Saturday, May 24, 2014

കോണ്‍ഗ്രസിനെക്കൊണ്ട് ഇനി കാര്യമില്ല

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലിതുവരെയുണ്ടാവാത്തത്ര വലിയ തകര്‍ച്ച നേരിട്ട കോണ്‍ഗ്രസ്, സ്വന്തം അണികളില്‍പോലും ആശ്വാസത്തിന്റെയോ ആത്മവിശ്വാസത്തിന്റെയോ കണിക പകരാന്‍ കഴിയാതെ നൈരാശ്യത്തിന്റെ ഇരുട്ടിലുഴലുകയാണ്.

എല്ലാ സീനിയര്‍ നേതാക്കളും ഒരേപോലെ മൗനത്തില്‍. സ്വാധീനം തിരിച്ചുപിടിക്കാന്‍ ശ്രമിക്കാമെന്ന് ഒരു വാചകംപോലും അണികളോടു പറയാന്‍ ആരുമില്ല. അടിയന്തരമായി ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗം പരാജയത്തിന്റെ ഉത്തരവാദിത്തം സോണിയക്കും രാഹുലിനുമല്ല എന്നു പ്രമേയം പാസാക്കിപ്പിരിഞ്ഞു. ആര്‍ക്കാണ് ഉത്തരവാദിത്തമെന്നു പറയുന്നില്ല. ശക്തി വീണ്ടെടുക്കാന്‍ ശ്രമിക്കുമെന്ന ഒരു സൂചനപോലും ആ യോഗം നല്‍കുകയുണ്ടായില്ല. ഭരണമില്ലെങ്കില്‍പ്പിന്നെ പാര്‍ടി എന്തിന്? ആ ചോദ്യം സ്വയം ചോദിച്ചുകൊണ്ട് എല്ലാവരും ആലസ്യത്തിലേക്കും മരവിപ്പിലേക്കും ചെന്നു വീണിരിക്കുകയാണ്. ഭരണം പോകുമ്പോള്‍ ഉണ്ടാവുന്ന ഈ മരവിപ്പാണ് സത്യത്തില്‍ നരേന്ദ്രമോഡിയെയും ബിജെപിയെയും വളര്‍ത്തിയത്. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും വേണമെങ്കില്‍ കോണ്‍ഗ്രസിന് സംഘടനായന്ത്രം ശക്തമാക്കിയും അണികളില്‍ ആവേശം പകര്‍ന്നും നരേന്ദ്രമോഡിയെ ഗുജറാത്തില്‍ തോല്‍പ്പിക്കാമായിരുന്നു. എന്നാല്‍,അധികാരം നഷ്ടപ്പെട്ടതിന്റെ ആലസ്യത്തില്‍നിന്ന് ഗുജറാത്തില്‍ കോണ്‍ഗ്രസ് ഒരിക്കലും കരകയറിയില്ല എന്നതാണ് സത്യം. ഭരണം പോയതോടെ നേതാക്കള്‍ സംഘടനയെയും അണികളെയും ഉപേക്ഷിച്ചുപോയി. ആ അവസ്ഥ നരേന്ദ്രമോഡി ഉപയോഗപ്പെടുത്തി.

കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ മൗനവും നിഷ്ക്രിയത്വവും ഇന്ത്യന്‍ ജനാധിപത്യത്തിനു വലിയ ഒരു സന്ദേശം നല്‍കുന്നുണ്ട്. അത് വര്‍ഗീയാധിപത്യത്തെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് എന്തെങ്കിലും ചെയ്യും എന്നു പ്രതീക്ഷിക്കുന്നതില്‍ ഒരു കാര്യവുമില്ല എന്ന സന്ദേശമാണ്. കളിക്കാന്‍ കളമില്ല എന്ന നിലയ്ക്ക് പിന്‍വാങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് കോണ്‍ഗ്രസ് ബദലാവുന്നതേയില്ല. ബദലാവുന്നത് ഇതര ജനാധിപത്യ മതനിരപേക്ഷ കക്ഷികളും ഇടതുപക്ഷവുമാണ്. പ്രത്യാശ അവിടെ അര്‍പ്പിച്ചിട്ടേ കാര്യമുള്ളൂ. ജനവിധിയെത്തുടര്‍ന്ന് തളര്‍ന്നുകിടക്കുന്ന ഏക പാര്‍ടി കോണ്‍ഗ്രസാണ്. സമാജ്വാദി പാര്‍ടി അതിന്റെ യുപി ഘടകത്തെ പിരിച്ചുവിട്ടു. മുപ്പത് സഹമന്ത്രിമാരെ നീക്കംചെയ്തും തിരുത്തല്‍ നടപടിയാരംഭിച്ചു. ആര്‍ജെഡി ആജന്മ വൈരികളായി കഴിയുന്നവരോടുപോലും കൈകോര്‍ക്കാന്‍ തയ്യാറാവുന്നു. നിധീഷ്കുമാറും ലാലുപ്രസാദ് യാദവും ഒരുമിക്കുന്നു. ഇങ്ങനെ ഇതര പാര്‍ടികളെല്ലാം പ്രവര്‍ത്തനിരതരാവുമ്പോഴും നടുവൊടിഞ്ഞപോലെ കിടക്കുകയാണ് കോണ്‍ഗ്രസ്.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ കമല്‍നാഥോ എ കെ ആന്റണിയോ ദിഗ്വിജയ് സിങ്ങോ സി പി ജോഷിയോ പി ചിദംബരമോ അശോക് ഗെലോട്ടോ സുശീല്‍കുമാര്‍ ഷിന്‍ഡെയോ ഒന്നും വായ് തുറന്നിട്ടില്ല. ഈ മൗനത്തിന്റെ അര്‍ഥം വ്യക്തമാണ്. രാഹുലിനെക്കൊണ്ട് ഒരു കാര്യവുമില്ല എന്നിവര്‍ക്ക് ബോധ്യമുണ്ട്. എന്നാല്‍, രക്തത്തിലലിഞ്ഞുചേര്‍ന്ന വൈതാളികസ്വഭാവംകൊണ്ട് ഇവര്‍ക്കാര്‍ക്കും ഇതു തുറന്നുപറയാന്‍ ധൈര്യമില്ലാതാവുന്നു. താഴെനിരയിലുള്ള ചില നേതാക്കള്‍ വായ തുറന്നു തുടങ്ങിയിട്ടുണ്ട്. മിലിന്ദ് ദേവ്റയെയും പ്രിയാദത്തിനെയും പോലുള്ളവര്‍. ഇവര്‍ക്കുമറിയാം രാഹുല്‍ വിലപ്പോവുന്ന പ്രശ്നമില്ലെന്ന്. അതു പറയാതെ രാഹുലിന്റെ ഉപദേശകര്‍ ശരിയല്ല എന്നു പറഞ്ഞു നിര്‍ത്തി അവര്‍. ഉപദേശകര്‍ ശരിയല്ലെങ്കില്‍ അവരാല്‍ ഉപദേശിക്കപ്പെടുന്ന രാഹുല്‍ ശരിയാവാനിടയില്ലല്ലോ. ആ ചിന്ത പടര്‍ത്തിവിട്ടിട്ടുണ്ട് ഇവരുടെ അഭിപ്രായ പ്രകടനങ്ങള്‍. മോഡി തരംഗം അലയടിച്ചതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്ന് ജ്യോതിരാദിത്യസിന്ധ്യ പറയുമ്പോഴും ഉദ്ദേശ്യം വ്യക്തം. രാഹുല്‍ തങ്ങളെ രക്ഷിക്കില്ല എന്ന് കോണ്‍ഗ്രസ് ആകെ തിരിച്ചറിയുന്നുണ്ട്. എന്നാല്‍, വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍, സോണിയാ പ്രീതി തുടങ്ങിയ കാര്യങ്ങള്‍കൊണ്ട് ആരും തുറന്നുപറയാന്‍ ധൈര്യം കാട്ടുന്നില്ല. ഈ വൈതാളികത്വം കോണ്‍ഗ്രസിനെ കൂടുതല്‍ തകര്‍ച്ചയിലേക്കേ കൊണ്ടുപോവൂ.

