Thursday, June 9, 2011

കര്‍മപരിപാടിയെന്ന യുഡിഎഫ് തട്ടിപ്പ്

ആഗോളവല്‍ക്കരണത്തിന്റെ വക്താക്കളായ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനവിരുദ്ധ "കര്‍മങ്ങള്‍" നടപ്പാക്കുക മാത്രമല്ല മോഹനമായ പ്രഖ്യാപനങ്ങള്‍കൊണ്ട് ജനങ്ങളുടെ കൈയടി വാങ്ങാനും ശ്രമിക്കുന്നു. അതാണ് 100 ദിന കര്‍മപരിപാടി പ്രഖ്യാപനം തെളിയിക്കുന്നത്. വെറും പൊള്ളയായ പ്രഖ്യാപനങ്ങള്‍മാത്രമാണ് കര്‍മപരിപാടിയിലുള്ളത്. വികസനത്തില്‍ രാഷ്ട്രീയം പാടില്ലെന്ന് യുഡിഎഫിനെ ഉപദേശിച്ചത് എ കെ ആന്റണിയാണ്. ആന്റണിയുടെ ഉപദേശം ഉമ്മന്‍ചാണ്ടിയുടെ കര്‍മപരിപാടിയില്‍ കാണുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റില്‍ നിരവധി ക്ഷേമ- വികസന പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. പണവും വകയിരുത്തിയിട്ടുണ്ട്. 2011 ഏപ്രില്‍ മുതലാണ് ഈ പണമുപയോഗിച്ച് പദ്ധതികള്‍ നടപ്പാക്കേണ്ടത്. ക്ഷേമപെന്‍ഷനുകള്‍ 400 രൂപയാക്കുക, ജനിക്കുന്ന ഓരോ കുട്ടിയുടെയും പേരിലും 10,000 രൂപ നിക്ഷേപിക്കുക, വൈദ്യുതി മീറ്റര്‍ വാടക പിന്‍വലിക്കുക, 40,000 കോടി രൂപയുടെ സമഗ്ര റോഡ് വികസന പദ്ധതി, 5000 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ , നഗരപുനരുദ്ധാരണ പദ്ധതികള്‍ , ഹില്‍ഹൈവേ, തീരദേശ പാത, 5 പുതിയ പൊതുമേഖലാ വ്യവസായങ്ങള്‍ , അസംഘടിത മേഖലയിലെ സ്ത്രീത്തൊഴിലാളികള്‍ക്ക് വേതനത്തോടുകൂടിയ പ്രസവാവധി, അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി തുടങ്ങിയ നിരവധി ജനപ്രിയ പദ്ധതികള്‍ക്ക് എന്തുകൊണ്ട് യുഡിഎഫിന്റെ കര്‍മപരിപാടിയില്‍ ഇടം കണ്ടെത്തിയില്ല എന്ന ചോദ്യത്തിന് എ കെ ആന്റണിക്കുപോലും മറുപടിയുണ്ടാവില്ല.

വികസനത്തിന് സങ്കുചിത കക്ഷിരാഷ്ട്രീയം കലര്‍ത്തുക മാത്രമല്ല, ഇടതുപക്ഷം നടപ്പാക്കിയ നല്ല പദ്ധതികളാകെ അട്ടിമറിക്കപ്പെടുമെന്ന സൂചനകൂടിയാണ് 100 ദിന പരിപാടി. യുഡിഎഫ് ജനവിരുദ്ധ ആഗോളവല്‍ക്കരണനയം നടപ്പാക്കുമ്പോള്‍ എല്‍ഡിഎഫ് ജനപക്ഷ വികസന നയമാണ് നടപ്പാക്കിയത്. വാഗ്ദാനലംഘനം കോണ്‍ഗ്രസ് പാരമ്പര്യമാണെങ്കില്‍ ഇടതുപക്ഷം പറയുന്നത് ചെയ്യുന്നവരാണ്. അത് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. മന്ത്രിമാരുടെയും പേഴ്സണല്‍ സ്റ്റാഫംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സ്വത്ത് വിവരം പ്രഖ്യാപിക്കുമെന്നതാണല്ലോ കര്‍മ പരിപാടിയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ സ്വത്തു വിവരങ്ങളടങ്ങിയ സത്യവാങ്മൂലം സമര്‍പ്പിക്കണം. മന്ത്രിമാരാവട്ടെ വരുമാനം സംബന്ധിച്ച വിവരം നല്‍കണം. ഇത് ചെയ്യാതിരുന്നാല്‍ അയോഗ്യതയാണ്. നിയമവ്യവസ്ഥ പ്രകാരമുള്ള ഇക്കാര്യങ്ങള്‍ പുതിയ പ്രഖ്യാപനമായി എഴുന്നള്ളിച്ചിരിക്കുകയാണ്. ലോക്പാല്‍ നിയമത്തിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയും സംസ്ഥാന ലോകായുക്ത നിയമത്തിന്റെ പരിധിയില്‍ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരെയും കുടുംബാംഗങ്ങളെയും കൊണ്ടുവരാന്‍ നിയമം ഭേദഗതിചെയ്യുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു ഉമ്മന്‍ചാണ്ടി ചെയ്യേണ്ടത്. "കാഞ്ഞിരക്കുരുവില്‍നിന്ന് മധുരം കിട്ടുമോ" എന്നതുപോലെ പ്രസക്തമാണ് കോണ്‍ഗ്രസില്‍നിന്ന് നന്മയുണ്ടാകുമോ എന്ന ചോദ്യവും. അഴിമതിരഹിത സുതാര്യ ഭരണമെന്ന പ്രഖ്യാപനം ഉമ്മന്‍ചാണ്ടി നടത്തുമ്പോള്‍ വേദിയിലെ മുന്‍നിരയില്‍ വിവിധ കേസുകളില്‍ അന്വേഷണം നേരിടുന്ന മന്ത്രിമാരുമുണ്ടായിരുന്നു.

