Sunday, January 4, 2009

വായനയുടെ പരോളുകള്‍

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ തുടങ്ങിയ, കൈകള്‍ ആകാശത്തേക്കുയര്‍ത്തിയും കാലുകള്‍ വിടര്‍ത്തി വെച്ചുമുള്ള നവോത്ഥാന (ആണ്‍) മനുഷ്യന്റെ 'മുന്നോട്ടുള്ള' പ്രയാണത്തെയാണോ അതോ മൃഗ-ജന്തു-പ്രാകൃതികതയിലേക്കുള്ള 'പിന്മടക്ക'ത്തെയാണോ യഥാര്‍ത്ഥത്തില്‍ കവിത 'വഹിക്കു'ന്നത്? അതിലളിതമായ ഭാഷയിലെഴുതിയ ടി പി വിനോദിന്റെ കവിതകള്‍ നടത്തുന്ന തീക്ഷ്‌ണവും സങ്കീര്‍ണവുമായ പാച്ചിലുകള്‍ പുരോഗമനത്തെക്കുറിച്ചുള്ള ഇത്തരം ചില സ്ഥലജലവിഭ്രമങ്ങളിലേക്ക് വായനക്കാരനെ(ക്കാരിയെ) നയിച്ചേക്കാം. ജര്‍മന്‍ സംവിധായകനായ വോള്‍ക്കര്‍ ഷ്ളോന്ദോര്‍ഫ് സംവിധാനം ചെയ്ത ഉള്‍ഷാന്‍ എന്ന ഖസാഖ് സിനിമയില്‍ സോവിയറ്റ് യൂണിയനും സ്വതന്ത്ര ഖസാഖ്‌സ്‌ഥാനും തമ്മിലുള്ള വ്യത്യാസമെന്തായിരുന്നു എന്ന് മുഖ്യകഥാപാത്രമായ ചാള്‍സ് ഉള്‍ഷാനോട് ചോദിക്കുന്നുണ്ട്. മുമ്പ് ഇത് മൃഗശാലയായിരുന്നു, ഇപ്പോഴിത് കാടാണ് എന്നാണ് അവള്‍ മറുപടി പറയുന്നത്. മൃഗശാലയില്‍ അളവുശാപ്പാടെങ്കിലും കിട്ടും, കാടില്‍ അനാഥത്വവും അരക്ഷിതത്വവുമാണുള്ളത് എന്നാണ് വ്യംഗ്യം. ടി പി വിനോദിന്റെ മൃഗശാല എന്ന കവിത അവസാനിപ്പിക്കുമ്പോഴുള്ള ഒരു മൃഗശാലയെങ്കിലും വേണം ഓരോ നഗരത്തിലും എന്ന വരിയെ ഈ സിനിമയുടെ അനുഭവത്തില്‍ ഞാനിങ്ങനെ വ്യാഖ്യാനിക്കുന്നു. അസ്വാതന്ത്ര്യം നിറഞ്ഞതെങ്കിലും ഭക്ഷണം ഉറപ്പുവരുത്തുന്ന ഒരു രാജ്യമെങ്കിലും ലോകത്ത് നിലനില്‍ക്കുന്നത് നല്ലതാണ്.

ഇരുമ്പിനെ കമ്പികളാക്കാമെന്നും കമ്പികളെ അഴികളാക്കാമെന്നും കണ്ടെത്തിയവരെ നന്ദിയോടെ ഓര്‍ക്കും എന്ന പ്രസ്‌താവനയില്‍ തടവറ, സ്‌കൂള്‍, ഭ്രാന്താലയം, ആശുപത്രി, സിനിമാതിയേറ്റര്‍ എന്നീ അടച്ചിടലുകളെക്കുറിച്ചുള്ള ആധിയാണ് നിറഞ്ഞുനില്‍ക്കുന്നത്. ഈ അച്ചടക്കങ്ങള്‍ പുറംകാണികള്‍ക്ക് ആനന്ദിക്കാനും സ്വയം നിയന്ത്രണങ്ങളുണ്ടെന്ന് പരസ്യപ്പെടുത്താനും വേണ്ടി നിര്‍മ്മിക്കപ്പെട്ടതാണെന്ന പരമാര്‍ത്ഥവും വിനോദ് വെളിപ്പെടുത്തുന്നു. സ്വയം ഭോഗം ചെയ്യുന്ന കുരങ്ങുകള്‍ക്കു മുമ്പില്‍ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ ദേഹത്തു തട്ടാതെ ശ്രദ്ധാലുക്കളാകും. ദേശത്തും വിദേശത്തുമുള്ള മള്‍ട്ടിപ്ളെക്സ് പ്രേക്ഷകരുടെ ആധിക്യത്തോടെ പ്രമേയപരമായും ആവിഷ്‌ക്കാരപരമായും മാറി മറിഞ്ഞ ഹിന്ദി സിനിമയുടെ സംക്രമണങ്ങള്‍ മലയാളിക്കോ മലയാള സിനിമക്കോ ഉള്‍ക്കൊള്ളാനാവാത്തതു പോലെയാണ് ഈ കുരങ്ങുകളെ കാണുന്ന മനുഷ്യക്കുട്ടികളുടെ കാര്യം. പാഠത്തില്‍ അഭിനയമായി അവതരിപ്പിക്കുന്ന ദോസ്‌താനയിലെ സ്വവര്‍ഗാനുരാഗം ഉപപാഠത്തില്‍ യാഥാര്‍ത്ഥ്യമല്ലേ എന്ന വിധം സന്ദിഗ്ദ്ധതകള്‍ മുഖ്യധാരയില്‍ തന്നെ ശബ്‌ദായമാനമായി പൊന്തിവരുമ്പോള്‍ മലയാളി വെറുതെ ഒരു ഭാര്യയില്‍ തളച്ചിടപ്പെടുകയാണിപ്പോഴും. എന്നാല്‍ പാണ്ടിയും (തമിഴന്‍) ഗോസായിയും (വടക്കേ ഇന്ത്യക്കാരന്‍) സര്‍ദാര്‍ജിയും നമ്മുടെ മുമ്പിലിപ്പോഴും നൂറ്റാണ്ടിനപ്പുറത്തെവിടെയോ ഉള്ള പഴമക്കാരാണിപ്പോഴും. വംശഹത്യയിലേക്കു വരെ നീളുന്ന ഈ വെറുപ്പിന്റെ ലക്ഷണങ്ങളെ കുഴിച്ചുമൂടാനാണ് ഇടശ്ശേരി ഇത്തറവാടിത്തഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നു മൂഴിയില്‍ എന്ന് പറഞ്ഞത്.

പക്ഷെ, മലയാളിയല്ലേ പ്യൂരിറ്റന്‍ സമൂഹത്തെക്കുറിച്ചുള്ള ഭാവനകള്‍ ഇന്ത്യന്‍ മുഖ്യധാരാ സമൂഹത്തിന് പകര്‍ന്നുകൊടുക്കുന്നത് എന്നു സംശയിക്കാവുന്ന വിധത്തിലുള്ള നിയമനിര്‍മാണങ്ങളും കോടതി വിധികളും സംഭവിക്കുമ്പോള്‍ കാലവും കാര്യങ്ങളും തലകീഴ്‌മേല്‍ മറിയുന്നു. വ്യാജ സിഡി നിരോധനം, ബന്ദ് നിരോധനം, പുകവലി നിരോധനം, രാഷ്‌ട്രീയ നിരോധനം, തുപ്പല്‍ നിരോധനം, പൈറസി നിരോധനം, കെട്ടിട(മൂന്നാര്‍) നിരോധനം, മിമിക്രി നിരോധനം, സിനിമാറ്റിക് ഡാന്‍സ് നിരോധനം, മൊബൈല്‍ നിരോധനം എന്നിങ്ങനെ പ്യൂരിറ്റനായ സമൂഹത്തെക്കുറിച്ച് മലയാളിയുടെ സങ്കല്‍പങ്ങള്‍ സാക്ഷാത്ക്കരിക്കുന്ന പൊലീസുകാര്‍, വക്കീലന്മാർ‍, ജഡ്‌ജികള്‍, ഫ്ളെൿസ് നേതാക്കള്‍, മാധ്യമപടങ്ങള്‍, അധ്യാപക രക്ഷാകര്‍തൃസമിതി എന്നിവര്‍ വിരാജിക്കുന്ന മലയാള/കേരളത്തിന്റെ ചുവടുപിടിച്ചുകൊണ്ടായിരിക്കണം, ഇന്റര്‍നെറ്റില്‍ പോര്‍ണോഗ്രാഫി കാണുന്നവരെ തടവിലിടും എന്ന പുതിയ ബില്ല് ലോകസഭ പാസാക്കിയത്. ഈ ബില്ലിനെ ടി പി വിനോദ് മുന്‍കൂട്ടി കാണുന്നു എന്നതാണ് സ്വയംഭോഗം ചെയ്യുന്ന കുരങ്ങുകളെ കാണുന്ന ആണ്‍കുട്ടികളെക്കുറിച്ചുള്ള വരികള്‍ തെളിയിക്കുന്നത്. പാരഡി എന്ന കവിതയില്‍ സങ്കടപ്പെടുകയോ ആഹ്ലാദിക്കുകയോ ചെയ്യുന്നതു പോലെ ഓരോരുത്തരും അവരവരുടെ പാരഡികളായി ജീവിക്കുന്ന ഈ അശ്ലീലകാലത്തില്‍ സ്വന്തം അശ്ലീലതയെ തുറന്നുകാണിക്കുക തന്നെയാണ് കവിതയുടെ ധര്‍മം എന്ന് വിനോദ് തിരിച്ചറിയുന്നു.

