Wednesday, October 2, 2013

അമേരിക്കന്‍ ബജറ്റ് സ്തംഭനം

ബജറ്റില്‍ വകയിരുത്തിയ പണമേ ചെലവഴിക്കാന്‍ സര്‍ക്കാരിന് അവകാശമുള്ളു. ബജറ്റ് പാസായില്ലെങ്കില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനം സ്തംഭിക്കും. നമ്മുടെ നാട്ടില്‍ അങ്ങനെയൊന്ന് സംഭവിക്കുക വയ്യ. കാരണം ബജറ്റ് പാസായില്ലെങ്കില്‍ സര്‍ക്കാര്‍ ഉടന്‍ രാജിവയ്ക്കേണ്ടിവരും. നിയമസഭയില്‍ ഭൂരിപക്ഷമുള്ളവരാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. എന്നാല്‍, അമേരിക്കയില്‍ ഇങ്ങനെയല്ല കാര്യങ്ങള്‍. അവിടെ പ്രസിഡന്റിനെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുകയാണ്. പ്രസിഡന്റിന് അധോസഭയായ കോണ്‍ഗ്രസിലോ ഉപരിസഭയായ സെനറ്റിലോ ഭൂരിപക്ഷം ഉണ്ടാകണമെന്നില്ല. ബജറ്റ് പാസായില്ലെങ്കില്‍ പ്രസിഡന്റ് രാജിവയ്ക്കേണ്ട. പക്ഷേ, സര്‍ക്കാരിന് പണം ചെലവഴിക്കാനാകില്ല. ഭരണം സ്തംഭിക്കും. ഇതാണ് ഇപ്പോള്‍ അമേരിക്കയില്‍ സംഭവിക്കുന്നത്.

പ്രസിഡന്റ് ഒബാമ ഡെമോക്രാറ്റിക് പാര്‍ടി നേതാവാണ്. അദ്ദേഹത്തിന്റെ പാര്‍ടിക്ക് സെനറ്റില്‍ ഭൂരിപക്ഷമുണ്ട്. പക്ഷേ, കോണ്‍ഗ്രസില്‍ ന്യൂനപക്ഷമാണ്. റിപ്പബ്ലിക്കന്‍ പാര്‍ടിക്കാണ് ഭൂരിപക്ഷം. ഒക്ടോബര്‍ ഒന്നിനുമുമ്പ് ബജറ്റ് പാസാക്കണം. കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷം ചില ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും ഒബാമയുടെ ഏറ്റവും പ്രിയപ്പെട്ട പദ്ധതിയായ ആരോഗ്യ ഇന്‍ഷുറന്‍സ് പരിപാടിക്കും പണം വെട്ടിക്കുറയ്ക്കാനുള്ള നിബന്ധന വച്ചു. സെനറ്റ് ഈ നിബന്ധനകള്‍ തള്ളി. തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചകളൊന്നും ഫലവത്തായില്ല. അങ്ങനെ പൂര്‍ണബജറ്റ് പാസാക്കാന്‍ കഴിഞ്ഞില്ല.

ഇങ്ങനെയൊരു സ്ഥിതിവന്നാല്‍ എന്തുചെയ്യണമെന്നതിന് ഒബാമ വിശദമായ പദ്ധതിതന്നെ തയ്യാറാക്കിയിരുന്നു. അതുപ്രകാരം പ്രതിരോധം, പാസ്പോര്‍ട്ട് ഓഫീസ്, വിമാനത്താവളം തുടങ്ങിയ അനിവാര്യ സര്‍വീസുകള്‍ ഒഴികെ ബാക്കിയെല്ലായിടത്തും താല്‍ക്കാലികമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലേ ഓഫ് പ്രഖ്യാപിക്കുന്നു. അനിവാര്യമല്ലാത്ത മറ്റ് ചെലവുകളും മാറ്റിവയ്ക്കുന്നു. ഇപ്പോള്‍ ഇങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്. എത്രദിവസം ഈ സ്തംഭനം തുടരുമെന്ന് ഇപ്പോള്‍ പറയാനാകില്ല. നീളുംതോറും ജനങ്ങളുടെ ദുരിതം കൂടും. ഈ സ്തംഭനം രണ്ടാഴ്ചയിലേറെ നീണ്ടാല്‍ രണ്ടാംപാദത്തിലെ ദേശീയവരുമാനത്തില്‍ .09 ശതമാനം ഇടിവുണ്ടാകും എന്നാണ് ഒരു കണക്ക്. എന്നുവച്ചാല്‍ അമേരിക്കയില്‍ ഉണ്ടായിരിക്കുന്ന ദുര്‍ബലമായ വീണ്ടെടുപ്പ് തകരും. മാന്ദ്യം രൂക്ഷമാകും. ജനവികാരം ഒബാമയ്ക്കൊപ്പമാണ്. കാരണം ഭൂരിപക്ഷംപേര്‍ക്കും പുതിയ ഇന്‍ഷുറന്‍സ് പരിപാടി ഇഷ്ടമാണ്. അമേരിക്കയില്‍ സൗജന്യ ചികിത്സയില്ല. എല്ലാവരും ഇന്‍ഷുറന്‍സ് എടുക്കണം. ഇന്‍ഷുറന്‍സ് കമ്പനികളാണെങ്കില്‍ വലിയ പ്രീമിയമാണ് ഈടാക്കുന്നത്. ഇത് താങ്ങാനാവാത്ത വലിയവിഭാഗം കുടുംബങ്ങള്‍ക്ക് തന്മൂലം ആരോഗ്യപരിരക്ഷയില്ല. ഇവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്ന ഏര്‍പ്പാടാണ് ഒബാമ കൊണ്ടുവന്ന പരിഷ്കാരം.

റിപ്പബ്ലിക്കന്‍ കക്ഷിക്കാര്‍ ഈ പരിഷ്കാരത്തെ അടിമുടി എതിര്‍ക്കുകയാണ്. സര്‍ക്കാര്‍ ചെലവ് വര്‍ധിക്കും എന്നതാണ് ഒരു വിമര്‍ശനം. ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തില്‍ കൈവയ്ക്കുന്നു എന്നതാണ് മറ്റൊരു വിമര്‍ശം. ഇന്‍ഷുറന്‍സ് മേഖലയിലേക്കുള്ള സര്‍ക്കാരിന്റെ കടന്നുകയറ്റമെന്നും വിമര്‍ശമുണ്ട്. അതുകൊണ്ട് അവര്‍ ഈ പരിഷ്കാരത്തെ പരിഹസിച്ച് "ഒബാമ കെയര്‍" എന്നാണ് വിളിക്കുന്നത്. എങ്കിലും റിപ്പബ്ലിക്കന്‍ കക്ഷിക്ക് ഭൂരിപക്ഷജനവികാരം അറിയാം. ഇതിന്റെ പേരില്‍ രാജ്യഭരണംതന്നെ സ്തംഭിപ്പിക്കുന്നതിന് മഹാഭൂരിപക്ഷംപേരും എതിരാണ്. രാഷ്ട്രീയമായി ഈ കളി അവര്‍ക്ക് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. മുമ്പ് ഇതുപോലെ ഒരു അടവ് അവര്‍ സ്വീകരിച്ചതിന്റെ ഫലമായാണ് ബില്‍ ക്ലിന്റണ്‍ രണ്ടാംവട്ടവും തെരഞ്ഞെടുക്കപ്പെട്ടത് എന്ന് ചില നിരീക്ഷകര്‍ പറയുന്നു. ""എന്റെ പ്രസിഡന്‍സി അവസാനിച്ചാലും വേണ്ടില്ല, ബന്ദിയാക്കി മോചനദ്രവ്യത്തിന് വിലപേശാന്‍ വരേണ്ട"" എന്ന് ദേഷ്യപ്പെട്ടാണ് ചര്‍ച്ചകളില്‍നിന്ന് ഒബാമ ഇറങ്ങിപ്പോന്നത്. എങ്കിലും അദ്ദേഹത്തിനും ഈ സ്തംഭനം ദീര്‍ഘമായി തുടരാന്‍ അനുവദിക്കാന്‍ പറ്റില്ല. സാമ്പത്തികമായി ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകും. പൊതുജനാഭിപ്രായവും ചിലപ്പോള്‍ എതിരായിത്തീരാം. ആരാണ് ആദ്യം ഇമവെട്ടുക? ആരാണ് ആദ്യം ശ്വാസംവിടുക? ഈ കുട്ടിക്കളികളിലാണ് നേതാക്കന്മാര്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്ന് സാധാരണക്കാര്‍ പിറുപിറുക്കുന്നു. എന്നാല്‍, അമേരിക്കയില്‍ നടക്കുന്നത് കുട്ടിക്കളിയല്ല. ഇന്ന് പാശ്ചാത്യരാജ്യങ്ങളിലെല്ലാം കടുത്ത നിയോലിബറല്‍ പിന്തിരിപ്പന്മാരും കുറച്ചുകൂടി അയവേറിയ നിലപാടെടുക്കുന്ന കെയ്നീഷ്യന്‍ സ്വാധീനത്തില്‍പ്പെട്ടവരും തമ്മില്‍ നടക്കുന്ന രൂക്ഷമായ നയ ഏറ്റുമുട്ടലിന്റെ ഉത്തമ ദൃഷ്ടാന്തമാണ് അമേരിക്കയിലെ ബജറ്റ് സ്തംഭനം.

2008ല്‍ ആഗോള സാമ്പത്തികമാന്ദ്യം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തല്‍ക്കാലത്തേക്കെങ്കിലും എല്ലാവരും കെയ്ന്‍സിന്റെ ശിഷ്യന്മാരായി. സമ്പദ്ഘടനയില്‍ സര്‍ക്കാര്‍ ഇടപെടണ്ടേതില്ല; സര്‍വസ്വതന്ത്രമായി വിട്ടാല്‍മതി; എല്ലാം സ്വയം നേരെയായിക്കൊള്ളും എന്നാണല്ലോ നിയോലിബറല്‍ നിലപാട്. ഇതിനുപകരം ഉത്തേജക പാക്കേജുകളുണ്ടാക്കി, കമ്മി വര്‍ധിപ്പിച്ച് ബാങ്കുകളെയും മുതലാളിത്ത വ്യവസ്ഥയെത്തന്നെയും രക്ഷിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങി. സമൂലതകര്‍ച്ചയില്‍നിന്ന് മുതലാളിത്തം രക്ഷപ്പെട്ടു. ശ്വാസംവീണതോടെ നിയോലിബറലുകള്‍ തങ്ങളുടെ പഴയ നിലപാടിലേക്ക് തിരിച്ചുപോയി. പാലം കടക്കുവോളം നാരായണ പറഞ്ഞവര്‍ പാലം കടന്നതോടെ കൂരായണ എന്നായി ജപം. മുതലാളിത്ത കുഴപ്പത്തിന് പരിഹാരം സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കലോ കമ്മി സൃഷ്ടിക്കലോ അല്ല. മറിച്ച് ചെലവു ചുരുക്കി നികുതി കുറച്ച് കമ്മി കുറയ്ക്കലാണ്. നിക്ഷേപകര്‍ക്ക് കൂടുതല്‍ ഇളവുകള്‍ അനുവദിക്കണമെന്നും സാമ്പത്തിക അച്ചടക്കം കര്‍ശനമാക്കണമെന്നുമാണ് ഇപ്പോള്‍ നിയോ ലിബറലുകള്‍ വാദിക്കുന്നത്. ഇതിലൂടെ നിക്ഷേപകരുടെ വിശ്വാസം ആര്‍ജിച്ച് പ്രതിസന്ധി മറികടക്കാന്‍ പറ്റുംപോലും. ഈ നയത്തിന്റെ ഏറ്റവും കടുത്ത വക്താവ് ജര്‍മന്‍ ചാന്‍സലര്‍ ഏയ്ഞ്ചലാ മെര്‍ക്കലാണ്. യൂറോപ്പിലെ മാന്ദ്യം വീണ്ടും രൂക്ഷമാക്കിയതിന് ഉത്തരവാദിത്തം ഇവരുടെ നയത്തിനാണ്. അമേരിക്കയിലെ റിപ്പബ്ലിക്കന്‍ കക്ഷിയും ഈ യാഥാസ്ഥിതിക നയമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. വികസിതമുതലാളിത്ത രാജ്യങ്ങളിലെല്ലാം ഈ തര്‍ക്കം രൂക്ഷമായി നടക്കുന്നുണ്ട്. അമേരിക്കയില്‍ ഈ തര്‍ക്കം ബജറ്റ് സ്തംഭനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.

ഇപ്പോഴുള്ള ബജറ്റ് സ്തംഭനത്തേക്കാള്‍ ഗൗരവമുള്ള ഒരു കടമ്പ അധികം താമസിയാതെ അമേരിക്ക നേരിടേണ്ടിവരും. ആ കടമ്പ ചാടാന്‍ ഒബാമയ്ക്ക് കഴിയുന്നില്ലെങ്കില്‍ അതീവഗുരുതരമായ പ്രതിസന്ധിയിലേക്ക് അമേരിക്കന്‍ സമ്പദ്ഘടന പതിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതാണ് കടംവാങ്ങല്‍പരിധി പ്രശ്നം. ഇന്ത്യയില്‍ സര്‍ക്കാരിന് കടംവാങ്ങുന്നതിനുള്ള പരിധി നിയമംമൂലം നിശ്ചയിച്ചിട്ടുണ്ട്. ധനകമ്മി ദേശീയവരുമാനത്തിന്റെ മൂന്നുശതമാനത്തില്‍ അധികരിക്കാന്‍ പാടില്ലാ എന്നാണ് നിയമം. ഇന്ത്യാസര്‍ക്കാര്‍ 2008ല്‍ ഈ നിയമം ലംഘിച്ചതാണ്. നടപ്പുവര്‍ഷത്തിലും ധനകമ്മി 4.8 ശതമാനം വരും എന്നാണ് കണക്ക്. എന്നാല്‍, ഈ കടംവാങ്ങല്‍ പാര്‍ലമെന്റിന്റെ അംഗീകാരം നേടിയതുകൊണ്ട് പ്രശ്നമൊന്നുമില്ല. അതേസമയം, അമേരിക്കയിലെ കടത്തിന്റെ പരിധി കേവല തുകയിലാണ് അംഗീകരിച്ചിട്ടുള്ളത്. നിലവിലുള്ള നിയമപ്രകാരം അമേരിക്കന്‍ സര്‍ക്കാരിന്റെ കടം 16.69 ട്രില്യണ്‍ (ലക്ഷംകോടി) ഡോളര്‍ അധികരിക്കാന്‍ പാടില്ല. ഒക്ടോബര്‍ 18 ആകുമ്പോഴേക്കും ഈ തുക അപര്യാപ്തമായിത്തീരും എന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. അതുകൊണ്ട് അതിനുള്ളില്‍ കടത്തിന്റെ പരിധി ഉയര്‍ത്തിയില്ലെങ്കില്‍ അമേരിക്കന്‍ സര്‍ക്കാരിന് ചെലവിന് പണം തികയാതെ വരും.

