ഉത്തരാഖണ്ഡിന്റെ ചൈനയോട് തൊട്ടടുത്ത് കിടക്കുന്ന ഭാഗമാണ് പിത്തോര്‍ഗഢ്. പത്തുവര്‍ഷത്തിനുമുമ്പത്തേതില്‍നിന്ന് വലിയ വ്യത്യാസമൊന്നും ഈ നഗരത്തില്‍ദൃശ്യമല്ല. കുന്നിന്‍ചെരുവിലൂടെ ഊളിയിട്ടിറങ്ങുന്ന റോഡുകള്‍ക്ക് ഒരു മാറ്റവും ഇല്ല. ഏതാനും കെട്ടിടങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നതൊഴിച്ചാല്‍ അടിസ്ഥാനസൌകര്യങ്ങള്‍ പതിറ്റാണ്ടുമുമ്പത്തേതുതന്നെ. പ്രത്യേക സംസ്ഥാനവാദത്തിന്റെ പ്രധാനകേന്ദ്രമായിരുന്നു ഈ നഗരം. പുതിയ സംസ്ഥാനം വന്നിട്ട് ഒമ്പതുവര്‍ഷം പൂര്‍ത്തിയായി. മൂന്നാമത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. എന്നിട്ടും പിത്തോര്‍ഗഢിന് മാറ്റമില്ലെങ്കില്‍ അത് എന്തുകൊണ്ടെന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു.
പ്രത്യേക സംസ്ഥാനവാദത്തിന്റെ മുന്‍നിരയില്‍ നിന്നിരുന്ന പിത്തോര്‍ഗഢിലെ മുകേഷ് പന്ത് പുതിയ സംസ്ഥാനം വരുന്നതോടെ ഉത്തരാഖണ്ഡ് വികസനത്തിന്റെ പാതയില്‍ കുതിക്കുമെന്ന് വിശ്വസിച്ച ആളാണ്. പത്തുവര്‍ഷത്തിനുശേഷം അദ്ദേഹത്തിന്റെ വാദഗതികള്‍ മാറിയിരിക്കുന്നു. വികസനത്തിന് ഏതാനും പേരുടെ വികസനം എന്നര്‍ഥം വന്നിരിക്കുന്നുവെന്ന് പന്ത് പരിതപിച്ചു. നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന കോൺഗ്രസിന്റെയും ബിജെപിയുടെയും ഉത്തരാഖണ്ഡ് ക്രാന്തിദളിന്റെയും നേതാക്കള്‍ക്കുമാത്രമാണ് നേട്ടമുണ്ടായത്. ഉത്തരാഖണ്ഡ് പുതിയ സംസ്ഥാനമായി രൂപീകരിച്ചതോടെ ഉത്തര്‍പ്രദേശിനെ വെല്ലുന്ന അഴിമതിയാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്. വികസപ്രവര്‍ത്തനത്തിന്റെ പേരില്‍ കോൺഗ്രസ്-ബിജെപി നേതാക്കള്‍ കോടികളാണ് കീശയിലാക്കുന്നതെന്നും പന്ത് വെളിപ്പെടുത്തി. പുതിയ സംസ്ഥാനത്തിനുവേണ്ടി വാദിച്ച പന്തിനെപ്പോലുള്ളവര്‍ നിരാശരാണ്. വലിയ സംസ്ഥാനത്തിന്റെ ഭാഗമായപ്പോള്‍ ഉള്ളതില്‍നിന്ന് വ്യത്യസ്തമായി ഒന്നും നടക്കുന്നില്ലെന്ന പന്തിന്റെ വാദം ഓരോ ഉത്തരാഖണ്ഡിയുടെയും വാദമാണ്.
ജാര്‍ഖണ്ഡില്‍നിന്നുള്ള വാര്‍ത്തയും വ്യത്യസ്തമല്ല. ബിഹാറിനെ വിഭജിച്ചാണ് ജാര്‍ഖണ്ഡ് സംസ്ഥാനം രൂപംകൊണ്ടത്. ധാതുലവണങ്ങള്‍കൊണ്ട് സമ്പന്നമാണ് ഈ സംസ്ഥാനം. ബിഹാര്‍ സംസ്ഥാനത്തിന്റെ ഭാഗമാകുന്നതിനേക്കാള്‍ വികസനം പുതിയ സംസ്ഥാനത്തിന്റെ ഭാഗമായി ഉണ്ടാകുമെന്ന് ജനങ്ങളില്‍ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, ചെറിയ സംസ്ഥാനം രൂപംകൊണ്ടതിനൊപ്പം രാഷ്ട്രീയ അനിശ്ചിതത്വവും ജാര്‍ഖണ്ഡിന്റെ കൂടപ്പിറപ്പായി. ആദ്യം ബിജെപിയിലെ ബാബുലാല്‍ മറാണ്ടിയാണ് മുഖ്യമന്ത്രിയായത്. ഏതാനും മാസങ്ങള്‍ക്കുശേഷം ബിജെപി നേതൃത്വം അദ്ദേഹത്തെ മാറ്റി ചെറുപ്പക്കാരനായ അര്‍ജുന്‍ മുണ്ടെയെ മുഖ്യമന്ത്രിയാക്കി. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയ അനിശ്ചിതത്വത്തില്‍നിന്ന് സംസ്ഥാനത്തിന് മോചനമുണ്ടായില്ല. ഈ അനിശ്ചിതത്വം മുതലെടുത്താണ് സ്വതന്ത്രനായ മധുകോഡ കോൺഗ്രസിന്റെയും ആര്‍ജെഡിയുടെയും പിന്തുണയോടെ മുഖ്യമന്ത്രിയാകുന്നത്. കോഡ എന്ന സ്വതന്ത്രന്‍ രണ്ടുവര്‍ഷത്തോളം ധാതുസമ്പന്നമായ സംസ്ഥാനത്തിന്റെ ഭരണം കൈയാളി. 23 മാസത്തെ ഭരണംകൊണ്ട് മധുകോഡ കീശയിലാക്കിയത് 4575 കോടി രൂപയാണ്. ഇന്ത്യയില്‍മാത്രമല്ല ആഫ്രിക്കയില്‍പ്പോലും ഖനികള്‍ വാങ്ങിക്കൂട്ടിയ മധുകോഡ ചെറിയ സംസ്ഥാനങ്ങളുടെ അധികാരം എത്രമാത്രം ദുര്‍വിനിയോഗിക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണ്.
കാലിത്തീറ്റകുംഭകോണംപോലുള്ള കേസുകളില്‍പ്പെട്ട് ബിഹാറിലെ രാഷ്ട്രീയം മലീമസമായപ്പോള്‍ ജാര്‍ഖണ്ഡ് രൂപീകരണം അതില്‍നിന്ന് വ്യത്യസ്തമായ ഒരു മുഖച്ഛായ സൃഷ്ടിക്കുമെന്നായിരുന്നു വാദം. എല്ലാ കുംഭകോണത്തെയും കടത്തിവെട്ടി മധുകോഡ ജാര്‍ഖണ്ഡികളെ തോല്‍പ്പിച്ചു.
മേല്‍പ്പറഞ്ഞ രണ്ട് സംസ്ഥാനങ്ങള്‍ക്കൊപ്പം രൂപംകൊണ്ട മറ്റൊരു സംസ്ഥാനമാണ് ഛത്തീസ്‌ഗഢ്. രാഷ്ട്രീയ അനിശ്ചിതത്വം ഈ സംസ്ഥാനത്തെ വേട്ടയാടി എന്ന് പറയാനാകില്ലെങ്കിലും തീവ്രവാദം സമാന്തര സര്‍ക്കാര്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥിതി ഈ സംസ്ഥാനത്തിനുണ്ടായി. ആന്ധ്രപ്രദേശ് എന്ന വലിയ സംസ്ഥാനം മാവോയിസ്റ് ഭീഷണിയെ ഫലപ്രദമായി നേരിട്ടപ്പോള്‍ വെട്ടിലായത് ചെറിയ സംസ്ഥാനമായ ഛത്തീസ്‌ഗഢാണ്. മാവോയിസ്റ് നേതൃത്വം മുഴുവന്‍ ഈ സംസ്ഥാനത്ത് കേന്ദ്രീകരിക്കുകയും അവര്‍ സംസ്ഥാനത്തിനെതിരെ ആക്രമണം സംഘടിപ്പിക്കുകയും ചെയ്തപ്പോള്‍ പകച്ചുനില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിനെയാണ് കാണാനായത്. ആയിരക്കണക്കിന് ഗ്രാമീണര്‍ ഇതിനകം കൊല്ലപ്പെട്ടു. നാലുലക്ഷത്തോളം ആദിവാസികള്‍ അഭയാര്‍ഥികളാക്കപ്പെട്ടു. മാവോയിസ്റ് ഭീഷണിപോലുള്ളവ നേരിടുന്നതിനുള്ള വിഭവങ്ങളോ ആള്‍ബലമോ സംസ്ഥാനത്തിനില്ലെന്ന് വ്യക്തമാക്കപ്പെട്ടു.
ഭാഷാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ട സംസ്ഥാനങ്ങള്‍ 2000 നവംബറില്‍ പുനര്‍വിഭജിക്കപ്പെട്ടപ്പോള്‍ രൂപംകൊണ്ടതാണ് മേല്‍പ്പറഞ്ഞ മൂന്ന് സംസ്ഥാനങ്ങളും. നേരത്തെയുള്ള അവസ്ഥയില്‍നിന്ന് ഒരിഞ്ച് മുന്നേറാന്‍ ഈ സംസ്ഥാനങ്ങള്‍ക്ക് പല കാരണംകൊണ്ട് കഴിഞ്ഞിട്ടില്ല. പുതിയ സംസ്ഥാനങ്ങള്‍ രൂപംകൊള്ളുന്നതോടെ സ്വാഭാവികമായും വികസനവും ഉണ്ടാകുമെന്ന സിദ്ധാന്തമാണ് തകര്‍ന്നടിയുന്നത്. ആന്ധ്രപ്രദേശിനെ വിഭജിച്ച് തെലങ്കാന പുതിയ സംസ്ഥാനമായി രൂപംകൊള്ളുന്നതോടെ അവിടെ വികസനത്തിന്റെ വെള്ളിവെളിച്ചം എത്തുമെന്ന സിദ്ധാന്തം പ്രായോഗികമായി ശരിയല്ലെന്നര്‍ഥം. കേന്ദ്രത്തോട് വിലപേശി വാങ്ങാന്‍ വലിയ സംസ്ഥാനങ്ങള്‍ക്കുള്ള കരുത്ത് ചെറിയ സംസ്ഥാനങ്ങള്‍ക്കില്ലെന്നതും വസ്തുതയാണ്.
അനുഭവം ഇതാണെങ്കിലും ദിവസം കഴിയുന്തോറും പുതിയ സംസ്ഥാനങ്ങള്‍ക്കുള്ള വാദങ്ങള്‍ രാജ്യത്ത് ശക്തിപ്പെടുകയാണ്. പ്രധാന കാരണം വികസനത്തിന്റെ പങ്ക് തുല്യമായി വീതിക്കപ്പെടുന്നില്ല എന്നതുതന്നെ. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം വര്‍ധിക്കുന്നതോടൊപ്പം മേഖലകള്‍ തമ്മിലും വികസനത്തില്‍ വന്‍ അന്തരം ദൃശ്യമായി. ഇതിന് പ്രധാന കാരണം രണ്ട് ദശാബ്ദമായി ഇന്ത്യ പിന്തുടരുന്ന സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങളാണ്. സാമ്പത്തിക ഉദാരവല്‍ക്കരണം വികസനം കൊണ്ടുവന്നെങ്കിലും അതിന്റെ ഗുണഭോക്താക്കള്‍ തുച്ഛമായിരുന്നു. കൃഷി, വിദ്യാഭ്യാസം, തൊഴില്‍ എന്നീ എല്ലാ മേഖലകളിലും ഈ വ്യത്യാസം പ്രകടമാണ്. തെലങ്കാനയും ഇതില്‍നിന്ന് ഭിന്നമല്ല. കൃഷ്ണയും ഗോദാവരിയും മറ്റും ഇവിടെനിന്ന് ഒഴുകി മറ്റു പ്രദേശങ്ങളെ ഫലഭൂയിഷ്ഠമാക്കുമ്പോള്‍ എന്തുകൊണ്ട് തെലങ്കാനയിലെ കര്‍ഷകര്‍ക്ക് അതിന്റെ ആനുകൂല്യം ലഭിക്കുന്നില്ല? തെലങ്കാനയിലെ പാവപ്പെട്ടവരുടെ വിദ്യാര്‍ഥികള്‍ ഹൈദരാബാദിലെ ഉസ്‌മാനിയ സര്‍വകലാശാലയിലും വാറംഗലിലെ കാകതീയ സര്‍വകലാശാലകളിലും പഠിച്ച് സര്‍ക്കാര്‍ജോലി ഉപജീവനമാര്‍ഗമായി സ്വീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുമ്പോള്‍ സമ്പന്നരായ റെഡ്ഡിമാരുടെയും കമ്മകളുടെയും മക്കള്‍ വിദേശത്ത് പഠിച്ച് ഉയര്‍ന്ന ഉദ്യോഗങ്ങള്‍ നേടുന്നു? ഉദാരവല്‍ക്കരണം സൃഷ്ടിച്ച ഈ അകല്‍ച്ച പുതിയ സംസ്ഥാനവാദങ്ങള്‍ക്ക് എണ്ണയൊഴിക്കുന്നുവെന്നതില്‍ സംശയമില്ല. ഭൂരിപക്ഷം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയത്തിന്റെ ഭാഗം തന്നെയാണ് പുതിയ സംസ്ഥാനത്തിന്റെ വാദങ്ങള്‍ക്കും കാരണമാകുന്നതെന്ന് സംശയലേശമെന്യേ പറയാവുന്നതാണ്.
****
വി ബി പരമേശ്വരന്‍
Tuesday, December 15, 2009
Monday, December 14, 2009
പ്രൊഫഷണല്‍ വിദ്യാഭ്യാസം പരിമിതപ്പെടുത്തരുത്
പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കുവേണ്ടിയുളള പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട ന്യൂനതകള്‍ അക്കാദമിക് സമൂഹത്തിനിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയിട്ട് ഏറെ നാളായി. നിലവിലുളള പോരായ്‌മകള്‍ പരിഹരിക്കണമെന്ന നിര്‍ദേശം വളരെ കാലമായി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഒരു കമീഷനെ നിയമിക്കാനും കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ നടത്താനും തയ്യാറായത് ഇന്ന് കേരളത്തില്‍ ഭരണത്തിലിരിക്കുന്ന ഇടതുപക്ഷജനാധിപത്യ മുന്നണി സര്‍ക്കാരാണ്. വളരെ സ്വാഗതാര്‍ഹമായ ഒട്ടനവധി നിര്‍ദേശങ്ങള്‍ അടങ്ങിയതാണ് എന്‍ട്രന്‍സ് പരിഷ്‌ക്കരണ സമിതിയുടെ റിപ്പോര്‍ട്ട്.
1983 മുതലാണ് പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുളള പ്രവേശനം എന്‍ട്രന്‍സ് പരീക്ഷയിലൂടെ ആക്കിയത്. അതുവരെ കേരളത്തില്‍ യോഗ്യതാപരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവേശനം. 1999ല്‍ കേരള സര്‍ക്കാര്‍ ഒരു കമ്മീഷനെ വയ്ക്കുകയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2000 മുതല്‍ മെഡിസിനും എന്‍ജിനിയറിങ്ങിനും പ്രത്യേകം എന്‍ട്രന്‍സ് പരീക്ഷകളാക്കി മാറ്റി.
2006ല്‍ ആദ്യം പുതിയൊരു കമ്മീഷന്‍ രൂപീകരിച്ചു. ഈ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് 2006 ഡിസംബറില്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്‍ട്രന്‍സ് പരീക്ഷാസമയം അരമണിക്കൂര്‍ വര്‍ധിപ്പിക്കുകയും പട്ടികജാതി- പട്ടികവര്‍ഗ പിന്നോക്ക വിഭാഗക്കാര്‍ ഒഴികെയുള്ളവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷാ ലിസ്റ്റില്‍ കടന്നുകൂടുന്നതിനുള്ള ചുരുങ്ങിയ മാര്‍ക്ക് യോഗ്യതാപരീക്ഷയില്‍ 50 ശതമാനമായി നിജപ്പെടുത്തുകയുംചെയ്തു. ഈ അധ്യയനവര്‍ഷം മുതല്‍ നെഗറ്റീവ് മാര്‍ക്കിന്റെ കാര്യത്തിലും ചെറിയ മാറ്റം വരുത്തി. മുന്‍ വര്‍ഷങ്ങളില്‍ ചോദ്യങ്ങള്‍ക്ക് തെറ്റായ ഉത്തരമെഴുതിയാല്‍ ഒരു മാര്‍ക്കാണ് കുറവു ചെയ്തിരുന്നതെങ്കില്‍ ഈ വര്‍ഷം അത് അരമാര്‍ക്കായി കുറച്ചിട്ടുണ്ട്.
നിലവിലുള്ള എന്‍ട്രന്‍സ് പരീക്ഷാ സമ്പ്രദായം ഒട്ടനവധി ദൌര്‍ബല്യങ്ങള്‍ നിറഞ്ഞതാണ്. പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ക്കുപോലും അശാസ്‌ത്രീയമായ ഈ പ്രവേശന സമ്പ്രദായം കാരണം പ്രൊഫഷണല്‍ കോളേജുകളില്‍ കടന്നുകയറാന്‍ പറ്റാത്ത സാഹചര്യമാണ്. ഇതുമായി ബന്ധപ്പെട്ട് ഈ അധ്യയനവര്‍ഷം തിരുവനന്തപുരത്തെ മൂന്ന് കോളേജില്‍ എസ്എഫ്ഐ ഒരു പഠനം നടത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ഗവ. എന്‍ജിനിയറിങ് കോളേജ്, ശ്രീകാര്യം, ഗവ. ആയുര്‍വേദ കോളേജ് എന്നിവിടങ്ങളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 148 വിദ്യാര്‍ഥികള്‍ സര്‍വേയില്‍ പങ്കെടുത്തു. ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ ഇവരില്‍ 124 പേര്‍ (83.78ശതമാനം) വിവിധ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ പരിശീലനം നേടിയവരാണ്. 148 പേരില്‍ 96 പേര്‍ (64.86 ശതമാനം) കേരളത്തിലെ രണ്ട് പ്രമുഖ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ പഠിച്ചവരാണ്. ഈ കോച്ചിങ് സെന്റര്‍ നിലനില്‍ക്കുന്ന പ്രദേശത്ത് പോയി രണ്ടു വര്‍ഷം താമസിച്ച് പഠനം നടത്തിയവരാണ് പ്രവേശനം ലഭിച്ചവരില്‍ ഭൂരിപക്ഷവും എന്നതാണ് ഇത് വ്യക്തമാക്കുന്നത്. 148 പേരില്‍ 133 പേര്‍ (89.86 ശതമാനം) സ്കൂള്‍ വിദ്യാഭ്യാസം (+2 വരെ) ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ നേടിയവരാണ്. അതില്‍ 15 പേര്‍ (10.13 ശതമാനം) മാത്രമാണ് മലയാളം മീഡിയം സ്കൂള്‍പഠനം നടത്തിയിട്ടുള്ളത്. പ്രവേശനം നേടിയവരില്‍ 132 പേര്‍ (89.19 ശതമാനം) നഗരകേന്ദ്രീകൃത സ്കൂളുകളില്‍ പഠിച്ചവരാണ്. ഈ സര്‍വേയില്‍നിന്ന് മനസ്സിലാകുന്നത് വലിയ സാമ്പത്തികശേഷിയുള്ള കോച്ചിങ് സെന്ററുകളില്‍ പോകാന്‍കഴിയുന്നവര്‍ക്കും നഗരകേന്ദ്രീകൃത വിദ്യാലയങ്ങളില്‍ പഠിച്ചവര്‍ക്കുംമാത്രമേ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടാന്‍ കഴിയുകയുള്ളൂ എന്നതാണ്.
തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജിലെ 526 ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ സര്‍വേയില്‍ പങ്കെടുത്തു. ഇതില്‍ 299 പേര്‍ (56.85 ശതമാനം) എന്‍ട്രന്‍സ് കോച്ചിങ്ങിന് പോയവരാണ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 385 പേര്‍ (73.119 ശതമാനം) ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ പഠിച്ചുവന്നവരാണ്. ഇനിയും ജനറല്‍ കാറ്റഗറിയില്‍ പ്രവേശനം നേടിയവരില്‍ എൺപത് ശതമാനത്തിലധികം നഗരകേന്ദ്രീകൃത സ്കൂളുകളിലാണ് പഠിച്ചത്.
തിരുവനന്തപുരം ആയുര്‍വേദകോളേജില്‍നിന്ന് 66 ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ സര്‍വേയില്‍ പങ്കെടുത്തതില്‍ 61 പേര്‍ (92.42 ശതമാനം) വിവിധ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ പരിശീലനം നേടിയവരാണ്. 55 പേര്‍ (83.33 ശതമാനം) ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ വിദ്യാഭ്യാസം നേടിയവരാണ്. സമൂഹത്തിലെ നല്ല സാമ്പത്തികശേഷിയുളള നഗരകേന്ദ്രീകൃത വിദ്യാലയങ്ങളില്‍ പഠിച്ച് വന്‍തുക കോച്ചിങ്ങിനായി ചെലവഴിച്ചവര്‍ക്ക് മാത്രമേ എന്‍ട്രന്‍സ് പരീക്ഷ വഴി പ്രൊഫഷണല്‍ കോഴ്‌സുകളില്‍ കടന്നുകൂടാന്‍ കഴിയുന്നുള്ളൂ എന്നതാണ് പൊതുവില്‍ സര്‍വേയില്‍ വെളിപ്പെട്ടത്.
വിദ്യാര്‍ഥിയുടെ പഠനമികവും, കോഴ്സിന് ചേരാനുളള അഭിരുചിയുമൊന്നും പ്രവേശന പരീക്ഷയില്‍ ഘടകമാകുന്നില്ല. ഈ ദൌര്‍ബല്യങ്ങള്‍ പരിഹരിച്ചാല്‍മാത്രമേ യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കൂ. ഈ ദിശയിലുളള മാറ്റത്തിന് സഹായകരമാകുന്നതാണ് പുതിയ നിര്‍ദേശങ്ങളായി വന്നിട്ടുള്ളവയില്‍ ഭൂരിപക്ഷവും. എന്‍ട്രന്‍സ് പരീക്ഷയുടെ മാര്‍ക്കിനോടൊപ്പം യോഗ്യതാപരീക്ഷാ മാര്‍ക്കുംകൂടി കണക്കിലെടുക്കണം എന്ന നിര്‍ദേശം പഠനത്തില്‍ മികവുളള, എന്നാല്‍ കോച്ചിങ് സെന്ററില്‍ പോയി വന്‍തുക ചെലവഴിച്ച് പഠനം നടത്താന്‍ ശേഷിയില്ലാത്തവര്‍ക്ക് ഈ മേഖലയിലേക്ക് കടന്നുവരാനുള്ള അവസരമൊരുക്കും. യോഗ്യതാ പരീക്ഷയില്‍ നല്ല മാര്‍ക്ക് നേടാന്‍ കഴിഞ്ഞാലും, എന്‍ട്രന്‍സ് കടമ്പ കടക്കാന്‍ പ്രയാസപ്പെടുന്ന, ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് ഈ തീരുമാനം വളരെയധികം ആശ്വാസം നല്‍കും. 50: 50 എന്ന അനുപാതമാണ് ഇപ്പോള്‍ നിര്‍ദേശമായി വന്നിട്ടുളളത്. നിലവില്‍ നമ്മുടെ രാജ്യത്തെ പല സംസ്ഥാനങ്ങളും ഈ രീതി അവലംബിക്കുന്നുണ്ട്.
എന്നാല്‍, പൂര്‍ണമായും എന്‍ട്രന്‍സ് പരീക്ഷ ഒഴിവാക്കുന്നത് മറ്റ് ചില പ്രയാസങ്ങള്‍ സൃഷ്ടിക്കും. നിലവില്‍ വിവിധ ബോര്‍ഡുകള്‍ നടത്തുന്ന പരീക്ഷകള്‍ പാസായി വരുന്ന വിദ്യാര്‍ഥികളാണ് പ്രവേശനത്തിനുള്ള അപേക്ഷകര്‍. ഈ പരീക്ഷകളില്‍തന്നെ പലതിനെ സംബന്ധിച്ചും ആക്ഷേപങ്ങളുണ്ട്. ന്യൂനതകളും. സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഇന്റേണല്‍ അസെസ്‌മെന്റുമായി ബന്ധപ്പെട്ട് മാര്‍ക്ക് നല്‍കുന്നത് സുതാര്യമല്ല എന്ന നിലപാട് സമൂഹത്തിലുണ്ട്.
പരിഷ്‌ക്കരണ സമിതി റിപ്പോര്‍ട്ട് ഈ മേഖലയിലെ എല്ലാ പ്രശ്നങ്ങളും നൂറ് ശതമാനവും പരിഹരിക്കാന്‍ ഉതകുന്നതാണ് എന്ന് പറയാന്‍ കഴിയില്ലെങ്കിലും വരുത്താന്‍ കഴിയുന്ന നല്ല നിര്‍ദേശങ്ങള്‍ പലതും വിദഗ്ധസമിതി റിപ്പോര്‍ട്ടിന്റെ ഭാഗമായി വന്നിട്ടുണ്ട്. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കൊണ്ടുവന്ന നിര്‍ദേശങ്ങള്‍ അടുത്ത അധ്യയന വര്‍ഷം മുതലെങ്കിലും നടപ്പില്‍ വരുത്തണം. വിദ്യാര്‍ഥികള്‍ക്ക് സഹായകരമായ രീതിയില്‍ ചോദ്യബാങ്ക്, സ്കോളര്‍ഷിപ് ഫണ്ട് എന്നിവയൊക്കെ സ്വാഗതം ചെയ്യാവുന്നതാണ്. എന്നാല്‍, എന്‍ട്രന്‍സ് ഡയറൿടറേറ്റിന് സ്വയംഭരണാവകാശം നല്‍കുന്നതുപോലുളള നിര്‍ദേശങ്ങള്‍ വിശദമായി ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണം.നിലവില്‍ ഇംഗ്ളീഷില്‍ മാത്രമാണ് ചോദ്യപേപ്പര്‍ തയ്യാറാക്കുന്നത്. മലയാളത്തില്‍ക്കൂടി ചോദ്യപേപ്പര്‍ തയ്യാറാക്കണം. നഗരകേന്ദ്രീകൃത വിദ്യാലയങ്ങളില്‍ പഠിക്കുകയും അവിടങ്ങളില്‍ താമസിക്കുകയും ചെയ്യുന്നവര്‍ക്കുമാത്രമായി പ്രൊഫഷണല്‍ വിദ്യാഭ്യാസം പരിമിതപ്പെടാന്‍ പാടില്ല. ഇതിലേക്കായി ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പ്രത്യേക വെയിറ്റേജ് നല്‍കുന്ന കാര്യവും സര്‍ക്കാര്‍ ഗൌരവമായി പരിശോധിക്കണം.
