Tuesday, November 2, 2010

ഒഞ്ചിയത്ത് സംഭവിച്ചത്

കേരളത്തില്‍ യുഡിഎഫ് തരംഗം എന്നും ഇടതുപക്ഷത്തിന്റെ അടിത്തറയിളകി എന്നും ആഘോഷം നടത്തിയവര്‍ ഇനി ഒരു കോഴിക്കോട് വരാനുണ്ടെന്ന് മിണ്ടിയതേയില്ല. കോഴിക്കോട്ടെ ഫലം ഇപ്പോള്‍ പൂര്‍ണമായി വന്നിരിക്കുന്നു. കോര്‍പറേഷനിലും മുനിസിപ്പാലിറ്റികളിലും പഞ്ചായത്തിന്റെ മൂന്നു തട്ടിലും എല്‍ഡിഎഫുതന്നെ. അടിത്തറയൊന്നും എവിടെയും ഇളകിയിട്ടില്ല. ഒഞ്ചിയത്ത് പാര്‍ടി തോറ്റുപോയി; അതുകൊണ്ട് തിരിച്ചടി എന്നാണ് പുതിയ വിശകലനം. ഒഞ്ചിയം വിപ്ളവത്തിന്റെ മണ്ണാണ്. അവിടെ സിപിഐ എം പരാജയപ്പെടുന്നത് കമ്യൂണിസ്റുകാരെ ദുഃഖിപ്പിക്കും. ഇത്തവണ ഗ്രാമപഞ്ചായത്ത് ഫലം വന്നപ്പോള്‍, സിപിഐ എമ്മിന് അവിടെ 18ല്‍ അഞ്ചു സീറ്റേ ഉള്ളൂ. എട്ടിടത്ത് പാര്‍ടി വിട്ടവരും പുറത്താക്കിയവരും ചേര്‍ന്നുണ്ടാക്കിയ റവലൂഷണറി പാര്‍ടിയാണ് ജയിച്ചത്. നാലിടത്ത് യുഡിഎഫ്. ആ പഞ്ചായത്തില്‍ ഒറ്റനോട്ടത്തില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. റവല്യൂഷണറിക്ക് വിപ്ളവബോധത്തോടെ ഭരിക്കണമെങ്കില്‍ യുഡിഎഫിന്റെ പിന്തുണ വേണം. അതിനവര്‍ മടിച്ചു നില്‍ക്കേണ്ട കാര്യമില്ല. കോണ്‍ഗ്രസിന്റെ വോട്ടുവാങ്ങിയാണ് അവര്‍ എട്ടിടത്ത് ജയിച്ചതും യുഡിഎഫിനെ നാലിടത്ത് ജയിപ്പിച്ചതും.

റവല്യൂഷണറി-യുഡിഎഫ് സഖ്യമാണ് ഒഞ്ചിയത്തെ ഫലം നിര്‍ണയിച്ചത് എന്നു തെളിയിക്കാന്‍ മറ്റെങ്ങും പോകേണ്ടതില്ല. ഒഞ്ചിയം പഞ്ചായത്തിന്റെ വോട്ടു കണക്കിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മതി. 11 വാര്‍ഡില്‍ യുഡിഎഫിന് കിട്ടിയ വോട്ട് പൂജ്യമാണ്- അതില്‍ ഒരിടത്തും യുഡിഎഫിന് സ്ഥാനാര്‍ഥികളുണ്ടായിരുന്നില്ല. ഒരു വാര്‍ഡില്‍ റവല്യൂഷറിക്ക് പൂജ്യം. പഞ്ചായത്തിലെ ആകെ പോള്‍ചെയ്ത വോട്ടിന്റെ 40.95 ശതമാനമാണ് ഇടതുപക്ഷം നേടിയത്. ഒഞ്ചിയം പിടിച്ചടക്കി എന്ന് അവകാശപ്പെടുന്ന റവല്യൂഷണറിക്ക് 38.37 ശതമാനം (അതില്‍ യുഡിഎഫിന്റെ വിഹിതം എത്രയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.) യുഡിഎഫ് യഥാര്‍ഥ വിപ്ളവകാരികളുടെ സഹായത്തോടെ പിടിച്ച വോട്ട് 17.26 ശതമാനം.

ഏറാമല പഞ്ചായത്തിലെ പ്രസിഡന്റ് പദവി മുന്നണി മര്യാദയനുസരിച്ച് രണ്ടുവര്‍ഷത്തേക്ക് ജനതാദളിന് നല്‍കിയതില്‍ പ്രതിഷേധിച്ച് പാര്‍ടി വിട്ടവരാണ് 'റവല്യൂഷണറി' പാര്‍ടി ഉണ്ടാക്കിയത്. അവര്‍ ഏറ്റവുമാദ്യം കൂട്ടുപിടിച്ചത് ജനതാദള്‍ വീരന്‍വിഭാഗത്തെതന്നെ. ഒഞ്ചിയം മേഖലയിലെ നാല് പഞ്ചായത്തിലാണ് ഈ പുതിയ മുണ്ടന്‍ 'വിപ്ളവ'പ്പാര്‍ടി ഉള്ളത്. ആ നാലിടത്തും യുഡിഎഫുമായി തെരഞ്ഞെടുപ്പുധാരണ ഉണ്ടാക്കി. ഒഞ്ചിയം രക്തസാക്ഷികളുടെ മണ്ണില്‍ സിപിഐ എമ്മിനെ തകര്‍ക്കാന്‍ 11 സീറ്റില്‍ മുണ്ടന്‍ പാര്‍ടിക്ക് യുഡിഎഫിന്റെ പിന്തുണ. നാലു പഞ്ചായത്തില്‍ ചോറോട് എല്‍ഡിഎഫ് വിജയിച്ചു.

ജനതാദള്‍ കപട സോഷ്യലിസ്റുകളെന്നും അതിന്റെ മാടമ്പിത്തത്തിനും അഹന്തയ്ക്കുമെതിരെയാണ് പോരാട്ടമെന്നും പറഞ്ഞവര്‍ അതേ ജനതാദളിന്റെ മടിയിലിരുന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടു. രക്തസാക്ഷികളെയും വിപ്ളവമണ്ണിനെയും ഒറ്റിക്കൊടുത്തു. ഒഞ്ചിയത്തെ ധീരസഖാക്കള്‍ ഹൃദയരക്തം കൊടുത്തു വളര്‍ത്തിയ പ്രസ്ഥാനത്തെ പഞ്ചായത്തിന്റെ ഭരണമെന്ന 30 വെള്ളിക്കാശിനായി ഒറ്റിക്കൊടുത്ത വഞ്ചകര്‍ക്ക് ഇത് വിജയമല്ല- നാണംകെട്ട കച്ചവടത്തിലെ നാറുന്ന ലാഭംമാത്രം.
പണത്തിന്റെ കുത്തൊഴുക്കുണ്ടായ തെരഞ്ഞെടുപ്പാണ് ഒഞ്ചിയത്തേത്. വോട്ടു വാങ്ങല്‍ ഉറപ്പാക്കാന്‍ പ്രത്യേക രീതികള്‍ ഉപയോഗിക്കപ്പെട്ടു. യഥാര്‍ഥ 'റവല്യൂഷണറി' കച്ചവടം. അത് കമ്മ്യൂണിസ്റ്റുകാരുടേതല്ല, കാശുകൊടുത്ത് വോട്ടുവാങ്ങുന്ന അസ്സല്‍ കോണ്‍ഗ്രസ് രീതിയാണ്-ഒഞ്ചിയത്തുകാര്‍ക്ക് ഒട്ടും പരിചയമില്ലാത്തത്.

