Wednesday, November 25, 2009

സ്റ്റാലിന്റെ രണ്ടാംവരവ്

1980കളുടെ ഒടുവില്‍, സോവിയറ്റ് യൂണിയനെ മിഖായേല്‍ ഗോര്‍ബച്ചേവ് ക്രമബദ്ധമായി വന്ധ്യംകരിച്ചുകൊണ്ടിരുന്ന കാലത്ത്, മുതലാളിത്തലോകത്ത് ഏറ്റവും പ്രിയങ്കരനായ ഭരണാധികാരിയായിരുന്നു 'ഗോര്‍ബി' എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഗോര്‍ബച്ചേവ്. കമ്യൂണിസമെന്ന 'ഭീകരഭൂത'ത്തില്‍നിന്ന് സോവിയറ്റ് യൂണിയനെ വിമോചിപ്പിച്ച് അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്കും സമൃദ്ധിയുടെ സുഖസാഗരങ്ങളിലേക്കും കൈപിടിച്ചു നടത്തുന്ന അമാനുഷസിദ്ധിയുള്ള പ്രവാചകനായി പാശ്ചാത്യ സമൂഹങ്ങളില്‍ ഗോര്‍ബച്ചേവ് കൊട്ടിഘോഷിക്കപ്പെട്ടു. ഗ്ളാസ്നോസ്ത് എന്ന അഭിധാനത്തില്‍ തുറന്ന സമീപനവും പെരിസ്ത്രോയിക്ക എന്ന പുനര്‍നിര്‍മാണവും രാഷ്ട്രഗാത്രത്തില്‍ സന്നിവേശിപ്പിച്ച് സോവിയറ്റ് യൂണിയന് പുതുവീര്യവും നവോന്മേഷവും മത്സരക്ഷമതയും നല്‍കുകയായിരുന്നു ഗോര്‍ബച്ചേവിന്റെ 'പ്രഖ്യാപിത' ലക്ഷ്യങ്ങള്‍. എന്നാല്‍, ഉദ്ദേശലക്ഷ്യങ്ങള്‍ വാചാടോപത്തില്‍ ഒതുങ്ങുകയും പ്രയോഗതലത്തില്‍ നപുംസകത്വവും നിഷ്ക്രിയത്വവും ശേഷിരാഹിത്യവും പടര്‍ന്നു പിടിക്കുകയും ചെയ്തു. പാശ്ചാത്യഭരണകൂടങ്ങളുടെയും മുതലാളിത്തമാധ്യമങ്ങളുടെയും അഭംഗുര സ്തുതിപ്രവാഹത്തില്‍ അക്കാലത്ത് ഗോര്‍ബച്ചേവ് മതിമറന്നു.

സൈനികമായി സോവിയറ്റ് യൂണിയനെ പരാജയപ്പെടുത്തുക അസാധ്യമാണെന്ന് ഉറച്ച ബോധ്യമുണ്ടായിരുന്ന പാശ്ചാത്യമുതലാളിത്ത ചേരിക്ക് നിനച്ചിരിക്കാതെ വന്നുചേര്‍ന്ന നാറാണത്തുഭ്രാന്തനായിരുന്നു ഗോര്‍ബച്ചേവ്. പാശ്ചാത്യശക്തികള്‍ ഇച്ഛിച്ചതുപോലെ സോവിയറ്റ് യൂണിയനെ അര വ്യാഴവട്ടം കൊണ്ട് പതിനഞ്ച് ഖണ്ഡമാക്കി മുതലാളിത്തത്തിന്റെ കമ്പോളക്കിന്നാരങ്ങളുടെ പിച്ചപ്പാത്രത്തില്‍ "ഗോര്‍ബി'' വച്ചുകൊടുത്തു. സോവിയറ്റ് യൂണിയനെ ഒരുമിച്ചുനിര്‍ത്താന്‍ കഴിയുമായിരുന്നിട്ടും, സോഷ്യലിസ്റ്റ് വ്യവസ്ഥയെ വിവേകപൂര്‍ണമായ നവീകരണത്തിലൂടെയും ജാഗരൂകമായ തെറ്റുതിരുത്തല്‍ പ്രക്രിയയിലൂടെയും നിലനിര്‍ത്താന്‍ സാധിക്കുമായിരുന്നിട്ടും, അതിനൊന്നും ശ്രമിക്കാതെ, പാശ്ചാത്യരുടെ താളത്തിനൊത്ത് തുള്ളി ആ മഹാരാഷ്ട്രത്തെ ഛിന്നഭിന്നമാക്കി, ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവത്തോടെ അരങ്ങൊഴിഞ്ഞ്, ഒടുവില്‍ പാശ്ചാത്യസര്‍വകലാശാലകളിലെ കൂലി പ്രാസംഗികനായി ചുരുങ്ങി അപ്രസക്തനാകുകയായിരുന്നു ഗോര്‍ബച്ചേവ്.

സോവിയറ്റ് യൂണിയനിലെ മാര്‍ക്സിസ്റ്റ് പ്രയോഗത്തിന് പാളിച്ചകള്‍ ഉണ്ടായിരുന്നില്ല എന്ന് ഇതിനര്‍ഥമില്ല. മാര്‍ക്സിസം -ലെനിനിസത്തിന്റെ വികൃതപ്രയോഗങ്ങള്‍ സോവിയറ്റ് ചരിത്രത്തില്‍ ധാരാളമുണ്ട്. മാര്‍ക്സിസം - ലെനിനിസത്തെ അതിന്റെ വിശുദ്ധിയില്‍ വീണ്ടെടുക്കാനാണ് ഗ്ളാസ്നോസ്തും, പെരിസ്ത്രോയിക്കയുമെന്നാണ് 1985ല്‍ അധികാരമേല്‍ക്കുമ്പോള്‍ ഗോര്‍ബച്ചേവ് പറഞ്ഞത്. പക്ഷേ, എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതുപോലെ 1991ല്‍ സോവിയറ്റ് യൂണിയനെ വെട്ടിമുറിക്കാന്‍ ബോറിസ് യെട്സിന്‍ നേതൃത്വം നല്‍കിയ കൊള്ളസംഘത്തിന് വിട്ടുകൊടുക്കുകയായിരുന്നു ഗോര്‍ബച്ചേവ്. എന്നിട്ടെന്ത് സംഭവിച്ചു? 1980കളുടെ ഒടുവില്‍ സോവിയറ്റ് യൂണിയനെ മികച്ച ആസൂത്രണ മികവോടെ ശിഥിലമാക്കിക്കൊണ്ടിരുന്നപ്പോഴും, ആ രാഷ്ട്രത്തിന്റെ നിഷ്ക്രമണത്തിനു ശേഷവും പൂര്‍വസോവിയറ്റ് സമൂഹത്തില്‍ ഏറ്റവും വെറുക്കപ്പെട്ട വ്യക്തിയായി മാറാനായിരുന്നു ഗോര്‍ബച്ചേവിന്റെ സ്വാഭാവികവിധി. 1991ല്‍ 'നിസവിസിമയ ഗസ്യത്ത' എന്ന റഷ്യന്‍ പത്രം ഗോര്‍ബച്ചേവിന്റെ ജനപിന്തുണ അറിയാന്‍ ഒരു അഭിപ്രായസര്‍വെ നടത്തിയിരുന്നു. വെറും ഒരു ശതമാനം ജനങ്ങള്‍മാത്രമാണ് അന്ന് അദ്ദേഹത്തെ പിന്തുണച്ചത്. അക്കാലത്ത് റഷ്യയില്‍ പഠിച്ചിരുന്ന ഈ ലേഖകന് റഷ്യക്കാര്‍ ഗോര്‍ബച്ചേവിനെ വെറുക്കുക മാത്രമല്ല, ഒരു പരിഹാസ കഥാപാത്രമായാണ് കണ്ടിരുന്നതെന്നും നിരവധി അനുഭവങ്ങളിലൂടെ മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. സൈബീരിയയിലെ ഒരു ഉള്‍നാടന്‍ പട്ടണത്തില്‍ പോയപ്പോള്‍ ചീഞ്ഞ തക്കാളികൊണ്ട് അദ്ദേഹത്തെ ജനങ്ങള്‍ എറിഞ്ഞത് അക്കാലത്ത് വാര്‍ത്തയായിരുന്നു.

മുതലാളിത്ത രാജ്യങ്ങളില്‍ വിശുദ്ധവിഗ്രഹമായി ആരാധിക്കപ്പെട്ടപ്പോഴും റഷ്യയില്‍ ഗോര്‍ബച്ചേവ് ജനങ്ങള്‍ക്ക് അനഭിമതനായിരുന്നു. കാരണം ഗോര്‍ബച്ചേവ് യുഗത്തില്‍ റഷ്യക്കാര്‍ക്ക് വാഗ്ദാനംചെയ്യപ്പെട്ടത് 'അമേരിക്കന്‍സ്വര്‍ഗ'മാണ്. അമേരിക്കയെപ്പോലെ, പടിഞ്ഞാറന്‍ യൂറോപ്പിനെപ്പോലെ 'സമ്പല്‍സമൃദ്ധ'മായ സോവിയറ്റ് യൂണിയന്‍ എന്ന വാഗ്ദാനം. അമേരിക്കയിലെയും പടിഞ്ഞാറന്‍ യൂറോപ്പിലെയും സമൂഹങ്ങള്‍ സമൃദ്ധിയുടെ കാര്യത്തില്‍ ഐകരൂപ്യമുള്ളവയാണെന്ന മൂഢധാരണ അക്കാലത്ത് റഷ്യക്കാരുടെ മനസ്സില്‍ വേരൂന്നിയിരുന്നു. അതുകൊണ്ടുതന്നെ സോവിയറ്റ് യൂണിയനില്‍നിന്ന് സോഷ്യലിസം പോയി മുതലാളിത്തം വന്നാല്‍ ഒരു സുഖസമൃദ്ധ, പ്രശ്നരഹിത ലോകത്തേക്ക് പ്രവേശിക്കാമെന്ന് അവര്‍ കരുതി. പക്ഷേ, സോവിയറ്റ് യൂണിയന്റെ തിരോധാനത്തോടെ റഷ്യക്കാര്‍ പ്രവേശിച്ചത് പ്രശ്നകലുഷവും ദുഃഖനിര്‍ഭരവും ദാരിദ്ര്യപൂര്‍ണവുമായ ഒരു ലോകത്തേക്കാണ്. ഉള്ള സുഖങ്ങളും സൌകര്യങ്ങളും ആനുകൂല്യങ്ങളും നൊടിയിടയില്‍ അപ്രത്യക്ഷമായി.

സോവിയറ്റ് യൂണിയന്‍ നിലനിന്ന കാലത്ത് എല്ലാവര്‍ക്കും തൊഴില്‍ ഉണ്ടായിരുന്നു. ചികിത്സ സൌജന്യമായിരുന്നു. പാര്‍പ്പിടം സൌജന്യം മാത്രമല്ല, മൌലികാവകാശം കൂടിയായിരുന്നു. നിത്യോപയോഗ സാധനങ്ങള്‍ തുച്ഛവിലയ്ക്ക് കിട്ടിയിരുന്നു. മൂന്ന് റൂബിളിന് മുപ്പത് കോഴിമുട്ടയും ഒരു റൂബിളിന് ഒരു കോഴിയും 1989ല്‍ പോലും സോവിയറ്റ് യൂണിയനില്‍ ലഭ്യമായിരുന്നു. സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് ഒരുമാസം കഴിഞ്ഞപ്പോള്‍ ഒരു കോഴിമുട്ടയ്ക്ക് 30 റൂബിളും ഒരു കോഴിക്ക് 1000 റൂബിളുമായി വില ഉയര്‍ന്നു. കോഴി പുതുപ്പണക്കാരുടെ ഭക്ഷണമായി. അക്കാലത്ത് ഞങ്ങളുടെ ഹോസ്റ്റലുകളില്‍ മാംസാഹാരം അപൂര്‍വമായേ ഉണ്ടാകുമായിരുന്നുള്ളു. കാബേജ് കഞ്ഞിയും ഗോതമ്പ് ബ്രഡും മാത്രം കഴിച്ചായിരുന്നു 1990കളുടെ ആദ്യപാദത്തില്‍ ഞങ്ങള്‍ കഴിച്ചു കൂട്ടിയിരുന്നത്. എന്നാല്‍, ഞങ്ങളുടെ സീനിയര്‍ വിദ്യാര്‍ഥികള്‍ പറഞ്ഞത് 1986-89 കാലഘട്ടത്തില്‍പോലും ഹോസ്റ്റല്‍ കാന്റീനുകളില്‍ ചിക്കനും ബീഫും മട്ടനുമൊക്കെ യഥേഷ്ടം ലഭ്യമായിരുന്നു എന്നാണ്. കോഴിയിറച്ചി കഴിച്ച കാലം മറന്നു എന്ന് ഞങ്ങള്‍ പഠിച്ചിരുന്ന മെഡിക്കല്‍ കോളേജിലെ അധ്യാപികമാര്‍ നെടുവീര്‍പ്പിട്ട് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.

സോവിയറ്റ് യൂണിയന്‍ ഉണ്ടായിരുന്ന കാലത്ത് വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മിക്ക റഷ്യന്‍ കുടുംബങ്ങളും സുഖവാസ യാത്രകള്‍ നടത്തുമായിരുന്നു. തകര്‍ന്നു കഴിഞ്ഞ സോവിയറ്റ് യൂണിയനില്‍ സുഖവാസം പോയിട്ട് സ്വൈരവാസംപോലും പൌരന്മാര്‍ക്ക് സാധ്യമല്ലാതായി. മാഫിയകള്‍ കൂണുപോലെ റഷ്യയുടെ നാനാദിക്കിലും തഴച്ചുവളര്‍ന്നു. മെഡിക്കല്‍ കോളേജിലെ അധ്യാപകര്‍ക്കുപോലും ഒരു മാസത്തെ ശമ്പളംകൊണ്ട് മൂന്ന് ദിവസം കഴിഞ്ഞുകൂടാന്‍ പറ്റാതായി. മോസ്കോ സര്‍വകലാശാലയിലെ ചില പ്രൊഫസര്‍മാരുടെ പെണ്‍മക്കള്‍പോലും ആഡംബരത്വര മൂത്ത് ശരീരം വില്‍ക്കാന്‍ തെരുവിലിറങ്ങി. ഒരു സൂക്ഷ്മ ന്യൂനപക്ഷമാകട്ടെ മുതലാളിത്തത്തിന്റെ വന്യരഥ്യകളില്‍ സഞ്ചരിച്ച് പൊടുന്നനെ കോടീശ്വരന്മാരായി. അതേസമയം ഏതു മൂന്നാം ലോകരാജ്യത്തെയും മധ്യവര്‍ഗ കുടുംബങ്ങളേക്കാള്‍ നന്നായി ജീവിച്ചിരുന്ന സോവിയറ്റ് പൌരന്മാര്‍ സോഷ്യലിസം തിരോഭവിച്ചതോടെ ബ്രഡും പച്ചവെള്ളവും ഗുണമേന്മയില്ലാത്ത ചീസുംമാത്രം കഴിച്ച് ജീവിക്കേണ്ട ഗതികേടിലായി.

ചുരുക്കിപ്പറഞ്ഞാല്‍, ഗോര്‍ബച്ചേവ് സോവിയറ്റ് പൌരന്മാര്‍ക്ക് ഒരു അയഥാര്‍ഥ സ്വര്‍ഗം വാഗ്ദാനംചെയ്തു. അവര്‍ക്ക് കിട്ടിയത് യഥാര്‍ഥ നരകമായിരുന്നു. അപ്പോഴാണ് സോഷ്യലിസ്റ്റ് ഭൂതകാലം സ്വര്‍ഗസമാനമായിരുന്നു എന്നവര്‍ക്ക് ബോധ്യപ്പെട്ടത്. അപ്പോഴേക്കും എല്ലാം കൈവിട്ടുപോയിരുന്നു.

