Friday, December 4, 2009

കൊച്ചിക്കോട്ടകള്‍ കണ്ടോ...കൊച്ചെറണാകുളമുണ്ടോ...

ഗന്ധര്‍വഗീതങ്ങളുടെ മാസ്മരികത മലയാളിക്ക് അനുഭവമാക്കി മാറ്റിയ വയലാര്‍ രാമവര്‍മയ്ക്ക് കൊച്ചിയുമായും ബന്ധമുണ്ടെന്ന് എത്ര പേര്‍ക്കറിയാം. സിനിമാ ഗാനരചയിതാവായി വയലാര്‍ തുടക്കം കുറിച്ചത് കൊച്ചിയില്‍ നിന്നാണ്. അതും എറണാകുളത്തിന്റെ അന്തരീക്ഷവുമായി ബന്ധപ്പെട്ട ഒരു പാട്ടിലൂടെ. അമ്പത്തിമൂന്ന് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ (1956ല്‍) മലയാളചിത്രമാണ് കൂടപ്പിറപ്പ്. പ്രേം നസീറിന്റെ സഹോദരന്‍ പ്രേംനവാസ് രംഗപ്രവേശം ചെയ്ത സിനിമ. ജെ.ഡി തോട്ടാന്‍ സംവിധായകന്‍. കഥയ്ക്കുവേണ്ടി പ്രേംനവാസ് ആദ്യം സമീപിച്ചത് എറണാകുളത്ത് ബുക്ക് സ്‌റ്റാളുമായി സസുഖം വാണരുളിയിരുന്ന വൈക്കം മുഹമ്മദ് ബഷീറിനെയാണ്. ബഷീര്‍ ആ ദൌത്യം പ്രിയശിഷ്യനായ പോഞ്ഞിക്കര റാഫിയെ ഏല്‍പ്പിച്ചു. രണ്ടാഴ്ചയക്കകം കഥ റെഡി. ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്തും പരിസരത്തും വേണമെന്ന് ബഷീറിന് നിര്‍ബന്ധം.
കഥ ഒരു കോളേജ് കുമാരനെയും അയാളുടെ കാമുകിയെയും ചുറ്റിപ്പറ്റിയാണ്. കാമുകിക്കൊരു കുഞ്ഞ് ജനിക്കുന്നു. അവന്‍ അച്ഛനെത്തേടി നടക്കുന്നു. ആ നടപ്പില്‍ ഒരു പാട്ടുവേണം. വയലാറിനെവരുത്തി എറണാകുളത്ത് താമസിപ്പിച്ചു. വയലാര്‍ എഴുതി-

തുമ്പീ, തുമ്പീ വാ വാ-ഈ
തുമ്പത്തണലില്‍ വാ വാ
പട്ടുറുമാലും കെട്ടി-ഒരു
പച്ചക്കമ്പിളി ചുറ്റി
എത്തറ നാളുകളെത്തറ കാടുകള്‍
ഇത്തറനാളും കണ്ടു
കൊച്ചീക്കോട്ടകള്‍ കണ്ടോ-ഒരു
കൊച്ചെറണാകുളമുണ്ടോ
കാഴ്ചകള്‍ കണ്ടു നടന്നപ്പോളെ-
ന്റച്ഛനെയവിടക്കണ്ടോ?
പീലിച്ചുരുള്‍മുടി ചീകി;ഒരു
നീലക്കണ്ണട ചൂടി
കൊച്ചെലിവാലന്‍ മീശയുമായെ-
ന്നച്ഛനെയവിടെക്കണ്ടോ?
കരളുപുകഞ്ഞിട്ടമ്മ-എന്‍
കവിളില്‍ നല്‍കിയൊരുമ്മ
കരിവാളിച്ചൊരു മറുകുണ്ടാക്കിയ
കാരിയമച്ഛനറിഞ്ഞോ?
ഒത്തിരി നാളായ് ചുണ്ടില്‍-ഒരു
കിക്കിളിയുമ്മയുമായി
അമ്മ കരഞ്ഞിട്ടച്ഛനെനോക്കി
കണ്ണു നെറഞ്ഞു തൂമ്പീ
പച്ചക്കുതിരയിലേറി എ-
ന്നച്ഛനുറങ്ങണ തൊട്ടില്‍
കൊണ്ടുവരാമോ കാലില്‍ തൂക്കി
കൊണ്ടുവരാമോ തുമ്പീ...