ഒഞ്ചിയം കൃത്യമായ ഒരു യാഥാര്‍ഥ്യം മുന്നോട്ടുവയ്ക്കുന്നു. സിപിഐ എമ്മിന് വിപ്ളവം പോരെന്നുപറയുന്നവര്‍ പ്രകടനപരമായി എത്രതന്നെ ആദര്‍ശപരിവേഷമുള്ളവരായാലും കമ്യൂണിസ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അച്ചാരം വാങ്ങുന്നവരാണെന്ന യാഥാര്‍ഥ്യം. ഏതുചെളിക്കുഴിയിലും അത്തരക്കാര്‍ നീന്തിത്തുടിക്കുമെന്ന സത്യം.തൃശൂര്‍ ജില്ലയിലെ തളിക്കുളത്ത് ഒരു 'വിപ്ളവ പാര്‍ടി' ജനിച്ചിരുന്നു. ആദ്യവട്ടം പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ അവര്‍ വിജയം കണ്ടു. അഞ്ചുകൊല്ലംകൊണ്ട് അസ്തമിച്ചു. ഇക്കുറി ആ പഞ്ചായത്ത് യുഡിഎഫിനാണ്.

ഷൊര്‍ണൂരിലെ ചിത്രം നോക്കൂ: അവിടെ മുനിസിപ്പാലിറ്റിയില്‍ ആകെ സീറ്റ് 36. യഥാര്‍ഥ ഇടതുപക്ഷമെന്ന് അവകാശപ്പെട്ട് സിപിഐ എമ്മിനെതിരെ പടനയിച്ച ഗ്രൂപ്പിന് കിട്ടിയത് ആറു സീറ്റ്. ആ രണ്ടുകൂട്ടരും ചേര്‍ന്നാലും മുനിസിപ്പാലിറ്റി ഭരിക്കാനാകില്ല. കൂട്ടിന് ബിജെപിയുടെ നാലു സീറ്റും വേണം. ഷൊര്‍ണൂരില്‍ സിപിഐ എമ്മിന്റെ തകര്‍ച്ച കാണാന്‍ ഒത്തുകൂടിയവര്‍ക്ക് കൈയും കണക്കുമില്ല. അവിടെ പക്ഷേ, പാര്‍ടി തകര്‍ന്നില്ല. എല്ലാ വിരുദ്ധ ശക്തികളെയും അണിനിരത്തി പാര്‍ടിയെ ഒന്ന് ഇരുത്താന്‍ കഴിഞ്ഞു- അത്രമാത്രം.

ഒഞ്ചിയവും തളിക്കുളവും ഷൊര്‍ണൂരും വരയ്ക്കുന്നത് ഒരേ ചിത്രമാണ്. ഏതു പ്രസ്ഥാനത്തെയും ചെളിവാരിയെറിയാനും താല്‍ക്കാലികമായി അവഹേളിക്കാനും ഒരളവ് ക്ഷീണിപ്പിക്കാനും ഇത്തരം ഗ്രൂപ്പുകള്‍ക്ക് കഴിയും. കമ്യൂണിസ്റ് പ്രസ്ഥാനത്തെക്കുറിച്ചാകുമ്പോള്‍, വിമതരോ വിഘടിതരോ കുലംകുത്തികളോ പറയുന്നതെന്തും കൊണ്ടാടാന്‍ വലതുപക്ഷം സദാ സന്നദ്ധമാകും. സകല സഹായവും നല്‍കും. മലപ്പുറം ജില്ലയിലാകെ ഒരേരീതിയിലുണ്ടായ തെരഞ്ഞെടുപ്പുഫലത്തെ
'അലി ഇഫക്ട്' ആക്കി മാറ്റുന്നതിന്റെ രസതന്ത്രവും അതുതന്നെ. ഒഞ്ചിയത്ത് തെരഞ്ഞെടുപ്പു ഫലം കാത്ത് വലിയ മാധ്യമപ്പടതന്നെ ഉണ്ടായിരുന്നു. എല്‍ഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടത് സിപിഐ എമ്മിനു ലഭിച്ച 'വന്‍ തിരിച്ചടി' ആയി അവര്‍ വ്യാഖ്യാനിച്ചു. ഒഞ്ചിയത്തിന്റെ തൊട്ടടുത്ത്, വീരന്‍ ജനതാദളിന്റെ മോസ്കോ എന്നറിയപ്പെടുന്ന വടകരയില്‍, ആ പാര്‍ടിക്കുണ്ടായ ദയനീയ പതനം പക്ഷേ മാധ്യമങ്ങള്‍ക്ക് ആഘോഷവിഷയമായില്ല. ഒഞ്ചിയത്ത്, പരസ്പരം സം'പൂജ്യന്‍'മാരായാണ് മുണ്ടന്‍ 'വിപ്ളവ'കക്ഷിയും യുഡിഎഫും വോട്ടു മറിച്ചത് എന്നതിനെക്കുറിച്ച് പരാമര്‍ശംപോലുമുണ്ടായില്ല.

മങ്കടയിലെ അലി പൊതുയോഗം വിളിച്ച് സിപിഐ എം വിടുന്നതായി പ്രഖ്യാപിച്ചപ്പോള്‍ വേദിയിലിരുന്ന് ആനന്ദാതിരേകത്താല്‍ പൊട്ടിച്ചിരിച്ചവരില്‍ കൂടുതല്‍ മുഴങ്ങിയത് ഒരു മുന്‍ കമ്യൂണിസ്റിന്റെ ചിരിയും കൈയടിയുമായിരുന്നു. 'മുന്‍ കമ്യൂണിസ്റു'കാരനെ കെട്ട മുട്ടയോടാണ് ഉപമിക്കാറുള്ളത്. ഇടതുപക്ഷം വലത്തോട്ടു നീങ്ങുന്നെന്നു വിലപിക്കുന്നവര്‍ വലതുവശത്തെ ചെളിക്കുഴിയില്‍ നീന്തിത്തുടിക്കുന്ന കാഴ്ച കൂടുതല്‍ വ്യക്തമാക്കി എന്നതും ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ സവിശേഷതയാണ്. ഇടതുപക്ഷത്തിനെതിരായ സംഘടിത പ്രചാരണത്തിന് ഒളിഞ്ഞും തെളിഞ്ഞും ഇന്ധനം പകരുക എന്ന ദൌത്യം 'യഥാര്‍ഥ വിപ്ളവകാരികള്‍' ഭംഗിയായി നിറവേറ്റുന്നു. ഒഞ്ചിയത്തും ഷൊര്‍ണൂരിലുമുള്ള അത്തരക്കാര്‍ക്ക് ഏതു മാധ്യമ സഹായം കിട്ടിയാലും മൂടിവയ്ക്കാനാകാത്തതാണ് അവര്‍ വലതുപക്ഷവുമായുണ്ടാക്കിയ കൂട്ടുകെട്ടും പങ്കുവയ്ക്കലും. രണോത്സുകമായ, ത്യാഗസമ്പന്നമായ പാരമ്പര്യമുള്ള പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്തതിന്റെ അച്ചാരമാണ് അവര്‍ക്ക് ഇന്ന് യുഡിഎഫ് വച്ചുനീട്ടുന്ന നക്കാപ്പിച്ച പിന്തുണയും സഹായവും. അത്തരം കള്ളനാണയങ്ങളെ തുറന്നുകാട്ടാനും ശുദ്ധമനസ്സുകൊണ്ട്; തെറ്റിദ്ധരിക്കപ്പെട്ട് അവരുടെ വലയില്‍പ്പെട്ട സാധാരണ ജനങ്ങളെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്തി തിരികെ കൊണ്ടുവരാനുമുള്ള അവസരമായി ഇടതുപക്ഷത്തിന് ഈ തെരഞ്ഞെടുപ്പു ഫലത്തെ മാറ്റാനാകും.

*****

പി എം മനോജ്

Monday, November 1, 2010

ഒഞ്ചിയത്തെ യഥാർത്ഥ കമ്യൂണിസ്റ്റുകാർ !

