Tuesday, March 29, 2011

എ കെ ജി-പോരാട്ടത്തിന്റെ കനല്‍ വഴികള്‍


(ഒന്ന്)


അടിയന്തരാവസ്ഥയുടെ അബോധത്തില്‍നിന്ന് രാജ്യം പതുക്കെ ഉണര്‍ന്നുതുടങ്ങുകയും ഏകാധിപതികളുടെ പതനം തുടങ്ങുകയും ചെയ്ത ദിവസങ്ങളില്‍ എ കെ ജി അബോധാവസ്ഥയിലായിക്കഴിഞ്ഞിരുന്നു. ഖിലാഫത്തിലൂടെ ദേശീയസമരത്തിന്റെ ഭാഗമായിത്തീര്‍ന്ന ആയില്യത്ത് കുറ്റ്യേരി ഗോപാലന്‍ നമ്പ്യാര്‍ എ കെ ജി എന്ന ത്രയാക്ഷരിയായി, സഹ്യനും വിന്ധ്യനും പലപ്പോഴും ഹിമവാനുമപ്പുറം വളര്‍ന്നതിന്റെ കഥ ഒരു വാക്കില്‍ സംഗ്രഹിക്കാനാവും: കമിറ്റ്മെന്റ്. ഷാജി എന്‍ കരുണ്‍ തന്റെ സിനിമയിലൂടെ പ്രക്ഷേപിക്കുന്നതും ഇതാണ്. ആ സിനിമയുടെ ശീര്‍ഷകം എ കെ ജി യുടെ ജീവിതത്തെ രണ്ടു പദങ്ങളില്‍ വിവരിക്കാന്‍ ശ്രമിക്കുന്നുണ്ട്-അതിജീവനത്തിന്റെ കനല്‍വഴികള്‍. പക്ഷേ, അതിലെ അതിജീവനം എന്നപദം എത്രമാത്രം ശരിയാണെന്ന് എനിക്കറിഞ്ഞുകൂടാ. അതൊരു ഭാഷാശാസ്ത്രപ്രഹേളികയായി അവശേഷിക്കട്ടെയെന്ന് തീരുമാനിക്കാനാണെനിക്കിഷ്ടം. കാരണം എ കെ ജി അതിജീവനസമരങ്ങള്‍ നടത്തിയതായി ഞാന്‍ കരുതുന്നില്ല.

എഴുപത്തിമൂന്ന് വര്‍ഷത്തെ സാര്‍ഥകമായ ആ ജീവിതത്തിന്റെ ഓരോ നിമിഷവും താന്‍ തിളങ്ങി ജീവിക്കുന്നതിന്റെ നക്ഷത്രബിന്ദുവായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. അതിജീവനം ആവശ്യമായ അശരണജന്മമമായിരുന്നില്ല എ കെ ജി യുടേത്, അദ്ദേഹം വിമോചനം നല്കാനാഗ്രഹിച്ച പണിയാളന്മാരുടേത്. എന്തിന്, ഇന്ത്യന്‍ കോഫി ഹൌസ് പോലും അതിജീവനത്തിന്റെ ആയുധമായിരുന്നില്ല. ബ്രിട്ടീഷ് കമ്പനിയുടമകള്‍ പൂട്ടിയിട്ട കോഫീ ഹൌസുകള്‍ പുനര്‍ജീവിപ്പിക്കുകമാത്രമല്ല സഖാവ് എ കെ ജി ചെയ്തത്. പോരാട്ടത്തിന്റെ വഴിയിലൂടെ പുതിയൊരു ജീവനസംഗീതം സൃഷ്ടിക്കാന്‍ കഴിയുമെന്ന്, തൊഴിലെടുക്കുന്ന മനുഷ്യര്‍ക്ക് കഴിയുമെന്ന് ഇന്ത്യയെയാകമാനം ബോധ്യപ്പെടുത്തുകയായിരുന്നു. ഇന്ത്യന്‍ കോഫീഹൌസും ഒരു സമരമായിരുന്നു എ കെ ജി ക്ക്.

(രണ്ട്)

1904 ഒക്ടോബര്‍ ഒന്നിന് ഭൂജാതനാവുകയും ഐതിഹാസികസമരങ്ങളുടെ നേതൃ-ജേതൃ പദവിയില്‍ കര്‍മജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുകയും 1977 മാര്‍ച്ച് 22ന് തിരുവനന്തപുരം മെഡിക്കല്‍കോളേജാശുപത്രിയില്‍ നിര്യാതനാവുകയുംചെയ്തു. അദ്ധ്യാപകനായിരിക്കെ 1927ലാണ് എ കെ ജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേരുന്നത്. സ്വദേശിപ്രസ്ഥാനത്തിലും ഖാദിപ്രചാരണത്തിലും ഹരിജനോദ്ധാരണപ്രസ്ഥാനത്തിലും അദ്ദേഹം സജീവമായിപ്രവര്‍ത്തിച്ചു. അതിനിടയിലാണ് ഉപ്പുസത്യഗ്രഹമാരംഭിച്ചത്. പയ്യന്നൂരിലേക്ക് കെ കേളപ്പന്റെ നേതൃത്വത്തില്‍ പ്രയാണം ചെയ്യുന്ന കാല്‍നടയാത്രയ്ക്ക് ചൊവ്വയില്‍ എ കെ ജി ഒരു സ്വീകരണമൊരുക്കി. ഈ കാല്‍നടജാഥ എ കെ ജി യെ ആവേശഭരിതനാക്കി. അതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവ്. ആത്മകഥയില്‍ എ കെ ജി എഴുതുന്നു: 'ആ രാത്രി എനിക്കുറങ്ങാന്‍ കഴിഞ്ഞില്ല. രണ്ടു ചിന്താധാരകള്‍ എന്നില്‍ പരസ്പരം ഏറ്റുമുട്ടി. എല്ലാം വിട്ടെറിഞ്ഞ് സമരത്തില്‍ പങ്കെടുക്കണമെന്ന് മനസ്സാക്ഷി എന്നോട് ആവശ്യപ്പെട്ടു. ഇതിനര്‍ഥം പ്രിയപ്പെട്ടവരില്‍നിന്നെല്ലാം വേര്‍പെടണമെന്നും പിതാവിന്റെ അസന്തുഷ്ടിക്ക് പാത്രമാവണമെന്നുമായിരുന്നു. അമ്മയും കുടുംബവും കഷ്ടപ്പെടേണ്ടിവരും, അവര്‍ക്ക് സുഖഭോഗങ്ങളൊന്നും പിന്നെയുണ്ടാവില്ല. ഒരുപക്ഷേ, അവര്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരും, മുഷിഞ്ഞ പെരുമാറ്റത്തിനു പാത്രമാവും. എനിക്ക് തൊഴില്‍ നഷ്ടമാവും. പലവിധ വൈഷമ്യങ്ങള്‍ക്കും വിധേയനാവും. മറിച്ച്, അടിച്ചമര്‍ത്തലിനും ആത്മനാശത്തിനും കൊള്ളയ്ക്കും കൊള്ളിവയ്പിനും കൊലയ്ക്കും വിധേയരായ ഒരു ജനതയുടെ മോചനത്തിനായുള്ള പോരാട്ടത്തില്‍ പങ്കെടുക്കുന്നതിന്റെ ചാരിതാര്‍ഥ്യം എനിക്കുണ്ടാവും. ഞാന്‍ ഭാരതമാതാവിന്റെ അഭിമാനപുത്രനായിത്തീരും, ഒടുവില്‍ എ കെ ജി യിലെ പോരാളി വിജയം വരിച്ചു. ഉപ്പു സത്യഗ്രഹത്തില്‍ പങ്കെടുത്തതിന് 1930ല്‍ അദ്ദേഹം ആദ്യമായി അറസ്റ് വരിച്ചു. കണ്ണൂര്‍ ജയിലില്‍ അദ്ദേഹം തടവിലായി.

(മൂന്ന്)

ജയിലിലാണ് എ കെ ജി രാഷ്ട്രീയവും ദാര്‍ശനികവുമായ വിമോചനത്തിന് വിധേയനാവുന്നത്. വലിയൊരു ഭാവാന്തരമായിരുന്നു അത്. സത്യഗ്രഹിയില്‍നിന്ന് വിപ്ളവകാരിയിലേക്കുള്ള പരിവര്‍ത്തനം ജയിലിലാണ് സംഭവിച്ചത്. രണ്ടുവര്‍ഷത്തെ ജയില്‍വാസം അദ്ദേഹത്തെ സമ്പൂര്‍ണമായ സമഷ്ടിചിന്തയിലേക്ക് വളര്‍ത്തി. ജയിലാണ് എ കെ ജി യെ രൂപപ്പെടുത്തിയത്. തൊഴിലുപേക്ഷിക്കാനും മുഴുവന്‍സമയരാഷ്ട്രീയപ്രവര്‍ത്തകനാവാനും എ കെ ജി തീരുമാനിച്ചു. സ്വദേശിപ്രസ്ഥാനത്തിന് എ കെ ജി യിലൂടെ സവിശേഷമായ ഒരുണര്‍വുണ്ടായി. ഇന്ത്യ എന്നും സ്വതന്ത്രയാണ്, എന്തിന് നാം ബ്രിട്ടീഷ് വസ്തുക്കള്‍ ഉപയോഗിക്കരുതെന്ന് വീട് വീടാന്തരം കയറിയിറങ്ങി പ്രചാരവേല നടത്തുന്നതിനുള്ള സ്ക്വാഡുകള്‍ അദ്ദേഹം രൂപീകരിച്ചു. വിശപ്പറിയാതെ ദാഹമറിയാതെ മൈലുകള്‍ നടന്നുള്ള പ്രചാരണപരിപാടിയായിരുന്നു അത്. അഭൂതപൂര്‍വമായ ഒരു സംഘാടന രീതിയായിരുന്നു അത്.

