Wednesday, September 1, 2010

പ്രശ്‌നം ആണവമല്ല, വെറും കച്ചവടം

കുറെ നാളായി പാര്‍ലമെന്റില്‍ തീരാതലവേദനയായി ആണവബാധ്യതാബില്ലിന്റെ ചര്‍ച്ചകള്‍ നടന്നുവരികയാണ്. വെളിയില്‍ വേണ്ടത്ര അലയടിച്ചില്ലെങ്കിലും പാര്‍ലമെന്റില്‍ ഇടത്, ബിജെപി പ്രതിപക്ഷത്തിന്റെ വിയോജിപ്പ് ഗവൺമെന്റിന്റെ നിഗൂഢലക്ഷ്യത്തെ പരാജയപ്പെടുത്തി. വളരെ അത്യാവശ്യവും അനിവാര്യവുമായ ഈ ചര്‍ച്ചയില്‍ നിഴല്‍ പായിച്ചത് യുപിഎ ഗവൺമെന്റ് ഇക്കാര്യത്തില്‍ ആദ്യംതൊട്ട് പുലര്‍ത്തിയ രഹസ്യസ്വഭാവമായിരുന്നു. ആണവോര്‍ജംകൊണ്ട് വിദ്യുച്‌ഛക്തി ഉല്‍പ്പാദിപ്പിക്കുന്ന ഏര്‍പ്പാടാകയാല്‍ ഏന്തോ മന്ത്രം ഉച്ചരിക്കുന്നതുപോലെയാണ് അവര്‍ പെരുമാറിവന്നത്. അണുവിനെയോ ആണവത്തെയോ എന്തിനെയാണ് ഭയപ്പെടേണ്ടത് എന്ന അറിവില്ലാതെയാണ് ഭരണകര്‍ത്താക്കള്‍ പെരുമാറുന്നത്.

പണ്ടൊക്കെ അണു എന്നുപറഞ്ഞാല്‍ ഏറ്റവും ചെറുത് എന്നും പിന്നീട് രോഗാണു എന്നും ഈ വാക്കിന് അര്‍ഥങ്ങളുണ്ടായിരുന്നു. ഇന്ന് അണുവെന്നോ ആണവമെന്നോ സ്‌മരിക്കുമ്പോഴേക്കും മനസ്സില്‍ ഓടിയെത്തുന്നത് ആറ്റംബോംബും മനുഷ്യസംഹാരവുമാണ്. ന്യൂക്ളിയര്‍ ബോംബെന്നും പറയും. ഈ ബില്ലിന്റെ പേര് സിവില്‍ ലൈബിലിറ്റി ഫോര്‍ ന്യൂക്ളിയര്‍ ഡാമേജ് ബില്‍ 2010 എന്നാണ്, ഉറപ്പ് പറയുന്നില്ല. ശാസ്‌ത്രജ്ഞര്‍പോലും പലതരത്തില്‍ പ്രയോഗിക്കുന്നു. നീണ്ട പേരായതുകൊണ്ടാകാം. ആണവാപകടത്തിനുള്ള സാധാരണ ബാധ്യതാബില്‍ എന്ന് ഇതിനെ ഒരേകദേശം പറയാം.