മുമ്പൊരിക്കലും ഇതായിരുന്നില്ല സ്ഥിതി. 1977ല്‍ കോണ്‍ഗ്രസ് 154 സീറ്റുകളിലേക്ക് വീണുപോയി. ഇന്ദിരാഗാന്ധി ഏതാണ്ട് പിന്‍വലിയുന്ന നിലയിലായി. എന്നാല്‍, അന്നുപോലും ഇതര കോണ്‍ഗ്രസ് നേതാക്കള്‍ പ്രത്യാശ പകര്‍ന്നുകൊണ്ട് സംഘടനയെ ഉണര്‍ത്തിനിര്‍ത്താന്‍ ഇടപെട്ടു. കോണ്‍ഗ്രസ് 1998ല്‍ 141 സീറ്റുകളിലേക്കു വീണു. അന്നും കോണ്‍ഗ്രസ് വിട്ടുപോയിരുന്നവരെ, എന്‍ ഡി തിവാരി മുതല്‍ അര്‍ജുന്‍സിങ് വരെയുള്ളവരെ, മടക്കിക്കൊണ്ടുവന്ന് സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമമുണ്ടായി. എന്നാല്‍, ഇപ്പോള്‍ മരണവീട്ടിലെ നിശ്ശബ്ദതയിലായി കോണ്‍ഗ്രസ്. ഒരാള്‍ മരിച്ച വീട്ടില്‍ മറ്റുള്ളവര്‍ പാലിക്കുന്ന മൗനമല്ല, എല്ലാവരും മരിച്ച വീട്ടിലെ മൗനം.

പ്രതിപക്ഷ നേതാവുസ്ഥാനം ഏറ്റെടുക്കാന്‍പോലും ആളില്ല എന്നതാണു നില. രാഹുല്‍ഗാന്ധി ആ സ്ഥാനം ഏറ്റെടുക്കുന്നില്ലെങ്കില്‍ വീരപ്പമൊയ്ലി ഏറ്റെടുക്കട്ടെ എന്നതാണിപ്പോഴത്തെ അഭിപ്രായം. ഏതു നയങ്ങളാണോ കോണ്‍ഗ്രസിനെ ഈ തകര്‍ച്ചയിലേക്കു നയിച്ചത് അതേ നയത്തിന്റെ കാര്യക്കാരനായിരുന്നു മൊയ്ലി. റിലയന്‍സിന് കെജി ബേസില്‍ തുക ഇരട്ടിയാക്കി കൊടുത്തത് അന്നത്തെ ഈ മന്ത്രിയാണ്. ആ നയത്തിന്റെ വക്താവിനെത്തന്നെ വീണ്ടും നേതാവാക്കാന്‍ ആലോചിക്കുകയാണ് കോണ്‍ഗ്രസ്.

കോണ്‍ഗ്രസില്‍ ഇനി ആരും പ്രതീക്ഷയര്‍പ്പിച്ചിട്ടു കാര്യമില്ല. അതിനു മിനക്കെടാതെ ജനാധിപത്യ മതനിരപേക്ഷ ഇടതുപക്ഷബദല്‍ രാഷ്ട്രീയശക്തി വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ആ ബദലിനേ ഇനി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വര്‍ഗീയതയുടെ സമഗ്രാധിപത്യത്തെ നേരിടാന്‍ കഴിയൂ.
*
deshabhimani editorial

Friday, May 23, 2014

അക്കമോ, അക്ഷരമോ?

എഴുത്തില്‍ സംഖ്യകള്‍, നമ്പറുകള്‍, ഉപയോഗിക്കേണ്ട ആവശ്യം വരുമ്പോള്‍ അക്കത്തെ ആശ്രയിക്കണോ അതോ അക്ഷരത്തെത്തന്നെ ക്ഷണിക്കണോ എന്ന കാര്യത്തില്‍ ഒഎഴുത്തില്‍ സംഖ്യകള്‍, നമ്പറുകള്‍, ഉപയോഗിക്കേണ്ട ആവശ്യം വരുമ്പോള്‍ അക്കത്തെ ആശ്രയിക്കണോ അതോ അക്ഷരത്തെത്തന്നെ ക്ഷണിക്കണോ എന്ന കാര്യത്തില്‍ ഒരു തീര്‍ച്ചയില്ലായ്മ മിക്കവര്‍ക്കുമുണ്ട്.

I have 2 brothers and 1 sister എന്ന് എഴുതാന്‍പാടുണ്ടോ? അതോ I have two brothers and one sister എന്നുവേണമോ എഴുതാന്‍? ഈവക സംശയങ്ങളാണ് പലര്‍ക്കും. ഇക്കാര്യങ്ങളില്‍ വ്യാകരണം നിരോധനാജ്ഞകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍, ചിലguide-lines/ മാര്‍ഗരേഖകള്‍, ചില വഴക്കങ്ങള്‍, ചില പതിവുകള്‍ നിലവിലുണ്ടുതാനും. മുന്‍ചൊന്ന വാക്യങ്ങളില്‍Five, two, oneഎന്നീ ലെറ്റര്‍ രൂപങ്ങളാണ് കാമ്യം. ഒന്നാം ലോകയുദ്ധം 1914ല്‍ പൊട്ടിപ്പുറപ്പെട്ടു.The First World War broke out in 1914. ഇക്കാര്യത്തില്‍ figure അഥവാ അക്കംതന്നെയാണ് ഉചിതം.

