Saturday, November 30, 2013

പ്ലീനത്തിന്റെ സന്ദേശം

കേരളത്തിലെ സിപിഐ എമ്മില്‍ വിഭാഗീയതയുടെ തരിമ്പുപോലും അവശേഷിക്കില്ല എന്നുറപ്പിക്കുന്ന; ഐക്യത്തിന്റെയും കെട്ടുറപ്പിന്റെയും പുതിയ തലങ്ങളിലേക്ക് പാര്‍ടിയെ ഉയര്‍ത്തുന്ന ചരിത്രപ്രധാനമായ സമ്മേളനമാണ് മഹാജനസഞ്ചയത്തിന്റെ ഒത്തുചേരലോടെ വെള്ളിയാഴ്ച പാലക്കാട്ട് സമാപിച്ചത്. സംഘടനയിലെ ദൗര്‍ബല്യങ്ങള്‍ തുടച്ചുനീക്കി അടിമുടി കൂടുതല്‍ കരുത്താര്‍ജിക്കുകയാണ് പാര്‍ടി. കോണ്‍ഗ്രസിന്റെ ജനവിരുദ്ധ- സാമ്രാജ്യാനുകൂലനയങ്ങള്‍ക്കും സംഘപരിവാറടക്കമുള്ള വര്‍ഗീയ തീവ്രവാദ ശക്തികള്‍ ഉയര്‍ത്തുന്ന വിപത്തിനും എതിരായ വിശാലഐക്യത്തിന്റെ അനിവാര്യതയാണ് പ്ലീനം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ സന്ദേശം.

സിപിഐ എം പ്ലീനം നടത്തുന്നത് ആദ്യമായല്ല. രണ്ടു പാര്‍ടി കോണ്‍ഗ്രസുകള്‍ക്കിടയ്ക്ക് ആവശ്യംവരുമ്പോള്‍ അഖിലേന്ത്യാ പ്ലീനവും രണ്ടു സംസ്ഥാന സമ്മേളനങ്ങള്‍ക്കിടയ്ക്ക് സംസ്ഥാന പ്ലീനവും നടത്തിയ ചരിത്രം ഞങ്ങള്‍ ചൂണ്ടിക്കാണിച്ചതാണ്. സിപിഐ എം ഒരു തൊഴിലാളിവര്‍ഗ വിപ്ലവപാര്‍ടിയാണ്. നാം ജീവിക്കുന്നത് ബൂര്‍ഷ്വാ സമൂഹത്തിലാണ്. ചൂഷണത്തിലധിഷ്ഠിതമായ വ്യവസ്ഥയാണത്്. ചൂഷണരഹിതമായ സമൂഹം സൃഷ്ടിക്കുകയെന്നതാണ് പാര്‍ടിയുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ മറ്റു ബൂര്‍ഷ്വാ പാര്‍ടികളില്‍നിന്ന് വ്യത്യസ്തമായ പാര്‍ടിയാണ് സിപിഐ എം. ഈ വസ്തുത ജനങ്ങള്‍ക്ക് വ്യക്തമായി ബോധ്യപ്പെടേണ്ടതുണ്ട്. അത്തരം ഒരുബോധം ഒരിക്കലും ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കപ്പെടരുതെന്നാണ് നിലവിലുള്ള സമൂഹം നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്നവരുടെ താല്‍പ്പര്യം. അതുകൊണ്ടാണ് എല്ലാ പാര്‍ടികളും ഒരുപോലെയാണെന്ന പല്ലവി ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പാടിക്കൊണ്ടിരിക്കുന്നത്. എല്ലാ പാര്‍ടികളും ഒരുപോലെ അഴിമതിക്കാരാണെന്നും സ്വാര്‍ഥമതികളാണെന്നും അധികാരമോഹികളാണെന്നും ഇക്കൂട്ടര്‍ പ്രചാരണം നടത്തിക്കൊണ്ടേയിരിക്കുന്നു.

പാര്‍ടി പ്രവര്‍ത്തകരും ബൂര്‍ഷ്വാ സമൂഹവും തമ്മില്‍ വേര്‍തിരിക്കുന്നതിന് കന്മതിലുകളൊന്നും നിലവിലില്ല. സമൂഹത്തിലെ നന്മകളെന്നപോലെ തിന്മകളും പാര്‍ടിക്കകത്തേക്ക് കടന്നുവരുമെന്നത് യാഥാര്‍ഥ്യമാണ്. അതുകൊണ്ടുതന്നെ പാര്‍ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പ്രതിരോധ കുത്തിവയ്പ് അവശ്യം ആവശ്യമാണ്. ആശയപരമായ ദൃഢതയും വ്യക്തമായ ലക്ഷ്യബോധവും ജനങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുമാണ് കമ്യൂണിസ്റ്റ് പാര്‍ടി മറ്റുപാര്‍ടികളില്‍നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് തിരിച്ചറിവുണ്ടാക്കാനുള്ള മാര്‍ഗം. പാലക്കാട്ട് നടന്ന പ്ലീനം ചര്‍ച്ചചെയ്ത വിഷയം എന്തൊക്കെയാണെന്ന് പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങള്‍ക്ക് വിശദീകരിച്ച് നല്‍കിയിട്ടുണ്ട്. പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും അമാനുഷരൊന്നുമല്ല. ഇ എം എസ് പലതവണ വ്യക്തമാക്കിയ കാര്യം ഓര്‍ക്കേണ്ടതാണ്. തെറ്റ് ചെയ്യാത്ത മനുഷ്യരില്ല. മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന കുഞ്ഞും മരിച്ചവരും മാത്രമേ തെറ്റ് ചെയ്യാത്തവരായുള്ളൂ. എന്നാല്‍, തെറ്റ് ആവര്‍ത്തിക്കരുത്. തിരുത്തണം; ആവര്‍ത്തിക്കുകയില്ലെന്ന് ഉറപ്പുവരുത്തണം. ബൂര്‍ഷ്വാ പാര്‍ടികള്‍ ഒരിക്കലും തെറ്റ് സമ്മതിക്കില്ല. അതുകൊണ്ടുതന്നെ തിരുത്തുന്ന പ്രശ്നവുമില്ല. മാര്‍ക്സിസം ലെനിനിസം വിമര്‍ശന സ്വയം വിമര്‍ശനങ്ങളിലൂടെയാണ് തെറ്റ് തിരുത്തുന്നത്. പാലക്കാട് പ്ലീനം ഒരു സുപ്രഭാതത്തില്‍ ആസൂത്രണംചെയ്തതല്ല. ഒരുവര്‍ഷമായി പാര്‍ടിയെ ബാധിച്ച തെറ്റായരീതികളും സംഘടനാപരമായ ദൗര്‍ബല്യവും തിരിച്ചറിയാനും തിരുത്താനുമുള്ള ശ്രമം നടത്തിവരികയാണ്. പാര്‍ടിയുടെ അടിസ്ഥാന ഘടകമായ ബ്രാഞ്ചുമുതല്‍ സംസ്ഥാന കമ്മിറ്റിവരെ ബാധിച്ച ദൗര്‍ബല്യങ്ങള്‍ തിരിച്ചറിയാനും പരിഹരിക്കാനും വിവിധഘടകങ്ങളുടെ യോഗങ്ങള്‍ നല്ല തയ്യാറെടുപ്പോടെ മേല്‍ക്കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തുകൊണ്ട് ചേര്‍ന്നതാണ്. സൂക്ഷ്മമായ പരിശോധനയിലൂടെ കണ്ടെത്തിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച്് റിപ്പോര്‍ട്ട് തയ്യാറാക്കി. റിപ്പോര്‍ട്ട് മൂന്നുമണിക്കൂറിലധികം സമയമെടുത്ത് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ചു. റിപ്പോര്‍ട്ടിന്മേല്‍ 14 ജില്ലകളില്‍നിന്നായി വന്ന ഏരിയ സെക്രട്ടറിമാരും ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളും ഗ്രൂപ്പുകളായി ചര്‍ച്ച നടത്തി. ഗ്രൂപ്പുകളില്‍നിന്ന് ആരെല്ലാം സംസാരിക്കണമെന്ന് തീരുമാനിച്ചു. അങ്ങനെ ചുമതലപ്പെടുത്തപ്പെട്ടവര്‍ ഏഴു മണിക്കൂര്‍ സമയമെടുത്ത് ജില്ലാഗ്രൂപ്പുകളുടെ ഗ്രൂപ്പുയോഗങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞുവന്ന അഭിപ്രായം അവതരിപ്പിച്ചു. ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ട സംശയങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സെക്രട്ടറി മറുപടി പറഞ്ഞു. അതോടെ പ്ലീനം സമാപിച്ചു. സമാപനത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയുടെ നാനാഭാഗങ്ങളില്‍ നിന്നുവന്ന രണ്ടുലക്ഷം പാര്‍ടി അംഗങ്ങളും അനുയായികളും അനുഭാവികളും സ്റ്റേഡിയം ഗ്രൗണ്ടില്‍ എ കെ ജി നഗറില്‍ എത്തിച്ചേര്‍ന്നു. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ള പാര്‍ടി നേതാക്കള്‍ പടുകൂറ്റന്‍ റാലിയില്‍ സംസാരിച്ചു. പാലക്കാട് പ്ലീനം പാര്‍ടി ചരിത്രത്തില്‍ അവിസ്മരണീയമായ അധ്യായമായിരിക്കും.

പാര്‍ടിയെ നിരന്തരം എതിര്‍ത്തുകൊണ്ടിരിക്കുന്ന; നുണപ്രചാരം നടത്തിക്കൊണ്ടിരിക്കുന്ന പാര്‍ടി ശത്രുക്കളെ അമ്പരിപ്പിക്കുന്നതായി പ്ലീനവും റാലിയും. തികച്ചും ആരോഗ്യകരമായ ചര്‍ച്ചയാണ് പ്ലീനത്തില്‍ നടന്നത്. പാര്‍ടിയുടെ അടിത്തറയും ബഹുജന സ്വാധീനവും വിപുലപ്പെടുത്താനും പാര്‍ടി സംഘടന കെട്ടുറപ്പുള്ളതും തികഞ്ഞ അച്ചടക്കമുള്ളതും സമരശേഷിയുള്ളതുമായ ഒന്നാക്കി മാറ്റാന്‍ പ്ലീനം സഹായിച്ചു എന്നതില്‍ സംശയമില്ല. അതിമഹത്തായ സന്ദേശമാണ് പാലക്കാട് പ്ലീനം പാര്‍ടി പ്രവര്‍ത്തകര്‍ക്കും ബഹുജനങ്ങള്‍ക്കും നല്‍കിയത്. പാര്‍ടിയില്‍ പ്രതീക്ഷയര്‍പ്പിച്ച ജനകോടികള്‍ക്ക് ആവേശവും ആത്മവിശ്വാസവും നല്‍കുന്നതാണ് ആ സന്ദേശം. ബൂര്‍ഷ്വാ മാധ്യമങ്ങളില്‍ ഭൂരിപക്ഷവും പാര്‍ടിയുടെ മഹത്വം മറച്ചുവയ്ക്കാനുള്ള നുണപ്രചാരണങ്ങളാണ് കെട്ടഴിച്ചുവിട്ടത്. അത് സ്വാഭാവികമാണ്. അതവരുടെ അജന്‍ഡയാണ്. അതില്‍ ഞങ്ങള്‍ക്ക് തെല്ലും പരിഭ്രാന്തിയോ പരിഭവമോ ഇല്ല. അവരുടെ നിഷേധാത്മകമായ പ്രചാരവേല ഞങ്ങള്‍ക്ക് ഗുണംചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. തല്‍ക്കാലത്തേക്കെങ്കിലും ലാവ്ലിന്‍ വിഷയം മാറ്റിവച്ച് ഇരുമ്പയിര് ഖനന വിഷയം ഏറ്റെടുക്കാനാണ് മാധ്യമങ്ങളുടെ തീരുമാനമെന്ന് വ്യക്തമായിക്കഴിഞ്ഞു. എളമരം കരീം എല്‍ഡിഎഫ് ഭരണകാലത്ത് വ്യവസായമന്ത്രിയെന്ന നിലയില്‍ ശോഭിച്ച, കേരളത്തിലെ പൊതുമേഖലയെ സംരക്ഷിച്ച മന്ത്രിയാണ്. പാര്‍ടിയുടെയും കരീമിന്റെയും പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാന്‍ ഇരുമ്പയിര് ഖനന വിഷയം ഫലപ്രദമായ ഉപകരണമാണെന്നാണ് അവര്‍ ധരിച്ചുവശായിരിക്കുന്നത്. ലാവ്ലിന്‍പോലെ ഇരുമ്പയിരും കാറ്റുപോയ ബലൂണായിരിക്കുമെന്ന് തല്‍പ്പരകക്ഷികളെ ഞങ്ങളോര്‍മിപ്പിക്കുന്നു. ഇരുമ്പയിര് ഖനനം ചെയ്യാനോ, സര്‍വേ നടത്താനോ സംസ്ഥാന സര്‍ക്കാരിനോ, സംസ്ഥാന വ്യവസായമന്ത്രിക്കോ അധികാരമില്ല. കേന്ദ്രസര്‍ക്കാരാണ് അനുവാദം നല്‍കേണ്ടത്.

2009 ഒക്ടോബര്‍ ഒമ്പതിന് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ 5/46/2009 ഉത്തരവാണ് ഇരുമ്പയിര് ഖനനത്തിനായി ചക്കിട്ടപ്പാറയിലെ ഭൂമി 30 വര്‍ഷത്തേക്ക് എംഎസ്ഡിഎല്‍ എന്ന കമ്പനിക്ക് പാട്ടത്തിന് നല്‍കിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ കമ്പനിക്ക് സര്‍വേ നടത്താനുള്ള കാലാവധി രണ്ടുവര്‍ഷത്തേക്ക് നീട്ടിക്കൊടുത്തിട്ടുണ്ട്. കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാരിന്റെ ഉത്തരവും മറച്ചുവച്ചാണ് എളമരം കരീമിനെതിരെയുള്ള കുതിരകയറ്റം. അതുകൊണ്ടാന്നും പാര്‍ടിയുടെയോ പ്ലീനത്തിന്റെയോ സൂര്യശോഭയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ കഴിയില്ലെന്ന് തല്‍പ്പരകക്ഷികളെ ഓര്‍മിപ്പിക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്തുന്നു. പ്ലീനം മഹത്തായ വിജയമാക്കി മാറ്റിയ എല്ലാവരെയും അനുമോദിക്കാന്‍ ഈ അവസരം ഞങ്ങളുപയോഗിക്കുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം

ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ധൃതിപിടിച്ച് നടപ്പാക്കരുത്

കേരളത്തിലെ മലയോരങ്ങളിലെ ജനജീവിതത്തെ സംരക്ഷിച്ചും അവരെ വിശ്വാസത്തിലെടുത്തും മാത്രമേ ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാവൂ എന്ന് സിപിഐ എം സംസ്ഥാന പ്ലീനം ആവശ്യപ്പെട്ടു. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണത്തില്‍ പശ്ചിമഘട്ട സംരക്ഷണത്തിന് സുപ്രധാന സ്ഥാനമുണ്ട്. കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പ് ജനങ്ങളുടെ കുടിവെള്ളം സംരക്ഷിക്കുന്നതിനും മറ്റ് ജീവിതോപാധികളും നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ ആ കടമ കേരളജനത ഏറ്റെടുക്കേണ്ടതുണ്ട്.

ജയറാം രമേശ് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രിയായിരുന്ന കാലത്താണ് പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് പഠനം നടത്താന്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായി കമ്മിറ്റിയെ നിയോഗിച്ചത്. പശ്ചിമഘട്ട പ്രദേശത്തെ സംസ്ഥാന സര്‍ക്കാരുകള്‍, ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവരോടൊന്നും ചര്‍ച്ച നടത്താതെയാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ ഏതാനും വ്യക്തികളും ഉദ്യോഗസ്ഥരും മാത്രം കൈകാര്യം ചെയ്യേണ്ടതല്ല. മനുഷ്യജീവിതത്തിന്റെ നാനാവശങ്ങള്‍ കൈകാര്യംചെയ്യുന്ന എല്ലാ മേഖലയില്‍നിന്നുമുള്ള വിദഗ്ധരും ഇത്തരം പഠനം നടത്താന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റികളിലുണ്ടാവണം. ജനപ്രതിനിധികളുമായും സംസ്ഥാന-പ്രാദേശിക സര്‍ക്കാരുകളുമായും ചര്‍ച്ച നടത്തണം. ഇത്തരത്തില്‍ പരിസ്ഥിതി സംരക്ഷിക്കുന്നതിനു പകരം ഉദ്യോഗസ്ഥ മേധാവിത്വപരമായ സമീപനമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായത്. പശ്ചിമഘട്ട സംരക്ഷണത്തിന് എന്ന പേരില്‍, കേരളത്തിലെ കര്‍ഷക താല്‍പ്പര്യങ്ങളെ പരിഗണിക്കാതെ സമര്‍പ്പിക്കപ്പെട്ട മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ വലിയ എതിര്‍പ്പ് ഉയര്‍ന്നുവന്നു. തുടര്‍ന്ന് ഈ പോരായ്മകള്‍ പരിഹരിക്കുന്നതിനുതകുന്ന നിര്‍ദേശങ്ങള്‍ നല്‍കാനാണ് കസ്തൂരിരംഗന്‍ സമിതിയെ കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍നിന്ന് വ്യത്യസ്തമായതും പല കാര്യങ്ങളിലും വിരുദ്ധമായതുമായ ഒരു റിപ്പോര്‍ട്ടാണ് കസ്തൂരി രംഗന്‍ കമ്മിറ്റി സമര്‍പ്പിച്ചത്. ഈ രണ്ട് റിപ്പോര്‍ട്ടും എല്ലാ മേഖലയില്‍നിന്നുമുള്ള വിദഗ്ധരുമായും ജനപ്രതിനിധികളുമായും പ്രാദേശിക-സംസ്ഥാന സര്‍ക്കാരുകളുമായും ചര്‍ച്ചചെയ്തശേഷംമാത്രമേ അംഗീകരിക്കാന്‍ പാടുള്ളൂ. ഏകപക്ഷീയമായി റിപ്പോര്‍ട്ട് നടപ്പാക്കിയ കേന്ദ്രസര്‍ക്കാരിനു മുമ്പില്‍ സംസ്ഥാന താല്‍പ്പര്യങ്ങള്‍ എത്തിക്കുന്നതില്‍ കേരളത്തിലെ ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതുകൊണ്ടുതന്നെ മറ്റു സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച ഇളവുകള്‍ കേരളത്തിന് ലഭിച്ചില്ല. ഇത്തരമൊരു പരിതഃസ്ഥിതിയിലാണ് ബഹുജനങ്ങള്‍ വലിയ തോതില്‍ ഈ റിപ്പോര്‍ട്ടിനെതിരെ അണിനിരന്നത്.

കേരള സര്‍ക്കാര്‍ വൈകിമാത്രം നിയോഗിച്ച സമിതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പുതന്നെ കേന്ദ്രസര്‍ക്കാര്‍ കസ്തൂരിരംഗന്‍ ശുപാര്‍ശകള്‍ നടപ്പാക്കി. സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ നിലനില്‍പ്പിനെ പാടേ തകര്‍ക്കുന്ന ഈ സ്ഥിതിയെ പ്രതിരോധിക്കാന്‍ യുഡിഎഫിന്റെ 16 എംപിമാര്‍ക്കോ 8 കേന്ദ്രമന്ത്രിമാര്‍ക്കോ കേന്ദ്രസര്‍ക്കാരില്‍ ഒരു സ്വാധീനവും ചെലുത്താന്‍ കഴിഞ്ഞില്ല. പതിനായിരക്കണക്കിന് കര്‍ഷക-കുടിയേറ്റ കുടുംബങ്ങളുടെ ജീവിതവും നിലനില്‍പ്പും ആശങ്കയുടെ മുള്‍മുനയിലാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് യുഡിഎഫിന് ഒഴിഞ്ഞുമാറാനായില്ല. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വിജ്ഞാപനം ഇറക്കിയശേഷം ജനങ്ങളുടെ ആശങ്ക ദൂരീകരിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ജനങ്ങളെ വഞ്ചിക്കലാണ്.

സംസ്ഥാനത്തെ 123 വില്ലേജുകളെയാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ നിയന്ത്രണങ്ങള്‍ പ്രധാനമായും ബാധിക്കുക. ഇടുക്കി, വയനാട് ജില്ലകളിലെ ഭൂരിപക്ഷം പ്രദേശങ്ങളെയും ബാധിക്കും. കസ്തൂരി രംഗന്റെ റിപ്പോര്‍ട്ടില്‍ പ്രകൃതിലോല പ്രദേശങ്ങള്‍ക്കകത്ത് ജനങ്ങള്‍ ഏറെയുള്ള മേഖലകള്‍പോലും ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട് എന്ന വിമര്‍ശവും ശക്തമാണ്. അതുകൊണ്ടുതന്നെ ആ മേഖലയിലെ ജനങ്ങളുടെ ജീവിതം വഴിമുട്ടും എന്ന ആശങ്ക വ്യാപകമായി വന്നിട്ടുണ്ട്. അതേ അവസരത്തില്‍ പശ്ചിമഘട്ടം സംരക്ഷിക്കുക എന്നത് മര്‍മപ്രധാനമായി കണ്ട് കേരളത്തിന്റെ സാമൂഹ്യസവിശേഷതകളും ജനസംഖ്യാപരമായ പ്രത്യേകതകളും കണക്കിലെടുത്തുള്ള പ്രായോഗിക പദ്ധതികള്‍ ആവിഷ്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. നിലവിലുള്ള പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക എന്നതും പ്രധാനമാണ്. അതിനായുള്ള ജനകീയ പ്രസ്ഥാനം രൂപപ്പെടുത്താന്‍ സഹായിക്കുന്ന വിധത്തില്‍ പശ്ചിമഘട്ട സംരക്ഷണ ചര്‍ച്ച മാറ്റിയെടുക്കേണ്ടതുണ്ട്. അല്ലാതെ, ജനങ്ങളുമായി യുദ്ധപ്രഖ്യാപനം നടത്തി ധൃതിപിടിച്ച് റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള നീക്കം കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍മാത്രമേ സഹായിക്കുകയുള്ളൂ.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ സംബന്ധിച്ച് സമവായമുണ്ടാക്കുന്നതുവരെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം മരവിപ്പിക്കണം. പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ ജീവിതവും ഉറപ്പുവരുത്തുന്ന തരത്തിലുള്ള നിലപാടുകളില്‍ ഉറച്ചുനിന്ന് ഈ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആശങ്കകള്‍ പരിഹരിച്ച് പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ ജനങ്ങളുടെ പങ്കാളിത്തംകൂടി ഉറപ്പുവരുത്തിക്കൊണ്ടുള്ള ശാസ്ത്രീയ പദ്ധതികളാണ് രൂപപ്പെടേണ്ടത്. ഇത്തരം പദ്ധതികള്‍ രൂപീകരിക്കപ്പെടുന്നതുവരെ ധൃതിപിടിച്ച് തീരുമാനങ്ങളെടുക്കരുത്. ഈ റിപ്പോര്‍ട്ടുകള്‍ ഒരു വിദഗ്ധസമിതിയുടെ ഉചിതമായ പരിശോധനയ്ക്ക് വിധേയമാക്കി ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കിമാത്രമേ നടപ്പാക്കാവൂ. അതിനുപകരം ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള ഇടപെടലുകളില്‍നിന്ന് സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണം.

വര്‍ഗീയശക്തികളെ ഒറ്റപ്പെടുത്തുക

രാജ്യത്തിന്റെ ഐക്യത്തിനും മതനിരപേക്ഷതയ്ക്കുമെതിരെ കടുത്ത വെല്ലുവിളിയാണ് വര്‍ഗീയശക്തികള്‍ ഉയര്‍ത്തുന്നത്. മുതലാളിത്ത- നാടുവാഴിത്ത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന നയം അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഭരണത്തിന്, ജനങ്ങളുടെ അഭിലാഷം നിറവേറ്റാനായില്ല. ഭരണവര്‍ഗ രാഷ്ട്രീയ നേതൃത്വം വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്. ആര്‍എസ്എസ് നേതൃത്വത്തിലുള്ള സംഘപരിവാര്‍ ശക്തികള്‍ ഹിന്ദുരാഷ്ട്ര മുദ്രാവാക്യമുയര്‍ത്തിയാണ് വര്‍ഗീയ അജന്‍ഡ മുന്നോട്ടുവയ്ക്കുന്നത്. സംഘപരിവാറിന്റെ ഹീന നീക്കങ്ങളെ ചെറുക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് കഴിഞ്ഞില്ല.

2003 ല്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടന്ന മുസ്ലിം കൂട്ടക്കൊല രാജ്യത്തിന് എക്കാലത്തേക്കുമുള്ള അപമാനമായി. ഭീതിയിലായ മുസ്ലിം ജനതയില്‍ ഒരുവിഭാഗത്തെ തീവ്രവാദികളാക്കാന്‍ സംഘടിതശ്രമം നടന്നു. മുസ്ലിം യുവാക്കളില്‍ തീവ്രവാദവും ഭീകരവാദവും വളര്‍ന്നുവന്നത് ഈ സാഹചര്യത്തിലാണ്. എന്‍ഡിഎ ഭരണം 2004 ല്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞു. ഇടതുപക്ഷ പാര്‍ടികള്‍ കൈക്കൊണ്ട നിലപാടാണ് ഇത് സാധ്യമാക്കിയത്. ജനവിരുദ്ധനയങ്ങള്‍ യുപിഎ സര്‍ക്കാരിനെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തിയ സാഹചര്യം ഉപയോഗിച്ച്, വീണ്ടും അധികാരത്തിലേറാന്‍ ബിജെപി നേതൃത്വത്തില്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുകയാണ്. തീവ്രഹിന്ദുത്വ നിലപാടുയര്‍ത്തി നരേന്ദ്രമോഡിയെ മുന്‍നിര്‍ത്തി വര്‍ഗീയത ആളിക്കത്തിച്ച് ഭൂരിപക്ഷം നേടാനാണവര്‍ ശ്രമിക്കുന്നത്. രാമജന്മഭൂമി പ്രശ്നം, കശ്മീരിന്റെ പ്രത്യേക പദവി, ഏക സിവില്‍ കോഡ്, ഗോവധം തുടങ്ങിയ പ്രശ്നങ്ങള്‍, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കാനാണ് ബിജെപിയുടെ തീരുമാനം. ഇതിനാകെ നേതൃത്വം നല്‍കുന്നത് ആര്‍എസ്എസ് ആണ്. വിവിധ ഭഭീകരാക്രമണങ്ങളെത്തുടര്‍ന്ന്, എല്ലാറ്റിനും ഉത്തരവാദികള്‍ മുസ്ലിങ്ങളാണെന്ന പ്രചാരണം സംഘപരിവാര്‍ നടത്തുന്നു. പല സംഭവങ്ങളിലും നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ പ്രതികളാക്കി ജയിലിലടച്ചു. ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാന്‍ മതനിരപേക്ഷതയെ ശക്തിപ്പെടുത്തുന്നതിനു പകരം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരെ വര്‍ഗീയ-തീവ്രവാദ സംഘടനകളില്‍ അണിനിരത്താന്‍ സംഘടിതമായ ശ്രമം നടക്കുന്നു.

എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളാണ് ഇത്തരം വിനാശകരമായ പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയില്‍. ആര്‍എസ്എസ് ഉയര്‍ത്തുന്ന ഹിന്ദുരാഷ്ട്രവാദം പോലെതന്നെ എതിര്‍ക്കപ്പെടേണ്ടതാണ് ജമാഅത്തെ ഇസ്ലാമിയുടെ മതാധിഷ്ഠിത രാഷ്ട്രസങ്കല്‍പ്പം. വര്‍ഗീയത, വര്‍ഗ ഐക്യം തകര്‍ക്കുന്നതാണ്. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന അധ്വാനിക്കുന്ന വര്‍ഗത്തിന്റെ ഐക്യപോരാട്ടത്തെ തകര്‍ക്കലാണ് വര്‍ഗീയതയുടെ ലക്ഷ്യം. എല്ലാത്തരം വര്‍ഗീയതയെയും ചെറുത്തുതോല്‍പ്പിക്കാനാവണം. മതനിരപേക്ഷ സംസ്കാരം ശക്തിപ്പെടുത്താന്‍, അധ്വാനിക്കുന്ന ജനവിഭാഗങ്ങളെയും പുരോഗമനശക്തികളെയും യോജിപ്പിച്ച് അണിനിരത്താന്‍ എല്ലാവരും രംഗത്തിറങ്ങണം.