അതിമനോഹരമായ ഈ ഗാനത്തിന് ഈണം നല്‍കിയത് കെ.രാഘവന്‍ മാഷാണ്. ശാന്താ പി. നായര്‍ പാടി. പ്രേംനവാസും അംബികയും നായികാനായകന്മാര്‍. ചിത്രീകരണം എറണാകുളം മഹാരാജാസിലും രാമവര്‍മ്മ ഹോസ്റ്റലിലും നടന്നു. പടം റിലീസായപ്പോള്‍ കോളേജുപിള്ളേര്‍ ജാഥയായാണ് മേനക തീയ്യറ്ററില്‍ കാണാന്‍ പോയത്. ഇന്നും ഹിറ്റാണ് ഈ ഗാനം. അതിനുശേഷം എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങള്‍ വയലാര്‍ എഴുതി. ആലുവപ്പുഴയെക്കുറിച്ചും പെരിയാറിനെക്കുറിച്ചും ചോറ്റാനിക്കര അമ്മയെക്കുറിച്ചും ആലുവപ്പുഴയോരത്തെ കൃഷ്ണനെക്കുറിച്ചുമൊക്കെ മനോഹരമായ ഗാനങ്ങള്‍ എഴുതി.

കൊച്ചിയില്‍ എത്രയോ തവണ വന്നു പോയി. അപ്പോഴെല്ലാം കവിയുടെ മനസ്സില്‍ ഈ ആദ്യഗാനം അലയടിച്ചിരുന്നുവോ? എറണാകുളം നഗരത്തിലെ രാത്രി- ഏഴ് രാത്രികള്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം- സീലോഡ് ഹോട്ടലിന്റെ മുകളില്‍ നിന്നുള്ള വീക്ഷണം വയലാറിന്റെ ഗാനത്തിന്റെ അകമ്പടിയോടെയായിരുന്നു."രാത്രി, രാത്രി യുഗാരംഭശില്പിതന്‍ മാനസപുത്രി, മദാലസഗാത്രീ, മനോഹരഗാത്രീ, രാത്രീ'' ഇന്നും നിയോണ്‍വെളിച്ചത്തിലെ നഗരരാത്രി "നിശാചര നര്‍ത്തകിയും സംഹാരമൂര്‍ത്തിയു''മാണ്.

കൊച്ചിയുടെ സാംസ്കാരിക ചരിത്രത്തില്‍ വയലാറിന്റെയും വിരല്‍മുദ്രപതിഞ്ഞിട്ടുണ്ട് എന്നറിയുമ്പോള്‍ നാം അഭിമാനപുളകിതരാകുന്നില്ലേ?

****

രവികുറ്റിക്കാട്, കടപ്പാട് : ബീം രജത ജൂബിലി സ്‌മരണിക

Thursday, December 3, 2009

ഹതാശമാ‍യ പ്രാര്‍ത്ഥനകള്‍

ജറുസലേമിലെ മസ്ജിദുന്‍ അഖ്സാ ലോകത്തെ പ്രസിദ്ധമായ മുസ്ളിംപള്ളികളിലൊന്ന് ഇയ്യിടെ ഇസ്രയേല്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെ പോയി. അത് ഇസ്രയേലിന്റെ പൂര്‍ണ നിയന്ത്രണത്തിലാണിപ്പോള്‍. അറബ് രാജ്യങ്ങളിലുള്ളവര്‍ക്ക് പ്രവേശമില്ല. അമ്പതു വയസ്സിനു മുകളിലുള്ള പലസ്തീനികള്‍ക്ക് നിയന്ത്രണങ്ങള്‍ക്കു വിധേയരായി വരാം. ടൂറിസ്റ്റുകളായതുകൊണ്ട് എനിക്കും കൂട്ടുകാര്‍ക്കും അനുമതി ലഭിച്ചു. പണ്ട് വിശ്വാസികള്‍ നിറഞ്ഞിരുന്ന പള്ളിയില്‍ ഇപ്പോള്‍ പ്രാര്‍ഥനയ്ക്ക് കുറച്ചുപേരേ വരാറുള്ളു. പരിസരത്തു താമസിച്ചിരുന്ന പലസ്തീനികളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നു. അവിടെയൊക്കെ യഹൂദരാണിപ്പോള്‍. താമസിയാതെ പള്ളി യഹൂദരുടെകൂടി ദേവാലയമായേക്കും. പള്ളിക്കു തൊട്ടുതാഴെ ഇസ്രയേല്‍ പുരാവസ്തുവകുപ്പിന്റെ ഖനനം. അത് തറയുടെ അടിഭാഗംവരെ എത്തിയിട്ടുണ്ട്. പള്ളിക്കടിയില്‍ ഏതോ പുരാതന ദേവാലയത്തിന്റെ ശേഷിപ്പു തേടുകയാണ് ഗവേഷകര്‍. പള്ളിയില്‍ പ്രവേശിക്കാന്‍ പലസ്തീനികള്‍ക്ക് ഇസ്രയേല്‍ പട്ടാളത്തിന്റെ പരിശോധന കഴിയണം. പള്ളിപ്പറമ്പിലാണ് ഇന്ത്യന്‍ സ്വാതന്ത്യ്രസമരനേതാവ് മൌലാന മുഹമ്മദലിയുടെ കബറിടം. അതിനെ പലസ്തീനികള്‍ ഏറെ ബഹുമാനിക്കുന്നു.

