Thursday, March 1, 2012

ക്വട്ടേഷന്‍ (ബി)

കൊട്ടാരക്കരയില്‍ പിള്ള ഇടഞ്ഞു! രാവിലെ കാപ്പികുടി കഴിഞ്ഞ് പത്രം വായിക്കാനിരുന്നപ്പോഴാണ് ഇടച്ചിലിന്റെ ആദ്യലക്ഷണം കണ്ടത്. പാപ്പാന്മാര്‍ , മയക്കുവെടിക്കാര്‍ , ആംബുലന്‍സ്, പൊലീസ്, കടത്തുവഞ്ചി, എന്‍ എസ് എസ് കരയോഗങ്ങള്‍ എന്നിവര്‍ സജീവം. നാലു വണ്ടി വെള്ളമടിച്ച് ഫയര്‍ഫോഴ്സ് എന്തിനും തയ്യാര്‍ . പിള്ള അടങ്ങുന്നില്ല. ഇടഞ്ഞുതന്നെ. പൊലീസ് വഴിയരികിലെ താമസക്കാരെ മുഴുവന്‍ മാറ്റി. സ്കൂളുകള്‍ക്ക് അവധി നല്‍കി. എല്ലാ വഴികളിലും പൊലീസ് നിരന്നു. പിള്ള ഏതു വഴിയാണ് തിരിയുന്നതെന്നറിയില്ല. പിള്ളയല്ലെ! ഏതു വഴിയും തിരിയും. പിള്ളമനസില്‍ കള്ളമില്ല എന്നല്ലെ ചൊല്ല്. കള്ളം കയറിയാല്‍ പിന്നെ ഇറങ്ങുകയുമില്ല. കലി കയറിയാല്‍ കയറിയതു തന്നെ. എന്നാലും പിള്ള ചവിട്ടിയാല്‍ തള്ളക്ക് പരിക്കില്ലാത്തതുകൊണ്ട് യു ഡി എഫ് പ്രശ്നത്തില്‍ ഇടപെട്ടിട്ടില്ല. ഇന്നോളം ഒരു തള്ളയും പിള്ള ചവിട്ടി പരിക്കേറ്റു എന്നു പറഞ്ഞ് യു ഡി എഫിനെയോ കെ പി സി സി പ്രസിഡന്റിനെയോ സമീപിച്ചിട്ടില്ല. പിള്ള ചവിട്ടിയാല്‍ പുള്ളക്കും പരിക്കില്ലെന്നാണ് പുതിയ ചൊല്ല്. ബാലകൃഷ്ണ പിള്ള എന്ന പിള്ള ചവിട്ടിയിട്ട് ഗണേഷ്കുമാര്‍ പിള്ള എന്ന പുള്ളക്ക് പരിക്കേറ്റോ? അതാണ് പിള്ള, ഇതാണ് പുള്ള! ആ പിള്ളയാണ് ഇടഞ്ഞിരിക്കുന്നത്.

കേരള കോണ്‍ഗ്രസ്(ബി) യുടെ തിടമ്പേറ്റി പന്തലില്‍ നില്‍ക്കുകയായിരുന്നു പിള്ള. സര്‍വവും തികഞ്ഞ പിള്ളയാണ് ഇത്. ലക്ഷം പിള്ളകള്‍ കൂടുമ്പോള്‍ അതില്‍ ലക്ഷണമൊത്ത ഒന്നോ രണ്ടോ പിള്ളകളില്‍ പെട്ട പിള്ള. അര്‍ധചന്ദ്രാകൃതിയിലുള്ള നെറ്റി, വിടര്‍ന്ന കണ്ണ്, ഉയര്‍ന്ന മൂക്ക്, നീണ്ട നാക്ക്...എല്ലാം തികയാന്‍ ഇതില്‍പരം മറ്റെന്തു വേണം? ജനങ്ങള്‍ക്കുവേണ്ടി ഇതുപോലെ ജീവിച്ച മറ്റൊരു നേതാവുണ്ടോ? സ്വന്തം മകന്‍ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞപ്പോള്‍ സഹിച്ചില്ല പിള്ളക്ക്. സഹിക്കാനാവില്ല. പേരു കേട്ടാല്‍ വെജിറ്റേറിയന്‍ ഹോട്ടലാണെന്ന് തോന്നുമെങ്കിലും കേരളാ കോണ്‍ഗ്രസ് (ബി) എന്നത് നിസ്സാര സാധനമാണോ? ഒരു കാലത്ത് എത്ര ചെറുപ്പക്കാര്‍ക്ക് തൊഴിലുണ്ടാക്കിക്കൊടുത്ത ചെറുകിട സംരംഭമാണ് ഈ കേരളാ കോണ്‍ഗ്രസ്്! ഓരോ കേരളാ കോണ്‍ഗ്രസും കൊണ്ട് മൂന്നുനാലു ചെറുപ്പക്കാര്‍ സുഖമായി ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. വലിയ മുതല്‍മുടക്കില്ലാതെ തുടങ്ങാവുന്ന ബിസിനിസാണ് ഇത്. രണ്ടു റസീറ്റടിക്കാനുള്ള പണം മാത്രം മതി. മലയോര മേഖലയിലാണ് കേരളാ കോണ്‍ഗ്രസ് വ്യാപകമായി കണ്ടുവരുന്നത്. ചില സ്ഥലത്ത് റബറിന്റെ ഇടവിളയായും ഇത് കൃഷി ചെയ്യാറുണ്ട്. അത്യുല്‍പാദന ശേഷിയുള്ള ഒരു ജനിതക അത്ഭുതമാണ് ഇത്. ഇതിന്റെ വിത്ത് ഏതു സമയത്തും രണ്ടായി പിളരും. ഈ രണ്ടു വിത്തും പിടിക്കുകയും ചെയ്യും. പടര്‍ന്നു കയറുമ്പോള്‍ പെട്ടെന്ന് വിത്തുകള്‍ ഒന്നാകും. പടര്‍ന്നു കയറുന്ന ഇനമാണ് ഇത്. ഇത്തിരി ചാണകവും ചാരവും എപ്പോഴും ഇട്ടുകൊടുക്കണം. ഇതിനെക്കുറിച്ച് പഠിക്കാന്‍ ഡെന്മാര്‍ക്കില്‍ നിന്നൊരു സായ്പ് കേരളത്തിലെത്തിയിരുന്നു. അയാള്‍ കുറച്ചു വിത്ത് ഡെന്മാര്‍ക്കിലേക്ക് കൊണ്ടുപോയി. അവിടെ പിടിച്ചില്ല. ഇതിന് ഒരു പ്രത്യേക തരം തണുപ്പു വേണം. എല്ലാ തണുപ്പിലും കേരളാ കോണ്‍ഗ്രസ് പിടിക്കണമെന്നില്ല. അങ്ങനെയാണെങ്കില്‍ ഹിമാലയം കേരളാ കോണ്‍ഗ്രസ് കൊണ്ടു മൂടിപ്പോവുമായിരുന്നു.

പലതരം കേരളാ കോണ്‍ഗ്രസുകളില്‍ മുന്തിയ ഇനമാണ് കേരളാ കോണ്‍ഗ്രസ് (ബി). അപൂര്‍വ ഇനമാണ്. കുറ്റിയറ്റു പോകാന്‍ സാധ്യതയുള്ള ഒന്ന്. ഇത് ദേശീയ പാര്‍ക്കാക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമയും സീരിയലുമായൊക്കെ നടന്ന് ജന്മം തുലയ്ക്കുന്ന മകന് ഒരച്ഛന്‍ മനമുരുകി നല്‍കിയ ഒന്നാണ് ഇത്. ഇതിന് അങ്ങനെ കണ്ണീരിന്റെയും പിതൃ-പുത്ര ബന്ധത്തിന്റെ തീവ്രതയുടെയും വൈകാരിക സ്പര്‍ശമുണ്ട്. ഒരു നല്ല കച്ചവടക്കാരനാണെങ്കില്‍ നന്നായി ജീവിക്കാന്‍ ഒരു കേരളാ കോണ്‍ഗ്രസ് (ബി) മതി. അച്ഛന് ഇടക്കാലത്തൊന്ന് ജയിലില്‍ പോകേണ്ടി വന്നു. രാജ്യത്തിനു വേണ്ടിയല്ലെ, പോയേക്കാമെന്നു കരുതി. ഓരോരുത്തര്‍ എന്തെല്ലാം കാര്യത്തിന് ജയിലില്‍ പോകുന്നു. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ ജീവിതം സഫലമാവുന്നത് ജയിലില്‍ പോകുന്നതോടു കൂടിയാണ്. ഓരോരുത്തരും ജയിലില്‍ പോയെന്ന് കേള്‍ക്കുമ്പോള്‍ കൊതിയാവുകയായിരുന്നു പിള്ളക്ക്. പണ്ടാണെങ്കില്‍ ഉപ്പു സത്യഗ്രഹം, സൈമണ്‍ കമ്മീഷന്‍ , ക്വിറ്റ് ഇന്ത്യ എന്നെല്ലാം പറഞ്ഞ് ജയിലില്‍ പോകാമായിരുന്നു. ഇപ്പോള്‍ അതു പറഞ്ഞ് പോകാന്‍ പറ്റില്ലല്ലോ!ഇന്നത്തെ കാലത്തിന് പറ്റിയ ഒരു കേസില്‍ പെട്ട് ജയിലില്‍ പോയി. എന്തായാലും പോയത് ജയിലിലല്ലേ? അതുമതി. പിള്ള ജയിലില്‍ പോയി വന്നതോടെ പുള്ള തറവാടു കുളം തോണ്ടി. പിള്ള നൂറു മേനി വിളയിച്ചിരുന്ന സ്ഥലങ്ങളൊക്കെ നാനാവിധമാക്കി. ആശ്രിതന്മാര്‍ക്കൊന്നും കഞ്ഞിയും വെള്ളവുമില്ല. എന്തിന് ഒരു റസീറ്റുകുറ്റി പോലും കൊടുക്കാതെ പട്ടിണിക്കിട്ടു.