It was fifteen years ago. (ഇവിടെ അക്കമല്ല, അക്ഷരമാണ് യോജിക്കുക). സാങ്കേതികമായ എഴുത്തില്‍ (technical writingല്‍), റിപ്പോര്‍ട്ടുകളില്‍ വാര്‍ത്തകളില്‍, വ്യാപാരസംബന്ധമായ കത്തിടപാടുകളില്‍, figure(അക്കം) ആണ് താരം. വ്യക്തതയ്ക്കുവേണ്ടി ആദ്യം അക്കവും പിന്നെ ബ്രാക്കറ്റില്‍ അക്ഷരവും ഉപയോഗിക്കുന്ന പതിവുണ്ട്. ബാങ്ക് ചെക്കുകളില്‍, മണിഓര്‍ഡറുകളില്‍, രേഖകളില്‍ ഇതാണ് രീതി. സര്‍ഗരചനകളില്‍ അക്കം പലപ്പോഴും അരോചകമാണ്. He was 8 years old when he lost his mother (അമ്മ മരിക്കുമ്പോള്‍ അവന് 8 വയസ്സായിരുന്നു). ഇതാണ് ഒരു കഥയിലെ (ചെറുകഥയാവാം, ജീവിതാഖ്യാനമാവാം) വാചകമെന്നിരിക്കട്ടെ. 8ന് ഒരംഭംഗിയുണ്ടെന്ന് നമുക്കുതോന്നും. അവിടെ eight തന്നെയാണ് വരേണ്ടത്.

എഴുത്തില്‍ ഔചിത്യബോധം എന്നൊന്നുണ്ട്. അത് വളരെ പ്രധാനവുമാണ്. അക്കം വേണോ അക്ഷരം വേണോ എന്നു തീരുമാനിക്കാന്‍ മറ്റെന്തിനെക്കാളും നിങ്ങളെ സഹായിക്കുക ഈ ഔചിത്യബോധമാണ്. Sense of the appropriate.
This book tells you a lot about the turbulent 80's (ക്ഷബ്ധമായ എണ്‍പതുകളെക്കുറിച്ച് ഈ പുസ്തകം ഒരുപാടു പറയുന്നുണ്ട്). ഇവിടെ 80"െ എന്നfugureല്‍ പറയുന്നതില്‍ ഒരു അപാകതയുമില്ല.Eighties എന്ന് അക്ഷരത്തിലും പറയാം. അതും അവതാളമല്ല. ഏതാണ്ട് കൂടുതല്‍ നല്ലതെന്നു നിശ്ചയിക്കേണ്ടത് നിങ്ങള്‍തന്നെയാണ്. ജന-മരണ വര്‍ഷങ്ങള്‍ (തീയതി, മാസം) ഇത്യാദിയൊക്കെ figureല്‍ത്തന്നെയാണ് വേണ്ടത്. അക്കത്തില്‍ പറഞ്ഞതിന്റെ സ്ഥിരീകരണമെന്ന നിലയില്‍ അക്ഷരത്തിലും പറയുന്നത് ഔദ്യോഗിക രേഖകളിലും ആധാരങ്ങളിലും ചെക്കുകളിലും ഒക്കെയാണ്. സാധാരണ എഴുത്തില്‍ അത് വളരെ കൃത്രിമമായി അനുഭവപ്പെടും. സമയം സൂചിപ്പിക്കുമ്പോള്‍ അക്ക/അക്ഷര പ്രശ്നം ഉദിക്കുന്നുണ്ട്. അതിനു പൊതുവായ ചില ചിട്ടകളൊക്കെയുണ്ട് എന്ന് ധരിക്കുക. The train leaves at 14 hrs sharp.. (കൃത്യം ഉച്ചയ്ക്ക് രണ്ടിന് ട്രെയിന്‍ സ്റ്റേഷന്‍ വിടും). ഇവിടെ 14 തന്നെയാണ് നല്ലത്. Fourteen  ഒഴിവാക്കണം.

Breakfast is served at 7.30(പ്രാതല്‍ 7.30ന് വിളമ്പും). കുറച്ചുകൂടി formalആയിthe breakfast is served at half past seven എന്നു പറയുന്ന രീതിയുണ്ട്. അതുകൊള്ളാം. എന്നാല്‍, halfpast 7എന്ന് എഴുതരുത്. മറ്റൊരു രൂപമുള്ളത്    This 30 mts എന്നാണ്. അതും ആവാം.
എം ടി എണ്‍പതിന്റെ നറവില്‍ (M T in the fulness of eighty)എന്നതുതന്നെയാണ് ഭംഗി.in the fulness of 80 അല്ല. ഇതാണ് നേരത്തെ പറഞ്ഞത്. ഗ്രാമര്‍ എന്തുപറയുന്നു എന്നതല്ല കാര്യം. നിങ്ങളുടെ ഔചിത്യവും ഭാഷാബോധവും എന്തുപറയുന്നു എന്നതാണ്.Fewer, more, less   എന്നിവയൊക്കെ വലിയ കുഴപ്പക്കാരാണ്. അവരെ കൈകാര്യംചെയ്യുന്നത് വളരെ ശ്രദ്ധിച്ചുവേണം. ചവിട്ടും കുത്തുമൊക്കെയുള്ള വകയാണ്.Less guests came to the reception ceremony than the hosts expected.    (ആതിഥേയര്‍ പ്രതീക്ഷിച്ചതിലും കുറവ് അതിഥികള്‍ മാത്രമേ സ്വീകരണച്ചടങ്ങിനെത്തിയുള്ളു). ഇവിടെ  less ന്റെ ഉപയോഗം വ്യാകരണദൃഷ്ട്യാ തെറ്റാണ്. Fewer guests എന്നാണ് വേണ്ടത്.