മുന്‍കാലങ്ങളില്‍ കമ്പോളത്തില്‍ വിറ്റ ബോണ്ടുകള്‍ കാലപരിധികഴിഞ്ഞ് ട്രഷറിയില്‍ തിരിച്ചുവരുമ്പോള്‍ ബോണ്ട് ഉടമസ്ഥന്മാര്‍ക്ക് കൊടുക്കാന്‍ പണം ഇല്ലാതെവരും. ഇത് കുഴപ്പങ്ങളുടെ മാലപ്പടക്കത്തിന് തിരികൊളുത്താം. ട്രഷറി ഡിഫോള്‍ട്ട് ചെയ്തുകഴിഞ്ഞാന്‍ ആ ബോണ്ടുകള്‍ക്ക് വിപണിയില്‍ അംഗീകാരം ഉണ്ടാകില്ല. ഇത് സൃഷ്ടിക്കാന്‍പോകുന്ന പ്രശ്നങ്ങള്‍ വളരെ സങ്കീര്‍ണമാണ്. ഒരുപക്ഷേ, ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കന്‍ സര്‍ക്കാര്‍ ബോണ്ടുകള്‍ക്ക് പണം തിരിച്ചുനല്‍കാനാകാതെ ഡിഫോള്‍ട്ടാകുന്നത്. ചിലപ്പോള്‍ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ അമേരിക്കന്‍ ക്രെഡിറ്റ് റേറ്റിങ് താഴ്ത്തിയേക്കാം. ഇത് ധനകാര്യ കുഴപ്പത്തിലേക്ക് നയിക്കും.

അമേരിക്കയില്‍ വായ്പാപരിധി ഏതാണ്ട് ഓട്ടോമാറ്റിക്കായി വര്‍ധിപ്പിച്ചുകൊടുക്കുന്ന സമീപനമാണ് സാധാരണ സെനറ്റും കോണ്‍ഗ്രസും കൈക്കൊള്ളാറ്. ഏതാണ്ട് എല്ലാ വര്‍ഷവും ഇങ്ങനെ സംഭവിക്കാറുണ്ട്. പക്ഷേ, ഇത്തവണ റിപ്പബ്ലിക്കന്‍ കക്ഷി ഇതും ഒരു വിലപേശലിന് ഉപാധിയാക്കിയിരിക്കുകയാണ്. "ഒബാമ കെയര്‍" നീട്ടിവയ്ക്കണമെന്നാണ് ഇതുസംബന്ധിച്ചും അവരുടെ ആവശ്യം. എന്താണ് സംഭവിക്കുക എന്നത് കാത്തിരുന്ന് കാണുകയേ നിര്‍വാഹമുള്ളു. ഏതായാലും ഇന്ത്യാസര്‍ക്കാരിന് പുതിയ സംഭവവികാസങ്ങളില്‍ സമാശ്വാസം കൊള്ളാം. അമേരിക്കയില്‍ മാന്ദ്യം രൂക്ഷമാകുകയാണെങ്കില്‍ മാസംതോറും 80-85 ബില്യണ്‍ ഡോളര്‍ പുതുതായി പണകമ്പോളത്തിലേക്ക് ഒഴുക്കുന്ന ഇന്നത്തെ നയം ഇനിയും തുടരേണ്ടിവരും. ഈ നയം തിരുത്തുമെന്നും ഡോളറിന്റെ ലഭ്യത കുറയ്ക്കുമെന്നും പറഞ്ഞതാണ് രൂപയുടെ മൂല്യം ഡോളറിന് 54ല്‍നിന്ന് ഒരുസന്ദര്‍ഭത്തില്‍ 69 രൂപയായി ഇടിയാനുള്ള കാരണം. കുറച്ചുനാളത്തേക്കൂകൂടി രൂപ സുസ്ഥിരമായി നില്‍ക്കുമെന്ന് ഇന്ത്യാസര്‍ക്കാരിന് പ്രതീക്ഷിക്കാം.

*
ഡോ. ടി എം തോമസ് ഐസക്

Tuesday, October 1, 2013

പി വത്സലയുടെ ക്ഷോഭപ്രകടനം

മാതാ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാളില്‍ അവരെ സ്തുതിച്ചുകൊണ്ട് ശ്രീമതി പി വത്സല മാതൃഭൂമി പത്രത്തില്‍ ഒരു ലേഖനം എഴുതിയിരുന്നു. തൊട്ടുണര്‍ത്താന്‍ ഒരു ചെറു വിരല് എന്ന പേരില്‍.

മലയാളത്തിലെ പുരോഗമനവാദി ആയ ഒരു എഴുത്തുകാരിയാണ് ശ്രീമതി പി വത്സല. സമൂഹത്തിലെ നിസ്വരുടെ ജീവിതത്തെക്കുറിച്ചെഴുതുന്ന എഴുത്തുകാരിയായാണ് അവര്‍ ശ്രദ്ധേയയായത്. കേരളത്തിലെ മതേതര പുരോഗമന രാഷ്ട്രീയത്തിന്‍റെ ഒപ്പം എന്നും നിന്നിട്ടുള്ള എഴുത്തുകാരിയുമാണ്. പുരോഗമന കലാസാഹിത്യ സംഘത്തിന്‍റെ ഉപാദ്ധ്യക്ഷ ആയിരുന്നിട്ടുള്ള പി വത്സല ഇപ്പോള്‍ പുകസയുടെ ഉപദേശക സമിതി അംഗവും പ്രവര്‍ത്തനങ്ങളിലെ സജീവ പങ്കാളിയുമാണ്.

പി വത്സലയ്ക്ക് മാതാ അമൃതാനന്ദമയിയുടെ ഭക്ത ആവാനോ അവരെക്കുറിച്ചഴുതാനോ ഉള്ള അവകാശത്തെ ചോദ്യം ചെയ്യാനാവില്ല. ഒരു എഴുത്തുകാരിക്ക് മാതാ അമൃതാനന്ദമയിയുടെ ആത്മീയതയിലും പൊതു പ്രവര്‍ത്തനത്തിലും മികവ് തോന്നിയെങ്കില്‍ അത് അവരുടെ സ്വാതന്ത്ര്യം. അത്തരം അഭിപ്രായ സ്വാതന്ത്ര്യത്തിന് ഇടമുള്ള ഒരു സംഘടനയാണ് പുരോഗമന കലാ സാഹിത്യ സംഘം. അമൃതാനന്ദമയി എന്ന ആള്‍ദൈവം കേരള സമൂഹത്തിന്‍റെ ഒരു പിന്നോട്ടു നടക്കലാണ് എന്നു കരുതുന്നവരാണ് പുകസയില്‍ ഏതാണ്ടെല്ലാവരും. എങ്കിലും എഴുത്തുകാരുടെ വിശ്വാസങ്ങള്‍ സംബന്ധിച്ച് വ്യത്യസ്തതയ്ക്ക് ഇടം നല്കുന്നതാവണം സംഘടന എന്നു സംഘം‍ കരുതുന്നു.

പക്ഷേ, പുരോഗമന കലാസാഹിത്യ സംഘത്തിന് ചില പൊതു നിലപാടുകളുണ്ട്. ആത്മീയവ്യവസായത്തിനും ആള്‍ദൈവങ്ങള്‍ക്കും എതിരായിട്ടുള്ളതാണ് പുകസയുടെ നിലപാട്. അന്ധവിശ്വാസങ്ങള്‍ക്കും ജാതിമത വിവേചനത്തിനും എതിരാണ് പുകസ. വര്‍ഗീയതയാണ് ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നും അതിനെതിരായ നിലപാടാണ് ഒരു സാംസ്കാരിക സംഘടനയുടെ ഏറ്റവും പ്രധാന കടമയെന്നും പുകസ കരുതുന്നു. സന്ധിയില്ലാത്തതാണ് ഇക്കാര്യത്തിലെ സംഘത്തിന്‍റെ കാഴ്ചപ്പാട്. വര്‍ഗീയതയ്ക്കും വളര്‍ന്നു വരുന്ന ഫാസിസ്റ്റ് ഭീഷണിക്കും എതിരെ എഴുത്തുകാരെയും കലാകാരെയും അണി നിരത്താന്‍ സംഘം പരിശ്രമിക്കുന്നു.

ഈ സാഹചര്യത്തിലാണ് പി  വത്സലയുടെ അമൃതാനന്ദമയി സ്തുതിയെക്കുറിച്ച് വത്സലയുടെ കഥാസമാഹാരത്തിന്‍റെ അവതാരികാകാരന്‍ കൂടെയായ സംഘം കാസര്‍കോട് ജില്ലാ പ്രസിഡണ്ട്‍ ശ്രീ ഇ പി രാജഗോപാലന്‍ഒരു യോഗത്തില്‍ പ്രതികരിച്ചത്. കേരളത്തിലെ പുരോഗമനവാദികളായ നിരൂപകരില്‍ പ്രമുഖനാണ് ശ്രീ ഇപി രാജഗോപാലന്‍. അതുകൊണ്ടാണല്ലോ അദ്ദേഹത്തെക്കൊണ്ട് വത്സല തന്‍റെ കഥാ സമാഹാരത്തിന് അവതാരിക എഴുതിച്ചത്. നരേന്ദ്ര മോഡി ആശ്രമത്തില്‍ വന്ന നാളില്‍,‍ മഠാധിപതിയെ പുകഴ്ത്തി ലേഖനം എഴുതുന്നതിലൂടെ, മോഡിയെ ക്ഷണിച്ച അമൃതാനന്ദമയിയോടുള്ള അമര്‍ഷവുമായി നില്ക്കുന്ന മതേതര കേരളത്തിന്‍റെ മുഖത്തടിച്ചു വത്സല. തങ്ങളുടെ കൂട്ടത്തിലുള്ള ഒരാള്‍ മറുകണ്ടം ചാടി മോഡി ഭക്തരുടെ താവളത്തിലേക്ക് പോകുന്നതു കണ്ട ശ്രീ രാജഗോപാലന്‍റെ സങ്കടത്തിലും നിസ്സഹായാവസ്ഥയിലും നിന്നാവും അദ്ദേഹം താന്‍ വത്സലയുടെ കഥകള്‍ക്കെഴുതിയ അവതാരിക പിന്‍വലിക്കുന്നു എന്നു പ്രഖ്യാപിച്ചത്. ഇതിനെക്കാളും സര്‍ഗാത്മകമായി എങ്ങനെയാണ് പ്രതിഷേധിക്കുക?

പക്ഷേ, ഇതിനെത്തുടര്‍ന്ന് സംഘത്തിനെതിരെ ശാപവാക്കുകളുമായി ക്ഷുഭിതയായി കലിതുള്ളുകയാണ് വത്സല ചെയ്തത്. വത്സലയുടെ ബാലിശങ്ങളായ ഈ കുപിതവചനങ്ങള്‍ പെട്ടെന്നുള്ള വികാരപ്രകടനം ആയിരിക്കും എന്നു കരുതുന്നു. ശാന്തയായ ശേഷം ഈ വാക്കുകള്‍ അവര്‍ പിന്‍വലിക്കുമെന്നും ആശിക്കുന്നു. പുകസയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെന്നാണ് വത്സല പൊടുന്നനെ ഇന്നലെ കണ്ടുപിടിച്ചത്.  അമൃതാനന്ദമയിക്കനുകൂലമായി വത്സല എഴുതുന്നത് ആദ്യമായല്ല.  അതിനു പോലും സ്വാതന്ത്ര്യമുള്ള സംഘടനയെക്കുറിച്ചാണ് പെട്ടെന്ന് അഭിപ്രായ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിനിടുന്നത് എന്ന ആരോപണമുന്നയിക്കുന്നത്. പുകസ നാലാംകൂലി എഴുത്തുകാരുടെ സംഘടന ആണെന്നാണ് മറ്റൊരു പുലഭ്യം. എഴുത്തുകാര്‍ ഏതു കൂലിക്കാരാണെന്ന് വത്സല നിര്‍ണയിക്കാന്‍ തുടങ്ങിയത് നന്നായി, പക്ഷേ, ഇന്നലെ വരെ സ്വയം പുകസയുടെ ഭാഗമായിരുന്നപ്പോള്‍‍ ഏതുകൂലിക്കാരിയായിരുന്നു വത്സല? ഇനി അമൃത പുരസ്കാരങ്ങള്‍ ഏറ്റു വാങ്ങുമ്പോള്‍, മാതൃഭൂമിയുടെ പരിലാളനമേല്‍ക്കുമ്പോള്‍‍ വത്സല ഒന്നാം കൂലിയാകുമെങ്കില്‍ ഞങ്ങള്‍ക്ക് സന്തോഷം. അപ്പോഴും നെല്ലും കൂമന്‍കൊല്ലിയും കലാപവുമൊക്കെ എഴുതിയ എഴുത്തുകാരി തന്നെ ആയിരിക്കുമല്ലോ? അതോ ആ കൃതികള്‍ തന്നെ പിന്‍വലിക്കുമോ?  അവയിലെഴുതപ്പെട്ട സമീപനവും മോഡിയോട് കളി പറഞ്ഞ് ചിരിക്കുന്ന മഠാധിപതിയോടുള്ള ഭക്തിയും ചേര്‍ന്നു പോകാതെ വരുമ്പോള്‍ എന്തു ചെയ്യും? തന്‍റെ എഴുത്തിനെ പുകസ വിചാരിച്ചാല്‍ നശിപ്പിക്കാനാവില്ല എന്നാണ് വത്സലയുടെ മറ്റൊരു പ്രഖ്യാപനം. പുകസ എഴുത്തുകാരുടെ എഴുത്തിനെ നശിപ്പിക്കാനുള്ള സംഘടനയല്ല. പക്ഷേ, വത്സലയുടെ എഴുത്തിനെ മുഴുവന്‍ തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തുന്നത് വത്സല തന്നെയല്ലേ? പുകസയ്ക്ക് ആളു കിട്ടുന്നില്ല എന്നാണ് വത്സലയുടെ ഒരു കുറ്റം പറച്ചില്‍.  പക്ഷേ ഇത്രയും നാള്‍ പുകസയുടെ വേദികളില്‍ വത്സല പറഞ്ഞിരുന്നത് അങ്ങനെയല്ലല്ലോ? എന്താ പെട്ടെന്നിത്ര മോശം അഭിപ്രായമുണ്ടാവാന്‍?