പിട‍ഞ്ഞുതീരുന്ന പ്രാണന്‍ അല്‍പനേരത്തേയ്ക്ക് പിടിച്ചു നിര്‍ത്തിയാണ് ചോരയില്‍ കൈമുക്കി സഖാവ് മണ്ടോടി കണ്ണന്‍ ലോക്കപ്പുമുറിയുടെ ചുവരില്‍ അരിവാളും ചുറ്റികയും വരച്ചത്. ആ രണധീരന്റെ സമരക്കരുത്തിന് മുന്നില്‍ ചൂളിച്ചുരുണ്ടത് കോണ്‍ഗ്രസിനും നെഹ്രുവിനും സിന്ദാബാദ് വിളിച്ചാല്‍ മോചിപ്പിക്കാമെന്ന പ്രലോഭനവും. ഓര്‍മ്മകളിലും ചരിത്രത്തിലും ഒഞ്ചിയത്തിന് അര്‍ത്ഥം ഒന്നേയുളളു. തലകുനിക്കാനറിയാത്ത, കീഴടക്കാനാവാത്ത ആത്മാഭിമാനം.

ചോരക്കറ ചുരണ്ടിനീക്കിയാല്‍ ഒഞ്ചിയത്തിന്റെ ചരിത്രത്തില്‍ വഞ്ചനയുടെ കറുപ്പും കാണാം. ചതിച്ചു കൊന്നതാണ് ഒഞ്ചിയം സഖാക്കളെ. അറസ്റ്റിലായ പുളിയില്‍ വീട്ടില്‍ ചോയിക്കാരണവരെയും മകന്‍ കണാരനെയും വിട്ടുതരാമെന്ന് വ്യാമോഹിപ്പിച്ച് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരെ ചെന്നാട്ടത്താഴ വയലിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു പോലീസും കോണ്‍ഗ്രസ് ഒറ്റുകാരും. മോചിപ്പിക്കപ്പെടുന്ന സഖാക്കളെ സ്വീകരിക്കാന്‍ വന്നവരെ ഒരു പ്രകോപനവുമില്ലാതെ പൊലീസ് വെടിവെച്ചിട്ടു.

അധികാരത്തിന്റെ മുഷ്കിനു കീഴടങ്ങാന്‍ എന്നിട്ടും അഭിമാനമുളള ജനത തയ്യാറായില്ല. എട്ടുപേരെയും ഒരു കുഴിയില്‍ കുഴിച്ചുമൂടാമെന്ന പോലീസിന്റെ മോഹത്തെ അവര്‍ ചെറുത്തുതോല്പ്പിച്ചു. ഓരോരോരുത്തരെ ഓരോ സ്ഥലത്ത് മറവുചെയ്യണമെന്ന ആവശ്യത്തിന് മുന്നില്‍ സര്ക്കാരിന് കീഴടങ്ങേണ്ടി വന്നു.

ജന്മിത്തത്തെ വെല്ലുവിളിച്ച കുറ്റത്തിന്, മണ്ടോടി കണ്ണനെ തല്ലിക്കൊല്ലാനും അളവക്കല്‍ കൃഷ്ണനടക്കം എട്ടുപേരെ വെടിവെച്ചു കൊല്ലാനും പൊലീസിനെ നിയോഗിച്ചത് കോണ്‍ഗ്രസുകാരാണ്. തങ്ങളുടെ അധികാരത്തെ വെല്ലുവിളിക്കുന്നവരോട് നിറതോക്കുകള്‍ മറുപടി പറയും എന്ന് ഓര്‍മ്മിപ്പിക്കാന്‍ എട്ടുപേരെ ചുട്ടുതളളി. രണ്ടുപേരെ ഇടിച്ചുകൊന്നു.

ആ കോണ്‍ഗ്രസാണ് ഒറ്റുകാരുടെയും കുലംകുത്തികളുടെയും ചെലവില്‍ ഇന്ന് ആര്‍ത്ത് ചിരിക്കുന്നത്. കൂടെച്ചിരിക്കാന്‍ മനോരമയുണ്ട്, മാതൃഭൂമിയുണ്ട്, സകല ചാനല്‍ ചാവാലികളും പത്രച്ചട്ടമ്പികളുമുണ്ട്. കമ്മ്യൂണിസ്റ്റുകാരന്‍ അധികാരത്തില്‍ വന്നാല്‍ വിഷം കഴിച്ചു മരിക്കുമെന്ന് പ്രതിജ്ഞ ചെയ്തവര്‍, കമ്മ്യൂണിസത്തെ പ്രപഞ്ചത്തില്‍ നിന്ന് കെട്ടുകെട്ടിക്കാന്‍ വ്രതമെടുത്തവര്‍, ത്യാഗധനരായ ജനനേതാക്കളുടെ ജ്വലിക്കുന്ന ജീവിതത്തെ അപവാദങ്ങളില്‍ കുളിപ്പിച്ചവര്‍, ഒരേസ്വരത്തില്‍, ഒരേ താളത്തില്‍ ആര്‍ത്തുവിളിക്കുന്നു; "ഒഞ്ചിയത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തിരിച്ചടി".

ആദിയും അന്തവുമില്ലാത്ത പ്രപഞ്ചത്തില്‍, കലര്‍പ്പില്ലാത്തൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു പഞ്ചായത്തു ഭരിക്കാനിറങ്ങുമ്പോള്‍ വിഷക്കുപ്പി തപ്പുന്നില്ല, മനോരമയിലെ പുതിയ തലമുറ. പകരം, യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിജയത്തിനും വളര്‍ച്ചയ്ക്കും മാമ്മുക്കുട്ടിച്ചായന്റെയും പരിവാരങ്ങളുടെയും സമ്പൂര്‍ണ സഹായം. അവര്‍ക്കെതിരെ നുണക്കഥകളില്ല. അപവാദപ്രചരണമില്ല. മനോരമ അണിയിച്ചൊരുക്കിയ വര്‍ണത്തേരിലേറി ടി പി ചന്ദ്രശേഖരനും സംഘവും കേരളം സമത്വസുന്ദര കമ്മ്യൂണിസ്റ്റ് ലോകമാക്കും.

ശരിയാണ്. ഒഞ്ചിയം പഞ്ചായത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തോറ്റു. 2005ല്‍ ആകെ 16 സീറ്റുകളുണ്ടായിരുന്ന സിപിഎമ്മിന് ഒഞ്ചിയത്ത് ഇപ്പോള്‍ 17ല്‍ വെറും അഞ്ച്. അന്ന് കിട്ടിയ 9128 വോട്ടുകളുടെ സ്ഥാനത്ത് ഇന്ന് ഇടതുമുന്നണി നേടിയത് വെറും 6632 വോട്ടുകള്‍. ശതമാനം 60 ല്‍ നിന്ന് 40 ആയി ഇടിഞ്ഞു താണു.

മറുവശത്തോ. മണ്ടോടി കണ്ണനെ ഇടിച്ചുകൊന്ന, എട്ടു ധീരസഖാക്കളെ ചതിച്ച് വെടിവെച്ച് വീഴ്ത്തിയ കോണ്‍ഗ്രസിന്റെ സഹായത്തോടെ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ വീമ്പിളക്കുന്നു.

2005ല്‍ ഒരു സീറ്റും 5341 വോട്ടുകളുമായിരുന്നു ഒഞ്ചിയത്ത് യുഡിഎഫിന്റെ വിഹിതം. ഇന്നത് 4 സീറ്റുകളായി ഉയര്‍ന്നു. പക്ഷേ, വോട്ട് വിഹിതം 2796 ആയി ഇടിഞ്ഞു. 2005ല്‍ എല്ലാ സീറ്റിലും മത്സരിച്ച യുഡിഎഫിന് ഇന്ന് 11 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ല. അതില്‍ എട്ടിടത്താണ് "കമ്മ്യൂണിസ്റ്റ് തനിത്തങ്കങ്ങള്‍" ജയിച്ചുകയറിയത്. സിപിഎമ്മും യുഡിഎഫും നേര്‍ക്കുനേര്‍ മത്സരിച്ച വാര്‍ഡുകളിലത്രയും "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍" വോട്ടുചെയ്തത് കൈപ്പത്തിയ്ക്ക്. ശേഷിച്ച വാര്‍ഡുകളില്‍ കൈപ്പത്തിക്കാരന്‍ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക് '' വോട്ടുചെയ്തു.