തടവുകള്‍ക്ക് പിറകെ തടവുകള്‍ എ കെ ജി യുടെ ജീവിതത്തിലെ സാധാരണ സംഭവമായി. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വന്‍തോതിലുള്ള ബ്രിട്ടീഷ് വിരുദ്ധവികാരം ജനങ്ങളില്‍ അണപൊട്ടിയൊഴുകി. ഈ ബഹുജനമുന്നേറ്റത്തിന് കാരണക്കാരനെന്ന നിലയില്‍ 1939ല്‍ എ കെ ജി വീണ്ടും തടവിലായി. പിന്നീട് കോണ്‍ഗ്രസ്സ് സര്‍ക്കാറും സ്വതന്ത്രഭാരത സര്‍ക്കാറും എ കെ ജി യെ പലതവണ ജയിലില്‍ പാര്‍പ്പിച്ചു

(നാല്)

ഗാന്ധി-ഇര്‍വിന്‍ സന്ധിയുടെ ഫലമായി 1932ല്‍ എ കെ ജി യും ജയില്‍ മോചിതനായി. ജയിലില്‍ ലഭിച്ച നവബോധത്തിന്റെയും നിരന്തരമായ പ്രായോഗിക പ്രവര്‍ത്തനത്തിന്റെയും വെളിച്ചത്തില്‍ എ കെ ജി കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയായി പരിണമിച്ചത്. ഈ കാലയളവിലാണ് പട്ടിണി ജാഥനടന്നത്. എ കെ ജിയുടെ നേതൃത്വത്തില്‍ മലബാറിലെ ജനങ്ങളുടെ നേതാക്കള്‍ 750 മൈല്‍ കാല്‍നടയായി മദിരാശിയിലേക്ക് മാര്‍ച്ച് ചെയ്തു. ഐതിഹാസികമായൊരു സംഭവമായിരുന്നു ഇത്. കെ പി ആറും സി എച്ചും ഉള്‍പ്പെടെ പിന്നീട് കേരളത്തിന്റെ സിരാപടലങ്ങളില്‍ കത്തിക്കയറിയ നേതാക്കളധികവും ഈ ജാഥയില്‍ പങ്കെടുത്തു.

എ കെ ജി ജനങ്ങളോട് സംസാരിക്കുമ്പോള്‍ അവരിലൊരാളായി മാറി. അദ്ദേഹത്തിന്റെ വിഖ്യാതമായ പ്രസംഗശൈലി രൂപപ്പെട്ടത് ഈ മഹായാത്രകളിലൂടെയാണ്. സ്നേഹത്തിന്റെ നനുപ്പും സമരചൈതന്യത്തിന്റെ ചൂടും കലര്‍ന്ന പ്രസംഗങ്ങള്‍ ജനങ്ങളില്‍ ആവേശംപടര്‍ത്തി. കത്തിക്കയറുന്ന ഭാഷയോ ജാഡയോ എ കെ ജിയുടെ പ്രസംഗത്തിനുണ്ടായിരുന്നില്ല. ജീവിതത്തിന്റെ ഉപ്പ് ആ പ്രസംഗങ്ങള്‍ക്ക് സ്വതഃസിദ്ധമായ ഒരു ലാവണ്യമേകി. ഇതേ പ്രസംഗശൈലിയാണ് പിന്നീട് പാര്‍ലമെന്റിലും ജനസഞ്ചയങ്ങളിലും എ കെ ജി ഉപയോഗിച്ചത്. മലബാറിലുടനീളം ജനങ്ങളില്‍ രാഷ്ട്രീയബോധം വളര്‍ത്തുന്നതില്‍ ഈ ജാഥ നിര്‍ണായകമായ പങ്ക് വഹിച്ചു. തിരുവിതാംകൂറിലെ ഉത്തരവാദ പ്രക്ഷോഭത്തിന് പിന്തുണയായി എ കെ ജി മലബാര്‍ ജാഥനയിച്ചതും ഈ കാലയളവിലാണ്.

ഏത് ഘട്ടത്തിലും ജനങ്ങളോടൊപ്പംചേര്‍ന്നാണ് എ കെ ജി തന്റെ സമരപരിപാടികള്‍ നടത്തിയിരുന്നത്. ജയിലിന് പുറത്തുവന്നതോടെ അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ വെള്ളത്തില്‍ മീനെന്നപോലെ ഊളിയിട്ടു. ദൂരഗ്രാമങ്ങലിലേക്ക് യാത്രകള്‍ ചെയ്തു. മദ്യശാലകളും തവെര്‍ണകളും പിക്കറ്റ് ചെയ്തു. വിദേശവസ്ത്രശാലകള്‍ക്കുമുന്നില്‍ കുത്തിയിരിപ്പു നടത്തി. കഠിനജീവിതത്തിന്റെ നാളുകളായിരുന്നു അവ. ജനങ്ങളുടെ ചെറുചെറുയോഗങ്ങളില്‍ പ്രസംഗിച്ചു. ഗ്രാമങ്ങളില്‍ ചെന്ന് അവിടെ ദേശീയപതാക നാട്ടി അവരോടൊപ്പം കഴിയുമ്പോള്‍ എ കെ ജി സ്വയം മറന്നു. മാറാന്‍ വസ്ത്രമില്ലാത്തതിനാല്‍ ദിവസങ്ങളോളം തുടര്‍ച്ചയായി ഉടുക്കുന്ന തുണിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയിരുന്നു. സമ്പന്നരായ ആളുകള്‍ അവരെ കളിയാക്കി. പക്ഷേ ആ ദുര്‍ഗന്ധം രാജ്യത്തിന്റെ പാരതന്ത്ര്യത്തിന്റേയും ദാരിദ്ര്യത്തിന്റേയും നാറ്റമായിരുന്നുവെന്നാണ് ആത്മകഥയില്‍ എ കെ ജി എഴുതുന്നത്. ഇതിനെന്താണ് പോംവഴി? കോണ്‍ഗ്രസ്സ് ഒരു ബഹുജനപ്രസ്ഥാനമാവണം, ജനങ്ങള്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ സഖാക്കളായി കാണണം. അതുവരെ കഷ്ടപ്പെടാതെ നിവൃത്തിയില്ല.

( അഞ്ച്)

അസംതൃപ്തനായ എ കെ ജിക്ക് ആശ്വാസമായി അനുഭവപ്പെട്ട ഒരു സംഭവം ക്ഷേത്രപ്രവേശന പ്രമേയം കോണ്‍ഗ്രസ് അംഗീകരിച്ചതാണ്. വലിയ വിവാദങ്ങള്‍ക്കൊടുവിലാണ് കെ കേളപ്പന്റെ നേതൃത്വത്തില്‍ പ്രമേയമംഗീകരിച്ചത്. എല്ലാമനുഷ്യരും തുല്യരാണെങ്കില്‍ എന്തുകൊണ്ട് ഹരിജനങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനമില്ല? യാഥാസ്ഥിതികന്മാര്‍ പലരീതിയില്‍ ഇതില്‍ നിന്ന് പിന്തിരിയാന്‍ കേളപ്പനേയും എ കെ ജി യേയും ഉപദേശിച്ചു. പയ്യന്നൂരിനടുത്ത കണ്ടോത്ത് ക്ഷേത്രത്തിനടുത്തുള്ള പാതയില്‍ എ കെ ജി യും ഹരിജനങ്ങളും പ്രവേശിച്ചു. യാഥാസ്ഥിതിക ജനക്കൂട്ടം എ കെ ജി യെ ആക്രമിച്ചു. ബോധം നഷ്ടമാവുന്നതുവരെ ആക്രമണം തുടര്‍ന്നു. കണ്ടോത്ത് നടന്ന ആക്രമണം ഗുരുവായൂര്‍ സത്യാഗ്രഹത്തിന് പ്രേരണയായി. മാത്രമല്ല കണ്ടോത്ത് ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും പ്രവേശനാവകാശമുണ്ടെന്ന് ജില്ലാഭരണാധികാരികള്‍ ബോർഡ് വച്ചു. പിന്നീടദ്ദേഹം ഗുരുവായൂര്‍ സത്യാഗ്രഹത്തിനുള്ള ഒരുക്കങ്ങളിലായിരുന്നു.