ഒന്നൊന്നൊരക്കോടി ജനങ്ങളുണ്ടായിരുന്ന പാര്‍ട്ടിക്ക് തുറുപ്പു കളിക്കാന്‍ പോലും ആളില്ലാത്ത സ്ഥിതിയായി. കേരളാ കോണ്‍ഗ്രസ് (ബി)യുടെ മണ്ട ചീഞ്ഞു തുടങ്ങി. രാത്രിയും പകലുമില്ലാതെ ഇതില്‍ കൃഷിയിറക്കിയിരുന്നവര്‍ എല്ലും തോലുമായി. ജയിലില്‍ നിന്ന് പുറത്തു വന്ന പിള്ളക്ക് തന്റെ ആശ്രിതന്മാരെ കണ്ടപ്പോള്‍ സഹിക്കാനായില്ല. ഇടുക്കി ജനറേറ്റര്‍ പോലെയിരുന്നവര്‍ എരുമ ക്ഷീണിച്ച പോലെയായി. എല്ലുന്തി, വയറൊട്ടി. പിള്ളയുടെ ചങ്കു തകര്‍ന്നു! ഇതോ കേരളാ കോണ്‍ഗ്രസ്(ബി)? എത്രപേര്‍ സമൃദ്ധമായി ഉണ്ടെഴുന്നേറ്റുപോയ പാര്‍ട്ടിയാണിത്! വിശപ്പു സഹിക്കാതെ ആശ്രിതന്മാര്‍ പിള്ളയുടെ കാലില്‍ വീണു. "...പൊന്നെമ്പ്രാ...കഞ്ഞീം വെള്ളോം കുടിച്ച കാലം മറന്ന്...കൊച്ചെമ്പ്രാന്‍ ഞങ്ങക്കൊന്നും തരണില്ല...വെശന്ന് കൊടല് കരിയണ് വല്യമ്പ്രാ..." പിള്ളയുടെ കണ്ണില്‍ ചോര പൊടിഞ്ഞു. മനസ്സില്‍ വെള്ളിടി വെട്ടി. നെഞ്ചു പിളരുന്നു. തലച്ചോറ് ആരോ കുത്തിയിളക്കുന്നപോലെ. ഭൂമി കറങ്ങുന്നു, ആകാശം കറങ്ങുന്നു, പര്‍വതങ്ങള്‍ ഇടിഞ്ഞുവീഴുന്നു.

പിള്ള ഇടഞ്ഞു. ആനപ്പുറത്തിരിക്കുന്ന കേരളാ കോണ്‍ഗ്രസ് (ബി)യുടെ തിടമ്പ് പിടഞ്ഞു. പിള്ള അടിമുടി കലികൊണ്ടു. പിള്ള മുന്‍കാല്‍ മണ്ണിലൊന്ന് ആഞ്ഞു ചവിട്ടി. മസ്തകം ഇളക്കി. തുമ്പിക്കൈ ആകാശത്തേക്ക് ചുഴറ്റിയെറിഞ്ഞു. ചിന്നം വിളിച്ചു. പ്രപഞ്ചം നടുങ്ങി. കൊട്ടാരക്കര പ്രത്യേകിച്ച് നടുങ്ങി. നാട്ടുകാര്‍ അടക്കം പറഞ്ഞു. " പിള്ളയെടഞ്ഞ്ന്നാ തോന്നണെ....ഇനിയെന്തൊക്കെയാ ഒണ്ടാവ്വാ... ഭഗവാനേ..." ജനങ്ങള്‍ വീട്ടിലേക്കോടി. ജനലും വാതിലും അടച്ചു. കടകളടച്ചു. തീവണ്ടികള്‍ നാടുവിട്ടു. പിള്ള കുതിച്ചു. വഴിയരികിലെ തെങ്ങുകള്‍ ചവിട്ടിമെതിച്ച്, കവുങ്ങുകള്‍ പിഴുതെടുത്ത്, ഇലക്ട്രിക് പോസ്റ്റുകള്‍ കുത്തിമറിച്ച് പിള്ള കുതിച്ചു. പാല്‍ , പത്രം, ആംബുലന്‍സ് എന്നീ അത്യാവശ്യ സര്‍വീസുകളെ ഒഴിവാക്കി. പിള്ള പുള്ളയുടെ ഓഫീസിലെത്തി. കാവല്‍ക്കാരന്‍ ജീവനുംകൊണ്ടോടി. ജീവനക്കാര്‍ നാലുപാടും പറന്നു. പക്ഷേ കൂട്ടത്തില്‍ നിന്നൊരുത്തനെ പിള്ള തുമ്പിക്കൈകൊണ്ട് കോരിയെടുത്തു. ആകാശത്തൊന്നു ചുഴറ്റി. തറയിലടിയ്ക്കണോ? ചവിട്ടിയരയ്ക്കണോ? ഒരു നിമിഷം പിള്ള ആലോചിച്ചു. ആകാശത്തു കറങ്ങുന്നവന്‍ എല്ലാ കേരളാ കോണ്‍ഗ്രസുകളെയും ഒപ്പം കണ്ടു. പെട്ടെന്നാണ് പിള്ളയോര്‍ത്തത്. " താനൊരു രാഷ്ട്രീയ പ്രവര്‍ത്തകനാണല്ലോ. മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ടവന്‍ , വിശാല ഹൃദയന്‍ ,മാപ്പുകൊടുക്കേണ്ടവന്‍ ..." കുത്തുകയു!ം ചവിട്ടുകയും ഒന്നും വേണ്ട. അവനെ താഴെ നിര്‍ത്തി. പടെപടേന്ന് നാലെണ്ണം പുള്ളയുടെ പിള്ളയുടെ ചെള്ളക്ക് കൊടുത്തു ഈ പിള്ള. അതോടെ അണികളുടെ ആവേശം മോണപൊട്ടി ഒഴുകി. അവര്‍ വിളിച്ചു.

"..കേരളാ കോണ്‍ഗ്രസ്(ബി) സിന്താബാദ്.
ബാലകൃഷ്ണ പിള്ള സിന്താബാദ്..
ധീരാ വീരാ പിള്ളേച്ചാ..
ധീരതയോടെ അടിച്ചോളൂ..
ലക്ഷം ലക്ഷം പിന്നാലെ.."

നിസ്വാര്‍ഥനായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ ജീവിതത്തിലെ ത്യാഗനിര്‍ഭരമായ ഒരധ്യായം അടഞ്ഞപോലെ ബാലകൃഷ്ണപിള്ള കാറിന്റെ ഡോറടച്ചു, മടങ്ങി. അതോടെ പഞ്ചാബ് പിള്ളയെന്നറിയപ്പെട്ട ഗ്രാനൈറ്റ് പിള്ളയെന്ന ബാലകൃഷ്ണപിള്ള ക്വട്ടേഷന്‍ പിള്ളയായി...ചരിത്രപുരുഷനായി. പിള്ളയുടെ റേറ്റ് കേരളാ കോണ്‍ഗ്രസ്(ബി) സംസ്ഥാന കമ്മിറ്റി കൂടി തീരുമാനിച്ചു. അത് താഴെ.