ഇതൊക്കെ വരുമ്പോഴും മറ്റൊരു പ്രശ്‌നവും ചര്‍ച്ചകളില്‍ ഉയരേണ്ടതാണ്. നിലവില്‍ സര്‍ക്കാര്‍ എയ്‌ഡഡ് മേഖലയിലുള്ള മെഡിക്കല്‍ എന്‍ജിനിയറിങ് കോളേജുകളേക്കാള്‍ വളരെ കൂടുതല്‍ സ്വാശ്രയ മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. അവിടങ്ങളില്‍ എന്‍ട്രന്‍സ് പരീക്ഷപോലും ബാധകമാക്കാത്ത സ്ഥിതിയുണ്ട്. മഹാഭൂരിപക്ഷം സ്ഥാപനങ്ങളിലും തോന്നിയപോലെ പ്രവേശനം നടക്കുന്നുവെന്നത് സ്വാശ്രയ മേഖലയുമായി ബന്ധപ്പെട്ട് ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും പരിഹാരമുണ്ടായിട്ടില്ല. വലിയൊരു ശതമാനം സീറ്റ് ഇവിടങ്ങളിലുണ്ടെന്നത് ആശങ്കാവഹമാണ്.
****
പി ബിജു, സെക്രട്ടറി, എസ്എഫ്ഐ

Sunday, December 13, 2009
വിപ്ലവ വായാടികള്‍ വികസനചരിത്രം പഠിക്കണം
വ്യവസായ വകുപ്പ് മന്ത്രി എളമരം കരിമുമായി എന്‍ എസ് സജിത് നടത്തുന്ന അഭിമുഖം
?1957ലെ ഇഎംഎസ് മന്ത്രിസഭ തൊട്ട് കമ്യൂണിസ്റ്റുകാര്‍ നേതൃത്വം നല്‍കുന്ന എല്ലാ മന്ത്രിസഭകളും നടപ്പാക്കിയ ജനക്ഷേമ പദ്ധതികളെയെല്ലാം വിവാദങ്ങളില്‍പ്പെടുത്തി തകര്‍ക്കാനുള്ള ശ്രമമുണ്ടായിട്ടുണ്ട്. ഭൂപരിഷ്കരണവും മാവൂര്‍ റയോണ്‍സ് ഫാക്ടറിയും മുതല്‍ ജനകീയാസൂത്രണം വരെയുള്ള പദ്ധതികളെയും വിവാദങ്ങള്‍കൊണ്ട് കുഴിച്ചു മൂടാനുള്ള ശ്രമങ്ങളാണ് വലതുപക്ഷ ശക്തികളും മാധ്യമങ്ങളും നടത്തിയിട്ടുള്ളത്. ഇപ്പോള്‍ വ്യവസായ മേഖലയില്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ക്കെതിരെയുള്ള പ്രചാരണങ്ങള്‍ കാണുമ്പോള്‍ എന്തുതോന്നുന്നു.
കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കിയത് 57ലെ ഇഎംഎസ് മന്ത്രിസഭയാണ്. ആ സര്‍ക്കാരിന്റെ നയങ്ങള്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജനപിന്തുണ വര്‍ധിപ്പിക്കുമെന്ന ഭയം എല്ലാ പിന്തിരിപ്പന്മാര്‍ക്കും ഉണ്ടായിരുന്നു. വ്യവസായവല്‍ക്കരണത്തിന് കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് അന്നത്തെ 57ലെ സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. പൊതുമേഖലയില്‍ വ്യവസായസ്ഥാപനങ്ങള്‍ വരുന്നത് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തന്നെ സ്വകാര്യനിക്ഷേപം വലിയ തോതില്‍ വരേണ്ടതുണ്ടെന്നതുതന്നെയായിരുന്ന ആ സര്‍ക്കാരിന്റെ കാഴ്ചപ്പാട്. 1956ല്‍ തൃശൂരില്‍ ചേര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രത്യേകസമ്മേളനം 57ലെ തെരഞ്ഞെടുപ്പിന്ശേഷം വരാന്‍ പോകുന്ന സര്‍ക്കാരിനു മുന്നില്‍ വെയ്ക്കേണ്ട വികസന അജന്‍ഡ തയ്യാറാക്കിയിരുന്നു. ഈ വികസന അജന്‍ഡയില്‍ അന്ന് കമ്യൂണിസ്റ്റ് പാര്‍ടി പറഞ്ഞത് മുതലാളിത്ത രാജ്യമെന്ന നിലയില്‍ ഇന്ത്യയില്‍ എല്ലായിടത്തും വരാന്‍ സ്വാതന്ത്ര്യമുള്ള സ്വകാര്യ നിക്ഷേപം കേരളത്തില്‍ മാത്രം വേണ്ടെന്നുവച്ചാല്‍ കേരളമൊരു മരുഭൂമിയായിപ്പോവും, വളരെ പ്രതീക്ഷയോടെ അധികാരത്തില്‍ വരുന്ന സര്‍ക്കാരിനെ അതിവേഗം ജനങ്ങള്‍ തള്ളിക്കളയുന്ന സ്ഥിതിയുണ്ടാവും എന്നാണ്. അധികാരത്തില്‍ വരുന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ജനപിന്തുണ വര്‍ധിപ്പിച്ച് നിലനില്‍ക്കണമെങ്കില്‍ ജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ചുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയേ തീരൂ എന്നായിരുന്നു ആ തൃശൂര്‍ സമ്മേളനത്തിലെ പ്രമേയത്തിന്റെ ഉള്ളടക്കം.
57ലെ സര്‍ക്കാര്‍ ഭൂപരിഷ്കരണത്തിന് ഊന്നല്‍ കൊടുത്തു. അത് നാടുവാഴിത്ത വ്യവസ്ഥിതിയില്‍ മാറ്റം വരുത്തിയ വിപ്ളവകരമായ നടപടിയായി പരിണമിച്ചു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് മാതൃകാപരമായ നടപടികള്‍ മുന്നോട്ടുവച്ചു. തൊഴില്‍സമരങ്ങളില്‍ പൊലീസ് ഇടപെടില്ല എന്ന നയം അന്നാണ് സ്വീകരിച്ചത്. തൊഴിലാളി സംഘടനകള്‍ക്ക് കൂട്ടായ വിലപേശാനുള്ള ശക്തി വര്‍ധിപ്പിച്ചു. കേരളത്തിലെ ജനജീവിതത്തിന്റെ ഇന്നത്തെ വികാസത്തിലേക്ക് നയിച്ച സുപ്രധാനമായ രണ്ടു നടപടികളായിരുന്നു ഇവ. കൂടാതെ പൊതുവിദ്യാഭ്യാസത്തിനും പൊതുജനാരോഗ്യത്തിനും മുന്‍തൂക്കം നല്‍കി. അഭ്യസ്തവിദ്യരായ പുതുതലമുറയ്ക്ക് അനുയോജ്യമായ ആധുനികമായ തൊഴില്‍ സംരംഭങ്ങള്‍ ഇതിനൊപ്പം വരേണ്ടതാണെന്ന കാഴ്ച്ചപ്പാടോടുകൂടിയാണ് മാവൂര്‍ കമ്പനിയടക്കമുള്ള വന്‍കിട വ്യവസായങ്ങള്‍ക്ക് അന്ന് മുന്‍കൈയെടുത്തത്. ഗ്വാളിയര്‍ റയോണ്‍സ് കൂടാതെ പ്രീമിയര്‍ ടയേഴ്സ് വന്നു. 67ല്‍ തോഷിബ കമ്പനി വന്നു. ഈ കമ്പനികള്‍ വരുന്ന കാലത്ത് അന്നത്തെ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇത് കുത്തകമുതലാളിമാര്‍ക്ക് ആനുകൂല്യവും ഇളവും നല്‍കുകയാണെന്ന ആരോപണങ്ങള്‍ ഉന്നയിച്ചു. മാവൂരിലൊക്കെ ഭൂമി ഏറ്റെടുക്കലിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തിയിരുന്നു. അന്ന് ഓര്‍ഗനൈസ്ഡ് അല്ലാതിരുന്നതുകൊണ്ടും ആ പ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോയി.
യഥാര്‍ഥത്തില്‍ മുതലാളിത്ത വ്യവസ്ഥക്ക് എതിരെ സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റുകാരുടെ അടിസ്ഥാന നിലപാടിനെതിരെ ആരോപണമുന്നയിക്കുകയാണ് ചെയ്തത്. അങ്ങനെയാണ് കേരളത്തില്‍ വ്യവസായ വികസനം ചെറിയ തോതിലെങ്കിലും ആരംഭിച്ചത്. 57ലെയും 67ലെയും സര്‍ക്കാരുകള്‍ ചെറുകിട വ്യവസായികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി വ്യവസായ പാര്‍ക്കുകളും, വ്യവസായ എസ്റ്റേറ്റുകളും സ്ഥാപിച്ചു. ഇതൊക്കെ പരിമിതമായ തോതില്‍ വ്യവസായവല്‍ക്കരണത്തിന് വഴി തുറന്നു. വന്‍തോതില്‍ തൊഴിലാളികളുള്ള കയര്‍, കശുവണ്ടി, കൈത്തറി പോലുള്ള പരമ്പരാഗത വ്യവസായങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് 57തൊട്ട് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. 67ല്‍ മംഗ്ളൂര്‍ ഗണേഷ് ബീഡി പൂട്ടിയപ്പോള്‍ സഹകരണമേഖലയില്‍ ദിനേശ് ബീഡി തുടങ്ങിയതൊക്കെ. ഇതിന്റെ ഭാഗമാണ്. പരമ്പരാഗത മേഖലയില്‍ മുതലാളിമാര്‍ കടുത്ത ചൂഷണം നടത്തിയപ്പോഴാണ് വ്യവസായ സഹകരണസംഘങ്ങളിലൂടെ ഈ തൊഴില്‍ സംരക്ഷിക്കാന്‍ നടപടിയെടുത്തത്. ഹാന്‍ഡ്ലൂമിലും കയറിലും ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നത് സഹകരണസൊസൈറ്റികളാണ്.
?ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ക്ക് തുടര്‍ച്ച നഷ്ടപ്പെട്ടുവോ?
ഈ രംഗത്ത് കൈക്കൊണ്ട നിലപാടുകളില്‍ മാത്രം നിന്നാല്‍ പോരെന്ന് ഇപ്പോഴത്തെ സ്ഥിതി പരിശോധിച്ചാല്‍ വ്യക്തമാവും. കേരളം പിന്നെയും മാറി. അഭ്യസ്തവിദ്യരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. ഇവരില്‍ വലിയൊരു ഭാഗവും തൊഴിലന്വേഷിച്ച് കേരളത്തിന് വെളിയിലേക്ക് പോകുകയാണ്. അത് കേരളത്തിന് വലിയ നഷ്ടമാണുണ്ടാക്കുന്നത്. കാരണം പൊതുവിദ്യാഭ്യാസത്തിന് കനത്ത പണം ചെലവാക്കിയാണ് കേരളം ഈ മനുഷ്യശേഷി വികസിപ്പിച്ചെടുക്കുന്നത്. ആ വിഭവശേഷി ഇവിടെത്തന്നെ ചെലവിടുമ്പോഴാണ് സ്റ്റേറ്റിന്റെ റവന്യൂ വര്‍ധിക്കുന്നത്. പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ചെലവ് വര്‍ധിപ്പിക്കാന്‍ ഇങ്ങനെയാണ് കഴിയേണ്ടത്. ഇവര്‍ക്ക് അനുയോജ്യമായ തൊഴില്‍ സംരംഭങ്ങള്‍ കൂടിയേ തീരൂ. നിലവിലുള്ള പരമ്പരാഗത മേഖലകളിലേക്ക് പുതിയ ആളുകള്‍ കടന്നുവരുന്നില്ല. എന്നാല്‍ നിലവിലുള്ളവരെ സംരക്ഷിക്കുകയും വേണം. പുതിയ തലമുറയ്ക്ക് ആവശ്യമുള്ള പുതുതലമുറയില്‍പ്പെട്ട വ്യവസായ സംരംഭങ്ങള്‍ വന്നാല്‍ മാത്രമേ ഇന്ന് കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാവൂ. കേരളം 57മുതല്‍ കൈവരിച്ച നേട്ടം നിലനിര്‍ത്തണമെങ്കില്‍ പുതിയ വികസന പദ്ധതികള്‍ കൂടിയേ തീരൂ. ഇതാണ് നാം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. ആരോഗ്യ, വിദ്യാഭ്യാസ, പൊതുവിതരണമേഖലകളില്‍ സര്‍ക്കാരിന് കൂടുതല്‍ പണം ചെലവഴിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടുകൂടാ. ആ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതികളെ നാം കാണുന്നത്.
സംസ്ഥാനത്ത് വലിയ തോതില്‍ മൂലധനനിക്ഷേപം നടത്താന്‍ കേന്ദ്രത്തിന് താല്പര്യമില്ല. കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളില്‍ വന്‍ മുതല്‍മുടക്ക് രാജ്യത്ത് പലയിടത്തും ഉണ്ടായിട്ടുണ്ടെങ്കിലും കേരളത്തിന് അര്‍ഹമായ വിഹിതം ഇന്നേവരെ കിട്ടിയിട്ടില്ല. കേരളത്തില്‍ ആരംഭിക്കാന്‍ തീരുമാനിച്ച പല പദ്ധതികളും പിന്നീട് മുടങ്ങിപ്പോയിട്ടുണ്ട്. കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ കേന്ദ്രം സ്വീകരിക്കുന്ന നിലപാട് അതാണ്. ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. ഈ സര്‍ക്കാര്‍ വന്നശേഷമാണ് ഏഴ് പൊതുമേഖലാ സംരംഭങ്ങള്‍ കേരളത്തില്‍ ആരംഭിക്കാന്‍ തീരുമാനമുണ്ടായത്. അത് വ്യവസായ വകുപ്പ് നിരന്തരമായ ഇടപെട്ടതിന്റെ ഫലമാണ്. പ്രതിരോധ വകുപ്പിന് കീഴിലുള്ള നാല് സ്ഥാപനങ്ങള്‍ കേരളത്തില്‍ വരാന്‍ സന്നദ്ധമായത്. സംസ്ഥാന പൊതുമേഖലയിലെ ചില സ്ഥാപനങ്ങളുമായി സംയുക്ത സംരംഭങ്ങള്‍ തുടങ്ങാനും ചില കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങള്‍ മുന്നോട്ടുവന്നു.
സ്വമേധയാ കേന്ദ്രത്തിന്റെ നിക്ഷേപം കേരളത്തിലുണ്ടാവാത്ത സാഹചര്യത്തില്‍ വലിയ മുതല്‍മുടക്ക് ആര് നടത്തും. സംസ്ഥാനത്തിന് സാമ്പത്തികമായ കഴിവ് പരിമിതമാണ്. കേന്ദ്രം ഈ സാഹചര്യം മനസ്സിലാക്കി വലിയ തോതില്‍ നിക്ഷേപം നടത്തുന്നുമില്ല. സ്വകാര്യമൂലധനത്തെ തടയുക കൂടി ചെയ്താല്‍ കേരളം വളരെ പിന്നോട്ടുപോകും. ഈയൊരു സാഹചര്യത്തിലാണ് ഇന്ത്യയെന്ന മുതലാളിത്തരാജ്യത്ത് ഭരണഘടനയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ നിന്നുകൊണ്ട് സ്വകാര്യമൂലധന നിക്ഷേപത്തെ തടയാന്‍ നമുക്ക് കഴിയാത്ത സ്ഥിതിയാണ്. ഇതാണ് സര്‍ക്കാര്‍ സ്വീകരിക്കുന്ന പൊതുനിലപാണ്.
ഇനി കേരളത്തില്‍ സ്വകാര്യ മൂലധന നിക്ഷേപം വരുമ്പോള്‍ അതിന് ഒരു കരുതല്‍ വേണമെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ സമീപനം. കേരളത്തില്‍ നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ അനുസരിച്ചായിരിക്കണം വ്യവസായം നടത്തേണ്ടത്. തൊഴിലാളി താല്പര്യങ്ങളെ ബലികഴിക്കുന്ന ഒരു നിലപാടും സ്വീകരിക്കാന്‍ പറ്റില്ല. സെസ് പദവി നല്‍കുന്ന സ്ഥാപനങ്ങളില്‍ തൊഴില്‍ നിയമം ബാധകമാക്കരുതെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ചട്ടം കൊണ്ടുവരുന്നു. ഇവിടെ അത് സാധ്യമല്ല. ഫാക്ടറിനിയമം, വ്യവസായ തര്‍ക്ക നിയമം, ബോണസ് നിയമം, കരാര്‍തൊഴിലാളി നിയമം തുടങ്ങി ഒരു നിയമത്തിലും ഇളവ് നല്‍കാന്‍ സന്നദ്ധമല്ലെന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലാളികളുടെ താല്പര്യം ബലികഴിച്ചുകൊണ്ടുള്ള വികസനം നാം ഉദ്ദേശിക്കുന്നില്ല.
മറ്റൊന്ന് ഭൂമിയുടെ ലഭ്യത കുറവാണ്. ഇത് പരിഗണിച്ചുകൊണ്ടുള്ള വ്യവസായ വികസനമേ കേരളത്തില്‍ നടക്കൂ. വലിയ തോതില്‍ ഭൂമി ആവശ്യമുള്ള രാസവ്യവസായം പോലുള്ളവ കേരളത്തില്‍ അനുയോജ്യമല്ല. എല്ലാ വ്യവസായവും കേരളത്തിലെത്തിക്കുക എന്നത് അപ്രായോഗികമാണ്. ഭൂപ്രകൃതി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതാണ്. ടൂറിസം ത്വരിതവികസനം നേടുന്ന മേഖലയാണ്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കാത്തവയായിരിക്കണം കേരളത്തില്‍ വരുന്ന വ്യവസായങ്ങള്‍ എന്ന കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ നമുക്ക് മുന്‍ഗണന നല്‍കാവുന്ന മേഖല സംബന്ധിച്ച് ഒരു കാഴ്ച്ചപ്പാട് വേണം. സര്‍ക്കാരിന്റെ വ്യവസായ നയത്തില്‍ അത് എടുത്തുപറയുന്നുണ്ട്. ഒന്ന്, ഇലക്ട്രോണിക്, ഐടി മേഖലയാണ്. യാതൊരു പാരിസ്ഥിതിക പ്രശ്നങ്ങളുമില്ല. അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്യും. രണ്ട്, ഭക്ഷ്യസംസ്കരണവ്യവസായ മേഖലയാണ്. കേരളത്തിന്റെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മൂല്യവര്‍ധന വരുത്തുന്ന ഇത്തരം വ്യവസായങ്ങളിലൂടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും കേരളത്തിലെ കര്‍ഷകര്‍ക്ക് താങ്ങാവുകയും ചെയ്യും. മൂന്ന്, ടെക്സ്റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്സ്. അത് വലിയ തോതില്‍ തൊഴിലവസരം സൃഷ്ടിക്കും. പിന്നെയുള്ളത് ജനറല്‍ എന്‍ജിനിയറിങ് സ്ഥാപനങ്ങള്‍. ഐടിസി, ഐടിഐ, പോളിടെക്നിക് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് സാങ്കേതിക വൈദഗ്ധ്യം നേടുന്നവര്‍ക്ക് തൊഴിലവസരം നല്‍കും.
നിലവിലുള്ള പരമ്പരാഗത വ്യവസായങ്ങളെ ആധുനീകരിച്ചും അവയിലെ സാങ്കേതിക വിദ്യ പരിഷ്കരിച്ചും അതില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വരുമാനം കൂടുതല്‍ കിട്ടാനുള്ള അവസരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. അതിന്റെ ഉല്പ്പന്നങ്ങളുടെ വിപണനം ശക്തിപ്പെടുത്തുക, അതില്‍ സാങ്കേതിക പരിജ്ഞാനം നേടിക്കൊടുക്കുക എന്നിവയും ചെയ്യുന്നുണ്ട്. ഈ വിധത്തിലാണ് കേരളത്തിലെ വ്യവസായവല്‍ക്കരണം നടക്കേണ്ടത് എന്നതാണ് കേരളസര്‍ക്കാര്‍ അംഗീകരിച്ച നയം. ഇതിനെയൊക്കെ മറച്ചുവച്ചുകൊണ്ടാണ് പ്രചാരവേല നടക്കുന്നത്. വന്‍തോതില്‍ ഭൂമിക്കച്ചവടത്തിനാണ് ഭൂമി മറിച്ചുകൊടുക്കുന്നു. പരിസ്ഥിതി തകര്‍ക്കുന്ന എന്നമട്ടിലാണ് പ്രചാരണങ്ങള്‍.
വ്യവസായ നയത്തില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ വിസ്മരിച്ചുകൊണ്ടുള്ള ഒരു അനുമതിയും ഇന്നേ വരെ കൊടുത്തിട്ടില്ല. ഒരു വന്‍കിട പദ്ധതിക്കുള്ള പ്രൊപ്പോസല്‍ വന്നാല്‍ അത് നടപ്പാക്കുന്നത് നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഉദാഹരണത്തിന് അമ്പതുകോടിക്ക് മുകളില്‍ നിക്ഷേപമുള്ള പദ്ധതിയാണെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം. അവരുടെ എന്‍വിയോണ്‍മെന്റ് ഇംപാക്ട് അസസ്മെന്റ് സറ്റഡി നടത്തണം. ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രാലയം നിര്‍ദേശിക്കുന്ന നിബന്ധനകളോടെ മാത്രമേ പദ്ധതിക്ക് അനുമതി നല്‍കൂ.
ഇതുപോലും പരിഗണിക്കാതെയുള്ള പ്രചാരവേലകളാണ് ഇപ്പോള്‍ നടക്കുന്നത്. കേരള സര്‍ക്കാരിന്റെ മുന്നില്‍ വരുന്ന വന്‍കിട പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കി ഈ പഠനത്തിന് അയക്കുകയാണ് ചെയ്യുന്നത്. പഠനം നടത്തിയതിന് ശേഷമേ തുടര്‍നടപടികള്‍ ഉണ്ടാവൂ. പരിസ്ഥിതി നാശം സംഭവിക്കുന്നു, ഭൂമി റിയല്‍എസ്റ്റേറ്റ്കാരുടെ കൈയിലെത്തുന്നു തുടങ്ങിയ പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ വഴി സര്‍ക്കാരിന് ജനപിന്തുണ വര്‍ധിക്കുന്നു എന്ന ഭയപ്പാടില്‍ നിന്നും രാഷ്ടീയതാല്പര്യങ്ങളില്‍ നിന്നുമാണ് ഇത്തരം വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രവര്‍ത്തിക്കുന്ന ചില സംഘടനകള്‍ അറിഞ്ഞോ അറിയാതെയോ ഈ പ്രചാരണവേലയുടെ ആയുധമായി മാറുന്നുണ്ട്. എന്നാല്‍ പരിസ്ഥിതി സംരക്ഷണത്തിനായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ചില സംഘടനകളെയും വ്യക്തികളെയും വിലമതിക്കേണ്ടതുണ്ട്. കാരണം പല സന്ദര്‍ഭങ്ങളിലും പരിസ്ഥിതി പ്രശ്നം ശരിയായ രീതിയില്‍ ഇവര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. ഇക്കൂട്ടത്തില്‍ ചിലയാളുകള്‍ നടത്തുന്ന പ്രചാരണങ്ങള്‍ എല്‍ഡിഎഫിനെതിരെ രാഷ്ട്രീയമായ പ്രചാരവേല നടത്തുന്ന ചിലയാളുകള്‍ക്ക് സഹായകമായിത്തീരുന്നുണ്ട്. അത് കേരളീയ സമൂഹം ഗൌരവമായി പരിശോധിക്കണം.
മറ്റൊന്ന് മാധ്യമങ്ങള്‍ സ്വീകരിക്കുന്ന നിഷേധാത്മകനിലപാടാണ് പലപ്പോഴും. ഒരു വിഷയം വന്നാല്‍, കേരളത്തില്‍ വികസനം വരുന്നില്ല, പദ്ധതികള്‍ വരുന്നില്ല, കേന്ദ്രവിഹിതത്തിന്റെ വിഹിതം വിനിയോഗിക്കുന്നില്ല എന്നൊക്കെ വിമര്‍ശിക്കുന്നവര്‍ തന്നെ സര്‍ക്കാരിന് മുന്നില്‍ വരുന്ന പ്രോജക്ടുകളെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. അതിന്റെ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഒരു ശ്രമവും നടത്തുന്നില്ല. അവരും അറിഞ്ഞോ അറിയാതെയോ സര്‍ക്കാരിന്റെ പുതിയ പരിശ്രമങ്ങള്‍ക്കെതിരായ പ്രചാരവേലക്കാരുടെ പക്ഷത്ത് എത്തുന്നു. ഇതെല്ലാം സൃഷ്ടിക്കുന്ന സങ്കീര്‍ണമായ ഒരു അവസ്ഥ ഇന്ന് കേരളം നേരിടുന്നുണ്ട്.
?വികസനക്കാര്യത്തില്‍ എന്തായാലും ഒരു ആശങ്ക ജനങ്ങള്‍ക്കുണ്ട്. പ്രത്യേകിച്ചും പാരിസ്ഥിതിക പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി. സര്‍ക്കാര്‍ ഈ ആശങ്കകളെ എങ്ങനെയാണ് സമീപിക്കുന്നത്. ഉദാഹരണത്തിന് വളന്തകാട് ദ്വീപില്‍ ശോഭാ സിറ്റിയുടെ പ്രോജക്ട് വരുന്നതിനെതിരെ ഒരു പ്രസിദ്ധീകരണം തുടര്‍ച്ചയായി പ്രചാരണം നടത്തുമ്പോള്‍.
കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി മന്ത്രാലയം നടത്തുന്ന എന്‍വിയോണ്‍മെന്റ് ഇംപാക്ട് അസസ്മെന്റ് സ്റ്റഡി വിദഗ്ധന്മാരുടെ പഠനമാണ്. എല്ലാ വിഷയവും അവര്‍ പരിശോധിക്കും. കേരളത്തിലും ഇത്തരം പഠനങ്ങള്‍ നടത്താന്‍ കഴിയുന്ന സെസ് പോലുള്ള ഏജന്‍സികളുണ്ട്. ആശങ്കയുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും അവരുടെ പരാതികള്‍ പരിശോധിക്കാനും സര്‍ക്കാര്‍ സന്നദ്ധമാണ്. ഇതില്‍ അടഞ്ഞ സമീപനമല്ല സ്വീകരിക്കുന്നത്. അവര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ഓരോന്നായി ചര്‍ച്ച ചെയ്ത് പരിഹാര നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ഉദാഹരണത്തിന് വളന്തകാട് പ്രദേശത്ത് കണ്ടല്‍കാട് വന്‍തോതില്‍ നശിപ്പിക്കപ്പെടുമെന്ന ആക്ഷേപം വന്നു. അവിടെ സാധാരണ ജനങ്ങള്‍ മറ്റെല്ലായിടത്തുമെന്ന പോലെ സാധാരണ നിലയ്ക്ക് ജീവിച്ചുവന്ന പ്രദേശമാണ്. ഇവിടെ ഒരു പുതിയ പ്രോജക്ട് നടപ്പാക്കുമ്പോള്‍ പാരിസ്ഥിതിക ആഘാതം എന്താവുമെന്നും അതിനുള്ള പരിഹാരമാര്‍ഗം എന്തെന്നും പരിശോധിക്കാതെ ഒരു പദ്ധതിക്കും സര്‍ക്കാര്‍ അനുമതി നല്‍കില്ല. തീര സംരക്ഷണ നിയമം പരിപാലിപ്പിക്കപ്പെടും. കണ്ടല്‍കാടിന്റെ കാര്യത്തില്‍ എന്താണ് നിലവിലുള്ള നിയമം അത് പാലിക്കുമെന്നതില്‍ തര്‍ക്കമില്ല. അതുപോലെ നീര്‍ത്തടങ്ങള്‍ സംരക്ഷിക്കമെന്ന കാര്യത്തില്‍ സര്‍ക്കാരിന് സംശയമേതുമില്ല. ഇതെല്ലാം സംരക്ഷിച്ചുകൊണ്ട് ആ പദ്ധതി നടപ്പാക്കാന്‍ സാധിക്കുമോ എന്നാണ് പരിശോധിക്കേണ്ടത്. ആ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. അതുപോലും പാടില്ലെന്ന നിലപാടാണ് ചിലര്‍ക്കുള്ളത്. ഒരു പദ്ധതി വരുമ്പോള്‍ ഏതാനും വൃക്ഷങ്ങള്‍ മുറിച്ചുമാറ്റേണ്ടിവന്നാല്‍ അതിന് വനംവകുപ്പ് തന്നെ നിര്‍ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങളുണ്ട്. മുറിച്ചു മാറ്റുന്ന മരത്തിന് പകരം ഇത്ര മരങ്ങള്‍ വച്ചുപിടിപ്പിക്കണമെന്ന തരത്തില്‍.