ഇത്രയുമെഴുതിയത് സ്റ്റാലിനെപ്പറ്റി റഷ്യയില്‍നിന്ന് വന്നുകൊണ്ടിരിക്കുന്ന 'ഞെട്ടിക്കുന്ന' വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സ്റ്റാലിന്‍ റഷ്യക്കാര്‍ക്കിടയില്‍ അടിക്കടി പ്രിയങ്കരനായി മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യകണ്ട ഏറ്റവും മഹാനായ ചരിത്രപുരുഷന്‍ ആര് എന്നറിയാന്‍ 1989ല്‍ ഒരു അഭിപ്രായസര്‍വെ സംഘടിപ്പിച്ചിരുന്നു. അന്ന് സ്റ്റാലിന്റെ സ്ഥാനം പത്താമതായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേവിഷയത്തില്‍ ആറ് മാസം നീണ്ടുനിന്ന ഒരു അഭിപ്രായ സര്‍വെ റഷ്യയില്‍ നടന്നു. അതില്‍ സ്റ്റാലിന്‍ മൂന്നാമതായാണ് എത്തിയത്. ഈ അഭിപ്രായസര്‍വെ നടക്കുമ്പോള്‍ പലഘട്ടങ്ങളിലും സ്റ്റാലിന്‍ ഒന്നാമതെത്തിയിരുന്നു. അപ്പോഴൊക്കെ സംഘാടകര്‍ സ്റ്റാലിനൊഴികെ മറ്റാര്‍ക്കെങ്കിലും വോട്ട് ചെയ്യൂ എന്ന് റഷ്യക്കാരോട് കെഞ്ചുകയായിരുന്നുവത്രെ. സംഘാടകരുടെ ഈ പക്ഷപാതപരമായ ഇടപെടല്‍ നടന്നിരുന്നില്ലെങ്കില്‍ സ്റ്റാലിന്‍ നിഷ്പ്രയാസം ഒന്നാമതെത്തുമായിരുന്നു. (ഹിന്ദു, നവംബര്‍ 12, 2009)

സ്റ്റാലിന്റെ ഈ രണ്ടാംവരവ് സോവിയറ്റ് ഭൂതകാലം ഇന്നത്തെ മുതലാളിത്ത റഷ്യയേക്കാള്‍ എത്രയോ മെച്ചപ്പെട്ടതായിരുന്നു എന്ന് റഷ്യന്‍ സമൂഹം ചിന്തിക്കുന്നതിന്റെ നിദര്‍ശനമാണ്. പ്രശ്നങ്ങളും പരിമിതികളും പലതുണ്ടായിരുന്നുവെങ്കിലും സോവിയറ്റ് യൂണിയനിലെ ജീവിതം സോവിയറ്റനന്തര റഷ്യയിലെ അരക്ഷിത ദരിദ്രജീവിതത്തേക്കാള്‍ എത്രയോ ഭേദമായിരുന്നു എന്നതിന്റെ ഗൃഹാതുരമായ സാക്ഷ്യപത്രം കൂടിയാണ്. സ്റ്റാലിനെയും കമ്യൂണിസത്തെയും സോവിയറ്റ് യൂണിയനെയും മരണംവരെ വൈരനിര്യാതന ബുദ്ധിയോടെ വീക്ഷിച്ചിരുന്ന മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഒരിക്കല്‍ സ്റ്റാലിനെപ്പറ്റി പറഞ്ഞത് ഇപ്രകാരമാണ്.

"സ്റ്റാലിന്‍ മരംകൊണ്ട് ഉണ്ടാക്കിയ കലപ്പയുമായാണ് റഷ്യയിലേക്ക് വന്നത്. എന്നാല്‍, റഷ്യയെ ഒരു അണുവായുധശക്തിയാക്കിയാണ് അദ്ദേഹം പോയത്.''

1956ല്‍ നടന്ന സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ 20-ാം കോണ്‍ഗ്രസോടെ സ്റ്റാലിന്റെ നിഷേധവശങ്ങള്‍ പര്‍വതീകരിക്കപ്പെടുകയും ഗുണവശങ്ങള്‍ തമസ്കരിക്കപ്പെടുകയുംചെയ്തു. സോവിയറ്റ് യൂണിയന്റെ നിഷ്ക്രമണത്തോടെ സ്റ്റാലിന്റെ ഗുണവശങ്ങളെക്കുറിച്ച് റഷ്യക്കാര്‍ വാചാലരാകാന്‍ തുടങ്ങി എന്നത് സാമൂഹ്യശാസ്ത്ര വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം സൂക്ഷ്മമായ അപഗ്രഥനത്തിന് വിഷയീഭവിക്കേണ്ട കാര്യമാണ്.

*
എ എം ഷിനാസ് (കോഴിക്കോട് ഗവ. ആര്‍ട്സ് കോളേജ് അധ്യാപകനാണ് ലേഖകന്‍‍)
കടപ്പാട്: ദേശാഭിമാനി

മാവോയിസ്റ്റുകള്‍ ചെയ്യുന്നതെന്ത്?

മാവോയിസ്റ്റുകള്‍ ഇന്ന് ഇന്ത്യയില്‍ എന്തുപങ്കാണ് വഹിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കേണ്ടതുണ്ട്.

1960കളുടെ ഒടുവില്‍ നക്സലൈറ്റ് പ്രസ്ഥാനം ആരംഭിച്ചതു മുതല്‍തന്നെ, ഇന്ത്യയിലെ യഥാര്‍ത്ഥ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രസ്ഥാനം അതാണെന്നും ഇന്ത്യന്‍ ഭരണകൂടത്തെ തകര്‍ക്കാനും ഫ്യൂഡലിസത്തില്‍നിന്നും സാമ്രാജ്യത്വ ചൂഷണത്തില്‍നിന്നും ഇന്ത്യന്‍ ജനതയെ മോചിപ്പിക്കാനുംവേണ്ടി ജനങ്ങളെ അണിനിരത്താന്‍ കഴിയുന്ന ഒരേയൊരു മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടന അതാണെന്നും അവകാശവാദമുന്നയിക്കപ്പെട്ടിരുന്നു.

ഇന്ത്യയിലെ നക്സലിസത്തിന്റെ 40 വര്‍ഷത്തെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ഇത്തരം ഒരു പ്രസ്ഥാനം എന്തുകൊണ്ട് ഇന്ത്യയില്‍ വളര്‍ന്നുവന്നു എന്ന് നാം ആശ്ചര്യപ്പെടില്ല. കാരണം, ഇടതുപക്ഷ പ്രസ്ഥാനം നിലവിലുള്ളതോ വളര്‍ന്നുവരുന്നതോ ആയ ഏതു രാജ്യത്തും ഇടതുപക്ഷ സെക്ടേറിയനും അരാജകവാദപരവും ആയ പ്രവണതകള്‍ നമുക്ക് കാണാന്‍ കഴിയും. 1960കളിലും 1970കളിലും ഇതെല്ലാം ഇന്ത്യയില്‍ സംഭവിക്കുന്നതിനും ഏറെക്കാലം മുമ്പ് സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഇടതുപക്ഷ സെക്ടേറിയനിസം ഉയര്‍ന്നുവന്നതിനെ വിശകലനംചെയ്തുകൊണ്ട്, ലെനിന്‍ ഈ പ്രശ്നത്തിന്റെ അന്തഃസത്തയെന്തെന്ന് പരിശോധിച്ചിരുന്നു. അദ്ദേഹം ഇങ്ങനെയാണ് അതിനെക്കുറിച്ച് പറഞ്ഞത്: "മുതലാളിത്തത്തിന്റെ ഭീകരതകള്‍മൂലം ഉണ്ടാകുന്ന ഒരു പെറ്റിബൂര്‍ഷ്വാ ചിത്തഭ്രമം ആണിത്. അരാജകവാദത്തെപ്പോലെയുള്ള ഒരു സാമൂഹിക പ്രതിഭാസമായ ഇത് എല്ലാ രാജ്യങ്ങളിലെയും സവിശേഷതയാണ്.''

അപ്പോള്‍, മുതലാളിത്തം വികസിച്ചുതുടങ്ങുന്ന, പ്രധാനമായും പെറ്റിബൂര്‍ഷ്വാ സ്വഭാവത്തോടുകൂടിയ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് വിശേഷിച്ചും പെറ്റിബൂര്‍ഷ്വാസിയില്‍ ചില വിഭാഗങ്ങള്‍ ഈ പ്രതിഭാസത്തിന് വിധേയമാകാനിടയുണ്ട്. പൊതുവെ അത് സെക്ടേറിയന്‍ അതിസാഹസിക അക്രമങ്ങളിലാണ് അവസാനിക്കാറുള്ളത്. നമ്മുടെ രാജ്യത്ത് ഇപ്പോള്‍ മാവോയിസ്റ്റ്പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍, അടുത്ത കാലത്തായി അവരില്‍നിന്ന് നമുക്ക് അനുഭവപ്പെടുന്ന ഭീകരതയുടേതായ പ്രവണതകള്‍മൂലം, ഈ സംഘടനയെയും ഭീകരന്മാരായി വിശേഷിപ്പിക്കത്തക്കതാണ്. ഒരര്‍ത്ഥത്തില്‍ പലപ്പോഴും ഈ സംഘടന ഭീകരാക്രമണങ്ങളുടെയും അക്രമത്തിന്റെയും രീതിയാണ് അവലംബിക്കുന്നത്. എന്നാല്‍ മാവോയിസ്റ്റ് ഗ്രൂപ്പുകളെയും പാര്‍ടികളെയും ഭീകരസംഘമായി മുദ്രകുത്തുന്നത് അടിസ്ഥാനപരമായി തെറ്റാണ്. 40 വര്‍ഷത്തെ ഈ സംഘടനയുടെ ചരിത്രം ഇടതു സെക്ടേറിയന്‍ നടപടികളാണ് കാഴ്ചവെച്ചിട്ടുള്ളത്.

അവരുടെ പ്രത്യയശാസ്ത്രവും ലോകവീക്ഷണവും എന്താണ്? മാര്‍ക്സിസ്റ്റ് ചട്ടക്കൂടിനുള്ളില്‍തന്നെയാണ് അവര്‍ സ്വയം പ്രതിഷ്ഠിക്കുന്നത്. നമ്മുടെ സമൂഹത്തെയും ലോകത്തെയും അവര്‍ വീക്ഷിക്കുന്നത് ഒരു മാര്‍ക്സിസ്റ്റ് സമീപനത്തിന്റെ അടിസ്ഥാനത്തിലുമാണ്. എന്നാല്‍ ഇന്നത്തെ അവരുടെ ലോകവീക്ഷണം എന്താണ്? ദക്ഷിണേഷ്യയാകെ ഒരു വലിയ വിപ്ളവ വേലിയേറ്റത്തിന്റെ വക്കിലാണ് എന്നാണ് അവര്‍ കരുതുന്നത്. ദക്ഷിണേഷ്യയില്‍ ദേശീയ വിമോചന പ്രസ്ഥാനങ്ങള്‍ മുന്നേറുകയാണെന്നും അവര്‍ കരുതുന്നു. ഇന്നത്തെ ലോകത്ത് സാമ്രാജ്യത്വത്തിനെതിരായ ദേശീയ സമരങ്ങളുടെ കേന്ദ്രബിന്ദു പശ്ചിമേഷ്യയാണെന്നും അതുകഴിഞ്ഞാല്‍ ദക്ഷിണേഷ്യ കേന്ദ്രസ്ഥാനത്തെത്തുമെന്നും അവര്‍ പറയുന്നു.

എന്നാല്‍ എന്താണ് ഇന്നത്തെ യാഥാര്‍ത്ഥ്യം? നമുക്ക് പാകിസ്ഥാന്റെ കാര്യംതന്നെയെടുക്കാം. അത് അമേരിക്കയുടെ ആജ്ഞാനുവര്‍ത്തിയായ സഖ്യകക്ഷിയാണെന്ന് നമുക്കറിയാം. പാകിസ്ഥാന്‍ ഭരണകൂടത്തിന് ഇന്ന് അമേരിക്കയുടെ സംരക്ഷണമില്ലാതെ നിലനില്‍ക്കാനാവില്ല. ഇന്ത്യയെ തങ്ങളുടെ പ്രമുഖ തന്ത്രപര സഖ്യകക്ഷിയായി അമേരിക്കയ്ക്ക് ലഭിച്ചിട്ടുണ്ട്. ബംഗ്ളാദേശിലും അത് വേരുറപ്പിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍തന്നെ അത് നുഴഞ്ഞുകയറിക്കൊണ്ടിരിക്കുന്നു. സാമ്രാജ്യത്വവും നാറ്റോയും അഫ്ഗാനിസ്ഥാനില്‍ ഒരു യുദ്ധം അഴിച്ചുവിട്ടിരിക്കുകയാണ്. പക്ഷേ, അതിനപ്പുറം, സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിന്റെ കേന്ദ്രബിന്ദുവാണോ ദക്ഷിണേഷ്യ? ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ തങ്ങളുടെ ഭരണവര്‍ഗങ്ങളെയും അതുവഴി സാമ്രാജ്യത്വത്തെയും തൂത്തെറിയുന്നതിന്റെ വക്കിലാണോ?

ഇന്നത്തെ മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും അന്തഃസത്ത നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങളുമായി അതിന് ഒരു ബന്ധവുമില്ലെന്നതാണ്. പശ്ചിമേഷ്യയെക്കുറിച്ച് പറയുമ്പോള്‍, പശ്ചിമേഷ്യയിലും അഫ്ഗാനിസ്ഥാനിലുമുള്ള താലിബാനെയും മറ്റും ഇസ്ളാമിക മതമൌലികവാദ ശക്തികളെയുമാണ് സാമ്രാജ്യത്വത്തിനെതിരായ സമരത്തില്‍ അവര്‍ തങ്ങളുടെ സഖ്യശക്തികളായി കാണുന്നത്. പാകിസ്ഥാനിലെ സ്വാത്താഴ്വരയും ദക്ഷിണ വസീറിസ്ഥാനുമെല്ലാം സാമ്രാജ്യത്വവിരുദ്ധ ദേശീയ വിമോചനസമരത്തിന്റെ കേന്ദ്രങ്ങളായി അവര്‍ പരിഗണിക്കുന്നു. ശ്രീലങ്കയില്‍ എല്‍ടിടിഇ സൈനികമായി പരാജയപ്പെടുത്തപ്പെടുകയും അതിന്റെ നേതാവ് പ്രഭാകരന്‍ കൊല്ലപ്പെടുകയും ചെയ്തപ്പോള്‍ അവര്‍ അങ്കലാപ്പിലായതും അതുകൊണ്ടാണ്. എല്‍ടിടിഇയെ സാമ്രാജ്യത്വത്തിനെതിരായ ദേശീയ വിമോചന പ്രസ്ഥാനമായി കാണുന്നതുതന്നെ വികലമായ വീക്ഷണമാണ്. എല്‍ടിടിഇക്ക് ഏറ്റ തിരിച്ചടിയെ നാം കാണുന്നത്, ശ്രീലങ്കയിലെ തമിഴര്‍ക്കിടയില്‍ ശക്തമായ ഒരു ജനാധിപത്യപ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ തുടങ്ങാനുള്ള അവസരമായാണ്.

അവരുടെ ലോകവീക്ഷണമാകെ വളച്ചൊടിക്കപ്പെട്ടതും വികലവുമാണെന്നതുപോലെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ ഭരണവര്‍ഗം കോമ്പ്രദോര്‍ സ്വഭാവത്തോടുകൂടിയതാണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവരുടെ പ്രത്യയശാസ്ത്രവും വീക്ഷണവുംതന്നെയാണ് കോമ്പ്രദോര്‍. ചൈനീസ് കമ്യൂണിസ്റ്റ്പാര്‍ടി ഇടതുപക്ഷ സെക്ടേറിയനിസത്തിന്റെ പിടിയില്‍ അകപ്പെട്ടിരുന്ന കാലത്ത് മുന്നോട്ടുവെച്ച ആശയത്തെ ആകപ്പാടെ അവര്‍ കടമെടുത്തിരിക്കുകയാണ്.

അതിന്റെ അനന്തരഫലം എന്താണ്? ഇന്ത്യ അര്‍ദ്ധകോളനി, അര്‍ദ്ധഫ്യൂഡല്‍ രാജ്യമാണെന്ന് പറഞ്ഞാല്‍, വര്‍ഗപരമായ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ നിഷേധിക്കലാണ്. 20-ാം നൂറ്റാണ്ടില്‍ മോചനം നേടിയ രാജ്യങ്ങളില്‍വെച്ച് ഏറ്റവും ശക്തമായ ബൂര്‍ഷ്വാസിയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ശക്തമായ മുതലാളിത്ത അടിത്തറയും ഭരണകൂടവും ഇന്ത്യയില്‍ വികസിച്ചിട്ടുണ്ട്. കാര്‍ഷികരംഗത്തെ മുതലാളിത്തത്തിന്റെ വികാസത്തെ അവര്‍ നിഷേധിക്കുകയാണ്.