സിനിമ, അതും മുഖ്യധാരാ/ജനപ്രിയ സിനിമ വിനോദിന്റെ കവിതയില്‍ ബിംബമായി കടന്നുവരുന്നത് ഇപ്രകാരമാണ്. വാതില്‍ വിടവിലൂടെ ഒലിച്ചെത്തുന്ന ഓരോ ഒച്ചയും ഒരു ഞരക്കമല്ലെന്ന് നിങ്ങളും താക്കോല്‍പഴുതിലൂടെ നുഴഞ്ഞെത്തുന്ന ഒരോ നിശ്വാസവും ഒരു കരച്ചിലിന്റെ അറ്റത്തേതല്ലെന്ന് അയാളും സ്വയം വിശ്വസിപ്പിച്ചുകൊണ്ടേയിരിക്കും. നേരം പുലര്‍ന്ന് പരസ്‌പരം കാണുമ്പോള്‍ സിനിമയിലെ സംഘനര്‍ത്തകരെപ്പോലെ കാരണമില്ലാത്ത ഒരു ചിരി നിങ്ങളും അയാളും മുഖങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്തിയിട്ടുണ്ടാവും. കാരണവും അര്‍ത്ഥവും ഉള്‍ക്കാമ്പുമില്ലാത്തതും കപടവുമായ ഭാവങ്ങളാണ് സിനിമയില്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്ന വിമര്‍ശനമാണ് കവി ഉയര്‍ത്തുന്നത്. സോഷ്യല്‍ ആനിമല്‍ എന്ന് പേരിട്ട കവിതയിലാണീ, 'മനുഷ്യത്വം' എന്ന കാപട്യത്തെ വിവരിക്കുന്നത്. അതായത്, ഏതു തരം മൃഗമാണ് മനുഷ്യന്‍ എന്ന പഴയതും നിരന്തരം ആവര്‍ത്തിക്കപ്പെടുന്നതുമായ ചോദ്യത്തിനു കിട്ടുന്ന, സാമൂഹ്യമായി ഇടപഴകുകയും ഐക്യപ്പെടുകയും വിയോജിക്കുകയും ചെയ്യുന്ന തരം മൃഗം എന്ന വ്യാഖ്യാനം കിട്ടുന്ന സോഷ്യല്‍ ആനിമല്‍ എന്ന നിര്‍വചനത്തെയാണ് കവി പരിഹസിക്കുന്നത്. ഈ കുറിപ്പിന്റെ തുടക്കത്തില്‍, മനുഷ്യത്വം എന്ന കല്‍പനയുടെ പുരോഗമന നാട്യങ്ങളോടാണോ അതോ മൃഗപരത (മൃഗീയത എന്ന് എഴുതാന്‍ പേടിയാവുന്നു) യുടെ സ്വാഭാവികതയോടാണോ കവിത പ്രതിബദ്ധമാകുന്നത് എന്ന ചോദ്യമുന്നയിച്ചത്. ചിലപ്പോഴൊക്കെ ഭൂകമ്പത്തില്‍ തകര്‍ന്ന ജയിലില്‍ നിന്നെന്നപോലെ ശരീരത്തില്‍ നിന്ന് സ്വതന്ത്രരായ ആത്മാവുകള്‍ നിയമങ്ങളെ കൊഞ്ഞനം കുത്താറുണ്ട്, കവിതകളില്‍ എങ്കിലും. ജീവിതമോ കവിതയോ ആദ്യമുണ്ടായതെന്നറിയുവാന്‍ ഒരു വായനക്കാരനും പരോളിലിറങ്ങുന്നില്ല എന്ന വ്യാഖ്യാനത്തില്‍ കവിതയുടെയും തന്റെയും നിലപാടുകള്‍ വിനോദ് വെളിപ്പെടുത്തുന്നു.

സ്വപ്‌നം നിരോധിക്കപ്പെട്ടേക്കാവുന്ന കാലത്തേക്കാണ് ഇന്ത്യ പോയിക്കൊണ്ടിരിക്കുന്നത്. മുലകളെയോ നദിച്ചുഴിയെയോ സ്വപ്‌നം കണ്ടുകൊണ്ട് ഒരാള്‍ക്ക് അപ്പോഴും കട്ടിലില്‍ ഉറങ്ങിക്കൊണ്ടിരിക്കാനാവുമോ? (പ്രാര്‍ത്ഥനയുടെ അധ്യായം). സ്വപ്‌നം ആവര്‍ത്തിക്കപ്പെടുന്ന ഒരു രൂപകമായി വിനോദിന്റെ കവിതകളില്‍ നിറയുന്നത് സ്വപ്‌നം കാണാനുള്ള അവകാശവും അവസരവും നഷ്‌ടമായേക്കാവുന്ന ഒരു പാവന പരിശുദ്ധ ഭാവിയെ പേടിക്കുന്നതുകൊണ്ടു തന്നെയാവണം.
പുതിയ കാലത്തെ നിരവധി കാര്‍ടൂണ്‍ ഇമേജറികളാല്‍ വിനോദ് പരിഹസിച്ചുകൊണ്ടേയിരിക്കുന്നു. അത് പ്രാകൃതികമായ ഒരു കാലത്തേക്കുള്ള മൃഗീയമായ തിരിച്ചുപോക്കിന്റെ ആശയത്തെയല്ല മുന്‍ നിര്‍ത്തുന്നത്. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്വപ്‌നസഞ്ചാരത്തെയാണ് ആധുനികതയുടെ കാലഗണനയെ മറന്നുകൊണ്ട് കവി വാക്കുകളാക്കുന്നത്. വായനയുടെ പരോള്‍ എന്ന കവിയുടെ തന്നെ ദര്‍ശനം സാധൂകരിക്കപ്പെടുന്നതും അങ്ങിനെയാണ്.

****

ജി പി രാമചന്ദ്രന്‍

ഇന്റര്‍നെറ്റ് വഴി പരിചയപ്പെട്ട കുറെ മലയാളികള്‍ ചേര്‍ന്ന് രൂപംകൊടുത്ത പരീക്ഷണ സംരംഭമാണ് ബുക്ക് റിപ്പബ്ലിക്. ഒരു സമാന്തര പ്രസാധന-വിതരണ സംവിധാനം ഉണ്ടാക്കുകയും അതു വഴി മലയാള പുസ്‌തകലോകത്തില്‍ നവീനവും സര്‍ഗാത്മകവുമായ സാന്നിധ്യമാവുകയുമാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ബുക്ക് റിപ്പബ്ലിക്ക് പുറത്തിറക്കുന്ന ആദ്യ പുസ്‌തകമാണ് ലാപുട എന്ന പേരിൽ കവിതകളെഴുതുന്ന ശ്രീ ടി പി വിനോദിന്റെ ‘നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍’. ഇത് ടി പി വിനോദിന്റെ ആദ്യ കവിതാ സമാഹാരമാണ്.

ബുക്ക് റിപ്പബ്ലിക് എന്ന കൂട്ടായ്‌മയ്‌ക്കും ശ്രീ ടി പി വിനോദിനും വർക്കേഴ്‌സ് ഫോറം എല്ലാ ഭാവുകങ്ങളും നേരുന്നു.

പുസ്‌തകത്തിന്റെ ഒരു കോപ്പി എല്ലാവരും വാങ്ങണമെന്നും കവിതയില്‍ താത്പര്യമുള്ള സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു. പുസ്‌തകം ഇവിടെ ബുക്ക് ചെയ്യാവുന്നതാണ്.

ജനുവരി 10 ആം തിയതി എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌ക്കാരിക കേന്ദ്രത്തിൽ വെച്ച് ഈ പുസ്തകത്തിന്റെ പ്രകാശനം നടത്തപ്പെടുന്നു. പ്രസ്തുത പരിപാടിയില്‍ കഴിയാവുന്നത്ര എല്ലാവരും പങ്കെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.


