്‍ന്ന് ലോക വ്യാപകമായി ഉപഭോക്തൃ ചോദനത്തില്‍ (consumer demand) ഇടിവുണ്ടാകുന്നു. വികസിത രാജ്യങ്ങളിലെ ഇടത്തരം വിഭാഗങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുന്നു.ചരക്കുവിപണി (commodity markets) ആണ് ഈ വിലവ്യതിയാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് . ഇന്‍ഡെക്‍സ് ഫണ്ടുകളിലെ ഊഹക്കച്ചവടത്തിന്റെ ഫലമായാണ് ഇതുണ്ടാകുന്ന ത്. ലണ്ടനിലെ ഐ.സി.ഇ, ന്യൂയോര്‍ക്കിലെയും ചിക്കാഗൊയിലെയും വ്യാപാര വിനിമയ കേന്ദ്രങ്ങള്‍ (മെര്‍ക്കന്റയില്‍ എക്സ്ചേഞ്ചുകള്‍) എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ ചരക്കുവിപണികളിലെ അവധി വ്യാപാരത്തിന്റെ ഫലമായിട്ടുമാണ് ഇതുണ്ടാകുന്നത്. ഇന്ധനത്തിന്റെയും ഭക്ഷണസാധനങ്ങളുടെയും വെള്ളത്തിന്റെയും ക്ഷാമം കാരണമല്ല പെട്ടെന്നുള്ള ഈ വിലക്കയറ്റം.
ആഗോള സമ്പദ് ഘടനയിലെ ഈ ഇളകിമറിയലുകള്‍ ബോധപൂര്‍വമുണ്ടാക്കുന്നതാണ്. ഭരണകൂടങ്ങളുടെ സാമ്പത്തിക ധനനയങ്ങള്‍ നിയന്ത്രിക്കുന്നത് സ്വകാര്യ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളാണ്. ഊഹക്കച്ചവടം നിയന്ത്രണ നയങ്ങള്‍ക്ക് വിധേയമാകുന്നതേയില്ല. സാമ്പത്തിക മാന്ദ്യം ഒരു കൈവിരലില്‍ എണ്ണാവുന്നത്ര ആഗോള കോര്‍പ്പറേഷനുകളുടെ സമ്പത്ത് സ്വരൂപണത്തിനും അധികാര കേന്ദ്രീകരണത്തിനും അവസരമൊരുക്കുന്നു.
വില്യം എംഗദല്‍ പറയുന്നത് ഇങ്ങനെയാണ് :
"........ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 128 ഡോളര്‍ വില ഈടാക്കുന്നതില്‍ ഏറ്റവും കുറഞ്ഞത് 60 ശതമാനമെങ്കിലും ലണ്ടനിലെ ഐ.സി.ഇ ഫ്യൂച്ചേഴ്‌സും ന്യൂയോര്‍ക്കിലെ നിമക്‍സ് (NYMEX) ഫ്യൂച്ചേഴ്‌സ് എക്സ്ചേഞ്ചും ഉപയോഗിച്ച് ഹെഡ്‌ജ് ഫണ്ടുകളും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും യാതൊരു നിയന്ത്രണവും കൂടാതെ നടത്തുന്ന അവധി ഊഹക്കച്ചവടത്തിലൂടെയും സൂക്ഷ്‌മ പരിശോധന ഒഴിവാക്കുന്നതിന് കൌണ്ടറിന് പുറത്തു നടത്തുന്ന വ്യാപാരത്തിലൂടെയും(Over-The-Counter trading) അനിയന്ത്രിതമായ ഇന്റര്‍ബാങ്ക് ഇടപാടുകളിലൂടെയുമാണ് ലഭിക്കുന്നത്. അമേരിക്കന്‍ സര്‍ക്കാരിന്റെ ചരക്ക് അവധിവ്യാപാര കമ്മിഷന്‍ (Commodity Futures Trading Commission ) നിശ്ചയിച്ച മാര്‍ജിന്‍ സംബന്ധിച്ച നിയമം അനുസരിച്ച്, കരാര്‍ വിലയുടെ ആറു ശതമാനം നല്‍കി നിമക്‍സില്‍ ക്രൂഡ് ഓയിലിന്റെ അവധി വ്യാപാര കരാര്‍ വാങ്ങുന്നതിന് അനുവാദമുണ്ട്. അതുപ്രകാരം, ഒരു ബാരലിന് 128 ഡോളര്‍ വിലയുള്ളപ്പോള്‍ അവധി വ്യാപാരത്തില്‍ ഏര്‍പ്പെടുന്നവര്‍ ഓരോ ബാരല്‍ എണ്ണയ്ക്കും 8 ഡോളര്‍ വീതം നല്‍കിയാല്‍ മതി. അയാള്‍ ബാക്കി 120 ഡോളറിനും കടം പറയുകയാണ്. ഈ പ്രത്യേക ആനുകൂല്യം വിലകള്‍ അയഥാര്‍ത്ഥമായ തലത്തിലേക്ക് ഉയരാന്‍ ഇടവരുത്തുന്നു. സബ് പ്രൈം ഇടപാടുകളിലും മറ്റു വിപത്തുകളിലും അകപ്പെട്ടുണ്ടാകുന്ന ബാങ്കുകളുടെ നഷ്ടം ഇങ്ങനെ സാധാരണ ജനങ്ങളുടെ ചെലവിലാണ് നികത്തുന്നത്''. (എണ്ണവില വര്‍ധനവിന് പിന്നിലെ യഥാര്‍ഥ കാരണങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഗ്ലോബല്‍ റിസര്‍ച്ച്, മെയ് 2008 നോക്കുക).
ക്രൂഡ് ഓയിലിന്റെ ഊഹക്കച്ചവട കമ്പോളത്തിലെ പ്രധാന ഇടപാടുകാരില്‍ ഗോള്‍ഡ് മാന്‍ സാച്ചസ്, മോര്‍ഗന്‍ സ്റ്റാന്‍ലി, ബ്രിട്ടീഷ് പെട്രോളിയം (ബി.പി.) സൊസൈറ്റി ജനറല്‍ എന്ന ഫ്രഞ്ച് ബാങ്കിംഗ് കൂട്ടുകമ്പനി, അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കായ ബാങ്ക് ഓഫ് അമേരിക്ക, സ്വിറ്റ്സര്‍ലന്‍ഡിലെ മെര്‍ക്കുറിയ എന്നിവ ഉള്‍പ്പെടുന്നു.
ലണ്ടന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ പെട്രോളിയം എക്‍സ്‌ചേഞ്ചിനെ (ഐ.പി.ഇ) നിയന്ത്രിക്കുന്നത് ബ്രിട്ടീഷ് പെട്രോളിയം കമ്പനിയാണ്. ഈ എക്സ്ചേഞ്ചാണ് (ഐ.പി.ഇ) ലോകത്തിലെ ഏറ്റവും വലിയ അവധിവ്യാപാര എക്‍സ്‌ചേഞ്ച്. ഐ.പി.ഇയുടെ പ്രധാന ഓഹരി ഉടമകള്‍ ഗോള്‍ഡ് മാന്‍ സാച്ചസും മോര്‍ഗന്‍ സ്റ്റാന്‍ലിയുമാണ്. "ഡെര്‍ സ്‌ട്രീഗെല്‍'' എന്ന പത്രം പറയുന്നത്, ലണ്ടന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഊഹാധിഷ്ഠിത എണ്ണവിപണി (ഐ.പി.ഇ) യിലെ ഏറ്റവും വലിയ ഇടപാടുകാരില്‍ ഒന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിയാണ്. 'ലെ മോണ്ടെ' യുടെ അഭിപ്രായത്തില്‍ ബാങ്ക് ഓഫ് അമേരിക്കയും ഡ്യൂഷെ ബാങ്കുമായി ചേര്‍ന്ന് ഫ്രാന്‍സിന്റെ സൊസൈറ്റി ജനറല്‍ ആണ് ക്രൂഡ് ഓയില്‍ വില വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടുകൂടി കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത്.
ഭക്ഷണസാധനവില കുതിച്ചുയരുന്നു
അടിസ്ഥാന ഭക്ഷ്യസാധനങ്ങളുടെ വില വര്‍ധനവിലൂടെ വെളിപ്പെടുന്ന ആഗോള ഭക്ഷ്യപ്രതിസന്ധി ലോകത്തിന്റെ നാനാഭാഗത്തുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലേക്കും കടുത്ത ദാരിദ്ര്യത്തിലേക്കും തള്ളിനീക്കുകയാണ്.
ലോക ഭക്ഷ്യകൃഷി സംഘടന (എഫ്.എ.ഒ) യുടെ കണക്കുപ്രകാരം 2007 മാര്‍ച്ചിനുശേഷം ഭക്ഷ്യധാന്യങ്ങളുടെ വിലയില്‍ 88% വര്‍ധനവുണ്ടായി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനകം ഗോതമ്പിന്റെ വിലയില്‍ 181% വര്‍ധനവുണ്ടായി. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ അരിയുടെ വില 50 ശതമാനം വര്‍ധിച്ചു. (ഇയാന്‍ ആംഗസ് "Food Crisis: “The greatest demonstration of the historical failure of the capitalist model”'' ഗ്ലോബല്‍ റിസര്‍ച്ച്, ഏപ്രില്‍ 2008 നോക്കുക).കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ അരിവില മൂന്നിരട്ടിയാണ് വര്‍ധിച്ചത്; 2003-ല്‍ ടണ്ണിന് ഏകദേശം 600 ഡോളറായിരുന്നത് 2008 മാര്‍ച്ചില്‍ ടണ്ണൊന്നിന് 1800 ഡോളറില്‍ അധികമായി വര്‍ധിച്ചു.