ഷേക്സ്പിയറെപ്പറ്റി അദ്ദേഹത്തിന്റെ സഹജീവിയും മഹാപണ്ഡിതനുമായിരുന്ന Ben Jonsonതെല്ലൊരു പുച്ഛത്തോടെ ഇങ്ങനെ പറഞ്ഞു: He knew little Latin and less Greek (അയാള്‍ക്ക് ലത്തീന്‍ കഷ്ടിയായിരുന്നു. അതിലും കഷ്ടിയായിരുന്നു അതിയാന്റെ ഗ്രിക്). ഇവിടെ less ന്റെ കിറുകൃത്യമായ പ്രയോഗം ശ്രദ്ധിക്കുക. ബഹുവചനാമങ്ങളുടെ-Plural nouns ന്റെ കൂടെ fewer ഉപയോഗിക്കണമെന്നാണ് വയ്യാകരണന്മാരുടെ കല്‍പ്പന. less ഉപയോഗിക്കേണ്ടത്uncountable singularനാമപദങ്ങളുടെ കൂടെയാണെന്ന് വിധിച്ചിട്ടുണ്ട്. My knowledge in computer science is less than that of my school - going son. (കംപ്യൂട്ടര്‍ സയന്‍സില്‍ സ്കൂളില്‍ പഠിക്കുന്ന എന്റെ മകനോളം അറിവ് എനിക്കില്ല). എന്നിരിക്കിലും പലരും ഗ്രാമറിനെ കൂസാതെ ഹless plural നാമങ്ങളുടെ മുന്നില്‍ ഉപയോഗിക്കുന്നതു കാണാറുണ്ട്. We saw less people on the town square. . (നഗരചത്വരത്തില്‍ ഞങ്ങള്‍ കുറച്ചാളുകളെ മാത്രമേ കണ്ടുള്ളു). ഇത് ഗ്രാമറിന്റെ കണ്ണില്‍ തെറ്റാണ്. We saw fewer people എന്നാണ് ശരി. sukukumudam@gmail.com.

*
വി സുകുമാരന്‍

തകര്‍ക്കരുത് ക്ഷേമനിധിബോര്‍ഡിനെ

ജനജീവിതം ദുസ്സഹമായ അവസ്ഥയിലേക്ക് കേരളത്തെ തള്ളിയിട്ടതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഒഴിയാന്‍ സാധിക്കില്ല. സാധാരണക്കാരുടെ ജീവിതങ്ങളെ തകര്‍ത്തെറിഞ്ഞ മുഖ്യമന്ത്രി എന്നാവും ഉമ്മന്‍ചാണ്ടിയെ ചരിത്രം രേഖപ്പെടുത്തുക. കേരളത്തില്‍ ജീവിക്കണമെങ്കില്‍ അതിസമ്പന്നനാകണം എന്നുള്ള നിലയില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. അടുത്ത പതിറ്റാണ്ടില്‍ ജനിക്കുന്ന മലയാളിക്കുഞ്ഞുങ്ങള്‍പോലും കടക്കാരായി മാറുന്ന വിധത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പ്. സാമ്പത്തികവര്‍ഷത്തിന്റെ തുടക്കത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കടമെടുത്തത് 1000 കോടി രൂപയാണ്. അതിന്റെ കടപത്രമിറക്കിയതോ 9.62 ശതമാനം പലിശയിലും. ഇപ്പോള്‍ വീണ്ടുമൊരു 1000 കോടി രൂപകൂടി കടമെടുക്കാനായി പോകുന്നു. പക്ഷേ, ഈ പണം എവിടെയാണ് ചെലവഴിക്കപ്പെടുന്നത് എന്ന ചോദ്യത്തിനു മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് സര്‍ക്കാരിന് ഉത്തരമില്ല. നാടിനെ കടക്കെണിയില്‍ ആഴ്ത്തുന്ന വിധത്തില്‍ കടമെടുക്കുമ്പോഴും ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട ക്ഷേമ പെന്‍ഷനുകള്‍പോലും ലഭിക്കുന്നില്ല എന്നതാണ് വസ്തുത.

നികുതികള്‍ പിരിച്ചെടുക്കുന്നതിലുള്ള അനാസ്ഥയും കേന്ദ്രത്തില്‍നിന്ന് ന്യായമായ വിഹിതങ്ങള്‍ വാങ്ങിയെടുക്കാന്‍ സാധിക്കാത്തതും അധിക വിഭവ സമാഹരണം ഇല്ലാതിരുന്നതും ഭരണധൂര്‍ത്തും അഴിമതിയും ചേര്‍ന്നുണ്ടായതാണ് ഈ പ്രതിസന്ധി. ഇതിന് ജനങ്ങള്‍ ഉത്തരവാദികളല്ല. എങ്ങനെയാണ് എല്‍ഡിഎഫ് അധികാരത്തില്‍ ഇരുന്നതിനേക്കാള്‍ മൂന്നിരട്ടി റവന്യൂകമ്മി വര്‍ധിച്ചത്? ഇത്തരം പ്രതിസന്ധി മറികടക്കാന്‍ ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. അവര്‍ക്കതിനൊന്നും സാധിക്കുന്നില്ല. കര്‍ഷകത്തൊഴിലാളികളുടെയും ആദിവാസി- ദളിത് വിഭാഗമടങ്ങുന്ന ദുര്‍ബല ജനവിഭാഗങ്ങളുടെയും പിച്ചച്ചട്ടിയില്‍നിന്ന് കൈയിട്ടുവാരുകയാണ് ഈ സര്‍ക്കാര്‍. അത് അനുവദിച്ചുകൊടുക്കാന്‍ കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന് സാധിക്കില്ല.

കര്‍ഷകത്തൊഴിലാളി പെന്‍ഷനും ക്ഷേമനിധിയുമൊക്കെ കര്‍ഷകത്തൊഴിലാളികളുടെ അവകാശമാണ്. ആരുടെയും ഔദാര്യമല്ല. എന്നാലിന്ന് കര്‍ഷകത്തൊഴിലാളികളുടെ അവകാശങ്ങളെ കണ്ടില്ലെന്നു നടിച്ച് തീര്‍ത്തും പ്രകോപനപരമായ രീതിയിലാണ് യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കര്‍ഷകത്തൊഴിലാളി പെന്‍ഷനും ക്ഷേമനിധിയുമൊക്കെ തകിടംമറിച്ചു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍മുതല്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് നേരെ പകയോടുകൂടിയാണ് സമീപിക്കുന്നത്. തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ എന്ന കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ ക്ഷേമനിധിബോര്‍ഡാക്കി മാറ്റി. ക്ഷേമനിധി ആനുകൂല്യങ്ങള്‍ ബാങ്ക് വഴിയേ വിതരണം ചെയ്യൂ എന്ന് ശഠിച്ചു. അക്കൗണ്ടെടുക്കാനെത്തുന്ന കര്‍ഷകത്തൊഴിലാളിയുടെ പോക്കറ്റടിക്കുന്നതിന് തൊഴില്‍മന്ത്രി കൂട്ടുനിന്നു.

