Tuesday, August 4, 2009

പഞ്ചായത്തു പദ്ധതികളും ബാങ്കുകളും

ജനകീയാസൂത്രണ പദ്ധതി 1996 ല്‍ ആരംഭിച്ച ഘട്ടത്തിലാണ് പ്രോജൿടുകള്‍ ലളിതമായി പഞ്ചായത്തുതലത്തില്‍ തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള വ്യാപകമായ പരിശീലനം രൂപകല്പന ചെയ്യുകയും ജനപ്രതിനിധികള്‍ക്കും സന്നദ്ധ സാങ്കേതിക വിഭാഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ക്ളാസ്സുകള്‍ നല്‍കുകയും ചെയ്തത്. ആമുഖം, ലക്ഷ്യങ്ങള്‍, ഗുണഭോക്താക്കള്‍, പ്രവര്‍ത്തനങ്ങള്‍, ധനകാര്യ വിശകലനം, മുന്‍പിന്‍ ബന്ധങ്ങള്‍, നിര്‍വഹണം, മോണിറ്ററിംഗ് തുടങ്ങി വലിയ പ്രോജൿടുകള്‍ക്കു നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള ഘടകങ്ങളൊക്കെ ഇതില്‍ വിളക്കിച്ചേര്‍ക്കാന്‍ പഠിപ്പിക്കുകയും ഒട്ടൊക്കെ (ചിലതൊക്കെ കഥാരൂപംപോലെ പേജുകള്‍ നീണ്ടെങ്കിലും) ഫലപ്രദമായി തയ്യാറാക്കുകയും ചെയ്തിരുന്നു. അന്നു വേണ്ട പരിശോധനയ്ക്ക് റിട്ടയര്‍ ചെയ്തവരും സര്‍വീസിലുള്ളവരുമായ ഒരു നല്ല വിഭാഗം സന്നദ്ധ സാങ്കേതിക സഹായികള്‍ ഉണ്ടായിരുന്നു. പ്രത്യേകിച്ചും ധനകാര്യ വിഷയങ്ങള്‍ പരിശോധിക്കുന്നതിനും മറ്റും. അതുവരെ സന്നദ്ധ പ്രവര്‍ത്തനത്തിനൊന്നും എത്താതിരുന്ന ബാങ്ക് മാനേജര്‍മാരെയും ക്ളറിക്കല്‍ വിഭാഗത്തിലുള്ള ഇതര ഉദ്യോഗസ്ഥരെയും സംസ്ഥാന - ജില്ലാതലങ്ങളില്‍ വിളിച്ചുചേര്‍ത്തു വര്‍ക്ക്ഷോപ്പുകളും പരിശീലനങ്ങളും നല്‍കി സജ്ജമാക്കിയിരുന്നു. അഞ്ഞൂറിലധികം പേര്‍ ഇത്തരം പരിശീലനങ്ങളില്‍ പങ്കെടുത്തിരുന്നു. ഒട്ടേറെപേര്‍ പ്രോജക്ട് പരിശോധനയ്ക്കും മറ്റും സഹകരിക്കുകയും ചെയ്തു. അവരില്‍ പലരും ലളിത പ്രോജൿടു തയ്യാറാക്കല്‍ രീതി സ്വായത്തമാക്കിയത് ആ പരിശീലനത്തിലൂടെയായിരുന്നു എന്നതാണ് വസ്തുത. അന്ന് ഇതിനു നേതൃത്വം നല്‍കിയിരുന്ന ഡോ. തോമസ് ഐസക്ക് അദ്ദേഹത്തിന്റെ ഇംഗ്ളീഷിലും മലയാളത്തിലുമുള്ള പുസ്തകങ്ങളില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ നല്‍കിയ സന്നദ്ധ സേവനത്തെ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. ഔദ്യോഗികമായിട്ടായിരുന്നില്ല, മറിച്ച് ബാങ്കിംഗ് മേഖലയിലെ സംഘടനകളുടെ സഹായത്തോടെയായിരുന്നു ഇതു സാധ്യമാക്കിയിരുന്നത്. കുറേപേര്‍ രണ്ടാംഘട്ടത്തിലും ചില പഞ്ചായത്തുകളുമായി സഹകരിച്ചിരുന്നു. ഇപ്പോള്‍ അവരും രംഗത്തില്ല. ഇന്ന് കൂടുതല്‍ സാങ്കേതികമായി ഫോറങ്ങള്‍ തയ്യാറാക്കലും മറ്റുമായി പ്രോജക്ട് എഴുത്തുമാറി. പഞ്ചായത്തുകാര്‍ പദ്ധതിയുണ്ടാക്കാന്‍ ഒട്ടൊക്കെ പ്രാപ്തരായി. ഉദ്യോഗസ്ഥര്‍ നിര്‍വഹണ ജോലി ഏറ്റതോടെ പ്രോജൿടുകള്‍ക്ക് സാങ്കേതിക മികവുകൂടിയിട്ടുണ്ടാകാം. എന്നാല്‍ പദ്ധതികളുടെ ഗുണപരതയും നിര്‍വഹണത്തിലെ കൃത്യതയും പ്രയോജനവും പൊതു ആസ്തികളുടെ നിര്‍മാണവും ഓരോ പ്രോജൿടും കൈവരിച്ച ലക്ഷ്യങ്ങളുടെ സ്ഥായിത്വവും ധനകാര്യ മോണിറ്റിംഗും പ്രയോജനം ലഭിച്ച ഗുണഭോക്താക്കളുടെ ജീവിത നിലവാരമെച്ചവുമൊന്നും വ്യക്തമായ പരിശോധനയ്ക്കു വിധേയമാക്കുന്നില്ല എന്നതാണു വസ്തുത.

മറ്റൊരു മേഖല പദ്ധതിപണത്തിനുപുറത്തുള്ള ഇതര സ്രോതസ്സുകളാണ്. ഏതു പ്രോജക്ടിനും ഗുണഭോക്തൃ വിഹിതമുണ്ടാകണം. തന്റെ ഒരു സംഭാവന ഇതിലുണ്ടെന്ന ബോധം ഗുണഭോക്താവിന് അഭിമാനകരം മാത്രമല്ല, സൌജന്യമായി കിട്ടിയതാണെന്ന തോന്നല്‍ ഇല്ലാതാക്കുന്നതുമാണ്. തനതു ഫണ്ട് കൂട്ടി അതുകൂടി പദ്ധതിയില്‍ ചേര്‍ത്തു വലുതാക്കാനുള്ള താല്പര്യമൊന്നും പല പഞ്ചായത്തുകള്‍ക്കുമില്ല. എന്നു മാത്രമല്ല നല്ലൊരു സ്രോതസ്സായിരുന്ന ബാങ്കുവായ്പ ഫലപ്രദമായി പദ്ധതിയ്ക്കു ലഭ്യമാക്കാനുള്ള ശ്രമമൊന്നും കാര്യമായി നടന്നുമില്ല. ജനകീയാസൂത്രണത്തിന്റെ ആദ്യഘട്ടത്തില്‍ ഒരു സ്രോതസ്സായി കണ്ട 'സംഭാവന'യും മറ്റും അപ്രത്യക്ഷമായി. മരിച്ചുപോയവരുടെ ഓര്‍മ്മയ്ക്കു കഞ്ഞിവീഴ്ത്തു നടത്തുന്നവരും ഓര്‍ഫനേജിനും പള്ളിക്കും അമ്പലത്തിനും മറ്റും പണം കൊടുക്കുന്നവരും വിദേശ മലയാളികളും പഞ്ചായത്തിലെ ഒരു സ്ഥിര ആസ്തിക്കു സംഭാവന ചെയ്യാന്‍ സന്നദ്ധരാകാനുള്ള സാധ്യത നാം പറഞ്ഞിരുന്നു. അതൊന്നും പില്‍ക്കാല കണ്ടതായി തോന്നുന്നില്ല. പദ്ധതിപ്പണം എത്രമാത്രം ചെലവായതായി ശതമാനം കാണിയ്ക്കാനാവും എന്നതാണ് മുഖ്യചിന്ത. ഫലപ്രദമായി കാര്യങ്ങള്‍ ചെയ്യുന്ന കുറേ പഞ്ചായത്തുകളെ വിസ്മരിക്കുന്നില്ല. എങ്കിലും വീഴ്ചകളുടെ വലുപ്പം ചെറുതല്ല. ഒട്ടേറെ വിലയിരുത്തലുകളും വിശകലനങ്ങളും പരിഹാര നിര്‍ദ്ദേശങ്ങളും ഈ ഘട്ടത്തില്‍ അനിവാര്യമാണ് എന്നത് വാസ്തവം തന്നെയാണ്.

ഇപ്പോള്‍ പല പഞ്ചായത്തുകളും ബാങ്കു വായ്പ കൂട്ടിച്ചേര്‍ത്തു കാര്‍ഷിക മൃഗ സംരക്ഷണ പ്രോജൿടുകള്‍ തയ്യാറാക്കി നിര്‍വഹണം നടത്തുന്നുണ്ട്. ബാങ്കു മാനേജര്‍മാരുടെ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്ത് വായ്പ ഉറപ്പാക്കിയിട്ടാകണം അതു പദ്ധതിഭാഗമാക്കാന്‍ എന്നു കര്‍ശന നിര്‍ദ്ദേശമുണ്ടെങ്കിലും പലരും അതൊന്നും കൃത്യമായി ചെയ്യാറില്ല. പശു, ആട്, കോഴി തുടങ്ങിയവയുടെ വിതരണത്തിനാണ് പലരും ബാങ്കുവായ്പ കൂട്ടിച്ചേര്‍ക്കുന്നത്. ബ്ളോക്കു പഞ്ചായത്തുകളാണ് ഇതില്‍ കുറേയൊക്കെ മുന്നോട്ടു പോയിട്ടുള്ളത്. അതിനു പ്രധാന കാരണം മൂന്നു മാസത്തിലൊരിക്കല്‍ ലീഡു ബാങ്കിന്റെ നേതൃത്വത്തില്‍ ബ്ളോക്ക് പ്രസിഡന്റും ബി.ഡി.ഒ.യും വിവിധ നിര്‍വഹണ ഉദ്യോഗസ്ഥരും ബാങ്ക് മാനേജര്‍മാരും പങ്കെടുക്കുന്ന ബ്ളോക്ക് തല ബാങ്കേഴ്സ് കമ്മിറ്റി ചേരുന്നുണ്ട് എന്നാതാകാം. കൂടാതെ എസ്.ജി.എസ്.വൈ. എന്ന ദാരിദ്ര്യ ലഘൂകരണ പരിപാടിയുടെ അവലോകനം നടക്കുന്നുണ്ട്. ബ്ളോക്കും ബാങ്കുകളും ഇതില്‍ പ്രധാന പങ്കാളികളാണ്. വായ്പയാണു മുഖ്യ സ്രോതസ്. സബ്‌സിഡി ലക്ഷ്യം തികയ്ക്കല്‍, 100% ലക്ഷ്യം നേടല്‍ ഇതൊക്കെ ബി.ഡി.ഒ.യുടെ ഔദ്യോഗിക ചുമതലയാണ്. ആ ബന്ധം പദ്ധതിക്കുകൂടി സഹായകമാവുന്നു. ബാങ്കുകള്‍ക്കും കാര്‍ഷിക മൃഗസംരക്ഷണ വായ്പ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ പഞ്ചായത്തുകള്‍ വായ്പാ ബന്ധിത പ്രോജൿടുകള്‍ വയ്ക്കുന്നത് കുറവാണ്. ഉണ്ടെങ്കില്‍ തന്നെ അത് അയഥാര്‍ത്ഥമായതു നിമിത്തം പലപ്പോഴും വായ്പ ലഭിക്കാതെയും വരുന്നു. ബാങ്കുകളുമായുള്ള ഉരസലിനും മറ്റും അത് ചിലേടത്ത് ഇടവരുത്തുകയും ചെയ്യുന്നു. മിക്കപ്പോഴും ഫെബ്രുവരി-മാര്‍ച്ചു മാസങ്ങളിലാണ് ബാങ്കുകളില്‍ പ്രോജക്ട് എത്തുന്നത്. നിക്ഷേപലക്ഷ്യം തികയ്ക്കല്‍, റിക്കവറി ത്വരിതപ്പെടുത്തല്‍ വാര്‍ഷിക കണക്കെടുപ്പിനും ഓഡിറ്റിംഗിനുമുള്ള ഒരുക്കം, എസ്.ജി.എസ്.വൈ., പി.എം.ഇ.ജി.പി. തുടങ്ങിയ തൊഴില്‍ദാന പദ്ധതികളുടെ ലക്ഷ്യം തികയ്ക്കല്‍ ഇവയൊക്കെ കാരണം ബാങ്കുകള്‍ വലിയ തിരക്കു നേരിടുന്ന സമയമാണത്. അതുകൊണ്ടുതന്നെ പലതും മാറ്റി വയ്ക്കപ്പെടുന്നു. നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്തിനും അതില്‍ വലിയ പരാതിയില്ല. സബ്‌സിഡി ചെക്ക് ബാങ്ക് വാങ്ങിയിട്ട് തുടര്‍ന്നുള്ള മാസങ്ങളില്‍ വായ്പ കൊടുത്താല്‍ മതി എന്നാവും പലരുടെയും പരിഹാര നിര്‍ദ്ദേശം. പഞ്ചായത്തിന് തുക 100% ചെലവഴിയ്ക്കാനായി. ബാങ്കുകള്‍ക്കും ആശ്വാസമായി. മാര്‍ച്ച് 31 ന് പക്ഷേ ആസ്തിയെവിടെ?

ചിലര്‍ വലിയ പദ്ധതികള്‍ ബാങ്കുമായി ആലോചിക്കാതെ വായ്പാബന്ധിതമായി വയ്ക്കും. ഉദാഹരണത്തിന് 1000 കോഴിക്കുഞ്ഞുങ്ങളെ വീതം 4 ഗ്രൂപ്പുകള്‍ക്ക് ബ്രോയിലര്‍ ഫാം തുടങ്ങാന്‍ ഒരു പദ്ധതി ഉണ്ടാക്കി. ബാങ്കിന്റെ നിഷ്‌ക്കര്‍ഷ പരിശോധനയില്‍ മുന്‍പിന്‍ ബന്ധം നിര്‍ബന്ധമായും വരും. ആര് കോഴിക്കുഞ്ഞ് തുടര്‍ച്ചയായി നല്‍കും? വില്പനയെങ്ങനെ? ഇപ്പോള്‍ അവിടെയുള്ള മാര്‍ക്കറ്റ് എങ്ങനെ? സ്ഥായിയായി ഈ യൂണിറ്റുകള്‍ നിലനില്‍ക്കാനുള്ള സാധ്യത ഉറപ്പാണോ? തങ്ങള്‍ നല്‍കുന്ന ലക്ഷങ്ങള്‍ എന്‍.പി.എ. (നിഷ്‌ക്രിയ ആസ്തി - കിട്ടാക്കടം)ആകുമോ? ഇതൊക്കെ നോക്കുമ്പോള്‍ പദ്ധതി തള്ളും. ചിലര്‍ പദ്ധതി ചെറുതാക്കാന്‍ പറയും. 300 കുഞ്ഞുങ്ങളെ ആദ്യം വളര്‍ത്തട്ടെ. അതുകഴിഞ്ഞ് ബാക്കി നോക്കാം. പഞ്ചായത്തിനു കോപം വരും. ഡി.പി.സി. അപ്രൂവ് ചെയ്ത പ്രോജക്ടില്‍ മാറ്റം പറ്റില്ല. ബാക്കി സബ്‌സിഡി തുക എന്തു ചെയ്യും? ഈ മാനേജര്‍ തന്നില്ലെങ്കില്‍ ഞങ്ങള്‍ മറ്റു ബാങ്ക് നോക്കും. അല്ലെങ്കില്‍ സഹകരണബാങ്ക്.. ഒടുവില്‍ സമ്മര്‍ദ്ദം വന്ന് ആരെങ്കിലും കൊടുത്തെന്നിരിക്കും. 6 മാസത്തിനകം യൂണിറ്റു പൂട്ടും. പക്ഷേ പദ്ധതി പണം 100% ചെലവായല്ലോ. ഇതിനുപകരം ആഗസ്റ്റ്-സെപ്തംബറിലെങ്കിലും പ്രോജൿടുകള്‍ ബാങ്കിലെത്തിക്കുകയും, തയ്യാറാക്കുമ്പോള്‍ തന്നെ യാഥാര്‍ത്ഥ്യ സമീപനം സ്വീകരിക്കുകയും ബാങ്കുകളുമായി ആലോചിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ പല പദ്ധതികളും നടപ്പിലാക്കാം. ഡയറി ലോണില്‍ ഒരു പശുവിനെ നല്‍കി 4-6 മാസത്തിനകമാണ് രണ്ടാം പശുവിനെ നല്‍കേണ്ടത്. മാര്‍ച്ചില്‍ കിട്ടുന്ന അപേക്ഷയുടെ ന്യൂനതയാണിത്,