"ജനപ്രിയ ഇനത്തില്‍പ്പെട്ട തായ്‌ലാന്‍ഡ് അരിക്ക്, അഞ്ചുവര്‍ഷത്തിന് മുമ്പ് ടണ്ണൊന്നിന് 198 ഡോളറിന് വിറ്റിരുന്നത്, ഒരു വര്‍ഷത്തിനുമുമ്പ് 323 ഡോളറായി. അതേ അരിയുടെ വില 2008 ഏപ്രിലില്‍ 1000 ഡോളറില്‍ അധികമായി. പ്രാദേശിക വിപണികളിലെ വില ഇതിലും ഏറെയാണ് - ഹെയ്‌ത്തിയില്‍ 2008 മാര്‍ച്ചില്‍ 50 കിലോഗ്രാം അരിയുടെ കമ്പോള വില ഒരാഴ്ച കൊണ്ട് ഇരട്ടിയിലധികം വര്‍ധിച്ചു. പ്രതിദിനം രണ്ട് ഡോളറില്‍ താഴെയുള്ള വരുമാനം കൊണ്ട് ജീവിതം തള്ളിനീക്കുന്ന, തങ്ങളുടെ വരുമാനത്തിന്റെ അറുപതു ശതമാനം മുതല്‍ 80 ശതമാനം വരെ ഭക്ഷണത്തിനുവേണ്ടി ചെലവിടുന്ന ലോകമാകെയുള്ള 260 കോടി ആളുകളുടെ ദുരിതം ഈ വിലവര്‍ധനവ് മൂലം ഏറിയിരിക്കുകയാണ്. കോടിക്കണക്കിനാളുകള്‍ ഭക്ഷണത്തിന് വകയില്ലാതെ വലയുകയാണ്'' (ഇയാന്‍ ആംഗസ്).
ധാന്യവിപണിയിലെ പ്രധാന കക്ഷികള്‍ കാര്‍ഗിലും ആര്‍ച്ചര്‍ ഡാനിയേല്‍സ് മിഡ്‌ലാന്‍ഡു (എ.ഡി.എം) മാണ്. ആഗോള ധാന്യവിപണിയുടെ മഹാഭൂരിപക്ഷം പങ്കും കയ്യടക്കി വെച്ചിട്ടുള്ളത് ഈ രണ്ട് കോര്‍പ്പറേറ്റ് ഭീമന്മാരാണ്. അവ നിമെക്‍സിലെയും ചിക്കാഗോ ബോര്‍ഡ് ഓഫ് ട്രേഡിലെയും അവധി വ്യാപാരത്തിലെ ഊഹക്കച്ചവടത്തിലും പങ്കാളികളാണ്. "ജൈവ വ്യതിയാനം വരുത്തിയ വിളകള്‍ കൃഷി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ കുത്തകകളായ കാര്‍ഗിലും എ.ഡി.എമ്മും അവരുടെ എതിരാളിയായ സെന്‍ നോഹയും കൂടി അമേരിക്കയില്‍ നിന്നുള്ള ചോളം കയറ്റുമതിയുടെ 81 ശതമാനവും സോയാ ബീന്‍ കയറ്റുമതിയുടെ 65 ശതമാനവും പങ്കിട്ടെടുടുക്കുന്നു. ( Greg Muttitt, Control Freaks, Cargill and ADM, ദി എക്കോളജിസ്റ്റ്, 2001 മാര്‍ച്ച്).
കാര്‍ഷിക പരിഷ്കരണത്തിന്റെ പശ്ചാത്തലം
1980-കളുടെ തുടക്കം മുതല്‍ വായ്‌പാ പ്രതിസന്ധിയുടെ കടന്നാക്രമണത്തോടൊപ്പം നവലിബറല്‍ സ്ഥൂല സാമ്പത്തിക നയ പരിഷ്‌കരണങ്ങളും (macroeconomic policy reform) കൂടി ചേര്‍ന്നപ്പോള്‍ പ്രാദേശിക കൃഷിയുടെ തകര്‍ച്ചയ്‌ക്ക് കളമൊരുങ്ങി. കഴിഞ്ഞ 25 വര്‍ഷം കൊണ്ട് ഐ.എം.എഫ്- ലോകബാങ്ക് പരിഷ്‌കാരങ്ങള്‍ അടിച്ചേല്‍പ്പിച്ചതിലൂടെ വികസ്വര രാജ്യങ്ങളിലെ ഭക്ഷ്യ കൃഷിയെ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ്.അമേരിക്ക, കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലെ മിച്ച ഭക്ഷ്യധാന്യങ്ങള്‍ വികസ്വര രാജ്യങ്ങളിലെ വിപണികളിലേക്ക് കുന്നുകൂട്ടിയതിന്റെ ഫലമായി അവിടങ്ങളിലെ ഭക്ഷ്യ സ്വയംപര്യാപ്തത തകരാനിടയായി; പ്രാദേശിക കാര്‍ഷിക സമ്പദ് ഘടനയെയും അത് തകര്‍ത്തു. അതേ സമയം, ഈ പ്രക്രിയ പാശ്ചാത്യ കാര്‍ഷിക കച്ചവടക്കാര്‍ക്ക് ശതകോടിക്കണക്കിന് ഡോളറുകളുടെ ലാഭമുണ്ടാക്കി കൊടുത്തു. സ്വന്തം നാട്ടിലേക്ക് വേണ്ട ഭക്ഷ്യസാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള കെല്‍പ്പ് നഷ്ടപ്പെട്ട വികസ്വര രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി കരാറുകളിലൂടെയാണ് ഇവര്‍ ഇങ്ങനെ ലാഭം വാരിക്കൂട്ടിയത്.
ചരിത്രപരമായ ഈ കാരണങ്ങളാല്‍, മുമ്പേതന്നെ നിലവില്‍ ഉണ്ടായിരുന്ന ദാരിദ്ര്യം അടുത്തയിടെ ഭക്ഷണസാധനങ്ങളുടെ ചില്ലറ വില ഇരട്ടിയിലും അധികമായി വര്‍ധിപ്പോള്‍ നിയന്ത്രണാതീതമായി.
എത്തനോള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ചോളം ഉപയോഗിച്ചു തുടങ്ങിയതോടെ ഈ വിലവര്‍ധന നിയന്ത്രണാതീതമായി. 2007-ല്‍ 1232 കോടി ബുഷല്‍ (ഒരു ബുഷല്‍ = 8 ഗ്യാലന്‍) ചോളം ഉല്‍പ്പാദിപ്പിച്ചതില്‍ 320 കോടി ബുഷല്‍ എത്തനോള്‍ നിര്‍മാണത്തിനാണ് ഉപയോഗിച്ചത്. അമേരിക്കയില്‍ ആകെ ഉല്‍പ്പാദിപ്പിക്കുന്ന ചോളത്തിന്റെ 40 ശതമാനവും എത്തനോള്‍ നിര്‍മാണത്തിനായി മാറ്റിവയ്ക്കുകയാണ്.
ജനിതക വ്യതിയാനം വരുത്തിയ വിത്തുകള്‍
1995-ല്‍ ലോകവ്യാപാര സംഘടന നിലവില്‍ വന്നതോടുകൂടി ആഗോള കാര്‍ഷിക ഘടനയില്‍ ചരിത്രപരമായ മറ്റൊരു സുപ്രധാന മാറ്റം കൂടി സംഭവിച്ചു. ലോക വ്യാപാര സംഘടന (ഡബ്ളു.ടി.ഒ) യുടെ കരാര്‍ വ്യവസ്ഥകള്‍ പ്രകാരം, വികസ്വര രാജ്യങ്ങളിലെ വിത്ത് വിപണികളിലേക്ക് കടക്കാന്‍ ഭക്ഷ്യധാന്യ കുത്തക ഭീമന്മാര്‍ക്ക് അനിയന്ത്രിതമായ സ്വാതന്ത്ര്യം ലഭിച്ചു.
അന്തര്‍ദേശീയ കാര്‍ഷിക-വ്യാവസായിക നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് സസ്യഇനങ്ങളുടെ "ബൌദ്ധിക സ്വത്തവകാശ'' ത്തിന്‍മേല്‍ പൂര്‍ണ നിയന്ത്രണം ലഭിച്ചതോടെ ജൈവ-വൈവിധ്യങ്ങളുടെ നാശത്തിനും അരങ്ങൊരുങ്ങി. കൈവിരലിലെണ്ണാവുന്നത്ര ചുരുക്കം ജൈവ സാങ്കേതികവിദ്യാ കൂട്ടുകമ്പനികളുടെ നിയന്ത്രണത്തിലുള്ള ജൈവ വ്യതിയാനം വരുത്തിയ വിത്തുകള്‍ കര്‍ഷകരുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു. ഉദാഹരണത്തിന്, എത്യോപ്യയില്‍, കടുത്ത വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍, കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനെന്ന പേരില്‍ ജൈവ വ്യതിയാനം വരുത്തിയ വിത്തുകള്‍ വിതരണം ചെയ്യപ്പെട്ടു.ജൈവ വ്യതിയാനം വരുത്തിയ വിത്തുകള്‍ കൃഷി ചെയ്ത് ഒരു വിളവെടുത്തപ്പോള്‍ കര്‍ഷകര്‍ക്ക് ഒരുകാര്യം ബോധ്യമായി - ഇതില്‍ നിന്നുള്ള വിത്തെടുത്ത് വീണ്ടും കൃഷി ചെയ്യാനാവില്ലെന്നു മാത്രമല്ല, മൊണ്‍സാന്റോയ്ക്കും ആര്‍ച്ച് ഡാനിയല്‍ മിഡ്‌ലാന്‍ഡിനും റോയല്‍റ്റി നല്‍കുകയും വേണം. പിന്നീടാണ് കര്‍ഷകര്‍ മനസ്സിലാക്കിയത്, ഈ വിത്ത് കൃഷി ചെയ്താല്‍ വിള ലഭിക്കണമെങ്കില്‍ ഇതേ ജൈവ സാങ്കേതികവിദ്യ കാര്‍ഷിക വ്യവസായ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന രാസവളങ്ങളും കീടനാശിനികളും കളനാശിനികളും തന്നെ ഉപയോഗിക്കണമെന്ന്. അങ്ങനെ മൊത്തം കാര്‍ഷിക സമ്പദ് ഘടനയും ഈ അഗ്രി ബിസിനസ് കൂട്ടുകമ്പനികളുടെ കൈപ്പിടിയില്‍ ഒതുങ്ങി.
മൊണ്‍സാന്റോ, സിന്‍ജെന്റ, അമെന്റിസ്, ഡു പോണ്‍സ്, ഡൌ കെമിക്കല്‍, കാര്‍ഹില്‍, ആര്‍ച്ച് ഡാനിയല്‍ മിഡ് ലാന്‍ഡ് എന്നിവയാണ് ജൈവ വ്യതിയാനം വരുത്തിയ വിത്തുകളുടെ കുത്തകയുള്ള ഭീമന്‍ ജൈവ സാങ്കേതിക വിദ്യാ കമ്പനികള്‍.