പുസ്തകത്തെക്കുറിച്ച് ചില വിശദാംശങ്ങള്‍;


പേര് : നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍
പഠനം : ഡോ. സോമന്‍ കടലൂര്‍
കവര്‍, ലേ ഔട്ട് : ഉന്മേഷ് ദസ്തക്കിര്‍
ടൈപ്പ് സെറ്റിംഗ് : ശ്രീനി ശ്രീധരന്‍

എല്ലാവർക്കും ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ

Saturday, January 3, 2009

ഭക്ഷ്യ - ധന പ്രതിസന്ധികളുടെ പരസ്‌പര ബന്ധം

1929ല്‍ പൊട്ടിപ്പുറപ്പെട്ട പ്രതിസന്ധിക്കു ശേഷമുണ്ടായ ഏറ്റവും വലിയ അന്താരാഷ്‌ട്ര സാമ്പത്തിക പ്രതിസന്ധിയാണ് 2007-08 ലേത്. സമൂഹത്തെ കൊള്ളയടിക്കുന്ന ബാങ്കര്‍മാരെ രക്ഷിക്കാന്‍ ഭരണാധികാരികള്‍ വലിയ തോതില്‍ ഇടപെടാന്‍ നിര്‍ബന്ധിതമാകുന്നിടത്തോളം ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഇവിടെയും പരസ്‌പരാശ്രിതത്വം ശ്രദ്ധേയമാണ്. 2007 ഡിസംബര്‍ 31-നും 2008 ഒൿടോബര്‍ 18-നുമിടയില്‍ ലോകത്തിലെ എല്ലാ ഓഹരി വിപണികളും നാടകീയമായ തകര്‍ച്ച നേരിട്ടു. വ്യവസായവല്‍കൃത രാജ്യങ്ങളിലെ ഓഹരി വിപണികളില്‍ ഇത് 30 ശതമാനം മുതല്‍ 40 ശതമാനം വരെയും ചിലപ്പോള്‍ അതില്‍ അധികവും ആയിരുന്നു. തുര്‍ക്കി, അര്‍ജന്റീന, ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ തകര്‍ച്ച 45 ശതമാനത്തില്‍ അധികമായിരുന്നു.

അയഥാര്‍ഥമായ മൂലധനത്താല്‍ പടുത്തുയര്‍ത്തപ്പെട്ട, ഭീമാകാരമായി വര്‍ധിച്ചുവന്ന സ്വകാര്യ കടങ്ങളുടെ ഗോപുരം ഒടുവില്‍ വ്യവസായവല്‍കൃത രാജ്യങ്ങളില്‍ തന്നെ തകര്‍ന്നുവീണു. ഈ ഭൂഗോളത്തില്‍ ഏറ്റവും അധികം കടത്തെ ആശ്രയിച്ചുള്ള സമ്പദ് ഘടന നിലനില്‍ക്കുന്ന അമേരിക്കയില്‍ നിന്നായിരുന്നു ഇതിന്റെ തുടക്കം. വാസ്‌തവത്തില്‍, 2008-ല്‍ അമേരിക്കയിലെ പൊതുകടവും സ്വകാര്യകടവും കൂടി 50 ലക്ഷം കോടി ഡോളറായി - അതായത് ജിഡിപിയുടെ 350%. ഇതിനകം തന്നെ ഭൂഗോളത്തിലാകെ പടര്‍ന്നുപിടിച്ചുകഴിഞ്ഞ സാമ്പത്തികവും ധനപരവുമായ പ്രതിസന്ധി വികസ്വര രാജ്യങ്ങളെയായിരിക്കും ഏറെ പ്രതികൂലമായി ബാധിക്കുന്നത്. ഇപ്പോള്‍ സുരക്ഷിതരെന്ന് കരുതുന്നവര്‍ക്ക് പോലും ഇതില്‍നിന്ന് രക്ഷപ്പെടാനാവില്ല.

ഭക്ഷ്യ പ്രതിസന്ധി

2007-08 ല്‍ ഭക്ഷ്യവിലകള്‍ കുതിച്ചുയര്‍ന്നതോടെ ലോക ജനസംഖ്യയില്‍ പകുതിയില്‍ ഏറെപ്പേരുടെ ജീവിതനിലവാരം ഒറ്റയടിക്ക് തകര്‍ന്നു. 2008 മധ്യത്തില്‍ പതിനഞ്ചോളം രാജ്യങ്ങളില്‍ വമ്പിച്ച പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. മുമ്പൊരിക്കലും ബാധിച്ചിട്ടില്ലാത്ത വിധം കോടിക്കണക്കിനാളുകള്‍ പട്ടിണി കിടക്കുന്ന അവസ്ഥയുണ്ടായി. കോടിക്കണക്കിനാളുകള്‍ക്ക് തങ്ങളുടെ ഭക്ഷ്യോപഭോഗം വെട്ടിച്ചുരുക്കേണ്ടതായി വന്നു (അതേ തുടര്‍ന്ന്, മറ്റ് അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും ലഭ്യതയും കുറഞ്ഞു).

അമേരിക്കന്‍ ഭരണകൂടത്തിന്റെയും യൂറോപ്യന്‍ കമ്മിഷന്റെയും പിന്തുണയോടെ ധനമേഖലയിലും കാര്‍ഷിക (agro-industry) വ്യവസായത്തിലും ഏര്‍പ്പെട്ടിട്ടുള്ള ഒരുപിടി കമ്പനികള്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ ഫലമായാണ് ഇതൊക്കെ സംഭവിച്ചത്. വാസ്‌തവത്തില്‍, ആഗോളമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യസാധനങ്ങളിൽ കയറ്റുമതി ചെയ്യപ്പെടുന്ന ഭക്ഷ്യസാധനങ്ങളുടെ ശതമാനം തീരെ കുറവാണ്. ലോകത്താകെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അരിയുടെയും ഗോതമ്പിന്റെയും ചോളത്തിന്റെയും ഒരു ചെറിയ ഭാഗം മാത്രമേ കയറ്റുമതി ചെയ്യപ്പെടുന്നുള്ളു. അതില്‍ വലിയൊരു ഭാഗം അതാത് രാജ്യത്തുതന്നെ ഉപഭോഗം ചെയ്യപ്പെടുകയാണ്. എന്നാല്‍ കയറ്റുമതി വിപണിയിലെ വിലയാണ് പ്രാദേശിക വിപണിയിലെ വിലയും നിശ്ചയിക്കുന്നത്. കയറ്റുമതി വിപണിയിലെ വില അമേരിക്കയിലാണ് തീരുമാനിക്കുന്നത് - മുഖ്യമായും മൂന്ന് ഓഹരി വിപണികളില്‍ (ഷിക്കാഗോ, മിനിയപ്പോലിസ, കന്‍സാസ് സിറ്റി). തിമ്പുൿടുവിലെയും മെൿസിക്കോയിലെയും നയ്റോബിയിലെയും ഇസ്ലാമാബാദിലെയും അരിയുടെയും ഗോതമ്പിന്റെയും ചോളത്തിന്റെയും വിലയെ അമേരിക്കന്‍ ഓഹരി വിപണിയിലെ ഈ ധാന്യങ്ങളുടെ വിലകള്‍ നേരിട്ട് സ്വാധീനിക്കുന്നു.

2008 ല്‍ ഭൂഗോളത്തിന്റെ നാനാ കോണുകളിലും ഉയര്‍ന്നുവന്ന ഭക്ഷ്യകലാപങ്ങളുടെ ഫലമായും അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുന്നത് ഒഴിവാക്കുന്നതിനായും വികസ്വര രാജ്യങ്ങളുടെ ഭരണാധികാരികള്‍ക്ക് തങ്ങളുടെ പൌരന്മാര്‍ക്ക് ഭക്ഷ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കേണ്ടതായി വന്നു.

പ്രാദേശിക ധാന്യോല്‍പ്പാദകര്‍ക്ക് പിന്തുണ നല്‍കുന്നതില്‍നിന്ന് കഴിഞ്ഞ നിരവധി ദശകങ്ങളായി ക്രമാനുഗതമായി പിന്മാറിയതിന്റെ ഫലമായും ലോകബാങ്കും ഐഎംഎഫും പോലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ഘടനാപരമായ ക്രമീകരണ പരിപാടിയുടെയും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പരിപാടികളുടെയും ഭാഗമായി അടിച്ചേല്‍പ്പിച്ച നവലിബറല്‍ നയങ്ങളുടെയും ഫലമായാണ് ഈ അവസ്ഥ സംജാതമായത്. "ദാരിദ്ര്യത്തിനെതിരായ പോരാട്ട''ത്തിന്റെ പേരില്‍ ഈ സ്ഥാപനങ്ങള്‍ സര്‍ക്കാരുകളിലൂടെ നടപ്പിലാക്കിയത് ദാരിദ്ര്യം വര്‍ധിപ്പിക്കുന്ന തരത്തിലുള്ള നയങ്ങളാണ്. അതിനു പുറമെ, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പല സര്‍ക്കാരുകളും ഒപ്പിട്ട ഉഭയകക്ഷി കരാറുകളും (പ്രത്യേകിച്ചും സ്വതന്ത്ര വ്യാപാര സംഘടനയുടെ ദോഹ വട്ട വ്യാപാര കൂടിയാലോചനകള്‍) ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കും ഇടയാക്കി.