ഏലൂരില്‍ ടി സി സിയുടെ സ്ഥലത്ത് കണ്ടെയ്നര്‍ ഫ്രെയ്റ്റ് സ്റ്റേഷന്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചു. വല്ലാര്‍പാടം ടെര്‍മിനല്‍ പൂര്‍ത്തിയായി വരുമ്പോള്‍ അതിനാവശ്യമായ അടിസ്ഥാന സൌകര്യമൊരുക്കുന്നതിനാണിത്. ടിസിസി കമ്പനിയുടെ സ്ഥലത്ത് നിറയെ മരങ്ങള്‍ വളര്‍ന്നിരുന്നു. അതില്‍ ഒരു മരം മുറിക്കുമ്പോള്‍ പത്തുമരം നടണമെന്ന കരാറാണ് ജില്ലാ ഭരണകൂടവും കമ്പനിയും ചേര്‍ന്ന് ഉണ്ടാക്കിയത്. അത് ഇപ്പോള്‍ നടപ്പായിക്കൊണ്ടിരിക്കയാണ്. ഈ നിലയിലുള്ള പരിഹാരമാര്‍ഗങ്ങള്‍ ഉണ്ടെന്നിരിക്കെ അതെല്ലാം പരിശോധിച്ചുകൊണ്ട് ഇത് നടപ്പാക്കാന്‍ കഴിയുമോ എന്ന പരിശോധനക്കുപോലും അനുവദിക്കില്ല എന്ന മട്ടിലാണ് എതിര്‍പ്പ് വരുന്നത്. ഈ എതിര്‍പ്പുകള്‍ സോദ്ദേശ്യപരമല്ല എന്നു തോന്നാനുള്ള കാരണം അതാണ്.
?ശോഭാ ഹൈടെക് സിറ്റിക്കുള്ള പ്രാഥമിക നടപടികള്‍ പോലും ആവുന്നതിന് മുമ്പാണോ എതിര്‍പ്പുകള്‍
ശോഭാ ഹൈടെക് സിറ്റി അയ്യായിരം കോടി രൂപയുടെ നിക്ഷേപം വരുന്ന ഒരു പ്രോജക്ട് സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിക്കുക മാത്രമാണ് ചെയ്തത്. എഴുപത്തയ്യായിരം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുമെന്നാണ് വാഗ്ദാനം. ഐടി, ഇലക്ട്രോണിക് മേഖലയില്‍ ഇത്രയും തൊഴില്‍ നല്‍കുന്നതിന് അവര്‍ നിര്‍മിക്കാന്‍ പോകുന്ന കെട്ടിടങ്ങള്‍ എന്തൊക്കെയാണ്, അതിന്റെ വിസ്തൃതി എന്താണെന്നുമൊക്കെ അവര്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ പൊതുവില്‍ അംഗീകരിച്ച നയം അനുസരിച്ച് ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയെക്കാള്‍ കൂടുതല്‍ ഭൂമിയെടുക്കുന്നുണ്ടെങ്കില്‍ അത് വ്യവസായ ആവശ്യത്തിന് തന്നെ ഉപയോഗിക്കണമെന്ന കര്‍ശന വ്യവസ്ഥ മുന്നോട്ടുവയ്ക്കുന്നുണ്ട്. മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. ആകെ ഭൂമിയുടെ എഴുപത് ശതമാനം എങ്കിലും വ്യവസായ ആവശ്യത്തിന് മാത്രം ഉപയോഗിക്കണം. ബാക്കി സ്ഥലം അനുബന്ധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. അവിടെ ജോലിക്ക് വരുന്നവര്‍ക്ക് പാര്‍പ്പിടം, ഹോട്ടലുകള്‍ എന്നിവ ആവശ്യമായി വരും. ഈ വ്യവസ്ഥകള്‍ അംഗീകരിക്കാമെന്നതാണ് സര്‍ക്കാരിനോട് ശോഭ ഹൈടെക് സിറ്റി പറഞ്ഞിട്ടുള്ളത്. ഇതിന് എഗ്രിമെന്റും കണ്ടിഷനുമുണ്ടാക്കണം. പിന്നെ അവരുടെ കൈവശമുള്ള ഭൂമി പരിശോധിക്കണം. ആ ഭൂമി പാരിസ്ഥിതികമായി സെന്‍സിറ്റീവ് ആണെങ്കില്‍ അത് ഒഴിവാക്കണം. കായല്‍ തീരത്ത് എത്ര അകലം പാലിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് എന്നൊക്കെയുള്ള കാര്യങ്ങളാണ് പരിശോധിക്കേണ്ടത്. ആ പരിശോധന നടത്താനുള്ള ഒരു പഠനത്തിലേക്ക് പോകുക എന്നതാണ് ഇതിന്റെ ആദ്യപടി. അതുപോലും ചെയ്യുന്നതിനു മുമ്പാണ് ഇത്തരം എതിര്‍പ്പുകളും ആക്ഷേപങ്ങളും വരുന്നത്. അത് സാധാരണപോലെ മനുഷ്യര്‍ ജീവിച്ച സ്ഥലമാണ്. ഇപ്പോഴും കുറച്ചുപേരുണ്ട്. ചില വീടുകളുമുണ്ട്. അതെല്ലാം പഠിക്കാന്‍ പോലും സമ്മതിക്കുന്നില്ല എന്നത് തീര്‍ത്തും നിഷേധാത്മകമാണ്.
?കേരളത്തില്‍ എന്തു വ്യവസായം വന്നാലും സമരോത്സുകരായ തൊഴിലാളികള്‍ അത് നശിപ്പിക്കും എന്ന പ്രചാരണം പണ്ടുമുതലുണ്ട്. ഈ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ടോ.
കേരളത്തില്‍ വ്യവസായശാലകള്‍ ട്രേഡ് യൂണിയനുകളുടെ സമരം മൂലം അടച്ചിടുന്നത് ഒരു അപൂര്‍വ സംഭവമാണ്. പണിമുടക്കുകള്‍ വഴി തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെടുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഏറ്റവും പിന്നിലാണ് കേരളത്തിന്റെ സ്ഥാനം. തൊഴിലാളികളുടെയും യൂണിയനുകളുടെയും മനോഭാവത്തില്‍ മാറ്റം വന്നു. ആഗോളവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത മത്സരം നേരിടുന്ന വ്യവസായങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ ഉല്‍പ്പാദനക്ഷമത കൂടണം, ഉല്പന്നങ്ങളുടെ ഗുണം മെച്ചപ്പെടണം എന്നീ കാര്യങ്ങളിലൊക്കെ വളരെ ഉയര്‍ന്ന ചിന്തയാണ് തൊഴിലാളികള്‍ക്കും യൂണിയനുകള്‍ക്കും ഉള്ളത്. തൊഴിലാളികളുടെ മിലിറ്റന്‍സി വ്യവസായവല്‍ക്കരണത്തിനും നിക്ഷേപത്തിനും തടസ്സമാണെന്ന വാദം ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. പ്രധാനപ്പെട്ട ഒരു സ്ഥാപനത്തിലും ഈയടുത്ത കാലത്ത് ലേബര്‍ അണ്‍റെസ്റ്റ് ഉണ്ടായിട്ടില്ല. എന്നാലും അസംഘടിത തൊഴില്‍ മേഖലയില്‍ ചില പ്രശ്നങ്ങളുണ്ട്. നിര്‍മാണ, ചുമട്ടുതൊഴിലാളി മേഖലകളില്‍ ചില സ്ഥലത്തെങ്കിലും അന്യായമായ കൂലി ചോദിക്കലും നോക്കുകൂലിയും മറ്റുമുണ്ട്. ഇത് ഒറ്റപ്പെട്ട പ്രവണതകളാണ്. ഇതെക്കുറിച്ച് ഒരു പൊതുചര്‍ച്ച അടുത്ത കാലത്ത് ഉയര്‍ന്നുവന്നതിനാല്‍ ഈ പ്രവണതക്ക് മാറ്റം വരാന്‍ സാധ്യതയുണ്ട്. പണ്ടത്തെ ആക്ഷേപം നിലനില്‍ക്കുന്നില്ല.
?പ്രത്യേകസാമ്പത്തിക മേഖലയുടെ കാര്യത്തില്‍ സിപിഐ എം രാജ്യവ്യാപകമായി ഒരു നിലപാട് സ്വീകരിച്ചിട്ടുണ്ട്. കേരളത്തില്‍ സെസ് വരുമ്പോഴുള്ള ആശയക്കുഴപ്പത്തെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്.
സെസ് നിയമം വന്നപ്പോള്‍ ഇടതുപക്ഷ പാര്‍ടികളും ട്രേഡ് യൂണിയനുകളും ശക്തമായി എതിര്‍ത്തിരുന്നു. എതിര്‍പ്പുകളുടെ അടിസ്ഥാനത്തില്‍ നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്രം തയ്യാറായി. നേരത്തെ സെസ് ബാധകമാവുന്ന പ്രദേശത്തെ ഭൂമിയുടെ നാല്‍പ്പത് ശതമാനം വ്യവസായങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചാല്‍ മതി ബാക്കി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നായിരുന്നു നേരത്തെയുള്ള നയം. അതിലിപ്പോള്‍ കേന്ദ്രം മാറ്റം വരുത്തി. അമ്പത് ശതമാനം ഭൂമി വ്യവസായാവശ്യങ്ങള്‍ക്ക് ഉപയോഗിക്കണം എന്നാക്കി. സെസ്സിനുള്ള മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ അക്വയര്‍ ചെയ്ത് കൊടുക്കേണ്ടതില്ല എന്ന മാറ്റവും വരുത്തി. ആകെ ഭൂമിയുടെ മുപ്പത് ശതമാനം മാത്രമേ സര്‍ക്കാര്‍ അക്വയര്‍ ചെയ്ത് കൊടുക്കേണ്ടതുള്ളൂ. ബാക്കിയുള്ളത് സംരംഭകര്‍ തന്നെ വാങ്ങണം എന്നീ നിബന്ധനകളും നിയമത്തിലുള്‍പ്പെടുത്തി. അത് ജനങ്ങളുടെ എതിര്‍പ്പിന്റെ ഫലമാണ്. മറ്റു സംസ്ഥാനങ്ങളിലേതുപോലെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഉപയോഗിച്ചുകൊണ്ടുള്ള സെസ് കേരളത്തിലേക്ക് പ്രായോഗികമേയല്ല. സെസ് നിയമമനുസരിച്ച വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന സെസ് ആണെങ്കില്‍ ആയിരം ഹെക്ടര്‍ ഭൂമി വേണം. അതായത് രണ്ടായിരത്തഞ്ഞൂറ് ഏക്കര്‍. സിംഗിള്‍ പ്രോഡക്ട് സെസ് ആണെങ്കില്‍ 250 ഏക്കര്‍ മതി. ഐടി സെസ് ആണെങ്കില്‍ 25 ഏക്കര്‍ മതി. കേരളത്തില്‍ ഇതേവരെ അനുവദിച്ചതില്‍ ഏറ്റവും വലുത് വല്ലാര്‍പാടം പദ്ധതിയുമായി ബന്ധപ്പെട്ട കൊച്ചി തുറമുഖത്തെ സെസ് ആണ്. ബാക്കിയെല്ലാം ഐടി സെസ് ആണ് കേരളത്തില്‍ അനുവദിച്ചത്. ഇതുകൂടാതെ 250 ഏക്കറിന് അനുമതി കിട്ടിയത് വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റിന്റെ ഭാഗമായ പ്രോജക്ട് ആണ്. ഇത് കേന്ദ്രപൊതുമേഖലാ സ്ഥാപനമാണ്. അവരുടെ കൈവശമുള്ള ഭൂമിയാണ്. ആര്‍ക്കും ഒരു തര്‍ക്കവുമില്ല. ബാക്കിയെല്ലാം ഐടി സെസ് ആണ്. അതില്‍ പ്രധാനപ്പെട്ടത് ടെക്നോപാര്‍ക്കാണ്. അത് സര്‍ക്കാരിന്റേതുതന്നെ. സ്മാര്‍ട് സിറ്റിയുടെ ഭാഗമായുള്ളതാണ് മറ്റൊന്ന്. വകുപ്പിന് മുന്നിലെത്തിയ മറ്റ് പ്രൊജക്ടുകളെല്ലാം ഐടിയുമായി ബന്ധപ്പെട്ടതാണ്. ഇതല്ലാതെ വലിയ തോതില്‍ ഭൂമി ആവശ്യമുള്ള സെസ്സിനും അപേക്ഷ നല്‍കിയിട്ടില്ല, അതിനുള്ള സാഹചര്യവും കേരളത്തിലില്ല.
രണ്ട്, കേരളത്തില്‍ സെസ് അനുവദിക്കുമ്പോള്‍ കേരളം ഒരു മാര്‍ഗരേഖ അംഗീകരിച്ചിട്ടുണ്ട്. അത് കേന്ദ്രത്തിന്റെ മാര്‍ഗരേഖയില്‍ നിന്ന് വ്യത്യസ്തമാണ്. ആകെ ഭൂമിയുടെ 70ശതമാനം വ്യവസായ ആവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാവൂ എന്നും ഒരു തൊഴില്‍ നിയമത്തില്‍ നിന്നും സെസ്സിനെ ഒഴിവാക്കില്ല എന്നുമാണ്. തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ഒരു നികുതിയും ഒഴിവാക്കപ്പെടില്ല. പഞ്ചായത്തിനും കോര്‍പറേഷനും നികുതി നഷ്ടപ്പെടില്ല. ഇത്രയും കാര്യങ്ങള്‍ അംഗീകരിക്കുന്നവര്‍ക്ക് മാത്രമേ സെസ് ശുപാര്‍ശ നല്‍കുന്നുള്ളൂ. അതുകൊണ്ട് പരമാവധി സംരക്ഷണം നല്‍കുന്നുണ്ട്. സെസ്സിലെ സംരംഭകര്‍ക്ക് ചില ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. സെസ്സ് ആയി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളിലേക്ക് നിര്‍മാണത്തിനും മറ്റും കൊണ്ടുവരുന്ന സാമഗ്രികള്‍ക്ക് എക്സൈസ് തീരുവ ഇളവ് നല്‍കുന്നുണ്ട്. അങ്ങനെയുള്ള ആനുകൂല്യങ്ങളാണ് ആകര്‍ഷണം. ഇവിടുത്തെ ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും കയറ്റുമതി ലക്ഷ്യമാക്കിയുള്ളതാണ്. ആഭ്യന്തര വിപണിയില്‍ മുഴുവന്‍ വില്‍ക്കാന്‍ പറ്റില്ല. ഇത്തരം സെസ്സുകള്‍ കേന്ദ്രനയത്തിന്റെ ഭാഗമായി പല സംസ്ഥാനത്ത് വരികയും അവിടെയെല്ലാം പുതിയ സംരംഭങ്ങള്‍ വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ കര്‍ശനമായ വ്യവസ്ഥകളോടെയെങ്കിലും അനുമതി നല്‍കാന്‍ കേരളം തീരുമാനിച്ചത്. ഇന്ത്യയില്‍ ഒരിടത്തും സെസ് ഇല്ലെങ്കില്‍ ഇവിടെ അനുവദിക്കുന്ന പ്രശ്നമില്ല. ഇല്ലെങ്കില്‍ സെസ് മാതൃകയിലുള്ള ഒരു സ്ഥാപനവും കേരളത്തില്‍ വരാതെയാവും. നിര്‍ബന്ധിതാവസ്ഥയിലാണ് സെസ്സിന് അനുമതി നല്‍കുന്നത്. സന്തോഷത്തോടുകൂടിയല്ല അനുമതി നല്‍കുന്നത്. ഇന്ത്യയില്‍ മറ്റിടങ്ങളില്‍ സെസ് ഇല്ലെങ്കില്‍ കേരളം അതെക്കുറിച്ച് ചിന്തിക്കുന്ന പ്രശ്നമില്ല. സെസ്സിനോടുള്ള നയപരമായ എതിര്‍പ്പ് നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരു ഫെഡറല്‍ സംവിധാനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ പരിമിതികൊണ്ടാണ് ഈ നിലപാട് സ്വീകരിക്കുന്നത്. അല്ലാതെ സിദ്ധാന്തപരമായ വിട്ടുവീഴ്ചകളല്ല.
?കേരള സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന കര്‍ശനമായ ഇത്തരം വ്യവസ്ഥകള്‍ സംരംഭകര്‍ക്ക് സ്വീകാര്യമാവുന്നുണ്ടോ.
അംഗീകരിക്കുന്നുണ്ട്. കൊച്ചി തുറമുഖത്തെ സെസ്സില്‍ ട്രേഡ് യൂണിയന്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു പ്രശ്നവുമില്ല. തൊഴിലാളി സംഘടനകളുള്ളതുകൊണ്ട് അംഗീകാരം കിട്ടാതിരിക്കുന്ന പ്രശ്നമില്ല. ടെക്നോ പാര്‍ക്കിലും യൂണിയനുമുണ്ട്. അവിടുത്തെ തൊഴില്‍പ്രശ്നങ്ങളില്‍ തൊഴില്‍വകുപ്പ് ഇടപെടുന്ന സ്ഥിതിയുണ്ടായി. ആഗോളമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും തൊഴില്‍മന്ത്രിയും ഇടപെട്ട് സ്ഥാപന മേധാവികളുടെ യോഗം വിളിച്ച് ജീവനക്കാര്‍ക്ക് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടു. ഇത്തരം ഇടപെടലുകള്‍ക്കൊന്നും യാതൊരു തടസ്സവുമില്ല.
അതേസമയം, ഫ്ളെക്സിബിലിറ്റി വേണമെന്ന തൊഴിലുടമകളുടെ വാദത്തോട് യോജിപ്പില്ല. പക്ഷേ നന്നായി ജോലി ചെയ്യണം, ഉല്‍പ്പാദനക്ഷമത, ഗുണം എന്നീ കാര്യങ്ങളില്‍ കര്‍ശന നിലപാട് എടുക്കുന്നതില്‍ വിയോജിപ്പുമില്ല. എങ്കിലേ മത്സരക്ഷമത നിലനിര്‍ത്താന്‍ കഴിയൂ.
?മന്ത്രിസഭയിലെ മറ്റാരെക്കാളും കൂടുതല്‍ വിവാദങ്ങള്‍ ആക്ഷേപങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇരയായിട്ടുണ്ട് താങ്കള്‍. എച്ച് എം ടി ഭൂമി വിവാദത്തില്‍ ആക്ഷേപം എല്ലാ പരിധിയും വിട്ടിരുന്നു. ഇത്തരം കടന്നാക്രമണങ്ങളെ വ്യക്തിപരമായി എങ്ങനെയാണ് കാണുന്നത്. അതിന്റെ സമ്മര്‍ദങ്ങളെ എങ്ങനെയാണ് മറികടക്കാനാവുന്നത്
തീര്‍ച്ചയായും കടുത്ത സമ്മര്‍ദ്ദത്തിന് അടിപ്പെട്ടിരുന്നു. എച്ച് എം ടി പ്രശ്നം വിവാദമായപ്പോള്‍ വ്യവസായ വകുപ്പ് പൊതുവിലും മന്ത്രിയെന്ന നിലയില്‍ കൈക്കൊണ്ട നിലപാട് തെറ്റായിരുന്നില്ല എന്ന ഉറച്ച വിശ്വാസം എനിക്കുണ്ടായിരുന്നു. അതുകൊണ്ട് ഈ എതിര്‍പ്പ് അധികകാലം നിലനില്‍ക്കില്ലെന്നും സത്യാവസ്ഥ ബോധ്യപ്പെടുത്താനാവുമെന്നും വിശ്വാസമുണ്ടായിരുന്നു. അത്രമാത്രം ആലോചിച്ചാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. താല്‍ക്കാലികമായി വിവാദങ്ങള്‍ ഉയര്‍ത്തി ആക്ഷേപങ്ങള്‍ ചൊരിഞ്ഞെങ്കിലും അവസാനം അവര്‍ വിജയിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് അതിനെ നേരിടാന്‍ സാധിച്ചു.
വ്യവസായ വകുപ്പിന് മുന്നില്‍ സമര്‍പ്പിക്കുന്ന പ്രോജക്ടുകള്‍ സര്‍ക്കാരിന്റെ പൊതു അംഗീകാരത്തിനുവേണ്ടി സമര്‍പ്പിച്ച് ചര്‍ച്ച നടത്തുകയാണ് സ്വാഭാവികരീതി. അതിന്റെയെല്ലാം കുറ്റം വ്യവസായ വകുപ്പിന് മാത്രമായി ചാര്‍ത്തിക്കൊണ്ട് നടത്തുന്ന പ്രചാരവേലകള്‍ വസ്തുത മനസ്സിലാക്കാതെയോ ബോധപൂര്‍വം വളച്ചൊടിക്കലോ ആണ്. സര്‍ക്കാരാണ് ഇതില്‍ അവസാനതീരുമാനമെടുക്കുന്നത്. ഒരു വകുപ്പ് മാത്രമായല്ല. ഒരു കമ്പനിക്ക് അല്ലെങ്കില്‍ വ്യക്തിക്ക് കേരളത്തില്‍ പതിനഞ്ച് ഏക്കര്‍ ഭൂമി കൈവശം വെക്കാനോ അധികാരമുള്ളൂ. ഇതില്‍ നിന്ന് തോട്ടങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. അല്ലാത്തതിന് സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കുകയാണ് ചെയ്യുന്നത്. ഈ അനുമതി ബിര്‍ലക്ക് കൊടുത്തിട്ടുണ്ട്. അപ്പോളോ ടയേഴ്സിനും പ്രീമിയര്‍ ടയേഴ്സിനും പഴയ പുനലൂര്‍ പേപ്പര്‍ മില്ലിനും കൊടുത്തിട്ടുണ്ട്. ശോഭാ ഹൈടെക് സിറ്റിയോ ഇപ്പോള്‍ സമര്‍പ്പിക്കുന്ന പ്രോജക്ടുകളോ മുന്നൂറും നാനൂറും ഏക്കര്‍ ഭൂമി ആവശ്യപ്പെടുമ്പോള്‍ അതില്‍ ഒരു പുതുമയുമില്ല. അതൊന്നും നിയമവിരുദ്ധമല്ല. നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് വ്യവസായത്തിന് നല്‍കുന്ന സംരക്ഷണമാണിത്.
മുന്നൂറിലേറെ ഏക്കറാണ് 57ല്‍ ബിര്‍ലക്ക് കൈവശം വയ്ക്കാന്‍ അനുമതി കൊടുത്തത് ഒരു പള്‍പ്പ് ഫാക്ടറി സ്ഥാപിച്ച് കേരളത്തിലെ കുറേയേറെ പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്നതുകൊണ്ടാണ്. അത് കേരളത്തിന്റെ സമ്പദ്ഘടനയില്‍ ചലനമുണ്ടാക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ്. അതേ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോഴും ചെയ്യുന്നത്. ഇതെന്തോ പുതിയ കാര്യമാണെന്ന മട്ടിലാണ് പ്രചാരണം. പുതിയ ഇളവ് നല്‍കുന്നു, ഭൂപരിഷ്കരണത്തില്‍ വെള്ളം ചേര്‍ക്കുന്ന എന്ന് പറയുന്നതില്‍ ഒരടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ്. ഇത്തരം കള്ളങ്ങള്‍ ആവര്‍ത്തിച്ചു പ്രചരിപ്പിക്കുകയാണ്. ഈ പദ്ധതികള്‍ക്കൊന്നും നിലവിലുള്ള നിയമം വച്ച് അനുമതി നല്‍കാന്‍ കഴിയാത്ത സാഹചര്യമില്ല. നിയമത്തില്‍ നിന്നുകൊണ്ടു തന്നെ ഏതെങ്കിലും ഇളവ് നല്‍കാന്‍ അതില്‍ തന്നെ വ്യവസ്ഥയുണ്ടാകും. പ്രത്യേകസാഹചര്യത്തില്‍ പ്രത്യേക പ്രശ്നങ്ങളെ നേരിടാന്‍ വേണ്ടിയാണിത്. ഒരു നിയമവും ഭേദഗതി ചെയ്യുന്നില്ല, ഒരു നിയമവും റദ്ദാക്കുന്നില്ല. കണ്ണടക്കുന്നുമില്ല. നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കണമെന്നാണ് ഞങ്ങള്‍ പറയുന്നത്.
പിന്നെയുള്ളത് വസ്തുതാപരമല്ലാത്ത ആരോപണങ്ങളാണ്. മാവൂരിലെ പുതിയ പ്രശ്നമെടുത്താന്‍ ഇതുവ്യക്തമാണ്. അവിടെ പരിസ്ഥിതി പ്രശ്നമല്ല. നികത്താന്‍ അവിടെ നെല്‍വയലില്ല. ആ ഭൂമി ഒന്നിച്ച് ഗ്രാസിം കൈവശം വച്ചിരിക്കയാണ്. അതുകൊണ്ട് ഭൂപരിധി നിയമം ഇപ്പോള്‍ ഇളവു ചെയ്യണമെന്ന് പറയുന്നതില്‍ അര്‍ഥമില്ല. അവിടെ വരാന്‍ പോകുന്ന ഇലക്ട്രോണിക്സ്, ഐടി വ്യവസായങ്ങള്‍ യാതൊരു മലിനീകരണവും ഉണ്ടാക്കുന്നുമില്ല. പിന്നെന്തിനാണ് എതിര്‍പ്പ്. ബിര്‍ല പണ്ടു പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടായ മലിനീകരണം മൂലം മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയാലേ ബിര്‍ലയെ മാവൂരില്‍ കാലുകുത്താന്‍ അനുവദിക്കൂ എന്നാണ് ഇപ്പോള്‍ കുറെപ്പേര്‍ പറയുന്നത്. ഇത്തരം നിലപാട് ആരെ സഹായിക്കും? ഭോപ്പാലിലേതുപോലെ കൂട്ടമരണം മാവൂരില്‍ സംഭവിച്ചതായോ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കിയതായോ ഇതുവരെ അറിവില്ല. ബിര്‍ല ഒരു പ്രോജക്ടുമായി മുന്നോട്ടുവരുമ്പോഴാണ് ഇതൊക്കെ. അതുവരെ ആര്‍ക്കും പരാതിയില്ല. പുതിയ കേസ് ബില്‍ഡ് അപ് ചെയ്യുകയാണ്. ഒന്നും നടക്കാന്‍ പാടില്ല എന്നതു തന്നെയാണ് ഇതിന്റെ അന്തിമലക്ഷ്യം.