അഴിമതിവിരുദ്ധ ഗീര്‍വാണപ്രസംഗം അഴിമതിക്കാരെ സാക്ഷിനിര്‍ത്തി നടത്തുന്നു. എന്തൊരു വിരോധാഭാസം! അത്തരക്കാരെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാനുള്ള ധാര്‍മികബോധം ഉമ്മന്‍ചാണ്ടിയില്‍നിന്ന് കേരളം പ്രതീക്ഷിക്കുന്നില്ല. പേഴ്സണല്‍ സ്റ്റാഫംഗങ്ങളുടെ നിയമനത്തില്‍ ഒന്നര ലക്ഷം കോഴ ആവശ്യപ്പെട്ടുവെന്ന ഫോണ്‍സംഭാഷണം വസ്തുതകള്‍ സഹിതം പുറത്തുവന്നു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനം കേവലശ്രദ്ധ നേടാന്‍ മാത്രമാണ്. ഈ പ്രഖ്യാപനമൊന്നുമില്ലാതെ ഏകദേശം 20 മണിക്കൂറിലധികം കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്ന മന്ത്രിമാരുടെ ഓഫീസുകള്‍ എല്‍ഡിഎഫ് ഭരണകാലത്തുണ്ടായിരുന്നു. സെക്രട്ടറിയറ്റിലും വകുപ്പ് തലത്തിലുമുള്ള മറ്റ് ഓഫീസുകള്‍ തുറന്നുപ്രവര്‍ത്തിക്കാതെ മുഖ്യമന്ത്രിയുടെ ഓഫീസ് മാത്രം 24 മണിക്കൂറും പ്രവര്‍ത്തിച്ചതുകൊണ്ട് ജനങ്ങള്‍ക്ക് എന്തു പ്രയോജനം. സര്‍ക്കാര്‍ ഉത്തരവുകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതും വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളില്‍ മറുപടി നല്‍കാത്തവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുന്നതുമായ നിലവിലുള്ള കാര്യങ്ങള്‍തന്നെയാണ്.

അന്യസംസ്ഥാന ലോട്ടറി ചൂതാട്ടം തടയാന്‍ ഫലപ്രദമായ നിയമം എല്‍ഡിഎഫ് ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവരികയുണ്ടായി. ഈ നിയമം കാലഹരണപ്പെടാതെ നോക്കേണ്ടത് ഉമ്മന്‍ചാണ്ടിയുടെ ബാധ്യതയാണ്. ലക്ഷക്കണക്കിന് ലോട്ടറി തൊഴിലാളികളുടെ ഉപജീവനമാര്‍ഗമായ കേരള സര്‍ക്കാര്‍ ലോട്ടറി നറുക്കെടുപ്പ് പ്രതിദിനമാക്കണമെന്ന നിര്‍ദേശം കോടതിയില്‍ നല്‍കിയിട്ടും 100 ദിന കര്‍മപരിപാടിയില്‍ അത് സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല. തൊഴിലും വരുമാനവും കുറഞ്ഞതിന്റെ ഫലമായി ദുരിതത്തിലായ വികലാംഗരും വൃദ്ധരും രോഗികളുമായ തൊഴിലാളികളുടെ സംരക്ഷണത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിമാസം 1000 രൂപ നല്‍കിയിരുന്നു. ഈ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെക്കുറിച്ച് കര്‍മപരിപാടിയില്‍ ഒന്നുമില്ല. വിവിധ മേഖലകളില്‍ പുതിയ നയം പ്രഖ്യാപിക്കുമെന്ന് കര്‍മപരിപാടിയില്‍ പറയുന്നു. അതില്‍ സ്വാശ്രയ പ്രൊഫഷണല്‍ വിദ്യാഭ്യാസ വിഷയത്തില്‍ പുതിയ നയം പ്രഖ്യാപിക്കുമെന്നത് ഒരു തമാശയായേ ജനങ്ങള്‍ കാണുന്നുള്ളൂ.