ബാങ്കുകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചയും യഥാസമയം ചൂണ്ടിക്കാട്ടി പരിഹരിക്കാനുള്ള സംവിധാനം ലീഡ് ബാങ്കാണ്. എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും ബ്ളോക്ക് തല ബാങ്കേഴ്സ് സമിതിയില്‍ പങ്കെടുത്ത് പ്രശ്നങ്ങള്‍ അവതരിപ്പിച്ച് പരിഹരിക്കാം. പൊതുവേ ബാങ്കു വായ്പ കൂട്ടാനും മറ്റുമുള്ള നിര്‍ദ്ദേശം വയ്ക്കാം. പക്ഷെ മിക്ക പ്രസിഡന്റുമാരും ഈ യോഗത്തില്‍ പങ്കെടുക്കില്ല. എന്തിന്, ജില്ലാതല ബാങ്കേഴ്സ് കമ്മിറ്റികളില്‍ പങ്കെടുക്കേണ്ട എം.എല്‍.എ.മാരില്‍ എത്ര പേരാണ് അവിടെ എത്തുന്നത് ? (സ്ഥിരമായി പങ്കെടുക്കുന്ന ചിലരെ വിസ്മരിക്കുന്നില്ല. ആദരിക്കുന്നു) ബാങ്കുകളുടെ പ്രവര്‍ത്തനം കാര്യമായ വിശകലനത്തിന്, ആര്‍.ബി.ഐ, നബാര്‍ഡ് ഉദ്യോഗസ്ഥര്‍, ജില്ലാകളക്ടര്‍, എം.പി.മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യത്തില്‍ വിധേയമാക്കുന്ന വേദിയാണത്. അവിടെയൊക്കെ ചര്‍ച്ച ചെയ്താല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനെളുപ്പമാണ്. ഈ വേദികളൊക്കെ ഫലപ്രദമായി ഉപയോഗിക്കാനും ബാങ്കുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കി വികസനത്തിനു വായ്പ ലഭ്യമാക്കാനുമുള്ള സാധ്യത വളരെയുണ്ട്. ഇപ്പോള്‍ എന്‍.ആര്‍.ഇ.ജി.എസ് എന്ന ഗ്രാമീണ തൊഴില്‍ദാന പരിപാടിയില്‍ വേതന വിതരണം ബാങ്ക് അക്കൌണ്ടു വഴിയാണ്. ബാങ്കു ശാഖകളും പഞ്ചായത്തുകളും തമ്മില്‍ ഇക്കാര്യത്തില്‍ നിരന്തര ബന്ധമുണ്ട്. കുടുംബശ്രീക്ക് ഒട്ടുമിക്ക ഗ്രാമീണ ശാഖകളിലും അക്കൌണ്ടുകളും ലോണുകളുമുണ്ട്. സംഘങ്ങളുടെ ഗ്രേഡിംഗിനും മറ്റും മാനേജര്‍മാര്‍ പങ്കെടുക്കുന്നുണ്ട്. ഈ ബന്ധം ദൃഢമാക്കി പദ്ധതിയുടെ അധികവിഭവ സമാഹരണത്തിലൂടെ കാര്‍ഷിക ഉത്പന്ന വര്‍ദ്ധനവിനും, പാലുത്പാദനം കൂട്ടാനും, മാംസ ലഭ്യതയ്ക്കും തദ്വാരാ തൊഴില്‍ ലഭ്യത വ്യാപകമാക്കാനും ചെറുകിട വ്യവസായ വ്യാപനത്തിനും പഞ്ചായത്തുകള്‍ക്ക് ഒട്ടേറെ സാധ്യതയുണ്ട്. വിസ്‌താരഭയത്താല്‍ കൂടുതല്‍ വിശദമാക്കുന്നില്ല. പക്ഷെ 'ഞങ്ങള്‍ പശുവിനെ വാങ്ങിക്കഴിഞ്ഞു. മാനേജര്‍ ലോണ്‍ കൊടുത്താല്‍ മതി' എന്നും മറ്റും ചിലര്‍ നിര്‍ദ്ദേശിക്കുമ്പോള്‍ ബന്ധം വഷളാകും. വായ്പാ ബന്ധിതമായി നല്‍കേണ്ട സബ്‌സിഡി കുറുക്കുവഴികളിലൂടെ നല്‍കാന്‍ ശ്രമിക്കുന്ന വിദഗ്ധരുമുണ്ട്. വായ്പാപേക്ഷ വാങ്ങി സബ്‌സിഡി മാത്രം വിതരണം ചെയ്യാന്‍ പറയുന്നവരെയും ചിലേടങ്ങളില്‍ കാണാം. ഇതൊക്കെ വളയമില്ലാത്ത ചാട്ടമാണ്. അതു കാണുമ്പോള്‍ പലരും വായ്പ നല്‍കാനും മടിക്കുന്നതായി കാണുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ താഴെപറയുന്ന നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടു വയ്ക്കാനുള്ളത്.

* ജില്ലാ-ബ്ളോക്ക്-ഗ്രാമ പഞ്ചായത്തുകള്‍ക്കു നടപ്പാക്കാന്‍ കഴിയുന്ന മോഡല്‍ പ്രോജൿടുകള്‍ തയ്യാറാക്കി നല്‍കാന്‍ നബാര്‍ഡ്, ലീഡു ബാങ്ക്, പ്രമുഖ വാണിജ്യ ബാങ്കുകള്‍, കൃഷി, മൃഗസംരക്ഷണ വ്യവസായ എംപ്ളോയ്‌മെന്റ് വകുപ്പുകളുടെ സമിതി ജില്ലാതലത്തില്‍ രൂപീകരിക്കുക. മില്‍മ, കെ.വി.ഐ.സി., കെ.വി.ഐ.ബി. പ്രതിനിധികളും ആകാം. അതാതു ജില്ലകള്‍ക്കു ചേര്‍ന്ന പ്രോജൿടുകള്‍ തയ്യാറാക്കാനും നിര്‍വഹണം മോണിറ്റര്‍ ചെയ്യാനുമുള്ള ഒരു അപക്സ് ബോഡിയായി ഈ സമിതി തുടരുക.

* ഒരു കാമ്പയിന്‍ എന്ന നിലയിലേക്ക് സന്നദ്ധസേവനം കൊണ്ടുവന്ന് പദ്ധതി രൂപീകരണ നിര്‍വഹണ-പരിശോധനകള്‍ ഫലപ്രദമാക്കുകയാണെങ്കില്‍ ബാങ്ക് മേഖലാ സംഘടനകളുടെയും സേവനവും ലഭ്യമാക്കാനാവും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് എന്ന നിലയില്‍ എല്ലാ സംഘടനകളുടെയും കൂട്ടായ്മ സംസ്ഥാന-ജില്ലാതലങ്ങളിലുണ്ട്.

* റിട്ടയര്‍ ചെയ്തവരും, വി.ആര്‍.എസ്. വാങ്ങിയവരുമായ നിരവധി ബാങ്കുദ്യോഗസ്ഥരുണ്ട്. അവരില്‍ വൈദഗ്ധ്യമുള്ള നിരവധി പേരുണ്ട്. അവര്‍ക്ക് യാത്രാ ചെലവും ചെറിയ ഓണറേറിയവും നല്‍കിയാല്‍ പ്രോജക്ട് രൂപീകരണം, സാമ്പത്തിക ചിട്ടപ്പെടുത്തല്‍, മോണിറ്ററിംഗ് എന്നിവയ്ക്കുപയോഗിക്കാനാവും. ബാങ്കുമായുള്ള ബന്ധത്തിനും നല്ലൊരു കണ്ണിയാക്കാം. (പല ബാങ്കുകള്‍ക്കും ബിസിനസ് കറസ്പോണ്ടന്റുമാരായി ഇവരെ ഉപയോഗിക്കാനുള്ള റിസര്‍വ് ബാങ്ക് നിര്‍ദ്ദേശമുണ്ട്)

* ബി.എല്‍.ബി.സി കളില്‍ പഞ്ചായത്തു പ്രസിഡന്റുമാരുടെയും, ജില്ലാതല ബാങ്കിംഗ് അവലോകന സമിതികളില്‍ എം.എല്‍.എ.മാര്‍, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് തുടങ്ങിയവരുടെയും സാന്നിധ്യം ഉറപ്പാക്കുകയും ഫലപ്രദമാക്കുകയും ചെയ്യുക. വിമര്‍ശനം പറയുക മാത്രമല്ല, ബാങ്ക് വായ്പാ പദ്ധതികള്‍ പഠിക്കാനും നിര്‍വഹണത്തില്‍ പ്രായോഗികമായി ഇടപെട്ടു നിര്‍ദ്ദേശം വയ്ക്കാനും അവര്‍ക്കു കഴിയും. ഇതിനു കര്‍ശന നിര്‍ദ്ദേശം വേണം. ഇതാരു നല്‍കും?

* കാര്‍ഷിക-മൃഗസംരക്ഷണ-പാലുത്പാദന വകുപ്പുകളുടെയും മില്‍മയുടെയും പ്രവര്‍ത്തന ഏകോപനം വേണം. എന്നാല്‍ മാത്രമേ പാലുത്പാദനം കൂട്ടാന്‍ നല്‍കുന്ന വായ്പകള്‍ കറവ മാടുകളുടെ ലഭ്യത ഉറപ്പാക്കി സഫലമാക്കാനാവൂ. കുടുംബശ്രീയെയും മറ്റും ബന്ധപ്പെടുത്താം. ഇപ്പോള്‍ തിരുവനന്തപുരം ജില്ലാപഞ്ചായത്ത് 3 വര്‍ഷം കൊണ്ട് 10000 കറവമാടുകളെ ബാങ്കു വായ്പയിലൂടെ നല്‍കാനുള്ള ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. അത് മാതൃകാപരമായി നടപ്പാക്കുകയാണെങ്കില്‍ നന്ന്. ഇന്‍ഷുറന്‍സ് - പുല്ലുവളര്‍ത്തല്‍ തുടങ്ങിയവയ്ക്ക് പഞ്ചായത്തു പദ്ധതികള്‍കൂടി ബന്ധപ്പെടുത്തി ഇത്തരം പദ്ധതികള്‍ എല്ലാ ജില്ലയിലും നടപ്പാക്കാനാകും.

* ബാങ്കുകള്‍ വായ്പ നല്‍കി നടപ്പാക്കുന്ന സബ്‌സിഡിയുള്ള നിരവധി തൊഴില്‍ദാന പദ്ധതികള്‍ നിലവിലുണ്ട്. എസ്.ജി.എസ്.വൈ, പി.എം.ഇ.ജി.പി., കെ.വി.ഐ.ബിയുടെ ഫ്ളാഗ്‌ഷിപ്പ്, എംപ്ളോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ ജോബ് ക്ലബ്, കെസ്റ്റു, എസ്.സി.എസ്.ടി. വകുപ്പ് പദ്ധതികള്‍, കുടുംബശ്രീ പദ്ധതികള്‍ തുടങ്ങിയവ അതില്‍ ചിലതാണ്. ഇതൊക്കെ കൃത്യമായി ഉപയോഗിക്കുന്ന വായ്പകളാക്കി നല്ല സംരംഭകരെ കണ്ടെത്തി പരിശീലനം നല്‍കി ലഭ്യമാക്കിയാല്‍ അതു പരിശോധിക്കാന്‍ പഞ്ചായത്തുതലത്തില്‍ സംവിധാനം വേണം. ഇവ പദ്ധതിയുടെ ഭാഗമാക്കാനും കഴിയും. വായ്പാവെട്ടിപ്പുകാരെ ഒഴിവാക്കാനായാല്‍ ബാങ്കുകള്‍ക്കും കൂടുതല്‍ താല്പര്യമുണ്ടാകും.

* ധനകാര്യ വകുപ്പിനു കീഴില്‍ ഇന്‍സ്റിറ്റ്യൂഷണല്‍ ഫൈനാന്‍സിന് ഉപവകുപ്പു രൂപീകരിക്കുക.

1969 ല്‍ ആരംഭിച്ച ലീഡു ബാങ്ക് പദ്ധതി കൂടുതല്‍ വിപുലമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി റിസര്‍വ് ബാങ്ക് നിയോഗിച്ച ആര്‍.ബി.ഐ. ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ ഉഷാതോറാട്ടിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പൊതു അഭിപ്രായവും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി കരടു നിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. വികേന്ദ്രീകൃത വികസനവും ജില്ലാ വികസനവുമായി ബാങ്കുകളെ ബന്ധിപ്പിക്കാനുള്ള വിശദമായ നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. നാം വിഭാവന ചെയ്തിരുന്ന ജില്ലാ പദ്ധതിയുടെയും ബാങ്ക് വായ്പാ പദ്ധതിയുടെയും ഏകോപനം വരെ അതില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ലീഡ് ബാങ്ക് മോണിറ്ററിംഗ് ചുമതല ജില്ലാ പഞ്ചായത്തു സെക്രട്ടറിക്കാണ്. ഈ പശ്ചാത്തലത്തില്‍ ബാങ്കുകളുടെയും വികേന്ദ്രീകൃതാസൂത്രണത്തിന്റേയും ഏകോപനത്തിന് ഒട്ടേറെ സാധ്യതകളുണ്ട്. അതിനുള്ള ഇച്ഛാശക്തിയാണ് പ്രധാനം.

***

ആര്‍. ഗിരീഷ്‌കുമാര്‍, കടപ്പാട്: ശാസ്‌ത്രഗതി

Sunday, August 2, 2009

ധാർമിക സന്ദിഗ്ദ്ധതകളുടെ അവരോഹണാഖ്യാനങ്ങൾ

എല്ലാവര്‍ക്കും പരിചിതമായ റെജിസ്റ്ററുകളില്‍ നിന്നുള്ള വ്യതിയാനത്തോടെ ദേവദാസ്‌ വി എം നോവലെഴുതുന്നത്‌ -ഡില്‍ഡോ(ആറു മരണങ്ങളുടെ പള്‍പ്പ്‌ ഫിക്ഷന്‍ പാഠപുസ്തകം)- ചിലപ്പോള്‍ ഇതിവൃത്തപരമായ ആവശ്യം കൊണ്ടാകാമെന്നാണ്‌ നോവലിനുള്ള അനവതാരിക(!)യുടെ കര്‍ത്താവും മലയാള ഭാഷയിലും സാഹിത്യത്തിലും വിസ്ഫോടനാത്മകമായ എടുത്തുചാട്ടങ്ങള്‍ നടത്തിയ ആളുമായ മേതില്‍ രാധാകൃഷ്ണന്‍ ന്യായീകരിക്കുന്നത്‌. അതല്ല അത്തരം വ്യതിയാനം എഴുത്തുകാരന്റെ ശാഠ്യവുമാകാമെന്ന്‌, തന്റെ തന്നെ ശീലങ്ങളുടെ പശ്ചാത്തലത്തിലാണോ എന്നറിയില്ല മേതില്‍ സംശയിക്കുന്നുമുണ്ട്‌. ഭാഷാ പോലീസിന്റെ വിളയാട്ടം വല്ലാതെയുള്ള സാഹിത്യസമൂഹങ്ങളില്‍ വ്യതിചലിത എഴുത്ത്‌ പ്രതിഭാഷയും, കുറ്റകൃത്യവുമാകാമെന്നും മേതില്‍ ഓര്‍മ്മപ്പെടുത്തുന്നു. ബഷീറും ഈ വിളയാട്ടം അനുഭവിച്ചതാണല്ലോ. അദ്ദേഹത്തിന്റെ അനിയന്‍ തന്നെയായിരുന്നു ഭാഷാ പോലീസിന്റെ വേഷമണിഞ്ഞെത്തിയത്‌. അവന്‍(ബഷീറിന്റെ അനിയന്‍ അബ്ദുള്‍ഖാദര്‍) ഏറ്റവും അവജ്ഞയോടെ എന്നെ ഒന്നു നോക്കി. എന്നിട്ട്‌ ഒരു വാക്യം വായിച്ചു. സ്റ്റൈലന്‍ വാക്യമാണ്‌. പക്ഷെ, അവന്‍ ചോദിച്ചു: ഇതിലെ ആഖ്യാദം എവിടെ ? എനിക്കൊന്നും മനസ്സിലായില്ല. എന്താഖ്യാദം? അവന്‍ ഒരു കൊച്ചു വിദ്യാര്‍ത്ഥിയോടെന്ന വണ്ണം എന്നോട്‌ കുറെ സംസാരിച്ചു. അതില്‍ ആഖ്യ, ആഖ്യാദം, അന്വയം, ലൊട്ട്‌, ലൊടുക്ക്‌ മുതലായ വ്യാകരണ സംബന്ധിയായ ചപ്ലാച്ചി ചര്‍ച്ചകളാണ്‌. ലൊട്ട്‌, ലൊടുക്ക്‌ എന്നൊന്നും അവന്‍ പറഞ്ഞില്ല. അര മണിക്കൂര്‍ നേരത്തെ വര്‍ത്തമാനത്തില്‍ അവന്‍ എന്നെ ഒരു അജ്ഞനാക്കി വെച്ചു. എന്നിട്ട്‌ പറഞ്ഞു: ഇയ്ക്കാക്കാ വ്യാകരണം പഠിക്കണം!(പാത്തുമ്മയുടെ ആട്‌). അധ്യാപകനെ പോലീസ്‌ എന്ന്‌ നേര്‍ക്കു നേര്‍ വിളിക്കുന്നതിലൂടെ മേതിലിന്റെ അനവതാരിക യാഥാര്‍ത്ഥ്യത്തിന്റെ അവതാരികയായി പരിണമിക്കുന്നുമുണ്ട്‌.