സൈദ്ധാന്തികമായും ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തെ അവര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല; കാരണം അത്തരത്തില്‍ ഇന്ത്യയില്‍ മുതലാളിത്തം വികസിച്ചതായി അവര്‍ കാണുന്നില്ല. അവരുടെ രാഷ്ട്രീയ പ്രഖ്യാപനങ്ങളിലോ പ്രസ്താവനകളിലോ പ്രവര്‍ത്തനങ്ങളിലോ തൊഴിലാളിവര്‍ഗത്തിന് അവര്‍ എന്തെങ്കിലും സ്ഥാനം നല്‍കുന്നതായി കാണാനാവില്ല. അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് കര്‍ഷക ജനതയെക്കുറിച്ചുമാത്രമാണ്. കര്‍ഷകജനസാമാന്യം വിപ്ളവപാതയിലൂടെ മുന്നേറുകയാണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഒരിടത്തും ശക്തമായ ഒരു കര്‍ഷക പ്രസ്ഥാനം അവര്‍ കെട്ടിപ്പടുത്തിട്ടുള്ളതായി നമുക്ക് കാണാനാവില്ല. ഇപ്പോഴത്തെ മാവോയിസ്റ്റ് പാര്‍ടിയെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. അവര്‍ ആകെ സജീവമായിട്ടുള്ളതും കുറച്ച് ജനങ്ങളെ അണിനിരത്തുന്നതില്‍ അവര്‍ വിജയം വരിച്ചിട്ടുള്ളതും ഗിരിവര്‍ഗമേഖലകളില്‍ മാത്രമാണ്. ഛത്തീസ്ഗഢും ഝാര്‍ഖണ്ഡും ഒറീസയിലെ ചില ഭാഗങ്ങളും ബിഹാറിലും ഇപ്പോള്‍ അവര്‍ ശ്രമം നടത്തുന്ന പശചിമബംഗാളിലെ ഝാര്‍ഖണ്ഡിനോട് ചേര്‍ന്ന മൂന്ന് ജില്ലകളും മഹാരാഷ്ട്രയിലെ ഗഡ്ചിരോലിയും എല്ലാം ഗിരിവര്‍ഗ ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന കുന്നിന്‍നിരകളും കൊടും കാടും നിറഞ്ഞ ഉള്‍പ്രദേശങ്ങളാണ്. വികസനത്തിന്റെയും വാര്‍ത്താവിനിമയ സൌകര്യങ്ങളുടെയുമെല്ലാം കാര്യത്തില്‍ ഏറ്റവും പിന്നണിയിലുള്ള പ്രദേശങ്ങളുമാണ് ഇവ. ഇത്തരം പ്രദേശങ്ങളില്‍ അവരുടെ സായുധ സംഘങ്ങള്‍ക്കും ഗറില്ലകള്‍ക്കും ഒളിത്താവളങ്ങള്‍ക്കും സൌകര്യമുണ്ട്. പക്ഷേ തൊഴിലാളിവര്‍ഗത്തെയും കര്‍ഷകജനസാമാന്യത്തെയും അടിസ്ഥാനമാക്കിയുള്ള വിപ്ളവപ്രസ്ഥാനം എവിടെ? അതവരുടെ ചിന്തയില്‍പ്പോലും ഇല്ലാത്ത കാര്യമാണ്. അവര്‍ വര്‍ഗശത്രുക്കളുടെ ഉന്മൂലനത്തെക്കുറിച്ചാണ് പറയുന്നത്. ഇത് പുതിയ കാര്യമല്ല. ആദ്യത്തെ നക്സലൈറ്റ് പ്രസ്ഥാനം പശ്ചിമബംഗാളില്‍ കര്‍ഷകജനതയെ അണിനിരത്താന്‍ പറ്റാതായതിനെ തുടര്‍ന്നാണ് വര്‍ഗശത്രുക്കളുടെ ഉന്മൂലനം എന്ന അടവിലേക്ക് തിരിഞ്ഞത്. എന്നാല്‍ അവര്‍ പ്രധാനമായും ലക്ഷ്യംവെച്ചിട്ടുള്ളത് സാധാരണക്കാരായ പൊലീസുകാരെയും ഭരണകൂടത്തിന്റെ ഏജന്റുമാരെന്നപേരില്‍ സാധാരണ ജനങ്ങളെയുമാണ്.

ഇത്രയും വര്‍ഷത്തെ അവരുടെ സെക്ടേറിയന്‍ സാഹസികനയങ്ങളില്‍, അവര്‍ സായുധസംഘങ്ങളെയും ആയുധങ്ങളെയും മാത്രമാണ് ആശ്രയിച്ചിട്ടുള്ളത്. ആന്ധ്രാപ്രദേശില്‍ മുമ്പ് പരീക്ഷിച്ചതാണ് ഇത്. അവിടെ ഭരണകൂടവും പൊലീസും അവരുടെ താവളങ്ങളെയും സായുധ സംഘങ്ങളെയും ആക്രമിച്ച് തകര്‍ത്തതിനെ തുടര്‍ന്ന് അവര്‍ ഛത്തീസ്ഗഢിലേക്കും ഒറീസയിലേക്കും മഹാരാഷ്ട്രയിലെ ചില ഭാഗങ്ങളിലേക്കും ഝാര്‍ഖണ്ഡിലേക്കും ഇപ്പോള്‍' ഝാര്‍ഖണ്ഡ് അതിര്‍ത്തിയിലുള്ള പശ്ചിമബംഗാളിലെ ചില മേഖലകളിലേക്കും നീങ്ങുകയാണുണ്ടായത്.

ഭരണവര്‍ഗങ്ങള്‍ക്കും ഭരണകൂടത്തിനും എതിരായി ഏറ്റുമുട്ടുന്ന ഒരേയൊരു പാര്‍ടിയും ശക്തിയും തങ്ങളാണെന്ന മാവോയിസ്റ്റുകളുടെ അവകാശവാദം തികച്ചും പൊള്ളയാണ്. വര്‍ഗപരമായ അടിച്ചമര്‍ത്തലുകള്‍ക്കും ചൂഷണത്തിനും വിധേയരാകുന്ന ജനങ്ങള്‍ അവരുടെ ചിത്രത്തില്‍ ഇല്ല; അത്തരം ജനവിഭാഗങ്ങളെ ഭരണകൂടത്തിനെതിരെ അണിനിരത്തുന്നത് അവരുടെ തന്ത്രത്തിന്റെ ഭാഗവുമല്ല.

1980കളോടെ ഏറെക്കുറെ അവര്‍ ശിഥിലീകരിക്കപ്പെട്ടിരുന്നു. 2004-ല്‍ ആന്ധ്രയിലെ പീപ്പിള്‍സ് വാര്‍ഗ്രൂപ്പും മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്ററും തമ്മില്‍ ലയിച്ചതിനുശേഷമാണ് ആയുധ ശക്തിയുടെയും സായുധ സംഘങ്ങളുടെയും കാര്യത്തില്‍ അവര്‍ ശക്തരായത്. ആയുധങ്ങളും സ്ഫോടകസാധനങ്ങളും അത് പ്രയോഗിക്കാനുള്ള അറിവും അവര്‍ക്ക് ലഭിച്ചത് എല്‍ടിടിഇയില്‍ നിന്നാണ്-ആ കാലത്ത് ആന്ധ്രാപ്രദേശത്തെ താവളങ്ങളില്‍ അവര്‍ക്ക് എല്‍ടിടിഇയില്‍നിന്ന് പരിശീലനവും ലഭിച്ചിരുന്നു. അവര്‍ എല്ലായിടത്തും വ്യാപിച്ചിരിക്കുകയാണെന്നും "ബഹുജനങ്ങളാകെ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നതിനാല്‍ വിപ്ളവവസന്തത്തിന്റെ ഇടിമുഴക്കം ആസന്നമായിരിക്കുന്നു'' എന്നുമുള്ള അവരുടെ അവകാശവാദങ്ങള്‍ സാംസ്കാരിക വിപ്ളകാലത്ത് ഉപയോഗിച്ചിരുന്ന ചില പദാവലികളുടെ അവശിഷ്ടങ്ങളല്ലാതെ മറ്റൊന്നുമല്ല. ഇതാണ് അവരുടെ പ്രത്യയശാസ്ത്രവും ലോക വീക്ഷണവും രാഷ്ട്രീയവും.

അവര്‍ സിപിഐ എമ്മിനെതിരെ നടത്തുന്ന ആക്രമണങ്ങള്‍ പുതിയ കാര്യമല്ല. 1970-72 കാലത്താണ് സിപിഐ എമ്മിനെതിരായി നക്സലൈറ്റുകള്‍ ഏറ്റവും വലിയ കടന്നാക്രമണങ്ങള്‍ നടത്തിയത്. സിപിഐ എമ്മിനെതിരെ ഇന്ത്യന്‍ ഭരണകൂടവും ഭരണവര്‍ഗങ്ങളും ഏറ്റവും ഭീകരമായ ആക്രണം അഴിച്ചുവിട്ടിരുന്ന കാലവുമായിരുന്നു അത്. 1967ല്‍ പശ്ചിമബംഗാളില്‍ ആദ്യത്തെ ഐക്യമുന്നണി സര്‍ക്കാര്‍ രൂപീകൃതമായി. അത് അട്ടിമറിക്കപ്പെട്ടു. 1969ല്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടന്നു. അതില്‍ കൂടുതല്‍ കരുത്താര്‍ജിച്ച് രണ്ടാം ഐക്യമുന്നണി സര്‍ക്കാര്‍ നിലവില്‍വന്നു. പശ്ചിമബംഗാളില്‍ കര്‍ഷകപ്രസ്ഥാനവും ഭൂമിക്കുവേണ്ടിയുള്ള സമരങ്ങളും അഭൂതപൂര്‍വമായ നിലയില്‍ ശക്തിയാര്‍ജിച്ച കാലമായിരുന്നു അത്. ആ സമരങ്ങളിലൂടെയാണ് സിപിഐ എമ്മിന്റെ അടിത്തറ വികസിച്ചതും രണ്ടാം ഐക്യമുന്നണി സര്‍ക്കാര്‍ രൂപീകരിച്ചതും. ഭരണവര്‍ഗം അതിക്രൂരമായാണ് തിരിച്ചടിച്ചത്. സര്‍ക്കാരിനെ പിരിച്ചുവിട്ട്, പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തുകമാത്രമല്ല അവര്‍ ചെയ്തത്; ആ കാലത്ത് ഭരണകൂടത്തിന്റെയും കോണ്‍ഗ്രസ് പാര്‍ടിയുടെയും സമസ്തശക്തിയും സിപിഐ എമ്മിനെതിരെ അഴിച്ചുവിടുകയുമുണ്ടായി. ആ കാലത്ത് സിപിഐ എം രാഷ്ട്രീയമായി പൂര്‍ണ്ണമായും ഒറ്റപ്പെടുത്തപ്പെട്ടു. ഏറെക്കുറെ മറ്റു പാര്‍ടികളെല്ലാം അകന്നുമാറിയിരുന്നു. ആ കാലത്തായിരുന്നു, തങ്ങള്‍ ആരംഭിച്ച 'കാര്‍ഷികവിപ്ളവ'ത്തിന്റെ പരാജയത്തെ തുടര്‍ന്ന് പിന്മാറിയിരുന്ന നക്സലൈറ്റുകള്‍ ഉന്മൂലനനയം ആരംഭിച്ചത്. 1970 മുതല്‍ 1977ല്‍ അടിയന്തിരാവസ്ഥ അവസാനിക്കുന്നതുവരെയുള്ള കാലത്ത് സിപിഐ (എം) കാഡര്‍മാരും അണികളുമായ ഏകദേശം 1200 പേരാണ് കൊല്ലപ്പെട്ടത്. അതില്‍ 350 ഓളം പേരെ കൊലപ്പെടുത്തിയത് നക്സലൈറ്റുകളാണ്. കോണ്‍ഗ്രസ് ഗുണ്ടകളും പൊലീസുമാണ് ബാക്കിയുള്ളവരെ കൊന്നത്. നക്സലൈറ്റുകള്‍ 350 സിപിഐ (എം) പ്രവര്‍ത്തകരെ കൊന്നത് പ്രധാനമായും 1970 മധ്യത്തിനും 1971 അവസാനത്തിനും ഇടയ്ക്കുള്ള കാലത്തായിരുന്നു. സിപിഐ (എം)ന്റെ മുന്നേറ്റത്തെ തടയാന്‍ ഈ കൊലപാതകങ്ങളല്ലാതെ മറ്റൊരു മാര്‍ഗവും അവര്‍ കണ്ടില്ല.

പശ്ചിമബംഗാളിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുളടഞ്ഞ കാലമായിരുന്നു അത്. ഇടതുപക്ഷം എന്ന് വിളിക്കപ്പെടുന്നവരുടെ ഭാഗത്തുനിന്നുണ്ടായ ഈ ഭീകരവും നിഷ്ഠുരവുമായ ആക്രമണങ്ങള്‍ ആ കാലത്ത് നമ്മുടെ പാര്‍ടിയെ ഗുരുതരമായ അവസ്ഥയിലാണെത്തിച്ചത്. വളരെക്കുറച്ച് ആളുകളും പാര്‍ടികളും മാത്രമെ ഈ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം എന്ന് പറയാന്‍പോലും തയ്യാറായുള്ളു. അഖിലേന്ത്യാടിസ്ഥാനത്തില്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ടിക്കെതിരെ പൊലീസും അര്‍ദ്ധസൈനിക വിഭാഗങ്ങളും യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളും ആക്രമണം അഴിച്ചുവിട്ടിരുന്ന കാലമായിരുന്നു അത്. കൂട്ടായ ആക്രമണത്തിന്റെ ഭാഗമായി സിപിഐ (എം) കേഡര്‍മാരെ വേട്ടയാടാനും കൊന്നൊടുക്കാനും നക്സലൈറ്റുകളെയാണ് ഉപയോഗിച്ചിരുന്നത് (അന്ന് മാവോയിസ്റ്റുകള്‍ എന്ന പേരില്‍ ഒരു വിഭാഗം രൂപംകൊണ്ടിരുന്നില്ല.) ഇവരില്‍ പലരും മുമ്പ് സിപിഐ എമ്മില്‍ ഉണ്ടായിരുന്നവരായതുകൊണ്ട് അവര്‍ക്ക് നന്നായി അത് നടപ്പാക്കാനും കഴിഞ്ഞു. ഇപ്പോള്‍ അത് ആവര്‍ത്തിക്കുകയാണ്. തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് സിപിഐ (എം) പ്രവര്‍ത്തകരെ കൊല്ലുന്നതിനും പാര്‍ടി ഓഫീസുകള്‍ ആക്രമിക്കുന്നതിനും പാര്‍ടി അംഗങ്ങളുടെ വീടുകളും കുടുംബങ്ങളെയും ആക്രമിക്കുന്നതിനും പശ്ചിമബംഗാളില്‍ ബോധപൂര്‍വവും ആസൂത്രിതവുമായ നീക്കമാണ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസും അവരുടെ കൂട്ടാളികളുമാണ് അത് നടത്തുന്നത്.

എന്നാല്‍ പശ്ചിമബംഗാളിലെ ഒരു പ്രത്യേകത ആക്രമണം വലതുപക്ഷത്തുനിന്ന് മാത്രമല്ല, തീവ്ര ഇടതുപക്ഷത്തുനിന്നുമുണ്ടാകുന്നതാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം - മാവോയിസ്റ്റ് ആക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ടത് സിപിഐ (എം)ന്റെ 70 സഖാക്കളാണ്-ഇതാകെ പ്രധാനമായും പശ്ചിമ മെദിനിപ്പൂര്‍ ജില്ല കേന്ദ്രീകരിച്ചും അതിനോടടുത്തുള്ള ബങ്കുറ, പുരുളിയ ജില്ലകളിലായുമാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ അവര്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ വധിക്കാന്‍ ശ്രമംനടത്തി. "മുഖ്യമന്ത്രിയെ വധിക്കാന്‍ തന്നെയാണ് ഞങ്ങള്‍ ആക്രമണം നടത്തിയത്, അതിനിയും തുടരുകയും ചെയ്യും'' എന്നാണ് അവര്‍ ധിക്കാരപൂര്‍വം പ്രഖ്യാപനം നടത്തിയത്. അതേ തുടര്‍ന്നാണ് ലാല്‍ഗഢിലെ കുഴപ്പങ്ങള്‍ ആരംഭിച്ചത്; അതിപ്പോഴും തുടരുകയുമാണ്. ആറുമാസത്തിലേറെക്കാലം പൊലീസ് അവരുമായി ഏറ്റുമുട്ടാതെ ഒഴിഞ്ഞുമാറിയതില്‍നിന്ന് അവര്‍ മുതലെടുത്തു. നന്ദിഗ്രാമിലെപ്പോലെ ഇവിടെയും സ്ത്രീകളെയും കുട്ടികളെയും മുന്നില്‍നിര്‍ത്തി പിന്നില്‍നിന്ന് ആക്രമിക്കുന്നതായിരുന്നു അവരുടെ അടവ്. അതുകൊണ്ടാണ് ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ആദ്യം ഇവിടെനിന്ന് പൊലീസ് പിന്‍വാങ്ങിയത്. വനപ്രദേശത്തും പഞ്ചായത്ത് മേഖലയിലും ചില സ്ഥലങ്ങളില്‍ ഇവര്‍ ഈ അവസരം മുതലെടുത്ത് പിടിമുറുക്കുകയായിരുന്നു. ഇപ്പോള്‍ മാവോയിസ്റ്റുകള്‍ അവകാശപ്പെടുന്നത് അടുത്തകാലത്ത് നടന്ന തെരഞ്ഞെടുപ്പുകളില്‍ അവരുടെ ബഹിഷ്കരണാഹ്വാനത്തിന് വമ്പിച്ചതോതില്‍ അനുകൂല പ്രതികരണം ഉണ്ടായതായാണ്.