ആധാര്‍കാര്‍ഡിന്റെ പേരു പറഞ്ഞ് ക്ഷേമനിധി പെന്‍ഷന്‍ കുടിശ്ശിക കൊടുത്തില്ല. സുപ്രീംകോടതി ഇടപെട്ടതോടെ ആധാര്‍കാര്‍ഡ് ആവശ്യമില്ലെന്നു പറയാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായി. എന്നിട്ടും സംസ്ഥാനസര്‍ക്കാരും തൊഴില്‍വകുപ്പും ആധാര്‍കാര്‍ഡിന്റെ കാര്യത്തില്‍ പിന്നോക്കം പോകാന്‍ തയ്യാറാകുന്നില്ല. ആധാറിന്റെ പേരു പറഞ്ഞ് ആനുകൂല്യങ്ങള്‍ നിഷേധിക്കാനുള്ള കുടിലബുദ്ധിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രയോഗിക്കുന്നത്. ആധാര്‍, ക്ഷേമനിധി വിതരണത്തിനായി ബാങ്ക് അക്കൗണ്ട് തുടങ്ങിയുള്ള പരിഷ്കാരങ്ങള്‍കൊണ്ട് കര്‍ഷകത്തൊഴിലാളിക്ക് ഒരു നേട്ടവുമില്ല. എന്നാല്‍, ഇവിടെ നിലവിലുള്ള സംവിധാനത്തെയും അത് നിര്‍വഹിച്ചിരുന്ന കടമകളെയും പൊളിച്ചടുക്കാനാണ് ഷിബു ബേബിജോണിന്റെ നേതൃത്വത്തില്‍ തൊഴില്‍വകുപ്പ് പരിശ്രമിക്കുന്നത്. കുത്തക കമ്പനികളില്‍നിന്നും ന്യൂജനറേഷന്‍ ധനസ്ഥാപനങ്ങളില്‍നിന്നും ഭരണവിലാസക്കാര്‍ക്ക് കമീഷന്‍ വാങ്ങുന്നതിനുവേണ്ടി നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ കോര്‍പറേറ്റ് താല്‍പ്പര്യങ്ങളില്‍നിന്നുണ്ടാകുന്നതാണ്. കര്‍ഷകത്തൊഴിലാളികളുടെ കഞ്ഞിയില്‍ പാറ്റയിടാന്‍ ശ്രമിക്കുന്ന പരിപാടികളുമായാണ് തൊഴില്‍മന്ത്രി ഷിബു ബേബിജോണും യുഡിഎഫ് സര്‍ക്കാരും മുന്നോട്ടുപോകുന്നത്. തകര്‍ന്നുകൊണ്ടിരിക്കുന്ന അക്ഷയകേന്ദ്രങ്ങള്‍വഴി കര്‍ഷകത്തൊഴിലാളി ക്ഷേമനിധി രജിസ്ട്രേഷന്‍ നടപ്പാക്കുന്നത് സകലതും നശിക്കണം എന്നുള്ള മനോഭാവം സംസ്ഥാന സര്‍ക്കാരിനുള്ളതുകൊണ്ടാണ്. ക്ഷേമനിധിബോര്‍ഡിലെ അംഗത്വം സംബന്ധിച്ച വിവരങ്ങള്‍ പുതിയ സംവിധാനത്തിലേക്ക് മാറ്റാനെന്ന പേരിലാണ് അക്ഷയകേന്ദ്രംവഴിയുള്ള രജിസ്ട്രേഷന്‍. അവിടെ ഫീസായി ഈടാക്കുന്നത് 40 രൂപ. ഇതില്‍ 15 രൂപ അക്ഷയകേന്ദ്രത്തിനും 25 രൂപ സര്‍ക്കാരിനുമാണ്. തകരാന്‍ പോകുന്ന അക്ഷയകേന്ദ്രത്തെ ജീവിപ്പിക്കാന്‍ പാവപ്പെട്ട കര്‍ഷകത്തൊഴിലാളിയില്‍നിന്ന് ഊറ്റിയെടുക്കുന്ന ഹൃദയരാഹിത്യം തൊഴില്‍മന്ത്രി പുലര്‍ത്തുമ്പോള്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് നഷ്ടപ്പെടുന്നത് പ്രതീക്ഷയാണ്.

കര്‍ഷകത്തൊഴിലാളി ക്ഷേമനിധിബോര്‍ഡിനെ തകര്‍ക്കാനായി അധികാരത്തില്‍ വരുന്ന സമയത്തെല്ലാം പരിശ്രമിച്ചവരാണ് യുഡിഎഫുകാര്‍. തൊഴില്‍മന്ത്രിയും യുഡിഎഫ് സര്‍ക്കാരും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനെ മാതൃകയാക്കുകയാണുവേണ്ടത്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആദ്യമെടുത്ത തീരുമാനം അതിനുമുമ്പ് കേരളം ഭരിച്ച യുഡിഎഫ് സര്‍ക്കാര്‍ കര്‍ഷകത്തൊഴിലാളി പെന്‍ഷനില്‍ വരുത്തിയ 27 മാസത്തെ കുടിശ്ശിക തീര്‍ത്ത് നല്‍കാനായിരുന്നു. ഇടതുസര്‍ക്കാര്‍ ഓണനാളില്‍ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ അഡ്വാന്‍സായി നല്‍കി. പാവപ്പെട്ടവരുടെ ദൈന്യത മനസ്സിലാക്കി എല്‍ഡിഎഫ്് സര്‍ക്കാര്‍ ക്ഷേമനിധിബോര്‍ഡിന്റെ അതിവര്‍ഷാനുകൂല്യം വിതരണം ചെയ്യാന്‍ 114.9കോടി രൂപ അനുവദിച്ചു. ഇതെല്ലാം മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും ഷിബു ബേബിജോണ്‍ തയ്യാറാകണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ധനമന്ത്രിയുടെയും ശ്രദ്ധയിലേക്ക് ഈ കാര്യങ്ങളൊക്കെ എത്തിക്കാനുള്ള ബാധ്യത തൊഴില്‍മന്ത്രിക്കാണുള്ളത്.