കരണത്തടി- ഒന്നിന് 50 രൂപ.
നാലെണ്ണം ഒന്നിച്ചടിക്കുന്നതിന് ചെറിയ കുറവുണ്ട്.175 രൂപ.
ഭീഷണിക്കത്ത്- 25 രൂപ.
തട്ടിക്കൊണ്ടു പോകല്‍ -2500 രൂപ.
പ്രസംഗം- 3000 രൂപ.
ക്വട്ടേഷന്‍ പിള്ള സിന്താബാദ്....

*

"ഗുരോ.." "
പറയൂ ശിഷ്യാ.." "
ഒരു സംശയം ഗുരോ.."
" ചോദിക്കൂ ശിഷ്യാ.."
"ആര്‍ഷഭാരതത്തിന്റെ നിറമെന്താ ഗുരോ...?"
" ആര്‍ഷഭാരതത്തിന് നിറമോ..?"
" അതെ ഗുരോ.."
" എന്താ നിന്റെ സംശയത്തിന് നിദാനം ശിഷ്യാ..?"
" സംശയം വളര്‍ച്ചയുടെ ലക്ഷണമാണെന്ന് ഗുരു തന്നെ പറഞ്ഞിട്ടുണ്ടല്ലോ..?"
"ഉണ്ട് ശിഷ്യാ.."
"ഞാന്‍ വളരുകയാണ് ഗുരോ.."
" ഓങ്കാരത്തിന് നിറമുണ്ടോ ശിഷ്യാ..?"
" ഇല്ല..ഗുരോ.."
"ആത്മാവിന് നിറമുണ്ടോ ശിഷ്യാ..?"
"ഇല്ല ഗുരോ.."
"ബ്രഹ്മത്തിന് നിറമുണ്ടോ ശിഷ്യാ..?"
"ഇല്ല ഗുരോ.."
" തോന്നലുകള്‍ക്ക് നിറമുണ്ടോ ശിഷ്യാ..?"
" ഇല്ല ഗുരോ.."
" വികാരങ്ങള്‍ക്ക് നിറമുണ്ടോ ശിഷ്യാ..?"
" ഇല്ല ഗുരോ.."
" കര്‍മഫലങ്ങള്‍ക്ക് നിറമുണ്ടോ ശിഷ്യാ..?"
" ഇല്ല ഗുരോ"
" ഋഷിവചനങ്ങള്‍ക്ക് നിറമുണ്ടോ ശിഷ്യാ..?"
" ഇല്ല ഗുരോ.."
" പിന്നെ ആര്‍ഷഭാരതത്തിനു നിറമുണ്ടാവുന്നതെങ്ങനെ ശിഷ്യാ..?"
" ഇന്ത്യയില്‍ ആര്‍ഷഭാരത സംസ്കാരമല്ലെ ഗുരോ..?"
" അതെ ശിഷ്യാ"
"കര്‍ണാടകം ഇന്ത്യയിലല്ലെ ഗുരോ..?"
"അതെ ശിഷ്യാ.."
"അവിടെ ഭരിക്കുന്നത് ആര്‍ഷഭാരത പാര്‍ടിയല്ലെ ഗുരോ..?"
"അതെ ശിഷ്യാ.."
" അവര്‍ കണ്ടത് നീലച്ചിത്രങ്ങളല്ലെ ഗുരോ..?"
"ആണോ ശിഷ്യാ..?"
" അപ്പോള്‍ ആര്‍ഷഭാരതത്തിന്റെ നിറം നീലയല്ലെ ഗുരോ..?"
" അറിയില്ല ശിഷ്യാ.."
"ഗുരോ.."
"ശിഷ്യാ.."
" ഒരു സംശയം കൂടി ഗുരോ.."
" വേണ്ട ശിഷ്യാ.."

*
എം.എം.പൌലോസ് ദേശാഭിമാനി വാരിക

കേന്ദ്രസര്‍ക്കാരിന് ശക്തമായ താക്കീത്

ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ ഐക്യം പ്രകടമായ ഐതിഹാസിക പൊതുപണിമുടക്കിനാണ് ചൊവ്വാഴ്ച രാജ്യം സാക്ഷിയായത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ട്രേഡ്യൂണിയനായ ഐഎന്‍ടിയുസിയുടെ ഉള്‍പ്പെടെ നേതൃത്വത്തിലാണ് പണിമുടക്ക് നടന്നതെന്നത് ശ്രദ്ധേയമാണ്. രാജ്യത്തെ പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും തൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരുമെല്ലാം അണിനിരന്ന ഈ പണിമുടക്ക് യുപിഎ സര്‍ക്കാരിന്റെ പിന്തിരിപ്പന്‍ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ താക്കീതാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വീണ്ടും വില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒത്താശ ചെയ്യുന്ന ഘട്ടത്തിലാണ് തൊഴിലാളിവര്‍ഗത്തിന്റെ ഉജ്വലമായ സമരം നടന്നത്. പെട്രോളിന് നാലു രൂപയും ഡീസലിന് രണ്ടു രൂപയും വര്‍ധിപ്പിക്കാനാണ് നീക്കം.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നടപടികള്‍ പൂര്‍ത്തിയാകുന്ന മാര്‍ച്ച് ആറിന് ശേഷം ഏതുദിവസവും ഈ തീരുമാനം ഇടിത്തീപോലെ വന്നേക്കാം. പെട്രോളിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞ് റിലയന്‍സ് ഉള്‍പ്പെടെയുള്ള കുത്തക കമ്പനികള്‍ക്ക് വില നിശ്ചയിക്കാനുള്ള അധികാരം നല്‍കിയതിന്റെ ദുഷ്ഫലമാണ് അടിക്കടിയുള്ള എണ്ണ വിലക്കയറ്റം. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാക്കാനും യാത്രാക്കൂലി വന്‍തോതില്‍ വര്‍ധിക്കാനും ഇടയായത് ഇതുമൂലമാണ്. ഡീസലിന്റെയും വിലനിയന്ത്രണം എടുത്തുകളയാന്‍ നീക്കം നടക്കുന്നു. ഇനിയും വില കയറ്റിയാല്‍ ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ചൊവ്വാഴ്ചത്തെ പണിമുടക്കിലൂടെ സര്‍ക്കാരിന് മനസിലായിട്ടുണ്ടാവും. കേന്ദ്രസര്‍ക്കാരിനെ പിന്താങ്ങുന്ന ട്രേഡ് യൂണിയനുകളില്‍ അണിനിരന്നിട്ടുള്ളവര്‍ ഉള്‍പ്പെടെ,തെറ്റായ നയങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിനെ അതിശക്തമായി എതിര്‍ക്കാന്‍ നിര്‍ബന്ധിതരായിത്തീരും എന്ന് കാണാന്‍ കഴിയുന്നില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന, റെയില്‍വേ ചരക്ക്-യാത്രാക്കൂലി വര്‍ധന, എന്നിങ്ങനെ റെയില്‍വേ-പൊതുബജറ്റുകളിലൂടെ ജനങ്ങള്‍ക്ക് മേല്‍ അധികഭാരം ചുമത്താമെന്ന ഉദ്ദേശ്യത്തില്‍നിന്ന് പിന്‍വാങ്ങുന്നതാണ് നല്ലതെന്ന സന്ദേശംകൂടിയാണ് ചൊവ്വാഴ്ചത്തെ പണിമുടക്ക് നല്‍കുന്നത്. വിലക്കയറ്റം തടയുക, തൊഴില്‍സംരക്ഷണം ഉറപ്പാക്കുക, തൊഴിലാളിവിരുദ്ധമായ തൊഴില്‍ നയങ്ങള്‍ തിരുത്തുക, പ്രതിമാസം മിനിമം വേതനം പതിനായിരം രൂപയെങ്കിലുമായി ഉയര്‍ത്തുക, പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണം തടയുക, തൊഴില്‍മേഖലയിലെ കരാര്‍ സമ്പ്രദായം അവസാനിപ്പിക്കുക, സാമൂഹ്യ സുരക്ഷാ പദ്ധതിയും ബോണസ്-പെന്‍ഷന്‍ പദ്ധതികളും സാര്‍വത്രികമാക്കുക, ട്രേഡ് യൂണിയന്‍ അവകാശവും സമരാവകാശവും സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുന്നയിച്ചാണ് ഇന്ത്യന്‍ തൊഴിലാളി വര്‍ഗം ചൊവ്വാഴ്ച പണിമുടക്കിയത്.