എന്താണ് സംഭവിച്ചത്?

രംഗം ഒന്ന്

പ്രധാനമായും വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും വന്‍കിട കാര്‍ഷിക കയറ്റുമതി കമ്പനികള്‍ ഉള്‍പ്പെടെ വിദേശ കാര്‍ഷികോല്‍പ്പാദകരില്‍ നിന്നുള്ള മത്സരത്തില്‍നിന്ന് പ്രാദേശിക ഉല്‍പ്പാദകരെ സംരക്ഷിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വ്യാപാരവിലക്കുകള്‍ എല്ലാം വികസ്വര രാജ്യങ്ങള്‍ കൈവെടിഞ്ഞു. ഇത് പ്രാദേശിക കര്‍ഷകര്‍ക്ക് ഉല്‍പ്പാദനച്ചെലവ് പോലും ലഭിക്കാത്ത വിധം കുറഞ്ഞ വിലയ്ക്ക് കാര്‍ഷികോല്‍പ്പന്നങ്ങള്‍ പ്രാദേശിക വിപണികളില്‍ വില്‍ക്കപ്പെടുന്ന സ്ഥിതി സംജാതമാക്കി. തന്മൂലം പ്രാദേശിക ഉല്‍പ്പാദകര്‍ പാപ്പരായി. അവരില്‍ ഏറെപ്പേരും തങ്ങളുടെ രാജ്യത്തെ വന്‍ നഗരങ്ങളിലേക്കോ വ്യവസായവല്‍കൃത രാജ്യങ്ങളിലേക്കോ ഉപജീവനത്തിനായി കുടിയേറി.

ലോക വ്യാപാരസംഘടനയുടെ അഭിപ്രായത്തില്‍ സമ്പന്ന രാജ്യങ്ങള്‍ അവിടങ്ങളിലെ വന്‍കിട കാര്‍ഷിക സ്ഥാപനങ്ങള്‍ക്ക് ആഭ്യന്തര വിപണിയിലേക്ക് നല്‍കുന്ന സബ്‌സിഡികള്‍ വിദേശ വിപണികളില്‍ സാധനങ്ങള്‍ കൊണ്ടു നിറയ്‌ക്കുന്നതിനെതിരായ (anti-dumping ) നിയന്ത്രണങ്ങള്‍ക്ക് വിരുദ്ധമല്ല. ജാൿസ് ബെര്‍ത്തലോട്ട് എഴുതിയതുപോലെ, തെരുവിലെ മനുഷ്യരെ സംബന്ധിച്ചിടത്തോളം ഡമ്പിങ് എന്നാല്‍ കയറ്റുമതി രാജ്യങ്ങളിലെ ശരാശരി ഉല്‍പ്പാദന ചെലവിനേക്കാള്‍ കുറഞ്ഞ വിലയ്‌ക്ക് സാധനങ്ങള്‍ കയറ്റി അയക്കല്‍ എന്നാണര്‍ഥം; അതേ സമയം ഡബ്ല്യു ടി ഒ യെ സംബന്ധിച്ചിടത്തോളം കയറ്റുമതി ചെയ്യുന്നത് ആഭ്യന്തര വിലകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കുന്നതിനാല്‍ അത് ഡമ്പിങ് ആയി കണക്കാക്കില്ല. ശരാശരി ഉല്‍പ്പാദനച്ചെലവിനേക്കാള്‍ അത് കുറവാണെങ്കില്‍ പോലും ഡബ്ല്യു ടി ഒ ക്ക് പ്രശ്നമേ അല്ല.'' ചുരുക്കത്തില്‍, യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളും അമേരിക്കയും മറ്റു കയറ്റുമതി രാജ്യങ്ങളും കനത്ത ആഭ്യന്തര സബ്‌സിഡികളുടെ ആനുകൂല്യം ലഭിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ കൊണ്ട് മറ്റു രാജ്യങ്ങളുടെ വിപണി കയ്യടക്കുന്നു. അമേരിക്ക മെക്‌സിക്കോയിലേക്ക് കയറ്റി അയച്ച ചോളം ഇതിന്റെ ഉത്തമോദാഹരണമാണ്.

അമേരിക്കയും കാനഡയും മെൿസിക്കോയും തമ്മില്‍ ഒപ്പിട്ട സ്വതന്ത്ര വ്യാപാരകരാര്‍ കാരണം, മെൿസിക്കോയ്‌ക്ക് തങ്ങളുടെ വ്യാപാര നിയന്ത്രണങ്ങള്‍ അവരുടെ വടക്കന്‍ അയല്‍ക്കാര്‍ക്കായി കൈ വെടിയേണ്ടതായി വന്നു. 1993നും 2006നും ഇടയ്‌ക്ക് അമേരിക്കയില്‍ നിന്ന് മെൿസിക്കോയിലേക്കുള്ള ചോളം കയറ്റുമതി ഒമ്പത് മടങ്ങ് വര്‍ധിച്ചു. തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ചോളത്തിന്റെ വില, വ്യാവസായിക സാങ്കേതിക വിദ്യ ഉപയോഗിച്ചും വന്‍ സബ്‌സിഡി നല്‍കിയും ഉല്‍പ്പാദിപ്പിച്ച, അമേരിക്കയില്‍ നിന്നു വരുന്ന ചോളത്തിന്റെ വിലയേക്കാള്‍ ഉയര്‍ന്നതായതിനാല്‍ പതിനായിരക്കണക്കിന് മെൿസിക്കന്‍ കര്‍ഷകര്‍ ചോളം കൃഷി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. ഇതൊരു സാമ്പത്തിക ദുരന്തം മാത്രമായിരുന്നില്ല; ഇതവരുടെ സാംസ്‌ക്കാരിക അസ്‌തിത്വത്തെ തന്നെ തകര്‍ക്കുകയാണുണ്ടായത്. കാരണം, മെൿസിക്കന്‍ സംസ്‌ക്കാരത്തിന്റെ, പ്രത്യേകിച്ചും മായന്‍ ജനവിഭാഗത്തിന്റെ സംസ്‌ക്കാരത്തിന്റെ പ്രതീകമാണ് ചോളം. നിരവധി ചോളം കര്‍ഷകര്‍ തങ്ങളുടെ പാടങ്ങള്‍ ഉപേക്ഷിച്ച് മെൿസിക്കോയിലെ വ്യവസായ നഗരങ്ങളിലേക്കോ അമേരിക്കയിലേക്കോ തൊഴിലന്വേഷിച്ച് ചേക്കേറാന്‍ നിര്‍ബന്ധിതരായി.

രംഗം രണ്ട്

അങ്ങനെ മെൿസിക്കോയ്‌ക്ക് തങ്ങളുടെ ജനതയുടെ ഭക്ഷണത്തിന് അമേരിക്കന്‍ ചോളത്തെ ആശ്രയിക്കേണ്ടതായി വന്നു. തുടര്‍ന്ന്, ഷിക്കാഗോവിലെയും കന്‍സാസ് സിററിയിലെയും മിനിയപ്പോലീസിലെയും ഓഹരി വിപണിയിലെ ഊഹക്കച്ചവടവും അമേരിക്കയില്‍ എത്തനോള്‍ നിര്‍മാണത്തിന് ചോളം ഉപയോഗിച്ചതും മൂലം ഭക്ഷ്യധാന്യങ്ങള്‍ക്കുണ്ടായ കുത്തനെയുള്ള വിലക്കയറ്റം മെൿസിക്കോയെ ബാധിച്ചു.

ആഭ്യന്തര ആവശ്യത്തിനായി മെൿസിക്കോയില്‍ ചോളം ഉല്‍പ്പാദിപ്പിക്കാന്‍ കര്‍ഷകരൊന്നും അവശേഷിച്ചിരുന്നില്ല. തങ്ങളുടെ ഭക്ഷ്യാവശ്യം നിറവേറ്റാന്‍ മെൿസിക്കന്‍ ജനതയ്‌ക്ക് കനത്ത വില നല്‍കേണ്ടതായി വന്നു. ചോളം കൊണ്ടുള്ള ആഹാരസാധനങ്ങള്‍ക്ക് പകരം റൊട്ടിയേയും അരി ആഹാരത്തെയും ആശ്രയിക്കേണ്ട സ്ഥിതിയും ഉണ്ടായി. 2007-ല്‍ ഇത് മെൿസിക്കോയില്‍ വമ്പിച്ച കലാപങ്ങള്‍ക്ക് ഇടവരുത്തി.