കാര്‍ഷിക പരിവൃത്തിയെ തകര്‍ക്കല്‍
ജനിതക വ്യതിയാനം വരുത്തിയ വിത്തുകള്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയതോടെ, പതിനായിരം വര്‍ഷം മുമ്പ് കൃഷി ആരംഭിച്ചത് മുതലുള്ള അതിന്റെ ഘടനയിലും ചരിത്രത്തിലും കാര്യമായ മാറ്റം സംഭവിക്കാന്‍ തുടങ്ങി.
ജനിതക വ്യതിയാനം വരുത്തിയ വിത്തുകള്‍ ഉപയോഗിച്ചതോടുകൂടി ഗ്രാമതലത്തിലുള്ള പ്രാദേശിക ഞാറ്റുകണ്ടങ്ങളില്‍ (നഴ്‌സറികള്‍) വിത്തുകള്‍ പുനരുല്‍പ്പാദിപ്പിക്കപ്പെടുന്നത് ഇല്ലാതായി. തങ്ങളുടെ ജൈവ വിത്തിനങ്ങളെ സംരക്ഷിക്കാനും അടുത്ത വിളവെടുപ്പിനായി അവ കൃഷി ചെയ്യാനും കര്‍ഷകരെ പ്രാപ്തരാക്കിയിരുന്ന കാര്‍ഷിക പരിവൃത്തിയും തകര്‍ക്കപ്പെട്ടു. ഈ നശീകരണ സംവിധാനം - ഇത് അനിവാര്യമായും ക്ഷാമത്തിനിടയാക്കും - ഓരോരോ രാജ്യങ്ങളിലായി പകര്‍ത്തിയതുമൂലം ലോകമാകെ കാര്‍ഷിക സമ്പദ് ഘടന അന്യാധീനപ്പെട്ടു.
ഭക്ഷ്യകാര്‍ഷിക സംഘടന - ലോകബാങ്ക് സമവായം
ഭക്ഷ്യപ്രതിസന്ധിയെ സംബന്ധിച്ച് 2008 ജൂണില്‍ റോമില്‍ നടത്തിയ ഉച്ചകോടിയില്‍ രാഷ്ട്രീയക്കാരും സാമ്പത്തിക വിദഗ്ധരും ഒന്നുപോലെ സ്വതന്ത്ര കമ്പോള വാദത്തെ ആശ്ലേഷിച്ചംഗീകരിച്ചു. ചോദന-വിതരണങ്ങളുടെയും കാലാവസ്ഥ വ്യതിയാനങ്ങളുടെയും ഫലമായാണ് ക്ഷാമങ്ങളുണ്ടാകുന്നതെന്നും അവ നയ ആവിഷ്‌ക്കര്‍ത്താക്കളുടെ നിയന്ത്രണത്തിന് അതീതമാണെന്നുമാണ് അവതരിപ്പിക്കപ്പെട്ടത്. അപ്പോള്‍ "പരിഹാരമോ?'': ലോക ഭക്ഷ്യപരിപാടി (ഡബ്ള്യു.എഫ്.പി) യുടെ ഭാഗമായി ക്ഷാമബാധിത മേഖലകളിലേക്ക് അടിയന്തിര സഹായം എത്തിക്കുക.
കമ്പോളശക്തികളുടെ പ്രതിപ്രവര്‍ത്തനത്തില്‍ ഇടപെടരുത്
വിരോധാഭാസമെന്നു പറയട്ടെ, ഈ 'വിദഗ്ധാഭിപ്രായങ്ങള്‍'' ആഗോള ഭക്ഷ്യധാന്യ ഉല്‍പ്പാദനം സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളുമായി ഒരുവിധത്തിലും പൊരുത്തപ്പെടുന്നതല്ല. 2008-ല്‍ ലോകവ്യാപകമായി ഭക്ഷ്യധാന്യ ഉല്‍പ്പാദനം സര്‍വകാല റിക്കാര്‍ഡായിരിക്കുമെന്നാണ് എഫ്.എ.ഒ.യുടെ പ്രവചനം തന്നെ. തങ്ങളുടെ തന്നെ പാഠപുസ്തകങ്ങളിലുള്ള വിശദീകരണങ്ങള്‍ക്ക് വിരുദ്ധമായി, ഭക്ഷ്യസാധനങ്ങളുടെ ലഭ്യത വലിയ തോതില്‍ വര്‍ധിക്കുമെന്ന് പ്രവചിക്കപ്പെടുമ്പോഴും ലോകമെങ്ങും ഭക്ഷ്യസാധനങ്ങളുടെ വില ഉയര്‍ന്ന നിരക്കില്‍ തന്നെ തുടരുമെന്നാണ് ലോക ബാങ്കിന്റെ അഭിപ്രായം.
ഭക്ഷ്യസാധനങ്ങളുടെയും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും വിലകളില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് എഫ്.എ.ഒ.യുടെയും ലോകബാങ്കിന്റെയും അകത്തളങ്ങളില്‍ പരിഗണനാവിഷയമേയല്ല. എന്നാല്‍ നിശ്ചയമായും അതാണ് അമേരിക്കയിലെ മിക്കവാറും എല്ലാ പ്രഗത്ഭ സര്‍വകലാശാലകളിലെയും സാമ്പത്തിക ശാസ്ത്രവകുപ്പുകളില്‍ പഠിപ്പിക്കുന്നത്. അതേസമയം, പ്രാദേശിക തലത്തില്‍ കര്‍ഷകന് ലഭിക്കുന്ന വിലയാകട്ടെ ഉല്‍പ്പാദനച്ചെലവിനു പോലും തികയുന്നുമില്ല; തന്മൂലം കര്‍ഷക സമ്പദ് ഘടന തകര്‍ന്നുകൊണ്ടിരിക്കുകയുമാണ്.
വെള്ളത്തിന്റെ സ്വകാര്യവല്‍ക്കരണം
ഐക്യരാഷ്ട്രസഭാ കേന്ദ്രങ്ങളുടെ അഭിപ്രായപ്രകാരം (അതാകട്ടെ, ജലപ്രതിസന്ധിയുടെ ഗൌരവാവസ്ഥയെ കുറച്ചുകാണുകയുമാണ് ) ലോകത്താകെയുള്ള നൂറു കോടി ആളുകള്‍ക്ക് (ലോക ജനസംഖ്യയുടെ 15%) കുടിക്കാന്‍ വേണ്ട ശുദ്ധജലം ലഭ്യമല്ല; "മലിനജലം കുടിക്കുന്നതുമായി ബന്ധപ്പെട്ട പകര്‍ച്ചവ്യാധികള്‍ ബാധിച്ച് പ്രതിദിനം ആറായിരം കുട്ടികളാണ് മരിക്കുന്നത്.'' (ബി.ബി.സി. വാര്‍ത്ത, 2004 മാര്‍ച്ച് 24).സുയസ്, വെയോള, ബെക്‍ടെല്‍, യുണൈറ്റഡ് യൂട്ടിലിറ്റീസ്, തേംസ് വാട്ടര്‍, ജര്‍മ്മനിയിലെ ആര്‍.ഡബ്ള്യു.ഇ.ജി. എന്നിവ ഉള്‍പ്പെടെയുള്ള ഒരുപിടി ആഗോള കോര്‍പ്പറേഷനുകള്‍ ശുദ്ധജല വിതരണത്തിന്റെയും മലിനജല നിയന്ത്രണത്തിന്റെയും ഉടമസ്ഥാവകാശവും നിയന്ത്രണവും കൈക്കലാക്കി കൊണ്ടിരിക്കുകയാണ്. ലോകമാകെയുള്ള സ്വകാര്യവല്‍ക്കരിച്ച ജലസംവിധാനത്തിന്റെ 70 ശതമാനവും ഇവരാണ് കയ്യടിക്കിവച്ചിരിക്കുന്നത്.
ലോകബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വെള്ളത്തിന്റെ സ്വകാര്യവല്‍ക്കരണം മൂലം കുടിക്കാനുള്ള ശുദ്ധജലം പൊതുടാപ്പുകളിലൂടെ വിതരണം ചെയ്യുന്ന സംവിധാനം തന്നെ തകരുകയാണ്. "ലോകബാങ്ക് കുടിവെള്ളത്തിന്റെ കച്ചവടത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള കമ്പനികളുടെ താല്‍പ്പര്യമാണ് സംരക്ഷിക്കുന്നത്. സര്‍ക്കാരുകള്‍ക്കുള്ള വായ്പാ പദ്ധതികളിലൂടെയാണ് ബാങ്ക് ഇത് നടപ്പിലാക്കുന്നത്. വെള്ളത്തിന്റെ സ്വകാര്യവല്‍ക്കരണം അനിവാര്യമാണെന്ന് പ്രത്യക്ഷത്തില്‍ തന്നെ പറയുന്ന വ്യവസ്ഥ പലപ്പോഴും അവര്‍ മുന്നോട്ട് വയ്ക്കുന്നു'' (മൌഡം ബാര്‍ ലോ, ടോണി ക്ലാര്‍ക്ക് - "വെള്ളത്തിന്റെ സ്വകാര്യവല്‍ക്കരണം: ലോകബാങ്കിന്റെ ഏറ്റവും പുതിയ കമ്പോള കൌതുകം'' - 2004 Maude Barlow and Tony Clarke, Water Privatization: The World Bank’s Latest Market Fantasy, Polaris Institute, Ottawa, 2004)
"ഇന്ത്യയിലെ പ്രവര്‍ത്തനശൈലി വളരെ വ്യക്തമാണ്.... ജലസ്രോതസ്സുകളുടെ വികസനത്തെ അവഗണിക്കുക (ലോക ബാങ്കിന്റെ ബജറ്റ് നിയന്ത്രണ നടപടികളിലൂടെ), "വിഭവ പ്രതിസന്ധി'' ഉണ്ടെന്ന് വരുത്തിത്തീര്‍ക്കുക, നിലവിലുള്ള സംവിധാനങ്ങളെയാകെ കൊള്ളരുതാത്തതാക്കിത്തീര്‍ക്കുക'' (ആന്‍ നൈനാന്‍ - "സ്വകാര്യ വെള്ളം - പൊതു ദുരിതം'' ഇന്ത്യ റിസോഴ്സ് സെന്റര്‍, 2003 ഏപ്രില്‍ 16Ann Ninan, Private Water, Public Misery, India Resource Center April 16, 2003).
