Friday, November 16, 2007

വീഞ്ഞിന്റെ സ്വാദ് കൂട്ടുന്ന ഘടകം

ചൈനീസ് ജനകീയ റിപ്പബ്ലിക്കിലെ അഞ്ചാം തലമുറ ചലച്ചിത്രകാരന്മാരില്‍ പെട്ടത് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഷാങ് യിമോവിന്റെ ആദ്യ ഫീച്ചറാണ് റെഡ് സോര്‍ഗം(1988/വര്‍ണം/91 മിനുറ്റ്).

ചിത്രത്തില്‍ പ്രത്യക്ഷപ്പെടാത്ത ഒരു ആഖ്യാതാവാണ് കഥ വിവരിക്കുന്നത്. അയാളുടെ മുത്തശ്ശി പാവപ്പെട്ട വീട്ടിലെ ഒരു പെണ്‍കുട്ടിയായിരുന്നു. 1930കളില്‍ കിഴക്കന്‍ ചൈനയില്‍പ്പെട്ട ഷാന്ദോംഗ് പ്രവിശ്യയിലാണ് കഥ നടക്കുന്നത്. അവളുടെ അച്ഛന്‍‍, വയസ്സനായ ഒരു ധനികന് അവളെ നിര്‍ബന്ധപൂര്‍വം കല്യാണം കഴിച്ചു കൊടുക്കുന്നു. വരന് സ്വന്തമായി ഒരു വീഞ്ഞു നിര്‍മാണശാല ഉണ്ട് എന്നതാണ് ശുഭകരമായ കാര്യമെങ്കില്‍ അയാള്‍ കുഷ്ഠരോഗബാധിതനാണ് എന്നതാണ് ഭീതിജനകമായ വസ്തുത.

ചുവന്ന നിറത്തിലുള്ള ചിത്രത്തുണികള്‍ കൊണ്ട് മറച്ച ഒരു പല്ലക്കിലാണ് അവളെ വരന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത്. അവള്‍ ബ്ലൌസിനുള്ളില്‍ ഒരു കത്രിക ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. കുഷ്ഠരോഗിയായ വൃദ്ധഭര്‍ത്താവ് ആക്രമിക്കുകയാണെങ്കില്‍ പ്രതിരോധിക്കാന്‍ വേണ്ടിയാണത്. പല്ലക്കു ചുമക്കുന്നവര്‍ പാട്ടു പാടിയും നൃത്തം വെച്ചും വിരസത അകറ്റുന്നു. കൂട്ടമായി ചുകന്ന കരിമ്പ് കൃഷി ചെയ്യുന്ന ഒരു വലിയ പാടത്തു കൂടി വേണം അവര്‍ക്ക് യാത്ര ചെയ്യാന്‍. ശപിക്കപ്പെട്ട ഒരു സ്ഥലമായിട്ടാണ് ഈ കൃഷിയിടം കണക്കു കൂട്ടപ്പെടുന്നത്. അവിടെ വെച്ച് ഒരു പിടിച്ചുപറിക്കാരന്‍ കൈത്തോക്ക് ചൂണ്ടി അവരെ ആക്രമിക്കുന്നു. ചുമട്ടുകാരില്‍ ഒരാള്‍ പിടിച്ചുപറിക്കാരനെ തന്ത്രത്തില്‍ കീഴ്പ്പെടുത്തുന്നു. അയാളും വധുവും തമ്മില്‍ ചില പരസ്പരാകര്‍ഷണങ്ങള്‍ രൂപപ്പെടുകയും അവര്‍ കരിമ്പിന്‍ തോട്ടത്തിനകത്തു വെച്ച് ഇണ ചേരുകയുമാണ്. ഏതാനും നാളുകള്‍ക്കകം വൃദ്ധഭര്‍ത്താവ് മരണപ്പെടുന്നു. ചൈതന്യവതിയായ ജിയൂവര്‍ വീഞ്ഞുനിര്‍മാണം ആരംഭിക്കാന്‍ ജോലിക്കാരോട് ആവശ്യപ്പെടുന്നു. തങ്ങളില്‍ ഇനി ഉടമ-അടിമ ബന്ധമായിരിക്കില്ല ഉണ്ടാകുക എന്നും എല്ലാവരും കൂടി പരസ്പര സ്നേഹത്തോടെയും ബഹുമാനത്തോടെയും ഈ സംരംഭം വിജയിപ്പിക്കണമെന്നും അവള്‍ ആഹ്വാനം ചെയ്യുന്നു.

ഇതിനകം മുഴുക്കുടിയനായി മാറിയിരുന്ന, അവളുമായി ബന്ധപ്പെട്ടിരുന്ന ല്യോഹന്‍ എന്ന തൊഴിലാളി ജിയൂവര്‍ തന്റെ ഭാര്യയാണെന്നും താനവളോടൊപ്പം രാജകീയമായി ശയിക്കാന്‍ പോകുകയാണെന്നും പ്രഖ്യാപിക്കുന്നു. എന്നാല്‍ ഈ പെരുമാറ്റത്തില്‍ സഹികെട്ട അവള്‍ അയാളെ തൊഴിച്ചു പുറത്താക്കുന്നു. തല്ലുകൊണ്ടു തകര്‍ന്ന അയാള്‍ മൂന്നു ദിവസം ഒരു വീഞ്ഞുതൊട്ടിയില്‍ കുടുങ്ങിക്കിടക്കുന്നു. വീണ്ടും എഴുന്നേറ്റു വരുന്ന അയാള്‍ അവിടെക്കണ്ട ഒരു വീഞ്ഞുതൊട്ടിയിലേക്ക് നിര്‍ഭയം മൂത്രമൊഴിക്കുന്നു. അത്ഭുതകരമെന്നു പറയട്ടെ അതുവരെ ആരും അനുഭവിച്ചിട്ടില്ലാത്ത പ്രത്യേകതരം സ്വാദും ലഹരിയും ആ വീഞ്ഞ് പ്രദാനം ചെയ്തു. അതില്‍ പിന്നീട് അതേ പ്രകാരം തയ്യാര്‍ ചെയ്യപ്പെട്ട വീഞ്ഞ് ചുകന്ന ഷിബാലി എന്ന ബ്രാന്റഡ് പേരോടു കൂടി പ്രശസ്തമായിത്തീരുകയും ചെയ്തു! പുതിയതരം വീഞ്ഞിന്റെ കണ്ടുപിടുത്തത്തില്‍ ആഹ്ലാദിക്കുന്നതിനിടെ ല്യോഹന്‍ ജിയൂവറിനെ എടുത്തുകൊണ്ടുപോയി കരിമ്പിന്‍ തോട്ടത്തില്‍ വെച്ച് വീണ്ടും ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നുണ്ട്. അതില്‍ ആഖ്യാതാവിന്റെ അഛനായ 'തന്തയില്ലാത്തവന്‍' ജനിച്ചു എന്നും വിവരിക്കപ്പെടുന്നു.