ആഗോള ഭക്ഷ്യപ്രതിസന്ധി നമ്മുടെ മുതലാളിത്ത സമൂഹത്തിന്റെ പ്രവര്‍ത്തനത്തെ തന്നെ അരക്ഷിതാവസ്ഥയിലാക്കി. കുറഞ്ഞ കാലം കൊണ്ട് പരമാവധി ലാഭം എന്ന മുതലാളിത്തത്തിന്റെ ലക്ഷ്യം നടക്കാത്ത അവസ്ഥയായി. വമ്പിച്ച ലാഭം നേടിയെടുക്കത്തക്ക വിധം വില്‍ക്കാനുള്ള ഉല്‍പ്പന്നമായാണ് മുതലാളിമാര്‍ ഭക്ഷ്യവസ്‌തുക്കളെ കാണുന്നത്. മനുഷ്യരാശിയുടെ നിലനില്‍പ്പിന് അനിവാര്യമായ ഭക്ഷണം അങ്ങനെ മുതലാളിമാര്‍ക്ക് ലാഭമുണ്ടാക്കാനുള്ള ഉപകരണം മാത്രമായി മാറി. ഈ ക്രൂരമായ യുക്തിയാണ് ഇപ്പോള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നത്.

വന്‍തോതിലുള്ള ഉല്‍പ്പാദനത്തിലും വിപണനത്തിലും ഉള്ള മൂലധനത്തിന്റെ നിയന്ത്രണം ഒഴിവാക്കേണ്ടതാണ്. ഭക്ഷ്യ പരമാധികാരത്തിന്റെയും സ്വയംപര്യാപ്‌തതയുടെയും നയങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതാണ്.

കാലാവസ്ഥാ പ്രതിസന്ധി

ധനപ്രതിസന്ധി വന്നതോടു കൂടി കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം സംബന്ധിച്ച വാര്‍ത്തകള്‍ താല്‍ക്കാലികമായെങ്കിലും മാധ്യമങ്ങളുടെ തലവാചകങ്ങളില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. എന്നിരുന്നാലും, ആഗോളതലത്തില്‍ ആ പ്രക്രിയ നിലനില്‍ക്കുന്നുണ്ട്. "ദരിദ്ര'' രാജ്യങ്ങളിലെ ജനങ്ങളാണ് "ധനിക'' രാജ്യങ്ങളില്‍ ഉള്ളവരെക്കാള്‍ അധികം ഇതിന്റെയും ദോഷഫലങ്ങള്‍ അനുഭവിക്കുന്നത്. പക്ഷേ ഇതിന്റെ ദോഷഫലം തീരെ ബാധിക്കാത്തവരായി ആരുമുണ്ടാവില്ല.

ഈ മൂന്ന് പ്രതിസന്ധികളും ഒത്തുകൂടിയതോടെ, മുതലാളിത്ത സമൂഹത്തില്‍ നിന്നും മുതലാളിത്ത ഉല്‍പ്പാദന രീതികളില്‍ നിന്നും സ്വതന്ത്രരാകേണ്ടത് അനിവാര്യമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുവരുന്നു. മുതലാളിത്ത പ്രതിസന്ധികളുടെ പരസ്‌പരബന്ധം ആഗോളതലത്തില്‍ മുതലാളിത്തവിരുദ്ധവും വിപ്ലവപരവുമായ പരിപാടിയുടെ ആവശ്യകതയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. സാര്‍വദേശീയാടിസ്ഥാനത്തിലുള്ളതും വ്യവസ്ഥയില്‍ തന്നെ മാറ്റം വരുത്തുന്നതുമായ പരിഹാരങ്ങള്‍ മാത്രമേ ജനങ്ങള്‍ക്കും പരിസ്ഥിതിക്കും അനുകൂലമായ ഫലം പ്രദാനം ചെയ്യൂ. ചില്ലറ നടപടിളും ഒട്ടുവിദ്യകളും കൊണ്ട് മാനവരാശിയെ ഇനിയും ചതിക്കാനാവില്ല.

എറിക് റ്റൌസെയ്ന്റ്

*****

എറിക് റ്റൌസെയ്ന്റ് എഴുതിയ The Global Meltdown: How the Food and Financial Crises are Interconnected എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

Thursday, January 1, 2009

ഷൂസല്ല, ഷോക്ക്

ബുഷിനു വിശേഷണങ്ങള്‍ ആവശ്യമില്ല. അത്രമേല്‍ സാമ്രാജ്യത്വ ക്രൂരതയുടെ പ്രതീകമെന്ന അര്‍ഥത്തില്‍, സ്വന്തം 'പ്രതിഭ' തെളിയിച്ചു കഴിഞ്ഞ ഒരു ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹം അത്രമാത്രം പ്രശസ്‌തനാണ്‌! അമേരിക്കന്‍ ചലച്ചിത്രപ്രതിഭയായ മൈക്കല്‍ മൂര്‍, അക്ഷരവൈരിയെന്നും മന്ദബുദ്ധിയെന്നും ബുഷിനെ വിളിച്ചപ്പോഴും ബുഷ്‌ ഇളകാതിരുന്നത്‌, ജനാധിപത്യത്തിന്റെ സാക്ഷ്യപത്രങ്ങള്‍ 'ഭീകരവാദികള്‍ക്ക്‌' ഒട്ടുമേ ആവശ്യമില്ലാത്തതുകൊണ്ടാണ്‌! 'ഭീകരവാദത്തിനെതിരേ ജനാധിപത്യം' എന്ന ബുഷിന്റെ സാമ്രാജ്യത്വ പരസ്യത്തിന്റെ ദംഷ്‌ട്രകള്‍ പുറത്തുവന്നു കഴിഞ്ഞിട്ടും 'അമേരിക്കയില്ലായിരുന്നെങ്കില്‍ ലോകം അവസാനിച്ചു പോകുമായിരുന്നു' എന്നു പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ ബുഷിനെതിരേ ഉയര്‍ന്നുകഴിഞ്ഞ അമേരിക്കയിലെ ജനാധിപത്യവാദികളുടെ പ്രതിഷേധങ്ങള്‍ പോലും കണ്ടില്ലെന്നു നടിക്കുകയാണ്‌. ഇന്നു മാര്‍ക്കറ്റില്‍പ്പോലും ബുഷിനേക്കാള്‍ എത്രയോ കൂടുതല്‍ വില മുന്ദാസര്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ എറിഞ്ഞ ഷൂസിനാണ്‌! കോഹിനൂര്‍രത്നംപോലെ കോടികള്‍ വിലവരുന്ന ഒരപൂര്‍വവസ്‌തുവായി, ബുഷിനെതിരേയുള്ള ഒരൊറ്റ ഏറുകൊണ്ട്‌ ആ ചെരിപ്പുകള്‍ വളര്‍ന്നിരിക്കുന്നു! ഒന്നുകില്‍ അജ്‌ഞാതരായ ഏതൊക്കെയോ മൃഗങ്ങളുടെ ചര്‍മ്മം ബുഷിന്റെ ശിരസില്‍ തട്ടി സ്വയം അപവിത്രമാക്കപ്പെടാതെ രക്ഷപ്പെട്ടതോര്‍ത്ത്‌ സ്വയം ചിരിക്കുന്നുണ്ടാവണം!

പാഞ്ഞുവന്ന 'ഷൂ'വിനു മുമ്പില്‍ തലതാഴ്‌ത്തിനിന്നു സ്വയം രക്ഷപ്പെട്ട ബുഷ്‌ മറ്റൊരര്‍ഥത്തില്‍ ആ ചെരിപ്പിനെയും രക്ഷിക്കുകയായിരുന്നു! സാമ്രാജ്യത്വ ഔന്നത്യത്തിന്റെ വാര്‍പ്പുമാതൃകയായി മാറിയ ആ ശരീരത്തില്‍ സ്‌പര്‍ശിച്ചിരുന്നെങ്കില്‍ ആ ഷൂസും ചരിത്രത്തിന്റെ ഒരു മാലിന്യക്കൂമ്പാരമായി മാറിപ്പോകുമായിരുന്നു! ബുഷിന്റെ തലയില്‍ ഒരു ഇടിക്കട്ടപോലെ മുറിപ്പാടുണ്ടാക്കി ആ ഷൂ, മര്‍മ്മത്തില്‍ കൊള്ളാതെ പോയതോര്‍ത്ത്‌ പലരും സങ്കടപ്പെടുമ്പോള്‍ ആ ശരീരത്തില്‍ തട്ടി മലിനമാകാതെ സ്വയം രക്ഷപ്പെട്ട ആ ഷൂസിനെയോര്‍ത്ത്‌ സന്തോഷിക്കുകയാണു ഞാന്‍ ചെയ്യുന്നത്‌. ആ ഷൂസിന്‌ ഒരായിരം സ്‌തുതിയര്‍പ്പിക്കാന്‍ തോന്നിപ്പോകുന്നു.