ഏതു തെരഞ്ഞെടുപ്പായാലും അവരുടെ പൊതുസമീപനം ബഹിഷ്കരണത്തിന് ആഹ്വാനം നടത്തുകയെന്നതാണ്. അവര്‍ പ്രവര്‍ത്തനം നടത്തുന്ന, അവര്‍ക്ക് ശക്തിയുള്ള കേന്ദ്രങ്ങളിലെല്ലാം ബഹിഷ്കരണാഹ്വാനം ഫലപ്രദമായി എന്നാണ് അവര്‍ പറയുന്നത്. ലാല്‍ഗഢിലും അതുള്‍ക്കൊള്ളുന്ന ഝാര്‍ഗ്രാം നിയോജകമണ്ഡലത്തിലും എന്താണ് സംഭവിച്ചത്? ഒട്ടേറെ സ്ഥലങ്ങളില്‍ പരാജയപ്പെട്ടപ്പോഴും സിപിഐ (എം)വിജയിച്ച മണ്ഡലമാണത്-ഏറ്റവും വലിയ ഭൂരിപക്ഷം നേടി പാര്‍ടി വിജയിച്ച മണ്ഡലം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗ്രാമീണ ദരിദ്രര്‍ക്കും ഇടത്തരക്കാര്‍ക്കും മറ്റും ഇടയില്‍ പാര്‍ടിയുടെ സ്വാധീനം കുറഞ്ഞുവെങ്കിലും ഗിരിവര്‍ഗക്കാര്‍ക്കിടയിലെ സ്വാധീനം നിലനിര്‍ത്താന്‍ കഴിഞ്ഞതായാണ് പാര്‍ടിയുടെ തെരഞ്ഞെടുപ്പ് അവലോകനം വെളിപ്പെടുത്തുന്നത്. മാവോയിസ്റ്റുകള്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിട്ടുള്ള, തെരഞ്ഞെടുപ്പുകാലത്ത് അവര്‍ നമ്മുടെ പാര്‍ടി സഖാക്കള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടിരുന്ന ഝാര്‍ഗ്രാമില്‍ 65 ശതമാനത്തിലധികം ആളുകള്‍ വോട്ടുരേഖപ്പെടുത്തുകയും പാര്‍ടി വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും വോട്ടുചെയ്യുന്നില്ലെന്നും മറ്റുമുള്ള മാവോയിസ്റ്റുകളുടെ അവകാശവാദം പൊളിഞ്ഞിരിക്കുകയാണ്. മാവോയിസ്റ്റുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അപൂര്‍വം ചില സ്ഥലങ്ങളില്‍ ഒഴിച്ച് പശ്ചിമ മേദിനിപ്പൂര്‍ ജില്ലയിലെ ഗിരിവര്‍ഗ ജനത ഒന്നാകെ അവരുടെ ബഹിഷ്കരണാഹ്വാനത്തെ തള്ളിക്കളയുകയായിരുന്നു.

മാവോയിസ്റ്റുകള്‍ സജീവമായിട്ടുള്ള പ്രദേശങ്ങളില്‍ എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. നക്സലൈറ്റ് പ്രസ്ഥാനം ആരംഭിച്ചകാലത്ത് യഥാര്‍ത്ഥത്തില്‍ നക്സല്‍ബാരിയില്‍ ആയിരുന്നില്ല അവര്‍ക്ക് വലിയൊരു മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞത്. അവര്‍ക്ക് ഒരു ജനകീയ പ്രസ്ഥാനം ഉണ്ടാക്കാന്‍ കഴിഞ്ഞത്, അവര്‍ക്ക് ആളുകളെ അണിനിരത്താന്‍ കഴിഞ്ഞത,് പ്രധാനമായും ഗിരിവര്‍ഗജനവിഭാഗങ്ങളും ഒപ്പം കര്‍ഷകജനതയും ഉള്ള ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തായിരുന്നു-ശ്രീകാകുളം ജില്ലയിലും ഒറീസയുടെ അതിര്‍ത്തിയിലുള്ള ഗിരിവര്‍ഗ മേഖലയിലുമായിരുന്നു. 10 വര്‍ഷത്തിനുമുമ്പ് ഞാന്‍ അവിടെ പോയിരുന്നു. അപ്പോള്‍ അവിടെ പ്രസ്ഥാനമൊന്നും ഉണ്ടായിരുന്നില്ല. ഒന്നും അവശേഷിച്ചിരുന്നില്ല. ഇതാണ് വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ പാര്‍ടിയുടെ ജില്ലാകമ്മിറ്റി അംഗമായിരുന്ന ചൌധരി തേജേശ്വരറാവു മാത്രമാണ് അവിടെ അവശേഷിച്ചിട്ടുള്ള ഒരേയൊരു നേതാവ്. അദ്ദേഹം പറഞ്ഞത് "ഞങ്ങള്‍ ചെയ്തതെല്ലാം പിശകായിരുന്നു'' എന്നാണ്. മാവോയിസ്റ്റുകള്‍ പൊലീസുകാരെ കൊല്ലുകയും പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും വ്യാപകമായ അക്രമം അഴിച്ചുവിടുകയും ചെയ്യുമ്പോള്‍, അതിനെതിരെ ഭരണകൂടം ശക്തമായി തിരിച്ചടിക്കുകയും അടിച്ചമര്‍ത്തല്‍ വ്യാപകമാക്കുകയും ചെയ്യുന്നതോടെ ഗിരിവര്‍ഗ ജനതയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടി ഉണ്ടാകുന്നു. അവര്‍ക്ക് പിന്നീട് വളരെ ക്കാലത്തേക്ക് തല ഉയര്‍ത്താനും അവകാശങ്ങള്‍ക്കായി പോരാടാനും പറ്റാതാവുന്നു. അങ്ങനെ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ ക്ഷണിച്ചുവരുത്തുന്ന ഈ പ്രകോപനപരമായ അക്രമങ്ങള്‍ ഗിരിവര്‍ഗജനതയുടെ ദുരിതങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ഈ പ്രശ്നത്തെ ഇന്ത്യാ ഗവണ്‍മെന്റും ഭരണവര്‍ഗങ്ങളും വീക്ഷിക്കുന്നതും കൈകാര്യംചെയ്യുന്നതും എങ്ങനെയെന്നും നോക്കാം. നിയമവിരുദ്ധ നടപടികള്‍ തടയുന്നതിനുള്ള നിയമവുമായി അവര്‍ വന്നപ്പോള്‍ ഇത്തരം നിയമങ്ങളെ അനുകൂലിക്കാന്‍ നമുക്ക് പറ്റില്ലെന്നാണ് നാം പറഞ്ഞത്. മാവോയിസ്റ്റുകള്‍ ഭീകര സംഘടനയാണ്; അതുകൊണ്ട് ലഷ്കറെയെയും ഹുജിയെയും എന്നതുപോലെ ഇവരെയും നേരിടണമെന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്. ലഷ്കറെയും ഹുജിയും അതുപോലുള്ള സംഘടനകളുമെല്ലാം നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളില്‍ മാത്രമാണ് വ്യാപൃതരായിരിക്കുന്നത്; അവര്‍ക്ക് മറ്റൊരു അജണ്ടയുമില്ല; ഒരു രാഷ്ട്രീയ പരിപാടിയുമില്ല.

ആയതിനാല്‍ ഇത്തരം സംഘടനകളെ കൈകാര്യംചെയ്യുന്നതിനുള്ള നടപടികള്‍ മാവോയിസ്റ്റുകളുടെ കാര്യത്തില്‍ പ്രയോഗിക്കുന്നതിനോട് സിപിഐ എമ്മിന് യോജിക്കാനാവില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം മാവോയിസ്റ്റു വിപത്തിനെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും സംഘടനാപരമായുമാണ് നേരിടേണ്ടത്. അവര്‍ വാഹനങ്ങളില്‍ സ്ഫോടനം നടത്തുകയും ട്രെയിനുകള്‍ ആക്രമിക്കുകയും സാധാരണജനങ്ങളെ കൊന്നൊടുക്കുകയും ചെയ്യുമ്പോള്‍ മറിച്ചുള്ള നിലപാടും സ്വീകരിക്കണം-അക്രമത്തെ അടിച്ചമര്‍ത്താന്‍ വേണ്ട നടപടി സ്വീകരിക്കണം. അതിന് പൊലീസിനെയും സുരക്ഷാസേനയേയുമെല്ലാം ഉപയോഗിക്കണം. സാധാരണ ഒരു ഭീകര സംഘടനയെ നേരിടുന്നതുപോലെ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനത്തെ നേരിടാനാവില്ല. നിരോധനംകൊണ്ടും യഥാര്‍ഥത്തില്‍ അവരുടെ പ്രവര്‍ത്തനത്തെ തടയാനാവില്ല. ഇതാണ് ഒന്നാമത്തെ കാര്യം.

രണ്ടാമതായി ഗിരിവര്‍ഗ ജനതയോട് നീതിപുലര്‍ത്തണമെന്ന് സര്‍ക്കാരിന് ബോധ്യംവേണം. വിദൂരസ്ഥമായ ഗിരിവര്‍ഗ മേഖലകളില്‍ വികസനവും അടിസ്ഥാന സൌകര്യവും ഒരുക്കുന്നതിനുവേണ്ട ഭരണകൂടത്തിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിനായുള്ള ആദ്യ നടപടികള്‍ സ്വീകരിക്കുന്നതിനുപോലും ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. രണ്ടുദിവസത്തിനുമുമ്പ് ഡല്‍ഹിയില്‍ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് ഗിരിവര്‍ഗ വനാവകാശ നിയമം നടപ്പാക്കുന്നതിനെക്കുറിച്ചാണ്. ആ നിയമം പാസാക്കാന്‍ കോണ്‍ഗ്രസിന് ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല. നമ്മുടെ സമ്മര്‍ദ്ദംകൊണ്ടാണ് അത് പാസാക്കിയത്. എന്നാല്‍ ഇപ്പോഴും അത് രാജ്യത്തിന്റെ പല ഭാഗത്തും ഇനിയും നടപ്പിലാക്കുന്നില്ല. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ "ഖനികളേയും ധാതുക്കളെയും സംബന്ധിച്ച നയമാണ് ഇന്ന് ഗോത്രവര്‍ഗജനതയെ ഏറ്റവും അധികം ദുരിതത്തില്‍ അകപ്പെടുത്തുന്നതും അവരെ ചൂഷണംചെയ്യുന്നതില്‍'' സഹായിക്കുന്നതും എന്ന കാര്യം പറയാന്‍ പ്രധാനമന്ത്രി തയ്യാറായില്ല.

ആദിവാസികള്‍ അധിവസിക്കുന്ന വനമേഖലയാകെ ഇന്ന് സ്വദേശിയും വിദേശിയുമായ വന്‍കിട മൈനിങ് കമ്പനികളുടെ ചൂഷണമേഖലയായിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ മിനറല്‍നയമാണ് അതിന് അവസരമൊരുക്കിയിരിക്കുന്നത്. ഒറീസയിലും ഛത്തീസ്ഗഢിലുമെല്ലാം അതാണ് സംഭവിക്കുന്നത്. ഗിരിവര്‍ഗജനതയെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതും അവരുടെ ഉപജീവനമാര്‍ഗവും പരമ്പരാഗത അധിവാസ കേന്ദ്രങ്ങളും ഇല്ലാതാവുന്നതുമാണ് പ്രധാന പ്രശ്നം. ഗോത്ര സമൂഹം എന്ന നിലയിലുള്ള തങ്ങളുടെ സ്വത്വം തന്നെ ഇല്ലാതാക്കപ്പെടുന്നതായാണ് അവര്‍ ഭയക്കുന്നത്. ഇതിനെക്കുറിച്ച് പ്രധാനമന്ത്രി മിണ്ടുന്നില്ല. മുറിവിന് പുറത്ത് തൈലംപുരട്ടുന്നതിനെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. മാവോയിസ്റ്റുകളുടെ പ്രശ്നം കൈകാര്യംചെയ്യണമെങ്കില്‍ ഈ ഭീകരമായ ചൂഷണം അനുഭവിക്കുന്ന ഗിരിവര്‍ഗ ജനതയെ അവരില്‍നിന്ന് അകറ്റണം. അതിന് ഭരണകൂടം ഈ പ്രദേശത്ത് സാമൂഹിക-സാമ്പത്തിക പരിപാടികള്‍ അടിയന്തിരമായും നടപ്പിലാക്കണം. ഗിരിവര്‍ഗ ജനതയ്ക്ക് അവരുടെ പ്രാഥമികമായ അവകാശങ്ങള്‍ നിഷേധിക്കില്ല എന്ന് ഉറപ്പാക്കണം; അവരെ സംബന്ധിച്ചിടത്തോളം വികസനമെന്നാല്‍ അവരുടെ പരമ്പരാഗത ആവാസ വ്യവസ്ഥയില്‍ കഴിയാന്‍ അവര്‍ക്ക് പറ്റുമെന്ന് ഉറപ്പുവരുത്തുകയും അവിടെ അവര്‍ക്ക് പണിയെടുക്കാന്‍ പറ്റുമെന്നും ഉറപ്പാക്കുകയെന്നാണ് അര്‍ത്ഥം. റോഡുകള്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവപോലുള്ള എല്ലാ പൌരന്മാര്‍ക്കും ഭരണകൂടം ലഭ്യമാക്കേണ്ട അടിസ്ഥാന അവകാശങ്ങള്‍ അവര്‍ക്കും ഉറപ്പാക്കുന്നതിനുപുറമെ അവരുടേതായ പ്രവര്‍ത്തനരീതികള്‍ സംരക്ഷിക്കപ്പെടേണ്ടതും ആവശ്യമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കേണ്ട കാര്യങ്ങളാണിത്.

മറ്റൊരു കാര്യം, ഈ പ്രദേശങ്ങളെയും ഗിരിവര്‍ഗജനങ്ങളുടെ സാഹചര്യത്തെയും പ്രത്യക്ഷത്തില്‍ ബാധിച്ചിട്ടുള്ള നവലിബറല്‍ നയങ്ങള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നാണ്. ഇല്ലെങ്കില്‍ ഈ പ്രശ്നത്തിന് പരിഹാരമാവില്ല. കടുത്ത അടിച്ചമര്‍ത്തലുകളിലൂടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം വാസ്തവത്തില്‍ മാവോയിസ്റ്റുകളെയല്ല ബാധിക്കുന്നത്.

മാവോയിസ്റ്റുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇപ്പോള്‍ നാം കണ്ടുകഴിഞ്ഞു. അവര്‍ വനങ്ങളുടെ ഉള്‍പ്രദേശങ്ങളിലാണ് തങ്ങുന്നത്; ആക്രമിക്കുകയും ഓടിക്കളയുകയുമാണ് അവരുടെ രീതി; അതുകൊണ്ട് അര്‍ദ്ധസൈനിക വിഭാഗത്തിനോട് എതിരിടാന്‍ അവരുണ്ടാവില്ല. അര്‍ദ്ധസൈനിക വിഭാഗം എത്തുന്നതിനുമുമ്പ് അവര്‍ സ്ഥലംകാലിയാക്കും. അര്‍ദ്ധസൈനിക വിഭാഗത്തിന്റെ ആക്രമണം നേരിടേണ്ടതായി വരുന്നത് മാവോയിസ്റ്റുകള്‍ കേന്ദ്രീകരിച്ചിരിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളായിരിക്കും. പുറത്തുനിന്നു വരുന്ന അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ക്ക് മിത്രത്തെയും ശത്രുവിനെയും-ഗോത്രവര്‍ഗക്കാരെയും മാവോയിസ്റ്റുകളെയും-തമ്മില്‍ തിരിച്ചറിയാനാവില്ല. അവര്‍ കണ്ണില്‍കണ്ട ജനങ്ങള്‍ക്കുനേരെ ആക്രമണം അഴിച്ചുവിടും. ഇതാണ് ഒടുവില്‍ സംഭവിക്കുന്നത്. പൊലീസുകാരെ കൂട്ടത്തോടെ കൊല്ലുകയും പൊലീസ് സ്റ്റേഷനുകള്‍ ആക്രമിച്ച് കൂട്ടക്കുരുതി നടത്തുകയും ട്രെയ്നുകള്‍ ആക്രമിക്കുകയും തടഞ്ഞുവെയ്ക്കുകയും (രാജധാനി സംഭവത്തെ ഇക്കൂട്ടത്തില്‍ കൂട്ടാനാവില്ല) സ്കൂളുകള്‍ ആക്രമിക്കുകയുമെല്ലാം ചെയ്തുകൊണ്ട് അവര്‍ പ്രകോപനമുണ്ടാക്കി ഭരണകൂടത്തിന്റെ കടന്നാക്രമണം ക്ഷണിച്ചുവരുത്തുകയാണ്. അവര്‍ ഝാര്‍ഖണ്ഡിലും ബിഹാറിലും ഛത്തീസ്ഗഢിലുമെല്ലാം സിപിഐ (എം) കാഡര്‍മാരെ മാത്രമല്ല മറ്റു പാര്‍ടികളിലെ ആളുകളെയും കൊല്ലുന്നുണ്ട്. എന്നാല്‍ സിപിഐ എമ്മിന്റെ കാര്യത്തില്‍ അവര്‍ക്ക് പ്രത്യേക താല്‍പര്യംതന്നെയുണ്ട്. ഛത്തീസ്ഗഢിലെ കല്‍ഖേത്തില്‍ സിപിഐ (എം) ന്റെ ലോക്കല്‍കമ്മിറ്റി സെക്രട്ടറിയെ നാലാഴ്ചമുമ്പ് അവര്‍ വകവരുത്തി. സുന്ദര്‍ഗഡില്‍ ഒരു പാര്‍ടി ഓഫീസ് അവര്‍ തകര്‍ത്തു. അപ്പോള്‍ അവിടെ ആളില്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല. മൂന്ന്-നാല് ആഴ്ചമുമ്പ് ആന്ധ്രപ്രദേശില്‍ അവര്‍ നമ്മുടെ ഒരു പ്രധാന പ്രാദേശിക സഖാവിനെ കൊലപ്പെടുത്തി. അങ്ങനെ അവര്‍ നമ്മുടെ പാര്‍ടിയെ പ്രധാന ലക്ഷ്യമാക്കിയിരിക്കുകയാണ്; കാരണം, നാം പൊലീസിനെയും അര്‍ദ്ധസൈനിക വിഭാഗങ്ങളെയുംപോലെയല്ല. നമ്മള്‍ ഉള്ള സ്ഥലങ്ങളില്‍ നാം അവരെ രാഷ്ട്രീയമായി നേരിടും. അതാണ് അവര്‍ക്ക് അല്‍പവും സഹിക്കാത്തത്. എങ്ങനെയാണ് നാം അവരോട് പൊരുതുന്നത്? നാം തോക്കുകൊണ്ടല്ല അവരെ നേരിടുന്നത്. പശ്ചിമബംഗാളില്‍ നാം അത് ചെയ്തിരുന്നെങ്കില്‍ മാവോയിസ്റ്റുകളുടെ പൊടിപോലും അവശേഷിക്കുമായിരുന്നില്ല. നാം ഉള്ള സ്ഥലങ്ങളിലെല്ലാം പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും രാഷ്ട്രീയമായുമാണ് നാം അവരെ നേരിടുന്നത്. നാം ജനങ്ങളെ അണിനിരത്തുകയും ഇതല്ല ശരിയായ വഴി എന്നു പറയുകയും ചെയ്യുന്നു. എന്നാല്‍ മാവോയിസ്റ്റുകള്‍ കരുതുന്നത് സിപിഐ (എം) നെ ഉന്മൂലനംചെയ്താല്‍ മാത്രമേ അവര്‍ക്ക് മുന്നേറാനാവൂ എന്നാണ്. അതാണ് സിപിഐ (എം) ദുര്‍ബലമായ പ്രദേശങ്ങളില്‍പോലും അവര്‍ പാര്‍ടിയെ ആക്രമണലക്ഷ്യമാക്കുന്നത്. ഇതാണ് യാഥാര്‍ത്ഥ്യം.