?മാധ്യമങ്ങളുടെപക്ഷം ചേരല്‍ ഇതിലെല്ലാം വളരെ പ്രകടമല്ലേ
ഒരു സംഭവം ഒരു വാര്‍ത്തയായി വരുമ്പോള്‍ അത് പ്രസിദ്ധീകരിക്കേണ്ടിവരും. എന്നാല്‍ ആ വാര്‍ത്തയുടെ നിജസ്ഥിതി എന്താണെന്ന് അതിനെക്കുറിച്ച് പത്രത്തിനുള്ള നിലപാട് എന്തെന്നും വ്യക്തമാക്കണം. എന്തെല്ലാം പ്രശ്നങ്ങളില്‍ പത്രങ്ങള്‍ മുഖപ്രസംഗത്തിലൂടെ നിലപാട് അറിയിക്കുന്നുണ്ട്. എന്തുകൊണ്ട് കേരളത്തിലെ വികസന പ്രശ്നങ്ങള്‍ സംബന്ധിച്ച് ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളില്‍ പത്രങ്ങള്‍ക്ക് ഒരു നിലപാട് ഉണ്ടായിക്കൂടാ? ഇത് കേരളത്തിന് അനുയോജ്യമല്ല എന്ന ശക്തമായ ഒരു നിലപാട് അവരെടുത്ത് പറയട്ടെ. അങ്ങനെയെങ്കില്‍ ആര്‍ക്കാണതില്‍ നിര്‍ബന്ധം. ഉദാഹരണത്തിന് സൈലന്റ്വാലി പ്രശ്നത്തില്‍ ഒരു പൊതുജനാഭിപ്രായം രൂപപ്പെട്ടു. പൊതു അഭിപ്രായമായി രൂപപ്പെട്ടു. അത് പിന്നെ സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്തു. അതുകൊണ്ട് സൈലന്റ്വാലി പദ്ധതി നമ്മള്‍ ഉപേക്ഷിച്ചു. വികസനപ്രശ്നത്തില്‍ അങ്ങനെയൊരു നിലപാടുണ്ടെങ്കില്‍ ആ നിലയില്‍ പറയാന്‍ തയ്യാറാവണം. ഒരു ഭാഗത്ത് വ്യവസായ നിക്ഷേപങ്ങള്‍ വരുന്നില്ലെന്ന് പറയുന്നു. അത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പരാജയമാണെന്ന് വിമര്‍ശിക്കുന്നു. അതേസമയം ഒരു വ്യവസായം വരുന്നതിനെതിരെയുള്ള എല്ലാ അരാജകവാദങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ ഇരട്ടത്താപ്പാണ് നമുക്ക് സ്വീകാര്യമല്ലാത്തത്. അല്ലെങ്കില്‍ അവര്‍ എഡിറ്റോറിയല്‍ എഴുതി നിലപാട് വ്യക്തമാക്കണം. ഇന്ന പദ്ധതി കേരളത്തിന് അഭികാമ്യമല്ലെന്ന്. ഇവിടെ വികസനത്തിന് വേണ്ടി സെമിനാര്‍ നടത്തുകയും അ രേഖ തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കുകയും ചെയ്യുന്ന പ്രമുഖ പത്രങ്ങളാണ് ഈ അരാജക വാദങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്.
ഒരു റോഡ് വികസനത്തിന്റെ പ്രശ്നം വന്നാല്‍ ഇഫക്ടഡ് ആയ ആളുകള്‍ എതിര്‍ക്കുമെന്നുറപ്പാണ്. അത് ഞാനായാലും നിങ്ങളായാലും എതിര്‍ക്കും. പക്ഷേ ആ റോഡ് വേണോ വേണ്ടയോ, അതുണ്ടാക്കുന്ന വികസനത്തിന്റെ തോത് എത്രയാണ്, ആ റോഡ് ഉണ്ടാക്കുന്ന ആഘാതം എത്രയാണ്. ഇങ്ങനെ വിഷയങ്ങളെകാണാതെ ഏതെങ്കിലും നാലുപേര്‍ കമ്മിറ്റിയുണ്ടാക്കി അത് വെണ്ടക്ക അക്ഷരത്തില്‍ വലിയ വാര്‍ത്തയായി കൊടുക്കുന്നു അതിന്റെ മറുഭാഗം തമസ്കരിക്കുന്നു എന്ന സമീപനം ക്രിയാത്മകമല്ല. ഏത് സര്‍ക്കാര്‍ വന്നാലും ഇത്തരം പ്രചാരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നത് തുടര്‍ന്നാല്‍ കേരളം എന്നും പിറകിലായിപ്പോവും.
?പൊതുമേഖലയുടെ വികസനത്തിലും കേന്ദ്രസര്‍ക്കാരുമായുണ്ടാക്കിയ സംയുക്ത സംരംഭങ്ങളുടെ കാര്യത്തിലും അഭൂതപൂര്‍വമായ മാറ്റങ്ങളുണ്ടാക്കിയ കാലത്തുതന്നെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നവലിബറല്‍ നയങ്ങളാണ് സ്വീകരിക്കുന്നത് എന്ന ആക്ഷേപവും ശക്തമാവുന്നത്.
ഇടതുപക്ഷ തീവ്രവാദികള്‍ ഉന്നയിക്കുന്ന ആക്ഷേപം ഈ സര്‍ക്കാര്‍ നവലിബറല്‍ നയങ്ങള്‍ക്കുപിന്നാലെയും കുത്തകവല്‍ക്കരണത്തിനും പിന്നാലെയും പോകുന്ന എന്നാണ്. എന്നാല്‍ പൊതുമേഖലയെ സംരക്ഷിച്ചതില്‍ ഇത്രയേറെ നേട്ടങ്ങളുണ്ടാക്കിയ സംസ്ഥാനം ഇന്ത്യയില്‍ വേറെയില്ല. ഡല്‍ഹിയില്‍ നടന്ന ദേശീയ സെമിനാറില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ടവരും പരസ്യമായി അംഗീകരിച്ച കാര്യമാണിത്. ഇങ്ങനെയൊരു ദേശീയ അംഗീകാരം ആദ്യമാണ്. ഇക്കാര്യത്തില്‍ കേരളം മാതൃകയാണെന്ന് ആസൂത്രണ കമീഷന്‍ അംഗങ്ങളും ഭരണകര്‍ത്താക്കളും രാഷ്ട്രീയ-ടി യു നേതൃത്വവും ബുദ്ധിജീവികളും ഒരു പോലെ അംഗീകരിച്ചു. യുപിഎ സര്‍ക്കാരും ഇതാണ് മാതൃകയാക്കേണ്ടതെന്ന് എല്ലാവരും പറഞ്ഞു. മൂന്നരവര്‍ഷം കൊണ്ടാണ് ഈ നേട്ടം.
ഈ സര്‍ക്കാര്‍ വരുമ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥിതി പരമദയനീയമായിരുന്നു. രോഗാതുരമാവുന്ന യുണിറ്റുകള്‍ അടച്ചുപൂട്ടുക അല്ലെങ്കില്‍ വില്‍ക്കുക എന്നതല്ലാതെ നഷ്ടത്തില്‍ നിന്ന് കരകയറ്റി അതിനെ നിലനിര്‍ത്തുക എന്ന പദ്ധതി മുന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടേയില്ല. പൊതുമേഖല നിലനിര്‍ത്താന്‍ പറ്റുന്നതല്ല, സംസ്ഥാന സര്‍ക്കാരിന് ഭീമമായ ബാധ്യത സൃഷ്ടിക്കും, അതിന് സ്വകാര്യമേഖലയോട് മത്സരിക്കാനാവില്ല എന്നതായിരുന്നു മുന്‍ നിലപാട്. സര്‍ക്കാര്‍ ഖജനാവ് മുടിപ്പിക്കുന്നതാണിത്, തൊഴിലാളികള്‍ ജോലി ചെയ്യില്ല എന്നതൊക്കെയായിരുന്നു പ്രചാരണം. 28 കമ്പനികള്‍ അടച്ചു പൂട്ടാന്‍ ആര്‍ സി ചൌധരി കമ്മിറ്റി നിര്‍ദേശിച്ചു. യുഡിഎഫ് സര്‍ക്കാര്‍ ഇതിനായി ഉത്തരവിറക്കി. ഓരോ കമ്പനിക്കും പ്രത്യേകം ഉത്തരവ്. തിരുവണ്ണൂര്‍ കോട്ടണ്‍മില്‍, കേരള സോപ്സ് ഏന്റ് ഓയില്‍സ് എന്നിവ അടച്ചുപൂട്ടാനും സ്റ്റീല്‍ കോംപ്ളക്സിലും ടെല്‍ക്കിലും സ്വകാര്യപങ്കാളിത്തതിനുമായിരുന്നു ഉത്തരവ് ഇതിന്റെ ഭാഗമായിരുന്നു. 6700 തൊഴിലാളികള്‍ ആനുകൂല്യം വാങ്ങി പിരിഞ്ഞുപോയി. എന്നാല്‍ അടച്ചുപൂട്ടിയ കമ്പനികളിലെ തൊഴിലാളികളില്‍ ചിലര്‍ പിരിഞ്ഞുപോവാതെ സമരം നടത്തിയതുകൊണ്ടാണ് കോട്ടണ്‍മില്ലും കെഎസ്ഓയും തുറന്നുപ്രവര്‍ത്തിക്കാന്‍ ബാക്കിയുണ്ടായത്.
ഈ സര്‍ക്കാര്‍ അധികാരമേറുന്നതിന്റെ തലേവര്‍ഷം 2005-2006ല്‍ വ്യവസായവകുപ്പിന് കീഴിലുള്ള കമ്പനികള്‍ ഉണ്ടാക്കിയ നഷ്ടം 69 കോടി രൂപയുടേതായിരുന്നു. പ്രവര്‍ത്തിക്കുന്നവ അടച്ചുപൂട്ടില്ലെന്നും അടച്ചിട്ടവയില്‍ ലാഭകരമാക്കാന്‍ പറ്റുന്നത് തുറന്നു പ്രവര്‍ത്തിക്കുക എന്ന നയമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. തൊഴിലാളികളെ പിരിച്ചുവിടില്ല, ആധുനികവല്‍ക്കരിക്കുക. എന്നതായിരുന്നു നയം. പുതിയ മൂലധന നിക്ഷേപവും സാങ്കേതിക വിദ്യയും നേടുന്നതിന് കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുമായും സഹകരിക്കുന്നതിനുള്ള സാധ്യതയും തേടി. അങ്ങനെ ടെല്‍ക്ക് എന്‍ടിപിസിയുമായും സ്റ്റീല്‍ കോംപ്ളക്സ് സെയിലുമായും കെല്‍ ബിഎച്ച്എല്ലുമായും ഓട്ടോകാസ്റ്റ് റെയില്‍വെയുമായും പങ്കാളിത്തം സ്ഥാപിച്ചതും കെല്‍ടെക്കിനെ ബ്രഹ്മോസ് ഏറ്റെടുത്തതും ഇതിന്റെ ഫലമാണ്. കേന്ദ്രപൊതുമേഖഖലാ സ്ഥാപനങ്ങളായ എച്ച് എ എല്‍ കാസര്‍കോടും ബി ഇ എം എല്‍ കഞ്ചിക്കോട്ടും ബി ഇ എല്‍ കളമശ്ശേരിയിലും പുതിയ യൂണിറ്റുകള്‍ തുടങ്ങിയതും ഈ മൂന്നരവര്‍ഷത്തിനുള്ളിലാണ്. വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി സ്ഥാപിച്ച് നാലോളം പതിറ്റാണ്ടിനുശേഷം ആദ്യമായാണ് കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങള്‍ കേരളത്തിലെത്തുന്നത്. കേന്ദ്രവും സംസ്ഥാനവും ഒരേകക്ഷി ഭരിച്ചപ്പോള്‍ നടക്കാത്ത കാര്യമാണിത്. യുപിഎ സര്‍ക്കാര്‍ 2004ല്‍ വരുമ്പോള്‍ ഇവിടെ യുഡിഎഫ് ആണ്, 2006വരെ. അക്കാലത്തൊന്നും ഇത്തരം വികസനം നടന്നിട്ടില്ല. യുപിഎക്ക് ഇടതുപക്ഷം പിന്തുണ നല്‍കിയ സാഹചര്യം പ്രധാനഘടകമായിരുന്നു. കൂടാതെ ആന്റണി വ്യക്തിപരമായി നല്ല നിലപാട് സ്വീകരിച്ചിട്ടുണ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന് ചെയ്യാന്‍ കഴിയാതിരുന്ന കാര്യമാണിത്. ഇതാണ് ഇന്ന് ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്.
2006-2007ല്‍ 43ല്‍ 12 കമ്പനികള്‍ ലാഭത്തിലായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തില്‍ ലാഭമുണ്ടാക്കുന്ന കമ്പനികളുടെ എണ്ണം 23 ആയി. രണ്ടാം വര്‍ഷം 27ഉം മൂന്നാം വര്‍ഷം 28ആയി. ഈ വര്‍ഷം ലാഭം 168 കോടിയായി. നഷ്ടമുണ്ടാക്കുന്ന കമ്പനികളുടെ നഷ്ടം കഴിഞു വരുന്ന ലാഭമാണിത്. നടപ്പുവര്‍ഷം ആദ്യ ആറുമാസത്തില്‍ വന്‍ നേട്ടമുണ്ടായി. ഈ വര്‍ഷം 35 കമ്പനികള്‍ ലാഭത്തിലാക്കുകയാണ് ലക്ഷ്യം. എല്ലാ കമ്പനികളിലും ശമ്പളം പരിഷ്കരണം നടപ്പാക്കി. അത് ലാഭവും നഷ്ടവും നോക്കിയല്ല. വര്‍ഷങ്ങളായി ശമ്പള പരിഷ്കരണമില്ലാതെ കഷ്ടപ്പെടുകയായിരുന്നു അവര്‍. എല്ലാ കമ്പനികളിലും പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്തു. സിഇഒ നിയമനത്തിന് സുതാര്യമായ സമ്പ്രദായം സ്വീകരിച്ചു. പ്രൊഫഷണലുകളാണ് സിഇഒമാര്‍. വിദഗ്ധരെ നിയമിച്ച് അവര്‍ക്ക് ടാര്‍ഗറ്റ് നിശ്ചയിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പ്രതിമാസം വിലയിരുത്തുന്നുണ്ട്. അതുകൊണ്ട് ആര്‍ക്കും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുപോകാനാവില്ല. പൊതുമേഖലയുടെ പുനരുദ്ധാരണത്തിനുള്ള റിയാബ് എന്ന സ്ഥാപനത്തിനാണ് ഇതിന്റെ ചുമതല. ട്രേഡ് യൂണിയനുകളുമായും ചര്‍ച്ച ചെയ്യുന്നുണ്ട്. അവരും ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സഹകരിക്കുന്നുണ്ട്. ഇത് ഇന്ത്യയിലെ നല്ല മാതൃകയായി അംഗീകരിപ്പെട്ടിട്ടുണ്ട്.
യുഡിഎഫ് സര്‍ക്കാരിന്റെ അവസാനവര്‍ഷം പൊതുമേഖലാ നവീകരണത്തിന് ആകെ നീക്കിവച്ചത് അഞ്ചു കോടി രൂപയായിരുന്നു. ഈ സര്‍ക്കാര്‍ ആദ്യവര്‍ഷം തന്നെ 59 കോടി അനുവദിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷവും ഇതിനായി കൂടുതല്‍ തുക വകയിരുത്തി. ധനവകുപ്പിന്റെ പിന്തുണ പ്രത്യേകം പറയണം. പല സ്ഥാപനങ്ങളുടെയും കടബാധ്യത വായ്പ എടുക്കുന്നതില്‍ തടസ്സം നിന്നിരുന്നു. ഈ പ്രശ്നം പരിഹരിച്ചു.
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മറ്റു സ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. കെല്‍ നിര്‍മിക്കുന്ന ട്രാന്‍സ്ഫോര്‍മര്‍ കെഎസ്ഇബിയും ടെല്‍ക് ഉണ്ടാക്കുന്ന പവര്‍ ട്രാന്‍സ്ഫോര്‍മറും കൊല്ലം മീറ്റര്‍ കമ്പനിയുടെ മീറ്ററും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെഎസ്ഇബി വാങ്ങിയിരുന്നില്ല. ഈ സ്ഥിതി മാറ്റി. പൊതുമേഖലാ സ്ഥാപനങ്ങള്‍ പരസ്പരമുള്ള വ്യാപാരം ശക്തിപ്പെടുത്തി. മീറ്റര്‍ കമ്പനിയും ടെല്‍ക്കും കേബിള്‍ കമ്പനിയും കെഎസ്ഡിപിയും ശക്തിപ്പെട്ടത് ഇങ്ങനെയാണ്. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെയാണ്. വിവിധ വകുപ്പുകളുടെ ഏകോപനം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ടെല്‍കിന്റെ ട്രാന്‍സ്ഫോര്‍മര്‍ ജോര്‍ദ്ദാനിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. കമ്പനികള്‍ തനതു ഫണ്ട് ഉപയോഗിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നുണ്ട്. സ്റ്റീല്‍ കോംപ്ളക്സില്‍ സെയിലുമായി ധാരണക്കുശേഷം റീറോളിങ് സ്ഥാപിക്കാന്‍ പ്രോജക്ട് തയ്യാറായിവരുകയാണ്. കോട്ടണ്‍ മില്‍ എഴുതിത്തള്ളിയതായിരുന്നു. കോട്ടണ്‍ മില്ലില്‍ ഒരു ഘട്ടം മെഷിനറി കൂടി എത്തിയാല്‍ സമ്പൂര്‍ണമായ ഒരു മില്ലായി മാറും. ഇതൊന്നും ആരും സങ്കല്‍പ്പിച്ചുപോലുമില്ല. ജനുവരി ഒന്നിന് കെഎസ്ഒയുടെ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തും. സ്വകാര്യ ഉല്‍പ്പന്നങ്ങളോട് മത്സരിച്ചുകൊണ്ട് പ്രൊഫഷണലായ രീതിയില്‍ തന്നെയായിരിക്കും സോപ്സിന്റെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുക. ബാലരാമപുരം സ്പിന്നിങ് ലിക്വിഡേഷന്റെ വക്കില്‍ നിന്നാണ് വീണ്ടെടുത്തത്. കെല്‍ട്രോണിന്റെ തൃശൂരിലെ രണ്ട് യൂണിറ്റുകളും ലിക്വിഡേററില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതൊന്നും ആരും വാര്‍ത്തയാക്കുന്നില്ല. കേരളസര്‍ക്കാര്‍ നവലിബറല്‍ നയങ്ങള്‍ക്കു പിന്നാലെയാണെങ്കില്‍ ഇതായിരിക്കുമോ നയം. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റഴിക്കുമ്പോള്‍ ഇത്തരത്തില്‍ കേരളം വഴികാട്ടുന്നത്. ചെറുകിട വ്യവസായ രംഗത്തും അത്ഭുതം സൃഷ്ടിക്കാനായി. ഇവയുടെ റജിസ്ട്രേഷന്റെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം കേരളമാണ് ഏറ്റവും മുന്നില്‍. ഈ മേഖലയെ പ്രോത്സാഹിപ്പിക്കാനും ബജറ്റ്വിഹിതം വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നു.
*
കടപ്പാട്: ദേശാഭിമാനി വാരിക
Department of Industries and Commerce, Kerala Government ന്റെ വെബ് സൈറ്റ് ഇവിടെ
വ്യവസായകേരളം ഡിസംബര്‍ 2009 ലക്കം(പി.ഡി.എഫ്) ഇവിടെ
?1957ലെ ഇഎംഎസ് മന്ത്രിസഭ തൊട്ട് കമ്യൂണിസ്റ്റുകാര്‍ നേതൃത്വം നല്‍കുന്ന എല്ലാ മന്ത്രിസഭകളും നടപ്പാക്കിയ ജനക്ഷേമ പദ്ധതികളെയെല്ലാം വിവാദങ്ങളില്‍പ്പെടുത്തി തകര്‍ക്കാനുള്ള ശ്രമമുണ്ടായിട്ടുണ്ട്. ഭൂപരിഷ്കരണവും മാവൂര്‍ റയോണ്‍സ് ഫാക്ടറിയും മുതല്‍ ജനകീയാസൂത്രണം വരെയുള്ള പദ്ധതികളെയും വിവാദങ്ങള്‍കൊണ്ട് കുഴിച്ചു മൂടാനുള്ള ശ്രമങ്ങളാണ് വലതുപക്ഷ ശക്തികളും മാധ്യമങ്ങളും നടത്തിയിട്ടുള്ളത്. ഇപ്പോള്‍ വ്യവസായ മേഖലയില്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ക്കെതിരെയുള്ള പ്രചാരണങ്ങള്‍ കാണുമ്പോള്‍ എന്തുതോന്നുന്നു.
കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കിയത് 57ലെ ഇഎംഎസ് മന്ത്രിസഭയാണ്. ആ സര്‍ക്കാരിന്റെ നയങ്ങള്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജനപിന്തുണ വര്‍ധിപ്പിക്കുമെന്ന ഭയം എല്ലാ പിന്തിരിപ്പന്മാര്‍ക്കും ഉണ്ടായിരുന്നു. വ്യവസായവല്‍ക്കരണത്തിന് കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് അന്നത്തെ 57ലെ സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. പൊതുമേഖലയില്‍ വ്യവസായസ്ഥാപനങ്ങള്‍ വരുന്നത് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തന്നെ സ്വകാര്യനിക്ഷേപം വലിയ തോതില്‍ വരേണ്ടതുണ്ടെന്നതുതന്നെയായിരുന്ന ആ സര്‍ക്കാരിന്റെ കാഴ്ചപ്പാട്. 1956ല്‍ തൃശൂരില്‍ ചേര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രത്യേകസമ്മേളനം 57ലെ തെരഞ്ഞെടുപ്പിന്ശേഷം വരാന്‍ പോകുന്ന സര്‍ക്കാരിനു മുന്നില്‍ വെയ്ക്കേണ്ട വികസന അജന്‍ഡ തയ്യാറാക്കിയിരുന്നു. ഈ വികസന അജന്‍ഡയില്‍ അന്ന് കമ്യൂണിസ്റ്റ് പാര്‍ടി പറഞ്ഞത് മുതലാളിത്ത രാജ്യമെന്ന നിലയില്‍ ഇന്ത്യയില്‍ എല്ലായിടത്തും വരാന്‍ സ്വാതന്ത്ര്യമുള്ള സ്വകാര്യ നിക്ഷേപം കേരളത്തില്‍ മാത്രം വേണ്ടെന്നുവച്ചാല്‍ കേരളമൊരു മരുഭൂമിയായിപ്പോവും, വളരെ പ്രതീക്ഷയോടെ അധികാരത്തില്‍ വരുന്ന സര്‍ക്കാരിനെ അതിവേഗം ജനങ്ങള്‍ തള്ളിക്കളയുന്ന സ്ഥിതിയുണ്ടാവും എന്നാണ്. അധികാരത്തില്‍ വരുന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ജനപിന്തുണ വര്‍ധിപ്പിച്ച് നിലനില്‍ക്കണമെങ്കില്‍ ജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ചുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയേ തീരൂ എന്നായിരുന്നു ആ തൃശൂര്‍ സമ്മേളനത്തിലെ പ്രമേയത്തിന്റെ ഉള്ളടക്കം.
57ലെ സര്‍ക്കാര്‍ ഭൂപരിഷ്കരണത്തിന് ഊന്നല്‍ കൊടുത്തു. അത് നാടുവാഴിത്ത വ്യവസ്ഥിതിയില്‍ മാറ്റം വരുത്തിയ വിപ്ളവകരമായ നടപടിയായി പരിണമിച്ചു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് മാതൃകാപരമായ നടപടികള്‍ മുന്നോട്ടുവച്ചു. തൊഴില്‍സമരങ്ങളില്‍ പൊലീസ് ഇടപെടില്ല എന്ന നയം അന്നാണ് സ്വീകരിച്ചത്. തൊഴിലാളി സംഘടനകള്‍ക്ക് കൂട്ടായ വിലപേശാനുള്ള ശക്തി വര്‍ധിപ്പിച്ചു. കേരളത്തിലെ ജനജീവിതത്തിന്റെ ഇന്നത്തെ വികാസത്തിലേക്ക് നയിച്ച സുപ്രധാനമായ രണ്ടു നടപടികളായിരുന്നു ഇവ. കൂടാതെ പൊതുവിദ്യാഭ്യാസത്തിനും പൊതുജനാരോഗ്യത്തിനും മുന്‍തൂക്കം നല്‍കി. അഭ്യസ്തവിദ്യരായ പുതുതലമുറയ്ക്ക് അനുയോജ്യമായ ആധുനികമായ തൊഴില്‍ സംരംഭങ്ങള്‍ ഇതിനൊപ്പം വരേണ്ടതാണെന്ന കാഴ്ച്ചപ്പാടോടുകൂടിയാണ് മാവൂര്‍ കമ്പനിയടക്കമുള്ള വന്‍കിട വ്യവസായങ്ങള്‍ക്ക് അന്ന് മുന്‍കൈയെടുത്തത്. ഗ്വാളിയര്‍ റയോണ്‍സ് കൂടാതെ പ്രീമിയര്‍ ടയേഴ്സ് വന്നു. 67ല്‍ തോഷിബ കമ്പനി വന്നു. ഈ കമ്പനികള്‍ വരുന്ന കാലത്ത് അന്നത്തെ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇത് കുത്തകമുതലാളിമാര്‍ക്ക് ആനുകൂല്യവും ഇളവും നല്‍കുകയാണെന്ന ആരോപണങ്ങള്‍ ഉന്നയിച്ചു. മാവൂരിലൊക്കെ ഭൂമി ഏറ്റെടുക്കലിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭം നടത്തിയിരുന്നു. അന്ന് ഓര്‍ഗനൈസ്ഡ് അല്ലാതിരുന്നതുകൊണ്ടും ആ പ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോയി.