പ്രഖ്യാപിക്കാതെ തന്നെ അത് നടപ്പാക്കിക്കഴിഞ്ഞു. ഉമ്മന്‍ചാണ്ടി എല്‍ഡിഎഫ് നയം അട്ടിമറിക്കപ്പെടുമെന്നുറപ്പാണ്. മുമ്പ് 50 ശതമാനം മെറിറ്റും 50 ശതമാനം മാനേജ്മെന്റും എന്ന വിദ്യാര്‍ഥിപ്രവേശന മാനദണ്ഡം നാല് ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍മാത്രമാണ് അട്ടിമറിച്ചതെങ്കില്‍ ഉമ്മന്‍ചാണ്ടി വന്നതോടെ എല്ലാ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളെയും സഹായിക്കുന്ന വിധത്തില്‍ സ്വാശ്രയനയം മാറ്റി. വിദ്യാര്‍ഥി പ്രവേശനത്തിനും ഫീസിനും വ്യക്തമായ മാനദണ്ഡമുണ്ടാക്കുകയും പാവപ്പെട്ടവര്‍ക്കും പ്രൊഫഷണല്‍ വിദ്യാഭ്യാസം ലഭിക്കുകയും ചെയ്യുന്ന എല്‍ഡിഎഫ് നയം ഭരണം മാറിയാല്‍ മാറേണ്ടതാണോ? എംബിബിഎസിന് പരിയാരം മെഡിക്കല്‍ കോളേജും കൊച്ചി സഹകരണ മെഡിക്കല്‍ കോളേജുംമാത്രമാണ് ഇപ്പോള്‍ മെറിറ്റ് ക്വോട്ട കച്ചവടമാക്കാത്തത്. സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷനും സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ ചെയ്യുമ്പോലെ എല്ലാ സീറ്റിലേക്കും സ്വന്തം നിലയ്ക്ക് അഡ്മിഷന്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ്. ഇത്തരക്കാര്‍ക്ക് കച്ചവട മനോഭാവത്തോടെ പ്രഖ്യാപനം നടത്താന്‍ കഴിഞ്ഞത് യുഡിഎഫ് അധികാരത്തില്‍ വന്നതുകൊണ്ടുമാത്രമാണ്. എല്‍ഡിഎഫ് നടപ്പാക്കിയ നയം തുടരാനുള്ള ഇച്ഛാശക്തി ഉമ്മന്‍ചാണ്ടിക്കില്ലെന്നു മാത്രമല്ല സ്വകാര്യ സ്വാശ്രയ മാനേജ്മെന്റുകളുമായി ഒത്തുകളിക്കുകയുമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച വികസന - ക്ഷേമ പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സന്നദ്ധമല്ലെന്ന് ഇതിനകം യുഡിഎഫ് മന്ത്രിമാരുടെ പ്രഖ്യാപനങ്ങള്‍ തെളിയിക്കുന്നു. കര്‍മപരിപാടിയില്‍ ആരോഗ്യ മേഖലയെക്കുറിച്ച് ഒന്നും പറയുന്നില്ല. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പുനരാരംഭിക്കുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിക്കുകയുംചെയ്തു. ഭൂമി ഏറ്റെടുക്കാന്‍ പുതിയ നയം കൊണ്ടുവരുമെന്ന പ്രഖ്യാപനവും പുതിയതല്ല. കണ്ണൂര്‍ വിമാനത്താവളത്തിന്റെ കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അത് നടപ്പാക്കിയതാണ്. എന്നാല്‍ , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ കോര്‍പറേറ്റുകള്‍ക്ക് യഥേഷ്ടം സൗകര്യം ചെയ്തുകൊടുക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ 5 വര്‍ഷമില്ലാത്തതുതന്നെയാണ്. അതു നമ്മുടെ പൊതു വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതും ഗുണമേന്മയോടെ വിദ്യ നല്‍കാനുള്ള പരിശ്രമത്തിന് ദോഷകരവുമാണ്. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നേരിയ ഭൂരിപക്ഷം മാത്രമേയുള്ളൂവെന്നും രാഷ്ട്രീയമായി ഏറെ ദുര്‍ബലപ്പെട്ടിരിക്കയാണെന്നുമുള്ള ബോധം യുഡിഎഫിന് ഇല്ലെന്നു തോന്നുന്ന പ്രഖ്യാപനങ്ങളാണ് നടത്തുന്നത്. "വാഗ്ദാനങ്ങള്‍ നടപ്പാക്കി പ്രതിബദ്ധത തെളിയിക്കണ"മെന്നാണ് മനോരമ യുഡിഎഫിനെ മുഖപ്രസംഗത്തിലൂടെ ഉപദേശിക്കുന്നത്.