കണ്ണൂര്‍ മുതല്‍ ഗുരുവായൂര്‍വരെ അദ്ദേഹം സന്നദ്ധഭടന്മാരോടൊത്ത് കാല്‍നടയായി യാത്രചെയ്തു; നൂറുകണക്കിന് പൊതുയോഗങ്ങളില്‍ പ്രസംഗിച്ചു; ഈ പ്രവര്‍ത്തനത്തിന്റെ ഫലമായി ഹരിജനങ്ങള്‍ വന്‍തോതില്‍ ദേശീയപ്രസ്ഥാനത്തിലേക്കാകര്‍ഷിക്കപ്പെട്ടു. ഗുരുവായൂര്‍സത്യഗ്രഹം അഖിലേന്ത്യാ ശ്രദ്ധ പിടിച്ചുപറ്റി.

(ആറ്)

എപ്പോഴും എവിടെയും ജനങ്ങള്‍ക്കൊപ്പമായിരുന്നു എ കെ ജി. അമരാവതിയിലായാലും കോടതിമുറിയിലായാലും പാര്‍ലമെന്റിലായാലും എ കെ ജി പോരാളിയായിരുന്നു. ഹിപ്പികളോടൊപ്പം നൃത്തം വയ്ക്കാനും ബീറ്റിലുകള്‍ നവസ്വാതന്ത്ര്യഗാതാക്കളാണെന്ന് പറയാനും അദ്ദേഹം മടിച്ചില്ല. സ്വാതന്ത്ര്യം എന്നാല്‍ സ്വാതന്ത്ര്യത്തില്‍ കുറച്ചൊന്നുമല്ല എ കെ ജി ക്ക്. നാലാള്‍ കൂടിനില്ക്കുന്നിടത്ത് എ കെ ഗോപാലന്‍ ഇറങ്ങിച്ചെല്ലും എന്ന് ബൂര്‍ഷ്വാ പത്രങ്ങള്‍ പറഞ്ഞത് ഒരു ബഹുമതിയായി അദ്ദേഹം സ്വീകരിച്ചു. ചിലപ്പോള്‍ അദ്ദേഹം നിയമങ്ങള്‍ മറന്നു. നിയമമാണോ ജനങ്ങളാണോ എന്ന പ്രശ്നം വരുമ്പോള്‍ ജനകീയാവശ്യത്തിന് നിയമം മാറ്റിയെഴുതേണ്ടതാണെന്ന് അദ്ദേഹം ലോകസഭയില്‍ കൊടുങ്കാറ്റായി പ്രതിധ്വനിച്ചു. അവിടെ അദ്ദേഹം മോണ്ടസ്ക്യൂവിനെയല്ല ഉദ്ധരിച്ചത്. സാധാരണമനുഷ്യരെയാണ്. ജവഹര്‍ലാല്‍ നെഹ്റു അതിന്റെ മാനുഷികമായ ഊഷ്മളതയെ പുകഴ്ത്തി. ഭാഷാപാരാവാരമായ ഹിരണ്‍ മുഖര്‍ജി എങ്ങിനെ മനുഷ്യന്റെ ഭാഷയില്‍ എവിടെയും പ്രസംഗിക്കാമെന്ന് മനസ്സിലാക്കി. എ കെ ജി ഇംഗ്ളീഷ് പണ്ഡിതനായിരുന്നില്ല. ജനജീവിതത്തിന്റെ അറിവുകളാണ് എ കെ ജി യുടെ അറിവ്. ജനങ്ങളാണദ്ദേഹത്തിന്റെ സര്‍വകലാശാല.

അമരാവതിയിലെ കര്‍ഷകര്‍ കമ്യൂണിസ്റുകാരായിരുന്നില്ല. അവര്‍ കിസാന്‍ സഭയില്‍ സംഘടിച്ചിരുന്നില്ല. അവരെ സംഘടിപ്പിച്ചിരുന്നത് വടക്കനച്ചനായിരുന്നു. കമ്യൂണിസ്റ് വിരുദ്ധമുന്നണിയുടെ നേതാവും വക്താവുമായ വടക്കനച്ചന്‍, വിമോചനസമരത്തിന്റെ പുണ്യവാളന്‍. സമരം ദയനീയമായ പതനത്തിലേക്ക് കൂപ്പുകുത്തുമ്പോഴാണ് ഒരുപ്രവാചകന്റെ പരിവേഷവുമായി എ കെ ജി അവിടെ ചെന്ന് ഉപവാസസമരം ആരംഭിക്കുന്നത്. അമരാവതി ഒരിതിഹാസമാവുന്നത് എ കെ ജി യുടെ ഇടപെടലോടെയാണ്.

(ഏഴ്)

വെല്ലൂര്‍ ജയിലിലെ തടവിനിടെയാണ് ഗാന്ധിയന്‍ സമരമാര്‍ഗങ്ങളില്‍ സഖാവിന് വിശ്വാസം നഷ്ടമാവുന്നത്. വെല്ലൂരിലെ ആദ്യദിവസം തന്നെ അദ്ദേഹം ജയിലിലെ വര്‍ഗീകരണത്തിനെതിരെ പ്രതികരിച്ചു. സുഖഭോഗസമൃദ്ധമായ എ ക്ളാസ്, ദുരിതപൂര്‍ണമായ ബി ക്ളാസ്. അതെന്ത് ന്യായമാണ്? എ കെ ജി പൊട്ടിത്തെറിച്ചു.

അഹിംസാസമരംവഴി യഥാര്‍ഥമോചനം അസാധ്യമാണെന്ന് അദ്ദേഹം മനസ്സിലാക്കി. രണ്ടരകൊല്ലം ത്യാഗപൂര്‍വം നടത്തിയ സിവില്‍ നിയമലംഘനപ്രസ്ഥാനം എങ്ങിനെ പരാജയപ്പെട്ടു? ധീരമായിരുന്നു ആ സമരം, ബുദ്ധിപൂര്‍വകമായിരുന്നു. എന്നിട്ടും എന്തേ അത് പരാജയപ്പെട്ടു? സമരക്കാര്‍ ജയില്‍ വരിക്കാനും എന്ത് ത്യാഗം സഹിക്കാനും സന്നദ്ധരായിരുന്നു. പക്ഷേ, ധനനഷ്ടം വരുന്ന ഒരു സമരത്തിനും അവര്‍ തയ്യാറായിരുന്നില്ല. സ്വത്ത് കണ്ടുകെട്ടിപ്പോവുക, ദുസ്സഹമായ പിഴശിക്ഷവരിക- ഇവയൊന്നും ധനികരായ സമരക്കാര്‍ക്ക് ആലോചിക്കാന്‍ പോലും കഴിയില്ലായിരുന്നു. ആത്മകഥയില്‍ എ കെ ജി എഴുതുന്നു.' എന്നാല്‍ ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും പണം കൂമ്പാരിക്കാനോ നഷ്ടപ്പെടാനോ വകയില്ലാത്ത സാധാരണ ജനങ്ങളാണ്. അവരാണ് സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളികള്‍. അവരുടെ ഏക സമ്പത്ത് സ്വന്തം ശരീരമാണ്. അവര്‍ക്കൊന്നും നഷ്ടമാവാനില്ല. അതിനാല്‍ ഏതുതരത്തിലുള്ള ത്യാഗത്തിനും അവര്‍ തയ്യാറായിരിക്കും. ദൈനംദിന ജീവിത ദുരിതങ്ങളുടെ ഒരു നിസാര ശതമാനംപോലും അവര്‍ സ്വാതന്ത്ര്യസമരത്തില്‍ സഹിക്കേണ്ടിവരുന്നില്ല. പിന്നെന്തുകൊണ്ടാണ് അവര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്തത്? '

ഇങ്ങനെയാലോചിക്കുന്നവര്‍ ചേര്‍ന്നാണ് 1934ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിരൂപീകരിച്ചത്. ദേശീയപ്രസ്ഥാനത്തില്‍ എന്തുകൊണ്ട് തൊഴിലാളികളും കൃഷിക്കാരും പങ്കെടുക്കുന്നില്ല? ഇതായിരുന്നു എ കെ ജി യുള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ അലട്ടിയ പ്രശ്നം. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയെയും അലട്ടിയ പ്രശ്നമായിരുന്നു ഇത്. വ്യാവസായികതൊഴിലാളികളേയും കൃഷിക്കാരെയും ഏറെക്കുറെ ഒരു ബാധയേറ്റതുപോലുള്ള ആവേശത്തില്‍ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ എ കെ ജി മുഴുകി. ഇതിന് തിരുവിതാംകൂറില്‍നിന്ന് വന്ന കൃഷ്ണപിള്ളയുടെ പിന്തുണലഭിച്ചു. എല്ലാ മേഖലകളിലേയും തൊഴിലാളികളെ എ കെ ജി സംഘടിപ്പിച്ചു. കൃഷിക്കാരുടെ കൂട്ടായ്മകള്‍ ക്രമേണ സംഘടനാരൂപം കൈവരിച്ചു. തൊഴിലാളിസമരങ്ങളുണ്ടാവാന്‍ തുടങ്ങി. സമരരംഗങ്ങളിലേക്ക് എ കെ ജി പറന്നെത്തുമായിരുന്നു. ഒരുസമരം കഴിയുമ്പോള്‍ വേറൊരുസമരം, സമരങ്ങളിലൂടെ എ കെ ജി യുടെ ജീവിതം ഒഴുകി. സമരവളണ്ടിയര്‍മാരുടെ ക്ഷേമമന്വേഷിച്ചും അവരുടെ സംശയങ്ങള്‍ ദൂരീകരിച്ചും കരിങ്കാലികളെ തടഞ്ഞും എ കെ ജി പോര്‍ക്കളങ്ങളിലെ സജീവ സാന്നിധ്യമായിത്തീര്‍ന്നു.