1980കളില്‍ നക്സലൈറ്റുകളെക്കുറിച്ച് പഠിക്കാന്‍ ഞാന്‍ ഗൌരവപൂര്‍വം ഒരു ശ്രമം നടത്തിയിരുന്നു. 1985ല്‍ ഞാന്‍ അതിനെക്കുറിച്ച് എഴുതുകയും ചെയ്തു. അന്നവര്‍ 24 ഗ്രൂപ്പുകളായി ചിന്നിച്ചിതറിയിരുന്നു. അവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് വിശദമാക്കാന്‍ ഞാന്‍ വളരെ പണിപ്പെട്ട് ഈ ഗ്രൂപ്പുകളുടെ ഡയഗ്രം തയ്യാറാക്കി. അവര്‍ ഒന്നല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ പുനരുജ്ജീവിക്കപ്പെടും എന്ന് ഞാന്‍ അന്ന് പറഞ്ഞിരുന്നു. ഇത് അവസാനത്തേതാണെന്നും ഞാന്‍ കരുതുന്നില്ല-കാരണം നമ്മുടെ രാജ്യത്ത് ഇടതുപക്ഷ സെക്ടേറിയന്‍ അതിസാഹസികരാഷ്ട്രീയത്തിന് എപ്പോഴും സാധ്യതയുണ്ട്. കാരണം അതൊരു എളുപ്പവഴിയാണ്. അത് ഒരു വിപ്ളവവും ഉണ്ടാക്കില്ല.

ഗിരിവര്‍ഗ മേഖലകള്‍ക്കുപുറമെ അവര്‍ക്ക് കുറെ അനുഭാവികളെയും പിന്തുണയും ലഭിക്കുന്നത് നഗരപ്രദേശങ്ങളിലെ ബുദ്ധിജീവികളില്‍നിന്നാണ്. ഏത് പട്ടണത്തിലും നഗരത്തിലും അവര്‍ക്ക് സജീവമായ പിന്തുണ നല്‍കിയില്ലെങ്കിലും അവരോട് അനുഭാവം പുലര്‍ത്തുന്ന ഒരു വിഭാഗം ബുദ്ധിജീവികളെ കാണാം. അവര്‍ പറയുന്നത് എന്തായാലും മാവോയിസ്റ്റുകള്‍ പാവപ്പെട്ടവര്‍ക്കും മര്‍ദ്ദിതര്‍ക്കുംവേണ്ടി പൊരുതുന്നവരാണല്ലോ എന്നാണ്. അവര്‍ മാവോയിസ്റ്റുകള്‍ ചെയ്യുന്നതിനെയെല്ലാം ന്യായീകരിക്കുകയും ചെയ്യുന്നു. ഇതിനും പുറമെ മാവോയിസ്റ്റുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പ്രത്യേകം പ്രാവീണ്യം നേടിയിട്ടുള്ള, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇതിനായി പ്രവര്‍ത്തിക്കുന്ന വിവിധ മനുഷ്യാവകാശ സംഘടനകളും പൌരാവകാശ പ്രസ്ഥാനങ്ങളുമുണ്ട്. മാവോയിസ്റ്റുകളെ സംബന്ധിച്ച് ഇങ്ങനെ ഒരു പൊതു റൊമാന്റിക് വീക്ഷണം നിലവിലുണ്ട്; ഇതൊരു വസ്തുതയാണ്; ഇത് മാധ്യമങ്ങളിലൂടെ പ്രതിഫലിക്കുകയും ചെയ്യുന്നു. അതുകൊണ്ട് മാവോയിസ്റ്റുകള്‍ സജീവമായിട്ടുള്ളിടത്ത് മാത്രം നാം മാവോയിസ്റ്റുകളുടെ വിഷയം കൈകാര്യംചെയ്താല്‍ പോര; നഗരങ്ങളിലെ ബുദ്ധിജീവി വിഭാഗങ്ങള്‍ക്കിടയിലും ഇന്ത്യയില്‍ ഇന്ന് മാവോയിസം എന്താണ് എന്ന് രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും തുറന്നുകാണിക്കണം; അതിനുവേണ്ടി ഈ വിഭാഗങ്ങളുമായി നിരന്തരം ബന്ധപ്പെടുകയും അവരുമായി സംവാദത്തിലേര്‍പ്പെടുകയും വേണം.

1970കളുടെ തുടക്കത്തിലും പശ്ചിമ ബംഗാളിലെ ബുദ്ധിജീവികള്‍ക്കിടയില്‍ നക്സലൈറ്റുകളെ പിന്തുണയ്ക്കുന്നവരുണ്ടായിരുന്നു. നക്സലിസത്തെ മഹത്വവത്കരിക്കുന്ന നിരവധി സിനിമകളും നിര്‍മ്മിച്ചിരുന്നു. ഇന്നും അവിടെ ഇടതുപക്ഷ ആഭിമുഖ്യമുള്ള ബുദ്ധിജീവികള്‍ക്കിടയില്‍ തീവ്ര ഇടതുപക്ഷ പ്രവണതകള്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷേ, ഇന്ന് ഇവരെ ബുദ്ധിമുട്ടിലാക്കുന്ന ഒരു സംഭവവികാസം കാണാം. സംസ്ഥാനത്തെ അത്യുന്നത മാവോയിസ്റ്റ് നേതാവ് ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് പശ്ചിമബംഗാളിലെ അടുത്ത മുഖ്യമന്ത്രി മമതാ ബാനര്‍ജി ആകണമെന്നാണ് തങ്ങള്‍ താല്‍പര്യപ്പെടുന്നത് എന്നുപറഞ്ഞത് ഈ ബുദ്ധിജീവികളില്‍ ചിലരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അതിനുമുമ്പ് നന്ദിഗ്രാമില്‍നിന്ന് മാര്‍ക്സിസ്റ്റുകാരെ അടിച്ചോടിക്കാന്‍ തങ്ങള്‍ എങ്ങനെയാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ സഹായിച്ചതെന്നും ലാല്‍ഗഢില്‍ തങ്ങള്‍ കുഴപ്പത്തില്‍ പെടുമ്പോള്‍ തൃണമൂലിന്റെ സഹായം എങ്ങനെയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും മാവോയിസ്റ്റ് നേതാവ് വിശദീകരിച്ചിരുന്നു. അവരെ സഹായിക്കുന്നതിന് തൃണമൂല്‍ കോണ്‍ഗ്രസ് മടിക്കുന്നുമില്ല. മാവോയിസ്റ്റുകള്‍ക്കെതിരെ പൊലീസിനെ അയക്കുന്നത് എന്തിനാണെന്ന് പരസ്യമായി ചോദിക്കുന്ന ഒരു കേന്ദ്രമന്ത്രിയുണ്ട്. എന്നാല്‍ ഇപ്പോള്‍ മമത പറയുന്നത് മാവോയിസ്റ്റുകളും മാര്‍ക്സിസ്റ്റുകളും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നാണ്. ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നാണ്. എന്നാല്‍ സിപിഐ (എം) നെയും ഇടതുമുന്നണിയെയും ആക്രമിക്കാന്‍ മാവോയിസ്റ്റുകളും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ കൂട്ടുകെട്ടില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ബംഗാളില്‍ എല്ലാപേര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ട് ഇക്കാര്യം നാം ബംഗാളിനു പുറത്തും വിപുലമായി പ്രചരിപ്പിക്കണം. പശ്ചിമബംഗാളിലെ ഇടതുപക്ഷത്തിന്റെ ശക്തിയെ തകര്‍ക്കുന്നതിനാണ് ഇപ്പോള്‍ മാവോയിസ്റ്റുകള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അതിന് ഏറ്റവും പിന്തിരിപ്പനായ വലതുപക്ഷ ശക്തികളുമായി കൈകോര്‍ത്തിരിക്കുകയുമാണ്.

മാവോയിസ്റ്റുകളെ ഒറ്റപ്പെടുത്തുന്നതിനും ഈ ഇടതുപക്ഷ തീവ്രവാദ വിപ്ളവ വായാടി രാഷ്ട്രീയത്തെ ഇന്ത്യയുടെ രാഷ്ട്രീയരംഗത്തുനിന്ന് ഇല്ലാതാക്കുന്നതിനുംവേണ്ടി രാഷ്ട്രീയമായും സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും നാം പൊരുതേണ്ടതുണ്ട്. അതോടൊപ്പംതന്നെ മാവോയിസ്റ്റുകള്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ന്യായീകരണവും ഇല്ലെന്ന് നാം വ്യക്തമാക്കുകയും വേണം.

*
പ്രകാശ് കാരാട്ട് കടപ്പാട്: ചിന്ത വാരിക

അധിനിവേശത്തിന്റെ വലക്കണ്ണികള്‍

ഇന്ത്യാ-യു എസ് എന്‍ഡ് -യൂസ് മോണിട്ടറിംഗ് കരാര്‍ അമേരിക്കന്‍ അധിനിവേശത്തിന്റെ വലക്കണ്ണികള്‍ മുറുക്കുന്നു

രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്യവും സാമ്പത്തികസ്വാശ്രയത്വവും നഷ്ടപ്പെടുത്തിക്കൊണ്ട് അമേരിക്കയുടെ ലോകാധിപത്യമോഹങ്ങളുടെ വിനീതമായൊരു പങ്കാളിയായി ഇന്ത്യയെ പരിവര്‍ത്തനപ്പെടുത്തുകയാണ് യു പി എ സര്‍ക്കാര്‍. അമേരിക്കയുടെ നേതൃത്വത്തിലേക്ക് രാജ്യത്തിന്റെ വിഭവസ്രോതസ്സുകളും സമ്പത്തുല്പാദനമേഖലയും ഉദ്ഗ്രഥിച്ചെടുക്കുവാനാണ് നവലിബറല്‍ നയങ്ങളുടെ പ്രയോഗവല്‍ക്കരണത്തിലൂടെ കോണ്‍ഗ്രസ്-ബിജെപി സര്‍ക്കാരുകള്‍ ശ്രമിച്ചത്. ഇതിനായി അമേരിക്കയുടെ ചോദ്യം ചെയ്യപ്പെടാനാവാത്ത ആധിപത്യത്തിനായുള്ള ഉടമ്പടികളും അന്താരാഷ്ട്രകരാറുകളും ഒന്ന് പിറകെയൊന്നായി അടിച്ചേല്പിക്കുകയായിരുന്നു അവര്‍.

ദേശീയാടിമത്തത്തിന്റെ പ്രമാണരേഖയെന്ന് വിശേഷിപ്പിച്ചിരുന്ന ഗാട്ട് കരാര്‍ മുതല്‍ ഇപ്പോള്‍ ഒപ്പിട്ട ആസിയാന്‍ കരാര്‍ വരെ ഇന്ത്യയിലെ കാര്‍ഷിക-വ്യാവസായിക മേഖലയെ തകര്‍ത്തുകളയുന്നതും ആഗോളകുത്തകകളുടെ ചരക്കുകളുടെ വിപണിയായി രാജ്യത്തെ അധ:പതിപ്പിക്കുന്നതുമാണല്ലോ. വിഭവങ്ങളും വിപണിയും കയ്യടക്കാനുള്ള സാമ്രാജ്യത്വ മൂലധനതാത്്പര്യങ്ങളാണല്ലോ സമര്‍ത്ഥമായ കരാറുകളിലൂടെയും ഉടമ്പടികളിലൂടെയും അധിനിവേശത്തിന്റെ വലക്കണ്ണികളിലേക്ക് രാജ്യത്തിന്റെ സമസ്തമണ്ഡലങ്ങളെയും കുരുക്കിയെടുക്കുന്നത്.

നിര്‍ണ്ണായകപ്രധാനമായ വിഭവസ്രോതസ്സുകളെയും വ്യവസായങ്ങളെയും അതിനായുള്ള വാണിജ്യമാര്‍ഗ്ഗങ്ങളെയും കീഴടക്കുക എന്നത് തങ്ങളുടെ ലോകാധിപത്യത്തിന്റെ മുന്നുപാധിയും ലക്ഷ്യവുമായിട്ടാണ് അമേരിക്കന്‍ കോര്‍പറേറ്റുകളും ഭരണകൂടവും കാണുന്നത്. ലോകമെമ്പാടുമുള്ള സമ്പത്തുല്‍പാദനസാധ്യതകളെ മിസൈലുകളും ഡോളറുകളും കൊണ്ട് കൈവശപ്പെടുത്തുവാനാണ് അമേരിക്ക ശ്രമിക്കുന്നത്. അതിനാവശ്യമായ സൈനികവും രഹസ്യാന്വേഷണപരവുമായ സംവിധാനങ്ങളെ ആഗോളതലത്തില്‍തന്നെ ആധുനികമായി രൂപപ്പെടുത്തുകയും വിന്യസിക്കുകയും ചെയ്യാന്‍ അമേരിക്കക്ക് കഴിയുന്നുണ്ട്. അത്യന്തം സാംസ്കാരികസാന്ദ്രതയും അക്രമാസക്തവുമായ സൈനിക-രഹസ്യാനേഷണശൃംഖലകളെ ഈ മണ്ഡലമാകെ രൂപപ്പെടുത്തിക്കൊണ്ടാണ് അമേരിക്ക തങ്ങള്‍ക്ക് വെല്ലുവിളിയാവുന്ന രാഷ്ട്രങ്ങളെയും ജനസമൂഹങ്ങളെയും അടിമപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് മനുഷ്യസമൂഹം മുമ്പൊരിക്കലും അഭിമുഖീകരിച്ചിട്ടില്ലാത്ത കടന്നാക്രമണപരമ്പരകളിലേക്കും നരഹത്യകളിലേക്കുമാണ് ലോകത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്.