സിപിഎമ്മുമായി നേര്‍ക്കുനേര്‍ മത്സരിച്ച മണ്ഡലങ്ങളില്‍ ശരാശരി 520 വോട്ടുകള്‍ നേടിയ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക്", കോണ്‍ഗ്രസ് ജയിച്ച മണ്ഡലങ്ങളില്‍ കിട്ടിയ വോട്ടുകള്‍ എത്രയെന്ന് കാണുക. ചെമ്മക്കുന്ന് - 76, വലിയ മാടക്കര - 23, കണ്ണുവയല്‍ - സ്ഥാനാര്ത്ഥിയില്ല, അറയ്ക്കല്‍ 191. കോണ്‍ഗ്രസിനോട് ഏറ്റുമുട്ടി സിപിഎം ജയിച്ച മാടക്കരയില്‍ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ക്ക്" കിട്ടിയത് വെറും 32 വോട്ട്.

2005ല്‍ നിന്നും 2496 വോട്ടുകള്‍ സിപിഎമ്മിന് ഇക്കുറി കുറഞ്ഞു. കോണ്‍ഗ്രസിന് 2545 വോട്ടുകളും. കമ്മ്യൂണിസ്റ്റുകാരേക്കാള്‍ കൂടുതല്‍ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരായത് കോണ്‍ഗ്രസുകാരാണെന്നര്‍ത്ഥം. 11 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെയെ നിര്‍ത്താതെ, 2545 വോട്ടുകള്‍ ദാനം ചെയ്ത് കോണ്‍ഗ്രസ് വിജയിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ് "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരെ". സിപിഎമ്മില്‍ നിന്ന് 20 ശതമാനം വോട്ടുചോര്‍ന്നപ്പോള്‍ 18 ശതമാനം വോട്ടുകള്‍ കോണ്‍ഗ്രസ് വക സംഭാവന.

സിപിഎമ്മിന് നഷ്ടപ്പെട്ട സീറ്റിനെയും വോട്ടിനെയും കുറിച്ച് വാചാലരാകുന്ന മാധ്യമങ്ങളൊന്നും "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി"യുടെ വോട്ടുവിഹിതത്തിന്‍റെ പകുതി കോണ്‍ഗ്രസുകാരന്റെ സംഭാവനയാണെന്ന് പറയുന്നതേയില്ല. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ ഒഞ്ചിയത്തെ പകുതിയോളം കോണ്‍ഗ്രസുകാര്‍ "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റു"കാരായി രൂപം മാറിയത് നമ്മുടെ മാധ്യമങ്ങള്‍ അറിഞ്ഞിട്ടേയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഒറ്റികൊടുത്തവരും കോണ്‍ഗ്രസും ചേര്‍ന്ന് നേടിയതാണ് ഈ വിജയമെന്ന് വിളിച്ചുപറഞ്ഞാല്‍ ആരുടെ മുഖമാണ് നഷ്ടപ്പെടുന്നത് എന്ന് അവര്‍ക്ക് നിശ്ചയമുണ്ട്. ഒറ്റുകാരെക്കൊണ്ടുളള ആവശ്യങ്ങള്‍ തീര്‍ന്നിട്ടില്ല.

എന്നാല്‍ ഒഞ്ചിയത്തെ സാധാരണ ജനത ആ സത്യം തിരിച്ചറിയുകയാണ്. നുണ പറഞ്ഞും വഞ്ചിച്ചുമാണ് പ്രാണനെപ്പോലെ ചെങ്കൊടിയെ സ്നേഹിച്ച തങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അടര്‍ത്തിയെടുത്തത് എന്നവര്‍ വേദനയോടെ ഉള്‍ക്കൊളളുന്നു. ആര്‍ത്തിരമ്പിയ വ്യാജപ്രചരണങ്ങളില്‍ കുടുങ്ങിപ്പോയവര്‍ അന്ന് തിരിച്ചറിഞ്ഞിരുന്നില്ല, സഖാവ് മണ്ടോടി കണ്ണന്റെ കൊലയാളികളുമായി ഭരണമധുവിധു ആഘോഷിക്കാനാണ് "യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരുടെ" ഈ പടപ്പുറപ്പാടെന്ന്. രക്തസാക്ഷികളുടെ പേരില്‍ ഒഴുക്കിയത് മുതലക്കണ്ണീരാണെന്നും അവരുടെ ചെലവില്‍ കുത്തിയൊഴുക്കിയ ആവേശം കൃത്രിമമാണെന്നും തിരിച്ചറിഞ്ഞ ഒരു ജനതയുടെ പ്രതികാരം ഒറ്റുകാരെ കാത്തിരിക്കുന്നുണ്ട്.

പഴയ ചതിയില്‍ ഒഞ്ചിയത്തെ സഖാക്കള്‍ക്ക് നഷ്ടപ്പെട്ടത് ജീവനായിരുന്നുവെങ്കില്‍, ഇന്ന് ഒരു തിരഞ്ഞെടുപ്പ് വിജയം. ചതി തിരിച്ചറിയുന്ന ജനത ഇന്നല്ലെങ്കില്‍ നാളെ ആ വിജയം അവരെ തിരികെ ഏല്‍പ്പിക്കുക തന്നെ ചെയ്യും. ഒറ്റുകാരില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ അവസാനനിമിഷം വരെ പോരാടിയ ഒഞ്ചിയത്തെ ധീരസഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍.


വോട്ടു കണക്കുകള്‍ അറിയാന്‍ ഡോ. സൂരജിന്റെ ബസ് കാണുക.

ഒഞ്ചിയത്തെ ചുവന്ന കൊഞ്ച്


*****


പൊളിച്ചെഴുത്ത് ബ്ലോഗില്‍ വന്ന ഒഞ്ചിയം സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍.... എന്ന പോസ്റ്റ് പുന: പ്രസിദ്ധീകരിക്കുന്നത്

റീമിക്‌സ്, ക്യൂബയുടെയോ മാധവന്റെയോ

'നാലാം ലോകം' എന്ന കഥ എന്‍ എസ് മാധവന്‍ എഴുതിയതാണ്. സോവിയറ്റ്യൂണിയന്റെ തകര്‍ച്ചയുടെ ഘട്ടത്തില്‍ എഴുതിയതാണ് നാലാം ലോകം. (നാലാംലോക സിദ്ധാന്തം ചര്‍ച്ചചെയ്യപ്പെടുന്നതിനുമുമ്പ്) കണ്ണൂര്‍ക്കാരനായ ഒരു യുവ എന്‍ജിനിയര്‍ (ഒരു കമ്യൂണിസ്‌റ്റ് ചെത്തുതൊഴിലാളിയുടെ മകന്‍) സോവിയറ്റ് യൂണിയനില്‍ പഠിക്കാനെത്തുന്നു. സര്‍ക്കാര്‍, ഒരു സോവിയറ്റ് യൂണിയന്‍ യുവ എന്‍ജിനിയറുടെ കൂടെ മലയാളി (മൂന്നാംലോകത്തിന്റെ പ്രതിനിധി)യെയും ബഹിരാകാശപര്യവേക്ഷണത്തിന് നിയോഗിക്കുന്നു. സോവിയറ്റ്യൂണിയന്‍ തകര്‍ന്നതിനുശേഷം, ഈ പേടകവും ഉപേക്ഷിക്കപ്പെട്ട പട്ടികയിലാകുന്നു. സോവിയറ്റ് പൌരന്‍ (പഴയ) പേടകത്തിന്റെ കതകുതുറന്നു പുറത്തേക്ക് ചാടുന്നു. എങ്ങോട്ടെന്ന് മൂന്നാംലോകക്കാരന്റെ ചോദ്യത്തിന് നാലാംലോകത്തേക്കെന്ന് മറുപടി പറഞ്ഞിട്ടാണ് വിഹായസ്സിലേക്ക് കുതിക്കുന്നത്. സോവിയറ്റ്യൂണിയനെക്കുറിച്ചും സോവിയറ്റ് കമ്യൂണിസ്‌റ്റുപാര്‍ടിയെക്കുറിച്ചും പറയാന്‍ ഒന്നും ബാക്കിവച്ചില്ല ഇവരുടെ സംഭാഷണത്തില്‍. തിരിച്ച് കേരളത്തിലെ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തെക്കുറിച്ചും വിശിഷ്യ സിപിഐ എമ്മിനെക്കുറിച്ചും. മാധവന്റെ മനസ്സിലിരുപ്പ് പ്രകടമാക്കുന്ന ഒന്നാന്തരം രചന.