എന്താണ് തൊഴിലാളിയുടെ സവിശേഷത? തൊഴിലാണ് സമ്പത്ത് നിര്‍ിക്കുന്നത്. സമ്പത്തിന്റെ ഉടമകളും ധനിക കൃഷിക്കാരും ജന്മിമാരുമെല്ലാം ദേശീയസമരത്തിലുണ്ട്. ദേശീയസ്വാതന്ത്ര്യം എന്ന മുദ്രാവാക്യം മാത്രമായായാല്‍ ശരിയായ സ്വാതന്ത്ര്യ മുദ്രാവാക്യമാവില്ലെന്ന് എ കെ ജി അറിഞ്ഞു. ആ അറിവില്‍ ഒരു വിപ്ളവകാരി വിളക്കിയെടുക്കപ്പെട്ടു. പട്ടിണിക്കും തൊഴിലില്ലായ്മയ്ക്കും പിരിച്ചുവിടലിനുംഎതിരെയും കൂലിക്കൂടുതലിനും കൃഷിഭൂമിക്കും വേണ്ടിയും തൊഴിലാളി കര്‍ഷക സമരങ്ങള്‍ വളര്‍ന്നു വന്നാല്‍ മാത്രമേ സ്വാതന്ത്ര്യസമരമാവൂ എന്ന് എ കെ ജി ക്ക് മനസ്സിലായി.

അങ്ങനെയാണ് പട്ടണിജാഥയുണ്ടായത്. നാലാമതും എ കെ ജി തടവിലായി. നാലാം ജയില്‍ വാസം തിരുച്ചിറപ്പള്ളിയിലായിരുന്നു. ജയില്‍ ശിക്ഷകഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ മലയാളികളായ തൊഴിലാളികളുമായി ബന്ധപ്പെടാന്‍ അദ്ദേഹം സിലോണും സിംഗപ്പൂരും മലയയും ബര്‍മയും സന്ദര്‍ശിച്ചു. തിരിച്ചുവരുമ്പോഴേക്ക് വാര്‍ധാകോണ്‍ഗ്രസ് സമ്മേളനം തുടങ്ങാറായിരുന്നു. നൈരാശ്യജനകമായ ആ സമ്മേളനം എ കെ ജി യെ പാടെ മാറ്റി. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ നോതാക്കള്‍ ഗാന്ധിശിഷ്യരായി തുടര്‍ന്നു. എ കെ ജി യെ പോലുള്ളവര്‍, ഇ എം എസ്സും കൃഷ്ണപിള്ളയുമുള്‍പ്പെടെ കമ്യൂണിസ്റായി. മലബാറില്‍ വാറണ്ടുണ്ടായിരുന്നതിനാല്‍ പ്രവര്‍ത്തനരംഗം അദ്ദേഹം തിരുച്ചിറപ്പള്ളിയിലേക്കുമാറ്റി. ദക്ഷിണ റെയില്‍വേ തൊഴിലാളികള്‍ക്കിടയിലാണ് അന്നത്തെ പ്രവര്‍ത്തനം. അണ്ടര്‍ഗ്രൌണ്ട് പ്രവര്‍ത്തനം തികച്ചും പുത്തനായ അനുഭവങ്ങള്‍ എ കെ ജി ക്ക് സമ്മാനിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം തടവിലായി. വെല്ലൂര്‍ ജയിലില്‍ നിന്നാണ് ഐതിഹാസികമായ ജയില്‍ ചാടല്‍ നടന്നത്. മലകളും പുഴകളും കടന്ന്, ചതുപരപ്പുകളിലൂടെ നടന്ന്, വെയിലില്‍ വെന്തും മഴയില്‍ മാഴ്കിയും അദ്ദേഹവും സഹപ്രവര്‍ത്തകരും കേരളത്തിലെത്തി. എന്നാല്‍ കേരളത്തിലെ സ്ഥിതി ആപത്കരമായതിനാല്‍ അദ്ദേഹത്തെ പാര്‍ട്ടി ഉത്തരേന്ത്യയിലേക്ക് നിയോഗിച്ചു.

1946ലെ തെരഞ്ഞെടുപ്പുകാലത്ത് അദ്ദേഹം മലബാറില്‍ തിരിച്ചെത്തി. കോഴിക്കോട് പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന എ കെ ജി ആ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും! 1951 മുതല്‍ അഞ്ച് തെരഞ്ഞെടുപ്പുകളില്‍ ലോകസഭയില്‍ അംഗമായി പ്രവര്‍ത്തിച്ചു.

(എട്ട്)

സ്വാതന്ത്ര്യ ലബ്ധിയുടെ ദിവസം എ കെ ജി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. എ കെ ജി യുടെ ആത്മകഥയുടെ പേര്: In The Cause Of my People. 'ജനങ്ങള്‍ക്ക് വേണ്ടി'. അതില്‍ എഴുതുകയാണ്:

1947 ആഗസ്ത് 14ന് ഞാന്‍ ഭീമാകാരമായ കണ്ണൂര്‍ ജയിലില്‍ ഏകാന്ത തടവിലായിരുന്നു. വേറെ ഡെറ്റിന്യൂ തടവുകാര്‍ ആരുമുണ്ടായിരുന്നില്ല. സൂര്യോദയത്തിനുശേഷം നടക്കാനിരിക്കുന്ന ആഘോഷം കാത്തിരിക്കുകയായിരുന്നു രാജ്യം മുഴുവനും. അവരിലെത്രയോ പേര്‍ വര്‍ഷങ്ങളായി ഇത് കാത്തുകൊണ്ടിരിക്കുകയായിരുന്നു. അതിനായി അവര്‍ പോരാടിയിരുന്നു, അവരുടേതായ എല്ലാം ഇതിനായി പരിത്യജിച്ചിരുന്നു. എനിക്ക് സന്തോഷവും ദു:ഖവുമുണ്ടായി. എന്റെ യുവത്വം മുഴുവന്‍ ഞാന്‍ പരിത്യജിച്ചത് ഏതൊരു ലക്ഷ്യത്തിനുവേണ്ടിയായിരുന്നുവോ, ഇപ്പോഴും ഞാന്‍ തടവില്‍ കഴിയുന്നത് എന്തിനു വേണ്ടിയാണോ, ആ ലക്ഷ്യം സമാഗതമായിരിക്കുന്നു; അതാണ് എന്റെ സന്തോഷം. പക്ഷേ, ഞാനിപ്പോഴും തടവുകാരനാണ്. എന്നെ തടവിലിട്ടിരിക്കുന്നത് ഇന്ത്യക്കാരാണ്, കോണ്‍ഗ്രസ് ഗവണ്‍മെന്റാണ്, ബ്രിട്ടീഷുകാരല്ല. 1927 മുതലുള്ള സംഭവങ്ങള്‍ എന്റെ മനസ്സിലൂടെ കടന്നുപോയി. കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ ഞാന്‍ വഹിച്ച പങ്കില്‍ എനിക്കഭിമാനം തോന്നി. കേരളത്തിലെ കോണ്‍ഗ്രസിന്റെ സെക്രട്ടറിയായിരുന്ന ഒരാള്‍, കുറച്ചുകാലം അതിന്റെ പ്രസിഡന്റായിരുന്ന ഒരുമനുഷ്യന്‍ ദീര്‍ഘകാലത്ത എഐസിസി മെമ്പര്‍ ആഗസ്ത് 15 ആഘോഷിച്ചത് ജയിലില്‍.

പക്ഷേ, അദ്ദേഹം സ്വാതന്ത്ര്യം തടവറയില്‍ ആഘോഷിച്ചു. ജയില്‍ വളപ്പിലുടനീളം നടന്നു. പക്ഷികളോടും മഴത്തുള്ളികളോടും സ്വാതന്ത്ര്യമെന്തെന്നറിയാമോ എന്ന് ചോദിച്ചു. തുമ്പികള്‍ സ്വതന്ത്രരായി പാറി. ശലഭങ്ങള്‍ പൂവുകളില്‍ തേന്‍ നുകരുന്നതും ഇളം കാറ്റ് വീശുന്നതും അദ്ദേഹം കണ്ടില്ല. ത്രിവര്‍ണപതാകയുമായി അദ്ദേഹം ജയിലില്‍ നടന്നു. ജയില്‍ക്കെട്ടിടത്തിനുമുകളില്‍ അദ്ദേഹം കയറി. എല്ലാതടവുകാരും സമ്മേളിച്ചു, സീതാറാം യെച്ചൂരി എഴുതുകയാണ്. ' എ കെ ജി അവരോട് സംസാരിച്ചു, സ്വാതന്ത്ര്യത്തിന്റെ അര്‍ഥത്തെ പറ്റി. ജീവിതത്തിലുടനീളം യൌവനത്തിന്റേതായ ഈ ആവേശം അദ്ദേഹം നിലനിര്‍ത്തി. എപ്പോഴും എവിടെയും ജനങ്ങള്‍ക്കുവേണ്ടി അദ്ദേഹം പോരാടി.