പള്ളിയില്‍ പലസ്തീന്‍ കമ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ ഫയ്യാദ് മുഹമ്മദിനെ കണ്ടു. പലസ്തീനികളുടെ സ്വരാജ്യത്തിനുവേണ്ടി ശക്തമായി പൊരുതുന്ന പാര്‍ടി രകാഹ് എന്നാണറിയപ്പെടുന്നത്. അല്‍ ഹിസ്ബുശ്ശുയൂഉല്‍ ഇസ്രാഈലി എന്നാണ് പാര്‍ടിയുടെ ഔദ്യോഗിക പേര്. കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇസ്രയേല്‍ (സിപിഐ) എന്നും പറയും. എമില്‍ ഹബീബി, തൌഫീഖ് തൌബി, മീര്‍ വില്‍നെര്‍ എന്നിവരുടെ നേതൃത്വത്തില്‍ 1965ലാണ് രകാഹ് രൂപീകരിക്കപ്പെടുന്നത്. സോവിയറ്റ് യൂണിയന്‍ ഔദ്യോഗിക അംഗീകാരം നല്‍കുകയുംചെയ്തു. 1977ല്‍ ഇടതുപക്ഷ സംഘടനകളോടും അറബ് പാര്‍ടികളോടും ചേര്‍ന്ന് ഹദശ് എന്ന മുന്നണി രൂപീകരിച്ചു. അതിന്റെ നായകത്വം രകാഹിനാണ്. അറബിഭാഷയിലുള്ള ഔദ്യോഗിക ദിനപത്രമാണ് അല്‍ ഇത്തിഹാദ്.

ഫയ്യാദ് എന്‍ജിനിയറാണ്. പലസ്തീനികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ അയാള്‍ എണ്ണിപ്പറഞ്ഞു. കേള്‍ക്കുന്നതിലും എത്രയോ ഭീകരമാണ് ഇസ്രയേല്‍ നടത്തുന്ന ക്രൂരതകള്‍. ജറുസലേമില്‍നിന്ന് അറബികളെ തുരത്തുകയാണു ലക്ഷ്യം. പലസ്തീനി കേന്ദ്രങ്ങളില്‍ വെള്ളവും വെളിച്ചവും മുടക്കുന്നു. വീടുവിട്ടുപോകാന്‍ നിര്‍ബന്ധിക്കുന്നു. ജറുസലേമിലെ പലസ്തീനികള്‍ക്ക് തൊട്ടപ്പുറത്ത് ബത്ലഹേമിലും റമല്ലയിലുമൊക്കെയുള്ള ബന്ധുക്കളെ കാണാന്‍പോലും മുന്‍കൂര്‍ അനുവാദം വേണം. വെസ്റ്റ് ബാങ്കിലെ പലസ്തീന്‍കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇസ്രയേലി ഫ്ളാറ്റുകള്‍ നിര്‍മിച്ചുകഴിഞ്ഞു. ഭവനരഹിതരാകുന്നവരെ പുനരധിവസിപ്പിക്കാന്‍ പദ്ധതിയില്ല. യുഎന്‍ അഭയാര്‍ഥികേന്ദ്രങ്ങളിലാണ് പലരും. പലസ്തീന്‍ ഭാഗങ്ങള്‍ക്കുചുറ്റും കൂറ്റന്‍ മതില്‍കെട്ടി സഞ്ചാരം നിയന്ത്രിച്ചിരിക്കയാണ്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ നരനായാട്ടിന്റെ മുറിപ്പാടുകള്‍ ഉണങ്ങിയിട്ടില്ല. ഫയ്യാദിന്റെ വിവരണത്തില്‍ കണ്ണുനനയാതിരിക്കില്ല.