ഞങ്ങള്‍ 99 ശതമാനം എന്ന മുദ്രാവാക്യമുയര്‍ത്തി പിന്തിരിപ്പന്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരെ നടന്ന വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരത്തിന്റെയും അമേരിക്കയിലും യൂറോപ്പിലാകെയും അലയടിക്കുന്ന തൊഴിലാളിവര്‍ഗ സമരത്തിന്റെയും കൂടി പശ്ചാത്തലത്തിലാണ് ഇന്ത്യയിലും എല്ലാ ട്രേഡ്യൂണിയനുകളും ഒന്നുചേര്‍ന്ന് സമരരംഗത്തിറങ്ങിയത്. ട്രേഡ് യൂണിയനുകള്‍ ഇപ്പോള്‍ നടത്തിയ സമരത്തിന്റെ ഭാഗമല്ലെങ്കിലും രാജ്യത്താകമാനം പൊട്ടിപ്പുറപ്പെട്ട നേഴ്സ് സമരത്തെയും ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍ . മിനിമം വേതനമെങ്കിലും നടപ്പാക്കണമെന്നാവശ്യപ്പെട്ടും ജോലിസ്ഥിരതയ്ക്കും ലീവടക്കമുള്ള അവകാശങ്ങള്‍ക്കും വേണ്ടിയാണ് സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍ ആദ്യം ഡല്‍ഹിയിലും പിന്നെ മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ വന്‍നഗരങ്ങളിലും ഇപ്പോള്‍ കേരളത്തിലാകമാനവും സമരരംഗത്തിറങ്ങിയത്. നാല് ലക്ഷവും അഞ്ച് ലക്ഷവും രൂപ വായ്പയെടുത്ത് അഞ്ച് വര്‍ഷത്തോളം പഠനം നടത്തി ഡിപ്ലോമയും ബിരുദവുമടക്കം നേടി സ്വകാര്യ ആശുപത്രികളില്‍ ജോലിചെയ്യുന്ന നേഴ്സുമാര്‍ അടിമപ്പണിക്ക് വിധേയരാക്കപ്പെടുകയാണെന്ന് വ്യക്തമായി. ആയിരവും രണ്ടായിരവും രൂപയാണ് ഭൂരിപക്ഷം നേഴ്സുമാരുടെയും പ്രതിമാസ വേതനമെന്നും 12 മണിക്കൂര്‍വരെ ജോലി ചെയ്യേണ്ടിവരുന്നുവെന്നുമൊക്കെ പൊതുസമൂഹത്തിന് ബോധ്യപ്പെട്ടു. രാജ്യത്തും ലോകമാകെയും ചൂഷണത്തിനെതിരെ ഉണ്ടായ ഉണര്‍വും ഐക്യവും നേഴ്സുമാര്‍ക്ക് ആവേശവും പ്രചോദനവുമായി. ഇപ്പോള്‍ എല്ലാ ഭീഷണികളെയും മര്‍ദനങ്ങളെയും നേരിട്ട് അവര്‍ ഉജ്വലമായി പോരാടിക്കൊണ്ടിരിക്കുന്നു. ചൊവ്വാഴ്ച നടന്ന പൊതുപണിമുടക്കില്‍ ആശുപത്രി ജീവനക്കാരും നേഴ്സുമാരും പങ്കെടുത്തിട്ടില്ലെങ്കിലും അവര്‍ ഉയര്‍ത്തിയ ആവശ്യംകൂടി പണിമുടക്കിന്റെ മുദ്രാവാക്യങ്ങളില്‍ പെടുന്നു. ജോലിസമയം എട്ടുമണിക്കൂറായി നിജപ്പെടുത്തുക, തൊഴില്‍ നിയമങ്ങള്‍ എല്ലാ മേഖലയിലും ബാധകമാക്കുക, മിനിമം ശമ്പളം പതിനായിരം രൂപയായി ഉയര്‍ത്തുക എന്നീ മുദ്രാവാക്യങ്ങളില്‍ നേഴ്സുമാരുടെ പ്രശ്നവും അടങ്ങുന്നു. ആഗോളവല്‍ക്കരണ സാമ്പത്തിക നയങ്ങളുടെ ഭാഗമായി എല്ലാ മേഖലയിലും കരാര്‍വല്‍ക്കരണം പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ . "യൂസ് ആന്‍ഡ് ത്രോ" എന്നതാണ് ഈ സമ്പ്രദായത്തിന്റെ സ്വഭാവം. ജോലിസ്ഥിരതയുണ്ടാകുമ്പോള്‍ സാമൂഹ്യ സുരക്ഷാ പദ്ധതികളും ബാധകമാകും. എന്നാല്‍ ദിവസക്കൂലി, മണിക്കൂര്‍ കൂലിസമ്പ്രദായം ഏര്‍പ്പെടുത്തുമ്പോള്‍ ജോലിസ്ഥിരത പൂര്‍ണമായും ഇല്ലാതാകുന്നു. ഇഎസ്ഐ, പ്രൊവിഡണ്ട് ഫണ്ട്, പെന്‍ഷന്‍ , ഗ്രാറ്റുവിറ്റി എന്നിവയെല്ലാം ഇല്ലാതാകുന്നു. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി ഇന്ന് ഇത് വ്യാപകമായിരിക്കുന്നു. ഇതിനെതിരായ ശക്തമായ താക്കീതായി ചൊവ്വാഴ്ചത്തെ പൊതുപണിമുടക്ക്. അതുപോലെ പിഎഫ് സ്വകാര്യവല്‍ക്കരിക്കാനും പിഎഫ് മേഖലയില്‍ വിദേശ കമ്പനികള്‍ക്ക് അനുമതി നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരിക്കുകയാണ്. പിഎഫിന്റെ പലിശനിരക്ക് വെട്ടിക്കുറയ്ക്കാനും നീക്കം നടക്കുന്നു. പിഎഫ് ഫണ്ട് ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിച്ച് കോടിക്കണക്കിന് തൊഴിലാളികളുടെ സമ്പാദ്യം ഊഹക്കമ്പോളത്തിന്റെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ക്ക് വിധേയമാക്കുകയാണ്. ഇതിനെതിരായ ജനവികാരംകൂടി തൊഴിലാളികളുടെ ഐക്യസമരത്തില്‍ പ്രകടമായി.

കോടിക്കണക്കിന് തൊഴിലാളികളുടെ പിഎഫ് തുക ഉപയോഗിച്ചാണ് പിഎഫ് പെന്‍ഷന്‍ ഫണ്ടിന്റെ പ്രവര്‍ത്തനം. പതിനൊന്നുവര്‍ഷമായി പിഎഫ് പെന്‍ഷനില്‍ ഒരു രൂപയുടെ വര്‍ധനപോലും വരുത്തിയില്ല. പതിനഞ്ചു മുതല്‍ നൂറുരൂപവരെയാണ് വലിയൊരു വിഭാഗം തൊഴിലാളികള്‍ക്ക് പിഎഫ് പെന്‍ഷനായി നല്‍കുന്നത്. കോടിക്കണക്കിന് തൊഴിലാളികള്‍ അവര്‍ തൊഴിലെടുക്കുന്ന സമയത്ത് നിക്ഷേപിച്ച തുകപോലും നല്‍കാതെ നക്കാപ്പിച്ച നല്‍കുകയാണ്. ചുരുങ്ങിയ പിഎഫ് പെന്‍ഷന്‍ മൂവായിരം രൂപയെങ്കിലുമായി വര്‍ധിപ്പിക്കണമെന്ന് പിഎഫ് പെന്‍ഷന്‍കാര്‍ ആവശ്യപ്പെട്ടുവരികയാണ്. എന്നാല്‍ , പിഎഫ് പെന്‍ഷന്‍ ആയിരംരൂപയെങ്കിലുമായി വര്‍ധിപ്പിക്കുക എന്ന നിര്‍ദേശംപോലും അംഗീകരിക്കാതെ നീട്ടിക്കൊണ്ടുപോവുകയാണ് കേന്ദ്രസര്‍ക്കാര്‍ . വിരമിച്ച കോടിക്കണക്കിന് തൊഴിലാളികളുടെ പിഎഫ് പെന്‍ഷന്‍വര്‍ധന ആവശ്യംകൂടി നേടിയെടുക്കുന്നതിനാണ് ചൊവ്വാഴ്ച പൊതുപണിമുടക്ക് നടന്നത്. ഐതിഹാസികമായ ഈ പണിമുടക്ക് ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ ഐക്യമാണ് പ്രകടമാക്കിയത്. കക്ഷി-ജാതി-മത വ്യത്യാസമെന്യേ തങ്ങളുടെ വര്‍ഗപരമായ ആവശ്യം ഉയര്‍ത്തി സമരരംഗത്തിറങ്ങുകയായിരുന്നു തൊഴിലാളികള്‍ . സ്വകാര്യവല്‍ക്കരണത്തിനും ചൂഷണത്തിനും വിലക്കയറ്റമുള്‍പ്പെടെയുള്ള ജനദ്രോഹാധിഷ്ഠിത സാമ്പത്തിക നയങ്ങള്‍ക്കുമെതിരെ അതിശക്തമായ ബഹുജനസമരം വളര്‍ത്തുന്നതിന്റെ ഭാഗമാണിത്.