(ഒമ്പത്)

വിദ്യാര്‍ഥിപ്രവര്‍ത്തകനെന്നനിലയിലാണ് ഞാന്‍ എ കെ ജി യുമായി നേരിട്ട് ബന്ധപ്പെടുന്നത്. സദാ മന്ദഹസിക്കുന്ന കമ്യൂണിസ്റ്റ് നേതാവ്. സുന്ദരന്‍. സുശീലയുമൊത്തുള്ള നില്പും നടപ്പും എല്ലാം ഞങ്ങള്‍ വിദ്യാര്‍ഥികളെ ആകര്‍ഷിച്ചു. ഇടയ്ക്കൊരുപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടിവന്നു എനിക്ക്, നിലമ്പൂരില്‍. എ കെ ജി യും ഇ എം എസ്സുമെല്ലാം പ്രസംഗത്തിനും നേതൃത്വം നല്കുന്നതിനുമായി വന്നു. ചെട്ടിയങ്ങാടിയിലെ സി പി ചന്ദ്രന്റെ വീട്ടില്‍ സുശീലയുമൊത്താണ് എ കെ ജി കഴിഞ്ഞത്. അപ്പോഴേക്കും പലവിധ രോഗങ്ങളുടെ അടിമയായിക്കഴിഞ്ഞിരുന്നു സഖാവ്. സുഖസൌകര്യങ്ങളെല്ലാം ഇന്നത്തേതിനെ അപേക്ഷിച്ച് വളരെ വളരെ കുറവായിരുന്നുവെങ്കിലും അതുപോലും അതിസൌകര്യമാണെന്ന് എ കെ ജി കരുതി.

പിന്നീട് സര്‍ക്കാറില്‍ ഒരു ജോലി തരപ്പെട്ടപ്പോള്‍ ഒരു റെനിഗേഡാവാന്‍ മടിയൊന്നുമുണ്ടാവാത്ത ഞാന്‍ ചിറ്റൂരിലാണ് എ കെ ജി യെ അവസാനമായി കാണുന്നത്. മൌനത്തില്‍ പൊതിഞ്ഞ നിസ്സഹായതയില്‍ ഞാന്‍ ആ മഹാസന്നിധിയില്‍ നില്ക്കുമ്പോള്‍ അദ്ദേഹം പറയുകയായിരുന്നു: വിപ്ളവത്തിനു കേഡര്‍മാര്‍വേണം, ഉള്ളവര്‍ ജോലിനേടി സുഖജീവിതത്തിലേക്ക് പോവുമ്പോള്‍ എന്താ പറയുക? ഒന്നും പറയാനാവാതെ ഞാന്‍ അന്നും ഇന്നും നില്ക്കുകയാണ്.


*****


അശോകൻ, കടപ്പാട് : ദേശാഭിമാനി വാരിക

കണ്ണൂരിലേത് കാലേറ്റമോ?

പി ജയരാജന് കയ്യേറ്റം നടത്താനാവില്ല. കാരണം അദ്ദേഹത്തിന്റെ രണ്ടുകയ്യും ആര്‍എസ്എസ് വെട്ടിക്കളഞ്ഞതാണ്. ഒരു സ്പൂണ്‍ നേരെ പിടിച്ച് ഭക്ഷണംകഴിക്കാന്‍ പോലും ആ കൈകള്‍ കൊണ്ട് കഴിയില്ല. വെട്ടേറ്റ് തൂങ്ങിയതും അറ്റുപോയതുമായ മാംസം തുന്നിച്ചേര്‍ത്താല്‍ കൈപോലെയിരിക്കും. പക്ഷെ, കൈ കൊണ്ട് ചെയ്യാന്‍പറ്റുന്ന ഒന്നും കഴിയില്ല. അതുകൊണ്ട്, പി ജയരാജന്‍ ഏഷ്യാനെറ്റ് ലേഖകന്‍ ഷാജഹാനെ കയ്യേറ്റം ചെയ്തു എന്ന വാര്‍ത്ത വിശ്വസിക്കാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും കഴിയില്ല. അങ്ങനെ കയ്യേറ്റംചെയ്യുന്ന ദൃശ്യം ഏഷ്യാനെറ്റ് കാണിച്ചിരുന്നുവെങ്കില്‍ നമുക്ക് വിശ്വസിക്കണോ എന്ന് സംശയിക്കുകയെങ്കിലും ചെയ്യാമായിരുന്നു.

ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന പി ജയരാജന്റെ തല ചുവന്ന വൃത്തത്തില്‍ കാട്ടിയതുകൊണ്ട് മര്‍ഡോക്കിന്റെ(അതോ രാജീവ് ചന്ദ്രശേഖരന്റെയോ) ചാനലിന് കയ്യേറ്റം സ്ഥാപിക്കാനാവില്ല. തല്ലാനും കയ്യേറ്റം ചെയ്യാനും ശേഷിയുള്ള കൈകള്‍ വേണമല്ലോ. പി ജയരാജന്റെ രണ്ട് കൈകളും അതിന് യോജ്യമല്ല. അതുകൊണ്ട് ഏഷ്യാനെറ്റിന്റെ കേസ് പരിണണനയ്ക്കെടുക്കാന്‍പോലും കൊള്ളുകില്ല. 'കയ്യില്ലാത്ത ഞാനെങ്ങനെ കയ്യേറ്റക്കാരനാകും' എന്ന ജയരാജന്റെ ചോദ്യത്തിന് ഷാജഹാനോ വാര്‍ത്ത കൊണ്ടാടുന്ന ഏഷ്യാനെറ്റോ മറുപടി പറയേണ്ടതുണ്ട്.

ഷാജഹാനെ മറ്റൊരെങ്കിലും തല്ലിയോ ഇല്ലയോ എന്ന കാര്യമാണ് പിന്നത്തേത്. ചിലപ്പോള്‍ തല്ലും ഒരു ഉദാത്തമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. കണ്ണൂര്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്നത് കണ്ടല്‍പാര്‍ക്കും പി ശശിക്കെതിരായ നടപടിയുമാണെന്ന് ഷാജഹാന്‍ വിധി കല്‍പ്പിക്കുമ്പോള്‍ എന്തേ കുഞ്ഞാലിക്കുട്ടിയെ പരാമര്‍ശിക്കുന്നില്ല എന്ന് ന്യായമായും കേള്‍വിക്കാര്‍ക്ക് ചോദിക്കാം. അതിനോട് മോശമായ ഭാഷയില്‍ ഷാജഹാന്റെ പ്രതികരണമുണ്ടായാല്‍ കേട്ടുനില്‍ക്കുന്നവര്‍ മിണ്ടാതിരിക്കണമെന്നില്ല. അങ്ങനെ ചില്ലറ കശപിശ കണ്ണൂരില്‍ നടന്നു എന്നത് നേര്. അതിലപ്പുറം ഒന്നും ഏഷ്യാനെറ്റിന് കാണിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നിട്ടും അവര്‍ പറയുന്നു, പി ജയരാജന്‍ കയ്യേറ്റം ചെയ്തു എന്ന്.

ജയരാജന്‍ ഫോണില്‍ വിളിച്ചത് റെക്കോഡ് ചെയ്ത് ഷാജഹാന്‍ കേള്‍പ്പിച്ചത് നന്നായി. കോണ്‍ഗ്രസില്‍നിന്ന് പണം വാങ്ങിയല്ലേ ഇതുപോലെ മോശമായ കാര്യങ്ങള്‍ ചെയ്യുന്നത് എന്നാണ്ചോദ്യം. റെക്കോഡ് ചെയ്യുന്നുണ്ടെങ്കില്‍ ചെയ്ത് സംപ്രേഷണം ചെയ്യൂ എന്ന വെല്ലുവിളിയോടെ ജയരാജന്‍ പറയുന്നത് ഷാജഹാന്റെ രാഷ്ട്രീയക്കളിയെക്കുറിച്ചാണ്. അതിന് മറുപടിപറയാതെ, പണംവാങിയോ ഇല്ലയോ എന്ന് വ്യക്തമാക്കാതെ, നിങ്ങള്‍ എന്നെ തല്ലിയില്ലേ എന്ന് ലേഖകന്റെ മറുചോദ്യം.