ഇത്തരത്തില്‍ തലമുറ തലമുറ കൈമാറുന്ന ഒരു കുടുംബാഭിമാന കഥയായിരുന്ന ഇതിവൃത്തത്തിലേക്ക് ഈ ഘട്ടത്തില്‍ ചരിത്രവസ്തുതകളും കൂടി കൂട്ടിയിണക്കപ്പെടുന്നു. അന്ന് ചൈനയെ കീഴ്പ്പെടുത്തിയ ജാപ്പനീസ് സൈന്യം ആ ഗ്രാമത്തെയും ആക്രമിക്കുന്നു. അവരുടെ നിഷ്ഠൂരമായ അക്രമങ്ങള്‍ വിശദീകരിക്കുന്നതിനുവേണ്ടി രണ്ടു ചൈനീസ് ഗ്രാമീണരെ ജീവനോടെ തൊലിയുരിക്കുന്നതുപോലുള്ള ദൃശ്യങ്ങളും സിനിമയിലുണ്ട്. ല്യോഹന്റെ നേതൃത്വത്തില്‍ തന്ത്രപരമായി ജാപ്പനീസ് സൈന്യത്തെ ഗ്രാമീണര്‍ പരാജയപ്പെടുത്തുന്നു. യുദ്ധത്തില്‍ മരണപ്പെടുന്ന ല്യോഹന്‍ പീഡനങ്ങള്‍ക്കെതിരെ ചെറുത്തുനിന്ന ഒരു കമ്യൂണിസ്റ്റ് രക്തസാക്ഷിയാണെന്നാണ് ആഖ്യാതാവ് വിവരിക്കുന്നത്. ല്യോഹന്‍ മരണപ്പെട്ടതിനു ശേഷം ജിയൂവറിന്റെ മകനാണ് വീഞ്ഞില്‍ സ്വാദു കൂട്ടാനുള്ള മൂത്രമൊഴിക്കല്‍ നടത്തുന്നത്. ഇതിനകം തിരിച്ചു വന്നിരുന്ന ജാപ്പനീസ് സൈന്യം ജിയൂവറിനെയും വെടിവെച്ചു വീഴ്ത്തുന്നു. ആ മരണയാത്രയെ ഒമ്പതു വയസ്സുകാരനായ മകന്‍ വിവരിക്കുന്നതിപ്രകാരമാണ്.

അമ്മ തെക്കുപടിഞ്ഞാറേക്ക് സഞ്ചരിക്കുകയാണ്, വീതി കൂടിയ ഒരു പാതയില്‍ നീണ്ട മനോഹരമായ ഒരു തോണിയില്‍. അമ്മ തെക്കു പടിഞ്ഞാറേക്ക് സഞ്ചരിക്കുകയാണ്, ഒരു വലിയ കുതിരപ്പുറത്ത് വേണ്ടത്ര പണവും കൈയില്‍ കരുതി. അമ്മ തെക്കു പടിഞ്ഞാറേക്ക് സഞ്ചരിക്കുകയാണ്, നല്ല ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കാനും മോശപ്പെട്ട സമയങ്ങളില്‍ കൈകള്‍ നീട്ടി ഇരക്കാനുമായി.

ചൈനീസ് കാര്‍ഷിക സംസ്ക്കാരത്തിന്റെ ദേശാഭിമാനം വ്യവസ്ഥാപനം ചെയ്യാനുള്ള ഒരു ഗുണപാഠ കഥയായും സിനിമാ ചരിത്രത്തിന്റെ ആദ്യനാളുകളില്‍ പ്രത്യക്ഷപ്പെടുന്ന തരത്തിലുള്ള ഒരു ബാല്യകാല രചനയായും പാശ്ചാത്യലോകത്തെ ആസ്ഥാന പണ്ഡിതര്‍ റെഡ് സോര്‍ഗത്തെ ചുരുക്കിക്കാണുമ്പോഴും ചിത്രം ബെര്‍ലിനിലെ ഗോള്‍ഡന്‍ ബെയറടക്കം നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടി. ശരീര ശുദ്ധിയെ സംബന്ധിച്ച ആധുനിക സിദ്ധാന്ത പ്രകാരം പുറന്തള്ളപ്പെടുന്ന മാലിന്യമായ മൂത്രത്തിലൂടെ പ്രതീകവത്ക്കരിക്കപ്പെടുന്നത് തൊഴിലാളിയുടെ വിയര്‍പ്പ് അഥവാ അധ്വാനം എന്ന ഘടകം തന്നെയാണ്.

ആ നിര്‍ണായക ഘടകമാണല്ലോ ഏത് ഉത്പന്നത്തിന്റെയും മേന്മ കൂട്ടുന്ന രാസത്വരകം.

(ലേഖകന്‍: ശ്രീ. ജി.പി.രാമചന്ദ്രന്‍. കടപ്പാട്: ദേശാഭിമാനി വാരിക, ചിത്രത്തിനു കടപ്പാട്: വിക്കിപീഡിയ)

സര്‍ക്കോസി ഉയര്‍ത്തുന്ന വെല്ലുവിളി

അഞ്ചുലക്ഷത്തോളം വരുന്ന ഫ്രാന്‍സിലെ പൊതുമേഖലാ ജീവനക്കാര്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ പെന്‍ഷന്‍ പരിഷ്കാരങ്ങള്‍ക്കെതിരെ ഒരു പോരാട്ടം ആരംഭിച്ചിരിക്കുകയാണ്. 2007 നവംബര്‍ 13ന് പാരീസ് മെട്രോയിലെ തൊഴിലാളി സമരത്തോടെ ആരംഭിച്ച ഈ പോരാട്ടത്തില്‍ മറ്റു മേഖലകളിലെ തൊഴിലാളികളും, അദ്ധ്യാപകരും, സര്‍ക്കാര്‍ ജീവനക്കാരും, കോടതി ജീവനക്കാരും എല്ലാം അണിചേര്‍ന്നുകൊണ്ടിരിക്കുന്നു.

ഫ്രാന്‍സിലെ തൊഴിലാളികളുടെ സാമൂഹിക ജനാധിപത്യ അവകാശങ്ങളെയും തൊഴില്‍ ജീവിത സാഹചര്യങ്ങളേയും ഏറെ പ്രതികൂലമായി ബാധിക്കുന്ന നയപരിപാടികള്‍ നടപ്പിലാക്കാനുള്ള പ്രസിഡന്റ് നിക്ലോസ് സര്‍ക്കോസി (Nicolas Sarkozy ) യുടെ നീക്കങ്ങളില്‍ പ്രതിഷേധിച്ചാണ് ഈ മുന്നേറ്റം. 2007 സെപ്തംബര്‍ 18, 19 തീയതികളില്‍ നടത്തിയ പ്രസംഗങ്ങളിലൂടെയാണ് സര്‍ക്കോസി തന്റെ തന്റെ പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചത്. ഈ പുത്തന്‍ തൊഴിലാളി വിരുദ്ധ നയങ്ങള്‍ നടപ്പിലാക്കപ്പെട്ടാല്‍ അവ പല ദശകങ്ങളിലെ പോരാട്ടങ്ങളിലൂടെ തൊഴിലാളികള്‍ നേടിയെടുത്ത അവകാശങ്ങളെ ഇല്ലായ്മ ചെയ്യുകയും അവരെ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുണ്ടായിരുന്ന ദുരവസ്ഥയിലേക്ക് തള്ളിവിടുകയും ചെയ്യും. സെപ്തംബര്‍ 18-ന്റെ പ്രസംഗത്തില്‍ സര്‍ക്കോസി താഴെ പറയുന്ന തൊഴിലാളിദ്രോഹ നടപടികളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയത്.

നഗരഗതാഗതം, റയില്‍വേസ്, ഗ്യാസ്, വിദ്യുച്ഛക്തി എന്നീ മേഖലകളില്‍ പണിയെടുക്കുന്ന 1.6 ദശലക്ഷം തൊഴിലാളികള്‍ക്കും ലഭിച്ചുവരുന്ന മെച്ചപ്പെട്ട പെന്‍ഷന്‍ (Special Regime Pension) ആനുകൂല്യങ്ങള്‍ റദ്ദാക്കപ്പെടും. ഇവര്‍ക്കും പൊതുമേഖലയിലെ ഇതര മേഖലയില്‍ പണിയെടുക്കുന്ന 5 ദശലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ക്ക് ലഭിച്ചുവരുന്നതും 2003-മാണ്ടില്‍ ഗണ്യമായി വെട്ടിക്കുറച്ചതുമായ പെന്‍ഷനേ ഇനിമുതല്‍ ലഭിക്കുകയുള്ളൂ. സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്യാനുള്ള വയസ്സ് ചില തൊഴിലാളികള്‍ക്ക് ഇപ്പോള്‍ 50-ഉം മറ്റുചിലര്‍ക്ക് 55-ഉം ആണ്. ഇത് എല്ലാ തൊഴിലാളികള്‍ക്കും 60 വര്‍ഷമായി ഉയര്‍ത്തപ്പെടും. കുറഞ്ഞത് 40 വര്‍ഷം ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കേ ഇനിമേല്‍ മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുകയുള്ളൂ. അവസാനത്തെ ആറുമാസത്തെ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ കണക്കാക്കപ്പെടുന്ന നിലവിലുള്ള രീതിക്കുപകരം അവസാനത്തെ 25 വര്‍ഷത്തെ ശമ്പളത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനിമേല്‍ പെന്‍ഷന്‍ കണക്കാക്കപ്പെടുന്നത്. ഇത് പെന്‍ഷന്‍ ഇനത്തില്‍ തൊഴിലാളികള്‍ക്ക് ഭീമമായ നഷ്ടം വരുത്തിവയ്ക്കും.