ചലച്ചിത്രകാരന്മാരായ പെദ്രോ അല്‍മൊദോവാറിന്റെ(സ്പെയിന്‍) ധാര്‍മിക സന്ദിഗ്ദ്ധതകളും അലെജാന്ത്രോ ഗൊണ്‍സാലെസ്‌ ഇനാറിത്തു(മെക്സിക്കോ)വിന്റെ അവരോഹണാഖ്യാനവും (റിവേഴ്സ്‌ നറേഷന്‍) ദേവദാസിന്റെ നോവല്‍ വായിക്കുമ്പോള്‍ ധാരണയില്‍ സജീവമായി കടന്നു വന്നു. ബാഡ്‌ എഡ്യൂക്കേഷനില്‍ പ്രായം കുറഞ്ഞ ആണ്‍കുട്ടികളോടൊത്ത്‌ ഫുട്ബാള്‍ കളിക്കുന്ന സ്വവര്‍ഗാനുരാഗിയായ പാതിരിയച്ചന്‌ കളിക്കിടയിലെ സ്പര്‍ശനങ്ങളില്‍ രതിമൂര്‍ഛയുണരുന്നതു പോലെയും; ടോക്ക്‌ ടു ഹെറിലെ ഇന്‍ട്രോവര്‍ട്ടായ പുരുഷ നേഴ്സ്‌ കോമയില്‍ കുടുങ്ങിപ്പോയ യുവതിയായ രോഗിയെ പ്രണയിക്കുന്നതും തുടര്‍ന്ന്‌ അവളുമായി രതിയിലേര്‍പ്പെട്ട്‌ ഗര്‍ഭിണിയാക്കുന്നതും അതിന്മൂലം അവളുടെ ബോധം തിരിച്ചുകിട്ടി പൂര്‍ണരോഗ്യവതിയാവുന്നതും എന്നാല്‍ സമ്മതമില്ലാതെ രോഗിയുമായി ലൈംഗികവേഴ്ചയിലേര്‍പ്പെട്ടതിന്‌ അയാളെ ജയിലിലടക്കുന്നതും പോലെയും; ലൈവ്‌ ഫ്ലഷില്‍ പോലീസ്‌ ഡിറ്റക്ടീവായ ഡേവിഡിനോട്‌ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി വിക്ടര്‍ അയാളുടെ പത്നിയെ വശത്താക്കിക്കൊണ്ട്​‌ പ്രതികാരം തീര്‍ക്കുന്നതു പോലെയും; ഉള്ള ഘട്ടങ്ങളില്‍ ആരും ആരുടെയും നിയന്ത്രണത്തിലല്ല എന്ന വസ്തുതയാണ്‌ വിശദീകരിക്കപ്പെടുന്നത്‌, അഥവാ വിശദീകരണക്ഷമമല്ലാതിരിക്കുന്നത്‌. മകന്റെ മരണാനന്തരം അവന്റെ ഡയറി വായിച്ച്‌ വിസ്മയകരമായ അന്വേഷണങ്ങളിലേര്‍പ്പെടുന്നതിനിടെ; ആണായി വേഷം കെട്ടി നടക്കുന്ന വേശ്യ, ഗര്‍ഭിണിയായ കന്യാസ്ത്രീ, സ്വവര്‍ഗാനുരാഗിയായ നടി എന്നിങ്ങനെയുള്ള കഥാപാത്രങ്ങളെ കണ്ടു മുട്ടുന്ന ഒരമ്മയുടെ കഥ പറയുന്ന ഓള്‍ എബൗട്ട്‌ മൈ മദര്‍ പോലെയും മരിച്ചവര്‍ക്ക്‌ ജീവിച്ചിരിക്കുന്നവരുടെ മേലുള്ള തീക്ഷ്ണമായ സ്വാധീനത്തിന്റെ കഥ പറയുന്ന വോള്‍വര്‍ പോലെയുമുള്ള അസാമാന്യ സിനിമകളിലൂടെ സ്ത്രീ ജിവിതത്തിന്റെയും മനസ്സുകളുടെയും ആഴങ്ങളിലേക്ക്‌ ഊഴ്‌ന്നിറങ്ങുകയാണ്‌ അല്‍മൊദോവാര്‍ ചെയ്തത്‌. അല്‍മൊദോവാറിന്റെ സിനിമകളില്‍ കാണാറുള്ള അസാധ്യമായ സദാചാരക്കെണികളെ ഓര്‍മ്മിപ്പിക്കുന്ന കഥാഗതികള്‍, ഡില്‍ഡോയെ ആധുനിക ലോകത്തോട്‌ സത്യസന്ധമായി അഭിമുഖീകരിക്കുന്ന ഒരു നോവലായി പരിവര്‍ത്തിപ്പിക്കുന്നുണ്ട്‌. അലെജാന്ത്രോ ഗൊണ്‍സാലെസ്‌ ഇനാറിത്തുവിന്റെ 21 ഗ്രാംസ്‌ പോലുള്ള സിനിമകളിലുള്ള റിവേഴ്സ്‌ നറേഷനും ഓരേ കാര്യം പല തലങ്ങളില്‍, പല കാലങ്ങളില്‍, പല സ്ഥലങ്ങളില്‍, പല നിലകളില്‍ കാണുമ്പോഴും വിശദീകരിക്കപ്പെടുമ്പോഴുമുണ്ടാകുന്ന സന്ദിഗ്ദ്ധതകളുമാണ്‌ ഡില്‍ഡോയുടെ മറ്റൊരു സവിശേഷത.

സൈബര്‍ വായനയുടെയും ബ്ലോഗെഴുത്തിന്റെയും അനുഭവോഷ്മളതയില്‍ നിന്നാണ്‌ അധ്യായങ്ങളോരോന്നിനും ശേഷമുള്ള അഭ്യാസങ്ങളടങ്ങിയ പാഠപുസ്തക(!)രൂപേണയുള്ള ഈ നോവലെഴുതപ്പെടുന്നത്‌. ഇന്റര്‍നെറ്റ്‌ വായനയുടെ അവിഭാജ്യ ഘടകമായ വിക്കിപ്പീഡിയ പരതലിനെ അവലംബിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കുറിപ്പ്‌ മൂന്നറിയിപ്പായി കൊടുത്തിട്ടുണ്ട്‌. നിര്‍വചനങ്ങളും വിവരങ്ങളും വിക്കിപ്പീഡിയയുടെ സ്വതന്ത്ര വിവര്‍ത്തനങ്ങളാണെങ്കിലും അവയെ ആധികാരികമായി സമീപിക്കേണ്ടതില്ല.

മാവോയിസം, ലൈംഗികത(സ്വാഭാവികവും കൃത്രിമവും), പ്രണയം, ദാമ്പത്യം, നിയമസംഹിതകളും നിര്‍വഹണങ്ങളും, കള്ളക്കടത്ത്‌, രാജ്യസുരക്ഷ, ആത്മഹത്യ, കൊലപാതകം, പോലീസ്‌, മതസ്ഥാപനങ്ങള്‍, എന്നിങ്ങനെ നമ്മുടെ കാലത്തെ നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന; പരസ്പരബന്ധമില്ലാതിരിക്കെ തന്നെ ബന്ധമുണ്ടായിരിക്കുകയും, ബന്ധമുണ്ടായിരിക്കെ തന്നെ അതില്ലാതിരിക്കുകയും ചെയ്യുന്ന സങ്കീര്‍ണ ഘടകങ്ങളുടെ പാരസ്പര്യമാണ്‌ നോവലിസ്റ്റിന്റെ ഉത്ക്കണ്ഠകളെ രൂപീകരിക്കുന്നത്‌.

മാവോയിസം എന്ന പേരിലറിയപ്പെടുന്ന തീവ്ര ഇടതുപക്ഷ ആശയ/പ്രയോഗങ്ങളുടെ യാഥാര്‍ത്ഥ്യത്തെ ദേവദാസ്‌ പരിഗണിക്കുന്നത്‌ ഇങ്ങനെയാണ്‌. ആശയപരമായി അവയൊന്നും എന്നെ ബാധിക്കുന്നില്ലെങ്കില്‍ കൂടി വെറുമൊരു കാല്‍പ്പനിക ചാപല്യമായി അതിനെ തള്ളിക്കളയാനും മനസ്സനുവദിച്ചില്ല. മാവോയിസ്റ്റ്‌ നേതാവാണെന്ന്‌ തെറ്റിദ്ധരിക്കപ്പെട്ട്‌ പോലീസിനാല്‍ കൊല്ലപ്പെട്ട ആളുടേതാണ്‌ ഈ അഭിപ്രായം. ഇയാള്‍ മാവോയിസ്റ്റായ സുഹൃത്തിനെ കാണാനായി എത്തിയപ്പോഴായിരുന്നു കൊല്ലപ്പെട്ടത്‌. ഹോങ്കോങ്ങില്‍ ജോലി ചെയ്തു വരികയായിരുന്ന ഇയാള്‍ മാവോയിസ്റ്റ്‌ സുഹൃത്തുമായി നടത്തിയ കത്തിടപാടുകളുടെയും സുഹൃത്ത്‌ ആവശ്യപ്പെട്ടതിന്‍ പ്രകാരം സെക്സ്‌ ഡോള്‍ അയച്ചുകൊടുത്തതിന്റെയും അത്‌ കസ്റ്റംസ്‌ പോസ്റ്റ്‌ ആപ്പീസില്‍ പിടിക്കപ്പെട്ടതിന്റെയും വിവരണങ്ങളോടു കൂടിയാണ്‌ സംഭവങ്ങളുടെ സങ്കീര്‍ണതകള്‍ അനാവരണം ചെയ്യപ്പെടുന്നത്‌. എന്നാല്‍ വായനക്കാരന്‌ മുന്നില്‍ അനാവരണമായി നിവരുന്ന ഈ കാര്യങ്ങള്‍ തന്നെയാണ്‌ കൊല്ലപ്പെട്ട ഹോങ്കോങ്ങുകാരന്റെ മുമ്പില്‍ ദുരൂഹതയായി ഭവിക്കുന്നതും. - അല്ലെങ്കില്‍ തന്നെ എനിക്കൊന്നും മനസ്സിലാകുന്നില്ല. മാവോയിസത്തോടുള്ള സാമാന്യമായ പരിഗണനയും ഈ കഥാപാത്രത്തിന്റെ വിചാരത്തിലൂടെ പുറത്തു വരുന്നു - നക്സലൈറ്റ്‌ ആശയങ്ങള്‍ അടങ്ങിയ ആ പുസ്തകം പെട്ടെന്നു തന്നെ എന്നെ മടുപ്പിച്ചു. ഇത്തരത്തില്‍ മാവോയിസത്തോടോ നക്സലിസത്തോടോ യാതൊരു വിധത്തിലുള്ള അനുഭാവമോ പരിഗണനയോ കല്‍പ്പിക്കാത്ത ആളെ തന്നെ കൊലപ്പെടുത്തുകയും അതിനെ മാവോയിസ്റ്റ്‌ നേതാവ്‌ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന വിധത്തില്‍ വാര്‍ത്തയെഴുതി വിടുകയും ചെയ്യുന്ന പോലീസ്‌/മാധ്യമ/ഭരണകൂട/പൊതുബോധ തന്ത്രങ്ങളെ പരിഹാസ്യതയുടെ തലത്തില്‍ കൊണ്ടുചെന്നെത്തിച്ച്‌ ആക്ഷേപിക്കാനാണ്‌ ഇത്തരമൊരു കഥാഗതി നോവലിസ്റ്റ്‌ ആവിഷ്ക്കരിച്ചതെന്നു തോന്നുന്നു.

ഭൂതകാലത്തെ പുനര്‍ വിശകലനം ചെയ്യുകയും, അങ്ങനെയായിരുന്നില്ലെങ്കില്‍ എങ്ങനെയാകുമായിരുന്നു എന്ന വിധത്തില്‍ കാര്യങ്ങള്‍ ആലോചിച്ചെടുക്കുകയും ചെയ്യുന്ന ആഖ്യാനരീതി ശ്രദ്ധേയമാണ്‌. ഈ രീതി അനലോഗില്‍ നിന്ന്‌ ഡിജിറ്റലിലേക്കുള്ള പരിവര്‍ത്തനം കൂടിയാണ്‌. സാഹിത്യ രചനയിലെ ഡിജിറ്റല്‍ ആപ്ലിക്കേഷന്‍. എന്തും ഏതും ഇറേസ്‌ ചെയ്തും (മായ്ച്ചും) ഡെലിറ്റ്‌ ചെയ്തും (നീക്കിക്കളഞ്ഞും) മുന്നോട്ടു (പിന്നോട്ടും) പോകുന്ന ഒന്നാണല്ലോ ഡിജിറ്റല്‍ രീതി. എന്നാല്‍ അനലോഗില്‍, ക്രമാനുഗതമായതും ഒരിക്കല്‍ ഒരടി വെക്കുകയോ ഒരു പടി കയറുകയോ ചെയ്തു കഴിഞ്ഞാല്‍ പിന്നെ പുറകോട്ട്‌ പോകാനാവാത്തതോ ഇറങ്ങാനാവാത്തതോ ആയതുമായ ഗമനമാണുള്ളത്‌. ഡിജിറ്റല്‍ രീതിയില്‍ വിഭാവനം ചെയ്യപ്പെടുകയും എഴുതപ്പെടുകയും ചെയ്തിട്ടുള്ള ഡില്‍ഡോ വായിക്കുമ്പോള്‍, മേതില്‍ ശരിയായി നിരീക്ഷിക്കുന്നതു പോലെ ഒരു സ്റ്റോപ്പ്‌ വാച്ച്‌ കൈയിലെടുത്തു പിടിച്ച പ്രതീതിയാണുണ്ടാകുക. മലയാള നോവല്‍ ആധുനികോത്തരതയിലേക്കുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചതു പോലെ.