യഥാര്‍ഥത്തില്‍ മുതലാളിത്ത വ്യവസ്ഥക്ക് എതിരെ സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റുകാരുടെ അടിസ്ഥാന നിലപാടിനെതിരെ ആരോപണമുന്നയിക്കുകയാണ് ചെയ്തത്. അങ്ങനെയാണ് കേരളത്തില്‍ വ്യവസായ വികസനം ചെറിയ തോതിലെങ്കിലും ആരംഭിച്ചത്. 57ലെയും 67ലെയും സര്‍ക്കാരുകള്‍ ചെറുകിട വ്യവസായികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി വ്യവസായ പാര്‍ക്കുകളും, വ്യവസായ എസ്റ്റേറ്റുകളും സ്ഥാപിച്ചു. ഇതൊക്കെ പരിമിതമായ തോതില്‍ വ്യവസായവല്‍ക്കരണത്തിന് വഴി തുറന്നു. വന്‍തോതില്‍ തൊഴിലാളികളുള്ള കയര്‍, കശുവണ്ടി, കൈത്തറി പോലുള്ള പരമ്പരാഗത വ്യവസായങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് 57തൊട്ട് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. 67ല്‍ മംഗ്ളൂര്‍ ഗണേഷ് ബീഡി പൂട്ടിയപ്പോള്‍ സഹകരണമേഖലയില്‍ ദിനേശ് ബീഡി തുടങ്ങിയതൊക്കെ. ഇതിന്റെ ഭാഗമാണ്. പരമ്പരാഗത മേഖലയില്‍ മുതലാളിമാര്‍ കടുത്ത ചൂഷണം നടത്തിയപ്പോഴാണ് വ്യവസായ സഹകരണസംഘങ്ങളിലൂടെ ഈ തൊഴില്‍ സംരക്ഷിക്കാന്‍ നടപടിയെടുത്തത്. ഹാന്‍ഡ്ലൂമിലും കയറിലും ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നത് സഹകരണസൊസൈറ്റികളാണ്.?ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ക്ക് തുടര്‍ച്ച നഷ്ടപ്പെട്ടുവോ?
ഈ രംഗത്ത് കൈക്കൊണ്ട നിലപാടുകളില്‍ മാത്രം നിന്നാല്‍ പോരെന്ന് ഇപ്പോഴത്തെ സ്ഥിതി പരിശോധിച്ചാല്‍ വ്യക്തമാവും. കേരളം പിന്നെയും മാറി. അഭ്യസ്തവിദ്യരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. ഇവരില്‍ വലിയൊരു ഭാഗവും തൊഴിലന്വേഷിച്ച് കേരളത്തിന് വെളിയിലേക്ക് പോകുകയാണ്. അത് കേരളത്തിന് വലിയ നഷ്ടമാണുണ്ടാക്കുന്നത്. കാരണം പൊതുവിദ്യാഭ്യാസത്തിന് കനത്ത പണം ചെലവാക്കിയാണ് കേരളം ഈ മനുഷ്യശേഷി വികസിപ്പിച്ചെടുക്കുന്നത്. ആ വിഭവശേഷി ഇവിടെത്തന്നെ ചെലവിടുമ്പോഴാണ് സ്റ്റേറ്റിന്റെ റവന്യൂ വര്‍ധിക്കുന്നത്. പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ചെലവ് വര്‍ധിപ്പിക്കാന്‍ ഇങ്ങനെയാണ് കഴിയേണ്ടത്. ഇവര്‍ക്ക് അനുയോജ്യമായ തൊഴില്‍ സംരംഭങ്ങള്‍ കൂടിയേ തീരൂ. നിലവിലുള്ള പരമ്പരാഗത മേഖലകളിലേക്ക് പുതിയ ആളുകള്‍ കടന്നുവരുന്നില്ല. എന്നാല്‍ നിലവിലുള്ളവരെ സംരക്ഷിക്കുകയും വേണം. പുതിയ തലമുറയ്ക്ക് ആവശ്യമുള്ള പുതുതലമുറയില്‍പ്പെട്ട വ്യവസായ സംരംഭങ്ങള്‍ വന്നാല്‍ മാത്രമേ ഇന്ന് കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാവൂ. കേരളം 57മുതല്‍ കൈവരിച്ച നേട്ടം നിലനിര്‍ത്തണമെങ്കില്‍ പുതിയ വികസന പദ്ധതികള്‍ കൂടിയേ തീരൂ. ഇതാണ് നാം ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. ആരോഗ്യ, വിദ്യാഭ്യാസ, പൊതുവിതരണമേഖലകളില്‍ സര്‍ക്കാരിന് കൂടുതല്‍ പണം ചെലവഴിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടുകൂടാ. ആ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതികളെ നാം കാണുന്നത്.സംസ്ഥാനത്ത് വലിയ തോതില്‍ മൂലധനനിക്ഷേപം നടത്താന്‍ കേന്ദ്രത്തിന് താല്പര്യമില്ല. കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളില്‍ വന്‍ മുതല്‍മുടക്ക് രാജ്യത്ത് പലയിടത്തും ഉണ്ടായിട്ടുണ്ടെങ്കിലും കേരളത്തിന് അര്‍ഹമായ വിഹിതം ഇന്നേവരെ കിട്ടിയിട്ടില്ല. കേരളത്തില്‍ ആരംഭിക്കാന്‍ തീരുമാനിച്ച പല പദ്ധതികളും പിന്നീട് മുടങ്ങിപ്പോയിട്ടുണ്ട്. കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ കേന്ദ്രം സ്വീകരിക്കുന്ന നിലപാട് അതാണ്. ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. ഈ സര്‍ക്കാര്‍ വന്നശേഷമാണ് ഏഴ് പൊതുമേഖലാ സംരംഭങ്ങള്‍ കേരളത്തില്‍ ആരംഭിക്കാന്‍ തീരുമാനമുണ്ടായത്. അത് വ്യവസായ വകുപ്പ് നിരന്തരമായ ഇടപെട്ടതിന്റെ ഫലമാണ്. പ്രതിരോധ വകുപ്പിന് കീഴിലുള്ള നാല് സ്ഥാപനങ്ങള്‍ കേരളത്തില്‍ വരാന്‍ സന്നദ്ധമായത്. സംസ്ഥാന പൊതുമേഖലയിലെ ചില സ്ഥാപനങ്ങളുമായി സംയുക്ത സംരംഭങ്ങള്‍ തുടങ്ങാനും ചില കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങള്‍ മുന്നോട്ടുവന്നു.
സ്വമേധയാ കേന്ദ്രത്തിന്റെ നിക്ഷേപം കേരളത്തിലുണ്ടാവാത്ത സാഹചര്യത്തില്‍ വലിയ മുതല്‍മുടക്ക് ആര് നടത്തും. സംസ്ഥാനത്തിന് സാമ്പത്തികമായ കഴിവ് പരിമിതമാണ്. കേന്ദ്രം ഈ സാഹചര്യം മനസ്സിലാക്കി വലിയ തോതില്‍ നിക്ഷേപം നടത്തുന്നുമില്ല. സ്വകാര്യമൂലധനത്തെ തടയുക കൂടി ചെയ്താല്‍ കേരളം വളരെ പിന്നോട്ടുപോകും. ഈയൊരു സാഹചര്യത്തിലാണ് ഇന്ത്യയെന്ന മുതലാളിത്തരാജ്യത്ത് ഭരണഘടനയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ നിന്നുകൊണ്ട് സ്വകാര്യമൂലധന നിക്ഷേപത്തെ തടയാന്‍ നമുക്ക് കഴിയാത്ത സ്ഥിതിയാണ്. ഇതാണ് സര്‍ക്കാര്‍ സ്വീകരിക്കുന്ന പൊതുനിലപാണ്.
ഇനി കേരളത്തില്‍ സ്വകാര്യ മൂലധന നിക്ഷേപം വരുമ്പോള്‍ അതിന് ഒരു കരുതല്‍ വേണമെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ സമീപനം. കേരളത്തില്‍ നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ അനുസരിച്ചായിരിക്കണം വ്യവസായം നടത്തേണ്ടത്. തൊഴിലാളി താല്പര്യങ്ങളെ ബലികഴിക്കുന്ന ഒരു നിലപാടും സ്വീകരിക്കാന്‍ പറ്റില്ല. സെസ് പദവി നല്‍കുന്ന സ്ഥാപനങ്ങളില്‍ തൊഴില്‍ നിയമം ബാധകമാക്കരുതെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ചട്ടം കൊണ്ടുവരുന്നു. ഇവിടെ അത് സാധ്യമല്ല. ഫാക്ടറിനിയമം, വ്യവസായ തര്‍ക്ക നിയമം, ബോണസ് നിയമം, കരാര്‍തൊഴിലാളി നിയമം തുടങ്ങി ഒരു നിയമത്തിലും ഇളവ് നല്‍കാന്‍ സന്നദ്ധമല്ലെന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലാളികളുടെ താല്പര്യം ബലികഴിച്ചുകൊണ്ടുള്ള വികസനം നാം ഉദ്ദേശിക്കുന്നില്ല.
മറ്റൊന്ന് ഭൂമിയുടെ ലഭ്യത കുറവാണ്. ഇത് പരിഗണിച്ചുകൊണ്ടുള്ള വ്യവസായ വികസനമേ കേരളത്തില്‍ നടക്കൂ. വലിയ തോതില്‍ ഭൂമി ആവശ്യമുള്ള രാസവ്യവസായം പോലുള്ളവ കേരളത്തില്‍ അനുയോജ്യമല്ല. എല്ലാ വ്യവസായവും കേരളത്തിലെത്തിക്കുക എന്നത് അപ്രായോഗികമാണ്. ഭൂപ്രകൃതി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതാണ്. ടൂറിസം ത്വരിതവികസനം നേടുന്ന മേഖലയാണ്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കാത്തവയായിരിക്കണം കേരളത്തില്‍ വരുന്ന വ്യവസായങ്ങള്‍ എന്ന കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ നമുക്ക് മുന്‍ഗണന നല്‍കാവുന്ന മേഖല സംബന്ധിച്ച് ഒരു കാഴ്ച്ചപ്പാട് വേണം. സര്‍ക്കാരിന്റെ വ്യവസായ നയത്തില്‍ അത് എടുത്തുപറയുന്നുണ്ട്. ഒന്ന്, ഇലക്ട്രോണിക്, ഐടി മേഖലയാണ്. യാതൊരു പാരിസ്ഥിതിക പ്രശ്നങ്ങളുമില്ല. അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്യും. രണ്ട്, ഭക്ഷ്യസംസ്കരണവ്യവസായ മേഖലയാണ്. കേരളത്തിന്റെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മൂല്യവര്‍ധന വരുത്തുന്ന ഇത്തരം വ്യവസായങ്ങളിലൂടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും കേരളത്തിലെ കര്‍ഷകര്‍ക്ക് താങ്ങാവുകയും ചെയ്യും. മൂന്ന്, ടെക്സ്റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്സ്. അത് വലിയ തോതില്‍ തൊഴിലവസരം സൃഷ്ടിക്കും. പിന്നെയുള്ളത് ജനറല്‍ എന്‍ജിനിയറിങ് സ്ഥാപനങ്ങള്‍. ഐടിസി, ഐടിഐ, പോളിടെക്നിക് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് സാങ്കേതിക വൈദഗ്ധ്യം നേടുന്നവര്‍ക്ക് തൊഴിലവസരം നല്‍കും.നിലവിലുള്ള പരമ്പരാഗത വ്യവസായങ്ങളെ ആധുനീകരിച്ചും അവയിലെ സാങ്കേതിക വിദ്യ പരിഷ്കരിച്ചും അതില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വരുമാനം കൂടുതല്‍ കിട്ടാനുള്ള അവസരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. അതിന്റെ ഉല്പ്പന്നങ്ങളുടെ വിപണനം ശക്തിപ്പെടുത്തുക, അതില്‍ സാങ്കേതിക പരിജ്ഞാനം നേടിക്കൊടുക്കുക എന്നിവയും ചെയ്യുന്നുണ്ട്. ഈ വിധത്തിലാണ് കേരളത്തിലെ വ്യവസായവല്‍ക്കരണം നടക്കേണ്ടത് എന്നതാണ് കേരളസര്‍ക്കാര്‍ അംഗീകരിച്ച നയം. ഇതിനെയൊക്കെ മറച്ചുവച്ചുകൊണ്ടാണ് പ്രചാരവേല നടക്കുന്നത്. വന്‍തോതില്‍ ഭൂമിക്കച്ചവടത്തിനാണ് ഭൂമി മറിച്ചുകൊടുക്കുന്നു. പരിസ്ഥിതി തകര്‍ക്കുന്ന എന്നമട്ടിലാണ് പ്രചാരണങ്ങള്‍.
വ്യവസായ നയത്തില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ വിസ്മരിച്ചുകൊണ്ടുള്ള ഒരു അനുമതിയും ഇന്നേ വരെ കൊടുത്തിട്ടില്ല. ഒരു വന്‍കിട പദ്ധതിക്കുള്ള പ്രൊപ്പോസല്‍ വന്നാല്‍ അത് നടപ്പാക്കുന്നത് നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. ഉദാഹരണത്തിന് അമ്പതുകോടിക്ക് മുകളില്‍ നിക്ഷേപമുള്ള പദ്ധതിയാണെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം. അവരുടെ എന്‍വിയോണ്‍മെന്റ് ഇംപാക്ട് അസസ്മെന്റ് സറ്റഡി നടത്തണം. ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രാലയം നിര്‍ദേശിക്കുന്ന നിബന്ധനകളോടെ മാത്രമേ പദ്ധതിക്ക് അനുമതി നല്‍കൂ.
ഇതുപോലും പരിഗണിക്കാതെയുള്ള പ്രചാരവേലകളാണ് ഇപ്പോള്‍ നടക്കുന്നത്. കേരള സര്‍ക്കാരിന്റെ മുന്നില്‍ വരുന്ന വന്‍കിട പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കി ഈ പഠനത്തിന് അയക്കുകയാണ് ചെയ്യുന്നത്. പഠനം നടത്തിയതിന് ശേഷമേ തുടര്‍നടപടികള്‍ ഉണ്ടാവൂ. പരിസ്ഥിതി നാശം സംഭവിക്കുന്നു, ഭൂമി റിയല്‍എസ്റ്റേറ്റ്കാരുടെ കൈയിലെത്തുന്നു തുടങ്ങിയ പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ വഴി സര്‍ക്കാരിന് ജനപിന്തുണ വര്‍ധിക്കുന്നു എന്ന ഭയപ്പാടില്‍ നിന്നും രാഷ്ടീയതാല്പര്യങ്ങളില്‍ നിന്നുമാണ് ഇത്തരം വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രവര്‍ത്തിക്കുന്ന ചില സംഘടനകള്‍ അറിഞ്ഞോ അറിയാതെയോ ഈ പ്രചാരണവേലയുടെ ആയുധമായി മാറുന്നുണ്ട്. എന്നാല്‍ പരിസ്ഥിതി സംരക്ഷണത്തിനായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ചില സംഘടനകളെയും വ്യക്തികളെയും വിലമതിക്കേണ്ടതുണ്ട്. കാരണം പല സന്ദര്‍ഭങ്ങളിലും പരിസ്ഥിതി പ്രശ്നം ശരിയായ രീതിയില്‍ ഇവര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. ഇക്കൂട്ടത്തില്‍ ചിലയാളുകള്‍ നടത്തുന്ന പ്രചാരണങ്ങള്‍ എല്‍ഡിഎഫിനെതിരെ രാഷ്ട്രീയമായ പ്രചാരവേല നടത്തുന്ന ചിലയാളുകള്‍ക്ക് സഹായകമായിത്തീരുന്നുണ്ട്. അത് കേരളീയ സമൂഹം ഗൌരവമായി പരിശോധിക്കണം.മറ്റൊന്ന് മാധ്യമങ്ങള്‍ സ്വീകരിക്കുന്ന നിഷേധാത്മകനിലപാടാണ് പലപ്പോഴും. ഒരു വിഷയം വന്നാല്‍, കേരളത്തില്‍ വികസനം വരുന്നില്ല, പദ്ധതികള്‍ വരുന്നില്ല, കേന്ദ്രവിഹിതത്തിന്റെ വിഹിതം വിനിയോഗിക്കുന്നില്ല എന്നൊക്കെ വിമര്‍ശിക്കുന്നവര്‍ തന്നെ സര്‍ക്കാരിന് മുന്നില്‍ വരുന്ന പ്രോജക്ടുകളെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. അതിന്റെ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഒരു ശ്രമവും നടത്തുന്നില്ല. അവരും അറിഞ്ഞോ അറിയാതെയോ സര്‍ക്കാരിന്റെ പുതിയ പരിശ്രമങ്ങള്‍ക്കെതിരായ പ്രചാരവേലക്കാരുടെ പക്ഷത്ത് എത്തുന്നു. ഇതെല്ലാം സൃഷ്ടിക്കുന്ന സങ്കീര്‍ണമായ ഒരു അവസ്ഥ ഇന്ന് കേരളം നേരിടുന്നുണ്ട്.
?വികസനക്കാര്യത്തില്‍ എന്തായാലും ഒരു ആശങ്ക ജനങ്ങള്‍ക്കുണ്ട്. പ്രത്യേകിച്ചും പാരിസ്ഥിതിക പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി. സര്‍ക്കാര്‍ ഈ ആശങ്കകളെ എങ്ങനെയാണ് സമീപിക്കുന്നത്. ഉദാഹരണത്തിന് വളന്തകാട് ദ്വീപില്‍ ശോഭാ സിറ്റിയുടെ പ്രോജക്ട് വരുന്നതിനെതിരെ ഒരു പ്രസിദ്ധീകരണം തുടര്‍ച്ചയായി പ്രചാരണം നടത്തുമ്പോള്‍.
കേന്ദ്രസര്‍ക്കാരിന്റെ പരിസ്ഥിതി മന്ത്രാലയം നടത്തുന്ന എന്‍വിയോണ്‍മെന്റ് ഇംപാക്ട് അസസ്മെന്റ് സ്റ്റഡി വിദഗ്ധന്മാരുടെ പഠനമാണ്. എല്ലാ വിഷയവും അവര്‍ പരിശോധിക്കും. കേരളത്തിലും ഇത്തരം പഠനങ്ങള്‍ നടത്താന്‍ കഴിയുന്ന സെസ് പോലുള്ള ഏജന്‍സികളുണ്ട്. ആശങ്കയുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും അവരുടെ പരാതികള്‍ പരിശോധിക്കാനും സര്‍ക്കാര്‍ സന്നദ്ധമാണ്. ഇതില്‍ അടഞ്ഞ സമീപനമല്ല സ്വീകരിക്കുന്നത്. അവര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ഓരോന്നായി ചര്‍ച്ച ചെയ്ത് പരിഹാര നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ഉദാഹരണത്തിന് വളന്തകാട് പ്രദേശത്ത് കണ്ടല്‍കാട് വന്‍തോതില്‍ നശിപ്പിക്കപ്പെടുമെന്ന ആക്ഷേപം വന്നു. അവിടെ സാധാരണ ജനങ്ങള്‍ മറ്റെല്ലായിടത്തുമെന്ന പോലെ സാധാരണ നിലയ്ക്ക് ജീവിച്ചുവന്ന പ്രദേശമാണ്. ഇവിടെ ഒരു പുതിയ പ്രോജക്ട് നടപ്പാക്കുമ്പോള്‍ പാരിസ്ഥിതിക ആഘാതം എന്താവുമെന്നും അതിനുള്ള പരിഹാരമാര്‍ഗം എന്തെന്നും പരിശോധിക്കാതെ ഒരു പദ്ധതിക്കും സര്‍ക്കാര്‍ അനുമതി നല്‍കില്ല. തീര സംരക്ഷണ നിയമം പരിപാലിപ്പിക്കപ്പെടും. കണ്ടല്‍കാടിന്റെ കാര്യത്തില്‍ എന്താണ് നിലവിലുള്ള നിയമം അത് പാലിക്കുമെന്നതില്‍ തര്‍ക്കമില്ല. അതുപോലെ നീര്‍ത്തടങ്ങള്‍ സംരക്ഷിക്കമെന്ന കാര്യത്തില്‍ സര്‍ക്കാരിന് സംശയമേതുമില്ല. ഇതെല്ലാം സംരക്ഷിച്ചുകൊണ്ട് ആ പദ്ധതി നടപ്പാക്കാന്‍ സാധിക്കുമോ എന്നാണ് പരിശോധിക്കേണ്ടത്. ആ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. അതുപോലും പാടില്ലെന്ന നിലപാടാണ് ചിലര്‍ക്കുള്ളത്. ഒരു പദ്ധതി വരുമ്പോള്‍ ഏതാനും വൃക്ഷങ്ങള്‍ മുറിച്ചുമാറ്റേണ്ടിവന്നാല്‍ അതിന് വനംവകുപ്പ് തന്നെ നിര്‍ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങളുണ്ട്. മുറിച്ചു മാറ്റുന്ന മരത്തിന് പകരം ഇത്ര മരങ്ങള്‍ വച്ചുപിടിപ്പിക്കണമെന്ന തരത്തില്‍.ഏലൂരില്‍ ടി സി സിയുടെ സ്ഥലത്ത് കണ്ടെയ്നര്‍ ഫ്രെയ്റ്റ് സ്റ്റേഷന്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചു. വല്ലാര്‍പാടം ടെര്‍മിനല്‍ പൂര്‍ത്തിയായി വരുമ്പോള്‍ അതിനാവശ്യമായ അടിസ്ഥാന സൌകര്യമൊരുക്കുന്നതിനാണിത്. ടിസിസി കമ്പനിയുടെ സ്ഥലത്ത് നിറയെ മരങ്ങള്‍ വളര്‍ന്നിരുന്നു. അതില്‍ ഒരു മരം മുറിക്കുമ്പോള്‍ പത്തുമരം നടണമെന്ന കരാറാണ് ജില്ലാ ഭരണകൂടവും കമ്പനിയും ചേര്‍ന്ന് ഉണ്ടാക്കിയത്. അത് ഇപ്പോള്‍ നടപ്പായിക്കൊണ്ടിരിക്കയാണ്. ഈ നിലയിലുള്ള പരിഹാരമാര്‍ഗങ്ങള്‍ ഉണ്ടെന്നിരിക്കെ അതെല്ലാം പരിശോധിച്ചുകൊണ്ട് ഇത് നടപ്പാക്കാന്‍ കഴിയുമോ എന്ന പരിശോധനക്കുപോലും അനുവദിക്കില്ല എന്ന മട്ടിലാണ് എതിര്‍പ്പ് വരുന്നത്. ഈ എതിര്‍പ്പുകള്‍ സോദ്ദേശ്യപരമല്ല എന്നു തോന്നാനുള്ള കാരണം അതാണ്.
?ശോഭാ ഹൈടെക് സിറ്റിക്കുള്ള പ്രാഥമിക നടപടികള്‍ പോലും ആവുന്നതിന് മുമ്പാണോ എതിര്‍പ്പുകള്‍
ശോഭാ ഹൈടെക് സിറ്റി അയ്യായിരം കോടി രൂപയുടെ നിക്ഷേപം വരുന്ന ഒരു പ്രോജക്ട് സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിക്കുക മാത്രമാണ് ചെയ്തത്. എഴുപത്തയ്യായിരം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുമെന്നാണ് വാഗ്ദാനം. ഐടി, ഇലക്ട്രോണിക് മേഖലയില്‍ ഇത്രയും തൊഴില്‍ നല്‍കുന്നതിന് അവര്‍ നിര്‍മിക്കാന്‍ പോകുന്ന കെട്ടിടങ്ങള്‍ എന്തൊക്കെയാണ്, അതിന്റെ വിസ്തൃതി എന്താണെന്നുമൊക്കെ അവര്‍ പറയുന്നുണ്ട്. സര്‍ക്കാര്‍ പൊതുവില്‍ അംഗീകരിച്ച നയം അനുസരിച്ച് ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയെക്കാള്‍ കൂടുതല്‍ ഭൂമിയെടുക്കുന്നുണ്ടെങ്കില്‍ അത് വ്യവസായ ആവശ്യത്തിന് തന്നെ ഉപയോഗിക്കണമെന്ന കര്‍ശന വ്യവസ്ഥ മുന്നോട്ടുവയ്ക്കുന്നുണ്ട്. മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. ആകെ ഭൂമിയുടെ എഴുപത് ശതമാനം എങ്കിലും വ്യവസായ ആവശ്യത്തിന് മാത്രം ഉപയോഗിക്കണം. ബാക്കി സ്ഥലം അനുബന്ധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. അവിടെ ജോലിക്ക് വരുന്നവര്‍ക്ക് പാര്‍പ്പിടം, ഹോട്ടലുകള്‍ എന്നിവ ആവശ്യമായി വരും. ഈ വ്യവസ്ഥകള്‍ അംഗീകരിക്കാമെന്നതാണ് സര്‍ക്കാരിനോട് ശോഭ ഹൈടെക് സിറ്റി പറഞ്ഞിട്ടുള്ളത്. ഇതിന് എഗ്രിമെന്റും കണ്ടിഷനുമുണ്ടാക്കണം. പിന്നെ അവരുടെ കൈവശമുള്ള ഭൂമി പരിശോധിക്കണം. ആ ഭൂമി പാരിസ്ഥിതികമായി സെന്‍സിറ്റീവ് ആണെങ്കില്‍ അത് ഒഴിവാക്കണം. കായല്‍ തീരത്ത് എത്ര അകലം പാലിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് എന്നൊക്കെയുള്ള കാര്യങ്ങളാണ് പരിശോധിക്കേണ്ടത്. ആ പരിശോധന നടത്താനുള്ള ഒരു പഠനത്തിലേക്ക് പോകുക എന്നതാണ് ഇതിന്റെ ആദ്യപടി. അതുപോലും ചെയ്യുന്നതിനു മുമ്പാണ് ഇത്തരം എതിര്‍പ്പുകളും ആക്ഷേപങ്ങളും വരുന്നത്. അത് സാധാരണപോലെ മനുഷ്യര്‍ ജീവിച്ച സ്ഥലമാണ്. ഇപ്പോഴും കുറച്ചുപേരുണ്ട്. ചില വീടുകളുമുണ്ട്. അതെല്ലാം പഠിക്കാന്‍ പോലും സമ്മതിക്കുന്നില്ല എന്നത് തീര്‍ത്തും നിഷേധാത്മകമാണ്.?കേരളത്തില്‍ എന്തു വ്യവസായം വന്നാലും സമരോത്സുകരായ തൊഴിലാളികള്‍ അത് നശിപ്പിക്കും എന്ന പ്രചാരണം പണ്ടുമുതലുണ്ട്. ഈ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടുണ്ടോ.