അതേസമയം, കൊക്ക കോള, സാനോണ്‍, നെസ്‌ലെ, പെപ്‌സിക്കൊ എന്നിവ ഉള്‍പ്പെടെയുള്ള ചുരുക്കം ചില കോര്‍പ്പറേഷനുകള്‍ കുപ്പിവെള്ളത്തിന്റെ കമ്പോളം കയ്യടക്കിയിരിക്കുകയുമാണ്. ഈ കമ്പനികള്‍ ജലവിനിയോഗ കമ്പനികളുമായി മാത്രം കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയല്ല, നേരെമറിച്ച്, ഭക്ഷണവ്യവസായത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള അഗ്രിബിസിനസ് - ബയോ ടെക് കമ്പനികളുമായി ബന്ധപ്പെട്ടു കൂടിയാണ് ഇവ പ്രവര്‍ത്തിക്കുന്നത്. മുനിസിപ്പാലിറ്റിയുടെ ജലവിതരണ വിഭാഗത്തില്‍നിന്നും പൊതുടാപ്പിലൂടെ കുടിവെള്ളം വിതരണം ചെയ്യുന്നത് കൊക്ക കോള വാങ്ങിക്കുന്നു; എന്നിട്ട് അവര്‍ ചെറുകിട കമ്പനികള്‍ക്ക് ഓരോ ഭാഗങ്ങളായി മറിച്ചു വില്‍ക്കുന്നു. അമേരിക്കയിലെ കുപ്പിവെള്ളത്തിന്റെ 40 ശതമാനവും പൊതുടാപ്പുകളിലെ വെള്ളമാണെന്നാണ് മതിപ്പ് കണക്ക്. (ജരേദ് ബ്ളൂമെന്‍ ഫെല്‍ഡ്, സൂസന്‍ ലീല്‍ - "കുപ്പിവെള്ളത്തിന്റെ യഥാര്‍ത്ഥ വില'' സാന്‍ഫ്രാന്‍സിസ്കോ ക്രോണിക്കിള്‍, 2007 ഫെബ്രുവരി 18)ഇന്ത്യയില്‍ പ്രാദേശിക ജനവിഭാഗങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് കൊക്ക കോള ഭൂഗര്‍ഭ ജലം ഊറ്റിയെടുക്കുകയാണ്.
"കൊക്ക കോള കുപ്പിവെള്ളം നിറയ്‌ക്കുന്ന പ്ലാന്റുകള്‍ക്ക് ചുറ്റും താമസിക്കുന്ന ജനവിഭാഗങ്ങള്‍ കടുത്ത ജലക്ഷാമം അനുഭവിക്കുകയാണ്. പൊതുവായ ഭൂഗര്‍ഭ ജല സ്രോതസ്സില്‍ നിന്നും കൊക്ക കോള വന്‍തോതില്‍ ജലചൂഷണം നടത്തുന്നതു കൊണ്ടാണിത്. കിണറുകള്‍ ഉണങ്ങി വരളുന്നു; കൈപ്പമ്പുകള്‍ പ്രവര്‍ത്തനരഹിതമാകുന്നു. ഇന്ത്യയിലെ കേന്ദ്ര ഭൂഗര്‍ഭ ജലബോര്‍ഡ് നടത്തിയത് ഉള്‍പ്പെടെയുള്ള പഠനങ്ങള്‍, വന്‍തോതില്‍ ഭൂഗര്‍ഭജല ചൂഷണം നടക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
"കൂടുതല്‍ ആഴത്തില്‍ കുഴിച്ച് പൊതുവായ ഭൂഗര്‍ഭ ജലസ്രോതസ്സില്‍ നിന്ന് വെള്ളം ഊറ്റിയെടുക്കുമ്പോള്‍ ആ വെള്ളത്തിന് ദുര്‍ഗന്ധവും അരുചിയും കാണും. കൊക്ക കോള മലിന ജലത്തെ തങ്ങളുടെ പ്ലാന്റിന് ചുറ്റുമുള്ള പാടങ്ങളിലേക്കും ഗംഗ ഉള്‍പ്പെടെയുള്ള അതാതിടത്തെ നദികളിലേക്കും വിവേചന രഹിതമായി ഒഴുക്കിവിടുകയാണ്. തല്‍ഫലമായി ഭൂഗര്‍ഭ ജലം മാത്രമല്ല മണ്ണും മലിനമാക്കപ്പെടുകയാണ്. പൊതുജനാരോഗ്യ അധികൃതര്‍ കിണറുകള്‍ക്കും കൈപ്പമ്പുകള്‍ക്കും ചുറ്റും ഇതിലെ വെള്ളം മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് ജനങ്ങളെ ഉപദേശിക്കുന്ന പരസ്യം പതിക്കുകയാണ്.
"ഇന്ത്യാ ഗവണ്‍മെന്റ് ഉള്‍പ്പെടെ വിവിധ ഏജന്‍സികള്‍ നടത്തിയ പരീക്ഷണങ്ങള്‍, കൊക്ക കോള ഉല്‍പ്പന്നങ്ങള്‍ വലിയ തോതില്‍ കീടനാശിനികള്‍ അടങ്ങിയതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതിന്റെ ഫലമായി ഇന്ത്യന്‍ പാര്‍ലമെന്റ് അതിനകത്തെ കാന്റീനില്‍ കൊക്ക കോളയുടെ വില്‍പ്പന നിരോധിച്ചിരിക്കുകയാണ്. എന്നാലും, കൊക്ക കോള വിഷാംശം അടങ്ങിയ പാനീയങ്ങള്‍ ഇന്ത്യയില്‍ ഇപ്പോഴും വില്‍പ്പന തുടരുന്നുവെന്ന് മാത്രമല്ല, (ഇവ അമേരിക്കയിലോ യൂറോപ്യന്‍ യൂണിയനിലോ അവര്‍ക്ക് ഒരിക്കലും വില്‍ക്കാനാവില്ല) ഇന്ത്യന്‍ വിപണിയില്‍ അവര്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ ഇറക്കുകയുമാണ്. ഡിഡിറ്റിയും മറ്റു കീടനാശിനികളും അടങ്ങിയ പാനീയങ്ങള്‍ ഇന്ത്യാക്കാര്‍ക്ക് വിറ്റഴിക്കുന്നത് കൂടാതെ ഇപ്പോള്‍ കൊക്ക കോള ഇന്ത്യയിലുള്ള ബലിയ (ഉത്തര്‍പ്രദേശ്) യിലെ അവരുടെ ഏറ്റവും പുതിയ കുപ്പിവെള്ള പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത് ഭൂഗര്‍ഭജലത്തില്‍ വലിയ തോതില്‍ ആര്‍സെനിക് മാലിന്യം അടങ്ങിയിട്ടുള്ള പ്രദേശത്താണ്'' (ഇന്ത്യ റിസോഴ്സ് സെന്റര്‍, ഇന്ത്യയിലെ കൊക്ക കോള പ്രതിസന്ധി India Resource Center, Coca-Cola Crisis in India).വികസ്വര രാജ്യങ്ങളില്‍, ഇന്ധന വിലവര്‍ധന വീടുകളിലെ തിളപ്പിച്ച പൈപ്പ് വെള്ളത്തിന് വേണ്ടിവരുന്ന ചെലവ് വര്‍ധിപ്പിച്ചിരിക്കുന്നു; അത് ജല സ്രോതസ്സുകളുടെ സ്വകാര്യവല്‍ക്കരണത്തിന് അനുകൂലമായി ഉപയോഗിക്കുകയാണ്. ജലസ്വകാര്യവല്‍ക്കരണത്തിന്റെ കൂടുതല്‍ വികസിതമായ ഘട്ടത്തില്‍, തടാകങ്ങളുടെയും നദികളുടെയും യഥാര്‍ഥ ഉടമസ്ഥാവകാശം തന്നെ കൈക്കലാക്കുന്നതിനുള്ള നീക്കവും സ്വകാര്യ കോര്‍പ്പറേഷനുകള്‍ നടത്തുന്നുണ്ട്. മെസപ്പൊട്ടേമിയ ആക്രമിക്കപ്പെട്ടത് അവിടുത്തെ എണ്ണ ഉറവിടങ്ങള്‍ കൈക്കലാക്കാന്‍ വേണ്ടി മാത്രമായിരുന്നില്ല, വലിയ ജലസ്രോതസ്സുകളായ രണ്ട് നദികള്‍ (ടൈഗ്രിസും യൂഫ്രട്ടീസും) അടങ്ങിയ താഴ്വര കൈവശപ്പെടുത്താന്‍ കൂടിയായിരുന്നു.
ഉപസംഹാരം
സാമ്പത്തികാധികാരങ്ങള്‍ കൈവശമുള്ള സങ്കീര്‍ണവും കേന്ദ്രീകൃതവുമായ ഒരു സംഘത്തെയാണ് നാം നേരിടുന്നത്. അതില്‍ കമ്പോള കൌശലങ്ങളുടെ ഉപകരണങ്ങള്‍ക്ക് ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിന് മേല്‍ നേരിട്ട് സ്വാധീനം ചെലുത്താന്‍ കഴിയും.ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവയുടെ വിലകള്‍ ആഗോളതലത്തില്‍ നിര്‍ണയിക്കപ്പെടുകയാണ്; ദേശീയ സര്‍ക്കാര്‍ നയങ്ങള്‍ക്ക് അതില്‍ തൊടാന്‍ പോലും ആവില്ല. ഈ മൂന്ന് അവശ്യവസ്തുക്കളുടെയും വിലവര്‍ദ്ധനവ് "സാമ്പത്തിക യുദ്ധമുറ'' യുടെ ഉപകരണങ്ങളായി മാറുകയാണ്. അവധി വ്യാപാര എക്സ്ചേഞ്ചുകളില്‍ "തുറന്ന കമ്പോള''ത്തിലൂടെയാണ് അത് നടപ്പാക്കപ്പെടുന്നത്.
ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവയുടെ വിലക്കയറ്റം "പട്ടിണി മരണ'' ങ്ങളിലൂടെ "ദരിദ്രരെ നിര്‍മാര്‍ജനം'' ചെയ്യുന്നതിനുള്ള മാര്‍ഗമായിരിക്കുകയാണ്. "സ്വതന്ത്ര കമ്പോള''ത്തിന്റെ പഞ്ചസാരയില്‍ പൊതിഞ്ഞ വെടിയുണ്ടകള്‍ നമ്മുടെ കുഞ്ഞുങ്ങളെ കൊന്നൊടുക്കുകയാണ്. അരിയുടെയും ഗോതമ്പിന്റെയും ചോളത്തിന്റെയും ആഗോള വിലകള്‍ നിശ്ചയിക്കപ്പെടുന്ന ചരക്ക് കൈമാറ്റ കേന്ദ്രങ്ങളിലെ കമ്പ്യൂട്ടര്‍ പരിപാടി പ്രകാരമുള്ള കച്ചവടത്തിലൂടെ ഒരു വേറിട്ട മാതൃകയിലാണ് ഈ കൊലപാതക പരിപാടി നടപ്പാക്കപ്പെടുന്നത്.