മാധ്യമപ്രവര്‍ത്തനത്തിന്റെ ലേബലില്‍ രാഷ്ട്രീയപ്രവര്‍ത്തനം ആവാം. എന്നാല്‍ മാധ്യമത്തിന്റെ മറവും സൌകര്യവും ഉപയോഗിച്ച് രാഷ്ട്രീയപാര്‍ട്ടികളെ കയ്യേറ്റം ചെയ്യുന്നത് അനുവദിക്കാനാവുമോ? മാധ്യമ സ്വാതന്ത്ര്യം എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ നെറികെട്ട യുദ്ധം നടത്താനുള്ള സ്വാതന്ത്ര്യമാകുമോ? പോര്‍ക്കളം എന്ന പേരില്‍ ഏഷ്യാനെറ്റ് നടത്തുന്നത് അത്തരമൊരു കളിയാണ്. അവര്‍ യുഡിഎഫുകാരെ നേരത്ത തയാറാക്കിനിര്‍ത്തിയാണ് തെരുക്കൂത്ത് നടത്തുന്നത്. ഏഷ്യാനെറ്റ് കോഴിക്കോട് ബ്യുറോ ചീഫ് എന്നുപറയുന്ന ഷാജഹാന്റെ ഇതഃപര്യന്തമുള്ള മാധ്യമ പ്രവര്‍ത്തനം ശ്രദ്ധിച്ചാല്‍ ഇത്തരം ഏകപക്ഷീയമായ ഒളിയുദ്ധങ്ങളേ കാണാനാവുന്നുള്ളൂ.

ഷാജഹാനെ 'കയ്യേറ്റം'ചെയ്തു എന്ന വാര്‍ത്ത വന്നയുടനെ രംഗത്തിറങ്ങിയത് കുഞ്ഞാലിക്കുട്ടിയാണ്. 'അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള നീക്കം അംഗീകരിക്കാനാവില്ല' എന്നാണദ്ദേഹം പറഞ്ഞത്. അഭിപ്രായ സ്വാതന്ത്രന്ത്ര്യം സംരക്ഷിക്കാന്‍ ഇതേ കുഞ്ഞാലിക്കുട്ടി ഇതേ ഏഷ്യാനെറ്റിലെ ഒരു പെണ്‍കുട്ടിയെ ഭ്രാന്തുപിടിച്ച ലീഗിന്‍കൂട്ടത്തിലേക്ക് എറിഞ്ഞുകൊടുത്തത് മാധ്യമ രംഗത്തുള്ളവരെങ്കിലും ഓര്‍ക്കുന്നുണ്ടാകണം.

പൊതുജനങ്ങളെ വിളിച്ചുകൂട്ടി പരസ്പരം തല്ലിക്കുന്ന പരിപാടിയാണ് പേര്‍ക്കളം പോലുള്ളത്. ആരോഗ്യപരവും ക്രിയാത്മകവുമായ രാഷ്ട്രീയ പ്രശ്നങ്ങളല്ല അവിടെ ചര്‍ച്ചചെയ്യപ്പെടുന്നത്്. പോര്‍വിളികളും അധിഷേപവുമാണ് നടക്കുന്നത്. ട്രെയിന്‍ ചെയ്ത ആളുകളെ തയാറാക്കിനിര്‍ത്തി നാടകമാടിക്കുന്ന ഏര്‍പ്പാടുമാണത്. ഷാജഹാനെപ്പോലെ പക്വതയും വിവേകവുമില്ലാത്ത മുരത്ത രാഷ്ട്രീയവും അതിന്റെ ഭാഗമായ വിരോധവും ചിലരോടുള്ള വിധേയത്വവും തലയില്‍കയറിയവര്‍ (അവരുടെ നിലപാടുകള്‍ പരസ്യവുമാണ്) ഇത്തരം പരിപാടികളുടെ നടത്തിപ്പുകാരാവുകയും അജണ്ട നടപ്പാക്കുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ പ്രകോപിതരാവില്ല എന്നുറപ്പിക്കാനാവില്ല. അങ്ങനെ പ്രകോപിതരായവരെ സമാശ്വസിപ്പിക്കുയും പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്ത പി ജയരാജനെ ഒരു തല്ലുകാരനാക്കാനാണ് ഷാജഹാന്‍ ശ്രമിച്ചുകാണുന്നത്.

ഏതായാലും കൈക്ക് സ്വാധീനമില്ലാത്ത ജയരാജന്‍ തല്ലിയിട്ടുണ്ടെങ്കില്‍ ഒരു തലോടലായേ തോന്നു. ഒരു വസ്തുവില്‍ പിടിക്കാനുള്ള ശേഷിപോലും ജയരാജന്റെ കൈകള്‍ക്കില്ല. ഒപ്പിടുന്നത് ഇടതുകൈവിരലുകള്‍ക്കിടയില്‍ പേന തിരുകിവെച്ചാണ്്. ബട്ടണ്‍സ് ഇടാനും അഴിക്കാനും പരസഹായം വേണം. ഇത്രയും സമര്‍ത്ഥനായ ഷാജഹാന് ചവിട്ടി എന്നോ കാലേറ്റം ചെയ്തു എന്നോ പറയാമായിരുന്നു.

ജനക്കൂട്ടത്തിലേക്കിറങ്ങിച്ചെല്ലുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം വേണം; അവര്‍ ആക്രമിക്കപ്പെടാന്‍ പാടില്ല. അങ്ങനെ വന്നിട്ടുണ്ടെങ്കില്‍ അത് പ്രതിഷേധാര്‍ഹംതന്നെ. അതേസമയം, ജനങ്ങള്‍ക്കിടയില്‍ വര്‍ത്തമാനംപറയാന്‍ ചെല്ലുന്ന മാധ്യമ പ്രവര്‍ത്തകര്‍ സ്വയം മര്യാദകാണിക്കണം. അങ്ങോട്ട് കൊടുക്കുന്നതേ ഇങ്ങോട്ട് കിട്ടൂ എന്ന ബോധം അവര്‍ക്കുണ്ടാകണം.


*****


പി.എം. മനോജ്

Monday, March 28, 2011

വൈലോപ്പിള്ളിയും ചങ്ങമ്പുഴയും ചൊല്‍ക്കാഴ്ചയുടെ വെളിച്ചത്തില്‍

കവിത ചൊല്ലലിനും അതിന്റെ ദൃശ്യാവിഷ്‌ക്കാരത്തിനും പ്രാചീന കാലത്തോളം പഴക്കമുണ്ട്. കൃഷിപ്പാട്ടുകളിലധികവും ദൃശ്യാവിഷ്‌ക്കാരത്തിന് അനുയോജ്യമാണ്. വയലിനും വരമ്പിനും അപ്പുറത്തുള്ള വീട്ടുമുറ്റത്തും വെളിമ്പ്രദേശത്തും ഇവ അരങ്ങേറിയിരുന്നു. നിങ്ങളുടെ നാട്ടിലെല്ലാം എന്തു പണിയാടോ എന്ന പാട്ട് അഭിനയ സാധ്യതയുള്ളതും രസാവഹവുമാണ്. ചക്കീയെന്നൊരു ചെമ്പരുന്ത് എന്നപാട്ടും ശരീരഭാഷ പ്രകടിപ്പിക്കുവാന്‍ അവസരമുണ്ടാക്കുന്നതാണ്.

അസംബന്ധ കവിതയ്ക്ക് ഉദാഹരണമായി പറയാവുന്ന വെള്ളാരം നാട്ടില്‍ വെളുത്തേടത്തുവീട്ടില്‍ എന്ന പാട്ടും അഭിനയത്തിന് ഇടം നല്‍കുന്നതാണ്. ഇങ്ങനെ നിരവധി പാട്ടുകളാല്‍ സമൃദ്ധമാണ് നമ്മുടെ അമ്മ മലയാളം.

മലയാള കവിതയ്ക്ക് ജനശ്രദ്ധക്കുറവു സംഭവിച്ച എഴുപതുകളുടെ ആദ്യപാദത്തില്‍ കവിത ചൊല്ലലിനും അതിന്റെ ദൃശ്യാവിഷ്‌ക്കാരത്തിനും ഒഴിവാക്കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളുണ്ടായി. ഡോ. അയ്യപ്പപ്പണിക്കര്‍, കാവാലം നാരായണപ്പണിക്കര്‍, കടമ്മനിട്ട രാമകൃഷ്ണന്‍ തുടങ്ങിയവരുടെ ശ്രദ്ധയിലാണ് കവിയരങ്ങ് എന്ന ആശയം പുഷ്പിച്ചുവന്നത്. ഡോ. അയ്യപ്പപ്പണിക്കരും അടൂര്‍ ഗോപാലകൃഷ്ണനും അടങ്ങുന്ന കൂട്ടായ്മയില്‍ നിന്ന് ചൊല്‍ക്കാഴ്ച എന്ന ആശയവും വികസിച്ചുവന്നു.

വര്‍ണ വിളക്കുകളുടെ സാന്നിധ്യത്തില്‍ കണ്ണും ചെവിയും മനസ്സും തുറന്നിരിക്കുന്ന ജനങ്ങളുടെ മുന്നില്‍ കവികള്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. തിരുവനന്തപുരത്തെ ഹസ്സന്‍ മരയ്ക്കാര്‍ ഹാളില്‍ ജി അരവിന്ദന്റെ സംവിധാനത്തില്‍ അവതരിപ്പിച്ച ചൊല്‍ക്കാഴ്ചയാണ് ആദ്യം ശ്രദ്ധേയമായത്. തൊപ്പിയണിഞ്ഞ കുഞ്ഞുണ്ണി മാസ്റ്ററെയാണ് അരവിന്ദന്‍ വേദിയിലിരുത്തി കവിതചൊല്ലിച്ചത്.