ഇസ്രയേലില്‍ 18 ശതമാനം അറബികളുണ്ട്. അവരെല്ലാം പലസ്തീനികള്‍. ഏകദേശം ഒമ്പതുലക്ഷം വരും. ഇവരുടെ അവകാശങ്ങളാണ് യഹൂദസര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നത്. ഇതില്‍ നല്ലൊരു വിഭാഗം കര്‍ഷകരാണ്. വെണ്ണക്കല്‍ കച്ചവടക്കാരുമുണ്ട്. ഇസ്രയേലില്‍ വെണ്ണക്കല്‍ ധാരാളമാണ്. ഈ പ്രദേശങ്ങളിലെ പലസ്തീനികളെ പുറത്താക്കി യഹൂദികളെ കുടിയിരുത്താനാണു ശ്രമം. ഹെബ്രോണിലേക്ക് പോകുംവഴിയാണ് യുഎന്‍ വക പലസ്തീനി അഭയാര്‍ഥികേന്ദ്രങ്ങള്‍. അതിനുചുറ്റും വൈദ്യുതി പ്രവഹിപ്പിച്ച കമ്പിവേലി കെട്ടിയിരിക്കുന്നു. അതിക്രമിച്ചു കടക്കാതിരിക്കാനാണത്രേ. ഹെബ്രോണില്‍ ഫ്ളാറ്റുകളില്‍നിന്ന് പലസ്തീനികളെ കുടിയിറക്കി കുടിയേറ്റക്കാരായ യഹൂദികളെ താമസിപ്പിച്ചിരിക്കുന്നു. താഴെ കച്ചവടക്കാര്‍ ഇപ്പോഴും പലസ്തീനികള്‍തന്നെ. ഫ്ളാറ്റുകളിലെ യഹൂദികള്‍ ചപ്പുചവറുകളെറിഞ്ഞ് താഴെക്കൂടി പോകുന്ന അറബികളെയും മുസ്ളിം തീര്‍ഥാടകരെയും ദ്രോഹിക്കുന്നു.

മുസ്ളിങ്ങള്‍ ബൈതുല്‍ മുഖദ്ദസ് എന്നു വിളിക്കുന്ന ജറുസലേം ക്രിസ്ത്യാനികള്‍ക്കും യഹൂദര്‍ക്കും മുസ്ളിങ്ങള്‍ക്കും ഒരുപോലെ പുണ്യകേന്ദ്രമാണ്. പ്രവാചകന്‍ മോശ (മൂസാ നബി)യുടെ കബറിടവും യേശുവിന്റെ ജന്മസ്ഥലവും(ബത്ലഹേം) പ്രവാചകന്‍ മുഹമ്മദ് നബി കേന്ദ്രമാക്കിയ പള്ളിയും (മസ്ജിദുല്‍ അഖ്സാ) ഇവിടെ. ജനങ്ങള്‍ ഭൂരിപക്ഷവും അറബി മുസ്ളിങ്ങളാണ്. അറബി ‘ഭരണകാലത്ത് ഈ വൈവിധ്യവും സഹിഷ്ണുതയും കാത്തുസൂക്ഷിച്ചിരുന്നു. ഇതൊക്കെ കാറ്റില്‍പറത്തിയാണ് സാമ്രാജ്യത്വശക്തികള്‍ ഇസ്രയേല്‍ എന്ന ജാരരാജ്യത്തെ അറബ്ലോകത്ത് കുടിയിരുത്തിയത്..

കബറടക്കുന്ന ചേരിചേരാ നയം

ഇന്ത്യയോട് പലസ്തീനികള്‍ക്ക് പഴയ മതിപ്പില്ല. തങ്ങളെ ബോംബെറിഞ്ഞു കൊല്ലുന്നതിന് സഹായിക്കുകയാണെന്ന് അവര്‍ക്കറിയാം. ആയുധക്കരാറില്‍ റഷ്യയെ അവഗണിച്ചാണ് ഇസ്രയേല്‍ കൂട്ടുകെട്ട്. പലസ്തീന്‍കേന്ദ്രങ്ങളെ നിരീക്ഷിക്കാന്‍ ഇസ്രയേല്‍ ഉപഗ്രഹമായ ടെക്സാര്‍ വിക്ഷേപിച്ചതും ഇന്ത്യയാണ്. ചാന്ദ്രയാന്‍ ദൌത്യത്തിലും ഇസ്രയേലിനു പങ്കുണ്ട്. അവിടത്തെ ചാരസംഘടനയായ മൊസാദ് ഇന്ത്യയാകെ ചിറകുവിടര്‍ത്തിയിരിക്കയാണ്. വാജ്പേയി സര്‍ക്കാര്‍ ഹിന്ദുത്വ ശാക്തീകരണത്തിന്റെ ഭാഗമായി ഉണ്ടാക്കിയ ഇസ്രയേല്‍ബന്ധം കോണ്‍ഗ്രസും തുടരുകയാണ്. ഇടതുപക്ഷത്തിന്റെയും മുസ്ളിങ്ങളുടെയും മതേതര സംഘടനകളുടെയും എതിര്‍പ്പു കൂസാതെയാണിത്.