“ജാതിയുടെ മേല്‍ക്കീഴ് വ്യവസ്ഥ, ഇവിടത്തെ കുടുംബജീവിതമണ്ഡലത്തില്‍ മാത്രം നിലനില്‍ക്കാന്‍ കൂട്ടാക്കാതെ വിപ്ലവപ്പാര്‍ട്ടികളുടെ രാഷ്ട്രീയ ശിഖരങ്ങളില്‍പോലും കയറിപ്പറ്റി കൊടിപറത്തുന്നതാണ്.” എന്നാണ് വത്സല മാതൃഭൂമി ലേഖനത്തില്‍ എഴുതുന്നത്. എന്നിട്ട് അതിനൊക്കെ പരിഹാരം മാതാ അമൃതാനന്ദമയിയുടെ സ്ഥാപനത്തിലാണ് വത്സല കാണുന്നത്. “കേരള ചരിത്രം നോക്കുക. എന്തെന്ത് പുരോഗമന പ്രസ്ഥാനങ്ങള്‍, ചെറുത്തുനില്‍പ്പുകള്‍, രക്തസാക്ഷിത്വം, സാംസ്‌കാരിക മുന്നേറ്റം, സമ്പത്ത്, രാഷ്ട്രീയം, സംസ്‌കാരം, കലകള്‍, മനുഷ്യസമൂഹം, അധ്വാനശേഷി, ബുദ്ധിപാടവം, വൈകാരിക ജ്വലനം – എന്തിനും വളര്‍ച്ച. എന്നിട്ടെന്തേ നാം ഇങ്ങനെ? അത് ചോദിക്കാനാണ്, ഉത്തരം കണ്ടെത്താനാണ് കടല്‍ത്തീരഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന ഒരു പെണ്‍ജന്മം, അമൃതാനന്ദമയിയായി നമ്മുടെ മുന്‍പില്‍ നില്‍ക്കുന്നത്.”

വത്സലയുടെ ഈ വെളിപാട് അത്ര നിഷ്കളങ്കമാണോ? രാഷ്ട്രീയ ഫാസിസത്തിന്‍റെ വരവിന് ഒരു സാംസ്കാരിക പാതയൊരുക്കാനുള്ള വിപുല പദ്ധതിയുടെ ഭാഗമാണോ ഇത്?

വത്സലയ്ക്ക് അമൃതാനന്ദമയി സ്ത്രീ  സ്വാതന്ത്ര്യത്തിന്‍റെയും കാരുണ്യത്തിന്‍റെയും പിന്നോക്ക ജാതി ഉന്നമനത്തിന്‍റെയും ഒക്കെ പ്രതീകമായിരിക്കാം. പക്ഷേ, ഹൈന്ദവ വര്‍ഗീയതയ്ക്ക് കേരളത്തില്‍ താവളമൊരുക്കുന്ന ഒരു മാഫിയയാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു സന്യാസിനി ആവാം  പുരോഗമനവാദികള്‍ക്ക്. മോഡിയുടെ കേരള പ്രവേശനത്തിന് ആതിഥ്യമരുളുന്നതിലൂടെ അവരിത് തെളിയിക്കുകയും ചെയ്തു. അമൃതാനന്ദമയിയുടെ ഈ പ്രവൃത്തിയെക്കുറിച്ച വത്സലയ്ക്ക് എന്താണ് പറയാനുള്ളത്?  അതെ, അമൃതാനന്ദമയിയുടെ മോഡി പക്ഷത്തുചേരലിനെ വത്സലയും പിന്തുണയ്ക്കുന്നുണ്ടോ? വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ഒക്കെ അടങ്ങുന്ന വലിയൊരു ബിസിനസ് ശൃംഖലയുടെ അധിപയാണവര്‍. വലിയൊരു പണസാമ്രാജ്യത്തിന്‍റെ ഉടമ. ഈ ആള്‍ദൈവത്തിന്‍റെ കൊച്ചിയിലെ ആശുപത്രിയില്‍ മിനിമം കൂലിക്കായി സമരം ചെയ്ത നഴ്സുമാരെ ഈ മാഫിയ ഗുണ്ടകളെക്കൊണ്ട് തല്ലിച്ചതച്ചു. കൂലിക്കു വേണ്ടി സമരം ചെയ്ത നഴ്സുമാര്‍ക്ക് മറ്റൊരാശുപത്രിയിലും ഇത്തരം നിഷ്ഠൂരസമീപനം നേരിടേണ്ടി വന്നില്ല. ആദ്ധ്യാത്മിക വ്യാപാരത്തിനു ലഭിക്കുന്ന പിന്തുണ ഉപയോഗിച്ചാണ് ഈ സ്ഥാപനങ്ങളില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നത്. അവരുടെ കൂലിയില്‍ നിന്ന് ഒരു പങ്ക് പിടിച്ചു പറിക്കുന്നത്. അതിനോട് വത്സലയ്ക്ക് യോജിപ്പാണോ? അതൊക്കെ പോട്ടെ. ബിഹാറില്‍ നിന്നു വന്ന മാനസിക പ്രശ്നമുണ്ടായിരുന്ന പ്രതിഭാശാലിയായ സത്നാംസിങിന്‍റെ ജീവന് ആര് ഉത്തരം പറയും? മനുഷ്യത്വമുള്ല എല്ലാ മലയാളികളും അപമാനം കൊണ്ട് തലകുമ്പിട്ട വേളയല്ലേ അത്? സത്നാം സിങ്ങിന്‍റെ തരുണ ശരീരത്തിലേക്ക് എത്താത്ത ഈ ചെറുവിരല്‍ സ്പര്‍ശം വത്സലയെയും സ്പര്‍ശിക്കാതിരിക്കട്ടെ എന്ന് ആശിക്കുന്നു.

പി വത്സലയുടെ മാതൃഭൂമി ലേഖനം ഇവിടെ വായിക്കാം:


*
പത്രാധിപക്കുറിപ്പുകള്‍, പുകസ ഓണ്‍ലൈന്‍

"മോഡിയോഗം"

സമസ്ത ആസനങ്ങളും പരീക്ഷിച്ച് സ്വാമി ശീര്‍ഷാനന്ദന്‍ പട്ടുമെത്തയില്‍ ഉപവിഷ്ടനായപ്പോഴാണ് നാണുക്കുട്ടന്‍ എത്തിയത്. സ്വാമിയുടെ ഒന്നാം പ്രൈവറ്റ് സെക്രട്ടറി ചോദിച്ചു. "വിശേഷിച്ച്?"

"ഒന്ന് മുഖം കാണിക്കണം."

"മുഖം മാത്രായിട്ടാണോ?"

"ഒരു ശൈലി പറഞ്ഞതാണ്. മുഖം കൂടിച്ചേരുമ്പ്ളാണല്ലൊ ശരീരം പൂര്‍ണമാവുക. പൂര്‍ണത്തില്‍ നിന്ന് പൂര്‍ണം എന്നല്ലെ? "ഓം പൂര്‍ണമദഃ പൂര്‍ണമിദം പൂര്‍ണാത് പൂര്‍ണമുദച്യതേ എന്നല്ലെ ഈശാവാസ്യം?"

"ഓ! ഗൃഹപാഠം ചെയ്താണ് വരവ്. ഉദ്ധരണികള്‍ എത്രണ്ണമുണ്ടാവോ?"

"കഴിഞ്ഞുകൂടണം. അത്രേള്ളു. വാ കീറിയ ദൈവം വായ്ത്താരി തരാതിരിക്ക്വോ?"

"അറിവുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയാണ് അല്ലെ?"

"അല്‍പ്പനായ മനുഷ്യന്‍ എന്തു തീരുമാനിച്ചാലും സാക്ഷാല്‍ ജഗദീശ്വരന്റെ ഇഷ്ടങ്ങളാണല്ലൊ ഭൂമിയില്‍ കളിയാടുക. നാം വെറും കീടങ്ങള്‍."

" ചില കീടങ്ങള്‍ കിരീടവും വയ്ക്കാറുണ്ട്."

"എല്ലാം ക്ഷണികം."

"കിരീടം താഴെ വീഴുമ്പ്ളാ സാധാരണ ഇത് പറയ്യാ. കിട്ടാത്തവരുടെ കെറുവായും ചിലപ്പോള്‍ ഈ ദര്‍ശനം പുറത്തുവരാറുണ്ട്."

"നിസ്സാരനായ അടിയന് അത്തരം കൊതികളില്ല. വെറും പുഴു."

"പുഴുവിന് ദര്‍ശനത്തിന് എത്ര സമയം വേണം?"

"എന്താണാവോ അങ്ങനെ?"

"ആശ്രമത്തില്‍ ചില നിബന്ധനകളുണ്ട്."

"അറിയില്ലായിരുന്നു?"

"അറിയണം. സത്വരജസ്തമോഗുണങ്ങളാല്‍ മറയ്ക്കപ്പെട്ടിരിക്കുന്ന പ്രകാശമാനമായ പരമാത്മശക്തിയെ ധ്യാനയോഗത്താല്‍ സാക്ഷാത്കരിച്ചിരിക്കുന്നവരാണ് യോഗികള്‍. അല്ലാതെ പ്രൈവറ്റ് ബസിലെ കിളികളെപ്പോലെ ആളെ വിളിച്ചു കയറ്റുന്നവരല്ല."

"അറിയാം. ബ്രഹ്മജിജ്ഞാസുക്കള്‍..."

പ്രൈവറ്റ് സെക്രട്ടറി ഒന്ന് ഇരുത്തിനോക്കി. ആ വാക്ക് കുറിച്ചുവച്ചു. എന്നിട്ട് പറഞ്ഞു.

" ദര്‍ശനത്തിന് എത്ര സമയം വേണ്ടിവരും?" ആംഗ്യംകൊണ്ട് നാണു ഒരു ചോദ്യചിഹ്നമായി. "ദര്‍ശനത്തിന് ചാര്‍ജുണ്ട്."

"എല്ലാം അനാദിയിലല്ലേ ലയിക്കുന്നത്?"

"അനാദിയില്‍ കളഞ്ഞാലും അളന്നു കളയണം എന്നാ ചൊല്ല്. ചൊല്ലുവിളി കേട്ടല്ല വളര്‍ന്നത് അല്ലെ?"

"അറിവിനെ നേരിട്ട് കാണുന്നവരാണല്ലൊ ഋഷികള്‍. അവരെ നേരിട്ട് കാണാന്‍ തടുക്കാനാവാത്ത അഭിവാഞ്ഛ." നാണു വിനയത്തിലായി.

വിനയം പ്രൈവറ്റ് സെക്രട്ടറി കണ്ടതായി ഭാവിച്ചശേഷം തള്ളിക്കളഞ്ഞു. "പരമാത്മാവായാലും പരേതാത്മാവായാലും കാര്യം നടക്കണമെങ്കില്‍ കാശു ചെലവുണ്ട് കുഞ്ഞേ... സ്വാമികളെ കാണാന്‍ അഡ്വാന്‍സ്ഡ് ബുക്കിങ്ങാണെന്ന് കുഞ്ഞിന് അറിയില്ല അല്ലേ. കുഞ്ഞേ... കൊറേ കാശെറിഞ്ഞിട്ടാ ഈ കച്ചോടം ഒന്ന് ക്ലച്ചുപിടിച്ചത്. സ്വാമികളുടെ നഗ്നപാദങ്ങളുടെ ചവിട്ട് ശിരസ്സിലേല്‍ക്കാന്‍ 2020 വരെ ഇനി ഡേറ്റില്ല." "അപ്പ്ളാ കുഞ്ഞിന്റെ ഒരു മാതിരി ഡയലോഗ്. വേം പറ. മിനിറ്റിനാണ് കാശ്. ക്രെഡിറ്റ് കാര്‍ഡും സ്വീകരിക്കും. അനുഗ്രഹമാണോ, പാദപൂജയാണോ, ആലിംഗനമാണോ?"
"അതൊന്നുമല്ല."

"പിന്നെന്ത് കേസ്? അഭീഷ്ടസിദ്ധി, സന്താനലബ്ധി, സന്തുഷ്ടകുടുംബം, ഉദ്യോഗക്കയറ്റം, ലാഭക്കച്ചവടം.... ഇതിലേതാണ്..?"

"അതുമല്ല...."

"ഇനി വല്ല വിജിലന്‍സുകാരനുമാണോ."

നാണു ഗീത പാടി തടുത്തു. "മൂകം കരോതി വാചാലം പങ്ഗും ലംഘയതേ ഗിരിം യത്കൃപാ തമഹം വന്ദേ പരമാനന്ദമാധവം"

പ്രൈവറ്റ് സെക്രട്ടറി ചോദിച്ചു. "ഇതിന് മലയാളമുണ്ടോ?"

"ഉണ്ട്."

"പറയൂ, അറിയാമെന്ന് നോക്കട്ടെ."

"ഏതൊരു കൃപ മൂകനെ വാചാലമാക്കുന്നുവോ, മുടന്തനെ മല കടത്തുന്നുവോ, പരമാനന്ദസ്വരൂപനായ ആ മാധവനെ ഞാന്‍ വന്ദിക്കുന്നു."

പ്രൈവറ്റ് സെക്രട്ടറി തൃപ്തനായി. "അപ്പ്ളെന്തിനാ വന്നത്?"

"കാണുക, വണങ്ങുക, സംശയ നിവൃത്തി വരുത്തുക അത്രേള്ളൂ."

"എന്തിലാ സന്ദേഹം?"

"സമകാലിക സന്ദേഹങ്ങളാണ്"

"രാഷ്ട്രീയം, സാമ്പത്തികം, സാംസ്ക്കാരികം, സാഹിത്യം...."

"എന്തും....!"

"എന്തും. നിറകുടമല്ലെ തുളുമ്പാന്‍ പറ്റില്ലല്ലോ. അലമ്പാതിരുന്നാ മതി."

"സംശയത്തിന് അങ്ങനെ വിഷയമില്ലല്ലോ. ജിജ്ഞാസയാണ് വരവിന് ഹേതു. നചികേതസ്സിനോടാണ് മനസ്സുകൊണ്ട് ഒരിഷ്ടം."