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി 01 മാര്‍ച്ച് 2012

വീഴ്ച മറയ്ക്കാന്‍ ഉരുണ്ടുകളി പോരാ

ഭരണമെന്നത് അധികാരവും പണവും പങ്കിട്ട് ആഘോഷിക്കാനുള്ള സംവിധാനമാണെന്നുകരുതുന്ന യുഡിഎഫ് തുടര്‍ച്ചയായി കേരളത്തിന്റെ പൊതുതാല്‍പ്പര്യങ്ങളാകെ ബലികഴിക്കുകയാണ്. ഈ പരമ്പരയിലെ ഏറ്റവും പുതിയ ഉദാഹരണമാണ് നദീജലസംയോജനപദ്ധതിക്കാര്യത്തില്‍ വരുത്തിയ വീഴ്ചയും അത് മറച്ചുപിടിക്കാന്‍ നടത്തുന്ന ഉരുണ്ടുകളിയും. ഈ ഉരുണ്ടുകളിയാകട്ടെ, വൈകിയവേളയില്‍പ്പോലും കേരളത്തിന്റെ നദീജലതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള അവസരംകൂടി നഷ്ടപ്പെടുത്തുകയാണ്. അന്തര്‍സംസ്ഥാന നദീസംയോജനപദ്ധതിയില്‍ പമ്പ-അച്ചന്‍കോവില്‍ -വൈപ്പാര്‍ലിങ്ക് പദ്ധതി ഉള്‍പ്പെടുത്തുന്നതുകൊണ്ട് കേരളത്തിന് പൊതുവിലും കുട്ടനാടിന്റെ പരിസ്ഥിതി-ആവാസ വ്യവസ്ഥകള്‍ക്ക് പ്രത്യേകിച്ചും ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് സുപ്രീംകോടതിയിലോ കേന്ദ്രസര്‍ക്കാരിനു മുന്നിലോ ശക്തിയുക്തമായി വാദിക്കാന്‍ വേണ്ട ഒരു ക്രമീകരണവും യുഡിഎഫ് സര്‍ക്കാര്‍ നടത്തിയില്ല. സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കുന്ന ഈ പ്രശ്നത്തില്‍ മുതിര്‍ന്ന അഭിഭാഷകനെ നിയോഗിക്കാനോ സ്റ്റാന്‍ഡിങ് കൗണ്‍സലില്‍ എടുക്കേണ്ട നിലപാടിനെക്കുറിച്ച് വ്യക്തത നല്‍കാനോ സര്‍ക്കാരിന് സമയമുണ്ടായില്ല.

സങ്കുചിത രാഷ്ട്രീയ കരുനീക്കങ്ങളില്‍മാത്രം വ്യാപരിക്കുകയും ഭരണകാര്യങ്ങളില്‍ അലംഭാവം കാട്ടുകയും ചെയ്യുന്ന ഈ സമീപനംകൊണ്ട് കേരളത്തിന് നഷ്ടപ്പെടുന്നതെന്താണെന്നത് തിരിച്ചറിയേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ ഒന്നും ശ്രദ്ധിക്കാന്‍ കഴിയില്ലെങ്കില്‍ കൊടിവച്ച കാറില്‍ തെക്കോട്ടും വടക്കോട്ടും പറക്കുന്ന ഈ മന്ത്രിമാരെക്കൊണ്ട് എന്തുകാര്യമെന്ന് കേരളം ആലോചിച്ചുപോകും. ഏതെങ്കിലും ഒരു നിലപാട് തെറ്റായിപ്പോയി എന്ന് തെളിഞ്ഞാല്‍ അത് തിരുത്താനാണ് ഉത്തരവാദിത്തമുള്ള ഭരണാധികാരികള്‍ ശ്രമിക്കേണ്ടത്. എന്നാല്‍ , നദീസംയോജനപദ്ധതി വിഷയത്തില്‍ തെറ്റിനെ ന്യായീകരിക്കാനും അതിലൂടെ സംസ്ഥാനത്തിന് കൂടുതല്‍ നഷ്ടമുണ്ടാക്കുന്ന അവസ്ഥ സൃഷ്ടിക്കാനുമാണ് മന്ത്രി കെ എം മാണി തയ്യാറായിക്കാണുന്നത്. ഇത് ഖേദകരമാണ്. നദീസംയോജനം സംബന്ധിച്ച സുപ്രീംകോടതി വിധി കേരളത്തിന് ബാധകമല്ല എന്നാണ് കെ എം മാണി ഇപ്പോള്‍ പറയുന്നത്. കോടതിമുമ്പാകെ കേരളത്തിന്റെ നിലപാട് ശക്തമായി ഉന്നയിക്കുന്നതില്‍ വീഴ്ച വരുത്തിയ സര്‍ക്കാരിലെ മന്ത്രി എന്ന നിലയ്ക്ക് ഇനി ഇങ്ങനെ പറയുകയേ വഴിയുള്ളൂ എന്ന് രാഷ്ട്രീയമായി മാണി കരുതുന്നുണ്ടാകാം. എന്നാല്‍ , ഈ നിലപാട് കൂടുതല്‍ തെറ്റിലേക്കാവും നയിക്കുക. നിലവിലുള്ള നിയമങ്ങളുടെ ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ട് കേന്ദ്രസര്‍ക്കാരോ, ദേശീയ ജലവികസന സമിതിയോ ആണ് ഉത്തരവിട്ടതെങ്കില്‍ ഈ വാദത്തിന് ഒട്ടൊക്കെ സാധുതയുണ്ടെന്നു പറയാം. എന്നാല്‍ , ഇവിടെ അതല്ല സംഭവിച്ചത്.

നദീസംയോജനപദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോടും സംസ്ഥാനസര്‍ക്കാരുകളോടും സുപ്രീംകോടതി കല്‍പ്പിച്ചിരിക്കുകയാണ്. സുപ്രീംകോടതിയുടെ കല്‍പ്പന നിയമമാണ്. സുപ്രീംകോടതി ഇങ്ങനെ കല്‍പ്പിച്ചതാകട്ടെ, സംസ്ഥാനത്തിന്റെ സവിശേഷതയും താല്‍പ്പര്യവും അവകാശവും വേണ്ടത്ര ശക്തിയോടെയും യുക്തിബോധത്തോടെയും സംസ്ഥാനസര്‍ക്കാര്‍ അറിയിക്കാതിരുന്നതുകൊണ്ടാണ്. സുപ്രീംകോടതി നിര്‍ദേശം തങ്ങള്‍ക്ക് ബാധകമല്ല എന്ന മാണിയുടെ വാദം മതിയോ ഇതുണ്ടാക്കുന്ന അവസ്ഥയെ നേരിടാന്‍ ? ഒരു സംസ്ഥാനത്ത് ഉത്ഭവിച്ച് അതേ സംസ്ഥാനത്തുതന്നെ ഒഴുകിത്തീരുന്ന നദികളെയും പല സംസ്ഥാനങ്ങളിലൂടെ ഒഴുകിപ്പോകുന്ന നദികളെയും ഒക്കെ ഒരുപോലെ ബാധിക്കുന്നതാണ് സുപ്രീംകോടതി നിര്‍ദേശം. കോടതിയുടെ മുമ്പിലെ കേസ് മാണി പറയുംപോലെ പല സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദികളെമാത്രം മുന്‍നിര്‍ത്തിയുള്ളതായിരുന്നില്ല. ഇതുകൊണ്ടുതന്നെ എല്ലാത്തരം നദികളുടെ കാര്യത്തിലും ബാധകമാകുന്നു സുപ്രീംകോടതി നിര്‍ദേശം. ഇതാകട്ടെ, കേരളത്തിന്റെ താല്‍പ്പര്യത്തിന് വിഘാതമാണുതാനും. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാട് ജനതയുടെ ജല ആവശ്യം പൂര്‍ണമായി സംരക്ഷിച്ചുകൊണ്ടുതന്നെ ഇവിടെത്തെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള സംവിധാനമുണ്ടാക്കാന്‍ കഴിയുമായിരുന്നു. ആ നിലയ്ക്ക് പ്രശ്നം പരിഹരിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് ഉറപ്പുകിട്ടിയിട്ടുണ്ടെന്ന് മാണി പ്രസംഗിച്ചുനടന്നിരുന്നു. ഇന്ന് എവിടെ ആ ഉറപ്പ്?