പെന്‍ഷന് അര്‍ഹരാകാന്‍ പൊതുമേഖലയിലെ തൊഴിലാളികള്‍ ഇപ്പോള്‍ 37.5 വര്‍ഷം പണിയെടുക്കണം. ഇത് 41 വര്‍ഷമായി ഉയര്‍ത്തപ്പെടും. 16 വയസ്സിലോ അതിനുമുമ്പോ തൊഴിലെടുക്കുവാന്‍ തുടങ്ങുന്ന തൊഴിലാളികള്‍ക്ക് (ഇവര്‍ Long career workers എന്നാണറിയപ്പെടുന്നത്) പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ അവര്‍ കുറഞ്ഞത് 42 വര്‍ഷമെങ്കിലും പണിയെടുത്തിരിക്കണം. ഇപ്പോള്‍ ഇത് 40 വര്‍ഷം മാത്രമാണ്. ഇത് 4,30,000 ത്തോളം തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമ്പോള്‍ ഇതിലൂടെ സര്‍ക്കാരിന് 2 ബില്യന്‍ ഡോളറിന്റെ നേട്ടം ഉണ്ടാകും എന്നാണ് സര്‍കോസിയുടെ വാദം.

തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് മറ്റൊരു തൊഴില്‍ ലഭിക്കുന്നതുവരെ തൊഴിലില്ലായ്മ വേതനം നല്‍കുവാന്‍ തൊഴിലുടമകളും തൊഴിലാളി സംഘടനകളും സംയുക്തമായ സഹായനിധികള്‍ ഫ്രാന്‍സില്‍ നടത്തിവരുന്നുണ്ട്. ഈ സഹായനിധികളില്‍ നിന്നും തൊഴിലില്ലായ്മാ വേതനം ലഭിക്കുവാനുള്ള വ്യവസ്ഥകള്‍ വളരെ കര്‍ക്കശമാക്കപ്പെടും.

തൊഴിലാളികളെ 65 വയസ്സുവരെ ജോലിചെയ്യുവാന്‍ നിര്‍ബന്ധിപ്പിക്കുന്നതിനായി ഈ പ്രായത്തിനുമുമ്പേ വിരമിക്കുന്ന തൊഴിലാളികളുടെ മേല്‍ പിഴയായി അധികനികുതി ചുമത്തുവാനുള്ള വ്യവസ്ഥകളും പുതിയ നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ജീവിത ചെലവുമായി പൊരുത്തപ്പെടുന്ന തരത്തിലായിരിക്കുകയില്ല, മറിച്ച് "സമ്പദ്ഘടനയുടെ അടിസ്ഥാന ഘടകങ്ങളെ'' ആശ്രയിച്ച് “, അതായത് ഉടമകള്‍ക്ക് സൌകര്യപ്രദമായ രീതിയില്‍, ആയിരിക്കും ഇനിമേല്‍ മിനിമംകൂലി നിശ്ചയിക്കപ്പെടുന്നത്. ആരോഗ്യസംരക്ഷണത്തിനായും തൊഴിലാളികള്‍ ഭാവിയില്‍ സ്വന്തം കീശയില്‍ നിന്ന് കൂടുതല്‍ തുക മുടക്കേണ്ടിവരും.

സെപ്തംബര്‍ 19-ലെ പ്രസംഗത്തില്‍ താന്‍ എങ്ങനെയാണ് പൊതുമേഖലയിലെ തൊഴിലാളികളുടെ ജോലിസുരക്ഷ ഇല്ലാതാക്കാനും, യോഗ്യത സീനിയോരിറ്റി എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ നേടിയെടുത്ത അവകാശങ്ങളേയും സ്ഥാനങ്ങളേയും തകര്‍ത്തെറിയുവാനുമുള്ള നയങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് സര്‍കോസി വിശദീകരിച്ചു. ഒരു ട്രില്യന്‍ യുറോയോളം വരുന്ന സര്‍ക്കാര്‍ ചെലവുകളെക്കുറിച്ച് പഠിക്കുവാനും, ഇക്കാര്യത്തില്‍ ആവശ്യമായ പരിഷ്ക്കാരങ്ങള്‍ നിര്‍ദ്ദേശിക്കുവാനുമായി 200- ഓഡിറ്റര്‍മാര്‍ പ്രവര്‍ത്തനം തുടങ്ങിയതായും സര്‍കോസി പറഞ്ഞു. പ്രസംഗത്തില്‍ അദ്ദേഹം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിച്ച മറ്റുചില നടപടികള്‍ താഴെ വിവരിക്കുന്നു.

പൊതുമേഖലയില്‍ നിന്നും രണ്ടു തൊഴിലാളികള്‍ വിരമിക്കുമ്പോള്‍ പുതുതായി ഒരു നിയമനം മാത്രമേ നടത്തുകയുള്ളൂ. പൊതുമേഖലയില്‍ നിന്നും സ്വകാര്യമേഖലയിലേയ്ക്ക ചേക്കേറുന്ന തൊഴിലാളികള്‍ക്ക് പ്രത്യേക സാമ്പത്തിക പ്രോത്സാഹനം നല്‍കും. സ്വകാര്യമേഖലയില്‍ ഉള്ളതുപോലെ പൊതുമേഖലയിലും കരാര്‍ വ്യവസ്ഥയില്‍ തൊഴിലാളികളെ നിയമിക്കും. ഇവര്‍ക്ക് ജോലി സുരക്ഷയോ സ്ഥിരം തൊഴിലാളികള്‍ക്ക് ലഭിച്ചുവരുന്ന മറ്റവകാശങ്ങളോ ലഭിക്കുകയില്ല. തുല്യജോലിക്ക് തുല്യവേതനം എന്ന തത്വം ഉടച്ചുവാര്‍ക്കും. ഉല്പാദനക്ഷമതയും കഴിവും മാനദണ്ഡങ്ങളാക്കിയായിരിക്കും ഇനി തൊഴിലാളികളുടെ വേതനം നിശ്ചയിക്കപ്പെടുന്നത്. വിദ്യാഭ്യാസമേഖലയിലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നതിന് സഹായകമായ രീതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയവും സിലബസ്സുകളും ഉടച്ചുവാര്‍ക്കും.