ഈയൊരു സാര്‍വ്വദേശീയ പശ്ചാത്തലത്തില്‍ വേണം ഇന്ത്യയും അമേരിക്കയും തമ്മില്‍ അതിവേഗം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സൈനിക-രഹസ്യാന്വേഷണബന്ധങ്ങളെ പരിശോധാനവിധേയമാക്കാന്‍. ഇന്ത്യയുടെ പ്രതിരോധരംഗത്തെയും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട എല്ലാവിധസംവിധാനങ്ങളെയും കോണ്‍ഗ്രസ്- ബി ജെ പി സര്‍ക്കാരുകള്‍ അതിവേഗം സി ഐ എയുടെയും പെന്റഗണിന്റേയും ഭാഗമാക്കാനുള്ള നീക്കങ്ങളാണ് നടത്തിയത്. സോവിയറ്റ് യൂണിയന്റെ തിരോധാനത്തോടെ ഘടനാപരമായി തന്നെ തങ്ങള്‍ക്ക് കൈവന്ന എതിര്‍പ്പുകളില്ലാത്ത ലോകസാഹചര്യത്തെ ഉപയോഗപ്പെടുത്തി ഏഷ്യാ മേഖലയിലെ തങ്ങളുടെ രാജ്യങ്ങളില്‍ പങ്കാളിയായി ഇന്ത്യയെ മാറ്റിയെടുക്കുവാനാണ് അമേരിക്ക പദ്ധതിയിട്ടത്. ഇതിന്റെ ഫലമായിട്ടാണ് സൈനികസഹകരണത്തിന് വേണ്ടിയുള്ള ചര്‍ച്ചകളും കരാറുകളുമെല്ലാം നരസിംഹറാവു സര്‍ക്കാരിന്റെ കാലം മുതല്‍ അമേരിക്ക ആരംഭിച്ചതും രൂപപ്പെടുത്തിയതും. ഇന്ത്യന്‍ പ്രതിരോധമേഖലയെ അമേരിക്കന്‍ സൈനികമേധാവിത്വത്തിന്റെ അനുബന്ധമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൈനിക സഹകരണത്തിന് വേണ്ടിയുള്ള നീക്കങ്ങളും ആയുധവ്യാപാരക്കരാറുകളുമെല്ലാം രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും അപകടപ്പെടുത്തുന്നതും അമേരിക്കയുടെ ലോകാധിപത്യ കൂലിപ്പട്ടാളമായി നമ്മുടെ സേനാദളങ്ങളെ അധ:പതിപ്പിക്കുന്നതുമായിരുന്നു. ഹിലാരിക്ളിന്റന്റെ ഇന്ത്യാസന്ദര്‍ശനവേളയില്‍ രൂപപ്പെട്ട end-use monitoring movement ഉള്‍പ്പെടെ ഇന്ത്യയുടെ പ്രതിരോധമേഖലയെ അമേരിക്കന്‍ സൈനിക-ചാരവിഭാഗങ്ങളുടെ നിയന്ത്രണത്തിനും പരിശോധനയ്ക്കും വിട്ടുകൊടുക്കാനുള്ള രാജ്യദ്രോഹകരമായ നീക്കങ്ങള്‍ക്ക് ഗതിവേഗംകൂട്ടിയിരിക്കുകയാണ് യു പി എ സര്‍ക്കാര്‍. 2005 -ലെ പ്രതിരോധകരാറിന്റേയും ആണവസഹകരണത്തിനുള്ള 123 കരാറിന്റെ തുടര്‍ച്ചയാണിപ്പോള്‍ ധാരണയായിരിക്കുന്ന എന്‍ഡ് യൂസ് മോണിട്ടറിംഗ് എഗ്രിമെന്റും.

ഇന്ത്യന്‍ പ്രതിരോധമേഖല അമേരിക്കന്‍ കടുവകളുടെ പിടിയില്‍

തങ്ങളുടെ വിദേശനയത്തിന് ഭീഷണിയാവുന്ന രാഷ്ട്രങ്ങളെയും സൈനികസഖ്യങ്ങളെയും നേരിടാനുള്ള അമേരിക്കന്‍ പെന്റഗണിന്റെ സൈനികവും രഹസ്യാന്വേഷണപരവുമായ പദ്ധതികളില്‍ പ്രധാനമാണ് 'ഗോള്‍ഡന്‍ സെന്‍ട്രിംപ്രോഗ്രാം'. ഇന്ത്യയുമായി അമേരിക്ക ഉണ്ടാക്കുന്ന സൈനികകരാറുകളുടെ എല്ലാവിധ ഉടമ്പടികളും ഗോള്‍ഡന്‍ സെന്‍ട്രിംപ്രോഗ്രാം അനുസരിച്ച് അമേരിക്കന്‍ പരിശോധകരുടെ പിന്നില്‍ പരിശോധനയ്ക്കുവിധേയമായിരിക്കും. അമേരിക്കതന്നെ സൈനിക-യുദ്ധോപകരണസംവിധാനങ്ങള്‍ പരിശോധിക്കുന്നതിന്റെ മറവില്‍ ഇവിടുത്തെ സൈനികപ്രവര്‍ത്തനങ്ങള്‍ അമേരിക്കയ്ക്കും അവരുടെ സുഹൃദ്രാജ്യങ്ങള്‍ക്കും എതിരാവുന്നുണ്ടോയെന്ന നിരന്തരമായ നിരീക്ഷണവും ഇടപെടലുമാണ് പരിശോധകര്‍ നടത്തുക. അമേരിക്കയുടെ ഗോള്‍ഡന്‍ സെന്‍ട്രിപ്രോഗ്രാമനുസരിച്ചുള്ള ഈ പ്രതിരോധ ഉടമ്പടിയുടെ ഭാഗമായുള്ള പരിശോധകരൈകരടുവകളെന്നാണ് വിളിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധമേഖലകളില്‍ മിന്നല്‍ പരിശോധനയുടെ പേരില്‍ എപ്പോഴും ചാടിവീഴാനുള്ള സ്വാതന്ത്യ്രമാണ് ഈ കരാര്‍ കടുവകള്‍ക്ക് നല്‍കുന്നത്. പെന്റഗണും സി ഐ എയും ചേര്‍ന്ന് പരിശീലിപ്പിച്ചെടുത്ത ഈ കടുവകള്‍ അമേരിക്കന്‍ വിദേശനയത്തിന് (ലോകാധിപത്യത്തിന്) എതിരാവുന്ന എല്ലാ സൈനികനീക്കങ്ങളെയും വെല്ലുവിളികളെയും നേരിടാനുള്ള ചാര-സൈനിക സംവിധാനമാണ്.

തങ്ങളുടെ സാങ്കേതികവിദ്യയുടെ സംരക്ഷണത്തിന് വേണ്ടിയുള്ള നിരീക്ഷണവും പരിശോധനയുമാണ് എന്‍ഡ് യൂസ് മോണിട്ടറിംഗ് എഗ്രിമെന്റ് വഴി ഉറപ്പ് വരുത്തുന്നതെന്ന അമേരിക്കന്‍ വാദത്തില്‍ഒളിഞ്ഞുകിടക്കുന്ന അപകടങ്ങളെക്കുറിച്ച് അജ്ഞത നടിക്കുന്ന ഭരണാധികാരികളും, ബുദ്ധിജീവികളും പ്രതിരോധരംഗത്തെ അമേരിക്കന്‍ ഇടപെടലുകളുടെ ഭവിഷ്യത്തുകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ മറച്ചുപിടിക്കുകയാണ്. അമേരിക്കയില്‍ നിന്നും വാങ്ങിക്കുന്ന യുദ്ധോപകരണങ്ങളുടെ അവസാന ഉപയോഗം എങ്ങനെയെന്ന് പരിശോധിക്കാനുള്ള ഉടമ്പടിയാണിതെന്ന് ലളിതവത്ക്കരിച്ച് ഈ കരാറിന് അനുമതിനല്‍കാന്‍ ഒരുരാജ്യസ്നേഹിക്കും കഴിയില്ല. അമേരിക്കന്‍ യുദ്ധസാമഗ്രികളുടെ പരിശോധനയുടെ മറവില്‍ ഇന്ത്യയുടെ പ്രതിരോധനീക്കങ്ങളെതന്നെ തങ്ങളുടെ ചാര-സൈനിക വലയത്തിലാക്കാനുള്ള അവകാശമാണ് ഈ കരാര്‍ വഴി അമേരിക്ക ഉറപ്പിക്കുന്നത്. സി ഐ എ യുടെ രഹസ്യാന്വേഷണവിഭാഗങ്ങള്‍, പെന്റഗണ്‍ വിദഗ്ധര്‍, യുദ്ധഉപകരണനിര്‍മ്മാണരംഗത്തെ വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, ആയുധനിര്‍മാണകമ്പനികളുടെ പ്രതിനിധികള്‍, വിദേശവകുപ്പിലെ പ്രതിനിധികള്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്നതാണ് ഈ പരിശോധനസംഘം. ഇന്ത്യയുടെ രാജ്യരക്ഷാരഹസ്യങ്ങളും തന്ത്രങ്ങളും സൈനികരഹസ്യാന്വേഷണപ്രവര്‍ത്തനങ്ങളും അമേരിക്കയെപോലുള്ള ഒരു വിദേശവിപണിക്കുമുമ്പില്‍ തുറന്നുകൊടുക്കുകയാണ് ഈ കരാര്‍ വഴി യു പി എ സര്‍ക്കാര്‍. സി ഐ എ സംഘങ്ങള്‍ക്ക് ഇന്ത്യയുടെ പ്രതിരോധരംഗത്ത് മണത്ത് നടക്കുവാനുള്ള ലൈസന്‍സായിമാറും ഈ പരിശോധനകരാര്‍.

2005 ലെ വിവാദപരമായ ഇന്ത്യ-യു എസ് ആണവസഹകരണകരാറിലും അതിന് തൊട്ടുമുമ്പ് ഒപ്പുവെച്ച പ്രതിരോധകരാറിന്റെ ചട്ടക്കൂട് ധാരണയിലും ഇന്ത്യയുടെ പ്രതിരോധമേഖലയെ അമേരിക്കന്‍ നിയന്ത്രണത്തിലാക്കാനുള്ള വ്യവസ്ഥകളും അനുശാസനങ്ങളും ഉണ്ടായിരുന്നല്ലോ. ആണവനിര്‍വ്യാപനകരാറില്‍ ഒപ്പുവെക്കാത്ത ഇന്ത്യയെ അമേരിക്കന്‍ ആണവനിര്‍വ്യാപനകരാറിന്റെ പരിധിയില്‍ കൊണ്ടുവരാനാണ് പ്രതിരോധകരാറില്‍ പ്രൊലിഫറേഷന്‍ സെക്യൂരിറ്റി ഇനീഷറ്റീവ് എന്ന സംഘടനയുടെ അംഗമാവണം ഇന്ത്യയെന്ന വ്യവസ്ഥ അംഗീകരിച്ചത്. അതേപോലെ 123 കരാറിലെ ഇന്ത്യയുടെ ആണവകേന്ദ്രങ്ങളെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പരിശോധക സംഘത്തിന്റെ മറവില്‍ സി ഐ എയുടെ ചാരനിരീക്ഷണത്തിന് അനുവാദം ഉറപ്പിക്കുന്നതായിരുന്നു. ഇതുവഴി സൈനികതാത്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ആണവനിലയങ്ങളെ വേര്‍തിരിച്ച് ആക്രമിക്കുവാന്‍, ഇന്ത്യയുടെ ആണവോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാവിധ നാവിഗേഷന്‍ സംവിധാനങ്ങളും തടസ്സപ്പെടുത്തുവാന്‍ അമേരിക്കക്കും കഴിയും.

പ്രതിരോധകരാറിലെയും 123 കരാറിലെയും അതിന്റെ ഭാഗമായി ഇപ്പോള്‍ ധാരണയിലായിരിക്കുന്ന എന്‍ഡ്-യൂസ് മോണിട്ടറിംഗ് കരാറിന്റെയും ഒരു പ്രധാനലക്ഷ്യം ഇന്ത്യാമഹാസമുദ്രത്തിലെ അമേരിക്കയുടെ സൈനികാധിപത്യം ഉറപ്പുവരുത്തുകയെന്നതാണ്. പ്രത്യേകിച്ച് ഏഷ്യാ പസഫിക്കില്‍ അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് വെല്ലുവിളിയായിത്തീര്‍ന്നിരിക്കുന്ന ചൈനയെയും ഇറാനെയും ഇന്ത്യയുടെ സഹായത്തോടെ നേരിടാനുള്ള തന്ത്രപരമായ നീക്കങ്ങളാണ് പെന്റഗണും സി ഐ എയും ആവിഷ്ക്കരിച്ചിരിക്കുന്നത്. അമേരിക്കയുടെ ലോകാധിപത്യത്തിനുവേണ്ടിയുള്ള, വിഭവങ്ങള്‍ക്കും അവയുടെ പ്രധാനവാണിജ്യമാര്‍ഗ്ഗങ്ങള്‍ക്കും വേണ്ടിയുള്ള സൈനികതന്ത്രങ്ങളുടെ പങ്കാളിയാക്കി ഇന്ത്യയെ കുരുക്കിയെടുക്കാനാണ് പെന്റഗണും സി ഐ എയും ഇത്തരം കരാറുകള്‍ വഴി ശ്രമിക്കുന്നത്. പെന്റഗണിനുവേണ്ടി ജൂലി എസ് മാക്ക് സൊണള്‍ഡ് നടത്തിയ പഠനം (ഇന്ത്യ-യു എസ് സൈനികബന്ധം. സാധ്യതകളും പ്രതീക്ഷകളും) ഉം 2015 ല്‍ ചൈന ഉയര്‍ത്തുന്ന ഭീഷണികളെ നേരിടാനും ഏഷ്യന്‍ മേഖലയിലെ തങ്ങളുടെ സൈനികനീക്കങ്ങളുടെ വിജയത്തിനും ഇന്ത്യയുടെ സഹായം കൂടിയേ കഴിയുവെന്ന് നിരീക്ഷിക്കുന്നു.

2005-ലെ ബുഷ്-മന്‍മോഹന്‍ സംയുക്ത പ്രസ്താവന അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുള്ളത് പ്രതിരോധ സാങ്കേതികവിദ്യയുടെ മണ്ഡലം വഴി ഭാവി സഹകരണത്തിനുള്ള അടിത്തറ ഒരുക്കിയെടുക്കാമെന്നാണ്. മനുഷ്യനശീകരണ ആയുധങ്ങളുടെ വ്യാപനം തടയുന്നതിനുള്ള സാര്‍വ്വദേശീയ ശ്രമങ്ങളുടെ മറവില്‍ ഇന്ത്യയെ അമേരിക്കന്‍ വിദേശനയത്തിന്റെ പങ്കാളിയും വിശ്വസ്തസഖ്യശക്തിയുമാക്കാനാണ് പ്രതിരോധകരാറും 123 കരാറും ഇപ്പോള്‍ എന്‍ഡ് യൂസ് മോണിട്ടറിംഗ് കരാറും വഴി യു എസ് മേധാവികള്‍ പാടുപെടുന്നത്. രാജ്യതാത്പര്യങ്ങളെയും പ്രതിരോധരഹസ്യങ്ങളെയും കയ്യൊഴിച്ചുകൊണ്ട് അമേരിക്കയുടെ തന്ത്രപരമായ സഖ്യത്തിലേക്ക് ഇന്ത്യയെ കുരുതികൊടുക്കാനുള്ള അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ വഴങ്ങികൊടുക്കുകയാണ് യു പി എ സര്‍ക്കാര്‍. തങ്ങളുടെ ലോകാധിപത്യത്തിന് എതിര്നില്ക്കുന്ന രാഷ്ട്രങ്ങളെയും സൈനികവെല്ലുവിളികളെയും നിഷ്കരുണം അരിഞ്ഞ് വീഴ്ത്തുന്ന പെന്റഗണ്‍- സി ഐ എ പദ്ധതികളെ ശിരസാവഹിക്കാന്‍ തയ്യാറാവുന്ന മന്‍മോഹന്‍സിംഗ് അപകടകരമായൊരു സ്ഥിതിയിലേക്കാണ് രാജ്യത്തെ കൊണ്ടെത്തിക്കാന്‍ പോകുന്നത്.

അമേരിക്കന്‍ വിധേയത്വത്തിന്റെ ഏറ്റുപറച്ചിലുകള്‍:

എന്‍ഡ്-യൂസ് മോണിട്ടറിംഗ് എഗ്രിമെന്റ് പാര്‍ലിമെന്റില്‍ വിവാദമായതോടെ ഇന്ത്യയുടെ സമ്മതവും മുന്നറിയിപ്പുമില്ലാതെ പരിശോധന നടത്താന്‍ അമേരിക്കക്ക് കഴിയില്ലെന്ന് പറഞ്ഞ് മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണ് പ്രധാനമന്ത്രി മന്‍മോഹന്‍ ചെയ്തത്. വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ കരാറിനെ ന്യായീകരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരിഹാസ്യവും അങ്ങേയറ്റം രാജ്യവിരുദ്ധവുമായ അമേരിക്കന്‍ പക്ഷപാതിത്വത്തിന്റെ വിളംബരമായി മാറുകയായിരുന്നു. അമേരിക്കന്‍ നിയമമനുസരിച്ച് അത്യൂന്നത സാങ്കേതികവിദ്യ അടങ്ങുന്ന യുദ്ധസാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്ന എല്ലാ രാജ്യങ്ങളും എന്‍ഡ്-യൂസ് മോണിട്ടറിംഗ് എഗ്രിമെന്റിന് വിധേയമാവണമെന്നാണ് കൃഷ്ണ പാര്‍ലിമെന്റില്‍ പറഞ്ഞത്. അതായത് അമേരിക്കയുടെ ആഭ്യന്തരനിയമങ്ങള്‍ അനുസരിക്കാന്‍ ഇന്ത്യയും ബാധ്യസ്ഥമാണെന്ന്. അമേരിക്കയില്‍ നിന്ന് യുദ്ധോപകരണങ്ങള്‍ വാങ്ങിക്കുന്ന 82- രാഷ്ട്രങ്ങളില്‍ ഇത്തരം ക്രമീകരണത്തിനുള്ള കരാറുകള്‍ അംഗീകരിച്ചിട്ടുണ്ടെന്നാണ് കൃഷ്ണ വിശദീകരിച്ചത്.