ആ മാനസികാവസ്ഥയില്‍നിന്ന് ഒട്ടും വ്യത്യസ്‌തമല്ല ഇന്ന് എന്നുതെളിയിക്കുന്നതാണ് ക്യൂബയെക്കുറിച്ച് മനോരമയില്‍ എഴുതിയ ലേഖനം. ഒക്‌ടോബര്‍ 26ന് അവസാനിക്കുന്നതരത്തില്‍, ഏഴുദിവസം നീണ്ടുനിന്ന ലേഖനപരമ്പര പ്രസിദ്ധീകരിച്ചത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു അവസാനിച്ച ഘട്ടത്തില്‍. ക്യൂബയോടുള്ള അമിത താല്‍പ്പര്യമായിരിക്കില്ലല്ലോ, ഈ സമയം തെരഞ്ഞെടുക്കാന്‍ മനോരമയെ പ്രേരിപ്പിച്ചത്. ക്യൂബയില്‍ കുഴപ്പങ്ങള്‍ കുന്നുകൂടിയെന്നും ജനങ്ങള്‍ സന്തുഷ്‌ടരാണോ എന്ന് അന്വേഷണം നടത്തുന്നതും ഈയവസരത്തില്‍ വൃഥാവിലാകരുതല്ലോ.

ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ഭരണരംഗം ഒഴിഞ്ഞ് തന്റെ കഴിവുകള്‍, ആരോഗ്യം അനുവദിക്കുന്നതിനനുസരിച്ച്, ജനങ്ങള്‍ക്കുവേണ്ടി, ലോകകമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിനുവേണ്ടി, ഉപയോഗിക്കുകയാണ് ഫിദല്‍ കാസ്‌ട്രോ. ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങള്‍ സൂക്ഷ്‌മമായി പരിശോധിച്ച് പ്രതികരിക്കുകയാണ് അദ്ദേഹം. അമേരിക്കയോടും ലോകസാമ്രാജ്യത്വത്തോടും ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ലെന്ന് ആവര്‍ത്തിക്കുകയാണ് ക്യൂബയും കാസ്‌ട്രോയും. ബറാക് ഒബാമ പ്രസിഡന്റായി അധികകാലം കഴിയുംമുമ്പ്, ഒബാമയെ, ഇതിനകം അമേരിക്കക്കാര്‍ എന്തുകൊണ്ട് കൊന്നില്ല എന്നാണ് അതിശയമായി തോന്നുന്നതെന്ന് പ്രതികരിച്ച നേതാവാണ് കാസ്‌ട്രോ. ഒബാമ എന്ന വ്യക്തിയെയും ഭരണാധികാരിയെയും വേര്‍തിരിച്ചുകാണാന്‍ അദ്ദേഹത്തിനു കഴിയുന്നു.

കാസ്‌ട്രോ, ടിവി കണ്ട് സമയംപോക്കുന്നെന്നു സൂചിപ്പിക്കുന്ന മാധവന്‍, അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ഇടപെടല്‍ ഒരുതരം മിനക്കെടുത്തുപണിയാണെന്ന് ആക്ഷേപിക്കുന്നു. "ക്യൂബ ലോകത്തിലെ ഏറ്റവും നല്ല മനുഷ്യ-വികസന മാതൃക സൃഷ്‌ടിച്ച രാജ്യമാണ്. എന്നാല്‍ രാജ്യത്തിന് വളരെ ഉല്‍പാദനക്ഷമത കുറഞ്ഞ സമ്പദ്‌വ്യവസ്ഥയുമായി അധികനാള്‍ മുന്നോട്ടുപോകാനാകില്ല'' എന്ന് പരിതപിക്കുന്നു. 'ജനാധിപത്യത്തിന്റെ കുറവുണ്ടാക്കുന്ന അസ്വസ്‌തത കൂടിയാകുമ്പോള്‍' എന്ന് കൂട്ടിച്ചേര്‍ക്കുമ്പോള്‍ ആസന്നമായ ഒരു തകര്‍ച്ച സ്വപ്‌നംകാണുകയാണ്. സമ്പദ്‌വ്യവസ്ഥയല്ല പ്രശ്‌നം, ജനാധിപത്യമാണെന്നു സമര്‍ഥിക്കുന്നത് കമ്യൂണിസ്‌റ്റ് ചട്ടക്കൂട് ദഹിക്കാതെ കിടക്കുന്നതുകൊണ്ടാണ്.

ക്യൂബയുടെ മാനവ വികസന സൂചിക ലോക സമ്പന്നരാജ്യങ്ങള്‍ക്കൊപ്പമെത്തിയെന്ന് എന്‍ എസ് മാധവനും സമ്മതിക്കുന്നു. ഒരുകോടി 30 ലക്ഷം ജനങ്ങള്‍, ഒരു കൊച്ചുദ്വീപുപോലെയുള്ള രാജ്യം. കഴിഞ്ഞ 40 വര്‍ഷമായി സമ്പന്നരാജ്യങ്ങള്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യം. വന്‍കിട വ്യവസായങ്ങള്‍ക്ക് സാധ്യതയില്ലാത്ത പ്രദേശം. കരിമ്പും പുകയിലയും നെല്ലും മാത്രം കൃഷിചെയ്യുന്ന സ്ഥലം. എങ്ങനെ ഈ മാനവ വികസനസൂചിക നേടിയെടുത്തെന്ന് എന്‍ എസ് മാധവന്‍ ഒരിടത്തും പരിശോധിക്കുന്നില്ല.

ക്യൂബക്കാര്‍ക്ക് ജീവിതം സുരക്ഷിതമാണ്. എല്ലാ കുട്ടികള്‍ക്കും റസിഡന്‍ഷ്യല്‍ സംവിധാനത്തിലുള്ള സൌജന്യ വിദ്യാഭ്യാസം. ലോകനിലവാരമുള്ള ഉന്നത വിദ്യാഭ്യാസകേന്ദ്രങ്ങള്‍. ഒരു പൈസയുടെ ചെലവുമില്ലാതെ ക്യൂബയ്‌ക്കുള്ളിലും വേണ്ടിവന്നാല്‍ രാജ്യത്തിനുപുറത്തും പഠനസൌകര്യം. ആരോഗ്യസംരക്ഷണത്തിനും ഭക്ഷണത്തിനും പൂര്‍ണ സംരക്ഷണം. മുടിവെട്ടാനും മുഖം മിനുക്കാനും സുന്ദരനും സുന്ദരിയുമാകാനും ചെറിയ ചെലവുമതി. ഇതും സേവനത്തുറയായി കണക്കാക്കി, പണിയെടുക്കുന്നവര്‍ക്കുള്ള പ്രതിഫലം നിശ്ചയിച്ച് സര്‍ക്കാര്‍ നല്‍കുന്നു. ബാര്‍ബര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്ന ആക്ഷേപം എന്തിന്റെ പേരിലായാലും അതിരുകടന്നതുതന്നെ.