നെടുമുടിവേണു, ഭരത്‌ഗോപി, ഭരത് മുരളി തുടങ്ങിയവര്‍ സച്ചിദാനന്ദന്റേയും അയ്യപ്പപ്പണിക്കരുടേയും കടമ്മനിട്ട രാമകൃഷ്ണന്റേയും കവിതകള്‍ അസാധാരണ ഭാവതീവ്രതയോടെ രംഗത്ത് അവതരിപ്പിച്ചു. കൂട്ടപ്പന്റേയും ചിറ്റപ്പന്റേയും സംഭാഷണരീതിയില്‍ ജി കുമാരപിള്ള രചിച്ച കവിതയും അക്കാലത്തെ അരങ്ങിലെ ചൊല്‍ക്കാഴ്ചയില്‍ പൊലിമ നേടി. എം കെ ഗോപാലകൃഷ്ണന്‍, എം ആര്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ നടന ചാതുരി ചൊല്‍ക്കാഴ്ചയെ ഉന്നതങ്ങളിലെത്തിച്ചു.

വിളക്കെല്ലാം കെടുത്തിയ വേദികയില്‍ എരിയുന്ന പന്തവുമായി ഉടുപ്പിടാതെ കടന്നുവന്ന് കിരാതവൃത്തം ചൊല്ലിയ കടമ്മനിട്ട രാമകൃഷ്ണന്‍ മലയാള കവിതയിലെ പൈങ്കിളി നിദ്രയ്ക്ക് തീകൊടുക്കുക തന്നെ ചെയ്തു.

പാലക്കാടു വിക്‌ടോറിയ കോളജും കായംകുളം എം എസ് എം കോളജും അടക്കം കേരളത്തിലെ പലകലാലയ വേദികളിലും പ്രഫ അലിയാരിന്റെയും മറ്റും നേതൃത്വത്തില്‍ ചൊല്‍ക്കാഴ്ച അരങ്ങേറി. കൊല്ലം ഫാത്തിമ കോളജിന്റെ അരങ്ങില്‍ തലേക്കെട്ടുമായി കടന്നുവന്ന് മുതുവേലിപ്പാച്ചന്റെ മകന്‍ പെറ്റ റോസിലിക്ക് മുതുവാന്‍കുളങ്ങര നിന്നൊരു മണവാളന്‍ വന്നേ എന്നുനീട്ടി ചൊല്ലിയ ഡോ. അയ്യപ്പപ്പണിക്കര്‍ ചൊല്‍ക്കാഴ്ചയ്ക്ക് പുതിയ ഉണര്‍വു നല്‍കി. ഡി വിനയചന്ദ്രന്റെ കോലങ്ങളും ചൊല്‍ക്കാഴ്ച വേദികളില്‍ നല്ല അനുഭവമായി. ഇടക്കാലത്തുണ്ടായ കാവ്യഅവതരണ തളര്‍ച്ചയെ കോഴിക്കോട്ട് ഗുരുവായൂരപ്പന്‍ കോളജിലെ വിദ്യാര്‍ഥികള്‍ കീഴാളന്‍, ചാര്‍വ്വാകന്‍ എന്നീ കവിതകളുടെ ചൊല്‍ക്കാഴ്ചയിലൂടെ അതിലംഘിച്ചിരുന്നു.

ചൊല്‍ക്കാഴ്ചയെന്നാല്‍ കവിതയുടെ നൃത്താവിഷ്‌ക്കാരമോ നാടകാവിഷ്‌ക്കാരമോ അല്ല. അത് പല ഘടകങ്ങള്‍ ചേര്‍ന്ന ഒരു സൗന്ദര്യ സങ്കേതമാണ്. കൊല്‍ക്കത്ത മലയാളികളവതരിപ്പിച്ച പൂതപ്പാട്ട് ഈ അര്‍ഥത്തില്‍ മികച്ച അനുഭവമായിരുന്നു.

വൈലോപ്പിള്ളിയുടേയും ചങ്ങമ്പുഴയുടേയും നൂറാം പിറന്നാളാഘോഷിക്കുന്ന ഇക്കാലത്ത് തിരുവനന്തപുരത്തെ വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ ചൊല്‍ക്കാഴ്ച മത്സരം സംഘടിപ്പിക്കുകയുണ്ടായി. കോളജു തലത്തിലായിരുന്നു മത്സരം. പങ്കെടുത്ത എല്ലാ സംഘങ്ങള്‍ക്കും അവതരണച്ചെലവിനായി രണ്ടായിരം രൂപവീതം സംഘാടകര്‍ നല്‍കി. ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനങ്ങളിലെത്തിയ സംഘങ്ങള്‍ക്ക് പതിനയ്യായിരം, പതിനായിരം, ഏഴായിരം എന്നീ രൂപാ ക്രമത്തിലായിരുന്നു സമ്മാനം. മഹാകവി വൈലോപ്പിള്ളിയുടെ കന്നിക്കൊയ്ത്തും പന്തങ്ങളും സമന്വയിപ്പിച്ച് അവതരിപ്പിച്ച സംഘമാണ് ഒന്നാം സ്ഥാനത്തെത്തിയത്. കാര്‍ഷിക വൃത്തിയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍പ്പിലേയ്ക്ക് ചുവടുവയ്ക്കുന്ന ഒരു ജനതയെ ചൊല്‍ക്കാഴ്ചയുടെ സൗന്ദര്യ പഥങ്ങളിലൂടെ ആവിഷ്‌ക്കരിക്കാന്‍ ആ വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്ക് കഴിഞ്ഞു. മഹാകവി ചങ്ങമ്പുഴയുടെ കാവ്യനര്‍ത്തകിയും ആ പൂമാലയും സമന്വയിപ്പിച്ച് അവതരിപ്പിച്ച സംഘം രണ്ടാം സ്ഥാനത്തും ചങ്ങമ്പുഴയുടെ തന്നെ പച്ച എന്ന കവിതയെ പച്ചകെടാതെ അവതരിപ്പിച്ച സംഘം മൂന്നാം സ്ഥാനത്തുമെത്തി. വൈലോപ്പിള്ളിയുടെ മാമ്പഴം, പടയാളികള്‍ എന്നീ കവിതകളും രംഗത്ത് അവതരിപ്പിക്കപ്പെട്ടു.

കവിതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഇനിയും അവലംബിക്കാവുന്ന ഒരു മാര്‍ഗമാണ് ചൊല്‍ക്കാഴ്ചയെന്ന് ഈ മത്സരവേദി തെളിയിച്ചു.

*
കുരീപ്പുഴ ശ്രീകുമാര്‍ കടപ്പാട്: ജനയുഗം ദിനപത്രം

സ്ത്രീകളുടെ കരുത്തില്‍ 'സഹ്യ' കുതിക്കുന്നു

'സഹ്യ'യിലാകെ തിരക്കാണ്. കുറച്ചുപേര്‍ വറുക്കലും പൊരിക്കലുമായി ബേക്കറി സാധനങ്ങള്‍ ഉണ്ടാക്കുന്നു. വേറൊരുകൂട്ടര്‍ അത് പായ്ക്കുചെയ്യുന്നു. മറ്റൊരു കൂട്ടര്‍ പേപ്പര്‍ബാഗ്, കൂടകള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിലാണ്. തയ്യല്‍ പരിശീലനകേന്ദ്രവും തയ്യല്‍ യൂണിറ്റും എല്ലാം സജീവമാണ്.

18 മുതല്‍ 55 വയസ്സ് വരെയുള്ളവര്‍ സഹ്യയുടെ സഹയാത്രികരാണ്. ആയൂരിലെ പഞ്ചായത്ത് വക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സഹ്യ ഒരു കുടക്കീഴില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ എന്ന ആശയമാണ് പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. കൂടുംബശ്രീ കൂട്ടായ്മയിലൂടെ സ്വയം പര്യാപ്തത കൈവരിച്ച് ഏവര്‍ക്കും മാതൃകയാവുകയാണ് ഈ വനിതകള്‍. കൂട്ടായ്മയുടെ കരുത്തിലൂടെ വിജയം കൊയ്ത് നാടിനാകെ ഇവര്‍ മാതൃക കാട്ടുകയാണ്. 'സഹ്യ' ഇവരുടെ ഉപജീവനത്തിനുള്ള വേദി മാത്രമല്ല പരസ്പരം സുഖവും ദുഃഖവും സൗഹൃദവും പങ്കുവയ്ക്കാനുള്ള അവസരം കൂടിയാണ്. ആയൂര്‍ പഞ്ചായത്തില്‍ സഹ്യയുടെ ആറ് യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. അവിടെ നൂറോളം പ്രവര്‍ത്തകരാണുള്ളത്. അടൂര്‍ ടൗണ്‍, വാളകം, ഇടമുളയ്ക്കല്‍ എന്നിവിടങ്ങളിലായാണ് ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിമാസം രണ്ടായിരം രൂപയും അതിന് മുകളിലും തുക ഓരോ സ്ത്രീകളുടെയും കൈകളിലെത്താറുണ്ട്.