*
ദേശാഭിമാനി

കാര്‍ഷികമേഖലയെ സംരക്ഷിക്കുക

സിപിഐ എം സംസ്ഥാന പ്ലീനം അംഗീകരിച്ച പ്രമേയം

കേരളത്തിന്റെ കാര്‍ഷികമേഖലയെ തകര്‍ക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ തിരുത്തണമെന്ന് സിപിഐ എം സംസ്ഥാന പ്ലീനം ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ തുടരുന്ന ആഗോളവല്‍ക്കരണനയങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ ഗുരുതര പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. കാര്‍ഷികരംഗത്ത് നിലവിലുണ്ടായിരുന്ന സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുക എന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ആ നയം അതേപോലെ നടപ്പാക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ കാര്‍ഷികമേഖലയെ മരുപ്പറമ്പാക്കി.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഘട്ടത്തിലാണ് കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ നടമാടിയിരുന്ന ആത്മഹത്യ ഇല്ലാതാക്കിയത്. കൃഷിക്കാരില്‍ ആത്മവിശ്വാസമുണ്ടാക്കി കാര്‍ഷികമേഖലയെ മുന്നോട്ടുകൊണ്ടുപോയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയങ്ങളെ തകര്‍ക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. യുഡിഎഫ് അധികാരത്തിലെത്തിയശേഷം അറുപതോളം കര്‍ഷകര്‍ ആത്മഹത്യചെയ്തു. കൃഷിക്കാര്‍ക്ക് പലിശരഹിത വായ്പകള്‍ നല്‍കുന്നത് സര്‍ക്കാര്‍ അവസാനിപ്പിച്ചത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. കാര്‍ഷിക കടാശ്വാസകമീഷന്റെ പ്രവര്‍ത്തനത്തെ സര്‍ക്കാര്‍ നിര്‍ജീവമാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന തണ്ണീര്‍ത്തട സംരക്ഷണ നിയമത്തെതന്നെ ഇല്ലാതാക്കി. കുട്ടനാട്, ഇടുക്കി, വയനാട് പാക്കേജുകളെയും അവതാളത്തിലാക്കിയിരിക്കുകയാണ്. മലയോര കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നതും യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. കാര്‍ഷികമേഖലയ്ക്കുള്ള നീക്കിവയ്പ് പടിപടിയായി കുറഞ്ഞ് 12-15 ശതമാനത്തില്‍ എത്തി. ഇതില്‍തന്നെ പകുതിയോളം തുക പഞ്ചായത്ത് പദ്ധതികളുടെ ഭാഗമായാണ് ചെലവാക്കിയിരുന്നത്. 30 ശതമാനം പദ്ധതിവിഹിതം ഉല്‍പ്പാദനമേഖലയ്ക്കു ചെലവഴിക്കണമെന്ന നിബന്ധന എടുത്തുമാറ്റിയതോടെ ഈ വര്‍ഷം ഏതാണ്ട് അഞ്ചുശതമാനം പദ്ധതിപ്പണം മാത്രമാണ് പഞ്ചായത്തുകള്‍ കാര്‍ഷികമേഖലയ്ക്കായി മാറ്റിവച്ചത്. കേന്ദ്രസര്‍ക്കാര്‍ ഒപ്പിട്ടുകൊണ്ടിരിക്കുന്ന ആഗോളകരാറുകള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയാണ്. രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് നിയന്ത്രണങ്ങളില്ലാതെ മറ്റു രാജ്യങ്ങളില്‍നിന്ന് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നു. നാണ്യവിളകളെ ആസ്പദമാക്കി നില്‍ക്കുന്ന കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ ഇത് വലിയ പ്രതിസന്ധിയുണ്ടാക്കി. ആസിയന്‍ കരാര്‍ നമ്മുടെ സമ്പദ്ഘടനയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് നേരത്തെതന്നെ പാര്‍ടി മുന്നറിയിപ്പ് നല്‍കിയതാണ്.

കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പ്പാദനച്ചെലവുമായി താരതമ്യപ്പെടുത്തിയാല്‍ വില ഏറെ കുറവാണ്. കാര്‍ഷികമേഖലയിലെ നിക്ഷേപത്തില്‍ കുറവുണ്ടാകുന്നത് കര്‍ഷകത്തൊഴിലാളികളുടെ ജീവിതത്തെയും ബാധിച്ചിരിക്കുകയാണ്. ഇന്ത്യയിലെ മൊത്തം റബര്‍ ഉല്‍പ്പാദനത്തിന്റെ 87.3 ശതമാനവും കേരളത്തില്‍നിന്നാണ്. റബറിന്റെ വിലയിടിവ് കേരളത്തിന്റെ തന്നെ ഒരു തനതായ പ്രശ്നം എന്ന നിലയിലാണ് രൂപപ്പെടുന്നത്. ഈ ഘട്ടത്തിലാണ് കേരളത്തില്‍നിന്നുള്ള മന്ത്രിമാരുടെ ഇടപെടലും സമ്മര്‍ദവും കൂടുതല്‍ ആവശ്യമായി വരുന്നത്. ഇക്കാര്യത്തില്‍ അനങ്ങാപ്പാറനയമാണ് ഉണ്ടായിട്ടുള്ളത്. 2013 ജൂലൈവരെ 1,60,000 ടണ്‍ റബര്‍ ഇറക്കുമതിചെയ്തു. 2013 ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതിച്ചുങ്കം 13.5 ശതമാനമാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ ഉയര്‍ന്നുവന്ന കര്‍ഷകരോഷത്തിന്റെ ഫലമായി 20 ശതമാനമോ അല്ലെങ്കില്‍ ഇരുപത് രൂപയോ ഇതിലേതാണ് കൂടുതലെങ്കില്‍ അത് ഒരു കിലോയ്ക്ക് ചുമത്തുമെന്ന് പ്രഖ്യാപിച്ചതാണ്. എന്നാല്‍, സര്‍ക്കാര്‍ ഇത് 20 രൂപയാക്കി നിജപ്പെടുത്തുകയാണ് ചെയ്തത്. 20 ശതമാനമാണെങ്കില്‍ അത് 34 രൂപയായിരിക്കും. ഇതിലൂടെ ഇന്ത്യാഗവണ്‍മെന്റ് ടയര്‍ലോബിക്ക് വിടുപണിയും റബര്‍ കര്‍ഷകര്‍ക്ക് ഇരുട്ടടിയുമാണ് നല്‍കിയത്. വന്‍കിട ടയര്‍ കമ്പനികള്‍ ചുരുങ്ങിയ ചുങ്കത്തില്‍ റബര്‍ ഇറക്കുമതിചെയ്ത് കുന്നുകൂട്ടിയതിന്റെ ഫലമായി ചെറുകിട- ഇടത്തരം വ്യാപാരികളില്‍നിന്ന് വന്‍കിട വ്യാപാരികള്‍ റബര്‍ സംഭരിക്കുന്നില്ല. ഇത് ഗുരുതരമായ പ്രത്യാഘാതം റബര്‍ കര്‍ഷകരില്‍ ഉണ്ടാക്കും. ആസിയന്‍ കരാര്‍ വന്നാലും റബറിനെ സംരക്ഷണപ്പട്ടികയില്‍ ഉള്‍പ്പെടുത്തി കേരളത്തിലെ റബര്‍ കര്‍ഷകരെ രക്ഷിക്കുമെന്നാണ് കോണ്‍ഗ്രസ് എംപിമാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഇന്ന് വ്യവസായ പ്രമുഖരെയും ടയര്‍ ലോബികളെയും പ്രീണിപ്പിക്കുന്ന നയമാണ് നടത്തുന്നത്.

പ്രതിസന്ധി മറികടക്കാന്‍ റബര്‍ ബോര്‍ഡും സംസ്ഥാനസര്‍ക്കാരും ഉടന്‍ ഇടപെടണം. റബറിന്റെ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കണം. വ്യാപാരികള്‍ റബര്‍ സംഭരിക്കാത്ത സ്ഥിതിക്ക് മാന്യമായ വിലയ്ക്ക് റബര്‍ ബോര്‍ഡ് ആര്‍പിഎസ് മുഖേന സംഭരിക്കണം. കാര്‍ഷികമേഖല ശക്തിപ്പെടണമെങ്കില്‍ കാര്‍ഷികോല്‍പ്പന്ന സംസ്കരണത്തിനും സംഭരണത്തിനുമുള്ള സംവിധാനം ഏര്‍പ്പെടുത്തേണ്ടതുണ്ട്. എന്നാല്‍, അക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഉണ്ടാകുന്നില്ല. രാജ്യത്തിനകത്തും പുറത്തുമുള്ള ഗവേഷണകേന്ദ്രങ്ങള്‍ കണ്ടെത്തുന്ന പുതിയ അറിവുകള്‍ ഈ രംഗത്തെ സംരംഭകര്‍ക്ക് ലഭ്യമാക്കുകയാണ് വേണ്ടത്. കേരളത്തിന്റെ കാര്‍ഷികമേഖലയെ ശക്തിപ്പെടുത്താന്‍ ഉതകുന്ന നടപടി സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവേണ്ടതുണ്ട്. കാര്‍ഷികമേഖലയുടെ അടിത്തറ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയത്തിനെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം.

*
ദേശാഭിമാനി

കൊള്ളയ്ക്ക് ആധാറും ആയുധമോ?

സാധാരണക്കാരന്റെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനുള്ള ശുഷ്കാന്തി കുപ്രസിദ്ധമാണ്. നിയമം സാധാരണക്കാരന്റെ രക്ഷയ്ക്കെത്തിയാല്‍ അത് മറികടന്നും ജനവിരുദ്ധനീക്കങ്ങളില്‍ ഉറച്ചുനില്‍ക്കുമെന്ന് കേന്ദ്രഭരണാധികാരികള്‍ പലകുറി തെളിയിച്ചിട്ടുണ്ട്. അത് അരക്കിട്ടുറപ്പിക്കുന്ന നടപടികളാണ് വിവിധ സാമ്പത്തികാനുകൂല്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് അടിച്ചേല്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത്. യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധതയെക്കുറിച്ച് എവിടെയെങ്കിലും അല്‍പ്പം സംശയം അവശേഷിച്ചിരുന്നെങ്കില്‍ അതുകൂടി നീക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് പെട്രോളിയം മന്ത്രാലയം നല്‍കിയ നിര്‍ദേശം പര്യാപ്തമായി. പാചകവാതക സബ്സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നടപടികളില്‍നിന്ന് പിന്തിരിയരുതെന്നും നടപടികളുമായി മുന്നോട്ടുപോകണമെന്നുമാണ് ഏറ്റവുമൊടുവിലത്തെ നിര്‍ദേശം. സുപ്രീംകോടതി ഉത്തരവ് മറികടന്നാണ് ഇതെന്നോര്‍ക്കണം. ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന രാജ്യത്തെ ഉന്നതനീതിപീഠത്തിന്റെ ഉത്തരവ് നിലനില്‍ക്കെയാണ് ജനങ്ങളെ ഏതുവിധേനയും പിഴിയാന്‍ കേന്ദ്രം വഴിതേടുന്നത്.

നവംബര്‍ മുപ്പതിനകം സബ്സിഡി എല്‍പിജി വിതരണത്തെ ആധാര്‍ നമ്പരുമായി ബന്ധപ്പെടുത്താന്‍ കേന്ദ്രം അന്ത്യശാസനം നല്‍കിയിരുന്നു. ഇങ്ങനെ ചെയ്യാത്ത ഉപയോക്താവിന് സബ്സിഡി നിഷേധിക്കുമെന്നും പ്രഖ്യാപിച്ചു. കേന്ദ്രനീക്കത്തിന്റെ ചുവടുപിടിച്ച് സബ്സിഡിയോടെയുള്ള എല്‍പിജി വിതരണം അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു എണ്ണക്കമ്പനികള്‍. ജനസംഖ്യയുടെ 25 ശതമാനത്തിലും താഴെപ്പേര്‍ക്കു മാത്രമാണ് ആധാര്‍ കാര്‍ഡ് ലഭ്യമായതെന്ന യാഥാര്‍ഥ്യം കേന്ദ്രം പരിഗണിക്കുന്നില്ല. 52 കോടി പേര്‍ കാര്‍ഡിനായി പേര് രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. ഇവര്‍ക്കെല്ലാം എന്ന് കാര്‍ഡ് ലഭിക്കുമെന്ന് ആര്‍ക്കും ഉറപ്പില്ല. ഈ സാഹചര്യമൊന്നും ആധാര്‍ കൂടിയേ തീരൂ എന്ന നിലപാടില്‍നിന്ന് കേന്ദ്രത്തെ പിന്തിരിപ്പിക്കുന്നില്ല. സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ച് ആധാര്‍ കാര്‍ഡ് തയ്യാറാക്കുന്നതിനെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. ആധാര്‍ പൗരന്റെ സ്വകാര്യതയിലുള്ള കടന്നുകയറ്റമാണെന്നും നിരീക്ഷിച്ചു. നിയമംമൂലമല്ലാതെ ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, കോണ്‍ഗ്രസ് നേതൃത്വമോ യുപിഎ സര്‍ക്കാരോ ഇതൊന്നും മുഖവിലയ്ക്കെടുക്കുന്നില്ല.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ആധാര്‍ നിയമനിര്‍മാണത്തിനുള്ള നീക്കത്തിലാണ് കേന്ദ്രം. ഇതില്‍ പ്രതീക്ഷയര്‍പ്പിച്ചാണ്, സബ്സിഡിയോടെ പാചകവാതകം വേണോ? എങ്കില്‍ ആധാര്‍ വേണമെന്ന കടുത്ത നിലപാടിലേക്ക് പെട്രോളിയം മന്ത്രാലയം നീങ്ങുന്നത്. ആധാര്‍ നിയമവിധേയമാക്കാന്‍ "നാഷണല്‍ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ" ബില്ലിന് കേന്ദ്രസര്‍ക്കാര്‍ രൂപംനല്‍കി കഴിഞ്ഞു. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി പരിഗണിച്ച ബില്‍ ഭേദഗതികളോടെ രാജ്യസഭയില്‍ അവതരിപ്പിക്കും. ഈ ബില്ലിലെ വ്യവസ്ഥകള്‍ നിരാകരിക്കുന്നതാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. എന്നിട്ടും സര്‍ക്കാരിന് കുലുക്കമില്ല. ശീതകാല സമ്മേളനത്തില്‍ത്തന്നെ ബില്‍ കൊണ്ടുവരുമെന്ന് ആസൂത്രണ കമീഷന്‍ വ്യക്തമാക്കിയതുമാണ്. ഗ്യാസ് സിലിന്‍ഡറിന് സബ്സിഡി കിഴിച്ച തുകയാണ് ഇപ്പോള്‍ ഉപയോക്താവ് ഏജന്‍സിക്ക് നല്‍കേണ്ടത്. ഇത് ശരാശരി 450 രൂപ വരും. പുതിയ നിബന്ധനയനുസരിച്ച് ഉപയോക്താവ് മുഴുവന്‍ തുകയും നല്‍കുമ്പോള്‍ ഗ്യാസ് വിലയ്ക്കു പുറമെ 12 ശതമാനമെന്ന തോതില്‍ നികുതിയും ഈടാക്കും. സര്‍ചാര്‍ജ്, ബാങ്ക് സര്‍വീസ് ചാര്‍ജ് എന്നിങ്ങനെ പലവിധത്തില്‍ പണം നല്‍കാന്‍ ഉപയോക്താവ് നിര്‍ബന്ധിതനാകും. പാചകവാതകത്തിന്റെ വിലവര്‍ധനയ്ക്കൊപ്പമാണ് ഈ അധികഭാരം അടിച്ചേല്‍പ്പിക്കല്‍. ഇതിനകം ആധാര്‍ ലിങ്ക് ചെയ്തവര്‍ക്ക് 50 രൂപ മുതല്‍ മുകളിലോട്ട് ഓരോ സിലിന്‍ഡറിനും അധികച്ചെലവ് വരുന്നതായാണ് അനുഭവം. സബ്സിഡികള്‍ ഒഴിവാക്കി എല്ലാം കമ്പോളശക്തികള്‍ക്ക് വിട്ടുകൊടുക്കുകയെന്ന നയത്തിന്റെ ഫലമാണ് ഇതെല്ലാം. നവ ഉദാരവല്‍ക്കരണനയങ്ങളുടെ പ്രത്യാഘാതമാണ് ഇത്. ആനുകൂല്യങ്ങളും അവകാശങ്ങളും എങ്ങനെ ലഭ്യമാക്കുമെന്നല്ല, അവ എങ്ങനെ നിഷേധിക്കാനാകുമെന്നാണ് ഭരണാധികാരികള്‍ തിരയുന്നത്. അതുകൊണ്ടാണ് എല്ലാവര്‍ക്കും ആധാര്‍ കാര്‍ഡ് നല്‍കുകപോലും ചെയ്യാതെ, സബ്സിഡി തരാന്‍ സാധ്യമല്ലെന്ന് എണ്ണക്കമ്പനികളെക്കൊണ്ട് സര്‍ക്കാര്‍ പറയിപ്പിക്കുന്നത്. അവകാശം നിഷേധിക്കാന്‍ ആധാറും ആയുധമാക്കുകയാണ് കേന്ദ്രം. ആധാര്‍ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം അതത് സംസ്ഥാനത്തിനാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ തുടങ്ങിയവയ്ക്കും പാചകവാതകത്തിനും അടിക്കടി വിലവര്‍ധിപ്പിക്കുന്ന ഘട്ടത്തിലെല്ലാം പേരിന് എതിര്‍പ്പ് പ്രകടിപ്പിക്കുകയും ആഗോളപ്രതിഭാസമെന്നു വിലപിച്ച് ജനങ്ങളെ കബളിപ്പിക്കുകയുമാണ് യുഡിഎഫ് സര്‍ക്കാരിന്റെ പതിവ്.

ആധാറുമായി ബന്ധപ്പെട്ട് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വ്യക്തമായ അഭിപ്രായം സംസ്ഥാനസര്‍ക്കാരില്‍ നിന്നുണ്ടാകണം. എല്‍പിജിക്കും വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കാന്‍ ഇനിയും വൈകിക്കൂട. ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതിയുടെ ആവര്‍ത്തിച്ചുള്ള നിര്‍ദേശങ്ങള്‍ പോലും അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണം. എന്നാല്‍, ഗ്യാസ് വില കൂടുന്നത് നേരിടാന്‍ മരം വച്ചുപിടിപ്പിക്കാന്‍ ഉപദേശിച്ച പ്രധാനമന്ത്രിയും വിശപ്പ് ഒരു തോന്നല്‍മാത്രമാണെന്ന് പ്രവചിച്ച കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും വിലക്കയറ്റം ആഗോളപ്രതിഭാസമായി വ്യാഖ്യാനിച്ച് സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്ന സംസ്ഥാനസര്‍ക്കാരും സാധാരണക്കാരന്റെ മുറവിളി കേള്‍ക്കുമെന്നു കരുതുന്നത് മൗഢ്യമായിരിക്കും. ഇക്കൂട്ടരെ തിരുത്തിക്കാന്‍ ശക്തമായ ബഹുജന ഇടപെടല്‍ ഉണ്ടാകുക തന്നെ വേണം.

*
ദേശാഭിമാനി മുഖപ്രസംഗം

കേരള രാഷ്ട്രീയം വഴിത്തിരിവില്‍

സിപിഐ എം സംസ്ഥാന പ്ലീനം അംഗീകരിച്ച പ്രമേയം

കേരള രാഷ്ട്രീയം നിര്‍ണായക വഴിത്തിരിവിലാണെന്ന് സിപിഐ എം സംസ്ഥാന പ്ലീനം ചൂണ്ടിക്കാട്ടുന്നു. വലതുപക്ഷ രാഷ്ട്രീയവും അതിന് നേതൃത്വം നല്‍കുന്ന ഐക്യജനാധിപത്യ മുന്നണിയും ശിഥിലമായിക്കൊണ്ടിരിക്കുന്നു. യുഡിഎഫ് നയങ്ങളോടും സര്‍ക്കാരിന്റെ നടപടികളോടും ജനങ്ങള്‍ കടുത്ത അമര്‍ഷത്തിലാണ്. സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നവര്‍ പോലും നിരാശയിലായി. യുഡിഎഫിലെ അനൈക്യം പരസ്യമായി പുറത്തുവന്നു. യുഡിഎഫ് ഈ നിലയില്‍ മുന്നോട്ടുപോകില്ല എന്ന് ഘടകകക്ഷികള്‍ പോലും പുറത്തുപറയുന്ന സ്ഥിതിയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെയാണ് കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയ മുന്നണി നേരിടുന്നത്. ഈ സാഹചര്യം എല്‍ഡിഎഫിലും അതിന്റെ ജനകീയ അടിത്തറയിലും വലിയ വികസനത്തിന് അവസരം നല്‍കുന്നതാണ്- കേരള രാഷ്ട്രീയ സ്ഥിതിഗതികള്‍ സംബന്ധിച്ച് പ്ലീനം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.

പ്രമേയത്തിന്റെ പൂര്‍ണ രൂപം:

യുഡിഎഫ് പിന്തുടരുന്നത് വിനാശകരമായ നവ ഉദാരവല്‍ക്കരണ നയങ്ങളാണ്. പാവപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതികളെല്ലാം തകരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ മാതൃകാപരമായ പൊതുവിതരണം താറുമാറായി. അവശ്യവസ്തുക്കളുടെ വില കുതിച്ചുയര്‍ന്നു. സര്‍ക്കാരിന്റെ ധനസഹായം കുറഞ്ഞതിനാല്‍ എല്ലാ പരമ്പരാഗത വ്യവസായങ്ങളും തകര്‍ന്നു. ഏറ്റവും ദരിദ്രരായ ജനങ്ങളാണ് ഈ മേഖലയെ ആശ്രയിച്ച് ജീവിച്ചിരുന്നത്. ഇറക്കുമതി ഉദാരവല്‍ക്കരണവും രാസവള വിലവര്‍ധനയുംമൂലം കാര്‍ഷികമേഖല വലിയ പ്രതിസന്ധിയിലാണ്. റബര്‍, കാപ്പി, ഏലം തുടങ്ങിയ നാണ്യവിളകളുടെയെല്ലാം വിലയിടിഞ്ഞു. നിയമന നിരോധനവും പുതിയ പദ്ധതികളുടെ അഭാവവും തൊഴിലില്ലായ്മ രൂക്ഷമാക്കി. പഠനം പൂര്‍ത്തിയായാല്‍ നാടുവിടുകയല്ലാതെ ഗത്യന്തരമില്ല എന്ന സ്ഥിതിവന്നു. ഭരണത്തിന്റെ എല്ലാ രംഗത്തും അഴിമതി പടര്‍ന്നു. കേന്ദ്രവും സംസ്ഥാനവും ഒരേ കക്ഷി ഭരിച്ചാല്‍ കേന്ദ്രസഹായം കൂടുതല്‍ കിട്ടുമെന്ന കോണ്‍ഗ്രസ് പ്രചാരണം അര്‍ഥശൂന്യമാണെന്ന് തെളിഞ്ഞു. എല്‍ഡിഎഫ് ഭരണകാലത്ത് കേന്ദ്രം അനുവദിച്ച പദ്ധതികള്‍പോലും യുഡിഎഫ് ഭരണത്തില്‍ നടപ്പായില്ല. കോച്ച് ഫാക്ടറി, വിഴിഞ്ഞം തുറമുഖം പോലുള്ള വന്‍കിട പദ്ധതികളും ഐഐടി പോലുള്ള സ്ഥാപനങ്ങളും വാഗ്ദാനത്തിലൊതുങ്ങി.

"എമര്‍ജിങ് കേരള"യിലൂടെ ഒരു നിക്ഷേപവും കൊണ്ടുവരാന്‍ സാധിച്ചില്ല. സ്മാര്‍ട്ട് സിറ്റി നിര്‍മാണപ്രവര്‍ത്തനം ആരംഭിച്ചില്ല. കേന്ദ്രസ്ഥാപനങ്ങള്‍ ഒന്നുപോലും നേടിയെടുക്കാനായില്ല. സംസ്ഥാനത്തെ റെയില്‍വേ വികസനവും മുരടിച്ചു. ഫലത്തില്‍ മുഴുവന്‍ കേരളീയരുടെയും പ്രതീക്ഷകള്‍ പൊലിഞ്ഞു. സൗരോര്‍ജ പദ്ധതിയുടെ പേരില്‍ കേരളത്തില്‍ നടന്ന കോടികളുടെ തട്ടിപ്പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലായിരുന്നു എന്ന വസ്തുത ഞെട്ടലോടെയാണ് സംസ്ഥാനത്തെ ജനങ്ങള്‍ ശ്രവിച്ചത്. കേരളചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും നേരിട്ടിട്ടില്ലാത്ത ആക്ഷേപത്തിന് ഉമ്മന്‍ചാണ്ടി ഇരയായി. വിവിധ തട്ടിപ്പു കേസുകളില്‍ പ്രതികളായി മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍പ്പെട്ടവര്‍ ജയിലിലടയ്ക്കപ്പെടുകയും പുറത്താക്കപ്പെടുകയും ചെയ്തു. തട്ടിപ്പിന് നേതൃത്വം കൊടുത്ത മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം മാത്രമല്ല, എല്ലാ ഭാഗത്തുനിന്നും ഉയര്‍ന്നു. കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഘടകകക്ഷികളും കോണ്‍ഗ്രസ് ദേശീയ നേതൃത്വവും ഉമ്മന്‍ചാണ്ടിയുടെ പോക്കില്‍ ഒളിഞ്ഞും തെളിഞ്ഞും അതൃപ്തി രേഖപ്പെടുത്തി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംസ്ഥാനത്തെ മലയോരവാസികളെ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയിലാക്കി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നിഷ്ക്രിയത്വമാണ് ഇങ്ങനെയൊരവസ്ഥ സൃഷ്ടിച്ചത്. കേരള താല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ച് വാദിക്കാനും ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്താനും സര്‍ക്കാര്‍ ഒന്നുംചെയ്തില്ല. ഉറ്റവരും ഉടയവരും തട്ടിപ്പുകേസുകളില്‍പ്പെട്ട ദുഃഖവും പേറി പുറത്തിറങ്ങാനാവാത്ത അവസ്ഥയിലായിരുന്നു മുഖ്യമന്ത്രി. മന്ത്രിമാരും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിയാലോചനകളും കൂട്ടുത്തരവാദിത്ത നിര്‍വഹണവും ഇല്ലാതായി. വനംവകുപ്പ് കൈവശംവയ്ക്കുന്ന മുഖ്യമന്ത്രി ഉത്തരവാദിത്തം മറന്നു. ഫലം, കേരളത്തിന്റെ മലയോരമേഖലയാകെ സംഘര്‍ഷഭരിതമായി.

യുഡിഎഫിന്റെ വര്‍ഗീയ പ്രീണനം സംസ്ഥാനത്തെ മതനിരപേക്ഷ സംസ്കാരത്തിന് കനത്ത ആഘാതമായി. നവോത്ഥാനകാലത്തെ മൂല്യങ്ങള്‍ തകര്‍ക്കാനും സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചിരുന്ന കാലത്തേക്ക് സംസ്ഥാനത്തെ തിരിച്ചുകൊണ്ടുപോകാനുമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ പിന്തിരിപ്പന്‍ ശക്തികള്‍ നടത്തുന്നത്. ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന ഹിന്ദു വര്‍ഗീയശക്തികള്‍, ഹിന്ദു ഏകീകരണം എന്ന മുദ്രാവാക്യവുമായി നടക്കുകയാണ്. മഹനീയമായ പില്‍ക്കാല പാരമ്പര്യമുള്ള ചില സംഘടനകളെയും വരുതിയിലാക്കാന്‍ ശ്രമിക്കുന്നു. നരേന്ദ്രമോഡിയുടെ കേരള സന്ദര്‍ശനം ഇത്തരം ശക്തികള്‍ക്ക് കരുത്തുപകരാനായിരുന്നു. പോപ്പുലര്‍ ഫ്രണ്ട്, എന്‍ഡിഎഫ്, ജമാഅത്തെ ഇസ്ലാമി പോലുള്ള മുസ്ലിങ്ങള്‍ക്കിടയിലെ തീവ്രവാദ-മൗലികവാദ സംഘടനകള്‍ മത ന്യൂനപക്ഷ സമുദായത്തെ മതനിരപേക്ഷ നിലപാടില്‍നിന്ന് വ്യതിചലിപ്പിക്കാനാണ് ശ്രമിക്കുന്നത്. കശ്മീര്‍ തീവ്രവാദികളുമായി കേരളത്തിലെ ചില ഗ്രൂപ്പുകള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയത് അത്യന്തം ഗൗരവതരമാണ്.