പൊതുമേഖല, പെന്‍ഷന്‍, വിദ്യാഭ്യാസരംഗം എന്നിവയ്ക്കുനേരെ ഫ്രാന്‍സിലെ പല മുന്‍കാല സര്‍ക്കാരുകളും ഇപ്പോള്‍ സര്‍കോസി പ്രഖ്യാപിച്ചിട്ടുള്ളതുപോലെയുള്ള ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ തൊഴിലാളികളുടെ ശക്തമായ ചെറുത്തുനില്‍പ്പിന്റെ ഫലമായി അധികാരികള്‍ക്ക് അവര്‍ ഉദ്ദേശിച്ച രീതിയില്‍ തൊഴിലാളി വിരുദ്ധനയങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് ചരിത്രം തെളിയിക്കുന്നത്. തൊഴിലാളികളുടെ പെന്‍ഷന്‍ പദ്ധതിയില്‍ വന്‍ വെട്ടിക്കുറവു വരുത്തുവാന്‍ 1995-ല്‍ ശ്രമം നടത്തിയ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന Alain Juppe യ്ക്ക് തൊഴിലാളികളുടെ അതിശക്തമായ പ്രതിഷേധത്തിന്റെ ഫലമായി സ്ഥാനമൊഴിയേണ്ടിവന്നു. ക്ഷേമപദ്ധതികള്‍ക്കായി വരുന്ന ചിലവുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുവാനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും 2003-ലും 2006-ലും ഉണ്ടായ നീക്കങ്ങളും തൊഴിലാളികളുടേയും യുവജനങ്ങളുടേയും യോജിച്ചുള്ള പ്രക്ഷോഭങ്ങള്‍ക്കുമുന്നില്‍ പരാജയപ്പെടുകയാണുണ്ടായത്.

ജനകീയ ചെറുത്തുനില്‍പ്പുകാരണം ക്ഷേമപദ്ധതികള്‍ ഒരു പരിധിവരെയെങ്കിലും നിലനിര്‍ത്തുവാന്‍ നിര്‍ബന്ധിതമായിട്ടുള്ള ഫ്രാന്‍സിന് ഇത്തരം പദ്ധതികള്‍ പൂര്‍ണ്ണമായും നിറുത്തലാക്കിയ ഇംഗ്ളണ്ട്, ജര്‍മ്മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളുമായി മത്സരിക്കുവാന്‍ കഴിയുന്നില്ല എന്ന സാഹചര്യം സംജാതമായിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ഫ്രാന്‍സിന്റെ വ്യാപാരകമ്മി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. എല്ലാവിധത്തിലുമുള്ള ക്ഷേമപദ്ധതികളും അവസാനിപ്പിക്കാനുള്ള നടപടികള്‍ ഇനിയും വൈകിക്കൂടാ എന്ന നിലപാടാണ് ഇപ്പോള്‍ ഫ്രാന്‍സ് ഭരിക്കുന്ന സമ്പന്നവര്‍ഗ്ഗഭരണകൂടത്തിനുള്ളത്. അനേകവര്‍ഷങ്ങള്‍കൊണ്ട് ജര്‍മ്മനിയില്‍ നടപ്പിലാക്കിയ പരിഷ്ക്കാരങ്ങള്‍ കേവലം ആറുമാസത്തിനുള്ളില്‍ ഫ്രാന്‍സില്‍ നടപ്പിലാക്കുമെന്നാണ് സര്‍കോസി അവകാശപ്പെടുന്നത്.

ത്യാഗോജ്ജ്വലമായ സമരങ്ങളിലൂടെ നേടിയെടുത്ത ന്യായമായ അവകാശങ്ങള്‍ തൊഴിലാളികള്‍ ബലികഴിക്കണമെന്നാണ് സര്‍കോസി ആവശ്യപ്പെടുന്നത്. ഇതിന് പിന്‍ബലമായി അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നത് തൊഴിലാളികള്‍ക്കിടയില്‍തന്നെ വളരെ നാമമാത്രമായ അവകാശങ്ങള്‍ മാത്രം ലഭിച്ചുവരുന്ന വലിയൊരു വിഭാഗം ഉണ്ടെന്ന വിചിത്രവും തീരെ വിലകുറഞ്ഞതുമായ ഒരു വാദഗതിയാണ്. ഫ്രാന്‍സിലെ പൊതുമേഖലയില്‍ പണിയെടുക്കുന്ന ഒരു വിഭാഗം തൊഴിലാളികള്‍ക്ക് 'Special Regime' പദ്ധതിപ്രകാരം ഇതരവിഭാഗം തൊഴിലാളികളെ അപേക്ഷിച്ച് കുറച്ചുകൂടി മെച്ചപ്പെട്ട പെന്‍ഷനാണ് ലഭിച്ചുവരുന്നത് എന്ന് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ വിശദീകരിച്ചുവല്ലോ. ഇത് അസമത്വത്തിന് വഴിയൊരുക്കുന്നുവെന്നും അതുകൊണ്ട് 'Special Regime' പദ്ധതിയുടെ കീഴില്‍ നല്‍കുന്ന മെച്ചപ്പെട്ട പെന്‍ഷന്‍ വെട്ടിക്കുറച്ച് മറ്റു തൊഴിലാളികള്‍ക്കു ലഭിക്കുന്ന കുറഞ്ഞ പെന്‍ഷനു തുല്യമാക്കുവാനുള്ള നടപടികള്‍ എടുക്കുമെന്ന് സര്‍കോസി ആവര്‍ത്തിച്ചു വ്യക്തമാക്കിക്കഴിഞ്ഞു. 'Special Regime' പദ്ധതി നിറുത്തലാക്കുന്നത് മറ്റു പെന്‍ഷന്‍ പദ്ധതികളേയും, ക്രമേണ തൊഴിലാളികളെയും, പ്രതികൂലമായി ബാധിക്കുന്ന പരിഷ്ക്കാരങ്ങള്‍ക്ക് വിധേയമാക്കുവാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ തുടക്കമാണെന്നും അദ്ദേഹം തുടര്‍ന്ന് പ്രഖ്യാപിക്കുകയുണ്ടായി.

തൊഴിലാളികളുടെ ആരോഗ്യസംരക്ഷണ പദ്ധതികളുടെ കാര്യത്തില്‍ സര്‍കോസി യുറോപ്പിലെ വിവിധ രാജ്യങ്ങളിലെ സ്ഥിതിഗതികളെയാണ് താരതമ്യംചെയ്യുന്നത്. ഹോളണ്ടില്‍ നിലവിലുള്ള വളരെ കര്‍ക്കശമായ നിയന്ത്രണങ്ങളുള്ള ഒരു ആരോഗ്യസംരക്ഷണ പദ്ധതിയാണ് ഫ്രാന്‍സിലെ തൊഴിലാളികള്‍ക്ക് ഇന്ന് ലഭിച്ചുവരുന്ന മികച്ച സൌകര്യങ്ങളുള്ള പദ്ധതികള്‍ക്ക് പകരം കൊണ്ടുവരുവാന്‍ സര്‍കോസി ഉദ്ദേശിക്കുന്നത്. തൊഴിലാളികളുടെ ആരോഗ്യസംരക്ഷണ പദ്ധതികള്‍ക്കായി അവരില്‍ നിന്നും ഒരു വിഹിതം ഈടാക്കുവാനുള്ള പുതിയ നയത്തെയും അദ്ദേഹം ന്യായീകരിക്കുയാണ്. ഇത്തരത്തില്‍ ലഭിക്കുന്ന അധികവരുമാനം Alzheimer, Cancer തുടങ്ങിയ മാരക രോഗങ്ങള്‍ ബാധിച്ചവരെ ശുശ്രൂഷിക്കാന്‍ ഉപയോഗിക്കുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുവേണ്ടി എന്ന് പ്രചരിപ്പിച്ച് തൊഴിലാളികളുടെ നിലവിലുള്ള അവകാശങ്ങള്‍ ഗണ്യമായി വെട്ടിക്കുറക്കുവാനാണ് സര്‍കോസി ഉദ്ദേശിക്കുന്നത്. ഒരു വിഭാഗം തൊഴിലാളികളുടെ പെന്‍ഷന്‍ മെച്ചപ്പെടുത്തുവാനാണെന്ന വ്യാജേന മറ്റൊരു വിഭാഗത്തിന്റെ പെന്‍ഷനില്‍ കുറവുവരുത്തുന്നു. ആരോഗ്യസംരക്ഷണ പദ്ധതി വിപുരലീകരിക്കുന്നത് മറയാക്കി പദ്ധതിയുടെ പ്രയോജനം ലഭിച്ചുവരുന്ന തൊഴിലാളികളുടെ ആനുകൂല്യങ്ങളില്‍ വെള്ളം ചേര്‍ക്കുന്നു.