ഗാസയില്‍ ഇസ്രയേല്‍ വംശഹത്യ നടത്തിയപ്പോള്‍ ലോകരാഷ്ട്രങ്ങള്‍ ശക്തമായി പ്രതിഷേധിച്ചു. ആക്രമണത്തെ ഇന്ത്യ അപലപിക്കണമെന്നും പ്രശ്നം യുഎന്നിലെത്തിക്കാന്‍ ആവശ്യപ്പെടണമെന്നും ഇടതുപക്ഷവും മറ്റും ഉന്നയിച്ചപ്പോള്‍ ഇലയ്ക്കും മുള്ളിനും കേടുപറ്റാത്ത വിധമുള്ള പ്രസ്താവനയാണ് വിദേശമന്ത്രാലയം പുറപ്പെടുവിച്ചത്. ഇസ്രയേലിനെ വേദനിപ്പിക്കാതിരിക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുണ്ട്്. ലോകജനതയ്ക്കുമുന്നില്‍ നമ്മുടെ പ്രതിച്ഛായ തകരാന്‍ ഇതു കാരണമായി. ദക്ഷിണാഫ്രിക്ക തുടങ്ങിയ പല രാജ്യങ്ങളും പലസ്തീനികള്‍ക്കുവേണ്ടി ഇടപെട്ടപ്പോള്‍ ഇന്ത്യ അമേരിക്കന്‍ അനുകൂല നയമാണ് സ്വീകരിച്ചത്.

ഇനി ഇസ്രയേലിനുവേണ്ടി ഇറാനുമായുള്ള ബന്ധവും ഇന്ത്യക്ക് വിഛേദിക്കേണ്ടിവന്നേക്കും. ഇറാനെതിരെ ശക്തമായ നടപടി വരുമെന്ന് അമേരിക്കയും ഇസ്രയേലും ആവര്‍ത്തിച്ചിരിക്കുന്നു. ഇതിനെ അനുകൂലിക്കുകയല്ലാതെ മറ്റൊരു മാര്‍ഗമുണ്ടാവുമോ? അതോടെ ചേരിചേരാനയത്തെ എന്നന്നേക്കുമായി കബറടക്കും. പലസ്തീനികള്‍ക്കും അവരുടെ വാസസ്ഥലങ്ങള്‍ക്കും നേരെ ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങളെ ഇസ്രയേല്‍ കമ്യൂണിസ്റ്റ് പാര്‍ടി ശക്തമായി എതിര്‍ക്കുന്നു. ഇക്കാര്യത്തില്‍ ഇന്ത്യയിലെ ഇടതുപക്ഷവുമായി രകാഹ് ബന്ധപ്പെട്ടിട്ടുണ്ട്. ന്യൂനപക്ഷങ്ങളോടും യഹൂദരോടും സ്ത്രീകളോടും ഇസ്രയേല്‍ കാട്ടുന്ന അവഗണനക്കെതിരെയും രകാഹ് പൊരുതുന്നു. അറബിഭാഷയ്ക്ക് ഔദ്യോഗികാംഗീകാരമുണ്ടെങ്കിലും അറബി ഇസ്ളാം സംസ്കാരങ്ങളെ പൂര്‍ണമായും}ഒഴിവാക്കി വിദ്യാഭ്യാസരംഗം യഹൂദവല്‍ക്കരിക്കുന്നതിനെതിരെ ക്യാമ്പയിനുകളും സംഘടിപ്പിക്കുകയാണ്. .

*
ഹുസൈന്‍ രണ്ടത്താണി ദേശാഭിമാനി വാരാന്തപ്പതിപ്പ്
ചിത്രം ഇവിടെ നിന്ന്

Tuesday, December 1, 2009

ഭോപാല്‍ മനുഷ്യക്കുരുതിയുടെ ഇരുപത്തഞ്ചാം വാര്‍ഷികം

ഭോപാലില്‍ 1984 ഡിസംബര്‍ രണ്ടിന് അര്‍ധരാത്രിയിലും മൂന്നിന് വെളുപ്പിനുമായി നടന്ന മനുഷ്യക്കുരുതിയുടെ ഇരുപത്തഞ്ചാം വാര്‍ഷികം ബഹുരാഷ്ട്രകമ്പനികളുടെ മനുഷ്യത്വരാഹിത്യത്തിനും ധനമോഹത്തിനുമെതിരായ ജനരോഷം പ്രകടിപ്പിച്ചുകൊണ്ട് ലോകമെമ്പാടും ആചരിക്കപ്പെടുകയാണ്. അമേരിക്കന്‍ ബഹുരാഷ്ട്രകമ്പനിയുടെ ഇന്ത്യന്‍ ശാഖയായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ കീടനാശിനി ഫാക്ടറിയില്‍നിന്ന് പുറത്തേക്കുവമിച്ച മാരക വിഷവാതകങ്ങള്‍ ശ്വസിച്ച് അഞ്ചുലക്ഷത്തോളം പേരുടെ ജീവിതമാണ് അപകടത്തിലായത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ ഇരുപതിനായിരം പേരുടെ ജീവന്‍ വിഷവാതകം ഉള്ളിലെത്തിയതിന്റെ ഫലമായി പൊലിഞ്ഞുപോയി. ഇന്നും അനേകായിരം പേര്‍ ഗുരുതരമായ രോഗങ്ങള്‍ ബാധിച്ച് ജീവച്ഛവങ്ങളായി ജീവിതം തള്ളിനീക്കുകയാണ്. ശരാശരി ആറായിരം പേരാണ് ദിനംപ്രതി ഭോപാല്‍ ദുരന്തത്തിന്റെ ബാക്കിപത്രം ഏറ്റുവാങ്ങി ദിവസവും ആശുപത്രികളില്‍ ചികിത്സക്കെത്തുന്നത്. ഫാക്ടറിക്ക് ചുറ്റുപാടും തിങ്ങിപ്പാര്‍ത്തിരുന്ന ദരിദ്രജനവിഭാഗങ്ങളെയാണ് വിഷവാതകം കൂടുതലായി ബാധിച്ചത്. ഇതുവരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് രോഗബാധിതര്‍ക്കും മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്കുമുള്ള അര്‍ഹമായ നഷ്ടപരിഹാരം പൂര്‍ണമായും നേടിക്കൊടുക്കുന്നതിന് കഴിഞ്ഞിട്ടില്ല.