ക്യൂബയുടെ പ്രധാന വരുമാനം ടൂറിസ്‌റ്റ്മേഖലയില്‍നിന്നാണ്. ഒരുകോടി 30 ലക്ഷം ജനസംഖ്യയാണ് ക്യൂബയുടേത്. ഒരുവര്‍ഷം കുറഞ്ഞത് 40 ലക്ഷം ടൂറിസ്‌റ്റുകള്‍ ക്യൂബയിലെത്തും. ഇത്രയും ആളുകളെ ഒരു പരാതിക്കും ഇടയില്ലാതെ, ആതിഥേയത്വം വഹിക്കാന്‍ കഴിയുന്നുവെന്നത് ചെറിയ കാര്യമല്ല. താമസസൌകര്യം ഒരു പ്രശ്‌നമായപ്പോള്‍, ജനങ്ങള്‍ പെയ്‌ഡ് ഗസ്‌റ്റുകളെ സ്വീകരിക്കുന്ന സംവിധാനമുണ്ടാക്കി. ക്യൂബയ്‌ക്ക് അതിന്റെ ഗുണം ലഭിക്കുന്നു. വിദേശ ടൂറിസ്‌റ്റുകളോട് പ്രത്യേക നിലപാട് സ്വീകരിക്കുന്നെന്ന ആക്ഷേപമാണ് ഉന്നയിക്കുന്നത്. ഒരു സാര്‍വദേശീയ സെമിനാറിന് ക്യൂബയില്‍ പോയപ്പോള്‍ എനിക്കും ബോധ്യപ്പെട്ട കാര്യമാണ്. ഒരു കപ്പ് കാപ്പിക്ക് വിദേശി ഒരു ഡോളര്‍ കൊടുക്കുമ്പോള്‍ അതേ കടയില്‍നിന്ന് അതിന്റെ നാലിലൊന്ന് കാശിന് സ്വദേശിക്ക് കാപ്പി ലഭിക്കും. വിദേശിയോട് വാങ്ങിയതുതന്നെ സ്വദേശിയോടും വാങ്ങാത്തതിലാണ് പരിഭവം. ക്യൂബന്‍ നാണയമായ പെസോക്കും ഡോളറിനും ഒരേ വിനിമയനിരക്കാണ്. ഇന്ത്യന്‍ ഉറുപ്പിക 50 കൊടുത്താലേ ഒരു ഡോളര്‍ ലഭിക്കൂ. അതുകൊണ്ടാണ് അഞ്ച് ഡോളര്‍ മുടക്കി, ഐസ്‌ക്രീം വാങ്ങിയപ്പോള്‍ 250 രൂപ മുടക്കിയെന്ന് പരിതപിക്കേണ്ടിവരുന്നത്. (നാട്ടുകാര്‍ക്ക് അതേസമയം 10 രൂപയ്‌ക്ക് ഐസ്‌ക്രീം ലഭിക്കുന്നു). 250 രൂപ വീതം മുടക്കി ധാരാളം പ്രാവശ്യം ഐസ്‌ക്രീം കഴിച്ചതിന് എന്‍ എസ് മാധവന്‍ കണ്ടെത്തുന്ന ന്യായം, ഇനിയും വരുമ്പോള്‍ ഐസ്‌ക്രീം കട സര്‍ക്കാര്‍ അടച്ചുപൂട്ടിയാലോ എന്നാണ്. സര്‍ക്കാരുതന്നെ അടഞ്ഞുപോകുമെന്ന് തറപ്പിച്ച് പറയുന്നതായിരുന്നില്ലേ ഇതിലും ഭേദം.

ലോകത്തുണ്ടാകുന്ന മാറ്റങ്ങള്‍ ക്യൂബയിലും വന്നുകഴിഞ്ഞു. തൊഴില്‍മേഖലയിലും മാറ്റങ്ങള്‍ വരുന്നു. തൊഴില്‍മേഖല പുനഃക്രമീകരണത്തിന് വിധേയമായിക്കൊണ്ടിരിക്കയാണ്. എല്ലാവര്‍ക്കും തൊഴില്‍ ഉറപ്പാക്കാന്‍ കഴിയുന്നു. കഴിയാതെവന്നാല്‍ 'ഉറപ്പായി ലഭിക്കുന്ന വേതനം' നല്‍കുന്ന സംവിധാനമുണ്ട്. ഇതിനെയെല്ലാം തെറ്റായി വ്യഖ്യാനിക്കാനാണ് ലേഖനകര്‍ത്താവ് ശ്രമിക്കുന്നത്.

നാല്‍പ്പതു ലക്ഷം ടൂറിസ്‌റ്റുകള്‍ പ്രതിവര്‍ഷമെത്തുന്ന ക്യൂബയില്‍ കുത്തഴിഞ്ഞ ജീവിതമുണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. ലോകത്തിലെ പല രാജ്യങ്ങളും സെക്‌സ് ടൂറിസം പ്രോത്സാഹിപ്പിക്കുമ്പോള്‍ മാന്യമായ ടൂറിസം ക്യൂബ വികസിപ്പിക്കുന്നു. പാരീസിലോ മോസ്‌കോയിലോ ലണ്ടനിലോ കാണുന്നതുപോലെ തെരുവോരങ്ങളില്‍ ഇണയെത്തേടുന്ന, വസ്‌ത്രധാരികളും വിവസ്‌ത്രകളുമായി നിരന്നുനില്‍ക്കുന്ന സ്‌ത്രീകള്‍ ക്യൂബയ്‌ക്ക് അന്യമാണ്. 'ക്യൂബയില്‍ എല്ലാത്തിനും റേഷനുണ്ട്, സെക്‌സിനൊഴികെ' എന്ന് മാധവന്‍ എഴുതുമ്പോള്‍ എന്തിന്റെ പേരിലാണ് ഈ ആക്ഷേപം ഉന്നയിക്കുന്നത്. ക്യൂബക്കാരുടെ കലയെയും സംഗീതത്തെയും കളിയെയും ഗുസ്‌തിയെയും കോഴിപ്പോരിനെയും എല്ലാം ഒളിയമ്പെയ്‌ത്, പ്രഹരമേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്.

അമേരിക്കയില്‍ അക്കരപ്പച്ച തേടിപ്പോകുന്നവരെക്കുറിച്ച് എന്‍ എസ് മാധവന്‍ ഏറെ വാചാലനാകുന്നുണ്ട്. 2010 ഒക്‌ടോബർ ഇരുപത്തിഒന്നാംതീയതിയിലെ ടൈം എന്ന അമേരിക്കന്‍ പ്രസിദ്ധീകരണത്തില്‍, ഫരീദ് സക്കറിയ എഴുതിയ How to Restore the American Dream എന്ന ലേഖനം വായിച്ചുനോക്കിയാല്‍ മനസ്സിലാകും എന്താണ് അമേരിക്ക നേരിടുന്ന പ്രതിസന്ധിയെന്ന്. ജീവിതം ഇതേനിലയില്‍ തുടരാന്‍ കഴിയില്ലെന്ന് ഭയപ്പെടുകയാണ് അമേരിക്കയിലെ 63 ശതമാനം ജനങ്ങള്‍. ഒരു ശരാശരി അമേരിക്കന്‍ കുടുംബത്തിന് 13 ക്രെഡിറ്റ്കാര്‍ഡ് (കടംകൊള്ളാന്‍) എങ്കിലും സൂക്ഷിക്കേണ്ട സ്ഥിതിയാണ്. കുടുംബചെലവിന്റെ ബാധ്യത 1974ല്‍ 680 മില്യൺ ഡോളറായിരുന്നു. ഇന്ന് അത് 15 ട്രില്യൺ ഡോളറായി കുതിച്ചുയര്‍ന്നു. അമേരിക്കന്‍ ജീവിതസ്വപ്‌നം അടുത്തകാലത്തൊന്നും ഫലപ്രാപ്‌തിയിലെത്താന്‍ പോകുന്നില്ലെന്ന് ഫരീദ് സക്കറിയ ചൂണ്ടിക്കാട്ടുന്നു.