തന്റെ മുന്‍ഗാമികളായ ഭരണാധികാരികള്‍ വിഭാവന ചെയ്ത രീതിയിലുള്ള തൊഴിലാളി വിരുദ്ധ നയങ്ങള്‍ അവര്‍ക്ക് നപ്പിലാക്കാന്‍ കഴിഞ്ഞില്ല എന്ന ചരിത്രസത്യം പൂര്‍ണ്ണമായും മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് സര്‍കോസി തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ വീണ്ടുമൊരു ശ്രമം ഇപ്പോള്‍ നടത്തുന്നത്. ഇതിനായി ഫ്രാന്‍സിലെ അതിരുകടന്ന ദേശീയബോധമുള്ള തൊഴിലാളി സംഘടനകളെ വറുതിയാക്കാനുള്ള പ്രയത്നത്തിലാണ് സര്‍കോസി ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള മത്സരത്തില്‍ ഫ്രാന്‍സിലെ കമ്പനികള്‍ വിജയിച്ചുകാണുന്നതില്‍ അതീവ തത്പരരാണ് അവിടത്തെ തൊഴിലാളി സംഘടനകള്‍. മുന്‍കാലങ്ങളില്‍ ഫ്രാന്‍സില്‍ നടന്ന വന്‍ പ്രക്ഷോഭങ്ങളെ അവിടത്തെ കുത്തകകളുടെയും സര്‍ക്കാരിന്റെയും ഭാഗത്ത് ചേര്‍ന്നുനിന്ന് പരാജയപ്പെടുത്തിയ പാരമ്പര്യമാണ് അവിടത്തെ തൊഴിലാളി സംഘടനകള്‍ക്കുള്ളത്. ഇപ്പോള്‍ ഫ്രാന്‍സിലെ തൊഴിലാളികളുടെ അവകാശങ്ങളുടേയം ക്ഷേമപദ്ധതികളുടേയും നേരേ നടക്കുന്ന ആക്രമണങ്ങളില്‍ അവിടത്തെ തൊഴിലാളി സംഘടനകള്‍ തങ്ങളുടെ പങ്കാളികളെപ്പോലെ പ്രവര്‍ത്തിക്കണമെന്നാണ് ഫ്രഞ്ച് മുതലാളിത്തം ആഗ്രഹിക്കുന്നത്.

(കടപ്പാട്: സി.ഐ.ടി.യു സന്ദേശം 2007 ഒക്ടോബര്‍ ലക്കം. ചിത്രങ്ങള്‍ക്ക് കടപ്പാട്: ഹിന്ദു, ബി.ബി.സി., വിക്കിപീഡിയ)

അധികവായനക്ക്: Right turn - ജോണ്‍ ചെറിയാന്‍ ഫ്രണ്ട്‌ലൈനില്‍ എഴുതിയ ലേഖനം

Wednesday, November 14, 2007

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ എങ്ങോട്ട്?

ലോകസാമ്പത്തിക രംഗമാകെ വന്‍ ചലനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഒരു കാലഘട്ടമാണിത്. പോള്‍ ക്രേഗ് റോബര്‍ട്ട്സിനെപ്പോലെയുള്ള അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ തന്നെ പറയുന്നത് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ നമ്മുടെ കണ്‍മുന്‍പില്‍തന്നെ സാവധാനം മരണമടഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ്.

ആഗോളസമ്പദ്‌വ്യവസ്ഥയെ ആകെ ചലിപ്പിക്കുന്ന എന്‍ജിനായാണ് അമേരിക്ക കണക്കാക്കപ്പെടുന്നത്. ലോകത്തെ ഉപഭോഗത്തിന്റെ 30 ശതമാനവും നടത്തുന്നത് അമേരിക്കക്കാരാണ്. എന്നാല്‍ ഇന്ന് അമേരിക്കയ്ക്ക് ലോകത്തെ മറ്റെല്ലാ രാജ്യങ്ങളുമായി വ്യാപാരക്കമ്മിയാണുള്ളത്. അമേരിക്കയുടെ മൊത്തം വ്യാപാരക്കമ്മി 2007-ല്‍ 838 ബില്യന്‍ ഡോളറായിരുന്നു. യൂറോപ്പുമായി 142 ബില്യന്‍ ഡോളറും ഏഷ്യ-പസഫിക് പ്രദേശവുമായി 410 ബില്യന്‍ ഡോളറും ക്യാനഡയുമായി 75 ബില്യന്‍ ഡോളറും, ഗള്‍ഫ് നാടുകളുമായി 37 ബില്യന്‍ ഡോളറും ആഫ്രിക്കയുമായി 62 ബില്യന്‍ ഡോളറുമായിരുന്നു. ഇപ്പോഴത് വീണ്ടും വര്‍ദ്ധിച്ചിട്ടുണ്ട്.

അമേരിക്കയുടെ വ്യാപാരകമ്മി 838 ബില്യന്‍ ഡോളറാണ് എന്ന് പറയുമ്പോള്‍ അത് അര്‍ത്ഥമാക്കുന്നത് അമേരിക്കക്കാരുടെ ആകെ ഉപഭോഗം അവരുടെ ഉല്പാദനത്തെക്കാള്‍ 838 ബില്യന്‍ ഡോളര്‍ കൂടുതലാണെന്നാണ്. അമേരിക്കയുടെ കമ്മിപ്രശ്നം എണ്ണയുടെ കാര്യത്തില്‍‍ മാത്രമല്ല സര്‍വ്വതല സ്പര്‍ശിയാണത്. അമേരിക്കക്കാര്‍ അവരുടെ വ്യാവസായിക ആവശ്യങ്ങള്‍ക്ക്, വാഹനങ്ങള്‍, വസ്ത്രം, കംപ്യൂട്ടര്‍ തുടങ്ങി സര്‍വ്വവിധ വസ്തുക്കള്‍ക്കും സ്വന്തം ഉല്പന്നങ്ങളേക്കാള്‍ കൂടുതല്‍ ആശ്രയിക്കുന്നത് വിദേശ വസ്തുക്കളെയാണ്. അമേരിക്കയുടെ കറന്റ് അക്കൌണ്ട് കമ്മി 13 ട്രില്യന്‍ ഡോളറോളം വരുന്ന അവരുടെ GDP യുടെ 6.5% വരും. കുതിച്ചുയരുന്ന എണ്ണ വിലയും കുത്തനെ വിലയിടിഞ്ഞുകൊണ്ടിരിക്കുന്ന അമേരിക്കന്‍ ഡോളറും ഈ കമ്മി വീണ്ടും ഗണ്യമായി ഉയരാന്‍ കാരണമാകും. ഇപ്പോള്‍തന്നെ എണ്ണവില ബാരലിന് 90 ഡോളറിനു മേലെയായിക്കഴിഞ്ഞു. എണ്ണവില ഇനിയും ഉയരാനുള്ള സാധ്യതകളാണ് കമ്പോള നില കാണിക്കുന്നത്.