പ്രൈവറ്റ് സെക്രട്ടറി രശീതെടുത്തു. "തല്‍ക്കാലം അരമണിക്കൂറിനുള്ള ബില്ലെഴുതിയിട്ടുണ്ട്. സമയം കൂടിയാല്‍ അഡീഷണല്‍ തന്നാ മതി. കുറവാണെങ്കില്‍ വിധിയാണെന്ന് വയ്ക്കുക. റീപേയ്മെന്റില്ല."

നാണു ബില്ല് നോക്കി. ഒരു കോര്‍പറേറ്റ് തുക. താഴെ "ഓം ശാന്തി" എന്ന് മൂന്നു വട്ടം എഴുതിയിട്ടുമുണ്ട്. നാണു സ്വാമി ശീര്‍ഷാനന്ദതൃപ്പാദങ്ങള്‍ക്കടുത്തേക്ക് കൊണ്ടുവരപ്പെട്ടു. നാണു നമസ്ക്കരിച്ചു. ഹരി ഓം....!

ഓങ്കാരപ്പൊരുളേ.... നമസ്ക്കാരം. ഭൂതവും ഭാവിയും വര്‍ത്തമാനവുമായ ഓങ്കാരമേ.... നമസ്ക്കാരം. മൂന്നു കാലത്തേയും അതിക്രമിച്ച് നില്‍ക്കുന്ന ഓങ്കാരമേ.... നമസ്ക്കാരം. അനാദിയായ കാലത്തെയും നാണുവിനെയും നോക്കി ശീര്‍ഷം ചിരിച്ചെന്നു വരുത്തി. നാണു പാദാരവിന്ദങ്ങളില്‍ ചാടി വീണു. "മകനെ.... എന്താണ് നിന്റെ ഖേദത്തിന് മൂലം?"

"സ്വാമികളെ, അടിയന്റെ അഹങ്കാരത്തിന് മാപ്പു തരണം...."

"വല്‍സാ.... നമ്മോട് നീ ഒരഹങ്കാരവും കാണിച്ചില്ലല്ലോ. വഴിയില്‍ നായ കുരച്ചുവന്നാല്‍ പമ്പ കടക്കുന്നതാണല്ലൊ മനുഷ്യകുലത്തിന്റെ അഹങ്കാരം. സര്‍വ വസ്തുക്കള്‍ക്കും അന്തര്‍യാമിയായിരിക്കുന്ന പരമാത്മാവ് മാത്രമെ നിത്യവും സത്യവും ആയിട്ടുള്ളൂ. പ്രപഞ്ചത്തില്‍ കാണുന്ന മറ്റെല്ലാ വസ്തുക്കളും അനിത്യവും മിഥ്യയുമാണെന്ന് അറിയുക."

"ആത്മജ്ഞാനം നേടി സ്വസ്വരൂപം അറിയുവാനുള്ള കഴിവില്ലാതെ, മനുഷ്യനാണെന്ന് മാത്രം അഭിമാനിച്ചുകൊണ്ട് ജീവിക്കുന്നതില്‍ എന്താണ് കാര്യം, ഗുരോ?"

"നാം നിന്നില്‍ സംപ്രീതനായി.... വല്‍സാ. ബില്ലടച്ചല്ലോ അല്ലെ. ഇവിടെ കടം ഇല്ല."

"കര്‍മം ചെയ്തു. ഇനി ഫലം അനുഭവിച്ചാല്‍ മതി."

"പറയൂ വല്‍സാ നിന്നെ അലട്ടുന്നന്തൊണ്. സമയത്തില്‍ ഒതുങ്ങിനിന്ന് സംസാരിക്കുന്നതാവും സാമ്പത്തിക സ്വയംപര്യാപ്തതക്ക് നല്ലത്."

"സ്വാമികളെ ഇന്ത്യ ആരുടേതാണ്?"

"അതിസാധാരണമായ ഈ ചോദ്യത്തിനു വേണ്ടിയാണോ വല്‍സാ നീ ഭാരിച്ച ബില്ലടച്ചത്?"

"ചോദ്യങ്ങള്‍ എപ്പോഴും ലളിതമായിരിക്കുമല്ലൊ. ഉത്തരങ്ങളാണല്ലൊ കഠിനമാവുന്നത്? നചികേതസ്സിന്റെ ചോദ്യം വളരെ സിമ്പിളായിരുന്നല്ലൊ ഗുരോ?"

"യെസ്... യെസ്... ദാറ്റീസ് റൈറ്റ്. അപ്പോള്‍ വല്‍സന് അറിയേണ്ടത് ഇന്ത്യ ആരുടേതാണെന്നാണ് അല്ലെ?"

"അതെ."

"ചോദ്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവോ?"

"അടിയന്‍. ഉറച്ചുതന്നെ"

"സംശയമെന്ത്? രാജ്യം ആ രാജ്യത്തിന്റെ പ്രജകളുടേത്."

"അപ്പോള്‍ ഇന്ത്യ?"

"ഇന്ത്യക്കാരുടേത്."

"ഇന്ത്യക്കാര്‍ എന്നു പറഞ്ഞാല്‍?"

"ഇന്ത്യ എന്നു പറഞ്ഞാല്‍ ഹിന്ദുക്കുഷ്."

"ഹിന്ദുക്കുഷ് എന്നു പറഞ്ഞാല്‍?"

"ഹിന്ദുക്കളുടേത്."

"അപ്പോള്‍ ഇന്ത്യ ഹിന്ദുക്കളുടേത് അല്ലെ സ്വാമീ?"

"അതെ വല്‍സാ...." "മറ്റുള്ളവര്‍." "വിരുന്നുകാര്‍, നമ്മുടെ ആതിഥ്യം ഭുജിച്ചവര്‍. നാം അഥവാ നമ്മുടെ രാജ്യം നിര്‍വചിക്കപ്പെടുന്നത് അങ്ങനെയല്ലെ വല്‍സാ...."

" എന്താണ് ഗുരോ ഇതിന്റെ മൂലക്കല്ല്?"

"മൂലക്കല്ല് നമ്മുടെ സംസ്കാരമാണ് വല്‍സാ...."

"നമ്മുടെ സംസ്കാരം എന്താണ് സ്വാമീ....?"

"അത് ഹൈന്ദവസംസ്ക്കാരമാണ് വല്‍സാ...."

"ആ സംസ്കാരത്തിന് വല്ല പ്രശ്നവുമുണ്ടോ സ്വാമീ?"

" വല്‍സാ അത് പ്രതിസന്ധിയിലാണ്."

"എന്താണ് പ്രതിസന്ധി സ്വാമീ?"

"മുറിവ് കാലിലും, മരുന്ന് കൈയിലും എന്നതാണ് വല്‍സാ ഇപ്പോഴത്തെ സ്ഥിതി."

"അടിയന്‍ അജ്ഞനാണ് സ്വാമി." മനസ്സിലായില്ല."

"നാം ഭദ്രമായിരിക്കുന്നത് ഹൈന്ദവസംസ്ക്കാരത്തിന്റെ അടിത്തറയിലാണ്. അതിന്റെ നേര്‍ക്കാണ് ആക്രമണം. കരുതിയിരിക്കേണ്ട സമയമാണ്."

"എന്താണ് സ്വാമികളെ ഈ സംസ്കാരം?"

"ശ്രേഷ്ഠന്‍ എന്താചരിക്കുന്നുവോ അത് മറ്റുള്ളവര്‍ ആചരിക്കണം. നീചമായ ആത്മാവിനെ ദിവ്യപ്രകൃതി കൊണ്ട് ജയിച്ച്, ഈശ്വരനെ സര്‍വഭൂതങ്ങളിലും ദര്‍ശിച്ച്, ഈശ്വരനില്‍ ജീവിക്കാന്‍ ഹൈന്ദവസംസ്കാരം ഉദ്ബോധിപ്പിക്കുന്നു. ഋഷിമാര്‍ യുഗങ്ങള്‍ക്ക് മുന്നെ പ്രപഞ്ചത്തിന്റെ അര്‍ഥം തേടിയത് വല്‍സാ അറിയുന്നില്ലേ...? നിഷ്ക്കാമകര്‍മിയാവുക. ദിവ്യജീവിതം, യോഗം, സമ്പൂര്‍ണമായ ഈശ്വരൈക്യം എന്നതായിരിക്കണം മനുഷ്യജീവിതത്തിന്റെ ലക്ഷ്യം...."

"സ്വാമികളെ അതിന് ഐ ടി ഉപയോഗിക്കാമോ....?"

"വല്‍സാ എന്താണ് നീ ഉദ്ദേശിക്കുന്നത്?"

"സ്വാമികള്‍ മേല്‍പ്പറഞ്ഞ സാധനങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഉപയോഗിച്ച് നേടാനാവുമോ എന്നാണ് അടിയന്‍ ഉദ്ദേശിച്ചത്. അധികപ്രസംഗം ആവുമോ എന്തോ?"

"ആത്മജ്ഞാനവും ബ്രഹ്മജ്ഞാനവും പറയുമ്പോള്‍ നീ എന്തിന് ഐ ടി ഫീല്‍ഡ് കൊണ്ടുവരുന്നു?"

"ഇപ്പോള്‍ ഡെവലപ്മെന്റ് കൊണ്ടുവരുന്നവനാണല്ലൊ നമ്മുടെ ആത്മീയഗുരു."

"വല്‍സാ നീ വഴിതെറ്റുന്നു. നീ നാസ്തികനാവാന്‍ ശ്രമിക്കുന്നു."

"സ്വാമികളെ ഒരു സംശയം കൂടി."

ശീര്‍ഷാനന്ദന് അസ്കിത. "നിനക്ക് അനുവദിച്ച സമയം തീരാറായി എന്ന് തോന്നുന്നു."

"സമയത്തേക്കാള്‍ വലുതല്ലെ സ്വാമികളെ സംശയം. അടിയന്‍ അഡീഷണല്‍ പേ ചെയ്തോളാം."

"ഇരട്ടിയാവും. ദരിദ്രന് താങ്ങാനാവില്ല."

"സാരമില്ല. സ്വാമികളെ. ചോദിച്ചോട്ടെ?"

"ങ്ഹും... ചോദിക്കൂ...."

"നമ്മുടെ സംസ്കാരത്തിന് നേരെ നടക്കുന്ന ഈ ആക്രമണം എങ്ങനെ തടുക്കാം?"

"സംശയമെന്ത്? നാം ഹിന്ദുക്കള്‍ ഒന്നിക്കണം. ഹിന്ദു അപകടത്തിലായാല്‍ രാജ്യം അപകടത്തിലാണ് വല്‍സാ...."

"ഹിന്ദു ഒന്നിക്കലല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലേ.... സ്വാമികളെ....?"

"നമ്മുടെ ദിവ്യദൃഷ്ടിയില്‍ മറ്റൊന്നും തെളിയുന്നില്ല വല്‍സാ...."

"അപ്പോള്‍ എല്ലാ ഹിന്ദുക്കളും ഒന്നിക്കേണ്ട സമയമായി അല്ലേ.... സ്വാമികളെ?"

"തീര്‍ച്ചയായും. സത്യത്തില്‍ സമയം അതിക്രമിച്ചു. ഇനിയും വൈകിയാല്‍ സര്‍വ നാശം."

"അപ്പോള്‍ ഒരു സംശയം സ്വാമികളേ...."

"ചോദിക്കൂ വല്‍സാ...."

"എന്നിട്ടെന്താ ലാല്‍ കൃഷ്ണ അദ്വാനിയും നരേന്ദ്രസിങ് മോഡിയും യോജിക്കാത്തത്?"

"വല്‍സാ... നമുക്ക് ധ്യാനത്തിനുള്ള സമയമായി...." ശീര്‍ഷം എഴുന്നേറ്റു.

*
 എം എം പൗലോസ്

സാമുദായികതയും ജനാധിപത്യ സങ്കല്‍പങ്ങളുടെ തകര്‍ച്ചയും

നമ്മില്‍ ചിലര്‍ എന്നാണ് സമുദായങ്ങളായി സ്വയം കരുതിത്തുടങ്ങിയതെന്ന് അന്വേഷിക്കേണ്ടതാണ്. ബ്രിട്ടീഷ് ഭരണം ആരംഭിക്കുന്നതിനു മുമ്പും ബ്രിട്ടീഷ് ഭരണകാലത്തും നമുക്ക് ജാതികളാണ് ഉണ്ടായിരുന്നത്. മതങ്ങള്‍ എന്ന് പിന്നീട് വിളിക്കപ്പെട്ട വിശ്വാസരൂപങ്ങളും അവയെ ആധാരമാക്കിയ നിയമസംഹിതകളും ഉണ്ടായിരുന്നു. ക്രിസ്ത്യാനികള്‍, മുസ്ലിങ്ങള്‍, ജൂതന്മാര്‍, ബ്രാഹ്മണര്‍ എന്നിവര്‍ക്കാണ് വ്യക്തമായ നിയമസംഹിതകള്‍ ഉണ്ടായിരുന്നത്.മറ്റു സമൂഹവിഭാഗങ്ങള്‍ക്ക് ബ്രാഹ്മണനിയമസംഹിതകളുടെ അടിസ്ഥാനത്തിലും അല്ലാതെയുമുള്ള ജാതിമര്യാദകളാണുണ്ടായിരുന്നത്. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ജനതയെ കൂട്ടങ്ങള്‍, ജനങ്ങള്‍, ആളുകള്‍, ളോകര്‍, പരിഷകള്‍ എന്നൊക്കെയല്ലാതെ സമുദായങ്ങള്‍ എന്നാരും വിളിച്ചിരുന്നില്ല. ക്ഷേത്രങ്ങളിലെ പൊതുവാള്‍ എന്ന വാക്കിനു തുല്യമായാണ് സമുദായം എന്ന പദം നിലവില്‍വന്നത്. ക്ഷേത്രങ്ങളിലെ സമുദായം പൊതുഭരണകര്‍ത്താവാണ്. പൊതുകാര്യകര്‍ത്താക്കളുടെ കൂട്ടം എന്ന നിലയില്‍ മാത്രമാണ് സമുദായത്തിന് അര്‍ഥമുണ്ടായിരുന്നതും.