*
മൈക്കേല്‍ ചോസുഡോവ്സ്കി എഴുതിയ The Global Crisis: Food, Water and Fuel. 3 Fundamental Necessities of Life in Jeopardy എന്ന ലേഖനത്തിന്റെ സ്വതന്ത്ര, സംക്ഷിപ്ത പരിഭാഷ
ഈ ലേഖനത്തിന്റെ പൂര്‍ണ്ണരൂപവും ചാര്‍ട്ടുകളും ഇവിടെ
മാധ്യമങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍
മാധ്യമവിചാരം എന്നുവച്ചാല്‍ മാധ്യമങ്ങളില്‍ പലതിനെയുംപറ്റി വരുന്ന വിചാരം എന്നല്ലാതെ, മാധ്യമങ്ങളെപ്പറ്റിയുള്ള വിചാരം എന്ന അര്‍ഥവും ആകാമല്ലോ. ഇത് തെളിയിച്ചത് എട്ടുകൊല്ലം മുമ്പ് ഡോ. സെബാസ്റ്റ്യന്‍പോള്‍ കൈരളി ടിവിയില്‍ ആരംഭിച്ച പത്ര പരിശോധനയാണ്. ശ്രോതാക്കളുടെ സന്തോഷ വിദ്വേഷാദരങ്ങള്‍ നേടിയ ആ പരിപാടിക്ക് ശാശ്വതരൂപം നല്‍കുന്ന 'മാധ്യമവിചാരം' എന്ന പുസ്തകം വായനക്കാര്‍ നന്നായി അറിയട്ടെ എന്ന് കരുതിയാണ് ഈ പംക്തിയില്‍ പുസ്തകവിചാരം നടത്തുന്നത്.
ഇങ്ങനെ ഒരു നിരൂപണം എഴുതണമെന്ന ഉദ്ദേശ്യത്തോടെയല്ല ഞാനീ പുസ്തകം കൈയിലെടുത്തത്. ഒന്ന് മറിച്ചുനോക്കിയപ്പോള്‍ മുഴുവന്‍ വായിക്കണമെന്നും മുഴുവന്‍ വായിച്ചപ്പോള്‍ ഒന്നുകൂടി വായിക്കണമെന്നും അങ്ങനെ വായിച്ചപ്പോള്‍ ചില ഭാഗങ്ങള്‍ അടയാളപ്പെടുത്തണമെന്നും കുറിപ്പുകള്‍ എടുക്കണമെന്നും കുറിച്ചെടുത്തപ്പോള്‍ നിരൂപണമെഴുതണമെന്നും എന്നെ അനുക്രമം മുന്നോട്ട് തള്ളിത്തള്ളി ക്കൊണ്ടുപോയ ഒരു ഗ്രന്ഥമാണിത്. അടയാളപ്പെടുത്തുന്നതിലേ അബദ്ധം പിണഞ്ഞുള്ളൂ. ഓര്‍മിക്കേണ്ട ഭാഗങ്ങള്‍ അടയാളപ്പെടുത്തിവന്നപ്പോള്‍ ഏതാണ്ട് മിക്ക പുറങ്ങളിലും പേന വ്യാപരിപ്പിക്കേണ്ടിവന്നു; ഓര്‍ക്കണമെന്നില്ലാത്ത ഭാഗങ്ങള്‍ അടയാളപ്പെടുത്തിയാല്‍ മതിയായിരുന്നു.
പത്രപ്രവര്‍ത്തനത്തെപ്പറ്റി ഏറെക്കുറെ സമഗ്രമായ അറിവ് ഈ പുസ്തകം നല്‍കുന്നു. ഇക്കാലത്ത് രാഷ്ട്രീയ-സാമൂഹിക-പത്രപ്രവര്‍ത്തകരുടെ സാമാന്യമായ സാക്ഷരതയ്ക്ക് അടിത്തറയിടുന്നതും തങ്ങള്‍ക്ക് അറിയാമെന്നു തോന്നുന്നതും യഥാര്‍ഥത്തില്‍ അറിഞ്ഞുകൂടാത്തതുമായ ഒരു നൂറുകൂട്ടം കാര്യങ്ങള്‍ ഈ പ്രതിവാര വിചാരത്തിനിടയില്‍ ഗ്രന്ഥകാരന്‍ (അല്ല പ്രഭാഷകനോ?) എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്.
മഞ്ഞപ്പത്രം എന്താണെന്ന് അറിയാമെന്ന ധാരണയില്‍ ആ വാക്ക് പ്രയോഗിക്കുകയും അതിനെ പ്രതിരോധിക്കുകയും ചെയ്യുന്നവരാണ് പലരും. ഒരു വിഷയത്തില്‍ അങ്ങേയറ്റത്തെ പാണ്ഡിത്യം പ്രകടിപ്പിക്കുന്ന എഴുത്തിനെ സര്‍വ വിജ്ഞാനസ്പര്‍ശി (എന്‍സൈക്ളോപീഡിയ) എന്നാണല്ലോ പറയാറ്. എന്നാല്‍, എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്കയില്‍നിന്ന് മഞ്ഞപ്പത്രത്തെപ്പറ്റി ലഭ്യമാകുന്നതിലേറെ അറിവ് നിങ്ങള്‍ക്ക് 'മാധ്യമവിചാര'ത്തില്‍നിന്ന് ലഭിക്കും. ഈ വിജ്ഞാനമെല്ലാം ഗ്രന്ഥകാരന്‍ വിളമ്പിവച്ചത് വെറുതെയല്ലെന്നോര്‍ക്കണം- 'മാതൃഭൂമി' മഞ്ഞപ്പത്രമാണെന്ന ഒരാക്ഷേപം ചര്‍ച്ചാവിഷയമായപ്പോഴാണ് ഇതൊക്കെ അദ്ദേഹം സരസമായി അവതരിപ്പിച്ചത്. ആ വിജ്ഞാനം വായനക്കാരനെ പീഡിപ്പിക്കുന്നില്ല, രസിപ്പിക്കുന്നേയുള്ളൂ.
'ഹിന്ദുസ്ഥാന്‍ ടൈംസി' നെപ്പറ്റിയും പത്രാധിപര്‍ ദേവദാസ് ഗാന്ധിയെയും പറ്റി സെബാസ്റ്റ്യന്‍പോളിന് പറയേണ്ടിവന്നത്, ഇന്ദിരാഗാന്ധി ആ പത്രത്തില്‍ ഖുഷ്വന്ത്സിങ്ങിനെ കയറ്റിവച്ചതിനെപ്പറ്റി വിമര്‍ശിക്കുന്നേടത്താണ്. ആ പത്രത്തെപ്പറ്റി പറഞ്ഞ ചുരുക്കം വാക്കുകളില്‍നിന്ന് അതിനെക്കുറിച്ച് ഏറെക്കുറെ സമഗ്രവും ആധികാരികവുമായ വിവരങ്ങള്‍ ആര്‍ജിക്കാം. ഈ പത്രം പഞ്ചാബി പത്രമായിട്ടാണ് തുടങ്ങിയത് എന്ന് എനിക്കറിയാമായിരുന്നില്ല. അതുപോലെ 'ഹിന്ദു'വില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന പി സായ്നാഥിനെപ്പറ്റി അദ്ദേഹത്തിന്റെ മനോഹരങ്ങളായ ലേഖനങ്ങള്‍ വായിക്കുന്നവര്‍ക്ക് കുറെയൊക്കെ അറിയാമെങ്കിലും അദ്ദേഹം മുന്‍ രാഷ്ട്രപതി വി വി ഗിരിയുടെ പൌത്രനാണെന്ന കാര്യം പലര്‍ക്കും അജ്ഞാതമായിരുന്നു.
മര്‍ഡോക്, നൂറാബി (നൂറ് ആബിയല്ല, പത്ര പ്രവര്‍ത്തകനാണ്),പുലിറ്റ്സര്‍, ബിബിസി, കേബിള്‍ ടിവി തുടങ്ങി എത്രയോ വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രസ്ഥാനങ്ങളെയുംപറ്റി മറ്റ് പലേടത്തുനിന്നും കിട്ടാവുന്നതിലേറെ പ്രാമാണികവും വസ്തുനിഷ്ഠവുമായ വിവരം ഈ പുസ്തകത്തിന്റെ ആഖ്യാന വിമര്‍ശങ്ങള്‍ക്കിടയില്‍ നിങ്ങള്‍ക്ക് പെറുക്കിയെടുക്കാവുന്നതാണ്. കോപ്പിറൈറ്റ്, എംബെഡഡ് റിപ്പോര്‍ട്ടിങ് (പിണറായി പ്രചരിപ്പിച്ച വാക്ക്), കേബിള്‍ ടിവി, സ്റ്റിങ് ഓപ്പറേഷന്‍, സബ്‌ജുഡിസ്, കോടതിയലക്ഷ്യം, പത്രദിനം തുടങ്ങി പത്രപ്രവര്‍ത്തകരും മറ്റുള്ളവരും ഏറെ ശ്രദ്ധിക്കേണ്ട എത്രയോ സംഗതികളുടെ വിശദമായ വിവരണവും ഈ ഗ്രന്ഥത്തില്‍ നിരവധിയുണ്ട്.