2009ല്‍ അധികാരത്തില്‍ വന്ന യുപിഎ ഇതുപോലെ 100 ദിന കര്‍മപരിപാടി പ്രഖ്യാപിച്ചിരുന്നു. അതിലൊന്ന് അഴിമതി തടയുമെന്ന പ്രഖ്യാപനമായായിരുന്നു. ഒന്നും നടപ്പാക്കിയില്ല. അതേ ഗതിയായിരിക്കുമോ ഉമ്മന്‍ചാണ്ടിയുടെ 100 ദിന കര്‍മപരിപാടിക്കുമെന്ന സംശയം ജനങ്ങള്‍ക്കുണ്ടായാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. കാരണം യുഡിഎഫ് നയങ്ങള്‍ അങ്ങേയറ്റം പ്രതിലോമകരവും ആഗോളവല്‍ക്കരണത്തെ പിന്‍പറ്റിയുള്ളതുമാണ്. വാചകമടിയല്ല ജനക്ഷേമ നടപടികളാണ് വേണ്ടത്. പ്രചാരണത്തട്ടിപ്പിലൂടെ ജനങ്ങളെ അധികകാലം വിഡ്ഡികളാക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്. കര്‍മപരിപാടിയല്ല വേണ്ടത്; യുഡിഎഫ് അവരുടെ നയം മാറ്റുകയാണ് വേണ്ടത്.

*
എം വി ജയരാജന്‍ ദേശാഭിമാനി ദിനപത്രം 9 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ആഗോളവല്‍ക്കരണത്തിന്റെ വക്താക്കളായ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനവിരുദ്ധ "കര്‍മങ്ങള്‍" നടപ്പാക്കുക മാത്രമല്ല മോഹനമായ പ്രഖ്യാപനങ്ങള്‍കൊണ്ട് ജനങ്ങളുടെ കൈയടി വാങ്ങാനും ശ്രമിക്കുന്നു. അതാണ് 100 ദിന കര്‍മപരിപാടി പ്രഖ്യാപനം തെളിയിക്കുന്നത്. വെറും പൊള്ളയായ പ്രഖ്യാപനങ്ങള്‍മാത്രമാണ് കര്‍മപരിപാടിയിലുള്ളത്. വികസനത്തില്‍ രാഷ്ട്രീയം പാടില്ലെന്ന് യുഡിഎഫിനെ ഉപദേശിച്ചത് എ കെ ആന്റണിയാണ്. ആന്റണിയുടെ ഉപദേശം ഉമ്മന്‍ചാണ്ടിയുടെ കര്‍മപരിപാടിയില്‍ കാണുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റില്‍ നിരവധി ക്ഷേമ- വികസന പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. പണവും വകയിരുത്തിയിട്ടുണ്ട്. 2011 ഏപ്രില്‍ മുതലാണ് ഈ പണമുപയോഗിച്ച് പദ്ധതികള്‍ നടപ്പാക്കേണ്ടത്. ക്ഷേമപെന്‍ഷനുകള്‍ 400 രൂപയാക്കുക, ജനിക്കുന്ന ഓരോ കുട്ടിയുടെയും പേരിലും 10,000 രൂപ നിക്ഷേപിക്കുക, വൈദ്യുതി മീറ്റര്‍ വാടക പിന്‍വലിക്കുക, 40,000 കോടി രൂപയുടെ സമഗ്ര റോഡ് വികസന പദ്ധതി, 5000 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ , നഗരപുനരുദ്ധാരണ പദ്ധതികള്‍ , ഹില്‍ഹൈവേ, തീരദേശ പാത, 5 പുതിയ പൊതുമേഖലാ വ്യവസായങ്ങള്‍ , അസംഘടിത മേഖലയിലെ സ്ത്രീത്തൊഴിലാളികള്‍ക്ക് വേതനത്തോടുകൂടിയ പ്രസവാവധി, അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി തുടങ്ങിയ നിരവധി ജനപ്രിയ പദ്ധതികള്‍ക്ക് എന്തുകൊണ്ട് യുഡിഎഫിന്റെ കര്‍മപരിപാടിയില്‍ ഇടം കണ്ടെത്തിയില്ല എന്ന ചോദ്യത്തിന് എ കെ ആന്റണിക്കുപോലും മറുപടിയുണ്ടാവില്ല.