1988 ല്‍ ശ്രീനാരായണ ഗുരു തിരുവനന്തപുരത്തെ അരുവിപ്പുഴയില്‍നിന്നു മുങ്ങിയെടുത്ത കല്ലുപോലെ 2008 ല്‍ ബുഷിനെത്തേടി പറന്ന്‌ ഇറാഖിലെ ചെരിപ്പും പവിത്രമായിരിക്കുന്നു. അന്നു ശിവശക്‌തിയാണ് ആ കല്ലില്‍ ആവാഹിക്കപ്പെട്ടതെങ്കില്‍ ഇന്നു സാമ്രാജ്യത്വവിരുദ്ധ ശക്‌തിയാണ്‌ ഈ ചെരിപ്പില്‍നിന്നു ചങ്ങലകള്‍ പൊട്ടിക്കുന്നത്‌. അധഃസ്‌ഥിതര്‍ക്ക്‌ നിഷേധിക്കപ്പെട്ട വഴികളൊക്കെയും വെട്ടിത്തുറന്ന അയ്യങ്കാളിയുടെ വില്ലുവണ്ടിപോലെ ആ ചെരിപ്പും ചരിത്രത്തില്‍ വീര്യമുള്ളതായി തീര്‍ന്നിരിക്കുന്നു. സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ മഹാപ്രതീകമായി മാറിയ മഹാത്മാഗാന്ധിയുടെ 'ഉപ്പ്‌' പോലെ നവസാമ്രാജ്യാധിപത്യ വിരുദ്ധ സമരത്തിന്റെ സമരശക്‌തിയായി മുന്‍തസിര്‍സൈദിന്റെ ഷൂവും വളര്‍ന്നിരിക്കുന്നു.

ലോകത്തില്‍ വച്ചേറ്റവും സുരക്ഷിതത്വം സര്‍വ്വനിലയ്‌ക്കും വിലയ്‌ക്കുവാങ്ങുന്ന സാമ്രാജ്യത്വത്തിന്റെ പൊങ്ങച്ചങ്ങളെയാണ്‌ വരാനിരിക്കുന്ന പീഡാനുഭവങ്ങളോര്‍ത്ത്‌ ഒട്ടുമേ പതറാതെ സര്‍വമാധ്യമങ്ങളെയും സാക്ഷിയാക്കിയും ബുഷിനെ ഇളിഭ്യനാക്കിയും മുന്‍തസിര്‍സൈദ്‌ പിച്ചിക്കീറിയത്‌. എത്ര അലിയുമ്പോഴും പിന്നെയും ബാക്കിയാവുന്ന മഹാത്മാഗാന്ധിയുടെ 'ഉപ്പിനൊപ്പം' ഏത്‌ ചണ്ടിപ്പണ്ടാരത്തില്‍ ചവിട്ടിയാലും ബുഷിനെപ്പോലെ സ്വയം ചണ്ടിയാവാത്ത മുന്‍തസിറിന്റെ ചെരിപ്പും ഇനിയൊരിക്കലും തേഞ്ഞുതീരാതെ ചരിത്രത്തെ ചൈതന്യവല്‍ക്കരിച്ചുകൊണ്ടിരിക്കും!

കാത്തുനില്‍ക്കുന്ന കഴുമരം നോക്കി എനിക്ക്‌ മുഖാവരണങ്ങള്‍ ആവശ്യമില്ലെന്നു വിളിച്ചുപറഞ്ഞ്‌ സാമ്രാജ്യത്വ ആരാച്ചാര്‍മാരെ പരിഭ്രാന്തരാക്കിയ 'ഷഹീദ്‌' സദ്ദാംഹുസൈന്റെ 'ആത്മാവ്‌' ഏതോ പോരാട്ടഭൂമിയിലിരുന്ന്‌ ചെറുത്തുനില്‍പ്പുകള്‍ അവസാനിക്കുന്നില്ലെന്നുകണ്ട്‌ പുളകംകൊള്ളുന്നുണ്ടായിരിക്കും. ആ ഷൂസിനകത്തിരുന്ന്‌ ഇറാഖിന്റെ മോചനം സ്വപ്‌നംകാണുന്ന ഒരു സമരശിശുവിന്റെ മുഖംകണ്ട്‌ സദ്ദാമും കോരിത്തരിച്ചിരിക്കണം.

ഇറാഖില്‍ നിങ്ങള്‍ നടത്തിയ കൂട്ടക്കൊലയില്‍ എത്രപേര്‍ മരിച്ചുകാണും എന്നു ചോദിച്ചപ്പോള്‍ 'ഞങ്ങള്‍ ശവങ്ങള്‍ എണ്ണാറില്ല' എന്ന്‌ ഔദ്ധത്യപൂര്‍വം അലറിവിളിച്ച ബുഷിനു കിട്ടിയ ശിക്ഷയോര്‍ത്ത്‌ ശ്മശാനങ്ങളിലിരുന്ന്‌ ആ പഴയ സാമ്രാജ്യത്വവിരുദ്ധ സമരയോദ്ധാക്കള്‍ പിന്നെയും പിന്നെയും ആര്‍ത്താര്‍ത്ത്‌ പൊട്ടിച്ചിരിച്ചിരിക്കും. പരലോകത്തിന്റെ നിശബ്ദത ഈ വിധം തകര്‍ക്കപ്പെട്ടതില്‍ രോഷാകുലരായ 'മലാഖമാര്‍' പോലും കാര്യമറിഞ്ഞപ്പോള്‍ അവര്‍ക്കൊപ്പം അറിയാതെ ചിരിച്ചുകാണണം. എന്നാല്‍ ആ സമയങ്ങളിലൊക്കെയും ബുഷ്‌വിരുദ്ധ ചിരിയില്‍ സ്വയം പങ്കെടുക്കാന്‍ കഴിയാത്തതോര്‍ത്ത്‌ ഭൂമിയിലെ പാവം നിഘണ്ടുക്കള്‍ നിലവിളിച്ചിരിക്കണം! അങ്ങനെയവര്‍ കരഞ്ഞുപോയത്‌ പഴയൊരു ചരിത്രം ഓര്‍ത്തതുകൊണ്ടാവണം!

പണ്ട്‌ അയര്‍ലന്‍ഡില്‍ ക്രൂരനായ ഒരു നികുതി പിരിവുകാരനുണ്ടായിരുന്നു. 'ബോയ്‌കോട്ട്‌' എന്നായിരുന്നു അയാളുടെ പേര്‌. കര്‍ഷകരെ നികുതി പിരിവിന്റെ പേരില്‍ പീഡിപ്പിച്ച ഇയാളെ കര്‍ഷകര്‍ സ്വന്തം വീട്ടില്‍നിന്നു പുറത്തിറങ്ങാന്‍ കഴിയാത്തവിധം ഉപരോധിച്ചു. ഒരര്‍ഥത്തില്‍ സമ്പൂര്‍ണ ബഹിഷ്‌കരണം. വന്‍ വിജയമായിത്തീര്‍ന്ന ആ ബഹിഷ്‌കരണസമരത്തിന്റെ തീയാണ്‌ 'ബഹിഷ്‌കരണം' എന്നര്‍ഥം വരുന്ന 'ബോയ്‌ക്കോട്ട്‌' എന്ന ഇംഗ്ലീഷ്‌ വാക്കില്‍നിന്ന്‌ ഇന്നും ആളുന്നത്‌. ഒരിക്കല്‍ ഒരു മനുഷ്യനായിരുന്ന, സ്വന്തം വീട്ടിലെങ്കിലും സ്വീകരിക്കപ്പെട്ടിരുന്ന ഒരു മനുഷ്യനാണ്‌ സര്‍വരാലും തിരസ്‌ക്കരിക്കപ്പെടുംവിധം അയാളുടെ ക്രൂരചെയ്‌തികള്‍ നിമിത്തം ബഹിഷ്‌ക്കരിക്കപ്പെട്ട്‌ ഡിക്ഷനറിയില്‍ മാത്രമൊതുങ്ങിയത്‌. ആ ഓര്‍മയിലാവണം 'തീരെ കൊള്ളരുതാത്തവന്‍' എന്നര്‍ഥം വരുന്ന ഒരിംഗ്ലീഷ്‌ വാക്കായി സ്വയംചുരുങ്ങി, 'ബുഷ്‌' ഇംഗ്ലീഷ്‌ നിഘണ്ടുവിലെ 'ബോയ്‌കോട്ടിനു' താഴെ ഇളകാതെ ഇരിക്കാന്‍ വേഗം വരാത്തതോര്‍ത്ത്‌ നിഘണ്ടുക്കള്‍ നിലവിളിക്കുന്നത്‌!