2010 ജനുവരിയില്‍ നെടുമ്പനയില്‍ പ്രവര്‍ത്തനം ആരംഭിച്ച അപ്പാരല്‍ പാര്‍ക്കും കൂട്ടായ്മയുടെ മറ്റൊരു വിജയഗാഥയാണ്. ടീഷര്‍ട്ട്, നൈറ്റി, നൈറ്റ് ഡ്രസ്, സ്‌കൂള്‍ യൂണിഫോം, പാന്റ്‌സ് തുടങ്ങിയവ ഓര്‍ഡര്‍ അനുസരിച്ച് തയ്‌ച്ചെടുക്കുകയാണ് ഇവിടത്തെ സ്ത്രീതൊഴിലാളികള്‍. കുടുംബശ്രീകളില്‍ നിന്നുള്ള 50 സ്ത്രീകള്‍ക്ക് നിത്യതൊഴിലും 150 ഓളം പേര്‍ക്ക് അനുബന്ധ തൊഴിലും ഇത് നല്‍കുന്നു. 'സമഗ്ര' എന്ന കൂട്ടായ്മയുടെ പേരിലാണ് യൂണിറ്റ് അറിയപ്പെടുന്നത്. 71.44 ലക്ഷം രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ച സ്ഥാപനത്തില്‍ 32 മെഷീനുകളാണ് ആകെ ഉള്ളത്.

കിന്‍ഫ്ര, റീച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ബാംഗ്ലൂര്‍ എന്നീ സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഡിസൈനിംഗിലും ഗ്രേഡിംഗിലും രണ്ടുമാസത്തെ പരിശീലനം നല്‍കി. ഉല്‍പ്പാദനത്തില്‍ നിന്ന് ഒരു മാസം രണ്ട് ലക്ഷം രൂപയിലധികം വരുമാനം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. കുടുംബശ്രീ സംസ്ഥാന-ജില്ലാ മിഷന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെയും കൂട്ടായ പ്രവര്‍ത്തനമാണ് ഇതിനെ നയിക്കുന്നത്. വനിതകളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും മറ്റുമായി പ്രത്യേക മാനേജ്‌മെന്റ് കമ്മിറ്റിയും ഉണ്ട്. വളരെ വലിയ വ്യാപാര ശൃംഖലയാണ് ഇപ്പോള്‍ സമഗ്രയെ തേടിയെത്തുന്നത്. ഇച്ഛാശക്തിയുള്ള മനസ്സും സഹായസന്നദ്ധതയുമായി സര്‍ക്കാരും ഉണ്ടെങ്കില്‍ എല്ലാം നേടിയെടുക്കാമെന്നാണ് ഈ സ്ത്രീകളുടെ പക്ഷം.

ശുദ്ധമായ പശുവിന്‍ പാല്‍ കുപ്പിയിലാക്കി കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴി വീടുകളിലെത്തിക്കുന്ന പദ്ധതിയ്ക്കും ജില്ലയില്‍ തുടക്കമായിട്ടുണ്ട്.

പാലക്കാട് ജില്ലയിലെ കണ്ണാടി പഞ്ചായത്തില്‍ വിജയം കണ്ട നേച്ചര്‍ ഫ്രഷ് പാലുല്‍പ്പാദന പദ്ധതിയുടെ ചുവടുപിടിച്ചാണ് ശാസ്താംകോട്ടയിലും ഇത് തുടങ്ങിയിരിക്കുന്നത്. ശാസ്ത്രീയമായി കറന്നെടുക്കുന്ന പശുവിന്‍ പാല്‍ ചില്ലുകുപ്പികളില്‍ ശേഖരിച്ച് സീല്‍ ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ വീടുകളിലെത്തിക്കുകയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ചെയ്യുന്നത്.
ഇതിനായി ശാസ്ത്രീയമായി തൊഴുത്ത് നിര്‍മിച്ച് കറവപ്പശുക്കളെ നല്‍കി. ഈ കുടുംബങ്ങളില്‍ നിന്ന് ശേഖരിക്കുന്ന പാലാണ് കുപ്പികളിലാക്കി വാഹനങ്ങളില്‍ വീടുകളിലെത്തി മാര്‍ക്കറ്റ് ചെയ്യുന്നത്. പാല്‍ വിതരണത്തിന് ഇരു ചക്രവാഹനങ്ങളും വനിതകള്‍ക്ക് നല്‍കിയിട്ടുണ്ട്. കുടുംബശ്രീയും പഞ്ചായത്തും കൈകോര്‍ത്താണ് ഈ പദ്ധതി നടപ്പാക്കിയത്.
കൂടാതെ പോഷകാഹാര ഉല്‍പ്പന്നങ്ങളുടെ കുടുംബശ്രീ കൂട്ടായ്മയായ ന്യൂട്രിമിക്‌സ് യൂണിറ്റുകളും വിജയപാതയിലാണ്. കുട്ടികള്‍ക്കുള്ള പോഷകാഹാര ഉല്‍പ്പന്നങ്ങള്‍ അംഗന്‍വാടികള്‍ വഴിയാണ് ഇവര്‍ വിറ്റഴിക്കുന്നത്.

കരകൗശല ഉല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍ എന്നിങ്ങനെ വൈവിദ്ധ്യമാര്‍ന്ന നിരവധി ഉല്‍പ്പന്നങ്ങളും സ്ത്രീകളുടെ കരവിരുതില്‍ വിരിയുന്നുണ്ട്. വൈക്കോലില്‍ തീര്‍ക്കുന്ന കലാരൂപങ്ങളും, തഴയില്‍ തീര്‍ക്കുന്ന ഉല്‍പ്പന്നങ്ങളും ഏത് വിദേശവിപണിയും കീഴടക്കുന്നതാണ്. കടലാസ്, കയര്‍, മുള, ചകിരിനാര്, ഉണങ്ങിയപുല്ല്, പൂക്കള്‍, വിത്തുകള്‍, ചൂരല്‍ തുടങ്ങിയ എന്തും സ്ത്രീകളുടെ കലാചാതുരിക്ക് മിഴിവേകുന്നുണ്ട്.

പ്രാദേശികമായി ലഭ്യമാകുന്ന പഴവര്‍ഗ്ഗങ്ങള്‍ പാഴായി പോകാതെ പലതരം സ്വാദൂറും വിഭവങ്ങളാക്കി വിണിയിലെത്തിക്കാനും കുടംബശ്രീ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കുന്നുണ്ട്.
തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കി കൃഷിയിലൂടെ എങ്ങനെ നേട്ടം കൊയ്യാമെന്നും ഈ കൂട്ടായ്മകള്‍ സമൂഹത്തിന് കാട്ടിത്തരുന്നുണ്ട്. കുടുംബശ്രീ മാസചന്തകള്‍, ആഴ്ച്ച ചന്തകള്‍, മറ്റ് പ്രാദേശിക വിപണികള്‍ എന്നിവയിലൂടെയാണ് ഇവര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത്.

800 കുടുംബശ്രീ വനിതകള്‍ ഉള്‍ക്കൊള്ളുന്ന 70 കുടുംബശ്രീ ഐ ടി ഗ്രൂപ്പുകളുടെ കൂട്ടായ്മ, മാനേജ്‌മെന്റ് മുതല്‍ വിപണനം വരെയുള്ള ഘടകങ്ങള്‍ക്ക് സ്വയം നിയന്ത്രിത പ്രൊഫഷണല്‍ സംവിധാനം, സ്ത്രീ പദവി സ്വയം പഠന പരിപാടിക്കും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ തമ്മിലുള്ള ആശയ വിനിമയത്തിനുമായി ശ്രീശക്തി വെബ്‌പോര്‍ട്ടല്‍, ഒന്‍പത് കുടുംബശ്രീ ഗാര്‍മെന്റ് മേക്കിംഗ് കോമണ്‍ഫസിലിറ്റി സെന്ററുകളുടെ കൂട്ടായ്മ, കുടുംബശ്രീ തുണി ഉല്‍പ്പന്നങ്ങള്‍ 'കാദംബരി' എന്ന പൊതു ബ്രാന്റില്‍, ആധുനികവും നവീനവുമായ ഉല്‍പ്പാദന- വിതരണശ്യംഖലകളും ലൈന്‍ അസംബ്ലിയൂണിറ്റുകളും, സാമൂഹ്യസംഘടനാ സംവിധാനത്തിന്റെ നിയന്ത്രണത്തിലുള്ള 13 കുടുംബശ്രീ പരിശീലന ഗ്രൂപ്പുകള്‍ക്ക് അക്രഡിറ്റേഷന്‍ തുടങ്ങിയ സംവിധാനങ്ങളും കൂടി നിലവില്‍ വരുന്നതോടെ കുടുംബശ്രീ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കത്തക്ക സ്ഥിതിയിലേക്ക് വളരും.

ചെറിയ കാലയളവിനുള്ളില്‍ സര്‍ക്കാര്‍ സഹായത്തോടെ കുടുംബശ്രീകള്‍ക്ക് നേടാനായത് വലിയ നേട്ടങ്ങളാണ്. ഗ്രാമങ്ങള്‍ തോറും സമൃദ്ധിയുടെ പച്ചപ്പാണ് കുടുംബശ്രീകള്‍ നേടിത്തന്നത്.

*
കടപ്പാട്: ജനയുഗം ദിനപത്രം 27 മാര്‍ച്ച് 2011