സമുദായം എന്ന വാക്കിന് അര്‍ഥാന്തരമുണ്ടാകുന്നത് ബ്രിട്ടീഷുകാരുടെ കാലത്താണ്. ബ്രിട്ടീഷ്ഭരണകര്‍ത്താക്കള്‍ ഗ്രാമങ്ങളിലെ ജാതികളെല്ലാമടങ്ങുന്ന ഒരു ഗ്രാമസമുദായത്തെ നിര്‍വചിച്ചു. മദ്രാസ് ഗവര്‍ണറായിരുന്ന തോമസ് മണ്‍റോ ഇങ്ങനെ ഗ്രാമസമുദായസങ്കല്‍പം ആവിഷ്കരിച്ച ആദ്യത്തെ ആളുകളില്‍പെടുന്നു. മറ്റൊരു ഭരണകര്‍ത്താവായിരുന്ന ചാള്‍സ് മെറ്റ്കാഫ് ഇന്ത്യന്‍ ഗ്രാമങ്ങളെ "റിപ്പബ്ലിക്കു"കളായി നിര്‍വചിച്ചു. സ്വയം ഭരണക്ഷമതയുള്ള പ്രദേശങ്ങള്‍ എന്ന അര്‍ഥത്തിലായിരുന്നു ഈ പ്രയോഗം. പാശ്ചാത്യ സാമൂഹ്യശാസ്ത്രജ്ഞര്‍ "സമൂഹം", "സമുദായം" എന്ന പ്രയോഗങ്ങള്‍ക്ക് വ്യത്യസ്ത നിര്‍വചനങ്ങള്‍ നല്‍കി. ഉല്‍പാദനം, വാണിജ്യം, പൊതുപ്രവര്‍ത്തനങ്ങള്‍, നിയമാവലികള്‍ മുതലായവ സൃഷ്ടിക്കുന്ന ഔപചാരികബന്ധങ്ങളുടെ അടിസ്ഥാനത്തിലുള്ള പൊതുബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ സമൂഹം നിര്‍വചിക്കപ്പെട്ടു. പൗരസമൂഹം, പൊതുസമൂഹം മുതലായ പദങ്ങള്‍ വളര്‍ന്നുവരുകയും സാമൂഹ്യസംഘടനകള്‍ വ്യാപിക്കുകയും ചെയ്തതിനെ ഇത്തരത്തിലാണ് വിശദീകരിച്ചത്. രക്തബന്ധങ്ങളുടെയും ജാതിബന്ധങ്ങളുടെയും വിശ്വാസപ്രമാണങ്ങളുടെയും അടിസ്ഥാനത്തിലുള്ള കൂട്ടങ്ങള്‍ സമുദായങ്ങളായി.

സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും മാനവികതയുടെയും സങ്കല്പങ്ങള്‍ വേരൂന്നിയ ആധുനികകാലഘട്ടത്തില്‍ സമൂഹവും സമുദായവും തമ്മിലുള്ള വേര്‍തിരിവ് വളരെ നേരിയതായിരുന്നു.മനുഷ്യര്‍ തമ്മിലുള്ള ഔപചാരിക ബന്ധങ്ങളെ സമൂഹം സൂചിപ്പിച്ചപ്പോള്‍, ജൈവബന്ധങ്ങളായിരുന്നു സമുദായങ്ങളുടെ കാതല്‍. സമൂഹമെന്നാല്‍ മുതലാളിത്ത പൗരസമൂഹമായിരുന്നു. മനുഷ്യര്‍ തമ്മിലുള്ള ജൈവബന്ധങ്ങള്‍ മുതലാളിത്തം സൃഷ്ടിക്കുന്ന യാന്ത്രികബന്ധങ്ങളെയും ചൂഷണരൂപങ്ങളെയും അതിജീവിച്ച് ഒരു പുതിയ ക്രമമായി വികസിക്കുമെന്ന് ചിലര്‍ വാദിച്ചു. അവരെയാണ് കമ്യൂണിസ്റ്റുകള്‍ എന്നു വിളിച്ചത്. സ്നേഹവും സൗഹാര്‍ദവും തുല്യപങ്കാളിത്തവും അവസരസമത്വവും മാനവികതയും കളിയാടുന്ന ജൈവ മനുഷ്യസഞ്ചയത്തെയായിരുന്നു കമ്യൂണിസ്റ്റ് സമൂഹമായി അവര്‍ കണ്ടത്. ഈ ആശയത്തെ ശാസ്ത്രീയമായി നിര്‍വചിക്കുന്നതിനും അതിലേക്കുള്ള പാത നിര്‍ണയിക്കുന്നതിനുമായിരുന്നു മാര്‍ക്സും എംഗല്‍സും അടക്കമുള്ള വിപ്ലവകാരികള്‍ ശ്രമിച്ചത്.

ഇത്തരം ആശയങ്ങള്‍ കേരള നവോത്ഥാനത്തെയും സ്വാധീനിച്ചു. ""അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായിവരേണം"" എന്ന നാരായണഗുരുവിന്റെ വാക്യവും കുമാരനാശന്റെ സ്നേഹഗാഥകളും മുതല്‍ ഇ മാധവന്റെ സ്വതന്ത്രസമുദായം പോലുള്ള രചനകള്‍ വരെ ഈ ആശയങ്ങള്‍ പ്രകടിപ്പിക്കുന്നു. ഇത്തരം ആശയങ്ങളിലെ കാല്പനികത പ്രകടമാണ്. എങ്കിലും ഇവരാരുംതന്നെ ഇന്നു നാം വ്യവഹരിക്കുന്ന സാമുദായികതയുടെ വക്താക്കളായിരുന്നില്ല. ജാതിമത നിരപേക്ഷമായ മാനവികതയെക്കുറിച്ചുള്ള ആശയങ്ങള്‍ ആയിരുന്നു അത്. ആശാന്‍ ചണ്ഡാലഭിക്ഷുകിയില്‍ ആനന്ദനെക്കൊണ്ട് ""ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരി"" എന്നു പറയിക്കുമ്പോള്‍ ഈ ആശയം നമുക്ക് കാണാം. പിന്നീട് ഉപ്പു സത്യഗ്രഹകാലത്ത് മുഴങ്ങിക്കേട്ട ""വരിക വരിക സഹജരേ, സഹനസമര സമയമായ്"" എന്ന മുദ്രാഗീതത്തിലെ സഹജര്‍ എന്ന പ്രയോഗം "സഹോദരര്‍" എന്ന പദത്തെക്കാള്‍ വ്യക്തമായി ജാതിമതനിരപേക്ഷതയെ ധ്വനിപ്പിക്കുന്നതിനായിരുന്നു. സഹോദരര്‍ ഒരേ കുടുംബത്തിലും, അതുകൊണ്ട് ജാതിയിലും മതത്തിലും പെടും. സഹജര്‍ അങ്ങനെയല്ല. സഹജര്‍ എന്ന വാക്കില്‍നിന്ന് "സഖാവ്", "സഖി" മുതലായ വാക്കുകളിലേക്കുള്ള മാറ്റവും ജൈവമനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള സങ്കല്പത്തിന്റെ വളര്‍ച്ചയെ സൂചിപ്പിക്കുന്നു. കുടുംബബന്ധങ്ങള്‍ സഖാക്കള്‍ തമ്മിലുള്ള ബന്ധമാണ് എന്ന അലക്സാണ്ട്രാ കൊളോന്‍തായുടെ ആശയം കുറേക്കാലത്തേക്കെങ്കിലും കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നു.

ഇവയെല്ലാം ജാതിമതസങ്കല്പങ്ങള്‍ക്കതീതമായി വളരുന്ന മനുഷ്യസമുദായ സങ്കല്പത്തെയാണ് കാണിച്ചത്. ഇവയെല്ലാം നമുക്ക് നഷ്ടപ്പെട്ടുപോയതെങ്ങനെ എന്നും പരിശോധിക്കണം. ഇന്ന് നമുക്ക് കുമാരനാശാന്‍ സ്നേഹഗായകനല്ല. "ലിംഗശരീര"ത്തിന്റെ വക്താവാണ്. വള്ളത്തോള്‍ പുരോഗമനചിന്തകളുമായി ഐക്യാദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ശ്രമിച്ച കവിയല്ല, സവര്‍ണസംസ്കാരത്തിന്റെ ആഖ്യാതാവാണ്. ജയിലിന്റെ മതില്‍ക്കെട്ടുകള്‍പ്പുറത്തുള്ള സ്ത്രീപുരുഷസ്നേഹത്തിന്റെ ഓര്‍മകള്‍ ആഖ്യാനം ചെയ്യുന്ന കാഥികനല്ല ബഷീര്‍, മുസ്ലീം സമുദായത്തിന്റെ ആവിഷ്കര്‍ത്താവാണ്. കേശവദേവിനെയും തകഴിയെയും പൊന്‍കുന്നം വര്‍ക്കിയെയുമെല്ലാം വ്യത്യസ്ത സമുദായങ്ങള്‍ സ്വാംശീകരിക്കുന്നു. മുലൂര്‍ പത്മനാഭപ്പണിക്കരെയും ""സഹോദരന്‍"" അയ്യപ്പനെയും കെ പി കറുപ്പനെയുമെല്ലാം ഇതേ കണ്ണുകളിലൂടെയാണ് കാണുന്നത്. ഈ മാറ്റം കേവലമായ ""സമുദായവല്‍ക്കരണമായി മാത്രം കാണാനാവില്ല. ഇതിന്റെ ഉപജ്ഞാതാക്കള്‍ ജി സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും പാണക്കാട് തങ്ങന്മാരും കെസിബിസിയുമല്ല. കേരളത്തിലെ മാനവിക സമുദായങ്ങളുടെ തകര്‍ച്ചയില്‍നിന്ന് മുതലെടുക്കുന്ന കഴുകന്മാരാണവര്‍. എന്തുകൊണ്ടാണീ സങ്കല്പങ്ങള്‍ തകര്‍ന്നതെന്നതിന് കൂടുതല്‍ ആഴത്തില്‍ പോകേണ്ടയിരിക്കുന്നു.

ഐക്യകേരളവും അതിനുശേഷവും

കേരളത്തിലെ ജനങ്ങള്‍ ജാതിമത രാഷ്ട്രീയ ഭേദമെന്യേ ഉന്നയിച്ച അവസാനത്തെ ആവശ്യം ഐക്യകേരളത്തിനുവേണ്ടിയുള്ളതായിരിക്കും. ജാതിമത ഭിന്നതകളും വര്‍ഗവൈരുധ്യങ്ങളും നിലനില്‍ക്കുന്ന പ്രദേശമാണെന്ന് അറിയാതെയല്ല ജനങ്ങള്‍ ഈ ആവശ്യത്തിനു പിന്തുണ നല്‍കിയത്. അതിലപ്പുറം ഭാഷാപരവും സാംസ്കാരികമായ ഐക്യം നിലനില്‍ക്കുന്ന പ്രദേശത്തിനുവേണ്ടി അവര്‍ നിലകൊണ്ടു. തിരുവിതാംകൂറിലെയും കൊച്ചിയിലെയും നാടുവാഴിത്തവും മലബാറിലെ കൊളോണിയല്‍ ഭരണാവശിഷ്ടങ്ങളും ഇല്ലാതാക്കാന്‍ കേരളജനതയ്ക്ക് സാധിച്ചു. ഈ നേട്ടംതന്നെയാണ് ജന്മിത്വത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്ക് നടത്താനുള്ള ഊര്‍ജം പകര്‍ന്നത്. നവോത്ഥാനഘട്ടം മുതലാരംഭിച്ച മലയാളിയുടെ സാമൂഹ്യപരിവര്‍ത്തനാശയങ്ങള്‍ക്ക് ജീവന്‍വെച്ചത് അപ്പോഴാണ്. 1957 ലെ കമ്യൂണിസ്റ്റ്പാര്‍ടിയുടെ വിജയം കേവലം ഒരു രാഷ്ട്രീയപാര്‍ടിയുടെ വിജയം മാത്രമായിരുന്നില്ല. ഒരു പുതിയ കേരളത്തിന്റെ ഭാവി നെയ്തെടുക്കാനുള്ള ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങളുടെ തുടക്കംകൂടിയായിരുന്നു. കുടിയൊഴിപ്പിക്കല്‍ തടയുന്ന ഓര്‍ഡിനന്‍സ് മുതല്‍ കാര്‍ഷികബന്ധബില്ലും വിദ്യാഭ്യാസനിയമവുമടക്കമുള്ള നടപടികള്‍ ഈ ശ്രമങ്ങള്‍ ഫലം കാണുന്നതിനെ വിളിച്ചറിയിച്ചു.