സിവില്‍ എന്ന് പറയുന്നത് ഈ ആണവസംവിധാനം ആണവ ആവശ്യങ്ങള്‍ക്കുവേണ്ടിയല്ല, സാധാരണ ജനങ്ങളുടെ ആവശ്യത്തിനുള്ള വിദ്യുച്‌ഛക്തിയും മറ്റും ഉണ്ടാക്കാനാണെന്ന് വ്യക്തമാകുമെന്നും ഏത് സാധാരണ ഭാഷയിലും ഈ ആശയംകൊണ്ട് പ്രതിപാദിക്കാമെന്ന് കാണിക്കാനാണ് ഇത്രയും എഴുതിയത്. ആണവകാര്യം പറയാന്‍ ശാസ്‌ത്രജ്ഞന്മാര്‍ക്കും മന്ത്രിപുംഗവന്മാര്‍ക്കുമേ പാടുള്ളൂവെന്നും അത് ഇംഗ്ളീഷ് എന്ന ദേവഭാഷയില്‍ത്തന്നെ വേണമെന്നും വാശിപിടിക്കേണ്ടതില്ല. എല്ലാം ജനങ്ങള്‍ അറിയണം. കാരണം ന്യൂക്ളിയര്‍ വിപത്ത് സംഭവിച്ചാല്‍ അതിന് ജീവന്റെ വില നല്‍കേണ്ടത് മന്ത്രിമാരോ പാര്‍ലമെന്റ് അംഗങ്ങളോ ശാസ്‌ത്രജ്ഞരോ അല്ല. ജനങ്ങളാണ്.

വെറും വാതകപൈപ്പ് പൊട്ടി 1984ല്‍ ഭോപാലില്‍ സംഭവിച്ച മഹാനാശം ഓര്‍ക്കുക. രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ റഷ്യയിലുണ്ടായ ചെര്‍ണോബില്‍ ദുരന്തം ഓര്‍ക്കുക. എത്ര ഭയാനകമായ നാശമാണ് അത് വിതച്ചത്. അതുകൊണ്ട് ആണവപ്രക്രിയ എന്തുതന്നെയാകട്ടെ, വിപത്ത് അതിന്റെ കൂടപ്പിറപ്പാണ്. വിപത്ത് അനുഭവിക്കേണ്ടത് ജനങ്ങളാണ്. അതുകൊണ്ട് സിവില്‍ ന്യൂക്ളിയര്‍ സംവിധാനത്തില്‍ മന്ത്രിമാര്‍ ചിലര്‍ പതുക്കെ എന്ന് തലയാട്ടി പറഞ്ഞൊതുക്കാനുള്ള ബില്ലല്ല ഈ സിവില്‍ ലൈബിലിറ്റി ഫോര്‍ ന്യൂക്ളിയര്‍ ഡാമേജ് ബിൽ‍. ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും (ബിജെപി ഇടയ്ക്ക് ചാഞ്ചല്യം കാട്ടിയെങ്കിലും) ഇടപെടലിന്റെ ഫലം കടുത്ത അപകടങ്ങള്‍ വരാതിരിക്കാനും വന്നാല്‍ ഇന്ത്യയുടെ ബാധ്യത ചുരുക്കാനും ഉപകരിക്കും എന്ന് ഇപ്പോള്‍ പറയാനാകില്ല. നാളേക്കുള്ള നമ്മുടെ ഏറ്റവും ശക്തമായ രക്ഷാകവചമാണ് അത് എന്ന് ഈ മന്ത്രിപുംഗവന്മാര്‍ ഓര്‍ക്കാത്തത് ജനവഞ്ചന തന്നെ.

ബില്ലിലെ 17(ബി) എന്ന വകുപ്പിലെ ചില വാക്കുകള്‍ മാറ്റിമറിച്ച് പ്രശ്‌നം പരിഹരിക്കാമെന്നൊക്കെ ഭരണപക്ഷം കരുതുന്നതും പ്രശ്‌നം നിസ്സാരമാണെന്ന് വരുത്താനാണ്. ഈ ബില്‍ 'ആണവാധി' എന്ന് വിളിക്കേണ്ട 'തീകൊണ്ടുള്ള കളി'യാണ്. ഈ കുഴപ്പമുണ്ടാകാന്‍ കാരണം ഇന്ത്യയിലെ ആണവറിയാക്‌ടര്‍ വ്യാപാരത്തിന്റെ നിയമാവലി നിര്‍മിക്കുമ്പോള്‍ ഇന്ത്യാഗവമെന്റ് ഇന്ത്യയുടെ അഥവാ ഇന്ത്യക്കാരുടെ താല്‍പ്പര്യത്തിന് മുഖ്യസ്ഥാനം നല്‍കാതെ യന്ത്രസാമഗ്രിയുടെ വില്‍പ്പനക്കാരുടെ താല്‍പ്പര്യത്തിന് പ്രാധാന്യം നല്‍കി എന്നത് മാത്രമാണ്.