തൊഴില്‍ ലഭ്യത കുറയാതിരിക്കുകയും സ്വത്തുല്‍പ്പാദനവും വരുമാനവും വര്‍ദ്ധിക്കുകയും ചെയ്താല്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയും എന്നാണ് ചില സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി പ്രൊഫസറും മുന്‍ US ട്രഷറി അഡ്വൈസറുമായിരുന്ന നോറിയല്‍ റബഹിനെയെപ്പോലെയുള്ള സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറയുന്നത് അമേരിക്കയില്‍ തൊഴിലില്ലായ്മ കഴിഞ്ഞ ആറേഴു മാസമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ്. ആഗസ്റ്റ് മാസത്തില്‍ മാത്രം 5 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു എന്നാണൊരു കണക്ക്. അടുത്തയിടെ ഭവനവായ്പാ മേഖലയിലെ പ്രശ്നങ്ങള്‍മൂലം ഭവന-നിര്‍മ്മാണ മേഖല, മോര്‍ട്‌ഗേജ് രംഗവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ മേഖലകളും പിന്നോട്ടടി നേരിടുകയാണ്. സ്വാഭാവികമായി ഭവനനിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട, സ്റ്റീല്‍, സിമന്റ്, ഫര്‍ണിച്ചര്‍ തുടങ്ങി നാനാ മേഖലകളിലും അതുമായി ബന്ധപ്പെട്ട സാമ്പത്തിക സ്ഥാപനങ്ങളിലും തൊഴില്‍ നഷ്ടമുണ്ടാകും. ഇത്തരത്തില്‍ തൊഴിലില്‍വരുന്ന ഇടിവ് ഉപഭോഗമേഖലയേയും ഗുരുതരമായി ബാധിക്കും. ഉപഭോഗത്തില്‍ വരുന്ന ഇടിവ് ഉല്പാദനത്തേയും, നിക്ഷേപത്തേയും പ്രതികൂലമായി ബാധിക്കും. ഇങ്ങനെയുള്ള ഒരു വിഷമവൃത്തത്തിലേക്കാണ് അമേരിക്കന്‍ സാമ്പത്തികരംഗം നീങ്ങിക്കൊണ്ടിരിക്കുന്നത്.

അമേരിക്കന്‍ വായ്പാമേഖലയിലെ പ്രശ്നങ്ങള്‍ ഭവന-വായ്പയുമായി ബന്ധപ്പെട്ട് മാത്രം അവസാനിക്കുന്ന ഒന്നല്ല എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ഭവനമേഖല വായ്പയുമായി ബന്ധപ്പെട്ട് തകര്‍ന്നുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങള്‍ സബ്-പ്രൈം (വായ്പ തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കു കൊടുക്കുന്ന വായ്പ) വായ്പകള്‍ക്ക് നല്‍കിയത് ഭവനമേഖയില്‍ മാത്രമല്ല, വാഹനങ്ങള്‍ക്ക്, ക്രെഡിറ്റ് കാര്‍ഡിന്, മറ്റ് കണ്‍സ്യൂമര്‍ ഉല്പന്നങ്ങള്‍ക്ക്, ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിക്കാന്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കും സബ്‌-പ്രൈം വായ്പകള്‍ നല്കിയിട്ടുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ധനകാര്യമേഖലയില്‍ ലോകമാകെ ഈ പ്രവണത കാണാന്‍ കഴിയും.

ഇത്തരത്തില്‍ ലക്കും ലഗാനുമില്ലാതെ ലാഭം മാത്രം നോക്കി വായ്പ നല്‍കിയതിന്റെ ഫലമായി ലോകമാകെയുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് വന്‍നഷ്ടമുണ്ടായി എന്നു മാത്രമല്ല സാധാരണ വായ്പകള്‍പോലും നല്‍കുന്നതില്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഇപ്പോള്‍ വിമുഖത കാണിക്കുകയാണ്. കഴിഞ്ഞ കുറേവര്‍ഷങ്ങളായി സമൂഹമാകെ വായ്പയെ ആശ്രയിച്ചു മുന്നോട്ടുപോകുന്ന ഒരവസ്ഥയാണുള്ളത് (Credit run Society) . അതിന് ഇപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഇത് ഉപഭോഗത്തേയും, ഉല്പാദനത്തേയും, തൊഴിലിനേയും ആകെ രൂക്ഷമായി ബാധിക്കും.

ഈ രൂപത്തില്‍ അമേരിക്കന്‍ സാമ്പത്തിക രംഗത്തും ഉപഭോഗരംഗത്തും വരുന്ന പ്രതിസന്ധി ലോകത്തെ മറ്റു രാജ്യങ്ങളേയും ഏറിയും കുറഞ്ഞും ബാധിക്കും. ചൈന, ഇന്ത്യ, ബ്രസീല്‍, തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ തുടങ്ങി മിക്കരാജ്യങ്ങളുടേയും ഒരു പ്രധാന കയറ്റുമതി ലക്ഷ്യസ്ഥാനം അമേരിക്കയാണ്. അതിനാല്‍ അമേരിക്കന്‍ ഉപഭോഗത്തിനും, അമേരിക്കന്‍ ഡോളറിനും വരുന്ന ഇടിവ് ലോക സമ്പദ്‌വ്യവസ്ഥയെയാകെ പ്രതികൂലമായി ബാധിക്കും. ഈയൊരു സ്ഥിതിയിലാണ് ജൂലൈമാസം അവസാനം അമേരിക്കന്‍ ഭവനവായ്പരംഗത്തും, ഭവന വിലയിലുണ്ടായ ഇടിവും ലോകകമ്പോളത്തെയാകെ ബാധിച്ചത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഓഹരിക്കമ്പോളം ജൂലൈ 2007-ല്‍ വന്‍ തകര്‍ച്ച നേരിട്ടു. എന്നാല്‍ അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്കില്‍ 0.5%ത്തിന്റെ കുറവു വരുത്തിയപ്പോള്‍ കാര്യങ്ങളാകെ മാറി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഓഹരിക്കമ്പോള സൂചിക അഭൂതപൂര്‍വ്വമായ രീതിയില്‍ കുതിച്ചുയര്‍ന്നു. യഥാര്‍ത്ഥത്തില്‍ ഈയൊരവസ്ഥ കൂടുതല്‍ ആശങ്കയുളവാക്കുന്നതാണ്.

ഇപ്പോള്‍ ലോകസാമ്പത്തികരംഗത്തു നിലനില്‍ക്കുന്ന അവസ്ഥക്ക് 1920-1930 കളിലെ സ്ഥിതിയുമായി നാനാതരത്തില്‍ സമാനതകള്‍ കാണാന്‍ കഴിയും. 1920-കളെ അലറുന്ന ഇരുപതുകള്‍ (roaring twenties) എന്നാണറിയപ്പെട്ടിരുന്നത്. 1929ലെ ഓഹരിക്കമ്പോളത്തിലെ വന്‍തകര്‍ച്ചവരെ ഓഹരിക്കമ്പോള കുതിച്ചുചാട്ടം അന്നു തുടര്‍ന്നു. ലോകസാമ്പത്തിക വിതരണത്തിലുണ്ടായിരുന്ന അസന്തുലിതാവസ്ഥയും 1920-കളില്‍ രൂക്ഷമായിരുന്നു. 1929-ല്‍ ഏറ്റവും ഉന്നതശ്രേണിയിലായിരുന്ന 0.1% അമേരിക്കക്കാരുടെ വരുമാനം ഏറ്റവും താഴെക്കിടയിലായിരുന്ന 42 ശതമാനത്തിന്റെ മൊത്തം വരുമാനത്തിനൊപ്പമായിരുന്നു. 0.1% അമേരിക്കക്കാരുടേയതായിരുന്നു 34% സമ്പാദ്യവും; 80% അമേരിക്കക്കാര്‍ക്ക് യാതൊരു സമ്പാദ്യവും ഉണ്ടായിരുന്നില്ല.