കേരള രാഷ്ട്രീയത്തില്‍ സ്വാധീനം നേടാന്‍ വികസന-പരിസ്ഥിതി പ്രശ്നങ്ങളെയും ഇക്കൂട്ടര്‍ ആയുധമാക്കുന്നു. റോഡ് വികസനത്തെ തടസ്സപ്പെടുത്തുന്ന സോളിഡാരിറ്റി, ജമാഅത്തെ ഇസ്ലാമിയുടെ യുവജനസംഘടനയാണ്. വികസന പിന്നോക്കാവസ്ഥയുടെ പേരില്‍ മലപ്പുറം ജില്ലാ ഹര്‍ത്താല്‍ ആചരിച്ചു. ഇപ്പോള്‍ അവികസിതാവസ്ഥയ്ക്ക് പരിഹാരം മലബാറിനെ ഒരു സംസ്ഥാനമാക്കലാണെന്ന് മാധ്യമം എഡിറ്ററായ ജമാഅത്തെ ഇസ്ലാമി നേതാവ് പരസ്യപ്രഖ്യാപനം നടത്തിയിരിക്കുകയാണ്. നൂറ്റാണ്ടുകളായി മതനിരപേക്ഷതയില്‍ ഉറച്ചുനിന്ന് ഇടതുപക്ഷവുമായി സഹകരിച്ചുപോന്ന മുസ്ലിം സമുദായത്തെ ആക്രമണസ്വഭാവമുള്ള കടുത്ത തീവ്രവാദികളാക്കി മാറ്റാനുള്ള സംഘടിത ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയ-തീവ്രവാദ ശക്തികളുടെ ആപല്‍ക്കരമായ ഈ നീക്കത്തിനെതിരെ മതനിരപേക്ഷതയില്‍ ഉറച്ചുനില്‍ക്കുന്ന എല്ലാ മതവിശ്വാസികളെയും ജനങ്ങളെ ആകെയും യോജിപ്പിച്ച് നിര്‍ത്തുക എന്നത് ഇടതുപക്ഷത്തിന്റെ മുഖ്യ കടമയായി മാറുകയാണ്.

അഞ്ചുവര്‍ഷത്തെ ഭരണശേഷം 2011 ല്‍ തെരഞ്ഞെടുപ്പിനെ നേരിട്ട എല്‍ഡിഎഫ് നേരിയ വ്യത്യാസത്തിനാണ് പരാജയപ്പെട്ടത്. ജനങ്ങളുടെ പ്രശ്നങ്ങളും സംസ്ഥാന താല്‍പ്പര്യങ്ങളും ഉയര്‍ത്തിപ്പിടിച്ചും യുഡിഎഫ് ഭരണത്തിലെ അഴിമതിക്കും തട്ടിപ്പുകള്‍ക്കുമെതിരായും നടത്തിയ പ്രക്ഷോഭങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ എല്‍ഡിഎഫിന്റെ സ്വാധീനം നല്ലനിലയില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. വരാന്‍പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് യുഡിഎഫ് നേതാക്കള്‍പോലും പറയാന്‍ മടിക്കുന്നില്ല. യുഡിഎഫ് ഭരണത്തില്‍ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട കേരളജനത എല്‍ഡിഎഫിനെയാണ് ഉറ്റുനോക്കുന്നത്. എല്‍ഡിഎഫിന് നേതൃത്വം നല്‍കുന്ന സിപിഐ എമ്മിനെ തകര്‍ക്കാന്‍ എല്ലാ കമ്യൂണിസ്റ്റുവിരുദ്ധ ശക്തികളും ചേര്‍ന്ന് സംഘടിതമായി നടത്തിയ ശ്രമങ്ങളും വിഫലമായി. പാര്‍ടിയെ ശിഥിലമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സംസ്ഥാന സെക്രട്ടറിയെ കള്ളക്കേസില്‍ കുടുക്കിയത്. സിബിഐയെയാണ് ഇതിന് ആയുധമാക്കിയത്. കോഴിക്കോട് ജില്ലയിലും കണ്ണൂര്‍ ജില്ലയിലും നടന്ന ചില കൊലപാതകങ്ങളെ ആയുധമാക്കി പാര്‍ടിയുടെ ഉന്നത നേതാക്കന്മാരെപ്പോലും കള്ളക്കേസുകളില്‍ കുടുക്കി ജയിലിലടച്ചു. പ്രസംഗത്തിന്റെ പേരില്‍പ്പോലും നേതാക്കള്‍ കേസില്‍ പ്രതിചേര്‍ക്കപ്പെടുന്ന സ്ഥിതിയുണ്ടായി. ഈ കേസുകളെ ആസ്പദമാക്കി ബൂര്‍ഷ്വാ മാധ്യമങ്ങളെ ഉപയോഗിച്ച് വര്‍ഗശത്രുക്കള്‍ കെട്ടിപ്പൊക്കിയ നുണയുടെ വന്മതില്‍ തകര്‍ന്നുവീണു. എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമായിരുന്നുവെന്ന് തെളിഞ്ഞതോടെ സൂര്യശോഭയില്‍ തിളങ്ങിനില്‍ക്കുകയാണ് നമ്മുടെ പ്രസ്ഥാനം.

ജനകീയപ്രശ്നങ്ങളെയും സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യത്തെയും ആസ്പദമാക്കി എല്‍ഡിഎഫ് നേതൃത്വത്തില്‍ ശക്തമായ ജനകീയ പ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയണം. നവ ഉദാരവല്‍ക്കരണ നയങ്ങളുടെ കെടുതികളില്‍പ്പെട്ട മുഴുവന്‍ ജനവിഭാഗങ്ങളെയും ഈ പ്രസ്ഥാനത്തില്‍ കൊണ്ടുവരണം. എല്ലാ രൂപത്തിലുമുള്ള മതതീവ്രവാദശക്തികളെയും ഒറ്റപ്പെടുത്തി, മതനിരപേക്ഷതയില്‍ താല്‍പ്പര്യമുള്ള മുഴുവന്‍ ജനങ്ങളെയും കൂട്ടിയോജിപ്പിക്കണം. സാമ്രാജ്യത്വ ധനമൂലധനശക്തികള്‍ക്ക് രാജ്യത്തെ അടിയറവയ്ക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന്റെ നയങ്ങളെയും അവയെ പിന്താങ്ങുകയും ഒപ്പം തീവ്ര ഹിന്ദുത്വവാദമുയര്‍ത്തി രാജ്യത്തെ ശിഥിലീകരിക്കാന്‍ ശ്രമിക്കുകയുംചെയ്യുന്ന സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള മതാധിഷ്ഠിത രാഷ്ട്രവാദക്കാരെയും ചെറുക്കാന്‍ താല്‍പ്പര്യമുള്ള എല്ലാ മതനിരപേക്ഷ ജനാധിപത്യശക്തികളെയും യോജിപ്പിച്ചണിനിരത്തുക എന്നതാവണം നമ്മുടെ അടിയന്തര കടമ. അത്തരം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് നാടിനെ സ്നേഹിക്കുന്ന മുഴുവന്‍ ജനതയും രംഗത്തിറങ്ങണമെന്ന് പ്ലീനം ആഹ്വാനംചെയ്യുന്നു.

*
ദേശാഭിമാനി

യുഡിഎഫിന്റെ നവഉദാര അജന്‍ഡ

കേരള വികസന മേഖലകളിലോരോന്നിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ രൂപംനല്‍കിയ നയസമീപനങ്ങളും പരിപാടികളും തിരുത്തി ആഗോളവല്‍ക്കരണ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിനാണ് കഴിഞ്ഞ രണ്ടരവര്‍ഷമായി യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. ഈ നടപടികളെ ദീര്‍ഘകാലത്തേക്കുള്ള ഒരു സമഗ്ര നവഉദാര അജന്‍ഡയായി രൂപപ്പെടുത്തുന്നതിനുള്ള പരിശ്രമമാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ "പദ്ധതി പരിപ്രേക്ഷ്യം 2030" എന്ന രേഖ. ഇടതുപക്ഷം മുന്നോട്ടുവച്ചതും കേരള സമൂഹത്തില്‍ പൊതുവില്‍ അംഗീകാരം നേടിവരുന്നതുമായ ജനകീയ വികസനകാഴ്ചപ്പാടിന് കടകവിരുദ്ധമാണ് യുഡിഎഫിന്റെ പരിപ്രേക്ഷ്യം.

സാമൂഹ്യ-ക്ഷേമ പുരോഗതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിന് പുതിയൊരു വികസന അജന്‍ഡ വേണമെന്ന ആവശ്യം മുന്നോട്ടുവച്ചത് സിപിഐ എമ്മായിരുന്നു. ഇതു മുന്‍നിര്‍ത്തിയാണ് ഇ എം എസിന്റെ നേതൃത്വത്തില്‍ 1994ല്‍ അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. കേരളത്തിന്റെ സാമൂഹ്യക്ഷേമ നേട്ടങ്ങളെ സംരക്ഷിച്ച് സാമ്പത്തികവളര്‍ച്ചയുടെ വേഗം എങ്ങനെ ഉയര്‍ത്താം എന്നാണ് ആ പഠന കോണ്‍ഗ്രസ് അന്വേഷിച്ചത്. ആയിരത്തിലധികം പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ട ഈ ബൃഹദ് സംവാദം രൂപംനല്‍കിയ വികസന അജന്‍ഡയായിരുന്നു 1996-2001 കാലത്തെ ജനകീയാസൂത്രണത്തിനും മറ്റു വികസന മുന്‍കൈകള്‍ക്കും പ്രേരകമായത്.

എണ്‍പതുകളുടെ അവസാനത്തോടെ കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയുടെ ഗതിവേഗം ഉയര്‍ന്നെന്ന പഠനങ്ങളും അക്കാലത്ത് പുറത്തുവന്നു. എഴുപതുകളിലെ നിശ്ചലാവസ്ഥയില്‍നിന്ന് എണ്‍പതുകളുടെ അവസാനംമുതല്‍ വളര്‍ച്ച ദേശീയ ശരാശരിയുടെ മുകളിലായി. പക്ഷേ, ഉപഭോക്തൃ സേവനങ്ങളെയും കെട്ടിട നിര്‍മാണത്തെയും ആസ്പദമാക്കിയായിരുന്നു ഈ വളര്‍ച്ച. ഉല്‍പ്പാദനമേഖലകളിലെ മുരടിപ്പ് തുടര്‍ന്നു. അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു. ഈ ദൗര്‍ബല്യം മറികടക്കാനുള്ള അന്വേഷണമായിരുന്നു 2005ലെ രണ്ടാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ്. ഈ പഠന കോണ്‍ഗ്രസ് ഒരു ദശാബ്ദംമുമ്പ് രൂപംനല്‍കിയ വികസനകാഴ്ചപ്പാടിനെ ആഗോളവല്‍ക്കരണ കാലഘട്ടത്തിലെ പ്രതിബന്ധങ്ങള്‍കൂടി കണക്കിലെടുത്ത് കൂടുതല്‍ സമഗ്രമാക്കി: വിജ്ഞാനാധിഷ്ഠിതവും സേവന പ്രധാനവും വൈദഗ്ധ്യത്തിലൂന്നിയതും മൂല്യവര്‍ധിതവുമായ വ്യവസായനാളിലേക്ക് നാം തിരിയണം. ഈ ചുവടുമാറ്റത്തിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ എത്രയുംവേഗം സൃഷ്ടിക്കണം. അതോടൊപ്പം കൃഷിയെയും പരമ്പരാഗത മേഖലകളെയും നവീകരിക്കുകയും ഇവിടങ്ങളില്‍ പണിയെടുക്കുന്നവര്‍ക്ക് സമ്പൂര്‍ണ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും വേണം. പൊതുമേഖലയെ ശക്തിപ്പെടുത്തണം. വികസന പ്രക്രിയ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാകണം. സ്ത്രീനീതി ഉറപ്പുവരുത്തണം. പൊതുവിദ്യാഭ്യാസ- ആരോഗ്യാദി സംവിധാനങ്ങളെ സംരക്ഷിക്കണം. ദാരിദ്ര്യത്തിന്റെ തുരുത്തുകള്‍ ഇല്ലാതാക്കണം. ഇതാണ് ഉരുത്തിരിഞ്ഞുവന്ന പുതിയ വികസനകാഴ്ചപ്പാട്. എന്നാല്‍, യുഡിഎഫിന്റെ "പദ്ധതി പരിപ്രേക്ഷ്യം 2030" സാമ്പത്തികവളര്‍ച്ചയുടെ അടിത്തറ പുതുക്കിപ്പണിയുന്നതിനുള്ള ഒറ്റമൂലിയായി കാണുന്നത് വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങളുടെ വാണിജ്യവല്‍ക്കരണമാണ്. സ്വാശ്രയ കോളേജുകളും സ്വകാര്യ ആശുപത്രികളും വളരുന്നുവെങ്കിലും മുഖ്യധാരാ ആരോഗ്യ-വിദ്യാഭ്യാസ സംവിധാനങ്ങളുടെ ലക്ഷ്യം പൊതുജനങ്ങളുടെ വിദ്യാഭ്യാസവും ആരോഗ്യവുമാണ്. ലോക കമ്പോളം ലക്ഷ്യമിട്ട് ഈ മേഖലകളെ അഴിച്ചുപണിയണമത്രേ. മറ്റു സംസ്ഥാനങ്ങളില്‍നിന്നും രാജ്യങ്ങളില്‍നിന്നും ഉള്ളവര്‍ ചികിത്സയ്ക്കും പഠനത്തിനും കേരളത്തെ ആശ്രയിക്കണം. അതിനുവേണ്ടി നമ്മുടെ വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങളെ അന്തര്‍ദേശീയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അഴിച്ചുപണിയുമെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. ഇതിനായി അഞ്ച് ആഗോള വിദ്യാഭ്യാസ-ആരോഗ്യ ഹബ്ബുകള്‍ സ്ഥാപിക്കും. ഈ കേന്ദ്രങ്ങളിലേക്ക് വിദേശ സര്‍വകലാശാലകളെയും ബഹുരാഷ്ട്ര ആരോഗ്യ കുത്തകകളെയും നാടന്‍ നിക്ഷേപകരെയും ആകര്‍ഷിക്കും. ഇവിടെ സ്ഥാപിക്കപ്പെടുന്ന സ്ഥാപനങ്ങളെ നിയമംവഴി ഇന്ന് നിലനില്‍ക്കുന്ന വിവിധങ്ങളായ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കും. എല്ലാ ജില്ലകളിലും ഈ ആഗോളകേന്ദ്രങ്ങളുടെ ഉപകേന്ദ്രങ്ങള്‍ തുറക്കും. അങ്ങനെ 2030 ആകുമ്പോഴേക്കും വിദ്യാഭ്യാസ-ആരോഗ്യ മേഖലകള്‍ വാണിജ്യാടിസ്ഥാനത്തില്‍ അതിവേഗം വളരുന്ന മേഖലകളായി മാറും.

പ്രതിവര്‍ഷം 10 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. ഇതുവഴി കേരളം വിജ്ഞാനസമൂഹമായി മാറും. ഇത് ഉല്‍പ്പാദനത്തുറകള്‍ക്ക് ഉത്തേജകമാകും. നാളിതുവരെ വിദ്യാഭ്യാസ- ആരോഗ്യ സംവിധാനങ്ങള്‍ സംബന്ധിച്ച് കേരളം പുലര്‍ത്തിപ്പോന്ന പുരോഗമന കാഴ്ചപ്പാടുകള്‍ക്ക് കടകവിരുദ്ധമാണ് യുഡിഎഫിന്റെ സമീപനം. സാമൂഹ്യനീതിയുടെയും മെറിറ്റിന്റെയും നിഷേധമായിരിക്കും വാണിജ്യവല്‍ക്കരണത്തിന്റെ അനന്തരഫലം. പൊതുവിദ്യാഭ്യാസ ആരോഗ്യമേഖലയുടെ സമ്പൂര്‍ണ തകര്‍ച്ചയുടെ ഫലമായി ജനങ്ങളുടെ വിദ്യാഭ്യാസ-ചികിത്സാവകാശങ്ങള്‍ നിഷേധിക്കപ്പെടും. കേരളത്തിന്റെ ജനാധിപത്യ സാംസ്കാരിക പാരമ്പര്യത്തിന്റെയും പൗരബോധത്തിന്റെയും കടയ്ക്കല്‍ കത്തിവയ്ക്കുന്ന ഒരു നടപടിയായിരിക്കും അത്. കാര്‍ഷികമേഖലയ്ക്ക് പ്രതിവര്‍ഷം രണ്ടുശതമാനം വളര്‍ച്ചയേ യുഡിഎഫിന്റെ വികസന പരിപ്രേക്ഷ്യത്തില്‍ ലക്ഷ്യമിടുന്നുള്ളൂ. ദേശീയ ശരാശരിപോലും കേരളം ലക്ഷ്യംവയ്ക്കുന്നില്ല. കാര്‍ഷികമേഖലയോടുള്ള വലിയ അവഗണനയാണിത്. ഹൈടെക് കൃഷിരീതികള്‍, കൃഷിയുടെ സംരംഭകത്വവല്‍ക്കരണവും കമ്പനിവല്‍ക്കരണവും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍- ഇവയാണ് കാര്‍ഷിക പുരോഗതിയുടെ യുഡിഎഫ് മന്ത്രങ്ങള്‍. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില, കൃഷിഭൂമിയുടെ പട്ടയം, ഗ്രൂപ്പ് ഫാമിങ്, ലേബര്‍ ബാങ്കുപോലുള്ള കാര്‍ഷിക സംവിധാനങ്ങള്‍, സ്ഥല-ജല പരിപാലനം, നീര്‍ത്തടാസൂത്രണം തുടങ്ങിയ കാതലായ പ്രശ്നങ്ങളെ പരിപ്രേക്ഷ്യം 2030 അവഗണിക്കുന്നു. കേരളത്തിന്റെ കാര്‍ഷിക ഘടനയെയോ പ്ലാന്റേഷന്‍മേഖലയുടെയും പുരയിട കൃഷിയുടെയും പ്രത്യേകതകളെയോ പാരിസ്ഥിതിക പ്രശ്നങ്ങളെയോ കണക്കിലെടുക്കുന്നില്ല. സഹകരണമേഖലയെ കുത്തകവല്‍ക്കരിക്കാനാണ് ശ്രമം. രണ്ടായിരത്തിമുപ്പതാകുമ്പോള്‍ സംസ്ഥാന വരുമാനത്തില്‍ വ്യവസായത്തിന്റെ വിഹിതം എട്ട് ശതമാനത്തില്‍നിന്ന് 10 ശതമാനമായി ഉയര്‍ത്താനേ ലക്ഷ്യമിടുന്നുള്ളൂ. സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ""സര്‍ക്കാര്‍ നേരിട്ടുള്ള ഉല്‍പ്പാദനത്തിലൂടെ സ്വകാര്യ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നതില്‍നിന്ന് പിന്‍വാങ്ങണ""മെന്നും ""സര്‍ക്കാര്‍ കാര്യക്ഷമതയുള്ള റെഗുലേറ്ററും സഹായിയും"" ആയി മാറണമെന്നുമാണ് രേഖ വാദിക്കുന്നത്.

2030ല്‍ പൊതുമേഖല ഉണ്ടാകില്ല! പരമ്പരാഗതവ്യവസായങ്ങളുടെ നവീകരണത്തെക്കുറിച്ച് രേഖ വാചാലമാണെങ്കിലും കമ്പോളത്തിലെ ഞെരുക്കത്തെ അവഗണിക്കുന്നു; തൊഴില്‍രഹിതരാകുന്ന ലക്ഷങ്ങളുടെ സുരക്ഷിതത്വത്തെ പാടെ അവഗണിക്കുന്നു. ഊര്‍ജപ്രതിസന്ധിക്ക് പരിഹാരമായി കാണുന്നത് മുഖ്യമായി ഡിമാന്റ് മാനേജ്മെന്റാണ്. കേരളത്തിലെ ഊര്‍ജ ഉപഭോഗം ദേശീയ ശരാശരിയില്‍നിന്നുപോലും എത്രയോ താഴെയാണ്. അതുകൊണ്ട് ദുര്‍വ്യയം ഒഴിവാക്കുന്നതോടൊപ്പം ഊര്‍ജലഭ്യത ഗണ്യമായി ഉയര്‍ത്തിയേ തീരൂ. ഇപ്പോള്‍ ആവിഷ്കാരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കിയാല്‍പ്പോലും 2031ല്‍ കേരളം വൈദ്യുതി കമ്മിയെ നേരിടും. ഈ കമ്മി നികത്തുന്നതിന് പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളിലൂടെ കഴിയുമെന്നത് യാഥാര്‍ഥ്യബോധത്തോടെയുള്ള വിശകലനമല്ല. കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ മുന്നോട്ടുവച്ച ആശയമായിരുന്നു സമ്പൂര്‍ണ സാമൂഹ്യ സുരക്ഷിതത്വം. ജനനംമുതല്‍ മരണംവരെയുള്ള പൗരന്മാരുടെ ഓരോ ഘട്ടത്തിലും സുരക്ഷിതത്വത്തിന് സര്‍ക്കാര്‍ കൈത്താങ്ങായി മാറുംവിധം എല്ലാ സാമൂഹ്യക്ഷേമ-സുരക്ഷിതത്വ പരിപാടികളെയും കോര്‍ത്തിണക്കി ഒരു സമഗ്ര പരിപാടിക്ക് രൂപം നല്‍കാനായിരുന്നു ശ്രമം. ഇത്തരമൊരു കാഴ്ചപ്പാടേ യുഡിഎഫിന്റെ രേഖയിലില്ല. കമ്പോളത്തിനാണ് നിര്‍ണായക സ്ഥാനം.

ജനകീയാസൂത്രണത്തിന്റെയും കുടുംബശ്രീയുടെയും നേട്ടങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള കാഴ്ചപ്പാട് യുഡിഎഫ് പരിപ്രേക്ഷ്യത്തിലില്ല. ജനവിരുദ്ധമായ യുഡിഎഫിന്റെ വികലമായ വികസനകാഴ്ചപ്പാടിനെ ഈ സമ്മേളനം തള്ളിക്കളയുന്നു. ഒന്നും രണ്ടും കേരള പഠന കോണ്‍ഗ്രസുകളുടെ നിഗമനങ്ങളുടെയും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരുകളുടെ അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ ബദല്‍നയങ്ങള്‍ കരുപ്പിടിപ്പിക്കാനും അവയ്ക്കായി പോരാടാനും എല്ലാ പുരോഗമനശക്തികളോടും ആഹ്വാനംചെയ്യുന്നു.

*
ദേശാഭിമാനി

Friday, November 29, 2013

സമരോത്സുകതയും കരുത്തും വര്‍ധിക്കും

ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന സംസ്ഥാന സമ്മേളന ചര്‍ച്ചകളുടെ വെളിച്ചത്തില്‍, പുതിയ സംസ്ഥാന കമ്മിറ്റിയെ ഏല്‍പ്പിച്ച ചുമതല എന്ന നിലയിലാണ് കേന്ദ്രകമ്മിറ്റിയുടെ അനുമതിയോടെ ഈ പ്ലീനം നടക്കുന്നത്. ഈ വിശേഷാല്‍ സമ്മേളനം- പ്ലീനം നടത്തുന്നത്, എന്തെങ്കിലും പ്രത്യയശാസ്ത്ര പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനോ നയരൂപീകരണം നടത്തുന്നതിനോ അല്ല. ഈ കാര്യങ്ങളിലെല്ലാം പാര്‍ടി കോണ്‍ഗ്രസുകള്‍ വ്യക്തത വരുത്തിയതാണ്. നിലവിലുള്ള സംഘടനാ ദൗര്‍ബല്യങ്ങളെ പ്രത്യയശാസ്ത്ര, രാഷ്ട്രീയ നയ പ്രശ്നങ്ങളോട് ബന്ധപ്പെടുത്തുന്നതിനും അതിനനുസരിച്ച് വ്യാഖ്യാനിക്കുന്നതിനും ചിലര്‍ ശ്രമിക്കുന്നുണ്ട്.

എന്നാല്‍, അതിന് ഒരടിസ്ഥാനവുമില്ലെന്ന് പാര്‍ടി കോണ്‍ഗ്രസുതന്നെ വ്യക്തമാക്കിയതാണ്. 1978ലെ സാല്‍ക്കിയ പ്ലീനം അംഗീകരിച്ച ബഹുജന വിപ്ലവ പാര്‍ടി എന്ന തത്വം മുറുകെപ്പിടിച്ച് കേരളത്തിലെ പാര്‍ടിക്ക് മുന്നേറണമെങ്കില്‍ സംഘടനാരംഗത്തെ ദൗര്‍ബല്യങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിച്ചേ പറ്റൂ. ഇതിന് വിഘാതമായിനിന്നത് കേരളത്തിലെ പാര്‍ടിയെ ബാധിച്ച വിഭാഗീയതായിരുന്നു. വിഭാഗീയതയുള്ള ഒരു പാര്‍ടിക്ക് അച്ചടക്കമുണ്ടാകില്ല. അച്ചടക്കമില്ലാത്ത ഒരു പാര്‍ടിക്ക് ജനങ്ങളെ നയിക്കാന്‍ കഴിയില്ല. ഇത് ഒരു തൊഴിലാളിവര്‍ഗ വിപ്ലവ പാര്‍ടിക്ക് അംഗീകരിക്കാന്‍ കഴിയില്ല. അശക്തമായ ഒരു നേതൃത്വത്തിനു മാത്രമേ ഈ പ്രവണതയോട് പൊരുത്തപ്പെട്ട് പോകാന്‍ കഴിയൂ. കേരളത്തിലെ പാര്‍ടി നേതൃത്വം അതല്ല എന്ന് തെളിയിക്കുകയാണ് ഈ പ്ലീനം. കഴിഞ്ഞ ഒന്നരവര്‍ഷത്തെ നേതൃത്വത്തിന്റെ ഇടപെടലിന്റെ ഭാഗമായി സംഘടനാരംഗത്ത് വിവിധ ഘടകങ്ങളുടെയും കേഡേഴ്സിന്റെയും ദൗര്‍ബല്യങ്ങള്‍ കണ്ടറിഞ്ഞ് തിരുത്തുന്നതിനുള്ള നീണ്ട ഒരു പ്രക്രിയ, ഈ പ്ലീനത്തോടുകൂടി അവസാനിക്കുകയാണ്.

ഈ പ്രക്രിയക്ക് സംസ്ഥാന സെക്രട്ടറിതന്നെ പേരിട്ടത് സംഘടനാരംഗത്തെ എക്സ്റേ പരിശോധന എന്നതാണ്. വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്ന രീതിയില്‍ പാര്‍ടിയെ ചിട്ടപ്പെടുത്തി, ശക്തിപ്പെടുത്തി, ദൗര്‍ബല്യങ്ങള്‍ പരിഹരിക്കണം. അച്ചടക്കമുള്ള, വിഭാഗീയതയില്ലാത്ത, കരുത്തുറ്റ വിപ്ലവ ബഹുജന പാര്‍ടിയായി സിപിഐ എമ്മിനെ മാറ്റണം. ഇതിന് ഇടപെടേണ്ട ഘട്ടമായി എന്ന നേതൃത്വത്തിന്റെ ബോധ്യമാണ് ഈ പ്ലീനത്തിലേക്ക് നയിച്ചത്. ഇക്കാര്യം കേന്ദ്രകമ്മിറ്റിയും അംഗീകരിച്ചു. കേരളത്തിലെ ലക്ഷക്കണക്കിനു ജനങ്ങള്‍ നെഞ്ചേറ്റി ലാളിക്കുന്ന ഈ പാര്‍ടിയെ കൂടുതല്‍ കരുത്തുറ്റതാക്കുക എന്നതാണ് ഈ പ്ലീനത്തിന്റെ കടമ. അതിനനുയോജ്യമായ എല്ലാ തലത്തിലുള്ള പരിശോധനകളും ചര്‍ച്ചകളും പൂര്‍ത്തീകരിച്ചാണ് ഈ ചരിത്രദൗത്യത്തിന് കരുത്തുപകരാന്‍ ആവേശത്തോടെ ഇവിടെ എത്തിയിരിക്കുന്നത്.