വാക്കുകളുടെ പ്രഥമാക്ഷരങ്ങള്‍ ചേര്‍ത്തുകൊണ്ട് സൃഷ്ടിക്കപ്പെടുന്ന ഒരുപാട് പുതിയ കൃത്രിമശബ്ദങ്ങള്‍ (Acronymഎന്ന് ഇംഗ്ളീഷില്‍) ഇപ്പോള്‍ പ്രചാരത്തില്‍ വന്നുകഴിഞ്ഞു - പത്രപ്രവര്‍ത്തനത്തില്‍ വിശേഷിച്ചും. പണ്ടത്തെ ഇത്തരം വാക്കുകള്‍ എല്ലാവര്‍ക്കും അറിയാം - എംഎ, യുഎന്‍ഒ, ഐഎംഎഫ് തുടങ്ങി പലതും. എന്നാല്‍, ഇപ്പോള്‍ പ്രയോഗത്തില്‍ ധാരാളമുണ്ടെങ്കിലും എന്താണിവ എന്നറിയാതെ ഈ വാക്കുകള്‍ ഉപയോഗിക്കേണ്ട ഗതികേടിലാണ് മിക്ക അഭ്യസ്തവിദ്യരും. ഉദാഹരണത്തിന്, മൂന്നാര്‍ വിക്രമം ആരംഭിച്ചപ്പോള്‍ വന്നവനാണ് ജെസിബി. എന്തെന്ന് ആര്‍ക്കും വലിയ പിടിത്തമില്ല. എഫ്എം റേഡിയോ ഒരുപാട് ഇന്ന് വന്നുകഴിഞ്ഞു. എന്താണ് എഫ്, എന്താണ് എം? സിഡി എന്താണ്? ഈ പുസ്തകത്തില്‍ ഈ സംക്ഷിപ്തപദങ്ങളുടെ പൂര്‍ണരൂപം മാത്രമല്ല, പഠിക്കേണ്ട വസ്തുക്കളും വ്യക്തമാക്കപ്പെട്ടുകാണാം. എഫ്എം 'ഫ്രീക്വന്‍സി മോഡുലേഷന്‍' ആണെന്നുമാത്രം ഇവിടെ ചൂണ്ടിക്കാട്ടുന്നു.
പലര്‍ക്കും അറിഞ്ഞുകൂടാത്ത എത്രയെത്ര ജ്ഞാനശകലങ്ങളാണ് ഈ പുസ്തകത്തിന്റെ താളുകളില്‍, ഒരു കുബേരന്റെ ധാരാളിത്തത്തോടെ, വാരിവിതറിയിരിക്കുന്നത്. ജയപ്രകാശ് നാരായണന്‍ പ്രസംഗിക്കുമ്പോള്‍ ദൂരദര്‍ശന്‍ ഒരു തമാശചിത്രം പ്രദര്‍ശിപ്പിച്ചു എന്ന് എത്രപേര്‍ക്കറിയും? പ്രക്ഷേപണമാതൃകയായ ബിബിസി ക്രമക്കേട് കാട്ടിയതിന് പിഴയൊടുക്കേണ്ടിവന്നുവത്രേ. ഇന്ത്യക്കാരുടെ ആദര്‍ശപുരുഷന്‍ ആരാണെന്ന് ഒരു പത്രം നടത്തിയ പഠനത്തില്‍ രാഹുല്‍ഗാന്ധി നേടിയത് പൂജ്യം വോട്ടാണ് എന്ന് നിങ്ങള്‍ അറിയാനിടയില്ല.
ഇനി വേറൊരു വശം കാണിക്കാം. ഈ പുസ്തകത്തിലെ ഉദ്ധരണങ്ങള്‍ വളരെ രസകരവും മറക്കാനാവാത്തതും മിക്ക വായനക്കാര്‍ക്കും പുതുമ കലര്‍ന്നതുമാണ്. വാര്‍ത്തയെന്ത് എന്നതിന് വളരെ വിഖ്യാതങ്ങളായ പല നിര്‍വചനങ്ങളുമുണ്ട്. എന്നാല്‍, ഇതിലെ ഒരു നിര്‍വചനം ഇവിടെ ഉദ്ധരിക്കട്ടെ-'അച്ചടിക്കണമെന്ന് ഏതോ ഒരാള്‍ ആഗ്രഹിക്കാത്ത എന്തോ ആണ് വാര്‍ത്ത' .മറ്റൊന്ന് : 'ആനകളോടൊപ്പം ശയിക്കുന്ന റിപ്പോര്‍ട്ടര്‍ സര്‍ക്കസ് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കില്‍ ഒരു കുഴപ്പവുമില്ല'. യുദ്ധരംഗത്ത് യുദ്ധമില്ലെന്ന് അറിയിച്ച റിപ്പോര്‍ട്ടര്‍ക്ക് പത്രാധിപര്‍ നല്‍കിയ മറുപടി ഇതായിരുന്നു - 'താങ്കള്‍ ചിത്രങ്ങള്‍ നല്‍കിയാല്‍, ഞാന്‍ യുദ്ധം നല്‍കിക്കൊള്ളാം' ഈ ഗ്രന്ഥകാരന്റെ ചിന്താമേന്മ മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ വാക്യങ്ങളേക്കാള്‍ സഹായിക്കുക മര്‍മപ്രാധാന്യമുള്ള സന്ദര്‍ഭങ്ങളില്‍ ഉദ്ധരിക്കപ്പെട്ട ഇത്തരം വാക്യങ്ങളായിരിക്കും.
അദ്ദേഹത്തിന്റെ സ്വന്തം വാക്യങ്ങള്‍ക്ക് പോരായ്‌മയുണ്ടെന്നല്ല ഇപ്പറഞ്ഞതിനര്‍ഥം. നല്ല രചനാവൈഭവമുള്ള ഗ്രന്ഥകാരന്‍ തെരഞ്ഞെടുത്ത് ഉദ്ധരിക്കുന്ന വാക്യങ്ങള്‍ക്ക് ഔചിത്യംകൊണ്ടും വിചാരഗരിമകൊണ്ടും ഗുണം ഏറിയിരിക്കുമല്ലോ. സെബാസ്റ്റ്യന്‍പോളിന്റെ രചന പൊതുവെ അനലംകൃതവും പ്രസക്തവും ലളിതവും ഋജുവും വസ്തുനിഷ്ഠവും യുക്തിഭരിതവും ഇതൊക്കെക്കൊണ്ട് ഹൃദ്യവുമാണ്.
പ്രബന്ധവ്യാപിയായ നേരിയ നര്‍മംകൊണ്ടും ഗ്രന്ഥമാകെ തെളിഞ്ഞുനില്‍ക്കുന്നു. രസിക്കാവുന്ന ചില പ്രയോഗങ്ങള്‍ ഇതാ -'വിവേകാനന്ദ ശകാരത്തിന് വിധേയമായ അന്ധകാരയുഗം', 'ഇല്ലിക്കുന്നിലെ കല്ലച്ചില്‍നിന്ന് ഇന്റര്‍നെറ്റിന്റെ മായികലോകത്തിലേക്കുള്ള വളര്‍ച്ച', 'മലയാളികളുടെ പ്രാര്‍ഥനാനിരതമായ സന്ധ്യകളെ ചാനലുകള്‍ ശബ്ദായമാനമാക്കി', 'ഓണം ഓണപ്പതിപ്പുകളുടെ കാലം' എന്നിവ മനസ്സില്‍ ഏറെക്കാലം രസം കലര്‍ത്തി നില്‍ക്കും.
ഈ ഗ്രന്ഥത്തിന്റെ കാതല്‍ ഇതൊന്നുമല്ല, ഉള്ളടക്കത്തിന്റെ വിശിഷ്ടതയാണ്. 'മാധ്യമവിചാരം' എന്നതിന്റെ വിവക്ഷ 'മലയാളമാധ്യമങ്ങളുടെ ആഴ്ചതോറുമുള്ള പ്രവര്‍ത്തനങ്ങളുടെ വിചാരണ' എന്നാണെങ്കിലും, ഇന്ത്യയിലെയും വിദേശങ്ങളിലെയും മാധ്യമങ്ങളുടെ സുവിശാലമായ ലോകത്തിന്റെ സ്പന്ദനങ്ങള്‍ വളരെയേറെ ഉള്‍ക്കൊണ്ടിട്ടുള്ള ഒരു കൃതിയാണ് ഇത്. ആനുഷംഗികമായി വന്നുകൂടുന്ന പരാമര്‍ശങ്ങളല്ല ഇവ, ബോധപൂര്‍വം ഇവയെ ഊടും പാവുമാക്കി നെയ്തെടുത്തിരിക്കുകയാണ്. പത്രപ്രവര്‍ത്തനത്തിന്റെയും യാന്ത്രിക സംപ്രേഷണത്തിന്റെയും ആഗോളവിസ്‌തൃതിയിലെ വാര്‍ത്താസംഭവങ്ങളുടെ പര്‍വങ്ങളെയും സര്‍ഗങ്ങളെയും കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ അപൂര്‍വമായ ഒരു രചനയാണ് ഇത്. സംഭവങ്ങള്‍ പലപ്പോഴും ചെറുകഥകളായി മാറുകയും ഒടുവില്‍ എല്ലാംകൂടെ ഒരു ഇതിഹാസംപോലെ വിചിത്രാഖ്യാനശബളമാക്കപ്പെട്ടതുമാണ് ഈ ഗ്രന്ഥം.
രണ്ട് കാര്യങ്ങൾ മറക്കാന്‍ പത്രപ്രവര്‍ത്തകരെ ഒട്ടും അനുവദിക്കാത്ത ഒരു ആദര്‍ശസ്വഭാവക്കാരനാണ് സെബാസ്റ്റ്യന്‍പോള്‍. പത്രപ്രവര്‍ത്തനത്തിന്റെ ഉന്നം വാര്‍ത്താപ്രേഷണത്തിലൂടെ ചരിത്രഗതി മനസ്സിലാക്കാന്‍ വ്യക്തികളെയും മാനവസംസ്കാരത്തെ നിലനിര്‍ത്തുന്നതിന് സമൂഹത്തെയും സഹായിക്കുക എന്നതാണെന്ന് മറക്കാന്‍ തന്റെ കൂട്ടുകാരെ ഗ്രന്ഥകാരന്‍ സമ്മതിക്കില്ല. അതുപോലെ, പഴയ സംഭവങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍ വിസ്‌മരിക്കാനും അനുവദിക്കില്ല. ഈ മാനദണ്ഡങ്ങള്‍കൊണ്ട് അളന്ന് പോരായ്‌മ കണ്ടാല്‍ ന്യൂയോര്‍ക്ക്ടൈംസായാലും ബിബിസിയായാലും ഹിന്ദുവായാലും മാതൃഭൂമിയായാലും മലയാള മനോരമയായാലും സെബാസ്റ്റ്യന്‍പോള്‍ വിമര്‍ശിക്കും, കണക്കിന് (കണക്ക് വിട്ടല്ല!) കളിയാക്കുകയും ചെയ്യും. 'ദേശാഭിമാനി'യെയും വേണ്ടിവന്നാല്‍ വിമര്‍ശിക്കും. ഗ്രന്ഥകാരന് 'പ്രിയങ്കരന്‍' ആയ വെനിസ്വേലയിലെ ഷാവേസ് വിമര്‍ശത്തിന്റെ പേരില്‍ ഒരു ടെലിവിഷന്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കിയ നടപടിയെ അദ്ദേഹം എതിര്‍ക്കാന്‍ മടിച്ചില്ല. ഇതുസംബന്ധിച്ച് ഗ്രന്ഥകാരന്റെ നിലപാട് ഒട്ടും അയവില്ലാത്തതാണ്. 'സ്വാതന്ത്ര്യം എന്നത് അതില്‍ത്തന്നെ ഒരവസ്ഥയാണ് ' എന്നദ്ദേഹം വിശ്വസിക്കുന്നു.