ആണവം എന്നൊക്കെയുള്ള വാക്കുകളും അവയുണ്ടാക്കുന്ന ദുഃസ്വപ്‌നങ്ങളും നാം തല്‍ക്കാലം മനസ്സില്‍നിന്ന് കളയുക. ഇത് ഒരു സാധനം വില്‍ക്കുന്ന ഒരു കക്ഷി വാങ്ങുന്ന ഒരു കക്ഷിയുമായി എഴുതുന്ന ഒരു കരാറാണ്. ഇത് വെറും കച്ചവടമാണ്. തെക്കന്‍കൊറിയ തുടങ്ങിയ കൊച്ചുരാജ്യങ്ങളുമായുള്ള ഒരു ചെറിയ വ്യാപാരത്തിന്റെ കാര്യമല്ല ഇത്. വരുന്ന ഒന്നുരണ്ട് ദശാബ്‌ദത്തിനുള്ളില്‍ ഇരുപത്തഞ്ചോളം റിയാക്‌ടറുകള്‍ അമേരിക്കന്‍ ആണവ വ്യാപാര വീരന്മാരില്‍നിന്ന് വാങ്ങാനിരിക്കുന്നു. കോടാനുകോടി ഡോളറിന്റെ വ്യാപാരമാണ്. വെറും നെല്ലോ തേങ്ങയോ ആണ് വാങ്ങുന്നതെങ്കിലും ഇത്രവലിയ തുകയുടെ വ്യാപാരമാകുമ്പോള്‍ പരമാവധി ശ്രദ്ധിക്കേണ്ടതാണല്ലോ. ആ ചരക്ക് ആണവ റിയാക്‌ടറായാലോ? ഇന്ത്യാ ഗവമെന്റ് ഈ വ്യാപാരം വല്ല തുണിത്തരമോ മറ്റോ വാങ്ങാനുള്ളതാണെന്ന് ധരിച്ചതുപോലെ തോന്നുന്നു.

ഏത് കച്ചവടത്തിലും വാങ്ങുന്നവനെ ചെറിയ തോതിലെങ്കിലും പറ്റിച്ച് ലാഭത്തിന്റെ പങ്ക് വര്‍ധിപ്പിക്കുകയാണ് വില്‍പ്പനക്കാരന്റെ തന്ത്രം. ഇവിടെയും അതുതന്നെ സ്ഥിതി. അമേരിക്കയിലെ ഭയങ്കരന്മാരായ സപ്ളൈയര്‍മാര്‍ (വിക്രേതാക്കൾ‍) പാവപ്പെട്ട ഇന്ത്യ എന്ന ഓപ്പറേറ്ററില്‍നിന്ന് (ക്രേതാക്കൾ‍) ഞെക്കിപ്പിഴിഞ്ഞ് ലാഭം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു. അത് മനസ്സിലാക്കാം. എന്നാൽ‍, വാങ്ങുന്ന രാജ്യത്തിന്റെ സംരക്ഷണത്തിന് കടപ്പെട്ട ഭരണകര്‍ത്താക്കള്‍ സപ്ളൈയര്‍ക്കനുകൂലമായ വകുപ്പുകള്‍ കുത്തിത്തിരുകി നമ്മുടെ പാര്‍ലമെന്റിന്റെ അംഗീകാരം സമ്പാദിക്കാന്‍ ശ്രമിക്കുന്നു.