കേരളത്തില്‍ വ്യവസായശാലകള്‍ ട്രേഡ് യൂണിയനുകളുടെ സമരം മൂലം അടച്ചിടുന്നത് ഒരു അപൂര്‍വ സംഭവമാണ്. പണിമുടക്കുകള്‍ വഴി തൊഴില്‍ദിനങ്ങള്‍ നഷ്ടപ്പെടുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഏറ്റവും പിന്നിലാണ് കേരളത്തിന്റെ സ്ഥാനം. തൊഴിലാളികളുടെയും യൂണിയനുകളുടെയും മനോഭാവത്തില്‍ മാറ്റം വന്നു. ആഗോളവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത മത്സരം നേരിടുന്ന വ്യവസായങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ ഉല്‍പ്പാദനക്ഷമത കൂടണം, ഉല്പന്നങ്ങളുടെ ഗുണം മെച്ചപ്പെടണം എന്നീ കാര്യങ്ങളിലൊക്കെ വളരെ ഉയര്‍ന്ന ചിന്തയാണ് തൊഴിലാളികള്‍ക്കും യൂണിയനുകള്‍ക്കും ഉള്ളത്. തൊഴിലാളികളുടെ മിലിറ്റന്‍സി വ്യവസായവല്‍ക്കരണത്തിനും നിക്ഷേപത്തിനും തടസ്സമാണെന്ന വാദം ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. പ്രധാനപ്പെട്ട ഒരു സ്ഥാപനത്തിലും ഈയടുത്ത കാലത്ത് ലേബര്‍ അണ്‍റെസ്റ്റ് ഉണ്ടായിട്ടില്ല. എന്നാലും അസംഘടിത തൊഴില്‍ മേഖലയില്‍ ചില പ്രശ്നങ്ങളുണ്ട്. നിര്‍മാണ, ചുമട്ടുതൊഴിലാളി മേഖലകളില്‍ ചില സ്ഥലത്തെങ്കിലും അന്യായമായ കൂലി ചോദിക്കലും നോക്കുകൂലിയും മറ്റുമുണ്ട്. ഇത് ഒറ്റപ്പെട്ട പ്രവണതകളാണ്. ഇതെക്കുറിച്ച് ഒരു പൊതുചര്‍ച്ച അടുത്ത കാലത്ത് ഉയര്‍ന്നുവന്നതിനാല്‍ ഈ പ്രവണതക്ക് മാറ്റം വരാന്‍ സാധ്യതയുണ്ട്. പണ്ടത്തെ ആക്ഷേപം നിലനില്‍ക്കുന്നില്ല.?പ്രത്യേകസാമ്പത്തിക മേഖലയുടെ കാര്യത്തില്‍ സിപിഐ എം രാജ്യവ്യാപകമായി ഒരു നിലപാട് സ്വീകരിച്ചിട്ടുണ്ട്. കേരളത്തില്‍ സെസ് വരുമ്പോഴുള്ള ആശയക്കുഴപ്പത്തെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്.
സെസ് നിയമം വന്നപ്പോള്‍ ഇടതുപക്ഷ പാര്‍ടികളും ട്രേഡ് യൂണിയനുകളും ശക്തമായി എതിര്‍ത്തിരുന്നു. എതിര്‍പ്പുകളുടെ അടിസ്ഥാനത്തില്‍ നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്രം തയ്യാറായി. നേരത്തെ സെസ് ബാധകമാവുന്ന പ്രദേശത്തെ ഭൂമിയുടെ നാല്‍പ്പത് ശതമാനം വ്യവസായങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചാല്‍ മതി ബാക്കി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നായിരുന്നു നേരത്തെയുള്ള നയം. അതിലിപ്പോള്‍ കേന്ദ്രം മാറ്റം വരുത്തി. അമ്പത് ശതമാനം ഭൂമി വ്യവസായാവശ്യങ്ങള്‍ക്ക് ഉപയോഗിക്കണം എന്നാക്കി. സെസ്സിനുള്ള മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ അക്വയര്‍ ചെയ്ത് കൊടുക്കേണ്ടതില്ല എന്ന മാറ്റവും വരുത്തി. ആകെ ഭൂമിയുടെ മുപ്പത് ശതമാനം മാത്രമേ സര്‍ക്കാര്‍ അക്വയര്‍ ചെയ്ത് കൊടുക്കേണ്ടതുള്ളൂ. ബാക്കിയുള്ളത് സംരംഭകര്‍ തന്നെ വാങ്ങണം എന്നീ നിബന്ധനകളും നിയമത്തിലുള്‍പ്പെടുത്തി. അത് ജനങ്ങളുടെ എതിര്‍പ്പിന്റെ ഫലമാണ്. മറ്റു സംസ്ഥാനങ്ങളിലേതുപോലെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഉപയോഗിച്ചുകൊണ്ടുള്ള സെസ് കേരളത്തിലേക്ക് പ്രായോഗികമേയല്ല. സെസ് നിയമമനുസരിച്ച വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന സെസ് ആണെങ്കില്‍ ആയിരം ഹെക്ടര്‍ ഭൂമി വേണം. അതായത് രണ്ടായിരത്തഞ്ഞൂറ് ഏക്കര്‍. സിംഗിള്‍ പ്രോഡക്ട് സെസ് ആണെങ്കില്‍ 250 ഏക്കര്‍ മതി. ഐടി സെസ് ആണെങ്കില്‍ 25 ഏക്കര്‍ മതി. കേരളത്തില്‍ ഇതേവരെ അനുവദിച്ചതില്‍ ഏറ്റവും വലുത് വല്ലാര്‍പാടം പദ്ധതിയുമായി ബന്ധപ്പെട്ട കൊച്ചി തുറമുഖത്തെ സെസ് ആണ്. ബാക്കിയെല്ലാം ഐടി സെസ് ആണ് കേരളത്തില്‍ അനുവദിച്ചത്. ഇതുകൂടാതെ 250 ഏക്കറിന് അനുമതി കിട്ടിയത് വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റിന്റെ ഭാഗമായ പ്രോജക്ട് ആണ്. ഇത് കേന്ദ്രപൊതുമേഖലാ സ്ഥാപനമാണ്. അവരുടെ കൈവശമുള്ള ഭൂമിയാണ്. ആര്‍ക്കും ഒരു തര്‍ക്കവുമില്ല. ബാക്കിയെല്ലാം ഐടി സെസ് ആണ്. അതില്‍ പ്രധാനപ്പെട്ടത് ടെക്നോപാര്‍ക്കാണ്. അത് സര്‍ക്കാരിന്റേതുതന്നെ. സ്മാര്‍ട് സിറ്റിയുടെ ഭാഗമായുള്ളതാണ് മറ്റൊന്ന്. വകുപ്പിന് മുന്നിലെത്തിയ മറ്റ് പ്രൊജക്ടുകളെല്ലാം ഐടിയുമായി ബന്ധപ്പെട്ടതാണ്. ഇതല്ലാതെ വലിയ തോതില്‍ ഭൂമി ആവശ്യമുള്ള സെസ്സിനും അപേക്ഷ നല്‍കിയിട്ടില്ല, അതിനുള്ള സാഹചര്യവും കേരളത്തിലില്ല.
രണ്ട്, കേരളത്തില്‍ സെസ് അനുവദിക്കുമ്പോള്‍ കേരളം ഒരു മാര്‍ഗരേഖ അംഗീകരിച്ചിട്ടുണ്ട്. അത് കേന്ദ്രത്തിന്റെ മാര്‍ഗരേഖയില്‍ നിന്ന് വ്യത്യസ്തമാണ്. ആകെ ഭൂമിയുടെ 70ശതമാനം വ്യവസായ ആവശ്യങ്ങള്‍ക്കു മാത്രമേ ഉപയോഗിക്കാവൂ എന്നും ഒരു തൊഴില്‍ നിയമത്തില്‍ നിന്നും സെസ്സിനെ ഒഴിവാക്കില്ല എന്നുമാണ്. തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള ഒരു നികുതിയും ഒഴിവാക്കപ്പെടില്ല. പഞ്ചായത്തിനും കോര്‍പറേഷനും നികുതി നഷ്ടപ്പെടില്ല. ഇത്രയും കാര്യങ്ങള്‍ അംഗീകരിക്കുന്നവര്‍ക്ക് മാത്രമേ സെസ് ശുപാര്‍ശ നല്‍കുന്നുള്ളൂ. അതുകൊണ്ട് പരമാവധി സംരക്ഷണം നല്‍കുന്നുണ്ട്. സെസ്സിലെ സംരംഭകര്‍ക്ക് ചില ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. സെസ്സ് ആയി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളിലേക്ക് നിര്‍മാണത്തിനും മറ്റും കൊണ്ടുവരുന്ന സാമഗ്രികള്‍ക്ക് എക്സൈസ് തീരുവ ഇളവ് നല്‍കുന്നുണ്ട്. അങ്ങനെയുള്ള ആനുകൂല്യങ്ങളാണ് ആകര്‍ഷണം. ഇവിടുത്തെ ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും കയറ്റുമതി ലക്ഷ്യമാക്കിയുള്ളതാണ്. ആഭ്യന്തര വിപണിയില്‍ മുഴുവന്‍ വില്‍ക്കാന്‍ പറ്റില്ല. ഇത്തരം സെസ്സുകള്‍ കേന്ദ്രനയത്തിന്റെ ഭാഗമായി പല സംസ്ഥാനത്ത് വരികയും അവിടെയെല്ലാം പുതിയ സംരംഭങ്ങള്‍ വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ കര്‍ശനമായ വ്യവസ്ഥകളോടെയെങ്കിലും അനുമതി നല്‍കാന്‍ കേരളം തീരുമാനിച്ചത്. ഇന്ത്യയില്‍ ഒരിടത്തും സെസ് ഇല്ലെങ്കില്‍ ഇവിടെ അനുവദിക്കുന്ന പ്രശ്നമില്ല. ഇല്ലെങ്കില്‍ സെസ് മാതൃകയിലുള്ള ഒരു സ്ഥാപനവും കേരളത്തില്‍ വരാതെയാവും. നിര്‍ബന്ധിതാവസ്ഥയിലാണ് സെസ്സിന് അനുമതി നല്‍കുന്നത്. സന്തോഷത്തോടുകൂടിയല്ല അനുമതി നല്‍കുന്നത്. ഇന്ത്യയില്‍ മറ്റിടങ്ങളില്‍ സെസ് ഇല്ലെങ്കില്‍ കേരളം അതെക്കുറിച്ച് ചിന്തിക്കുന്ന പ്രശ്നമില്ല. സെസ്സിനോടുള്ള നയപരമായ എതിര്‍പ്പ് നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരു ഫെഡറല്‍ സംവിധാനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ പരിമിതികൊണ്ടാണ് ഈ നിലപാട് സ്വീകരിക്കുന്നത്. അല്ലാതെ സിദ്ധാന്തപരമായ വിട്ടുവീഴ്ചകളല്ല.?കേരള സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന കര്‍ശനമായ ഇത്തരം വ്യവസ്ഥകള്‍ സംരംഭകര്‍ക്ക് സ്വീകാര്യമാവുന്നുണ്ടോ.
അംഗീകരിക്കുന്നുണ്ട്. കൊച്ചി തുറമുഖത്തെ സെസ്സില്‍ ട്രേഡ് യൂണിയന്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു പ്രശ്നവുമില്ല. തൊഴിലാളി സംഘടനകളുള്ളതുകൊണ്ട് അംഗീകാരം കിട്ടാതിരിക്കുന്ന പ്രശ്നമില്ല. ടെക്നോ പാര്‍ക്കിലും യൂണിയനുമുണ്ട്. അവിടുത്തെ തൊഴില്‍പ്രശ്നങ്ങളില്‍ തൊഴില്‍വകുപ്പ് ഇടപെടുന്ന സ്ഥിതിയുണ്ടായി. ആഗോളമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും തൊഴില്‍മന്ത്രിയും ഇടപെട്ട് സ്ഥാപന മേധാവികളുടെ യോഗം വിളിച്ച് ജീവനക്കാര്‍ക്ക് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടു. ഇത്തരം ഇടപെടലുകള്‍ക്കൊന്നും യാതൊരു തടസ്സവുമില്ല.അതേസമയം, ഫ്ളെക്സിബിലിറ്റി വേണമെന്ന തൊഴിലുടമകളുടെ വാദത്തോട് യോജിപ്പില്ല. പക്ഷേ നന്നായി ജോലി ചെയ്യണം, ഉല്‍പ്പാദനക്ഷമത, ഗുണം എന്നീ കാര്യങ്ങളില്‍ കര്‍ശന നിലപാട് എടുക്കുന്നതില്‍ വിയോജിപ്പുമില്ല. എങ്കിലേ മത്സരക്ഷമത നിലനിര്‍ത്താന്‍ കഴിയൂ.
?മന്ത്രിസഭയിലെ മറ്റാരെക്കാളും കൂടുതല്‍ വിവാദങ്ങള്‍ ആക്ഷേപങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇരയായിട്ടുണ്ട് താങ്കള്‍. എച്ച് എം ടി ഭൂമി വിവാദത്തില്‍ ആക്ഷേപം എല്ലാ പരിധിയും വിട്ടിരുന്നു. ഇത്തരം കടന്നാക്രമണങ്ങളെ വ്യക്തിപരമായി എങ്ങനെയാണ് കാണുന്നത്. അതിന്റെ സമ്മര്‍ദങ്ങളെ എങ്ങനെയാണ് മറികടക്കാനാവുന്നത്
തീര്‍ച്ചയായും കടുത്ത സമ്മര്‍ദ്ദത്തിന് അടിപ്പെട്ടിരുന്നു. എച്ച് എം ടി പ്രശ്നം വിവാദമായപ്പോള്‍ വ്യവസായ വകുപ്പ് പൊതുവിലും മന്ത്രിയെന്ന നിലയില്‍ കൈക്കൊണ്ട നിലപാട് തെറ്റായിരുന്നില്ല എന്ന ഉറച്ച വിശ്വാസം എനിക്കുണ്ടായിരുന്നു. അതുകൊണ്ട് ഈ എതിര്‍പ്പ് അധികകാലം നിലനില്‍ക്കില്ലെന്നും സത്യാവസ്ഥ ബോധ്യപ്പെടുത്താനാവുമെന്നും വിശ്വാസമുണ്ടായിരുന്നു. അത്രമാത്രം ആലോചിച്ചാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. താല്‍ക്കാലികമായി വിവാദങ്ങള്‍ ഉയര്‍ത്തി ആക്ഷേപങ്ങള്‍ ചൊരിഞ്ഞെങ്കിലും അവസാനം അവര്‍ വിജയിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് അതിനെ നേരിടാന്‍ സാധിച്ചു.വ്യവസായ വകുപ്പിന് മുന്നില്‍ സമര്‍പ്പിക്കുന്ന പ്രോജക്ടുകള്‍ സര്‍ക്കാരിന്റെ പൊതു അംഗീകാരത്തിനുവേണ്ടി സമര്‍പ്പിച്ച് ചര്‍ച്ച നടത്തുകയാണ് സ്വാഭാവികരീതി. അതിന്റെയെല്ലാം കുറ്റം വ്യവസായ വകുപ്പിന് മാത്രമായി ചാര്‍ത്തിക്കൊണ്ട് നടത്തുന്ന പ്രചാരവേലകള്‍ വസ്തുത മനസ്സിലാക്കാതെയോ ബോധപൂര്‍വം വളച്ചൊടിക്കലോ ആണ്. സര്‍ക്കാരാണ് ഇതില്‍ അവസാനതീരുമാനമെടുക്കുന്നത്. ഒരു വകുപ്പ് മാത്രമായല്ല. ഒരു കമ്പനിക്ക് അല്ലെങ്കില്‍ വ്യക്തിക്ക് കേരളത്തില്‍ പതിനഞ്ച് ഏക്കര്‍ ഭൂമി കൈവശം വെക്കാനോ അധികാരമുള്ളൂ. ഇതില്‍ നിന്ന് തോട്ടങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. അല്ലാത്തതിന് സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കുകയാണ് ചെയ്യുന്നത്. ഈ അനുമതി ബിര്‍ലക്ക് കൊടുത്തിട്ടുണ്ട്. അപ്പോളോ ടയേഴ്സിനും പ്രീമിയര്‍ ടയേഴ്സിനും പഴയ പുനലൂര്‍ പേപ്പര്‍ മില്ലിനും കൊടുത്തിട്ടുണ്ട്. ശോഭാ ഹൈടെക് സിറ്റിയോ ഇപ്പോള്‍ സമര്‍പ്പിക്കുന്ന പ്രോജക്ടുകളോ മുന്നൂറും നാനൂറും ഏക്കര്‍ ഭൂമി ആവശ്യപ്പെടുമ്പോള്‍ അതില്‍ ഒരു പുതുമയുമില്ല. അതൊന്നും നിയമവിരുദ്ധമല്ല. നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് വ്യവസായത്തിന് നല്‍കുന്ന സംരക്ഷണമാണിത്.
മുന്നൂറിലേറെ ഏക്കറാണ് 57ല്‍ ബിര്‍ലക്ക് കൈവശം വയ്ക്കാന്‍ അനുമതി കൊടുത്തത് ഒരു പള്‍പ്പ് ഫാക്ടറി സ്ഥാപിച്ച് കേരളത്തിലെ കുറേയേറെ പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്നതുകൊണ്ടാണ്. അത് കേരളത്തിന്റെ സമ്പദ്ഘടനയില്‍ ചലനമുണ്ടാക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ്. അതേ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോഴും ചെയ്യുന്നത്. ഇതെന്തോ പുതിയ കാര്യമാണെന്ന മട്ടിലാണ് പ്രചാരണം. പുതിയ ഇളവ് നല്‍കുന്നു, ഭൂപരിഷ്കരണത്തില്‍ വെള്ളം ചേര്‍ക്കുന്ന എന്ന് പറയുന്നതില്‍ ഒരടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ്. ഇത്തരം കള്ളങ്ങള്‍ ആവര്‍ത്തിച്ചു പ്രചരിപ്പിക്കുകയാണ്. ഈ പദ്ധതികള്‍ക്കൊന്നും നിലവിലുള്ള നിയമം വച്ച് അനുമതി നല്‍കാന്‍ കഴിയാത്ത സാഹചര്യമില്ല. നിയമത്തില്‍ നിന്നുകൊണ്ടു തന്നെ ഏതെങ്കിലും ഇളവ് നല്‍കാന്‍ അതില്‍ തന്നെ വ്യവസ്ഥയുണ്ടാകും. പ്രത്യേകസാഹചര്യത്തില്‍ പ്രത്യേക പ്രശ്നങ്ങളെ നേരിടാന്‍ വേണ്ടിയാണിത്. ഒരു നിയമവും ഭേദഗതി ചെയ്യുന്നില്ല, ഒരു നിയമവും റദ്ദാക്കുന്നില്ല. കണ്ണടക്കുന്നുമില്ല. നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കണമെന്നാണ് ഞങ്ങള്‍ പറയുന്നത്.പിന്നെയുള്ളത് വസ്തുതാപരമല്ലാത്ത ആരോപണങ്ങളാണ്. മാവൂരിലെ പുതിയ പ്രശ്നമെടുത്താന്‍ ഇതുവ്യക്തമാണ്. അവിടെ പരിസ്ഥിതി പ്രശ്നമല്ല. നികത്താന്‍ അവിടെ നെല്‍വയലില്ല. ആ ഭൂമി ഒന്നിച്ച് ഗ്രാസിം കൈവശം വച്ചിരിക്കയാണ്. അതുകൊണ്ട് ഭൂപരിധി നിയമം ഇപ്പോള്‍ ഇളവു ചെയ്യണമെന്ന് പറയുന്നതില്‍ അര്‍ഥമില്ല. അവിടെ വരാന്‍ പോകുന്ന ഇലക്ട്രോണിക്സ്, ഐടി വ്യവസായങ്ങള്‍ യാതൊരു മലിനീകരണവും ഉണ്ടാക്കുന്നുമില്ല. പിന്നെന്തിനാണ് എതിര്‍പ്പ്. ബിര്‍ല പണ്ടു പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടായ മലിനീകരണം മൂലം മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയാലേ ബിര്‍ലയെ മാവൂരില്‍ കാലുകുത്താന്‍ അനുവദിക്കൂ എന്നാണ് ഇപ്പോള്‍ കുറെപ്പേര്‍ പറയുന്നത്. ഇത്തരം നിലപാട് ആരെ സഹായിക്കും? ഭോപ്പാലിലേതുപോലെ കൂട്ടമരണം മാവൂരില്‍ സംഭവിച്ചതായോ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കിയതായോ ഇതുവരെ അറിവില്ല. ബിര്‍ല ഒരു പ്രോജക്ടുമായി മുന്നോട്ടുവരുമ്പോഴാണ് ഇതൊക്കെ. അതുവരെ ആര്‍ക്കും പരാതിയില്ല. പുതിയ കേസ് ബില്‍ഡ് അപ് ചെയ്യുകയാണ്. ഒന്നും നടക്കാന്‍ പാടില്ല എന്നതു തന്നെയാണ് ഇതിന്റെ അന്തിമലക്ഷ്യം.
?മാധ്യമങ്ങളുടെപക്ഷം ചേരല്‍ ഇതിലെല്ലാം വളരെ പ്രകടമല്ലേ
ഒരു സംഭവം ഒരു വാര്‍ത്തയായി വരുമ്പോള്‍ അത് പ്രസിദ്ധീകരിക്കേണ്ടിവരും. എന്നാല്‍ ആ വാര്‍ത്തയുടെ നിജസ്ഥിതി എന്താണെന്ന് അതിനെക്കുറിച്ച് പത്രത്തിനുള്ള നിലപാട് എന്തെന്നും വ്യക്തമാക്കണം. എന്തെല്ലാം പ്രശ്നങ്ങളില്‍ പത്രങ്ങള്‍ മുഖപ്രസംഗത്തിലൂടെ നിലപാട് അറിയിക്കുന്നുണ്ട്. എന്തുകൊണ്ട് കേരളത്തിലെ വികസന പ്രശ്നങ്ങള്‍ സംബന്ധിച്ച് ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളില്‍ പത്രങ്ങള്‍ക്ക് ഒരു നിലപാട് ഉണ്ടായിക്കൂടാ? ഇത് കേരളത്തിന് അനുയോജ്യമല്ല എന്ന ശക്തമായ ഒരു നിലപാട് അവരെടുത്ത് പറയട്ടെ. അങ്ങനെയെങ്കില്‍ ആര്‍ക്കാണതില്‍ നിര്‍ബന്ധം. ഉദാഹരണത്തിന് സൈലന്റ്വാലി പ്രശ്നത്തില്‍ ഒരു പൊതുജനാഭിപ്രായം രൂപപ്പെട്ടു. പൊതു അഭിപ്രായമായി രൂപപ്പെട്ടു. അത് പിന്നെ സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്തു. അതുകൊണ്ട് സൈലന്റ്വാലി പദ്ധതി നമ്മള്‍ ഉപേക്ഷിച്ചു. വികസനപ്രശ്നത്തില്‍ അങ്ങനെയൊരു നിലപാടുണ്ടെങ്കില്‍ ആ നിലയില്‍ പറയാന്‍ തയ്യാറാവണം. ഒരു ഭാഗത്ത് വ്യവസായ നിക്ഷേപങ്ങള്‍ വരുന്നില്ലെന്ന് പറയുന്നു. അത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പരാജയമാണെന്ന് വിമര്‍ശിക്കുന്നു. അതേസമയം ഒരു വ്യവസായം വരുന്നതിനെതിരെയുള്ള എല്ലാ അരാജകവാദങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ ഇരട്ടത്താപ്പാണ് നമുക്ക് സ്വീകാര്യമല്ലാത്തത്. അല്ലെങ്കില്‍ അവര്‍ എഡിറ്റോറിയല്‍ എഴുതി നിലപാട് വ്യക്തമാക്കണം. ഇന്ന പദ്ധതി കേരളത്തിന് അഭികാമ്യമല്ലെന്ന്. ഇവിടെ വികസനത്തിന് വേണ്ടി സെമിനാര്‍ നടത്തുകയും അ രേഖ തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കുകയും ചെയ്യുന്ന പ്രമുഖ പത്രങ്ങളാണ് ഈ അരാജക വാദങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്.ഒരു റോഡ് വികസനത്തിന്റെ പ്രശ്നം വന്നാല്‍ ഇഫക്ടഡ് ആയ ആളുകള്‍ എതിര്‍ക്കുമെന്നുറപ്പാണ്. അത് ഞാനായാലും നിങ്ങളായാലും എതിര്‍ക്കും. പക്ഷേ ആ റോഡ് വേണോ വേണ്ടയോ, അതുണ്ടാക്കുന്ന വികസനത്തിന്റെ തോത് എത്രയാണ്, ആ റോഡ് ഉണ്ടാക്കുന്ന ആഘാതം എത്രയാണ്. ഇങ്ങനെ വിഷയങ്ങളെകാണാതെ ഏതെങ്കിലും നാലുപേര്‍ കമ്മിറ്റിയുണ്ടാക്കി അത് വെണ്ടക്ക അക്ഷരത്തില്‍ വലിയ വാര്‍ത്തയായി കൊടുക്കുന്നു അതിന്റെ മറുഭാഗം തമസ്കരിക്കുന്നു എന്ന സമീപനം ക്രിയാത്മകമല്ല. ഏത് സര്‍ക്കാര്‍ വന്നാലും ഇത്തരം പ്രചാരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നത് തുടര്‍ന്നാല്‍ കേരളം എന്നും പിറകിലായിപ്പോവും.
?പൊതുമേഖലയുടെ വികസനത്തിലും കേന്ദ്രസര്‍ക്കാരുമായുണ്ടാക്കിയ സംയുക്ത സംരംഭങ്ങളുടെ കാര്യത്തിലും അഭൂതപൂര്‍വമായ മാറ്റങ്ങളുണ്ടാക്കിയ കാലത്തുതന്നെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നവലിബറല്‍ നയങ്ങളാണ് സ്വീകരിക്കുന്നത് എന്ന ആക്ഷേപവും ശക്തമാവുന്നത്.
ഇടതുപക്ഷ തീവ്രവാദികള്‍ ഉന്നയിക്കുന്ന ആക്ഷേപം ഈ സര്‍ക്കാര്‍ നവലിബറല്‍ നയങ്ങള്‍ക്കുപിന്നാലെയും കുത്തകവല്‍ക്കരണത്തിനും പിന്നാലെയും പോകുന്ന എന്നാണ്. എന്നാല്‍ പൊതുമേഖലയെ സംരക്ഷിച്ചതില്‍ ഇത്രയേറെ നേട്ടങ്ങളുണ്ടാക്കിയ സംസ്ഥാനം ഇന്ത്യയില്‍ വേറെയില്ല. ഡല്‍ഹിയില്‍ നടന്ന ദേശീയ സെമിനാറില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ടവരും പരസ്യമായി അംഗീകരിച്ച കാര്യമാണിത്. ഇങ്ങനെയൊരു ദേശീയ അംഗീകാരം ആദ്യമാണ്. ഇക്കാര്യത്തില്‍ കേരളം മാതൃകയാണെന്ന് ആസൂത്രണ കമീഷന്‍ അംഗങ്ങളും ഭരണകര്‍ത്താക്കളും രാഷ്ട്രീയ-ടി യു നേതൃത്വവും ബുദ്ധിജീവികളും ഒരു പോലെ അംഗീകരിച്ചു. യുപിഎ സര്‍ക്കാരും ഇതാണ് മാതൃകയാക്കേണ്ടതെന്ന് എല്ലാവരും പറഞ്ഞു. മൂന്നരവര്‍ഷം കൊണ്ടാണ് ഈ നേട്ടം.