ലോകത്ത് കമ്യൂണിസ്റ്റ് ആശയഗതികള്‍ സമൂര്‍ത്തമായി വന്ന കാലംമുതല്‍ അതിനെ തകര്‍ക്കാനും ദുര്‍ബലപ്പെടുത്താനുമുള്ള നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യവാചകങ്ങള്‍ ഇതിന് തെളിവാണ്. ഇന്ത്യയിലും സ്ഥിതി ഭിന്നമല്ല. എത്രയെത്ര ഗൂഢാലോചനക്കേസുകളും നിരോധനങ്ങളും പാര്‍ടിക്കെതിരെ ഉണ്ടായിട്ടുണ്ട്. കേരള പാര്‍ടിയും ഇത് അനുഭവിച്ചിട്ടുണ്ട്. സിപിഐ എം രൂപീകരണത്തിനുശേഷം ഇടതു തീവ്രവാദത്തിന്റെ ആശയസംഘര്‍ഷങ്ങള്‍, ബദല്‍രേഖയുടെ പേരിലുള്ള വേര്‍പിരിയലുകള്‍, വിഭാഗീയതയുടെ ചേരിതിരിവുകള്‍ എല്ലാം ഉണ്ടായിട്ടും അതിനെ അതിജീവിക്കാന്‍ പാര്‍ടിക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാ പ്രതിലോമ ശക്തികളും ഒന്നിച്ചുനിന്ന് പാര്‍ടിയെ തകര്‍ക്കാനും ദുര്‍ബലപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനുമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

സാമ്രാജ്യത്വവും വര്‍ഗീയവാദികളും ജാതി-മതശക്തികളും മാഫിയാ തലവന്മാരും മഞ്ഞപത്രങ്ങളും മാധ്യമ കുത്തകകളും ഭരണകൂട സംവിധാനങ്ങളും അടങ്ങുന്ന വലിയൊരു നിരതന്നെ നീചമാര്‍ഗങ്ങളുപയോഗിച്ച് പാര്‍ടിയെ കടന്നാക്രമിക്കുകയാണ്; വേട്ടയാടുകയാണ്. ഗുണ്ടാ ആക്ടുപോലും ഉപയോഗിച്ചു. യുഡിഎഫിന്റെ രണ്ടുവര്‍ഷക്കാല ഭരണത്തിനിടയില്‍ രണ്ടു ലക്ഷത്തിലധികം പാര്‍ടി പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസുകള്‍ ചമച്ചിരിക്കുന്നു. ആയിരത്തഞ്ഞൂറിലധികം പാര്‍ടി സഖാക്കള്‍ ജാമ്യത്തിലാണ് നില്‍ക്കുന്നത്. ഇരുനൂറിലധികം സഖാക്കള്‍ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പാര്‍ടിയുടെ രണ്ടു ജില്ലാ സെക്രട്ടറിമാരായ പി ജയരാജനെയും എം എം മണിയെയും കൊലക്കേസിലാണ് ഉള്‍പ്പെടുത്തിയത്. സംസ്ഥാന കമ്മിറ്റി മെമ്പര്‍ ടി വി രാജേഷ് കൊലക്കേസില്‍ ജാമ്യത്തിലാണ്.

പാര്‍ടിയുടെ രണ്ട് ജില്ലാ സെക്രട്ടറിയറ്റ് മെമ്പര്‍മാരായ കാരായി രാജനെയും മോഹനന്‍ മാസ്റ്ററെയും കൊലക്കേസില്‍ പ്രതികളാക്കി ജാമ്യംപോലും നിഷേധിച്ച് കാരാഗൃഹത്തിലടച്ചു. കാരായി രാജന് നിബന്ധനകളോടെയാണ് ഇപ്പോള്‍ ജാമ്യം നല്‍കിയത്. അതിനാല്‍, ആ സഖാവിന് ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഈ പ്ലീനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളില്‍ ബഹുഭൂരിപക്ഷം പേരും ഏതെങ്കിലും കള്ളക്കേസുകളില്‍ പ്രതികളായിരിക്കുമെന്ന് ഉറപ്പാണ്. ഇത്രയും ഭീകരവും പൈശാചികവും നീചവുമായ വേട്ടയാടലുകള്‍ ഇതിനുമുമ്പൊരിക്കലും പാര്‍ടിക്ക് നേരെ ഉണ്ടായിട്ടില്ല. മഹായുദ്ധങ്ങളുടെ കാലത്തോ ഏകാധിപതികളുടെ ഭരണക്രമത്തിലോ പോലും കേട്ടുകേള്‍വിയില്ലാത്ത ഭരണകൂടഭീകരത സൃഷ്ടിച്ചാണ് പാര്‍ടിയെ വേട്ടയാടുന്നത്. പരിഷ്കൃത സമൂഹത്തിന് അപമാനം തോന്നുന്ന മര്‍ദനമുറകളാണ് പാര്‍ടി സഖാക്കള്‍ക്ക് നേരെ പൊലീസ് പ്രയോഗിക്കുന്നത്. മലദ്വാരത്തില്‍ കമ്പി കയറ്റല്‍, ജനനേന്ദ്രിയം തകര്‍ക്കല്‍, സാങ്കല്‍പ്പിക കസേരയിലിരുത്തല്‍ തുടങ്ങി പൊലീസ് ഭീകരതയ്ക്ക് പാര്‍ടി സഖാക്കളെ ഇരകളാക്കുന്ന നിരവധി സംഭവങ്ങള്‍ നടന്നു. അറസ്റ്റ് ചെയ്യുന്നവരെ കാണാന്‍പോലും അനുവദിക്കുന്നില്ല.

മാഫിയാ സംഘങ്ങളുടെയും ഗുണ്ടാസംഘങ്ങളുടെയും ഹവാലാ സംഘങ്ങളുടെയും വാടകക്കൊലയാളികളുടെയും മര്‍ദനമുറകള്‍ക്കും പീഡനങ്ങള്‍ക്കും ഇരകളാകുന്നതും പാര്‍ടി സഖാക്കളാണ്. നിഷ്ഠുരമായ ഈ അതിക്രമങ്ങളെയും ഭീകര മര്‍ദനമുറകളെയും കല്‍ത്തുറുങ്കുകളെയും അതിജീവിക്കാന്‍ പാര്‍ടിക്ക് കഴിയുന്നു. സഹനത്തിന്റെ പുതിയ അധ്യായങ്ങള്‍ രചിച്ച് സമരാങ്കണങ്ങളുടെ തീക്ഷ്ണത വര്‍ധിപ്പിക്കാനും കഴിയുന്നു. ജനകീയ സമരങ്ങള്‍ നാടെങ്ങും പെരുകുന്നു. പാര്‍ടി പ്രഖ്യാപിച്ച പ്രചാരണ-പ്രക്ഷോഭ സമരങ്ങളുടെ ഓരോ അനുഭവവും ഇതാണ് വ്യക്തമാക്കുന്നത്. സെക്രട്ടറിയറ്റ് ഉപരോധസമരം ഇതിന്റെ നേര്‍സാക്ഷ്യമായിരുന്നു. സമാനതകളില്ലാത്ത സമരതീക്ഷ്ണതയുടെ കൊടുങ്കാറ്റാണ് അന്ന് കേരളം കണ്ടതെന്ന് ആവേശപൂര്‍വം ഓര്‍മിക്കട്ടെ. പാര്‍ടി നേതാക്കന്മാരെ അപകീര്‍ത്തിപ്പെടുത്തി പാര്‍ടിയെ ദുര്‍ബലപ്പെടുത്തുക എന്ന നീചമായ ഭരണകൂടഭീകരതയുടെ ഉത്തമ ഉദാഹരണമായിരുന്നു പിണറായി വിജയന് നേരെയുണ്ടായ ലാവ്ലിന്‍ കേസ്.

ഒരു നിര്‍ണായക ഘട്ടത്തില്‍ പാര്‍ടി സെക്രട്ടിയായി തെരഞ്ഞെടുത്ത പിണറായിക്കെതിരെ നുണപ്രചാരണം നടത്തിയുണ്ടാക്കിയതാണ് ലാവ്ലിന്‍കേസ്. വിജിലന്‍സ് അന്വേഷണത്തില്‍പ്പോലും നിരപരാധി എന്ന് കണ്ടെത്തിയ പിണറായിക്കെതിരെ സിബിഐയെ ഉപയോഗിച്ച് കള്ളക്കേസ് കെട്ടിച്ചമയ്ക്കുകയായിരുന്നു. സിബിഐ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു കുറ്റപത്രംപോലും നിലനില്‍ക്കില്ലെന്ന ഓര്‍മപ്പെടുത്തലോടെ സിബിഐ കോടതിതന്നെ പിണറായിക്കെതിരായ ലാവ്ലിന്‍ കേസ് തള്ളിക്കളഞ്ഞു. പാര്‍ടിയെ തകര്‍ക്കാന്‍ ഏതറ്റംവരെയും പോകും, എന്തും ചെയ്യുമെന്നതിന്റെ ഉദാഹരണമായിരുന്നു ഈ കേസ്. കമ്യൂണിസ്റ്റ് നേതാവിനെതിരെ കാളകൂടവിഷം ചീറ്റിയ പ്രചാരണങ്ങളാണ് നടത്തിയത്. അപവാദങ്ങളുടെ സുനാമി സൃഷ്ടിച്ച് പെരുംകള്ളങ്ങളുടെ പെരുമഴ തീര്‍ത്ത് പാര്‍ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ അണിനിരന്നവരെ കേരളം കണ്ടു. അതിനെയെല്ലാം അണുവിട വിട്ടുവീഴ്ചയില്ലാതെ നേരിടാന്‍ പാര്‍ടിക്ക് കഴിഞ്ഞു. കാറുംകോളും നിറഞ്ഞ രാഷ്ട്രീയാന്തരീക്ഷത്തെ അതിജീവിക്കാനും കഴിഞ്ഞു. എല്ലാ അര്‍ഥത്തിലും സമരോത്സുകമായി നിലകൊള്ളുന്ന പാര്‍ടിയുടെ ശക്തി വര്‍ധിപ്പിക്കുക എന്ന കടമയാണ് ഇനി നമുക്ക് ഏറ്റെടുക്കാനുള്ളത്.

*
എ കെ ബാലന്‍ ദേശാഭിമാനി

ലോക വ്യാപാരസംഘടനയ്ക്ക് കീഴടങ്ങുന്നു

രണ്ടാം യുപിഎ സര്‍ക്കാര്‍ 'സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍' നടപ്പാക്കാനുള്ള ഭ്രാന്തമായ ശ്രമത്തില്‍ രാജ്യത്തെ രാഷ്ട്രാന്തര ധനമൂലധനത്തിന്റെ മടിത്തട്ടിലേക്ക് എറിഞ്ഞുകൊടുക്കുകയാണ്. രാഷ്ട്രാന്തര മൂലധനത്തിന്റെ ഉപകരണമായ ലോകവ്യാപര സംഘടനയുടെ നിബന്ധനകള്‍ക്കു മുന്നില്‍ രാജ്യം കീഴടങ്ങുകയാണ്. ലോകവ്യാപാര സംഘടനയുടെ കര്‍ക്കശ നിയമങ്ങളില്‍ നിന്നും വികസ്വര രാജ്യങ്ങളെ സംരക്ഷിക്കുന്നതിനെപ്പറ്റി ഏറെ വാചക കസര്‍ത്തുക്കള്‍ കേള്‍ക്കാനുണ്ടെങ്കിലും ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്നുള്ള വാര്‍ത്തകള്‍ നല്‍കുന്ന ചിത്രം മറ്റൊന്നാണ്. അവിടെ നടക്കുന്ന പിന്നാമ്പുറ ചര്‍ച്ചകളില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ ഭക്ഷ്യസുരക്ഷയടക്കം രാജ്യതാല്‍പര്യങ്ങള്‍ അടിയറവെക്കുമെന്നാണ് കരുതപ്പെടുന്നത്. രണ്ടാം യു പിഎ സര്‍ക്കാര്‍ എല്ലാ പൗരന്മാര്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പുനല്‍കുന്ന നിയമനിര്‍മാണം നടത്തുമെന്ന് പറഞ്ഞപ്പോള്‍തന്നെ ലോക ധനമൂലധന ശക്തികള്‍ അതിനെതിരെ രംഗത്തുവന്നിരുന്നു. അത് 'സ്വതന്ത്ര വിപണി' യുടെ അടിസ്ഥാനപ്രമാണങ്ങള്‍ക്ക് വിരുദ്ധമാണെന്ന വാദഗതിയാണ് അവര്‍ ഉന്നയിച്ചുപോന്നിരുന്നത്. ബാലിയില്‍ നടക്കുന്ന മന്ത്രിതല സമ്മേളനം സബ്‌സിഡി പ്രശ്‌നം ചര്‍ച്ചചെയ്യുമെന്നും അതിനെതിരായ നിരോധനനിയമം കര്‍ക്കശമായി നടപ്പാക്കുമെന്നും അവര്‍ ശഠിക്കുന്നു.

അസംബ്ലി തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും 2014 ലെ പൊതുതെരഞ്ഞെടുപ്പിലും ജനങ്ങളെ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പേരില്‍ കബളിപ്പിക്കാനുള്ള ശ്രമമാണ് രണ്ടാം യു പി എ നടത്തിവരുന്നത്. ഏറെ കുറവുകളും നേരിട്ട് പണം നല്‍കുക എന്ന തട്ടിപ്പും എല്ലാം നിലനില്‍ക്കെ പാര്‍ലമെന്റ് നിയമം പാസാക്കി. ലോകവ്യാപാര സംഘടനയുടെ വ്യവസ്ഥകള്‍ ഭക്ഷ്യസുരക്ഷാ നിയമത്തിന് തടസമാകില്ലെന്നും പദ്ധതി ജനങ്ങള്‍ക്ക് ആവശ്യമുള്ളിടത്തോളം കാലം തുടരുമെന്നും ഉറപ്പ് നല്‍കപ്പെട്ടു. സബ്‌സിഡി അവസാനിപ്പിക്കാനുള്ള ഏതുശ്രമത്തേയും ചെറുക്കുമെന്ന് വാണിജ്യ മന്ത്രി ആനന്ദ്ശര്‍മ രാജ്യത്തിന് ആവര്‍ത്തിച്ച് ഉറപ്പ് നല്‍കി.

ഇപ്പോള്‍ ബാലിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ലോക വ്യാപാര സംഘടനയുടെ സബ്‌സിഡി നിയമങ്ങളില്‍ ഒരു 'ഇടക്കാല വ്യവസ്ഥ' അംഗീകരിച്ചു എന്നാണ്. ഈ വ്യവസ്ഥ അനുസരിച്ച് ഒരു രാജ്യത്തിനും ഇനി നാലുവര്‍ഷത്തില്‍ കൂടുതല്‍ സബ്‌സിഡി തുടരാനാവില്ല. ഇത് വികസിത രാഷ്ട്രങ്ങളുടെ ആവശ്യാനുസൃതം അവശ്യവസ്തുക്കളുടെ ഇറക്കുമതി സുഗമമാക്കും.
ഇതോടൊപ്പം തന്നെ മിനിമം താങ്ങുവില പരിമിതപ്പെടുത്താനും നീക്കം ശക്തമാണ്. ധനമൂലധനം നേരിട്ടോ പരോക്ഷമായോ നിയന്ത്രിക്കുന്ന വികസിത രാഷ്ട്ര സര്‍ക്കാരുകള്‍ കര്‍ഷകരുടെതടക്കം ആഭ്യന്തര ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കുന്നത് സ്വതന്ത്ര വിപണി സംവിധാനത്തെ അവതാളത്തിലാക്കുമെന്ന് ഭയപ്പെടുന്നു. താങ്ങുവിലയുടെ തോത് തങ്ങള്‍ നിര്‍ദേശിക്കുന്നവിധം നിയന്ത്രിക്കണമെന്നാണ് അവരുടെ ആവശ്യം. അത്തരം നിയന്ത്രണമെ തങ്ങളുടെ ഉല്‍പന്നങ്ങള്‍ തങ്ങള്‍ നിശ്ചയിക്കുന്ന വിലയ്ക്ക് യഥേഷ്ടം വിപണികളില്‍ തള്ളാനാവൂ. ലളിതമായി പറഞ്ഞാന്‍ യു എസിന്റെയും ഇതര വികസിത രാഷ്ട്രങ്ങളുടെയും കാര്‍ഷിക കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ ഇന്ത്യന്‍ കര്‍ഷകനും ഉപഭോക്താവിനും അര്‍ഹമായ വരുമാനവും ആനുകൂല്യങ്ങളും നിഷേധിക്കപ്പെടണമെന്നതാണ് ലക്ഷ്യം.

സബ്‌സിഡി നാലുവര്‍ഷത്തേയ്ക്ക് പരിമിതപ്പെടുത്തുന്നതിനും മിനിമം താങ്ങുവില വെട്ടിക്കുറയ്ക്കുന്നതിനുമെതിരെ മറ്റ് വികസ്വര രാജ്യങ്ങളുമായി ബന്ധപ്പെട്ടുവരുന്നതായി ആനന്ദ് ശര്‍മ്മ അവകാശപ്പെടുന്നു. എന്നാല്‍ കഴിഞ്ഞകാല അനുഭവങ്ങള്‍ അത്തരം അവകാശവാദങ്ങള്‍ക്ക് എതിരാണ്. ദോഹാറൗണ്ട് ചര്‍ച്ചയടക്കം ഏതാണ്ട് എല്ലാ അവസരങ്ങളിലും വികസ്വര രാജ്യങ്ങള്‍ക്കൊപ്പം കൈകോര്‍ത്ത ഇന്ത്യ അവസാന നിമിഷം അവരെ വഞ്ചിക്കുകയാണ് ഉണ്ടായത്. സബ്‌സിഡി നാലുവര്‍ഷത്തേയ്ക്ക് പരിമിതപ്പെടുത്തുന്നത് സ്വീകരിക്കുക എന്നാല്‍ രണ്ടാം യു പി എ സര്‍ക്കാര്‍ ലോക വ്യാപാര സംഘടനയ്ക്ക് ഒരിക്കല്‍ക്കൂടി അടിയറവ് പറയുകയാണെന്ന് അര്‍ഥം.

രണ്ടാം യു പി എ കൂട്ടുകെട്ടിന്റെ ഈ പാരമ്പര്യം അവരുടേത് മാത്രമല്ല. ഇതരമുതലാളിത്ത പാര്‍ട്ടികള്‍ക്കും കൂടി അവകാശപ്പെട്ടതാണ് അത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അഞ്ച് സംസ്ഥാന അസംബ്ലികളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണം തന്നെ ഉത്തമ സാക്ഷ്യമാണ്. അവര്‍ എല്ലാറ്റിനെപ്പറ്റിയും വാചാലമാകുന്നു. എന്നാല്‍ ജനങ്ങളെ പൊറുതിമുട്ടിക്കുന്ന വിലക്കയറ്റം മാത്രം അവരുടെ ചര്‍ച്ചാവിഷയമല്ല. ഉള്ളിയും ഉരുളക്കിഴങ്ങും തക്കാളിയും നാലിരട്ടി വിലയ്ക്ക് വില്‍ക്കുമ്പോഴും വില നിയന്ത്രിക്കുന്നതിനെപ്പറ്റി ബി ജെ പിക്കും കോണ്‍ഗ്രസിനും ഒന്നും പറയാനില്ല. ഈ സ്ഥിതിവിശേഷത്തിന് ഇരുവരും ഉത്തരവാദികളാണ്. ബി ജെ പി നേതൃത്വം നല്‍കിയ എന്‍ ഡി എ സര്‍ക്കാരാണ് പൂഴ്ത്തിവെയ്പ്‌വിരുദ്ധ നിയമം നിരോധിച്ചത്.  അതിന്റെ പിന്‍പറ്റി രണ്ടാം യു പി എ സര്‍ക്കാര്‍ അവധിവ്യാപാരത്തിന് അനുമതി നല്‍കുകയും ചെയ്തു. ഇപ്പോഴത്തെ വിലക്കയറ്റത്തിന്റെ രണ്ട് മുഖ്യകാരണങ്ങള്‍ അവരണ്ടുമാണ്. ഇരുവരും തങ്ങളുടെ തെറ്റ് അംഗീകരിക്കാനോ പൂഴ്ത്തി വയ്പിനെതിരെ നിയമം കൊണ്ടുവരാനോ അവധി വ്യാപാരാനുമതി പിന്‍വലിക്കാനോ തയ്യാറല്ല.

നവഉദാരീകരണ നയങ്ങള്‍ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധരായ ഇരുപാര്‍ട്ടികളും യഥാര്‍ഥ സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പകരം നിരര്‍ഥകമായ വ്യക്തിഗത പ്രശ്‌നങ്ങളിലേയ്ക്ക് ശ്രദ്ധതിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. നയങ്ങളില്‍ എന്ത് മാറ്റങ്ങളാണ് വരുത്തുന്നതെന്നതിന് പകരം നേതാവിനെക്കുറിച്ചുള്ള വാദവിവാദങ്ങളിലാണ് അവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ജനങ്ങള്‍ ഇടതുപക്ഷം മാത്രം ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍നയങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാവണം.

*
ജനയുഗം

കാള്‍സന്‍യുഗത്തിന്റെ പുതുവിഭാതങ്ങളിലേക്ക്...

ലോക ചെസ് ഇന്നോളം കണ്ട പ്രതിഭാധനരായ കളിക്കാരുടെ മുന്‍നിരയില്‍ത്തന്നെയാണ് ഈ ചെറുപ്പക്കാരന്റെ സ്ഥാനം. ചെന്നൈയില്‍ അഞ്ചുതവണത്തെ ചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദിനെ കീഴടക്കി ലോക ചെസിനെ പുതുവിഭാതത്തിലേക്കു നയിച്ച മാഗ്നസ് കാള്‍സന്‍ എന്ന ഈ നോര്‍വെക്കാരനെ വാഴ്ത്താതിരിക്കാനാവുമോ. ഈ കളികളില്‍ കാള്‍സന്‍ ശരിക്കും ആധിപത്യം പുലര്‍ത്തി. എന്റെ തെറ്റുകള്‍ സ്വാഭാവികമായി സംഭവിച്ചതല്ല. അതിനു കാരണം കാള്‍സന്റെ കളിയാണ്- പുതിയ ലോകചാമ്പ്യനെ അഭിനന്ദിക്കുന്ന ആനന്ദിന്റെ ഈ വാക്കുകള്‍തന്നെ കാള്‍സന്റെ പ്രതിഭാശാലിത്വത്തിന് അടിവരയിടുന്നു.

പത്ത് ഗെയിമുകളില്‍ മൂന്നെണ്ണം ജയിച്ച്, ഒന്നുപോലും തോല്‍ക്കാതെ പുതിയ ചരിത്രമെഴുതിയ കാള്‍സന്റെ നേട്ടത്തെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ കുറവാണ്. ഇല്ലാത്ത വിജയം എത്തിപ്പിടിക്കാന്‍ ശ്രമിച്ച് കുഴപ്പത്തില്‍ ചാടുകയെന്ന ദൗര്‍ബല്യത്തില്‍നിന്ന് കാള്‍സന്‍ മുക്തനായിട്ടില്ലെന്ന ചിലരുടെ നിരീക്ഷണത്തെ അപ്രസക്തമാക്കുന്ന പ്രകടനമികവിലൂടെയാണ് ഈ ഇരുപത്തിമൂന്നുകാരന്‍ ലോകചെസില്‍ സിംഹാസനമേറിയത്. തനിക്കു പരിചിതവും മേധാവിത്വമുള്ളതുമായ മേഖലകളിലേക്ക് കളിയെ കൊണ്ടുപോകാനും അവിടേക്ക് ആനന്ദിനെ എത്തിക്കാനുമുള്ള കാള്‍സന്റെ ശ്രമം വിജയിച്ചു. കാള്‍സന്‍ ഉയര്‍ത്തിയ കോട്ട തകര്‍ത്തു മുന്നേറാന്‍തക്കവിധം തന്റെ ആക്രമണപദ്ധതികളൊന്നും പ്രാവര്‍ത്തികമാക്കാന്‍ ആനന്ദിനു കഴിഞ്ഞില്ല.

ലോകചാമ്പ്യനാകുന്ന ഏറ്റവും പ്രായംകുറഞ്ഞ മൂന്നാമത്തെ താരമാണ് മാഗ്നസ് കാള്‍സന്‍. 1985ല്‍ അനറ്റോലി കാര്‍പോവിനെ തോല്‍പ്പിച്ച് ഗാരി കാസ്പറോവ് ചാമ്പ്യനാകുമ്പോള്‍ 22 വയസ്സായിരുന്നു പ്രായം. 2001ല്‍ ഉക്രയ്നിയന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ റസ്ലന്‍ പോണോമാരിയോവ് 18-ാം വയസ്സില്‍ ചാമ്പ്യനായി ആ റെക്കോഡ് തിരുത്തി. ഈ നവംബര്‍ 30ന് കാള്‍സന് 23 വയസ്സു പൂര്‍ത്തിയാവും. ആധുനിക ചെസ് ലോകചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ഇത്രത്തോളം ഏകപക്ഷീയമായി മാറിയ മറ്റൊരു മത്സരം ഉണ്ടായിട്ടില്ല. അതുപോലെ ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഗെയിംപോലും ജയിക്കാതെ ആനന്ദ് തലകുനിക്കുന്നതും ഇതാദ്യം. തോല്‍വി ഒഴിവാക്കാന്‍ അമിതപ്രതിരോധവും സൂക്ഷ്മതയും പുലര്‍ത്തിയ ആനന്ദ് ഒരിക്കല്‍പ്പോലും നോര്‍വെതാരത്തിന് ഭീഷണിയായില്ല. ചെസ്കളിക്കാരുടെ ശേഷി അളക്കുന്ന "എലോ റേറ്റിങ്ങി"ല്‍ കാസ്പറോവിന്റെ റെക്കോഡ് (2851) മറികടന്ന് എക്കാലത്തെയും കൂടുതല്‍ റേറ്റിങ് പോയിന്റുള്ള താരമായി ചരിത്രത്തില്‍ ഇടംപിടിച്ച കാള്‍സന്‍ (2870) കഴിഞ്ഞ രണ്ടുവര്‍ഷമായി നിലനിര്‍ത്തുന്ന സ്ഥിരതയും മേധാവിത്വവും മറ്റാര്‍ക്കും അവകാശപ്പെടാനാവില്ല.