തട്ടിപ്പിനും രാജ്യദ്രോഹപരമായ കുടിലതയ്‌ക്കും മറ്റൊരു ദൃഷ്‌ടാന്തം കണ്ടെടുക്കാന്‍ പ്രയാസമായിരിക്കും. ബില്ലില്‍ കാണിച്ചതും പിന്നീട് ഭേദഗതികളില്‍ കാണിച്ചുകൊണ്ടിരിക്കുന്നതുമായ മറിമായങ്ങളുടെ പേരില്‍ ഇവരെ അധികാരഭ്രഷ്‌ടരാക്കിയാല്‍പോലും തെറ്റില്ല. യന്ത്രസാമഗ്രിയുടെ വൈകല്യംകൊണ്ടോ അശ്രദ്ധകൊണ്ടോ വരുന്ന ആപത്തിന് ക്രേതാവിന് (യന്ത്രം ഉപയോഗിക്കുന്ന ആൾ‍) വരുന്ന നഷ്‌ടത്തിന് ബില്ലില്‍ ആദ്യം വച്ച കരുതല്‍പണത്തിന്റെ പരമാവധി (കാപ് എന്ന് ബില്ലിൽ‍) 500 കോടി ഡോളര്‍ ആണ്. ശാസ്‌ത്ര സാങ്കേതിക സമിതി അതിനെ മൂന്നിരട്ടിയായി വര്‍ധിപ്പിച്ചു.

അതും പോരാ ക്രേതാവിന് നഷ്‌ടം വരുത്താതിരിക്കാന്‍ ഇവര്‍ കാട്ടുന്ന താല്‍പ്പര്യവും ഉല്‍ക്കണ്ഠയും എത്രമാത്രമെന്ന് ആലോചിക്കുക. സ്വന്തം നാടിന്റെ താല്‍പ്പര്യങ്ങള്‍ക്കും ഇവരുടെ മനസ്സില്‍ ഇടമില്ല. വിക്രേതാവ് യന്ത്രനിര്‍മിതിയിലോ പ്രയോഗത്തിലോ 'ബോധപൂര്‍വമായ' അശ്രദ്ധ കാണിച്ചാല്‍ ക്രേതാവിന് നഷ്‌ടപരിഹാരത്തിന് അവകാശമുണ്ട് എന്ന ആശയവും സപ്ളൈയര്‍ക്കുവേണ്ടിയാണ്. അത് കരാറില്‍പെടുത്തണം എന്ന നിര്‍ദേശം വന്നു. ബോധപൂര്‍വമായ ഉദാസീനത കോടതിയില്‍ തെളിയിക്കാന്‍ എളുപ്പമല്ല. ഭോപാലില്‍ നഷ്‌ടപരിഹാരം ആര് കൊടുക്കണമെന്ന് ഇപ്പോഴും തീരുമാനിക്കാന്‍ കോടതിക്ക് കഴിഞ്ഞിട്ടില്ല. ഇവിടെ അങ്ങനെ വരില്ലെന്നും നഷ്‌ടം ഉടനടി പരിഹരിക്കാന്‍ വ്യവസ്ഥയുണ്ടെന്നും സ്റ്റാന്‍ഡിങ് കമ്മിറ്റി പറയുന്നു. കണ്ടറിയണം.

അമേരിക്കയില്‍ നിയമസംരക്ഷണത്തിനുവേണ്ടി നമുക്ക് കേസ് നടത്താന്‍ പറ്റുമെങ്കില്‍ അവരെ പിടിക്കാം. ഇന്ത്യയിലാണെങ്കില്‍ അവര്‍ രക്ഷപ്പെടും. അവരെ രക്ഷിക്കാനുള്ള പഴുതുകളെല്ലാം തുറന്നുവച്ചിരിക്കുന്ന ഉദാരമായ ബില്ലാണ് ഇത്. മനോമോഹനനായ പ്രധാനമന്ത്രി രണ്ടുകൊല്ലം മുമ്പ്, ഈ ബില്ലിന്റെ കാര്യമൊന്നും പുറത്തുവന്നിട്ടില്ലാത്ത കാലത്ത്, ബുഷിന് ഇതുസംബന്ധിച്ച് ഉറപ്പ് കൊടുത്തിരുന്നുവെന്ന് ഇപ്പോള്‍ അറിഞ്ഞിരിക്കുന്നു. പ്രധാനമന്ത്രിയുടെ വാക്ക് പാലിക്കാനുള്ള വ്യഗ്രതയുടെ തെളിവാണ് ഈ വിക്രേതൃസഹാനുഭൂതി. പക്ഷേ പ്രധാനമന്ത്രിയല്ല, ഇന്ത്യന്‍ ജനങ്ങളാണ് വലുത്. അവരുടെ സംരക്ഷണം ഗവമെന്റിന്റെ ചുമതലയല്ലെന്ന് കേന്ദ്രഗവമെന്റിന്റെ വെപ്രാളം കാണുമ്പോള്‍തോന്നുന്നു. അത് പ്രതിപക്ഷത്തിന്റെ ചുമതലയാണെന്നത് പോലെ തോന്നുന്നു.