പ്രകൃതിനിയമങ്ങളുടെ ഏറ്റവും ഉദാത്തമായ നിര്‍വഹണങ്ങളിലൊന്നാണ്‌ ജീവികളുടെ ലൈംഗികത. സൗന്ദര്യത്തിന്റെയും ആഹ്ലാദത്തിന്റെയും ദൈവസാന്നിദ്ധ്യത്തിന്റെയും, സാമാന്യമായിരിക്കെ തന്നെ അസാമാന്യമായ ഈ പ്രകടനത്തെ നിരോധിക്കുകയോ നിയന്ത്രിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിലൂടെ മനുഷ്യര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രകൃതിവിരുദ്ധത മനുഷ്യജീവിതത്തെയും ലോകത്തെ തന്നെയും കലുഷിതമാക്കിക്കഴിഞ്ഞു. അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയെ അഭിമുഖീകരിക്കുന്ന മുഴുവന്‍ മനുഷ്യരുടെയും ഉപഭോഗ മണ്ഡലത്തിലേക്കാണ്‌ കൃത്രിമ ലൈംഗിക ഉപകരണങ്ങളുടെ വിപണി വളരുന്നത്‌. ആ വിപണിയിലേക്കാണ്‌ നിഷ്കളങ്കയും അനാഥയുമായ പെണ്‍കുട്ടി ഏജന്റായി എത്തിപ്പെടുന്നത്‌. കോണ്‍വെന്റിലെ സഹപാഠികള്‍ക്കിടയില്‍ വിവിധ തരം കൃത്രിമ ലൈംഗികോപകരണങ്ങള്‍ വില്‍പന നടത്തുന്ന അവളോട്‌ അവരെങ്ങനെയാണ്‌ അവ ഉപയോഗിച്ചതെന്നും വിവരിക്കുന്നു. ജീന്‍സ്‌-അടിവസ്ത്രം എന്നിവയുടെ പരസ്യങ്ങളില്‍ കാണുന്ന അര്‍ദ്ധനഗ്നരായ മോഡലുകളെ നോക്കിയാണ്‌ ഒരുവള്‍ ഉപകരണം ഉപയോഗിക്കുന്നത്‌. അവളോട്‌ വില്‍പനക്കാരിയായ പെണ്‍കുട്ടി മുക്കാലും നഗ്നനായ ഒരു മോഡലാണ്‌ തനിക്ക്‌ സഹായത്തിനുള്ളത്‌ എന്നു പറഞ്ഞിട്ടും മറ്റവള്‍ വിശ്വസിക്കുന്നില്ല. ചിട്ടയാര്‍ന്നതും എപ്പോഴും മദറിന്റെ കണ്ണെത്തുന്നതുമായ അനാഥാലയത്തിലെ അന്തരീക്ഷത്തില്‍ എങ്ങനെയാണ്‌ ആ മോഡലിന്റെ ചിത്രം ഞാന്‍ ഒളിപ്പിക്കുന്നത്‌ എന്നവള്‍ ചോദിച്ചു. മുക്കാലും നഗ്നനായ എന്റെ മോഡലിന്റെ ചിത്രങ്ങളും പ്രതിമകളും അനാഥാലയത്തില്‍ എല്ലായിടത്തും എന്തിനേറെ മദറിന്റെ മുറിയില്‍ പോലും കാണാമെന്നു ഞാന്‍ പറഞ്ഞിട്ടും അവള്‍ വിശ്വസിക്കുന്നില്ല. നഗ്നതക്ക്‌ എപ്പോഴും ഒരേ അളവല്ല; പക്ഷേ ജീന്‍സ്‌ ധാരികളായ മോഡലുകളേക്കാള്‍ ഏറെ നഗ്നനാണ്‌ എന്റെ മോഡലെന്ന്‌ എനിക്കറിയാം. നോവലിസ്റ്റ്‌ തുറന്നു പറയുന്നില്ലെങ്കിലും പീഡിതയേശുവിന്റെ രൂപം നോക്കിത്തന്നെയാണ്‌ കഥാനായിക സ്വയം ഭോഗം ചെയ്യുന്നതെന്ന ഞെട്ടിക്കുന്ന അറിവില്‍ നിന്ന്‌ നമുക്ക്‌ വിമുക്തരാവാനാവില്ല. കൃഷ്ണന്റെ കാമുകികളായ ഗോപികമാരായി സ്വയം സങ്കല്‍പിക്കുന്നവരെ പോലെ, കര്‍ത്താവിന്റെ നിത്യ മണവാട്ടികളായി തീരുന്ന കന്യാസ്ത്രീകളെ പ്പോലെ, അവള്‍ യേശുവുമായി തന്റെ ശരീരത്തിന്റെ ആനന്ദോത്സവത്തിലൂടെ ഐക്യപ്പെടുകയാണ്‌ ചെയ്യുന്നതെന്ന്‌ വായിച്ചെടുക്കാന്‍ മാത്രം ഉദാര ജനാധിപത്യം കേരളീയര്‍ക്ക്‌ എന്നാണ്‌ ആര്‍ജ്ജിക്കെടുക്കാനാവുക?

സ്പോണ്‍സര്‍ അങ്കിളുമായുള്ള പെണ്‍കുട്ടിയുടെ ബന്ധവും സവിശേഷമായ ആലോചനയും വിശകലനവും ആവശ്യപ്പെടുന്ന ഒന്നാണ്‌. തനിക്ക്‌ വിവാഹം ചെയ്യാനാവാതെ പോയ കാമുകിയുടെ മകളാണ്‌ അനാഥയായ പെണ്‍കുട്ടി എന്നറിഞ്ഞുകൊണ്ടാണ്‌ സ്പോണ്‍സറായ കസ്റ്റംസ്‌ ഉദ്യോഗസ്ഥന്‍ അവളുടെ സംരക്ഷണം ഏറ്റെടുക്കുന്നത്‌. പതിനെട്ടു വയസ്സാവുന്നതോടെ അവളെ അനാഥാലയത്തില്‍ നിന്നു പുറത്തുകൊണ്ടുവന്ന്‌ തനിക്കൊപ്പം വളര്‍ത്താനാണ്‌ അയാളുടെ ഉദ്ദേശ്യം എന്ന്‌ മദര്‍ അവളോട്‌ പറയുന്നുമുണ്ട്‌. കാമുകിയില്‍ തനിക്ക്‌ പിറക്കാതെ പോയ മകളെ, മകളെന്ന വണ്ണം കാണുന്നതിനല്ല അയാള്‍ തുനിയുന്നത്‌. തനിക്ക്‌ പ്രാപിക്കാനാവാതെ, അന്യനെ വിവാഹം ചെയ്യുകയും മരിച്ചു പോകുകയും ചെയ്ത കാമുകിയുടെ ശരീരം തന്നെയാണ്‌ ആ കൊച്ചുകുട്ടിയില്‍ അയാള്‍ ദര്‍ശിക്കുന്നത്‌. അവള്‍(കാമുകിയുടെ മകള്‍) വരച്ചു നല്‍കിയ ചിത്രങ്ങളിലെ ചായക്കൂട്ടുകള്‍ ഒലിച്ചുമാറിയപ്പോള്‍ എനിക്ക്‌ തിരികെ ലഭിച്ചതു 13 വയസ്സില്‍ പഴയ കാമുകിയെത്തന്നെയായിരുന്നു. ചിത്രം വരയ്ക്കുന്ന മാലാഖക്കുട്ടിയില്‍ നിന്ന്‌ ഒരു കാമുകിയിലേക്ക്‌ അവള്‍ മാറുന്നതിനേക്കാള്‍ എത്രയോ മടങ്ങുവേഗതയിലാണ്‌ സര്‍പ്പിളക്കൂട്ടിലൊളിച്ച ഒച്ചില്‍ നിന്ന്‌ പൂര്‍ണമായും ചാരം മാറി കത്താനൊരുങ്ങുന്ന കനല്‍ക്കട്ടയായി മാറാനെനിക്കു കഴിഞ്ഞത്‌.........തല്‍ക്കാലത്തേക്ക്‌ അവളൊരു ഒളിത്തുരുത്താണെങ്കിലും പിന്നീട്‌ എനിക്കു പിടിച്ചടക്കേണ്ടുന്ന ഭൂപ്രദേശമാണ്‌. അതിനായി ക്ഷമയോടെ കാത്തിരിക്കുന്നൊരു പോരാളിയാണ്‌ ഞാന്‍. അവള്‍ക്കു പതിനെട്ടു വയസ്സാവുന്നതോടെ ഒരു മുലയുടെ ഒഴിവില്‍ നിന്ന്‌ എനിക്കു രണ്ടു മുലകളുടെ നിറവിലേക്ക്‌ മാറേണ്ടതുണ്ട്‌. മടുപ്പിക്കുന്ന പരാജയങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞുമാറിയൊരു ദ്വീപ്‌. ബന്ധങ്ങളുടെ ഈ സദാചാരവൈകൃതത്തെ പ്രകൃതി പക്ഷെ തോല്‍പ്പിക്കുകയാണ്‌. സ്പോണ്‍സര്‍ അങ്കിളും ഞാനുമായുള്ള കണ്ടുമുട്ടലുകളില്‍ രസകരമായ ഒരു വസ്തുതയുണ്ട്‌. ആദ്യം കാണുന്നതും അവസാനം കാണുന്നതും ഞായറാഴ്ചകളിലാണ്‌. രണ്ടു ദിവസങ്ങളിലും ഞാന്‍ മെന്‍സസ്‌ ആയിരുന്നു. മുത്തശ്ശിക്കഥകളുടെ ശൈലിയില്‍ ഹാംബര്‍ട്ടിന്റെയും ലോലിതയുടെയും കഥ പറഞ്ഞ്‌ അയാള്‍ അവളെ പ്രാപിക്കാനായി തുനിയുന്നു. കുളി കഴിഞ്ഞു വന്ന അവളോട്‌ നിനക്കറിയാമോ..... ലോലിതയും അവളുടെ രണ്ടാനച്ഛന്‍ ഹംബര്‍ട്ടും ഒരു യാത്രക്കിടയില്‍ ഇതേ പോലൊരു ഹോട്ടല്‍ മുറിയില്‍ ഒരു കട്ടിലില്‍ അന്തിയുറങ്ങുന്നു. അന്നാണ്‌ ആദ്യമായി അവര്‍ രതിയിലേര്‍പ്പെടുന്നത്‌. അവളുടെ ആര്‍ത്തവ ദിവസങ്ങളാണതെന്ന്‌ പിന്നാലെ വെളിവാകുകയും അയാളുടെ ഉദ്ദേശ്യം അലസിപ്പോകുകയുമാണുണ്ടായത്‌. ഡില്‍ഡോ വില്‍പനക്കുറ്റത്തിന്‌ അറസ്റ്റിലായ അവളുടെ ജാമ്യദിവസങ്ങളുമായിരുന്നു അത്‌. കോടതിയില്‍ നിന്ന്‌ തന്റെ കഴിവും സ്വാധീനവും ഉപയോഗിച്ച്‌ അവളെ രക്ഷിച്ചെടുക്കാമെന്ന്‌ അയാള്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ കോടതി അവളെ ശിക്ഷിച്ചു. വാഗ്ദാന ലംഘനം പിടിക്കപ്പെടുമല്ലോ എന്ന ഭീതിയിലാണയാള്‍ കൈക്കൂലി നല്‍കി പോലീസുകാരനെക്കൊണ്ട്‌ അവളെ കൊന്നു കളയുന്നത്‌. അതൊരു അപകടമരണമായി എഴുതിത്തള്ളപ്പെടുകയും ചെയ്തു.

പത്രവാര്‍ത്തകള്‍ വായിക്കുമ്പോള്‍ പരസ്പരബന്ധമുണ്ടാവാന്‍ യാതൊരു സാധ്യതയുമില്ലാത്ത ആറു മരണങ്ങള്‍ തമ്മിലുള്ള നിഗൂഢവും വ്യാഖ്യാനിക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ ബന്ധങ്ങളാണ്‌ ഡില്‍ഡോയില്‍ നിവര്‍ന്നു വരുന്നത്‌. ഉദാഹരണത്തിന്‌ സ്പോണ്‍സറും പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധത്തിലെ ഊരാക്കുടുക്ക്‌ നോക്കുക: നിങ്ങള്‍ക്ക്‌ ചിന്തിക്കാന്‍ കഴിയുന്നുണ്ടോ? ഒമ്പതു വര്‍ഷത്തോളമാണ്‌ ഞാന്‍ ആ പെണ്‍കുട്ടിയെ സ്പോണ്‍സര്‍ഷിപ്പിനാല്‍ സംരക്ഷിച്ചതു. അവളുടെ സംരക്ഷണ തുകയ്ക്കായി ഞാന്‍ ഡെല്‍ഹിയിലേക്ക്‌ കടത്തിയ ഡില്‍ഡോകള്‍ തന്നെയാണ്‌ (പരോക്ഷമായാണെങ്കിലും) അവളെ കുരുക്കുന്നത്‌. മാവോയിസ്റ്റായ പത്രപ്രവര്‍ത്തകന്‌ ഹോങ്കോങ്ങിലെ സുഹൃത്ത്‌ അയച്ച സെക്സ്‌ ഡോള്‍ പിടി കൂടിയ കസ്റ്റംസ്‌ ഉദ്യോഗസ്ഥന്‍ അയാളെ ക്രൂരമായി ചോദ്യം ചെയ്യുകയും പരിശോധനക്കിടയില്‍ അയാളുടെ പേഴ്സില്‍ നിന്ന്‌ അയാളുടെ മുന്‍ കാമുകിയും തന്റെ ഭാര്യയുമായവളുടെ പഴയ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ഫോട്ടോഗ്രാഫ്‌ കണ്ടെടുക്കുകയും ചെയ്തപ്പോള്‍ അത്‌ കീറി നശിപ്പിച്ച്‌ ചവറ്റുകുട്ടയില്‍ തള്ളി. ഓര്‍മ്മയുടെ മധുരം പോലും നശിപ്പിക്കുന്ന ഇത്തരം ക്രൂരമനസ്ഥിതിയില്‍ മാവോയിസ്റ്റിന്റെ പ്രതികാരജ്വാല ആളിപ്പടരുകയും അയാള്‍ അതിനായി കസ്റ്റംസുകാരനെ പിന്തുടരുകയുമാണ്‌. അപ്രകാരം പിന്തുടരുമ്പോഴാണ്‌, പോസ്റ്റ്‌ ആപ്പീസില്‍ മണി ഓര്‍ഡര്‍ അയക്കുകയായിരുന്ന കസ്റ്റംസുകാരന്‍ ചുരുട്ടി വലിച്ചെറിഞ്ഞ പിഴവു പറ്റിയ ഫോമില്‍ നിന്ന്‌ സാന്തോം കോണ്‍വെന്റിലെ പെണ്‍കുട്ടിയുടെ വിലാസം എഴുതിയെടുക്കുന്നതും ഹോങ്കോങ്ങിലെ സുഹൃത്തിനെ വിളിച്ച്‌ ആ വിലാസത്തില്‍ സെക്സ്‌ ഉപകരണം അയക്കാന്‍ ഏര്‍പ്പാടു ചെയ്യുന്നതും. സ്ഥലകാലത്തിന്റെ ചില കളികളും ഇവിടെ നിരൂപിച്ചെടുക്കാം. കോര്‍ബാങ്കിംഗും ആര്‍ ടി ജി എസും(വിശദാംശങ്ങള്‍ക്ക്‌ വിക്കിപ്പീഡിയ പരതുക) വ്യാപകമായിക്കഴിഞ്ഞ പുതിയ കാലത്തും മണി ഓര്‍ഡര്‍ പോലുള്ള പ്രാകൃത വ്യവസ്ഥ ഇന്ത്യയില്‍ നിലനില്‍ക്കുന്നതു കൊണ്ടാണ്‌ ഇത്തരമൊരു പിഴവിന്‌ സാധ്യതയുണ്ടാവുന്നതും അതില്‍ പിടിച്ചു കയറി പെണ്‍കുട്ടിയിലൂടെ കസ്റ്റംസുകാരനോടുള്ള പക മാവോയിസ്റ്റ്‌ തീര്‍ക്കുന്നതും.