ക്യൂബ സ്വതന്ത്രമാകുന്നതിനുമുമ്പ് സ്വതന്ത്രമായ 110 കോടി ജനങ്ങളുള്ള വലിയ ജനാധിപത്യരാജ്യത്ത് 28 കോടിയാളുകള്‍ പട്ടിണിക്കാരാണ്. 80 ശതമാനം പേര്‍ക്ക് 20 രൂപയുടെ പ്രതിദിന വരുമാനം. പട്ടിണിമരണം ഇന്നും വാര്‍ത്തയാകാതെപോകുന്ന രാജ്യം. വിശന്നുകരയുന്ന പൊടിക്കുഞ്ഞിന്റെ കരച്ചിലടക്കാന്‍ (വിശപ്പടക്കാനല്ല) പൂഴിമണ്ണ് വാരി വായിലിട്ടുകൊടുക്കുന്ന ഇന്ത്യന്‍ അമ്മമാരെക്കുറിച്ച് ക്യൂബയില്‍ കാഴ്‌ചകണ്ടുനടന്നപ്പോഴോ, തിരിച്ചുവന്ന് ലേഖനം എഴുതാനിരുന്നപ്പോഴോ, ഒരിക്കലെങ്കിലും എന്‍ എസ് മാധവന്‍ ഓര്‍ത്തിരുന്നെങ്കില്‍ എത്ര നന്നായേനെ.


*****

കെ വരദരാജന്‍, കടപ്പാട് : ദേശാഭിമാനി

ഐക്യകേരളപ്പിറവി

വീണ്ടും ഒരു കേരളപ്പിറവിദിനം. തിരു-കൊച്ചി, മലബാര്‍ എന്നിങ്ങനെ ഭൂമിശാസ്‌ത്രപരമായി വേര്‍തിരിഞ്ഞുകിടന്ന പ്രവിശ്യകള്‍ ചേര്‍ത്ത് ഐക്യകേരളം സ്ഥാപിച്ചതിന്റെ അമ്പത്തിനാലാം വാര്‍ഷികദിനം. കേരളപ്പിറവിയുടെ ഘട്ടത്തില്‍, അതിനായി മുന്‍നിന്ന് പ്രവര്‍ത്തിച്ച ഇ എം എസ്, എ കെ ജി എന്നിവരടക്കമുള്ള നേതാക്കളുടെ മനസ്സില്‍ ഭാവികാല കേരളത്തെക്കുറിച്ച് ചില സ്വപ്‌നങ്ങളുണ്ടായിരുന്നു. ആ സ്വപ്‌നങ്ങള്‍ എത്രത്തോളം സഫലമാകാന്‍ ബാക്കിയുണ്ട് എന്ന ചിന്തയ്‌ക്ക് പ്രേരണ നല്‍കുന്നതാണ് കേരളപ്പിറവിദിനാഘോഷം.

കേരളം ഏറെ മാറിയിരിക്കുന്നു. ഈ മാറ്റമാവട്ടെ, കേരളപ്പിറവിക്ക് മുന്‍പേ തുടങ്ങിയതും കേരളപ്പിറവിക്കുശേഷവും തുടര്‍ന്നുപോന്നതുമായ ഒരുപാട് സമരപരമ്പരകളുടെ ഫലമാണ്; ബോധപൂര്‍വമായ സാമൂഹ്യ ഇടപെടലുകളുടെ ഫലവുമാണ്.

അധഃകൃതര്‍ എന്നു മുദ്രയടിക്കപ്പെട്ട് നീക്കിനിര്‍ത്തിയിരുന്ന സമുദായങ്ങളില്‍പ്പെട്ട സ്‌ത്രീകള്‍ക്ക് കല്ലുമാലയണിഞ്ഞേ ഈ നാട്ടില്‍ നടക്കാന്‍ കഴിയുമായിരുന്നുള്ളൂ. ആ കല്ലുമാല പൊട്ടിച്ചെറിയാന്‍ നടത്തിയ സമരങ്ങളുണ്ട്. മാറുമറയ്‌ക്കാന്‍ ആ സമുദായങ്ങളില്‍പ്പെട്ട സ്‌ത്രീകള്‍ക്ക് അവകാശമുണ്ടായിരുന്നില്ല. ആ അവകാശം സ്ഥാപിച്ചെടുക്കാന്‍ നടത്തിയ സമരങ്ങളുണ്ട്. സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം ചെയ്യാനോ, വിദ്യാഭ്യാസ യോഗ്യതയ്‌ക്കനുസരിച്ചുള്ള ഉദ്യോഗം ലഭിക്കാനോ അവസരമുണ്ടായിരുന്നില്ല. ആ അവസരങ്ങള്‍ നേടിയെടുക്കാനായി നടത്തിയ നിവേദനസമരങ്ങളുണ്ട്. ക്ഷേത്രപരിസരങ്ങളിലൂടെ വഴിനടക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ആ സ്വാതന്ത്ര്യം നേടിയെടുക്കാനായി നടന്ന വൈക്കം സത്യഗ്രഹം, ശുചീന്ദ്രം സത്യഗ്രഹം, തിരുവാര്‍പ്പ് സത്യഗ്രഹം, പാലിയം സത്യഗ്രഹം തുടങ്ങിയവയുണ്ട്. ക്ഷേത്രത്തില്‍ കയറി ആരാധന നടത്താനുള്ള അവകാശമുണ്ടായിരുന്നില്ല. ആ അവകാശം സ്ഥാപിച്ചെടുക്കാന്‍ പി കൃഷ്‌ണപിള്ളയടക്കമുള്ളവരുടെ നേതൃത്വത്തില്‍ നടന്ന ഗുരുവായൂര്‍ സത്യഗ്രഹമുണ്ട്. അങ്ങനെയുള്ള സമരപരമ്പരകള്‍.

അയിത്തവും തീണ്ടലും തൊടീലും അടക്കമുള്ള സാമൂഹ്യ ദുഷ്‌ടുകള്‍കൊണ്ട് ജീര്‍ണമായിരുന്ന അവസ്ഥയെ നോക്കിയാണ് സ്വാമി വിവേകാനന്ദന്‍ കേരളം ഒരു ഭ്രാന്താലയമാണെന്ന് പറഞ്ഞത്. ആ ഭ്രാന്താലയത്തെ മനുഷ്യാലയമാക്കി മാറ്റാന്‍ നടന്ന സമരങ്ങളാണവ. ശ്രീനാരായണഗുരു, അയ്യങ്കാളി തുടങ്ങിയവരില്‍നിന്ന് പി കൃഷ്‌ണപിള്ള, ഇ എം എസ്, എ കെ ജി എന്നിവരിലൂടെയാണ് ആ പോരാട്ടത്തിന്റെ ദീപശിഖ കേരളത്തിന്റെ പല തലമുറകള്‍ക്ക് കൈമാറിക്കിട്ടിയത്. ആ വെളിച്ചത്തിലാണ് കേരളം ഇന്നുകാണുന്ന കേരളമായി രൂപപ്പെട്ടത്.

എന്നാലിന്ന്, മതഭ്രാന്ത് വീണ്ടും കേരളത്തെ പത്തൊമ്പതാം നൂറ്റാണ്ടിലെ അന്ധകാരത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്നുവോ എന്ന് ആശങ്കപ്പെടേണ്ട അവസ്ഥയായിരിക്കുന്നു. നവോത്ഥാനത്തിന്റെ സമസ്‌ത ദീപ്‌തികളെയും ജാതീയവും വര്‍ഗീയവുമായ അന്ധകാരത്തിന്റെ ശക്തികള്‍ അണച്ചുകളയുന്നുവോ എന്ന് ഉല്‍ക്കണ്‌ഠപ്പെടേണ്ടിയിരിക്കുന്നു. എല്ലാ ജാതി- വര്‍ഗീയ ശക്തികളും കൂടിച്ചേര്‍ന്ന് പുരോഗമന നവോത്ഥാന- മതേതരത്വ ശക്തികളെ തകര്‍ക്കാനായി വീണ്ടും സംഘടിത ശ്രമങ്ങളാരംഭിച്ചിരിക്കുന്നു. ഈ അവസ്ഥയെ മതനിരപേക്ഷമായ ജനകീയ ഒരുമകൊണ്ട് അതിജീവിച്ചാലല്ലാതെ കേരളത്തിന് ഇനി മുന്നോട്ടുപോകാനാകില്ല. ഇവിടെയാണ്, ഇ എം എസും എ കെ ജിയുമൊക്കെ കേരളമെന്ന മലയാളികളുടെ മാതൃഭൂമിയെക്കുറിച്ച് കണ്ട സ്വപ്‌നങ്ങളുടെ പ്രസക്തി.