രാജ്യതാല്‍പ്പര്യങ്ങളെ വൈദേശിക വാണിജ്യതാല്‍പ്പര്യങ്ങളുടെ ഏറ്റുമുട്ടലില്‍നിന്ന് രക്ഷിക്കേണ്ട ചുമതല ഭരണകൂടത്തിന്റേതാണ്. മന്ത്രിസഭയുടേതും പ്രധാനമന്ത്രിയുടേതുമാണ്. പ്രധാനമന്ത്രി ആ പരമകര്‍ത്തവ്യത്തില്‍നിന്ന് മാറി വിദേശതാല്‍പ്പര്യത്തിന്റെ രക്ഷയ്‌ക്കായി വരുന്ന അവിശ്വസനീയമായ അവസ്ഥയാണ് ഇന്ത്യ ഇന്ന് നേരിടുന്നത്. ഇങ്ങനെയുള്ള ഒരു പ്രധാനമന്ത്രിയെ ഒരൊറ്റ നിമിഷംപോലും ആ സ്ഥാനത്ത് വച്ചിരിക്കുന്നത് ശരിയല്ല. ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസിന്റെ ചരിത്രത്തില്‍ ഇത്തരത്തിലൊരു ഇന്ത്യന്‍ പ്രധാനമന്ത്രി പെരുമാറിയതിന് വേറെ ഉദാഹരണമില്ല. അത്തരമൊരു രാഷ്‌ട്ര വിരുദ്ധനയത്തിന്റെ വക്താവും പ്രയോക്താവുമായ ഒരാളെ കോൺഗ്രസ് ഹൈക്കമാന്‍ഡ് വേണ്ടരീതിയില്‍ അടിയന്തരമായി ഇരുത്തേണ്ടിടത്ത് ഇരുത്തേണ്ടിയിരിക്കുന്നു.

കഴിഞ്ഞദിവസം നടന്ന പാര്‍ലമെന്റ് ചര്‍ച്ചയില്‍ ശബ്‌ദവോട്ടില്‍ (അതായത് ബിജെപിയുടെ ശബ്‌ദവും ചേര്‍ത്ത്) പാസാക്കിയെന്നറിഞ്ഞു. മന്‍മോഹന്‍സിങ് ആശങ്കാപരിഹാരത്തിനായി ഒരു പുതിയ വാദമുഖവും അവതരിപ്പിച്ചില്ല. അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റിന് നല്‍കിയ വാക്കിനെ രക്ഷിക്കാനായി എന്നതാണ് ആകെയുള്ള നേട്ടം. രാഷ്‌ട്രത്തെ അപകടപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രിയെ രക്ഷിക്കേണ്ട വികാരത്തിന് ഒരു പുതിയ പേര് വേണ്ടി വന്നിരിക്കുന്നു- രാജ്യസ്നേഹം, ദേശാഭിമാനം, സ്വാതന്ത്ര്യബോധം എന്നതൊന്നും പോരാ. വരുന്ന രണ്ട് ദശാബ്‌ദങ്ങള്‍ക്കിടയില്‍ നമുക്ക് ആണവവ്യാപാരത്തില്‍ വന്നുചേരാവുന്ന വമ്പിച്ച സാമ്പത്തികനഷ്‌ടത്തിനപ്പുറത്ത് ഏതവസരത്തിലും നമ്മെ വിഴുങ്ങാനിരിക്കുന്ന ആണവവിപത്ത് തലയ്‌ക്കുമീതെ തൂങ്ങിക്കിടക്കുകയും ചെയ്യുന്നു.