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇത്തരമൊരു അവസ്ഥയുണ്ടാക്കിയത് യുഡിഎഫ് സര്‍ക്കാര്‍ കാട്ടിയ അനാസ്ഥയാണെന്നത് അറിയാത്തവരില്ല. ഇവിടെ, നദീസംയോജന പ്രശ്നത്തിലാകട്ടെ, ഗുരുതരമായ അലംഭാവവും പിടിപ്പുകേടുംകൊണ്ട് കേരളത്തിന്റെ പൊതുതാല്‍പ്പര്യം ബലികഴിച്ചു. കഴിഞ്ഞവര്‍ഷം ഹരീഷ് സാല്‍വേയെപ്പോലുള്ള സീനിയര്‍ അഭിഭാഷകര്‍ ഈ പ്രശ്നത്തില്‍ കേരളത്തിനുവേണ്ടി വാദിക്കാന്‍ നിയുക്തരായിരുന്നു. എന്നാല്‍ , ഇത്തവണ യുഡിഎഫ് സര്‍ക്കാര്‍ ഒരു സീനിയര്‍ അഭിഭാഷകനെയും ചുമതലപ്പെടുത്തിയില്ല. കേരളത്തിനുവേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സല്‍മാത്രമാണ് ഹാജരായത്. ആ സ്റ്റാന്‍ഡിങ് കൗണ്‍സലാകട്ടെ, പുതുതായി നിയമിതനായ വ്യക്തിയാണ്. കേസ് പഠിക്കാന്‍ വേണ്ട സാവകാശമൊന്നും നിയമനത്തിനും ഹാജരാകലിനുമിടയില്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടാകില്ല. കേരളത്തിന്റെ താല്‍പ്പര്യ സംരക്ഷണത്തിനായി കാര്യക്ഷമമായി കേസ് നടത്തിപ്പോരുകയായിരുന്നു മുമ്പ് എല്‍ഡിഎഫ് സര്‍ക്കാര്‍ . ദേശീയ ജലവികസന ഏജന്‍സി യോഗത്തില്‍ കേരളത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്നാണ് പമ്പ-അച്ചന്‍കോവില്‍ -വൈപ്പാര്‍ലിങ്ക് പദ്ധതിയെ അജന്‍ഡയില്‍നിന്ന് ഒഴിവാക്കിയതുപോലും. ഹരീഷ് സല്‍വേയെയും മോഹന്‍ ഹത്താര്‍ക്കിയെയുംപോലുള്ള പ്രഗത്ഭരായ സീനിയര്‍ അഭിഭാഷകരെ കേസ് വാദിക്കാന്‍ ചുമതലപ്പെടുത്തിയതും പ്രശ്നത്തിന്റെ ഗൗരവം മുന്‍നിര്‍ത്തിയാണ്. ഗൗരവത്തോടെ കേസ് കൈകാര്യംചെയ്തതുകൊണ്ട് അന്ന് സംസ്ഥാന താല്‍പ്പര്യം സംരക്ഷിക്കപ്പെട്ടു. ഗൗരവബോധത്തോടെ കേസ് കൈകാര്യംചെയ്യുന്നതില്‍ അനാസ്ഥ വരുത്തിയതിലൂടെ യുഡിഎഫ് സര്‍ക്കാര്‍ കേരളതാല്‍പ്പര്യം ദുര്‍ബലപ്പെടുത്തുകയുംചെയ്തു.

പമ്പയിലെയും അച്ചന്‍കോവിലാറിലെയും വെള്ളംകൊണ്ടാണ് മധ്യതിരുവിതാംകൂറും അപ്പര്‍കുട്ടനാടും കുട്ടനാടുമൊക്കെ ഹരിതാഭമായി നിലനില്‍ക്കുന്നത്. ഈ വെള്ളമാകെ മുകള്‍ത്തലങ്ങളില്‍നിന്നുതന്നെ സംസ്ഥാനത്തിന് പുറത്തേക്ക് വഴിതിരിച്ചുവിട്ടാല്‍ മധ്യതിരുവിതാംകൂറിന്റെയും കുട്ടനാടിന്റെയും സ്ഥിതി എന്താകും? ഈ ചോദ്യം ഫലപ്രദമായി കേന്ദ്രസര്‍ക്കാരിന്റെ മുമ്പിലോ ദേശീയ ജലവികസന ഏജന്‍സിയുടെ മുമ്പിലോ സുപ്രീംകോടതിയുടെ മുമ്പിലോ ഉന്നയിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശുഷ്കാന്തി കാട്ടിയില്ല. വരള്‍ച്ചക്കാലത്ത് നേര്‍ത്ത് ഒഴുകുന്ന അവസ്ഥയാണ് ഈ പുഴകളിലുള്ളത്. ആ ജലംകൂടി നഷ്ടപ്പെട്ടാല്‍ ഇവിടെയുണ്ടാകുന്ന വരള്‍ച്ചാദുരന്തത്തിന്റെ തീവ്രത ബോധ്യപ്പെടുത്തേണ്ടിടത്താണ് വീഴ്ച വരുത്തിയത്. സുപ്രീംകോടതി വിധിമൂലമുണ്ടാകുന്നത് ഈ നദികളിലെ ജലം വഴിതിരിച്ചുവിടപ്പെടുമെന്നും മധ്യതിരുവിതാംകൂറും കുട്ടനാടും ഊഷരമാകുമെന്നുമുള്ള ആശങ്കയാണ്. ഈ ആശങ്കയകറ്റാനും കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും എന്തുചെയ്യാനാണ് കഴിയുക എന്ന കാര്യം ഭരണഘടനാവിദഗ്ധരുമായി ആലോചിച്ച് അടിയന്തരമായി നടപടിയെടുക്കണം. അല്ലാതെ, സുപ്രീംകോടതി വിധി തങ്ങള്‍ക്ക് ബാധകമല്ല എന്ന വാദവുമായി അനാസ്ഥ തുടര്‍ന്നാല്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങളെ അത് അപകടപ്പെടുത്തും.

*
ദേശാഭിമാനി മുഖപ്രസംഗം 01 മാര്‍ച്ച് 2012

പണിമുടക്കിയവരും മുടക്കാത്തവരും

ലോകത്ത് ഇന്നുവരെ ഇത്രയധികം തൊഴിലാളികള്‍ ഒരുമിച്ച് ഇങ്ങനെയൊരു പണിമുടക്കില്‍ അണിചേര്‍ന്നിട്ടില്ല. പത്തുകോടിയിലധികം തൊഴിലാളികളും ജീവനക്കാരുമാണ് പലനിറത്തിലുള്ള കൊടികളുമായി ചൊവ്വാഴ്ചത്തെ പൊതുപണിമുടക്കില്‍ പങ്കെടുത്തത്. പത്ത് മുദ്രാവാക്യങ്ങളുയര്‍ത്തി 11 ട്രേഡ്യൂണിയനുകളുടെ സംയുക്ത സമിതി നേതൃത്വം നല്‍കിയ പണിമുടക്കിന് രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളുടെ വൈകാരികമായ പ്രാതിനിധ്യമുണ്ട്. ഇന്ത്യയില്‍ ഇന്നലെ ഉണ്ടായ ഏറ്റവും വലിയ സംഭവമേത് എന്ന ചോദ്യത്തിനുമാത്രമല്ല, ലോകത്ത് ഈ വര്‍ഷം ഉണ്ടായ ഏറ്റവും വലിയ സംഭവമേത് എന്ന ചോദ്യത്തിനും ഉത്തരം ഈ പണിമുടക്ക് എന്നുതന്നെയാണ്. വോയ്സ് ഓഫ് അമേരിക്കയുടെ വാര്‍ത്ത "ഇന്ത്യയിലെ ദേശവ്യാപക പണിമുടക്ക് സാമ്പത്തികനയങ്ങളെ ലക്ഷ്യം വെക്കുന്നു" എന്നാണ്. "തൊഴിലാളിവിരുദ്ധ" നയങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ ദേശവ്യാപക പണിമുടക്കില്‍ ഇന്ത്യയിലെ മൂന്നു സുപ്രധാന സാമ്പത്തികമേഖല സ്തംഭിച്ചു.