ആനന്ദിനെതിരെ കളിക്കാന്‍ വരുമ്പോള്‍ കാള്‍സന് അനുഭവസമ്പത്തില്ല എന്ന കുറവാണ് എല്ലാവരും ഉയര്‍ത്തിക്കാട്ടിയത്. 2012 ഒക്ടോബറിനുമുമ്പ് ആനന്ദിനെതിരെ കാള്‍സന്റെ റെക്കോഡ് 1-6 മാത്രമായിരുന്നു. എന്നാല്‍ ലോകചാമ്പ്യനായതോടെ കാള്‍സന്‍ ആ ബലാബലത്തിന്റെ കണക്ക് 6-6 എന്ന നിലയിലാക്കി. ലോകചെസിലെ മഹാരഥന്മാരായ ബോബി ഫിഷറെയും കാസ്പറോവിനെയുംകാള്‍ സ്ഥിരതയും പ്രകടനമികവും പുലര്‍ത്തുന്ന കളിക്കാരനായി കാള്‍സന്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. തനിക്കു മുമ്പില്‍ ബിംബങ്ങളില്ലെന്നു പ്രഖ്യാപിച്ചാണ് ഈ ചാമ്പ്യന്റെ വരവ്. 2012ല്‍ മോസ്കോയില്‍ ആനന്ദിന്റെ അഞ്ചാം കിരീടനേട്ടത്തില്‍ കലാശിച്ച ചാമ്പ്യന്‍ഷിപ്പിന് എതിരാളിയെ നിശ്ചയിക്കാനുള്ള കാന്‍ഡിഡേറ്റ്സ് മത്സരത്തില്‍ യോഗ്യത നേടിയിട്ടും ചിലര്‍ക്ക് മുന്‍ഗണനയുള്ള നടപ്പുചട്ടങ്ങള്‍ ഉള്‍ക്കൊള്ളാനാകാത്തതിനാല്‍ പങ്കെടുക്കില്ലെന്ന് ലോക ചെസ് സംഘടനയ്ക്ക് സധൈര്യം കത്തു നല്‍കിയ താരമാണ് കാള്‍സന്‍. കംപ്യൂട്ടറിനു പഠിക്കാന്‍കഴിയാത്ത അന്തര്‍ജ്ഞാനമുള്ള തന്റെ പ്രിയശിഷ്യന് പുരാതനമായ ഈ കളിയെ മാറ്റിമറിക്കാന്‍ പോന്ന പ്രതിഭാശാലിത്വമുണ്ടെന്ന് കുറഞ്ഞകാലം കാള്‍സന്റെ പരിശീലകനായിരുന്ന കാസ്പറോവ് പ്രവാചകദൃഷ്ടിയോടെ പറഞ്ഞിരുന്നു.

തൊണ്ണൂറ്റി രണ്ടു വര്‍ഷത്തിനുശേഷമാണ് സോവിയറ്റ് ബന്ധമില്ലാത്ത ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ നടക്കുന്നത്. ഇതിനുമുമ്പ് അങ്ങനെയൊരു ചാമ്പ്യന്‍ഷിപ് നടന്നത് 1921ല്‍ ഹവാനയിലാണ്. അന്ന് നിലവിലെ ചാമ്പ്യന്‍ ജര്‍മനിയുടെ ഇമ്മാനുവല്‍ ലാസ്കറുടെ 27 വര്‍ഷം നീണ്ട ആധിപത്യത്തിന് ക്യൂബന്‍ ഇതിഹാസം ജോസ് റൗള്‍ കാപ്പബ്ലാങ്ക വിരാമമിട്ടു. അതിനുശേഷം 2012ല്‍ ആനന്ദിന്റെ അഞ്ചാംകിരീടംവരെയുള്ള പോരാട്ടങ്ങളിലെല്ലാം ഒരു സോവിയറ്റ് യൂണിയന്‍കാരനോ, അനുബന്ധ റിപ്പബ്ലിക്കുകാരനോ, അല്ലെങ്കില്‍ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയ സോവിയറ്റ് വേരുകളുള്ളവനോ മത്സരിക്കാനുണ്ടായിരുന്നു. ഇപ്പോഴിതാ, മാഗ്നസ് കാള്‍സനിലൂടെ ലോക ചെസ് ആധിപത്യത്തിന്റെ പതാക നോര്‍വെയിലേക്കു മാറിവീശുന്നു. കൂടുതല്‍ സങ്കീര്‍ണമായ ഇന്നത്തെ ചെസ് പോരാട്ടങ്ങളില്‍ കാള്‍സന്റെ വിജയത്തിന് മൂല്യമേറുന്നു. എന്നാല്‍ മേല്‍ക്കോയ്മ എത്രകാലം കാള്‍സനു നിലനിര്‍ത്താനാവുമെന്നു പറയാനാവില്ല.

*
എ എന്‍ രവീന്ദ്രദാസ് ദേശാഭിമാനി

പാര്‍ടി പ്ലീനങ്ങള്‍ എന്തിന്

പാര്‍ടി കോണ്‍ഗ്രസ് സിപിഐ എമ്മിെന്‍റ പരമാധികാര സഭയാണ്. പാര്‍ടി ഭരണഘടനപ്രകാരം മൂന്ന് വര്‍ഷം തികയുമ്പോഴാണ് പാര്‍ടി കോണ്‍ഗ്രസ് ചേരുന്നത്. 1964 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ ഏഴുവരെ കൊല്‍ക്കത്തയില്‍ ചേര്‍ന്ന ഏഴാം പാര്‍ടി കോണ്‍ഗ്രസിലാണ് സിപിഐ എം രൂപീകരിക്കപ്പെട്ടത്. ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ പരിപാടി പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ചു. പ്രത്യയശാസ്ത്ര വിഷയങ്ങള്‍ അന്ന് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ല. 1964 ഡിസംബറില്‍ തൃശൂരില്‍ കേന്ദ്ര കമ്മിറ്റി യോഗം ചേര്‍ന്ന് പാര്‍ടി സംഘടനാ തത്വങ്ങള്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കണമെന്നാണ് തീരുമാനിച്ചത്. എന്നാല്‍ കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ വന്ന കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും മറ്റ് സഖാക്കളെയും ചൈനാ ചാരന്മാര്‍ എന്ന മുദ്രകുത്തി വഴിയില്‍ അറസ്റ്റുചെയ്ത് ജയിലിലടച്ചു. അതോടെ തൃശൂരില്‍ ചേരാനിരുന്ന കേന്ദ്ര കമ്മിറ്റി യോഗം മാറ്റിവെച്ചു.

പ്രസ്തുത കേന്ദ്ര കമ്മിറ്റി യോഗം സഖാക്കള്‍ ജയില്‍മോചിതരായി 67ല്‍ കോഴിക്കോട്ടാണ് ചേര്‍ന്നത്. പ്രത്യയശാസ്ത്ര പ്രമേയം ചര്‍ച്ച ചെയ്യാനുള്ള സ്പെഷ്യല്‍ പ്ലീനം പശ്ചിമബംഗാളിലെ ബര്‍ദ്വാനില്‍ 1968 ഏപ്രില്‍ അഞ്ച് മുതല്‍ 12 വരെ ചേര്‍ന്നു. ബര്‍ദ്വാന്‍ പ്ലീനത്തിലാണ് സിപിഐ എം ആദ്യമായി പ്രത്യയശാസ്ത്ര രേഖ അംഗീകരിച്ചത്. 1957ലെയും 60ലെയും ലോക കമ്യൂണിസ്റ്റ് പാര്‍ടികളുടെ യോഗം അംഗീകരിച്ച മോസ്കോ പ്രസ്താവനയിലും പ്രഖ്യാപനത്തിലുമുള്ള വിപ്ലവപരമായ ഉള്ളടക്കം സിപിഐ എം ഉയര്‍ത്തിപ്പിടിക്കും എന്ന് മാത്രമാണ് പറഞ്ഞിരുന്നത്. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഗൗരവമായ ചര്‍ച്ചയും തര്‍ക്കവും ഭിന്നിപ്പും നിലനിന്ന കാലത്താണ് ബര്‍ദ്വാന്‍ പ്ലീനം ചേര്‍ന്നത്.

ലോകത്തിലെ രണ്ട് മഹത്തായ കമ്യൂണിസ്റ്റ് പാര്‍ടികളാണ് സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയും. തൊഴിലാളിവര്‍ഗ വിപ്ലവം നടത്തി വിജയിച്ച് ഭരണത്തിലെത്തിയ കമ്യൂണിസ്റ്റ് പാര്‍ടികളാണ് രണ്ടും. ഇരു പാര്‍ടികള്‍ക്കും മഹത്തായ പാരമ്പര്യമുണ്ട്. അതുകൊണ്ടുതന്നെ രണ്ട് പാര്‍ടികളെയും ഞങ്ങള്‍ അംഗീകരിക്കുന്നു. എന്നാല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടി മാര്‍ക്സിസം ലെനിനിസത്തിന്റെ തത്വങ്ങളില്‍നിന്ന് വ്യതിചലിച്ചിരിക്കുന്നു. വലതുപക്ഷ റിവിഷനിസ്റ്റ് വ്യതിയാനമാണ് പാര്‍ടിക്ക് സംഭവിച്ചത്. ചൈനീസ് പാര്‍ടിയും തത്വങ്ങളില്‍നിന്ന് വ്യതിചലിച്ചിട്ടുണ്ട്. ചൈനീസ് പാര്‍ടിയെ ബാധിച്ചത് ഇടതുപക്ഷ വ്യതിയാനമാണ്. ഇതു രണ്ടും അപ്രമാദിത്വമുള്ള പാര്‍ടികളല്ല. ഈ രണ്ട് പാര്‍ടികളുടെ തീരുമാനങ്ങളും വള്ളിപുള്ളി വ്യത്യാസമില്ലാതെ അംഗീകരിച്ചുപോകാന്‍ സിപിഐ എമ്മിന് കഴിയില്ല.

മാര്‍ക്സിസം ലെനിനിസത്തിന്റെ തത്വങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് സിപിഐ എം മുന്നോട്ട് പോകും. ഞങ്ങളുടെ തലച്ചോര്‍ ആര്‍ക്കും പണയംവെക്കില്ല. സിപിഐ എമ്മിന് അന്ധമായ സോവിയറ്റ് വിരോധമോ അമിതമായ ചൈനാ പ്രേമമോ ഇല്ല. ഈ നിലപാടാണ് ശരിയെന്ന് കാലം തെളിയിച്ചു. പ്ലീനത്തില്‍നിന്ന് ഇടതുപക്ഷ തീവ്രവാദികളായ നാഗിറെഡ്ഡിയും കൂട്ടുകാരും പ്രതിഷേധിച്ചിറങ്ങിപ്പോയി. പാര്‍ടി ശരിയായ പാത പിന്തുടര്‍ന്നു. പ്രത്യയശാസ്ത്ര പ്രമേയത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയത് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് മദിരാശിയില്‍ ചേര്‍ന്ന 14-ാം കോണ്‍ഗ്രസിലാണ്. കോഴിക്കോട്ട് ചേര്‍ന്ന 20-ാം പാര്‍ടി കോണ്‍ഗ്രസ് വീണ്ടും പ്രത്യയശാസ്ത്ര പ്രമേയം ചര്‍ച്ചചെയ്തംഗീകരിച്ചു. സിപിഐ എമ്മിന്റെ ചരിത്രത്തില്‍ പ്രമുഖ സ്ഥാനമാണ് ബര്‍ദ്വാന്‍ പ്ലിനത്തിനുള്ളത്.

1970ല്‍ തലശേരിയില്‍ ചേര്‍ന്ന സംസ്ഥാന പ്ലീനം വളരെ പ്രധാനപ്പെട്ട സംഘടനാ തീരുമാനങ്ങളെടുത്തു. സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ക്ക് പരിഹാരം കണ്ടുകൊണ്ട് പാര്‍ടിയുടെ അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ടി ബ്രാഞ്ചുകളെ ശക്തിപ്പെടുത്തണമെന്നതായിരുന്നു തലശേരി പ്ലീനത്തിന്റെ പ്രധാന തീരുമാനം. ബ്രാഞ്ച് സെക്രട്ടറിമാര്‍ ബ്രാഞ്ച് യോഗം ചേരുമ്പോള്‍ ആനുകാലിക രാഷ്ട്രീയ സംഭവങ്ങളെപ്പറ്റി എഴുതി തയ്യാറാക്കിയ റിപ്പോര്‍ട്ട് അവതരിപ്പിക്കണമെന്നും ബ്രാഞ്ച് പ്രസ്തുത റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്നും തീരുമാനിച്ചു. ബ്രാഞ്ച് ശക്തിപ്പെട്ടാല്‍ മാത്രമേ പാര്‍ടിയുടെ സംഘടനാ പ്രവര്‍ത്തനം മെച്ചപ്പെടുകയുള്ളൂ എന്ന് തലശേരി പ്ലീനം കണ്ടു. പാര്‍ടിയുടെ അടിത്തറ വിപുലപ്പെടുത്താനും ബ്രാഞ്ച് ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്ലീനം ഊന്നിപ്പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് പാര്‍ടി വിദ്യാഭ്യാസം നിരന്തരം നല്‍കണമെന്നും തലശേരി പ്ലീനം തീരുമാനിച്ചു.

എടുത്തു പറയേണ്ടതായ മറ്റൊരു അഖിലേന്ത്യാ പ്ലീനം സാല്‍ക്കിയാ പ്ലീനമാണ്. അടിയന്തരാവസ്ഥ അവസാനിച്ചശേഷം ചേര്‍ന്ന പത്താം പാര്‍ടി കോണ്‍ഗ്രസില്‍ സംഘടനാ പ്രശ്നം ചര്‍ച്ചചെയ്യാന്‍ അവസരം ലഭിച്ചില്ല. സംഘടനാ പ്രശ്നം ചര്‍ച്ചചെയ്യാന്‍ പ്രത്യേക പ്ലീനം വിളിച്ചുചേര്‍ക്കണമെന്ന് തീരുമാനിച്ചു. 1978 ഡിസംബര്‍ 27 മുതല്‍ 31 വരെ സാല്‍ക്കിയായില്‍ ചേര്‍ന്ന പ്ലീനം സംഘടനാപ്രശ്നം ചര്‍ച്ചചെയ്ത് സംഘടനാ രേഖ അംഗീകരിച്ചു. പ്രസ്തുത പ്ലീനമാണ് ബഹുജന വിപ്ലവപാര്‍ടി വളര്‍ത്തണമെന്ന സുപ്രധാന തീരുമാനമെടുത്തത്. പാര്‍ടിയുടെ ബഹുജന സ്വാധീനമനുസരിച്ച് പാര്‍ടി അംഗത്വത്തില്‍ വര്‍ധന ഉണ്ടാക്കാന്‍ കഴിയണം. എന്നാല്‍ മെമ്പര്‍ഷിപ്പ് വര്‍ധിക്കുമ്പോള്‍ പാര്‍ടിയുടെ വിപ്ലവശക്തി ചോര്‍ന്നുപോകാന്‍ അനുവദിക്കരുത്. പാര്‍ടി സംഘടനാ യോഗങ്ങള്‍ ചിട്ടയോടെ സമയബന്ധിതമായി ചേരണമെന്നും കൃത്യനിഷ്ഠ പാലിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്നും സാല്‍ക്കിയാ പ്ലീനം തീരുമാനിച്ചു. സാല്‍ക്കിയാ പ്ലീനവും പാര്‍ടി ചരിത്രത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. 2000ത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന അഖിലേന്ത്യാ സ്പെഷ്യല്‍ പ്ലീനമാണ് പാര്‍ടി പരിപാടി കാലോചിതമായി പുതുക്കിയത്. തിരുവനന്തപുരം സ്പെഷ്യല്‍ പ്ലീനവും പാര്‍ടി ചരിത്രത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലാണ്. എല്ലാ പ്ലീനങ്ങളെപ്പറ്റിയും ഈ കുറിപ്പില്‍ പരാമര്‍ശിക്കുന്നില്ല.

പാലക്കാട്ട് നടക്കുന്ന പ്ലീനം സംഘടനാപരമായി പാര്‍ടിക്ക് കരുത്ത് വര്‍ധിപ്പിക്കുന്നതിനുള്ള പ്ലീനമാണ്. ആറുമാസത്തിലധികം കാലം സംസ്ഥാനതലം മുതല്‍ ബ്രാഞ്ച് തലംവരെ സംസ്ഥാനകമ്മിറ്റി അംഗങ്ങളടക്കം പങ്കെടുത്ത് പാര്‍ടി സഖാക്കളുമായി സംസാരിച്ചതിനുശേഷം യഥാര്‍ഥ വസ്തുതകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് തയാറാക്കിയ രേഖയാണ് പാലക്കാട് പ്ലീനം ചര്‍ച്ചചെയ്യാന്‍ പോകുന്നത്. സംഘടനാ നേതൃത്വത്തില്‍ മാറ്റംവരുത്തുകയെന്നത് പ്ലീനത്തിന്റെ അജന്‍ഡയല്ല. 20-ാം കോണ്‍ഗ്രസിലും അനുബന്ധ സമ്മേളനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട നേതൃത്വമാണ് പാര്‍ടിക്കുള്ളത്. പാര്‍ടിയുടെ അംഗീകൃത തത്വമാണ് സ്വയംവിമര്‍ശനവും വിമര്‍ശനവും. ഇതു രണ്ടുമില്ലെങ്കില്‍ മാര്‍ക്സിസം ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളിവര്‍ഗ വിപ്ലവപാര്‍ടി ഒഴുക്കില്ലാത്ത ജലാശയംപോലെയായി മാറും. അതനുവദിക്കാന്‍ പാര്‍ടി സമ്മതിക്കില്ല. ശാസ്ത്രീയമായ സ്വയംവിമര്‍ശനവും വിമര്‍ശനവും ഒരു തുടര്‍പ്രക്രിയയാണ്. അത് പാര്‍ടിയെ ശക്തിപ്പെടുത്താനും വിപുലപ്പെടുത്താനുമുള്ളതാണ്. അതോടൊപ്പം പാര്‍ടിയുടെ അടിത്തറയും ബഹുജന സ്വാധീനവും വന്‍തോതില്‍ വിപുലപ്പെടുത്തും. അതിനുള്ളതാണ് പാലക്കാട് പ്ലീനം.

*
വി വി ദക്ഷിണാമൂര്‍ത്തി ദേശാഭിമാനി

Thursday, November 28, 2013

ആദിവാസികളുടെ ജീവല്‍പ്രശ്നങ്ങള്‍

ചുരുക്കം ചില പ്രദേശങ്ങളൊഴികെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വംശീയത നിലനില്‍ക്കുന്നുണ്ട്. ലോകത്ത് പലഭാഗങ്ങളിലും നടക്കുന്ന സംഘര്‍ഷങ്ങളില്‍ ഇത്തരം വംശീയസംഘട്ടനങ്ങള്‍ പ്രധാന കാരണവുമാണ്. ആഫ്രിക്കപോലുള്ള രാജ്യങ്ങളിലെയും അഫ്ഗാനിസ്ഥാനിലെയും ആഭ്യന്തരകലാപങ്ങള്‍ക്ക് മുഖ്യകാരണം ഗോത്രസംഘര്‍ഷങ്ങളാണ്. ബോഡോ കലാപവും ഛത്തീസ്ഗഢിലെയും മറ്റും നക്സലൈറ്റ് സംഘട്ടനങ്ങളും മാറ്റിനിര്‍ത്തിയാല്‍ ഭാരതത്തിലെ ഗോത്രജനത ഇത്തരം വംശീയസംഘട്ടനങ്ങളില്‍നിന്നും മോചിതരാണ് എന്നുപറയാം. ഭരണവര്‍ഗങ്ങളുടെ ചൂഷണവും പീഡനവും ദാരിദ്യവും ഇല്ലാത്തതുകൊണ്ടല്ല മറിച്ച്, നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ ഉന്നതമൂല്യവും കൂടിയാണ് വംശീയകലാപങ്ങള്‍ ഇല്ലാതാകാന്‍ കാരണം.

നമ്മുടെ ഭരണഘടന സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവുമായ തുല്യനീതി ഉറപ്പുനല്‍കുന്നു. ഭരണഘടനയുടെ 42-ാം ഭേദഗതി നമ്മുടെ രാജ്യം സോഷ്യലിസ്റ്റ് സ്റ്റേറ്റാണ് എന്ന് പ്രഖ്യാപിക്കുന്നു. നൂറ്റാണ്ടുകളുടെ വികസനപാതയില്‍നിന്ന് തിരസ്കരിക്കപ്പെട്ട പാര്‍ശ്വവല്‍കൃത സമൂഹമായ ആദിവാസികള്‍ക്കും മറ്റും പ്രത്യേക പരിഗണനയും പരിരക്ഷയും വിഭാവനം ചെയ്യുന്നു. അതുകൊണ്ടുതന്നെ ഈ വിഭാഗങ്ങളെ ഭരണഘടനയുടെ പരിരക്ഷിതമായ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അതിനാല്‍ ഇവരെ പട്ടിക വര്‍ഗ, പട്ടികജാതി വിഭാഗമായി പരിഗണിക്കുന്നു. മറ്റ് വിഭാഗങ്ങളില്‍നിന്ന് വിഭിന്നമായി ഭരണഘടനയുടെ 245(1), 246 ഷെഡ്യൂള്‍ 7-ാം പട്ടിക അനുസരിച്ചും പട്ടികവര്‍ഗക്കാര്‍ക്കുവേണ്ടി പ്രത്യേക നിയമനിര്‍മാണം നടത്താനും അവകാശങ്ങള്‍ പ്രത്യേകം സംരക്ഷിക്കാനും പാര്‍ലമെന്റിന് അധികാരമുണ്ട്. ആയത് ഭരണഘടനയുടെ 15-ാം വകുപ്പുപ്രകാരമുള്ള മൗലിക അവകാശത്തിന് എതിരായി നില്‍ക്കുന്നതല്ല. എന്നാല്‍, ദുഃഖകരമെന്ന് പറയട്ടെ സ്വാതന്ത്ര്യാനന്തര ഭരണകൂടങ്ങള്‍ ഈ വിഭാഗങ്ങളെ ഉദ്ധരിക്കാനും അവരുടെ സാമൂഹ്യവും സാമ്പത്തികവുമായ വികസനത്തിനും വേണ്ട നടപടികള്‍ കൈകൊണ്ടിട്ടില്ല എന്നു പറയേണ്ടിവരും. അതിനാല്‍ ഈ വിഭാഗങ്ങള്‍ മുഖ്യധാരാ വിഭാഗങ്ങളില്‍നിന്ന് അകന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരായി നിലകൊള്ളുന്നു.

കേരളത്തിലെ ആദിവാസിസമൂഹം ഇത്തരം ഒറ്റപ്പെടുത്തലുകളില്‍നിന്നും വികസനനിഷേധത്തില്‍നിന്നും വിഭിന്നരല്ല. ഏറ്റവും കൂടുതല്‍ ആദിവാസി സമൂഹമുള്ള വയനാട്ടില്‍ ഭൂമിയില്ലാത്തവരും വിദ്യാവിഹീനരും രോഗങ്ങളുമായി കഷ്ടപ്പെടുന്നവരാണ് ആദിവാസികളില്‍ ഭൂരിഭാഗവും. കൃഷിയെ പ്രധാന വരുമാനമായി കാണുന്ന ആദിവാസികള്‍ക്ക് കാര്‍ഷികരംഗത്തെ തകര്‍ച്ച ഏറ്റവും ദോഷകരമായി. ഉല്‍പ്പാദനോപകരണങ്ങളുടെ ഉടമസ്ഥാവകാശം ലഭിക്കുമ്പോള്‍ മാത്രമേ മറ്റേതൊരു വര്‍ഗത്തെയുംപോലെ ആദിവാസിയും സ്വാശ്രയനാകുകയുള്ളൂ. അപ്പോള്‍ മാത്രമേ സാമ്പത്തികഭദ്രതയും വികസനവും കൈവരിക്കാന്‍ സാധിക്കൂ. മറ്റുള്ളവര്‍ക്കുവേണ്ടി പാടത്തും പറമ്പിലും കൂലിവേലചെയ്ത് ജീവിച്ച അടിമകളാണ് പ്രാക്തന ഗോത്രവര്‍ഗത്തിലെ ആദിവാസികളിലെ മുഴുവന്‍ പേരും. ചുരുക്കത്തില്‍ അവര്‍ പട്ടിണി കിടക്കുമ്പോഴും മറ്റുള്ളവരെ തീറ്റാന്‍ നെല്ലും കാര്‍ഷിക വിളകളും ഉണ്ടാക്കുകയും ഉടമയുടെ പത്തായങ്ങള്‍ നിറയ്ക്കുകയും ചെയ്തവരാണ്. സ്വന്തമായി തൊഴിലുപകരണംപോലും ഇല്ലാത്ത, നഷ്ടപ്പെടാന്‍ യാതൊന്നും ഇല്ലാത്ത അവരുടെ ദൈന്യതയാര്‍ന്ന ജീവിതത്തിന്റെ യഥാര്‍ഥ പരിഹാരങ്ങളിലേക്ക് ശക്തമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. 1940ന് മുമ്പ് വയനാട്ടിലെ ഭൂരിപക്ഷസമൂഹമായ ആദിവാസികള്‍ ഇന്ന് 18 ശതമാനത്തില്‍ താഴെയായി ചുരുങ്ങി. രോഗവും ദാരിദ്ര്യവും സാമൂഹിക നീതിനിഷേധവും ഈ ജനതയെ തിരസ്കൃതരായ ജനവിഭാഗത്തിന്റെ ശ്രേണിയിലേക്ക് തള്ളി. പട്ടിണിയും ശിശുമരണവും ഈ വിഭാഗങ്ങളെ വംശനാശത്തിലേക്ക് തള്ളിവീഴ്ത്തുമ്പോള്‍ ഭരണകൂടങ്ങള്‍ തങ്ങളുടെ തെറ്റിനെയും വീഴ്ചയെയും ന്യായീകരിച്ച് ആദിവാസി മരണങ്ങള്‍ മദ്യപാനം മൂലമാണെന്ന് പറഞ്ഞ് അവരെ പുച്ഛിക്കുന്നു. കറുത്ത നൂറ്റാണ്ടുകളില്‍ പാവപ്പെട്ട കറുത്തവര്‍ഗക്കാരെ അമേരിക്കന്‍ തോട്ടങ്ങളിലേക്ക് അടിമപ്പണിക്ക് കൊണ്ടുപോയതുപോലെ കുടകിലെ ഇഞ്ചിപ്പാടങ്ങളിലേക്ക് വയനാട്ടിലെ പാവപ്പെട്ട ആദിവാസികളെ കൊണ്ടുപോകുന്നു. ആദിവാസി ക്ഷേമസമിതിയുടെ രൂപീകരണം, എല്ലാ പീഡനങ്ങളും സഹിച്ച് മൃതപ്രായരായ ഒരു സമൂഹത്തിന് സംഘബോധവും സ്വത്വബോധവും നല്‍കിയിരിക്കുന്നു. പണവും ചാരായവും നല്‍കി ആദിവാസികളുടെ വോട്ട് തട്ടിയെടുക്കാമെന്ന് കരുതുന്ന കപടരാഷ്ട്രീയക്കാര്‍ക്ക് ഇത് ഞെട്ടലായി മാറി.

കുറിച്യകലാപം പോലുള്ള ചെറുത്തുനില്‍പ്പുകള്‍ക്ക് ശേഷം തീവ്രമായ ത്യാഗോജ്വല സമരത്തിന് ആദിവാസികള്‍ തയ്യാറായിരിക്കുന്നു. മണ്ണിനും ജീവനും വേണ്ടിയുള്ള സമരത്തില്‍ നൂറുകണക്കിന് ആദിവാസികള്‍ വര്‍ഷങ്ങളായി സമരകേന്ദ്രങ്ങളില്‍ കുടില്‍കെട്ടി താമസിച്ച് കൃഷി ചെയ്തുവരുന്നു. അവരുടെ നിലനില്‍പ്പിന്റെ ആവശ്യമാണ് ഭൂമി ലഭിക്കുക എന്നത്. സ്വയം അധ്വാനിച്ച് കൃഷിചെയ്തുകൊണ്ട് എല്ലാ ഭരണകൂടഭീകരതെയും അതിജീവിക്കാന്‍, ഈ സമരഭൂമിയില്‍ ധീരമായി നിലയുറപ്പിക്കാന്‍ അവര്‍ക്കു സാധിക്കുന്നു. അനേകംപേര്‍ ദിവസങ്ങളോളം ജയിലില്‍ കിടന്നു. ശാന്തയെപ്പോലുള്ളവര്‍ ജയിലില്‍വച്ച് സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ടിട്ടും വര്‍ധിത വീര്യത്തോടെ സമരരംഗത്തുണ്ട്. ഈ സത്യം മനസ്സിലാക്കിയ ഭരണകൂടം എല്ലാ ഭൂരഹിത ആദിവാസികള്‍ക്കും മൂന്നുസെന്റ് ഭൂമി എന്ന പ്രഖ്യാപനവുമായി രംഗത്തുവന്നിരിക്കുന്നു. മൂന്ന് സെന്റിലൊരു വീടുവയ്ക്കുക എന്നതല്ല മറിച്ച് കൃഷിചെയ്ത് ജീവിക്കാന്‍ ഭൂമി എന്നതാണ് ആദിവാസിയുടെ ആവശ്യം.