ദേശീയസ്വാതന്ത്ര്യത്തിന് ക്ഷതം വരുത്തുകയും വ്യാപാരനഷ്‌ടം വളര്‍ത്തുകയും ആണവവിപത്തിന് കവാടം തുറന്നിട്ടുകൊടുക്കുകയും ചെയ്യുന്ന ഈ ദുരിതങ്ങളുടെ 'പാക്കേജ് ' എന്തിനാണ് ഇവര്‍ ഇത്ര തിടുക്കത്തില്‍ എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചുകൊണ്ട് പാസാക്കിയെടുത്തത് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല. അമേരിക്കന്‍ ദാസ്യം വഹിക്കുന്നതിന് വഴിയൊരുക്കിയതുകൊണ്ട് എന്താണ് നേട്ടം. ഇവര്‍ക്ക് വ്യക്തിപരമായ വല്ല പാക്കേജും ലഭിക്കാന്‍ സാധ്യതയുണ്ടോ? ഇപ്പോള്‍ പൂച്ച സഞ്ചിയില്‍നിന്ന് പുറത്തുചാടി. അമേരിക്കന്‍ പത്രങ്ങളെല്ലാം അമേരിക്കന്‍ കമ്പനികള്‍ക്ക് ലഭ്യമായ ലാഭത്തെക്കുറിച്ച് എഴുതിയിരിക്കുന്നു. അവര്‍ക്ക് നേട്ടമുണ്ടാക്കിയ മനോമോഹനനെ അനുമോദിച്ചിട്ടുമുണ്ട്. ഇദ്ദേഹം ഇനി എന്തെല്ലാമാണാവോ കാട്ടിക്കൂട്ടാന്‍ പോകുന്നത് !

*
സുകുമാര്‍ അഴീക്കോട്, കടപ്പാട് : ദേശാഭിമാനി 01 - 09 - 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കുറെ നാളായി പാര്‍ലമെന്റില്‍ തീരാതലവേദനയായി ആണവബാധ്യതാബില്ലിന്റെ ചര്‍ച്ചകള്‍ നടന്നുവരികയാണ്. വെളിയില്‍ വേണ്ടത്ര അലയടിച്ചില്ലെങ്കിലും പാര്‍ലമെന്റില്‍ ഇടത്, ബിജെപി പ്രതിപക്ഷത്തിന്റെ വിയോജിപ്പ് ഗവൺമെന്റിന്റെ നിഗൂഢലക്ഷ്യത്തെ പരാജയപ്പെടുത്തി. വളരെ അത്യാവശ്യവും അനിവാര്യവുമായ ഈ ചര്‍ച്ചയില്‍ നിഴല്‍ പായിച്ചത് യുപിഎ ഗവൺമെന്റ് ഇക്കാര്യത്തില്‍ ആദ്യംതൊട്ട് പുലര്‍ത്തിയ രഹസ്യസ്വഭാവമായിരുന്നു. ആണവോര്‍ജംകൊണ്ട് വിദ്യുച്‌ഛക്തി ഉല്‍പ്പാദിപ്പിക്കുന്ന ഏര്‍പ്പാടാകയാല്‍ ഏന്തോ മന്ത്രം ഉച്ചരിക്കുന്നതുപോലെയാണ് അവര്‍ പെരുമാറിവന്നത്. അണുവിനെയോ ആണവത്തെയോ എന്തിനെയാണ് ഭയപ്പെടേണ്ടത് എന്ന അറിവില്ലാതെയാണ് ഭരണകര്‍ത്താക്കള്‍ പെരുമാറുന്നത്.