തൊഴിലാളികളും ജീവനക്കാരും വീട്ടിലിരുന്നതിനാല്‍ ഗതാഗത, സാമ്പത്തിക, പോസ്റ്റല്‍ സര്‍വീസുകള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും തടസ്സപ്പെട്ടു. മന്‍മോഹന്‍സിങ്ങിന്റെ, കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിന് തിരിച്ചടിയാണ് ഈ പണിമുടക്കെന്നും പ്രധാനമന്ത്രിയുടെയും മറ്റധികാരികളുടെയും നിരന്തര അഭ്യര്‍ഥന തള്ളിയാണ് തൊഴിലാളികള്‍ പണിമുടക്കിയതെന്നും വാര്‍ത്തയില്‍ വിശദീകരിക്കുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ആദ്യമായാണ് എല്ലാ ട്രേഡ്യൂണിയനുകളും യോജിച്ച് പണിമുടക്കുന്നതെന്നും രാഷ്ട്രീയമായി അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഐക്യം ഒരുപരിധിവരെ ഇതിലൂടെ സാധിതമായെന്നും ഐഎന്‍ടിയുസി പ്രസിഡന്റ് ജി സഞ്ജീവ റെഡ്ഡി പറഞ്ഞതായും വോയ്സ് ഓഫ് അമേരിക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്ലൂംബെര്‍ഗ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ , ദശലക്ഷക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ നടത്തിയ പണിമുടക്കില്‍ ബാങ്കുകള്‍ അടഞ്ഞുകിടന്നതിനെക്കുറിച്ചും പൊതുഗതാഗതം സ്തംഭിച്ചതിനെക്കുറിച്ചുമാണ് പറയുന്നത്. സാമ്രാജ്യത്വാനുകൂല വാര്‍ത്താ ഏജന്‍സികള്‍ക്ക് കാര്യം പിടികിട്ടി. പൊതുപണിമുടക്ക് ഇന്ത്യയിലെ ഏറ്റവും പ്രധാന വാര്‍ത്തയായിത്തന്നെ അവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടിവന്നു. അതേസമയം, നമുക്ക് ചുറ്റുമുള്ള മാധ്യമങ്ങള്‍ എങ്ങനെ ഈ തൊഴിലാളിമുന്നേറ്റത്തെ കണ്ടു എന്ന് നോക്കുക. മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രമെന്ന് പറയാറുള്ള മലയാളമനോരമയുടെ ഒന്നാംപുറത്ത് പണിമുടക്ക് വാര്‍ത്തകളേയില്ല. അകംപേജില്‍ അവര്‍ നല്‍കിയിരിക്കുന്ന വാര്‍ത്തയുടെ തലക്കെട്ട് "അഖിലേന്ത്യാ പണിമുടക്ക് ഭാഗികം" എന്നാണ്. മറ്റൊരു പ്രമുഖ പത്രം "ജനങ്ങള്‍ വലഞ്ഞു" എന്നാണ് പണിമുടക്ക് വാര്‍ത്തയ്ക്കു നല്‍കിയ പ്രധാന ശീര്‍ഷകം.

ആരാണ് ഈ ജനങ്ങള്‍ ? രാജ്യത്തെ 11 ട്രേഡ്യൂണിയനുകളിലും തൊഴിലാളികളുടെയും ജീവനക്കാരുടെയും കേന്ദ്ര ഫെഡറേഷനുകളിലും അണിനിരന്ന ജനവിഭാഗങ്ങള്‍ ഈ വലയുന്ന ജനങ്ങളില്‍നിന്ന് എങ്ങനെ വേറിട്ട് നില്‍ക്കുന്നു? മനോരമതന്നെ അകത്തെ പേജില്‍ മറ്റൊരു സചിത്ര വാര്‍ത്ത കൊടുത്തിട്ടുണ്ട്. "പണി പാര്‍ടി കോണ്‍ഗ്രസിനെങ്കില്‍ പണിമുടക്കു ബാധകമല്ല" എന്ന്. ഇടത് യൂണിയനുകളടക്കമുള്ള സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്കില്‍ സംസ്ഥാനം ഏതാണ്ട് പൂര്‍ണമായി നിശ്ചലമായപ്പോള്‍ സിപിഎം പാര്‍ടി കോണ്‍ഗ്രസിനായി ഒരുങ്ങുന്ന രണ്ടുവേദിയില്‍ തൊഴിലാളികള്‍ക്ക് പണിയോടുപണി എന്ന് വാര്‍ത്ത തുടരുന്നു. മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്ന ചരിത്രപ്രദര്‍ശനത്തിന്റെ പന്തല്‍ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമത്തെയാണ് പണിമുടക്കിന്റെ ശോഭകെടുത്താനുള്ള മഹാസംഭവമായി മനോരമ അവതരിപ്പിച്ചത്. മുമ്പ് സിപിഐ എം സംസ്ഥാന സമ്മേളനം പാലക്കാട്ട് നടന്നപ്പോള്‍ , ആ സമ്മേളനത്തിലേക്ക് (പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം അറുനൂറില്‍താഴെ) മീന്‍ വാങ്ങിയതുകൊണ്ട് പാലക്കാട് മാര്‍ക്കറ്റില്‍ മത്സ്യക്ഷാമം എന്ന് വാര്‍ത്ത കൊടുക്കാന്‍ ഒരുപത്രം സാഹസികത കാട്ടിയിരുന്നു. അതിലും വലിയ സാഹസികതയാണ് മലയാള മനോരമയുടേത്. പാര്‍ടി കോണ്‍ഗ്രസിനുവേണ്ടി വേദിയൊരുക്കുന്നതിലെ അസഹനീയത അവര്‍ പരിഹാസവാര്‍ത്തയിലൂടെ പ്രകടിപ്പിച്ചു.

ഇന്ദിരഗാന്ധി വധത്തിനുശേഷം ഭ്രാന്തുപിടിച്ച കോണ്‍ഗ്രസുകാര്‍ സിഖ് സഹോദരങ്ങളെ കൂട്ടക്കൊലചെയ്തു. അന്നതിനെ കോണ്‍ഗ്രസ് പ്രസിഡന്റ് ലാഘവത്തോടെ വിശേഷിപ്പിച്ചത്, വന്‍മരം വീഴുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രത്യാഘാതമായാണ്. മനുഷ്യമനഃസാക്ഷിയെ നടുക്കിയ കൂട്ടക്കുരുതിയെ പരസ്യമായി ന്യായീകരിച്ചപ്പോള്‍ അതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കാന്‍പോലും നട്ടെല്ലുനിവര്‍ത്താതെ, സ്തുതിഗീതമാലപിച്ച മാധ്യമങ്ങള്‍ ഇന്നാട്ടിലുണ്ട്. അവര്‍ക്ക് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യത്തേതെന്ന് നിസ്സംശയം പറയാവുന്ന തൊഴിലാളിമുന്നേറ്റത്തെ തുറന്നകണ്ണോടെ കാണാനാകുന്നില്ല. കോണ്‍ഗ്രസിന്റെ മൂവര്‍ണക്കൊടി കൈയിലേന്തിയ ലക്ഷക്കണക്കിനു തൊഴിലാളികള്‍ ചെങ്കൊടിയേന്തിയവര്‍ക്കൊപ്പം; കാവിക്കൊടിയേന്തിയവര്‍ക്കൊപ്പം അണിനിരന്ന മഹാസമരമാണിത്. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി തൊഴിലാളികള്‍ ഭിന്നതകള്‍ മറന്ന് ഒറ്റശരീരമായി മാറിയ സുവര്‍ണമുഹൂര്‍ത്തം. ആ അത്യുജ്വല ചരിത്രസന്ദര്‍ഭത്തെ മലിനപ്പെടുത്താന്‍ തമ്പാനൂരില്‍നിന്ന് സെക്രട്ടറിയറ്റുവരെ നടന്നുപോകേണ്ടിവന്നതിന്റെ "ദുരിത"ത്തെക്കുറിച്ചുള്ള വര്‍ണനകള്‍ മാധ്യമങ്ങള്‍ അവതരിപ്പിക്കുകയാണ്. പണിമുടക്കല്ല മനോരമ കണ്ടത്- അക്രമമാണ്. ലക്ഷക്കണക്കിനു തൊഴിലാളികള്‍ പല നിറങ്ങളിലുള്ള കൊടികളേന്തി പണിമുടക്കി തെരുവിലിറങ്ങി മുഴക്കിയത് ഇന്നാട്ടിലെ സാധാരണക്കാരായ ഓരോരുത്തര്‍ക്കുംവേണ്ടിയുള്ള മുദ്രാവാക്യങ്ങളാണ്. ആ മുദ്രാവാക്യത്തെക്കുറിച്ച് എഴുതാതെ, "പന്നി കിണറ്റില്‍വീണ" വാര്‍ത്തയ്ക്കുപോലും അമിത പ്രാധാന്യം നല്‍കുമ്പോള്‍ മാധ്യമപ്രവര്‍ത്തനം എന്ന പ്രയോഗത്തിന്റെ ഏറ്റവും മോശപ്പെട്ട അര്‍ഥംപോലും ചോര്‍ന്നുപോകുന്നു.