മനുഷ്യനെ നശിപ്പിക്കാനാകും, പക്ഷേ തോല്‍പ്പിക്കാനാവില്ല എന്നെഴുതിയപ്പോള്‍ ഹെമിങ്‌വേ സിംഹങ്ങളെ സ്വപ്‌നം കണ്ടുണരുന്ന ഒരു തലമുറയ്‌ക്കൊപ്പം കിരാതരായ സാമ്രാജ്യത്വശക്‌തികളുടെ മുഖത്തേക്ക്‌, ചെരിപ്പുകള്‍ വലിച്ചെറിയാന്‍ കരുത്തുള്ള 'മുന്‍തസിര്‍ സൈദ്‌' മാരെയും സ്വപ്‌നം കണ്ടിരിക്കണം!

മുമ്പ്‌ എ. അയ്യപ്പന്‍, ചാര്‍ളിചാപ്ലിനെക്കൂടി മനസില്‍ കണ്ട്‌, ദാരിദ്ര്യത്തിന്റെ ആഴങ്ങളിലേക്ക്‌ മിഴിതുറന്നപ്പോഴാണ്‌ 'മുള്ളുതറഞ്ഞകണ്ണ്‌' എന്ന ഉള്ളംപൊള്ളിക്കുന്ന കവിത പിറന്നത്‌.

'വിശപ്പുള്ളവന്‍ ചെരിപ്പു തിന്നുന്നതുകണ്ട്‌
ചിരിച്ചവനാണ്‌ ഞാന്‍
അന്നത്തെ കോമാളിത്തമോര്‍ത്ത്‌
ഇന്നു ഞാന്‍ കരയുന്നു'

എന്നാണ്‌, അന്ന്‌ എ. അയ്യപ്പനെഴുതിയത്‌. എന്നാലിന്ന്‌, ഒരിക്കല്‍ ചാപ്ലിന്‍ സിനിമയിലെ സ്വാദിഷ്‌ഠമായ മാംസഭക്ഷണമായും ദൈന്യതയുടെ ഒരു മഹാരൂപകമായും മാറിയ ചെരിപ്പ്‌ ഇന്ന്‌ സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ അനശ്വരസ്‌മാരകമായി ഇനിയും എഴുതപ്പെടാത്ത കവിതകളുടെ കരുത്തും കാന്തിയുമായി, പ്രതിഭാശാലികളെ കാത്തുകിടക്കുകയാണ്‌! മുംതാസിനു വേണ്ടി ഒരു ടാജ്‌മഹല്‍ ഷാജഹാന്‍ നിര്‍മിച്ചത്‌ മാര്‍ബിള്‍ കണ്ണീരുകൊണ്ടാണ്‌. കാരണം, അദ്ദേഹം വെറും ഷാജഹാനായിരുന്നില്ല, മറിച്ച്‌ ഷാജഹാന്‍ ചക്രവര്‍ത്തിയായിരുന്നു! ടാജ്‌മഹല്‍ മാര്‍ബിളിന്റെ കണ്ണുനീരായത്‌ അതുകൊണ്ടാണ്‌. അതിന്നും ലോകത്തിലെ മഹാത്ഭുതങ്ങളിലൊന്നായി നില്‍ക്കുകയാണ്‌. എന്നാല്‍ മുന്ദാസര്‍ ബുഷിനുനേരേ എറിഞ്ഞ 'ഷൂ' വിനെ ചരിത്രത്തില്‍നിന്നും ഉടച്ചുമാച്ചു കളയാന്‍ സാമ്രാജ്യത്വം ശ്രമിക്കും. മേയ്‌ദിന സമരത്തിന്റെ സ്‌മരണകളിരമ്പുന്ന ചോരയില്‍ക്കുതിര്‍ന്ന ചിക്കാഗോവിനെ സ്വന്തം രാജ്യത്തിന്റെ ടൂറിസ്‌റ്റ് മാപ്പില്‍ നിന്നുപോലും മായ്‌ച്ചു കളയാന്‍ ശ്രമിച്ചവര്‍ ആ മഹത്തായ സമരം അടിച്ചമര്‍ത്തിയവര്‍ക്ക്‌ സ്‌മാരകം പണിതവര്‍, അതിലപ്പുറവും ചെയ്യും. അതുകൊണ്ട്‌, മുന്‍തസറിന്റെ ഷൂവിനെ രണസ്‌മരണകളിരമ്പുന്ന ഒരു ചരിത്രസ്‌മാരകമായി സൂക്ഷിക്കേണ്ടത്‌ ലോകമെങ്ങുമുള്ള സാമ്രാജ്യത്വവിരുദ്ധരുടെ രാഷ്‌ട്രീയദൗത്യമാണ്‌.

'നാഴികക്കല്ലുകളും
ശിലാലിഖിതങ്ങളും
പുസ്‌തകങ്ങളുമല്ല ചരിത്രം'

മറിച്ച്‌ ഇതുപോലുള്ള ചെരിപ്പുകളുടെ സാമ്രാജ്യത്വമോന്തകള്‍ തേടിയുള്ള യാത്രയാണ്‌! ബുഷിനെതിരേയുള്ള ചെരിപ്പേറ്‌ ഒരു 'സാമ്രാജ്യത്വവിരുദ്ധ കളിയായി' ഇന്റര്‍നെറ്റില്‍ ഇടം നേടിയിരിക്കുന്നു. നാളെയതിനെ ഒരു 'ചെരിപ്പുല്‍സവമായി' സാമ്രാജ്യത്വവിരുദ്ധ സമരത്തിനു ചൈതന്യം പകരുംവിധം വികസിപ്പിക്കേണ്ടിയിരിക്കുന്നു. മുന്‍തസറിന്റെ പേരിന്റെയും എറിഞ്ഞ ഷൂവിന്റെയും 'പേറ്റന്റ്‌' സ്വന്തമാക്കാനും അതുവഴി ഒരിക്കല്‍ക്കൂടി വാണിജ്യലാഭം വര്‍ദ്ധിപ്പിക്കാനും മൂലധന ശക്‌തികള്‍ ശ്രമിക്കും. അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌! അതിനെ മുറിച്ചുകടക്കാന്‍ ജനാധിപത്യശക്‌തികള്‍ക്ക്‌ കഴിയണമെങ്കില്‍, ഈ ചെരിപ്പിനെ മുന്‍തസിര്‍ 'പട്ടി' എന്നു വിളിച്ച 'നായ്‌ക്കള്‍' കടിച്ചുകൊണ്ടുപോവാതിരിക്കാന്‍, ജനാധിപത്യ ശക്‌തികള്‍ നിതാന്തജാഗ്രത പുലര്‍ത്തണം.

പഴയ കോളാമ്പിക്കും വെറ്റിലച്ചെല്ലത്തിനും പകരം, മധ്യവര്‍ഗ ഷോക്കേസുകളില്‍, മുന്‍തസിര്‍ ഷൂവിന്റെ മോഡലുകള്‍ അലങ്കരിച്ചുവച്ചതുകൊണ്ട്‌ മാത്രമായില്ല. പ്രാദേശിക കൂട്ടായ്‌മകള്‍, ബുഷിനെ എറിഞ്ഞ 'ഷൂടൈപ്പ്‌ കളിപ്പാട്ടങ്ങള്‍' നിര്‍മിച്ചാല്‍ മാത്രം മതിയാവില്ല. മലയാളിമങ്കമാര്‍ കേരളസംസ്‌കാരം സംരക്ഷിക്കാന്‍, താലത്തില്‍ 'ബുഷ്‌ഷൂവും' വച്ച്‌ നമ്രമുഖികളായി നിന്നിട്ടും കാര്യമില്ല. വേണ്ടത്‌, 'ബുഷ്‌ഷൂദിന'ത്തെ സാമ്രാജ്യത്വവിരുദ്ധ ഉത്സവമാക്കി ഉയര്‍ത്തുകയാണ്‌. ഇന്നില്ലാത്ത കുട്ടികളോട്‌ ഇന്നു ജീവിച്ചവര്‍ പറയണം. മുമ്പ്‌ മുന്ദാസര്‍ എന്നൊരു ധീരനുണ്ടായിരുന്നു... അയാളുടെ കാലില്‍ ഒരു ഷൂസുണ്ടായിരുന്നു... ആലിബാബയും നാല്‍പ്പതു കള്ളന്മാരും എന്ന പഴയകഥയ്‌ക്കു പകരം ഒരായിരം മുന്‍തസിര്‍മാരും ഒരു ബുഷും എന്ന പുതിയ കഥകേട്ട്‌ നാളത്തെകുട്ടികളും കോരിത്തരിക്കണം.