സാമൂഹിക അനാചാരങ്ങള്‍ക്കും ജാതീയവും സമുദായികവുമായ അസമത്വങ്ങള്‍ക്കും എതിരായി ശ്രീനാരായണഗുരു അടക്കമുള്ള നവോത്ഥാനനായകര്‍ തുടങ്ങിവച്ച പോരാട്ടങ്ങള്‍ മുമ്പോട്ടു കൊണ്ടുപോയതും, ആ പോരാട്ടങ്ങളെ സാമ്പത്തികാസമത്വങ്ങള്‍ക്കെതിരായ സമരമെന്ന രാഷ്‌ട്രീയ ഉള്ളടക്കംനല്‍കി വികസിപ്പിച്ചെടുത്തതും കമ്യൂണിസ്‌റ്റുകാരാണ്. അതുകൊണ്ടുതന്നെ ആ പുരോഗമന ശ്രമങ്ങളില്‍ അസഹിഷ്‌ണുതയുള്ള എല്ലാ ശക്തികളും പഴയകാലത്തെ പുനരുജ്ജീവിപ്പിക്കാന്‍ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തെ ഒറ്റപ്പെടുത്തേണ്ടതുണ്ടെന്ന് മനസിലാക്കുന്നു; അതിനായി യത്നിക്കുന്നു. കേരളത്തിന്റെ പുരോഗതിയിലും ജനമനസ്സുകളുടെ ഒരുമയിലും താല്‍പ്പര്യമുള്ള എല്ലാ ആളുകളും ചേര്‍ന്ന് ഈ ശ്രമങ്ങളെ ചെറുക്കുക എന്നതാണ് ഈ കേരളപ്പിറവി ആഘോഷവേളയില്‍ കേരളം ആവശ്യപ്പെടുന്നത്.

കേരളപ്പിറവിക്കുവേണ്ടി പൊരുതിയ നേതാക്കളുടെ മനസ്സിലുണ്ടായിരുന്ന മറ്റൊരു സ്വപ്‌നം നാടിന്റെ സ്വാശ്രയത്വമാണ്. അതിനെ തകര്‍ക്കുന്ന മുതലാളിത്തത്തിന്റെ പുത്തന്‍ അധിനിവേശശ്രമങ്ങളെയും അതിനുമുന്നില്‍ ചുവപ്പ് പരവതാനി വിരിക്കുന്ന രാഷ്‌ട്രീയശക്തികളെയും തിരിച്ചറിയേണ്ട സന്ദര്‍ഭംകൂടിയാണിത്. ഐക്യകേരളപ്പിറവിയുമായി ബന്ധപ്പെട്ട സങ്കല്‍പ്പങ്ങളില്‍ വേരുകളുള്ളതാണ് പുരോഗമന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ ഇവിടെ നടന്ന അധികാര വികേന്ദ്രീകരണ- ജനകീയാസൂത്രണ ശ്രമങ്ങള്‍. സുഭദ്രമായ ഒരു ഭാവികാല കേരളത്തിന്റെ സൃഷ്‌ടിക്കായുള്ള ആത്മാര്‍ഥമായ പരിശ്രമങ്ങളായിരുന്നു അവ. അതൊക്കെ തകര്‍ക്കാനം തിരുത്താനുമുള്ള നീക്കങ്ങള്‍ക്കെതിരായ ജാഗ്രതയും കേരളപ്പിറവി ജനങ്ങളില്‍നിന്ന് ആവശ്യപ്പെടുന്നു.

ഭാഷയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പുനര്‍നിര്‍ണയം നടന്നത്; ഒരേ ഭാഷ സംസാരിക്കുന്നവര്‍ക്ക് ഒരു സംസ്ഥാനം എന്ന നിലയ്‌ക്ക്. മലയാള ഭാഷ അതി ദീര്‍ഘകാലത്തെ ചരിത്രമുള്ളതാണെന്ന വസ്‌തുത അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ഡല്‍ഹി പാദുഷമാര്‍ നമ്മുടെ ഭാഷയ്‌ക്ക് ക്ളാസിക്കല്‍ പദവി നിഷേധിക്കുന്നു. ആ പദവി മലയാളത്തിന്റെ അവകാശമാണെന്ന നിലയ്‌ക്കുള്ള ബോധം ഇന്ന് കേരളത്തില്‍ പടരുന്നുണ്ട്. അത് കൂടുതല്‍ വളര്‍ത്തി അര്‍ഹതപ്പെട്ട പദവി ഭാഷയ്‌ക്കായി നേടിയെടുക്കാനുള്ള ശ്രമമുണ്ടാവണമെന്ന് ഈ ഘട്ടം നമ്മോട് ആവശ്യപ്പെടുന്നു.

സ്വന്തം ഭാഷയിലും സംസ്‌കാരത്തിലും അഭിമാനമില്ലാത്ത ഒരു ജനതയെ ഏത് അധിനിവേശ ശക്തികള്‍ക്കും വളരെവേഗം കീഴടക്കാനാവും. ആ ബോധത്തോടെ 'മാറ്റിവയ്‌ക്കാനുള്ളതല്ല മാതൃഭാഷ' എന്ന തിരിച്ചറിവ് സമൂഹത്തില്‍ വളര്‍ത്തേണ്ടിയിരിക്കുന്നു. നമ്മുടെ പുതുതലമുറകളെ നമ്മുടെ ഭാഷയിലും സംസ്‌കാരത്തിലും ഉറപ്പിച്ചുനിര്‍ത്തേണ്ടിയിരിക്കുന്നു. വേരുകളറ്റ ഒരു സമൂഹമായി, മേല്‍വിലാസമില്ലാത്ത ഒരു ജനതയായി മാറിപ്പോവാതിരിക്കാന്‍ ഈ നിലയ്‌ക്കുള്ള മാതൃഭാഷാ പ്രസ്ഥാനത്തിന് ഊന്നല്‍ നല്‍കേണ്ടിയിരിക്കുന്നു.

ആസിയന്‍ കരാര്‍ മുതല്‍ മലേഷ്യാ വ്യാപാരക്കരാര്‍വരെയുള്ളവ, കേരളത്തിന്റെ സമ്പദ്ഘടനയുടെ നടുവൊടിക്കുന്നു. കേരളീയമായ കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ കേരളത്തെ കൂടുതല്‍ കൂടുതല്‍ ദരിദ്രമാക്കിക്കൊണ്ടിരിക്കുന്നു. ഇത്തരം കരാറുകള്‍ക്കും അതിനുപിന്നിലുള്ള ദേശദ്രോഹ താല്‍പ്പര്യങ്ങള്‍ക്കുമെതിരെ ജനങ്ങളെ ഉണര്‍ത്തി സജ്ജരാക്കിയല്ലാതെ കേരളത്തിന് നിലനില്‍ക്കാനോ അതിജീവിക്കാനോ ആവില്ല. ഇങ്ങനെ പലവിധത്തിലുള്ള ശ്രമങ്ങളിലൂടെ, സമരങ്ങളിലൂടെ മാത്രമേ ഐക്യകേരളപ്പിറവിക്കാലത്തെ കേരളത്തിന്റെ നേതാക്കളുടെ സ്വപ്‌നങ്ങളെ സാക്ഷാല്‍ക്കരിക്കാനാവൂ. അതിനായി ഈ ഐക്യകേരളപ്പിറവിദിനത്തില്‍ മലയാളി സ്വയം പുനരര്‍പ്പണം ചെയ്യേണ്ടിയിരിക്കുന്നു.


******

പ്രഭാവര്‍മ