നോവലിലെ ഏറ്റവും വ്യതിരിക്തമായ അധ്യായം ആറാമത്തേതാണ്‌. ഒറ്റമുലച്ചി എന്നാണ്‌ അധ്യായത്തിന്റെ ശീര്‍ഷകം. ലോകത്തുള്ള കുട്ടികളായ കുട്ടികള്‍ക്കും പുരുഷന്മാരായ പുരുഷന്മാര്‍ക്കും, എന്നും എപ്പോഴും പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട്‌, മുമ്പോട്ട്‌ കൂര്‍ത്തു നില്‍ക്കുകയും നെഞ്ചില്‍ നിറയുകയും ചെയ്യുന്ന സ്ത്രൈണാവയവമായ മുലകള്‍ സാഹിത്യത്തിന്റെയും ഭാഷയുടെയും ദൃശ്യമാധ്യമങ്ങളുടെയും ഏക്കാലത്തെയും പ്രിയങ്കരങ്ങളായ കാഴ്ചാ/ആലോചന/അനുഭവവിഷയങ്ങളിലൊന്നാണ്‌. ഒളിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ വെളിപ്പെടുന്ന തരത്തില്‍ നിഗൃഢവും അന്യാദൃശവുമായ സൗന്ദര്യത്തെ ഉള്‍വഹിക്കുകയും പ്രത്യക്ഷപ്പെടുത്തുകയും ചെയ്യുന്ന അവയവമാണ്‌ മുലകള്‍. ഏതോ ഫിലിം ഫെസ്റ്റില്‍ വെച്ചാണ്‌ ഞാന്‍ പേരു മറന്നു പോയ ആ ഫ്രഞ്ചുമൂവി കാണുന്നത്‌. അതില്‍ നായികക്ക്‌ ഓര്‍ഗാസം സംഭവിക്കുന്നത്‌ എപ്പോഴാണെന്നോ? തിരക്കേറിയ മാര്‍ക്കറ്റിലൂടെ യാത്ര ചെയ്യുമ്പോള്‍, തന്റെ മുലകളില്‍ നോക്കുന്ന വഴിപോക്കരുടെ ആര്‍ത്തി പിടിച്ച മുഖങ്ങളില്‍ നോക്കി, വില്‍ക്കാന്‍ വെച്ചിരിക്കുന്ന ധാന്യ ചാക്കുകളില്‍ കൈകള്‍ ആഴ്‌ന്നിറക്കുമ്പോള്‍. വിരലുകള്‍ വിടര്‍ത്തി, ധാന്യക്കൂമ്പാരത്തില്‍ ആഴ്‌ന്നാഴ്‌ന്ന്‌, അതു തന്നെയാണ്‌ എനിക്കും സംഭവിക്കുന്നത്‌. പുരുഷനോ, സ്ത്രീയോ ആരുമാകട്ടെ; ആര്‍ത്തിയോടെ, അസൂയയോടെ, എന്റെ മുലകളില്‍ കണ്ണുകള്‍ പതിപ്പിക്കുമ്പോള്‍ എനിക്കതു സംഭവിക്കുന്നു. ഓര്‍ഗാസം. സ്ത്രൈണസൗന്ദര്യത്തിന്റെ മൂര്‍ത്ത പ്രതീകമായ മുലകളിലൊന്ന്‌ നഷ്ടപ്പെട്ടവള്‍ എന്ന അവസ്ഥ നിഗൂഢതയും അമ്പറപ്പും അവഗണനയും ജനിപ്പിക്കുന്നു. മാവോയിസ്റ്റായി മാറിയ പത്രപ്രവര്‍ത്തകന്റെ പഴയ കാമുകിയും കസ്റ്റംസ്‌ ഉദ്യോഗസ്ഥന്റെ ഭാര്യയുമായ മുപ്പത്തൊന്നുകാരിയായ ഈ ഒറ്റമുലച്ചിയാണ്‌ മുപ്പത്തിയൊന്നടി ഉയരത്തിലുള്ള കെട്ടിടത്തില്‍ നിന്ന്‌ താഴേക്കു ചാടി ആത്മഹത്യ ചെയ്യുന്നതിന്റെ നേര്‍ സാക്ഷ്യവിവരണം ഈ അധ്യായത്തില്‍ നല്‍കുന്നത്‌. ശരീരപതനമെന്ന അസ്വസ്ഥതയുടെ അവസ്ഥയില്‍ നിന്ന രക്ഷ നേടാനായി അയയില്‍ ഉണക്കാനിട്ട വസ്ത്രങ്ങള്‍ കാറ്റില്‍ പാറി നിലത്തുവീഴുന്നതിനോട്‌ സ്വയം സങ്കല്‍പ്പിക്കുകയാണവര്‍. കാമുകനില്‍ നിന്നുള്ള അകല്‍ച്ചയുടെയും അതിനു ശേഷമുള്ള അനിഷ്ടകരമായ ദാമ്പത്യത്തിന്റെയും അതും കഴിഞ്ഞുള്ള സ്വവര്‍ഗാനുരാഗത്തിന്റെയും ഏറ്റവുമവസാനം കാമുകനുമായുള്ള പുനര്‍സമാഗമത്തിന്റെയും ചാക്രികതയിലാണ്‌ അവളുടെ ജീവിതം സംഘര്‍ഷഭരിതമാകുന്നത്‌. കാമുകനുമായി അവള്‍ ശാരീരികബന്ധം പുലര്‍ത്തിയിരുന്നില്ലെങ്കിലും പിരിയുന്ന വേളയില്‍ അവന്‍ അവളുടെ പാതി നഗ്നമായ ഇടതു മുലയില്‍ ചുംബിച്ചിട്ടുണ്ടായിരുന്നു. ആ നഷ്ടപ്രണയമാണ്‌ അവളുടെ മുലവേദനയായി പിന്നീട്‌ മാറുന്നത്‌. വൈദ്യശാസ്ത്രത്തിന്റെ ഏതു തരം ഡയഗ്നോസിസുകള്‍ക്കും അതിന്റെ കാരണം കണ്ടെത്താനാവുന്നില്ല. ഇത്‌ ഓര്‍മ്മകളുടെ പ്രാണവേദനയാണ്‌. അല്ലെങ്കില്‍ സ്ത്രീത്വത്തിന്റെ ഭാഗം കൂടിയായ ഒരവയവം വെറുതേ മുറിച്ചു കളയാന്‍ ഞാന്‍ ആവശ്യപ്പെടുമോ? അവളുടെ നിര്‍ബന്ധത്തിനു വഴങ്ങിയുള്ള മുലനീക്കല്‍ ശസ്ത്രക്രിയക്കു ശേഷം ഐ സി യുവിലെ ശീതളിമയില്‍ ബോധം തിരിച്ചു കിട്ടി കണ്ണു തുറക്കുമ്പോഴാണ്‌ തന്നെപ്പോലെ തന്നെ ഇടതു മുല മുറിച്ചു നീക്കിയ മറ്റൊരു സ്ത്രീയെ അവള്‍ പരിചയപ്പെടുന്നത്‌. അവര്‍ തമ്മിലുള്ള അനുരാഗം അവിടെയാണുടലെടുക്കുന്നത്‌. പരസ്പരം ഉണര്‍ത്തുകയും ഉറക്കുകയും ചെയ്യുന്ന സ്വവര്‍ഗരതിയുടെ അനന്യ മുഹൂര്‍ത്തങ്ങള്‍ ഞങ്ങള്‍ പങ്കു വെക്കുകയാണ്‌. അവളാകട്ടെ ഭര്‍ത്താവുപേക്ഷിച്ച്‌ ഏകാകിയും ഇടതു മുലയുടെ അഭാവത്താല്‍ - എന്നെപ്പോലെ തന്നെ - അപൂര്‍ണ്ണയുമാണ്‌. വര്‍ഷങ്ങളായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന ലൈംഗികത ഞങ്ങള്‍ തുറന്ന്‌ ആഘോഷിക്കാന്‍ തുടങ്ങുന്നത്‌ ഇന്നാണ്‌.

ദേവദാസ്‌ വി എം എന്ന പുരുഷ നോവലിസ്റ്റ്‌ ആണോ ഈ നോവല്‍ എഴുതുന്നത്‌? ഒറ്റ നോട്ടത്തില്‍ ആണ്‌ എന്ന മറുപടി തന്നെയാണ്‌ ലഭിക്കുക. പ്രണയം, ദാമ്പത്യം, ലൈംഗികത, സ്ത്രീ ശരീരം എന്നീ വിഷയങ്ങള്‍ പുരുഷന്റെ വീക്ഷണകോണിലൂടെ അഥവാ ആണ്‍നോട്ട(മേല്‍ ഗേസ്‌)ത്തിലൂടെ തന്നെയാണ്‌ വിവൃതമാകുന്നത്‌. ആരാണ്‌ ആ പുരുഷന്‍/മലയാളി/ഐ ടി പ്രോഫഷണല്‍/ബ്ലോഗര്‍/കാമുകന്‍/നിരാശാകാമുകന്‍? അവരൊക്കെയുമാവാം, അവരിലാരെങ്കിലും ഒരാള്‍ മാത്രവുമാവാം. പക്ഷെ, ആ കര്‍തൃത്വങ്ങളുടെ എല്ലാം രൂപീകരണങ്ങളെ സാധ്യമാക്കുന്നത്‌ ഏതുതരം മാനസിക സഞ്ചാര സാധ്യതകളാണ്‌ എന്നതാണ്‌ നിര്‍ണായകമായ ചോദ്യം. സൈബര്‍ വായനകളുടെയും ചിന്തകളുടെയും വിഭാവനങ്ങളുടെയും പുതിയ ലോകത്തിന്റെ പ്രതീതി യാഥാര്‍ത്ഥ്യ(വെര്‍ച്വല്‍ റിയാലിറ്റി​)മാണ്‌ ആ സ്വാതന്ത്ര്യത്തെ ഉത്പാദിപ്പിക്കുന്നത്‌. അത്തരമൊരു സ്വാതന്ത്ര്യത്തിന്റെ ആവിഷ്ക്കാരത്തെ, പഴയ നിയമങ്ങളുടെയും പഴയ യാഥാര്‍ത്ഥ്യങ്ങളുടെയും പഴയ അനുഭവങ്ങളുടെയും പഴയ വായനകളുടെയും പഴയ കാഴ്ചകളുടെയും പശ്ചാത്തലത്തില്‍ പരിശോധിച്ച്‌ വീര്‍പ്പു മുട്ടിക്കുക എന്ന അബദ്ധത്തില്‍ മലയാളി ചെന്നു ചാടാതിരിക്കട്ടെ!

*
ജി പി രാമചന്ദ്രന്‍

മറക്കുകയോ?

"ഓര്‍മകള്‍ ചിലത് അങ്ങനെയാണ്. മറക്കാന്‍ ആഗ്രഹിച്ചാലും ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും. അങ്ങനെയൊരു ഓര്‍മ ഇനി ഒരിക്കലും മനസ്സില്‍ വരരുതേയെന്ന് കരുതാഞ്ഞിട്ടല്ല. 1959 ജൂലൈ 31. ഓര്‍മിക്കാന്‍ ഇഷ്ടമില്ലാത്ത കറുത്ത ദിവസം. ഒരു ജനതയുടെ വിമോചനസ്വപ്നത്തിന് അന്ന് ചിതയെരിഞ്ഞു; ഹൃദയവികാരങ്ങള്‍ക്കും. 36 ലക്ഷം പാവങ്ങളെ കൃഷിഭൂമിയുടെ അവകാശികളാക്കിയ സര്‍ക്കാരിനെ ജനാധിപത്യത്തിന്റെ പുണ്യാളന്‍ ചമഞ്ഞ കോണ്‍ഗ്രസ് ഭരണകൂടം ഭരണഘടനയിലെ 356-ാം വകുപ്പ് ദുരുപയോഗിച്ച് താഴെയിറക്കി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തില്‍ അട്ടിമറിക്കപ്പെട്ടത്, ലോകത്താദ്യമായി ബാലറ്റിലൂടെ അധികാരത്തിലേറിയ ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍. നന്മ നിറയേണ്ട കേരളത്തിന് അടിത്തറയിട്ട പാവങ്ങളുടെ സര്‍ക്കാര്‍തന്നെ ജനാധിപത്യക്കശാപ്പിന്റെ ഇരയുമായി. വൃത്തികെട്ട സമരത്തിന് മാധ്യമപരിലാളനയില്‍ 'വിമോചന സമര'മെന്ന പേരും കിട്ടി. വര്‍ഷം 50 കഴിഞ്ഞാലും അതൊരിക്കലും മറക്കാനാകില്ല. ഒരു ജനതയുടെ സ്വപ്നത്തെ ചവിട്ടിയരച്ച ദിവസമാണത്''- രാഷ്ട്രീയാഭാസങ്ങള്‍ അരങ്ങുതകര്‍ത്ത ആ ഇരുണ്ട ദിനങ്ങളെക്കുറിച്ച് അന്നത്തെ കൊട്ടാരക്കര എംഎല്‍എ, പ്രായത്തില്‍ ആദ്യനിയമസഭയിലെ ബേബിയായ ഇ ചന്ദ്രശേഖരന്‍നായര്‍.

അരിഞ്ഞത് ഒരു ജനതയുടെ സ്വപ്നം

സര്‍ക്കാര്‍ പിരിച്ചുവിടപ്പെടുമെന്ന് മാധ്യമപ്രചാരണം ശക്തമായിരുന്നു. നടക്കാന്‍പോകുന്നത് എന്താണെന്ന് ഞങ്ങള്‍ക്കും ഏതാണ്ടൊരു ചിത്രമുണ്ടായിരുന്നു. പാവപ്പെട്ട ജനത കണ്ണിലെണ്ണയൊഴിച്ച് അധികാരത്തിലേറ്റിയ സര്‍ക്കാരിനെ പിന്‍വാതിലിലൂടെ, അതും ജനാധിപത്യത്തെക്കുറിച്ച് എന്നും തേന്‍പുരട്ടിയ വാക്കുകളാല്‍ സംസാരിക്കുന്നവര്‍ അട്ടിമറിക്കുന്നത് വൈരുധ്യംതന്നെയായിരുന്നു. ഇത് മുന്‍കൂട്ടിക്കണ്ട് സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള പ്രചാരണം രാജ്യംമുഴുവന്‍ നടക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ബോംബെയില്‍ ഞാന്‍ ക്യാമ്പയിനു പോയത്. അവിടെ ചെയ്ത പ്രസംഗം ഇന്നും ഓര്‍മയുണ്ട്. കാരണം സര്‍ക്കാരിനെ പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയാലും കമ്യൂണിസ്റ്റ് പാര്‍ടി അധികാരത്തിലെത്തും എന്നുതന്നെയായിരുന്നു പ്രതീക്ഷ. കാരണം ഒരു ജനതയുടെ സ്വപ്നത്തെ ആര്‍ക്കും പിരിച്ചുവിടാന്‍ കഴിയില്ലല്ലോ? അടുത്ത തെരഞ്ഞെടുപ്പില്‍ പട്ടം താണുപ്പിള്ള സഭ കാണില്ലെന്ന് ഞാനവിടെ പ്രസംഗിച്ചു. അഥവാ സഭ കാണണമെങ്കില്‍ സ്പീക്കറുടെ അനുമതിയോടെ ഗ്യാലറിയില്‍ ഇരിക്കേണ്ടിവരുമെന്നും. എസ് എ ഡാങ്കെ അടക്കം പങ്കെടുത്ത മീറ്റിങ്ങിലാണ് പട്ടത്തിനെതിരെ ആഞ്ഞടിച്ചത്. പട്ടം എന്നെ പേരെടുത്ത് ഒരിക്കലും വിളിച്ചിരുന്നില്ല. തിരുവിതാംകൂര്‍ പാര്‍ലമെന്റ് അംഗമായിരുന്ന അച്ഛന്റെ പേരിലായിരുന്നു എന്നെയും വിളിച്ചത്. തിരിച്ചെത്തിയപ്പോള്‍ സി അച്യുതമേനോന്‍ എന്നോടു ചോദിച്ചു. പട്ടം ഇനി സഭ കാണില്ലെന്ന് പ്രസംഗിച്ചോയെന്ന്. ഒട്ടും മടിക്കാതെ ഞാന്‍ അതെയെന്ന് ഉത്തരം പറഞ്ഞു. അന്നത്തെ കേരളത്തിന് ഒരിക്കലും വിശ്വസിക്കാനാകാത്ത ഒരു കാര്യമാണത്. അങ്ങനെയായിരുന്നു അന്ന് പട്ടം.