പുതിയത് സ്വീകരിക്കാന്‍ ആഹ്വാനംചെയ്യുന്ന ഈ കൃതി പഴയ അനുഭവങ്ങള്‍ വിസ്‌മരിക്കാതിരിക്കാന്‍ നിര്‍ബന്ധിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യത്തെപ്പറ്റി പറയുമ്പോള്‍ 'ദാസ് മുന്‍ഷിക്ക് സഹിക്കാന്‍ കഴിയാത്തതെല്ലാം ദാസ് മുന്‍ഷി നിരോധിക്കും' എന്നദ്ദേഹം ഓര്‍ത്തുപറയുന്നു. പാകിസ്ഥാനില്‍ മാധ്യമനിരോധനത്തിന് നിര്‍മിച്ച 'മീഡിയ റഗുലേറ്ററി ആൿട് ' പട്ടാള സര്‍ക്കാര്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതമായ സംഭവം അദ്ദേഹം ഓര്‍മിപ്പിക്കും. ഇന്ത്യയില്‍ പത്രങ്ങളില്‍ വിദേശനിക്ഷേപവും സ്വാധീനതയും ആകാം എന്ന പുതുനയം, വിദേശികള്‍ക്ക് ഇവിടെ പത്രം നടത്താനോ അതിനായി മൂലധനമിറക്കാനോ പാടില്ലെന്ന് നെഹ്റു 1955ല്‍ രൂപം നല്‍കിയ പത്രനയത്തിന് എതിരാണെന്ന് ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നു.
നാം കാട്ടിയ അല്‍പ്പത്തരങ്ങളെ മറക്കാനോ മറയ്‌ക്കാനോ അദ്ദേഹം അനുവദിക്കില്ല. ലോൿസഭയില്‍ ഒരക്ഷരം ഉരിയാടാതെ കഴിഞ്ഞുകൂടിയ രാഹുല്‍ഗാന്ധിയെ മികച്ച പാര്‍ലമെന്റേറിയനായി 'ഇന്ത്യ ടുഡേ' തെരഞ്ഞെടുത്തത് അത്തരത്തില്‍പ്പെട്ട ഒന്നാണ്. (സഭയില്‍ മാന്യനായി പെരുമാറിയതിനാകാം ബഹുമതി!) അമേരിക്കയിലെ മുന്‍ അംബാസഡര്‍ നടത്തിയ കുപ്രസിദ്ധമായ 'ഹെഡ്‌ലെസ് ചിക്കന്‍' പ്രയോഗത്തിന് ഒരു മലയാളപത്രം 'നിലാവത്തെ കോഴിത്തല' എന്ന തര്‍ജമ നല്‍കിയതുവരെ മാധ്യമവിചാരക്കാരന്റെ ഗൃദ്ധ്രനേത്രങ്ങള്‍ വിട്ടുകളഞ്ഞിട്ടില്ല. പത്രത്തിന്റെ പേര് ഞാന്‍ വിട്ടെങ്കിലും ഗ്രന്ഥകാരന്‍ ഒഴിവാക്കിയിട്ടില്ല.
എന്റെ മനസ്സില്‍ ഇപ്പോഴും മുഴങ്ങിനില്‍ക്കുന്ന രണ്ട് അസാധാരണങ്ങളായ ചോദ്യങ്ങള്‍ ഈ പുസ്തകത്തില്‍ ഉന്നയിച്ചിട്ടുണ്ട് -പത്രപ്രവര്‍ത്തകര്‍ എന്നും ഓര്‍ക്കേണ്ടവ!
1-തന്റെ പ്രസംഗങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങളെ ഉദ്ദേശിച്ച് ഒരു സെനറ്റര്‍ ഇങ്ങനെ പറഞ്ഞുവത്രേ: 'പുതിയ സുവിശേഷം രചിച്ച മത്തായി, മാര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ എന്നിവരുടെ സ്ഥാനത്ത് ഇന്നത്തെ റിപ്പോര്‍ട്ടര്‍മാര്‍ ആയിരുന്നെങ്കില്‍ ക്രിസ്തുമതം എന്താകുമായിരുന്നു?'
2. ഗ്രന്ഥകാരന്‍ സ്വയം ഉന്നയിച്ച ഒരു ചോദ്യവും ശ്രദ്ധേയമാണ്. ദണ്ഡി കടപ്പുറത്തുനിന്ന് ഗാന്ധിജി ഉപ്പ് ഉണ്ടാക്കിയത് ഇന്നായിരുന്നെങ്കില്‍, നമ്മുടെ മാധ്യമങ്ങള്‍ എപ്രകാരം അത് റിപ്പോര്‍ട്ട് ചെയ്യുമായിരുന്നുവെന്ന് ആലോചിക്കുന്നത് കൌതുകകരമായിരിക്കും' സംശയമില്ല!
ഒടുവില്‍ പുസ്തകത്തിന്റെ പേരിനെപ്പറ്റി 'പിലാത്തോസ് എഴുതിയത് എഴുതി' എന്ന പത്രക്കാരുടെ മനോഭാവം തിരുത്താനാണ് പുസ്തകം എഴുതിയതെങ്കില്‍ ഈ തലക്കെട്ട് മതിയാവില്ല. ഗ്രന്ഥകാരന്റെ ആശയമാണ് ശീര്‍ഷകം പ്രതിഫലിപ്പിക്കേണ്ടത് എന്നാണ് ഞാന്‍ ധരിച്ചുവച്ചിട്ടുള്ളത്. അതിന് 'മാധ്യമവിചാരം' എന്ന പേരു പോര.
*****
സുകുമാര്‍ അഴീക്കോട്, കടപ്പാട്: ദേശാഭിമാനി

Sunday, October 5, 2008
മന്‍മോഹന്‍സിങ്ങിന്റെ വാക്കും കീറിയ ചാക്കും...
ആണവകരാര്‍ ഒപ്പിടുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ വിശദീകരണപ്രസ്താവന കാത്തിരിക്കുകയാണ് ഇന്ത്യാ ഗവണ്‍മെന്റ്. അമേരിക്കന്‍ സെനറ്റ് ആണവകരാര്‍ അംഗീകരിച്ച് പാസാക്കിയ ബില്ലില്‍ ഒപ്പിട്ടുകൊണ്ട് പ്രസിഡന്റ് ബുഷില്‍നിന്ന് പ്രസ്താവനയുണ്ടാകും. പ്രതിരോധത്തിലായ ഗവര്‍മെന്റിന് പിടിച്ചുനില്‍ക്കാനുള്ള എന്തെങ്കിലും ഈ പ്രസ്താവനയിലുണ്ടാകണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസും ഇന്ത്യന്‍ വിദേശമന്ത്രി പ്രണബ് മുഖര്‍ജിയും 2008 ഒക്ടോബര്‍ 4 ശനിയാഴ്ച കരാറില്‍ ഒപ്പിടാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ജോര്‍ജ് ബുഷിന്റെ പ്രഖ്യാപനം വൈകിയ സാഹചര്യത്തില്‍ കരാര്‍ ഒപ്പിടുന്നത് മാറ്റിവച്ചു. ആണവകരാര്‍ സംബന്ധിച്ച അമേരിക്കന്‍ നിയമനിര്‍മാണം പ്രസിഡന്റ് ജോര്‍ജ് ബുഷ് അംഗീകരിച്ചശേഷമേ കരാറില്‍ ഒപ്പിടുകയുള്ളൂവെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. കോണ്ടലീസ റൈസുമായി ഡല്‍ഹിയില്‍ ചര്‍ച്ചനടത്തിയശേഷം സംയുക്ത പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിപറയുകയായിരുന്നു അദ്ദേഹം.
ഭരണപരമായ ചില നടപടികള്‍ പൂര്‍ത്തിയാകാനുള്ളതുകൊണ്ടാണ് പ്രസിഡന്റ് ഒപ്പുവയ്ക്കാന്‍ വൈകുന്നതെന്ന് റൈസ് പറഞ്ഞു. അമേരിക്കന്‍ സെനറ്റില്‍ പാസാക്കുന്ന ബില്ലുകള്‍ വീണ്ടും പ്രസിഡന്റിന്റെ മുന്നിലെത്തുകയും അംഗീകാരംനേടുകയും വേണം. എത്രയുംപെട്ടെന്ന് പ്രസിഡന്റിന്റെ അംഗീകാരം കിട്ടുമെന്നാണ് കരുതുന്നത്. അത് ലഭിച്ചാല്‍ കാലതാമസംകൂടാതെ കരാറില്‍ ഒപ്പിടും. ആണവകരാര്‍ ഇപ്പോള്‍ ഒരു യാഥാര്‍ഥ്യമാണ്. ഒപ്പിടുകയെന്ന പ്രക്രിയ മാത്രമേ ബാക്കിയുള്ളൂ.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഇതുസംബന്ധിച്ച് മറ്റ് പ്രശ്നമൊന്നുമില്ലെന്ന് അവര്‍ പറഞ്ഞു.