കേരളജനതയിലെ വര്‍ഗവൈരുധ്യങ്ങള്‍ മുര്‍ത്ത രൂപത്തില്‍ വന്നതും അപ്പോഴാണ്. ജാതിമതനിരപേക്ഷതയ്ക്കും മാനവികതയ്ക്കും സോഷ്യലിസത്തിനും വേണ്ടിയുള്ള പോരാട്ടത്തെ ശക്തമായെതിര്‍ത്ത ശക്തികള്‍ നേരത്തെതന്നെയുണ്ടായിരുന്നു. എന്നാല്‍, ദേശീയ മോചനത്തിനും ഐക്യകേരളത്തിനുംവേണ്ടിയുള്ള സമരത്തില്‍ പുരോഗമനശക്തികള്‍ വഹിച്ച നേതൃത്വപരമായ പങ്കു മൂലം അവരെ ആശയപരമായെതിര്‍ക്കുക പ്രയാസമായിരുന്നു. കെ കേളപ്പന്റെ ""കോണ്‍ഗ്രസ്സും കമ്യൂണിസവും"" പോലുള്ള വിമര്‍ശനങ്ങളും സഞ്ജയന്റെ പരിഹാസരചനകളും പിന്നീട് സോവിയറ്റ് അനുഭവങ്ങളെ മുന്‍നിര്‍ത്തി സി ജെ തോമസിന്റെയും കൂട്ടരുടെയും പ്രചാരണവുമായിരുന്നു അന്നത്തെ പ്രധാന കമ്യൂണിസ്റ്റ് വിരുദ്ധായുധങ്ങള്‍. ദേശീയനേതാക്കളില്‍ ഗാന്ധിക്കു ലഭിച്ച വന്‍ ജനപ്രീതിപോലും ഖാദിയുടെ പ്രചാരണത്തിലും മദ്യവര്‍ജനത്തിലും അയിത്തോച്ചാടനത്തിലും ഒതുങ്ങി. ഇതില്‍ ഖാദിയുടെ പ്രചാരണമൊഴികെ മറ്റൊന്നും പൂര്‍ണവിജയങ്ങളായില്ല. വിനോഭാജിയുടെ ഭൂദാനപ്രസ്ഥാനത്തിന് ഭൂപരിഷ്കരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് ബദലാകാന്‍ കഴിഞ്ഞില്ല. ചുരുക്കത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധര്‍ ധാരാളമുണ്ടായിരുന്നെങ്കിലും അവരുടെ പ്രചാരണത്തിന് ശക്തമായ വേദികളോ കൃത്യമായ ലക്ഷ്യമോ ഉണ്ടായിരുന്നില്ല. 1957-ലെ കമ്യൂണിസ്റ്റ്പാര്‍ടിയുടെ വിജയം ഈ വസ്തുതയെക്കൂടി വിളിച്ചറിയിച്ചു. 1959-ല്‍ ഇ എം എസ് മന്ത്രിസഭയെ പിരിച്ചുവിട്ട നടപടി രണ്ടു കാര്യങ്ങളാണ് ഒറ്റയടിക്ക് സാധിച്ചത്. ഒന്ന് കമ്യൂണിസ്റ്റ്പാര്‍ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഭൂപരിഷ്കാരങ്ങള്‍ക്ക് തല്‍ക്കാലത്തേക്ക് തടയിടുക. പിന്നീട് ഭൂപരിഷ്കാരം നിലവില്‍വന്നുവെങ്കിലും ജന്മിമാരുടെ ഭൂമികള്‍ മുഴുവനും മണ്ണില്‍ പണിയെടുന്നവര്‍ക്കും പാട്ടക്കുടിയാനും നീതിയുക്തമായി വിതരണം ചെയ്യുക എന്ന ലക്ഷ്യത്തില്‍ വെള്ളംചേര്‍ക്കാന്‍ വലതുപക്ഷത്തിനു കഴിഞ്ഞു. ഇഷ്ടദാനത്തിനു ലഭിച്ച നിയമപരമായ സാധ്യത ഉദാഹരണമാണ്. അറുപതുകളുടെ അവസാനത്തിലെ മിച്ചഭൂമി സമരം അനിവാര്യമാക്കിയതും ഈ ഇടപെടലാണ്. രണ്ട്, കമ്യൂണിസ്റ്റ് പാര്‍ടി രൂപം കൊണ്ടതിനുശേഷം ആദ്യമായി വലതുപക്ഷത്തിന് ഒരു കമ്യൂണിസ്റ്റ് വിരുദ്ധ സന്നദ്ധസേനയെ സൃഷ്ടിക്കാന്‍ കഴിഞ്ഞു. അവരാണ് വിമോചനസമരത്തിലൂടെ വളര്‍ന്നുവന്നത്. അവര്‍ നല്‍കിയ സാമുദായികതയുടെ പുതിയ നിര്‍വചനം കേരളത്തില്‍ ഒരു പുതിയ ആശയസമരത്തിനു മാത്രമല്ല, കേരളസമൂഹത്തെ മുഴുവന്‍ മാറ്റിമറിക്കുന്ന പുതിയ പ്രവണതകള്‍ക്ക് വിത്തുപാകി. പുതിയ സാമുദായികത കേരളത്തില്‍ രൂപംകൊണ്ട മാനവമോചനസങ്കല്പങ്ങള്‍ക്കും സാഹോദര്യത്തിലും സഹജത്വത്തിലും ഉറച്ച സ്വതന്ത്രസമുദായം എന്ന ആശയത്തിനും എതിരായാണ് പുതിയ സാമുദായികത വളര്‍ന്നുവന്നത്. ജാതീയതക്കും ജന്മിത്വത്തിനുമെതിരെ നിലകൊണ്ട ചിന്തകരും സാമൂഹ്യപ്രവര്‍ത്തകരുമായിരുന്നില്ല പുതിയ സാമുദായികതയുടെ പിന്നില്‍. കൊളോണിയലിസവും ആധുനികരാഷ്ട്രം സൃഷ്ടിച്ച സ്ഥാപനങ്ങളും നല്‍കിയ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമമായിരുന്നു സാമുദായികതയ്ക്കു വഴിതെളിയിച്ചത്. കൊളോണിയല്‍ ഭരണകൂടം നടത്തിയ കാനേഷ്മാരി (സെന്‍സസ്) പ്രവര്‍ത്തനങ്ങളും സര്‍വേകളും ഇന്ത്യയിലെയും കേരളത്തിലെയും ജാതികളുടെ കണക്കുകള്‍ പ്രസിദ്ധീകരിച്ചു. സര്‍ക്കാര്‍ തസ്തികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, കോടതികള്‍ മുതലായവയിലേക്കുള്ള പ്രവേശനം ചര്‍ച്ചാവിഷയമായി. 1891-ലെ മലയാളി മെമ്മോറിയലും 1896-ലെ ഈഴവ മെമ്മോറിയലും ഈ സൗകര്യങ്ങള്‍ അബ്രാഹ്മണര്‍ക്കും അവശവിഭാഗങ്ങള്‍ക്കും ലഭിക്കണമെന്ന ആവശ്യത്തെ സൂചിപ്പിച്ചു. 1920-കളോടെ പുലയരടക്കമുള്ള ദളിതവിഭാഗങ്ങളില്‍നിന്നും ഈ ആവശ്യം ഉയര്‍ന്നുവന്നു. 1930-കളോടെ നിയമസഭയിലേക്കടക്കമുള്ള സംവരണം പ്രധാനവിഷയമായി മാറി. സര്‍ക്കാര്‍ തസ്തികകള്‍ക്കും സംവരണത്തിനുംവേണ്ടിയുള്ള മുന്നേറ്റം പുതിയ സാമുദായികതയുടെ ഒരു പ്രധാന അടിത്തറയായിരുന്നു.

ഈ മുന്നേറ്റം നയിച്ചത് കൊളോണിയല്‍ പശ്ചാത്തലത്തില്‍ സൃഷ്ടിക്കപ്പെട്ട ഒരു പുതിയ മധ്യവര്‍ഗമായിരുന്നു. കൊളോണിയല്‍ കാലഘട്ടത്തിലെ വാണിജ്യവിളകളുടെ വളര്‍ച്ചയും അതിനെ ആധാരമാക്കി ഇടത്തരം ധനികകര്‍ഷകരുടെ രൂപീകരണവും, കയര്‍, കശുവണ്ടി, നെയ്ത്ത്, ഓട് മുതലായ മേഖലകളില്‍ വളര്‍ന്നുവന്ന കാര്‍ഷികാനുബന്ധ വ്യവസായങ്ങള്‍, മധ്യവര്‍ഗ സര്‍ക്കാര്‍ തൊഴിലുകളുടെയും വിദ്യാഭ്യാസത്തിന്റെയും വളര്‍ച്ച തുടങ്ങിയവ ചേര്‍ന്നാണ് ഈ മധ്യവര്‍ഗത്തെ സൃഷ്ടിച്ചത്. കേരളത്തിനകത്തും മുതലാളിത്തം സൃഷ്ടിച്ച തൊഴില്‍മേഖലകളില്‍ പണിയെടുത്തവര്‍ ഈ മധ്യവര്‍ഗത്തിന്റെ ഭാഗമായി. ഇന്ന് സവര്‍ണമേധാവിത്വം എന്നു വിളിക്കപ്പെടുന്ന ഈ മധ്യവര്‍ഗത്തില്‍ സവര്‍ണര്‍ മാത്രമല്ല ഉണ്ടായിരുന്നത്. ക്രിസ്ത്യാനികളും ഈഴവരില്‍ ഒരു വിഭാഗവും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ദളിതരും മുസ്ലിങ്ങളില്‍ ബഹുഭൂരിപക്ഷവും ഇതിനുപുറത്തുമായിരുന്നു. ഈ മധ്യവര്‍ഗത്തിന് കൊളോണിയല്‍ വിരുദ്ധസ്വഭാവം ഉണ്ടായിരുന്നില്ല. പുതിയ സൗകര്യങ്ങളും സാധ്യതകളും സൃഷ്ടിച്ച ഒരു ഘടകമായിരുന്നു അവര്‍ക്ക് കൊളോണിയലിസം.

മധ്യവര്‍ഗത്തിന്റെ വളര്‍ച്ചയ്ക്ക് മറ്റൊരു സവിശേഷതയുമുണ്ട്. എഴുത്തിലും വായനയിലും സംവേദനത്തിലുമെല്ലാം കുതിച്ചുചാട്ടമുണ്ടായ നവോത്ഥാനകാലം കേരളത്തിലുണ്ടായി. 18-ാം നൂറ്റാണ്ടില്‍ യൂറോപ്പിലുണ്ടായതുപോലെ വിശ്വാസത്തിനെതിരെ യുക്തിപരതയ്ക്കും അജ്ഞതയ്ക്കെതിരെ അറിവിനും സ്വാതന്ത്രത്തിനും സമത്വത്തിനും സാഹോദര്യത്തിനും പ്രധാന്യം നല്‍കുന്ന ഒരു പ്രസ്ഥാനം കേരളത്തില്‍ സൃഷ്ടിക്കാന്‍ മധ്യവര്‍ഗം തയാറായിരുന്നില്ല. അത്തരത്തിലുള്ള മുന്നേറ്റം വളര്‍ന്നുവന്നത് മുമ്പ് സൂചിപ്പിച്ച കാല്പനികരില്‍നിന്നും സഹോദരന്‍ അയ്യപ്പന്‍ മുതല്‍ യുക്തിവാദിപ്രസ്ഥാനം, ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള സംഘടനകളില്‍നിന്നും മാത്രമാണ്. രാഷ്ട്രീയ സാംസ്കാരിക തലങ്ങളില്‍ ജ്ഞാനോദയ പ്രസ്ഥാനമായി കേരളത്തില്‍ പ്രവര്‍ത്തിച്ചത് മധ്യവര്‍ഗമായിരുന്നില്ല, ഇടതുപക്ഷമായിരുന്നു. കേരളത്തിലെ സാംസ്കാരിക മണ്ഡലത്തില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം വര്‍ധിച്ചത് ജ്ഞാനോദയനിര്‍മാണത്തിന്റെയും യുക്തിപരതയുടെയും ഭാഗമായി കലയെയും സംസ്കാരത്തെയും മാറ്റിയതുകൊണ്ടുകൂടിയാണ്. കാല്‍പനികതയില്‍നിന്ന് യാഥാര്‍ഥ്യവാദത്തിലേക്കും വ്യക്തിഗതകലാപങ്ങളില്‍നിന്ന് സംഘടിത പ്രസ്ഥാനങ്ങളിലേക്കുമുള്ള മാറ്റം ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയുടെ ഫലമാണ്.

മധ്യവര്‍ഗത്തിന്റെ പ്രത്യയശാസ്ത്രം എങ്ങനെ രൂപപ്പെട്ടുവെന്നും പരിശോധിക്കണം. ""കൊളോണിയല്‍ ആധുനികത"" എന്നും മറ്റുംവ്യവഹരിക്കപ്പെടുന്ന മുതലാളിത്ത ആശയസംഹിതതന്നെയായിരുന്നു അതിന്റെ കാതല്‍. വ്യക്തിനിഷ്ഠത, സ്വന്തം കുടുംബത്തിന്റെയും ജ്ഞാതികളുടെയും ഉന്നമനം, ധനാര്‍ജനവും അതില്‍നിന്നു ലഭിക്കുന്ന സുഖഭോഗങ്ങളും തുടങ്ങിയവയാണ് ഇതിലൂടെ വളര്‍ന്നുവന്നത്. പ്രായോഗികതലത്തില്‍ ഇവയ്ക്കെല്ലാം പ്രസക്തിയുണ്ടെങ്കിലും കമ്യൂണിസം, സോഷ്യലിസം, സ്വാതന്ത്ര്യം, സഹജത്വം മുതലായ ഉദാത്ത ആശയങ്ങളോടു നേരിടാനുള്ള ആശയ സംഹിത സൃഷ്ടിക്കാന്‍ ഇതിനു കഴിയില്ല. ആശയതലത്തിലല്ല, പ്രയോഗതലത്തിലാണ് അതിന് മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുക. കേരളത്തില്‍ ഇന്നു വ്യാപകമായ സുഖലോലുപതയും "ആനന്ദ" സംസ്കാരവും അതിന്റെ ഭാഗമാണ്. പക്ഷെ, അതിലപ്പുറം പോയി ഒരു പൊതു മൂല്യസംഹിത സൃഷ്ടിക്കാന്‍ അതിനാവില്ല. ഈ സാഹചര്യത്തിലാണ് സാമുദായികത ആശയസംഹിതയും സമൂഹസംഘടനാരൂപവുമായി പ്രത്യക്ഷപ്പെടുന്നത്.

കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവന്നത് ജാതി-ജന്മി-നാടുവാഴിത്തത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ്. ഈ പോരാട്ടത്തെ മുതലാളിത്തവ്യവസ്ഥയ്ക്കും സാമ്രാജ്യത്വത്തിനുമെതിരായ പോരാട്ടവുമായി സംയോജിപ്പിക്കുകയാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ ചെയ്തത്. എന്നാല്‍ മറ്റൊരു പ്രവണതയും വളര്‍ന്നുവരുന്നുണ്ടായിരുന്നു. ജാതിക്കെതിരായ പോരാട്ടത്തെ ജാത്യനാചാരങ്ങള്‍ക്കെതിരായ പോരാട്ടമായി മാറ്റുന്നത് ഇതിന്റെ ഭാഗമായിരുന്നു. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അയിത്തമടക്കമുള്ള സാമൂഹ്യവേര്‍തിരിവുകളും നിരാകരിക്കുകയും അതേസമയം ജാതിയെ ഇന്ത്യന്‍ സമൂഹത്തിന്റെ അനിവാര്യതയായി നിലനിര്‍ത്തുകയുമാണ് ഈ പ്രവണത ലക്ഷ്യമിട്ടത്. കൊളോണിയല്‍ ഭരണകൂടം വളര്‍ത്തിക്കൊണ്ടുവന്ന ജാതിമതസംവരണം ഇതിനെ നിലനിര്‍ത്താന്‍ സഹായിച്ചു. ജാതിയെ നിരാകരിച്ചുകൊണ്ടുള്ള തൊഴില്‍മേഖലയുടെയും സര്‍ക്കാര്‍ തസ്തികകളുടെയും വികാസത്തിനുപകരം ജാതിയെതന്നെ തൊഴില്‍മേഖലയുടെ സംഘാടനത്തിന് ഉപയോഗിക്കുകയാണ് കൊളോണിയല്‍ ഭരണകൂടം ചെയ്തത്.