കോടികള്‍ ചെലവിട്ട് നടത്തുന്ന വിദേശയാത്രകള്‍മാത്രമായിപ്പോവുകയാണ് ഷിബുബേബിജോണ്‍ എന്ന മന്ത്രിയുടെ പ്രവര്‍ത്തനം. തൊഴില്‍മന്ത്രിയുടെ വിമാനയാത്രാക്കൂലി കര്‍ഷകത്തൊഴിലാളികളുടെ ക്ഷേമത്തിനായി വകമാറ്റിയാല്‍ അത് വലിയൊരാശ്വാസമായി മാറും. പാവപ്പെട്ട ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനായി കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വര്‍ധിപ്പിച്ചു എന്നൊക്കെ പത്രസമ്മേളനങ്ങളില്‍ പറയുന്നതല്ലാതെ ആ തുക കാര്യക്ഷമമായി തൊഴിലാളികള്‍ക്ക് ലഭിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ ഒന്നുംചെയ്തിട്ടില്ല.

മന്ത്രി ഷിബു ബേബിജോണ്‍ പറയുന്നത് കര്‍ഷകത്തൊഴിലാളി ക്ഷേമനിധിപോലുള്ള എല്ലാ ബോര്‍ഡുകളും കൂട്ടിയോജിപ്പിക്കണം എന്നാണ്. ഒരൊറ്റ ബോര്‍ഡുമതി എന്ന യുഡിഎഫിന്റെ കണക്കുകൂട്ടല്‍ എല്ലാ ക്ഷേമപദ്ധതികളും ഇല്ലാതാക്കണം എന്ന കോര്‍പറേറ്റ് മനോഭാവത്തില്‍നിന്ന് ഉണ്ടാകുന്നതാണ്. ഇത് ഒരിക്കലും കേരളത്തില്‍ നടപ്പാക്കാന്‍ സാധിക്കില്ല. ക്ഷേമപദ്ധതികളെ തകര്‍ത്തെറിഞ്ഞ് കുത്തകകള്‍ക്ക് സന്തോഷം പകരാമെന്ന വ്യാമോഹം നടക്കില്ല.

കര്‍ഷകത്തൊഴിലാളികളെ യുഡിഎഫ് സര്‍ക്കാരും അതിന് നേതൃത്വം കൊടുക്കുന്ന പാര്‍ടികളും കാണുന്ന രീതിതന്നെ മാറണം. കര്‍ഷകത്തൊഴിലാളികള്‍ക്ക് ജീവിതസാഹചര്യത്തില്‍ മാറ്റംവരുത്താനുതകുന്ന പരിഷ്കരണപരിപാടികളിലൂടെ അവര്‍ നേടിയ ഇടത്തില്‍ സാമൂഹ്യ അംഗീകാരത്തോടെ നിലനിര്‍ത്താന്‍ സാധിക്കണം. ആ തലത്തിലേക്ക് സമൂഹത്തിന്റെ ബോധത്തിലും മനോഭാവത്തിലും മാറ്റം വരുത്തുകയാണ് വേണ്ടത്. ആ ബോധ്യം ആദ്യമുണ്ടാകേണ്ടത് വലതുപക്ഷത്തിന് നേതൃത്വം കൊടുക്കുന്ന പാര്‍ടികള്‍ക്കാണ്. അത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ചൊന്നും ആലോചിക്കാതെ നിലവിലുള്ള കര്‍ഷകത്തൊഴിലാളികളെക്കൂടി ഇല്ലാതാക്കാനുള്ള പരിശ്രമമാണ് തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. കോര്‍പറേറ്റ് ദാസ്യവേല മാറ്റിവച്ച് മണ്ണും മനുഷ്യനും നിലനില്‍ക്കണം എന്ന ആശയത്തെ പ്രകാശിപ്പിക്കുന്നതിനുള്ള പരിപാടി നടപ്പാക്കാന്‍, ഇടപെടലുകള്‍ നടത്താന്‍ യുഡിഎഫ് സര്‍ക്കാരും തൊഴില്‍മന്ത്രിയും തയ്യാറാകണം.

*
എം വി ഗോവിന്ദന്‍

Thursday, May 22, 2014

ഭാഷയുടെ പരിവേഷ നഷ്ടം

ഫ്രഞ്ച് മഹാകവി ബോദ്ലെയര്‍ മുന്നോട്ടുവച്ച പരികല്‍പ്പനയാണ് "പരിവേഷ നഷ്ടം" എന്നത്. ആ ശീര്‍ഷകത്തില്‍ ഒരു കവിതതന്നെ എഴുതിയിട്ടുണ്ട് ബോദ്ലെയര്‍. ഭാഷ അതിന്റെ അതുവരെയുള്ള ആലങ്കാരികമായ പരിവേഷങ്ങളെല്ലാം അഴിച്ചുവച്ച് പച്ചയായ മനുഷ്യന്റെ സാധാരണ ഭാഷ സംസാരിക്കേണ്ടതിന്റെ ആവശ്യകതയെയാണ് ബോദ്ലെയര്‍ "പരിവേഷ നഷ്ടം" എന്ന സങ്കല്‍പ്പംകൊണ്ട് സൂചിപ്പിച്ചത്. ആ സങ്കല്‍പ്പത്തിന്റെ നിഴലിലാണ് പൂനിലാവിനെക്കുറിച്ച് അതുവരെ പാടിക്കൊണ്ടിരുന്ന കവിത പൊടുന്നനെ തെരുവിലെ മനുഷ്യരക്തത്തെക്കുറിച്ച് പാടിത്തുടങ്ങിയത്; സ്വപ്നങ്ങളില്‍നിന്ന് യാഥാര്‍ഥ്യങ്ങളിലേക്കിറങ്ങിവന്നു തുടങ്ങിയത്. ഇങ്ങനെ സാഹിത്യം ജനകീയമാകുന്നതില്‍ അക്കാലത്തെ യാഥാസ്ഥിതിക വരേണ്യപക്ഷത്തിന് വല്ലാത്ത അസ്വസ്ഥതയുണ്ടായിരുന്നു. ചോരയെക്കുറിച്ചും നിലവിളിയെക്കുറിച്ചും ആക്രോശത്തെക്കുറിച്ചും കവിതയില്‍ എഴുതുകയോ? പൂനിലാവിനെക്കുറിച്ചും പൂങ്കാറ്റിനെക്കുറിച്ചും കുളിരരുവിയെക്കുറിച്ചും മാത്രമല്ലേ കവിതയില്‍ എഴുതാവൂ. ഇതായിരുന്നു യാഥാസ്ഥിതികപക്ഷത്തിന്റെ നിലപാട്. എന്നാല്‍, അവരെ അമ്പരപ്പിച്ചുകൊണ്ടുതന്നെ കവിത പച്ചയായ മനുഷ്യനെക്കുറിച്ചും അവന്റെ പച്ചയായ ജീവിതത്തെക്കുറിച്ചും പറഞ്ഞുതുടങ്ങി. തെരുവിലെ ചുടുചോര കാണാതെ താമരപ്പൊയ്കയെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കരുത് എന്ന ഒരു പുതുബോധം അങ്ങനെ സാഹിത്യത്തില്‍ വന്നു.