അമേരിക്കയില്‍ നിന്നും ആയുധങ്ങളും യുദ്ധസാമഗ്രികളും വാങ്ങിക്കുന്ന എല്ലാ രാജ്യങ്ങളും ഇത്തരം കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന വിദേശകാര്യമന്ത്രിയുടെ വാദം വസ്തുതാവിരുദ്ധവും പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. അമേരിക്കയില്‍നിന്ന് ആയുധങ്ങള്‍ സ്വീകരിക്കുന്ന എന്‍ഡ്-യൂസ് മോണിട്ടറിംഗ് കരാറുകളില്‍ ഒപ്പിട്ടിരിക്കുന്ന 82 രാജ്യങ്ങളും നാറ്റോ സഖ്യത്തിലെ അംഗങ്ങളാണ് എന്ന വസ്തുത എന്തുകൊണ്ടാണ് കൃഷ്ണ മറച്ചുപിടിക്കുന്നത്. ഉത്തര അറ്റ്ലാന്റിക് ഉടമ്പടിയില്‍പ്പെട്ട ഈ 82 രാജ്യങ്ങളും അമേരിക്കയുടെ സാമന്ത രാജ്യങ്ങളും സൈനികപങ്കാളികളുമാണ്. ശീതയുദ്ധകാലത്തും തുടര്‍ന്നും അമേരിക്കയുടെ ലോകാധിപത്യത്തിനുവേണ്ടി യുദ്ധങ്ങളും നരഹത്യകളും അഴിച്ചുവിട്ട നാറ്റോസഖ്യരാജ്യങ്ങളുടെ വഴിയിലേക്ക് ഇന്ത്യയും പോകണമെന്നവാദമാണ് എസ് എം കൃഷ്ണ നടത്തിയത്. ഇതൊന്നും യാദൃച്ഛികമായി സംഭവിക്കുന്നതല്ല. 1950 കളില്‍ മുതല്‍ അമേരിക്ക ആഗ്രഹിച്ച ഏഷ്യന്‍ നാറ്റോ രൂപീകരണത്തിന്റെ അനുരണനങ്ങളാണ് ഇന്തോ- യു എസ് കരാറിനെ ന്യായീകരിക്കുന്ന ഇന്ത്യന്‍ ഭരണാധികാരികളുടെ ശബ്ദത്തില്‍ ഇപ്പോള്‍''

ഇന്ത്യയുടെ ഏറ്റവും വലിയ ആയുധവിതരണക്കാര്‍ സോവിയറ്റ് യൂണിയനായിരുന്നല്ലോ. പലപ്പോഴും അമേരിക്ക ഇന്ത്യക്ക് നല്‍കാന്‍ വിസമ്മതിച്ച പലയുദ്ധോപകരണങ്ങളും (അമേരിക്കന്‍ സാങ്കേതികവിദ്യയെക്കാള്‍ മേന്മയുള്ളത്) സോവിയറ്റ് യൂണിയന്‍ ഇന്ത്യക്ക് നല്‍കിയിട്ടുണ്ട്. ഇത്തരം കരാറുകളൊന്നും മുമ്പും ഇപ്പോഴും റഷ്യയോ മറ്റുരാജ്യങ്ങളോ ഇന്ത്യക്കുമേല്‍ ഇന്ത്യയ്ക്കുമേല്‍ അടിച്ചേല്പ്പിക്കുന്നില്ല എന്ന വസ്തുത കണക്കിലെടുക്കുമ്പോഴാണ് അമേരിക്കന്‍ ബന്ധത്തിന്റെ വിധ്വംസകസ്വഭാവം വെളിവാക്കുന്നത്. ഇന്ത്യന്‍ഭരണാധികാരികളുടെ അമേരിക്കന്‍വിധേയത്വത്തിന്റെ വിനീതനായകന്‍മാരായി അധ: പതിച്ചിരിക്കുന്നുവെന്നാണ് മന്‍മോഹന്‍സിംഗിന്റെയുമെല്ലാം വിതരണവാദങ്ങള്‍ വ്യക്തമാക്കുന്നത്. അമേരിക്കന്‍ വിധേയത്വത്തിന്റെ ഏറ്റുപറച്ചിലുകളിലൂടെ വിധ്വംസകസഖ്യത്തിന് ന്യായീകരണം നടത്തുന്നവരുടെ രാജ്യദ്രോഹത്തെ പ്രതിരോധിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നാം വലിയ വില നല്‍കേണ്ടിവരും.

*
കെ ടി കുഞ്ഞിക്കണ്ണന്‍ കടപ്പാട്: യുവധാര

Monday, November 23, 2009

സര്‍ക്കാര്‍-സ്വകാര്യ മൂലധനപങ്കാളിത്തം വിദ്യാഭ്യാസത്തില്‍

ഒരു ദശാബ്ദത്തിലേറെക്കാലം നീണ്ടുനിന്ന ഉറുഗ്വേവട്ട ചര്‍ച്ചകളുടെ അവസാനം ഗാട്ട് കരാര്‍ രൂപ പരിണാമത്തിനു വിധേയമാവുകയും ലോക വ്യാപാര സംഘടന നിലവില്‍വരികയും ചെയ്തു. ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും 1995-ല്‍ ഇന്ത്യ അതില്‍ അംഗമായി. അന്നത്തെ ധനകാര്യമന്ത്രി പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിയാവുകയും ഇക്കഴിഞ്ഞ പാര്‍ലമെന്റു തെരഞ്ഞെടുപ്പിനുശേഷം ശക്തനായി വീണ്ടും അധികാരത്തിലെത്തുകയും ചെയ്തു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഇടതുപക്ഷത്തിന്റെ അതിശക്തമായ ഇടങ്കോലിടല്‍ കാരണം നടപ്പാക്കാന്‍ കഴിയാതിരുന്ന പല പരിഷ്കാരങ്ങളും ഇപ്പോള്‍ മിന്നല്‍ വേഗത്തിലാണ് നടപ്പിലാക്കുന്നത്. മന്ത്രിസഭയിലെ സഹപ്രവര്‍ത്തകര്‍ അറിയാതെയും പാര്‍ലമെന്റില്‍ അവതരിപ്പിക്കാതെയുമാണ് ആസിയാന്‍ കരാര്‍ ഒപ്പിട്ടത്. കൃഷിമന്ത്രി അറിയാതെയാണ് വാണിജ്യമന്തി കാര്‍ഷിക വിളകളുടെ സ്വതന്ത്രവ്യാപാരത്തിനുള്ള കരാര്‍ ഒപ്പിട്ടതെന്ന് അദ്ദേഹത്തിന്റെ കക്ഷി പരിഭവപ്പെട്ടിരിക്കുന്നു. സ്വാമി വിവേകാനന്ദന്‍ പറഞ്ഞതുപോലെ വൈശ്യന്മാരുടെ ഭരണമാണിന്ന് നടക്കുന്നത്. അവിടെ ശൂദ്രന്മാര്‍ക്ക് എന്തു കാര്യം?

ലോക വ്യാപാര സംഘടനയില്‍ ഇന്ത്യ അംഗമാകുമ്പോള്‍ പറഞ്ഞിരുന്നത് കാര്‍ഷിക-വ്യാവസായിക-വ്യാപാരമേഖലകളില്‍ ഇന്ത്യക്ക് വന്‍ കുതിപ്പിനുള്ള സാധ്യതകള്‍ തുറന്നു തരുമെന്നായിരുന്നു. ആ കരാറിന്റെ ഒരു നിബന്ധനയായിരുന്നു പത്തുവര്‍ഷത്തിനുള്ളില്‍ സേവന മേഖലയെക്കൂടി വ്യാപാര നിയമങ്ങള്‍ക്കു വിധേയമാക്കണമെന്നുള്ളത്. അതാണ് ഗാട്സ്. (GATS - General Agreement on Trade in Services) വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, പൊതുവിതരണം, ഗതാഗതം തുടങ്ങിയ ജനക്ഷേമ സേവനമേഖലകളെ വ്യാപാരനിയമപ്രകാരം ലാഭകരമായി നടത്തുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുക എന്നതായിരുന്നു അതുകൊണ്ടുദ്ദേശിച്ചത്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടത്തുന്ന സ്ഥാപനങ്ങള്‍ നഷ്ടത്തിലാവുകയും സ്വകാര്യ മൂലധന നിക്ഷേപകര്‍ നടത്തുന്ന സ്ഥാപനങ്ങള്‍ ലാഭകരമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്നതാണ് ഇതിനു പ്രേരകമായി ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ ലാഭകരമായും കാര്യക്ഷമമായും മേല്‍പ്പറഞ്ഞ സേവന മേഖലകളെ നടത്തിക്കൊണ്ടുപോകുന്നതിന് കഴിയുന്ന തരത്തില്‍ സ്വകാര്യ മൂലധനനിക്ഷേപകരെ പങ്കാളികളാക്കുക എന്നതാണ് ഗാട്സിന്റെ ലക്ഷ്യം.

ലോക വ്യാപാരകരാറില്‍ ഇന്ത്യ പങ്കാളിയായതിനു പിന്നാലെയാണ് വിദ്യാഭ്യാസമേഖലയെക്കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി രണ്ടു വ്യവസായ പ്രമുഖരെ നിയോഗിച്ചത്. അംബാനി-ബിര്‍ളാ റിപ്പോര്‍ട്ട് അങ്ങനെയാണുണ്ടായത്. പ്രസ്തുത റിപ്പോര്‍ട്ടിലെ കാതലായ നിര്‍ദ്ദേശം സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ചെലവുമുഴുവന്‍ സര്‍ക്കാര്‍ വഹിക്കണമെന്നും ഉന്നത വിദ്യാഭ്യാസം സ്വകാര്യ-വിദേശ മൂലധനനിക്ഷേപകര്‍ക്കായി തുറന്നുകൊടുക്കണമെന്നുമായിരുന്നു. ഏകദേശം ഒരു പതിറ്റാണ്ടിനുമുമ്പ് സമര്‍പ്പിക്കപ്പെട്ട പ്രസ്തുത റിപ്പോര്‍ട്ടിന്റെ പ്രയോഗമാണ് പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയില്‍ ഇന്നു കാണുന്ന സ്വകാര്യ മൂലധന നിക്ഷേപത്തിന്റെ അതിപ്രസരം. ഇന്ത്യയിലെ വന്‍കിട വ്യവസായ-വ്യാപാരകുത്തകകള്‍ വിദ്യാഭ്യാസമേഖലയില്‍ മുടക്കിയ മൂലധനത്തിന്റെ കൃത്യമായ കണക്ക് ഇനിയും വ്യക്തമല്ലെങ്കിലും പണം മുടക്കാന്‍ കെല്‍പുള്ള ആര്‍ക്കും ഇന്ന് പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം കിട്ടുമെന്നുറപ്പായിട്ടുണ്ട്.

അംബാനി-ബിര്‍ളാ റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസമേഖലയിലാണ് സ്വകാര്യ മൂലധനനിക്ഷേപത്തിന് ശുപാര്‍ശചെയ്തതെങ്കില്‍ ഇപ്പോഴത് സ്കൂള്‍ വിദ്യാഭ്യാസമേഖലയിലും നടപ്പിലാക്കാന്‍ പോവുകയാണ്. തീരുമാനമെടുക്കുന്ന കാര്യത്തിലും നടപ്പിലാക്കുന്ന കാര്യത്തിലും അര്‍ജുന്‍സിങ്ങിനെക്കാള്‍ വേഗത കൂടുതലാണ് ഇപ്പോഴത്തെ മാനവശേഷി വികസനവകുപ്പുമന്ത്രി കപില്‍ സിബലിന്. അതിന്റെ ആദ്യത്തെ തെളിവാണ് വിദ്യാഭ്യാസം മൌലികാവകാശമാക്കിക്കൊണ്ടുള്ള നിയമനിര്‍മാണം. അപ്പോള്‍തന്നെ അദ്ദേഹം പ്രഖ്യാപിച്ചതാണ് സ്കൂള്‍ വിദ്യാഭ്യാസരംഗത്ത് സ്വകാര്യനിക്ഷേപകരെ പങ്കാളികളാക്കുന്നത് സംബന്ധിച്ച ഒരു നയരേഖ ഉടനെ പ്രസിദ്ധീകരിക്കുമെന്ന്. സെപ്തംബര്‍മാസം ആദ്യവാരത്തില്‍തന്നെ നയപ്രഖ്യാപനരേഖ പൊതു ചര്‍ച്ചയ്ക്കായി പ്രസിദ്ധീകരിക്കുകയും ചെയ്തു.

ചില വികസ്വര രാഷ്ട്രങ്ങളില്‍ ലോകബാങ്ക് നടത്തിയ പഠനത്തിന്റെ ഫലങ്ങള്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന രേഖയില്‍ ഉദ്ധരിക്കുന്നുണ്ട്. കൊളംബിയ, ഡൊമിനിക്കന്‍ റിപ്പബ്ളിക്, ഫിലിപ്പയിന്‍സ്, ടാന്‍സാനിയ, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളാണവ. പ്രസ്തുത പഠനത്തിന്റെ ഫലമായി മൂന്നു കാര്യങ്ങള്‍ വ്യക്തമായത്രേ! (1) പൊതുമേഖലാ വിദ്യാലയങ്ങളിലെ പഠിതാക്കളേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് സ്വകാര്യ വിദ്യാലയങ്ങളിലുള്ളവര്‍ കാഴ്ചവച്ചത്. (2) വിദ്യാലയാധിഷ്ഠിതമായ ചെലവ് സ്വകാര്യ സ്കൂളുകളില്‍ കുറവാണ്. (3) വിദ്യാലയതലത്തില്‍ തീരുമാനങ്ങളെടുക്കുന്നതിനുള്ള അധികാരം സ്വകാര്യ മേഖലയില്‍ കൂടുതലായതിനാല്‍ നേട്ടങ്ങളും കൂടുതലാണ്. ഇക്കാരണങ്ങളാല്‍ സ്വകാര്യപങ്കാളിത്തം ആവണമെന്നാണ് തീരുമാനം.

മൂന്നു മേഖലകളിലായി ആറുതലങ്ങളില്‍ സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തിനുള്ള ശുപാര്‍ശകളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. അടിസ്ഥാനസേവനം, പിന്തുണസേവനം, വിദ്യാഭ്യാസസേവനം എന്നിവയാണ് മൂന്നുമേഖലകള്‍. ആറുതലങ്ങളുള്ളതില്‍ ഒന്നാമത്തേത് അടിസ്ഥാന സൌകര്യ വികസനത്തില്‍ സ്വകാര്യ സാമ്പത്തിക സഹകരണമാണ്. ഇതനുസരിച്ച് സര്‍ക്കാര്‍വക ഭൂമിയില്‍ സ്വകാര്യസ്ഥാപനം സ്കൂള്‍ കെട്ടിടം പണിയുകയും അത് കൈവശംവയ്ക്കുകയും ഒരു നിശ്ചിതകാലത്തേക്ക് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. കരാര്‍ കാലത്തേക്ക് സര്‍ക്കാര്‍ ഒരു നിശ്ചിതതുക സ്വകാര്യസ്ഥാപനത്തിനു നല്‍കുന്നു. കരാര്‍ കാലാവധി കഴിയുമ്പോള്‍ പറമ്പും കെട്ടിടവും സര്‍ക്കാരിന്റേതാകും. നമ്മുടെ നാട്ടിലെ റോഡുകളില്‍ പാലംകെട്ടി ചുങ്കം പിരിക്കുന്നതുപോലുള്ള ഒരേര്‍പ്പാട്. ബ്രിട്ടനില്‍ ഇങ്ങനെ ചില സ്കൂളുകളുണ്ടത്രേ!