ഇന്നും ലോകത്തെ അസന്തുലിതാവസ്ഥ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ വളര്‍ന്നിരിക്കുകയാണ്. ലോകത്തെ ഏകദേശം ഒരു ശതമാനം ആള്‍ക്കാരുടെ സമ്പത്ത് താഴെക്കിടയിലുള്ള 60 ശതമാനക്കാരുടെ മൊത്തം സമ്പത്തിനൊപ്പമാണ്. ലോകത്തെ ചീഫ് എക്സിക്യൂട്ടീവുകളുടെ ശമ്പളവര്‍ദ്ധനവും 70-ഉം 80-ഉം ശതമാനമായിരിക്കുമ്പോള്‍ സാധാരണ തൊഴിലാളികള്‍ക്ക് തൊഴില്‍തന്നെ നഷ്ടപ്പെടുകയോ, വേതനം ക്രമേണ കുറയുയോ ചെയ്തുകൊണ്ടിരിക്കുകയാണ്. 1920-കളില്‍ ഏകദേശം 200 ഓളം വന്‍ കോര്‍പ്പറേഷനുകളാണ് കോര്‍പ്പറേറ്റ് സമ്പത്തിന്റെ 50 ശതമാനവും നിയന്ത്രിച്ചിരുന്നത്. ഇന്ന് സ്ഥിതി അതിലും രൂക്ഷമാണ്. 1920-കളില്‍ ഒന്നാം ലോകമഹായുദ്ധത്തിനുശേഷം കാര്‍ഷിക മേഖല അവഗണിക്കപ്പെടുകയും കര്‍ഷകര്‍ ഗുരുതരമായ പ്രതിസന്ധിയിലാവുകയും ചെയ്തു. ഭരണാധികാരികള്‍ വ്യവസായങ്ങള്‍ക്കും, നഗരങ്ങള്‍ക്കും മാത്രം പ്രാധാന്യം നല്‍കുന്ന ഒരു നയമവലംബിച്ചതുമൂലം ലോകമാകെ കാര്‍ഷികമേഖലയും ഗ്രാമങ്ങളും ദുരിതത്തിലായി. ഇന്നും വിവരസാങ്കേതിക വിദ്യയും മറ്റു പുതു വ്യവസായങ്ങളും വന്‍തോതില്‍ പ്രോത്സാഹിപ്പിക്കുന്ന ഭരണക്കാര്‍ കാര്‍ഷികമേഖലയ്ക്ക് കാര്യമായ യാതൊരു സഹായവും ചെയ്യാതെ കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്ന നയമാണ് തടരുന്നത്.

1920-കളിലും വായ്പയെടുത്ത് ഉപഭോഗവസ്തുക്കള്‍ മേടിക്കുന്ന പ്രവണത വളരെ ഉയര്‍ന്നിരുന്നു. 1920-ല്‍ 60 ശതമാനം കാറുകളും 80 ശതമാനം റേഡിയോയും തവണ വായ്പാ വ്യവസ്ഥയില്‍ മേടിച്ചതായിരുന്നു - ഇന്നത്തെ സ്ഥിതിയും സമാനമാണ്.

പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനായ ജോണ്‍ കെന്നത്ത് ഗാള്‍ബ്രിത്ത് 1929 ലെ വന്‍ സാമ്പത്തിക കുഴപ്പത്തെക്കുറിച്ച് 1954-ല്‍ എഴുതിയ പ്രസിദ്ധമായ ഒരു പുസ്തകത്തില്‍ 1929-ലെ കുഴപ്പങ്ങളുടെ പ്രധാനകാരണങ്ങള്‍ വിശദീകരിക്കുന്നുണ്ട്. 1929-ലെ വന്‍തകര്‍ച്ചയ്ക്കു പ്രധാന കാരണം ഓഹരിക്കമ്പോളത്തിലെ ലക്കുംലഗാനുമില്ലാത്ത ഊഹക്കച്ചവടമാണെന്നാണ് അദ്ദേഹം കണ്ടത്. ബാങ്കുകള്‍ നല്കിയ മോശം ലോണുകളും അവ കിട്ടാക്കടങ്ങളായി മാറിയതും ബാങ്കുകള്‍ തകര്‍ന്നതുമാണ് 1929-ലെ തകര്‍ച്ചയ്ക്ക് മറ്റൊരു കാരണം എന്നാണ് ഗാള്‍ബ്രിത്ത് പറഞ്ഞത്. അമേരിക്കയിലെ 25,000 ബാങ്കുകളില്‍ 11,000 വും അക്കാലത്തു തകര്‍ന്നു. ഇപ്പോള്‍ അമേരിക്കന്‍ സബ്-പ്രൈം വായ്പകളുമായി ഇതിനെ താരതമ്യപ്പെടുത്താം.

ഇങ്ങനെ പലവിധത്തിലും പലതലങ്ങളിലും പരിശോധിച്ചാല്‍ ഇന്ന് ലോകസാമ്പത്തിക രംഗം പ്രത്യേകിച്ച് അമേരിക്കയുടേത് ഗുരുതരമായ ഒരു സ്ഥിതിയിലാണെന്നു കാണാം. ഇതിന്റെ പ്രതിധ്വനികള്‍ നാനാതരത്തില്‍ സാമ്പത്തികരംഗത്തും രാഷ്ട്രീയ രംഗത്തും പ്രത്യക്ഷപ്പെടും എന്നത് തര്‍ക്കരഹിതമാണ്.

(ലേഖകന്‍: ശ്രീ. ജോസ് ടി. എബ്രഹാം. ചിത്രങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ)

Tuesday, November 13, 2007

വഴുക്കുന്ന വരമ്പുകള്‍

ജയില്‍കവാടത്തിന് മുന്നില്‍ അവരെല്ലാവരും കാത്തുനില്‍പ്പണ്ടായിരുന്നു-- ജയില്‍ സൂപ്രണ്ട്, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, മറ്റു പൊലീസുകാര്‍, വെള്ളവസ്ത്രം ധരിച്ച തടവുകാര്‍....

വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ മനസ്സില്‍ വേര്‍തിരിച്ചറിയാനാവാത്ത ഭാവങ്ങളുടെ കൂടിക്കുഴയല്‍!

ആദ്യമായിട്ടാണ് ഇവിടെ...

സൂപ്രണ്ടിന്റെ മുറിയിലിരിക്കുമ്പോള്‍ അവരെത്തി.

എന്തൊരു സന്തോഷവും ഉത്സാഹവുമാണ് അവര്‍ക്കിപ്പോള്‍. ഉത്സവത്തിന്റെ ലഹരിയിലാണവര്‍. അതോ പുതുജീവന്റെ ഉന്മേഷത്തിലോ.... സിനിമയിലല്ലാതെ നേര്‍ക്കുനേരെ അവരെ കാണുന്നത് ആദ്യമാണ്. മധ്യവയസ്കനായ ഗീവര്‍ഗീസിനാണ് കൂടുതല്‍ ഉത്സാഹം.

"സാറേ! ഇന്നലെ രാത്രി ഉറങ്ങാതിരുന്നെഴുതിയ ഇംഗ്ളീഷ് കവിതയാണിത്, വായിക്കട്ടെ?''

അയാളതെന്നെ വായിച്ചു കേള്‍പ്പിച്ചു. കൂട്ടത്തില്‍ മറ്റൊരു മലയാളം കവിതയും. രണ്ടിലും സറ്റയറിന്റെ ചുവയും, ആഴത്തില്‍ നൊമ്പരവും.

കേരള സാഹിത്യ അക്കാദമിയുടെ നവോത്ഥാനസന്ദേശ പ്രചാരണവര്‍ഷ പരിപാടികളുടെ ഭാഗമായി, പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിപുലമായ ഒരു സാംസ്കാരിക പരിപാടി നടത്താനെത്തിയതായിരുന്നു ഞങ്ങള്‍- അക്കാദമി സെക്രട്ടറി ഐ വി ദാസ്‌മാഷും നിര്‍വാഹകസമിതിയംഗങ്ങളായ രാവുണ്ണിയും പ്രഭാവര്‍മയും ഞാനും.

തടവുകാരുമായി ഇടപെടുമ്പോഴും സംസാരിക്കുമ്പോഴും മനസ്സില്‍ വല്ലാത്ത വിങ്ങലും സംഘര്‍ഷവും.