ഭോപാല്‍ അപകടം സംഭവിച്ചതിനുശേഷം സര്‍ക്കാര്‍ ഏജന്‍സികളും ജനകീയസമിതികളും നടത്തിയ എല്ലാ പഠനങ്ങളും ഫാക്ടറിസുരക്ഷയുടെ കാര്യത്തില്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ കുറ്റകരമായ അനാസ്ഥ പുറത്തുകൊണ്ടുവന്നിരുന്നു. സുരക്ഷാസംവിധാനത്തിന്റെ അപര്യാപ്തതമൂലം മീതൈല്‍ ഐസോസൈനൈറ്റ് എന്ന മാരകവാതകം സൂക്ഷിച്ചിരുന്ന 41 ട ഭാരമുള്ള 610-ാം നമ്പര്‍ ടാങ്ക് പൊട്ടിത്തെറിക്കുകയും തുര്‍ന്നുണ്ടായ രാസപ്രവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച വിഷവാതകങ്ങള്‍ പുറത്തേക്ക് വമിക്കുകയുമാണുണ്ടായതെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. യൂണിയന്‍ കാര്‍ബൈഡ് കമ്പനി സ്വന്തം രാജ്യത്തുള്ള തങ്ങളുടെ രാസവളനിര്‍മാണ ഫാക്ടറിയില്‍ കര്‍ശനമായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിരുന്നതായും കണ്ടെത്തുകയുണ്ടായി. ഫാക്ടറി സുരക്ഷയുടെ കാര്യത്തിലുള്ള അലംഭാവത്തിനുപുറമെ ഫാക്ടറിയില്‍നിന്നുള്ള വിഷമാലിന്യങ്ങള്‍ ചുറ്റുപാടുമുള്ള സ്ഥലങ്ങളില്‍ നിക്ഷേപിച്ചിരുന്നതിന്റെ ഫലമായി മണ്ണും ഭൂഗര്‍ഭജലവും യൂണിയന്‍ കാര്‍ബൈഡ് വിഷലിപ്തവുമാക്കിയിരുന്നതായി വെളിവാക്കപ്പെട്ടിരുന്നു.

വികസിതരാജ്യങ്ങളില്‍ നിരോധിച്ച മരുന്നുകളുടെയുംമറ്റ് അപകടകാരികളായ ഉല്‍പ്പന്നങ്ങളുടെയും വിപണനത്തിലെന്നപോലെ ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യങ്ങളോട് ബഹുരാഷ്ട്രകമ്പനികള്‍ പിന്തുടര്‍ന്നുവരുന്ന കുറ്റകരമായ ഇരട്ടസമീപനത്തിന്റെ മറ്റൊരു ഉദാഹരണമായിരുന്നു ഭോപാലില്‍ കണ്ടത്. ഇന്ത്യയുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തിക്കൊണ്ട് പിന്നീട് യൂണിയന്‍ കാര്‍ബൈഡ് കമ്പനി വിയറ്റ്നാമിലും മറ്റും നാട്ടുകാരുടെ മേല്‍ ജീവനാശിനികളായ രാസവസ്തുക്കള്‍ തളിച്ച് സാര്‍വദേശീയ കുപ്രസിദ്ധിനേടിയ ഡൌ കെമിക്കല്‍സ് ഏറ്റെടുക്കുകയുണ്ടായി. നിരവധി വര്‍ഷത്തെ കോടതി നടപടികളെത്തുടര്‍ന്ന് യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ അനാസ്ഥക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരായ കൊലപാതകക്കുറ്റം ചുമത്തിയുള്ള ക്രിമിനല്‍ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ 1989ല്‍ ഉപേക്ഷിച്ചു. ബോധപൂര്‍വമല്ലാത്ത കുറ്റകൃത്യം എന്ന വകുപ്പിലായി കേസ് പരിമിതപ്പെടുത്തി. പകരമായി ദുരന്തബാധിതര്‍ക്ക് 470 ദശലക്ഷം ഡോളര്‍ (അന്നത്തെ നിരക്കില്‍ 705 കോടി രൂപ) നഷ്ടപരിഹാരം നല്‍കാമെന്ന് കമ്പനി സമ്മതിച്ചു. ഫാക്ടറി അപകടത്തിലായതിനെത്തുടര്‍ന്ന് കമ്പനിക്ക് ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്ന് 450 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരമായി ലഭിച്ചിരുന്നു. അതായത് ഇന്ത്യക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേവലം 20 ദശലക്ഷം ഡോളര്‍ മാത്രമാണ് കമ്പനിക്ക് അധികമായി ചെലവിടേണ്ടി വന്നത് എന്നര്‍ഥം. മാത്രമല്ല ഭരണപരമായ ചെലവിനായി 11 കോടി 70 ലക്ഷം രൂപ കമ്പനി നഷ്ടപരിഹാരത്തുകയില്‍നിന്ന് എടുത്തുമാറ്റുകയും ചെയ്തു.