ഹൈഡ് ആക്ട് വ്യവസ്ഥകളോട് പൂര്‍ണമായും ഒത്തുപോകുന്നതാകും കരാറെന്ന് റൈസ് വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റ് നിയമം അംഗീകരിച്ച് നടപടിക്രമം പൂര്‍ത്തിയാക്കിയാല്‍ ഇരുകൂട്ടര്‍ക്കും സൌകര്യമുള്ള ദിവസം നോക്കി കരാറില്‍ ഒപ്പിടുമെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. രണ്ട് നടപടികളാണ് ഇനി അമേരിക്കയില്‍ പൂര്‍ത്തിയാകാനുള്ളത്. ആണവ നിര്‍വ്യാപനകരാറിന് അനുസൃതമായിട്ടാകും ആണവകരാര്‍ നടപ്പാക്കുകയെന്ന് ഉറപ്പുവരുത്തി കരാറിന്റെ നടപടിക്രമം ക്രോഡീകരിക്കുകയാണ് ഒന്ന്. യുറേനിയം സമ്പുഷ്ടീകരണം, ഉപയോഗിച്ച ഇന്ധനത്തിന്റെ പുനഃസംസ്കരണം എന്നിവയുടെ സാങ്കേതികവിദ്യയുടെ കൈമാറ്റം നിയന്ത്രിക്കുന്നതു സംബന്ധിച്ച് എന്‍എസ്‌ജി രാജ്യങ്ങളുമായി ധാരണയിലെത്തുകയാണ് രണ്ടാമത്തെ പ്രക്രിയ. ഇത് രണ്ടും സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനംകൂടി ഉണ്ടാകണം. അതോടൊപ്പമായിരിക്കും പ്രസിഡന്റ് കരാറും അതുസംബന്ധിച്ച അമേരിക്കന്‍ നിയമനിര്‍മാണവും അംഗീകരിക്കുക. ഇതിനാണ് ഇന്ത്യ കാത്തിരിക്കുന്നത്.
ആണവകരാറിനെതിരെ രാജ്യത്തെങ്ങും പ്രതിഷേധം അലയടിക്കുന്നതിനിടയിലാണ് കരാര്‍ ഒപ്പിടുകയെന്ന ദൌത്യവുമായി റൈസ് ഇന്ത്യയില്‍ എത്തിയത്. കരാര്‍ ഒപ്പിടുന്നതിന് ഇന്ത്യയും തയ്യാറായിരുന്നു. അമേരിക്കന്‍ ജനപ്രതിനിധിസഭയിലും സെനറ്റിലും ഈയിടെയുണ്ടായ വെളിപ്പെടുത്തലുകള്‍ മന്‍മോഹന്‍സിങ് ഗവര്‍മെന്റിന് വലിയ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുഖംരക്ഷിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റില്‍നിന്ന് എന്തെങ്കിലും വിശദീകരണംകിട്ടണമെന്ന നിലപാട് ഇന്ത്യ എടുത്തത്.
മുഖംരക്ഷിക്കാന്‍ പാഴ്‌ശ്രമം
ആണവകരാറില്‍ ഇന്ത്യന്‍ താല്‍പ്പര്യമെല്ലാം അടിയറവച്ച് അമേരിക്കയോടു പൂര്‍ണമായി കീഴടങ്ങിയ യുപിഎ സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത് മുഖം രക്ഷിക്കാനുള്ള ശ്രമം മാത്രമാണ്. പ്രധാനമന്ത്രി പാര്‍ലമെന്റിനും ഇന്ത്യന്‍ ജനതയ്ക്കും നല്‍കിയ ഉറപ്പിനു വിരുദ്ധമായ നിരവധി വ്യവസ്ഥകള്‍ കരാറിലേക്ക് കടന്നുവന്നത് രഹസ്യമായിരുന്നില്ല. ഹൈഡ് ആക്ട് വന്നതിനുശേഷം അമേരിക്കന്‍ കോണ്‍ഗ്രസിലും സെനറ്റിലും കരാര്‍ അംഗീകരിക്കുന്ന ബില്‍ കൂടുതല്‍ പ്രതിലോമപരമായ വ്യവസ്ഥകളോടെയാണ് പാസാക്കിയത്.
കരാറിന്റെ ഒരു ഘട്ടത്തിലും എതിപ്പ് പ്രകടിപ്പിക്കാതിരുന്ന കേന്ദ്രസര്‍ക്കാര്‍ അവസാനനിമിഷം എന്തോ കടുത്ത വെല്ലുവിളി അമേരിക്കയ്ക്ക് ഉണ്ടാക്കാന്‍ പോകുന്നുവെന്ന തോന്നലുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയുടെ ആശങ്ക ദുരീകരിക്കപ്പെട്ടു എന്ന് വാദിക്കുന്നതിന് പറ്റിയ ഒരു പ്രസ്താവന ബുഷില്‍ നിന്ന് കിട്ടണമെന്ന പരിമിതമായ ആവശ്യമേ ഇപ്പോള്‍ ഇന്ത്യക്കുള്ളു.അമേരിക്കന്‍ കോണ്‍ഗ്രസ്, സെനറ്റ് എന്നിവ പാസാക്കിയ ബില്‍ ബുഷിന്റെ പ്രഖ്യാപനം വന്നശേഷമേ ഒപ്പിടുകയുള്ളൂവെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം കരാറില്‍ ഒരു മാറ്റവുമുണ്ടാക്കില്ല. ഇന്ത്യക്ക് ദോഷകരമായ വ്യവസ്ഥകളോടെയുള്ള ഉള്ളടക്കം കരാറിന്റെ ഭാഗമായിക്കഴിഞ്ഞു. കേവലം നടപടിക്രമത്തിന്റെ കാര്യത്തില്‍മാത്രമാണ് ഇപ്പോള്‍ യുപിഎ സര്‍ക്കാരിന്റെ പിടിവാശി. ഈ അവസരത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റിനും ഇന്ത്യന്‍ ജനതയ്ക്കും നല്‍കിയ ഉറപ്പുകളും അവയുടെ ഇന്നത്തെ സ്ഥിതിയും പരിശോധിക്കുന്നത് എന്തുകൊണ്ടും സംഗതമായിരിക്കും.
പ്രധാനമന്ത്രിയുടെ വാക്കും യാഥാര്‍ഥ്യവും
വാഗ്ദാനങ്ങള്‍
1. സമ്പൂര്‍ണ സിവില്‍ ആണവസഹകരണം
2. ആണവനിലയങ്ങള്‍ക്കാവശ്യമായ യുറേനിയത്തിന്റെ തുടര്‍ച്ചയായ ലഭ്യത ഉറപ്പാക്കും.
3. അണുപരീക്ഷണത്തിനുള്ള അവകാശം അടിയറവയ്ക്കില്ല.
4. അമേരിക്കയ്ക്ക് ഇന്ധനം നല്‍കാനാകാത്ത സാഹചര്യം വന്നാല്‍ മറ്റ് എന്‍എസ്‌ജി രാജ്യങ്ങളുമായി ചര്‍ച്ച നടത്തി ഇന്ധനവിതരണം ഉറപ്പുവരുത്താമെന്ന് ബുഷ് സമ്മതിച്ചിട്ടുണ്ട്.
5. അണുപരീക്ഷണം നടത്തിയതിന്റെ പേരില്‍ യുഎസ് ഇന്ത്യക്കുമേല്‍ ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണവും പിന്‍വലിച്ചശേഷംമാത്രമേ ഐഎഇഎയുടെ പരിശോധനയ്ക്കായി ഇന്ത്യന്‍ റിയാക്ടറുകള്‍ തുറന്നുകൊടുക്കൂ.
6. ഇന്ത്യയുടെ ആണവനിലയങ്ങളെ ചുറ്റിപ്പറ്റി നടക്കാന്‍ അമേരിക്കയെ അനുവദിക്കില്ല.
7. ആണവകരാര്‍ ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ ഒരുതരത്തിലും ബാധിക്കില്ല.
8. ആണവനിലയങ്ങള്‍ക്കായി കരുതല്‍ ശേഖരമെന്ന നിലയില്‍ യുറേനിയം സൂക്ഷിക്കാന്‍ ഉറപ്പുവാങ്ങും.
യാഥാര്‍ഥ്യം
1. ഇപ്പോഴത്തെ സഹകരണം സമ്പൂര്‍ണമല്ല. ഘനജലനിര്‍മാണം, പുനഃസംസ്കരണം, സമ്പുഷ്ടീകരണം എന്നിവയ്ക്കാവശ്യമായ സാങ്കേതിവിദ്യ കൈമാറില്ല.
2. നിലവിലുള്ള നിലയങ്ങളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഇന്ധനംമാത്രം. അണുപരീക്ഷണം നടത്തിയാല്‍ അതുമില്ല.
3. അണുപരീക്ഷണം നടത്തിയാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് വിദേശസെക്രട്ടറി .
4. അണുപരീക്ഷണമോ സമാനമായ മറ്റേതെങ്കിലും കാരണത്താലോ അമേരിക്ക ഇന്ധനവിതരണം നിര്‍ത്തുന്ന സാഹചര്യമുണ്ടായാല്‍ഇന്ത്യയുമായുള്ള ആണവസഹകരണം അവസാനിപ്പിക്കാന്‍ മറ്റ് എന്‍എസ്‌ജി രാജ്യങ്ങളെയും പ്രേരിപ്പിക്കുമെന്ന് ഹൌസ് ഓഫ് റെപ്രസെന്റേറ്റീവ്സ് പ്രമേയം
5. നിയന്ത്രണമൊന്നും പിന്‍വലിക്കാതെ തന്നെ ഇന്ത്യന്‍ റിയാക്ടറുകള്‍ ഐഎഇഎ നിരീക്ഷണത്തിനു കീഴിലായി.
6. ഇത്തരത്തില്‍ ഒരു ഉറപ്പും ഇതുവരെ വാങ്ങിയിട്ടില്ല. ഐഎഇഎക്ക് ആവശ്യത്തിന് ജീവനക്കാരില്ലാത്ത സ്ഥിതിക്ക് അവര്‍ പരിശോധനയ്ക്കായി എടുക്കുക അമേരിക്കന്‍ ഉദ്യോഗസ്ഥരെയാകും.
7. ഇതിനോടകം അമേരിക്കന്‍ സമ്മര്‍ദത്തിനു വഴങ്ങി ഐഎഇഎയില്‍ ഇറാനെതിരെ രണ്ടുവട്ടം വോട്ടുചെയ്തു. ഇറാന് സമ്പുഷ്ടീകരണത്തിന് അവകാശമില്ലെന്നു പ്രഖ്യാപിച്ചു. ഇന്ത്യ-ഇറാന്‍ വാതകക്കുഴല്‍പദ്ധതി ഇപ്പോഴും അനിശ്ചിതത്വത്തില്‍. ഇറാനെതിരായ ഉപരോധം ഉഭയകക്ഷികരാറിലൂടെ അംഗീകരിച്ചു.
8. ഇത്തരത്തില്‍ ഒരു ഉറപ്പും ഇതുവരെയില്ല.
****
കടപ്പാട് : വിവിധ മലയാളം ദിനപ്പത്രങ്ങള്‍

Subscribe to:
Posts (Atom)