അവര്‍ക്കും നമുക്കുമിടയിലുള്ള അതിര്‍രേഖ ഏതാണ്? ഏതാണ് ജയില്‍- അകത്തുള്ളതോ പുറത്തുള്ളതോ? ആരാണ് കുറ്റവാളികള്‍? അവരോ നമ്മളോ? വാസ്തവികവും ദാര്‍ശനികവുമായ ഒരുപാട് ചോദ്യങ്ങള്‍ മനസ്സില്‍ കലമ്പല്‍ കൂട്ടി.

വിചാരണ ചെയ്യപ്പെടുന്നതും വിധിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും പലപ്പോഴും അതിനര്‍ഹതയുള്ളവരല്ല എന്നതാണ് സത്യം. ഭീകരന്മാരായ കുറ്റവാളികള്‍ പണത്തിന്റെയും മറ്റുപല സ്വാധീനങ്ങളുടെയും ബലത്തില്‍ അന്തസ്സോടെ, അഹന്തയോടെ പുറത്ത് സ്വതന്ത്രമായി വിലസുമ്പോള്‍ നിരപരാധികളും താരതമ്യേന ചെറിയ കുറ്റങ്ങള്‍ ചെയ്തവരും തടവറക്കുള്ളില്‍ ജീവിതം ഹോമിക്കുന്നു. വിശക്കുന്നവന്റേത് വഴുക്കുന്ന വരമ്പുകളാണെന്ന് അവര്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ ഓര്‍മിച്ചു. ആരും കുറ്റവാളികളായി ജനിക്കുന്നില്ലെന്നും സാഹചര്യങ്ങളാണ് പലരെയും അങ്ങനെയാക്കിത്തീര്‍ക്കുന്നതെന്നുമുള്ള സത്യം വീണ്ടും ബോധ്യപ്പെടുകയാണ്.

വേദിക്ക് മുന്നില്‍ വെയിലില്‍, സ്കൂള്‍ കുട്ടികളെപ്പോലെ അച്ചടക്കത്തോടെ നിരന്നിരിക്കുന്ന അവരില്‍ ജീവപര്യന്തത്തടവുകാരുണ്ട്. കൊലപാതകക്കുറ്റം ചെയ്തവരുണ്ട്, വൃദ്ധന്മാരും യുവാക്കളുമുണ്ട്. കാമുകന്മാരും നവവിവാഹിതരുമുണ്ട്.

മന്ത്രിമാരുടെ പ്രസംഗങ്ങളും കേരളത്തിലെ പ്രശസ്തരായ കവികളുടെ കവിതകളും ഹൃദയം കൊണ്ടൊപ്പിയെടുത്ത് മണിക്കൂറുകളോളം അവരങ്ങനെയിരുന്നു.

ഞങ്ങള്‍ക്ക് മുന്നില്‍ ദൂരെ ജയില്‍ ടവറിന് മുകളിലെ ചുറ്റുവരാന്തയില്‍ സ്ത്രീ തടവുകാര്‍.....

വേദിയുടെ ഇടതുവശത്തുള്ള നിരക്കെട്ടിടത്തിന് മുന്നില്‍ നിറയെ പൂത്തുനില്‍ക്കുന്ന റോസാച്ചെടികള്‍...

"മതിലുകളിലെ ബഷീര്‍ നട്ടുവളര്‍ത്തിയ റോസാച്ചെടികളാവുമല്ലേ?'' അടുത്തിരിക്കുന്ന പ്രഭാവര്‍മയോട് ഞാന്‍ പതുക്കെ ചോദിച്ചു.

മതിലിനപ്പുറത്തുനിന്ന് നാരായണിയുടെ സ്വരം കേള്‍ക്കുന്നപോലെ.

തടവുകാര്‍ക്കിടയില്‍നിന്ന് കവികളും ഗായകരും മിമിക്രി ആര്‍ടിസ്റ്റുകളുമെല്ലാം മുഖപടം നീക്കിപ്പുറത്തുവന്നു. അവരുടെ സര്‍ഗവാസനയാല്‍ എല്ലാവരെയും ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തു. ഒരു ചെറുപ്പക്കാരന്റെ വാക്കുകള്‍ എന്റെ ഹൃദയത്തെ നോവിച്ചു.

"ഇതെല്ലാം കഴിഞ്ഞ് നിങ്ങളെല്ലാം പോകും. പിന്നെ, ഞങ്ങള്‍ മാത്രമാകും. ഞങ്ങളുടെ മനസ്സ് ആരും കാണുന്നില്ല; ഞങ്ങളുടെ സങ്കടം ആരുമറിയുന്നില്ല. ഒരാള്‍മാത്രം ഞങ്ങളുടെ മനസ്സ് കണ്ടു. ഈയിരിക്കുന്ന സഹോദരി. ആ കവിതയിലെ പാവക്കരടി ഞങ്ങളാണ്.''

ഞാന്‍ ചൊല്ലിയ 'ടെഡ്ഡിബെയര്‍' എന്ന കവിതയെക്കുറിച്ചാണ് അയാള്‍ പറഞ്ഞത്. എന്റെ മനസ്സില്‍ സങ്കടമിരമ്പി. എങ്കിലും കവിയെന്ന നിലയില്‍ എനിക്ക് ലഭിച്ച വലിയ പ്രശംസയും അംഗീകാരവുമാണതെന്നെനിക്ക് തോന്നി.

"നിങ്ങളുടെ നിമിഷങ്ങളില്‍ കുറച്ചെങ്കിലും സന്തോഷവും ആശ്വാസവും നിറയ്ക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ചരിതാര്‍ഥരാണ്''- അവരോട് ഞാന്‍ പറഞ്ഞു.

മടങ്ങുമ്പോള്‍, ഇനിയും വരണേ എന്നവര്‍ അപേക്ഷിച്ചു. വേര്‍പാടിന്റെ നൊമ്പരവും സ്നേഹവും അവരുടെ കണ്ണുകളില്‍ തിളങ്ങുന്നുണ്ടായിരുന്നു.

ഈ തടവറയും ഇവിടെ കഴിയുന്ന നാളുകളും നിങ്ങളെ ശുദ്ധീകരിക്കട്ടെ എന്നാശംസിച്ചുവെങ്കിലും, സൌകര്യങ്ങള്‍ പരിമിതമായ ജയില്‍മുറികളും ശാസ്ത്രീയമല്ലാത്ത നടപടിക്രമങ്ങളും അവരെ ശുദ്ധീകരിക്കുകയാണോ കൂടുതല്‍ കുറ്റവാസനയുള്ളവരാക്കിത്തീര്‍ക്കുകയാണോ ചെയ്യുന്നത് എന്നൊരു സംശയം മനസ്സിനെ ശല്യപ്പെടുത്തി.

നിരവധി തടവുകാര്‍ ശിക്ഷയുടെ കാലാവധി തീര്‍ന്ന് പുറത്തുകടന്ന ജയില്‍ കവാടത്തിലൂടെ വെളിയിലെത്തുമ്പോള്‍ സന്ധ്യമാഞ്ഞുതുടങ്ങിയിരുന്നു. ഒരു തടവുകാരന്‍ പാടിയ പാട്ടിന്റെ ഈരടികള്‍ ഉള്ളില്‍ വിതുമ്പി.

"എന്റെ മണ്‍വീണയില്‍ കൂടണയാനൊരു

മൌനം പറന്നുപറന്നു വന്നു.''...

(ലേഖിക: അമൃത, കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗവും, ചേര്‍ത്തല എസ്.എന്‍. കോളേജ് അദ്ധ്യാപികയുമാണ് - 2007 സെപ്തംബര്‍ നാലാം തീയതി കേരള സാഹിത്യ അക്കാദമി തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടത്തിയ സാംസ്കാരിക പരിപാടിയുടെ ഓര്‍മക്കുറിപ്പ്.)