ഏകപക്ഷീയവും നീതിരഹിതവുമായ ഒത്തുതീര്‍പ്പുവ്യവസ്ഥയെത്തുടര്‍ന്ന് ലഭിച്ച നഷ്ടപരിഹാരത്തുക അര്‍ഹര്‍ക്ക് നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനാസ്ഥകാട്ടുകയാണ്. മരണമടഞ്ഞവരുടെയും രോഗംബാധിച്ചവരുടെയും എണ്ണം കണക്കാക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ അലംഭാവമാണ് കാട്ടിയത്. കഴിഞ്ഞ ഇരുപത്തഞ്ചുവര്‍ഷത്തിനിടെ പകുതിയില്‍ താഴെ കുടുംബങ്ങള്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം അതും അര്‍ഹമായതില്‍ വളരെ കുറച്ചുമാത്രം സര്‍ക്കാര്‍ നല്‍കിയത്. മരണമടഞ്ഞവരുടെ കുടുംബത്തിന് 57,000 രൂപയും അസുഖമുള്ളവര്‍ക്ക് 26,000 രൂപയുമാണ് നല്‍കിവരുന്നത്. വളരെ വൈകിയും ഇഴഞ്ഞും നീങ്ങുന്ന സാമ്പത്തിക സഹായവിതരണം അപകടത്തില്‍പെട്ടവര്‍ക്ക് ഒട്ടും സഹായകരമായ രീതിയിലല്ല നടന്നുവരുന്നത്. കേസ് നടത്തിപ്പിന്റെയും നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനുള്ള ചര്‍ച്ചയുടെയും എല്ലാ ഘട്ടത്തിലും കേന്ദ്രസര്‍ക്കാര്‍ യൂണിയന്‍ കാര്‍ബൈഡിന്റെ ഭാഗത്തുനിന്നുമുണ്ടായ ബോധപൂര്‍വമായ കുറ്റകൃത്യത്തിന്റെ വ്യാപ്തി ലഘൂകരിച്ചുകൊണ്ട് അവരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് യൂണിയന്‍ കാര്‍ബൈഡിനെതിരായ കോടതി നടപടികള്‍ 1993ല്‍ സര്‍ക്കാര്‍ പുനരാരംഭിച്ചു. 1984ല്‍ ജാമ്യമെടുത്ത് അമേരിക്കയിലേക്ക് കടന്ന ഭോപാല്‍ കേസിലെ മുഖ്യപ്രതിയായ യൂണിയന്‍ കാര്‍ബൈഡ് ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സണെ വിചാരണയ്ക്കായി ഇന്ത്യയിലേക്ക് അയക്കണമെന്ന് അമേരിക്കന്‍ സര്‍ക്കാരിനോട് ഇന്ത്യാഗവമെന്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ത്യയിലെ കോടതിനടപടികളെ നേരിടാതെ അമേരിക്കന്‍ സര്‍ക്കാരിന്റെ ഒത്താശയോടെ ആന്‍ഡേഴ്സണ്‍ ന്യൂയോര്‍ക്കില്‍ ആര്‍ഭാടജീവിതം നയിക്കയാണ്. അതിനിടെ കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാര്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥനായിരുന്ന മറ്റൊരു മുഖ്യപ്രതി കേശുബാ മഹേന്ദ്രയ്ക്ക് പത്മഭൂഷണും നല്‍കാന്‍ തീരുമാനിച്ചിരുന്നു. പൊതുജനരോഷത്തെത്തുടര്‍ന്ന് തീരുമാനം പിന്‍വലിക്കേണ്ടിവന്നു.