*
അഡ്വ. ചാത്തുക്കുട്ടി (ആദിവാസി ഭൂസമര സഹായ സമിതി ചെയര്‍മാനാണ് ലേഖകന്‍)

ദേശാഭിമാനി

സ്ത്രീവേട്ടക്കാരെ ചങ്ങലയ്ക്കിടണം

സ്ത്രീത്വം ചവിട്ടിയരയ്ക്കപ്പെടുന്ന നാടായി ഇന്ത്യ മാറിയിരിക്കുന്നു. കൂട്ടബലാത്സംഗങ്ങള്‍, തൊഴിലിടങ്ങളിലെയും പൊതുസ്ഥലങ്ങളിലെയും ഗൃഹങ്ങളിലെയും ലൈംഗികാതിക്രമങ്ങള്‍, സ്ത്രീകളോടുള്ള മേധാവിത്വമനോഭാവം, ദുരഭിമാനത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ കൊലപ്പെടുത്തല്‍, കപടസദാചാരവാദികളുടെ പീഡനങ്ങളും അപമാനപ്പെടുത്തലും, വസ്ത്രധാരണത്തില്‍പോലും അടിച്ചേല്‍പ്പിക്കുന്ന നിബന്ധനകള്‍, പെണ്‍ഭ്രൂണഹത്യ- ഇങ്ങനെ നാനാമുഖമായ ആക്രമണങ്ങള്‍ക്കാണ് ഇന്ത്യയിലെ സ്ത്രീകള്‍ ഇരയാകുന്നത്. സിപിഐ എം ഇരുപതാം കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ഈ പ്രശ്നത്തെ സവിസ്തരം പ്രതിപാദിക്കുന്നു. ""ലൈംഗികവസ്തുക്കള്‍ എന്ന നിലയില്‍ സ്ത്രീകളെ പ്രാകൃതമായ വിധത്തില്‍ അടിച്ചമര്‍ത്തുകയും തരംതാഴ്ത്തുകയും ചെയ്യുന്ന സംസ്കാരങ്ങളെ നവ ഉദാരവല്‍ക്കരണം പെരുപ്പിക്കുകയാണ്. പുതിയ പുതിയ രൂപങ്ങളിലുള്ള ചൂഷണവും സൈബര്‍ കുറ്റങ്ങള്‍പോലെയുള്ള ഭീഷണിപ്പെടുത്തലുകളും വര്‍ധിച്ചുവരുന്നു. ഇവയെ കൈകാര്യംചെയ്യുന്നതിനുള്ള നിയമപരമായ ചട്ടക്കൂടാകട്ടെ തികച്ചും അപര്യാപ്തമാണ്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, ദമ്പതികളെ ദുരഭിമാനത്തിന്റെ പേരില്‍ കൊലപ്പെടുത്തുന്നത് എന്നിവയുള്‍പ്പെടെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി തീര്‍പ്പാക്കാതെ കിടക്കുന്ന, ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയും തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ക്കെതിരെയുമുള്ള നിയമങ്ങളും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള നിയമവും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പാര്‍ലമെന്റില്‍ കൊണ്ടുവരാത്തത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ഒട്ടേറെ ഉറപ്പുകള്‍ പറഞ്ഞിട്ടും, ദുരഭിമാന ഹത്യകള്‍ക്കെതിരെ നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ വിസമ്മതിക്കുകയാണ്.."" (2.83)

വിശാഖ കേസില്‍ സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിപ്രസ്താവം വന്ന് 16 വര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയുന്നതിനുള്ള നിയമം യാഥാര്‍ഥ്യമായിരിക്കുന്നു. 2013 ഏപ്രിലില്‍ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരമായി. എന്നാല്‍, ചട്ടങ്ങള്‍ക്ക് ഇതുവരെ രൂപമായില്ല. തൊഴിലെടുക്കുന്ന സ്ത്രീകള്‍ അനുദിനം നേരിടുന്ന ഒരു സുപ്രധാന പ്രശ്നത്തോട് സര്‍ക്കാര്‍ കാട്ടുന്ന താല്‍പ്പര്യമില്ലായ്മ ഇതില്‍നിന്ന് വ്യക്തം. ഈയിടെ പുറത്തുവന്ന രണ്ട് സംഭവങ്ങള്‍ വിഷയത്തിന്റെ ഗൗരവാവസ്ഥ വെളിവാക്കുന്നതാണ്. ഒന്ന് സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിയുമായി ബന്ധപ്പെട്ടതും അടുത്തത് തെഹല്‍ക വാരികയുടെ മുന്‍ ചീഫ്എഡിറ്ററുമായി ബന്ധപ്പെട്ടതുമാണ്. വിവിധ കേന്ദ്രങ്ങളുടെ ഏറ്റവും ഉന്നതങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്ഥ ബോധ്യപ്പെടുത്തുന്ന ഈ രണ്ട് സംഭവങ്ങള്‍ക്കൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഇരകളായ സ്ത്രീകള്‍ക്ക് പ്രയോജനപ്പെടുത്താനാകും വിധം നിയമപരമായി സ്ഥാപിതമായ ഒരു പരാതി പരിഹാര സംവിധാനത്തിന്റെ അഭാവം. സ്ത്രീകള്‍ തുടര്‍ച്ചയായി ലൈംഗിക ചൂഷണം അനുഭവിക്കേണ്ടിവരുന്നതിന്റെ മുഖ്യകാരണം ഇതാണ്. മാത്രമല്ല പരാതി ഉയര്‍ത്തിയാല്‍ കടുത്ത പകപോക്കലിന് ഇരയാകപ്പെടും എന്നതിനു പുറമെ തൊഴില്‍ നഷ്ടമാകുന്ന സാഹചര്യവുമുണ്ട്.

കരട് നിയമത്തിന് ഒട്ടനവധി ഭേദഗതികള്‍ വിവിധ വനിതാ സംഘടനകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇതില്‍ പലതും നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചെങ്കിലും പൈശാചികമായ ഒരു വകുപ്പ് വലിയ മാറ്റമില്ലാതെ തുടരുകയാണ്. വ്യാജപരാതിയാണെങ്കില്‍ പരാതിക്കാര്‍ക്കും സാക്ഷികള്‍ക്കുമെതിരെ അധികൃതര്‍ക്ക് നടപടികളുമായി മുന്നോട്ടുപോകാന്‍ വ്യവസ്ഥചെയ്യുന്നതാണ് ഈ വകുപ്പ്. വിശാഖ ഉത്തരവിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് തികച്ചും വിരുദ്ധമാണ് ഈ വ്യവസ്ഥ. കള്ള സാക്ഷിമൊഴികളോ വ്യാജപരാതികളോ നേരിടുന്നതിനുള്ള വ്യവസ്ഥകള്‍ മറ്റ് നിയമങ്ങളിലൊന്നുമില്ല. ഈയൊരു നിയമത്തില്‍മാത്രം ഇത്തരമൊരു വ്യവസ്ഥ ഉള്‍ക്കൊള്ളിക്കുന്നത് നിശ്ചയമായും ഇരകളെ ഭയപ്പെടുത്തുകയും പരാതി നല്‍കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുകയുംചെയ്യും. മാത്രമല്ല, പരാതി ലഭിച്ചാല്‍ സ്വീകരിക്കേണ്ട അന്വേഷണനടപടികള്‍ എങ്ങനെ വേണമെന്ന് പ്രധാന നിയമത്തില്‍ വ്യവസ്ഥചെയ്യുന്നില്ല. അതെല്ലാം ചട്ടങ്ങളില്‍ ഉള്‍ക്കൊള്ളിക്കാനായി വിട്ടിരിക്കയാണ്. അങ്ങേയറ്റം സൂക്ഷ്മതയോടെ വേണം അന്വേഷണ നടപടികള്‍ പുരോഗമിക്കേണ്ടത്. അല്ലാതെ വകുപ്പുതല അന്വേഷണങ്ങളുടെ നടപടികളെ യാന്ത്രികമായി പിന്തുടരുകയല്ല. കൃഷിയിടം, അസംഘടിത മേഖലയിലെ മറ്റ് തൊഴിലിടങ്ങള്‍ തുടങ്ങി സ്ത്രീകള്‍ ജോലിയെടുക്കുന്ന വിവിധ മേഖലകള്‍ തൊഴലിടങ്ങളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നില്ലെന്ന വിവേചനവുമുണ്ട്. ചട്ടങ്ങള്‍ രൂപീകരിക്കുമ്പോള്‍ ഈ പോരായ്മകള്‍ പരിഹരിക്കപ്പെടണം.

എത്രയും വേഗം ചട്ടങ്ങള്‍ക്ക് രൂപം നല്‍കാന്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ സമ്മേളനം യുപിഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ തൊഴിലിടങ്ങളിലും പരാതി പരിഹാര സമിതികള്‍ക്ക് രൂപം നല്‍കുന്ന നടപടി വേഗത്തിലാക്കുകയും വേണം. നിയമത്തിന് പരമാവധി പ്രചാരം നല്‍കുകയും പരാതികളോട് പ്രതികരിക്കാത്ത മാനേജ്മെന്റുകള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും വേണം. സ്ത്രീകള്‍ക്ക് നിര്‍ഭയം തൊഴിലെടുത്ത് ജീവിക്കാന്‍ കഴിയാത്ത അന്തരീക്ഷം സൃഷ്ടിക്കപ്പെടാത്തത് മാനവികമൂല്യങ്ങളുടെ നിരാസംതന്നെയാണ്. സമൂഹത്തിലെ അക്രമങ്ങള്‍ക്കും അനീതിക്കുമെതിരെ ശക്തിയുക്തം പോരാടുന്നവര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മാധ്യമ സ്ഥാപനങ്ങളില്‍ സ്ത്രീത്വം എങ്ങനെ കൈകാര്യംചെയ്യപ്പെടുന്നു എന്നതിനുദാഹരണമാണ് തെഹല്‍ക സംഭവം. ആതുര ശുശ്രൂഷയടക്കമുള്ള മറ്റു പല മേഖലകളിലുമെന്നപോലെ അനേകം സ്ത്രീകള്‍ ജോലിചെയ്യുന്നതാണ് മാധ്യമരംഗം. മുംബൈയില്‍ വാര്‍ത്ത ശേഖരിക്കാന്‍ പോയ വനിതാ മാധ്യമപ്രവര്‍ത്തക കൂട്ടബലാത്സംഗത്തിനിരയായത് ഈയിടെയാണ്. തെഹല്‍കയില്‍ ഉയര്‍ന്ന പരാതി ആ സ്ഥാപനത്തിന്റെ അധിപന്‍ സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തി എന്നാണ്. രാവും പകലും ഭേദമില്ലാതെ വാര്‍ത്താശേഖരണത്തിന് എവിടെയും കയറിച്ചെല്ലാന്‍ നിര്‍ബന്ധിതരാകുന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നതിനെതിരെ പോരാട്ടം നയിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട പത്രാധിപന്മാര്‍തന്നെ സഹപ്രവര്‍ത്തകരായ വനിതകളെ വേട്ടയാടിപ്പിടിക്കുന്ന അനുഭവം അമ്പരപ്പിക്കുന്നതാണ്. തീര്‍ച്ചയായും, സ്ത്രീകളുടെ മാത്രം പ്രശ്നമല്ലിത്. മാധ്യമ രംഗത്ത് ഒതുക്കിക്കാണേണ്ട പ്രശ്നവുമല്ല. സമൂഹമാകെ ഉത്തരവാദിത്തബോധത്തോടെ ഏറ്റെടുക്കേണ്ട വിഷയമാണ്. വനിതാ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമസ്ഥാപനങ്ങളുമടക്കം യോജിച്ച് പ്രതികരിക്കേണ്ട വിഷയവുമാണ്.

*
ദേശാഭിമാനി മുഖപ്രസംഗം

കൊടിയ മര്‍ദനം ഊര്‍ജമായ മഞ്ഞപ്ര സമരം

വടക്കഞ്ചേരി: കൂലിവര്‍ധനയ്ക്ക് സമരംചെയ്ത കര്‍ഷകത്തൊഴിലാളികളുടെ നേരെ ജന്മികളുടെ ഗുണ്ടകളും പൊലീസും നടത്തിയ കൊടിയ മര്‍ദനം ജില്ലയിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജമാകുമെന്ന് അന്നാരും കരുതിയിട്ടുണ്ടാകില്ല.

മഞ്ഞപ്ര സമരത്തില്‍ പങ്കെടുത്തതിന് ക്രൂരമര്‍ദനത്തിനിരയായ സിദ്ദിഖിന്റെ ശരീരത്തില്‍ മായാത്ത മുദ്രകളായി മര്‍ദനപ്പാടുകള്‍. ആ സമരത്തില്‍ പങ്കെടുത്ത അവശേഷിക്കുന്ന ഏക നേതാവാണ് കണ്ണമ്പ്രയിലെ സിദ്ദിഖ്. സമരത്തിന്റെ നാള്‍വഴികള്‍ വിശദീകരിക്കുമ്പോള്‍ 82 വയസ്സുപിന്നിട്ട അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രസ്ഥാനം ആര്‍ജിച്ച കരുത്തും ആവേശവും ജ്വലിച്ചു. ജില്ലയിലെ കര്‍ഷക-കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ മഞ്ഞപ്രയിലെ കൂലിവര്‍ധനയ്ക്കുവേണ്ടിയുള്ള പോരാട്ടം നിര്‍ണായക പങ്കുവഹിച്ചു.

1952-53 കാലഘട്ടത്തില്‍ ജില്ലയെ ഇളക്കിമറിച്ച മഞ്ഞപ്ര സമരം നടക്കുമ്പോള്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ സെക്രട്ടറിയാണ് സിദ്ദിഖ്. നരകതുല്യമായ ജീവിതം നയിക്കുന്ന കര്‍ഷകത്തൊഴിലാളികള്‍ കൂലി കൂടുതലിനുവേണ്ടിയാണ് സമരരംഗത്തിറങ്ങിയത്. നെല്ല്കൊയ്താല്‍ കൃഷിയുടമയ്ക്ക് 10 പറ നെല്ല് അളന്നു നല്‍കണം. ഓരോ പത്തുപറ നെല്ല് അളക്കുമ്പോഴും ഒരുപറ നെല്ല് തൊഴിലാളികള്‍ക്ക് കൊടുക്കണമെന്നാണ് തൊഴിലാളികള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യം.

നാമമാത്രമായ കൂലിക്ക് പണി ചെയ്യാന്‍ നിര്‍ബന്ധിതരായ തൊഴിലാളികള്‍ ആലത്തൂര്‍ ആര്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ സംഘടിച്ചാണ് സമരം തുടങ്ങിയത്. പുരുഷന് കൂലി മൂന്നില്‍നിന്ന് നാലിടങ്ങഴി നെല്ല് ആക്കണം, സ്ത്രീകള്‍ക്ക് രണ്ടിടങ്ങഴി എന്നത് മൂന്നും ആക്കണമെന്നുമായിരുന്നു ആവശ്യം. കണ്ണമ്പ്ര, ചൂര്‍ക്കുന്ന്, പുതുക്കോട് എന്നിവിടങ്ങളിലെ ജന്മിമാര്‍ ആവശ്യം അംഗീകരിച്ചില്ല. മാത്രമല്ല, കര്‍ഷകരക്ഷാസമിതി രൂപീകരിച്ച് മഞ്ഞപ്രയില്‍ പ്രകടനം നടത്തുകയും ചെയ്തു.

മഞ്ഞപ്ര ഗോവിന്ദന്‍നായരുടെ പാടത്ത് ലെക്കിടിയില്‍നിന്ന് തൊഴിലാളികളെ കൊണ്ടുവന്ന് കൊയ്യാന്‍ ശ്രമിച്ചു. ഇത് സ്ത്രീകളടക്കമുള്ള തൊഴിലാളികള്‍ ചേര്‍ന്ന് തടഞ്ഞു. ആര്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടപ്പോള്‍ സമരം തുടര്‍ന്നു. സമരരംഗത്തുള്ള തൊഴിലാളികള്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. തുടര്‍ന്ന് പൊലീസ് സഹായത്തോടെ കൊയ്യാന്‍ നീക്കം തുടങ്ങിയപ്പോള്‍ സിദ്ദിഖ് ഉള്‍പ്പെടെയുള്ള 11പേര്‍ പൊലീസ്വലയം ഭേദിച്ച് വയലിലേക്കു കടന്നു. ഇവരെ പൊലീസ് അതിക്രൂരമായി മര്‍ദിച്ചു. 22-ാംവയസ്സില്‍ പൊലീസ് മര്‍ദനമേറ്റ സിദ്ദിഖിന്റെ മൂട്ടുകാലില്‍ അടിയേറ്റ പാട് ഇപ്പോഴുമുണ്ട്.

മഞ്ഞപ്രയില്‍ സമരം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെങ്കിലും ആ സമരത്തിന്റെ ആവേശം കര്‍ഷകത്തൊഴിലാളി സംഘടനയുടെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും വളര്‍ച്ചക്ക് വേഗം പകര്‍ന്നു. കൃഷിക്കാരുടെ ഐക്യമുണ്ടാക്കാനും അവരെ കമ്യൂണിസ്റ്റ്പാര്‍ടിയോട് അടുപ്പിക്കാനും കഴിഞ്ഞുവെന്നതും മഞ്ഞപ്ര സമരത്തിന്റെ പ്രത്യേകതയാണ്.

*
ശിവദാസ് തച്ചക്കോട്

ഇന്നും ജ്വലിക്കുന്ന വിളയൂരിന്റെ പോരാട്ടവീര്യം

പട്ടാമ്പി: പാലക്കാടിന്റെ ഇടതുപക്ഷ മനസ്സില്‍ ചെഞ്ചോര കൊണ്ട് അടയാളപ്പെടുത്തിയ മണ്ണാണ് വിളയൂര്‍. ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ തീര്‍ത്ത് വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ശക്തമായ മറുപടി നല്‍കുന്നതാണ് വിളയൂരിലെ കര്‍ഷക സമരങ്ങള്‍.
ഭൂപരിഷ്കരണ നിയമം നിലവില്‍ വന്നിട്ടും കുടിയൊഴിപ്പിക്കല്‍ തുടര്‍ന്ന ജന്മിത്തത്തിന്റെ കൊടും ക്രൂരതക്കെതിരെ ചെറുത്തുനില്‍പ്പിന്റെ ജ്വലിക്കുന്ന അധ്യായം തീര്‍ത്തത് ഓര്‍ക്കുമ്പോള്‍ സമരനായകരിലൊരാളും വിളയൂര്‍ പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റുംകൂടിയായ കെ കൃഷ്ണന്‍കുട്ടിക്ക് ഇന്നും ആവേശം. ഹരിജന്‍ കര്‍ഷകനായ ചെള്ളിയുടെ ഭൂമി ഒഴിപ്പിക്കാന്‍ ജന്മിമാര്‍ നടത്തിയ ശ്രമത്തെ കര്‍ഷകസംഘം പ്രവര്‍ത്തകര്‍ തടയാന്‍ തീരുമാനിച്ചു. ചെള്ളിയുടെ കൃഷിയിടത്തില്‍ കൃഷി ചെയ്യാനെത്തിയ ജന്മിഗുണ്ടകളെ ചെറുക്കുന്നതിനിടെ കരിയപ്പിടികൊണ്ട് തലയ്ക്കടിയേറ്റ സെയ്താലിക്കുട്ടി 1970 മെയ് നാലിനാണ് രക്തസാക്ഷിയായത്.

ജന്മിയുടെയും ഗുണ്ടകളുടെയും ആക്രമണത്തില്‍ സെയ്താലിക്കുട്ടി എന്ന കര്‍ഷകന്‍ രക്തസാക്ഷിയായി. വിളയൂരിന്റെ ഈ പോരാട്ടവീര്യം പാലക്കാട്ടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പാര്‍ടി സംസ്ഥാന പ്ലീനം നടക്കുന്ന പാലക്കാട്ടെ നഗരിയിലേക്കുള്ള പതാക രക്തസാക്ഷി സെയ്താലിക്കുട്ടിയുടെ സ്മൃതി മണ്ഡപത്തില്‍നിന്നാണ് കൊണ്ടുപോവുന്നത്. അന്നത്തെ പോരാളികളില്‍ ആറുപേരാണ് ഇന്ന് ജീവിച്ചിരിക്കുന്നത്. അന്ന് ജന്മിമാര്‍ക്കൊപ്പംനിന്നിരുന്നവരില്‍ വലിയ പങ്കും ഇന്ന് പാര്‍ടിയോടൊപ്പമായതും ചരിത്രം. അന്ന് പാര്‍ടിയില്‍ അംഗമായിരുന്ന കൃഷ്ണന്‍കുട്ടിക്ക് 24 വയസ്സ്. ഒരുഭാഗത്ത് പട്ടിണിയും ദാരിദ്ര്യവും. മറുഭാഗത്ത് കമ്യൂണിസ്റ്റ്കാര്‍ക്കെതിരെ വന്‍ അക്രമവും നടക്കുന്നകാലം.

1969ലെ ഇഎംഎസ് സര്‍ക്കാര്‍ ഭൂപരിഷ്കരണനിയമം കൊണ്ടുവന്നു. ഈ ഘട്ടത്തിലാണ് ചെള്ളിയുടെ കൃഷിഭൂമി വിട്ടുകൊടുക്കണമെന്ന് ജന്മിമാര്‍ ആവശ്യപ്പെട്ടത്. ഇതിനെതിരെ കൃഷിയിടത്തില്‍ കമ്യൂണിസ്റ്റുകാര്‍ കൊടിനാട്ടി. രോഷാകുലരായ ജന്മിമാര്‍ മൂന്നുലോറികളിലായി 150 ഓളം ആയുധധാരികളായ ഗുണ്ടകളെ കൃഷിയിടത്തേക്ക് പറഞ്ഞുവിട്ടു. ചെള്ളിയുടെ ഭൂമിയില്‍ പൂട്ടും ആരംഭിച്ചു. ഇതുകണ്ട് ഓടിയെത്തിയ ചെള്ളിയും കുടുംബവും കന്നുകളെ പൂട്ടാന്‍ കെട്ടിയ നുകത്തിന്റെ കെട്ടുവള്ളി അറുത്തുമാറ്റി. ജന്മിമാരുടെ ഗുണ്ടകള്‍ ചെള്ളിയെ ആക്രമിച്ചു. ഓടിയെത്തിയ ജനങ്ങളും ജന്മിഗുണ്ടകളും മണിക്കൂറുകളോളം ഏറ്റുമുട്ടി. ചെറുത്തുനില്‍പ്പില്‍ ജന്മിഗുണ്ടകള്‍ ഓടി. അതിനിടയിലാണ് സെയ്താലിക്കുട്ടിയെ കണ്ടത്തിലേക്ക് ഒരാള്‍ വലിച്ചിട്ട് അടിച്ചത്. കരിയപ്പിടികൊണ്ടുള്ള അടിയേറ്റ് സെയ്താലിക്കുട്ടിയുടെ തല പൊളിഞ്ഞ് രക്തം പുറത്തേക്ക് ചീറ്റി. സെയ്താലിക്കുട്ടിയെ പട്ടാമ്പിയിലും ഒറ്റപ്പാലത്തും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

പിന്നീട് ജന്മിമാരുടെ നിര്‍ദേശപ്രകാരം പൊലീസ് കള്ളക്കേസ് ചമച്ചു. ജന്മിമാരുടെ വീട്ടില്‍ പണിചെയ്തുകൊണ്ടിരുന്ന സെയ്താലിക്കുട്ടിയെ അക്രമിസംഘം കൊലപ്പെടുത്തിയെന്ന് വരുത്താന്‍ ശ്രമം നടന്നു. സംഭവസമയത്ത് ഇല്ലാതിരുന്ന പാര്‍ടി നിയോജകമണ്ഡലം സെക്രട്ടറി സി അച്യുതനുള്‍പ്പെടെ ഏഴുപേരെ കള്ളക്കേസില്‍ കുടുക്കി 15ദിവസം ജയിലിലടച്ചു. എന്നാല്‍ വസ്തുത മനസ്സിലാക്കിയ വിളയൂരിലെ ജനങ്ങള്‍ പാര്‍ടിക്കൊപ്പം നിന്നു.

*
പി കെ സുമേഷ്

അരണ്ടപ്പളം ആറു: തീപാറുന്ന സ്മരണ

പാലക്കാട്: ജാതി-ജന്മിനാടുവാഴിത്തത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കിയ കര്‍ഷക-കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ അനേകം ചുടുയൗവനങ്ങളാണ് വയലുകളില്‍ പിടഞ്ഞുവീണത്. സ്വന്തം നേട്ടത്തിനായിരുന്നില്ല ആ മരണംവരിക്കല്‍.

അടുപ്പില്‍ ഒരുനേരമെങ്കിലും കനലെരിയണമെന്നും പിഞ്ചുമക്കള്‍ക്ക് ഒരുരാത്രിയെങ്കിലും വയറുനിറയെ ഭക്ഷണം കൊടുക്കണമെന്നുമുള്ള തൊഴിലാളികളുടെ വിതുമ്പലുകളാണ് സമരങ്ങള്‍ക്കുപിന്നിലെ ചേതോവികാരം. അതുതന്നെയാണ് കര്‍ഷക-തൊഴിലാളി സമരങ്ങള്‍ക്ക് ഊര്‍ജവും ചെങ്കൊടിപ്രസ്ഥാനത്തിന്റെ അടിത്തറയും. 1942 മുതല്‍ത്തന്നെ പാലക്കാട് ജില്ലയില്‍ തൊഴിലാളിസമരങ്ങളുടെ വിത്തുപാകിയിരുന്നു. കമ്യൂണിസ്റ്റ്പ്രസ്ഥാനം രൂപംകൊണ്ടശേഷം അധ്വാനിക്കുന്നവന്റെ ആശ്രയം അതാണെന്ന് തൊഴിലാളികള്‍ മനസ്സിലുറപ്പിച്ചു. ജന്മിമാര്‍ ഇതിനെതിരെ കോപ്പുകൂട്ടി. അവരുടെ എതിര്‍പ്പ് സമരങ്ങളുടെ ശക്തി വര്‍ധിപ്പിച്ചു. അത്തരം സമരങ്ങള്‍ക്ക് ചരിത്രത്തില്‍ സ്ഥാനംനല്‍കിയതാണ് അരണ്ടപ്പളം ആറുവിന്റെ രക്തസാക്ഷിത്വം.

ജില്ലയിലെ കര്‍ഷകത്തൊഴിലാളികള്‍ക്കിടയിലെ ആദ്യ രക്തസാക്ഷികൂടിയാണ് ചിറ്റൂരിലെ അരണ്ടപ്പളം ആറു. കൂലിക്കൂടുതലിനും പതമ്പിനുംവേണ്ടി നടത്തിയ സമരത്തിലാണ് ജന്മിയുടെ വെടിയേറ്റ് ആറു രക്തസാക്ഷിയായത്. ഇന്നും കര്‍ഷകസമരചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ് അത്. ഭൂമി ഒഴിപ്പിക്കലിനെതിരെയും കൂലിക്കൂടുതലിനുമായുള്ള സമരം കൊടുമ്പിരികൊണ്ട 1957 ഒക്ടോബര്‍ ഒന്നിനാണ് ആറു രക്തസാക്ഷിയായത്. അരണ്ടപ്പളത്തെ ദാമോദരന്‍ എന്ന ജന്മി കര്‍ഷകനായ വേലുക്കുട്ടിയെ ഒഴിപ്പിച്ചു. ഇതിനിടയില്‍ പാറക്കാല്‍ പഴണന്‍ എന്ന കമ്യൂണിസ്റ്റ്നേതാവിനെ ജന്മി കെട്ടിയിട്ടുവെന്ന വാര്‍ത്ത പരന്നു. നാടിന്റെ നാനാഭാഗത്തുനിന്നും കര്‍ഷകത്തൊഴിലാളികള്‍ പ്രതിഷേധപ്രകടനവുമായെത്തി. വീട് ആക്രമിക്കാനെത്തുകയാണെന്നു ധരിച്ച ജന്മി രാത്രി ജാഥയ്ക്കുനേരെ വെടിവച്ചു. മായപ്പന്‍ എന്ന കര്‍ഷകത്തൊഴിലാളിയുടെ കാലിന് ആദ്യവെടിയേറ്റു. രണ്ടാമത്തെ വെടി ആറുവിന്റെ ജീവനെടുത്തു. ഒലുവംപൊറ്റ എന്‍ എസ് ഹമീദ് എന്ന സഖാവാണ് രാത്രി മുഴുവന്‍ മൃതദേഹത്തിന് കാവല്‍നിന്നത്. കര്‍ഷകസമരചരിത്രത്തില്‍ ദിശമാറ്റിയ സംഭവമായിരുന്നു ഇത്.