ഇത് ഇപ്പോള്‍ പറയാന്‍ കാരണം തെരഞ്ഞെടുപ്പു പ്രചാരണഘട്ടത്തില്‍ ഉപയോഗിക്കപ്പെട്ട ഒരു വാക്ക് മുന്‍നിര്‍ത്തി കേരളത്തിലെ ചില മാധ്യമങ്ങള്‍ തുടര്‍ച്ചയായി ഭാഷാചര്‍ച്ച സംഘടിപ്പിക്കുന്നു എന്നതാണ്. രാഷ്ട്രീയ നേതാക്കള്‍ ഏതു ഭാഷയിലാകണം സംസാരിക്കേണ്ടത് എന്ന് ചില മാധ്യമങ്ങള്‍ കല്‍പ്പിച്ചുതുടങ്ങിയിരിക്കുന്നു. സാധാരണക്കാരില്‍നിന്നുയര്‍ന്നുവരുന്ന രാഷ്ട്രീയ നേതാക്കള്‍ സാധാരണക്കാരുടെ ഭാഷ സംസാരിക്കുമ്പോള്‍ ചില അഭിജാത- വരേണ്യ മാധ്യമങ്ങള്‍ക്ക് വല്ലാത്ത വിഷമം. അവരുടെ അഭിപ്രായത്തില്‍ അഭിജാതമായ ഭാഷയിലേ രാഷ്ട്രീയക്കാര്‍ സംസാരിക്കാവൂ. ചതിയും വഞ്ചനയും നെറികേടും മുമ്പില്‍ കാണുമ്പോള്‍ സത്യസന്ധതയുള്ള രാഷ്ട്രീയനേതാക്കള്‍ അത് തുറന്നുകാട്ടാന്‍ പറ്റുന്ന നാടന്‍ വാക്കുകള്‍ ഉപയോഗിക്കും. അതല്ലാതെ അലക്കിത്തേച്ചു മിനുക്കി വെടിപ്പാക്കിയ ഭാഷ ഉപയോഗിക്കാനുള്ള കാപട്യംകാട്ടില്ല. മിനുപ്പും വെടിപ്പും ഒക്കെ പ്രവൃത്തിയിലാണ് വേണ്ടത്. പ്രവൃത്തിയിലില്ലാത്ത മിനുപ്പും വെടിപ്പും അതേക്കുറിച്ച് പറയുന്ന വാക്കുകളില്‍ ഉണ്ടാകണമെന്നു ശഠിക്കരുത്. ശ്ലാഘനീയം എന്നത് പറയാന്‍കൊള്ളാവുന്ന ഒരു നല്ല വാക്കാണ്. എന്നാല്‍ പ്രവൃത്തി ശ്ലാഘനീയമല്ലെങ്കിലോ? അപ്പോള്‍ പ്രവൃത്തിക്കു നിരക്കുന്ന വാക്കു വേണ്ടിവരും. അങ്ങനെ നോക്കിയാല്‍ പ്രവൃത്തിയാണ് വാക്കിനെ നിര്‍ണയിക്കുക.

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ഒപ്പം വര്‍ഷങ്ങളായി നിലകൊള്ളുകയും ആ രാഷ്ട്രീയത്തിന്റെ ഭാഗമായി പലവട്ടം എംപിയും എംഎല്‍എയും മന്ത്രിയും ഒക്കെയാവുകയുംചെയ്ത ഒരാള്‍ ലോക്സഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് കിട്ടിയില്ല എന്നു പറഞ്ഞ് അതുവരെ കൈക്കൊണ്ട നിലപാടുകളെല്ലാം ഉപേക്ഷിക്കുന്നതാണ് കേരളം ഒരു പുലര്‍ച്ചയില്‍ കണ്ടത്. ആര്‍ക്കെതിരെയാണോ തലേന്നുവരെ അതിശക്തമായ ഭാഷയില്‍ ആഞ്ഞടിച്ചുകൊണ്ടിരുന്നത് കാലുമാറി അവര്‍ക്കൊപ്പം ചെന്നുനില്‍ക്കുക. ഏതു രാഷ്ട്രീയത്തെയാണോ ജീര്‍ണവും മലീമസവുമെന്ന് തലേരാത്രിവരെ എല്ലാ ചാനലുകളിലും പോയി മാറിമാറി വിശേഷിപ്പിച്ചുകൊണ്ടിരുന്നത് പിറ്റേന്ന്, അതേ രാഷ്ട്രീയത്തിന്റെ ജീര്‍ണതയില്‍ പോയി മുങ്ങുക; ഏത് ഭരണസംവിധാനത്തെയാണോ അഴിമതിയുടെ കെട്ടുകാഴ്ച എന്ന് തലേന്നുവരെ വിവരിച്ചത്, അതേ കെട്ടുകാഴ്ചയ്ക്ക് സ്വയം അലങ്കാരമായി മാറുക. ഇതൊക്കെയാണ് ഒരു രാത്രി വെളുക്കുന്നതിനിടയില്‍ കേരളം കണ്ടത്.