ഈ സര്‍ക്കാര്‍ വരുമ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥിതി പരമദയനീയമായിരുന്നു. രോഗാതുരമാവുന്ന യുണിറ്റുകള്‍ അടച്ചുപൂട്ടുക അല്ലെങ്കില്‍ വില്‍ക്കുക എന്നതല്ലാതെ നഷ്ടത്തില്‍ നിന്ന് കരകയറ്റി അതിനെ നിലനിര്‍ത്തുക എന്ന പദ്ധതി മുന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടേയില്ല. പൊതുമേഖല നിലനിര്‍ത്താന്‍ പറ്റുന്നതല്ല, സംസ്ഥാന സര്‍ക്കാരിന് ഭീമമായ ബാധ്യത സൃഷ്ടിക്കും, അതിന് സ്വകാര്യമേഖലയോട് മത്സരിക്കാനാവില്ല എന്നതായിരുന്നു മുന്‍ നിലപാട്. സര്‍ക്കാര്‍ ഖജനാവ് മുടിപ്പിക്കുന്നതാണിത്, തൊഴിലാളികള്‍ ജോലി ചെയ്യില്ല എന്നതൊക്കെയായിരുന്നു പ്രചാരണം. 28 കമ്പനികള്‍ അടച്ചു പൂട്ടാന്‍ ആര്‍ സി ചൌധരി കമ്മിറ്റി നിര്‍ദേശിച്ചു. യുഡിഎഫ് സര്‍ക്കാര്‍ ഇതിനായി ഉത്തരവിറക്കി. ഓരോ കമ്പനിക്കും പ്രത്യേകം ഉത്തരവ്. തിരുവണ്ണൂര്‍ കോട്ടണ്‍മില്‍, കേരള സോപ്സ് ഏന്റ് ഓയില്‍സ് എന്നിവ അടച്ചുപൂട്ടാനും സ്റ്റീല്‍ കോംപ്ളക്സിലും ടെല്‍ക്കിലും സ്വകാര്യപങ്കാളിത്തതിനുമായിരുന്നു ഉത്തരവ് ഇതിന്റെ ഭാഗമായിരുന്നു. 6700 തൊഴിലാളികള്‍ ആനുകൂല്യം വാങ്ങി പിരിഞ്ഞുപോയി. എന്നാല്‍ അടച്ചുപൂട്ടിയ കമ്പനികളിലെ തൊഴിലാളികളില്‍ ചിലര്‍ പിരിഞ്ഞുപോവാതെ സമരം നടത്തിയതുകൊണ്ടാണ് കോട്ടണ്‍മില്ലും കെഎസ്ഓയും തുറന്നുപ്രവര്‍ത്തിക്കാന്‍ ബാക്കിയുണ്ടായത്.
ഈ സര്‍ക്കാര്‍ അധികാരമേറുന്നതിന്റെ തലേവര്‍ഷം 2005-2006ല്‍ വ്യവസായവകുപ്പിന് കീഴിലുള്ള കമ്പനികള്‍ ഉണ്ടാക്കിയ നഷ്ടം 69 കോടി രൂപയുടേതായിരുന്നു. പ്രവര്‍ത്തിക്കുന്നവ അടച്ചുപൂട്ടില്ലെന്നും അടച്ചിട്ടവയില്‍ ലാഭകരമാക്കാന്‍ പറ്റുന്നത് തുറന്നു പ്രവര്‍ത്തിക്കുക എന്ന നയമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. തൊഴിലാളികളെ പിരിച്ചുവിടില്ല, ആധുനികവല്‍ക്കരിക്കുക. എന്നതായിരുന്നു നയം. പുതിയ മൂലധന നിക്ഷേപവും സാങ്കേതിക വിദ്യയും നേടുന്നതിന് കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുമായും സഹകരിക്കുന്നതിനുള്ള സാധ്യതയും തേടി. അങ്ങനെ ടെല്‍ക്ക് എന്‍ടിപിസിയുമായും സ്റ്റീല്‍ കോംപ്ളക്സ് സെയിലുമായും കെല്‍ ബിഎച്ച്എല്ലുമായും ഓട്ടോകാസ്റ്റ് റെയില്‍വെയുമായും പങ്കാളിത്തം സ്ഥാപിച്ചതും കെല്‍ടെക്കിനെ ബ്രഹ്മോസ് ഏറ്റെടുത്തതും ഇതിന്റെ ഫലമാണ്. കേന്ദ്രപൊതുമേഖഖലാ സ്ഥാപനങ്ങളായ എച്ച് എ എല്‍ കാസര്‍കോടും ബി ഇ എം എല്‍ കഞ്ചിക്കോട്ടും ബി ഇ എല്‍ കളമശ്ശേരിയിലും പുതിയ യൂണിറ്റുകള്‍ തുടങ്ങിയതും ഈ മൂന്നരവര്‍ഷത്തിനുള്ളിലാണ്. വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി സ്ഥാപിച്ച് നാലോളം പതിറ്റാണ്ടിനുശേഷം ആദ്യമായാണ് കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങള്‍ കേരളത്തിലെത്തുന്നത്. കേന്ദ്രവും സംസ്ഥാനവും ഒരേകക്ഷി ഭരിച്ചപ്പോള്‍ നടക്കാത്ത കാര്യമാണിത്. യുപിഎ സര്‍ക്കാര്‍ 2004ല്‍ വരുമ്പോള്‍ ഇവിടെ യുഡിഎഫ് ആണ്, 2006വരെ. അക്കാലത്തൊന്നും ഇത്തരം വികസനം നടന്നിട്ടില്ല. യുപിഎക്ക് ഇടതുപക്ഷം പിന്തുണ നല്‍കിയ സാഹചര്യം പ്രധാനഘടകമായിരുന്നു. കൂടാതെ ആന്റണി വ്യക്തിപരമായി നല്ല നിലപാട് സ്വീകരിച്ചിട്ടുണ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന് ചെയ്യാന്‍ കഴിയാതിരുന്ന കാര്യമാണിത്. ഇതാണ് ഇന്ന് ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്.2006-2007ല്‍ 43ല്‍ 12 കമ്പനികള്‍ ലാഭത്തിലായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യവര്‍ഷത്തില്‍ ലാഭമുണ്ടാക്കുന്ന കമ്പനികളുടെ എണ്ണം 23 ആയി. രണ്ടാം വര്‍ഷം 27ഉം മൂന്നാം വര്‍ഷം 28ആയി. ഈ വര്‍ഷം ലാഭം 168 കോടിയായി. നഷ്ടമുണ്ടാക്കുന്ന കമ്പനികളുടെ നഷ്ടം കഴിഞു വരുന്ന ലാഭമാണിത്. നടപ്പുവര്‍ഷം ആദ്യ ആറുമാസത്തില്‍ വന്‍ നേട്ടമുണ്ടായി. ഈ വര്‍ഷം 35 കമ്പനികള്‍ ലാഭത്തിലാക്കുകയാണ് ലക്ഷ്യം. എല്ലാ കമ്പനികളിലും ശമ്പളം പരിഷ്കരണം നടപ്പാക്കി. അത് ലാഭവും നഷ്ടവും നോക്കിയല്ല. വര്‍ഷങ്ങളായി ശമ്പള പരിഷ്കരണമില്ലാതെ കഷ്ടപ്പെടുകയായിരുന്നു അവര്‍. എല്ലാ കമ്പനികളിലും പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്തു. സിഇഒ നിയമനത്തിന് സുതാര്യമായ സമ്പ്രദായം സ്വീകരിച്ചു. പ്രൊഫഷണലുകളാണ് സിഇഒമാര്‍. വിദഗ്ധരെ നിയമിച്ച് അവര്‍ക്ക് ടാര്‍ഗറ്റ് നിശ്ചയിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പ്രതിമാസം വിലയിരുത്തുന്നുണ്ട്. അതുകൊണ്ട് ആര്‍ക്കും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുപോകാനാവില്ല. പൊതുമേഖലയുടെ പുനരുദ്ധാരണത്തിനുള്ള റിയാബ് എന്ന സ്ഥാപനത്തിനാണ് ഇതിന്റെ ചുമതല. ട്രേഡ് യൂണിയനുകളുമായും ചര്‍ച്ച ചെയ്യുന്നുണ്ട്. അവരും ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സഹകരിക്കുന്നുണ്ട്. ഇത് ഇന്ത്യയിലെ നല്ല മാതൃകയായി അംഗീകരിപ്പെട്ടിട്ടുണ്ട്.
യുഡിഎഫ് സര്‍ക്കാരിന്റെ അവസാനവര്‍ഷം പൊതുമേഖലാ നവീകരണത്തിന് ആകെ നീക്കിവച്ചത് അഞ്ചു കോടി രൂപയായിരുന്നു. ഈ സര്‍ക്കാര്‍ ആദ്യവര്‍ഷം തന്നെ 59 കോടി അനുവദിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷവും ഇതിനായി കൂടുതല്‍ തുക വകയിരുത്തി. ധനവകുപ്പിന്റെ പിന്തുണ പ്രത്യേകം പറയണം. പല സ്ഥാപനങ്ങളുടെയും കടബാധ്യത വായ്പ എടുക്കുന്നതില്‍ തടസ്സം നിന്നിരുന്നു. ഈ പ്രശ്നം പരിഹരിച്ചു.
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മറ്റു സ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. കെല്‍ നിര്‍മിക്കുന്ന ട്രാന്‍സ്ഫോര്‍മര്‍ കെഎസ്ഇബിയും ടെല്‍ക് ഉണ്ടാക്കുന്ന പവര്‍ ട്രാന്‍സ്ഫോര്‍മറും കൊല്ലം മീറ്റര്‍ കമ്പനിയുടെ മീറ്ററും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കെഎസ്ഇബി വാങ്ങിയിരുന്നില്ല. ഈ സ്ഥിതി മാറ്റി. പൊതുമേഖലാ സ്ഥാപനങ്ങള്‍ പരസ്പരമുള്ള വ്യാപാരം ശക്തിപ്പെടുത്തി. മീറ്റര്‍ കമ്പനിയും ടെല്‍ക്കും കേബിള്‍ കമ്പനിയും കെഎസ്ഡിപിയും ശക്തിപ്പെട്ടത് ഇങ്ങനെയാണ്. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെയാണ്. വിവിധ വകുപ്പുകളുടെ ഏകോപനം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ടെല്‍കിന്റെ ട്രാന്‍സ്ഫോര്‍മര്‍ ജോര്‍ദ്ദാനിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. കമ്പനികള്‍ തനതു ഫണ്ട് ഉപയോഗിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നുണ്ട്. സ്റ്റീല്‍ കോംപ്ളക്സില്‍ സെയിലുമായി ധാരണക്കുശേഷം റീറോളിങ് സ്ഥാപിക്കാന്‍ പ്രോജക്ട് തയ്യാറായിവരുകയാണ്. കോട്ടണ്‍ മില്‍ എഴുതിത്തള്ളിയതായിരുന്നു. കോട്ടണ്‍ മില്ലില്‍ ഒരു ഘട്ടം മെഷിനറി കൂടി എത്തിയാല്‍ സമ്പൂര്‍ണമായ ഒരു മില്ലായി മാറും. ഇതൊന്നും ആരും സങ്കല്‍പ്പിച്ചുപോലുമില്ല. ജനുവരി ഒന്നിന് കെഎസ്ഒയുടെ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തും. സ്വകാര്യ ഉല്‍പ്പന്നങ്ങളോട് മത്സരിച്ചുകൊണ്ട് പ്രൊഫഷണലായ രീതിയില്‍ തന്നെയായിരിക്കും സോപ്സിന്റെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുക. ബാലരാമപുരം സ്പിന്നിങ് ലിക്വിഡേഷന്റെ വക്കില്‍ നിന്നാണ് വീണ്ടെടുത്തത്. കെല്‍ട്രോണിന്റെ തൃശൂരിലെ രണ്ട് യൂണിറ്റുകളും ലിക്വിഡേററില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതൊന്നും ആരും വാര്‍ത്തയാക്കുന്നില്ല. കേരളസര്‍ക്കാര്‍ നവലിബറല്‍ നയങ്ങള്‍ക്കു പിന്നാലെയാണെങ്കില്‍ ഇതായിരിക്കുമോ നയം. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റഴിക്കുമ്പോള്‍ ഇത്തരത്തില്‍ കേരളം വഴികാട്ടുന്നത്. ചെറുകിട വ്യവസായ രംഗത്തും അത്ഭുതം സൃഷ്ടിക്കാനായി. ഇവയുടെ റജിസ്ട്രേഷന്റെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം കേരളമാണ് ഏറ്റവും മുന്നില്‍. ഈ മേഖലയെ പ്രോത്സാഹിപ്പിക്കാനും ബജറ്റ്വിഹിതം വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നു.*
കടപ്പാട്: ദേശാഭിമാനി വാരിക
Department of Industries and Commerce, Kerala Government ന്റെ വെബ് സൈറ്റ് ഇവിടെ
വ്യവസായകേരളം ഡിസംബര്‍ 2009 ലക്കം(പി.ഡി.എഫ്) ഇവിടെ
ക്യൂബയുടെ ക്യാമറ/ഐ ആം ക്യൂബ
"ഒരാള്‍ കാര്യങ്ങളെ ദര്‍ശിക്കുന്നത് അതേ പ്രകാരമല്ല അയാളെങ്ങനെയാണോ, അങ്ങനെയാണ്''
-ഫെര്‍ണാണ്ടോ പെരെസ്
1959 എന്ന വര്‍ഷം ക്യൂബയെ സംബന്ധിച്ച് സുപ്രധാനമാണ്. ക്യൂബയുടെ ചരിത്രം ആരംഭിക്കുന്നത് അമ്പത്തിഒമ്പതിലല്ലെങ്കിലും ക്യൂബ അതിന്റെ സ്വത്വം സ്ഥാപിച്ചെടുക്കുന്നത് ആ വര്‍ഷമാണ്. സ്പാനിഷ് ഏകാധിപതി ബാറ്റിസ്റ്റയുടെ ആധിപത്യത്തില്‍നിന്ന് വിപ്ളവത്തിലൂടെ ക്യൂബയെ ഫിദല്‍കാസ്ട്രോ മോചിപ്പിച്ചതോടെ മറ്റൊരു ചരിത്രം ആരംഭിക്കുകയായി. അമേരിക്കന്‍'സ്നേഹ'ത്തെയും ആലിംഗനത്തെയും ചെറുത്തുനില്‍ക്കുന്ന ആ ഇതിഹാസ ചിത്രം ലോകചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു സമരമാണ്. ക്യൂബന്‍ സിനിമയുടെ പുരാവൃത്തവും രണ്ട് അധ്യായങ്ങളിലായി മുറിഞ്ഞുകിടക്കുകയാണ്. ലൂമിയറിന് തൊട്ടുപിറകെ 1900ന് മുമ്പുതന്നെ ആദ്യപകുതി ആരംഭിച്ചു. ഹോളിവുഡ് സിനിമാ കച്ചവടത്തിന്റെ ശൈലി തന്നെയായിരുന്നു, മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെപ്പോലെ ക്യൂബയിലും പ്രത്യക്ഷമായത്. 1959ന് മുമ്പ് മെലോഡ്രാമകളായ എണ്‍പതോളം മുഴുനീള കഥാചിത്രങ്ങള്‍ ക്യൂബയില്‍ ഉണ്ടായിട്ടുണ്ട്.
1959 ല്‍ സോഷ്യലിസ്റ്റ് ഭരണകൂടം സ്ഥാപിച്ച ക്യൂബന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിനിമറ്റോഗ്രാഫിക് ആര്‍ട് ആന്‍ഡ് ഫിലിം ഇന്‍ഡസ്ട്രി (ICAIC-Instituto Cubano de Arte e Industria Cinematográficos) സിനിമയുടെ നിര്‍മാണവും വിതരണവും ഉള്‍പ്പെടെ സകല മേഖലകളിലും സജീവമായി ഇടപെട്ടു. 1960കളിലും 70കളിലും നിലവിലുണ്ടായിരുന്ന 'ന്യൂ ലാറ്റിനമേരിക്കന്‍ സിനിമ'യുടെ മുഖ്യ പ്രചോദനം ICAIC ആയിരുന്നു. മൂന്നാം സിനിമ, സ്വതന്ത്ര സിനിമ, അപൂര്‍ണ സിനിമ എന്നീ പേരുകളിലെല്ലാം അറിയപ്പെട്ട ഈ ധാര നവകൊളോണിയലിസം, സാംസ്കാരിക സ്വത്വം എന്നീ പ്രശ്നങ്ങളെക്കുറിച്ചാണ് പ്രധാനമായും ഉത്കണ്ഠപ്പെട്ടത്. ഹോളിവുഡ് സിനിമകളിലെ കച്ചവടപൂര്‍ണതയും സ്രഷ്ടാവിലൂന്നിയുള്ള യൂറോപ്യന്‍ കലാസിനിമാ ശൈലിയും ഈ പ്രസ്ഥാനം ഒരുപോലെ നിരാകരിച്ചു. രാഷ്ട്രീയവും സാമൂഹികവുമായ മാറ്റം ലക്ഷ്യമാക്കിയുള്ള ഉപകരണം എന്ന നിലയിലാണ് ലാറ്റിനമേരിക്കന്‍ സിനിമ ശ്രദ്ധയൂന്നിയത്. കേവല സൌന്ദര്യപരതയിലുപരി സക്രിയവും ജാഗ്രവുമായ സംവാദത്തില്‍ ഇടപെടാന്‍ കാഴ്ചക്കാരനെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള സിനിമകളായിരുന്നു പ്രസ്ഥാനത്തിന്റെ ലക്ഷ്യം. സ്വാഭാവികമായ പരിഹാര മാര്‍ഗങ്ങളില്ലാത്ത സാമൂഹിക പ്രശ്നങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന സിനിമകള്‍ കാണുന്ന പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടിറങ്ങിയതിനുശേഷം സാമൂഹിക മാറ്റത്തിനായി ശ്രമിക്കുമെന്നും ഈ പ്രസ്ഥാനം സങ്കല്‍പ്പിച്ചു.
ആദ്യത്തെ പത്ത് വര്‍ഷങ്ങള്‍ ക്യൂബന്‍ സിനിമയുടെ സുവര്‍ണകാലഘട്ടമായാണ് നിരൂപകര്‍ കരുതുന്നത്. തോമസ് ഗിറ്ററസ് ഏലിയ, ഹെംബര്‍ടോ സൊളാസ് എന്നീ സംവിധായകരുടെ മെമ്മറീസ് ഓഫ് അണ്ടര്‍ ഡെവലപ്മെന്റ് (1968), ലൂസിയ (1969) എന്നീ സിനിമകള്‍ ഈ കാലഘട്ടത്തിലാണ് നിര്‍മിക്കപ്പെട്ടത്. മെമ്മറീസ് ഓഫ് അണ്ടര്‍ ഡെവലപ്മെന്റ് ലോക സിനിമാ ചരിത്രത്തിലെതന്നെ എക്കാലത്തെയും മികച്ച നൂറ് ചിത്രങ്ങളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 50 വര്‍ഷത്തെ ക്യൂബന്‍സിനിമാ ചരിത്രത്തിലെ നിര്‍ണായകമായ ഒരു സംഭാവന ഡോക്യുമെന്ററി, ഷോര്‍ട് സിനിമകളുടെ ശക്തവും വ്യാപകവുമായ സാന്നിധ്യമായിരുന്നു.
ICAIC യുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ 'സിനിമ ഒരു കല'യാണെന്ന് അസന്ദിഗ്ധമായി എഴുതിവച്ചിട്ടുണ്ട്. അമേരിക്കയും ഹോളിവുഡും ചെയ്തതുപോലെ അത് കച്ചവടമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രകടമാക്കുക കൂടിയാണ് ഇത് ചെയ്യുന്നത്. സിനിമാ പ്രവര്‍ത്തകര്‍, നിരൂപകര്‍ ജനങ്ങള്‍ എന്നിവര്‍ക്ക് ക്യൂബന്‍ സിനിമയുടെ മുന്‍കാല ചരിത്രത്തെക്കുറിച്ച് ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയായിരുന്നു ഈ പ്രസ്താവന. വിപ്ളവത്തോട് കൂറും ഉന്നത കലാമൂല്യവും സൂക്ഷിക്കുന്നതോടൊപ്പംതന്നെ ദേശീയ യാഥാര്‍ഥ്യത്തിലെ പ്രശ്നങ്ങളും വൈരുധ്യങ്ങളും ക്യൂബന്‍ സിനിമ പ്രതിഫലിപ്പിച്ചുവെന്നതാണ് മറ്റ് സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ സ്പോണ്‍സേഡ് സിനിമകളില്‍നിന്ന് ഇതിന് വ്യത്യസ്ത മുഖം നല്‍കിയത്. കേവല വിനോദ സിനിമകള്‍, പ്രത്യേക വിഭാഗ സിനിമകള്‍, മരണാനന്തര/പരലോക പ്രമേയങ്ങള്‍ എന്നിവയുടെ നിരാകരണവും മുന്‍നിര പരീക്ഷണങ്ങളും സെന്‍സര്‍ ബോര്‍ഡും ക്യൂബന്‍ സിനിമയുടെ സ്വഭാവം സ്വതഃസ്ഥാപിതമായി നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
തോമസ് ഏലിയ, ഹെംബര്‍ടോ സൊളാസ്, മാന്വല്‍ പെരസ്, ഫെര്‍ണാണ്ടോ പെരസ്, പവേല്‍ ഗിറൌഡ്, ജുവാല്‍ കാര്‍ലോസ് ക്രെമറ്റ, റെബേക്ക ഷാവേസ് എന്നീ സംവിധായകരെല്ലം തന്നെ തൊണ്ണൂറുകളില്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തകര്‍ച്ചയെ തുടര്‍ന്നുണ്ടായ അതിഭീകര സാമ്പത്തിക പ്രതിസന്ധി മുറിച്ചുകടന്നവരാണ്. ഏലിയയുടെ ആദ്യത്തെ വിഖ്യാതമായ രചന 'ഡെത്ത് ഓഫ് എ ബ്യൂറോക്രാറ്റ്' (1966) കോമഡി സിനിമയുടെ ചരിത്രത്തിന് പ്രണാമമര്‍പ്പിക്കുന്നുവെന്ന് സ്വയം പ്രഖ്യാപിക്കുന്നുണ്ട്. ബസ്റ്റര്‍ കീറ്റണ്‍, ലോറല്‍ ആന്‍ഡ് ഹാര്‍ഡി, ലൂയി ബുനുവല്‍ തുടങ്ങിയ നിരവധി പ്രശസ്തരുടെ ചിത്രങ്ങളുടെ ശൈലിയുടെ പരോക്ഷ സൂചനകള്‍ ഈ ചിത്രം നല്‍കുന്നു. 1968ല്‍ പുറത്തുവന്ന 'മെമ്മറീസ് ഓഫ് അണ്ടര്‍ ഡെവലപ്മെന്റ്' വിപ്ളവത്തിനുശേഷം അമേരിക്കയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ക്യൂബന്‍ ചിത്രമാണ്. വിപ്ളവാനന്തര ക്യൂബയില്‍ വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയാത്ത ഒരു ബൂര്‍ഷ്വാബുദ്ധിജീവിയുടെ, ശൂന്യതയിലേക്ക് വിലയംപ്രാപിക്കുന്ന ജീവിതമാണ് ഈ സിനിമയുടെ പ്രമേയം. ഈ സിനിമയെ ഒരു'കൊളാഷ്' ആയാണ് ഏലിയ വിശേഷിപ്പിക്കുന്നത്. റഷ്യന്‍ സിനിമയിലെ പ്രധാനിയും മൊണ്ടാഷ് എന്ന എഡിറ്റിങ് സിദ്ധാന്തത്തിന്റെ സ്രഷ്ടാവും ആദ്യ പ്രയോക്താവുമായ സെര്‍ഗി ഐസന്‍സ്റ്റീന്റെ ഉദ്വേഗവും ക്ഷോഭവും ജനിപ്പിക്കുന്ന മൊണ്ടാഷ് സീക്വന്‍സുകളുടെ രീതി ഈ ചിത്രത്തില്‍ കാണാം. സുദീര്‍ഘമായ ഡോക്യുമെന്ററി ഷോട്ടുകള്‍, സ്റ്റില്‍ഫോട്ടോഗ്രാഫുകള്‍, ന്യൂസ് റീല്‍ ആര്‍ക്കൈവ് ഷൂട്ടേജുകള്‍, ഹോളിവുഡ് സിനിമയുടെ ക്ളിപ്പിങ്ങുകള്‍, ഫിദല്‍ കാസ്ട്രോ- ജോണ്‍ എഫ് കെന്നഡി എന്നിവരുടെ പ്രസംഗങ്ങള്‍ എന്നീ വ്യത്യസ്ത മാധ്യമപ്രയോഗങ്ങളുടെ സംയോജനത്തിലൂടെ ഹോളിവുഡ് ഋജു ശൈലിയെ പിച്ചിച്ചീന്തിക്കൊണ്ട് ഈ സിനിമ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലെന്നപോലെ വിരുദ്ധധ്രുവത്തില്‍ നിലയുറപ്പിക്കുന്നു.
'ലാസ്റ്റ് സപ്പര്‍' ഒരു ബൈബിള്‍ ദൃശ്യത്തിന്റെ സ്പാനിഷ് ക്യൂബന്‍ ആധിപത്യകാലത്തിലുള്ള പുനരവതരണമാണ്. ഡാവിഞ്ചിയുടെ സുപ്രസിദ്ധ റിയലിസ്റ്റിക് പെയിന്റിങ്ങിന്റെ ആധുനിക കാലത്തുള്ള സംഘര്‍ഷഭരിതമായ പാരഡിയായി ഇതിലെ രംഗങ്ങള്‍ മാറുമ്പോള്‍ സിനിമാ ചരിത്രത്തിലെ ആധുനിക ക്ളാസിക് രചനയായാണ് പരിണമിക്കുന്നത്. ചരിത്രത്തെയും വിപ്ളവത്തെയും വിമര്‍ശനാത്മകമായി നിരീക്ഷിക്കുമ്പോള്‍ തന്നെ ഏലിയ ക്യൂബന്‍ സോഷ്യലിസത്തെ അനുഭാവപൂര്‍വം പിന്തുണച്ചുകൊണ്ടാണ് അവസാനംവരെ ജീവിച്ചത്. വിദേശ ചിത്രത്തിനുള്ള ഓസ്കാര്‍ നോമിനേഷന്‍ നേടിയ 1993ലെ 'സ്ട്രോബറീസ് ആന്‍ഡ് ചോക്ളേറ്റ്' എന്ന സിനിമയില്‍ സദാചാരവിരുദ്ധമെന്ന് കരുതപ്പെടുന്ന സ്വവര്‍ഗലൈംഗികതയാണ് സംഘര്‍ഷഭരിതമായ കുടിയേറ്റ പ്രശ്നങ്ങള്‍ക്കൊപ്പം ഏലിയ ചിത്രീകരിച്ചത്. പാവേല്‍ ഗിറൌഡ് ചിത്രരചനയും പരസ്യചിത്രനിര്‍മാണവും കഴിഞ്ഞ് ചലച്ചിത്രത്തിലെത്തിയ പ്രതിഭയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഒരൊറ്റ ചിത്രംപോലും പ്രചാര സ്വഭാവം പുലര്‍ത്തുന്നില്ലെന്നത് ശ്രദ്ധേയമാണ്.