കറുപ്പന്റെ കാതില്‍ മുഴങ്ങുന്നു ഇന്നും ആ വെടിയൊച്ച

പാലക്കാട്: മാണിക്യന്‍ എന്ന രക്തസാക്ഷിയുടെ ചുടുരക്തം വീണ കോട്ടമൈതാനത്തെ വാകമരച്ചുവട്ടില്‍ നില്‍ക്കുമ്പോള്‍ കറുപ്പന്റെ കാതില്‍ ആ വെടിയൊച്ചയുടെ ഇരമ്പല്‍ മാത്രം. നാലു സഖാക്കളുടെ ജിവനെടുത്ത പാലക്കാട് വെടിവയ്പില്‍ കൊല്ലപ്പെട്ട മാണിക്യന്റെ കൂടെ കറുപ്പനുമുണ്ടായിരുന്നു.

ഉപരോധസമരത്തിനുനേരെ പൊലീസ് വെടിയുതിര്‍ത്തപ്പോള്‍ എല്ലാവരും നിലത്ത് കമിഴ്ന്നു കിടന്നു. എന്നാല്‍, കേള്‍വിക്കുറവുണ്ടായിരുന്ന മാണിക്യന്‍ വെടിയൊച്ച കേട്ടില്ല. കറുപ്പനും മറ്റ് സഹപ്രവര്‍ത്തകരും മാണിക്യന്റെ കാലില്‍ പിടിച്ചുവലിച്ചെങ്കിലും കുതറിമാറി പൊലീസിനുനേരെ പാഞ്ഞു. പൊലീസ് മാണിക്യന്റെ നെഞ്ചില്‍ വലതുഭാഗത്ത് ബുള്ളറ്റ് പായിച്ചു. അടിതെറ്റിയപോലെ കുഴഞ്ഞ മാണിക്യന്‍ വാകമരച്ചുവട്ടില്‍ പിടഞ്ഞുവീണു. മൂന്നുമാസം കഴിഞ്ഞാല്‍ വിവാഹിതനായി പുതിയ ജീവിതത്തിലേക്കു കടക്കേണ്ട ആ സമരയൗവനം ജ്വലിക്കുന്ന ഓര്‍മയായി. അതോടൊപ്പം മറ്റു മൂന്നു സഖാക്കളും.

1969 ഡിസംബര്‍ ഒന്നിന് പാലക്കാട് കോട്ടമൈതാനത്തെ സമരത്തില്‍ പങ്കെടുത്ത കൊടുമ്പ് ഓലശേരി കറുപ്പന്റെ വാക്കുകളില്‍ കെടുത്താനാവാത്ത ആവേശം. ഒരു പ്രസ്ഥാനം കരുത്താര്‍ജിച്ച ചോരചിന്തിയ സമരവഴികളായിരുന്നു അതില്‍ നിറയെ. 1967ല്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ച് 1969 നവംബറില്‍ ഐക്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍വന്നു. കാര്‍ഷിക ഭൂപരിഷ്കരണനിയമം പാസാക്കി കേരളത്തിന്റെ സാമൂഹ്യഘടനയില്‍ മഹത്തായ മാറ്റത്തിനു വഴിയൊരുക്കിയ ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തുടക്കംമുതല്‍ ശക്തമായ ഗൂഢാലോചന നടന്നു. അതിനൊടുവിലാണ് 1969ല്‍ ചെറുകക്ഷികളെ കൂട്ടുപിടിച്ച് കുറുമുന്നണിയുണ്ടാക്കിയത്. ഐക്യമുന്നണി സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം സംസ്ഥാനവ്യാപകമായി ജില്ലാ കേന്ദ്രങ്ങള്‍ ഉപരോധിക്കാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായാണ് പതിനായിരക്കണക്കിനു സിപിഐ എം പ്രവര്‍ത്തകര്‍ പാലക്കാട് ടിപ്പുവിന്റെ കോട്ട ഉപരോധിച്ചത്.

അന്ന് സര്‍ക്കാര്‍ ഓഫീസുകളെല്ലാം പ്രവര്‍ത്തിച്ചിരുന്നത് കോട്ടയ്ക്കകത്തായിരുന്നു. 1969 ഡിസംബര്‍ ഒന്നിന് രാവിലെ ഉപരോധസമരം തുടങ്ങി. കോട്ടയുടെ പ്രധാന കവാടത്തിനുമുന്നില്‍നിന്നും ഓരോ അമ്പതുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. വൈകുന്നേരമായിട്ടും ജനങ്ങളെ അറസ്റ്റ് ചെയ്ത് നീക്കാന്‍ കഴിഞ്ഞില്ലെന്ന് കറുപ്പന്‍ ഓര്‍മിക്കുന്നു. സമരം തീരാന്‍ പത്തുമിനിറ്റ് ശേഷിക്കെ അപ്രതീക്ഷിതമായി വെടിവയ്പുണ്ടായി. കോട്ടയുടെ മുകളില്‍നിന്ന് തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കറുപ്പന്‍ പറഞ്ഞു. അന്ന് കറുപ്പന് വയസ്സ് 22. മറ്റു കേസുകളില്‍പ്പെട്ട നാലു പ്രതികളെ കോടതിയില്‍ ഹാജരാക്കി തിരികെ കോട്ടയ്ക്കുള്ളിലെ സബ് ജയിലിലേക്കു കൊണ്ടുവന്ന എസ്ഐ കുട്ടപ്പനാണ് വെടിവയ്പ്പിനിടയാക്കിയ കുഴപ്പമുണ്ടാക്കിയത്. സമരം തീര്‍ന്നശേഷം ഇവരെ കോട്ടയ്ക്കുള്ളിലേക്കു കയറ്റിവിടാമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന പി പി കൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പറഞ്ഞെങ്കിലും എസ്ഐ വഴങ്ങിയില്ല. വാക്കുതര്‍ക്കം നടക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായി വെടിയുതിര്‍ത്തത്. നിമിഷനേരംകൊണ്ട് കോട്ടമെതാനം ചോരക്കളമായി.

കണ്ണാടി പാണ്ടിയോട് രാജന്‍, കൊടുമ്പ് ഓലശേരി മാണിക്യന്‍, കൊടുവായൂര്‍ കണ്ണങ്കോട് സുകുമാരന്‍, പല്ലശന ചെല്ലന്‍ എന്നീ സഖാക്കള്‍ രക്തസാക്ഷികളായി. കര്‍ഷകത്തൊഴിലാളികളും ബീഡിത്തൊഴിലാളികളും ജീവവായുവായിക്കണ്ട കമ്യൂണിസ്റ്റ് പാര്‍ടിയുടെ ധീരസഖാക്കള്‍ പാലക്കാട് കോട്ടയ്ക്കുമുന്നില്‍ വെടിയേറ്റു മരിച്ചെന്ന വാര്‍ത്തകേട്ട് ജില്ല നടുങ്ങി. ഐക്യമുന്നണി സര്‍ക്കാരിനെതിരെ അത് വലിയ കൊടുങ്കാറ്റ് അഴിച്ചുവിട്ടു. സിപിഐ എമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും പോരാട്ടചരിത്രത്തില്‍ നാഴികക്കല്ലായ പാലക്കാട് വെടിവയ്പ് പാര്‍ടി പ്ലീനം നടക്കുമ്പോള്‍ അതിന്റെ കനല്‍ക്കാറ്റ് നെഞ്ചേറ്റുന്നു.

*
വേണു കെ ആലത്തൂര്‍

ആ വാക്കുകളില്‍ മുഴങ്ങിയത് സ്ത്രീയുടെ അഭിമാനം

കുഴല്‍മന്ദം: വിവാഹം കഴിഞ്ഞ് തോലനൂരിലെത്തി പുത്തന്‍ പ്രതീക്ഷകളോടെ പാടത്ത് പണിക്കിറങ്ങിയ ഒരു യുവതിയുടെ തീക്ഷ്ണമായ വാക്കുകളില്‍നിന്ന് പടര്‍ന്നത് സമരകാഹളത്തിന്റെ അഗ്നിനാളങ്ങള്‍. അത് ഇന്നും ഓര്‍ക്കുന്നു കുത്തനൂരിലെ ഒ എ രാമകൃഷ്ണന്‍.

ജന്മിത്തം കൊടികുത്തി വാഴുന്ന കാലം. വര്‍ഷം 1952. പെരുങ്ങോട്ടുകുറുശിയില്‍നിന്ന് തോലനൂര്‍ കീഴ്പാലയിലേക്ക് വിവാഹം ചെയ്തുകൊണ്ടുവന്ന യുവതി ജന്മിയുടെ പാടത്ത് പണിക്കിറങ്ങി. എന്നാല്‍, അന്നത്തെ പ്രമാണിയായ കീഴ്പാല മൂര്‍ക്കോത്ത്കളം ശിവരാമന്‍നായര്‍ ജാക്കറ്റ് ധരിച്ച് പണിക്കിറങ്ങിയ യുവതിയെ ജോലിയില്‍നിന്ന് വിലക്കി. പ്രമാണിയെ എതിര്‍ത്തുകൊണ്ട് വയലില്‍നിന്നും കയറിയ യവതി ജന്മിക്കെതിരെയും ഇതിനെതിരെ പ്രതികരിക്കാത്ത ആണുങ്ങളെയും നോക്കി പറഞ്ഞു "ഈ ചെറുമനും വേണ്ട, ഈ പട്ടിയും വേണ്ട..." ആത്മാഭിമാനം പണയപ്പെടുത്തി ജന്മിയുടെ വയലില്‍ പണിക്കിറങ്ങില്ലെന്നും അതിനെ എതിര്‍ക്കാത്ത ഭര്‍ത്താവ് വേണ്ടെന്നുമുള്ള ആ യുവതിയുടെ തീക്ഷ്ണമായ വാക്കുകള്‍ രാമകൃഷ്ണന്‍ ഇന്നുമോര്‍ക്കുന്നു.

പട്ടി എന്നത് ജന്മിയുടെ വയലിലെ ജോലിയാണ്. കുത്തനൂരില്‍ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള സമരത്തിന്റെ തുടക്കം അവിടെനിന്നാണ്. ഒരു നാടിന്റെ സംസ്കാരശൂന്യമായ നടപടികളെ തുറന്നുകാണിക്കുന്ന ആ വാക്കുകള്‍ നാടിനെ മാറ്റിമറിച്ച ചരിത്രസമരത്തിന് വഴിതുറന്നു. തുണിയുടുക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത നാട്ടിലേക്ക് പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കാന്‍ പലരും മടിച്ചു.

മദ്രാസ് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന സന്ദര്‍ഭംകൂടിയായിരുന്നു അത്. കമ്യൂണിസ്റ്റ്പാര്‍ടിക്കുവേണ്ടി ആലത്തൂര്‍ ആര്‍ കൃഷ്ണനാണ് മത്സരിക്കുന്നത്. എതിര്‍സ്ഥാനാര്‍ഥികള്‍ ടി പി ടി പഴനിമലയും രാമനാഥ അയ്യരും. ആര്‍ കൃഷ്ണന്‍ മദ്രാസ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സമരം ശക്തിപ്പെട്ടു. കറ്റക്കളം വേലായുധന്‍, ഫിലിപ്പച്ചന്‍, ദാമു തുടങ്ങിയവര്‍ സമരത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്നു. സമരം വിജയച്ച ദിവസം ജന്മിക്കുകീഴില്‍ പണിയെടുക്കുന്ന മുഴുവന്‍ സ്ത്രീകളും ചുവന്ന ജാക്കറ്റ് ധരിച്ചാണ് വയലില്‍ പണിക്കിറങ്ങിയത്. മാറുമറയ്ക്കല്‍ സമരത്തിന്റെ ജ്വലിക്കുന്ന അധ്യായമാണ് കുത്തനൂരിലേതെന്ന് രാമകൃഷ്ണന്‍ ഓര്‍ക്കുന്നു.

കാലം മായ്ക്കാത്ത "മോസ്കോമൊക്ക്

പാലക്കാട്: പ്രളയത്തിനും കൊടുങ്കാറ്റിനും മായ്ക്കാന്‍ കഴിയാത്ത സ്മാരകത്തിന്റെ പേരാണ് "മോസ്കോമൊക്ക്". നാലുംകൂടിയ ഈ കവലതന്നെയാണ് ഒരു വലിയ പോരാട്ടത്തിന്റെ സ്മാരകമായത്. ഏഴ് പതിറ്റാണ്ടുമുമ്പ് പുതുക്കുളംപറമ്പ് "മോസ്കോമൊക്ക്" എന്ന് അറിയപ്പെട്ട കഥയ്ക്കുപിന്നില്‍ വലിയൊരു സമരചരിത്രമുണ്ട്.

96 പിന്നിട്ട മേത്താംകോട് പി കെ വേലായുധന് കേള്‍വിക്കുറവും സംസാരിക്കാന്‍ ബുദ്ധിമുട്ടുമുണ്ടെങ്കിലും ആ പഴയ സമരയൗവനത്തിലേക്ക് മനസ്സ്പായിച്ചു. വാക്കുകളില്‍ ഇപ്പോഴും ചോരതിളയ്ക്കുന്ന പോരാട്ടവീര്യം. പാര്‍ടി സംസ്ഥാന പ്ലീനം പാലക്കാട്ട് നടക്കുമ്പോള്‍ റാലിയിലെങ്കിലും പങ്കെടുക്കണമെന്ന് അദ്ദേഹത്തിന് അടങ്ങാത്ത മോഹം. മലബാര്‍ സ്പെഷ്യല്‍ പൊലീസ് നടത്തിയ കൊടുംക്രൂരതയുടെ ഓര്‍മ ഇപ്പോഴും വേലായുധന്റെ ഉള്ളില്‍ കനലായെരിയുന്നു. ജന്മിത്തം കൊടികുത്തിവാണ കാലം- 1942-43. കര്‍ഷകരും തൊഴിലാളികളും തീരാദുരിതത്തില്‍നിന്ന് കൊടുംദാരിദ്ര്യത്തിലേക്ക് നീങ്ങുന്നു. എന്തുവന്നാലും ജന്മിത്തത്തിന്റെ പീഡനങ്ങളെക്കുറിച്ച് അധികൃതരെ അറിയിക്കാന്‍ കര്‍ഷകര്‍ തീരുമാനിക്കുന്നു. അപ്പോഴാണ് ബ്രിട്ടീഷ് വൈസ്രോയിയുടെ പ്രതിനിധികള്‍ ആലത്തൂരില്‍ മണ്ണുപരിശോധനയ്ക്ക് വരുന്ന വിവരമറിയുന്നത്. കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ നൂറിലധികം പ്രവര്‍ത്തകര്‍ പട്ടിണിജാഥയായി പോയി ബ്രിട്ടീഷ് ഉദ്യോഗസ്ഥന് നിവേദനം നല്‍കി. അന്ന് പ്രകടനത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യം ഇപ്പോഴും വേലായുധന്റെ നാവിന്‍തുമ്പത്തുണ്ട്. "ഉരിയരിപോലും കിട്ടാനില്ല പൊന്നു കൊടുത്താലും,
ഉദയാസ്തമയം പീടികമുന്നില്‍ നിന്നുകരഞ്ഞാലും".

കെ ടി നാകു, എം സി ചാമിയാര്‍, പി എ ചാമിയാര്‍, സി വി മാധവന്‍, പി കെ വേലായുധന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജാഥ. ഇത് ജന്മിമാരെ വിറളിപിടിപ്പിച്ചു. പട്ടിണിജാഥയില്‍ പങ്കെടുത്തവരെ പാടങ്ങളില്‍ പണിയെടുക്കാന്‍ അനുവദിക്കില്ലെന്ന് ജന്മിമാര്‍ തീരുമാനിച്ചു. ഇതിനെതിരെയും കര്‍ഷകര്‍ ഒന്നിച്ചു. കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സംഘടിതരായി പാടത്ത് പണിക്കിറങ്ങി. ജന്മിമാരുടെ ഗുണ്ടകള്‍ അവരെ ക്രൂരമായി മര്‍ദിച്ചു. സംഭവമറിഞ്ഞ് മലബാര്‍ സ്പെഷ്യല്‍ പൊലീസ്സംഘം സ്ഥലത്തെത്തി. വണ്ടാഴിയിലെ രാഘവമേനോന്റെ കളത്തില്‍ തമ്പടിച്ച പൊലീസുകാര്‍ കര്‍ഷകരേയും കമ്യൂണിസ്റ്റുകാരേയും തെരഞ്ഞുപിടിച്ച് മര്‍ദിച്ചു. കമ്യൂണിസ്റ്റുകാര്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങരുതെന്ന് ഉത്തരവിറക്കി. പല നേതാക്കളും ഒളിവില്‍പ്പോയി. അന്ന് വടക്കേപ്പുഴയില്‍ പാലമില്ല. ഓരോ പൊലീസുകാരനേയും കര്‍ഷകര്‍ ചുമന്ന് പുഴയ്ക്കക്കരെ എത്തിക്കണമായിരുന്നു. പുഴ കടക്കുംവരെ മര്‍ദനവും സഹിക്കണം. അക്കരെയെത്തിയാല്‍ തിരിച്ചുവരുംവരെ കാത്തുനില്‍ക്കണമെന്ന കല്‍പ്പനയുണ്ട്. മാസങ്ങള്‍നീണ്ട ഈ കൊടുംപീഡനം കര്‍ഷകരുടെ മനസ്സില്‍ പ്രതിഷേധാഗ്നി പടര്‍ത്തി. പൊലീസുകാരെ പുഴ കടത്തുന്നതിനെതിരെ കര്‍ഷകര്‍ ധീരമായി ചെറുത്തുനില്‍പ്പ് സംഘടിപ്പിച്ചു. അടിച്ചമര്‍ത്താനാവില്ലെന്നു വ്യക്തമായപ്പോള്‍ പൊലീസ് സംഘം സ്ഥലംവിട്ടു.

പട്ടിണിജാഥയ്ക്കും തുടര്‍ന്നുണ്ടായ സമരങ്ങള്‍ക്കും ശേഷമാണ് പുതുക്കുളംപറമ്പ് "മോസ്കോമൊക്ക്" എന്നറിയപ്പെടുന്നത്. വണ്ടാഴിയില്‍ കര്‍ഷകരും കമ്യൂണിസ്റ്റ്പാര്‍ടിയും സംഘടിച്ചതോടെയാണ് ജന്മികള്‍ അവര്‍ക്കുനേരെ തിരിഞ്ഞത്. "കുറേ സഖാക്കള്‍ ഇവിടം റഷ്യയാക്കാന്‍ ശ്രമിക്കുകയാണ്, അവരെ തകര്‍ക്കണം" എന്നാണ് ജന്മിമാര്‍ കല്‍പ്പിച്ചത്. അങ്ങനെയാണ് റഷ്യയുടെ തലസ്ഥാനമായ മോസ്കോയുടെ പേര് പുതുക്കുളംപറമ്പിന് വന്നത്. ഈ പേര് ആരും നല്‍കിയതല്ല, സ്വാഭാവികമായ വിളിപ്പേര് കാലത്തിനും മായ്ക്കാനായില്ല.

*
കടപ്പാട്: ദേശാഭിമാനി

Wednesday, November 27, 2013

പ്ലീനത്തിന്റെ സവിശേഷത

പാലക്കാട് പ്ലീനത്തിലേക്ക്

സിപിഐ എമ്മിന്റെ വിശേഷാല്‍ സമ്മേളനം പാലക്കാട്ട് ചേരുന്ന ഈ കാലഘട്ടം, കേരള രാഷ്ട്രീയം സുപ്രധാനമായ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുന്ന സമയംകൂടിയാണ്. ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് ബദലുയര്‍ത്തി ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോയി. അതിന്റെ ഫലമായി നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയതോടെ ആഗോളവല്‍ക്കരണനയങ്ങള്‍ അതിതീവ്രമായി നടപ്പാക്കുകയാണ്. കേരളത്തിന്റെ നേട്ടങ്ങള്‍ ഒന്നിനുപുറകെ ഒന്നായി തകര്‍ക്കപ്പെടുന്നു. ലോകപ്രസിദ്ധമായ കേരള വികസനമാതൃകയുടെ അടിത്തറയായ ഭൂപരിഷ്കരണനടപടികള്‍ അട്ടിമറിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നു.

ലാഭകരമായി പ്രവര്‍ത്തിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലേക്ക് പോകുന്നു. കുടിവെള്ളംപോലും സ്വകാര്യവല്‍ക്കരിക്കുന്നു. കെഎസ്ആര്‍ടിസി തകര്‍ച്ചയുടെ നെല്ലിപ്പടിയിലെത്തി. കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതായ കേരളത്തില്‍ അറുപതോളം കര്‍ഷകര്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ആത്മഹത്യ ചെയ്തു. ആരോഗ്യ- വിദ്യാഭ്യാസ മേഖലകള്‍ വാണിജ്യശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കായി തകര്‍ക്കപ്പെടുന്നു. ക്ഷേമപദ്ധതികളെല്ലാം താളംതെറ്റി. സാമ്പത്തികനിലയും തകരുന്നു. വിലക്കയറ്റം എല്ലാ സീമകളും ലംഘിച്ചു. വെള്ളം, വൈദ്യുതി, പാല്‍ നിരക്കുകളും ബസ്ചാര്‍ജും വന്‍തോതില്‍ വര്‍ധിപ്പിച്ചു. ഇവ തടഞ്ഞുനിര്‍ത്തുന്നതിന് ഒരു തരത്തിലുള്ള പദ്ധതിയും ഈ സര്‍ക്കാരിനില്ല.

ട്രഷറിയില്‍ 3881 കോടി രൂപയുടെ മിച്ചം 2011 മാര്‍ച്ച് 31ന് നീക്കിവച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണമൊഴിഞ്ഞത്. എന്നാല്‍, കെടുകാര്യസ്ഥതമൂലം ഇപ്പോള്‍ സാമ്പത്തികപ്രതിസന്ധിയിലേക്ക് കേരളം നീങ്ങുന്നു. അധികാരവികേന്ദ്രീകരണ പ്രക്രിയ അട്ടിമറിക്കപ്പെട്ടു. 1997 മുതല്‍ കഴിഞ്ഞവര്‍ഷംവരെ വികേന്ദ്രീകരണ സൂചികയില്‍ ഒന്നാംസ്ഥാനത്തായിരുന്ന കേരളം, യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടാംവര്‍ഷം മൂന്നാംസ്ഥാനത്തായി. പാര്‍പ്പിടപദ്ധതികളെല്ലാം അട്ടിമറിച്ചു.

കേരളത്തിന്റെ സുപ്രധാന നേട്ടങ്ങളിലൊന്നാണ് മതനിരപേക്ഷ സമൂഹത്തിന്റെ നിലനില്‍പ്പ്. യുഡിഎഫ് അധികാരത്തില്‍ വന്നതോടെ വര്‍ഗീയശക്തികള്‍ അഴിഞ്ഞാടാന്‍ തുടങ്ങി. കഴിഞ്ഞ നിയമസഭയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച കണക്കുപ്രകാരംതന്നെ വര്‍ഗീയ സ്വഭാവമുള്ള 362 കേസുകള്‍ ഉണ്ടായി. രണ്ടുപേര്‍ കൊല്ലപ്പെട്ടു. വര്‍ഗീയശക്തികള്‍ക്ക് പരിലാളനയും പരിരക്ഷയും നല്‍കുന്ന സമീപനമാണ് യുഡിഎഫിന്റേത്. ഇതിന്റെ ഫലമായി തീവ്രവാദ ശക്തികള്‍ നാട്ടിലാകമാനം തലയുയര്‍ത്തി. തീവ്രവാദികളുടെ നേതൃത്വത്തിലുള്ള സദാചാര പൊലീസ് നടത്തുന്ന അതിക്രമങ്ങള്‍ ജനങ്ങളുടെ സൈ്വരജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്നു.

ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്ന ആറന്മുള വിമാനത്താവളം പദ്ധതി നടപ്പാക്കുന്നതിന് എല്ലാ പാരിസ്ഥിതിക നിയമങ്ങളെയും കാറ്റില്‍പറത്താന്‍ യുഡിഎഫ് സന്നദ്ധമായി. അതേ അവസരത്തില്‍ ജനങ്ങളെ മുള്‍മുനയില്‍നിര്‍ത്തി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ജനാധിപത്യവിരുദ്ധമായി അടിച്ചേല്‍പ്പിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് യുഡിഎഫ് സര്‍ക്കാരിന് ഒരു മടിയുമില്ല. പരിസ്ഥിതിയുടെ പേരുപറഞ്ഞ് മലയോര ജനതയെ പ്രതിസന്ധിയിലാക്കുന്ന സര്‍ക്കാരിന് കെജിഎസ് ഗ്രൂപ്പിന്റെ കാര്യംവരുമ്പോള്‍ ഇവയൊന്നും ബാധകമല്ലാതായി. ഈ സര്‍ക്കാരിന് ആരോടാണ് താല്‍പ്പര്യമെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു പരിശ്രമവും യുഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. മുന്നണിയിലെ രാഷ്ട്രീയ പ്രതിസന്ധി ഈ സ്ഥിതിവിശേഷത്തെ കൂടുതല്‍ രൂക്ഷമാക്കുന്നു. യുഡിഎഫിനെ നയിക്കുന്ന മുഖ്യകക്ഷിയായ കോണ്‍ഗ്രസ് തമ്മില്‍തല്ലിലും കലഹത്തിലും മുഴുകി. ഘടകകക്ഷികള്‍ പരസ്യമായി അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നു.

കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ കേള്‍ക്കാത്ത രീതിയിലുള്ള അഴിമതി ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നത്. കോടതി പരാമര്‍ശം ഉണ്ടായിട്ടുപോലും മുഖ്യമന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാനാണ് ഉമ്മന്‍ചാണ്ടിക്ക് താല്‍പ്പര്യം. മന്ത്രിസഭയിലെ അംഗങ്ങള്‍ കൈക്കൂലിക്കാരും അഴിമതിക്കാരുമാണെന്ന് ചീഫ്വിപ്പുതന്നെ പരസ്യമായി പ്രസ്താവിക്കുന്നു. രാഷ്ട്രീയ പ്രതിസന്ധി കാരണം മുങ്ങാന്‍പോകുന്ന കപ്പലായി യുഡിഎഫ് മാറി. ഇതെല്ലാം മറച്ചുവയ്ക്കുന്നതിന് വില്ലേജ് തലത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്കായി ജനസമ്പര്‍ക്കപരിപാടി സംഘടിപ്പിച്ച് ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്.

എല്‍ഡിഎഫ് അധികാരത്തിലിരുന്ന കാലത്ത് ക്രമസമാധാന നിലയില്‍ കേരളം ഒന്നാംസ്ഥാനത്തായിരുന്നു. ഇന്ന് ആ സ്ഥിതി മാറി. ഗുണ്ടാസംഘങ്ങളും പെണ്‍വാണിഭസംഘങ്ങളും ബ്ലേഡ് മാഫിയയുമെല്ലാം നാട്ടില്‍ ജനജീവിതം ദുസ്സഹമാക്കുന്നു. ജനങ്ങള്‍ക്ക് സൈ്വരജീവിതം ഉറപ്പുവരുത്തേണ്ട പൊലീസിന് അത്തരം പ്രവര്‍ത്തനങ്ങളിലല്ല താല്‍പ്പര്യം. രാഷ്ട്രീയ താല്‍പ്പര്യത്തോടെ എതിരാളികളെ കള്ളക്കേസില്‍ കുടുക്കുന്നതിനുള്ള ഗൂഢാലോചന നടത്താനാണ് ഈ സംവിധാനത്തെ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നത്. കള്ളക്കേസുകള്‍ ഉയര്‍ത്തി നേതൃത്വത്തെതന്നെ തകര്‍ത്ത് അതിലൂടെ കമ്യൂണിസ്റ്റ് പാര്‍ടിയെ ദുര്‍ബലമാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ ഇവിടെ നടന്നു. അതിനെയെല്ലാം അതിജീവിച്ച് കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുന്നതിന് പാര്‍ടിക്ക് സാധിക്കുകയും ചെയ്തു. കഴിഞ്ഞ സംസ്ഥാനസമ്മേളനത്തിനുശേഷം ഈ പ്ലീനം ചേരുന്ന കാലയളവുവരെ പാര്‍ടിക്കെതിരായി വലിയ തോതിലുള്ള ആക്രമണമാണ് വലതുപക്ഷ ശക്തികളും ഇടതുതീവ്രവാദികളും എല്ലാംചേര്‍ന്ന് നടത്തിയത്.