ഇതിന്റെ അര്‍ഥം എന്താണ്? തന്നെ എംപിയാക്കുന്നത് ഏതു രാഷ്ട്രീയമാണോ ആ രാഷ്ട്രീയം സ്വീകാര്യം എന്നതല്ലേ. രാഷ്ട്രീയത്തെ ഇതില്‍പ്പരം അപകീര്‍ത്തിപ്പെടുത്താനുണ്ടോ? ഇദ്ദേഹത്തെ എംപിയാക്കുക എന്നതാണോ ജനാധിപത്യത്തിന്റെ ധര്‍മം? സ്ഥാനം തരുന്നത് ആരോ, അവരുടെ കൂടെ എന്ന ഈ നിലാപടില്‍ എന്ത് ആദര്‍ശമാണുള്ളത്; അവസരവാദമല്ലാതെ. ഇത്രമേല്‍ അവസരവാദപരമായ ഒരു നിലപാടെടുത്ത് ഒപ്പംനിന്നവരെയൊക്കെ തള്ളിപ്പറഞ്ഞ്, അതുവരെ ശത്രുക്കളായിരുന്നവരുടെ കൂടാരത്തില്‍ ഒറ്റരാത്രികൊണ്ട് ചെന്നുകയറിയ ഒരാളെ തേച്ചുമിനുക്കി വെടിപ്പാക്കിയ വാക്കുകൊണ്ടുവേണോ വിമര്‍ശിക്കാന്‍? വിമര്‍ശനത്തിനുപയോഗിച്ച വാക്കില്‍ "അഭിജാത ഗൗരവം" കാണാത്ത വരേണ്യപക്ഷം വിമര്‍ശനവിധേയമായ ആ അവസരവാദത്തെയോ അതിലെ നെറികേടിനെയോ കാണാന്‍ കൂട്ടാക്കുന്നില്ല. അതാണ് വരേണ്യപക്ഷത്തിന്റെ രാഷ്ട്രീയം. നെറികേടു കാട്ടിയതില്‍ കുഴപ്പമില്ല, ആ നെറികേടിനെ വിമര്‍ശിക്കുമ്പോള്‍ ഉപയോഗിച്ച ഭാഷ "ആഭിജാത്യ"മില്ലാത്തതായതിലാണ് കുഴപ്പം.

സാധാരണ മനുഷ്യര്‍ക്കിടയില്‍നിന്ന് അവരില്‍പ്പെട്ടവരായിത്തന്നെ ഉയര്‍ന്ന് നേതൃത്വത്തിലേക്കെത്തിയവരാണ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതാക്കള്‍. അവര്‍ നാടിന്റെ ഭാഷയിലേ സംസാരിക്കൂ. നാട്ടുകാരുടെ ഭാഷയിലേ സംസാരിക്കൂ. അത് അവരുടെ ശുദ്ധതയാണ്; നന്മയാണ്. ആ ശുദ്ധതയും നന്മയും കാണാന്‍ വരേണ്യപക്ഷത്തെ പുത്തന്‍ തമ്പ്രാക്കള്‍ക്ക് കഴിഞ്ഞുകൊള്ളണമെന്നില്ല. കാപട്യത്തിന്റെ ഭാഷയേ അവര്‍ക്ക് സ്വീകാര്യമാവൂ. തിന്മയെ തിന്മയായും നെറികേടിനെ നെടികേടായും അല്‍പ്പത്വത്തെ അല്‍പ്പത്വവുമായേ കാണാന്‍ പറ്റൂ. അങ്ങനെ കാണുമ്പോള്‍ അവയെ വിശേഷിപ്പിക്കാന്‍ നാട്ടില്‍ പ്രയോഗത്തിലുള്ള വാക്കുകളേ ഉപയോഗിക്കാന്‍ പറ്റൂ. പ്രവൃത്തിയിലില്ലാത്ത വൃത്തിയും ശുദ്ധിയും അതേക്കുറിച്ചുള്ള വിമര്‍ശനത്തിലുണ്ടാകണമെന്നു പറയുന്നതു കാപട്യമാണ്. "അഭിജാത" വിഭാഗത്തിന്റെ സ്വീകാര്യതയ്ക്കുവേണ്ടി മനസ്സില്‍ സ്വാഭാവികമായി വരുന്ന നാടന്‍ തനിമയാര്‍ന്ന വാക്കുകളെ സംസ്കൃതംകൊണ്ട് പുതപ്പിച്ചാല്‍ അതും കാപട്യമാണ്. ആ കാപട്യം കാട്ടിയില്ല എന്നതാണോ ഇവിടെ കുഴപ്പം?

ഭാഷയിലെ "മാന്യത"യ്ക്കുവേണ്ടി ഇപ്പോള്‍ മുറവിളികൂട്ടുന്ന മുഖ്യധാരാ പത്രങ്ങളിലൊന്ന് പണ്ട് ഒരു മുഖപ്രസംഗത്തില്‍ സ. പി കൃഷ്ണപിള്ളയെ "തെമ്മാടിക്കൂട്ടങ്ങളുടെ തലവന്‍" എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. അന്ന് എവിടെപ്പോയിരുന്നു ഇവരുടെ ഭാഷാമാന്യതാ വാദം? കമ്യൂണിസ്റ്റുകാരെ എന്തും പറയാം; കമ്യൂണിസ്റ്റുകാര്‍ ഒന്നും പറയരുത്. ഇതാണോ ഇവരുടെ നിലപാട്? കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്ന ഇ എം എസ്, ടി വി തോമസ്, കെ ആര്‍ ഗൗരിയമ്മ തുടങ്ങിയവര്‍ക്കെതിരെ കോണ്‍ഗ്രസ് കേരളത്തില്‍ തെരഞ്ഞെടുപ്പുവേളയില്‍ പ്രചരിപ്പിച്ചിരുന്ന മുദ്രാവാക്യങ്ങള്‍ ഓര്‍ത്തുനോക്കുക. ജാതിപറഞ്ഞുവരെയുള്ള ആക്ഷേപങ്ങളുണ്ടായിരുന്നു അവയില്‍. അന്നൊക്കെ ഭാഷയുടെ മാന്യതയെക്കുറിച്ചുള്ള ഇവരുടെ ചിന്തകള്‍ എവിടെപ്പോയിരുന്നു? അമേരിക്കയിലെ മുതലാളിത്ത വ്യവസ്ഥിതിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ല എന്ന് വ്യക്തമാക്കാന്‍ ഇ കെ നായനാര്‍ നടത്തിയ ഒരു പദപ്രയോഗത്തെ പശ്ചാത്തലത്തില്‍നിന്ന് അടര്‍ത്തിമാറ്റി കോലാഹലമുണ്ടാക്കി ഒരിക്കല്‍ ഈ മാന്യതാവാദികള്‍. അവര്‍ പിണറായി വിജയന്റെ ഒരു പരാമര്‍ശത്തെ മുന്‍നിര്‍ത്തി ഭാഷയുടെ മാന്യതയെക്കുറിച്ചുള്ള വാദവുമായി ഇന്ന് വീണ്ടും എത്തുമ്പോള്‍ ഭാഷ അഴിച്ചുവയ്ക്കേണ്ട അതിന്റെ അലങ്കാരപരിവേഷത്തെക്കുറിച്ച് നേരത്തെതന്നെ സൂചിപ്പിച്ച ബോദ്ലെയറെ ഓര്‍മിക്കാതിരിക്കുന്നതെങ്ങനെ?

*
deshabhimani editorial 23-05-14