സര്‍ക്കാരിനെ പിരിച്ചുവിട്ട ദിവസം ഞാന്‍ എന്റെ മണ്ഡലമായ കൊട്ടാരക്കരയിലായിരുന്നു. വലിയ സങ്കടമായിരുന്നു എല്ലാവര്‍ക്കും. ഭീകരമായ ആക്രമണങ്ങളാണ് പാര്‍ടിനേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ ഉണ്ടായത്. ഓഫീസുകള്‍ക്കും മറ്റും സഖാക്കള്‍ ജീവന്‍ പണയംവച്ച് കാവലിരുന്നു. താഴേത്തട്ടിലുള്ള പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിച്ചു. പലയിടങ്ങളിലും ദുര്‍ബലവിഭാഗത്തില്‍പ്പെട്ട സഖാക്കളെ തെരഞ്ഞുപിടിച്ചാണ് ദ്രോഹിച്ചത്. ഒരുപാട് കള്ളക്കേസും പിന്നാലെയെത്തി.

'വിമോചനസമരം'

കേരളത്തിന്റെ നേര്‍വഴിതന്നെ ശിഥിലമാക്കിയ സമരം. ക്രൈസ്തവസഭയും സാമുദായിക സംഘടനകളും പൊതുപ്രവര്‍ത്തനത്തെ മലിനമാക്കി. വിമോചനസമരം എന്ന പേരുതന്നെ നോക്കുക. മാധ്യമ ലാളനയിലാണ് ജനാധിപത്യത്തെ കുഴിച്ചുമൂടിയ സമരത്തിന് ആ പേരു വന്നത്. അതിന്റെ വിരോധാഭാസം ഒന്ന് ഓര്‍ത്തുനോക്കൂ. ഈ ലോക്സഭ തെരഞ്ഞെടുപ്പുകാലത്ത് കണ്ട അതേ രീതിയിലായിരുന്നു അന്നും സാമുദായിക-രാഷ്ട്രീയ കൂട്ടായ്മ പ്രവര്‍ത്തിച്ചത്. പള്ളിയും ഇടവകക്കാരും വിവിധ സാമുദായിക വിഭാഗങ്ങളും ഒന്നാകെ സര്‍ക്കാരിനും പാര്‍ടിക്കും എതിരെ തെരുവിലിറങ്ങിയ ദിവസങ്ങള്‍.

ഫലപ്രദമായിത്തന്നെ പാര്‍ടി അതിനെ പ്രതിരോധിച്ചിരുന്നു. എന്നാല്‍ സമൂഹമൊന്നാകെ ചേരിതിരിഞ്ഞ സമയം ചെറുത്തുനില്‍പ്പ് എളുപ്പമായിരുന്നില്ല.

അന്ന് സര്‍ക്കാരിനെതിരെ സമരക്കാര്‍ പ്രയോഗിച്ച ഭാഷതന്നെ ഒന്നു നോക്കിയേ. കേട്ടാലറയ്ക്കുന്ന തെറികളും കള്ളക്കഥകളും. മന്നത്ത് പത്മനാഭന്‍വരെ അനുകൂലിച്ചിരുന്നു ഒരുസമയത്ത് സര്‍ക്കാരിന്റെ നയങ്ങളെ. എന്നാല്‍ ക്രിസ്തീയസഭയുടെ തന്ത്രപരമായ ഇടപെടലുകളാണ് വിശാലഐക്യം ഉണ്ടാക്കിയത്. മന്നവും സാമുദായികസഖ്യങ്ങളും പിന്നാലെയെത്തി.

ശൂന്യതയില്‍നിന്നു പടിപടിയായി ജനകീയാംഗീകാരം നേടി അധികാരത്തിലേറിയ ഒരു പാര്‍ടിയെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി മാത്രമാണ് തല്‍പ്പരകക്ഷികള്‍ വിമോചനസമരമെന്ന സമരാഭാസം തല്ലിക്കൂട്ടി താഴെയിറക്കിയത്. ജനം സമരത്തെ കൈയൊഴിഞ്ഞപ്പോള്‍ ഇന്ദിരഗാന്ധിവരെ രംഗത്തെത്തി. ഒടുവില്‍ സര്‍ക്കാരിന്റെ പിരിച്ചുവിടലിനും അവര്‍ ഒത്താശചെയ്തു.

അക്രമത്തിലൂടെയാണ് സമരം പടര്‍ത്തിയത്. എത്ര സഖാക്കളാണ് ആക്രമിക്കപ്പെട്ടത്. മാധ്യമങ്ങളുടെ അനുഗ്രഹത്താല്‍ അതെല്ലാം മഹത്തായ സമരരൂപമായി. സഭയുടെ നിര്‍ലോഭമായ സഹായം എപ്പോഴും തേടിയെത്തിയിരുന്നു. എത്ര സഖാക്കളാണ് കൊല്ലപ്പെട്ടത്? മര്‍ദനമേറ്റവരെത്ര? കൊടിയ പീഡനമേറ്റവരെക്കുറിച്ചൊന്നും പുറംലോകം അറിഞ്ഞതേയില്ല. മാധ്യമങ്ങള്‍ അറിയിച്ചില്ല.

അന്നും ഇതേ മുഖം

ഒരു മാറ്റവുമില്ല മാധ്യമങ്ങള്‍ക്ക്. അന്നും ഇങ്ങനെത്തന്നെയായിരുന്നു. എല്ലാം ഒരേപോലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ ആക്രമിച്ചു. അന്ന് റിപ്പോര്‍ട്ടുകളില്‍ വെള്ളംചേര്‍ക്കുന്ന പതിവില്ല. അവലോകനങ്ങളിലായിരുന്നു താല്‍പ്പര്യങ്ങള്‍ കടന്നുകൂടിയത്. ആഴ്ചാവലോകനത്തിലായിരുന്നു കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെയുള്ള ബോധപൂര്‍വമായ പ്രചാരവേല. സര്‍ക്കാരിന്റെ തുടക്കത്തില്‍ ഒന്നുമുണ്ടായിരുന്നില്ല. സര്‍ക്കാരിന്റെ നയങ്ങള്‍ സമ്പന്നതാല്‍പ്പര്യങ്ങളെ ഹനിക്കുമെന്നു വന്നപ്പോഴായിരുന്നു വിശ്വരൂപം പുറത്തെടുത്തത്. പട്ടം താണുപ്പിള്ളയുടെ അടുത്ത ആളുകളായിരുന്നു പ്രധാനപ്പെട്ട അന്നത്തെ മാധ്യമപ്രവര്‍ത്തകര്‍. സഭയിലെന്നും ഇംഗ്ളീഷില്‍ തകര്‍ക്കുന്ന പട്ടം താണുപ്പിള്ളയ്ക്ക് മന്ത്രി കൃഷ്ണയ്യര്‍ ഉരുളയ്ക്ക് ഉപ്പേരി കണക്കെ മറുപടി കൊടുത്തപ്പോള്‍ പിറ്റേന്ന് മാധ്യമങ്ങള്‍ക്ക് അദ്ദേഹം 'വായാടി കൃഷ്ണയ്യരാ'യി.

നട്ടാല്‍ മുളയ്ക്കാത്ത നുണകള്‍ നിരത്തുന്ന രീതി അന്നും മാധ്യമങ്ങള്‍ക്കുണ്ടായിരുന്നു. ആന്ധ്രാ അരി കുംഭകോണം ഇത്തരത്തില്‍ വാര്‍ത്തെടുത്ത വിവാദമായിരുന്നു. വിവിധ താല്‍പ്പര്യങ്ങളോടെ മിക്ക പത്രങ്ങളും ഇത് ഏറ്റുപിടിച്ചു. ഒഴിവാക്കാവുന്ന ചെറിയ നഷ്ടം എന്നതാണ് പ്രതിപക്ഷം കണ്ടുപിടിച്ച സര്‍ക്കാരിനെതിരെയുള്ള വലിയ കുറ്റം. കുംഭകോണമായി ഇതിനെ ഊതിവീര്‍പ്പിച്ചു. വേറെ സ്ഥലത്തുനിന്ന് വാങ്ങിച്ചിരുന്നുവെങ്കില്‍ കുറച്ചുകൂടി കുറഞ്ഞ വിലയ്ക്ക് കിട്ടുമെന്നായിരുന്നു വാദം. അന്ന് സഭയില്‍ 'ജിഞ്ചര്‍ ഗ്രൂപ്പ്' നടത്തിയ പ്രസംഗങ്ങള്‍ സഭയില്‍ പ്രതിപക്ഷം നടത്തിയ പോരാട്ടങ്ങളെയെല്ലാം ദുര്‍ബലമാക്കി. ഈ പ്രസംഗങ്ങള്‍ സര്‍ക്കാരിന്റെ നിലപാട് വിശദീകരിക്കുന്നതിന് ലഘുലേഖകളായി ഉപയോഗിച്ചു. മൌലികമാറ്റങ്ങള്‍ കൊണ്ടുവരാന്‍ തുടങ്ങിയതോടെയാണ് എല്ലാവരുടെയും കണ്ണിലെ കരടായി സര്‍ക്കാര്‍ മാറിയതും പത്രങ്ങള്‍ ആഞ്ഞടിച്ചതും. നേതാക്കള്‍ക്കെതിരെയും മന്ത്രിമാര്‍ക്കെതിരെയും ഉയര്‍ന്ന നുണപ്രചാരണങ്ങളെ അവര്‍ പെരുപ്പിച്ചുകാട്ടി. വിദേശമാധ്യമങ്ങളുടെ സാന്നിധ്യം അതുവരെ കേരളത്തില്‍ അത്യപൂര്‍വമായിരുന്നു. ലോകത്താദ്യമായി കമ്യൂണിസ്റ്റ്് സര്‍ക്കാര്‍ അധികാരത്തിലേറിയ സംസ്ഥാനം എന്ന നിലയിലായിരുന്നു അന്നത്തെ അവരുടെ വരവ്.

കടംവീട്ടിയത് പാര്‍ടി

ഇല്ലായ്മയുടെ വിഷമങ്ങള്‍ ശരിക്കുമറിഞ്ഞായിരുന്നു മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ഓരോ ദിവസവും. 500 രൂപയാണ് മന്ത്രിമാരുടെ വേതനം. ഇതില്‍ 350 രൂപ പാര്‍ടിക്ക്. എംഎല്‍എമാരുടെ വേതനമാകട്ടെ 120 രൂപ. ലെവിയെല്ലാം കഴിഞ്ഞ് കിട്ടുന്ന തുകകൊണ്ടാണ് ജീവിതം. പറ്റുകാരായി മാറുന്ന പുതിയ എംഎല്‍എമാര്‍ സേവ്യേഴ്സ് ഹോട്ടലിലുള്ളവര്‍ക്ക് അത്ഭുതമായിരുന്നു. 'പറ്റി'നെ സംബന്ധിച്ച് ഒരു തമാശതന്നെയുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാരെ ഇക്കാര്യത്തിലെങ്കിലും അനുകരിക്കണമെന്നായിരുന്നു ഞങ്ങളുടെ കഷ്ടപ്പാടു കണ്ട് സേവ്യേഴ്സിലെ ജീവനക്കാരുടെ ആവശ്യം. നിവേദനം നല്‍കാന്‍ വരുന്നവരായിരുന്നു ഊഴമിട്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഊണിന്റെ കാശ് നല്‍കിയത്. നിവേദനക്കാര്‍- ചിലപ്പോള്‍ നാലും അഞ്ചും പേര്‍- ഭക്ഷണത്തിന്റെ തുക ഹോട്ടലില്‍ നല്‍കും. ബാക്കി തുകയെല്ലാം പിന്നീട് അഡ്ജസ്റ്റ് ചെയ്യും.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വീട്ടില്‍ പോയാല്‍ ഒരു കപ്പ് ചായപോലും കിട്ടില്ല. പിശുക്കന്‍മാരായതുകൊണ്ടൊന്നുമല്ല. ചായ വാങ്ങിച്ചു കൊടുക്കാനൊന്നും കിട്ടുന്ന വേതനം തികയാത്തതിനാല്‍ ആഗ്രഹിച്ചിട്ടും കാര്യവുമില്ല. തമ്പിസാര്‍ (സ്പീക്കര്‍ ശങ്കരനാരായണന്‍ തമ്പി), മന്ത്രി പി കെ ചാത്തന്‍ എന്നിവരുടെ ചായക്കടപ്പറ്റ് തീര്‍ത്തത് പാര്‍ടി ഓഫീസില്‍നിന്നാണ്. തമ്പിസാര്‍ ഇത്തിരി ലാവിഷായിരുന്നു. ചെല്ലുന്ന എല്ലാവര്‍ക്കും ചായവാങ്ങിച്ചുകൊടുക്കും. അതായിരുന്നു അദ്ദേഹത്തിന്റെ അധികച്ചെലവ്.

'ജിഞ്ചര്‍ ഗ്രൂപ്പ് '

ഞങ്ങള്‍ ചെറുപ്പക്കാരായ എംഎല്‍എമാര്‍ അന്ന് ഒരു സെറ്റായിരുന്നു. ചില പത്രക്കാര്‍ ജിഞ്ചര്‍ ഗ്രൂപ്പ് എന്ന് ഞങ്ങള്‍ക്ക് പേരിട്ടു. ആദ്യം അനുഭവമില്ലാത്തവര്‍ എന്നായിരുന്നു ആക്ഷേപം. പട്ടം ഉള്‍പ്പെടെയുള്ള മഹാരഥന്മാര്‍ക്കെതിരെ പൊരുതിയപ്പോള്‍ ഞങ്ങളെ അവഗണിക്കാന്‍ പറ്റാതായി. പിന്നെ വിളിച്ചതാണ് ആ പേര്. വാലറ്റക്കാര്‍ എന്നും വിളിച്ചു. മഹത്തായ ഒരഭിലാഷത്തിന്റെ ഭാഗമായ ഒരു സര്‍ക്കാരിനെയാണ് സംരക്ഷിക്കേണ്ടതെന്ന ബോധം യുവാക്കളാണെങ്കിലും ഞങ്ങള്‍ക്കുണ്ടായിരുന്നു. പയറ്റിത്തെളിഞ്ഞ പാര്‍ലമെന്റേറിയന്മാരായിരുന്നു പ്രതിപക്ഷത്ത്. എന്നാല്‍ ഒരിടത്തും പതറിയില്ല. സേവ്യേഴ്സിന്റെ മുകളില്‍ തോപ്പില്‍ ഭാസി, എന്‍ രാജഗോപാലന്‍നായര്‍, വെളിയം ഭാര്‍ഗവന്‍ എന്നിവര്‍ക്കൊപ്പമാണ് എന്റെ താമസം. താഴെ പി ഗോവിന്ദപ്പിള്ള, കരുനാഗപ്പള്ളി എംഎല്‍എ കാര്‍ത്തികേയന്‍, പന്തളം പി ആര്‍ എന്നിവരും. രണ്ടംഗങ്ങളുടെ ഭൂരിപക്ഷത്തിലാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍. മഹാരഥന്മാരായ പ്രതിപക്ഷത്തെ താപ്പാനകളെ തളയ്ക്കാനുള്ള എല്ലാ വഴികളും കൂട്ടായി ആലോചിക്കാറുണ്ട്. ചോദ്യോത്തരവേളയിലെ ചോദ്യങ്ങളെല്ലാം പഠിക്കും. ഉപചോദ്യങ്ങള്‍ക്കുവരെ കണക്കുകൂട്ടിയുള്ള ഗൃഹപാഠങ്ങള്‍. രാത്രി വൈകുംവരെ ജിഞ്ചര്‍ ഗ്രൂപ്പിന്റെ മുറിയില്‍ തയ്യാറെടുപ്പുകളായിരുന്നു. പത്രങ്ങള്‍ കമ്യൂണിസ്റ്റ്വിരുദ്ധ മനസ്സോടെ ഞങ്ങള്‍ക്കെതിരെ ഇന്നത്തേതിനു സമാനമായ രീതിയില്‍ എഴുതിക്കൊണ്ടിരുന്നു. ഒന്നും ഗൌനിച്ചില്ല.