ഇതിനോടൊപ്പം ജാതിവ്യവസ്ഥ ഒരു പൊതു ഹിന്ദു സമുദായത്തിന്റെ ഭാഗമായി കണക്കാക്കപ്പെട്ടു. ബ്രാഹ്മണര്‍ സൃഷ്ടിച്ച വര്‍ണാശ്രമധര്‍മംതന്നെയാണ് ജാതികളെ ക്രമീകരിക്കുന്ന ആശയസംഹിതയായതെന്ന വസ്തുത നിരാകരിക്കപ്പെട്ടു. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇതേ ധര്‍മസംഹിതകളുടെ സൃഷ്ടിയാണെന്നതും അവഗണിച്ചു. ജാതി സൃഷ്ടിച്ച അനാചരങ്ങളെ നിരാകരിക്കുന്നതിനോടൊപ്പം ഹിന്ദുമതത്തെ ഇന്ത്യന്‍ ദേശീയതയുടെ അന്തര്‍ധാരയായി പുനര്‍നിര്‍മിക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. ഇതുകൊണ്ട് ദളിതരും ആദിവാസികളുമടക്കമുള്ള "ഇന്ത്യക്കാര്‍" ഹിന്ദുക്കളായി അംഗീകരിക്കപ്പെടുകയും സെന്‍സസടക്കമുള്ള രേഖകളിലെല്ലാം ഹിന്ദുക്കളായി പ്രത്യക്ഷപ്പെടുകയും ചെയ്തു. ക്ഷേത്രപ്രവേശനം മുതലായ രീതികളിലൂടെ ഹിന്ദുത്വം ഒരു ക്ഷേത്ര മതമായി പുനര്‍ജനിച്ചു. ഭഗവദ്ഗീതയെയും വേദങ്ങളും പോലുള്ള മതഗ്രന്ഥങ്ങള്‍, ക്ഷേത്രങ്ങള്‍, ഇതിഹാസപുരാണങ്ങള്‍, പുരോഹിതരും ആധ്യാത്മിക ഗുരുക്കന്മാരും, തീര്‍ഥാടനകേന്ദ്രങ്ങള്‍ തുടങ്ങി ക്രിസ്തുമതത്തിനോടും ഇസ്ലാംമതത്തിനോടും സാമ്യമുള്ള മതമായി ഹിന്ദുമതം മാറി.

ഇതിനുസമാനമായ "മതനവീകരണ" പ്രസ്ഥാനങ്ങള്‍ മറ്റു മതങ്ങളിലും വളര്‍ന്നുവരുന്നുണ്ടായിരുന്നു. മിഷനറിമാരുടെ സ്വാധീനത്തില്‍ ക്രിസ്തുമതം കൂടുതല്‍ വ്യക്തമായി മതപുരോഹിതന്മാരുടെയും പിതാക്കളുടെയും നിയന്ത്രണത്തിന്‍ കീഴില്‍വന്നു. ജനനം മുതല്‍ മരണം വരെയുള്ള ചടങ്ങുകളും വിവാഹം, വിവാഹമോചനം മുതലായവയും പള്ളി നിയന്ത്രിച്ചു. അതുകൂടാതെ കുമ്പസാരം, പാപങ്ങള്‍ ഏറ്റുപറച്ചില്‍, ധ്യാനവും തീര്‍ഥാടനവും മുതലായ നിരവധി പ്രായശ്ചിത്തരൂപങ്ങള്‍ സഭയുടെ നിയന്ത്രണരൂപങ്ങളായി. ചരിത്രത്തിലാദ്യമായി കേരളത്തിലെ ക്രൈസ്തവസഭയ്ക്ക് സ്വന്തമായി വാഴ്ത്തപ്പെട്ടവരുണ്ടായി. കാറ്റക്കിസവും സണ്‍ഡേസ്കൂളുകളും കൂടാതെ പൊതുവിദ്യാഭ്യാസരംഗത്തുള്ള ക്രൈസ്തവസഭകളുടെ സംഘടിതമായ ഇടപെടല്‍ മതസമുദായ രൂപികരണത്തിന്റെ ശക്തമായ ഉപാധിയായി. തിരുവിതാംകൂര്‍ സര്‍ക്കാരുമായും തിരു-കൊച്ചി മന്ത്രിസഭയുമായും പിന്നീട് വിവിധ കമ്യൂണിസ്റ്റ്- ഇടതുപക്ഷ ഗവണ്‍മെന്റുകളുമായും സഭകള്‍ ഏറ്റുമുട്ടിയത് വിദ്യാഭ്യാസത്തിന്റെ പ്രശ്നത്തിലായിരുന്നു. തുടര്‍ന്ന് ആരോഗ്യം, ആസ്പത്രികള്‍, സാമൂഹ്യസേവനപ്രവര്‍ത്തനങ്ങള്‍ തുടങ്ങി എന്‍ജിഒ സംഘടനകള്‍വരെ നിരവധി മേഖലകളില്‍ സഭ ഇടപ്പെട്ടു.

ഇതുപോലെയാണ് ഇസ്ലാംമതത്തിലും പരിവര്‍ത്തന പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവന്നത്. സനാഉല്ലാ മക്തി തങ്ങള്‍ ക്രൈസ്തവ മിഷനറിമാര്‍ക്കെതിരായ സംവാദത്തിന്റെ പശ്ചാത്തലത്തിലാണ് മതനവീകരണത്തിന്റെ ആദ്യരൂപങ്ങള്‍ ആവിഷ്കരിച്ചത്. തുടര്‍ന്ന് കേരളത്തിനകത്തും പുറത്തുമുള്ള മതവിദ്യാലയങ്ങളില്‍ പരിശീലനം നേടിയ മൗലവിമാരും പണ്ഡിതരും മതപരിഷ്കരണരൂപങ്ങളുമായി മുന്നോട്ടുപോയി. യത്തീംഖാനകളും മദ്രസകളും വളര്‍ന്നുവന്നു. മതപരിഷ്കരണ പ്രസ്ഥാനങ്ങള്‍ അതുവരെ നിലനിന്നിരുന്ന ജനകീയ ഇസ്ലാമിന്റെ പല ആചാരങ്ങളെയും അനിസ്ലാമികമായി നിരാകരിച്ചു. ഖുര്‍ആന്റെയും ഹാദിത്തുകളുടെ അടിസ്ഥാനത്തിലുള്ള ""വൈദിക"" ഇസ്ലാമിനു പ്രാമുഖ്യം ലഭിക്കുകയും നദ്വത്തൂല്‍ മുജാഹിദീനെപ്പോലുള്ള നവീകരന സംഘങ്ങള്‍ക്ക് വേരൂന്നാന്‍ സാധിക്കുകയും ചെയ്തു. ഈ രണ്ടു മതങ്ങളിലും നടന്ന നവീകരണം ഒരു വിധത്തിലും വിശ്വാസവും യുക്തിചിന്തയും തമ്മിലുള്ള പോരാട്ടമായി പരിണമിച്ചില്ല. യൂറോപ്പില്‍ ജ്ഞാനോദയകാലഘട്ടത്തില്‍ സംഭവിച്ചതുപോലെ ശാസ്ത്രചിന്തയ്ക്ക് പ്രാധാന്യം നല്‍കാനും മതത്തെ യുക്തിപരമായി വ്യാഖ്യാനിക്കാനുമുള്ള ശ്രമങ്ങള്‍ നടന്നില്ല. യുക്തിചിന്തക്കുവേണ്ടി നിലകൊണ്ട അപൂര്‍വം ആളുകള്‍ മതത്തില്‍നിന്ന് ഒറ്റപ്പെട്ടു. അവര്‍ പലരും കമ്യൂണിസ്റ്റുകാരായി. അതേസമയം പ്രായോഗികജീവിതത്തിന്റെ ഭാഗമായി ശാസ്ത്രസാങ്കേതികവിദ്യകളെ ഉള്‍ക്കൊള്ളാനും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനും അവര്‍ക്ക് പ്രയാസമുണ്ടായില്ല. ശാസ്ത്രചിന്തയെ നിരാകരിക്കുകയും ശാസ്ത്രപ്രവര്‍ത്തനങ്ങളെയും സാങ്കേതികവിദ്യകളെയും അംഗീകരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് അവര്‍ തുടര്‍ന്നത്. ഹിന്ദുക്കള്‍ ശാസ്ത്രസാങ്കേതികവിദ്യകളെ അതേപടി അംഗീകരിച്ചു. സാങ്കേതികവിദ്യകള്‍ പുതിയതാണെങ്കിലും ശാസ്ത്രസത്യങ്ങള്‍ വേദോപനിഷത്തുകളില്‍ തന്നെയുണ്ടെന്ന ശാഠ്യം ചിലര്‍ക്കുണ്ടായെന്നു മാത്രം. ശാസ്ത്രചിന്തയും ആചാരനുഷ്ഠാനങ്ങളും തമ്മില്‍ പൊരുത്തപ്പെടുത്താന്‍ ഹിന്ദുക്കള്‍ക്ക് ഒരു തടസ്സമുണ്ടായില്ല.

സാമുദായികതയും മുതലാളിത്തവും


കേരളത്തിലെ വലതുപക്ഷ മുതലാളിത്ത ശക്തികളുടെ ആശയസംഹിതയായാണ് സാമുദായികത വളര്‍ന്നുവന്നത്. ദേവലായങ്ങളും ധര്‍മസ്ഥാപനങ്ങളും വിദ്യാലയങ്ങളും വഴിയായുള്ള ആസ്തികള്‍, വഴിപാടുകളായും കാണിക്കയായും നേര്‍ച്ചയായും കുമിഞ്ഞുകൂടുന്ന സമ്പത്ത്, സന്നദ്ധസംഘടനകള്‍ക്കും സുവിശേഷസംഘടനകള്‍ക്കും രോഗശാന്തി ദൈവശുശ്രൂഷാസംഘങ്ങള്‍ക്കും ലഭിക്കുന്ന വമ്പിച്ച വിദേശസഹായം, ഇവരെല്ലാവരും സ്വരൂപിക്കുന്ന ഭൂസ്വത്ത് എന്നിങ്ങനെ ഫൈനാന്‍സ് മൂലധനത്തിന്റെ വലിയ ചംക്രമണച്ചാലുകളായാണ് ഇന്നത്തെ സാമുദായികത പ്രവര്‍ത്തിക്കുന്നത്. മത ഏജന്‍സികള്‍ക്കാണ് കേരളത്തില്‍ ഏറ്റവുമധികം വിദേശ ഫണ്ടിങ് ലഭിക്കുന്നത്. ക്ഷേത്രങ്ങളുടെ കൈവശം കണക്കറ്റ സ്വത്തുണ്ടെന്നത് തിരുവനന്തപുരം പത്മനാഭക്ഷേത്രത്തിന്റെ "നിലവറ" പ്രശ്നത്തിലൂടെ പുറത്തുവന്നതുമാണ്. ഇവയെല്ലാം നിലനിര്‍ത്തുന്നത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുമാണ്. ദൈവികമായ ആസ്തികള്‍ കൂടാതെ ഭൗതിക ആസ്തികളുടെ വികാസത്തിലും സാമുദായികത ശക്തമായ പങ്കുവഹിക്കുന്നുണ്ട്. വിശ്വാസികളായ മുതലാളിമാര്‍ക്ക് മതധാര്‍മികസ്ഥാപനങ്ങള്‍ നല്‍കുന്ന ശക്തമായ പിന്തുണ അതിന്റെ ഒരു വശമാണ്. മതസമുദായികതയെ ഉപയോഗിച്ച് തൊഴിലാളികളെ ഭിന്നിപ്പിക്കാമെന്നത് ഇതിന്റെ മറു വശമാണ്. കത്തോലിക്കാസഭ ട്രേഡ്യൂണിയന്‍ തുടങ്ങാന്‍ തീരുമാനിച്ചത് ഈ തന്ത്രത്തിന്റെ ഭാഗവുമാണ്. സ്വയം സഹായസംഘങ്ങളും സന്നദ്ധസംഘങ്ങളും ആരംഭിക്കുന്നതിലും എല്ലാ സമുദായങ്ങളും മത്സരിക്കുന്നുമുണ്ട്. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന നിയമസഭാംഗങ്ങളെ നേരിട്ടു സ്വാധീനിക്കാനുള്ള സ്വാതന്ത്ര്യം ക്രൈസ്തവ മേലധ്യക്ഷന്മാര്‍ എടുക്കുന്നുണ്ട്.