ഇരുപത്തഞ്ചുവര്‍ഷം പിന്നിടുമ്പോഴും ഭോപാലില്‍ യൂണിയന്‍ കാര്‍ബൈഡ് കമ്പനി നടത്തിയ മനുഷ്യക്കുരുതി ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കൂടുതല്‍ സജീവമായി നിലനില്‍ക്കയാണ്. ബഹുരാഷ്ട്രകമ്പനികളുടെ ചൂഷണത്തിന് രാജ്യത്തെ കൂടുതല്‍ വിധേയമാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നവലിബറല്‍ സാമ്പത്തികനയങ്ങള്‍ക്കെതിരായ എല്ലാതലത്തിലുമുള്ള ബഹുജനങ്ങളെയും അണിനിരത്തിക്കൊണ്ടുള്ള പ്രക്ഷോഭ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് ഈ ഭോപാല്‍ ദിനത്തില്‍ നമുക്ക് പ്രതിജ്ഞയെടുക്കാം.

*
ഡോ. ബി ഇക്ബാല്‍ ദേശാഭിമാനി

വയലാറിന്റെ 'ബലികുടീരങ്ങളേ..'

1957-ലെ ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉത്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് അവതരിപ്പിക്കാന്‍ രചിച്ചതാണ് ഈ ഗാനം. പൊന്‍കുന്നം വര്‍ക്കിയുടെ ചുമതലയില്‍ കമ്മിറ്റി; ഗാനരചനയ്ക്കു വയലാര്‍ ഇരുന്നത് കോട്ടയത്തെ ബെസ്റ്റ് ഹോട്ടലില്‍. ദേവരാജന്റെ സംഗീതസംവിധാനത്തില്‍ അറുപതുപേരാണ് അന്ന് വിജെടി ഹാളിലെ സമ്മേളനത്തില്‍ ഗായകരായത്; അതില്‍ പ്രമുഖര്‍ : കെ.എസ്. ജോര്‍ജ്, സുലോചന, എല്‍.പി.ആര്‍. വര്‍മ, സി.ഒ. ആന്റോ, കവിയൂര്‍ പൊന്നമ്മ, ജോസ് പ്രകാശ്, കൊടുങ്ങല്ലൂര്‍ ഭാഗീരഥിയമ്മ, സുധര്‍മ, ബിയാട്രീസ്, വിജയകുമാരി, ആന്റണി എലഞ്ഞിക്കല്‍.

മണ്ഡപം ഉത്ഘാടനം ചെയ്തത് രാഷ്ട്രപതി രാജേന്ദ്രപ്രസാദ് തിയതി: 14.08.1957 കെ.പി.എ.സി യുടെ അവതരണഗാനമായി ഇത് പിന്നീട് ഉപയോഗിക്കുവാന്‍ തുടങ്ങി.

ബലികുടീരങ്ങളേ! ബലികുടീരങ്ങളേ!
സ്മരണകളിരമ്പും രണസ്മാരകങ്ങളേ!
ഇവിടെ ജനകോടികള്‍ ചാര്‍ത്തുന്നു നിങ്ങളില്‍
സമരപുളകങ്ങള്‍തന്‍ സിന്ദൂരമാലകള്‍... (ബലി...)

ഹിമഗിരിമുടികള്‍ കൊടികളുയര്‍ത്തീ
കടലുകള്‍ പടഹമുയര്‍ത്തി
യുഗങ്ങള്‍ നീന്തിനടക്കും ഗംഗയില്‍
വിരിഞ്ഞു താമരമുകുളങ്ങള്‍
ഭൂപടങ്ങളിലൊരിന്ത്യ നിവര്‍ന്നു
ജീവിതങ്ങള്‍ തുടലൂരിയെറിഞ്ഞു
ചുണ്ടില്‍ഗാഥകള്‍ കരങ്ങളിലിപ്പൂ-
ച്ചെണ്ടുകള്‍; പുതിയ പൌരനുണര്‍ന്നൂ... (ബലി...)

തുടിപ്പു നിങ്ങളില്‍ നൂറ്റാണ്ടുകളുടെ
ചരിത്രമെഴുതിയ ഹൃദയങ്ങള്‍
കൊളുത്തി നിങ്ങള്‍ തലമുറ തോറും
കെടാത്ത കൈത്തിരി നാളങ്ങള്‍
നിങ്ങള്‍ നിന്ന സമരാങ്കണഭൂവില്‍-
നിന്നണഞ്ഞ കവചങ്ങളുമായി
വന്നു ഞങ്ങള്‍ മലനാട്ടിലെ മണ്ണില്‍
നിന്നിതാ പുതിയ ചെങ്കൊടി നേടി.... (ബലി..)

*
കടപ്പാട്: ബീം (BEAME - Bank Employees' Arts Movement Ernakulam) സൂവനീര്‍