കേരളത്തിന്റെ രാഷ്ട്രീയം ഇടതുപക്ഷശക്തികളുടെ പ്രാധാന്യവും കരുത്തും ഏറെ ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലത്താണ് ഈ വിശേഷാല്‍ സമ്മേളനം ചേരുന്നത്. കമ്യൂണിസ്റ്റ് പാര്‍ടി നിലകൊള്ളുന്നത് രാജ്യത്ത് കമ്യൂണിസവും സോഷ്യലിസവും സ്ഥാപിക്കുന്നതിനാണ്. എന്നാല്‍, അതിനു മുന്നോടിയായി രാജ്യത്തെ സാഹചര്യം പരിശോധിച്ച് ജനകീയ ജനാധിപത്യവിപ്ലവം സംഘടിപ്പിക്കുന്നതിനാണ് പാര്‍ടി പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് മുന്നോട്ടുപോകണമെങ്കില്‍ എല്ലാ മേഖലയിലും സമരംനടത്താന്‍ അനുയോജ്യമായ പാര്‍ടിസംഘടന ആവശ്യമാണ്. ഇക്കാര്യം പാര്‍ടിപരിപാടിയില്‍ പറയുന്നുണ്ട്- വിപ്ലവപ്രസ്ഥാനത്തെ നയിക്കുന്നതിനും എല്ലാ മുന്നണികളിലും സമരം നടത്തുന്നതിനുമായി ഒരു ബഹുജന വിപ്ലവപാര്‍ടി വളര്‍ത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്. ബഹുജനപ്രസ്ഥാനങ്ങള്‍ വളര്‍ത്തിയെടുത്തുകൊണ്ടും അതോടൊപ്പംതന്നെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ സ്വാധീനം കൂടുതല്‍ ദൃഢമാക്കിക്കൊണ്ടും അത്തരമൊരു പാര്‍ടി, ജനങ്ങള്‍ക്കിടയിലുള്ള തങ്ങളുടെ അടിത്തറ നിരന്തരം വികസിപ്പിക്കേണ്ടതുണ്ട്. ജനാധിപത്യകേന്ദ്രീകരണത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ശക്തവും അച്ചടക്കമുള്ളതുമായ പാര്‍ടി അതിനാവശ്യമാണ്. തൊഴിലാളിവര്‍ഗത്തോടും അധ്വാനിക്കുന്ന ജനങ്ങളുടെ മറ്റെല്ലാ വിഭാഗങ്ങളോടുമുള്ള ചരിത്രപരമായ ഉത്തരവാദിത്തം നിറവേറ്റുന്നതിനായി, പാര്‍ടി നിരന്തരം സ്വയം വിദ്യാഭ്യാസം നടത്തുകയും പുനര്‍വിദ്യാഭ്യാസം നടത്തുകയും സൈദ്ധാന്തികവും പ്രത്യയശാസ്ത്രപരവുമായ നിലവാരം പുതുക്കുകയും സംഘടനാപരമായ ശക്തി കെട്ടിപ്പടുക്കുകയും ചെയ്യേണ്ടതുണ്ട്. (പാര്‍ടി പരിപാടി, 8.4) ഇതിന്റെ അടിസ്ഥാനത്തില്‍ സംഘടന വര്‍ത്തമാനകാലത്ത് ഏത് തരത്തിലായിരിക്കണം എന്നും അവ ഇന്ന് നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ചും 20-ാം പാര്‍ടി കോണ്‍ഗ്രസുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി അഞ്ച് സുപ്രധാന കടമകള്‍ സംഘടനാരംഗത്ത് മുന്നോട്ടുവയ്ക്കുകയും ചെയ്തു. 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി നടന്ന സംസ്ഥാനസമ്മേളനത്തിലും ഇത്തരം കാര്യങ്ങളെ സംബന്ധിച്ച് ചര്‍ച്ചചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ടി കോണ്‍ഗ്രസും സംസ്ഥാനസമ്മേളനവും മുന്നോട്ടുവച്ച ഇത്തരം കടമകള്‍ എത്രത്തോളം പൂര്‍ത്തീകരിക്കപ്പെട്ടു എന്ന പരിശോധന നടത്തുന്നതിന് പാര്‍ടി സംസ്ഥാനകമ്മിറ്റി എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ഈ വിശേഷാല്‍ സമ്മേളനം ചേരുന്നത്. 2012 ഡിസംബര്‍ 29, 30 തീയതികളില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി ഇത് സംബന്ധിച്ച് ചില തീരുമാനങ്ങളെടുത്തു. ഏരിയാകമ്മിറ്റികളില്‍ സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്ത് പരിശോധന നടത്തണമെന്ന് നിശ്ചയിച്ചു. ഇത് സംബന്ധിച്ച് ഒരു ചോദ്യാവലി പാര്‍ടി സംസ്ഥാനകമ്മിറ്റി തയ്യാറാക്കി ഏരിയ കമ്മിറ്റികള്‍ക്ക് നല്‍കി. ഈ ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ ഏരിയ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ അധികരിച്ച് ഏരിയ കമ്മിറ്റിയില്‍ത്തന്നെ ചര്‍ച്ചനടക്കുകയുണ്ടായി. പ്രസ്തുത റിപ്പോര്‍ട്ടും ആ യോഗങ്ങളില്‍ പങ്കെടുത്ത സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍ തയ്യാറാക്കിയ അവലോകന റിപ്പോര്‍ട്ടുകളും പരിശോധിച്ച് സംസ്ഥാനകമ്മിറ്റി വിശദമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി. സംസ്ഥാനകമ്മിറ്റിക്കു കീഴിലുള്ള എല്ലാ ഘടകങ്ങളുടെയും ശക്തിദൗര്‍ബല്യങ്ങള്‍ അതിലൂടെ വ്യക്തമായി. അതിന്റെ അടിസ്ഥാനത്തില്‍ ജില്ലാകമ്മിറ്റിതന്നെ റിപ്പോര്‍ട്ട് തയ്യാറാക്കി വിശദമായ ചര്‍ച്ച നടത്തുകയുംചെയ്തു. അതുകൂടി പരിഗണിച്ചുള്ള റിപ്പോര്‍ട്ടാണ് ഈ പ്ലീനത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ജില്ലാകമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് താഴെതലങ്ങളില്‍ ചര്‍ച്ച ചെയ്യുകയാണ്. ആ ചര്‍ച്ചയുടെ അനുഭവങ്ങള്‍കൂടി സ്വാംശീകരിച്ചാണ് പ്രതിനിധി സഖാക്കള്‍ പ്ലീനംരേഖ ചര്‍ച്ചചെയ്യാന്‍ എത്തുന്നത്.

പാര്‍ടി സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങള്‍, വര്‍ഗ- ബഹുജനസംഘടനാ നേതാക്കള്‍ എന്നിവര്‍ പ്രതിനിധികളായുള്ള സമ്മേളനത്തില്‍ സംസ്ഥാനകമ്മിറ്റി അംഗീകരിച്ച രേഖ അവതരിപ്പിക്കുകയും അവിടെ നടക്കുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തുടര്‍തീരുമാനങ്ങള്‍ എടുക്കുകയുമാണ് ചെയ്യുക. ആ തീരുമാനം പാര്‍ടിയില്‍ ഉടനീളം നടപ്പാക്കി പാര്‍ടി സംഘടനയെ കൂടുതല്‍ ഊര്‍ജസ്വലമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. ഇങ്ങനെ സംഘടനയില്‍ ആകമാനം ചര്‍ച്ചചെയ്ത് തയ്യാറെടുപ്പ് നടത്തി തയ്യാറാക്കിയ രേഖ ചര്‍ച്ചചെയ്യാന്‍ വിശേഷാല്‍ സമ്മേളനം ചേരുന്നത് പാര്‍ടിയുടെ ചരിത്രത്തില്‍ ആദ്യമാണ്. ഇതാണ് മറ്റ് പ്ലീനങ്ങളില്‍നിന്ന് പാലക്കാട് പ്ലീനത്തെ വ്യത്യസ്തമാക്കുന്നത്.

സംഘടനയുടെ ദൗര്‍ബല്യങ്ങള്‍ കണ്ടെത്തുകയും അവ പരിഹരിക്കുകയും ചെയ്യുന്നതിനുള്ള ഇടപെടല്‍ നടത്തുമ്പോള്‍, കേരളീയ സമൂഹത്തിന്റെ സവിശേഷതകളെ മനസ്സിലാക്കിയുള്ള ഇടപെടലാണ് പ്ലീനം ലക്ഷ്യംവയ്ക്കുന്നത്. അതിനാല്‍ത്തന്നെ കേരളത്തില്‍ നിലനില്‍ക്കുന്ന വര്‍ഗഘടനയെയും സാമൂഹ്യവികാസത്തിന്റെ വിവിധ ഘട്ടങ്ങളെയും ഓരോ വിഭാഗവും എത്തിനില്‍ക്കുന്ന അവസ്ഥയെയും ഇതില്‍ വിശകലനംചെയ്യുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തെ നയിക്കാനുതകുന്ന സംഘടന രൂപപ്പെടുത്താനുള്ള ഉത്തരവാദിത്തമാണ് ഈ വിശേഷാല്‍ സമ്മേളനം ഏറ്റെടുത്തിരിക്കുന്നത്.

കേരളത്തില്‍ 4,01,704 മെമ്പര്‍ഷിപ്പുള്ള, ഏറ്റവും വലിയ പാര്‍ടിയാണ് സിപിഐ എം. എന്നാല്‍, ചില പ്രത്യേക പ്രദേശങ്ങളില്‍ പാര്‍ടിക്ക് വേണ്ടത്ര സ്വാധീനമില്ലാത്ത പ്രശ്നവുമുണ്ട്. അവിടങ്ങളില്‍ പാര്‍ടി കെട്ടിപ്പടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഈ പ്ലീനം രൂപംനല്‍കും. ചുരുക്കത്തില്‍ സംഘടനാപരമായി നിലനില്‍ക്കുന്ന ദൗര്‍ബല്യങ്ങളെയാകെ പരിഹരിച്ച് കൂടുതല്‍ ഊര്‍ജസ്വലതയോടെ മുന്നോട്ടുപോകുന്ന ഒന്നായിരിക്കും പാലക്കാട്ടെ വിശേഷാല്‍ സമ്മേളനം. പാര്‍ടി സംഘടനയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമായി മാറാന്‍പോകുന്ന ഈ സമ്മേളനത്തിന് എല്ലാവരുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു. (അവസാനിച്ചു)
*
പിണറായി വിജയന്‍

Tuesday, November 26, 2013

പാലക്കാട് പ്ലീനത്തിലേക്ക്

രണ്ട് സമ്മേളനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന രാഷ്ട്രീയവും സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് പ്രത്യേക സമ്മേളനം ചേരുന്ന രീതി കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കുണ്ട്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ 1952 ഡിസംബര്‍ 30 മുതല്‍ 1953 ജനുവരി 10 വരെ കൊല്‍ക്കത്തയില്‍ പാര്‍ടി കേന്ദ്രകമ്മിറ്റിയുടെ പ്ലീനം ചേരുകയുണ്ടായി. സംഘടനാപരമായ കാര്യങ്ങളെ സംബന്ധിച്ചാണ് അതില്‍ പ്രധാനമായും ചര്‍ച്ചചെയ്തത്.

1964ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അഭിപ്രായഭിന്നത ഉണ്ടായതിനെതുടര്‍ന്ന് പ്രസ്ഥാനത്തെ വിപ്ലവകരമായ തരത്തില്‍ നയിക്കുന്നതിന് സിപിഐ എം രൂപീകരിക്കപ്പെട്ടു. ഏഴാം പാര്‍ടികോണ്‍ഗ്രസില്‍ സിപിഐ എമ്മിന്റെ പാര്‍ടി പരിപാടി ചര്‍ച്ചചെയ്ത് അംഗീകരിച്ചു. ആ ഘട്ടത്തില്‍ നിലനിന്ന പ്രത്യയശാസ്ത്രപ്രശ്നങ്ങളില്‍ ആവുംവിധം പാര്‍ടികോണ്‍ഗ്രസില്‍ ചര്‍ച്ച നടത്താനായില്ല. ഇത്തരം ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതിനാണ് 1968 ഏപ്രില്‍ അഞ്ചുമുതല്‍ 12 വരെ ബര്‍ദ്വാനില്‍ പ്ലീനം ചേര്‍ന്നത്. ഈ രംഗത്തെ പാര്‍ടി നിലപാട് ആ പ്ലീനം വ്യക്തമാക്കുകയും ചെയ്തു.

1978 ഡിസംബര്‍ 27 മുതല്‍ 31 വരെ പശ്ചിമബംഗാളിലെ ഹൗറയിലെ സാല്‍ക്കിയയില്‍ പ്ലീനം ചേര്‍ന്നു. ഈ പ്ലീനത്തിലാണ് പാര്‍ടിയെ ബഹുജനവിപ്ലവ പാര്‍ടിയായി രൂപപ്പെടുത്തുന്നതിനുള്ള സംഘടനാപരമായ തീരുമാനമുണ്ടായത്. പാര്‍ടിപ്രവര്‍ത്തനത്തെ ശക്തമായ സ്വയംവിമര്‍ശത്തിന് വിധേയമാക്കിയുള്ള രേഖയായിരുന്നു ഇതില്‍ അവതരിപ്പിക്കപ്പെട്ടത്. അവിടെ ചര്‍ച്ചചെയ്തെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് പാര്‍ടിസംഘടന മുന്നോട്ടുപോയത്.

കേരളത്തിലും സിപിഐ എം നേതൃത്വത്തില്‍ ഇത്തരം പ്ലീനങ്ങള്‍ നടക്കുകയുണ്ടായി. 1968 ജനുവരി രണ്ടുമുതല്‍ ഏഴുവരെ എറണാകുളത്താണ് ആദ്യമായി സംസ്ഥാന പ്ലീനം നടന്നത്. കേരളത്തിലെ പ്രത്യേക പരിതസ്ഥിതി കണക്കിലെടുത്ത് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടതനുസരിച്ച് കേന്ദ്രകമ്മിറ്റി പ്ലീനത്തിന് അനുമതി നല്‍കുകയായിരുന്നു. പ്ലീനം ഉദ്ഘാടനംചെയ്തത് അന്നത്തെ പാര്‍ടി ജനറല്‍ സെക്രട്ടറി സ. പി സുന്ദരയ്യയായിരുന്നു. അക്കാലത്തെ രാഷ്ട്രീയ സ്ഥിതിഗതികളെയും പ്രത്യയശാസ്ത്രപരമായ പ്രശ്നങ്ങളെയും സംബന്ധിച്ചെല്ലാം സുന്ദരയ്യ പ്രസംഗത്തില്‍ വിശദീകരിച്ചു. മാവോ ചിന്തയിലെ പോരായ്മയെ സംബന്ധിച്ച് സുന്ദരയ്യ ഇങ്ങനെ പറഞ്ഞു: ""അവര്‍ പറയുന്നത് മാവോ ചിന്തകള്‍ ഇന്നത്തെ കാലഘട്ടത്തിലെ മാര്‍ക്സിസം- ലെനിനിസമാണെന്നാണ്. എന്നാല്‍, നമ്മുടെ പാര്‍ടി ആ നിലയില്‍ അതിനെ അംഗീകരിക്കുന്നില്ല. നമ്മുടെ പാര്‍ടി ആ അനുഭവങ്ങളെയും അഭിപ്രായങ്ങളെയും ഉള്‍ക്കൊള്ളാന്‍ ആഗ്രഹിക്കുന്നു. അതിന്റെ വെളിച്ചത്തില്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ എന്തുചെയ്യുമെന്ന് നാം തീരുമാനിക്കും. ആ ചിന്തകളും അഭിപ്രായങ്ങളും എപ്പോഴും എല്ലായിടത്തും ശരിയാണെന്ന് പറയുന്നത് മാവോയുടെ അഭിപ്രായത്തിനുതന്നെ നിരക്കാത്തതാണ്"". ഇത്തരം കാര്യങ്ങള്‍ അവതരിപ്പിച്ച് ഇടതുതീവ്രവാദപരമായ പ്രവണതകള്‍ക്കെതിരെ ഉദ്ഘാടനപ്രസംഗത്തില്‍തന്നെ നിലപാട് സ്വീകരിക്കുന്നുണ്ട്.

പ്രത്യയശാസ്ത്രപ്രമേയത്തിന്റെ കരട്, പ്രവര്‍ത്തനറിപ്പോര്‍ട്ട് തുടങ്ങിയവയെല്ലാം ആ പ്ലീനത്തില്‍ അവതരിപ്പിക്കുകയും ചര്‍ച്ചചെയ്യുകയും ചെയ്തു. വര്‍ഗ- ബഹുജന സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി, പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടലുകളും മുന്നോട്ടുവച്ചു. പാര്‍ടിവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, വളന്റിയര്‍ സംഘടന തുടങ്ങിയവ ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനവും എടുത്തു.

നമ്മുടെ രാജ്യത്തിന്റെ സ്ഥിതിഗതികള്‍ക്ക് അനുസൃതമായി സ്വന്തമായി അടവും തന്ത്രവും രൂപീകരിച്ച് ജനകീയ ജനാധിപത്യം സ്ഥാപിക്കാനുള്ള വിപ്ലവപ്രസ്ഥാനത്തെ വളര്‍ത്തിയെടുക്കാനുള്ള പ്രവര്‍ത്തനത്തില്‍ ഉറച്ചുനില്‍ക്കുക എന്ന ആഹ്വാനം ഇതിലുണ്ടായി. പരിമിതമായ ജനാധിപത്യംപോലും ഇല്ലാതാക്കാനുള്ള ഗൂഢാലോചനയ്ക്കെതിരായി സമരത്തിന് നേതൃത്വം നല്‍കണമെന്നും ഈ പ്ലീനം ആവശ്യപ്പെട്ടു.

കേരളത്തില്‍ രണ്ടാമത്തെ പ്ലീനം ചേര്‍ന്നത് 1970 ഡിസംബര്‍ 3, 4, 5 തീയതികളില്‍ തലശേരിയിലാണ്. അഖിലേന്ത്യാതലത്തിലുള്ള സാമ്പത്തിക- രാഷ്ട്രീയ സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ചചെയ്ത് തീരുമാനങ്ങളില്‍ എത്തുകയായിരുന്നു. 1969ലെ സപ്തകക്ഷി മുന്നണി സര്‍ക്കാര്‍ തകര്‍ക്കപ്പെട്ട പ്രത്യേക രാഷ്ട്രീയസാഹചര്യംകൂടി കണക്കിലെടുത്താണ് ഈ വിശേഷാല്‍സമ്മേളനം ചേര്‍ന്നത്.

അന്നത്തെ രാഷ്ട്രീയ സ്ഥിതിഗതികളെ സംബന്ധിച്ച് വിലയിരുത്തിയ പ്ലീനം റിപ്പോര്‍ട്ടില്‍ ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു: ""വിവിധ പ്രതിപക്ഷപാര്‍ടികളിലും ഭരണമുന്നണികള്‍ക്കകത്തുതന്നെയും വളര്‍ന്നുവരുന്ന പുതിയ പ്രവണതകളെ ഉപയോഗപ്പെടുത്താനുള്ള മാര്‍ഗങ്ങളില്‍ ഒരു ചെറിയ പങ്കുമാത്രമേ തെരഞ്ഞെടുപ്പുകള്‍ക്കും അതുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി രാഷ്ട്രീയത്തിനുമുള്ളൂ. എല്ലാ പാര്‍ടിയിലും പെട്ടവരും ഒരു പാര്‍ടിയിലും പെടാത്തവരുമായ ജനലക്ഷങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍വേണ്ടി നടത്തുന്ന പ്രക്ഷോഭങ്ങളും സമരങ്ങളുമാണ് പുതിയ രാഷ്ട്രീയശക്തികളെ ഏകോപിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യാന്‍ സഹായിക്കുന്ന നിര്‍ണായക ഘടകം"". പാര്‍ലമെന്ററി പ്രവര്‍ത്തനത്തിനോടൊപ്പം പാര്‍ലമെന്റേതര പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെ ഊന്നിപ്പറയുകയാണ് അതില്‍. ഇന്ത്യന്‍ ഭരണവര്‍ഗം പടിപടിയായി സ്വേച്ഛാധിപത്യത്തിലേക്ക് പോകുന്ന പ്രശ്നവും ഇതില്‍ അവതരിപ്പിച്ചു.

എതിരാളികളുടെ ആശയങ്ങള്‍ ശക്തമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന അക്കാലത്ത് സുസംഘടിതമായ പോരാട്ടം ആശയപരവും രാഷ്ട്രീയവുമായ രംഗങ്ങളില്‍ നടത്തേണ്ടതിന്റെ പ്രാധാന്യം പ്ലീനം എടുത്തുപറഞ്ഞു. പാര്‍ടിക്കുള്ളില്‍ പ്രത്യക്ഷപ്പെടുന്ന തെറ്റായ പ്രവണതകള്‍ തിരുത്തുന്നതിനുള്ള ഇടപെടല്‍ അതിലുണ്ടായി. സാമ്പത്തികപ്രശ്നങ്ങളില്‍ തുടങ്ങുന്ന സമരം പടിപടിയായി രാഷ്ട്രീയപ്രശ്നങ്ങളിലേക്ക് വളര്‍ത്തിയെടുക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ബഹുജനപ്രസ്ഥാനം രൂപീകരിക്കുകയും ചെയ്യുകയാണ് വേണ്ടത് എന്ന കാര്യവും എടുത്തുപറഞ്ഞു. ആശയ-സാംസ്കാരിക രംഗങ്ങളില്‍ നടത്തേണ്ട സമരങ്ങളെപ്പറ്റിയുള്ള കാഴ്ചപ്പാടും മുന്നോട്ടുവച്ചു. ആശയ- സാംസ്കാരിക രംഗത്ത് തൊഴിലാളിവര്‍ഗ കാഴ്ചപ്പാടനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന് പത്രങ്ങള്‍, മാസികകള്‍ എന്നിവയിലൂടെയുള്ള ആശയപ്രചാരണത്തിന്റെ പ്രാധാന്യവും എടുത്തുപറയുകയുണ്ടായി.

സംഘടനാരംഗത്ത് ബ്രാഞ്ചുകളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ രൂപീകരിക്കപ്പെടുന്നത് ഈ പ്ലീനത്തിലാണ്. ഈ സമ്മേളനത്തിലെടുത്ത തീരുമാനമാണ് ബ്രാഞ്ചുകളുടെ പ്രവര്‍ത്തനത്തിന് ഇന്നും മാര്‍ഗനിര്‍ദേശകമായി നില്‍ക്കുന്നത്. പാര്‍ടി അംഗങ്ങളുടെ അവകാശങ്ങളെയും കടമകളെയും സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുകയുമുണ്ടായി. തലശേരി സമ്മേളനത്തിന്റെ തീരുമാനപ്രകാരമാണ് മണ്ഡലം, താലൂക്ക് കമ്മിറ്റികള്‍ പിരിച്ചുവിടപ്പെട്ടത്.

1978 ഡിസംബറില്‍ സാല്‍ക്കിയയില്‍ നടന്ന പ്ലീനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഒരു പ്ലീനം നടക്കുന്നത് 1981ലാണ്. ഈ മൂന്നാമത് പ്ലീനം ഉദ്ഘാടനംചെയ്തത് ഇ എം എസ് ആയിരുന്നു. ഈ പ്ലീനത്തിന്റെ ഉദ്ദേശ്യംതന്നെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ വ്യക്തമാക്കുന്നുണ്ട്: പാര്‍ടിയുടെ സംഘടനാപരമായ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ചര്‍ച്ച നടത്തി ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകാന്‍ കഴിയുമാറ് പാര്‍ടിസംഘടനയെ സജ്ജീകരിക്കലാണ് പ്ലീനത്തിന്റെ ഉദ്ദേശ്യം.,

പ്ലീനത്തിന്റെ ചര്‍ച്ചയ്ക്ക് ആധാരമായ രേഖയില്‍ രണ്ടു ഭാഗങ്ങളാണ് ഉണ്ടായിരുന്നത്. 1980ലെ പൊതുതെരഞ്ഞെടുപ്പിനുശേഷമുണ്ടായ അഖിലേന്ത്യാ രാഷ്ട്രീയസ്ഥിതി, കേരളത്തിലെ മാര്‍ക്സിസ്റ്റുവിരുദ്ധ രാഷ്ട്രീയത്തെ മുറിച്ചുകടക്കാന്‍ പാര്‍ടി ആവിഷ്കരിച്ച സമീപനം, അതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നയങ്ങള്‍, ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രവര്‍ത്തനം, ഇടതുപക്ഷ ജനാധിപത്യമുന്നണി കെട്ടിപ്പടുക്കേണ്ടതിന്റെ പ്രാധാന്യം എന്നീ കാര്യങ്ങള്‍ റിപ്പോര്‍ട്ടിന്റെ ആദ്യഭാഗത്ത് വിശദീകരിക്കുന്നുണ്ട്. രാഷ്ട്രീയപരമായ ഇത്തരം കാര്യങ്ങളെ വിലയിരുത്തിയശേഷം അതിന് അനുയോജ്യമായ തരത്തില്‍ സംഘടന എങ്ങനെ കെട്ടിപ്പടുക്കാം എന്നതാണ് തുടര്‍ന്ന് വിശദീകരിക്കുന്നത്. പാര്‍ടിസംഘടനാരംഗത്ത് നിലനില്‍ക്കുന്നതായി സാല്‍ക്കിയാ പ്ലീനം ചൂണ്ടിക്കാണിച്ച പ്രധാനപ്പെട്ട ദൗര്‍ബല്യങ്ങള്‍, കേരളത്തിലെ പാര്‍ടിയെക്കുറിച്ച് പ്രത്യേകിച്ച് നടത്തിയ പരാമര്‍ശങ്ങളും നിര്‍ദേശങ്ങളും അടിസ്ഥാനമാക്കി സംഘടനാരംഗത്തെ അടിയന്തരകടമകള്‍ക്ക് രൂപംനല്‍കുകയാണ് രണ്ടാംഭാഗത്ത് ചെയ്യുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ 1977നുശേഷമുള്ള സ്ഥിതിഗതികളെയും അക്കാലത്ത് നടന്ന തെരഞ്ഞെടുപ്പുകളെയും വിലയിരുത്തുന്നതിനും പാര്‍ടിക്കകത്തെ സംഘടനാപരമായ പോരായ്മകള്‍ പരിശോധിക്കുന്നതിനും തയ്യാറായിട്ടുണ്ട്. ഭാഷാപ്രശ്നം, സൈലന്റ് വാലി തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ചും ഇതില്‍ പറയുന്നുണ്ട്. വര്‍ഗീയശക്തികളെ സംബന്ധിച്ചുള്ള പരിശോധനകളും ഇതില്‍ നടക്കുകയുണ്ടായി.

ഇത്തരത്തില്‍ കേരളത്തില്‍ അതത് കാലത്ത് നിലനിന്ന രാഷ്ട്രീയവും സംഘടനാപരവുമായ പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നതിനും അതിന്റെ അടിസ്ഥാനത്തില്‍ നിലപാട് സ്വീകരിക്കുന്നതിനുമാണ് അതത് കാലഘട്ടങ്ങളില്‍ കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തോടെ വിശേഷാല്‍സമ്മേളനങ്ങള്‍ ചേര്‍ന്നത്. അതിന്റെ തുടര്‍ച്ച എന്നനിലയിലാണ് ഇപ്പോഴത്തെ പ്ലീനം ചേരുന്നത്. രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ എന്തെങ്കിലും ഭിന്നതകള്‍ കേരളത്തിലെ പാര്‍ടിക്കകത്ത് നിലനില്‍ക്കുന്നില്ല. എന്നാല്‍, സംഘടനാപരമായ ചില ദൗര്‍ബല്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അവ പരിഹരിക്കുക എന്നതാണ് ഈ പ്ലീനത്തിന്റെ പ്രധാന ലക്ഷ്യം.

(അവസാനിക്കുന്നില്ല)

*
പിണറായി വിജയന്‍