ഇത്തരത്തില്‍ വളര്‍ന്നുവന്ന സാമുദായികതയ്ക്ക് നവലിബറല്‍ഉദാരവല്‍ക്കവരണത്തിന്റെ ഭാഗമായി നടക്കുന്ന "ഉത്തരാധുനിക" വികസനത്തില്‍ പുതിയ വേരുകള്‍ ഉണ്ടാകുന്നു. ജിം, എമര്‍ജിങ് കേരള മുതലായ "ഉത്തരാധുനിക" വികസനരൂപങ്ങള്‍ പ്രധാനമായും ഊന്നുന്നത് സര്‍വീസ്് വ്യവസായങ്ങളിലും വാണിജ്യമേഖലയിലുമാണ്. വിദ്യാഭ്യാസം, ആരോഗ്യം മുതല്‍ ടൂറിസം വരെയുള്ള സര്‍വീസ് വ്യവസായങ്ങള്‍ പലതും നേരത്തെതന്നെ സാമുദായികസംഘടനകള്‍ക്ക് ഇടപാടുകളുള്ളവയാണ്. കേരളത്തിന്റെ സാമുദായിക സാഹചര്യങ്ങളില്‍ ഒരു "സെക്കുലര്‍" സ്വകാര്യ വ്യവസായിയെക്കാള്‍ പിന്തുണ കൂടുതല്‍ ലഭിക്കുന്നത് കൃത്യമായ സാമുദായികവേരുകളുള്ള വ്യവസായികള്‍ക്കാണ്. അത്തരം വ്യവസായികള്‍ വേണ്ടിവന്നാല്‍ സാമുദായികലേബലുകള്‍ ഉപയോഗിക്കാനും സന്നദ്ധരാണ്. വിദ്യാഭ്യാസം, ആശുപത്രികള്‍, ധര്‍മസ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ മുതല്‍മുടക്കില്‍ ഭൂരിഭാഗവും സാമുദായികത വഴിതന്നെയാണ് നടക്കുന്നത്. ഈയിടെയായി നേരിട്ട് മതസ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സാമ്പത്തിക പിന്തുണയോടെ നടക്കുന്ന ചാനലുകളുടെ എണ്ണവും വര്‍ധിക്കുന്നു. ഇവയെല്ലാം കൂടാതെ പണമിടപാടുകാര്‍, ദല്ലാളുകള്‍, കരാര്‍പണിക്കാര്‍ മുതലായ ഇടനിലക്കാരുടെ വന്‍തോതിലുള്ള വികാസവും ഊഹക്കച്ചവടത്തിന്റെയും മോഹക്കച്ചവടത്തിന്റെയും വന്‍തോതിലുള്ള വളര്‍ച്ചയും സൃഷ്ടിക്കുന്ന അരാജക സമ്പദ്വ്യവസ്ഥ അതിന്റേതായ മതവിശ്വാസസംഹിതകളെ സൃഷ്ടിക്കുന്നുണ്ട്. ജ്യോതിഷം, മന്ത്രവാദം, രോഗശാന്തിശുശ്രൂഷകള്‍, നേര്‍ച്ചകള്‍, വഴിപാടുകള്‍ അവക്കുവേണ്ടി ചെലവാക്കുന്ന പണം എന്നിവ ചേര്‍ന്ന് അന്ധവിശ്വാസങ്ങളുടെ ശക്തമായ പുനരുത്ഥാനത്തിലേക്കു നയിക്കുന്നു. ഇതേ അനിശ്ചിതത്വംതന്നെ വിവാഹപ്രായം കുറഞ്ഞുവരുന്നതിലെത്തിക്കുന്നു. ഈയിടെയായി മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസ്സിനു മേലായിരിക്കുമെന്ന് "സ്പഷ്ടീകരിക്കുന്ന" ഉത്തരവും അതിന് മുസ്ലിം മതനേതാക്കന്മാര്‍ മുതല്‍ മന്ത്രിമാര്‍വരെ നല്‍കിയ വിവിധ തരത്തിലുള്ള വ്യാഖ്യാനങ്ങളും ഇതിനു തെളിവാണ്. വിവാഹപ്രായം കുറയുന്നുവെന്ന വസ്തുതക്ക് നിയമപരമായ പരിവേഷം നല്‍കാന്‍ മന്ത്രിമാര്‍ കൂട്ടത്തോടെ പെടാപ്പാടുപെടുന്ന അവസ്ഥയാണിത്. ശൈശവവിഭാഗത്തിനെതിരാണ് എന്ന് ഇപ്പോള്‍ മന്ത്രിമാര്‍ "ഉച്ചൈസ്തരം" പ്രഖ്യാപിക്കുന്നുണ്ടെങ്കിലും "ശൈശവം" എന്നാല്‍ ആര്‍ത്തവം ആരംഭിക്കുന്നതിനു മുമ്പുള്ള അവസ്ഥയാണെന്നുള്ള നിയമ "വ്യാഖ്യാനം" വന്നാല്‍ വിവാഹപ്രായം 12 വയസ്സാക്കുന്നതിനും ഈ പണ്ഡിതന്മാര്‍ക്കും മന്ത്രിമാര്‍ക്കും വിരോധമുണ്ടാകില്ല. മതതത്വസംഹിതകളുടെ പിന്‍ബലവും അതിനുണ്ടാക്കാം.

ഈ അവസ്ഥയില്‍ സാമുദായികത കേരളത്തിലെ വലതുപക്ഷത്തിന്റെ ആശയസംഹിതയും പ്രായോഗിക പ്രവര്‍ത്തനശൈലിയുമാകുന്നതില്‍ അത്ഭുതപ്പെടാനില്ല. ഇപ്പോഴത്തെ മന്ത്രിസഭയിലെ മന്ത്രിമാരെ നിശ്ചയിക്കുന്നതിലും അവര്‍ക്ക് രാജിവയ്ക്കേണ്ടിവരുമ്പോള്‍ സ്വസമുദായക്കാര്‍തന്നെ മന്ത്രിയാകണമെന്ന് ആവശ്യപ്പെടാനും സമുദായങ്ങള്‍ക്ക് ഒരു മടിയുമില്ല. ഓരോ സമുദായങ്ങളുടെയും കീഴിലുള്ള (അല്ലെങ്കില്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന) ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ പരസ്പരം മല്ലടിക്കുന്നതിലും പ്രശ്നമില്ല. മുസ്ലിംലീഗിന് അഞ്ചുപേര്‍ മന്ത്രിമാരാകണമെന്ന ആവശ്യം ജനസംഖ്യയുടെ അനുപാതത്തിലായിരുന്നു. ഇതുതന്നെയാണ് മറ്റു സമുദായങ്ങളും സമ്മര്‍ദത്തിനുവേണ്ടി ഉപയോഗിച്ചതും. ഇതേ തന്ത്രംതന്നെ സര്‍വകാലശാലകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഭരണസമിതികള്‍, കോര്‍പറേഷനുകള്‍ തുടങ്ങിയവ വിഭജിച്ചെടുക്കാനും പരസ്യമായി ഉപയോഗിക്കുന്നു. കോണ്‍ഗ്രസ് അടക്കമുള്ള കമ്യൂണിസ്റ്റ് ഇതരരായ സെക്കുലര്‍ രാഷ്ട്രീയ കക്ഷികള്‍ സാമുദായികതക്ക് പൂര്‍ണമായി കീഴടങ്ങിയ സ്ഥിതിയിലാണ്. പല ഘടകകക്ഷികളും പരസ്യമായിത്തന്നെ ഭരണത്തെ സ്വസമുദായ താല്‍പര്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗം ചെയ്യുമ്പോള്‍ ചെറുവിരലനക്കാന്‍ പോലും കോണ്‍ഗ്രസ്സിനു സാധിക്കുന്നില്ല. സമുദായവും "ആനന്ദ" രാഷ്ട്രീയവുമല്ലാത്ത പൊതുമൂല്യസംഹിത സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ലെന്നതാണ് ഇതിനു കാരണം.

സാമുദായികതയുടെ പ്രഭാവം സൃഷ്ടിക്കുന്ന സാമൂഹ്യമനഃശാസ്ത്രഘടകങ്ങളും പരിശോധിക്കണം. അതിവേഗം അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. സെക്കുലര്‍ ജനാധിപത്യസംസ്കാരവും ചര്‍ച്ചയും സംവാദങ്ങളും നടക്കുന്ന പൊതുഇടങ്ങള്‍ അതിവേഗം അപ്രത്യക്ഷമാകുകയാണ്. സോഷ്യലിസവും കമ്യൂണിസവും പോലുള്ള സങ്കല്പങ്ങളും അവയെപ്പറ്റിയുള്ള ജൈവസംവാദങ്ങളും ഇന്നത്തെ പൊതുഇടങ്ങളില്‍ നടക്കുന്നില്ല. അവയെല്ലാം കമ്യൂണിസ്റ്റ് പാര്‍ടിയുടെ പാര്‍ടിപരിപാടിയിലും പ്രമേയങ്ങളിലും വരുന്ന ഏതോ ഒരു പല്ലവി മാത്രമാണ് എന്ന ധാരണ പരക്കുന്നു. ഏതെങ്കിലും കമ്യൂണിസ്റ്റുകാര്‍ അത്തരത്തിലുള്ള ധാരണകള്‍ അവതരിപ്പിച്ചാല്‍ പോലും വ്യക്തിപരമായും അല്ലാതെയും അവയെ കീറിമുറിക്കാന്‍ സദാ ജാഗരൂകരായ വലതുപക്ഷസൈദ്ധാന്തികരുണ്ട്. അവരില്‍ മുന്‍ ഇടതുപക്ഷക്കാരും പെടും. കമ്യൂണിസം മാത്രമല്ല മതനിരപേക്ഷതയും ജനാധിപത്യവും സമൂഹപരിവര്‍ത്തനത്തെ സംബന്ധിച്ച സങ്കല്പങ്ങളുമെല്ലാം അപ്രത്യക്ഷമാകുന്നു. ഭാവിയെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ കാല്പനികമായാലും, യാഥാര്‍ഥ്യബോധത്തോടെയാണെങ്കിലും ചര്‍ച്ചചെയ്യാതാകുന്നു. ഇന്നത്തെ സാമുഹ്യാവസ്ഥയെക്കുറിച്ചുള്ള ആകുലതകള്‍ കഥയിലോ കവിതയിലോ സിനിമയിലോ പ്രത്യക്ഷപ്പെടുന്നുമില്ല. അപ്പോള്‍ ബാക്കിവരുന്നത് "ആധുനികോത്തരവാദി"കളുടെ ചിരന്തന വര്‍ത്തമാനകാലമാണ്. അതില്‍ റിയല്‍ എസ്റ്റേറ്റുകാരുടെയും ചൂതാട്ടക്കാരുടെയും ഊഹക്കച്ചവടക്കാരുടെയും തടിപ്പുകളെയും കസര്‍ത്തുകളെയും മാറ്റിനിര്‍ത്തിയാല്‍ ശേഷിക്കുന്നത് പൊതുഇടങ്ങളുടെ ഓരോ പങ്കിനുംവേണ്ടി തമ്മിലടിക്കുന്ന സമുദായങ്ങളാണ്. അതില്‍ മതസമുദായങ്ങളും ശക്തരായ (അതായത് ജനസംഖ്യയും ആസ്തികളും അധികമുള്ള) ജാതിസമുദായങ്ങളും വിജയിക്കുമ്പോള്‍ ദളിതരും ആദിവാസികളും പിന്നോട്ടുപോകുന്നു. അവരും വര്‍ഗമെന്ന നിലയില്‍ മോചനപ്പോരാട്ടങ്ങള്‍ നടത്തുന്നതിനു പകരം സമുദായങ്ങളായി സംഘടിക്കാന്‍ പ്രേരിപ്പിക്കപ്പെടുന്നു. (നവ) ലിബറല്‍ ജനാധിപത്യവ്യവസ്ഥക്കുള്ളില്‍ അധികാരം കൈവശപ്പെടുത്തുകയാണ് സ്വന്തം ലക്ഷ്യമെന്നു പ്രഖ്യാപിക്കാനും അവര്‍ക്ക് മടിയില്ല. പുതിയ സമൂഹത്തിന്റെ സൃഷ്ടിക്കല്ല, ഇന്നത്തെ ജാതിസമുദായങ്ങള്‍ പൊതുഇടങ്ങളില്‍ ഏറ്റവുമധികം സ്ഥലം നേടാന്‍ ശ്രമിക്കുമ്പോള്‍ മതസമുദായങ്ങള്‍ക്ക് ഒരു ലക്ഷ്യം കൂടിയുണ്ട്. കമ്യൂണിസത്തിനും സോഷ്യലിസത്തിനും രാമരാജ്യത്തിനും പകരം അവര്‍ നല്‍കുന്നത് സ്വര്‍ഗരാജ്യമാണ്, അല്ലെങ്കില്‍ ആധ്യാത്മികതയുടെ ആനന്ദമാണ്. സ്വര്‍ഗവും ആനന്ദവും നവലിബറലിസം മുന്നോട്ടുവെക്കുന്ന ആനന്ദോത്സവങ്ങളും (ക്രിക്കറ്റര്‍ ശ്രീശാന്ത് തികഞ്ഞ ദൈവവിശ്വാസിയും ആനന്ദോത്സവങ്ങളില്‍ അഭിരമിക്കുന്നയാളുമാണ്) തമ്മില്‍ ഉള്‍ച്ചേരാന്‍ പ്രയാസമില്ല. ഉത്സവദിവസങ്ങളിലും പുതുവത്സരത്തിലും എല്ലാവിധത്തിലുമുള്ള കൂടിച്ചേരലുകളിലും നടക്കുന്ന മദ്യോത്സവങ്ങള്‍ ഇതിന്റെ ഒന്നാന്തരം സൂചനയാണ്. മലയാളിയുടെ ലിബിഡിനല്‍ ഫാന്റസികളുടെ വളര്‍ച്ച ലൈംഗികതയെ സംബന്ധിച്ച ഓരോ ചര്‍ച്ചകള്‍ക്കും അയാള്‍ നല്‍കുന്ന പ്രാധാന്യത്തില്‍നിന്നു വ്യക്തമാകും. ഗൗരവമുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍പോലും ലൈംഗികതയുമായി ബന്ധപ്പെടുത്തുന്നത് പുതിയ ഭോഗസംസ്കാരത്തിന്റെ വളര്‍ച്ചയുടെ തെളിവാണ്.

ഇവിടെനിന്ന് ഒരുപടികൂടി മുന്നോട്ടുപോയാല്‍ സാമുദായികതയ്ക്ക് ഫാസിസ്റ്റ് ആയിത്തീരാം. ഫാസിസം ഒരു രാഷ്ട്രരൂപമാണ്. അതേസമയം ജനാധിപത്യവിരുദ്ധവും സ്വേച്ഛാധിപത്യത്തിന് കീഴടങ്ങുന്നതുമായ മനഃശാസ്ത്രവുമാണ്. അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ജനസമൂഹത്തെ, രാഷ്ട്രീയത്തെ പൂര്‍ണമായി അകറ്റുന്നതിനുള്ള തന്ത്രം രാഷ്ട്രീയത്തെ ക്ഷുദ്രവല്‍ക്കരിക്കുകയാണ്. അത് മാധ്യമങ്ങള്‍ ഭംഗിയായി ചെയ്യുന്നുണ്ട്. പിന്നെ വേണ്ടത് ഒന്നുകില്‍ മതസാമുദായിക പരിവേഷമുള്ള രാഷ്ട്രസങ്കല്പമാണ്. അത് ബിജെപി യുടെയും മുസ്ലിം സംഘടനകളുടെയും ലക്ഷ്യമാണ്. അല്ലെങ്കില്‍ അമാനുഷിക പരിവേഷമുള്ള ഒരു നേതാവാണ്. കോണ്‍ഗ്രസ് രാഹുല്‍ഗാന്ധിയിലൂടെയും ബിജെപി നരേന്ദ്രമോഡിയിലൂടെയും വളര്‍ത്താന്‍ ശ്രമിക്കുന്നത് അത്തരത്തിലുള്ള പരിവേഷമാണ്. ഇവ രണ്ടിലൊന്നു വിജയിച്ചാല്‍ നാം നിലനിര്‍ത്തിപ്പോന്ന സെക്കുലര്‍ ജനാധിപത്യ സങ്കല്പം തകരും. രാഷ്ട്രീയം ഒരു ഇവന്റ് മാനേജ്മെന്റ് ആകുകയും ഫാസിസം നമ്മുടെ പ്രധാന രാഷ്ട്രീയരൂപമാകുകയും ചെയ്യും. ഇന്നത്തെ വലതുപക്ഷരാഷ്ട്രീയം ലക്ഷ്യമിടുന്നത് ആ വഴിക്കുള്ള പ്രയാണമാണ്. .

*
കെ എന്‍ ഗണേശ് ദേശാഭിമാനി ഓണപ്പതിപ്പ്