1940 കളിലെ ഹവാനയില്‍ ബോഡിഗാര്‍ഡായി ജോലി ചെയ്തിരുന്ന ഒരാളുടെ ജീവിതമാണ് ഗിറൌഡിന്റെ 'ഒമര്‍ട്ട'യുടെ പ്രതിപാദ്യം. ക്യൂബന്‍ വിപ്ളവത്തോടെ അയാള്‍ കാലഹരണപ്പെടുന്നു. 'പ്രായം ചെല്ലുന്നതിനെക്കുറിച്ചാണ് ഈ സിനിമ. ഒരുപക്ഷേ വാര്‍ധക്യത്തിലേക്കുള്ള യാത്രയുടെ കലയെക്കുറിച്ചും'- സംവിധായകന്‍ പറയുന്നു. 'ക്യൂബയിലെ യഥാര്‍ഥ്യങ്ങളെക്കുറിച്ചാണ് എന്റെ സിനിമകള്‍. കാരണം അത് ഞാനുള്‍പ്പെടെ ക്യൂബയില്‍ ജീവിക്കുന്നവരുടെ ജീവിതമാണ് പ്രതിഫലിപ്പിക്കുന്നത്. ഒരു ക്യൂബന്‍ പൌരനെന്ന നിലയ്ക്ക് അത് എന്റെ ഉത്തരവാദിത്തമാണ്. ക്യൂബയേക്കാള്‍ മെച്ചപ്പെട ഒരു ദേശമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല എന്നും ഗിറൌഡ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ക്യൂബന്‍ വിപ്ളവത്തിന്റെ വിജയത്തിന് മുമ്പുള്ള ഒരു നഗരത്തിന്റെ ചിത്രണമാണ് റെബേക്ക ഷാവേസിന്റെ പുതിയ ചിത്രമായ 'സിറ്റി ഇന്‍ റെഡ്'. ഇത് 1950കളിലെ രോഷാകുലരായ ഒരു തലമുറയുടെ കഥ കൂടിയാണ്.
2005 ലെ കാന്‍ ചലച്ചിത്രമേളയില്‍ 'ഗ്രാന്‍ഫ്രീ എക്രാന്‍ഡ് ജൂനിയേഴ്സ്' പുരസ്കാരം നേടിയ 'വിവ ക്യൂബ' (സംവിധായകന്‍: ജുവാന്‍ കാര്‍ലോസ് ക്രെമാറ്റ) ക്യൂബയിലെ പ്രാദേശിക സാമൂഹിക പ്രശ്നങ്ങള്‍ രണ്ടു കുട്ടികളുടെ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്നു. ക്യൂബയെ എക്കാലവും അലട്ടുന്ന കുടിയേറ്റ പ്രശ്നങ്ങളാണ് വിവ ക്യൂബയുടെ വിഷയം. അത് വ്യക്തിജീവിതങ്ങളെ എങ്ങനെ അന്യവല്‍ക്കരിക്കുന്നു എന്നും കുടുംബത്തിനെ എങ്ങനെ ശിഥിലപ്പെടുത്തുന്നു എന്നും ആ കുട്ടികളുടെ സിനിമ അന്വേഷിക്കുന്നു. മാലു, ജോര്‍ജിറ്റോ എന്നീ കുട്ടികള്‍ അവരുടെ വ്യത്യസ്തമായ സാമൂഹിക, സാമ്പത്തിക ചുറ്റുപാടുകള്‍ കാരണം പരസ്പരം ഇടപഴകുന്നതില്‍നിന്ന് വിലക്കപ്പെട്ടവരാണ്. വേര്‍പിരിയാനാവാത്ത സൌഹൃദം ഉറപ്പിച്ചെടുക്കാനായി അവര്‍ നടത്തുന്ന യാത്രയിലൂടെ ക്യൂബയുടെ രാഷ്ട്രീയ സമസ്യകളും സംഘര്‍ഷങ്ങളും തന്നെയാണ് വെളിപ്പെടുന്നത്. 20 വര്‍ഷത്തിനുശേഷം ഒരു സിനിമയുമായി തിരിച്ചുവന്ന മാനുവല്‍ പെരസിന്റെ 'പേജസ് ഫ്രം മൌറീഷ്യോസ് ഡയറി'യിലൂടെ (2006) ക്യൂബന്‍ സമകാലിക ജീവിതത്തിലെ സിനിമാ നിര്‍മാണത്തിന്റെ സാധ്യതയും അസാധ്യതയും സന്ദിഗ്ധതയും കൂടിയാണ് തെളിയുന്നത്. 1990ന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ സിനിമാ നിര്‍മാണം തന്നെ ഒരു വെല്ലുവിളിയാണെന്നും കാഴ്ചക്കാരോടും നിരൂപകരോടുമുള്ള ഒരു കൂടിക്കാഴ്ച മാത്രമാണിതെന്നും പെരസ് പറയുന്നു. 1988നും 2000നും ഇടയില്‍ നടക്കുന്ന കഥാകാലം ക്യൂബയുടെ വിപ്ളവാനന്തര ഘട്ടത്തില്‍ ഏറ്റവും നിര്‍ണായകമായിരുന്നു. 2000ല്‍ 60-ാം പിറന്നാളാഘോഷിക്കുന്ന മൌറീഷ്യോസിന്റെ 12 വര്‍ഷത്തെ മുന്‍ജീവിതം ബെര്‍ലിന്‍ മതിലിന്റെ തകര്‍ച്ച മുതല്‍ സിഡ്നി ഒളിമ്പിക്സില്‍ അമേരിക്ക ക്യൂബയെ ബേസ്ബോളില്‍ തോല്‍പ്പിക്കുന്നതുവരെയുള്ള കാലഘട്ടമാണ്. മാര്‍ക്സിസം പഠിപ്പിക്കുന്ന മൌറീഷ്യോയുടെ ഭാര്യയും മകളും 'മെച്ചപ്പെട്ട' ജീവിതം തേടി വിദേശത്തേക്ക് കുടിയേറുന്നു. വൈരുധ്യാത്മക ജീവിതം നയിക്കേണ്ടിവരുന്ന മൌറീഷ്യോയിലൂടെ ക്യൂബയെ പെരസ് വീണ്ടും വീണ്ടും കണ്ടെത്തുന്നു.
'എല്ലാം വിപ്ളവത്തിനകത്തുനിന്നുകൊണ്ട് മാത്രം- ഒന്നും എതിരായിട്ടാകരുത്' എന്ന് ഫിദല്‍ കാസ്ട്രോ 1961 ല്‍ ക്യൂബയിലെ കലാകാരന്മാരോടും ബുദ്ധിജീവികളോടും പറഞ്ഞിരുന്നു. വിപ്ളവവും സോഷ്യലിസവും വിശാലതയും സഹിഷ്ണുതയും വിമര്‍ശനവും ഉള്‍പ്പെട്ട ഒരു വലിയ തുറന്ന മൈതാനമാണ് എന്ന് ക്യൂബന്‍ സിനിമകള്‍ ബോധ്യപ്പെടുത്തുന്നു.
*
മധു ജനാര്‍ദ്ദനന്‍ ദേശാഭിമാനി വാരിക
-ഫെര്‍ണാണ്ടോ പെരെസ്
1959 എന്ന വര്‍ഷം ക്യൂബയെ സംബന്ധിച്ച് സുപ്രധാനമാണ്. ക്യൂബയുടെ ചരിത്രം ആരംഭിക്കുന്നത് അമ്പത്തിഒമ്പതിലല്ലെങ്കിലും ക്യൂബ അതിന്റെ സ്വത്വം സ്ഥാപിച്ചെടുക്കുന്നത് ആ വര്‍ഷമാണ്. സ്പാനിഷ് ഏകാധിപതി ബാറ്റിസ്റ്റയുടെ ആധിപത്യത്തില്‍നിന്ന് വിപ്ളവത്തിലൂടെ ക്യൂബയെ ഫിദല്‍കാസ്ട്രോ മോചിപ്പിച്ചതോടെ മറ്റൊരു ചരിത്രം ആരംഭിക്കുകയായി. അമേരിക്കന്‍'സ്നേഹ'ത്തെയും ആലിംഗനത്തെയും ചെറുത്തുനില്‍ക്കുന്ന ആ ഇതിഹാസ ചിത്രം ലോകചരിത്രത്തില്‍ സമാനതകളില്ലാത്ത ഒരു സമരമാണ്. ക്യൂബന്‍ സിനിമയുടെ പുരാവൃത്തവും രണ്ട് അധ്യായങ്ങളിലായി മുറിഞ്ഞുകിടക്കുകയാണ്. ലൂമിയറിന് തൊട്ടുപിറകെ 1900ന് മുമ്പുതന്നെ ആദ്യപകുതി ആരംഭിച്ചു. ഹോളിവുഡ് സിനിമാ കച്ചവടത്തിന്റെ ശൈലി തന്നെയായിരുന്നു, മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെപ്പോലെ ക്യൂബയിലും പ്രത്യക്ഷമായത്. 1959ന് മുമ്പ് മെലോഡ്രാമകളായ എണ്‍പതോളം മുഴുനീള കഥാചിത്രങ്ങള്‍ ക്യൂബയില്‍ ഉണ്ടായിട്ടുണ്ട്.
1959 ല്‍ സോഷ്യലിസ്റ്റ് ഭരണകൂടം സ്ഥാപിച്ച ക്യൂബന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിനിമറ്റോഗ്രാഫിക് ആര്‍ട് ആന്‍ഡ് ഫിലിം ഇന്‍ഡസ്ട്രി (ICAIC-Instituto Cubano de Arte e Industria Cinematográficos) സിനിമയുടെ നിര്‍മാണവും വിതരണവും ഉള്‍പ്പെടെ സകല മേഖലകളിലും സജീവമായി ഇടപെട്ടു. 1960കളിലും 70കളിലും നിലവിലുണ്ടായിരുന്ന 'ന്യൂ ലാറ്റിനമേരിക്കന്‍ സിനിമ'യുടെ മുഖ്യ പ്രചോദനം ICAIC ആയിരുന്നു. മൂന്നാം സിനിമ, സ്വതന്ത്ര സിനിമ, അപൂര്‍ണ സിനിമ എന്നീ പേരുകളിലെല്ലാം അറിയപ്പെട്ട ഈ ധാര നവകൊളോണിയലിസം, സാംസ്കാരിക സ്വത്വം എന്നീ പ്രശ്നങ്ങളെക്കുറിച്ചാണ് പ്രധാനമായും ഉത്കണ്ഠപ്പെട്ടത്. ഹോളിവുഡ് സിനിമകളിലെ കച്ചവടപൂര്‍ണതയും സ്രഷ്ടാവിലൂന്നിയുള്ള യൂറോപ്യന്‍ കലാസിനിമാ ശൈലിയും ഈ പ്രസ്ഥാനം ഒരുപോലെ നിരാകരിച്ചു. രാഷ്ട്രീയവും സാമൂഹികവുമായ മാറ്റം ലക്ഷ്യമാക്കിയുള്ള ഉപകരണം എന്ന നിലയിലാണ് ലാറ്റിനമേരിക്കന്‍ സിനിമ ശ്രദ്ധയൂന്നിയത്. കേവല സൌന്ദര്യപരതയിലുപരി സക്രിയവും ജാഗ്രവുമായ സംവാദത്തില്‍ ഇടപെടാന്‍ കാഴ്ചക്കാരനെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള സിനിമകളായിരുന്നു പ്രസ്ഥാനത്തിന്റെ ലക്ഷ്യം. സ്വാഭാവികമായ പരിഹാര മാര്‍ഗങ്ങളില്ലാത്ത സാമൂഹിക പ്രശ്നങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന സിനിമകള്‍ കാണുന്ന പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടിറങ്ങിയതിനുശേഷം സാമൂഹിക മാറ്റത്തിനായി ശ്രമിക്കുമെന്നും ഈ പ്രസ്ഥാനം സങ്കല്‍പ്പിച്ചു.ആദ്യത്തെ പത്ത് വര്‍ഷങ്ങള്‍ ക്യൂബന്‍ സിനിമയുടെ സുവര്‍ണകാലഘട്ടമായാണ് നിരൂപകര്‍ കരുതുന്നത്. തോമസ് ഗിറ്ററസ് ഏലിയ, ഹെംബര്‍ടോ സൊളാസ് എന്നീ സംവിധായകരുടെ മെമ്മറീസ് ഓഫ് അണ്ടര്‍ ഡെവലപ്മെന്റ് (1968), ലൂസിയ (1969) എന്നീ സിനിമകള്‍ ഈ കാലഘട്ടത്തിലാണ് നിര്‍മിക്കപ്പെട്ടത്. മെമ്മറീസ് ഓഫ് അണ്ടര്‍ ഡെവലപ്മെന്റ് ലോക സിനിമാ ചരിത്രത്തിലെതന്നെ എക്കാലത്തെയും മികച്ച നൂറ് ചിത്രങ്ങളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 50 വര്‍ഷത്തെ ക്യൂബന്‍സിനിമാ ചരിത്രത്തിലെ നിര്‍ണായകമായ ഒരു സംഭാവന ഡോക്യുമെന്ററി, ഷോര്‍ട് സിനിമകളുടെ ശക്തവും വ്യാപകവുമായ സാന്നിധ്യമായിരുന്നു.
ICAIC യുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ 'സിനിമ ഒരു കല'യാണെന്ന് അസന്ദിഗ്ധമായി എഴുതിവച്ചിട്ടുണ്ട്. അമേരിക്കയും ഹോളിവുഡും ചെയ്തതുപോലെ അത് കച്ചവടമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രകടമാക്കുക കൂടിയാണ് ഇത് ചെയ്യുന്നത്. സിനിമാ പ്രവര്‍ത്തകര്‍, നിരൂപകര്‍ ജനങ്ങള്‍ എന്നിവര്‍ക്ക് ക്യൂബന്‍ സിനിമയുടെ മുന്‍കാല ചരിത്രത്തെക്കുറിച്ച് ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയായിരുന്നു ഈ പ്രസ്താവന. വിപ്ളവത്തോട് കൂറും ഉന്നത കലാമൂല്യവും സൂക്ഷിക്കുന്നതോടൊപ്പംതന്നെ ദേശീയ യാഥാര്‍ഥ്യത്തിലെ പ്രശ്നങ്ങളും വൈരുധ്യങ്ങളും ക്യൂബന്‍ സിനിമ പ്രതിഫലിപ്പിച്ചുവെന്നതാണ് മറ്റ് സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ സ്പോണ്‍സേഡ് സിനിമകളില്‍നിന്ന് ഇതിന് വ്യത്യസ്ത മുഖം നല്‍കിയത്. കേവല വിനോദ സിനിമകള്‍, പ്രത്യേക വിഭാഗ സിനിമകള്‍, മരണാനന്തര/പരലോക പ്രമേയങ്ങള്‍ എന്നിവയുടെ നിരാകരണവും മുന്‍നിര പരീക്ഷണങ്ങളും സെന്‍സര്‍ ബോര്‍ഡും ക്യൂബന്‍ സിനിമയുടെ സ്വഭാവം സ്വതഃസ്ഥാപിതമായി നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
തോമസ് ഏലിയ, ഹെംബര്‍ടോ സൊളാസ്, മാന്വല്‍ പെരസ്, ഫെര്‍ണാണ്ടോ പെരസ്, പവേല്‍ ഗിറൌഡ്, ജുവാല്‍ കാര്‍ലോസ് ക്രെമറ്റ, റെബേക്ക ഷാവേസ് എന്നീ സംവിധായകരെല്ലം തന്നെ തൊണ്ണൂറുകളില്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തകര്‍ച്ചയെ തുടര്‍ന്നുണ്ടായ അതിഭീകര സാമ്പത്തിക പ്രതിസന്ധി മുറിച്ചുകടന്നവരാണ്. ഏലിയയുടെ ആദ്യത്തെ വിഖ്യാതമായ രചന 'ഡെത്ത് ഓഫ് എ ബ്യൂറോക്രാറ്റ്' (1966) കോമഡി സിനിമയുടെ ചരിത്രത്തിന് പ്രണാമമര്‍പ്പിക്കുന്നുവെന്ന് സ്വയം പ്രഖ്യാപിക്കുന്നുണ്ട്. ബസ്റ്റര്‍ കീറ്റണ്‍, ലോറല്‍ ആന്‍ഡ് ഹാര്‍ഡി, ലൂയി ബുനുവല്‍ തുടങ്ങിയ നിരവധി പ്രശസ്തരുടെ ചിത്രങ്ങളുടെ ശൈലിയുടെ പരോക്ഷ സൂചനകള്‍ ഈ ചിത്രം നല്‍കുന്നു. 1968ല്‍ പുറത്തുവന്ന 'മെമ്മറീസ് ഓഫ് അണ്ടര്‍ ഡെവലപ്മെന്റ്' വിപ്ളവത്തിനുശേഷം അമേരിക്കയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ക്യൂബന്‍ ചിത്രമാണ്. വിപ്ളവാനന്തര ക്യൂബയില്‍ വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയാത്ത ഒരു ബൂര്‍ഷ്വാബുദ്ധിജീവിയുടെ, ശൂന്യതയിലേക്ക് വിലയംപ്രാപിക്കുന്ന ജീവിതമാണ് ഈ സിനിമയുടെ പ്രമേയം. ഈ സിനിമയെ ഒരു'കൊളാഷ്' ആയാണ് ഏലിയ വിശേഷിപ്പിക്കുന്നത്. റഷ്യന്‍ സിനിമയിലെ പ്രധാനിയും മൊണ്ടാഷ് എന്ന എഡിറ്റിങ് സിദ്ധാന്തത്തിന്റെ സ്രഷ്ടാവും ആദ്യ പ്രയോക്താവുമായ സെര്‍ഗി ഐസന്‍സ്റ്റീന്റെ ഉദ്വേഗവും ക്ഷോഭവും ജനിപ്പിക്കുന്ന മൊണ്ടാഷ് സീക്വന്‍സുകളുടെ രീതി ഈ ചിത്രത്തില്‍ കാണാം. സുദീര്‍ഘമായ ഡോക്യുമെന്ററി ഷോട്ടുകള്‍, സ്റ്റില്‍ഫോട്ടോഗ്രാഫുകള്‍, ന്യൂസ് റീല്‍ ആര്‍ക്കൈവ് ഷൂട്ടേജുകള്‍, ഹോളിവുഡ് സിനിമയുടെ ക്ളിപ്പിങ്ങുകള്‍, ഫിദല്‍ കാസ്ട്രോ- ജോണ്‍ എഫ് കെന്നഡി എന്നിവരുടെ പ്രസംഗങ്ങള്‍ എന്നീ വ്യത്യസ്ത മാധ്യമപ്രയോഗങ്ങളുടെ സംയോജനത്തിലൂടെ ഹോളിവുഡ് ഋജു ശൈലിയെ പിച്ചിച്ചീന്തിക്കൊണ്ട് ഈ സിനിമ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലെന്നപോലെ വിരുദ്ധധ്രുവത്തില്‍ നിലയുറപ്പിക്കുന്നു.'ലാസ്റ്റ് സപ്പര്‍' ഒരു ബൈബിള്‍ ദൃശ്യത്തിന്റെ സ്പാനിഷ് ക്യൂബന്‍ ആധിപത്യകാലത്തിലുള്ള പുനരവതരണമാണ്. ഡാവിഞ്ചിയുടെ സുപ്രസിദ്ധ റിയലിസ്റ്റിക് പെയിന്റിങ്ങിന്റെ ആധുനിക കാലത്തുള്ള സംഘര്‍ഷഭരിതമായ പാരഡിയായി ഇതിലെ രംഗങ്ങള്‍ മാറുമ്പോള്‍ സിനിമാ ചരിത്രത്തിലെ ആധുനിക ക്ളാസിക് രചനയായാണ് പരിണമിക്കുന്നത്. ചരിത്രത്തെയും വിപ്ളവത്തെയും വിമര്‍ശനാത്മകമായി നിരീക്ഷിക്കുമ്പോള്‍ തന്നെ ഏലിയ ക്യൂബന്‍ സോഷ്യലിസത്തെ അനുഭാവപൂര്‍വം പിന്തുണച്ചുകൊണ്ടാണ് അവസാനംവരെ ജീവിച്ചത്. വിദേശ ചിത്രത്തിനുള്ള ഓസ്കാര്‍ നോമിനേഷന്‍ നേടിയ 1993ലെ 'സ്ട്രോബറീസ് ആന്‍ഡ് ചോക്ളേറ്റ്' എന്ന സിനിമയില്‍ സദാചാരവിരുദ്ധമെന്ന് കരുതപ്പെടുന്ന സ്വവര്‍ഗലൈംഗികതയാണ് സംഘര്‍ഷഭരിതമായ കുടിയേറ്റ പ്രശ്നങ്ങള്‍ക്കൊപ്പം ഏലിയ ചിത്രീകരിച്ചത്. പാവേല്‍ ഗിറൌഡ് ചിത്രരചനയും പരസ്യചിത്രനിര്‍മാണവും കഴിഞ്ഞ് ചലച്ചിത്രത്തിലെത്തിയ പ്രതിഭയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ഒരൊറ്റ ചിത്രംപോലും പ്രചാര സ്വഭാവം പുലര്‍ത്തുന്നില്ലെന്നത് ശ്രദ്ധേയമാണ്.
1940 കളിലെ ഹവാനയില്‍ ബോഡിഗാര്‍ഡായി ജോലി ചെയ്തിരുന്ന ഒരാളുടെ ജീവിതമാണ് ഗിറൌഡിന്റെ 'ഒമര്‍ട്ട'യുടെ പ്രതിപാദ്യം. ക്യൂബന്‍ വിപ്ളവത്തോടെ അയാള്‍ കാലഹരണപ്പെടുന്നു. 'പ്രായം ചെല്ലുന്നതിനെക്കുറിച്ചാണ് ഈ സിനിമ. ഒരുപക്ഷേ വാര്‍ധക്യത്തിലേക്കുള്ള യാത്രയുടെ കലയെക്കുറിച്ചും'- സംവിധായകന്‍ പറയുന്നു. 'ക്യൂബയിലെ യഥാര്‍ഥ്യങ്ങളെക്കുറിച്ചാണ് എന്റെ സിനിമകള്‍. കാരണം അത് ഞാനുള്‍പ്പെടെ ക്യൂബയില്‍ ജീവിക്കുന്നവരുടെ ജീവിതമാണ് പ്രതിഫലിപ്പിക്കുന്നത്. ഒരു ക്യൂബന്‍ പൌരനെന്ന നിലയ്ക്ക് അത് എന്റെ ഉത്തരവാദിത്തമാണ്. ക്യൂബയേക്കാള്‍ മെച്ചപ്പെട ഒരു ദേശമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല എന്നും ഗിറൌഡ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ക്യൂബന്‍ വിപ്ളവത്തിന്റെ വിജയത്തിന് മുമ്പുള്ള ഒരു നഗരത്തിന്റെ ചിത്രണമാണ് റെബേക്ക ഷാവേസിന്റെ പുതിയ ചിത്രമായ 'സിറ്റി ഇന്‍ റെഡ്'. ഇത് 1950കളിലെ രോഷാകുലരായ ഒരു തലമുറയുടെ കഥ കൂടിയാണ്.
2005 ലെ കാന്‍ ചലച്ചിത്രമേളയില്‍ 'ഗ്രാന്‍ഫ്രീ എക്രാന്‍ഡ് ജൂനിയേഴ്സ്' പുരസ്കാരം നേടിയ 'വിവ ക്യൂബ' (സംവിധായകന്‍: ജുവാന്‍ കാര്‍ലോസ് ക്രെമാറ്റ) ക്യൂബയിലെ പ്രാദേശിക സാമൂഹിക പ്രശ്നങ്ങള്‍ രണ്ടു കുട്ടികളുടെ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്നു. ക്യൂബയെ എക്കാലവും അലട്ടുന്ന കുടിയേറ്റ പ്രശ്നങ്ങളാണ് വിവ ക്യൂബയുടെ വിഷയം. അത് വ്യക്തിജീവിതങ്ങളെ എങ്ങനെ അന്യവല്‍ക്കരിക്കുന്നു എന്നും കുടുംബത്തിനെ എങ്ങനെ ശിഥിലപ്പെടുത്തുന്നു എന്നും ആ കുട്ടികളുടെ സിനിമ അന്വേഷിക്കുന്നു. മാലു, ജോര്‍ജിറ്റോ എന്നീ കുട്ടികള്‍ അവരുടെ വ്യത്യസ്തമായ സാമൂഹിക, സാമ്പത്തിക ചുറ്റുപാടുകള്‍ കാരണം പരസ്പരം ഇടപഴകുന്നതില്‍നിന്ന് വിലക്കപ്പെട്ടവരാണ്. വേര്‍പിരിയാനാവാത്ത സൌഹൃദം ഉറപ്പിച്ചെടുക്കാനായി അവര്‍ നടത്തുന്ന യാത്രയിലൂടെ ക്യൂബയുടെ രാഷ്ട്രീയ സമസ്യകളും സംഘര്‍ഷങ്ങളും തന്നെയാണ് വെളിപ്പെടുന്നത്. 20 വര്‍ഷത്തിനുശേഷം ഒരു സിനിമയുമായി തിരിച്ചുവന്ന മാനുവല്‍ പെരസിന്റെ 'പേജസ് ഫ്രം മൌറീഷ്യോസ് ഡയറി'യിലൂടെ (2006) ക്യൂബന്‍ സമകാലിക ജീവിതത്തിലെ സിനിമാ നിര്‍മാണത്തിന്റെ സാധ്യതയും അസാധ്യതയും സന്ദിഗ്ധതയും കൂടിയാണ് തെളിയുന്നത്. 1990ന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധിയില്‍ സിനിമാ നിര്‍മാണം തന്നെ ഒരു വെല്ലുവിളിയാണെന്നും കാഴ്ചക്കാരോടും നിരൂപകരോടുമുള്ള ഒരു കൂടിക്കാഴ്ച മാത്രമാണിതെന്നും പെരസ് പറയുന്നു. 1988നും 2000നും ഇടയില്‍ നടക്കുന്ന കഥാകാലം ക്യൂബയുടെ വിപ്ളവാനന്തര ഘട്ടത്തില്‍ ഏറ്റവും നിര്‍ണായകമായിരുന്നു. 2000ല്‍ 60-ാം പിറന്നാളാഘോഷിക്കുന്ന മൌറീഷ്യോസിന്റെ 12 വര്‍ഷത്തെ മുന്‍ജീവിതം ബെര്‍ലിന്‍ മതിലിന്റെ തകര്‍ച്ച മുതല്‍ സിഡ്നി ഒളിമ്പിക്സില്‍ അമേരിക്ക ക്യൂബയെ ബേസ്ബോളില്‍ തോല്‍പ്പിക്കുന്നതുവരെയുള്ള കാലഘട്ടമാണ്. മാര്‍ക്സിസം പഠിപ്പിക്കുന്ന മൌറീഷ്യോയുടെ ഭാര്യയും മകളും 'മെച്ചപ്പെട്ട' ജീവിതം തേടി വിദേശത്തേക്ക് കുടിയേറുന്നു. വൈരുധ്യാത്മക ജീവിതം നയിക്കേണ്ടിവരുന്ന മൌറീഷ്യോയിലൂടെ ക്യൂബയെ പെരസ് വീണ്ടും വീണ്ടും കണ്ടെത്തുന്നു.
'എല്ലാം വിപ്ളവത്തിനകത്തുനിന്നുകൊണ്ട് മാത്രം- ഒന്നും എതിരായിട്ടാകരുത്' എന്ന് ഫിദല്‍ കാസ്ട്രോ 1961 ല്‍ ക്യൂബയിലെ കലാകാരന്മാരോടും ബുദ്ധിജീവികളോടും പറഞ്ഞിരുന്നു. വിപ്ളവവും സോഷ്യലിസവും വിശാലതയും സഹിഷ്ണുതയും വിമര്‍ശനവും ഉള്‍പ്പെട്ട ഒരു വലിയ തുറന്ന മൈതാനമാണ് എന്ന് ക്യൂബന്‍ സിനിമകള്‍ ബോധ്യപ്പെടുത്തുന്നു.
*
മധു ജനാര്‍ദ്ദനന്‍ ദേശാഭിമാനി വാരിക
Subscribe to:
Posts (Atom)