*
കെ.ഇ.എന്‍
കടപ്പാട്: മംഗളം

ദാവീദിന്റെ നക്ഷത്രം

മരണമേ മരണമേ നിന്നെ ഞാനറിവതി-
ല്ലീ ബോംബ് കണ്മുന്നില്‍ ഛേദിച്ച കാലുകള്‍ ,
കബന്ധങ്ങളെന്‍ നേര്‍ക്ക് ചിതറും വരെ.
ഒരുമുഖം പോലും കാണ്മതില്ലിവിടെ ഞാന്‍
മായുന്ന, മറയുന്ന നിലവിളികള്‍ മാത്രമോ ?

വേദനയുമെന്തെന്ന് ഞാനറിഞ്ഞീലയാ
പിഞ്ചു കരങ്ങളെന്‍ കൈ മുറുക്കും വരെ.
അരുതരുതു മകളേ, ചോദ്യങ്ങള്‍ നിറച്ചൊരാ
കണ്‍കളെന്‍ നേര്‍ക്കു നീ നീട്ടരുതേ
മൗനനിശ്വാസവും ധാരണാപത്രങ്ങള്‍
നിറയ്ക്കുവാന്‍ വയ്യാത്ത കീശയില്‍
വരളുന്ന പേനയും മാത്രമേയുള്ളെന്‍ കൈകളില്‍ .

മറുകൈയ്യില്‍ വച്ചവളെന്‍ നേര്‍ക്ക് നീട്ടുവത്
മുത്തശ്ശിതന്‍ വീടിന്‍ താക്കോലതത്രെ
എങ്കിലും കുഞ്ഞേ നിന്‍ ഭ്രാതാക്കളെപ്പൂട്ടിയോരീ
തുറുങ്കിന്നെനിക്കു തുറക്കുവാന്‍ വയ്യല്ലോ.
പൈതൃക സ്മരണകളെയുണര്‍ത്തുവാനാശിച്ച്
സ്വപ്നങ്ങളാണവര്‍ എയ്യുന്നതാ മതിലിന്നുമപ്പുറം.

ഊഷരഭൂമിയില്‍ കൂരകള്‍ പണിഞ്ഞോരു
കരവിരുതുകാരന്റെ പൊന്‍മകളത്രെയിവള്‍
കുടിയേറ്റമലകളുടെ സ്ഥിതിവിവരഗണിതം
തെറ്റിച്ചൊരപരാധിയായിരിക്കാമയാള്‍
ചുറ്റികയല്ലാക്കൈകളിലതായുധമെന്നു
നിനച്ചും കൊന്നതാവാമവര്‍ .
സ്വനപേടകം തകര്‍ത്തന്നാ വെടിയുണ്ട
ഭിത്തിയില്‍ ചേര്‍ക്കവെ മൗനമായ് വീണയാള്‍

ആ മകളിന്നു പഠിക്കുവതീ ഗണിതം:
ഏഴു പൊട്ടിത്തെറികളെയെട്ടു ജഡങ്ങളാ-
ലിരട്ടിപ്പതിന്നു സമം നാലു കരാറുകള്‍
ഏഴ് കോപ്റ്ററുകള്‍ ഗുണം എട്ട് ഗ്രാമങ്ങള്‍
സമം നിശ്ശബ്ദമായൊരു രണ്ടാം നക്ബയും*.
ഞങ്ങള്‍ തന്‍ ജനിമൃതിനിരക്കുകള്‍ കുറച്ചാല്‍
കിട്ടുവതൊരു കടല്‍, പിന്നെ ഗ്രാമങ്ങളും
ഒരു ദേശ,മധികം രണ്ട് ജനത സമം ...

... ഇല്ലില്ലവള്‍ക്കേങ്ങലടക്കാനാവുന്നില്ല
വിപ്ലവ സമീകരണങ്ങളവള്‍ക്കിനിയുമജ്ഞാതം
ഉത്തരങ്ങള്‍ക്കായ് പരതും വിരലാലവള്‍
കടലാസിന്‍ തുമ്പുകള്‍ തെരുതെരെ കീറവെ
കുപ്പമാടങ്ങളില്‍ അഗ്നിവര്‍ഷിക്കും
ദാവീദിന്‍ നക്ഷത്രം** നഭസ്സിലുയരുന്നു

കാണുക :
പിതൃവാല്‍സല്യത്തിന്നോര്‍മ്മകള്‍ പെറുക്കി-
യവള്‍ കിണര്‍വെള്ളമേന്തി യുദ്ധഭൂ താണ്ടവെ
പിതൃഘാതകന്‍ പത്രവുമായ് കടല്‍ത്തീരമാസ്വദിപ്പതും.
പിന്നോട്ട് പിന്നോട്ടവള്‍ ചിന്തകള്‍ തെറുക്കവെ
വിഘടിച്ച് കൈയ്യേറും വംശസന്ദിഗ്ധതയില്‍
പിന്നോട്ട് മാത്രം ചിന്തിക്കും ജനതയും.

"ഇതെന്റെ ദേശം, ഇതെന്റെ ഭൂമി" യെ-
ന്നേഴുവയസ്സിന്റെയാര്‍ജ്ജവം പറയുന്നു
അതുപാടുവാനവള്‍ക്കദ്ധ്യാപകര്‍ വേണ്ട
അതുപാടുവാനവള്‍ ചരിത്രം പഠിക്കേണ്ട
വിപ്ലവത്തിന്റെ ഗണിതങ്ങളറിയേണ്ട
മതിയവള്‍ക്കീ മതില്‍ക്കെട്ടുമീ വാനവും, പിന്നെ
അഭയാര്‍ത്ഥി ക്യാമ്പില്‍ പൊലിയുമീ പ്രാണനും

പൈതൃകങ്ങളുടെ താക്കോലുമായ് നിന്നു നീ
തിരയുന്നതെന്തെന്‍ മകളേ നീയിനി ?
ഉത്തരങ്ങള്‍ക്കല്ല, വരളുമെന്‍ പേനയില്‍
നിറയ്ക്കുവാനാശിക്കുമാര്‍ജ്ജവത്തിന്‍ മഷി !


* നക്ബ (Nakba): ദുരന്തത്തിന്റെ ദിനം എന്ന് ഫലസ്തീനികള്‍ വിളിക്കുന്ന മെയ് 15, 1948. യുദ്ധപരാജയത്തെ തുടര്‍ന്നുള്ള ഫലസ്തീനിയന്‍ ജനതയുടെ കൂട്ടപ്പലായനത്തെയും നഗര,ഗ്രാമങ്ങളുടെ കൂട്ട നശീകരണത്തെയും കുറിക്കുന്നതുമായ ദിവസം. ഇസ്രയേലുകാര്‍ വാഗ്ദത്ത ഭൂമിയുടെ സ്വാതന്ത്ര്യദിനമായി കരുതുന്നതും നക്ബയെത്തന്നെ.

** ദാവീദിന്റെ നക്ഷത്രം (David's Star): ജൂതരുടെ മതചിഹ്നമായ ആറുകോണ്‍ നക്ഷത്രം. പ്രാചീന ഇസ്രായീല്യരുടെ രാജാവായ ദാവീദിന്റെ പരിചമേല്‍ ഉണ്ടായിരുന്ന ചിഹ്നം. സംരക്ഷകനായ ദൈവത്തെ കുറിക്കുന്നു. ജൂതരെ തിരിച്ചറിയാന്‍ നാറ്റ്സികള്‍ ഉപയോഗിച്ചിരുന്ന ചാപ്പ കൂടിയായിരുന്നു ഇത്. ഇന്ന്‍ ബോംബുകള്‍ വര്‍ഷിക്കപ്പെടുന്ന വിമാനങ്ങള്‍ക്കും മിസൈല്‍ സിസ്റ്റങ്ങള്‍ക്കുമൊക്കെ പലപ്പോഴും ദാവീദുമായി ബന്ധമുള്ള പേരുകള്‍ ഇടുന്നു.

*

Remi Kanazi എഴുതിയ A Poem for Gaza എന്ന കവിതയുടെ സ്വതന്ത്രപരിഭാഷ.
പരിഭാഷ നിര്‍വഹിച്ചത് സൂരജ് രാജന്‍