മഹത്തായ മന്ത്രിസഭ

ഇനിയെപ്പോഴെങ്കിലും ഇതുപോലൊരു മന്ത്രിസഭ ഉണ്ടാകുമോയെന്നറിയില്ല. ഒന്നിനൊന്നു മികച്ചവരായിരുന്നു ആദ്യ മന്ത്രിസഭയിലെ അംഗങ്ങളെല്ലാം. ഇ എം എസ് എന്ത് പറയുന്നുവെന്നറിയാന്‍ എല്ലാവരും ശ്രദ്ധിച്ചിരുന്നു. എതിരാളികളെപ്പോലും കുരുക്കിലാക്കുന്ന ടി വി തോമസ്. സി അച്യുതമേനോനെപ്പോലെ സമര്‍ഥനായ ഭരണാധികാരി, മുണ്ടശേരി, കൃഷ്ണയ്യര്‍, ഡോ. എ ആര്‍ മേനോന്‍... ആ മന്ത്രിസഭയുടെ അടയാളങ്ങള്‍ കേരളത്തിന്റെ മണ്ണിലെന്നും ഉണ്ടാകും. സാമൂഹ്യനീതി, കൃഷിക്കാരന് കൃഷിഭൂമി, കര്‍ഷകത്തൊഴിലാളിക്ക് നിജപ്പെടുത്തിയ കൂലി, സമ്പത്തിന്റെ നീതിപൂര്‍ണമായ വിതരണം... കേരള വികസനമാതൃകയുടെ അടിത്തറ പാകിയത് ഞാന്‍ അംഗമായ കമ്യൂണിസ്റ്റ് പാര്‍ടിയിലൂടെയാണല്ലോയെന്ന അഭിമാനം എന്നുമുണ്ടാകും. അതിന് ചിതയൊരുക്കിയവരും ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും; മായാ കളങ്കത്തിന്റെ കറുത്ത പാടുകളായി.

***


അനില്‍ ജി ടി കെ

കടപ്പാട് : ദേശാഭിമാനി വാരാന്തപ്പതിപ്പ്

Saturday, August 1, 2009

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ദുരന്തപരിണാമങ്ങള്‍ എം ആര്‍ മസാനി മുതല്‍ വീരേന്ദ്രകുമാര്‍ വരെ

"അണ്ടിയോടടുക്കുമ്പോഴാണ് മാങ്ങയുടെ പുളിയറിയുക'' എന്നൊരു പഴഞ്ചൊല്ലുണ്ടല്ലോ. അതേ പോലെ രാജ്യവും ജനങ്ങളും നേരിടുന്ന അടിസ്ഥാനപ്രശ്‌നങ്ങളോട് അടുക്കുമ്പോഴാണ് ഓരോ രാഷ്‌ട്രീയപ്രസ്ഥാനത്തിന്റെയും അതിന്റെ നേതാക്കളുടേയും യഥാര്‍ത്ഥ സ്വഭാവം വെളിച്ചത്താവുക. ഇന്ത്യ അതിന്റെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ ഏറ്റവും അപമാനകരമായൊരുരാഷ്‌ട്രീയ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. അമേരിക്കയുടെ ചോദ്യം ചെയ്യപ്പെടാനാവാത്ത അടിമത്തകരാറുകളും ഉടമ്പടികളും സാമ്പത്തിക പരിഷ്‌ക്കാരങ്ങളും അടിച്ചേല്പ്പിക്കപ്പെടുകയാണ്. 15-ാം ലോകസഭാതിരഞ്ഞെടുപ്പിലെ ജനവിധിയുടെ അനുകൂലമായ സാഹചര്യം ഉപയോഗിച്ച് നവലിബറല്‍ നയങ്ങള്‍ തീവ്രഗതിയില്‍ നടപ്പാക്കുകയാണ് മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍. രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും അമേരിക്കയ്ക്ക് അടിയറവെക്കുന്ന 123 കരാറും ഹൈഡ് ആൿടുമെല്ലാം വിവാദപരമായിത്തീര്‍ന്ന സാഹചര്യത്തിലായിരുന്നല്ലോ ജനതാദള്‍കൂടി ഉള്‍പ്പെട്ട ഇടതുപക്ഷം യു പി എ സര്‍ക്കാരിനു നൽ‌കിയ പിന്തുണ പിന്‍വലിക്കേണ്ടിവന്നത്.

ഇത്തരമൊരു ദേശീയസാഹചര്യമായിരുന്നല്ലോ സമാജ്‌വാദി പാര്‍ട്ടിയില്‍ ലയിച്ച് കോണ്‍ഗ്രസ്സ് മുന്നണിയിലേക്ക് ചേക്കേറാനുള്ള വീരേന്ദ്രകുമാറിന്റെ കരുനീക്കങ്ങള്‍ അന്ന് ഉപേക്ഷിക്കാന്‍ ജനദാദളിനെ നിര്‍ബ്ബന്ധിച്ചത്. ആഗോളവല്‍ക്കരണനയങ്ങളോടും ആണവകരാറിനോടുമെടുത്ത തങ്ങളുടെ ആദര്‍ശാധിഷ്ഠിത നിലപാട് മാറ്റിവെച്ചുകൊണ്ട് സമാജ്‌വാദി പാര്‍ട്ടിയുമായൊരു ലയനം അണികളെ ബോധ്യപ്പെടുത്താന്‍ ബുദ്ധിമുട്ടാവുമെന്നതുകൊണ്ടുതന്നെയാണ് വീരേന്ദ്രകുമാര്‍ എല്‍ ഡി എഫില്‍ ഉറച്ച് നിന്നതും ആണവ കരാറിനെതിരെ ആഞ്ഞടിച്ചതും. വിശ്വാസവോട്ടെടുപ്പ് വേളയില്‍ അദ്ദേഹം പാര്‍ലിമെന്റില്‍ കുഴഞ്ഞുവീഴുകവരെയുണ്ടായി!

കോഴിക്കോട് സീറ്റ് പ്രശ്‌നത്തെ വിവാദമാക്കിക്കൊണ്ട് കോണ്‍ഗ്രസ്സ് മുന്നണിയിലേക്ക് ചേക്കേറിയ വീരേന്ദ്രകുമാറിന്റെ രാഷ്‌ട്രീയനിലപാടുകളെ എങ്ങനെയാണ് ന്യായീകരിക്കാനാവുക. ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെ എഴുതിയും പ്രസംഗിച്ചും നടന്ന ഒരാള്‍ നവലിബറല്‍ നയങ്ങളുടെ ഒന്നാം നമ്പര്‍ നടത്തിപ്പുകാരുടെ കൂടെ ചേര്‍ന്ന് സി പി ഐ (എം)നും അതിന്റെ നേതാക്കള്‍ക്കുമെതിരെ അപവാദങ്ങള്‍ വിളിച്ചുപറഞ്ഞും പോര്‍വിളി നടത്തിയും വിഹരിക്കുന്നത് ജനതാദള്‍ അണികളുടെ കമ്യുണിസ്‌റ്റ് വിരോധമെന്ന മൂലധനബലത്തിലാണ്. കുടിവെള്ളചൂഷണം മുതല്‍ ബാങ്കിംഗ്-ഇന്‍ഷുറന്‍സ് മേഖലകളിലും ഭക്ഷ്യസംസ്‌ക്കരണരംഗത്തും കാര്‍ഷികരംഗത്തുമെല്ലാം കടന്നുവരുന്ന കോര്‍പറേറ്റ് അധിനിവേശത്തെക്കുറിച്ച് മലയാളികളെ ഉദ്ബോധിപ്പിച്ച ഒരാള്‍ അത്തരം നയങ്ങളുടെ ഉപജാപകന്മാരും കാര്‍മ്മികരുമായ കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്ന് കമ്യൂണിസ്റ്റ്റുകാരെ പാഠംപഠിപ്പിക്കുമെന്ന് വീമ്പിളക്കുകയാണ്. സ്വന്തം പ്രസ്ഥാനത്തിന്റെ ആദര്‍ശാത്മകനിലപാടുകളെ അത്തിമരത്തില്‍വെച്ച് ഇദ്ദേഹമിപ്പോള്‍ ജനതാദളിനെ മുതലപ്പുറത്ത് കയറ്റി നിറയെ ചുഴികളും അടിയൊഴുക്കുകളും നിറഞ്ഞ കോണ്‍ഗ്രസ് മുന്നണിയിലേക്ക് യാത്രയാക്കുകയാണ്. മുതലയെപറ്റിച്ച് അത്തിമരത്തിലേക്ക് തിരിച്ചുപോന്ന പഴങ്കഥയിലെ കുരങ്ങന്റെ ബുദ്ധി പ്രസിദ്ധമാണല്ലോ. ഇടതുപക്ഷമുന്നണിയിലെ അനൈക്യത്തെയും സി പി ഐ (എം)ന്റെ വല്യേട്ടന്‍ മനോഭാവത്തെയുംകുറിച്ച് തന്റെ നിയന്ത്രണത്തിലുള്ള പത്രത്തില്‍ തുടര്‍ക്കഥകളും, ഗോസിപ്പുകളും നിരത്തി ദ്രോഹകരമായ കോണ്‍ഗ്രസ്സിന്റെ നയങ്ങളോട് സന്ധിയാവുന്ന അവസരവാദരാഷ്‌ട്രീയത്തെ ഏറെക്കാലമൊന്നും വീരേന്ദ്രകുമാറിന് മുന്നോട്ടുകൊണ്ടുപോകാനാവില്ല. നേതൃത്വം സ്വീകരിച്ച അവസരവാദപരമായ നിലപാടുകളാണ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രപരമായ ദുരന്തങ്ങള്‍ക്ക് കാരണമായത്. ബ്രിട്ടീഷ് വിരുദ്ധസമരകാലം മുതല്‍ ജനതാപാര്‍ട്ടി പരീക്ഷണംവരെയുള്ള ചരിത്രാനുഭവങ്ങള്‍ അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്നത് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിന്റെ അവസരവാദപരവും കമ്യൂണിസ്റ്റ് വിരോധത്തിലൂന്നുന്നതുമായ നിലപാടുകളാണ് എല്ലാക്കാലത്തും വലതുപക്ഷവര്‍ഗ്ഗീയ ശക്തികള്‍ക്ക് വളം വെച്ചിട്ടുള്ളത് എന്നാണ്.

കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കാലം മുതല്‍ ഇന്ത്യയിലെ ബൂര്‍ഷ്വാസോഷ്യലിസ്റ്റ് നേതൃത്വം സ്വീകരിച്ചുപോന്ന സോവിയറ്റ്വിരുദ്ധതയും കമ്യൂണിസ്റ്റ് വിരോധവും കുപ്രസിദ്ധമാണല്ലോ. സ്വാതന്ത്ര്യാനന്തര കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനുമിടയില്‍ വ്യക്തമായൊരു രാഷ്‌ട്രീയനിലപാട് സ്വീകരിക്കാന്‍ കഴിയാതെപോയതാണ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ശിഥിലീകരണത്തിന് വഴിയൊരുക്കിയത്. എം ആര്‍ മസാനിയുടെ കമ്യൂണിസ്റ്റ് വിരുദ്ധനിലപാടുകളോട് സമരം ചെയ്ത് കമ്യൂണിസ്‌റ്റുകാരുമായി സഹകരിച്ചുകൊണ്ടൊരു പ്രതിപക്ഷം കെട്ടിപ്പടുക്കാനാണ് ജയപ്രകാശ് നാരായണനെപ്പോലുള്ള നേതാക്കള്‍ ശ്രമിച്ചത്. കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടെടുത്ത ചരിത്രസന്നര്‍ഭങ്ങളിലെല്ലാം സോഷ്യലിസ്‌റ്റുകള്‍ ശിഥിലമാകുന്നതാണ് കണ്ടത്. ഇപ്പോള്‍ ജനതാദള്‍ സ്വീകരിച്ചിരിക്കുന്ന കോണ്‍ഗ്രസ് അനുകൂലനിലപാടുകള്‍ ആത്മഹത്യാപരമാണെന്ന് ചരിത്രബോധമുള്ള എല്ലാവര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. വീരേന്ദ്രകുമാറിന്റെ മലക്കം മറിച്ചിലുകള്‍ കേരളത്തിലെ ആഗോളവല്‍ക്കരണവിരുദ്ധ പ്രസ്ഥാനങ്ങളെ ദുര്‍ബ്ബലപ്പെടുത്തുന്നതും വലതുപക്ഷ രാഷ്‌ട്രീയത്തെ സേവിക്കുന്നതുമാണെന്ന് ജനതാദള്‍ പ്രസ്ഥാനത്തിലെ സാധാരണപ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടതുണ്ട്.

കേരളത്തിലെതന്നെ സോഷ്യലിസ്റ്റ് പ്രസ്ഥാനം എസ് പിയും കെ എസ് പിയും എസ് എസ് പിയുമെല്ലാമായി ശിഥിലമായതും രൂപപരിണാമങ്ങള്‍ക്ക് വിധേയമായതും കോണ്‍ഗ്രസ് അനുകൂലനിലപാട് മൂലമാണ്. 1970 കളില്‍ സോഷ്യലിസ്റ്റ്പാര്‍ട്ടിയിലെ ഒരു വിഭാഗം കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതിന്റെ പരിണതഫലമെന്തായിരുന്നുവെന്ന് ജനതാദള്‍ പ്രവര്‍ത്തകര്‍ അന്വേഷിക്കണം. കോണ്‍ഗ്രസ് വിരുദ്ധ നിലപാടുകളില്‍ കെട്ടിപ്പടുത്ത പ്രസ്ഥാനത്തിലെ അണികളില്‍ വലിയൊരുവിഭാഗം ആര്‍ എസ് എസ്സിലേക്കെത്തിച്ചേരുകയായിരുന്നു. മലബാറിലെ ഇന്നത്തെ ആര്‍ എസ്സ് എസ് കേന്ദ്രങ്ങളെല്ലാം പഴയസോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനമേഖലകളായിരുന്നു. പി ആര്‍ കുറുപ്പിന്റെ ജന്മസ്ഥലമായിരുന്ന പാനൂര്‍ ഉള്‍പ്പെടെ കണ്ണൂര്‍ ജില്ലയില്‍ ആര്‍ എസ് എസ്സിന് വേരോട്ടമുണ്ടാക്കിയത് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിന്റെ രാഷ്‌ട്രീയ മലക്കം മറിച്ചിലുകളാണ്. ഇടതുപക്ഷ ജനാധിപത്യനിലപാടുകളെ കയ്യൊഴിഞ്ഞ് താല്‍ക്കാലികമായ ക്ഷോഭത്തിന്റെയോ സങ്കുചിതമായ രാഷ്‌ട്രീയ താത്പര്യങ്ങളുടേയോ പ്രേരണയാല്‍ എടുക്കുന്ന അവസരവാദ നിലപാടുകള്‍ ആഗോളവത്ക്കരണവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് ഒരിക്കലും അംഗീകരിക്കാനാവുന്നതല്ല. മാത്രമല്ല ഇന്ത്യയുടെ സവിശേഷസാഹചര്യത്തില്‍ അത്തരം നിലപാടുകള്‍ വര്‍ഗ്ഗീയഫാസിസത്തിനുഗുണമായി പരിണമിക്കുന്നതാണെന്നതാണ് ദു:ഖകരമായ യാഥാര്‍ത്ഥ്യം.