പിന്തുണ സംവിധാനപ്രകാരം ഉച്ചഭക്ഷണം, ഐടി സൌകര്യം, ലബോറട്ടറി, ജിംനേഷ്യം, ഗതാഗതം എന്നിത്യാദികള്‍ സ്വകാര്യപങ്കാളി സജ്ജമാക്കുകയും സര്‍ക്കാര്‍ അതിനുള്ള കൂലി നല്‍കുകയും വേണം. ഇത് കെട്ടിട നിര്‍മാണവുമായി ബന്ധിപ്പിച്ചോ പ്രത്യേകമായോ നല്‍കാം. ചില പ്രത്യേക മേഖലകളില്‍ സ്വകാര്യ പങ്കാളിക്ക് വൈദഗ്ധ്യം കൂടുതല്‍ കാണുമെന്നുള്ളതുകൊണ്ട് ഇതിന് മേന്മയുണ്ട്. ഉദാഹരണത്തിന് അംഗീകാരമുള്ള ഒരു ഭക്ഷണവിതരണക്കാരന് ഒരു സ്കൂളിലോ ഒന്നിലേറെ സ്കൂളുകളിലോ കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ഭക്ഷണം നല്‍കാന്‍ കഴിയും. അങ്ങനെയായാല്‍ സ്കൂള്‍ ജീവനക്കാര്‍ക്ക് മറ്റു വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്താന്‍ സാധിക്കും. ഉദാഹരണത്തിന് തമിഴ്നാട്, ആന്ധ്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഐ ടി സേവനം നല്‍കുന്നത് സ്വകാര്യ പങ്കാളികളാണ്.

അടിസ്ഥാന സൌകര്യം, പിന്തുണ സൌകര്യം, വിദ്യാഭ്യാസസേവനം എന്നീ മൂന്നു കാര്യങ്ങളും സ്വകാര്യ പങ്കാളിതന്നെ നല്‍കുന്നതാണ് മൂന്നാമത്തെ തലം. അദ്ധ്യാപകരുടെയും ജീവനക്കാരുടെയും നിയമനം ഉള്‍പ്പെടെയുള്ള ഭരണനിയന്ത്രണം സ്വകാര്യ പങ്കാളിക്കായിരിക്കും. വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്ന ഉത്തരവാദിത്വം സര്‍ക്കാരിനാണ്. ഓരോ വിദ്യാര്‍ത്ഥിക്കും ഒരു നിശ്ചിത ഫീസ് എന്ന നിരക്കിലുള്ള തുക സര്‍ക്കാര്‍ നല്‍കണം. അടിസ്ഥാന സൌകര്യം, പിന്തുണ സൌകര്യം, അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഹാജര്‍, അദ്ധ്യാപകരുടെ യോഗ്യത, പരീക്ഷകളില്‍ വിദ്യാര്‍ത്ഥികളുടെ പ്രകടനം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് വ്യവസ്ഥകള്‍ നിശ്ചയിക്കാം. മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ നിശ്ചിതനിലവാരം നിലനിര്‍ത്തേണ്ടത് സ്വകാര്യ പങ്കാളിയുടെ ആവശ്യമായതിനാല്‍ അവ മെച്ചപ്പെടുത്താന്‍ അയാള്‍ നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കും. നഗരപ്രദേശങ്ങളില്‍ ഇതായിരിക്കുമത്രേ നല്ലത്. എന്തെന്നാല്‍ അവിടെ ഒന്നിലേറെ പങ്കാളികള്‍ ഈ രംഗത്ത് മത്സരിക്കാനുണ്ടാകും. ഉദാഹരണമായി ചിലിയില്‍ 1981 മുതല്‍ നിലനില്‍ക്കുന്ന സ്കൂള്‍ വൌച്ചര്‍ പരിപാടി. സ്കൂളുകള്‍ വിദ്യാര്‍തഥികള്‍ക്ക് വൌച്ചര്‍ നല്‍കുകയും അവ ഹാജരാക്കിയാല്‍ സര്‍ക്കാര്‍ പണം നല്‍കുകയും ചെയ്യും. ഇന്ത്യയിലെ എയിഡഡ് സ്കൂള്‍ സമ്പ്രദായവും ഇതിനകത്തു വരുമത്രേ! ഇതിനനുസരിച്ച് കെട്ടിടം പണിയുടെ ഉത്തരവാദിത്വം മാത്രമേ സ്വകാര്യപങ്കാളിക്കുള്ളു. അദ്ധ്യാപകരുടെ ശമ്പളവും മരാമത്തു ചെലവും സര്‍ക്കാര്‍ വഹിക്കും. എന്നാലിവിടെ നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമം സ്വകാര്യ പങ്കാളിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. അതിനാല്‍ അത് തുടരുന്നത് ഗുണകരമല്ല.

നാലാമത്തെ തലം സര്‍ക്കാര്‍ സ്കൂളുകളെ സ്വകാര്യപങ്കാളിക്കു നല്‍കുന്ന രീതിയാണ്. അദ്ധ്യാപകരെയും ജീവനക്കാരേയും സ്വകാര്യപങ്കാളി കൈകാര്യംചെയ്തുകൊള്ളും. ഉദ്യോഗസ്ഥന്മാരുടെ കൈകടത്തലില്‍നിന്ന് സ്കൂളിനെ മോചിപ്പിക്കാനും കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്യ്രം ഉറപ്പാക്കാനും ഇതുകൊണ്ടു സാധിക്കും. കാനഡയിലെ ആല്‍ബര്‍ട്ടാ പ്രവിശ്യയിലെ ചാര്‍ട്ടര്‍ സ്കൂള്‍ ഈ രീതിയിലാണത്രെ പ്രവര്‍ത്തിക്കുന്നത്.

സര്‍ക്കാര്‍ സ്കൂളിലെ അദ്ധ്യാപകരേയും അനദ്ധ്യാപകരേയും നിയമിക്കുകയും സ്കൂള്‍ നടത്തിക്കുകയും സ്വകാര്യ പങ്കാളിതന്നെ ചെയ്യുന്നതാണ് അഞ്ചാമത്തെ തലം. ഇതിലൂടെ സ്കൂളുകള്‍ക്ക് കൂടുതല്‍ സ്വയംഭരണം ലഭിക്കുകയും അദ്ധ്യാപകര്‍ കൂടുതല്‍ ഉത്തരവാദിത്വബോധമുള്ളവരാവുകയും ചെയ്യുമത്രേ! പാകിസ്ഥാനില്‍ തുടര്‍ച്ചയായി മോശപ്പെട്ടുകൊണ്ടിരുന്ന ചില സര്‍ക്കാര്‍ സ്കൂളുകളെ ചില സര്‍ക്കാരിതര സംഘടനകള്‍ (എന്‍ജിഒ) ഏറ്റെടുക്കുകയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്തുവത്രെ.

തൊഴിലധിഷ്ഠിത സേവനം നല്‍കുന്നതാണ് ആറാമത്തെ രീതി. ഇതനുസരിച്ച് അദ്ധ്യാപക പരിശീലനം, ഗുണനിയന്ത്രണം, വിദ്യാര്‍ത്ഥികളുടെ പരീക്ഷ നടത്തിപ്പ്, മൂല്യനിര്‍ണയം തുടങ്ങിയ സേവനങ്ങള്‍ സ്വകാര്യ പങ്കാളി നിര്‍വഹിക്കും. നിരവധിപേര്‍ മത്സരരംഗത്തുണ്ടാകാന്‍ ഇടയുള്ളതുകൊണ്ട് ഓരോ സ്വകാര്യ പങ്കാളിയും നിലവാരം മെച്ചപ്പെടുത്താന്‍ ശ്രമിക്കും. പരീക്ഷാ നടത്തിപ്പുപോലുള്ള ഭാരമേറിയ പ്രവൃത്തികളില്‍നിന്നും സ്കൂളധികൃതര്‍ക്ക് മോചനം ലഭിക്കും.

ഇത്തരത്തില്‍ സ്വകാര്യപങ്കാളിയെ വിദ്യാഭ്യാസത്തിന്റെ ചുമതല ഏല്‍പിക്കുന്നതിന്റെ യുക്തി എന്താണെന്നും രേഖ വെളിപ്പെടുത്തുന്നു. എന്തൊക്കെയാണവ? ബഡ്ജറ്റ് ഭാരം ലഘൂകരിക്കാം; കാര്യക്ഷമത വര്‍ദ്ധിപ്പിക്കാം; നഷ്ടമുണ്ടായാല്‍ അതും പങ്കുവയ്ക്കാം; പ്രവര്‍ത്തനവേഗത വര്‍ദ്ധിപ്പിക്കാം; ചെലവുകുറയ്ക്കാം; പ്രവൃത്തിയില്‍ ഉത്തരവാദിത്വം ഉറപ്പാക്കാം; ഗുണമേന്മ ഉറപ്പാക്കാം; പ്രവര്‍ത്തനസ്വാതന്ത്യ്രം കൂടുതലാക്കാം- എന്നീ കാര്യങ്ങള്‍ നേടാന്‍ കഴിയുമത്രെ.

ഇന്ത്യയിലിപ്പോള്‍തന്നെ പലതരത്തിലുള്ള സ്വകാര്യ പങ്കാളികള്‍ വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത് കൂടുതല്‍ വ്യാപകമാക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ സ്കൂളുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. പുതിയവ നിര്‍മിക്കുന്നതിനാണെങ്കില്‍ ഒരുപാടു സമയം വേണംതാനും. സ്വകാര്യ പങ്കാളിയെ ഉള്‍പ്പെടുത്തിയാല്‍ താഴെപ്പറയുന്ന നേട്ടങ്ങളുണ്ടാവും. നിര്‍മാണ സമയം കുറയ്ക്കുക, ചെലവുകുറയ്ക്കുക, അനുയോജ്യമായ രൂപരേഖ, അടിസ്ഥാന സൌകര്യവും സേവനവും ലഭ്യമാക്കുമ്പോള്‍ മാത്രം പണം കൊടുത്താല്‍ മതി, ദീര്‍ഘകാല ഗഡുക്കളായിട്ടാണ് പണം കൊടുക്കുന്നത് എന്നതിനാല്‍ സര്‍ക്കാരിന് ഒരുമിച്ച് പണം ചെലവാക്കേണ്ടിവരുന്നില്ല, മരാമത്ത് പണി സ്വകാര്യ പങ്കാളി ചെയ്തുകൊള്ളും എന്നിവയാണ് നേട്ടങ്ങള്‍. എങ്കിലും ചില കോട്ടങ്ങളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഇത്തരത്തിലുള്ള പങ്കാളിത്തം ഇന്ത്യയില്‍ ആദ്യമായതിനാല്‍ അത് നടപ്പിലാക്കുന്നതിനാവശ്യമായ ഒരു അന്തരീക്ഷം ഇപ്പോള്‍ നിലവിലില്ല. അത് സൃഷ്ടിച്ച് മികച്ച സ്വകാര്യ പങ്കാളികളെ ആകര്‍ഷിക്കേണ്ടതുണ്ട്. നല്ലൊരു ശതമാനം സ്കൂളുകളും ഉള്‍നാടന്‍ പ്രദേശങ്ങളിലായതിനാല്‍ പ്രസിദ്ധങ്ങളായ സ്വകാര്യ പങ്കാളികള്‍ വരാന്‍ സാദ്ധ്യത കുറയും. ഭാവിയില്‍ സ്വകാര്യപങ്കാളിക്ക് പണം നല്‍കേണ്ടത് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയായതിനാല്‍ ബഡ്ജറ്റിലെ ചെലവിനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരും. നല്ലൊരു സ്വകാര്യ പങ്കാളിയുടെ മൂല്യം സര്‍ക്കാരിന്റേതിനേക്കാള്‍ കൂടുതലായതിനാല്‍ ചെലവും കൂടാന്‍ സാദ്ധ്യതയുണ്ട്.

നേട്ടങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ കോട്ടങ്ങള്‍ നിസ്സാരങ്ങളായതിനാല്‍ സ്വകാര്യ പങ്കാളികള്‍ക്കായി വിദ്യാഭ്യാസമേഖലയെ തുറന്നുകൊടുക്കുന്നതാണ് അഭികാമ്യമെന്ന് നയരേഖ വ്യക്തമാക്കുന്നു. എന്നു മാത്രമല്ല സ്കൂള്‍ കെട്ടിടങ്ങള്‍ സ്വീകാര്യ പങ്കാളിയുടേതായാലും സര്‍ക്കാരിന്റേതായാലും അവ സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുത്താല്‍ കൂടുതല്‍ ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാനും പരമാവധി നേട്ടം കൈവരിക്കാനും സാധിക്കും. സ്കൂള്‍ പ്രവൃത്തിസമയം കഴിഞ്ഞാല്‍ മറ്റാവശ്യങ്ങള്‍ക്കുവേണ്ടി കെട്ടിടങ്ങളെ ഉപയോഗപ്പെടുത്താം. ഷിഫ്റ്റടിസ്ഥാനത്തില്‍ മറ്റു സ്ഥാപനങ്ങളും നടത്താം. വിദ്യാഭ്യാസ മേഖലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചതിന്റെ അനുഭവമുള്ള നിരവധി വ്യക്തികള്‍ വിരമിച്ചശേഷം വെറുതേയിരിക്കുന്നുണ്ട്. അവരുടെ സേവനം ഫലപ്രദമായി ഉപയോഗപ്പെടുത്തുവാന്‍ സ്വകാര്യപങ്കാളികള്‍ക്കുകഴിയും.

സ്വകാര്യ പങ്കാളികളെ വിദ്യാഭ്യാസമേഖലയില്‍ കൂടുതലായി കൊണ്ടുവരുന്നതിനുള്ള തീരുമാനം മുന്‍കൂട്ടി എടുത്തതിനുശേഷം അതിനാവശ്യമായ പൊതുജനാഭിപ്രായം നിര്‍മിക്കുന്നതിനായി നയരേഖ പ്രസിദ്ധീകരിച്ചുവെന്നേയുള്ളു. നവംബര്‍ ഒമ്പതാം തീയതിക്കുമുമ്പായി അഭിപ്രായങ്ങള്‍ മാനവശേഷി മന്ത്രാലയത്തിനെ അറിയിക്കണമെന്നും രേഖയില്‍ പറയുന്നുണ്ട്. അനുകൂലമായും പ്രതികൂലമായും എത്രപേര്‍ അഭിപ്രായപ്പെട്ടു എന്ന് പൊതുജനം ഒരിക്കലും അറിയാന്‍ പോകുന്നില്ല. വിവരാവകാശ നിയമപ്രകാരം ചോദിച്ചാലും ലഭിക്കുന്ന മറുപടിയെ വെല്ലുവിളിക്കാനാവശ്യമായ തെളിവുകള്‍ ചോദ്യകര്‍ത്താവിന്റെ പക്കലുണ്ടാവില്ല. നവരത്ന പട്ടികയില്‍പെട്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍പോലും വിറ്റുതുലയ്ക്കാന്‍ തീരുമാനിച്ച ഒരു സര്‍ക്കാര്‍, സര്‍ക്കാര്‍ സ്കൂളുകളെ സ്വകാര്യ പങ്കാളികള്‍ക്കു പണയപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. സര്‍ക്കാര്‍ സ്ഥാപനമായ അക്കൌണ്ടന്റ് ജനറല്‍ ആഫീസിലെ പതിവുപണികള്‍പോലും സ്വകാര്യപങ്കാളിക്ക് (ഔട്ട്സോഴ്സിംഗ് എന്ന ഭംഗിവാക്ക്) നല്‍കിയിരിക്കുന്ന അനുഭവമുള്ള കേരളീയര്‍ക്ക് വിദ്യാഭ്യാസമേഖലയിലെ പുതിയ ഭരണപരിഷ്കാരത്തെപ്പറ്റി സംശയമൊന്നുമുണ്ടാകില്ല. തുടര്‍ച്ചയായി രണ്ടാംതവണയും ഭരിക്കാന്‍ അവസരം ലഭിച്ചതിനാല്‍ സമസ്ത മേഖലകളെയും സ്വകാര്യവല്‍ക്കരിക്കാനുള്ള അംഗീകാരമാണത് എന്ന നിലയ്ക്കാണ് ഇക്കഴിഞ്ഞ ആറുമാസമായി കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരുന്നത്. വികെഎന്‍ തന്റെ പ്രസിദ്ധ നോവലായ 'പിതാമഹനി'ലെ സര്‍ ചാത്തുവിനെക്കൊണ്ട് പ്രധാനമന്ത്രിയെന്ന നിലയില്‍ കൊച്ചി രാജ്യത്തിന്റെ ഖജനാവ് തന്റേയും സില്‍ബന്ധികളുടേയും പേരിലേക്ക് ചോര്‍ത്തിയ രീതിയില്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാരും കാലാവധി തീരുമ്പോള്‍ ഇന്ത്യയിലെ പൊതുമേഖലയെ പലര്‍ക്കായി ചോര്‍ത്തിക്കൊടുക്കുമെന്ന കാര്യത്തില്‍ സംശയംവേണ്ട.

ഗുണപാഠമിതാണ്. പൊതുമേഖലാ വിദ്യാഭ്യാസത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നിലനിര്‍ത്താനും വര്‍ദ്ധിപ്പിക്കാനും നിലവാരം മെച്ചപ്പെടുത്താനും അതില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ബാദ്ധ്യതയുണ്ട്. അതില്‍ പരാജയപ്പെടുന്നവര്‍ക്ക് മറ്റൊന്നിനെപ്പറ്റിയും കുറ്റംപറയാന്‍ അവകാശമില്ല.

*
വി കാര്‍ത്തികേയന്‍നായര്‍ ചിന്ത വാരിക

വിദ്യാഭ്യാസ അവകാശനിയമവും കേരളവും


പൊതുമേഖലാ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താന്‍