അന്നന്ന് ഓട്ടോ ഓടിച്ചുകിട്ടുന്ന പണംകൊണ്ട് വീട്ടിലേക്ക് അരിവാങ്ങുന്നവരാണ് മഹാഭൂരിപക്ഷം ഓട്ടോ ഡ്രൈവര്‍മാരും. കയറുപിരിക്കുന്നവരും തൊണ്ട് തല്ലുന്നവരും ബീഡിതെറുക്കുന്നവരും ടാക്സി ഓടിക്കുന്നവരും നെയ്ത്തുകാരും കശുവണ്ടിത്തൊഴിലാളികളുമെല്ലാം പണിമുടക്കിയിട്ടുണ്ട്. അവര്‍ക്ക് ഒരുദിവസത്തെ വേതനം നഷ്ടപ്പെടുകയെന്നാല്‍ അന്ന് അടുപ്പില്‍ തീ പുകയാതിരിക്കുക എന്നാണര്‍ഥം. ആ ത്യാഗത്തിന് അവര്‍ തയ്യാറാകുന്നത് പിറ്റേന്ന് കൂലിക്കൂടുതല്‍ കിട്ടും എന്ന് കരുതിയിട്ടല്ല. ജി സഞ്ജീവ റെഡ്ഡി ഇന്ത്യയിലെ മുന്‍നിര ട്രേഡ് യൂണിയന്‍ നേതാവുമാത്രമല്ല, ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനും ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസിന്റെ പ്രതിനിധിയായ പാര്‍ലമെന്റ് അംഗവുമാണ്. കോണ്‍ഗ്രസിനുവേണ്ടി അഹോരാത്രം പാടുപെടുന്ന മാധ്യമങ്ങള്‍ ആ നേതാവിന്റെ വാക്കുകള്‍ തമസ്കരിക്കുന്നുണ്ടെങ്കില്‍ അതിനു പിന്നിലെ താല്‍പ്പര്യങ്ങള്‍ ചികഞ്ഞുനോക്കേണ്ടതുതന്നെയാണ്.

കോണ്‍ഗ്രസിനെയും അതിന്റെ നയങ്ങളെയും സഹായിക്കുന്നവര്‍ പരസ്യമായിത്തന്നെ കോണ്‍ഗ്രസിലെ തൊഴിലാളികളുടെ പ്രശ്നങ്ങളെ ഇകഴ്ത്തിക്കാട്ടുകയും അവഗണിക്കുകയും ചെയ്യുന്നു എന്നത് ഈ പണിമുടക്ക് റിപ്പോര്‍ട്ടിങ്ങില്‍ കൂടുതല്‍ വ്യക്തമാക്കപ്പെടുകയാണ്. താല്‍പ്പര്യം കൊടിയുടേതല്ല; വര്‍ഗത്തിന്റേതാണ്. ദില്ലിയിലെ രാംലീലാ മൈതാനിയില്‍ ബാബാ രാംദേവ് നൃത്തസത്യഗ്രഹം നടക്കുന്നിടത്ത് ആളെ എത്തിച്ചാല്‍ രാഷ്ട്രീയമായ അപകടമില്ലെന്ന് മനോരമയ്ക്കറിയാം. അതേസമയം, തൊഴിലാളികള്‍ പൊതുപ്രശ്നങ്ങളുയര്‍ത്തി യോജിച്ചുനില്‍ക്കുമ്പോള്‍ ബൂര്‍ഷ്വാരാഷ്ട്രീയത്തിനുണ്ടാകുന്ന വെല്ലുവിളിയുടെ ഗൗരവവും അവര്‍ക്കറിയാം. രാംദേവും ആള്‍ദൈവ വ്യവസായവും പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍ സഞ്ജീവറെഡ്ഡി തമസ്കരിക്കപ്പെടുന്നതിന്റെ പൊരുള്‍ അവിടെയാണ്. പടിഞ്ഞാറന്‍ ബംഗാളില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം നിലംപരിശായെന്ന് പ്രചരിപ്പിച്ചവരും അങ്ങനെ വിശ്വസിച്ചവരുമുണ്ട്.
ബംഗാളില്‍ പണിമുടക്കിനെപ്പറ്റി മനോരമ എഴുതുന്നു: "ബംഗാളിലും പണിമുടക്ക് ഭാഗികമായിരുന്നു. പണിമുടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും "സര്‍വീസ്ബ്രേക്ക് ആകുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയറ്റില്‍ ഇന്നലെ 65 ശതമാനംപേരും ജോലിക്കെത്തി. റയില്‍ , റോഡ് ഗതാഗതം തടഞ്ഞ നൂറോളം പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്." പ്രമുഖ ഇഗ്ലീഷ് പത്രമായ ഡെക്കാന്‍ഹെറാള്‍ഡ് കൊല്‍ക്കത്തയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്, "പണിമുടക്ക് ബംഗാളിനെ ബാധിച്ചപ്പോള്‍ മമതയുടെ മുഖം ചുവന്നു." എന്നാണ്. തൃണമൂല്‍കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിന്റെ എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് വിജയം വരിച്ച പണിമുടക്കില്‍ , റോഡുകള്‍ വിജനമായെന്നും ഓട്ടോറിക്ഷകളും ടാക്സിയും ഓടിയില്ല എന്നും ഇടതുഭരണമുണ്ടായിരുന്ന കാലത്തെ പ്രതീതിയാണ് ഇതുണര്‍ത്തിയതെന്നും ആ പത്രംപറയുന്നു.

ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിന്റെ സൂചനയായി പണിമുടക്കിനെ പ്രധാന മാധ്യമങ്ങള്‍ വിലയിരുത്തിയപ്പോഴാണ്, റോഡും റെയിലും തടഞ്ഞ നൂറോളംപേരുടെ അറസ്റ്റ് എന്ന "നിസ്സാരസംഭവ"മാക്കി മനോരമ അതിനെ ചുരുക്കിക്കളഞ്ഞത്. നാം പണംകൊടുത്ത് വാങ്ങി വായിക്കുന്ന പത്രങ്ങള്‍ എത്രമാത്രം വഞ്ചനയാണ് നമ്മളോട് കാണിക്കുന്നത് എന്ന് ഓര്‍ത്തുനോക്കാനുള്ള സന്ദര്‍ഭവുമാണിത്. ഇറ്റാലിയന്‍ കപ്പലില്‍നിന്ന് വെടിയുതിര്‍ത്ത് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്തവരെ മഹത്വപ്പെടുത്താനും അവരുടെ രക്ഷകരെ വെള്ളപൂശാനും അതിന്റെ ജാള്യം മറയ്ക്കാനും മനോരമ ഡസനിലേറെ വാര്‍ത്ത കൊടുത്തിട്ടുണ്ട് ഫെബ്രുവരി 29ന്. ഇറ്റാലിയന്‍ കൊലയാളികളോടാണ് അവര്‍ക്ക് ഇന്ത്യന്‍ തൊഴിലാളികളോടുള്ളതിനേക്കാള്‍ ബന്ധുത്വം. പത്രമുടമകളുടെ ആ താല്‍പ്പര്യം മനസ്സിലാക്കാവുന്നതേയുള്ളൂ. അബദ്ധത്തിലെങ്കിലും തൊഴിലാളികള്‍ക്കനുകൂലമായിവരുന്ന ഒരു വാര്‍ത്ത വെളിച്ചം കാണരുത്, അതിനുമേലാകട്ടെ പന്നി കിണറ്റില്‍ വീണ വാര്‍ത്ത എന്നു കരുതുന്ന ചില മാധ്യമപ്രവര്‍ത്തകരുടെ അല്‍പ്പത്തത്തെ അങ്ങനെ മനസ്സിലാക്കാനും പ്രയാസമാണ്. അവരോട്, "നിങ്ങള്‍ ജീവിക്കുന്നത് ഈ നാട്ടിലല്ലേ" എന്ന് ചോദിച്ചുപോയാല്‍ ആരും നെറ്റിചുളിക്കില്ല.

*
പി എം മനോജ് ദേശാഭിമാനി 01 മാര്‍ച്ച് 2012