വര്‍ഗ്ഗീയകലാപങ്ങള്‍കൊണ്ട് കുപ്രസിദ്ധമായ മഹാരാഷ്‌ട്രയിലെ മാലെഗാവ് മുമ്പ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനമേഖലയായിരുന്നു. ചരിത്രപരമായ കാരണങ്ങളാല്‍ ശിവസേനയും ആര്‍ എസ് എസും ഈ പ്രദേശത്തെ മുസ്ളീങ്ങള്‍ക്കെതിരെ കലാപം അഴിച്ചു വിടാന്‍ എല്ലായ്പ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു. ഛത്രപതി ശിവജിയെ തടവിലാക്കിയ ഔറംഗസീബിന്റെ പടനായകന്‍ അഫ്‌സല്‍ഘാന്‍ ജനിച്ചത് മലെഗാവിലായിരുന്നു. ഹിന്ദുത്വവാദികള്‍ മലെഗാവിലെ മുസ്ളീങ്ങളെ അഫ്‌സല്‍ഘാന്റെ പിന്തുടര്‍ച്ചക്കാരായിട്ടാണ് ചിത്രീകരിച്ചുപോരുന്നത്. വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടെ എല്ലാകുത്തിത്തിരുപ്പുകളെയും രണ്ടുദശാബ്ദക്കാലം മുമ്പുവരെ മലെഗാവിലെ ഹിന്ദുക്കളും മുസ്ളീങ്ങളും ഒന്നിച്ചുനിന്ന് എതിരിട്ടിരുന്നു. മതേതരരാഷ്‌ട്രീയത്തിന് ഈ പ്രദേശത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടി വഴി സ്വാധീനം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നു. നിഹില്‍ അഹമ്മദ് എന്ന സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവാണ് സ്ഥിരമായി മലെഗാവ് മണ്ഡലത്തെ മഹാരാഷ്‌ട്ര അസംബ്ളിയില്‍ പ്രതിനിധീകരിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം സോഷ്യലിസ്റ്റ് പാര്‍ട്ടിവിടുകയും പല സോഷ്യലിസ്റ്റ് നേതാക്കളും കോണ്‍ഗ്രസ്സിലേക്ക് ചേക്കേറുകയും ചെയ്തതതോടെ ശക്തമായ കോണ്‍ഗ്രസ് വിരുദ്ധ രാഷ്‌ട്രീയം നിലനിന്നിരുന്ന ഈ പ്രദേശം ആര്‍ എസ് എസ്സിന്റെ സ്വാധീനവലയത്തിലാകുകയായിരുന്നു. ബാബറി മസ്‌ജിദ് സംഭവത്തോടെ മാലെഗാവ് ഇരുവര്‍ഗ്ഗീയതയുടെയും വിളയാട്ടരംഗമായി മാറുകയായിരുന്നു. മതേതരരാഷ്‌ട്രീയത്താലും തൊഴിലാളിസംഘടനകളാലും വര്‍ഗ്ഗീയതയെ പ്രതിരോധിച്ചിരുന്ന മലെഗാവിലെ ജനങ്ങളെ കോണ്‍ഗ്രസിന്റെ ആലയില്‍ കൊണ്ടുപോയി കെട്ടിയിടാന്‍ സോഷ്യലിസ്റ്റ് നേതാക്കള്‍ കളിച്ച അവസരവാദരാഷ്‌ട്രീയത്തിന്റെ കൂടി ദുരന്തഫലമാണിന്നത്തെ അവിടുത്തെ സ്ഫോടനാത്മകമായ സ്ഥിതിവിശേഷം.

കേരളത്തിലെ ഇടതുപക്ഷമുന്നണിക്ക് നേതൃത്വം നല്‍കുന്ന സി പി ഐ (എം)ന്റെ ജനാധിപത്യവിരുദ്ധ നിലപാടുകളോടുള്ള പ്രതികരണമെന്ന നിലയിലാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വേണ്ടി കുഴലൂത്ത് നടത്തിയതെങ്കില്‍, രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന രാഷ്‌ട്രീയമായ നിലപാടുകളും ആശയാദര്‍ശങ്ങളും ഒരു പ്രതികാരവാഞ്ഛക്കുവേണ്ടി വലിച്ചെറിയാവുന്നത്ര നിസ്സാരമാണോ? സാമ്രാജ്യത്വത്തിന്റെ നവലിബറല്‍ നയങ്ങള്‍ ജീവകോശങ്ങളെപോലും പേറ്റന്റ് ചെയ്യുന്ന ആസുരകാലത്തെകുറിച്ച് എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയും നടത്തിയ ആശങ്കകള്‍ ഒരു പാര്‍ലമെന്റ് സീറ്റിന്റെ തര്‍ക്കത്തോളം മാത്രം ആയുസ്സ് ഉള്ളതാണെന്നാണോ നാം മനസ്സിലാക്കേണ്ടത്.

ബൂര്‍ഷ്വാസോഷ്യലിസ്‌റ്റുകള്‍ക്ക് തങ്ങളുടെ ആദര്‍ശങ്ങളോട് അത്രയേകൂറുള്ളുവെന്ന് എം ആര്‍ മസാനി മുതല്‍ ഇപ്പോള്‍ വീരേന്ദ്രകുമാര്‍ വരെ നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ബൂര്‍ഷ്വാ പാര്‍ലിമെന്ററി വ്യവസ്ഥക്കകത്തെ അധികാരം പങ്കുവെയ്‌ക്കുന്നതിലെ അവസരങ്ങളെക്കുറിച്ചല്ലാതെ ജനതയുടെ അടിസ്ഥാനപ്രശ്‌നങ്ങളെക്കുറിച്ച് ഇത്തരക്കാര്‍ ഒരിക്കലും പ്രതിബദ്ധരെല്ലന്ന് സ: ഇ എം എസ് നിരീക്ഷിക്കുന്നുണ്ട്.

കോണ്‍ഗ്രസ്സിനും ബി ജെ പിക്കും ബദലായ ഒരു ബൂര്‍ഷ്വാപാര്‍ലിമെന്ററി പാര്‍ട്ടി എന്ന ധര്‍മ്മംപോലും നിര്‍വ്വഹിക്കാനാവാത്തവിധം ഇന്ത്യയിലെ സോഷ്യലിസ്‌റ്റ് പ്രസ്ഥാനം അപചയവിധേയമായിരിക്കുന്നു. ജോര്‍ജ്ജ് ഫെര്‍ണാണ്ടസും നിധീഷ്‌കുമാറും പോലുള്ളവര്‍ ബി ജെ പിയുടെ ഭ്രമണപഥത്തിലാണ്. എഴുപതുകളിലെ ജയപ്രകാശ് നാരായണന്റെ വിപ്ളവപരിപാടിയില്‍നിന്ന് ഊര്‍ജ്ജം വലിച്ചെടുത്ത് ദേശീയ രാഷ്‌ട്രീയരംഗത്ത് ശക്തമായ സാന്നിധ്യമറിയിച്ച ലാലുവും ബൂര്‍ഷ്വാപാര്‍ലിമെന്ററി രാഷ്‌ട്രീയത്തിന്റെ യാതൊരു തത്വദീക്ഷയുമില്ലാത്ത അധികാരക്കളിയിലാണ്. വര്‍ഗ്ഗസമരത്തിന് പകരം വര്‍ണ്ണസമരം വിഭാവനം ചെയ്ത ലോഹ്യയുടെ അനുയായികള്‍ ജാതിരാഷ്‌ട്രീയം കളിച്ച് പാര്‍ലിമെന്ററിപദവികള്‍ക്കായി മത്സരിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

വ്യക്തമായ രാഷ്‌ട്രീയ നിലപാടുകളുടെയും സാമ്രാജ്യത്വവിരുദ്ധവീക്ഷണത്തിന്റെയും അഭാവത്തില്‍ ഈ പഴയ സോഷ്യലിസ്‌റ്റ് വിഭാഗങ്ങളെല്ലാം കോണ്‍ഗ്രസ്സിന്റെയും ബി ജെ പിയുടെയും പാശ്വവര്‍ത്തികളോ കുഴലൂത്തുകാരോ ആയി നാനാവിധമായിരിക്കുകയാണ്. യുറോപ്പിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളെപ്പോലെ പാര്‍ലിമെന്ററിരംഗത്ത് തന്ത്രപരമായ നീക്കങ്ങള്‍ നടത്തുന്നതിലപ്പുറം ബഹുജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടുന്ന സമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന സമീപനങ്ങളൊന്നും സോഷ്യലിസ്റ്റ് ഗ്രൂപ്പുകള്‍ക്കിന്നില്ല. കമ്യൂണിസ്‌റ്റുകളെ സംബന്ധിച്ചിടത്തോളം അത് മുന്നോട്ടുവെയ്ക്കുന്ന ജനകീയ ജനാധിപത്യവിപ്ളവപരിപാടിയെ ലക്ഷ്യത്തിലെത്തിക്കാനുള്ള അടവുപരമായ സമീപനമെന്ന നിലയിലാണ് തിരഞ്ഞെടുപ്പുകളില്‍ ഇടപെടുന്നത്. പാര്‍ലിമെന്റേതരപ്രവര്‍ത്തനങ്ങളുടെ ഭാഗവും തുടര്‍ച്ചയുമെന്നനിലയിലാണ് കമ്യൂണിസ്‌റ്റുകാര്‍ പാര്‍ലിമെന്ററിസമരത്തെ കാണുന്നത്. ജനകീയ ജനാധിപത്യ വിപ്ളവപ്രക്രിയയിലേക്കെത്തിച്ചേരാനുള്ള പ്രവര്‍ത്തനമെന്ന നിലയിലാണ് തിരഞ്ഞെടുപ്പ് മുന്നണി ബന്ധങ്ങളെയും അതിനാവശ്യമായ അടവുനയങ്ങളെയും കമ്യൂണിസ്‌റ്റുകാര്‍ രൂപപ്പെടുത്തുന്നത്. അതില്‍ വരുന്നപാളിച്ചകളും തെറ്റുകളും കണ്ടെത്തിയും കലവറയില്ലാതെ തുറന്നുപറഞ്ഞുമാണ് കമ്യൂണിസ്‌റ്റുകാര്‍ മുന്നോട്ടുപോകുന്നത്.

എന്നാല്‍ വ്യക്തമായ നയമോ ലക്ഷ്യമോ ഇല്ലാത്ത ബൂര്‍ഷ്വാസോഷ്യലിസ്‌റ്റുകള്‍ എപ്പോഴും തൊഴിലാളിവര്‍ഗ്ഗപ്രസ്ഥാനങ്ങള്‍ക്കെതിരെ ഉപജാപങ്ങളും കുത്തിത്തിരിപ്പുകളും നടത്തിക്കൊണ്ടിരിക്കും. വീരേന്ദ്രകുമാര്‍ കമ്യൂണിസ്റ്റ്വിരുദ്ധ മാധ്യമങ്ങളുടെ സഹായത്തോടെ നടത്തിക്കൊണ്ടിരിക്കുന്ന നുണപ്രചാരണങ്ങള്‍ വ്യക്തിപരമായ സ്വഭാവവിശേഷമെന്നതിലുപരി രണ്ടാമത്തെ ഇന്റര്‍നാഷണലിന്റെ (രണ്ടാം ഇന്റര്‍ നാഷണലിന്റെ പരിഷ്‌ക്കാരങ്ങളുടെ നിലപാടുകളുടെ തുടര്‍ച്ച) കമ്യൂണിസ്റ്റ് വിരുദ്ധ ഗുഢാലോചനയുടെ തുടര്‍ച്ചയാണ്. കോണ്‍ഗ്രസ് വിരുദ്ധമായ ഒരു രാഷ്‌ട്രീയ ബദലിന്റെ സന്ദിഗ്ധത കമ്യൂണിസ്റ്റ് വിരുദ്ധമായ പ്രത്യയശാസ്‌ത്രവിചാരത്തിന്റെ വിഷമവൃത്തത്തിലും പെട്ടുപോയ ഇന്ത്യയിലെ സോഷ്യലിസ്‌റ്റുകള്‍ ദുഷിപ്പും ഉപജാപവുംകൊണ്ട് എതിരാളികളെ നേരിട്ടവരാണ്. മാതൃഭൂമിയുടെ ലേഖകനായിരുന്ന പരേതനായ എം ബാലകൃഷ്ണക്കുറുപ്പ് "സോഷ്യലിസ്റ്റുകളെ''കുറിച്ച് നടത്തിയ നിരീക്ഷണം ഒരു മുതിര്‍ന്ന പാര്‍ട്ടി സഖാവ് ഈ ലേഖകന്റെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. ഞങ്ങളുടെയൊക്കെ ആദരണീയനായ സുഹൃത്തായിരുന്നു ബാലകൃഷ്ണക്കുറുപ്പ്. ദുഷിപ്പും നുണയും ഈയുള്ള ലോകത്ത് നിലനിൽ‌ക്കുന്ന കാലത്തോളം "സോഷ്യലിസ്റ്റുകള്‍ക്ക് നിലനിൽക്കാനാവുമെന്നായിരുന്നു ബാലകൃഷ്ണകുറുപ്പിന്റെ നിരീക്ഷണം. ഇത് ആത്മനിഷ്ഠമായൊരു നിരീക്ഷണമാകാം. പക്ഷെ 30 കളിലും 50 കളിലും സാര്‍വ്വദേശീയതലത്തില്‍ തന്നെ ഉപജാപങ്ങളും ഗൂഢാലോചനകളും നടത്തിയാണ് ഇന്റര്‍നാഷണല്‍ എന്നുവിളിക്കുന്ന സോഷ്യലിസ്റ്റ് ഇന്റര്‍ നാഷണലിലെ അംഗപാര്‍ട്ടികളെല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടികളെ വേട്ടയാടിയത്. എം ആര്‍ മസാനിയെപോലുള്ളവര്‍ ഇന്ത്യയില്‍ ചെയ്‌തതുമതാണ്. എന്നാല്‍ ജയപ്രകാശിനെ പോലുള്ളനേതാക്കള്‍ കമ്യൂണിസ്റ്റുകാരുമായി സഹകരിച്ച് പോകുന്ന നിലപാടുകള്‍ക്കുവേണ്ടി വാദിച്ചവരായിരുന്നു. ലോഹ്യയെപ്പോലുള്ളവര്‍ ജയപ്രകാശിന്റെ കൂടെ നിന്നവരായിരുന്നുവെങ്കിലും പലപ്പോഴും ചാഞ്ചാടിക്കളിച്ചിട്ടുണ്ട്.

ഈയൊരു ചരിത്രപരവും രാഷ്‌ട്രീയവുമായ പശ്ചാത്തലത്തില്‍വേണം വീരേന്ദ്രകുമാറിന്റെ നിലപാടുകളെ കാണേണ്ടത്. ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ സാമൂഹ്യനീതിക്കും ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെയുമുള്ള ഇടതുപക്ഷനിലപാടുകളുടെ കൂടെ നിന്നതാണ് ജനതാദളിനെ സമീപകാലത്ത് പ്രസക്തമാക്കിയത്. ഉറച്ച ആഗോളവല്‍ക്കരണവിരുദ്ധ നിലപാടുകള്‍ എടുക്കാന്‍ വര്‍ഗ്ഗപരമായ പരിമിതികള്‍കൊണ്ടുതന്നെ ബൂര്‍ഷ്വാരാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് കഴിയില്ല. ഗാട്ടിന്റെ കാണാച്ചരടുകളെക്കുറിച്ചും ഐ എം എഫ് - ലോകബാങ്ക് ചൂഷണത്തിന്റെ അദൃശ്യതയെക്കുറിച്ചും ഗിരിപ്രഭാഷണങ്ങള്‍ നടത്തിയ വീരേന്ദ്രകുമാര്‍ ചിദംബരത്തോടൊപ്പം സഹധനമന്ത്രിസ്ഥാനം പങ്കിട്ടത് ബദല്‍ നയങ്ങള്‍ നടപ്പാക്കിക്കൊണ്ടല്ലല്ലോ. 1994 ല്‍ അന്നത്തെ ഐ എം എഫ് മേധാവിയായിരുന്ന മൈക്കേല്‍കാംഡെസെസ്സിനെ ഹസ്‌തദാനം ചെയ്‌ത് സ്വീകരിച്ച വീരേന്ദ്രകുമാര്‍ ഐ എം എഫിന്റെ ഘടനാപരമായ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കാന്‍ മടികാണിച്ചിട്ടില്ല. ഇപ്പോള്‍ ആഗോളവല്‍ക്കരണത്തിന്റെ കാണാവുന്ന ചരടുകളില്‍ കളിക്കുന്ന വീരേന്ദ്രകുമാര്‍ സങ്കുചിതമായ താത്പര്യങ്ങള്‍ക്കുവേണ്ടി സ്വന്തം പ്രസ്ഥാനത്തിനുതന്നെ മരണക്കുരുക്കൊരുക്കുകയാണ്.

ആഗോളവല്‍ക്കരണ നയങ്ങളുടെ നടത്തിപ്പുകാരായ കോണ്‍ഗ്രസ്- ബി ജെ പി മുന്നണിക്ക് ബദലായി ജനാധിപത്യമതനിരപേക്ഷ ബദല്‍ പടുത്തുയര്‍ത്തുകയെന്ന ഇടതുപക്ഷനിലപാടുകളുടെ കൂടെ നില്ക്കുകയെന്നതാണ് ജെ പിയുടേയും ലോഹ്യയുടെയും ആശയാദര്‍ശങ്ങള്‍ പിന്തുടരുന്നവര്‍ ചെയ്യേണ്ടത്, ഇടതുമുന്നണിക്കകത്ത് സംഭവിച്ച തര്‍ക്കങ്ങളെല്ലാം ജനാധിപത്യപരമായ രീതിയില്‍ പരിഹരിക്കാനാവശ്യമായ രാഷ്‌ട്രീയവിശാലതയാണിന്ന് ആവശ്യം.

*

കെ ടി കുഞ്ഞിക്കണ്ണന്‍, കടപ്പാട് : യുവധാര