
കത്താത്ത തെരുവുവിളക്കും
ഇനിയും നികത്താത്ത പാതയിലെ
പാതാളക്കുണ്ടും ചൂണ്ടി
പത്രങ്ങളായ പത്രങ്ങളാകെ
നമ്മോട് പറയാതെ പറയുന്നതെന്താണ് ?
ഇടവപ്പാതിയും പിന്നെ
തുലാവര്‍ഷവും ചേര്‍ന്ന്
പാതകളെയാകെ
കോരിയെടുത്തിരിക്കുന്നു എന്നത് നേര്.
എന്നാല്‍
നാട്ടിടവഴികളിലെ
ചെറുകല്ലടരലുകള്‍ പോലും
ക്യാമറ തിരിച്ചും മറിച്ചും ഒപ്പിയെടുത്ത്
പാതാളഗര്‍ത്തമെന്ന് ആക്രോശിക്കുമ്പോള്‍
അതിനു പിന്നിലെന്തോ ഉണ്ട്, ഉറപ്പാണ്.
ജനാധികാരപ്രയോഗമെന്ന വാക്കു കേട്ട്
ബോധരഹിതരായ അണ്ണാമുണ്ണികള്‍
അവര്‍ക്ക് നോട്ടം സ്വന്തം കീശയിലായിരുന്നു.
അധികാരമെല്ലാം ഒരു കേന്ദ്രത്തില്‍-
അവിടത്തെ ഇടന്നാഴികള്‍ കറങ്ങി
മൃഷ്‌ടാന്നം തിന്നു ജീവിച്ച
കുമ്പകുലുക്കികള്‍ക്ക് കലികയറി
അധികാര വികേന്ദ്രീകരണമെന്നു കേള്‍ക്കെ.
പ്ലാന്‍ പ്രോജക്‌റ്റുകള്‍ തയ്യാറാക്കാന്‍
എം ബി എ യും എം എ യും വേണ്ടെന്നും
സ്വന്തം തൊഴില്‍ത്തുറയെ നോക്കിക്കണ്ട
പണിയാളര്‍ക്ക് അതിനാവുമെന്നും
പഠിപ്പിച്ചത്
ജനകീയാസൂത്രണമായിരുന്നു.
ഡിമിസ്‌റ്റിഫൈയിങ്ങ് ദ പ്ലാന്‍ പ്രോസസ്.
സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍
ഓരോന്നോരോന്നായ്
ഊറ്റിവലിച്ചെടുത്ത്, അതിനാല്‍
കൊഴുക്കുന്ന
കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിര്‍നിന്ന്
അധികാരവും വിഭവങ്ങളുമൊരേപോലെ
താഴേത്തലത്തിലേക്കെത്തിച്ചൊരു
സര്‍ക്കാറിനെ
വാമനവേഷം പൂണ്ട്
ചവുട്ടിത്താഴ്ത്തിയതോടെ
അധികാരവികേന്ദ്രീകരണം
ഒരു കടംകഥയായി.
ഓര്‍മ്മയില്ലേ, എല്ലാം തിരിച്ചെടുത്തത് ?
പിന്നെ വീണ്ടും ഇപ്പോഴിതാ
അന്നത്തെ പരുക്കുകളില്‍ നിന്ന്
വിമുക്തി നേടി
പുതിയ ജനാധികാര പ്രയോഗങ്ങള്‍ !
വീടില്ലാത്തവര്‍ക്കെല്ലാം വീട്
മണ്ണില്ലാത്തവര്‍ക്ക് മുഴുവന്‍ മണ്ണ് !
എവിടുണ്ടിത് ? എന്നിട്ടും...
കുറ്റവും കുറവുമുണ്ടാവാം-
കോഴി കിട്ടിയവനതൃപ്‌തി
ആടു കിട്ടാത്തതു കൊണ്ട്.
ആടു കിട്ടിയവന് ആന കിട്ടാത്തത് !
എങ്കിലുമറിയുക,
പറയുക, പ്രചരിപ്പിക്കുക.
ഇതേപോലൊരു ജനാധികാരപ്രയോഗം
ഇന്ത്യയിലെവിടുണ്ട്
കേരളത്തിലല്ലാതെ?
അതിനിയും കുത്തിച്ചോര്‍ത്തി
പഴയ കരാറുകാര്‍ക്കും
ഖദര്‍കങ്കാണികള്‍ക്കും
വീണ്ടും വിട്ടുകൊടുക്കണോ?
ചോദ്യമതു തന്നെയാണ്.
*
റേഷനും ധാന്യസംഭരണവും നിര്‍ത്താനായി
ലോകഭക്ഷ്യക്കുത്തകകള്‍ ചരടുവലിക്കുമ്പോള്‍
കേരളത്തിലിതാ പൊതുവിതരണത്തില്‍
ഫലപ്രദമായ സര്‍ക്കാരിടപെടല്‍.
വേറെവിടുണ്ട് ഇതേപോലൊരു സംവിധാനം?
*
ലോകത്താകെ ക്ഷേമപദ്ധതികള്‍ തകര്‍ക്കപ്പെടുമ്പോള്‍
കേരളത്തില്‍ മാത്രം മുഴുവന്‍ ജനങ്ങള്‍ക്കും പെന്‍ഷന്‍.
*
നാടാകെ പൊതുമേഖല വിറ്റു തുലയ്ക്കുമ്പോള്‍
കേരളത്തില്‍ വീണ്ടും സര്‍ക്കാര്‍ മുതല്‍മുടക്കുന്നു!
*
വനിതാ സംവരണ ബില്‍ പരണത്ത്.
ഇവിടിതാ വനിതകള്‍ക്ക് 50 ശതമാനം
വേറെവിടുണ്ടീ സമീപനം?
*
തീര്‍ച്ചയായും ഇതൊരു ബദല്‍ സമീപനമാണ്.
കേരളം ബദല്‍ തീര്‍ക്കുകയാണ്.
ഇത് തുടരണോ എന്നതു തന്നെയാണ് ചോദ്യം.